റിസര്‍വ്വ് ബാങ്കിന്റെ 'നിസ്സഹകരണം' ആരുടെ അജന്‍ഡ?

''വാണിജ്യ ബാങ്കുകളേക്കാള്‍ പാവപ്പെട്ടവര്‍ക്ക് കൂടുതലായി സമീപിക്കാവുന്നത് സഹകരണ സംഘങ്ങളെയാണ്'' 
റിസര്‍വ്വ് ബാങ്കിന്റെ 'നിസ്സഹകരണം' ആരുടെ അജന്‍ഡ?

''വാണിജ്യ ബാങ്കുകളേക്കാള്‍ പാവപ്പെട്ടവര്‍ക്ക് കൂടുതലായി സമീപിക്കാവുന്നത് സഹകരണ സംഘങ്ങളെയാണ്'' 

റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ-ഇക്കണോമിക് ആന്റ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസും ചേര്‍ന്ന് 2013-ല്‍ തയ്യാറാക്കിയ പഠനറിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു. എറണാകുളം ജില്ലയില്‍, പ്രാതിനിധ്യ സ്വഭാവത്തോടെ 107 കുടുംബങ്ങളെ ഉള്‍ക്കൊള്ളിച്ചാണ് സഹകരണമേഖലയ്ക്കു ജനജീവിതത്തിലുള്ള സ്വാധീനത്തെക്കുറിച്ചു പഠനംനടത്തിയത്. പക്ഷേ, റിസര്‍വ്വ് ബാങ്ക് തന്നെ ഇടയ്ക്കിടെ സഹകരണമേഖലയെ ആശങ്കയിലാക്കുന്നു. സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ ഇടയാക്കുന്ന അമിത ഇടപെടലുകളായാണ് അവ വ്യാഖ്യാനിക്കപ്പെടുന്നത്. 

സഹകരണസംഘങ്ങളെ ചൂണ്ടി കേരളത്തിലെ ജനങ്ങള്‍ക്കു 'ജാഗ്രതാനിര്‍ദ്ദേശം' നല്‍കിയ റിസര്‍വ്വ് ബാങ്ക് നടപടിയാണ് ഇപ്പോള്‍ പ്രതിഷേധത്തിന് ഇടയാക്കുന്നത്. ബാങ്ക്, ബാങ്കര്‍, ബാങ്കിംഗ് എന്നീ വാക്കുകള്‍ സഹകരണസംഘങ്ങള്‍ സ്വന്തം പേരിന്റെ ഭാഗമായി ഉപയോഗിക്കുന്നതിനെതിരെ ജാഗ്രത പാലിക്കാനാണ് നിര്‍ദ്ദേശം. നവംബര്‍ 22-ന് ഇത് പത്രക്കുറിപ്പായി ഇറക്കുകയും 27-ന് മാധ്യമങ്ങളില്‍ പരസ്യരൂപത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. റിസര്‍വ്വ് ബാങ്കിനെത്തന്നെ സമീപിച്ച് ഇതു പിന്‍വലിക്കണമെന്ന് ആവശ്യപ്പെടാനും അനുകൂല പ്രതികരണമില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനു നിവേദനം നല്‍കാനും എന്നിട്ടും മുന്നോട്ടു പോവുകയാണെങ്കില്‍ നിയമപരമായി നീങ്ങാനുമാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.
  
സഹകരണമേഖലയെ ആശ്രയിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നു സഹകരണ മന്ത്രി വി. എന്‍. വാസവന്‍ വിശദീകരിക്കുന്നു. സര്‍ക്കുലറുകള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് തിരുവല്ല ഈസ്റ്റ് സഹകരണ ബാങ്കും ഗുരുവായൂര്‍ അര്‍ബന്‍ സഹകരണ ബാങ്കുമാണ് ഹൈക്കോടതിയെ സമീപിച്ചത്. റിസര്‍വ്വ് ബാങ്കിനോടും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോടും ഇതില്‍ ഹൈക്കോടതി വിശദീകരണം ചോദിച്ചിട്ടുണ്ട്. ആര്‍.ബി.ഐ ഇടപെടല്‍ സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനം താറുമാറാക്കുന്നുവെന്നാണ് ഹര്‍ജിക്കാരുടെ വാദം. മാത്രമല്ല, ബാങ്കിംഗ് നിയന്ത്രണ ഭേദഗതി തന്നെ ഭരണഘടനാവിരുദ്ധമാണ് എന്നുകൂടി ചൂണ്ടിക്കാട്ടുന്നു. 

ആര്‍.ബി.ഐയുടെ താക്കീത് 

''2020 സെപ്റ്റംബര്‍ 29-നു നിലവില്‍ വന്ന ബാങ്കിംഗ് നിയന്ത്രണ ഭേദഗതി നിയമം മുഖേന 1949-ലെ ബാങ്കിംഗ് നിയന്ത്രണ നിയമം (ബി.ആര്‍ ആക്റ്റ് 1949) ഭേദഗതി ചെയ്തിട്ടുണ്ട്. അതുപ്രകാരം ബി.ആര്‍ ആക്റ്റ് 1949-ലെ വകുപ്പുകള്‍ അനുസരിച്ചോ അല്ലെങ്കില്‍ ആര്‍.ബി.ഐ അനുവദിച്ചതോ ഒഴികെയുള്ള സഹകരണസംഘങ്ങള്‍ ബാങ്ക്, ബാങ്കര്‍, ബാങ്കിംഗ് എന്നീ വാക്കുകള്‍ അവരുടെ പേരുകളുടെ ഭാഗമായി ഉപയോഗിക്കാന്‍ പാടില്ല. 1949-ലെ ബാങ്കിംഗ് നിയന്ത്രണ നിയമത്തിന്റെ (കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്കു ബാധകമായത്) സെക്ഷന്‍ 7 ലംഘിച്ച് ചില സഹകരണസംഘങ്ങള്‍ തങ്ങളുടെ പേരില്‍ ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നതായി ആര്‍.ബി.ഐയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.'' ഇതാണ്  'ജാഗ്രതാനിര്‍ദ്ദേശ'ത്തിന്റെ ഒന്നാം ഭാഗം. 

''1949-ലെ ബി.ആര്‍ ആക്റ്റിന്റെ വ്യവസ്ഥകള്‍ ലംഘിച്ച് ബാങ്കിംഗ് ബിസിനസ്സ് നടത്തുന്നതിനു തത്തുല്യമായി ചില സഹകരണസംഘങ്ങള്‍ അംഗങ്ങള്‍ അല്ലാത്തവരില്‍നിന്നും നാമമാത്ര അംഗങ്ങളില്‍നിന്നും അസോസിയേറ്റ് അംഗങ്ങളില്‍നിന്നും നിക്ഷേപം സ്വീകരിക്കുന്നതായും ആര്‍.ബി.ഐയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ''മേല്‍പ്പറഞ്ഞ സഹകരണസംഘങ്ങള്‍ക്ക് ബി.ആര്‍ ആക്റ്റ് 1949 പ്രകാരം ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും ഇവയെ ബാങ്കിംഗ് ബിസിനസ് നടത്തുന്നതിന് ആര്‍.ബി.ഐ അധികാരപ്പെടുത്തിയിട്ടില്ലെന്നും പൊതുജനങ്ങളെ ഇതിനാല്‍ അറിയിക്കുന്നു. ഈ സഹകരണസംഘങ്ങളിലുള്ള നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരന്റിയും കോര്‍പറേഷന്റെ (ഡി.ഐ.സി.ജി.സി) ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കുന്നതല്ല. അത്തരം സഹകരണസംഘങ്ങള്‍ ഒരു ബാങ്കാണെന്ന് അവകാശപ്പെടുകയാണെങ്കില്‍ ജാഗ്രത പാലിക്കാനും ഇടപാടുകള്‍ നടത്തുന്നതിനു മുന്‍പ് ആര്‍.ബി.ഐ നല്‍കിയ ബാങ്കിംഗ് ലൈസന്‍സ് ഉണ്ടോയെന്നു പരിശോധിക്കാനും പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.'' ഇതാണ് താക്കീത്.

മുംബൈയിലെ റിസർവ് ബാങ്ക് ആസ്ഥാനം
മുംബൈയിലെ റിസർവ് ബാങ്ക് ആസ്ഥാനം

സഹകരണം സംസ്ഥാന വിഷയം

സഹകരണമേഖല സംസ്ഥാന വിഷയമാണ് എന്ന അടിസ്ഥാന കാര്യത്തിലൂന്നിയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്നത്. ജസ്റ്റിസ് റോഹിന്‍ഡന്‍ നരിമാന്‍, ജസ്റ്റിസ് ബി.ആര്‍. ഗവായി, ജസ്റ്റിസ് കെ.എം. ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സഹകരണമേഖല സംസ്ഥാന വിഷയമാണെന്ന് സംശയരഹിതമായി മൂന്നംഗ ബെഞ്ച് വിധിച്ചിരുന്നു. ഇതുകൂടാതെ മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘങ്ങളുടെ സംരക്ഷണ വ്യവസ്ഥ കൂടി റദ്ദു ചെയ്‌തെങ്കിലേ സഹകരണമേഖല പൂര്‍ണ്ണമായും സംസ്ഥാന വിഷയമായി മാറുകയുള്ളൂ എന്നും ജസ്റ്റിസ് കെ.എം. ജോസഫ് വിധിയില്‍ പറയുന്നുമുണ്ട്.  

സംസ്ഥാന സഹകരണ ബാങ്ക് കേരള ബാങ്ക് ആക്കി മാറ്റിയപ്പോള്‍ ആര്‍.ബി.ഐ നല്‍കിയ ലൈസന്‍സിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ 769 ശാഖകള്‍ക്കും ലൈസന്‍സായതായി സംസ്ഥാന സഹകരണവകുപ്പ് വാദിക്കുന്നു. റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശങ്ങള്‍ക്കും സഹകരണ ചട്ടങ്ങള്‍ക്കും അനുസൃതമായി മുന്നോട്ടു പോകണം എന്നാണ് ആര്‍.ബി.ഐ നിര്‍ദ്ദേശിക്കുന്നത്. അതില്‍ തര്‍ക്കമില്ല. പക്ഷേ, സുപ്രീംകോടതിയുടെ രണ്ട് സുപ്രധാന വിധികള്‍ പരിഗണിക്കാതെയാണ് ഇപ്പോഴത്തെ നീക്കമെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ പറയുന്നു: 

''സുപ്രീംകോടതി വിധി പറയുന്നത് ഭരണഘടനയുടെ ഏഴാം പട്ടികയിലെ 32 എന്‍ട്രി അനുസരിച്ച് സഹകരണം സംസ്ഥാന വിഷയമാണ് എന്നാണ്. പുതിയ നിയമം പാര്‍ലമെന്റില്‍ കൊണ്ടുവന്നാലും രാജ്യത്തെ പകുതി സംസ്ഥാന നിയമസഭകള്‍ അതു പാസ്സാക്കിയെങ്കിലേ നിയമപരമായ നിലനില്‍പ്പുള്ളൂ. അതു പാലിച്ചിട്ടില്ല എന്നു പറഞ്ഞാണ് 97-ാം ഭരണഘടനാ ഭേദഗതി സുപ്രീംകോടതി റദ്ദു ചെയ്തത്. മറ്റൊന്ന്, സഹകരണ ബാങ്കിലെ അംഗത്വത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിവു വേണ്ട എന്നത് സുപ്രീംകോടതി വിധിയാണ്. ആ വിധി നിലനില്‍ക്കെയാണ് അംഗത്വവുമായി ബന്ധപ്പെട്ട കാര്യം ഇപ്പോള്‍ ആര്‍.ബി.ഐ ചൂണ്ടിക്കാണിക്കുന്നത്. മൂന്നാമത്തേത് ഇന്‍ഷുറന്‍സ് പരിരക്ഷയുടെ കാര്യമാണ്. ബാങ്കിംഗ് ലൈസന്‍സ് എടുക്കുന്നവര്‍ക്കാണ് ഇപ്പോള്‍ കേന്ദ്രത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്. എന്നാല്‍, സഹകരണമേഖലയില്‍ ഒരുതരത്തിലുള്ള വായ്പക്കാര്‍ക്കും ആ ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടിയിട്ടില്ല. കേരളത്തില്‍ സഹകരണമേഖല ഏര്‍പ്പെടുത്തിയിട്ടുള്ള നിക്ഷേപ ഗ്യാരണ്ടി സ്‌കീമുണ്ട്. ആ സ്‌കീമില്‍ രണ്ടു ലക്ഷം രൂപ വരെ ഇപ്പോള്‍ ഉറപ്പാക്കിയിട്ടുണ്ട്. ഫലത്തില്‍ ആര്‍.ബി.ഐ പറയുന്ന മൂന്നു കാര്യങ്ങളും കേരളത്തിനു ബാധകമല്ല.''

കേരളത്തിലെ സഹകരണമേഖല പൂര്‍ണ്ണമായും ബാങ്കിംഗ് നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍നിന്നുകൊണ്ട് പ്രവര്‍ത്തിക്കേണ്ടതില്ല എന്ന സഹകരണ വകുപ്പിന്റെ വാദത്തിന്റെ അടിസ്ഥാനം ഈ സര്‍വീസ് സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനത്തിലെ ബാങ്കിംഗ് ഇതര പ്രവര്‍ത്തനങ്ങളാണ്. 

''സര്‍വീസ് സഹകരണ ബാങ്കുകളില്‍ ബാങ്കിംഗ് ബിസിനസ് ചെറിയൊരു ഭാഗം മാത്രമാണ്. അവിടെ കൂടുതലായി നടക്കുന്നത് കൃഷിക്കാര്‍ക്ക് വായ്പ, വളം, വിത്ത്, കീടനാശിനികളൊക്കെ കൊടുക്കുകയും അവരുടെ ഉല്പന്നങ്ങള്‍ സംഭരിക്കുകയും വിപണനം നടത്തുകയുമൊക്കെയാണ്. നീതി സ്റ്റോറുകള്‍, നീതി മെഡിക്കല്‍ ഷോപ്പുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, ലബോറട്ടറികള്‍, ആംബുലന്‍സ് സര്‍വ്വീസുകള്‍ തുടങ്ങി വിവിധതരത്തില്‍ ഗ്രാമീണ ജനജീവിതത്തില്‍ ആവശ്യമായി വരുന്നതൊക്കെയാണ്. മറ്റു സംസ്ഥാനങ്ങളേക്കാള്‍ കേരളത്തിലാണ് സര്‍വ്വീസ് സഹകരണ ബാങ്കുകളായി പ്രവര്‍ത്തിക്കുന്നത്'' -വാസവന്‍ പറയുന്നു. ഇത് റിസര്‍വ്വ് ബാങ്കിന്റേയും ആവശ്യമായി വരുമ്പോള്‍ സുപ്രീംകോടതിയുടേയും ശ്രദ്ധയില്‍പ്പെടുത്തും. രാജ്യത്തു സഹകരണമേഖലയിലെ ആകെ നിക്ഷേപത്തിന്റെ 69 ശതമാനവും കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളില്‍ ആര്‍.ബി.ഐയുടെ പരസ്യവും പത്രക്കുറിപ്പും വന്നിട്ടുമില്ല. 

നോട്ടുനിരോധനത്തിനു ശേഷം ഓരോ വ്യക്തിക്കും ആഴ്ചയില്‍ പരമാവധി പിന്‍വലിക്കാവുന്ന തുക ആദ്യം ഇരുപതിനായിരവും പിന്നീട് ഇരുപത്തിനാലായിരവുമാക്കിയിരുന്നു. പ്രാഥമിക സഹകരണസംഘങ്ങള്‍ക്ക് ജില്ലാ സഹകരണ ബാങ്കില്‍നിന്നും മറ്റു ബാങ്കുകളില്‍നിന്നും സ്വന്തം പണം പിന്‍വലിക്കാവുന്ന പരിധിയും അതായിരുന്നു. ഒരാള്‍ക്കു പിന്‍വലിക്കാവുന്ന അതേ തുകതന്നെ ഒരു സംഘത്തിനും ബാധകമാക്കിയത് വലിയ പ്രതിസന്ധി ഉണ്ടാക്കി. അതു ചോദ്യം ചെയ്തപ്പോള്‍ മറുപടിയെന്നോണം സഹകരണ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുണ്ട് എന്ന ആരോപണമാണ് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ ഉന്നയിച്ചത്. അവര്‍ക്ക് കാര്യമായ പങ്കാളിത്തമില്ലാത്ത സഹകരണമേഖലയെ തകര്‍ക്കാന്‍ വ്യാജപ്രചരണം നടത്തുന്നു എന്ന മറുപ്രചരണം ഉണ്ടായി. യഥാര്‍ത്ഥത്തില്‍ ബി.ജെ.പിക്ക് സംസ്ഥാനത്തെ സഹകരണമേഖലയില്‍ തീരെ പങ്കാളിത്തമില്ല എന്നു പറയുന്നത് ശരിയല്ല. ആ സമയത്ത് കാസര്‍കോട് ജില്ലയിലെ 14 സഹകരണ ബാങ്കുകള്‍ അവരുടെ നിയന്ത്രണത്തിലായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ എട്ടും തിരുവനന്തപുരത്ത് അഞ്ചും കോഴിക്കോട്ടും തൃശൂരിലും കോട്ടയത്തും പത്തനംതിട്ടയിലും രണ്ടുവീതവും വയനാട്, മലപ്പുറം, എറണാകുളം ജില്ലകളില്‍ ഓരോ സഹകരണസംഘങ്ങള്‍ വീതവും ബി.ജെ.പിയുടെ ഭരണത്തിലായിരുന്നു. ഇപ്പോഴും ഈ പങ്കാളിത്തമുണ്ട്. 

സാമ്പത്തികം, സാമൂഹികവും

മേഖലയുടെ ആശങ്ക ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ 2016 നവംബര്‍ 22-ന് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. സംസ്ഥാന, ജില്ലാ, പ്രാഥമിക സഹകരണ ബാങ്കുകളിലായി 3.51 കോടി അക്കൗണ്ടുകളും 1.27 ലക്ഷം കോടി രൂപയുടെ നിക്ഷേപവും ഒരു ലക്ഷം കോടി രൂപയുടെ വായ്പയുമാണ് അന്നുണ്ടായിരുന്നത്. സംസ്ഥാന സഹകരണ ബാങ്കിന് 20 ശാഖകള്‍, 14 ജില്ലാ സഹകരണ ബാങ്കുകളും അവയ്ക്ക് 783 ശാഖകളും 1625 പ്രാഥമിക സഹകരണസംഘങ്ങളും അവയുടെ 4200 ശാഖകളുമാണ് ഉണ്ടായിരുന്നത്. 

പണം ഇടപാട് നടത്തുന്ന സ്ഥാപനങ്ങള്‍ മൂന്നു മാസത്തിനുള്ളില്‍ റിസര്‍വ്വ് ബാങ്കിന്റെ ലൈസന്‍സ് വാങ്ങണമെന്ന് 2012-ല്‍ നിയമഭേദഗതി ഉണ്ടായിരുന്നു. സഹകരണ രജിസ്ട്രാറുടെ നിര്‍ദ്ദേശപ്രകാരം കേരളത്തിലെ സഹകരണസംഘങ്ങള്‍ ലൈസന്‍സ് അപേക്ഷ കൊടുക്കുകയും ചെയ്തു. എന്നാല്‍, പ്രാഥമിക കാര്‍ഷിക സഹകരണസംഘങ്ങള്‍ക്ക് ലൈസന്‍സ് വേണ്ട എന്നാണ് ഈ അപേക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്കുശേഷം റിസര്‍വ്വ് ബാങ്ക് പറഞ്ഞത്. ആര്‍.ബി.ഐ ലൈസന്‍സ് ലഭിക്കുന്നതോടെ ബാങ്കിംഗ് ഇതര സാമൂഹിക പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തേണ്ടിവരും എന്നതുകൊണ്ട് ലൈസന്‍സ് വേണ്ട എന്നത് ആശ്വാസമായി മാറുകയാണ് ചെയ്തത്. നിക്ഷേപം സ്വീകരിക്കുകയും വായ്പ നല്‍കുകയും മാത്രമല്ല, സഹകരണ ബാങ്കുകള്‍ ചെയ്യുന്നത് എന്നതാണ് അവയുടെ സാമൂഹിക പ്രസക്തി. നിലവില്‍ സഹകരണ രജിസ്ട്രാറാണ് രജിസ്ട്രേഷന്‍ അധികാരി. സംഘത്തിന്റെ നിയമാവലി രജിസ്ട്രാര്‍ അംഗീകരിച്ചാല്‍ മതി. 

എന്നാല്‍, നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് സഹകരണ ബാങ്കുകളോടു മാത്രമായി വിവേചനം കാട്ടിയപ്പോള്‍ പണ്ട് മാറ്റിവച്ചതെല്ലാം ചര്‍ച്ചകളില്‍ സജീവമാവുകയാണുണ്ടായത്. റിസര്‍വ്വ് ബാങ്ക് ലൈസന്‍സ് ഇല്ല, ആദായ നികുതി വകുപ്പിനു വിവരം നല്‍കുന്നതില്‍ വീഴ്ചയുണ്ട്, കെ.വൈ.സി (know your customer) ഇല്ലാത്തതുകൊണ്ട് ആര്‍ക്കും യഥേഷ്ടം പണം നിക്ഷേപിക്കാന്‍ സാധിക്കുന്നു തുടങ്ങിയ വിമര്‍ശനങ്ങള്‍. അസാധുവാക്കിയ നോട്ടുകള്‍ മാറിക്കൊടുക്കാന്‍ തുടക്കത്തില്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയില്ല. പിന്നീട് നല്‍കിയ അനുമതി അഞ്ചു ദിവസം കഴിഞ്ഞു പിന്‍വലിച്ചു. സഹകരണ ബാങ്കുകളില്‍ നിക്ഷേപം നടത്തിയവര്‍ക്ക് ബാങ്ക് ഗ്യാരന്റി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് ഈ പ്രതിസന്ധി മറികടക്കാനാണ്. ഇതുപ്രകാരം പ്രാഥമിക സഹകരണസംഘങ്ങളുടെ നിക്ഷേപമുള്ള ജില്ലാ സഹകരണ ബാങ്കിന്റേയോ മറ്റേതെങ്കിലും ബാങ്കിന്റേയോ ചെക്ക് ഇടപാടുകാര്‍ക്ക് നല്‍കാം. 

ചെറുത്തുനില്‍പ്പുകള്‍ 

സംസ്ഥാനത്തെ സഹകരണസംഘങ്ങളെ ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ നീക്കവുമെന്ന് വ്യക്തമാകണമെങ്കില്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളെ സംബന്ധിച്ച കേന്ദ്ര നിര്‍ദ്ദേശം കൂടി പരിശോധിക്കണം. മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘങ്ങള്‍ അവരുടെ അംഗങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനങ്ങളാണെന്നും അവ കൃഷിമന്ത്രാലയത്തിന്റെ നിയന്ത്രണങ്ങളില്‍ ഉള്ളവയല്ലെന്നും 2021 ജൂണ്‍ 25-ന് കേന്ദ്ര കൃഷിമന്ത്രാലയം പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു. ഇത്തരം സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്ന നിക്ഷേപകരും അംഗങ്ങളും സ്ഥാപനത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തി സ്വന്തം ഉത്തരവാദിത്വത്തില്‍ നിക്ഷേപം നടത്തേണ്ടതാണെന്നും അത്തരം നിക്ഷേപങ്ങള്‍ക്ക് കേന്ദ്ര രജിസ്ട്രാറോ കൃഷിമന്ത്രാലയമോ ഗ്യാരന്റി നല്‍കുന്നില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതല്ലാതെ, നിക്ഷേപം സ്വീകരിക്കാന്‍ പാടില്ലെന്ന പരാമര്‍ശം നടത്തിയിട്ടേയില്ല. ഇപ്പോള്‍ റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലും അറിയിപ്പിലും മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളെക്കുറിച്ച് പരാമര്‍ശമില്ല.

ബാങ്ക് എന്ന വാക്ക് സഹകരണസംഘങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അതു പൂര്‍ണ്ണാര്‍ത്ഥത്തില്‍ അല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ദേശസാല്‍കൃത ബാങ്കുകളും ഷെഡ്യൂള്‍ഡ് ബാങ്കുകളും സ്വകാര്യ ബാങ്കുകളും നടത്തുന്ന തരത്തിലുള്ള എല്ലാ ഇടപാടുകളും സഹകരണസംഘങ്ങള്‍ നടത്തുന്നില്ല. അംഗങ്ങളില്‍നിന്നു മാത്രം നിക്ഷേപം സ്വീകരിക്കുകയും അംഗങ്ങള്‍ക്കു മാത്രം വായ്പ കൊടുക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ് സഹകരണസംഘങ്ങള്‍. സാധാരണ അംഗങ്ങളാണ് അധികവും. ഇവരില്‍ കൂടുതല്‍ പേരും വായ്പകളെടുക്കുന്നതിനും പ്രതിമാസ നിക്ഷേപ പദ്ധതികളില്‍ ചേരുന്നതിനും സ്വര്‍ണ്ണപ്പണയത്തിനുമായൊക്കെയായി എത്തുന്നവരാണ്. ഇവര്‍ക്ക് വോട്ടവകാശമുള്ള അംഗങ്ങള്‍ക്കു ലഭിക്കുന്ന വോട്ടവകാശം ഒഴികെയുള്ള എല്ലാ സൗകര്യങ്ങളും സംസ്ഥാന സഹകരണ നിയമം ഉറപ്പു നല്‍കുന്നു. അംഗങ്ങളില്‍നിന്നു മാത്രം നിക്ഷേപം സ്വീകരിക്കുകയും അംഗങ്ങള്‍ക്കു മാത്രം വായ്പ കൊടുക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ് സഹകരണസംഘങ്ങള്‍. സഹകരണ നിയമ പ്രകാരം അംഗങ്ങള്‍ക്കല്ലാതെ വായ്പ കൊടുക്കാനും നിക്ഷേപ സൗകര്യം നല്‍കാനും കഴിയില്ല. സഹകരണ നിയമ പ്രകാരം നാമമാത്ര, അസോസിയേറ്റ് അംഗങ്ങള്‍ ബാങ്കിലെ അംഗങ്ങള്‍ തന്നെയാണ്. ഈ സാഹചര്യത്തില്‍ ആര്‍.ബി.ഐയുടെ നിര്‍ദ്ദേശത്തിനു പ്രസക്തിയില്ല എന്നാണ് സഹകാരികള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ മാത്രമെ ഈ നിര്‍ദ്ദേശം കൊണ്ട് സാധിക്കുകയുള്ളൂ. ആറ് പതിറ്റാണ്ടായി ബാങ്ക് എന്ന പദം ഉപയോഗിക്കുകയും ചെക്ക് അടക്കമുള്ള സൗകര്യങ്ങള്‍ നല്‍കുകയും ചെയ്യുകയാണ്. പൊടുന്നനെ അത് ഇല്ലാതാകുന്നത് പലതരം പ്രതിസന്ധികളില്‍ ഗുണഭോക്താക്കളെ എത്തിക്കും.

നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പു നല്‍കുന്നതിനായി ഡെപ്പോസിറ്റ് ഗ്യാരന്റി ബോര്‍ഡ് വ്യവസ്ഥകളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്താനുള്ള നടപടികളിലേയ്ക്ക് സഹകരണവകുപ്പ് കടക്കുകയാണ്. ഇതിനിടയിലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ വഴി പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നത്. സിവില്‍ അപ്പീല്‍ നമ്പര്‍ 7343-7350- 2019 കേസുകളിലെ വിധിയില്‍ സഹകരണസംഘങ്ങളിലെ അംഗങ്ങളുടെ അവകാശങ്ങള്‍ നാമമാത്ര അംഗങ്ങള്‍ക്കും ബാധകമാണെന്ന് സുപ്രീം കോടതി 2021 ജനുവരി 12-നു വിധിച്ചിട്ടുണ്ട്. മാവിലായി സഹകണ ബാങ്കും മറ്റുള്ളവരും ഇന്‍കം ടാക്‌സ് കമ്മിഷന് എതിരായി ഫയല്‍ ചെയ്ത കേസുകളില്‍ ജസ്റ്റിസുമാരായ ആര്‍.പി. നരിമാന്‍, നവീല്‍ സിന്‍ഹ, കെ.എം. ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് പുറപ്പെടുവിച്ച വിധിയിലും അംഗങ്ങളെക്കുറിച്ചു വിശദമാക്കുന്നു. നാമമാത്ര അംഗങ്ങള്‍ക്ക് എ ക്ലാസ്സ് അംഗങ്ങള്‍ക്കു തുല്യമായ വായ്പ അനുവദിക്കുന്നതിന് അര്‍ഹതയുണ്ടെന്നും അത്തരത്തില്‍ നല്‍കിയ വായ്പയെ കാര്‍ഷിക വായ്പയായി കണക്കാക്കി സ്ഥാപനത്തിന് 80 (പി) പ്രകാരമുള്ള ആദായനികുതി ഇളവ് നല്‍കാമെന്നും വിധിയില്‍ വ്യക്തമാക്കുന്നു. ഇതില്‍നിന്നുതന്നെ സഹകരണസംഘങ്ങളിലെ നാമമാത്ര അംഗങ്ങള്‍ക്കും അസോസിയേറ്റ് അംഗങ്ങള്‍ക്കും നിക്ഷേപം നടത്തുന്നതിനും വായ്പ എടുക്കുന്നതിനും തടസ്സമില്ലെന്ന് വ്യക്തമാണ്.

ആദായനികുതി നിയമത്തിലെ 194 എ, 194 എന്‍ ഭേദഗതികള്‍ സഹകരണസംഘങ്ങളില്‍ ഇടപെടുന്നതിനുവേണ്ടി മാത്രമുള്ളതാണ്. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് പരിധി നിശ്ചയിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തുകയും ചെയ്യുന്നതിനായി മാത്രമാണ് ഈ ഭേദഗതികള്‍. സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് സര്‍വീസ് സഹകരണസംഘങ്ങളായിട്ടാണ്. കാര്‍ഷികമേഖലയിലും വിവിധ സംരംഭക മേഖലകളിലുമായി പ്രവര്‍ത്തിക്കുന്ന ഇത്തരം സഹകരണസംഘങ്ങളെയാണ് ബാങ്കിംഗ് ഭേദഗതി നിയമത്തിലെ വ്യവസ്ഥകള്‍ വസ്തുതാവിരുദ്ധമായി വ്യാഖ്യാനിച്ച് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. നേരത്തെ ഭരണഘടനാ ഭേദഗതിയിലൂടെ സഹകരണ ബാങ്കുകളില്‍ കൈകടത്താന്‍ നടത്തിയ നീക്കം സുപ്രീംകോടതി ശക്തമായ ഇടപെടലിലൂടെ തടഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് ചില വകുപ്പുകള്‍ വ്യാഖ്യാനിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കാനും പിന്‍വാതിലിലൂടെ സഹകരണസംഘങ്ങളില്‍ ഇടപെടല്‍ നടത്താനുമുള്ള കേന്ദ്ര ശ്രമമെന്നാണ് വിമര്‍ശനം. നേരത്തെ അര്‍ബന്‍ ബാങ്കുകളില്‍ ഇത്തരമൊരു ഇടപെടല്‍ നടത്തിയിരുന്നു. അര്‍ബന്‍ ബാങ്കുകളുടെ ഭരണസമിതികളുടെ ഘടന, കാലാവധി, അംഗങ്ങളുടെ യോഗ്യത, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ നിയമനം, നിര്‍ബ്ബന്ധിത സംയോജനം തുടങ്ങിയവ സംബന്ധിച്ച വ്യവസ്ഥകളുണ്ടാക്കുകയും അര്‍ബന്‍ ബാങ്കുകളുടെ ഭരണസമിതികളെ പിരിച്ചുവിടാനുള്ള അധികാരം പോലും റിസര്‍വ്വ്വ് ബാങ്കിനു നല്‍കുകയും ചെയ്തു.

നോട്ട് അസാധുവാക്കല്‍ സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചെറിയ തോതിലുള്ള ഐക്യവും പ്രതികരണങ്ങളുമായിരുന്നില്ല കേരളത്തില്‍ ഉണ്ടായത്. സര്‍വകക്ഷി യോഗം വിളിക്കാനും അടിയന്തര നിയമസഭാ സമ്മേളനം ചേര്‍ന്നു പ്രത്യേക പ്രമേയം പാസ്സാക്കാനും പ്രധാനമന്ത്രിയെ കാര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെടുത്തുന്നതിനു സര്‍വ്വകക്ഷി സംഘം ഡല്‍ഹിക്കു പോകണമെന്നു തീരുമാനിക്കാനും എല്‍.ഡി.എഫ് സര്‍ക്കാര്‍ തയ്യാറായി. സഹകരണമേഖല എത്രത്തോളം സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിനു വേറെ വിശദീകരണം ആവശ്യമില്ലാത്തവിധം യു.ഡി.എഫ് ഈ നീക്കങ്ങളോടു സഹകരിച്ചു. തിരുവനന്തപുരത്തു റിസര്‍വ്വ് ബാങ്കിന്റെ മേഖലാ ഓഫീസിനു മുന്നിലെ പ്രതിഷേധ ധര്‍ണയ്ക്ക് മുഖ്യമന്ത്രി തന്നെ നേതൃത്വം നല്‍കി. സര്‍വകക്ഷി സംഘത്തിനു പ്രധാനമന്ത്രി കൂടിക്കാഴ്ച നിഷേധിച്ചതില്‍ പ്രതിഷേധിച്ച് രാപ്പകല്‍ സമരം, ഹര്‍ത്താല്‍ തുടങ്ങിയ പ്രതിഷേധ പ്രക്ഷോഭങ്ങള്‍ എല്‍.ഡി.എഫ് സ്വന്തം നിലയ്ക്കും രാജ്ഭവന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരങ്ങള്‍ യു.ഡി.എഫും നടത്തി. സഹകരണ ജീവനക്കാര്‍ കരിദിനം ആചരിച്ച് റിസര്‍വ്വ് ബാങ്കിലേക്ക് നടത്തിയ മാര്‍ച്ച് തലസ്ഥാനം കണ്ട ഏറ്റവും വലിയ പ്രകടനങ്ങളിലൊന്നായിരുന്നു. 

ഇപ്പോഴത്തെ ഇടപെടലിനെതിരെ റിസര്‍വ്വ് ബാങ്കിനും കേന്ദ്രത്തിനും നല്‍കുന്ന നിവേദനങ്ങള്‍ക്കും നിയമപരമായ നീക്കങ്ങള്‍ക്കും സമാന്തരമായി അന്നത്തെപ്പോലെ കേരളം രാഷ്ട്രീയ ചെറുത്തുനില്‍പ്പിലേക്കു കൂടി കടക്കുമോ എന്ന് അടുത്ത ദിവസങ്ങളില്‍ അറിയാം.

കഴിഞ്ഞ നവംബറിൽ കേരള ബാങ്കിന്റെ ഡയറക്ടർ ബോർഡ് അം​ഗങ്ങളായവർ ചുമതലയേറ്റെടുക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നു
കഴിഞ്ഞ നവംബറിൽ കേരള ബാങ്കിന്റെ ഡയറക്ടർ ബോർഡ് അം​ഗങ്ങളായവർ ചുമതലയേറ്റെടുക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നു

ഓഡിറ്റിങ് സംവിധാനത്തില്‍ മാറ്റം

1968 ഒക്ടോബര്‍ 29-ന് കേരള സഹകരണ നിയമം പാസ്സാക്കുന്നതുമായി ബന്ധപ്പെട്ട നിയമസഭാ ചര്‍ച്ചയില്‍ പ്രമുഖ സി.പി.ഐ നേതാവ് ഇ. ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞ ഒരു സ്വയംവിമര്‍ശനമുണ്ട് സഭാരേഖകളില്‍. ''പത്തു പതിനഞ്ച് കൊല്ലക്കാലം സഹകരണപ്രസ്ഥാനത്തിന്റെ അടിമുതല്‍ മുടി വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കുകൊണ്ട ഒരാള്‍ എന്ന നിലയില്‍ ഒരു കാര്യം വളരെ വ്യക്തമായി എനിക്കു പറയാന്‍ കഴിയും. സഹകരണപ്രസ്ഥാനം വളരെയധികം വളര്‍ന്നിട്ടുണ്ടെങ്കിലും കാര്‍ഷിക മേഖലയില്‍ വളരെയധികം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇന്നും ഇതിന്റെ കാല്‍ കളിമണ്ണുകൊണ്ടുളളതാണ്. അടിസ്ഥാന ഘടകങ്ങളെ സംബന്ധിച്ചിടത്തോളം 'വയബിള്‍ യൂണിറ്റ്സ്' ആയിട്ടില്ല.'' എന്നാല്‍, അതിനുശേഷമുള്ള കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലേറെക്കാലത്തിനിടയില്‍ കേരളത്തിലെ സഹകരണമേഖലയുടെ കാല്‍ ഉറച്ചു. കേരളത്തിലെ ഗ്രാമങ്ങളില്‍ ബാങ്ക് എന്നതിന്റെ പര്യായമായി 'സംഘം' എന്ന വാക്ക് മാറുക പോലും ചെയ്തു. ജനക്ഷേമ പദ്ധതികളിലൊന്നായി പ്രകീര്‍ത്തിക്കപ്പെടുന്ന, ക്ഷേമപെന്‍ഷനുകള്‍ വീട്ടിലെത്തിക്കല്‍ ഫലപ്രദമായി നടപ്പാക്കിയത് പ്രാഥമിക സഹകരണസംഘങ്ങള്‍ വഴിയാണ്. 

ഇപ്പോള്‍ സഹകരണമേഖല പുതിയ ഒരു മാതൃക കൂടി സൃഷ്ടിക്കുകയാണ്: കോ ഓപ്പറേറ്റീവ് ഓഡിറ്റ് മോണിറ്ററിംഗ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം. ഇതുവഴി ആര്‍ക്കും എപ്പോഴും എവിടെനിന്നും ഒറ്റ ക്ലിക്കില്‍ കേരളത്തിലെ ഏതു സഹകരണസംഘങ്ങളെക്കുറിച്ചും വ്യക്തമായി അറിയാം. കൂടുതല്‍ സുതാര്യതയ്ക്കായാണ് സഹകരണ ബാങ്കുകളുടെ കണക്കുകള്‍ പരിശോധിക്കുന്നതിന് ഈ സംവിധാനം. സഹകരണസംഘങ്ങളുടെ ഓഡിറ്റിലെ ഏതുതരം ക്രമക്കേടുകളും ഒഴിവാക്കാനുള്ള നിരന്തര ചര്‍ച്ചകള്‍ നേരത്തെ തന്നെ നടന്നിരുന്നു. ഈ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഓഡിറ്റ് സംവിധാനത്തില്‍ മാറ്റം വരുത്തി. പ്രധാനമായും ഓഡിറ്റ് വിഭാഗത്തിന്റെ തലപ്പത്ത് വൈദഗ്ദ്ധ്യവും പരിചയസമ്പത്തുമുള്ളവരെ നിയമിക്കുന്നതിനു പ്രാധാന്യം നല്‍കി. സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് സഹകരണവകുപ്പിന്റെ ഓഡിറ്റ് വിഭാഗത്തിലേയ്ക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ സേവനം സി.എ.ജി വിട്ടുനല്‍കുകയും ചെയ്തു. ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും സംസ്ഥാനത്തെ സഹകരണസംഘങ്ങളുടെ ഓഡിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കുക.

ഒരു ഓഡിറ്റര്‍ നടത്തുന്ന ഓഡിറ്റിന് പകരം ടീം ഓഡിറ്റാണ് നടപ്പാക്കുന്നത്. ഒരാള്‍ മാത്രമായി ഓഡിറ്റ് നടത്തുമ്പോള്‍ ക്രമക്കേടിനുള്ള സാദ്ധ്യത കൂടുതലാണെന്നും ഒന്നിലധികം പേര്‍ ഉള്‍പ്പെടുന്ന ടീമിന്റെ നേതൃത്വത്തിലുള്ള പരിശോധനകളാകുമ്പോള്‍ ക്രമക്കേടിനുള്ള സാദ്ധ്യത കുറയുമെന്നുമാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിലയിരുത്തല്‍. മാത്രമല്ല, ഓഡിറ്റ് ഡയറക്ടറുടെ ചുമതലയിലും മേല്‍നോട്ടത്തിലുമുള്ള ഓഡിറ്റാകുമ്പോള്‍ കൂടുതല്‍ കൃത്യതയും വ്യക്തതയും ഉണ്ടാകുമെന്നും കരുതുന്നു.

ഇത്തരത്തില്‍ പൂര്‍ത്തിയാകുന്ന ഓഡി റ്റ് റിപ്പോര്‍ട്ടും ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങളും ഓഡിറ്റ് മോണിട്ടറിംഗ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിലൂടെ ഓണ്‍ലൈനിലേയ്ക്ക് അപ്‌ഡേറ്റ് ചെയ്യും. കൃത്യമായ കാലയളവിനുള്ളിലായിരിക്കും ഈ അപ്‌ഡേഷന്‍. ഇതോടെ ഒരോ ജില്ലയിലും താലൂക്ക് തിരിച്ച് ഓഡിറ്റ് ചെയ്യാവുന്ന സംഘങ്ങള്‍, ഓഡിറ്റ് പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ള സംഘങ്ങള്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ ലഭ്യമാകും. ഓഡിറ്റ് ചെയ്യേണ്ട സംഘങ്ങളുടെ ഡാഷ് ബോര്‍ഡ്, നിക്ഷേപം, വായ്പ, ആസ്തി ബാധ്യതാ പത്രത്തിന്റെ ചുരുക്കം എന്നിവയും ഓണ്‍ലൈനിലൂടെ ആര്‍ക്കും പരിശോധിക്കാന്‍ കഴിയുന്ന പൊതുരേഖയാകും. ഓഡിറ്റില്‍ കണ്ടെത്തുന്ന ക്രമക്കേടുകള്‍, അതിനെതിരെ സ്വീകരിച്ച നടപടികള്‍, കുറവുകള്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍, അവ നടപ്പിലാക്കിയതിന്റെ തത്സമയ വിവരങ്ങള്‍ എന്നിവയും ഓഡിറ്റ് റിപ്പോര്‍ട്ടിനൊപ്പം തന്നെ അറിയാന്‍ കഴിയും. സഹകരണസംഘങ്ങളുടെ പ്രാഥമിക വിവരങ്ങളും ഇതിനോടൊപ്പം ലഭ്യമാകും. 

രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ച വര്‍ഷം, ഭരണ സമിതി, ഉദ്യോഗസ്ഥര്‍, മൂലധനത്തെ സംബന്ധിച്ച വിവരങ്ങള്‍, പൊതു വായ്പാ വിവരം, പ്രവര്‍ത്തന മേഖല തുടങ്ങി സഹകരണസംഘവുമായി ബന്ധപ്പെട്ട എല്ലാ അടിസ്ഥാന വിവരങ്ങളും ആര്‍ക്കും പരിശോധിക്കാന്‍ കഴിയും. ഇതിലൂടെ നിക്ഷേപത്തിനും വായ്പയ്ക്കും ഉചിതമായ സഹകരണസംഘം സഹകാരികള്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയുകയും ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com