കെ. ഗോപിനാഥന്‍ എഴുതിയ കവിത മണ്ണിലേക്കു മഴ മാത്രമല്ല പോകുന്നത്

കെ. ഗോപിനാഥന്‍ എഴുതിയ കവിത മണ്ണിലേക്കു മഴ മാത്രമല്ല പോകുന്നത്
Updated on
1 min read

ഞാൻ,

തിരിച്ചുപോകട്ടെ, അനുവദിക്കണം.


എനിക്കു

എടവപ്പാതിയെ നഷ്ടപ്പെടാനാവില്ല.


വേനൽവിയർപ്പുകൾ

ചിതറിയിറങ്ങുന്ന കളിപ്പറമ്പുകളെ

പകലറുതികളിലൊരിക്കൽക്കൂടി

തിരിഞ്ഞുനോക്കി

വീടുപൂകുന്ന കുട്ടികൾ.

പിറ്റേന്നു കാലത്തവരോടൊപ്പം

സ്കൂളിലേയ്ക്കു വഴിയിലൂടെ

സമയം തെറ്റാതെ പെയ്തുപോകുന്നയാളെയെങ്ങനെയാണു ഞാൻ,

കാണേണ്ടെന്നു വെയ്ക്കുന്നത്.

എനിക്ക്,

തുലാമഴക്കു മുന്നേ വീടെത്തണം


ഉച്ചതിരിഞ്ഞു തയ്യാറാവുന്ന

ആവിയുള്ള ഓർമ്മയിൽ,

വീതനപ്പുറത്ത് ഒരുക്കിവെച്ചിട്ടുണ്ടവ.

മടക്കിയ ഗോതമ്പുദോശ,

എരിവിന്റെ ചുവപ്പുള്ള ഉള്ളിച്ചമ്മന്തി,

ചായ.

ജനലഴിക്കപ്പുറമപ്പോൾ,

സ്വന്തം ശരീരത്തെക്കീറുന്ന മിന്നലും വീശിവരുന്ന മഴയെനിക്കു,

ഭഗവതിയുടെ വെളിച്ചപ്പാടാണ്.

ആ അനുഗ്രഹം

ഞാനെങ്ങനെ വേണ്ടെന്നു പറയും.

എന്റെ

മേടസൂര്യൻ നാട്ടിലാണുള്ളത്.

മീനത്തിലെ

വെയിലു കൊള്ളാതിരിക്കാൻ

കാനൽ തേടി

കിഴക്കുനിന്നും പടിഞ്ഞാറോട്ടു

നിത്യേന യാത്ര ചെയ്യുന്നയാളിനു തണുത്ത മേഘശീലകൾ

തുന്നിയെത്തുന്നു,

വിനീതവിധേയനായി എടവപ്പാതി.

മഴയായി, കാറ്റിൽ കീറിവീണ

മേഘത്തുണികൾ നഷ്ടപ്പെട്ട യാത്രികൻ,

വീണ്ടുമടുത്ത രാവിലെ തണൽ തേടി

സഞ്ചരിക്കുന്നു.

വിഷുവിനു മാത്രമല്ല,

എനിക്കു കാണണമയാളെ നിത്യവും ശിരസ്സുയർത്തി.


തിരിച്ചുപോകാൻ,

മഴനാരുകൾപോലെ

സുതാര്യനേരുകൾ നിറഞ്ഞൊരു

അപേക്ഷ.

മീനവും മേടവും

പകുത്തെടുക്കുന്ന വേനലിന്റെ ആലസ്യത്തിൽ

പങ്കുചേരാനുള്ള ജീവിതം

തിരിച്ചു കിട്ടാൻ,

ഇതുപോലെയല്ലാതെ മറ്റൊരുവഴി

തെളിയുകയില്ല.

*അതിനാൽ, ഈ എഴുത്ത്

സ്വീകരിക്കണം, അനുവദിക്കണം.


ഞാൻ,

തിരിച്ചിറങ്ങി.


ഇന്ന്, ഞാനൊരു ഉപേക്ഷിച്ചവനെ

കാത്തുനിൽക്കുന്നു.

അന്നെന്നെ ചൂണ്ടി കലഹിച്ചവൻ.

അവൻ,

മുന്നിലൊരു പെട്ടിയിൽ ശാന്തനായി വന്നിറങ്ങുന്നു.

എനിക്ക് മുന്നിലാകാശം കറുത്തു.

മണ്ണ് ചുവന്നു, മഴ നനഞ്ഞു.

ഇരുട്ട്,

എന്റെ കൂടി വിയർപ്പിൽ കുളിക്കുന്നു.

ഉരുണ്ട ഭൂമിയുടെ ആകാശം നഷ്ടപ്പെടുന്നതും

ദീർഘചതുരാകൃതിയിലുള്ള രാത്രി

തന്നെ പൊതിയുന്നതും

അയാൾക്കു മാത്രം തിരിച്ചറിയാൻ പറ്റാതെ പോകുന്നു...


മുന്നേ, തിരിച്ചിറങ്ങിയ ഞാനിപ്പോൾ

പിന്നിലാവുന്നു.

മണ്ണിലേക്കു മഴ മാത്രമല്ല വീഴുന്നത്

കണ്ണുനീരിൽ നനഞ്ഞ ഇരുട്ടും.

* വി.കെ. ശ്രീരാമനോട് കടപ്പാട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com