

ജലതരംഗം പുണരും കാറ്റിന്‍-
ജനിരാഗങ്ങള്‍ക്കെന്തുരസം
മുളംതണ്ടില്‍ മുങ്ങാങ്കുളിയിട്ടെത്തും
‘മലയമാരുത’ സോമരസം, പ്രകൃതീ-
പ്രണയചാരുതഹൃദയരസം
ധീരസമീരനിലെമുനാലീലയില്‍
മാരമാധവലയനം
നാഗനതോന്നതാകല്ലോലങ്ങളില്‍
രാഗമരാളഗമനം
കാലസ്പന്ദം തുടിചേര്‍ന്നിളയില്‍
കാവ്യദിവ്യനടനം,
സുഖദകാവ്യദിവ്യനടനം
മരുത്തിന്‍ പത്തരമാറ്റുകുറഞ്ഞാല്‍
മരുവിന്‍ ഉഷ്ണതരംഗം
നീരവശ്വാസനിശ്വാസങ്ങളില്‍
നിത്യവസന്തസുഗന്ധം
താലവൃന്തം വീശില്ലെങ്കില്‍
താളമൃത്യുദുരന്തം,
ചലനതാളമൃത്യുദുരന്തം!
കുഞ്ചിരാമം...
കല്ല്യാണംമറന്നൊരു കവിയുണ്ട്, നിത്യ-
കല്ല്യാണിക്കരള്‍ക്കനവുണ്ട്
പ്രേമിച്ചുപ്രേമിച്ചു പ്രകൃതിയെ പ്രാപിച്ച
പ്രാന്തന്‍കാമുകനുണ്ട്
നിളയിലിറങ്ങിനടക്കാറുണ്ട്, ജല-
നിലാവിലുറങ്ങിക്കിടക്കാറുണ്ട്
മലനാടന്‍ നടന്‍മങ്കമാര്‍ക്കൊപ്പം മാകവി
മാതംഗിക്കുമ്മിക്കുണ്ട്
വഴിപ്പൂക്കള്‍ക്കെല്ലാം മൊഴിച്ചെണ്ടും നല്‍കി
വസന്തമാടാറുണ്ട്!
സാന്ധ്യശോഭയില്‍ തുടുക്കാറുണ്ട്, ഋതു-
കാന്തികുങ്കുമം തൊടുന്നുമുണ്ട്
തെളിഭാഷാഭൂഷണവേഷപ്പകര്‍ച്ചയില്‍
കളിയച്ഛനാടാറുണ്ട്
പ്രകൃതംകൊണ്ടും പ്രകൃതിനൂണ്ടും
പ്രതീകമാകാറുണ്ട്!
***
ജലദോഷം
പൊന്മാന്‍ തപസ്സു കഴിഞ്ഞു
പൊന്മുടിപ്പുഴമീനുമൊഴിഞ്ഞു
കലമാന്‍ കണ്ണീരണിഞ്ഞു, നില-
കണ്ണാടിപ്പുഴയുടഞ്ഞു
പേരാര്‍ മെലിഞ്ഞു, പെരിയാര്‍ മെലിഞ്ഞു
പേരിനു നീര്‍ച്ചാലിഴഞ്ഞു!
പുലരിപ്പെണ്ണിന് പുളച്ചുകുളിക്കാന്‍
പൂര്‍ണാനദിഗതി വേണം
നെല്‍പ്പാടത്തിനും നിനവോടത്തിനും
‘നാല്‍പ്പത്തിനാലും”’വേണം
ഉലകയുദ്ധം ഉണ്ടെങ്കിലിനിയത്
ജലയുദ്ധമോര്‍മ വേണം.
തെളിയിളനീരില്‍ നഞ്ചുകലക്കും
കാളിയമദശാപം വേണ്ടാ
ജലജാലത്തിനും നീലയാഴത്തിനും
ജഡഭസ്മലേപം വേണ്ടാ
മനുഷ്യന്‍ ദഹിക്കുന്ന, മനസ്സിനു ദഹിക്കാത്ത
മലിനപുളിനങ്ങള്‍ വേണ്ടാ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates