

ഒറ്റ എകരമുള്ള തേക്കുപോലെ
അവൾ മുറ്റത്ത് നിന്ന്
കുഞ്ഞിനെ ഒക്കത്തുവെച്ച്
ചോറുകൊടുക്കുന്നു.
വീടിനുചുറ്റുമുള്ള കപ്പത്തോട്ടത്തിൽ
ഇടപാകിയ പയറും
വെണ്ടയും ബ്ലോക്കുതണ്ടും
ആറുമാസ വളര്‍ച്ചയുടെ
കരാറിൽനിന്നു വിയര്‍ക്കുമ്പോൾ
അതുവഴി പോയ കാക്കയുടെ പറക്കൽ
കുഞ്ഞിന്റെ വായിലേയ്ക്ക്
ഒരു ഉരുള നീട്ടിവെച്ചു.
എരമ്പില്ലാത്ത വീട്ടിൽ
അവൾ ഒറ്റമകളായിരുന്നു.
അവളെ എഴുത്തിനിരുത്തിയ വര്‍ഷം
ആട്ടിന്‍കൂടിനും സെപ്റ്റിക് ടാങ്കിനും
ഇടയിൽ ഒരു തേക്കിന്‍ തൈ കടന്നുവന്നു.
തടിപ്പണിക്കാരൻ തന്തയുടെ
തോളിലെ മുഴയിൽ
അവൾ അമര്‍ത്തിയൊന്ന് കടിച്ചപ്പോൾ
വാഴക്കയ്യിലിരുന്ന മഞ്ഞക്കിളി
തേക്കിന്‍ കൂമ്പ് വീശിപ്പറന്നു.
അവൾ
നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ
ഒരാട്ടിന്‍ കുട്ടിയെ തേക്കിൻ തൈയുടെ മൂട്ടിൽ
മാറ്റിക്കെട്ടിയതിന്
വാസുച്ചായൻ1 രാധാമണിച്ചേച്ചി2യെ
വീടിനു ചുറ്റുമിട്ട് ഓടിച്ചതും,
അമ്മേടെ കാലിന്റെ കുഴതെറ്റിയതും
കുടവയറുംകൊണ്ട് അച്ഛൻ
പോച്ചേൽ തട്ടി
ഉരുണ്ടുവീണതുമെല്ലാം-
തീവ്രപ്രണയത്തിലിരിക്കെ
ഞങ്ങളിരുവരും
ഒരു തമാശകണക്കെ പറഞ്ഞ്
ഒരുപാട് ചിരിച്ചിട്ടുണ്ട്.
അവൾ പത്താം ക്ലാസ്സിൽ പഠിക്കുന്ന
കാലത്താണ്
വാസുച്ചായന്റെ വലതുതോൾ
ചെവിയോളം ഉയര്‍ന്നുവന്നത്.
രാധാമണിച്ചേച്ചി
കൊടിയും മഞ്ഞളുമിട്ട വെള്ളത്തിൽ
ചൂടുവെച്ചെങ്കിലും
വാസുച്ചായന്റെ തോൾ
പൊങ്ങിത്തന്നെ നിന്നു.
അവൾ പ്ലസ്‌ടു പാസ്സായ
കാലത്താണ്
വാസുച്ചായന്റെ ചെവി
പതുങ്ങിത്തുടങ്ങിയത്.
കേള്‍വി മങ്ങിയപ്പോൾ
വൈകിട്ട് രണ്ടെണ്ണം
കഴിക്കാൻ തുടങ്ങി.
ഒരു ദിവസം
പണികഴിഞ്ഞ് പൂസും മടക്കിക്കുത്തി
ആട്ടിന്‍കൂടിന്റെ അടുത്തുള്ള
തേക്കിന്‍ ചോട്ടിൽ പോയിരുന്നു.
രാധാമണിച്ചേച്ചീം അവളും
മാറിമാറി വിളിച്ചു.
“എന്തു പറഞ്ഞാലും
അങ്ങേര് കേള്‍ക്കണ്ടേ...”
എന്നു പറഞ്ഞ് കരഞ്ഞു.
അവൾ ഡിഗ്രി പഠിക്കാൻ
പോയതോടെ
വാസുച്ചായന്റെ കേള്‍വി
പൂര്‍ണ്ണമായും ഇല്ലാതായി.
അവളുടെ പഠിത്തം നിര്‍ത്തിച്ച്
വീട്ടിൽ കൊണ്ടുവന്നു നിര്‍ത്തി.
വാസുച്ചായൻ പിന്നെ
തടിപ്പണിക്ക് പോകാതായി.
അതിനിടയിൽ
ആടിനെ മേയ്ക്കാൻ പോയപ്പോൾ
രാധാമണിച്ചേച്ചി വിലക്കി.
വിലക്ക് കേള്‍ക്കാതെ
വാസുച്ചായൻ നടന്നു.
അന്ന്, കപ്പയില തിന്ന്
ഒരാട് ചത്തു.
ആട്ടിന്‍കൂടിനും തേക്കിനുമിടയിൽ
കുഴിവെട്ടുമ്പോൾ
രാധാമണിച്ചേച്ചി കരഞ്ഞു
“എന്തു പറഞ്ഞാലും
അങ്ങേര് കേള്‍ക്കണ്ടേ...”
ഒരു ദിവസം
തേക്കിന്റെ എകരം അറുക്കാനായി
വാസുച്ചായൻ മുകളിലേയ്ക്ക് കയറി.
രാധാമണിച്ചേച്ചി പിന്നെയും വിലക്കി
“പറഞ്ഞാൽ കേള്‍ക്കണ്ടേ...”
എന്നു പഴിച്ചുകൊണ്ടിരുന്നു.
വാസുച്ചായൻ
തേക്കിന്റെ തുഞ്ചത്ത് കേറിനിന്ന്
രാധാമണിച്ചേച്ചിയെ നോക്കി
ഒന്നു ചിരിച്ചു.
തേക്കിലയാൽ ആട്ടിന്‍കൂട്
ഇളകി
ആടുകൾ കരഞ്ഞു.
വെറുതെയിരുന്നപ്പോൾ
നാട്ടിലുള്ള ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിൽ
ഇടയ്ക്കവൾ എം.എസ് ഓഫീസ്
പഠിക്കാന്‍ പോയി.
അവിടെവെച്ചൊരു പ്രേമം
തേക്കീന്ന് വീണ നിസറിന്‍ കൂടുപോലെ
അവളെ വന്നുപൊതിഞ്ഞു.
നാട് മുഴുവനും പരന്നിട്ടും
ബന്ധുക്കൾ മുഴുവൻ ഇടഞ്ഞിട്ടും
വാസുച്ചായൻ മാത്രം
ഒന്നും അറിഞ്ഞില്ല.
ആടിനു തീറ്റവെട്ടിയും
തേക്കിനു തടമെടുത്തും
വലത്തേ കയ്യിലെ മുഴയുമായി
വാസുച്ചായൻ നടന്നു.
ഒന്നാം ആവേദക
കുഞ്ഞാനമ്മ (56)
തേക്കുകാട്ടിൽ ഹൗസ്
മാത്തപ്പാറ, പറഞ്ഞുതന്നത്;
“മോനെ, എല്ലാ തിങ്കളാഴ്ചയും അവരൊന്നിച്ച്
നാലാം മൈലിലെ അമ്പലത്തിൽ പോയി
പ്രാര്‍ത്ഥിക്കും. അവൻ
ആ മലയിറങ്ങിവരും.
ഒരു ദിവസം ഞാനെന്റെ
ഈ രണ്ടു കണ്ണുംകൊണ്ട്
കണ്ടതാ...”
രണ്ടാം ആവേദകൻ
ഗിരീഷ് നമ്പൂതിരി (62)
ഇണ്ടാനത്ത് ഇല്ലം
നാലാംമൈൽ, പറഞ്ഞുതന്നത്;
“കണ്ടതായി ഓര്‍മ്മയിണ്ട്
പ്രസാദോം പുഷ്പാഞ്ജലീം
ഈ കൈകൊണ്ടല്ലേ...
കൊടുത്തിട്ടുള്ളത്...”
മൂന്നാം ആവേദകൻ
മജു പ്രസാദ് (21)
കാരക്കുന്നത്ത് ഹൗസ്
മാത്തപ്പാറ, പറഞ്ഞുതന്നത്;
“ബ്രോ... അവൻ നമ്മുടെ ചങ്കാണ്
തനിക്കെന്താ ഇതിലിത്ര സൂക്കേട്.”
നാലാം ആവേദക
റിന്‍സി (32)
പള്ളിമുറ്റത്ത് ഹൗസ്
മാത്തപ്പാറ, പറഞ്ഞുതന്നത്;
“തന്നെ അവള്‍ക്ക് ഒരുപാട്
ഇഷ്ടമായിരുന്നു. പക്ഷേ, ജാതികൊണ്ട്
വീട്ടിൽ സമ്മതിക്കില്ലായിരുന്നു.
ഇനി, അവരെ വെറുതെ വിട്ടേരെ...”
രാധാമണിച്ചേച്ചി
ആടിന്റെ പ്രസവമെടുത്ത രാത്രി
കപ്പത്തോട്ടത്തിൽ കാട്ടുപന്നി കേറിമേഞ്ഞ്
പിറ്റേന്ന് കുഴിച്ചിടാൻ വെച്ച
പുള്ളിത്തുണീം പാളേലെ ചാപിള്ളേനേം
കുത്തിയൊതുക്കിക്കടന്നു.
ഞെരമ്പേൽ കേറാതെ ഇലവെട്ടിപ്പോയ
എല്ലാത്തിനേം രാധാമണിച്ചേച്ചി
വെളുക്കുന്നേനുമുന്നേ നിരന്നുനിന്നു പ്രാകി.
വാസുച്ചായൻ ഒന്നും മിണ്ടാതെ
തേക്കിന്റെ അറ്റത്തേയ്ക്ക് നോക്കിനിന്നു.
വെളുത്ത ആകാശത്തിലേയ്ക്ക്
ചുവന്ന സൂര്യൻ പടര്‍ന്നു
അവളുടെ അടിവയറ്റിൽനിന്നും
നിസറുകൾ കൂട്ടംകൂട്ടമായി
ബഡ്ഡിലേയ്ക്കിറങ്ങി.
അവൾ ഒരു നിസറിനെപ്പോലും കൊല്ലാതെ
പ്രേമത്തിൽ കുതിര്‍ന്ന്
കിടന്നു.
പിറ്റേ ഞായറാഴ്ച
പന്നിയിറച്ചി കഴുകുന്നതിനിടയിൽ
വാസുച്ചായൻ പറഞ്ഞു:
“ഉച്ചയ്ക്ക് തേക്കുവെട്ടാൻ ആള് വരും”
രാധാമണിച്ചേച്ചി ഒന്നും മിണ്ടീല.
പത്തുമണിയായപ്പോൾ
നാലുപേർ വന്ന് ചായകുടിച്ചു
അവൾ കളം വരച്ചില്ല
കുളിച്ചില്ല
കഴിച്ചില്ല
കരഞ്ഞില്ല.
ഉച്ചയോടെ
തേക്ക് മലര്‍ന്നു.
കാറ്റിൽ
ആട്ടിൻ കൂട് ചെതക്കുപിടിച്ച്
മറിഞ്ഞു.
പിറ്റേ ആഴ്ച
സ്വീക്കന്‍സും പൂക്കളുമൊട്ടിച്ച
ഒരു എയ്റ്റ് ഹണ്ട്രഡിൽ
അവളെ കൂട്ടിക്കൊണ്ടുപോകാൻ
കൊച്ചീന്ന് ഒരു കൂട്ടര് വന്നു.
ആ ദിവസം രാധാമണിച്ചേച്ചി
ആട്ടിന്‍ചൂരാൽ പനിച്ചു
വാസുച്ചായന്റെ തോളിൽ
നിന്നും ഛലം
നിര്‍ത്താതെ ഒഴുകി.
വര്‍ഷങ്ങള്‍ക്കുശേഷം
അവൾ
ആ വീടിന്റെ
മുറ്റത്തു നില്‍ക്കുമ്പോൾ
എകരം വെട്ടിയൊതുക്കിയ
ആകാശവും
വെണ്‍മേഘങ്ങളും
മലനിരകളും ആരും
കണ്ടില്ല.
മകളെ തോളിലിട്ട്
അകത്തേയ്ക്ക് കയറുമ്പോൾ
മൂലയിലൊരു തേക്കിന്‍ തൈ
നിസറിൻകൂടാൽ
മുളച്ചു നിൽക്കുന്നു.
1. അവളുടെ അച്ഛന്റെ സാങ്കല്പിക നാമം.
2. അവളുടെ അമ്മയുടെ അയല്‍ക്കൂട്ടത്തിലെ വിളിപ്പേര്.
3. ആവേദക/കൻ പേരുവിവരങ്ങൾ സാങ്കല്പികം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates