സജിന്‍ പി.ജെ. എഴുതിയ കവിത 'ട്രങ്ക് പെട്ടിക്കുള്ളിലെ നഗരം'

സിറിയന്‍ കലാകാരന്‍ സജിന്‍ പി.ജെ,
മുഹമ്മദ് ഹാഫിസിന്റേയും ഇറാക്കി അഭയാര്‍ത്ഥി അഹമ്മദ് ബദറിന്റേയും സംയുക്ത സൃഷ്ടിയായ 'അണ്‍പാക്ക്ഡ്: റെഫ്യൂജി ബാഗേജ്' എന്ന ഇന്‍സ്റ്റലേഷന്‍
സിറിയന്‍ കലാകാരന്‍ സജിന്‍ പി.ജെ, മുഹമ്മദ് ഹാഫിസിന്റേയും ഇറാക്കി അഭയാര്‍ത്ഥി അഹമ്മദ് ബദറിന്റേയും സംയുക്ത സൃഷ്ടിയായ 'അണ്‍പാക്ക്ഡ്: റെഫ്യൂജി ബാഗേജ്' എന്ന ഇന്‍സ്റ്റലേഷന്‍
Updated on
1 min read

ട്രങ്ക് പെട്ടിക്കുള്ളിലെ നഗരം

കടലിനോട് ചേര്‍ന്നുള്ള

മലയുടെ അടിവാരത്തില്‍

തിരമാലകള്‍ കൊത്തുപണി നടത്തിയ

വെട്ടുകല്ലുകളുടെ ഇടയില്‍

ആരോ ഉപേക്ഷിച്ചത് പോലെയോ

തീരത്തടിഞ്ഞതുപോലെയോ തോന്നിക്കുമാറ്

ഏകാന്തമായി കുടുങ്ങിക്കിടക്കുന്ന നിലയിലാണ്

ആ പെട്ടി അയാളുടെ ശ്രദ്ധയില്‍ പെട്ടത്.

അത്തരം പെട്ടികള്‍ അന്ന്

മിക്കവരുടെയും വീടുകളിലുണ്ടായിരുന്നു.

തകരംകൊണ്ടുണ്ടാക്കിയത്,

പലനിറം പൂശിയത്,

അടയ്ക്കാന്‍ ബക്കിളുകള്‍,

പൂട്ടാന്‍ ചെമ്പ് നിറമുള്ള താഴ്,

മേല്‍വിലാസ ചീട്ട് വെക്കാന്‍

നടുവില്‍ ചതുരവിടവുള്ള

തകരത്തിന്റെ കൂട്.

ആ ദിവസത്തെ

അവസാനത്തെ വെയില്‍

തീരത്ത് മുഖം കഴുകാനായി

കുന്തിച്ചിരിക്കുന്ന നേരമായിരുന്നു അത്.

സന്ധ്യയുടെ നിഴല്‍വീണ വെള്ളം

മണല്‍ത്തരികളില്‍ മുട്ടുകുത്തിനിന്ന്

പതിയെ കൈകൊണ്ട് കോരി

ആവോളം മുഖത്തൊഴിച്ച്

അവസാനമായി ഒന്നുകൂടി

നിവര്‍ന്നു നിന്നൂ പകല്‍.

കാണാന്‍ വന്ന പെണ്ണിന്റെ

കണ്ണുകളില്‍ കയറിക്കൂടി

ദൂരെ മലകളിലേക്ക് പോയിക്കളയുമോ

കടലെന്നു ശങ്കിച്ച് കാറ്റ്

നിര്‍ത്താതെ വീശിക്കൊണ്ടിരുന്നു.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

ദ്രവിച്ചുതീരാറായ കട്ടമരമൊന്നില്‍

കടലിനെ പിടിച്ചുകെട്ടാന്‍

അത് വൃഥാ ശ്രമിക്കുന്നുമുണ്ടായിരുന്നു.

വഴക്കെന്നപോലെ ആളുകളൊന്നും

കേള്‍ക്കാതെയവര്‍ പരസ്പരം

എന്തൊക്കെയോ പറഞ്ഞുകൊണ്ടുമിരുന്നു.

കടല്‍ക്കാക്കകളുടെ ചിറകുകളുള്ള

ഒരു മനുഷ്യനായിരുന്നു അയാള്‍.

കട്ടകളെല്ലാം ഇളകിപ്പോയൊരു

ഹാര്‍മോണിയംപോലെ

കടല്‍ഭിത്തി അപശ്രുതിയില്‍

പാടിക്കൊണ്ടിരുന്നു.

ഏതോ വിദൂര ദേശത്തുനിന്നും

നൂറ്റാണ്ടുകളോളം കടലിലൂടൊഴുകി

തീരത്തണയുന്ന കുപ്പിയെന്നോ മറ്റോ

അയാള്‍ക്ക് തോന്നിപ്പോയേക്കാവുന്ന

ഒരു ഓര്‍മ്മയില്‍ തട്ടിയാണ്

അന്ന് തിരകള്‍ തീരത്ത് വന്നലച്ചത്.

അതുകൊണ്ട് മാത്രമാണ് അയാള്‍

ആ പെട്ടി തുറന്നു നോക്കാമെന്നു

തീരുമാനിച്ചതും തുറന്നു നോക്കിയതും.

ഒരുപക്ഷേ, ഏതെങ്കിലും ഓര്‍മ്മകളാ-

ണെങ്കിലോ അതിനുള്ളില്‍?

ഒട്ടുമേ ആകാംക്ഷയില്ലാതെ അയാള്‍

കാലുകൊണ്ട് അലക്ഷ്യമായി

പെട്ടി തുറന്നു.

പ്രാചീനതയുടെ മണം

അവിടമാകെ പടരുമെന്നും

താനതില്‍ മുന്നിയും കുത്തി

വീണുപോകുമെന്നും കരുതിയെങ്കിലും

തികച്ചും അപ്രധാനങ്ങളായ

ഉള്ളടക്കങ്ങള്‍ കണ്ടിട്ട് അയാള്‍ക്ക് ചിരിവന്നു.

മകന്റെയോ മകളുടെയോ എന്ന് തോന്നിപ്പിക്കുന്ന

ഒരു ജോഡി പഴയ ചെരിപ്പുകള്‍,

മുഖങ്ങള്‍ മാഞ്ഞുപോയ ഒരു കുടുംബഫോട്ടോ,

നിറയെ വെടിയുണ്ടകളുടെ

പാടുകളുള്ള ഒരു ഭിത്തി,

ഭിത്തിയോട് ചേര്‍ന്ന്

ആരോ ഒരുപാട് നാളുകളിരുന്നു

പ്ലാസ്റ്റിക്ക് തൂങ്ങിപ്പോയ ഒരു കസേര,

വക്ക് പൊട്ടിയ പോര്‍സലൈന്‍ കപ്പുകളും സോസറുകളും

ഇപ്പോളില്ലാത്ത അവയുടെ ചുണ്ടുകളിലേക്കെന്നവണ്ണം

വായുവില്‍ തന്നെ തങ്ങിനില്‍ക്കുന്നു,

വലതുവശം ചേര്‍ന്ന് സിമന്റിളകിയ തൂണില്‍

ചിന്നിപ്പോയ മുഖക്കണ്ണാടി,

അതിനുള്ളില്‍ പലതായി കീറിപ്പോയ

ഒരു ഭൂപടം.

അപ്പോള്‍ കടല്‍ക്കുതിരകളുടെ പട

കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പലായനംപോലെ

തീരത്തേയ്ക്ക് കയറിവരുന്നത് അയാള്‍ കണ്ടു.

നീലത്തിമിംഗലങ്ങളുടെ ചൂളംവിളിയില്‍

നിലാവ് വെള്ളത്തിനു മുകളില്‍ വിറച്ചു.

ഏതോ രാജ്യത്തിലെ പട്ടാളക്കാരുടെ

വിസില്‍പോലെ ഭീതി തീരത്ത്

പതുങ്ങിനടക്കുന്നുണ്ടായിരുന്നു.

അയാള്‍ പെട്ടി പാറക്കെട്ടിനിടയില്‍ തന്നെ

ഉപേക്ഷിച്ചിട്ട് തിരിഞ്ഞുനടന്നു.

ആ നടത്തത്തിന്റെ പാതിയിലെവിടെയോ

തന്റെ കയ്യിലെ രേഖകളെല്ലാം

മാഞ്ഞുപോകുന്നത് അയാളറിഞ്ഞു!

പിന്നെ അയാള്‍

താന്‍ ഉപേക്ഷിച്ചുപോന്ന നഗരത്തിന്റെ

ഇടുങ്ങിയ ഗലികളും വഴിയരികിലെ മരങ്ങളും

വീടും വീട്ടിലെ മേശവലിപ്പും

അടുക്കളയിലെ സമോവറും

അടുപ്പിലെരിയുന്ന വിറകുകൊള്ളിയും

അവയോടൊപ്പം അമ്മയേയും

കാമുകിയുടെ കണ്‍പീലികളേയും

ഏതോ തീരത്ത് എന്നെങ്കിലും

അടിഞ്ഞേക്കാവുന്ന തന്റെ പെട്ടിയില്‍

പതിയെ നിറച്ചുവെച്ചു.

ഒരിക്കല്‍ ഒരു കവി

വെട്ടുകല്ലുകള്‍ക്കിടയില്‍നിന്നും

ആ പെട്ടി കണ്ടെത്തും വരെ.

(സിറിയന്‍ കലാകാരന്‍ മുഹമ്മദ് ഹാഫിസിന്റേയും ഇറാക്കി അഭയാര്‍ത്ഥി അഹമ്മദ് ബദറിന്റേയും സംയുക്ത സൃഷ്ടിയായ 'അണ്‍പാക്ക്ഡ്: റെഫ്യൂജി ബാഗേജ്' എന്ന ഇന്‍സ്റ്റലേഷന്‍ ഈ കവിതയെ സ്വാധീനിച്ചിട്ടുണ്ട്)

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com