അതിദേശീയതയുടെ, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ധാരണകള്‍ മേല്‍ക്കൈ നേടുന്നുതെന്നു സുവ്യക്തം 

ഇന്ത്യയുടെ ദേശീയാഭിമാനത്തെ പ്രതിനിധീകരിക്കുന്നതിലായിരിക്കും പദ്ധതിയുടെ ശ്രദ്ധ
അതിദേശീയതയുടെ, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ധാരണകള്‍ മേല്‍ക്കൈ നേടുന്നുതെന്നു സുവ്യക്തം 

ന്ത്രണ്ടു മുതല്‍ പതിന്നാലുവരെ വോള്യങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന 'ഇന്ത്യയുടെ സമഗ്ര ചരിത്രം' എന്ന ഗ്രന്ഥം അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ പുറത്തിറങ്ങുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐ.സി.എച്ച്.ആര്‍) മെംബര്‍ സെക്രട്ടറി ഉമേഷ് കദം അറിയിച്ചത് നവംബര്‍ 22-നാണ്. ഇതില്‍ ആദ്യ വോള്യം അടുത്ത മാര്‍ച്ചില്‍ പ്രകാശനം ചെയ്യും. സിന്ധുനദീതട നാഗരികതയുമായി ബന്ധമുള്ള ആര്‍ക്കിയോളജിക്കല്‍ സൈറ്റായ രാഖിഗഡി മുതല്‍ ഇതുവരെയുള്ള ഇന്ത്യയുടെ പൂര്‍ണ്ണ ചരിത്രം ഉള്‍ക്കൊള്ളുന്നതായിരിക്കും ഈ ഗ്രന്ഥപരമ്പരയെന്നും ഐ.സി.എച്ച്.ആര്‍ മെംബര്‍ സെക്രട്ടറി തദവസരത്തില്‍ അറിയിച്ചിരുന്നു. 

പ്രാദേശിക ഭാഷകളിലും ലിപികളിലും ലഭ്യമായിട്ടുള്ള രേഖകളെ ആശ്രയിച്ചാണ് ഈ ഗ്രന്ഥപരമ്പര തയ്യാറാക്കുന്നത്. യൂറോ കേന്ദ്രിത വീക്ഷണത്തില്‍ എഴുതിയിട്ടുള്ള ചരിത്രരചനകളെ തിരുത്തുന്നതിനും ഇതുവരെ പരാമര്‍ശിക്കാതെ വിട്ടുപോയിട്ടുള്ള രാജവംശങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നതിനുമാണ് പുതിയ രചനകളില്‍ ഊന്നല്‍ നല്‍കുന്നതെന്ന് ഉമേഷ് കദം അവകാശപ്പെടുകയും ചെയ്തു. 

''ഇതിനകം തന്നെ ഈ പ്രൊജക്ടിനു തുടക്കമായിട്ടുണ്ട്, ആദ്യ വോള്യം 2023 മാര്‍ച്ചിലാണ് പുറത്തിറങ്ങുന്നത്. വിവിധ മേഖലകളില്‍ വൈദഗ്ദ്ധ്യമുള്ള രാജ്യത്തെ 100-ലധികം ചരിത്രകാരന്മാരുടെ പങ്കാളിത്തം ഈ പദ്ധതിയിലുണ്ട്. ഈ പദ്ധതിക്കു കീഴില്‍, ഇന്ത്യയെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും പ്രാദേശിക സ്രോതസ്സുകളെ ആശ്രയിച്ച് മാറ്റിയെഴുതുകയാണ് ഉദ്ദേശ്യം'' എന്ന് കദം അറിയിക്കുകയും ചെയ്തു. 

ഇന്ത്യയുടെ ദേശീയാഭിമാനത്തെ പ്രതിനിധീകരിക്കുന്നതിലായിരിക്കും പദ്ധതിയുടെ ശ്രദ്ധ. 'ഭൗമരാഷ്ട്രീയ വീക്ഷണത്തിലൂടെ' അല്ലാതെ ഇന്ത്യന്‍ ചരിത്രത്തെ 'ഭൗമസാംസ്‌കാരിക' വീക്ഷണത്തിലൂടെ അവതരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുകയെന്നും കദം പറഞ്ഞു. ഇന്ത്യന്‍ ചരിത്രത്തെക്കുറിച്ചുള്ള കൊളോണിയല്‍ ധാരണ മാറ്റുക എന്നതാണ് പദ്ധതിയുടെ പിറകിലെ ആശയം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് കൗണ്‍സില്‍. 

''ഇന്ത്യയിലുണ്ടായിരുന്ന എല്ലാ രാജവംശങ്ങള്‍ക്കും തുല്യ പ്രാതിനിധ്യം നല്‍കി ഇന്ത്യന്‍ പ്രാദേശിക ഭാഷാ സ്രോതസ്സുകള്‍ ഉപയോഗിച്ച് നാടിന്റെ ചരിത്രം തിരുത്തിയെഴുതുക'' എന്നതാണ് ആശയം. ചരിത്രരചന എന്ന പ്രക്രിയയില്‍ ഇത്രയും കാലം വിട്ടുകളഞ്ഞ അല്ലെങ്കില്‍ മനഃപൂര്‍വ്വം 'ഗ്രേ ഏരിയയില്‍' നിറുത്തിയ ചരിത്രപ്രാധാന്യമുള്ള സംഭവങ്ങള്‍ക്കും വ്യക്തിത്വങ്ങള്‍ക്കും അര്‍ഹമായ ക്രെഡിറ്റ് നല്‍കുകയാണ് ലക്ഷ്യം. ഉദാഹരണത്തിന് 180 കൊല്ലം ഇന്ത്യ ഭരിച്ച മുകിലന്മാരുടെ വാഴ്ചക്കാലം ചരിത്രപുസ്തകങ്ങളില്‍ വലിയ പ്രാധാന്യത്തോടെ വിവരിക്കുന്നുണ്ട്. എന്നാല്‍, 600 വര്‍ഷത്തോളം ബ്രഹ്മപുത്രയുടെ താഴ്‌വാരം അടക്കിവാണ അഹൊം രാജവംശത്തെക്കുറിച്ച് നമ്മുടെ പുസ്തകങ്ങള്‍ ഒന്നും പറയുന്നില്ല. 

ഉമേഷ് കദം
ഉമേഷ് കദം

കൊളോണിയല്‍ ചരിത്രം ജനമനസ്സുകളില്‍ വിഭജനത്തിനു ശ്രമിക്കുകയും ജനങ്ങള്‍ക്കിടയില്‍ 'വിഘടനവാദ' പ്രവണതകള്‍ വളര്‍ത്തുകയും ചെയ്തുവെന്നാണ് ഐ.സി.എച്ച്.ആര്‍ ആരോപിക്കുന്നത്. ഇത്തരം പ്രശ്‌നങ്ങളെ വെല്ലുവിളിക്കാനും തിരുത്താനും ഞങ്ങള്‍ ആഗ്രഹിക്കുന്നു'' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അസമിലെ അഹോം രാജവംശം, ദേവഗിരിയിലെ യാദവ രാജവംശം, രാഷ്ട്രകൂട രാജവംശം, കദംബ രാജവംശം തുടങ്ങി നിരവധി രാജവംശങ്ങളെക്കുറിച്ച് ഇതുവരെ നമ്മുടെ ഔദ്യോഗിക ചരിത്രത്തില്‍ കാര്യമായ പരാമര്‍ശങ്ങളൊന്നുമില്ലെന്നും അവയ്ക്കുകൂടി അര്‍ഹമായ പരിഗണന പുതിയ ഗ്രന്ഥപരമ്പരയില്‍ നല്‍കുമെന്നും ഐ.സി.എച്ച്.ആര്‍ വക്താക്കള്‍ പറയുന്നു.

നവംബര്‍ അവസാനവാരം അസമിലെ ഇതിഹാസ നായകനും പോരാളിയുമായ ലചിത് ബര്‍ഫുക്കാന്റെ നാനൂറാം ജന്മവാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന സന്ദര്‍ഭത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത് ചരിത്രം തിരുത്തിയെഴുതുന്നതില്‍നിന്ന് കേന്ദ്ര ഗവണ്‍മെന്റിനെ ആര്‍ക്കും തടയാന്‍ കഴിയില്ലാ എന്നാണ്. ഇന്ത്യന്‍ ചരിത്രത്തെ ഹിന്ദുകേന്ദ്രിതമാക്കാനുള്ള സംഘ്പരിവാറിന്റെ ദൃഢനിശ്ചയം ആവര്‍ത്തിക്കുകയായിരുന്നു അപ്പോള്‍ അദ്ദേഹം. 

''ചരിത്രം വളച്ചൊടിക്കുന്നുവെന്നും വികലമാക്കുന്നുവെന്നുമുള്ള പരാതികള്‍ പലപ്പോഴും ഉയര്‍ന്നു കേള്‍ക്കാറുണ്ട്. ഈ ആരോപണങ്ങള്‍ വാസ്തവമായിരിക്കാം. എന്നാല്‍, അതു തിരുത്തുന്നതില്‍നിന്ന് ഞങ്ങളെ ആരാണ് തടയാനുള്ളത്? ശരിയായ ചരിത്രം എഴുതുന്നതില്‍നിന്ന് ആര്‍ക്കാണ് ഞങ്ങളെ തടയേണ്ടത്.'' ആ അവസരത്തില്‍ അമിത് ഷാ ഉയര്‍ത്തിയ വെല്ലുവിളിക്കു കാര്യമായ പ്രതികരണമൊന്നും ഇതുവരേയും അക്കാദമിക വൃത്തങ്ങളില്‍നിന്നോ വിദ്യാഭ്യാസരംഗത്തെ ഹിന്ദുത്വ അജന്‍ഡയെ എതിര്‍ക്കുന്നവരെന്നു കരുതുന്നവരില്‍നിന്നോ ഇതുവരേയും കാര്യമായി ഉണ്ടായിട്ടില്ലെന്നതാണ് കൗതുകകരം. രാജ്യത്തിന്റെ ഏതു ഭാഗത്തായാലും അവിടങ്ങളില്‍ ഒന്നര നൂറ്റാണ്ടിലേറെ ഭരണം കയ്യാളിയിരുന്ന 30 മഹത്തായ സാമ്രാജ്യങ്ങളേയും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടാന്‍ മാതൃകാപരമായ ധൈര്യം കാണിച്ച 300 യോദ്ധാക്കളേയും കണ്ടെത്തി അവരെക്കുറിച്ച് ഗവേഷണം നടത്താനും വിപുലമായി എഴുതാനും ഷാ ചരിത്രകാരന്മാരോടും വിദ്യാര്‍ത്ഥികളോടും അഭ്യര്‍ത്ഥിച്ചു. എന്താണ് ഈ മുപ്പതിന്റേയും മുന്നൂറിന്റേയും കണക്കിന് ആധാരമായ യുക്തി എന്നൊന്നും ഇതുവരേയും ആരും ചോദിച്ചും കേട്ടില്ല. സാധാരണഗതിയില്‍ യുക്തി എന്നത് വിശ്വാസ രാഷ്ട്രീയക്കാര്‍ക്ക് അന്യമായ ഒന്നാണെന്ന തിരിച്ചറിവില്‍ നിന്നുകൊണ്ടാണ് ഈ പ്രസ്താവനയെ ആളുകള്‍ വീക്ഷിക്കുന്നത് എന്നതിനാലാകണം. ഉമേഷ് കദമിനെപ്പോലുള്ളവര്‍ ബോധപൂര്‍വ്വം കാണാതെ പോകുന്ന കാര്യം രാജാക്കന്മാരുടെ വീരപരാക്രമങ്ങളുടെ ഒരു വിവരണമോ സമ്രാട്ടുകളുടേയും സാമ്രാജ്യങ്ങളുടേയും ധീരകഥകള്‍ വിവരിക്കുന്ന അമര്‍ ചിത്രകഥകളോ ആയിട്ടല്ല ഗൗരവത്തോടെ ചരിത്രത്തെ സമീപിച്ചവര്‍ മുന്‍കാലങ്ങളില്‍ ചരിത്രമെഴുതിയത് എന്നതാണ്. ചരിത്രത്തെ മുന്നോട്ടു നയിച്ചത് പടയോട്ടങ്ങളോ രാജാക്കന്മാരോ അല്ല, മറിച്ച് അതതു കാലങ്ങളില്‍ സമൂഹത്തില്‍ നിലനിന്ന ഉല്പാദനബന്ധങ്ങളുടെ വികാസമാണെന്നും സാമ്പത്തിക ഘടകത്തിനു അതില്‍ വലിയ പ്രാധാന്യമുണ്ടെന്നുമുള്ള വസ്തുതകളാണ്. 180 കൊല്ലം ഇന്ത്യ ഭരിച്ച മുകിലന്മാരുടെ വാഴ്ചക്കാലം ചരിത്രപുസ്തകങ്ങളില്‍ വലിയ പ്രാധാന്യത്തോടെ വിവരിക്കുന്നതിനു കാരണമായതില്‍ ഒരു ഘടകം അക്കാലഘട്ടത്തിലാണ് ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായിത്തീര്‍ന്നത് എന്നതാണ്. 

നമ്മുടെ രാജ്യത്തിന്റെ ഭൂതകാലത്തെക്കുറിച്ചുള്ള നുണകള്‍ക്കു വിരാമമിടുകയും 'യഥാര്‍ത്ഥ ചരിത്രം' വീണ്ടെടുക്കുകയും ചെയ്യുകയെന്നതാണ് ചരിത്രമെഴുത്തു സംബന്ധിച്ച ഈ സംഘ്പരിവാര്‍ പദ്ധതിയുടേയും ഉദ്ദേശ്യം. രാജ്യത്തിന്റെ ജാജ്ജ്വല്യമാനമായ ഭൂതകാലം ചരിത്രാഖ്യാനങ്ങളില്‍ മിഴിവുറ്റതാക്കുകയും അതുവഴി ദേശീയതാബോധം എല്ലാവരിലും നിരന്തരം ഉദ്ദീപിപ്പിക്കുകയും ചെയ്യുക എന്നതാണ് ചരിത്രത്തെ ഇങ്ങനെ മാറ്റിയെഴുത്തുന്നതിലെ ലക്ഷ്യമെന്നും അന്ന് അമിത് ഷാ പറഞ്ഞിരുന്നു. അതിദേശീയതയുടേയും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റേയും ധാരണകളാണ് ചരിത്രാഖ്യാനത്തില്‍ ഇത്തരം ശ്രമങ്ങളിലൂടെ മേല്‍ക്കൈ നേടുന്നതെന്നും സുവ്യക്തം. ഗ്രന്ഥപരമ്പര മുഴുവനായും പുറത്തിറങ്ങുന്നതോടെ സാംസ്‌കാരിക രാഷ്ട്രീയത്തിലൂന്നിയുള്ള ചരിത്രാഖ്യാനം പൂര്‍ണ്ണമാകും. 

ആര്‍.എസ്.എസ്സിന്റെ 'ചരിത്ര'ദൗത്യം 

പിന്നിട്ട കാലങ്ങളിലൊക്കെയും ചരിത്രമെഴുത്തെന്നത് ശാസ്ത്രീയവും വസ്തുനിഷ്ഠവുമായിരിക്കണമെന്ന കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുന്ന ചരിത്രകാരന്മാരുടേയും ബുദ്ധിജീവികളുടേയും ദാക്ഷിണ്യമില്ലാത്ത വിമര്‍ശനത്തിനു വിധേയമായിട്ടുള്ള ഒന്നാണ് ഇന്ത്യാ ചരിത്രത്തേയും ലോകചരിത്രത്തേയും സംബന്ധിച്ച ആര്‍.എസ്.എസ് വ്യാഖ്യാനങ്ങള്‍. റൊമിലാ ഥാപ്പറിനെപ്പോലെയും ഇര്‍ഫാന്‍ ഹബീബിനേയും അര്‍ജ്ജുന്‍ ദേവിനേയും പോലുള്ള ഇടതോരം ചേര്‍ന്നുപോകുന്ന ചരിത്രകാരന്മാര്‍ മാത്രമല്ല, സര്‍വേപ്പള്ളി ഗോപാലടക്കമുള്ള ലിബറല്‍ ചരിത്രകാരന്മാരും ചരിത്രമെഴുത്തിലെ ആര്‍.എസ്.എസ് ഇടപെടലുകളെ എല്ലായ്പോഴും നിശിതമായി വിമര്‍ശിച്ചുപോന്നിട്ടുണ്ട്. ചരിത്രം എന്ന ജ്ഞാനശാഖയ്ക്ക് ആര്‍.എസ്.എസ് ഉണ്ടായ കാലം തൊട്ടേ വലിയ പ്രാധാന്യമാണ് കൊടുത്തുപോന്നിട്ടുള്ളത്. അംഗന പി. ചാറ്റര്‍ജി, തോമസ് ഹാന്‍സെന്‍, ക്രിസ്റ്റഫ് ജാഫ്രലോ എന്നിവര്‍ എഡിറ്റ് ചെയ്തിട്ടുള്ള Majoritarian State: How Hindu Nationalism is Changing India എന്ന പുസ്തകത്തില്‍ ജെ.എന്‍.യു പ്രൊഫസറായ തനികാ സര്‍ക്കാര്‍ എഴുതിയ 'How The Sangh Parivar Writes And Teaches History' എന്ന ലേഖനത്തില്‍ വംശീയത സംബന്ധിച്ച ശാസ്ത്രം നാസികള്‍ക്ക് എങ്ങനെയായിരുന്നുവോ അതുകണക്കാണ് ഹിന്ദുത്വവാദികള്‍ക്കു ചരിത്രമെന്ന ജ്ഞാനശാഖയെന്നു വാദിക്കുന്നുണ്ട്. കൗതുകകരമായ സമാന്തരങ്ങളാണ് അവര്‍ ആ ലേഖനത്തില്‍ വരച്ചിട്ടിരിക്കുന്നത്. ചാരിത്രനിര്‍മാണ്‍ (Character building) എന്നതുപോലെ ചരിത്ര നിര്‍മ്മാണവും (Manufacturing of History) ഏതുകാലം തൊട്ടാണ് രാഷ്ട്രീയ സ്വയംസേവക് സംഘ് ദൗത്യമായിട്ട് ഏറ്റെടുത്തതെന്നും അവര്‍ വിവരിക്കുന്നു.

വംശീയ-ഫാസിസ്റ്റ് സ്വഭാവമുള്ള ലോകത്തെ ഏറ്റവും പഴക്കമേറിയ സംഘടന എന്നു വിമര്‍ശകര്‍ വിശേഷിപ്പിച്ചു പോരുന്ന രാഷ്ട്രീയ സ്വയംസേവക് സംഘ് (RSS) 1925ലാണ് സ്ഥാപിതമാകുന്നത്. 2025-ല്‍ ആ സംഘടന ശതാബ്ദി ആഘോഷിക്കുമ്പോള്‍ ഇന്ത്യ എന്ന സ്വതന്ത്ര, പരമാധികാര, മതനിരപേക്ഷ, സോഷ്യലിസ്റ്റ് ജനാധിപത്യ റിപ്പബ്ലിക്ക് എന്ന വിശേഷണം ഇന്ത്യയ്ക്ക് നഷ്ടപ്പെടുമോ ഒരു ഹിന്ദുത്വരാഷ്ട്രം എന്ന നിലയിലേക്ക് രാജ്യം പരിവര്‍ത്തിപ്പിക്കപ്പെടുമോ എന്നുള്ള സംശയം ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കാലമാണ് ഇത്. എന്താണ് ഈ പശ്ചാത്തലത്തില്‍ ചരിത്രം തിരുത്തിയെഴുതുന്നതിനുള്ള ആര്‍.എസ്.എസ് ബുദ്ധിജീവികളുടേയും അവര്‍ നിയന്ത്രിക്കുന്ന ഔദ്യോഗികവും അനൗദ്യോഗികവുമായ സംഘടനകളുടെ ഇടപെടലിന്റെ പ്രാധാന്യം? ജര്‍മനിയില്‍ തേഡ് റേയ്ഷ്ച് (Third Reich) എന്ന പേരില്‍ ആ രാജ്യത്തെ ഹിറ്റ്‌ലര്‍ പരിവര്‍ത്തിപ്പിക്കാന്‍ തുനിഞ്ഞത് ജര്‍മനിയുടേയും യൂറോപ്പിന്റേയും ഉജ്ജ്വലമായ ചരിത്രത്തില്‍ തന്നേയും നാസി പാര്‍ട്ടിയേയും സ്വയം പ്രതിഷ്ഠിച്ചുകൊണ്ടാണ് എന്നു പില്‍ക്കാല ചരിത്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇടതുനിന്നും വലതുനിന്നുമുള്ള തീവ്രമായ വെല്ലുവിളികളാല്‍ വെയ്മര്‍ റിപ്പബ്ലിക് പരിക്ഷീണമായിക്കൊണ്ടിരുന്ന ഒരു സന്ദര്‍ഭത്തിലാണ് പ്രമുഖ ജര്‍മന്‍ സാംസ്‌കാരിക വിമര്‍ശകനായ ആര്‍തര്‍ മോയ്‌ലെര്‍ ഫാന്‍ ഡെന്‍ ബ്രുക് 'ദസ് ദ്രിത്തെ റേയ്ഷ്ച്' (The Third Empire എന്നോ Reich എന്നോ പരിഭാഷപ്പെടുത്താം.) എന്ന കൃതി പ്രസിദ്ധീകരിക്കുന്നത്. പ്രഷ്യന്‍ സാമ്രാജ്യത്വമാണ് ചരിത്രത്തിന്റെ ഏറ്റവും ഉയര്‍ന്ന രൂപം എന്ന ഹെഗലിയന്‍ കാഴ്ചപ്പാടാണ് ഇതില്‍ പ്രകാശിതമായിരുന്നത്. ജര്‍മനിയുടെ ഉയര്‍ച്ചയ്ക്ക് മാര്‍ക്‌സിസവും പടിഞ്ഞാറന്‍ മാതൃകയിലുള്ള ജനാധിപത്യവും തടസ്സമാണെന്നായിരുന്നു ഈ കൃതിയില്‍ അദ്ദേഹത്തിന്റെ വാദം. 

ഹിറ്റ്‌ലര്‍ 1933-ല്‍ ജര്‍മനിയിലെ ചാന്‍സലര്‍ ആയതിനുശേഷം വേശൃറ ൃലശരവ എന്ന വിശേഷണത്തിനു പ്രചുരപ്രചാരം സിദ്ധിച്ചു. ഹിറ്റ്‌ലര്‍ ഇങ്ങനെയൊരു വിശേഷണം താന്‍ സ്ഥാപിച്ച ഭരണക്രമത്തിനു നല്‍കിയില്ലായിരുന്നെങ്കിലും അയാള്‍ അതിനെക്കുറിച്ചു ബോധവാനായിരുന്നുവെന്ന് നാസി ചരിത്രകാരന്മാര്‍ തന്നെ എഴുതിയിട്ടുണ്ട്. എ.ഡി. 800-ല്‍ തുടക്കമായ ഒന്നാം വിശുദ്ധ റോമന്‍ സാമ്രാജ്യം, ജര്‍മന്‍ സാമ്രാജ്യം എന്നിങ്ങനെ ജര്‍മനിയുടെ പ്രതാപകാല സ്മരണകളില്‍ പ്രതിഷ്ഠിതമായ ഭരണവ്യവസ്ഥകളുടേയും സമൂഹങ്ങളുടേയും തുടര്‍ച്ചയായിട്ടാണ് എന്തായാലും ഹിറ്റ്‌ലര്‍ തന്നേയും നാസി ഭരണത്തെ വിശേഷിപ്പിച്ചുപോന്നത്. 

ഹിറ്റ്‌ലറേയും നാഷണല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയേയും പോലെ, ചമയ്ക്കപ്പെട്ട ഹിന്ദുസ്വഭാവമുള്ള 'സുവര്‍ണ്ണ ഭൂതകാലത്തെ' പുനരാനയിക്കാനാണ് സംഘ്പരിവാറും ശ്രമിക്കുന്നതെന്ന് ഹിന്ദുത്വവിമര്‍ശകര്‍ എല്ലാക്കാലത്തും ചൂണ്ടിക്കാണിച്ചുപോരുന്നുണ്ട്. ചരിത്രത്തെ കൊളോണിയല്‍ വ്യാഖ്യാനങ്ങളില്‍നിന്നു വിമുക്തമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഹിന്ദുത്വവക്താക്കള്‍ ഇടയ്ക്കിടയ്ക്ക് ആവര്‍ത്തിക്കാറുണ്ടെങ്കിലും ചരിത്രത്തെ ഹിന്ദു കാലഘട്ടം, മുസ്‌ലിം കാലഘട്ടം, ബ്രിട്ടീഷ് കാലഘട്ടം എന്നിങ്ങനെ വിഭജിച്ച കൊളോണിയല്‍ പാഠങ്ങളെ തന്നെയാണ് അവര്‍ ചരിത്രാഖ്യാനത്തിന് അടിത്തറയാക്കുന്നത്. 

നാസി ഭരണം ജര്‍മന്‍ സമൂഹത്തിന്റെ സര്‍വ്വ മേഖലകളിലും ശക്തമായ സ്വാധീനം ചെലുത്തിക്കൊണ്ട് പന്ത്രണ്ട് വര്‍ഷമാണ് നീണ്ടുനിന്നത്. എന്നാല്‍, നൂറോളം വര്‍ഷമായി ഹിന്ദുത്വത്തിനു അനുകൂലമായ രീതിയിലുള്ള വിജ്ഞാന-ഉല്പാദനവും വ്യാപനവും ഹിന്ദു വലതുപക്ഷം നടത്തിപ്പോരാന്‍ തുടങ്ങിയിട്ട്. സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ ഈ പ്രക്രിയ ആര്‍.എസ്.എസ്സിന്റെ പ്രധാന അനുബന്ധ സംഘടനകളില്‍ മാത്രമായിട്ടാണ് ഒതുങ്ങിനിന്നത്. 1973 മുതല്‍ക്കാണ് ഔദ്യോഗികവും ജനപ്രിയവുമായ തലങ്ങളില്‍ ഭൂതകാലത്തിന്റെ ആര്‍.എസ്.എസ് പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള പദ്ധതികള്‍ വ്യവസ്ഥാപിതമായി സംയോജിപ്പിക്കപ്പെട്ടതെന്ന് തനിക തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 1925 മുതല്‍ ദിനേനയുള്ള ശാഖാ പ്രവര്‍ത്തനങ്ങള്‍ മുഖാന്തിരം ഇതു നടന്നിട്ടുണ്ടെങ്കിലും.
 
ഹിന്ദുത്വം സ്വയം കല്പിക്കുന്ന സവിശേഷമായ ഭൂതകാല പ്രതിനിധാനം ഒരേസമയം ആശയപരമായ ഒരു ഉപകരണത്തിനും രാഷ്ട്രീയ അജന്‍ഡയ്ക്കുമുള്ള മാധ്യമവും സന്ദേശവുമാണ് എന്ന് തനിക വാദിക്കുന്നു. അതിനാല്‍ത്തന്നെ, ഹിന്ദുത്വം പൊതുവെ ചരിത്രമായി അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നത് എന്താണെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

അതുകൊണ്ടുതന്നെ ആര്‍.എസ്.എസ് ചരിത്രപാഠങ്ങള്‍ പകര്‍ന്നുനല്‍കുന്നതിനു വിനിയോഗിക്കുന്ന ബോധനശാസ്ത്രപരമായ തന്ത്രങ്ങളെക്കുറിച്ചും അതിന്റെ സംഘടനാ ശൃംഖലകളെക്കുറിച്ചും കൂടി മനസ്സിലാക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് തനികാ സര്‍ക്കാര്‍ വാദിക്കുന്നു. സവര്‍ക്കറുടേയും ഗോള്‍വാള്‍ക്കറുടേയും ചരിത്രത്തെക്കുറിച്ചുള്ള രചനകളില്‍ തുടങ്ങി, ഹിന്ദു ദേശീയവാദികള്‍ എങ്ങനെയാണ് ഇന്ത്യന്‍ ചരിത്രത്തെ ഒരു ഹിന്ദു ചരിത്രമായി വ്യാഖ്യാനിക്കുന്നത് എന്നതു സംബന്ധിച്ചുള്ള ഒരു വിശകലനം ഈ ലേഖനത്തില്‍ നല്‍കുന്നുണ്ട്. ആര്‍.എസ്.എസ്സിന്റെ സ്‌കൂളുകളുടേയും സ്ഥാപനങ്ങളുടേയും ശൃംഖലയിലൂടെ ചരിത്രത്തെക്കുറിച്ചുള്ള ഈ ധാരണ എങ്ങനെ സാവധാനത്തില്‍ സമൂഹത്തില്‍ വ്യാപിപ്പിച്ചുവെന്നും അവര്‍ വിശദമാക്കുന്നുണ്ട്. 

എക്സ്പ്രസ് ഇല്ലസ്ട്രേഷൻ
എക്സ്പ്രസ് ഇല്ലസ്ട്രേഷൻ

ഹിന്ദുത്വചരിത്രത്തിന്റെ ഒരല്പം ചരിത്രം 

ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാണ് സംഘ്പരിവാര്‍ എന്നു വാദിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഭൂതകാലത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളില്‍നിന്നും വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് ബോധപൂര്‍വ്വം പ്രചരിപ്പിക്കാന്‍ ഹിന്ദു മഹാസഭയും ആര്‍.എസ്.എസ്സും ശ്രമിച്ചതിനും ഒരു നൂറ്റാണ്ടിന്റെ പഴക്കമുള്ള ചരിത്രമുണ്ട്. പ്രധാനമായും രണ്ടുതരത്തിലാണ് സംഘ്പരിവാര്‍ ഇന്ത്യന്‍ ചരിത്രം ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി അതിദേശീയതയുടെ വീക്ഷണകോണില്‍ വ്യാഖ്യാനിക്കുന്നതെന്ന് തനികാ സര്‍ക്കാര്‍ Majoritarian State: How Hindu Nationalism is Changing India എന്ന പുസ്തകത്തിലുള്ള തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. വി.ഡി. സവര്‍ക്കറും എം.എസ്. ഗോള്‍വല്‍ക്കറും രചിച്ച ആര്‍.എസ്.എസിന്റേയും മറ്റു ഹിന്ദുത്വസംഘടനകളുടേയും ആശയപരമായ അടിത്തറയായി വര്‍ത്തിക്കുന്ന സൈദ്ധാന്തിക സ്വഭാവമുള്ള ഗ്രന്ഥങ്ങളാണ് ഒന്നാമത്തേത്. ഈ പുസ്തകങ്ങളെ ആശ്രയിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ക്കുള്ളിലും അവരുമായി ബന്ധപ്പെടാന്‍ ഇടവരുന്ന വ്യക്തികളിലും സമൂഹങ്ങളിലും തങ്ങളുടേതായ ചരിത്രത്തെക്കുറിച്ചുള്ള ധാരണ പ്രചരിപ്പിക്കുന്നു. സംഘ്പരിവാര്‍ ആഭിമുഖ്യത്തില്‍ വിവിധ ട്രസ്റ്റുകളുടേയും സംഘടനകളുടേയും നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖലകള്‍ മുഖാന്തിരം നടത്തുന്ന ആശയപ്രചരണമാണ് രണ്ടാമത്തേത്. ആര്‍.എസ്.എസ്സിന്റെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ മുഖമായ ഭാരതീയ ജനതാ പാര്‍ട്ടി എപ്പോഴൊക്കെ, എവിടെയൊക്കെ അധികാരത്തില്‍ വരുന്നുവോ ആ സന്ദര്‍ഭങ്ങളിലെല്ലാം പാഠപുസ്തകങ്ങളില്‍ അവര്‍ ഇടപെടലുകള്‍ നടത്തിപ്പോരുന്നുണ്ട്.
 
ഇത്തരത്തില്‍ ചില പാഠപുസ്തകങ്ങള്‍ ആര്‍.എസ്.എസ് അവരുടെ വിദ്യാഭാരതി സ്‌കൂളുകള്‍ക്കായി തയ്യാറാക്കിയിരുന്നു. ചിലത് 2002-ല്‍ നാഷണല്‍ കരിക്കുലം ഓഫ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ട്രെയിനിംഗ് (NCERT) കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കായി ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ പ്രസിദ്ധീകരിച്ചതാണ്. കൂടുതല്‍ ഉയര്‍ന്ന തലങ്ങളിലുള്ള ഇടപെടലിന് ഒരു ഉദാഹരണം പ്രശസ്തമായ ഡല്‍ഹി യൂണിവേഴ്സിറ്റി സംഘടിപ്പിച്ച സമീപകാലത്ത് വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള കോളേജ് അദ്ധ്യാപകര്‍ക്കായി സംഘടിപ്പിച്ച ലക്ചറുകളാണ്. സാധാരണയായി പങ്കെടുക്കുന്നവരെ താന്താങ്ങളുടെ മേഖലകളിലെ പുതിയ സംഭവവികാസങ്ങളുമായി പരിചയപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളവയാണ് ഈ 'ഓറിയന്റേഷന്‍', 'റിഫ്രഷര്‍' കോഴ്‌സുകള്‍. 2017-ല്‍, ഇത്തരം ലക്ചറുകള്‍ക്കായി തിരഞ്ഞെടുത്തത് പ്രധാനമായും ബി.ജെ.പിയില്‍നിന്നും സംഘ്പരിവാര്‍ സംഘടനകളില്‍നിന്നുമുള്ള പ്രവര്‍ത്തകരെയാണ്. അവരില്‍ പലരും അക്കാദമിക് രംഗത്തുള്ളവര്‍ പോലുമായിരുന്നില്ലെന്ന് തനികാ സര്‍ക്കാര്‍ ആരോപിക്കുന്നു. 

34.6 ലക്ഷം വിദ്യാര്‍ത്ഥികളും ഏകദേശം 1.5 ലക്ഷം അധ്യാപകരും ഉള്ള 12,828 സ്‌കൂളുകളാണ് വിദ്യാഭാരതി ഇന്ത്യയിലുടനീളം നടത്തുന്നത് എന്നാണ് 2019-ല്‍ അവര്‍ തന്നെ നല്‍കുന്ന കണക്ക്. ഈ സ്‌കൂളുകളില്‍ ഭൂരിഭാഗവും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സ്‌കൂള്‍ എജുക്കേഷന്‍, വിവിധ സംസ്ഥാന ബോര്‍ഡുകള്‍, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിംഗ് എന്നിവയുമായി അഫിലിയേറ്റ് ചെയ്തവയാണ്. വിദ്യാഭാരതി സ്വയം വിശേഷിപ്പിക്കുന്നത് ''ഒരു ദേശീയ വിദ്യാഭ്യാസ സമ്പ്രദായം വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടന എന്നതാണ്, അത് ഹിന്ദുത്വത്തോട് പ്രതിബദ്ധതയുള്ളതും ദേശസ്‌നേഹം ഊട്ടിയുറപ്പിക്കുന്നതുമായ ഒരു തലമുറയെ കെട്ടിപ്പടുക്കാന്‍ സഹായിക്കുകയാണ് അതിന്റെ ലക്ഷ്യമെന്നും പറയുന്നു. ശാരീരികമായും മാനസികമായും ആത്മീയമായും പൂര്‍ണ്ണമായി വികസിച്ചതായിരിക്കും ഈ തലമുറയെന്നും അതിന്റെ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഹിന്ദുത്വരാഷ്ട്രീയത്തിനും നവലിബറല്‍ വാഴ്ചയ്ക്കും അനുകൂലമായ രീതിയില്‍ പൊളിച്ചെഴുത്തു നടന്നതിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ ചരിത്ര കൗണ്‍സില്‍ 13-ഓ 14-ഓ വോള്യങ്ങളുള്ള ഈ ബൃഹദ് ഗ്രന്ഥം പുറത്തിറക്കുന്ന നടപടിക്കു വലിയ പ്രാധാന്യമുണ്ട്. രാജ്യത്തിന്റെ സംസ്‌കാരത്തിന്റേയും പാരമ്പര്യത്തിന്റേയും ആത്മാവുള്ള ദേശീയ വിദ്യാഭ്യാസ നയമായിരുന്നില്ല കഴിഞ്ഞ 70 വര്‍ഷമായി രാജ്യത്തുണ്ടായിരുന്നത് എന്ന് സംഘ്പരിവാര്‍ കരുതുന്നു. 2020-ല്‍ അത്തരമൊരു നയം പ്രഖ്യാപിക്കുന്നതുവരെ മെക്കാളെ പ്രഭുവിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കാന്‍ കഴിഞ്ഞില്ലെന്ന് ബി.ജെ.പി നേതാവും ഹരിയാന മുഖ്യമന്ത്രിയുമായ മനോഹര്‍ ലാല്‍ ഖട്ടറിനെപ്പോലുള്ളവര്‍ പറയുന്നത് നിരന്തരം ആവര്‍ത്തിച്ചു കേള്‍ക്കാറുണ്ട്. ഉപരാഷ്ട്രപതിയായിരുന്ന വെങ്കയ്യനായിഡു ഈയടുത്ത് ചോദിച്ചു കേട്ടത് ചരിത്രത്തെ കാവി പുതപ്പിക്കുന്നതില്‍ എന്താണ് തരക്കേട് എന്നാണ്. 

ഐ.സി.എച്ച്.ആറിന്റെ പുതിയ ഈ പദ്ധതി ഇന്ത്യയുടെ ഭൂതകാലത്തിന് മുസ്‌ലിം ഭരണാധികാരികളുടെ സംഭാവനകളെ ഇകഴ്ത്തുകയും ഹിന്ദു സുവര്‍ണ്ണഭൂതകാലം എന്നൊന്നിനെ സ്ഥാപിച്ചെടുക്കുകയും ചെയ്യുക എന്ന വലതുപക്ഷ അജണ്ടയെ മുന്നോട്ട് കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന വിമര്‍ശനം വ്യാപകമാണ്. ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലെ ആധുനിക ഇന്ത്യന്‍ ചരിത്രത്തിന്റെ മുന്‍ പ്രൊഫസറും സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസിന്റെ ചെയര്‍പേഴ്സണുമായിരുന്ന മൃദുല മുഖര്‍ജി പറയുന്നത് ചരിത്രം തിരുത്തിയെഴുതുക എന്ന ആശയം തന്നെ ശരിയല്ലെന്നാണ്.

''ചരിത്ര രചന ഒരു തുടര്‍ച്ചയായ പ്രക്രിയയാണ്. പക്ഷേ, ഇവിടെ ആശങ്ക ജനിപ്പിക്കുന്നത് ചരിത്രത്തെ സംബന്ധിച്ച പുനര്‍വിചിന്തനത്തിനുള്ള പ്രചോദനം അക്കാദമിക പരിഗണനകളല്ല, മറിച്ച് രാഷ്ട്രീയമാണ് എന്നതാണ്. അല്ലെങ്കില്‍ അവര്‍ 'ചരിത്രം തിരുത്തിയെഴുതുക' എന്ന പദം ഉപയോഗിക്കില്ല'' അവര്‍ ഒരഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ.

''ഇത്തരമൊരുനീക്കം ഭാവി തലമുറകളെ ചരിത്രത്തെ പക്ഷപാതപരമായി വീക്ഷിക്കാനാണ് പ്രേരിപ്പിക്കുക. ഭൂതകാലത്തിന്റെ ചില വശങ്ങള്‍ മാത്രം ഉയര്‍ത്തിക്കാട്ടാനാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. ചരിത്രത്തെ ഹിന്ദുത്വ രീതിയില്‍ വീക്ഷിക്കുന്നതിനാല്‍ ഹിന്ദു നാഗരികതയുടെ മഹത്വത്തെക്കുറിച്ച് സംസാരിക്കാനാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. ഇത് ഇടുങ്ങിയ ഒരു കാഴ്ചപ്പാടാണ്.

നമ്മുടെ ഔപചാരികവും അനൗപചാരികവുമായ വിദ്യാഭ്യാസ പദ്ധതികള്‍ ഒരു ആധുനിക പുരോഗമന രാഷ്ട്രത്തിന്റെ വളര്‍ച്ചയ്ക്ക് അനുഗുണമായ രീതിയില്‍ മാറ്റിയെഴുതാനുള്ള ശ്രമങ്ങള്‍ ഹിന്ദുത്വ രാഷ്ട്രീയം ശക്തിയാര്‍ജ്ജിക്കുന്നതിനു മുന്‍പും നടന്നിട്ടുള്ളതാണ്. മെക്കാളേയുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യേണ്ടുന്നത് അനിവാര്യവുമാണ്. എന്നാല്‍, സാമൂഹിക പ്രവര്‍ത്തകനും ചിന്തകനുമായ യോഗേന്ദ്രയാദവ് ചൂണ്ടിക്കാണിക്കുന്നതുപോലെ, തീര്‍ച്ചയായും വിദ്യാഭ്യാസ സമ്പ്രദായത്തെ, പാഠപുസ്തകങ്ങളെ ഇന്ത്യനൈസ് ചെയ്യുകയെന്നാല്‍ ഹിന്ദുത്വവല്‍ക്കരിക്കുക എന്നതല്ല.

രാജാക്കന്മാരുടേതും സാമ്രാജ്യങ്ങളുടേതുമല്ല ചരിത്രം

ഡോ. രാജന്‍ ഗുരുക്കള്‍ 

ബ്രിട്ടീഷ് സാമ്രാജ്യത്വമാണ് രാജവംശങ്ങളുടേയും പടപാച്ചിലുകളുടേയും വിവരണമാണ് ചരിത്രം എന്നു നമ്മെ പഠിപ്പിച്ചത്. വലിയ ഏകാധിപതികളുടെ ഭരണം സുവര്‍ണ്ണകാലവും ചെറുകിട നാട്ടുരാജാക്കന്മാരുടെ ഭരണം അപചയ കാലവുമാണെന്നും അവര്‍ പഠിപ്പിച്ചു. 

ജാതിമത സാമുദായിക സങ്കുചിത ചിന്തയും ദുര്‍ബ്ബലവികാരവും വിഭാഗീയതയും സ്പര്‍ദ്ധയും ശക്തിപ്പെടുത്തുന്ന ചരിത്രാഖ്യാനംകൂടി അതിന്റെ ഭാഗമായി നമ്മെ പഠിപ്പിച്ചു. ആ ധാരണ നാം തിരുത്തി. ജനസംസ്‌കൃതികളുടെ വികാസപരിണാമ പ്രക്രിയ വ്യാഖ്യാനിക്കുന്നതാണ് ചരിത്രം എന്നു നാം അംഗീകരിച്ചു. ഇപ്പോള്‍ വീണ്ടും സാമ്രാജ്യത്വ ചരിത്രവീക്ഷണം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം തുടങ്ങിയിരിക്കുന്നു. ഏകാധിപത്യം മഹത്വവല്‍ക്കരിക്കാന്‍ സാമ്രാജ്യത്വ കപട ചരിത്രധാരണ ആവശ്യമുണ്ട്.
അതുപോലെ ജാതിമത വിഭാഗീയത വളര്‍ത്തുന്ന വളച്ചൊടിച്ച ചരിത്രം അതിനു കൂടിയേ തീരൂ.

ചരിത്രം മാറ്റിയെഴുതുക വര്‍ഗ്ഗീയവാദികളുടെ നിലനില്‍പ്പിനത്യാവശ്യമാണ്. കാരണം വളച്ചൊടിച്ച ചരിത്രമാണ് അവരുടെ പ്രത്യയശാസ്ത്രം.

ജനസമൂഹങ്ങളുടെ ചരിത്രമാണ് വേണ്ടത്

പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ 

രാജഭരണക്കാലത്തും അധികാരിവര്‍ഗ്ഗം അവരുടേതായ ചരിത്രമെഴുതിയിട്ടുണ്ട്. മൂഷികവംശകാവ്യം, രാജതരംഗിണി എന്നിവ അങ്ങനെ ഉണ്ടായതാണ്. എല്ലാക്കാലത്തും ഭരണവര്‍ഗ്ഗം അത്തരത്തില്‍ ചരിത്രമെഴുതിയ ചരിത്രമേയുള്ളൂ. സമ്പത്തും അധികാരവും കയ്യാളുന്ന അക്കൂട്ടര്‍ എന്നും ന്യൂനപക്ഷമാണ്. ഭൂരിപക്ഷം അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളാണ്. ദളിതരും പിന്നാക്കക്കാരുമായ ആളുകളാണ്. യുദ്ധവീരന്മാരായി ആഘോഷിക്കപ്പെടുന്ന വീരപരാക്രമികളായ രാജാക്കന്മാരുടെ ഉടവാളുകള്‍ പണിഞ്ഞത് ലോഹപ്പണിക്കാരാണ്. 

താജ്മഹല്‍ പണിഞ്ഞ ശില്പികളെ ഒരു ചരിത്രവും ഓര്‍ക്കാറേയില്ല. 
 
ഇപ്പോള്‍ സംഘ്പരിവാര്‍ നേതൃത്വത്തില്‍ നടക്കുന്ന ചരിത്രരചന പീപ്പ്ള്‍സ് ഹിസ്റ്ററിയല്ല. രാജാക്കന്‍മാരുടെ ചരിത്രമാണ്. ചരിത്രത്തിലെ അപകോളനിവല്‍ക്കരണം എന്നു പറഞ്ഞാല്‍ കോളനീകരണത്തിനു മുന്‍പുണ്ടായ ഭരണവര്‍ഗ്ഗങ്ങളുടെ ചരിത്രമെഴുതുക എന്നതല്ല. ബ്രാഹ്മണന്മാരുടേയും ക്ഷത്രിയരുടേയും ഫ്യൂഡല്‍ അധികാരത്തിന്റേയും ചരിത്രമെഴുതുക എന്നതല്ല. സമ്പത്തുല്പാദിപ്പിക്കുന്ന തൊഴിലാളികളുടെ, ജനങ്ങളുടെ ചരിത്രമാണ് എഴുതപ്പെടേണ്ടത്. അശോകന്റെ ഭീമാകാരമായ ശില്പങ്ങള്‍ കാണുമ്പോള്‍ ചരിത്രകാരന്മാര്‍ ഓര്‍ക്കേണ്ടത് അതിനു പിറകില്‍ പ്രവര്‍ത്തിച്ച വിദഗ്ദ്ധരായ ശില്പികളെക്കൂടിയാണ്. 

യഥാര്‍ത്ഥത്തില്‍ ബ്രിട്ടീഷുകാരുടെ കാലത്ത് ജെയിംസ് മില്‍ തുടങ്ങിവെച്ച ചരിത്രരചനാ രീതിയാണ് സംഘ്പരിവാര്‍ ചരിത്രകാരന്‍മാര്‍ അനുവര്‍ത്തിക്കുന്നത്. അപകോളനിവല്‍ക്കരണവും അപബ്രാഹ്മണവല്‍ക്കരണവുമാണ് ചരിത്രരചനാരംഗത്ത് നടക്കേണ്ടത്. ബ്രിട്ടീഷുകാരുടെ കാലത്ത് ചരിത്രത്തില്‍ പ്രാധാന്യം കിട്ടിയത് ചെട്ടി, റെഡ്ഡി, സേഠികള്‍ തുടങ്ങിയ വര്‍ത്തകവര്‍ഗ്ഗങ്ങള്‍ക്കാണ്. സ്വതന്ത്ര ഇന്ത്യയില്‍ പകരം നടക്കേണ്ടത് ജനസമൂഹങ്ങളുടെ ചരിത്രമെഴുതാനുള്ള ശ്രമമാണ്. അത്തരത്തില്‍ ഭാരതജനചരിത്രം എഴുതാന്‍ മുന്‍കയ്യെടുത്തയാള്‍ കൂടിയാണ് ഇര്‍ഫാന്‍ ഹബീബ് എന്ന ചരിത്രകാരന്‍. അത്തരമൊരു ഉദ്യമത്തിനു മുതിര്‍ന്നതുകൊണ്ടുകൂടിയാണ് അദ്ദേഹത്തിനോടു സംഘ്പരിവാറിനു വിരോധം. അലിഗഡ് ഹിസ്റ്റോറിയന്‍ സൊസൈറ്റി എന്നൊരു സംഘടനയുണ്ടാക്കി അദ്ദേഹം പീപ്പ്ള്‍സ് ഹിസ്റ്ററി എഴുതി.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com