കവിയെക്കുറിച്ച്: ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്ത ഗ്രീക്ക് കവിയായ കോണ്‍സ്റ്റാന്റിന്‍ പീറ്റര്‍ കവാഫി 1863 ഏപ്രില്‍ 29-ന് ജനിച്ചു. പൊതുകാര്യ മന്ത്രാലയത്തില്‍ ക്ലര്‍ക്കായി ജോലി ചെയ്ത അദ്ദേഹത്തിന്റെ കവിതകള്‍ ഒരേസമയം വ്യക്തിപരവും ചരിത്രപരവും രാഷ്ട്രീയപരവും ആണ്. ഭാഷയില്‍ അതീവ സൂക്ഷ്മത പുലര്‍ത്തിയിരുന്ന കവിയുടെ രചനകളില്‍ കഴിഞ്ഞുപോയ കാലത്തിന്റെ നിരര്‍ത്ഥകതയും ഭാവിയുടെ അനിശ്ചിതത്വവും ഇന്നിന്റെ ഇന്ദ്രിയാസക്തികളും പ്രകടമാണ്. ഇ.എം. ഫോസ്റ്റര്‍, ടി.എസ്. എലിയറ്റ് തുടങ്ങി നിരവധി എഴുത്തുകാരെ സ്വാധീനിച്ച കവി തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച് തന്റെ എഴുപതാം പിറന്നാള്‍ ദിവസം മരിച്ചു.
സുഹൃത്തായ റാഫേല്‍ ജോസഫും ഞാനും ചേര്‍ന്ന് ഏകദേശം പത്ത് വര്‍ഷം മുന്‍പ് കവാഫി കവിതകള്‍ വിവര്‍ത്തനം ചെയ്തിരുന്നു. അതില്‍ ഉള്‍പ്പെടാത്ത ഈ കവിത അതിപ്രശസ്തവും പല രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളതും എക്കാലത്തും പ്രസക്തവുമാണ്.
വിവര്‍ത്തനം: ശ്യാം സുധാകര്‍
നമ്മള് എന്തിനാണ് കാത്തിരിക്കുന്നത്,
പൊതുയോഗം വിളിച്ചുകൂട്ടിയത്?
പ്രാകൃതര്‍ വരുമെന്ന് പ്രതീക്ഷിച്ച്.
നിയമസമിതികളില്‍ എന്താണ് ഒന്നും നടക്കാത്തത്?
അവിടെയിരിക്കുന്ന സഭാംഗങ്ങള്‍ എന്താണ് വ്യവസ്ഥകള്‍ ഉണ്ടാക്കാത്തത്?
കാരണം പ്രാകൃതര്‍ ഇന്നാണ് വരുന്നത്.
അംഗങ്ങള്‍ നിയമങ്ങളുണ്ടാക്കി എന്തു പ്രയോജനം?
പ്രാകൃതര്‍ വന്നെത്തിയാല്‍ ചട്ടങ്ങള്‍ അവര്‍ നിര്‍മ്മിക്കും
ചക്രവര്‍ത്തി ഇന്നെന്തേ നേരത്തെ എഴുന്നേറ്റത്?
സിംഹാസനത്തില്‍, നഗരകവാടത്തില്‍ എന്തേ ഇരിക്കുന്നത്,
കിരീടവും ചൂടിക്കൊണ്ട്?
കാരണം പ്രാകൃതര്‍ ഇന്നാണ് വരുന്നത്.
ചക്രവര്‍ത്തി അവരുടെ നേതാവിനെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്നു.
അവര്‍ക്കു നീട്ടാന്‍ അയാളുടെ പക്കല്‍ പദവികള്‍ നിറഞ്ഞ,
പേരുകള്‍ ചുമത്തിയ,
ഒരു ആധാരച്ചുരുള്‍ പോലുമുണ്ട്.
എന്തേ രണ്ട് നീതിപതികളും ധനികരും
ചിത്രത്തുന്നലുകള്‍ നിറഞ്ഞ രക്തവര്‍ണ്ണ മേലങ്കിയണിഞ്ഞ് പുറത്തുവന്നു നില്‍ക്കുന്നു?
ഇത്രയധികം സ്ഫടികക്കല്ലുകളുള്ള കാപ്പ് അവരെന്തിനണിഞ്ഞിരിക്കുന്നു?
വെട്ടിത്തിളങ്ങുന്ന, പ്രൗഢമായ മരതക മോതിരങ്ങള്‍?
വെള്ളിയും സ്വര്‍ണ്ണവും കെട്ടിയ അഴകാര്‍ന്ന ചൂരല്‍വടികള്‍ അവരെന്തിനു കൊണ്ടുനടക്കുന്നു?
കാരണം പ്രാകൃതര്‍ ഇന്നാണ് വരുന്നത്.
അത്തരം വസ്തുക്കള്‍ അവരെ വിസ്മയിപ്പിക്കും.
നമ്മുടെ വിശിഷ്ട വാഗ്മികള്‍ എന്തേ വാക്കുകളായി എത്തിയില്ല,
അവര്‍ക്ക് പറയാനുള്ളത് പറയാന്‍?
കാരണം പ്രാകൃതര്‍ ഇന്നാണ് വരുന്നത്.
വാഗ്പാടവങ്ങളും പൊതുഭാഷണങ്ങളും അവര്‍ക്ക് മടുപ്പാണ്.
എന്തിനാണ് പെട്ടെന്ന് ഈ പരിഭ്രാന്തി, ഈ അങ്കലാപ്പ്?
(എന്ത് ഗൗരവം ജനങ്ങളുടെ മുഖത്ത്)
തെരുവുകളും കവലകളും എത്ര പെട്ടെന്നാണ് ശൂന്യമാകുന്നത്?
എന്തൊക്കെയോ ചിന്തിച്ച് ആളുകള്‍ വീട്ടിലേക്ക് തിരിച്ചു പോകുന്നു.
കാരണം രാത്രിയായിട്ടും പ്രാകൃതര്‍ ഇതുവരെയും വന്നെത്തിയില്ല.
മാത്രമല്ല, അതിര്‍ത്തിയില്‍നിന്ന് വന്ന ചിലര്‍ പറയുന്നു
പ്രാകൃതരാരും ഇനി ബാക്കിയില്ലെന്ന്.
പ്രാകൃതരെ കൂടാതെ ഇനി നമുക്ക് എന്താണ് സംഭവിക്കുക?
ഒരു പോംവഴി ആയിരുന്നു അവര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates