കൂട്ടുകെട്ട്

തൊട്ടപ്പുറത്തുള്ളമറ്റു രണ്ടുപേര്‍
കൂട്ടുകെട്ട്
Updated on: 
1 min read

പിരിയാന്‍വേണ്ടി
ഒന്നിച്ചവരല്ല
അക്കാണുന്ന രണ്ടുപേര്‍

ഇണങ്ങാന്‍വേണ്ടി
പിണങ്ങിയവരല്ല
തൊട്ടപ്പുറത്തുള്ള
മറ്റു രണ്ടുപേര്‍

അകലാന്‍വേണ്ടി അടുത്തവരോ
അടുക്കാന്‍വേണ്ടി അകന്നവരോ
പോകുന്നവരിലും വരുന്നവരിലും
ആരെങ്കിലുമുണ്ടെന്ന്
ആരുമാരും കരുതുന്നതേയില്ല

രണ്ടുപേര്‍ക്കിടയിലുള്ള
അടുപ്പമളക്കാന്‍ എത്രപേര്‍!
രണ്ടുപേര്‍ക്കിടയിലുള്ള
അകല്‍ച്ചയളക്കാന്‍
അതിലേറെയെത്രപേര്‍!

അതാ വരുന്നു രണ്ടുപേര്‍
വിണ്ണിലേറാന്‍ മണ്ണില്‍ ചവിട്ടുന്നു.

ആ വഴി പോകുന്ന മറ്റു രണ്ടുപേര്‍
മണ്ണിലിറങ്ങാന്‍
വിണ്ണില്‍നിന്നെടുത്തു ചാടുന്ന
ചാട്ടക്കാര്‍

ഒന്നും മറ്റൊന്നും
ചേരുന്നതുകൊണ്ടാണോ
കുഴപ്പങ്ങള്‍ കിളിര്‍ക്കുന്നതും
തിമിര്‍ക്കുന്നതും?
വൈരുദ്ധ്യങ്ങളുടെ ഐക്യമാണോ
നിലനില്പിന്റെ
ആത്യന്തിക രഹസ്യം?

കടല്‍ കണ്ടു മടുക്കുന്നില്ല കരയ്ക്ക്
കര കണ്ടു മടുക്കുന്നില്ല കടലിനും,
അല്ലെങ്കിലും,
കരയും കടലും തമ്മിലുള്ള
അതിര്‍വരമ്പ്
ജീവിതം പോലെയേറെ
നിരര്‍ത്ഥകം, അനിശ്ചിതം...

കൂടിക്കിടക്കുന്നവര്‍ക്ക്
അത്താണി രാത്രി
തമ്മില്‍ പിരിയുന്നവര്‍ക്ക്
അറ്റമില്ലാത്ത വഴി
ജീവിതാധാരം

ഇഷ്ടമേറുന്തോറും
കഷ്ടമേറുന്നു, നഷ്ടമേറുന്നു
കുരുത്തംകെട്ട ചിന്തകള്‍ക്ക്
തുമ്പില്ലാത്ത വാക്കുകളെന്നും
കൂട്ട്

വാലും തലയും മറന്ന്
കാടും പടലും കാട്ടി
പിച്ചും പേയും പറഞ്ഞ്
കണ്ണടച്ചിരുട്ടാക്കുന്നു കാലം;
ഇരുളിലുമുണ്ട് പൊരുളെന്ന് വെളിച്ചം
വെളിച്ചം തന്നെ ഇരുട്ടെന്ന്
വര്‍ത്തമാനം

കാലം തെറ്റുമ്പോള്‍
കണക്കാകെ തെറ്റുന്നു
വഴികളാകെ പിഴക്കുന്നു
വിളറിവീര്‍ത്ത പകലിരവുകള്‍
തകര്‍ന്നടിഞ്ഞ ഹൃദയത്തിന്റെ
ശരിപ്പകര്‍പ്പുകള്‍

ഒന്നും രണ്ടും പറഞ്ഞ്
നടന്നു നടന്നു നീങ്ങുമ്പോള്‍,
കണ്ടും കേട്ടും മറഞ്ഞവ
നടന്നും കിതച്ചും താണ്ടിയ
വഴികളില്‍ വീണ്ടും...
അകത്തും പുറത്തുമായ്
അവ പാത്തും പതുങ്ങിയും...

അടുക്കാനാണോ
അകലാനാണോ
ഹൃദയമണി മുഴക്കങ്ങള്‍?
പിരിയുമ്പോള്‍,
അടുക്കാനുള്ള ഒരു ചിരി
അണയാറായ വിളക്കുപോലെ
കണ്ണിന്റെ കണ്ണിലും
കരളിന്റെ കരളിലും
ഉള്ളിന്റെയുള്ളിലും...

ഈ കവിത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com