മുഖ്യമന്ത്രിക്കും കായിക മന്ത്രിക്കും നേരിട്ടറിയാം ടിയാന തോമസിന്റെ അലച്ചിലിന്റെ സത്യം

By പി.എസ്. റംഷാദ്  |   Published: 04th December 2022 03:20 PM  |  

Last Updated: 04th December 2022 03:20 PM  |   A+A-   |  

tiana

 

ത്തേജക മരുന്നുകളുടെ ഉപയോഗത്തിന്റെ പേരില്‍ ശിക്ഷണ നടപടികള്‍ക്കു വിധേയരായവരോ കളികളില്‍നിന്നു വിലക്ക് കല്പിക്കപ്പെട്ടവരോ ആയ കായികതാരങ്ങള്‍ സ്പോര്‍ട്സ് ക്വാട്ടാ നിയമനത്തിന് അര്‍ഹരല്ല'' എന്ന സര്‍ക്കാര്‍ നിലപാടു കേള്‍ക്കുമ്പോള്‍ അതു വേണ്ടതുതന്നെയാണല്ലോ എന്നു തോന്നുന്നതു സ്വാഭാവികം. പക്ഷേ, ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ല എന്ന് വ്യക്തമാവുകയും നിശ്ചിത കാലയളവുകഴിഞ്ഞു കായിക മേഖലയിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വിലക്കു നീക്കുകയും ചെയ്ത ശേഷവും ഈ നാലുവരി വിജ്ഞാപനം ജീവിതക്കുതിപ്പിന് ആയുഷ്‌ക്കാല വിലക്കാകുന്നത് കേരളത്തില്‍ മാത്രം. അതിന്റെ പേരില്‍ നീതി നിഷേധിക്കപ്പെടുകയാണ് രാജ്യത്തിനുവേണ്ടി നിരവധി മെഡലുകള്‍ നേടിയ ഒരു പെണ്‍കുട്ടിക്ക്. മുഖ്യമന്ത്രി പിണറായി വിജയനും കായികമന്ത്രി വി. അബ്ദുറഹിമാനും ഉള്‍പ്പെടെ എല്ലാവര്‍ക്കും നേരിട്ടറിയാം പത്തനംതിട്ട ജില്ലയിലെ എരുമേലിക്കടുത്ത് ചാത്തന്‍തറ സ്വദേശി ടിയാന തോമസിന്റെ അലച്ചിലിന്റെ സത്യം. പക്ഷേ, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ 2010-ല്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ കുരുക്കില്‍ അവരുടെ നീതിബോധം തട്ടിനില്‍ക്കുന്നു. ആ വിജ്ഞാപനം ഭേദഗതി ചെയ്ത് ടിയാനയ്ക്കു ജോലി കൊടുക്കാനും ഭാവിയിലെ നീതിനിഷേധങ്ങള്‍ ഒഴിവാക്കാനും സംസ്ഥാന പൊതുഭരണ വകുപ്പിനു സാധിക്കും. ഉത്തേജക മരുന്ന് ഉപയോഗത്തിന്റെ പേരില്‍ വിലക്കിയ നാഷണല്‍ ആന്റി ഡോപ്പിംഗ് ഏജന്‍സി (നാഡ) ടിയാനയുടെ അര്‍ഹത വ്യക്തമാക്കി കത്തു കൊടുക്കാനും തയ്യാറാണ്. പക്ഷേ, ആത്മാര്‍ത്ഥമായി മനസ്സുവച്ചാല്‍ ചെയ്യാവുന്ന കാര്യം സര്‍ക്കാര്‍ ചെയ്യുന്നില്ല; കാരണമെന്താണെന്ന് ആര്‍ക്കും പറയാനും കഴിയുന്നുമില്ല. ചെയ്യുന്നില്ല, അത്രതന്നെ.

നാലു വയസ്സു മുതല്‍ ഓടിത്തുടങ്ങിയതാണ് ടിയാന. ഇപ്പോള്‍ വയസ്സ് 34. 2002 മുതല്‍ എല്ലാ സ്‌കൂള്‍ ദേശീയ അത്ലറ്റിക് മത്സരങ്ങളിലും സീനിയര്‍ ദേശീയ മത്സരങ്ങളിലും മെഡലുകള്‍ നേടി. 2009-ല്‍ ഏഷ്യന്‍ ഇന്‍ഡോര്‍ അത്ലറ്റിക് ഗെയിംസില്‍ 4ഃ400 മീറ്റര്‍ റിലേയില്‍ ഒന്നാം സ്ഥാനം, 2010-ല്‍ ധാക്കയില്‍ നടന്ന ദക്ഷിണേഷ്യന്‍ ഗെയിംസില്‍ 4ഃ400 മീറ്റര്‍ റിലേയില്‍ ഒന്നാം സ്ഥാനം എന്നിവ നേടി. ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും പങ്കെടുത്തു. 

2011 ജൂണ്‍ 29-നാണ് മനസ്സറിയാതെ ആ കെണിയില്‍പ്പെട്ടത്. ടിയാന ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം ഉക്രൈന്‍ സ്വദേശിയായ പരിശീലകന്‍ യൂറി ഒറഗോഡിനിക്കിനു കീഴില്‍ 4ഃ400 റിലേ പരിശീലനത്തിലായിരുന്നു. ആറംഗ ടീം പരിശീലകന്‍ കൊടുത്ത വൈറ്റമിന്‍ ഗുളിക കഴിച്ചു. പരിശോധനയില്‍ ഉത്തേജക മരുന്നിന്റെ അംശം അതില്‍ കണ്ടെത്തിയതോടെ ജീവിതം മാറിമറിഞ്ഞു. അന്ന് ഏര്‍പ്പെടുത്തിയ രണ്ടു വര്‍ഷത്തെ വിലക്ക് 2013 ജൂണ്‍ 28-ന് തീര്‍ന്നു; മറ്റുള്ള അഞ്ചു പേര്‍ക്കും പിന്നീടു പലപ്പോഴായി ജോലി കിട്ടുകയും ചെയ്തു. വിലക്ക് മാറിയ ശേഷമാണ് 2013 ഓഗസ്റ്റ് 2 മുതല്‍ 4 വരെ എറണാകുളത്തു നടന്ന ഇന്റര്‍ സ്റ്റേറ്റ് മീറ്റില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ടിയാന ഒന്നാം സ്ഥാനം നേടിയത്. 200 മീറ്ററില്‍ മൂന്നാം സ്ഥാനവുമുണ്ടായിരുന്നു. 

അതേ വര്‍ഷം തന്നെ ഇന്ത്യന്‍ അത്ലറ്റിക് ക്യാമ്പിലേക്കു തിരിച്ചെടുത്തു. എന്നാല്‍, ഒരു വര്‍ഷം കഴിഞ്ഞ് പരിശീലനത്തിനിടെ പരിക്കേറ്റതോടെ സ്പോര്‍ട്സ് നിര്‍ത്തേണ്ടി വന്നു. അശ്വിനി  അക്കുഞ്ചി (കര്‍ണാടക), മന്ദിപ് കൗര്‍ (പഞ്ചാബ്), സിനി ജോസ് (തൊടുപുഴ), ജോന മുര്‍മ (ഝാര്‍ഖണ്ഡ്), പ്രിയങ്ക പവാര്‍ (യു.പി) എന്നിവരാണ് ടിയാനയ്ക്കു പുറമേ വിലക്കില്‍പ്പെട്ടതും പിന്നീടു കുറ്റമുക്തരായതും. മന്ദീപ് കൗര്‍ ഇപ്പോള്‍ പഞ്ചാബ് പൊലീസില്‍ എസ്.പി റാങ്കിലാണ്. പ്രിയങ്ക ആദായനികുതി ഓഫീസര്‍, ജോന മുര്‍മ ഒ.എന്‍.ജി.സിയില്‍, സിനി ജോസ് റെയില്‍വേയില്‍. ഏറ്റവും ഒടുവില്‍ അശ്വിനിക്കാണു കിട്ടിയത് 2010-ല്‍ സായി ആണ് ജോലി കൊടുത്തത്. ടിയാന കോതമംഗലം എം.എ കോളേജില്‍നിന്ന് ബിരുദമെടുത്തിട്ടാണ് ജോലിക്കു ശ്രമിച്ചു തുടങ്ങിയത്. പ്ലസ് ടു കഴിഞ്ഞപ്പോള്‍ ശ്രമിക്കാന്‍ പലരും പറഞ്ഞെങ്കിലും ബിരുദം വേണം എന്ന ആഗ്രഹത്തിലാണു പഠിച്ചതും ജയിച്ചതും. ഭാവിയിലെ സ്ഥാനക്കയറ്റങ്ങളില്‍ ബിരുദം ഇല്ലാത്തത് ഒരു തടസ്സമാകരുത് എന്നും ആഗ്രഹിച്ചു. 

2013 ജൂണ്‍ 28-നു ശേഷം ദേശീയ, അന്തര്‍ദ്ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനോ ജോലിക്ക് അപേക്ഷിക്കുന്നതിനോ ജോലി ലഭിക്കുന്നതിനോ തടസ്സമില്ല എന്ന് ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്‍ 2018 ഒക്ടോബര്‍ 9-നു നല്‍കിയ അനുമതിപത്രമുണ്ട് ടിയാനയുടെ പക്കല്‍. 2010-2014 കാലയളവിലെ സംസ്ഥാന സ്പോര്‍ട്സ് ക്വാട്ട നിയമനത്തിനു അപേക്ഷിച്ചപ്പോള്‍ ജോലി ഉറപ്പായും കിട്ടും എന്നായിരുന്നു പ്രതീക്ഷ. ഇന്റര്‍വ്യൂ കഴിഞ്ഞ് റാങ്ക് ലിസ്റ്റില്‍ പേരും വന്നു. പക്ഷേ, അവസാന നിമിഷം ജോലി നിഷേധിക്കപ്പെട്ടു. സ്പോര്‍ട്സ് കൗണ്‍സില്‍ തലപ്പത്തുണ്ടായിരുന്ന ഒരാളുടെ മകന് നിയമനം ഉറപ്പാക്കാന്‍ ടിയാനയെ മറികടക്കേണ്ടിയിരുന്നു എന്നു വിശ്വസിക്കുന്ന പലരുമുണ്ട്. എന്നാല്‍, അതൊരു ആരോപണമായി ഉന്നയിക്കാന്‍ ടിയാനയോ കുടുംബമോ തയ്യാറല്ല. 

വിലക്കില്‍ ഒപ്പം പെട്ടിരുന്ന മറ്റുള്ളവരുടെ നിയമനവുമായി ബന്ധപ്പെട്ട് വ്യക്തത തേടി അതാതു സംസ്ഥാന സര്‍ക്കാരുകള്‍ അയച്ച കത്തിന്  നാഡയുടെ മറുപടി സംശയരഹിതമായിരുന്നു. ''ഇവര്‍ക്കു ജോലിക്കോ സര്‍ക്കാരിന്റെ മറ്റ് ആനുകൂല്യങ്ങള്‍ക്കോ യാതൊരു തടസ്സവുമില്ല.'' ഇതേ കത്ത് ടിയാന നേരിട്ട് നാഡയോട് ആവശ്യപ്പെട്ടിരുന്നു. തരുന്നതിനു തടസ്സമില്ലെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടണം എന്നുമാണ് നാഡ ഡയറക്ടര്‍ ജനറല്‍ അറിയിച്ചത്. എന്നാല്‍, അത്തരമൊരു കത്ത് വാങ്ങി ടിയാനയ്ക്കു ജോലി നല്‍കാനുള്ള ഉത്തരവാദിത്വമാണ് സംസ്ഥാന സര്‍ക്കാര്‍ നിറവേറ്റാത്തത്. 

ടിയാന തോമസ്

ബ്രാഞ്ച് സെക്രട്ടറിയുടെ മകള്‍

ടിയാനയുടെ അച്ഛന്‍ തോമസ് സി.പി.എം ചാത്തന്‍തറ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറിയും കൊല്ലമുള ലോക്കല്‍ കമ്മിറ്റി അംഗവുമാണ്. പാര്‍ട്ടിക്കാര്‍ക്ക് വഴിവിട്ടു ജോലി നല്‍കുന്നു എന്ന ആരോപണങ്ങളും അതിന്റെ പേരിലുള്ള കോടതി വ്യവഹാരങ്ങളും ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരും തിരുവനന്തപുരം മേയറുടെ കത്തു വിവാദവുമൊക്കെ കാണുമ്പോള്‍ തോമസിനു സത്യത്തില്‍ ചിരിക്കണോ കരയണോ എന്ന് അറിയില്ല. ദേശീയ, അന്തര്‍ദ്ദേശീയ തലത്തില്‍ മെഡലുകള്‍ വാങ്ങിയ അത്ലറ്റിന്റെ അച്ഛന്‍ എന്നതില്‍ അഭിമാനിക്കുകയും ഇപ്പോള്‍ അര്‍ഹമായ ജോലി കിട്ടാത്തതിന്റെ പേരില്‍ ദുഃഖിക്കുകയും ചെയ്യുന്നു എന്നുമാത്രം അറിയാം 67-കാരനായ ഈ റബര്‍ ടാപ്പിംഗ് തൊഴിലാളിക്ക്. റാന്നി മുന്‍ എം.എല്‍.എയും പ്രമുഖ സി.പി.എം നേതാവുമായ രാജു ഏബ്രഹാമിനൊപ്പവും ഇപ്പോഴത്തെ എം.എല്‍.എ പ്രമോദ് നാരായണനൊപ്പവും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള മന്ത്രി വീണാ ജോര്‍ജിനെ കണ്ടു നിവേദനം കൊടുത്തിരുന്നു. ഒരു ജോലി കിട്ടിയാല്‍ മകളും കുടുംബവും രക്ഷപ്പെടുമല്ലോ എന്നു കരുതി ചില്ലറ അലച്ചിലൊന്നുമല്ല നടത്തിയത്. 
ആകെ ഉണ്ടായിരുന്ന 40 സെന്റ് സ്ഥലത്തില്‍ നിന്നു വിറ്റാണ് മകളുടെ നിരപരാധിത്വം തെളിയിക്കാന്‍ തോമസ് കേസ് നടത്തിയത്. നാലു ലക്ഷം രൂപ ചെലവായി. ഇളയ മകള്‍ മീര നഴ്സിംഗ് പഠിച്ച് ഒരു വര്‍ഷം മുന്‍പ് സൗദിയില്‍  ജോലി കിട്ടി പോയി.  

മറ്റൊരു സംസ്ഥാനത്തുമില്ലാത്ത കരിനിയമമാണ് ടിയാനയുടെ ജീവിതം കരിനിഴലിലാക്കിയത്. ആറു വര്‍ഷമായി തോമസും മകളും ഭര്‍ത്താവ് റിന്റോയും കയറി ഇറങ്ങുകയാണ്. മുഖ്യമന്ത്രിയേയും കായിക മന്ത്രിയേയും പാര്‍ട്ടി നേതാക്കളേയുമൊക്കെ കണ്ടു നിവേദനങ്ങള്‍ കൊടുത്തു. പക്ഷേ, ജോലി മാത്രം കിട്ടുന്നില്ല. മറ്റുള്ളവര്‍ പറയുന്നത് മുഖ്യമന്ത്രി വിചാരിച്ചാലേ ഇതു നടക്കുകയുള്ളു എന്നാണ്. സ്പോര്‍ട്സ് കൗണ്‍സിലിന്റെ 'വിലക്ക്' നിലനില്‍ക്കുന്നതുകൊണ്ട് ജോലി കൊടുക്കാന്‍ പറ്റാത്ത സ്ഥിതി. പരിശോധിച്ചു വേണ്ടതു ചെയ്യാന്‍ നിര്‍ദ്ദേശിച്ച് കായികവകുപ്പിനു നിവേദനം കൈമാറുക എന്ന നടപടിക്രമം പാലിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. വകുപ്പു പരിശോധിക്കുമ്പോള്‍ അതേ വ്യവസ്ഥ തടസ്സമായി വരും. 

അശ്വിനിക്ക് ധ്യാന്‍ചന്ദ് പുരസ്‌കാരം കൊടുത്ത് ആദരിക്കുന്ന വാര്‍ത്ത വരുമ്പോഴും ടിയാനയ്ക്കു സന്തോഷമാണ്. തനിക്കൊപ്പം ഓടിയവര്‍ അംഗീകരിക്കപ്പെടുന്നല്ലോ, അവര്‍ ജീവിതത്തില്‍ പുതിയ ഉയരങ്ങളില്‍ എത്തുകയാണല്ലോ. പക്ഷേ, ഏറ്റവും കുറഞ്ഞത്, തനിക്കൊരു ജോലിയെങ്കിലും കിട്ടാന്‍ സ്വന്തം നാട് തന്നെ തടസ്സമായി മാറുന്നതിലെ വേദനയ്ക്കു തുല്യതയില്ലതാനും. നിസ്സാരമായി നീക്കം ചെയ്യാവുന്ന ഒരു തടസ്സത്തിലാണ് തട്ടിനില്‍ക്കുന്നത്. മെഡല്‍ക്കൂട്ടത്തിനൊപ്പമാണു ജീവിക്കുന്നത്. അഭിമാനത്തിന്റെ മുദ്രകളായ നിരവധി മെഡലുകള്‍. വിലക്കു നീങ്ങിയ ശേഷം ലഭിച്ച മെഡലുകളും രാജ്യത്തിനു മുതല്‍ക്കൂട്ടാണുതാനും. ഇപ്പോഴിപ്പോള്‍ ആ മെഡലുകള്‍ സങ്കടപ്പെടുത്തുന്നുമുണ്ട് ടിയാനയെ. ഒരു മെഡല്‍ കിട്ടിയാല്‍ ആയിരം രൂപ മാത്രം ക്യാഷ് അവാര്‍ഡു കിട്ടിയിരുന്ന കാലത്ത്, അച്ഛന്‍ സ്വന്തം വിയര്‍പ്പുകൊണ്ടാണ് മകള്‍ക്ക് ഓടാനുള്ള ഊര്‍ജ്ജം കൊടുത്തത്. ഇത്രയും കഴിവുള്ള ഒരു കുട്ടിയെ എന്റെ ദാരിദ്ര്യംകൊണ്ട് പുറകോട്ടു വിടരുത് എന്നേ അന്നൊക്കെ ആലോചിച്ചിട്ടുള്ളു എന്ന് തോമസ് പറയുന്നു. രണ്ടു പെണ്‍മക്കളില്‍ മൂത്തയാളാണ് ടിയാന. ഭര്‍ത്താവിന്റെ സ്വദേശമായ ഇടുക്കി ജില്ലയിലെ കൂട്ടാറിലാണ് താമസം. തമിഴ്നാട്ടില്‍നിന്നു പാറപ്പൊടി കൊണ്ടുവന്ന് വിറ്റ് ജീവിക്കുന്നു. 

ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കാലം മുതല്‍ പാര്‍ട്ടി പ്രവര്‍ത്തകനാണ് തോമസ്. പക്ഷേ, പാര്‍ട്ടിക്കൂറും രാഷ്ട്രീയബോധവുമൊന്നും മകളുടെ ജോലിയുമായി ചേര്‍ത്തുപറഞ്ഞ് വിലപേശാന്‍ ഈ കമ്യൂണിസ്റ്റുകാരന്‍ തയ്യാറല്ല. പാര്‍ട്ടിക്കുവേണ്ടി ജീവിച്ചിട്ട് തന്റെ മോള്‍ക്കു ജോലി കൊടുക്കാന്‍ പാര്‍ട്ടിയുടെ സര്‍ക്കാരിനു കഴിയുന്നില്ലല്ലോ എന്നു വിലപിച്ച് പാര്‍ട്ടിയുടേയും ഇടതുപക്ഷ ഗവണ്‍മെന്റിന്റേയും എതിരാളികള്‍ക്കു വടി കൊടുക്കാനും തയ്യാറല്ല. പക്ഷേ, വിഷമമുണ്ട്, വലിയ സങ്കടമുണ്ട്, പറഞ്ഞുവരുമ്പോള്‍ വാക്കുകള്‍ മുറിഞ്ഞുപോകുന്നുമുണ്ട്. 

ഒന്നിച്ചൊരു ശ്രമം

മുഴുവന്‍ എം.എല്‍.എമാര്‍ക്കും എല്ലാ മന്ത്രിമാര്‍ക്കും നിവേദനം കൊടുത്തുവെന്ന് ടിയാനയുടെ ഭര്‍ത്താവ് റിന്റോ വിശദീകരിക്കുന്നു. 2013 മേയിലായിരുന്നു റിന്റോ ജോസുമായുള്ള വിവാഹം. മക്കള്‍ ആദിലും അന്നയും. വിലക്കു നീങ്ങിയ ശേഷം കായികരംഗത്തും പിന്നീട് ജോലിക്കായുള്ള ശ്രമങ്ങളിലും റിന്റോയുടെ പരിപൂര്‍ണ്ണ പിന്തുണയുണ്ട്. ടിയാനയും റിന്റോയും ചേര്‍ന്നും അച്ഛനൊപ്പവും മുഖ്യമന്ത്രിയെ അഞ്ചോ ആറോ തവണ കണ്ടു. പലരുടേയും കത്തുമായാണ് പോവുക. അര്‍ഹതപ്പെട്ടതാണ് എന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഇടുക്കിയില്‍നിന്നു തിരുവനന്തപുരത്തേക്ക് പ്രതീക്ഷ നിറഞ്ഞ ഓരോ യാത്രയും ചെയ്യുന്നത്. നാഡ (നാഷണല്‍ ആന്റി ഡോപ്പിംഗ് ഏജന്‍സി) പറയുന്നത് ട്രാക്കിലിറങ്ങുന്നതിന് രണ്ടു വര്‍ഷത്തേക്കു മാത്രമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത് എന്നും ജോലി കിട്ടുന്നതിന് ഇപ്പോള്‍ യാതൊരു വിലക്കും ഇല്ല എന്നുമാണ്. ''സംസ്ഥാന സര്‍ക്കാരാണ് സ്പോര്‍ട്സ് കൗണ്‍സില്‍ വിലക്ക് നീക്കേണ്ടത്; അവരോട് അതു ചെയ്തുതരാന്‍ ആവശ്യപ്പെടൂ'' എന്നാണ് നാഡയും സായിയും പറയുന്നത്. ഇവിടെ അതേ കാര്യം ആവര്‍ത്തിച്ച് അപേക്ഷിച്ചുകൊണ്ടേയിരിക്കുകയാണ് എന്നും ഫലമുണ്ടാകുന്നില്ല എന്നും അവരോടു പറഞ്ഞിട്ടു കാര്യവുമില്ല. നൂറു ശതമാനം ജനുവിനായ കേസാണ് എന്നും പക്ഷേ, ഞാനിതില്‍ നിസ്സഹായനാണ് എന്നുമാണ് കായികമന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞത്. സ്പോര്‍ട്സ് കൗണ്‍സിലിന്റെ വിലക്കുവിജ്ഞാപനം നീങ്ങാതെ ഒരടി മുന്നോട്ടുപോകാന്‍ പറ്റില്ല. അങ്ങനെയാകുമ്പോള്‍ കറങ്ങിത്തിരിഞ്ഞ് കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ മുന്നില്‍ത്തന്നെ എത്തേണ്ടതാണ്. അദ്ദേഹത്തിന് ഇക്കാര്യത്തില്‍ ശരിയായ ഉപദേശം കിട്ടിയാല്‍ ഒരുപക്ഷേ, ടിയാനയുടേയും കുടുംബത്തിന്റേയും ശ്രമങ്ങള്‍ക്കു ഫലമുണ്ടായേക്കും. നിസ്സഹായനായി കൈമലര്‍ത്തുന്ന കായികമന്ത്രിക്കുള്‍പ്പെടെ അത് ആരു നല്‍കും എന്ന കാര്യത്തില്‍ ഉത്തരവുമില്ല. ടി.വി. ചാനലില്‍ മുന്‍പ് വാര്‍ത്ത വന്നതു കണ്ട് സന്തോഷ് പണ്ഡിറ്റ് നമ്പര്‍ സംഘടിപ്പിച്ചു വിളിച്ചിരുന്നു. ഓട്ടോറിക്ഷ വാങ്ങിത്തരാം നിങ്ങള്‍ക്കു ജീവിക്കാന്‍ മാര്‍ഗ്ഗമാകുമല്ലോ എന്നായിരുന്നു വാഗ്ദാനം. പലരും വിളിച്ച് വീടു വച്ചുതരാം, സ്ഥലം വാങ്ങിത്തരാം, കുട്ടികളെ പഠിപ്പിക്കാം എന്നൊക്കെ പറയാറുണ്ട്. അര്‍ഹതയുള്ള ജോലിക്കായുള്ള ശ്രമങ്ങള്‍ക്കിടയില്‍ അത്തരം സഹതാപപ്രകടനങ്ങളോടു പ്രതികരിക്കാന്‍ ബുദ്ധിമുട്ടാണ് എന്നുതന്നെ ടിയാനയും കുടുംബവും പറയുന്നു. ആരെയും അവഹേളിക്കാനോ ആരുടേയും നല്ല മനസ്സു നിഷേധിക്കാനോ അല്ല, സ്വകാര്യ വ്യക്തികളുടെ അത്തരം പരിഹാരമല്ല വേണ്ടത് എന്നതുകൊണ്ടുകൂടിയാണ്. അങ്ങനെ പണമുണ്ടാക്കാന്‍ താല്പര്യവുമില്ല. പ്രീജാ ശ്രീധരന്‍, മയൂഖ ജോണി, രഞ്ജിത്ത് മഹേശ്വരി തുടങ്ങി ഈ മേഖലയിലെ പ്രമുഖരെല്ലാം വിളിച്ച് വിവരങ്ങള്‍ തിരക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഒളിംപ്യന്‍മാര്‍ ഒപ്പുവച്ച സംയുക്ത നിവേദനം മുഖ്യമന്ത്രിക്കു കൊടുക്കാനും ശ്രമിക്കുന്നുണ്ട്. എല്‍.ഐ.സിയില്‍ ജോലി ഉറപ്പായിരുന്നപ്പോഴാണ് ടിയാനയ്ക്ക് സസ്പെന്‍ഷന്‍ വിനയായത് എന്ന് മുതിര്‍ന്ന സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ് സനില്‍ പി. തോമസ് ചൂണ്ടിക്കാണിക്കുന്നു. ''ഉത്തേജക മരുന്ന് ഉപയോഗത്തെ ഒരിക്കലും ന്യായീകരിക്കാനാകില്ല. പക്ഷേ, നമ്മുടെ താരങ്ങളില്‍ ചിലരെങ്കിലും പരിശീലകരെ വിശ്വസിച്ച് അപകടത്തില്‍പ്പെട്ടവരാണ്. അതുപോലെ തെറ്റുതിരുത്തി, ശിക്ഷാ കാലാവധി കഴിഞ്ഞ് മടങ്ങിയെത്തുന്നവര്‍ പിന്നീട് നേടുന്ന രാജ്യാന്തര മെഡലുകള്‍ നമ്മള്‍ രാജ്യത്തിന്റെ മെഡല്‍ പട്ടികയില്‍ ചേര്‍ക്കുന്നുണ്ടല്ലോ. അവരുടെ മെഡലിന്റെ ക്രെഡിറ്റ് എടുക്കാമെങ്കില്‍ അവരെ അംഗീകരിക്കുകയും വേണം. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന ടിയാനയോട് അനുകമ്പ വേണം. ഇനി വൈകരുത്.'' സനല്‍ പറയുന്നു. 

പ്രതീക്ഷയോടെ ശ്രമങ്ങള്‍ തുടരുക തന്നെയാണ് ടിയാനയും റിന്റോയും സഖാവ് തോമസും.

ഈ റിപ്പോർട്ട് കൂടി വായിക്കൂ

ആള്‍മാറാട്ടത്തിന്റേയും പ്രണയത്തിന്റെ പേരിലുള്ള ചതിയുടേയും ക്രൂരമായ അനുഭവം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ