ആള്‍മാറാട്ടത്തിന്റേയും പ്രണയത്തിന്റെ പേരിലുള്ള ചതിയുടേയും ക്രൂരമായ അനുഭവം

By പി.എസ്. റംഷാദ്  |   Published: 15th November 2022 02:41 PM  |  

Last Updated: 15th November 2022 02:41 PM  |   A+A-   |  

ramshad

 

രാധ എന്ന അമ്മയുടെ തോരാക്കണ്ണീരിനല്ല, അവരുടെ മകളുടേയും കുഞ്ഞിന്റേയും ദുരൂഹ തിരോധാനത്തിനു കാരണക്കാരനായ മാഹീന്‍കണ്ണ് എന്ന കുറ്റവാളിയെ രക്ഷിക്കാനാണ് പൊലീസിനു താത്പര്യം. തിരുവനന്തപുരം ഊരൂട്ടമ്പലത്തു നിന്നാണ് ആള്‍മാറാട്ടത്തിന്റേയും പ്രണയത്തിന്റെ പേരിലുള്ള ചതിയുടേയും ക്രൂരമായ അനുഭവം. 11 വര്‍ഷം മുന്‍പ് 22 വയസ്സുള്ള മകള്‍ ദിവ്യയെയും രണ്ടര വയസ്സുള്ള വാവച്ചി എന്നു വിളിക്കുന്ന ഗൗരിയേയും കാണാതായതിലെ ദുരൂഹമായ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്ന രാധയുടെ വേദന കാലം ചെല്ലുന്തോറും കൂടുക മാത്രം ചെയ്യുന്നു. മാറനല്ലൂര്‍, പൂവാര്‍ പൊലീസ് സ്റ്റേഷനുകളിലെ ദുരനുഭവങ്ങള്‍, ഭാര്യയും മക്കളുമുണ്ടായിട്ടും അതു മറച്ചുവച്ച്, പേരും മതവും മാറ്റിപ്പറഞ്ഞ് പ്രണയിച്ചു വഞ്ചിച്ച പ്രതി മണലൂറ്റുകാരന്‍ മനു എന്ന 'മമ്മൂട്ടി മാഹീ'ന്റെ പൊലീസ് ബന്ധങ്ങള്‍, അയാള്‍ക്ക് അനുകൂലമായി അവരെടുത്ത നിലപാടുകള്‍, രാഷ്ട്രീയ ഇടപെടല്‍, മകളും കുഞ്ഞും ജീവനോടെ ഉണ്ടോ ഇല്ലയോ എന്നറിയാത്തതിലെ നീറ്റല്‍ ഇതെല്ലാം ചേര്‍ന്നു മനസ്സുതകര്‍ന്ന രാധയുടെ ഭര്‍ത്താവ് ജയചന്ദ്രന്‍ ഒന്നര വര്‍ഷം മുന്‍പ് ജീവിതം അവസാനിപ്പിച്ചു. കയറിക്കിടക്കാന്‍ സ്വന്തം വീടും ഇല്ലാതായ രാധ പല വീടുകളില്‍ ജോലിചെയ്തും താമസിച്ചും പ്രതീക്ഷയോടെ ജീവിക്കുന്നു: ''മോളേയും കുഞ്ഞിനേയും ഒന്നു കണ്ടിട്ടു മരിക്കണം; അതല്ല, അവരെ കൊണ്ടുപോയി കൊന്നോ ഇല്ലയോ എന്നറിയണം, കുറ്റക്കാര്‍ ആരാണോ അവര്‍ക്കു ശിക്ഷ കിട്ടണം'' -അവര്‍ പറയുന്നു. 

19-ാം വയസ്സില്‍ മാഹീന്‍ ദിവ്യയെ പ്രണയിച്ച് വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ടു പോയതാണ് തുടക്കം. മൂന്നു മാസം കഴിഞ്ഞു രണ്ടുപേരും രാധയുടേയും ജയചന്ദ്രന്റേയും അടുത്തു തിരിച്ചുവന്ന് മാപ്പു ചോദിച്ചു. മകളേയും അവള്‍ സ്‌നേഹിച്ച പുരുഷനേയും സ്വീകരിക്കാന്‍ തയ്യാറായ അച്ഛനും അമ്മയും രാധയെ നിയമപരമായി വിവാഹം ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ തയ്യാറായില്ല. നിര്‍ബ്ബന്ധിച്ചപ്പോള്‍ അയാള്‍ പറഞ്ഞതു വിശ്വസിച്ച് ഒരു പകല്‍ മുഴുവന്‍ രജിസ്ട്രാര്‍ ഓഫീസില്‍ മകളുമായി കാത്തുനിന്നെങ്കിലും എത്തിയില്ല. ഗര്‍ഭിണി ആയിരുന്ന ദിവ്യയെ അവിടെയാക്കിയിട്ട് 'മനു' ഗള്‍ഫിലേക്ക് എന്നു പറഞ്ഞു പോവുകയും ചെയ്തു. പിന്നെ വന്നത് കുട്ടിക്ക് ഒന്നര വയസ്സുള്ളപ്പോള്‍. യാദൃച്ഛികമായി ദിവ്യ എടുക്കാനിടയായ ഒരു ഫോണ്‍ കോളില്‍നിന്നാണ് മനു മാഹീനാണെന്നും വേറെ ഭാര്യയും മക്കളുമുണ്ടെന്നും അറിഞ്ഞത്. മാഹീനെ കൂട്ടിക്കൊണ്ടുപോകാന്‍ ചിലര്‍ സംഘം ചേര്‍ന്നു വന്നപ്പോള്‍ അയല്‍ക്കാര്‍ പൊലീസില്‍ അറിയിച്ചു. ദിവ്യയുടേയും കുഞ്ഞിന്റേയും കൂടെ ജീവിച്ചുകൊള്ളാമെന്ന് പൊലീസ് 'എഴുതിവയ്പിച്ചു' വിട്ടു. വൈകുന്നേരം വരാമെന്നു പറഞ്ഞ് അന്നുതന്നെ കൂട്ടുകാര്‍ക്കൊപ്പം പോയ ആള്‍ ഗള്‍ഫിലേക്കു മടങ്ങുകയാണെന്നു വിളിച്ചുപറഞ്ഞു. പിന്നെ വന്നത് ഒരു വര്‍ഷം കഴിഞ്ഞ്. അതുകഴിഞ്ഞു വൈകാതെയാണ് ദിവ്യയും കുഞ്ഞുമായി പോയത്; 2011 ആഗസ്റ്റ് 18-ന്. അന്നുമുതല്‍ ഇന്നുവരെ അവരെക്കുറിച്ച് ഒരു വിവരവുമില്ല. തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ ഇപ്പോള്‍ രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിലാണ് ഇനി പ്രതീക്ഷ. നെയ്യാറ്റിന്‍കര എ.എസ്.പിയുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച്, ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പിമാരും പൂവാര്‍, മാറനല്ലൂര്‍, സൈബര്‍ സെല്‍ ഇന്‍സ്പെക്ടര്‍മാരും ഉള്‍പ്പെടുന്ന പതിനഞ്ചംഗ സംഘമാണ് അന്വേഷിക്കുന്നത്. 

ദിവ്യ

പ്രണയം, ജീവിതം 

കെട്ടിടനിര്‍മ്മാണ കരാറുകാരന്റെ സഹായിയായ ജയചന്ദ്രന്‍ ആഴ്ചയിലൊരിക്കലായിരുന്നു പണിസ്ഥലത്തുനിന്നു വരുന്നത്. വീട്ടില്‍ അമ്മയും രണ്ടു പെണ്‍കുട്ടികളും മാത്രം. മൂത്തതാണ് ദിവ്യ. കാട്ടാക്കടയില്‍ ലാബ് ടെക്നീഷ്യന്‍ കോഴ്സ് പഠിക്കാന്‍ പോയതിന്റെ അടുത്ത് സ്ഥിരമായി മീന്‍വണ്ടിയുടെ ഡ്രൈവറായി വന്നപ്പോഴാണ് മാഹീനെ പരിചയപ്പെടുന്നത്. മനു എന്നാണ് പേരു പറഞ്ഞിരുന്നത്. പഠിത്തത്തില്‍ ശ്രദ്ധിക്കണമെന്നും ഈ ബന്ധത്തില്‍നിന്നു പിന്മാറണമെന്നും അമ്മ ആവര്‍ത്തിച്ചു വിലക്കിയിരുന്നു. കുറച്ചുമാസം വിട്ടുനിന്നെങ്കിലും പിന്നെയും അവര്‍ കാണുകയും സംസാരിക്കുകയും ചെയ്തു. അതുകഴിഞ്ഞ് ഒരു ദിവസം മനുവും അയാളുടെ അളിയന്‍ എന്നു പരിചയപ്പെടുത്തിയ ആളും കൂടി പെണ്ണു ചോദിക്കാന്‍ വന്നു. കൂടെ വന്ന ആളെക്കണ്ടു സംശയം പറഞ്ഞപ്പോള്‍ അമ്മ ഹിന്ദുവും അച്ഛന്‍ മുസ്ലിമുമാണ് എന്നാണ് പറഞ്ഞത്. അവര്‍ പ്രണയിച്ചു വിവാഹം ചെയ്തതുകൊണ്ട് വീട്ടുകാരുമായി പിണക്കമാണ്, അച്ഛന്റെ വീട്ടുകാരുമായി നല്ല ബന്ധത്തിലല്ല, തനിക്ക് ഒരു പെങ്ങളേ ഉള്ളൂ, അവരുടെ കൂടെയാണ് അച്ഛന്‍ എന്നൊക്കെ പറഞ്ഞു. ഏതായാലും ഇപ്പോള്‍ ദിവ്യയെ വിവാഹം ചെയ്തതയയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവള്‍ പഠിക്കട്ടെ എന്നും പറഞ്ഞാണ് അയാളെ തിരിച്ചയച്ചത്. ഒരു തരത്തിലും എന്റെ മകള്‍ക്ക് നിങ്ങള്‍ ഉപദ്രവമാകരുത് എന്നും താന്‍ പറഞ്ഞിരുന്നതായി രാധ പറയുന്നു. അതുകഴിഞ്ഞ് ഒരു ദിവസം ദിവ്യയും മനുവും സംസാരിച്ചുനില്‍ക്കുന്നത് വൈകുന്നേരം മകളെ കൂട്ടിക്കൊണ്ടുവരാന്‍ പോയ രാധ കണ്ടു. ഇനി പഠിക്കാന്‍ പോകേണ്ടെന്നു വിലക്കി. മാസങ്ങള്‍ കഴിഞ്ഞു മകള്‍ കരഞ്ഞു പറഞ്ഞപ്പോള്‍ തുടര്‍ന്നു പഠിക്കാന്‍ അനുവദിക്കുകയും ചെയ്തു. ഇനി അയാളെ കാണില്ലെന്ന് ഉറപ്പു പറഞ്ഞാണ് വീണ്ടും പോയിത്തുടങ്ങിയത്. രണ്ടു മാസത്തോളം കഴിഞ്ഞു ക്ലാസ്സില്ലാത്ത ഒരു ദിവസം അമ്പലത്തിലേക്ക് എന്നു പറഞ്ഞു പോയിട്ട് തിരിച്ചുവന്നില്ല. ബന്ധുക്കളുടേയും കൂട്ടുകാരുടേയുമൊക്കെ വീടുകളില്‍ തിരക്കി. ദിവ്യക്ക് അപ്പോള്‍ ഫോണുണ്ടായിരുന്നില്ല. അതുകൊണ്ട് വിളിച്ചുചോദിക്കാനും വഴിയില്ല. ജയചന്ദ്രന്‍ ജോലി ചെയ്തിരുന്ന ചിറയിന്‍കീഴു നിന്നു രാത്രിയില്‍ കാറുവിളിച്ചു വന്നു തിരക്കാവുന്നിടത്തൊക്കെ തിരക്കി. ഒരു വിവരവും കിട്ടിയില്ല. അടുത്തൊരിടത്ത് വാടകവീട്ടില്‍ താമസിക്കുന്നുണ്ടെന്ന് കുറച്ചു ദിവസം കഴിഞ്ഞു മലയിന്‍കീഴില്‍നിന്നു നിഷ എന്ന കൂട്ടുകാരിയാണ് വിളിച്ചു പറഞ്ഞത്. മകള്‍ സുരക്ഷിതയായിരിക്കുന്നു എന്ന് അറിഞ്ഞതിന്റെ ആശ്വാസത്തില്‍ രാധ സ്ഥലം തിരക്കിച്ചെന്നു കണ്ടു. അതുകഴിഞ്ഞു മൂന്നു മാസം കഴിഞ്ഞാണ് ഒരുച്ചയ്ക്കു തിരിച്ചുവന്നത്. ജയചന്ദ്രനും വീട്ടില്‍ ഉണ്ടായിരുന്നു. ''എന്റെ കൂടെ നിങ്ങളുടെ മകള്‍ പോന്നിട്ടുണ്ടെങ്കില്‍ എന്റെ മരണം വരെ ഞാനവളെ പൊന്നുപോലെ നോക്കും'' എന്നാണ് അന്ന് ദിവ്യയുടെ കുടുംബത്തിന് മനു നല്‍കിയ വാക്ക്. പാവങ്ങള്‍ അതു വിശ്വസിക്കുകയും എന്താ, ഏതാ എന്ന് അറിയാത്ത ഒരാളുടെ കൂടെയുള്ള മകളുടെ ജീവിതം നിസ്സഹായരായി അംഗീകരിക്കുകയും ചെയ്തു. ഒറ്റക്കൊരു വാടക വീട്ടില്‍ താമസിപ്പിച്ചിട്ടു പോകാന്‍ കഴിയാത്തതുകൊണ്ടാണ് ഇവിടെക്കൊണ്ടാക്കുന്നത് എന്നാണ് അന്നു മടങ്ങിയപ്പോള്‍ അയാള്‍ പറഞ്ഞത്. 'പെണ്ണു ചോദിക്കാന്‍' വന്നപ്പോള്‍ പറഞ്ഞതൊക്കെ ആവര്‍ത്തിക്കുകയും ചെയ്തു; അമ്മ ഇപ്പോള്‍ ഇല്ല, ഉണ്ടെങ്കില്‍ അമ്മയുടെ അടുത്താക്കുമായിരുന്നു എന്നും മറ്റും. മീന്‍വണ്ടി ഓടിച്ചുവന്നിരുന്ന മാഹീനെ പരിചയപ്പെടാനും അടുക്കാനും കാരണക്കാരിയായത് ഒരു കൂട്ടുകാരിയാണെന്ന് രാധ പറയുന്നു. ആ കൂട്ടുകാരിയുടെ കല്യാണത്തിനു കുഞ്ഞുമായി പോയപ്പോള്‍ തന്റെ അവസ്ഥ കൂട്ടുകാരിയോടു പറഞ്ഞ് ദിവ്യ കരയുന്നത് രാധ കണ്ടിരുന്നു. അപ്പോഴാണ് മാഹീനുമായി പരിചയപ്പെട്ടതിന്റെ കൂടുതല്‍ കാര്യങ്ങള്‍ അറിഞ്ഞത്. 

ദിവ്യയുടേത് സുഖപ്രസവമായിരുന്നില്ല. ഗര്‍ഭകാലത്തു വേണ്ടവിധം ഭക്ഷണവും ഉറക്കവുമൊന്നും ഉണ്ടാകാതിരുന്നതും കാരണമായി. അമ്മ നിര്‍ബ്ബന്ധിച്ചാലും കഴിക്കില്ല; കഴിക്കാനിരുന്നാല്‍ സങ്കടപ്പെട്ട് എണീറ്റുപോകും. സിസേറിയന്‍ വേണ്ടിവരുമെന്നു പരിശോധിച്ച ഡോക്ടര്‍ നേരത്തെ പറഞ്ഞിരുന്നു. പക്ഷേ, ഹൃദയത്തില്‍ സുഷിരവും രക്തസ്രാവവും ശസ്ത്രക്രിയയ്ക്കു മുന്‍പു കണ്ടെത്തി. അതോടെ അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നു. അതിനുശേഷം സിസേറിയന്‍ ചെയ്തു. മരുന്നിനും മറ്റും വലിയ തുകയാണ് വേണ്ടിവന്നത്. ഗര്‍ഭിണിയായിരുന്നപ്പോള്‍ ഗള്‍ഫിലേക്കെന്നു പറഞ്ഞു പോയ മാഹീന്‍ ആകെ അയച്ചുകൊടുത്തത് ഏഴായിരം രൂപ. പക്ഷേ, മൂന്നുമാസം ആദ്യം ഒന്നിച്ചു താമസിച്ചപ്പോള്‍ത്തന്നെ കൈകളിലും കഴുത്തിലും കാതിലും ഉണ്ടായിരുന്ന സ്വര്‍ണ്ണമൊക്കെ എടുത്തു വിറ്റിരുന്നു. 

അമ്മയേയും കുഞ്ഞിനേയും രക്ഷിക്കാന്‍ കഴിയുമെന്ന് ഉറപ്പില്ല എന്നാണ് ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍മാര്‍ പറഞ്ഞത്. വനിതാ ഡോക്ടര്‍ വ്യക്തിപരമായി വിളിച്ച് ഒരുപാട് ആശ്വസിപ്പിക്കുകയും പ്രാര്‍ത്ഥിക്കാന്‍ പറയുകയും ചെയ്തു. ഏതായാലും അമ്മയേയും കുഞ്ഞിനേയും കിട്ടി. ആ ദിവസങ്ങളില്‍, മകളുടേയും കുഞ്ഞിന്റേയും ജീവനെ ഓര്‍ത്തു പൊട്ടിക്കരഞ്ഞ അതേ കരച്ചിലാണ് ഞങ്ങളോട് അതു പറയുമ്പോഴും രാധ കരഞ്ഞത്. കണ്ടും കേട്ടും നില്‍ക്കാനാകാത്ത വിധം നെഞ്ചുപൊട്ടുന്ന ആ കരച്ചില്‍ മകള്‍ക്കും കുഞ്ഞിനും വേണ്ടി അവര്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഉണ്ടായിരുന്ന വീടും സ്ഥലവും വിറ്റാണ് ഇളയ മകളുടെ കല്യാണം നടത്തിയത്. ചേച്ചിയെ കാണാതായതിലെ വേദനയില്‍ത്തന്നെയാണ് അനിയത്തിയുടേയും ദിവസങ്ങള്‍. ദിവ്യയ്ക്ക് ശസ്ത്രക്രിയ സമയത്ത് വലിയ തുകയ്ക്ക് മരുന്നു വാങ്ങേണ്ടിവന്നപ്പോഴൊക്കെ അനിയത്തിയും ഭര്‍ത്താവുമാണ് സഹായമായത്. 

ഹൃദയശസ്ത്രക്രിയ കൂടി കഴിഞ്ഞതുകൊണ്ട് കുഞ്ഞിനു മുലപ്പാല്‍ കൊടുക്കാന്‍ ദിവ്യയ്ക്കു കഴിയുമായിരുന്നില്ല. വളരെ ശ്രദ്ധിച്ചും കരുതലോടെയുമാണ് മകളേയും കുഞ്ഞിനേയും രാധ പരിചരിച്ചത്. കുഞ്ഞ് കരയുമ്പോള്‍ ഉണക്ക മുന്തിരിയിട്ടു വെള്ളം തിളപ്പിച്ചാറ്റി നാക്കില്‍ വച്ചുകൊടുക്കും, പശുവിന്‍പാല്‍ കൂടുതല്‍ വെള്ളം ചേര്‍ത്തു തിളപ്പിച്ചാറ്റി കൊടുക്കും, ഏത്തപ്പഴം ഉണക്കിപ്പൊടിച്ച് കുറുക്കുണ്ടാക്കി കൊടുക്കും. എപ്പോഴും രാധയുടെ കൈകളിലായിരുന്നു കുഞ്ഞ്. കടയിലൊരു സാധനം വാങ്ങാന്‍ പോയാല്‍പ്പോലും ഒരു കൈത്തണ്ടില്‍ കുഞ്ഞിനെ കിടത്തിയിട്ടുണ്ടാകും. ദിവ്യയുടെ കൂടെ വിട്ടിട്ടു പോയാല്‍ കുഞ്ഞിന്റെ കരച്ചില്‍ സഹിക്കാതെയെങ്ങാനും ഡോക്ടര്‍ പറഞ്ഞതു മറന്ന് അവളെടുത്ത് മുലപ്പാല്‍ കൊടുത്താലോ എന്ന കരുതല്‍. 

ഗൗരി

മനു മാഹീനായ കഥ 

രാധയുടെ കുടുംബത്തില്‍ ആദ്യമുണ്ടായ പെണ്‍കുട്ടി ആയതുകൊണ്ട് എല്ലാവര്‍ക്കും ദിവ്യയെ ഇഷ്ടമായിരുന്നു. മോള്‍ മിടുക്കിയായിരുന്നുതാനും. രാധയുടെ സഹോദരന്മാര്‍ക്കു ജീവന്‍. അവള്‍ കുട്ടിയായിരിക്കുമ്പോള്‍ രാധയുടെ മൂത്ത സഹോദരനു പത്തു പതിനഞ്ചു പശുക്കളുണ്ടായിരുന്നു. രാവിലെ ആദ്യം പാല്‍ കറന്ന് മോള്‍ക്കു കാച്ചിക്കൊടുത്തു കുടിപ്പിക്കുന്നതായിരുന്നു അണ്ണന്റെ സന്തോഷം. ദിവ്യ വളര്‍ന്നപ്പോള്‍ വാത്സല്യം കൂടിവന്നു. ആരോടും മുഖം മുഷിഞ്ഞു സംസാരിക്കില്ല. ഈ പ്രസരിപ്പും ഭംഗിയും കണ്ട് 18 വയസ്സായപ്പോള്‍ത്തന്നെ നിരവധി വിവാഹാലോചനകളും വന്നിരുന്നു. മകള്‍ സ്വയം തെരഞ്ഞെടുത്ത ജീവിതത്തില്‍ സംഭവിച്ച ദുരന്തത്തില്‍ ദു:ഖിതരായിട്ടും അവളെ വിഷമിപ്പിക്കാതെ അമ്മയും അച്ഛനും കൂടെ നിന്നു. ഒരു ബുദ്ധിമുട്ടും വരാതെ നോക്കി. വിവരങ്ങളൊന്നും അറിയിക്കുകയോ അന്വേഷിക്കുകയോ ചെയ്യാത്ത മാഹീനെക്കുറിച്ച് ഓര്‍ത്ത് സങ്കടപ്പെടുമ്പോള്‍ കൂടെ ആ അമ്മയും അച്ഛനും ഉരുകി. മറ്റൊരു നല്ല ജീവിതം കിട്ടാതിരിക്കില്ല എന്ന് ദിവ്യയ്ക്കു പ്രത്യാശ നല്‍കിക്കൊണ്ടിരിക്കുകയും ചെയ്തു. മകളുടെ ജീവിതം പ്രതീക്ഷിക്കാത്ത വിധം മാറിപ്പോയതിന്റെ പേരില്‍ സ്വന്തം കുടുംബത്തില്‍ എല്ലാവരുടേയും മുന്നില്‍ താന്‍ ഒറ്റപ്പെട്ടുപോയ അനുഭവം പറയുമ്പോഴും രാധയ്ക്ക് കരച്ചിലടക്കാന്‍ കഴിയുന്നില്ല. പക്ഷേ, ആ ഒറ്റപ്പെടലിന്റെയൊന്നും പേരില്‍ മകളെ തള്ളിപ്പറഞ്ഞുമില്ല. 

കുഞ്ഞിന് ഒന്നര വയസ്സുള്ളപ്പോള്‍ ഗള്‍ഫില്‍നിന്നു തിരിച്ചുവന്ന 'മനു' നാട്ടിലെത്തി; ദിവസങ്ങള്‍ കഴിഞ്ഞ് ദിവ്യയുടെ വീട്ടില്‍ വന്നു. അടുത്ത ദിവസം കുളിക്കാന്‍ കയറിയപ്പോള്‍ ഫോണ്‍ ബെല്ലടിച്ചു. ദിവ്യ അതെടുത്തപ്പോള്‍ ഒരു സ്ത്രീയാണ്. ഇത് മാഹീന്റെ ഫോണല്ലേ എന്നു ചോദിച്ചു. മാഹീനോ എന്നു ചോദിച്ചപ്പോള്‍, അതെ, മാഹീന്‍, ഞാന്‍ മാഹീന്റെ ഭാര്യയാണ് എന്നായിരുന്നു മറുപടി. ഫോണുമായി കുളിമുറിക്കു പുറത്തു ചെന്ന്, മനുവണ്ണാ, ഫോണിലാരോ മാഹീനെ അന്വേഷിക്കുന്നു എന്നു പറഞ്ഞപ്പോള്‍ വേഗം തല തോര്‍ത്തി ഇറങ്ങിവന്നു ഫോണ്‍ വാങ്ങി. അയാള്‍ പതുക്കെ എന്തോ സംസാരിക്കുന്നതിനിടെ ദിവ്യ ഫോണ്‍ പിടിച്ചുവാങ്ങി സംസാരിച്ചു. നിങ്ങളുടെ ഭര്‍ത്താവ് മാഹീനാണ് ഇതെങ്കില്‍ നിങ്ങള്‍ ഇങ്ങോട്ടു വരണം എന്നു പറഞ്ഞു. വരാം എന്നു പറഞ്ഞെങ്കിലും കുറേക്കഴിഞ്ഞു വന്നത് ബൈക്കില്‍ അഞ്ചാറ് പുരുഷന്മാരാണ്. ഇവരൊക്കെ ആരാണെന്ന് ദിവ്യ ചോദിച്ചപ്പോള്‍ അളിയനാണ്, അളിയന്റെ അനിയനാണ് എന്നൊക്കെ പറഞ്ഞു. ഞങ്ങള്‍ മാഹീനെ കൊണ്ടുപോകാനാണ് വന്നതെന്നാണ് അവര്‍ പറഞ്ഞത്. നിനക്കു പോണോടാ എന്ന് ദിവ്യ ചോദിച്ചു. മനുവണ്ണാ എന്നല്ലാതെ ആദ്യമായാണ് അയാളെ എടാ എന്നു വിളിച്ചുകേട്ടത്. അത്രയ്ക്കുണ്ടായിരുന്നു സങ്കടവും ചതിക്കപ്പെട്ടതിന്റെ ദേഷ്യവും. ''നീ എന്നെ പറഞ്ഞു പറ്റിക്കുകയായിരുന്നു'' അല്ലേ എന്നും ചോദിച്ചു. ആ ബഹളം കേട്ടാണ് അയല്‍ക്കാര്‍ കൂടിയതും ചതി മനസ്സിലാക്കിയ അവര്‍ തന്നെ പൊലീസിനെ വിളിച്ചതും. സ്റ്റേഷനില്‍നിന്നു തിരിച്ചുവന്നു കുറേക്കഴിഞ്ഞപ്പോള്‍ രണ്ടു ബൈക്കിലായി മൂന്നുപേര്‍ വന്നു. എസ്.ഐ വിളിക്കുന്നു എന്നാണ് പറഞ്ഞത്. ശരിയായിരിക്കും എന്നു വിശ്വസിച്ച് അയാള്‍ പോകാന്‍ അവര്‍ സമ്മതിച്ചു. സഹോദരി മാത്രമേ ഉള്ളൂ എന്നു പറഞ്ഞത് മാത്രമല്ല, അമ്മ മരിച്ചു എന്നു പറഞ്ഞതും നുണയായിരുന്നു എന്നും അന്നു വ്യക്തമായി. സ്വന്തം അമ്മ ജീവിച്ചിരിക്കെ ഒരു പെണ്ണിനെ ചതിക്കാന്‍ വേണ്ടി അമ്മ ഇല്ല എന്നു പറഞ്ഞവനാണ്; അവനെയാണ് എന്റെ മകള്‍ വിശ്വസിച്ച് ജീവിതം ഇല്ലാതാക്കിയത്- രാധ പറയുന്നു.

രാത്രിയായിട്ടും കാണാതെ ദിവ്യ കരഞ്ഞപ്പോഴും ആശ്വസിപ്പിക്കാനല്ലാതെ ഒന്നും കഴിഞ്ഞില്ല. പിറ്റേന്ന് അയാള്‍ വിളിച്ചു പറഞ്ഞത് താന്‍ ഗള്‍ഫിലേക്കു മടങ്ങുന്നു എന്നാണ്. എന്തിനാണെന്നെ ഇങ്ങനെ പറഞ്ഞു പറ്റിച്ചത് എന്ന് അവള്‍ കരഞ്ഞു ചോദിച്ചു. മറുപടി ഉണ്ടായിരുന്നില്ല. കുട്ടിക്ക് രണ്ടര വയസ്സുള്ളപ്പോള്‍ വന്നു കൂട്ടിക്കൊണ്ടുപോയപ്പോള്‍ രാധ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഓണക്കാലമായിരുന്നു. വീട്ടിലേക്കു സാധനങ്ങള്‍ വാങ്ങുന്നതിനു പണം കൊടുക്കാന്‍ ജയചന്ദ്രന്‍ വിളിച്ചതനുസരിച്ച് ചിറയിന്‍കീഴില്‍ പോയിരുന്നു. വീടു വിറ്റ പണത്തില്‍നിന്നു ബാക്കി വന്നതു കുറച്ചു സ്ഥലം വാങ്ങാന്‍ തികയാത്തതുകൊണ്ട് ജയചന്ദ്രനു വിശ്വാസമുള്ള കരാറുകാരനെ ഏല്പിച്ചിരുന്നു. ഇടയ്ക്കിടെ അദ്ദേഹവും അതിന്റെ പലിശയായോ ലാഭവിഹിതമായോ കണക്കാക്കാവുന്ന കൊച്ചുതുകകള്‍ ജയചന്ദ്രനു നല്‍കുമായിരുന്നു. അതും അതേപടി രാധയേയാണ് ഏല്പിക്കുക. അതുകൂടി വാങ്ങാന്‍ നീ വരുന്നതാണ് നല്ലതെന്നു പറഞ്ഞതനുസരിച്ചാണ് പോയത്. പക്ഷേ, തിരിച്ചുവന്നപ്പോള്‍ മകളും കുഞ്ഞുമില്ല. എവിടെപ്പോകുമ്പോഴും കുഞ്ഞിനേയും കൊണ്ടുപോകുന്ന രാധ അന്നും കുഞ്ഞിനെ കൊണ്ടുപോകും എന്നു കരുതി ദിവ്യ കുളിപ്പിച്ച് ഒരുക്കിയിരുന്നു. ഇറങ്ങാന്‍ നേരം നോക്കുമ്പോള്‍ കുഞ്ഞ് ദിവ്യയുടെ കയ്യിലിരുന്ന് ഉറങ്ങുന്നു. അതുകൊണ്ടാണ് കൊണ്ടുപോകാതിരുന്നത്. അതും അന്നുമുതല്‍ ഓര്‍മ്മയില്‍ വലിയ വേദനയായി. 

അവര്‍ എവിടെ? 

ഇളയ മകളും ഭര്‍ത്താവും കല്ലമ്പലത്തു ഡോക്ടറെ കാണാന്‍ പോയവഴി വീട്ടില്‍ വന്നിരുന്നു. അവര്‍ ചെല്ലുമ്പോള്‍ മാഹീനുണ്ട്. മനു അണ്ണന്‍ വന്നോ എന്ന് അനിയത്തി ചോദിച്ചു, അതിനു ദിവ്യ സന്തോഷത്തോടെ മറുപടിയും പറഞ്ഞു. ഒന്നിച്ചു ചോറുണ്ണാന്‍ അനിയത്തി വിളിച്ചപ്പോള്‍ ഞാനും മനു അണ്ണനും കഴിച്ചു, നിങ്ങള്‍ കഴിക്ക് എന്നു പറഞ്ഞതും അതേ സന്തോഷത്തോടെ. അതിനിടെ മോള്‍ ഉണര്‍ന്നപ്പോള്‍ വീടുമുഴുവന്‍ അമ്മൂമ്മയെ നോക്കി നടന്നു കരച്ചിലായി. അനിയത്തി കൊണ്ടുവന്ന പലഹാരമെന്തോ കയ്യില്‍ കൊടുത്തു. കരച്ചില്‍ നിര്‍ത്തിയ കുഞ്ഞിനെയുമെടുത്ത്, ഞങ്ങള്‍ പോവുകയാണ് എന്നു പറഞ്ഞു ദിവ്യ. എവിടെപ്പോകുന്നു എന്നു ചോദിച്ചപ്പോള്‍, അതു നിന്റടുത്തു പറയണോ എന്നും ഞാനെന്റെ ഭര്‍ത്താവിന്റെ കൂടെയാണു പോകുന്നതെന്നും കളി പറഞ്ഞു. മനു അണ്ണന്‍ ഞങ്ങളെ ഊരൂട്ടമ്പലം വരെ കൊണ്ടുപോകും, എന്നിട്ട് അമ്മ വരുമ്പോഴേയ്ക്കും ഞങ്ങളും അമ്മയും കൂടി തിരിച്ചുവരും എന്നാണ് മാഹീന്‍ ബൈക്ക് എടുക്കുമ്പോഴേയ്ക്കും ദിവ്യ പറഞ്ഞത്. ഉടനെതന്നെ ബൈക്കില്‍ കയറി പോവുകയും ചെയ്തു. അമ്മ വന്നോളാം, ചേച്ചി പോയിട്ടു വേഗം വാ എന്ന് അനിയത്തി പറഞ്ഞു. മനു അണ്ണന്റെ കൂടെയല്ലേ എന്ന വിശ്വാസമാണ് അപ്പോഴും ദിവ്യ ആവര്‍ത്തിച്ചത്. 

തിരിച്ചു സന്ധ്യയോടെ എത്തിയ രാധ ദിവ്യയേയും മകളേയും കാണാതെ വിഷമിച്ചു. രണ്ടു തവണ മാഹീന്റെ ഫോണില്‍ വിളിച്ചിട്ടും എടുത്തില്ല. ഞങ്ങള്‍ വേളാങ്കണ്ണിക്കു പൊയ്ക്കൊണ്ടിരിക്കുകയാണെന്നും അവള്‍ കുഞ്ഞിനു പാല്‍ വാങ്ങി കൊടുത്തുകൊണ്ടിരിക്കുകയാണെന്നും മൂന്നാമത്തെ തവണ ഫോണെടുത്ത് അയാള്‍ പറഞ്ഞു; താന്‍ കടയ്ക്കു പുറത്തേയ്ക്ക് ഇറങ്ങിയതാണെന്നും പറഞ്ഞു. കുറച്ചു കഴിഞ്ഞു വീണ്ടും വിളിച്ചപ്പോള്‍ കളിയിക്കാവിള കഴിഞ്ഞു എന്നു പറഞ്ഞു. ദിവ്യ കുഞ്ഞിനു പാല്‍ വാങ്ങി കൊടുക്കുകയാണെന്ന് ആവര്‍ത്തിച്ചപ്പോള്‍ സംശയം തോന്നി. ഫോണ്‍ അവളുടെ കയ്യില്‍ കൊടുക്കാന്‍ പറഞ്ഞെങ്കിലും കൊടുത്തില്ല. എന്റെ കൊച്ചിനെ ഇപ്പോഴെനിക്കു കാണണം എന്നു പറഞ്ഞു. ഇപ്പോള്‍ കാണാന്‍ പറ്റില്ല, വേളാങ്കണ്ണിയില്‍ പോയിട്ടു രണ്ടു ദിവസം കഴിഞ്ഞു വരും എന്നായിരുന്നു മറുപടി. ഇപ്പോഴെന്താ പെട്ടെന്ന് വേളാങ്കണ്ണിക്കു പോകുന്നത് എന്നു രാധ സംശയം പ്രകടിപ്പിച്ചു. അവിടെ സ്ഥലങ്ങളൊക്കെ കാണണമെന്ന് ദിവ്യ പറഞ്ഞെന്നും ഓണമല്ലേ എന്നും മാഹീന്‍ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. കുഞ്ഞ് എന്നെ കാണാതെ കരയും, നീ അവളുടെ കയ്യില്‍ ഫോണ്‍ കൊടുക്കെടാ എന്നു പറഞ്ഞപ്പോള്‍ കട്ടു ചെയ്തു. പിന്നെ വിളിച്ചപ്പോഴൊക്കെ സ്വിച്ചോഫ്. മൂന്നു ദിവസമായിട്ടും വിവരമൊന്നുമില്ല. മൂന്നാം ദിവസം ജയചന്ദ്രനെ വിളിച്ചു നടന്ന കാര്യങ്ങള്‍ പറഞ്ഞു. ജയചന്ദ്രന്‍ വേഗം എത്തി. രണ്ടുപേരും കൂടി മാറനെല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ പോയി പരാതി കൊടുത്തെങ്കിലും അവര്‍ സ്വീകരിച്ചില്ല. മാഹീന്റെ നാടായ പൂവാര്‍ സ്റ്റേഷനില്‍ കൊടുക്കണം എന്നാണ് പറഞ്ഞത്. എന്നിട്ട് പരാതിയില്‍ മാഹീന്റെ പേരു കണ്ട്, 'ഇവനാരെടേയ്' എന്നു പൊലീസുകാര്‍ പരസ്പരം ചോദിച്ചു. പരാതിയുമായി ചെന്നവരോട് ഒരുതരം പുച്ഛംപോലെ. പാവപ്പെട്ടവര്‍ ചെന്നാല്‍ പൊലീസുകാര്‍ ഇങ്ങനെ തന്നെയായിരിക്കും എന്ന് അപ്പോള്‍ ഓര്‍ത്തുവെന്ന് രാധ പറയുന്നു. പൂവാര്‍ സ്റ്റേഷനില്‍ച്ചെന്നു കുറേ കഴിഞ്ഞപ്പോള്‍ എസ്.ഐ വന്നു. മാഹീന്‍ വന്നു മകളേയും കുഞ്ഞിനേയും കൊണ്ടുപോയതും മൂന്നു ദിവസമായി വിവരമില്ലാത്തതുമൊക്കെ വിശദമായി അദ്ദേഹത്തോടു പറഞ്ഞു. ഇവിടെ അഞ്ചാറു മാഹീനുണ്ട്, ഇതിലാരാണെന്ന് എങ്ങനെ അറിയും എന്ന് എസ്.ഐ ചോദിച്ചു. 'മമ്മൂട്ടി മാഹീന്‍' എന്നാണ് വിളിക്കുന്നതെന്ന് രാധ പറഞ്ഞുകൊടുത്തു. ഏതായാലും ഞങ്ങള്‍ അന്വേഷിക്കട്ടെ, നിങ്ങളുടെ കണ്ണില്‍ കണ്ടാല്‍ ഞങ്ങളെ വിളിച്ചുപറയണം എന്നു പറഞ്ഞ് എസ്.ഐ ആശ്വസിപ്പിച്ചു. ''എന്റെ കണ്ണീരുപോലെ അവനെ ദൈവം കാട്ടിത്തന്നു. പക്ഷേ, പൊലീസുകാരുടെ താല്പര്യക്കുറവുകൊണ്ട് അവന്‍ രക്ഷപ്പെട്ടു'' എന്ന് രാധ. സ്റ്റേഷനില്‍നിന്ന് ഇറങ്ങിയപ്പോള്‍ത്തന്നെ ഓട്ടോയുമായി മാഹീനെ വഴിയില്‍ കണ്ട അവര്‍ പൊലീസുകാരെ അറിയിച്ചു. അവര്‍ അപ്പോള്‍ത്തന്നെ പിടിച്ച് ഓട്ടോയുമായി സ്റ്റേഷനില്‍ എത്തിച്ചു. സ്റ്റേഷനില്‍ ചെന്നു വൈകാതെ മാഹീന്റേയും പൊലീസുകാരുടേയും പെരുമാറ്റത്തില്‍നിന്ന് അവനെ പൊലീസുകാര്‍ക്ക് അറിയാമെന്നു മനസ്സിലായി. പൊലീസുകാര്‍ ആരോ വിളിച്ചു പറഞ്ഞിട്ട് മാഹീന്റെ വാപ്പയും കൂടെ ഒരു പാര്‍ട്ടിക്കാരനും വന്നു. ഏതു പാര്‍ട്ടിയാണ് എന്നൊന്നും അറിയില്ല. പിന്നാലെ മാഹീന്റെ ഭാര്യയും എത്തി. കാര്യങ്ങള്‍ പൊലീസ് പറഞ്ഞപ്പോള്‍ മാഹീന്റെ വാപ്പ വലിയ വര്‍ത്തമാനമൊക്കെ പറഞ്ഞു: ''എന്റെ മകന്‍ നിങ്ങളുടെ മകളെ കൊണ്ടുവന്നിട്ടുണ്ടെങ്കില്‍ ഞാന്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നെങ്കില്‍ അര ഗ്ലാസ് വെള്ളമെങ്കിലും അവള്‍ കുടിച്ചിരിക്കും. അതിന്റെ പേരില്‍ കരയണ്ട.'' അപ്പോഴാണ്, ''സാറേ, ഇതിനു മുന്‍പ് കടപ്പുറത്തുള്ള ഒരു പെണ്ണിനെ ഇതുപോലെ സ്‌നേഹിച്ചിട്ട്, ആ പെണ്ണ് ഇയാളുടെ മുന്നില്‍ വെച്ച് വണ്ടി കയറി മരിച്ചതാണ്'' എന്നു ഭാര്യ പറയുന്നത്. വാപ്പ അപ്പോള്‍ അവരുടെ ചുമലില്‍ തട്ടിയിട്ട് മിണ്ടാതിരിക്കാന്‍ പറഞ്ഞു. എസ്.ഐ വാപ്പയേയും മനുവിനേയും മാറിമാറി ഒന്നു നോക്കുക മാത്രം ചെയ്തു. ദിവ്യയും കുഞ്ഞും എവിടെ എന്നു ചോദിച്ചപ്പോള്‍ വേളാങ്കണ്ണിയില്‍ കൂട്ടുകാരന്റെ വീട്ടിലുണ്ട് എന്നാണ് പൊലീസിനോടും മാഹീന്‍ പറഞ്ഞത്. മൂന്നു ദിവസത്തിനകം ഹാജരാക്കാമെന്നു പറഞ്ഞപ്പോള്‍ ബാപ്പയുടേയും പാര്‍ട്ടിക്കാരന്റേയും സാന്നിധ്യത്തില്‍ അത് എഴുതി വയ്പിക്കുക മാത്രമാണ് എസ്.ഐ ചെയ്തത്. അയാളെ കസ്റ്റഡിയിലെടുക്കുകയോ പോയി കൂട്ടിക്കൊണ്ടുവരാന്‍ പറഞ്ഞു പൊലീസുകാരെക്കൂട്ടി വിടുകയോ ചെയ്തില്ല. വേളാങ്കണ്ണിയില്‍ കൊണ്ടാക്കിയതെന്തിനാണെന്നോ എപ്പോഴാണ് നീ തിരിച്ചുവന്നതെന്നോ ഒന്നും ചോദിച്ചില്ല. പൊലീസും മാഹീനുമെല്ലാം ചേര്‍ന്നു ഫലത്തില്‍ ആ അമ്മയേയും അച്ഛനേയും വിഡ്ഢികളാക്കുകയായിരുന്നു. തിരിച്ചു വീട്ടിലെത്തിയ ശേഷം അന്നു രാത്രിയില്‍ മാഹീന്‍ രാധയുടെ ഫോണില്‍ വിളിച്ചിട്ട് ഇന്നു രാത്രി നിങ്ങള്‍ മാത്രം പൂവാറില്‍ വന്നാല്‍ മകളെ കാണിക്കാം എന്നു പറഞ്ഞു. പൊലീസിനോട് പറഞ്ഞതുപോലെ നീ മൂന്നാം ദിവസം കൊണ്ടുവന്നാല്‍ മതി എന്ന് ജയചന്ദ്രന്‍ മറുപടിയും കൊടുത്തു. എങ്കില്‍ പൊലീസുകാര് നിങ്ങളുടെ മകളെ കണ്ടുപിടിച്ചതുതന്നെ എന്നായിരുന്നു പ്രതികരണം. ഇതൊക്കെ പൊലീസിനോടു പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. പൊലീസുകാര്‍ കൂടെയുണ്ട് എന്ന തന്റേടമില്ലെങ്കില്‍ അങ്ങനെ പറയില്ല എന്ന് രാധ ഉറച്ചു വിശ്വസിക്കുന്നു; മണലൂറ്റുന്ന സംഘത്തില്‍പ്പെട്ട ആളായതുകൊണ്ട് പൊലീസിലെ ചിലരുമായുള്ള ബന്ധവും സ്വാധീനവും അയാളെ രക്ഷപ്പെടുത്തി എന്നും. മൂന്നാം ദിവസം രാവിലെ തന്നെ പൂവാര്‍ സ്റ്റേഷനില്‍ എത്തിയ അവരെ വൈകുന്നേരം വരെ അവിടിരുത്തി. എസ്.ഐ ഇല്ല എന്നാണ് പറഞ്ഞത്. പച്ചവെള്ളം പോലും കുടിക്കാതെ അവര്‍ പ്രതീക്ഷയോടെ ഇരുന്നു. പക്ഷേ, വൈകിട്ടായപ്പോള്‍ പൊലീസുകാര്‍ പറഞ്ഞത് ഇന്ന് ഇനി എസ്.ഐ വരില്ല, പോയിട്ടു നാളെ വരാനാണ്. സ്റ്റാന്റില്‍ ചെന്നപ്പോള്‍ കാട്ടാക്കടയ്ക്കുള്ള അവസാന ബസും പോയി. നടക്കാമെന്നു തീരുമാനിച്ചു. പൂവാറില്‍നിന്ന് മൂലക്കോണം വരെ പത്തിരുപത്തിയഞ്ചു കിലോമീറ്റര്‍ ദൂരമത്രയും ആ രാത്രി അവര്‍ നടന്നു; വിശപ്പും ദാഹവും മനസ്സിന്റെ വിങ്ങലും സഹിച്ചു നടന്നു. ഒരാഴ്ച അങ്ങനെ പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങി. പൊലീസിന് ദിവ്യയുടേയും കുഞ്ഞിന്റേയും കേസില്‍ ഒരു താല്പര്യവും കണ്ടില്ല. അതിനിടയില്‍ മാഹീന്റെ ഓട്ടോ വരെ വിട്ടുകൊടുത്തു. അടുത്ത ദിവസങ്ങളില്‍ത്തന്നെ നെടുമങ്ങാട്ടും നെയ്യാറ്റിന്‍കരയിലും പോയി എസ്.പിക്കു പരാതി കൊടുത്തു. പക്ഷേ, കൊടുത്ത പരാതികളിലൊന്നും തുടര്‍ നടപടി ഉണ്ടായില്ല. ഇടയ്ക്ക് ദിവ്യയുടെ കുഞ്ഞ് അവിടെയുണ്ട് ഇവിടെയുണ്ട് എന്നൊക്കെ പറയും. നിരവധി ബാലഭവനുകളിലും മറ്റും രാധയും ജയചന്ദ്രനും പൊലീസിന്റെ കൂടെ പോയി. ഫലമുണ്ടായില്ല.

പൊലീസിനു നൽകിയ പരാതി

പ്രതീക്ഷയാണ് ജീവിതം 

ഇടയ്ക്കു മാറനെല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് ക്രൈംബ്രാഞ്ചിനെ ഏല്പിച്ചുവെന്നു പറഞ്ഞത്. ക്രൈംബ്രാഞ്ചിലെ ഒരു പൊലീസുകാരന്‍ കേസിന്റെ കാര്യത്തിനെന്നു പറഞ്ഞു പലവട്ടം പണം വാങ്ങിയെന്ന് രാധ പറയുന്നു. ദിവ്യയേയും കുഞ്ഞിനേയും കുറിച്ചു പത്രങ്ങളില്‍ പരസ്യം നല്‍കാന്‍ എന്നു പറഞ്ഞ് ഉള്‍പ്പെടെയാണ് വാങ്ങിയത്. പക്ഷേ, പത്രത്തിലൊന്നും വന്നതായി അറിയില്ല. പൊലീസ് രാധയേയും ജയചന്ദ്രനേയും കൂട്ടി വേളാങ്കണ്ണിയില്‍ പോയി. മാഹീന്‍ പറഞ്ഞ കൂട്ടുകാരന് അങ്ങനെയൊരു സംഭവത്തെക്കുറിച്ച് അറിയില്ലെന്നു പറഞ്ഞു. ഈ യാത്രയുടെയൊക്കെ ചെലവ് അവരെക്കൊണ്ടാണ് എടുപ്പിച്ചത്. മാഹീന്‍ ഇപ്പോഴും പൂവാറിലുണ്ട്; സ്വസ്ഥമായി ജീവിക്കുന്നു. ദിവ്യയും കുഞ്ഞും ജീവനോടെ ഉണ്ടോ, ഉണ്ടെങ്കില്‍ എവിടെ എന്നൊന്നും ഒരു വിവരവുമില്ല. 2019-ല്‍ മലയിന്‍കീഴില്‍ വെച്ച് മറ്റൊരു കേസില്‍ മാഹീനെ പൊലീസ് പിടിച്ചപ്പോഴാണ് പഴയ കേസ് അറിയാവുന്ന ഏതോ പൊലീസുദ്യോഗസ്ഥന്‍ അക്കാര്യം ഓര്‍മ്മിച്ചത്. പഴയ ഫയലുകള്‍ തപ്പിയെടുക്കുകയും ചെയ്തു. അതില്‍നിന്ന് രാധയുടെ നമ്പര്‍ കിട്ടി. മാറനല്ലൂര്‍ പൊലീസ് വിളിച്ചപ്പോള്‍ രാധയും ഇളയ മകളും കൂടി ചെന്നു. മാഹീന്‍ കസ്റ്റഡിയിലുണ്ടായിരുന്നു. പൊലീസ് അയാളെ അവരുടെ അടുത്തു കൊണ്ടുവന്നു. അയ്യോ, അമ്മാ മനു അണ്ണന്‍ എന്ന് അനിയത്തി പറഞ്ഞെങ്കിലും അവരെ തനിക്ക് അറിയില്ല എന്നായിരുന്നു മാഹീന്‍ ആദ്യം പറഞ്ഞത്, പിന്നെ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ അറിയാമെന്നു സമ്മതിച്ചു. മുഖത്തു നോക്കാതെ നിന്ന അവനോട് മുഖത്തു നോക്കാനും ഈ അമ്മയോടു സമാധാനം പറയാനുമൊക്കെ എസ്.ഐ പറഞ്ഞു. ഒരു പ്രതികരണവും ഉണ്ടായില്ല. സംഭവദിവസവും അടുത്ത ദിവസങ്ങളിലും മാഹീന്‍ പൂവാറില്‍ത്തന്നെ ഉണ്ടായിരുന്നു എന്നാണ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ മനസ്സിലായത്. അവിടെ അന്വേഷണം നിലച്ചെങ്കിലും എസ്.ഐയുടെ നിര്‍ദ്ദേശപ്രകാരം റൂറല്‍ പൊലീസ് മേധാവിക്കു വീണ്ടും പരാതി കൊടുത്തു. അതിനുശേഷം അന്വേഷണത്തില്‍ ഒരു ചലനമുണ്ടായിട്ടുണ്ട് എന്ന പ്രതീക്ഷയിലാണ് രാധ. രാധയോടു റൂറല്‍ എസ്.പി വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അതിനുശേഷമാണ് പ്രത്യേകസംഘം രൂപീകരിച്ചത്. ഇതുവരെ തന്റെ മുന്നില്‍ ഇങ്ങനെയൊരു കേസ് എത്തിയിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ആരോ മാഹീനുവേണ്ടി ഇടപെടുകയും പരാതികള്‍ എത്തേണ്ടിടത്ത് എത്താതെ തടയുകയും ചെയ്തു എന്നുതന്നെ രാധ വിശ്വസിക്കുന്നു. രണ്ടു മാസത്തിനകം അന്വേഷണത്തിനു ഫലം ഉണ്ടാക്കുമെന്നാണ് എസ്.പി നല്‍കിയിരിക്കുന്ന ഉറപ്പ്. 

പണിചെയ്യുകയായിരുന്ന ചിറയിന്‍കീഴിലെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്നു വീണ് ജയചന്ദ്രനു ഗുരുതര പരിക്കുപറ്റി. മകളെ കാണാത്ത ദു:ഖത്തെക്കുറിച്ചും രാധയുടെ സങ്കടത്തെക്കുറിച്ചും പറഞ്ഞു സ്വയം പിന്നിലേക്ക് ആഞ്ഞ് താഴെ കല്‍ക്കൂട്ടത്തിലേക്കു വീഴുകയായിരുന്നു. മൂന്നു വര്‍ഷത്തിലധികം ആശുപത്രിയിലും വീട്ടിലുമായി കിടന്നു. അതിനുശേഷവും മകളെ കണ്ടെത്താനുള്ള ശ്രമങ്ങളിലായിരുന്നു. മോള്‍ എവിടെങ്കിലും ഉണ്ടെങ്കില്‍ അച്ഛന്‍ മരിച്ചെന്ന് അറിഞ്ഞിട്ടെങ്കിലും വന്നാല്‍ രാധയ്ക്കു കാണാമല്ലോ എന്ന് ഇടയ്ക്കു സുഹൃത്തുക്കളോടു പറയുമായിരുന്നു. ജയചന്ദ്രനും പോയതോടെ കൂടുതല്‍ ഒറ്റപ്പെട്ടതായി രാധയുടെ ജീവിതം. 2011 ആഗസ്റ്റ്- സെപ്റ്റംബര്‍ മുതല്‍ നല്‍കിയ പരാതികളുടെ പകര്‍പ്പുകളും മകളുടേയും കുഞ്ഞിന്റേയും ഫോട്ടോകളും ദിവ്യയുടെ എസ്.എസ്.എല്‍സി സര്‍ട്ടിഫിക്കറ്റും തനിക്കും കുഞ്ഞിനും എന്തെങ്കിലും സംഭവിച്ചാല്‍ അതിന് മനു അണ്ണനായിരിക്കും ഉത്തരവാദി എന്നു മകള്‍ നോട്ടുബുക്കില്‍ എഴുതിവച്ചിരുന്ന കുറിപ്പുമൊക്കെയുണ്ട് രാധയുടെ കയ്യില്‍. അത് ഓരോന്നും നിധിപോലെ ചിലപ്പോള്‍ അവര്‍ക്കു പ്രതീക്ഷ നല്‍കുകയും മറ്റു ചിലപ്പോള്‍ തീക്കനല്‍പോലെ പൊള്ളിക്കുകയും ചെയ്യുന്നു.

ഈ റിപ്പോർട്ട് കൂടി വായിക്കൂ

കയ്യില്‍ കിട്ടിയാല്‍ തരിപ്പു തീര്‍ക്കുന്ന പ്രാകൃത പെരുമാറ്റം; 'ജനമൈത്രി' മുഖംമൂടി അണിഞ്ഞ് നില്‍ക്കുന്ന പൊലീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ