

ചക്രങ്ങൾ കണ്ടുപിടിക്കുംമുന്‍പേ
ഒരിഞ്ചുപോലും
മുന്നോട്ട് നീങ്ങാൻ
കൂട്ടാക്കാതെ
ഒറ്റക്കാലിന്റെ വീതിയിൽ
ഞെരിഞ്ഞും മടിച്ചും
നിലത്ത്
തറഞ്ഞുകിടന്ന
ഊരാക്കുടുക്കാണ് മുടന്തനു വഴി.
ദൂരെ ദൂരെ ലക്ഷ്യങ്ങളിലേക്ക് പോയി
വിജയങ്ങളെ തൊട്ടു തൊട്ടു വന്നവരുടെ
പാദങ്ങളിലെ മുറിവുകളുടെ ചിരി
മുടന്തനെ മോഹിപ്പിച്ചു.
അതിലയാൾ കണ്ടു;
പല ഭാഷകൾ, പല അതിരുകൾ
പല മണങ്ങൾ
പല സ്വാദുകൾ,
പല പുഴയുടെ കുളിര്,
ശകാരങ്ങൾ, വാത്സല്യം, കടാക്ഷങ്ങൾ:
തന്നെ തടഞ്ഞ്
തൊടിക്കും തേടലിനു,മതിരിടുന്ന കയ്യാലയെക്കാൾ
പൊക്കത്തിൽ ഗർവ്വോടെ നിൽക്കും
പ്രതിസന്ധിക്കുന്നുകൾ, ചുരങ്ങൾ,
ഇറക്കങ്ങളും;
ഞരമ്പുപോൽ പടർന്നേറും പാതകൾ...
ചെമ്പരത്തിയും വേലിച്ചീരയും
കോട്ടകെട്ടിയ ദിക്കിലേക്ക് മാത്രം
പുറപ്പെട്ട മുടന്തനെക്കാൾ
വേഗത്തിൽ
മഴ ചാറിയപ്പോൾ
നായ, തിരികെ തിണ്ണയിലോടിക്കേറി.
ചുമ്മാൻ കഴിയുന്ന ഭാരത്തിൽനിന്നും,
അളന്നെത്താൻ
കഴിയുന്ന ദൂരങ്ങളിൽനിന്നും,
മുഷ്ടികളിൽനിന്നു മുഷ്ടികളിലേക്കു
ഓടിച്ചോടിച്ചു രസിക്കുന്ന
മാണിക്യച്ചെമ്പഴുക്കയിൽനിന്നും
ഉദാരർ മുടന്തനെ പിൻവലിച്ചു.
സ്നേഹിച്ചു സ്നേഹിച്ച്
പരിഗണനയുടെ ഇനിക്കുന്ന ചഷകം പകർന്ന്
ഒഴിവാക്കലിന്റെ കയ്പ് കുടിപ്പിച്ചു...
ഇന്ദ്രിയാ,വയവങ്ങളിലെ
തികവിന്റെ അഭാവം
മുടന്തനെ കളങ്കിതനാക്കി.
പള്ളിയിലേക്കുള്ള വഴിയിൽ
മുടന്തൻ
ദൈവകോപത്തിന്റെ തിരുവെഴുത്തായി.
‘പൂർവ്വപാപത്തിന്റെ ശിക്ഷ’ പേറി
ഉടലിൽ തറച്ച മുടന്തിന്റെ ശൂലവുമായി
ദൃഷ്ടാന്തമാ,യയാൾ
തുറന്ന ജീവപുസ്തകമായി.
ഇരുട്ട് കാത്തുകിടക്കുന്നതായി ചക്രക്കസേരയെ വായിച്ചു
വായിച്ച് കുട്ടികൾ
ഉടലിന്റെ അന്ത്യവിധിയെ ഭയന്നു:
മുതിർന്നവർ
ഞൊടിനേരം താന്താങ്ങളുടെ
നൈർമ്മല്യത്തെപ്പറ്റി അഭിമാനിച്ചു.
തങ്ങളിലേക്ക് ചൊരിയപ്പെട്ട ദൈവസ്നേഹത്തിൽ നിറഞ്ഞ്
ദ്രാക്ഷാരസംപോലെ നുരഞ്ഞു.
ഒന്നോർത്താൽ
മുടന്തൻ/അന്ധൻ/ബധിര-മൂകൻ
അലൈംഗികതയുടെ
ക്രിസ്തുത്വക്കുരിശ് ചുമക്കുന്ന
ക്രൂശിക്കപ്പെട്ട ഇറച്ചിത്തുണ്ടമാണ്
പ്രേക്ഷകർക്ക്.
കുളക്കരയിലെ മുടന്തനോട്
പാദങ്ങളിലെ കുരുക്കഴിച്ച്
പച്ചക്കിടക്കയും
കാമവുമെടുത്ത് നടക്കാൻ പറയുമ്പോൾ,
യേശു ആനന്ദമൂർച്ഛയറിയാത്ത
തന്റെ പ്രാണനെ,യുടമ്പിനെയോർത്തു.
‘വികലശരീര’ത്തെ
ശേഷിയുടെ അധികാരികൾ വാഴും
വഴിയിലും വയലിലും ചലിപ്പിക്കുന്നത്
എളുതല്ലെന്ന് കണ്ടു.
ഇണക്കിളി പാടാത്ത നീഡമായി
മുടന്തന്റെ ദേഹം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates