എൻ. പ്രഭാകരൻ എഴുതിയ രണ്ടു കവിതകൾ

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
എൻ. പ്രഭാകരൻ എഴുതിയ രണ്ടു കവിതകൾ
Updated on
1 min read

ഇവിടെയുണ്ടിവർ

ബൃഹദാഖ്യാനങ്ങളുടെ തകർച്ചയുടെ ഫലങ്ങൾ

ബഹുവിതാനങ്ങളിൽ തിരയുകയാണൊരാൾ

മാർക്സിസത്തിന് ലെനിൻ നൽകിയ സംഭാവനകളുടെ

മഹത്വവും പരിമിതികളും തുലനം ചെയ്തുചെയ്ത്

തളരുകയാണ് മറ്റൊരാൾ

അതിതീവ്ര ഫെമിനിസ്റ്റാശയങ്ങൾ

അതിരുകളിലുള്ള ജീവിതങ്ങളെ

തുണയ്ക്കുന്നതെങ്ങനെയെന്നു വിസ്തരിക്കുന്ന

പ്രബന്ധം തയ്യാറാക്കുന്ന തിരിക്കിലാണൊരു യുവതി

മഴവെള്ളം വാഴത്തോപ്പിനെ വിഴുങ്ങുമ്പോൾ

അലമുറയിട്ടു പായുകയാണ് ഒരു പാവം കർഷകൻ

കിടപ്പിലായ ഭർത്താവിന്റെ ശരീരം നനച്ചു തുടക്കാനുള്ള

വെള്ളം ചൂടാക്കാൻ അടുപ്പിലൂതി പുകയുകയാണ്

അയാളുടെ വൃദ്ധയായ ഭാര്യ

അധൈര്യം പകർന്ന നേർത്ത വിറയലോടെ

‘ചിന്തയാം മണിമന്ദിരത്തിൽ’ എന്ന പ്രാർത്ഥന ചൊല്ലുന്നു

മൂന്നു കൊച്ചുപെൺകുട്ടികൾ

ഇവരെല്ലാം ഇവിടെയുണ്ട്

ഇവരിലാരെയുമാവില്ല എനിക്കു കൺവെട്ടത്തു നിന്നുമാറ്റുവാൻ

ഇവിടെയുമെവിടെയും പലതാണ് ജീവിതം

കാലം പക്ഷേ, ഓരത്തു മാറിനിൽക്കുന്ന കാഴ്ചക്കാരനാവില്ല.

ക്രൂരം

ഇന്നലെ ഞാൻ കണ്ട പരുന്തുകളും കഴുകന്മാരും

കുഞ്ഞുന്നാളിൽ ഞാൻ അരിമണികൊടുത്ത പ്രാവുകളാണ്

ഇന്നു ഞാൻ കണ്ട വലിയ മുൾമരം

പണ്ടു ഞാൻ നട്ടുനനച്ചു വളർത്തിയ ചെണ്ടുമല്ലിച്ചെടിയും.

ഒരിക്കൽ അരുമയായിരുന്നവയ്‌ക്കെല്ലാം

അമ്പരപ്പുമാധിയും പകരുന്ന രൂപാന്തരണങ്ങൾ!

വാർധക്യം ഈ ക്രൂരവിനോദം

ഓർമ്മകളെ പഠിപ്പിച്ചെടുക്കുന്നതെന്തിനെന്നറിയില്ല

അറിയാത്തവയുടെ ഭാണ്ഡം

അവസാനനാൾ വരെയും വലുതായിക്കൊണ്ടിരിക്കും.

എൻ. പ്രഭാകരൻ എഴുതിയ രണ്ടു കവിതകൾ
ഇ.എം.സുരജ എഴുതിയ കവിത: ഇലമുളച്ചി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com