ഹൃഷികേശന്‍ പി.ബി. എഴുതിയ കവിത ‘നീലക്കൊടുവേലി’

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
ഹൃഷികേശന്‍ പി.ബി. എഴുതിയ കവിത ‘നീലക്കൊടുവേലി’
Updated on
1 min read

ച്ചപ്പുല്‍ത്തുമ്പില്‍നിന്നും

താഴെ വീഴുവാന്‍ നില്‍ക്കും

തുള്ളിയായിരുന്നു നീ

യന്നാളില്‍

(നാം കാണുമ്പോള്‍)

മഴ പെയ്തീലാ തെല്ലും

കാറ്റടിച്ചില്ലാ നീല-

ക്കടലിന്‍ പ്രതീകമായ്

നിന്നു നീയിലത്തുമ്പില്‍

എത്രമേല്‍ ക്ഷണപ്രഭാ

ഞ്ചലമായ് ചിതറുമാ

യിരുന്നൂ, വിറയ്ക്കുമ്പോള്‍

മുകളില്‍നിന്നും വന്നു

തള്ളിയില്ലാരും, താഴെ

തട്ടിയില്ലാരും, രാവും

പകലുമൊരേ ഫ്ലാറ്റില്‍

നിന്നു നീ നീര്‍ത്തുള്ളിയായ്

വനരാജികള്‍ക്കിടെ

യ്ക്കൊഴുകും നിലാവിന്റെ-

യലയില്‍, ചിറകൊച്ച

കുതിരും മഴയുടെ

നേര്‍മ്മയില്‍, അടുക്കിയ

മേഘരശ്മികള്‍ കോര്‍ത്ത

മലരില്‍, നില്‍ക്കാറുണ്ടാ

സ്ഫടികം നിറച്ചൊരു

പളുങ്കു ജലപോള

യായി നീയുലയാതെ,

‍കൊടുംകാറ്ററിയാതെ.

മഞ്ഞപ്പൊന്‍വെയിലൊരു

മാസ്മരശലഭമായ്

വിരലില്‍ മന്ദം വന്നു

തൊട്ടുനോക്കിയതാകാം,

തൊണ്ടയില്‍ സ്വരം ചേര്‍ത്തു

വണ്ടുകളാകാം, വന്നു

പോയതുപലര്‍, തൂങ്ങി

നിന്നു നീ മൗനത്തിന്റെ

വള്ളിയില്‍പ്പൊടുന്നനെ

ഓര്‍മ്മതന്നടയാള

മായി നീ പിന്നെപ്പിന്നെ

പൊടിഞ്ഞു പൊടിഞ്ഞു പോയ്

നിറച്ചും നക്ഷത്രങ്ങ

ളിലയില്‍,

ഇറ്റിറ്റായ മൂകത

നീലക്കൊടുവേലിയായ്, അടച്ചാലും

കാണുന്നൂ

മഴരൂപം,

ചെവിയില്‍ മുഴങ്ങുന്നൂ

എത്രയുമേകാന്തത്തില്‍

നിന്നൊരു

ഹിമശില

യുരുകും

സ്തോഭത്തിന്റെ

പറയാസൗന്ദര്യങ്ങള്‍.

(നീലക്കൊടുവേലി- ദിവ്യ ഔഷധം,

ഉണ്ടെങ്കിലും കിട്ടാത്ത വസ്തു എന്നര്‍ത്ഥം)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com