കയ്യില്‍ കിട്ടിയാല്‍ തരിപ്പു തീര്‍ക്കുന്ന പ്രാകൃത പെരുമാറ്റം; 'ജനമൈത്രി' മുഖംമൂടി അണിഞ്ഞ് നില്‍ക്കുന്ന പൊലീസ്

By പി.എസ്. റംഷാദ്   |   Published: 11th November 2022 02:48 PM  |  

Last Updated: 11th November 2022 02:48 PM  |   A+A-   |  

police

 

പൊലീസ് അതിക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നവര്‍ക്ക് കഴിയുന്നില്ല. പൊലീസിന്റെ മതിപ്പും വിശ്വാസവും തകര്‍ത്ത ഒറ്റപ്പെട്ട സംഭവമായി കിളികൊല്ലൂര്‍ സംഭവത്തെ സി.പി.എം വ്യാഖ്യാനിക്കുമ്പോള്‍ ആഭ്യന്തരവകുപ്പും പൊലീസ് മേധാവിയും മുഖ്യമന്ത്രിയും തികഞ്ഞ പരാജയമാണെന്ന് ആവര്‍ത്തിച്ചു തെളിയിച്ചിരിക്കുന്നു. ആറാം വര്‍ഷത്തിലും പിണറായി വിജയന്‍ ദുര്‍ബ്ബലനായ പൊലീസ് മന്ത്രിയായി നില്‍ക്കുന്നു. 2016- 2021 കാലയളവിലെ സര്‍ക്കാരിന്റെ ആദ്യ രണ്ടു വര്‍ഷത്തിലധികം നിരവധി സ്റ്റേഷനുകളിലും പുറത്തും പൊലീസിലെ ക്രിമിനലുകളുടെ വിളയാട്ടമായിരുന്നു. അന്നും അതു നിയന്ത്രിക്കാന്‍ പൊലീസിന്റെ തലപ്പത്തു കഴിയുന്നുണ്ടായിരുന്നില്ല. 

കൊല്ലം കിളികൊല്ലൂരില്‍ സഹോദരങ്ങളെ മര്‍ദ്ദിച്ചതാണ് ഒടുവിലത്തെ സംഭവം. സ്ഥലംമാറ്റവും സസ്പെന്‍ഷനും കേസും പ്രതിഷേധവുമൊക്കെയായി. അവര്‍ പൊലീസ് സ്റ്റേഷനില്‍ വെച്ച് എ.എസ്.ഐയെ ക്രൂരമായി മര്‍ദ്ദിച്ചെന്നും അതിന്റെ സ്വാഭാവിക പ്രതികരണമാണ് തിരിച്ച് ഉണ്ടായതെന്നുമാണ് പൊലീസ് പറയുന്നത്. അതു തെളിയിക്കാന്‍ സ്റ്റേഷനുള്ളിലെ സി.സി.ടി.വി ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നു. അതല്ല, എ.എസ്.ഐക്ക് അടി കിട്ടി എന്നുതന്നെ സമ്മതിക്കുക. അവര്‍ക്കെതിരെ കേസെടുത്ത് തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുകയാണ് പൊലീസിന്റെ ചുമതല. 

ഇതാണ് നയമെങ്കില്‍ കൊലക്കേസ് പ്രതിയെ സ്റ്റേഷനിലെത്തിച്ച് തല്ലിക്കൊല്ലുകയാകാമല്ലോ ചെയ്യുക എന്ന സംശയം ഉയരുക സ്വാഭാവികം. അയാള്‍ കൊന്നതു കൊണ്ടല്ലേ എന്നു ന്യായീകരിക്കുകയുമാകാം. അന്വേഷണ മികവിന്റെ മഹിമ പറയുന്ന കേരള പൊലീസ് അങ്ങനേയും ചെയ്തിട്ടുണ്ട് പലവട്ടം. കുറ്റവാളിയായാലും നിരപരാധിയായാലും കയ്യില്‍ കിട്ടിയാല്‍ തരിപ്പുതീര്‍ക്കുന്ന പ്രാകൃത പെരുമാറ്റത്തില്‍നിന്നു തിരിച്ചുവരാനാകാതെ 'ജനമൈത്രി' എന്ന കനമുള്ള മുഖംമൂടി അണിഞ്ഞ് നില്‍ക്കുകയാണ് പൊലീസ്. രാജ്യത്തെ ഏറ്റവും മികച്ച പൊലീസിങ് നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം എന്ന് മുഖ്യമന്ത്രി ഇപ്പോഴും അവകാശപ്പെടുകതന്നെയാണ്. 

കിളികൊല്ലൂരില്‍ മര്‍ദ്ദനമേറ്റവരുടെ പരിക്കുകളുടെ നടുക്കവും പ്രതിഷേധവും കത്തിനില്‍ക്കുന്നതിനിടെ, ഒക്ടോബര്‍ 23-ന് മുഖ്യമന്ത്രി അതാണ് പറയുന്നത്. ''എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വ്യത്യസ്തവും ജനകീയവുമായ പൊലീസിങ് നയത്തിന്റെ ഭാഗമായാണ് ഈ നേട്ടം. ഈ നയങ്ങളേയും ഖ്യാതിയേയും അട്ടിമറിക്കാന്‍ നടക്കുന്ന ഒറ്റപ്പെട്ട ചില ശ്രമങ്ങളെ അംഗീകരിക്കാനോ സേനയ്ക്കകത്തെ ഒറ്റപ്പെട്ട തെറ്റായ വാസനകളെ അനുവദിച്ചുകൊടുക്കുവാനോ സര്‍ക്കാര്‍ തയ്യാറല്ല.'' എന്നുവച്ചാല്‍ പതിനാറായിരത്തി എട്ടാമത്തെ പൊലീസ് അതിക്രമവും ഒറ്റപ്പെട്ടതാണ് എന്നുതന്നെ. അതൊന്നും അംഗീകരിക്കില്ല, അനുവദിച്ചുകൊടുക്കില്ല തുടങ്ങിയ വര്‍ത്തമാനങ്ങളെ പ്രസ്താവനയായി മാത്രം മനസ്സിലാക്കിയാല്‍ മതി. 

അടിച്ചാലെന്താ, നന്മമരങ്ങളല്ലേ 

പൊലീസിന്റെ വിമര്‍ശകര്‍ രാഷ്ട്രീയമായി സി.പി.എമ്മിന്റേയും ഇടതുമുന്നണിയുടേയും എല്‍.ഡി.എഫ് സര്‍ക്കാരിന്റേയും എതിര്‍പക്ഷത്തു നില്‍ക്കുന്നവര്‍ മാത്രമല്ല. പൊലീസില്‍ ജനങ്ങള്‍ക്കു വിശ്വാസം നഷ്ടപ്പെടാന്‍ കസ്റ്റഡി മരണങ്ങള്‍ തന്നെ ഉണ്ടാകണമെന്നുമില്ല. പ്രതിസ്ഥാനത്തു വരേണ്ടവരുടെ സ്വാധീനവും സാമ്പത്തിക ബലവും പൊലീസിനെ സമീപിക്കുന്നവര്‍ക്ക് നീതി കിട്ടാതിരിക്കാന്‍ കാരണമാകുന്നു. അനുഭവങ്ങളാണ് തെളിവ്. 

കള്ളുഷാപ്പ് തൊഴിലാളിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളില്‍ ചിലരെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി രക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചതും കോടതി അവരെ പ്രതി ചേര്‍ത്തതും ഈ ഒക്ടോബറില്‍ തിരുവനന്തപുരത്താണ്. കള്ളില്‍ സ്പിരിറ്റ് കലര്‍ത്തി വില്‍ക്കണമെന്ന നിര്‍ദ്ദേശം അംഗീകരിക്കാതിരുന്നതിന് കള്ളുഷാപ്പിലെ ജീവനക്കാരന്‍ ബാലചന്ദ്രനെ ഷാപ്പ് ഉടമയുടെ ബിനാമി നടത്തിപ്പുകാരാണ് വെട്ടി ഗുരുതരമായി പരിക്കേല്പിച്ചത്. വലതു കയ്യിലെ രണ്ടു വിരലുകളും കാല്‍പ്പാദങ്ങളും അറ്റുപോയി. ഷാപ്പില്‍ കയറി ആക്രമിച്ചവരുടെ പേരുകള്‍ ബാലചന്ദ്രന്‍ പൊലീസിനോടു പറഞ്ഞെങ്കിലും ആനാട് സ്വദേശി ഷിബു, ആര്യനാട് അജയന്‍ എന്നിവരെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയില്ല. രാഷ്ട്രീയ ഇടപെടലായിരുന്നു കാരണം. 2008 ഏപ്രിലില്‍ നെടുമങ്ങാട് പുത്തന്‍പാലം കള്ളുഷാപ്പിലായിരുന്നു ആക്രമണം. വിസ്താരം തുടങ്ങിയത് ഇപ്പോള്‍. സംഭവിച്ചതെന്താണെന്നും പ്രതികളുടെ മുഴുവന്‍ പേരുകളും വിസ്താര വേളയില്‍ ബാലചന്ദ്രന്‍ കോടതിയോടു പറഞ്ഞു. പൊലീസ് ഒഴിവാക്കിയ പ്രതികളെക്കൂടി ചേര്‍ത്തു വിചാരണ നടത്തണമെന്ന് പ്രോസിക്യൂഷന്‍ അപേക്ഷയും കൊടുത്തു. അങ്ങനെയാണ് ഷിബുവിനേയും അജയനേയും കൂടി പ്രതി ചേര്‍ത്തത്. ഇരുവരോടും നവംബര്‍ 14-ന് ഹാജരാകാന്‍ കോടതി സമന്‍സും അയച്ചു. നെടുമങ്ങാട് പൊലീസ് നാണംകെട്ടു. പക്ഷേ, കൂസലൊന്നുമില്ല. 

കിളികൊല്ലൂര്‍ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പക്ഷേ, അതില്‍ വലിയ കാര്യമൊന്നുമില്ല. മുന്‍പ് എടുത്ത കേസുകളുടെ സ്ഥിതി അന്വേഷിക്കുമ്പോഴാണ് അതു വ്യക്തമാവുക. അന്വേഷിച്ചു കണ്ടെത്തി പൊലീസ് കുറ്റക്കാരാണെന്ന് കമ്മിഷന്‍ സര്‍ക്കാരിനു ശുപാര്‍ശ നല്‍കും. ശുപാര്‍ശയില്‍ നടപടിയെടുക്കേണ്ട സര്‍ക്കാര്‍ പൊലീസിനെ സംരക്ഷിക്കുകയും ചെയ്യും. ഇത് ഈ സര്‍ക്കാരിന്റെ മാത്രം കാര്യമല്ല, എല്ലാ സര്‍ക്കാരുകളും ഇങ്ങനെ തന്നെയാണ്. പൊലീസിനെ രക്ഷിക്കാനാണ് പൊലീസിനു താല്പര്യം. അതു സ്വാഭാവികമാണല്ലോ എന്നു ചിന്തിക്കാന്‍ നിയമ, നീതിന്യായ സംവിധാനങ്ങളുള്ള പരിഷ്‌കൃത സമൂഹത്തിനു കഴിയില്ല. കാരണം, കുറ്റവാളികള്‍ ആരായാലും നിയമത്തിനു മുന്നില്‍ ഒരുപോലെയാണെന്നും ഇരയ്ക്ക് (ഇരകള്‍ക്ക്) നീതി ഉറപ്പാക്കാന്‍ മുഖം നോക്കാതെ നടപടിയെടുക്കും എന്നുമാണ് പൊലീസ് നേതൃത്വവും രാഷ്ട്രീയ നേതൃത്വവും പതിവായി പറയുന്നത്. കിളികൊല്ലൂരില്‍ ആരോപണവിധേയരായ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. വിനോദ്, എസ്.ഐ എ.പി. അനീഷ്, എ.എസ്.ഐ.ആര്‍. പ്രകാശ് ചന്ദ്രന്‍, സിവില്‍ പൊലീസ് ഓഫീസര്‍ മണികണ്ഠന്‍ പിള്ള എന്നിവരെ ഒക്ടോബര്‍ 20-നു സസ്പെന്റു ചെയ്തു. ഇവരില്‍ അനീഷ്, പ്രകാശ് ചന്ദ്രന്‍, മറ്റൊരു സി.പി.ഒ വി.ആര്‍. ദിലീപ് എന്നിവരെ സ്ഥലം മാറ്റുക മാത്രമാണ് ആദ്യം ചെയ്തത്. സസ്പെന്‍ഷനും ശിക്ഷയല്ല എന്ന് അറിയാത്തവരില്ല. തേച്ചുമാച്ചു കളയുന്നതിനൊരു ഇടവേള; അത്രതന്നെ. പൊലീസുകാര്‍ വര്‍ഗ്ഗബോധംകൊണ്ട് ഈ സഹപ്രവര്‍ത്തകരെ ന്യായീകരിക്കാനും സംരക്ഷിക്കാനും സംസ്ഥാനതലത്തില്‍ത്തന്നെ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട്. നടപടിക്കു വിധേയരായ ഉദ്യോഗസ്ഥരില്‍ ചിലരുടെ മികവ്, സത്യസന്ധത തുടങ്ങിയതൊക്കെ ചൂണ്ടിക്കാട്ടിയാണ് പ്രതിരോധം. പക്ഷേ, മര്‍ദ്ദനമേറ്റ ചെറുപ്പക്കാരുടെ കൈകാലുകളും ശരീരവും പൊലീസിന്റെ അതിക്രൂര മര്‍ദ്ദനമുറകള്‍ക്കു സാക്ഷ്യം പറയുന്നു. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണര്‍ വകുപ്പുതല അന്വേഷണം നടത്തുന്നുണ്ട്. 

ഡി.വൈ.എഫ്.ഐ പേരൂര്‍ മേഖലാ ജോയിന്റ് സെക്രട്ടറി വിഘ്നേഷ്, സൈനികോദ്യോഗസ്ഥനായ ജ്യേഷ്ഠന്‍ വിഷ്ണു എന്നിവര്‍ക്കാണ് മര്‍ദ്ദനം. കഴിഞ്ഞ ഓഗസ്റ്റ് 25-ന് ലഹരിമരുന്നുകളുമായി രണ്ടുപേരെ പൊലീസ് പിടിച്ചതാണ് തുടക്കം. കിളികൊല്ലൂരിലെ ലോഡ്ജില്‍നിന്നു മറ്റു നാലുപേരെക്കൂടി ഇവരില്‍നിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടിച്ചു. ഇവരിലൊരാള്‍ക്കു ജാമ്യമെടുക്കാന്‍ പരിചയമുള്ള പൊലീസുകാരന്‍ തന്നെയാണ് വിഷ്ണുവിനേയും വിഘ്നേഷിനേയും വിളിച്ചുവരുത്തിയത്. സ്റ്റേഷനില്‍ വെച്ചു വാക്കേറ്റമുണ്ടായെന്നും എ.എസ്.ഐ പ്രകാശ് ചന്ദ്രനെ ഇവര്‍ മര്‍ദ്ദിച്ചു എന്നും പൊലീസ് പറയുന്നു. എ.എസ്.ഐ ആശുപത്രിയിലാണ്. പൊലീസുകാരെ മര്‍ദ്ദിച്ച കേസില്‍ പ്രതികളായ വിഷ്ണുവും വിഘ്നേഷും 12 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞു. പിന്നീട് അവര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു നല്‍കിയ പരാതിയെത്തുടര്‍ന്നാണ് മര്‍ദ്ദനമേറ്റതും മറ്റു വിവരങ്ങളും പുറത്തുവരുന്നത്. 

കൊടുത്താല്‍ കൊല്ലത്തും കിട്ടും 

കൊല്ലം കരുനാഗപ്പള്ളിയില്‍ അഭിഭാഷകനെ പൊലീസ് മര്‍ദ്ദിച്ചു എന്ന ആരോപണവും അഭിഭാഷകരുടെ കോടതി ബഹിഷ്‌കരണവും കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു, പൊലീസുദ്യോഗസ്ഥരെ സസ്പെന്റു ചെയ്തു. ഈ സംഭവത്തില്‍ പൊലീസുകാര്‍ നിരപരാധികളാണെന്നും അവരെ അഭിഭാഷകര്‍ കുടുക്കിയതാണെന്നുമുള്ള ആക്ഷേപം ശക്തമാണ്. ആരോപണവിധേയരായ പൊലീസുകാരെ സസ്പെന്റ് ചെയ്തതുമായി ബന്ധപ്പെട്ട് പൊലീസിനുള്ളില്‍ വലിയ പൊട്ടിത്തെറികളാണുണ്ടായത്. താഴേത്തട്ടിലെ പൊലീസുദ്യോഗസ്ഥര്‍ക്കുവേണ്ടി പതിവില്ലാതെ ഐ.പി.എസ് അസോസിയേഷന്‍ വാദിക്കുന്നതും കേരളം കണ്ടു. നാല് പൊലീസുകാരെയാണ് സസ്പെന്റ് ചെയ്തത്. ഇത് പൊലീസ് സേനയുടെ മനോവീര്യം തകര്‍ത്തു എന്നാണ് ഐ.പി.എസ് അസോസിയേഷന്‍ ഡി.ജി.പിക്കു നല്‍കിയ കത്തില്‍ പറഞ്ഞത്. അന്വേഷണം നടത്തിയ ദക്ഷിണ മേഖലാ ഡി.ഐ.ജി.ആര്‍. നിശാന്തിനി ഡി.ജി.പിക്കു നല്‍കിയ റിപ്പോര്‍ട്ടിലും പറഞ്ഞത് പൊലീസുകാരുടെ ഭാഗത്തു വീഴ്ച ഉണ്ടായിട്ടില്ല എന്നാണ്. നാലു പേരെയും കമ്മിഷണര്‍ ഓഫീസിലേക്കു മാറ്റുകയാണ് ആദ്യം ചെയ്തത്. അഭിഭാഷകര്‍ അതുകൊണ്ട് തൃപ്തിപ്പെട്ടില്ല. അവര്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി, നിയമ മന്ത്രി പി. രാജീവ് എന്നിവരെ കണ്ട് സമ്മര്‍ദ്ദം ശക്തമാക്കി. തുടര്‍ന്ന് സസ്പെന്‍ഷനു ഡി.ജി.പി അനില്‍ കാന്തിനു മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കി. പൊലീസുകാര്‍ കുറ്റം ചെയ്തിട്ടില്ല എന്നും സസ്പെന്റ് ചെയ്യാനാകില്ല എന്നുമാണ് ഡി.ജി.പി പ്രതികരിച്ചത്. ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി വിജയ് സാഖറെയാണ് പിന്നീട് സസ്പെന്റ് ചെയ്തത്. ഇതോടെ വലിയ പ്രതിഷേധമാണ് പൊലീസിനുള്ളില്‍ ഉണ്ടായത്. പൊലീസുകാരുടെ വാട്സാപ് ഗ്രൂപ്പുകളിലൊക്കെ ഡി.പി കറുപ്പായി; ''നീതികേടിന് ഇരയാകുമ്പോഴും നിസ്സഹായരായി നോക്കിനില്‍ക്കേണ്ടി വരുന്ന സഹപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം'' അറിയിക്കുന്ന പോസ്റ്റുകളും പ്രചരിച്ചു. ചെയ്യാത്ത കുറ്റത്തിനാണ് തങ്ങളുടെ സഹപ്രവര്‍ത്തകര്‍ സസ്പെന്‍ഷനിലായത് എന്ന പരാതിയും രോഷവും നിലനില്‍ക്കെത്തന്നെയാണ് ഹൈക്കോടതി അഡ്വക്കേറ്റ്സ് അസ്സോസിയേഷന്‍ വാര്‍ഷിക സമ്മേളനത്തിനു പൊലീസ് കാവല്‍ നില്‍ക്കേണ്ടിവന്നത്. സംഘടന ആവശ്യപ്പെട്ടു, പൊലീസ് തലപ്പത്തുനിന്ന് അനുവദിക്കുകയും ചെയ്തു. പക്ഷേ, ഇതിലെ പ്രതിഷേധവും കൂടി നാട്ടുകാരോടു തീര്‍ക്കുന്ന സ്ഥിതിയാണ്. കേരള പൊലീസ് അസ്സോസിയേഷന്‍, കേരള പൊലീസ് ഓഫീസേഴ്സ് അസ്സോസിയേഷന്‍ എന്നീ സംഘടനകളൊന്നും ഇക്കാര്യത്തില്‍ പൊലീസിലെ 'അസംതൃപ്തരുടെ' വാദം ഏറ്റെടുത്തില്ല എന്നതു ശ്രദ്ധേയമാണ്. ഒന്നുകില്‍ പൊലീസ് സേനയില്‍ പോര് ശക്തം; അത് അഭിഭാഷകര്‍ മുതലെടുക്കുകയായിരുന്നു. അല്ലെങ്കില്‍ കരുനാഗപ്പള്ളി സംഭവത്തില്‍ പൊലീസിലെ ഒരു വിഭാഗം പറയുന്നത് മുഴുവനായും ശരിയല്ല.

കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ കണ്‍സഷന്‍ കാര്‍ഡു വാങ്ങാന്‍ മകള്‍ക്കൊപ്പം എത്തിയ ആളെ മര്‍ദ്ദിച്ച ജീവനക്കാരെ അറസ്റ്റില്‍നിന്നു പരമാവധി പൊതിഞ്ഞുപിടിച്ചാണ് പൊലീസ് 'പ്രതിബദ്ധത' പ്രകടിപ്പിച്ചത്. പ്രതികള്‍ ഒളിവിലാണ് എന്ന ഒഴികഴിവാണ് പറഞ്ഞത്. ദളിതരായ അച്ഛനും മകള്‍ക്കും നീതി ഉറപ്പാക്കുന്നതിനേക്കാള്‍ പൊലീസിനു താല്പര്യം കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ സംരക്ഷിക്കുന്നതിലായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ സംഘടനകള്‍ കാട്ടാക്കട ഡിവൈഎസ്.പി ഓഫീസ് മാര്‍ച്ച് ഉള്‍പ്പെടെ നടത്തി. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനും സുരക്ഷിതരായി മാറിനില്‍ക്കാനും പ്രതികള്‍ക്ക് അവസരമൊരുക്കുകയാണ് പൊലീസ് ചെയ്തത്.

27 വയസ്സുള്ള നജ്ല അഞ്ചു വയസ്സുള്ള മകനും ഒന്നര വയസ്സുള്ള മകള്‍ക്കുമൊപ്പം സംശയകരമായ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ആലപ്പുഴ മെഡിക്കല്‍ കോളേജ് എയ്ഡ് പോസ്റ്റില്‍ സി.പി.ഒ ആയിരുന്ന റെനീസ് അറസ്റ്റിലായത് അധികം മുന്‍പല്ല. മറ്റൊരു യുവതിയുമായി റെനീസിന് ഉണ്ടായിരുന്ന ബന്ധവും അവരെ വിവാഹം ചെയ്യാന്‍ നടത്തിയ ശ്രമങ്ങളുമാണ് നജ്ലയുടേയും കുഞ്ഞുങ്ങളുടേയും മരണത്തില്‍ എത്തിയത്. റെനീസിന്റെ കാമുകി ഷഹനയും അറസ്റ്റിലായി. ഇത്തരം സംഭവങ്ങളിലൊന്നും കുടുംബിനിക്കോ പിഞ്ചു മക്കള്‍ക്കോ വേണ്ടി ഒരു കറുത്ത ബാഡ്ജ് പോലും പൊലീസുകാര്‍ കുത്താറില്ല. പെണ്ണുകേസുകള്‍ മാത്രമല്ല, മോഷണക്കേസുകളും പൊലീസുകാര്‍ക്കെതിരെ ഒന്നിനു പിന്നാലെ മറ്റൊന്നായി ഉണ്ടാകുന്നു. പക്ഷേ, പൊലീസിന്റെ ആത്മവീര്യത്തിന്റെ പഴകിത്തേഞ്ഞ മേനിപറച്ചിലിനു കുറവൊന്നുമില്ല. കാഞ്ഞിരപ്പള്ളിയില്‍ ശിഹാബ് എന്ന പൊലീസുകാരന്‍ പാതിരാത്രി ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ വഴിവക്കിലെ പഴക്കടയില്‍നിന്നു മാങ്ങ കട്ടെടുത്തു സ്‌കൂട്ടറിനുള്ളില്‍ നിറച്ചുകൊണ്ടുപോയി; എറണാകുളം ഞാറയ്ക്കലില്‍ സി.പി.ഒ അമല്‍ദേവ് സുഹൃത്തിന്റെ വീട്ടില്‍നിന്നു പത്തു പവന്‍ സ്വര്‍ണ്ണമാണ് മോഷ്ടിച്ചത്. അതോ, ഓണ്‍ലൈന്‍ റമ്മി കളിച്ച് സ്ഥിരമായി പണം പോയതിന്റെ ബാധ്യതകളാണ് മോഷ്ടാവാക്കിയത്. മാങ്ങ മോഷണക്കേസ് പ്രതിയായ സഹപ്രവര്‍ത്തകന്‍ ഒളിവിലാണെന്നു പറഞ്ഞ് അറസ്റ്റ് ഒഴിവാക്കുകയാണ് പൊലീസ് ചെയ്തത്. പക്ഷേ, 'ഒളിവില്‍' ഇരുന്ന് അയാള്‍ മാങ്ങ കച്ചവടക്കാരനുമായി മധ്യസ്ഥ സംഭാഷണത്തിന് ആളെ അയച്ചു. കേസുമായി മുന്നോട്ടു പോകാന്‍ താല്പര്യമില്ല എന്ന് പരാതിക്കാരന്‍ കോടതിയെ അറിയിക്കുന്നിടത്തെത്തി കാര്യങ്ങള്‍. സസ്പെന്‍ഷനിലുള്ള ശിഹാബ് തിരിച്ചുവന്ന് നിയമപാലനം നടത്തുന്നത് വൈകാതെ കേരളം കാണുകയും ചെയ്യും; കാരണം, പിരിച്ചുവിടലിനൊന്നും ഒരു ശ്രമവും പൊലീസ് തലപ്പത്ത് ഇല്ല.

മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പിണറായി വിജയൻ

30 ലക്ഷം ഒരു തരം... 

സ്ത്രീപീഡന പരാതിയില്‍ പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കോവളം പൊലീസ് കേസെടുത്തത് ഒക്ടോബര്‍ 11-നാണ്. സ്ത്രീയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. എല്‍ദോസിനെ അറസ്റ്റു ചെയ്തില്ല; ഒളിവില്‍ കഴിഞ്ഞ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ടാക്കി. കോടതി ജാമ്യം അനുവദിച്ചശേഷം എം.എല്‍.എ പുറത്തുവരികയും ചെയ്തു. ഈ കേസില്‍ പരാതി നല്‍കിയതു മുതല്‍ ഗുരുതരമായ അനീതിയാണ് പൊലീസ് പരാതിക്കാരിയായ അദ്ധ്യാപികയോടു ചെയ്തത്. നാലുവട്ടം പരാതിയുമായി സമീപിച്ചിട്ടും കോവളം പൊലീസ് കേസെടുത്തില്ല. എല്‍ദോസ് മര്‍ദ്ദിച്ചതിനെതിരെ സെപ്റ്റംബര്‍ 28-നു സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കി. കമ്മിഷണര്‍ ഇതു കോവളം പൊലീസിനു കൈമാറുകയായിരുന്നു. പൊലീസ് പറയുന്നത് മൊഴിയെടുക്കാന്‍ വിളിച്ചപ്പോള്‍ പോയില്ല എന്നാണ്. പക്ഷേ, എം.എല്‍.എ വീടു കയറി മര്‍ദ്ദിക്കുകയും സ്‌നേഹം ഭാവിച്ച് ആത്മഹത്യാ മുനമ്പിലേക്കു കൂട്ടിക്കൊണ്ടുപോവുകയും മറ്റും ചെയ്തതുള്‍പ്പെടെയുള്ള ദുരനുഭവങ്ങള്‍ യുവതിയെ തളര്‍ത്തിയിരുന്നു. അവര്‍ നാടുവിടാന്‍ ശ്രമിച്ച് കുറേ യാത്ര ചെയ്തു, ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ കണ്ടു രക്ഷപ്പെടുത്തി. അവരെ കാണാനില്ലെന്ന് സുഹൃത്ത് പൊലീസില്‍ പരാതി നല്‍കുന്ന സ്ഥിതിയുണ്ടായി. പിന്നീട് വഞ്ചിയൂര്‍ പൊലീസില്‍ സ്വയം എത്തിയപ്പോഴാണ് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയത്. കോവളം സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ സാന്നിധ്യത്തില്‍ എം.എല്‍.എ നടത്തിയ ഒത്തുതീര്‍പ്പു ശ്രമത്തെക്കുറിച്ച് മാധ്യമങ്ങളോടു പറഞ്ഞത് പരാതിക്കാരി തന്നെയാണ്. 30 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത്. കേസിന്റെ വിശദാംശങ്ങള്‍ പൊലീസിനോട് കോടതി ആവശ്യപ്പെട്ടപ്പോഴാണ് പൊലീസ് കേസെടുത്തത്. പിന്നീട് പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബലാല്‍സംഗം കൂടി കുറ്റങ്ങളില്‍ ഉള്‍പ്പെടുത്തി. കോവളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് ശിക്ഷ വെറുമൊരു സ്ഥലം മാറ്റം മാത്രം.

കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്തിന്റെ വിവരം അന്വേഷിച്ചു സ്റ്റേഷനിലെത്തിയ കോളേജ് വിദ്യാര്‍ത്ഥിയെ എസ്.ഐ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കേരളത്തെ ഞെട്ടിച്ചത് ദിവസങ്ങള്‍ക്കു മുന്‍പാണ്. എസ്.ഐ മാഹീന്‍ സലീമിനെ എറണാകുളം റൂറല്‍ എസ്.പി അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തിടത്ത് അതുമായി ബന്ധപ്പെട്ട നടപടി അവസാനിച്ച മട്ടാണ്. എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ റോഷനാണ് മര്‍ദ്ദനമേറ്റത്. നീയൊക്കെ എസ്.എഫ്.ഐക്കാരാണ് അല്ലേടാ എന്നു ചോദിച്ചായിരുന്നു മര്‍ദ്ദനം. സമൂഹമാധ്യമങ്ങളില്‍ രണ്ടു ദിവസം രോഷം ചൊരിഞ്ഞതോടെ എസ്.എഫ്.ഐക്കാരുടെ പ്രതിഷേധം അടങ്ങി. മയക്കുമരുന്നു സംഘവുമായി ബന്ധമുള്ള വിദ്യാര്‍ത്ഥിയെയാണ് കസ്റ്റഡിയിലെടുത്തത് എന്നു പൊലീസ് പറയുന്നു. 

തിരുവനന്തപുരം കാട്ടാക്കട എസ്.എച്ച്.ഒ ആയിരുന്ന അനില്‍ ജെ. റോസിനെ സിറ്റി ട്രാഫിക് യൂണിറ്റിലേക്കു മാറ്റിയത് ലോക്കപ്പ് മര്‍ദ്ദനത്തിന്റേയോ സ്ത്രീപീഡനക്കേസിലെ ഒത്തുതീര്‍പ്പുശ്രമത്തിന്റേയോ ഒന്നും പേരിലല്ല. പതിവായി സ്റ്റേഷന്‍ പരിധിയില്‍ സംഘര്‍ഷങ്ങളുണ്ടായിട്ടും പൊലീസിന്റെ ഇടപെടല്‍ വേണ്ടത്ര ഫലപ്രദമല്ല എന്ന ഭരണകക്ഷിയുടെ പരാതിയിലാണ്. മൂന്നു മാസത്തിനിടെ പലവട്ടം രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടും അക്രമികളെ മുഴുവന്‍ കണ്ടെത്താന്‍ പൊലീസിനു കഴിയുന്നില്ല എന്നാണ് സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ വിമര്‍ശനം. 

ഇതിനിടെ പൊലീസിലെ വനിതാ സഹപ്രവര്‍ത്തകര്‍ക്ക് പുരുഷ പൊലീസിന്റെ ഭാഗത്തുനിന്നു വേണ്ടത്ര മാനസിക പിന്തുണ കിട്ടാതെ നാടുവിടേണ്ട സ്ഥിതിയും പൊലീസിലും പുറത്തും ചര്‍ച്ചയാകുന്നുണ്ട്. വയനാട്ടിലെ പനമരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.എ. എലിസബത്ത് ആരോടും പറയാതെ ആശ്വാസം തേടി തിരുവനന്തപുരത്തെ കൂട്ടുകാരിയുടെ വീട്ടിലെത്തിയത് അങ്ങനെയാണ്. പാലക്കാട് പ്രത്യേക അതിവേഗ കോടതിയിലേക്ക് ജോലിയുടെ ഭാഗമായി ഒക്ടോബര്‍ 10-നു പോയ എലിസബത്തിനെ കാണാനില്ല എന്നു വന്നു. മാനന്തവാടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണവും തുടങ്ങി. തന്റെ വീട്ടില്‍ എലിസബത്ത് ഉണ്ടെന്ന് പൊലീസില്‍നിന്നു വിരമിച്ച കൂട്ടുകാരിയാണ് പൊലീസ് ആസ്ഥാനത്ത് അറിയിച്ചത്. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിനെ നേരിട്ടു കണ്ടു സംസാരിക്കാന്‍ അവസരം ചോദിച്ചുവാങ്ങി അദ്ദേഹത്തോടു സംസാരിച്ചിട്ടാണ് അവര്‍ മടങ്ങിയത്. മേലുദ്യോഗസ്ഥരില്‍ ചിലരുടെ സഹകരണക്കുറവും മാനസിക സമ്മര്‍ദ്ദവുമാണ് എലിസബത്തിനെ നാടുവിടാന്‍ പ്രേരിപ്പിച്ചത് എന്ന് ബന്ധുക്കളുടെ പേരു പറയാതെ ഉദ്ധരിച്ചു വാര്‍ത്തകള്‍ വന്നു. സ്വാഭാവികമായും അതിന്റെ വിശദാംശങ്ങളാകണം അവര്‍ പൊലീസ് മേധാവിയോടു പറഞ്ഞത്. 

താക്കീതിനു കുറവില്ല, അവകാശവാദത്തിനും 

സംസ്ഥാനത്ത് കഴിഞ്ഞ ആറുവര്‍ഷക്കാലത്തിനിടയില്‍ ക്രിമിനല്‍ കേസുകളുടെ കാര്യത്തില്‍ വലിയ കുറവാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറയുന്നു: ''മികച്ച ക്രമസമാധാനം പുലരുന്ന സംസ്ഥാനമായി കേരളം മാറിയത് ഇച്ഛാശക്തിയോടെയുള്ള സര്‍ക്കാരിന്റെ ഇടപെടല്‍ കൊണ്ടാണ്. കുറ്റാന്വേഷണ മികവില്‍ കേരളാ പോലീസ് രാജ്യത്ത് ഒന്നാമതാണ്. കാര്യക്ഷമതയുടെ കാര്യത്തിലും ബഹുദൂരം മുന്നിലാണ്'' അദ്ദേഹത്തിന്റെ കുറിപ്പിലെ അവകാശവാദങ്ങളാണ്. വര്‍ഗ്ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ നടന്നപ്പോഴൊക്കെയും മതനിരപേക്ഷതയുയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇടപെടാന്‍ പൊലീസിനു കഴിഞ്ഞു, ദുരന്തനിവാരണ-രക്ഷാപ്രവര്‍ത്തന രംഗത്തും പൊലീസ് ജനങ്ങളോട് കൈകോര്‍ത്തു തുടങ്ങി മുഖ്യമന്ത്രി പറയുന്ന കാര്യങ്ങളിലൊന്നും കേരളത്തിനു തര്‍ക്കമില്ല. പക്ഷേ, അങ്ങനെയൊക്കെ സല്‍പ്പേരുള്ളതുകൊണ്ട് മോശം പ്രവൃത്തികളോടു കണ്ണടയ്ക്കാമെന്നാണോ?

''നേട്ടങ്ങളുടെ വലിയ പട്ടികയുള്ളപ്പോഴും പൊലീസിന്റെ യശസ്സിനു ചേരാത്ത ചില സംഭവങ്ങള്‍ ഉണ്ടാകുന്നു എന്നത് ഗൗരവതരമായ വിഷയമാണ്. അത്തരം ഒറ്റപ്പെട്ട കൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ കേരള പൊലീസിന് അവമതിപ്പുണ്ടാക്കുകയാണ്. അവരോട് ഒരു ദാക്ഷിണ്യവും കാണിക്കില്ല. കുറ്റമറ്റ അന്വേഷണം ഉറപ്പാക്കും. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് സേനയില്‍ സ്ഥാനമുണ്ടാകില്ല. പരമാവധി ശിക്ഷണനടപടികളുണ്ടാവും. മികച്ച റെക്കോര്‍ഡുള്ള കേരള പൊലീസിനെ പൊതുജന മധ്യത്തില്‍ തരംതാഴ്ത്തുന്ന ഏതു നീക്കത്തേയും കര്‍ക്കശമായി നേരിടും. ജനകീയ മുഖവും സ്വഭാവവുമാണ് പൊലീസിനു വേണ്ടത്. അതിനെ അപകീര്‍ത്തിപ്പെടുത്തുന്ന ശ്രമങ്ങളെ വെച്ചുപൊറുപ്പിക്കില്ല. അതിനു മുതിരുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും.'' മുഖ്യമന്ത്രി പറയുന്നു. ഇത്തരം താക്കീതുകളും ജനങ്ങള്‍ക്കു നല്‍കുന്ന വാഗ്ദാനങ്ങളും ആളുകള്‍ മുഖവിലക്കെടുക്കാതായിരിക്കുന്നു. ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്ന വിശേഷണംതന്നെ പരിഹാസ്യമാണ്. ഇടയ്ക്കിടെ ഇങ്ങനെ പൊലീസ് ജനങ്ങള്‍ക്കെതിരായി സ്വയം തുറന്നു കാട്ടപ്പെടുന്നെങ്കില്‍ അത് ഒറ്റപ്പെട്ടതല്ല, അമര്‍ച്ച ചെയ്യേണ്ട ശീലം തന്നെയാണ്. ''ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ പൊലീസിനെ ലേബല്‍ ചെയ്യുന്നതിനോട് യോജിക്കാനാവില്ല എന്ന ഉപാധിയോടെയാണ്, അത്തരം ലേബലിങ്ങിനു പ്രത്യക്ഷമായോ പരോക്ഷമായോ കാരണമാകുന്ന ചെയ്തികളിലേര്‍പ്പെടുന്ന പൊലീസുകാരോട് ഒരുതരത്തിലുള്ള അനുഭാവവും സര്‍ക്കാരില്‍നിന്നു പ്രതീക്ഷിക്കുകയും വേണ്ട എന്ന് മുഖ്യമന്ത്രി പറയുന്നത്. ഫലത്തില്‍ അത് വഴിവിട്ടു പ്രവര്‍ത്തിക്കുന്ന പൊലീസുകാര്‍ക്കു വളമാവുകയുമാണ്.

കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായ വിഘ്നേഷിനെ വീട്ടില്‍ സന്ദര്‍ശിച്ചു എന്നു തുടങ്ങുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജിന്റെ ഫേസ്ബുക് പോസ്റ്റിലുണ്ട് മുഖ്യമന്ത്രിയുടെ നിസ്സാരവല്‍ക്കരണത്തിനു മനപ്പൂര്‍വ്വമല്ലെങ്കിലും മറുപടി: ''ആഗസ്റ്റ് 25-നാണ് വിഘ്നേഷിനും സഹോദരനായ സൈനികന്‍ വിഷ്ണുവിനു നേരെയും സ്റ്റേഷനകത്ത് വച്ച് കേരളത്തിനും പോലീസ് സേനയ്ക്കും നാണക്കേട് ഉണ്ടാക്കിയ സംഭവം നടന്നത്. മര്‍ദ്ദിച്ചതു മാത്രമല്ല, ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്ത് റിമാന്റ് ചെയ്യുകയും പത്രമാധ്യമങ്ങളിലൂടെ മയക്കുമരുന്ന് കേസ് ഉള്‍പ്പെടെ ചേര്‍ത്ത് അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ എം.ഡി.എം.എ കേസിലാണ് ഇവര്‍ റിമാന്റ് ചെയ്യപ്പെട്ടത് എന്ന് ആളുകളെ വിശ്വസിപ്പിക്കാന്‍ ഈ ക്രിമിനല്‍ മനസ്സുള്ള പോലീസിനു കഴിഞ്ഞു. എന്നാല്‍, ജയില്‍വാസം കഴിഞ്ഞ് ഇറങ്ങിയ സഹോദരങ്ങള്‍ ഡി.വൈ.എഫ്.ഐ ജില്ലാ ഭാരവാഹികളെ ബന്ധപ്പെടുകയും ഒക്ടോബര്‍ അഞ്ചിന് ഓഫീസില്‍ വന്ന് ജില്ലാ ഭാരവാഹികളോടും മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ മേഴ്സിക്കുട്ടിയമ്മയോടും സംഭവങ്ങള്‍ വിശദീകരിച്ചപ്പോഴാണ് വിഷയത്തില്‍ ഗൗരവതരമായ ഇടപെടല്‍ ഉണ്ടായത്. ഒക്ടോബര്‍ ആറിന് മേഴ്സിക്കുട്ടിയമ്മയാണ് പൊലീസ് കമ്മിഷണറെ കാണാന്‍ ഇവരേയും കൂട്ടി പോയത്. ഡി.വൈ.എഫ്.ഐ ജില്ലാ ഭാരവാഹികള്‍ അന്നുതന്നെ കൊല്ലം സിറ്റി പൊലീസ് കമ്മിഷണറെ കണ്ട് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിപ്പിക്കുകയുമുണ്ടായി. ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 13-ന് കിളികൊല്ലൂര്‍ പൊലീസ് എസ്.ഐ അനീഷ്, എ.എസ്.ഐ പ്രകാശ് ചന്ദ്രന്‍, സി.പി.ഒ മണികണ്ഠന്‍ പിള്ള എന്നിവരെ സ്ഥലം മാറ്റുകയും ചെയ്തു. തുടര്‍ന്ന് ഒക്ടോബര്‍ 14-ന് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്യുകയുണ്ടായി. ഡി.വൈ.എഫ്.ഐ സംസ്ഥാന സെന്ററില്‍നിന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ ബന്ധപ്പെട്ട് നടപടി ആവശ്യപ്പെട്ടിരുന്നു. പൊലീസുകാരുടെ പേരില്‍ ശക്തമായ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഈ സഹോദരങ്ങളുടെ പേരില്‍ എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കുകയും ആവശ്യമായ ചികിത്സ ഉറപ്പ് വരുത്തുകയും വേണം. സംസ്ഥാന സര്‍ക്കാറിന്റെ പൊലീസ് നയത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സേനയിലെ ഇത്തരം യൂണിഫോമണിഞ്ഞ മാരീചന്മാരെ കണ്ടെത്തി മാതൃകാ നടപടികള്‍ സ്വീകരിക്കണം.'' ഇതിലൊരിടത്തും 'ഒറ്റപ്പെട്ട' സംഭവത്തിന്റെ പേരിലുള്ള ന്യായീകരണ ശ്രമമില്ല. മറിച്ച്, മണ്ണില്‍ച്ചവിട്ടി നില്‍ക്കുന്നതിന്റെ യാഥാര്‍ത്ഥ്യബോധമാണുള്ളത്. 

പൊലീസ് മന്ത്രികൂടിയായിരുന്ന മുഖ്യമന്ത്രി ഇ.കെ. നായനാരുടെ കാലത്തും ആഭ്യന്തര വകുപ്പു കയ്യില്‍ ഇല്ലാത്ത മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്റെ കാലത്തും പൊലീസിനെ നിയന്ത്രിച്ച എ.കെ.ജി സെന്ററിന് ഇപ്പോള്‍ അങ്ങനെയൊരു റോളില്ല. എ.കെ.ജി സെന്ററില്‍നിന്നു പൊലീസിനെ നിയന്ത്രിക്കണമെന്ന് ആരും പറയുന്നുമില്ല. പക്ഷേ, പൊലീസിനുമേല്‍ ആരുടേയും നിയന്ത്രണമില്ല എന്നതാണ് സ്ഥിതി. ഓര്‍മ്മയില്ലേ, ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് വി.എസ്. അച്യുതാനന്ദന്‍, മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പി.ബി അംഗം എം.എ. ബേബി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ തുടങ്ങിയ ഉന്നത നേതാക്കള്‍ പൊലീസിനെതിരെ പരസ്യമായി പ്രതികരിക്കേണ്ടിവന്നത്. സമൂഹമാധ്യമങ്ങളില്‍ ഇടത് അനുഭാവികളും സഹയാത്രികരും പിണറായിയേയും പൊലീസിനേയും പഴിച്ച് തുടര്‍ച്ചയായി പോസ്റ്റുകള്‍ ഇടുന്നു. ''പൊലീസ് സേനയുടെ മനോവീര്യം നിലനിര്‍ത്തേണ്ടത് പാവപ്പെട്ട ജനങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ടാവരുത്'' എന്നു രൂക്ഷമായി താക്കീതു ചെയ്ത വി.എസ്. അച്യുതാനന്ദന്‍ പ്രായവും രോഗവും കാരണം നിശ്ശബ്ദനാണ്. അതൊരു അവസരമായെടുത്ത് പൊലീസിനെ കയറൂരിവിടാന്‍ ഭരണനേതൃത്വത്തിനു കഴിയാതിരിക്കണമെങ്കില്‍ ചൂണ്ടിക്കാണിച്ചു തിരുത്തിക്കാനുള്ള ഉത്തരവാദിത്വത്തില്‍നിന്നു പാര്‍ട്ടിക്കാരും ഘടകകക്ഷികളും പ്രതിപക്ഷവും പിന്നോട്ടു പോകാതിരിക്കണം. പക്ഷേ, ബലാത്സംഗക്കേസ് പ്രതിയായ എം.എല്‍.എയെ സംരക്ഷിക്കുകയും ആറുമാസത്തേക്കു മാത്രം പേരിനൊരു സസ്പെന്‍ഷനില്‍ നടപടി അവസാനിപ്പിക്കുകയും ചെയ്യുന്ന പ്രതിപക്ഷത്തിനു ധാര്‍മ്മിക ബലമില്ല. സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ നിശ്ശബ്ദ സാക്ഷികളുടെ റോളിലേക്കു മാറുകയും ചെയ്തിരിക്കുന്നു.

മുൻ ഡിജിപി ലോക്നാഥ് ബഹ്റ പുതിയ പൊലീസ് മേധാവി അനിൽ കാന്തിന് അധികാര ചിഹ്നമായ ബാറ്റൺ കൈമാറുന്നു

പൊലീസിലെ ക്രിമിനലുകള്‍

ജനങ്ങള്‍ക്കു പൊലീസുദ്യോഗസ്ഥരില്‍നിന്നുണ്ടാകുന്ന മോശം പെരുമാറ്റങ്ങള്‍ സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ സംസ്ഥാനതലത്തില്‍ സംവിധാനമുണ്ടാക്കിയത് ഡി.ജി.പി ആയിരുന്ന ലോക്നാഥ് ബെഹ്റയാണ്. പരാതികള്‍ ഇ-മെയിലിലോ ചിത്രങ്ങളും വീഡിയോയും 9497991100 നമ്പരില്‍ വാട്സാപ്പ് വഴിയോ നല്‍കാം എന്നു വ്യാപകമായി അറിയിപ്പും ഉണ്ടായി. അങ്ങനെ ലഭിച്ച പരാതികളെത്ര, എത്രയെണ്ണത്തില്‍ എന്തൊക്കെ നടപടികള്‍ ഉണ്ടായി എന്നു പൊലീസ് വെളിപ്പെടുത്തുകതന്നെ വേണം. 

കേസുകളുമായി ബന്ധപ്പെട്ട അറസ്റ്റു നടത്തുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച വിവിധ സര്‍ക്കുലറുകള്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിലവിലുണ്ട്. ഇക്കാര്യങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചാവണം അറസ്റ്റ് നടത്തേണ്ടത്. ഇക്കാര്യത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ശരിയായ മേല്‍നോട്ടമുണ്ടാകണം. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തേണ്ട കേസുകളില്‍ എഫ്.ഐ.ആര്‍ തയ്യാറാക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ബന്ധപ്പെട്ട സി.ഐയുമായി ആലോചിച്ചാകണം സെക്ഷനുകളും വകുപ്പുകളും നിശ്ചയിക്കേണ്ടത്. അതുപോലെ ഡി.വൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുന്ന കേസുകളില്‍ എഫ്.ഐ.ആര്‍ തയ്യാറാക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ബന്ധപ്പെട്ട ഡി.വൈ.എസ്.പിയുമായി ആലോചിച്ച് സെക്ഷനുകളും വകുപ്പുകളും നിശ്ചയിക്കണം. 

മനുഷ്യക്കടത്ത് കേസുകള്‍പോലെ ചില പ്രത്യേക ഉദ്യോഗസ്ഥര്‍ക്ക് വിജ്ഞാപനപ്രകാരം അന്വേഷണച്ചുമതല നല്‍കുന്ന കേസുകളില്‍ ആ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരമാകണം സെക്ഷനുകളും വകുപ്പുകളും നിശ്ചയിക്കേണ്ടത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥനുമായി ആലോചിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ തൊട്ടുമുകളിലുള്ള ഉദ്യോഗസ്ഥനുമായി ഇക്കാര്യം ആലോചിക്കണം. ഇതൊക്കെ ഏട്ടിലെ പശുക്കളാണെന്നു മാത്രം; പുല്ലു തിന്നില്ല. ഏറെ കോളിളക്കം സൃഷ്ടിച്ച വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും ശക്തമായ നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. സി.ഐയും എസ്.ഐയും ഉള്‍പ്പെടെ ഏഴ് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍, എസ്.ഐയും മൂന്നു പൊലീസുകാരും കൊലക്കുറ്റത്തിന് അറസ്റ്റിലായി റിമാന്‍ഡില്‍, എറണാകുളം റൂറല്‍ പൊലീസ് മേധാവി എ.വി. ജോര്‍ജ്ജിനെ ക്രമസമാധാന ചുമതലയില്‍നിന്ന് പൊലീസ് അക്കാദമിയിലേക്കു മാറ്റി. നടപടികള്‍ ജനം മറന്നുവെന്നു തോന്നുമ്പോള്‍ പൊലീസ് തന്നെ സഹപ്രവര്‍ത്തകരെ രക്ഷിച്ചെടുക്കും എന്നതാണ് അനുഭവം. പലവട്ടം അതിന്റെ വിശദാംശങ്ങള്‍ ഞങ്ങള്‍ തന്നെ എഴുതിയിട്ടുമുണ്ട്. 

വിവരാവകാശ നിയമപ്രകാരം ആഭ്യന്തര വകുപ്പില്‍നിന്നു ലഭിച്ച കണക്കിലെ ക്രിമിനല്‍ പൊലീസുകാരുടെ എണ്ണം പിന്നെയും കൂടിക്കൊണ്ടേയിരിക്കുന്നു.

ഈ ലേഖനം കൂടി വായിക്കൂ

ഗവര്‍ണറുടെ കൊമ്പുകോര്‍ക്കല്‍ സന്ദര്‍ഭങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി അതിന്റെ രാഷ്ട്രീയം വ്യക്തമാകാന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ