

മരിപ്പിനേഴാം പക്കം, ഉയിർപ്പായവർ വരും
തനിക്കുള്ളൂഴം കാത്ത പുറത്തുനില്‍പ്പിൻ ശേഷം
പകച്ചും, വീടില്ലാതെ തണുത്തുമനാഥമായ്
കൂരിരുട്ടപ്പോൾ ചില ചിഹ്നങ്ങൾ കാട്ടിത്തരും
അണയ്ക്കുമിടയ്ക്കിടെ വിളക്ക്, വളർത്തുനായ്
ഉറച്ചു മോങ്ങും വാതിലടച്ചു തുറന്നേക്കും
തകർത്ത പേമാരിയിൽ തീരെയും നനയാതെ
അകത്തു കേറുന്നത്, മറ്റൊരാളറിയാതെ
നിബിഡമുടി മൂടിപ്പൊതിയും നേരം, ഞെട്ടി-
യുണരും പതിവുപോൽ പാതിബോധത്തിൽനിന്നും
നീലയാം വെളിച്ചത്തിൻ വൃത്തങ്ങൾ പാകും
നേർത്തുനീളനാം വിരൽതൊട്ടുതളർത്തുമേതോ വിദ്യ!
മാറിടത്തിലാണേഴു നിറത്തിൽ ധാതുക്കളിൽ
മാറി മാറിയും മാടി തറിയിൽ നൂലോടിക്കും
മൊട്ടുസൂചിയിൽ തറയുന്നൊരു മൃഗം ലാബിൽ
കുത്തിവയ്ക്കുന്ന മോർഫിൻ കുടിച്ച സിരയോടെ
ദു:ഖിതമൊരോർമ്മ തന്നൊട്ടലായ്, മമതയായ്
ഒപ്പീസ് ചൊല്ലുന്നാരോ ദൂരത്തു നിന്നാകുലം
വിട്ടുപോം ദേഹക്കൂട് വീണ്ടുമൊന്നാഘോഷിക്കാൻ
മറ്റൊന്നിനോടും പങ്കിടാത്തതാം രഹസ്യങ്ങൾ
പൊത്തിവയ്ക്കുവാനൊരു പൊട്ടിയെ തിരഞ്ഞതാം
തിര്യക്കുകളിൽനിന്നു പൊടിക്കാറ്റുയരുമ്പോൾ
ദ്രവ്യമൊക്കെയും ചോർന്ന് ബിന്ദുക്കളുയരുമ്പോൾ
കറുത്ത പുകമഞ്ഞുപോലെ ചൂഴ്‌ന്നൊരായിരം
ഇഴച്ചിലതിൻ നാളിയിക്കിളിപ്പെടുത്തുമ്പോൾ
നാഡിമണ്ഡലം പറ്റിത്തിളങ്ങും തരിരത്നം
ഗോളക പന്താടും പോൽ രാത്രിവാനത്തിൽ നീളെ
ബോധതാരയിലൊരു പഴുതും ശേഷിക്കാതെ
ഓർമ്മതൻ കിളിവാതിൽ ചേർത്തsയ്ക്കുന്നൂ വെറും-
ശ്വാസമായ് കടന്നാലും രാത്രികൾ രൂപം മാറ്റും
നോക്കിനില്‍ക്കുമ്പോൾത്തന്നെ വിസ്മയം വശ്യം കാട്ടും
താങ്ങുവാനാകാത്തത്ര ലോലമാ സ്പർശത്തിന്റെ
നേർമ്മതൻ വക്കിൽനിന്നു വീണുപോം ഭ്രാന്തിൽ വീണ്ടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates