രതീഷ് കൃഷ്ണ എഴുതിയ കവിത 'അവസാനിക്കാത്ത കവിത'

ചിത്രീകരണം: സചീന്ദ്രന്‍ കാറുഡ്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറുഡ്ക
Updated on
1 min read

(The water met It’s master And Blushed. -Lord Byron)

ഒന്ന്

നാണത്താലന്നു

ചുവന്ന ജലംപോലെ

നിൽപ്പൂ പ്രഭാതം കു-

ളിരിൽപ്പടവിലായ്.

ക്ഷീരപഥത്തിലേ-

ക്കെത്തിനോക്കീടിന

നക്ഷത്രക്കൂട്ടങ്ങളീ-

ച്ചെറു മീനുകൾ.

തുള്ളിക്കളിക്കുമ-

തിന്നുതാഴെ മണ്ണിൽ

മണ്ണിര നെയ്ത കു-

ടിലുകൾ; ചാരത്തു

ചേർന്നുകിടക്കുന്നു

ഭൂതകാലത്തിന്റെ

നേർത്ത ചെതുമ്പലും

ചേറ്റു പാട്ടുമ്മുരി.

എങ്ങോനിന്നെത്തിയോ-

രീയിളം രശ്മികൾ

തട്ടിത്തിളങ്ങും

ചെതുമ്പലിലാമാത്ര-

യെങ്ങും വെളിച്ചം

വെളിച്ചം പ്രപഞ്ചത്തി-

ലേതോ മിഴിയിൽത്തെ-

ളിയും കാരുണ്യമായ് !

രണ്ട്

പൂക്കളിൽ നിൽക്കു-

മുപദേവതകളായ്

മാറുന്നു നാഗങ്ങൾ

കൊത്തുമിടങ്ങളിൽ.

നീലിച്ച പുണ്ണും നി-

ണവും കണ്ണീരുമാ-

യങ്ങനെ നിൽപ്പൂ യി-

ലപൊഴിച്ചീടുവാൻ

ആരിത്! സ്നേഹമേ

വാരിപ്പുണരുന്നു

ആർക്കായുരുവിട്ട

മുജ്ജന്മ പ്രാർത്ഥന.


മൂന്ന്


ഓടക്കുഴലൂതി

പൂക്കൾ വിരിയിക്കും

മാന്ത്രികൻ; കാർമുകിൽ

രാഗമുണർത്തവെ

കൊയ്ത്തരിവാളുമായ്

പോകുന്നു പാടത്തേ-

ക്കന്നത്തിൻ ദേവത;

ക്കൂട്ടരുമാവഴി...

മിണ്ടാതെ, നോക്കാതെ

നോക്കുന്നൊളിഞ്ഞെന്നെ

പുഞ്ചിരിതൂകുന്നൂ-

മാസ്‌കിന്മറയത്തും.

ചന്ദ്രിക ‘മുട്ടി’നി-

റച്ചുനിൽക്കുന്നീ ക-

രിമ്പനക്കാവിലു-

ണർന്നു തുള്ളുമ്പോഴും

ആ പുഞ്ചിരിമാത്ര-

മേതേതിരുളിലും

നാം തുറന്നീടും വി-

ഷാദ കാണ്ഡത്തിലും.


അന്നേരം കാണ്മൂ പാ-

ദങ്ങൾ നനച്ചുകൊ-

ണ്ടോരത്തൊഴുകും

മഹാപ്രളയത്തെയും.

* മുട്ടി അല്ലെങ്കിൽ മുട്ടിപ്പാനി - കള്ള് ഒഴിച്ചുവെക്കുന്ന മൺപാത്രം.

* പനങ്കാവ് - കള്ള് കുടിക്കുന്ന സ്ഥലം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com