ശ്യാം സുധാകര്‍ എഴുതിയ കവിത ‘അടര്’

ശ്യാം സുധാകര്‍ എഴുതിയ കവിത ‘അടര്’
Updated on
1 min read

സൂര്യന്റേയും മേഘങ്ങളുടേയും

ഇടയിൽ

സ്വർഗത്തിലെ തൊഴിലാളിവർഗം വിതച്ച

പരുത്തിത്തോട്ടംപോലെ

മണ്ണിനടിയിൽ നാം

ഉറക്കിക്കിടത്തിയ പുഴുക്കളെല്ലാം

വെളുത്തട്ടിയട്ടിയായി

ഉണർന്ന് വിരകുന്നത് എന്തുകൊണ്ടാവാം?

വടക്കേയറയിലെ ഇരുട്ടിന്റെ

നിർജീവമായ കോണുകളിലുള്ള

പാത്രങ്ങൾക്കുള്ളിലുള്ള പാത്രങ്ങൾ

ഇരുട്ടിനെ അടരടരുകളായി

സൂക്ഷിച്ചുവയ്ക്കുംപോലെ

ഉറക്കത്തിനുള്ളിലെ

മടക്കുകൾപോലെ

എത്രനാൾ കാത്തുവെയ്ക്കും

നാം ഈ രഹസ്യവിവരം?

ഞാനും എന്റെ ഗ്രാമവും

ഉറങ്ങിക്കിടക്കുമ്പോൾമാത്രം

വീടുകാണാൻവരാറുള്ള

നാടുകടത്തപ്പെട്ട താത്രിമാരെപ്പറ്റിയും

(ശ്രീജ ഒരിക്കൽ മിന്നായംപോലെ കണ്ടുവത്രെ

ഒരു മോറിസ് ഓക്സ്‌ഫോഡ് പാഞ്ഞുപോകുന്നത്)

ഒറ്റക്കാഴ്ചയിൽ തന്നെ

ഭ്രാന്തിന്റെ മോഹനവിസ്‌ഫോടനങ്ങൾ

തലച്ചോറടർത്തി

അതിലേയ്ക്ക് തിരുകിത്തരാൻ കെല്പുള്ള

ഗോത്രമറ്റുപോയ ദേവതകളെപ്പറ്റിയും

ഓടിമറഞ്ഞ മോഹങ്ങളെപ്പറ്റിയും

കേട്ടതല്ലാതെ

കണ്ടിട്ടില്ല

വൈദ്യുതിപോലെ

വെള്ളം കടന്നുപോയത്.

കണ്ടവരെല്ലാം

പലയര്‍ത്ഥത്തിൽ ഭസ്മമായി

ഉയരങ്ങളിൽ കൂടുവച്ച കിളിമുട്ടകളെല്ലാം

പടിഞ്ഞാറ് കരുപൊട്ടിക്കലങ്ങിയ നാൾ.

മണ്ണിനടിയിൽ പരുത്തിപോലെ

പുഴുക്കൾ ഒരടര് തീർക്കുന്നു.

അതിൽ പടരുന്ന എന്റെ ചോര ടിവിയിൽ കണ്ട്

സമയത്തെ തോൽപ്പിക്കുന്ന അതിന്റെ വേഗതകണ്ട്

അസ്തമയം വിസ്മയം കൊള്ളുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com