ഗവര്‍ണറുടെ കൊമ്പുകോര്‍ക്കല്‍ സന്ദര്‍ഭങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി അതിന്റെ രാഷ്ട്രീയം വ്യക്തമാകാന്‍

അന്ന് കമ്യൂണിസ്റ്റുകാരുടെ വളര്‍ച്ചയെ മുളയിലേ നുള്ളാന്‍ കോണ്‍ഗ്രസ്സ് ഉപയോഗിച്ച ഭരണഘടനാപദവിയായിരുന്നു ഗവര്‍ണര്‍
ഗവര്‍ണറുടെ കൊമ്പുകോര്‍ക്കല്‍ സന്ദര്‍ഭങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി അതിന്റെ രാഷ്ട്രീയം വ്യക്തമാകാന്‍

യൂണിയന്‍ ഗവണ്‍മെന്റിനാല്‍ അവരോധിതനാകുന്ന ഗവര്‍ണര്‍ എന്ന 'ഉദ്യോഗസ്ഥനും' സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളും തമ്മിലുള്ള പോരാട്ടത്തിനു സ്വതന്ത്ര ഇന്ത്യയില്‍ ഗവര്‍ണര്‍ എന്ന സ്ഥാനം ഉണ്ടായിടത്തോളം കാലം തന്നെ പഴക്കമുണ്ട്. ഇപ്പോള്‍ കേരളത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന ഗവണ്‍മെന്റും തമ്മിലുള്ള അധികാരവഴക്കിന് സമകാലിക ഇന്ത്യയില്‍ സമാനതകളുമുണ്ട്. മിക്കപ്പോഴും സംസ്ഥാന സര്‍ക്കാരുകളുടെ അധികാരത്തിനു മുകളില്‍ തൂങ്ങിക്കിടക്കുന്ന വാളാണ് ഗവര്‍ണര്‍ പദവി എന്നു ആക്ഷേപിക്കപ്പെടാറുമുണ്ട്. 

1957-ല്‍ സംസ്ഥാനത്ത് ആദ്യമായി രൂപംകൊണ്ട ഗവണ്‍മെന്റിന്റെ കാലത്തുതന്നെ ഇതിനു തുടക്കം കുറിച്ചു. സ്വാതന്ത്ര്യാനന്തരം എല്ലാക്കാലത്തും അധികാരക്കുത്തക തങ്ങളുടേതായിരിക്കുമെന്ന കോണ്‍ഗ്രസ്സ് ധാരണയ്‌ക്കേറ്റ ആദ്യ പ്രഹരമായിരുന്നു കേരളത്തിലെ കമ്യൂണിസ്റ്റ് വിജയം. അന്ന് കമ്യൂണിസ്റ്റുകാരുടെ വളര്‍ച്ചയെ മുളയിലേ നുള്ളാന്‍ കോണ്‍ഗ്രസ്സ് ഉപയോഗിച്ച ഭരണഘടനാപദവിയായിരുന്നു ഗവര്‍ണര്‍. ആദ്യ ഗവര്‍ണറായ ബി. രാമകൃഷ്ണറാവുവിനെ ഉപയോഗിച്ച് ഏതുവിധേനയും കമ്യൂണിസ്റ്റ് ഗവണ്‍മെന്റിനെ താഴെയിറക്കാനായിരുന്നു കോണ്‍ഗ്രസ്സ് നീക്കം. അന്ന് രാമകൃഷ്ണറാവു ആ ഗവണ്‍മെന്റിനെതിരെ നടത്തിയ നീക്കങ്ങളുടെ പരിസമാപ്തിയായിരുന്നു ഇന്ത്യയുടെ ഫെഡറല്‍ വ്യവസ്ഥയ്ക്ക് ഏറ്റ ആദ്യത്തെ കനത്ത പ്രഹരം. 1959 ജൂലൈ 31-ന് രാമകൃഷ്ണറാവു ഗവണ്‍മെന്റിനെ പിരിച്ചുവിട്ടു. 

ഗവര്‍ണര്‍-ഗവണ്‍മെന്റ് പോരാട്ടത്തിന്റെ നാള്‍വഴികള്‍ 

ആദ്യത്തെ കമ്യൂണിസ്റ്റ് ഗവണ്‍മെന്റിനുശേഷം ഇടതുപക്ഷ കക്ഷികളുടെ ഏകോപിച്ചതും ദൃഢവുമായ മുന്നേറ്റം ദൃശ്യമാകുന്നത് അടിയന്തരാവസ്ഥയ്ക്കു ശേഷമാണ്. 1977 മുതല്‍ അഞ്ചു വര്‍ഷം കേരളത്തിലെ ഗവര്‍ണറായിരുന്ന ജ്യോതി വെങ്കടാചലത്തിനാണ് വീണ്ടും ദൃഢീകരിക്കപ്പെട്ട കമ്യൂണിസ്റ്റ് രാഷ്ട്രീയം സംസ്ഥാനത്തെ അധികാരകേന്ദ്രത്തില്‍ ശക്തിയാര്‍ജ്ജിക്കുന്നതിനെതിരെയുള്ള നീക്കങ്ങള്‍ എടുക്കാന്‍ നിയോഗം ഉണ്ടായത്. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് വെങ്കിടാചലം ഗവര്‍ണറാകുന്നത്. കരുണാകരന്റെ നേതൃത്വത്തിലുള്ള ഭൂരിപക്ഷമില്ലാതിരുന്ന മുന്നണിയെ ആദ്യം മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കുകയും സത്യപ്രതിജ്ഞ ചെയ്യിപ്പിക്കുകയുമുണ്ടായി. പിന്നീട് ആ മന്ത്രിസഭ ഭൂരിപക്ഷമില്ലാതെ താഴെ വീണപ്പോള്‍ ഇടതുപക്ഷ കക്ഷികളെ മന്ത്രിസഭയുണ്ടാക്കാന്‍ അനുവദിക്കാതെ നിയമസഭ പിരിച്ചുവിടുകയാണ് അവര്‍ ചെയ്തത്. ഈ സന്ദര്‍ഭത്തില്‍ സംസ്ഥാനത്തില്ലാതിരുന്നയാളായിട്ടുപോലും. 1988-ല്‍ ഗവര്‍ണറായി വന്ന രാം ദുലാരി സിന്‍ഹയും വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയുടെ കാലത്ത് ഗവര്‍ണറായിരുന്ന ആര്‍.എസ്. ഗവായിയും അതതു സര്‍ക്കാരുകളുമായി ഏറിയും കുറഞ്ഞും പലപ്പോഴും സംഘര്‍ഷത്തിന്റെ പാതയിലായിരുന്നു. 

കഴിഞ്ഞകാല ഗവര്‍ണര്‍മാരുടെ എതിര്‍സമീപനങ്ങളുമായി ഇപ്പോഴത്തെ കേരള ഗവര്‍ണര്‍ സ്വീകരിക്കുന്ന സമീപനത്തിനു കാതലായ വ്യത്യാസമുണ്ട് എന്നു വിശദമായ വിലയിരുത്തലില്‍ വ്യക്തമാകും. കേരളത്തില്‍ മാത്രമല്ല, തമിഴ്‌നാട്ടിലും ബംഗാളിലുമടക്കം ബി.ജെ.പി വിരുദ്ധകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം നിരന്തരമായ ഇടപെടലുകള്‍ക്ക് ഗവര്‍ണറെ സംഘ്പരിവാര്‍ രാഷ്ട്രീയക്കാര്‍ കരുവാക്കുന്നുവെന്ന ആരോപണവും ശക്തമാണ്. 

ആർഎസ് ​ഗവായി
ആർഎസ് ​ഗവായി

ഗവര്‍ണറുടെ  രാഷ്ട്രീയം

ഒരു രാഷ്ട്രീയകക്ഷിയില്‍നിന്നു മറ്റൊരു രാഷ്ട്രീയകക്ഷിയിലേയ്ക്ക് നിരന്തരം കാലുമാറി സ്വന്തം രാഷ്ട്രീയഭാവി ഭദ്രമായി സൂക്ഷിക്കുന്നതില്‍ ബദ്ധശ്രദ്ധനായ ഒരാള്‍ എന്ന നിലയില്‍ അദ്ദേഹത്തിലാണ് ഹിന്ദുത്വ രാഷ്ട്രീയം കേരളത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. ടി.എന്‍. ശേഷനെപ്പോലുള്ള ബ്യൂറോക്രാറ്റുകളുടെ ആക്ടിവിസത്തിനു കയ്യടിച്ചവരും റബ്ബര്‍ സ്റ്റാംപുകള്‍ എന്ന് ആക്ഷേപിക്കപ്പെടുന്ന പദവികളില്‍ വിരാജിക്കുന്നവരുടെ ആക്ടിവിസത്തിനു പിന്തുണ പ്രഖ്യാപിക്കുന്നവരും ആയ ഒരു വലിയ വിഭാഗം ആളുകള്‍ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്. ''അധികാരത്തിനു കാര്‍ക്കശ്യം പോരാ'' എന്ന തോന്നലുള്ള ഈ വിഭാഗം ആളുകള്‍ പൊതുവേദികളിലും സാമൂഹ്യമാധ്യമങ്ങളിലും മറ്റും ഗവര്‍ണര്‍ക്ക് അനുകൂലമായി ശക്തമായ വികാരം സൃഷ്ടിക്കാന്‍ പണിപ്പെടുന്നതു കാണാം. 

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിലെ ഗവണ്‍മെന്റുമായി കൊമ്പുകോര്‍ക്കുന്ന സന്ദര്‍ഭങ്ങള്‍ ഏതൊക്കെയാണ്, ഏതെല്ലാം വിഷയങ്ങളിലുള്ള അഭിപ്രായ വ്യത്യാസമാണ് രൂക്ഷമായ പോരാട്ടങ്ങളിലേക്ക് ഗവര്‍ണറേയും ഗവണ്‍മെന്റിനേയും നയിക്കുന്നത് എന്നു ശ്രദ്ധിച്ചാല്‍ മതിയാകും അതിന്റെ രാഷ്ട്രീയം വ്യക്തമാകാന്‍. 

ആരിഫ് മുഹമ്മദ് ഖാന്‍ 2019 സെപ്റ്റംബര്‍ ആറിനാണ് സംസ്ഥാനത്തെ 22-ാമത് ഗവര്‍ണറായി ചുമതലയേറ്റത്. ഒട്ടും വൈകാതെ ഗവണ്‍മെന്റുമായി ഗവര്‍ണറുടെ തുറന്ന പോര് ആരംഭിച്ചു. പൗരത്വ നിയമഭേദഗതിയിലായിരുന്നു തുടക്കം. 

പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭാംഗങ്ങള്‍ കൈക്കൊണ്ട ഏകോപിച്ച നിലപാടായിരുന്നു ഗവര്‍ണര്‍ക്കു പ്രകോപനമായത്. ഹിന്ദുരാഷ്ട്ര അജന്‍ഡ നടപ്പാക്കുന്നതിന്റെ ഭാഗമായി ന്യൂനപക്ഷങ്ങള്‍ക്കു പൗരത്വം നിഷേധിക്കുന്ന ഇടതുപക്ഷ നേതാക്കളും ജനപ്രതിനിധികളുമൊക്കെ പൗരത്വഭേദഗതി ബില്ലിനെ വേണമെങ്കില്‍ വിമര്‍ശിച്ചോട്ടെ, എന്നാല്‍ അതിന് ഒരു ഏകോപിച്ച രൂപം വേണ്ട എന്നതായിരുന്നു ഗവര്‍ണറുടെ കാഴ്ചപ്പാടിന് അടിസ്ഥാനം. പ്രധാനമായും മൂന്നു കാര്യങ്ങളിലായിരുന്നു ഗവര്‍ണറുടെ വിയോജിപ്പ്. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസ്സാക്കിയ നിയമത്തിനെതിരെ സംസ്ഥാന നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കപ്പെട്ടതും അത് ഐകകണ്‌ഠ്യേന പാസ്സാക്കപ്പെട്ടതും അദ്ദേഹത്തെ പ്രകോപിപ്പിച്ചു. നിയമസഭ പാസ്സാക്കിയ പ്രമേയത്തിനു നിയമപരമോ ഭരണഘടനാപരമോ ആയ സാധുതയില്ലെന്നായിരുന്നു ഗവര്‍ണറുടെ വാദം. നിയമത്തിനെതിരെ പരമോന്നത നീതിപീഠത്തെ സമീപിച്ച ഗവണ്‍മെന്റ് നടപടിയേയും ഗവര്‍ണര്‍ വിമര്‍ശിച്ചു. അതേ ദിവസങ്ങളില്‍ സംസ്ഥാന ഗവണ്‍മെന്റ് ദേശീയ മാദ്ധ്യമങ്ങളില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പരസ്യം നല്‍കിയിരുന്നു. ഈ നടപടിയേയും ഗവര്‍ണര്‍ ശക്തമായി വിമര്‍ശിച്ചു. 

ഇതേ കാലത്ത് കണ്ണൂര്‍ വാഴ്‌സിറ്റിയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസ്സിന്റെ വേദിയില്‍ അരങ്ങേറിയ സംഭവ വികാസങ്ങളും പൗരത്വ നിയമഭേദഗതിയെ ചൊല്ലി ഗവണ്‍മെന്റും ഗവര്‍ണറും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിപ്പിച്ചു. വേദിയില്‍വെച്ച് ചരിത്ര കോണ്‍ഗ്രസ്സിന്റെ അദ്ധ്യക്ഷസ്ഥാനം ഒഴിയുന്ന പ്രൊഫ. ഇര്‍ഫാന്‍ ഹബീബും ഗവര്‍ണറും വാഗ്വാദത്തിലേര്‍പ്പെട്ടു. ചരിത്രകാരന്മാര്‍ പ്രതിഷേധമുയര്‍ത്തിയതിനെത്തുടര്‍ന്ന് എഴുതിത്തയ്യാറാക്കിയ പ്രസംഗം മാറ്റിവെച്ച് പ്രതിഷേധങ്ങള്‍ക്കു മറുപടി പറഞ്ഞ് പൗരത്വ നിയമഭേദഗതിയെ പിന്താങ്ങാനാണ് ഗവര്‍ണര്‍ മുതിര്‍ന്നത്. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാനും നീക്കം ചെയ്യാനും ശ്രമിച്ചത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. 

2020 ജനുവരിയില്‍ നിയമസഭയില്‍ സംസ്ഥാന ഗവണ്‍മെന്റിനുവേണ്ടി ഗവര്‍ണര്‍ നടത്തേണ്ടിയിരുന്ന നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ നിയമഭേദഗതിയെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ വീണ്ടുമൊരു ഗവര്‍ണര്‍-ഗവണ്‍മെന്റ് പോരിനു വേദിയൊരുക്കി. പ്രസംഗത്തിലെ പരാമൃഷ്ടഭാഗം വായിക്കില്ലെന്ന നിലപാട് ഗവര്‍ണര്‍ കൈക്കൊള്ളുമെന്നായിരുന്നു പരക്കേ കരുതപ്പെട്ടത്. എന്നാല്‍, പ്രഖ്യാപനം മുഴുവന്‍ വായിക്കണമെന്ന നിലപാടില്‍ മുഖ്യമന്ത്രി ഉറച്ചു നിന്നതോടെ ഗവര്‍ണര്‍ തന്റെ സമീപനത്തില്‍ അയവുവരുത്തി. അദ്ദേഹം പൗരത്വ നിയമഭേദഗതിയെ സംബന്ധിച്ചുള്ള തന്റെ കാഴ്ചപ്പാട് വിശദീകരിച്ചശേഷം പ്രഖ്യാപനം മുഴുവനായും വായിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ നിയമസഭയുടെ പൊതുകാഴ്ചപ്പാടിനോടു വിയോജിച്ച ഗവര്‍ണറെ നീക്കം ചെയ്യണമെന്ന ആവശ്യം രാഷ്ട്രപതിയോട് പ്രമേയം മുഖേന ഉന്നയിക്കാന്‍ ശ്രമിച്ച പ്രതിപക്ഷ നീക്കം ഭരണപക്ഷത്തിന്റെ വിയോജിപ്പു മൂലം വിജയിക്കുകയും ചെയ്തില്ല. 

പൗരത്വ നിയമഭേദഗതിയില്‍ ആരിഫ് മുഹമ്മദ് ഖാനെ സംസ്ഥാന ഗവര്‍ണറായി നിയോഗിച്ച രാഷ്ട്രീയ താല്പര്യങ്ങളോട് പരമാവധി യോജിച്ചു നില്‍ക്കാനും സംസ്ഥാനത്ത് ആ രാഷ്ട്രീയത്തിനെതിരെയുള്ള നീക്കങ്ങളെ തോല്‍പ്പിക്കുന്നതിനുമാണ് ഗവര്‍ണര്‍ മുതിര്‍ന്നത് എന്ന് അന്നു വിമര്‍ശനമുയര്‍ന്നിരുന്നു. സംസ്ഥാന ഗവണ്‍മെന്റിന്റെ നയത്തിന്റേയോ പദ്ധതിയുടേയോ ഭാഗമായിട്ടുള്ളതല്ല പൗരത്വ പരാമര്‍ശം എന്നും എന്നാല്‍, ഇതു വായിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനാല്‍ അതു ചെയ്യുന്നു എന്നും ആണ് ഗവര്‍ണര്‍ നയപ്രഖ്യാപന വേളയില്‍ മുഖവുര കുറിച്ചത്. എന്നാല്‍, സംഘ്പരിവാര്‍ രാഷ്ട്രീയത്തിനു രാജ്യം പൂര്‍ണ്ണമായും വഴങ്ങുന്നതിനെ തടയുന്നത് ദക്ഷിണേന്ത്യയാണ് എന്നും ദക്ഷിണേന്ത്യയിലെ സംഘ്പരിവാര്‍ വിരുദ്ധ രാഷ്ട്രീയത്തിന്റെ മര്‍മ്മസ്ഥാനം കേരളമാണെന്നുമുള്ള കാഴ്ചപ്പാടാണ് സംസ്ഥാന ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടങ്കോലിടുന്നതിന് ഗവര്‍ണറെ പ്രേരിപ്പിക്കുന്നത് എന്ന ആരോപണമാണ് അദ്ദേഹത്തിനെതിരെ ഉയരുന്നത്. തന്റെ ആര്‍.എസ്.എസ് ബന്ധം അഭിമാനപൂര്‍വ്വം എടുത്തുപറയുകയും കേരളത്തിലെത്തിയ ആര്‍.എസ്.എസ് മേധാവിയെ നേരിട്ടു സന്ദര്‍ശിക്കുകയും ചെയ്ത ഗവര്‍ണറുടെ നടപടി വിമര്‍ശകരുടെ വാക്കുകള്‍ക്ക് കൂടുതല്‍ ബലം നല്‍കുകയാണ് ചെയ്തത്. 

ഹിന്ദുത്വ-കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്ക് എതിരെയുള്ള വിശാലമായ സമരമുന്നണി രൂപപ്പെടുത്തുന്നതില്‍ കേരളത്തിലെ രാഷ്ട്രീയവും മതനിരപേക്ഷ കക്ഷികളുടെ അധികാര പങ്കാളിത്തവും നിര്‍ണ്ണായകമാണ് എന്നതാണ് ഗവര്‍ണറെ ഇത്തരം നീക്കങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത് എന്ന ഗവര്‍ണര്‍ക്കെതിരെയുള്ള ആരോപണങ്ങളില്‍ മുഖ്യം. കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി കാര്‍ഷിക നിയമങ്ങളില്‍ വെള്ളം ചേര്‍ത്തെന്ന് ആരോപിച്ച് അതിനെതിരെ പ്രതിഷേധിച്ച് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാനും പ്രമേയം പാസ്സാക്കാനുമുള്ള നീക്കം ഗവര്‍ണര്‍ തടഞ്ഞതാണ് ഉദാഹരണമായി വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. പിന്നീട് നടന്ന അനുനയ നീക്കങ്ങളുടെ ഫലമായി 2020 ഡിസംബര്‍ 31-ന് നിയമസഭാ സമ്മേളനം നടക്കുകയും ചെയ്തു. 

ജ്യോതി വെങ്കിടാചലം
ജ്യോതി വെങ്കിടാചലം

രാഷ്ട്രീയ ധ്രുവീകരണത്തിനു ശ്രമമോ?

കേന്ദ്രം ഭരിക്കുന്നവരുടെ നയങ്ങള്‍ക്ക് ബദല്‍ മുന്നോട്ടു വയ്ക്കുന്നത് കേരളത്തിലെ ഗവണ്‍മെന്റാണെന്നും അതിനെ ദുര്‍ബ്ബലപ്പെടുത്തുക എന്ന സംഘ്പരിവാര്‍ അജന്‍ഡയാണ് ഗവര്‍ണര്‍ നടപ്പാക്കുന്നത് എന്നും വിമര്‍ശനമുണ്ട്. രാജ്യത്തെ പ്രതിപക്ഷ ഗവണ്‍മെന്റുകളെ തകര്‍ക്കാന്‍ അതത് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ ബി.ജെ.പി ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഭാഗമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെന്ന് ബി.ജെ.പി ഒഴികെയുള്ള കേരളത്തിലെ രാഷ്ട്രീയകക്ഷികള്‍ ഒറ്റക്കെട്ടായി ആരോപിക്കുന്നു. വി.സിമാരുടെ നിയമനത്തേയും സര്‍വ്വകലാശാലകളേയും സംബന്ധിച്ച ഗവര്‍ണറുടെ നിലപാടുകളെ കേരളത്തിലെ മതനിരപേക്ഷ അടിത്തറയില്‍ പണിതുയര്‍ത്തിയ വിദ്യാഭ്യാസ വ്യവസ്ഥയെ തകര്‍ക്കാനുള്ള ശ്രമമായിട്ടും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. സിലബസ് കാവിവല്‍ക്കരണമടക്കമുള്ള മറ്റൊരു അജന്‍ഡയും ഗവര്‍ണറുടെ നീക്കങ്ങള്‍ക്കു പിറകിലുണ്ടെന്നു വിമര്‍ശനമുണ്ട്. അതിന്റെ ഭാഗമായാണ് നിലവിലുള്ള വി.സിമാരെ നീക്കി സംഘ്പരിവാറുകാരായ വി.സിമാരെ നിയമിക്കാനുള്ള ഗവര്‍ണറുടെ നീക്കമെന്നും ആര്‍.എസ്.എസ് അജന്‍ഡ കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ അടിച്ചേല്പിക്കാനുള്ള ക്വട്ടേഷനാണ് ഗവര്‍ണര്‍ നടപ്പാക്കുന്നതെന്നും ആരോപിക്കപ്പെടുന്നു. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും വി.സിയാക്കിയതുമായി ബന്ധപ്പെട്ടാണ്, ചെറിയൊരു കാലയളവിനുശേഷം ഗവര്‍ണറും സംസ്ഥാന ഗവണ്‍മെന്റും തമ്മിലുള്ള പുതിയ പോര്‍മുഖം തുറക്കുന്നതിലേക്ക് നയിച്ചത്. അദ്ദേഹത്തിന്റെ കാലാവധി പൂര്‍ത്തിയായതോടെ പുതിയ നിയമനത്തിനായി പരിശോധനാ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. എന്നാല്‍, സംസ്ഥാന ഗവണ്‍മെന്റ് നല്‍കിയ ശിപാര്‍ശ മാനിച്ച് അദ്ദേഹത്തിനു പുനര്‍നിയമനം നല്‍കിയ ഗവര്‍ണര്‍ പിന്നീട് അതിനെതിരെ പരസ്യ നിലപാടെടുക്കുകയായിരുന്നു എന്നതും കൗതുകകരമാണ്. കാലടി സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ നിയമനം, രാംനാഥ് കോവിന്ദിന് ഡിലിറ്റ് നല്‍കാനുള്ള തന്റെ ശിപാര്‍ശ അവഗണിച്ച കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ മഹാദേവന്‍ പിള്ളയുടെ നടപടി, കലാമണ്ഡലം സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഗവര്‍ണര്‍ക്കെതിരെ വൈസ് ചാന്‍സലര്‍ കേസു കൊടുത്തത്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന് കണ്ണൂര്‍ സര്‍വ്വകലാശാല പഠനവകുപ്പില്‍ നിയമനം നല്‍കിയ നടപടി, കേരളാ സര്‍വ്വകലാശാലയുടെ പുതിയ വി.സിയെ നിയമിക്കുന്നതിനായി ഗവര്‍ണര്‍ സ്വന്തം നിലയ്ക്ക് പരിശോധനാ കമ്മിറ്റി രൂപീകരിച്ചത് തുടങ്ങി ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ഒട്ടനവധി വിഷയങ്ങളില്‍ ഗവര്‍ണറും ഗവണ്‍മെന്റും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ആക്കം വര്‍ദ്ധിപ്പിച്ചു. വി.സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം ഇല്ലാതാക്കാന്‍ ഉദ്ദേശിച്ചുള്ള ഭേദഗതി സര്‍വ്വകലാശാല നിയമത്തില്‍ വരുത്താന്‍ തീരുമാനിച്ചത് സ്ഥിതിഗതികള്‍ വഷളാക്കി. നേരത്തെ തന്നെ ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അങ്ങനെയൊരു നടപടിക്കു തൊട്ടുപിറകേ സര്‍ക്കാര്‍ സന്നദ്ധമാകുകയുണ്ടായില്ല. പൗരത്വ നിയമഭേദഗതിയുടെ സന്ദര്‍ഭത്തില്‍ ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണര്‍ സ്ഥാനത്തുനിന്നു നീക്കണമെന്ന് രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ചുള്ള പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കാന്‍ പ്രതിപക്ഷം നടത്തിയ ശ്രമം ഇപ്പോള്‍ കേരളം ഭരിക്കുന്നവര്‍ തന്നെയാണ് പരാജയപ്പെടുത്തിയത്. ഈ രണ്ടു കാര്യങ്ങളും ചേര്‍ത്തു വായിക്കുമ്പോള്‍ ഒന്നുകില്‍ സംസ്ഥാന ഗവണ്‍മെന്റ് ഗവര്‍ണറുമായി അനുരഞ്ജന ഭാവത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നു എന്ന തോന്നലുണ്ടാക്കാനോ അല്ലെങ്കില്‍ ബോധപൂര്‍വ്വം സംസ്ഥാന ഗവണ്‍മെന്റ് V/s ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ഗവര്‍ണര്‍ എന്ന ധാരണ സ്ഥിരമായി നിലനിര്‍ത്താനോ സംസ്ഥാന ഗവണ്‍മെന്റ് ആഗ്രഹിക്കുന്നു എന്നുവേണം പറയാന്‍. 

ഒരുവശത്ത്, ആര്‍.എസ്.എസ്സിന്റെ വരുതിയിലുള്ള ഗവര്‍ണറും മറുവശത്ത് ഇടതുപക്ഷ ഗവണ്‍മെന്റും എന്ന ദ്വിധ്രുവം സംജാതമായാല്‍ തീര്‍ച്ചയായും അതിന്റെ ഗുണം ലഭിക്കുക ആര്‍ക്കായിരിക്കുമെന്നു വ്യക്തം.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com