സച്ചിദാനന്ദന്‍ പുഴങ്കര എഴുതിയ ജലാധിപത്യം

സച്ചിദാനന്ദന്‍ പുഴങ്കര എഴുതിയ ജലാധിപത്യം
Updated on
1 min read

രുള്‍പൊട്ടും മുല

മിഴികളുമായി

അവര്‍ണ്ണമാം നീല

നിറത്തിലാറാടി

പുഴ വന്നൂ ജല

മുടിജ്ജടയുമായ്...

അരയില്‍ വെങ്കല

മണിയണിഞ്ഞവള്‍...

ചിലമ്പിളക്കത്തില്‍

ഉടല്‍ വിറച്ചവള്‍,

കടുത്തില മിന്നി

ച്ചുറഞ്ഞു തുള്ളിയോള്‍...

മിഴികളില്‍ വെള്ളം

തിളച്ചുപൊന്തിയോള്‍...

കഴിഞ്ഞ നാള്‍കളില്‍

പലതിലുമഷ്ട

ക്കലാശമാടുവാന്‍

ഉരുവപ്പെട്ടെത്തി;

വളരെപ്പെട്ടെന്നാ

ണവളുടെയാക്ക

മഗാധമാം കയ

ഭയഗഭീരത

യെഴുതി വെയ്ക്കുവാന്‍...

നിലയമിട്ടുപോല്‍

തകര്‍ന്നതാകാശം

പണിഞ്ഞതാം തട

വറത്തുറുങ്കുകള്‍.

നടു നിവര്‍ത്തുവാന്‍

തിടുക്കത്തില്‍ നാടു

വിരിച്ചിട്ട പച്ച

ക്കിടക്കപ്പായകള്‍

വനങ്ങള്‍ കുന്നുകള്‍

മലയടിവാര

ക്കരിമ്പാറക്കല്ലു

മിടിച്ചുതൂര്‍ത്തവ

ളിതാ വിദ്യുല്ലത

യൊടിച്ചുകുത്തുമ്പോള്‍

മഴവില്ലുമാളി

പ്പടര്‍ന്നു കത്തുന്നു;

ഇരച്ചു വന്നെത്തും

മലവെള്ളം കര

യിടിക്കാനുന്നുന്നു;

പെരിങ്ങല്‍ക്കുത്തു ഡാം

തുറന്നു ചോലയാര്‍

ചടുപിടുന്നനെ

പടി കടന്നുവ

ന്നകത്തു കേറുന്നു...

അടുക്കളയ്ക്കുള്ളില്‍

കിളിപ്പാട്ടിന്നൊപ്പം

വിശുദ്ധപുസ്തകം

മലര്‍ന്നു നീന്തുന്നു,

കളിയച്ഛന്‍ മുങ്ങി

യൊഴുകിപ്പോകുന്നു...

നിലാവും എത്സിയും

കടമ്മനിട്ടയും

തകരച്ചെണ്ടയും

കരമസോവ് സഹോ

ദരന്മാരും ബര്‍ത്തില്‍

ചടഞ്ഞിരിക്കുന്നു,

കഴുത്തോളം തരി

പ്പരിച്ചു കേറുന്നു...

അതിര്‍ത്തികള്‍ മാറ്റി

വരയ്ക്കയാണവള്‍!

തടവുകാരെപ്പോല്‍

മരങ്ങള്‍ സങ്കട

നിലവിളിച്ചുണ്ടു

കടിച്ചമര്‍ത്തുമ്പോള്‍,

ഇടഞ്ഞ കാറ്റുകള്‍

കലമ്പിയാര്‍ക്കുമ്പോള്‍,

ചുവന്ന താടികള്‍

തിരയിളക്കുമ്പോള്‍,

പ്രപഞ്ചമൊക്കെയു

മൊടുങ്ങിടുമെന്ന

വിചാരത്തില്‍ സര്‍വ്വം

കിടിലം കൊള്ളുമ്പോള്‍

മഴയൊരേ മഴ

മഴ മഹാമഴ

പടരും പേമഴ

മഴ മാത്രം, പിന്നെ

സകലതും മഴ...

ഉറങ്ങാത്ത മഴ

ഉണരുന്നൂ മഴ

സമയത്തിന്‍ കൊടും

നിപാതമായ് മഴ...

ഒഴിഞ്ഞ കൂടുമായ്

ഒരു മരക്കൊമ്പാ

ണൊടിഞ്ഞു വീഴുന്നു,

മരങ്ങളാണതാ

കടപുഴകുന്നു...

എന്തൊരു നരകാട്ട

ഹാസമാ തൊണ്ടക്കെട്ടില്‍,

സംഗതിശ്രുതി തെറ്റി

പ്പൊട്ടുന്നൂ മഴവീണ,

രാത്രിയില്‍ മിന്നിപ്പാറും

സങ്കടമിന്നാമിന്നി

ക്കൂട്ടങ്ങള്‍ പൊന്തക്കാട്ടില്‍

കുമിഞ്ഞു തുലയുന്നു,

കരകളിടിച്ചിട്ട

പുഴയും മത്സ്യങ്ങളും

പുരികമിളക്കിയ

പ്രണയപദങ്ങളും

ഒറ്റയാമിലയുടെ

പച്ചയായ് പകര്‍ന്നാടീ

അത്ഭുതം ശാന്തം ഹാസ്യം

കരുണം ബീഭത്സവും!

ലളിതമായ് പിന്നെ

ചനുചനുന്നനെ

പിറുപിറുക്കുന്നൂ

സകലതും; ചവ

റ്റില നിറയുന്ന

തൊടിയിലെന്നപോ

ലവളീ മണ്ണില്‍ത്താഴ്

ന്നലിഞ്ഞതായ്‌ത്തോന്നി...

നടുന്നതായ്‌ത്തോന്നീ

പുലരി വിത്തിട്ടു

പൊടിച്ച ഞാറുകള്‍...

കുറുങ്കുഴല്‍ക്കാറ്റു

വിളിച്ചുണര്‍ത്തിയ

വയലില്‍ക്കാക്കകള്‍

ക്കരികെ നെല്ലിപ്പൂ,

മുകിലിന്‍ കുഞ്ചിയില്‍

പിടിച്ചിരുന്നൊരു

ജലകണം ചൂളം

വിളിച്ചു പായുന്നു!

പിന്നെയും തോരാത്തതാം

മിഴിയില്‍ വെണ്‍മേഘങ്ങള്‍

ചിന്നിയ തെളിവാന

മിരുണ്ട സങ്കല്‍പ്പത്തില്‍

സഹ്യമായ് മഴ, ലോകം

വൃത്തിയാക്കിയ മഴ,

മുറ്റത്തു കടലാസു

വഞ്ചികള്‍ തേടും മഴ,

ഭൂമി വിട്ടോര്‍തന്നോര്‍മ്മ

ചാറിയ വേനല്‍മഴ,

താളഭംഗത്തില്‍പ്പോലും

തുളിക്കും പൊടിമഴ,

ജീവനില്‍ കരുതിയ

രാഗവും സഞ്ചാരവു

മാണവ... ജലതരം

ഗത്തിന്റെ ഹൃദയത്തില്‍!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com