ജിഫ്രി തങ്ങള്‍ തുറന്നടിച്ചു പറയുമ്പോള്‍ ഉയര്‍ന്ന തക്ബീര്‍ ധ്വനികളുടെ ആരവത്തിലുണ്ട് ചേരിതിരിവിന്റെ ആഴം

വാഫി, വഫിയ്യ വിഷയം മുസ്ലിം സമുദായ രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുകയാണ്
ജിഫ്രി തങ്ങള്‍ തുറന്നടിച്ചു പറയുമ്പോള്‍ ഉയര്‍ന്ന തക്ബീര്‍ ധ്വനികളുടെ ആരവത്തിലുണ്ട് ചേരിതിരിവിന്റെ ആഴം

 

ന്താണ് സംഗതി എന്നു ശരിയായി മനസ്സിലാകാത്തതുകൊണ്ടുമാത്രം കേരളം ഇനിയും ആഴത്തില്‍ ചര്‍ച്ചചെയ്തു തുടങ്ങിയിട്ടില്ലെങ്കിലും വാഫി, വഫിയ്യ വിഷയം മുസ്ലിം സമുദായ രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുകയാണ്. ഇ.കെ. വിഭാഗം സമസ്തയും അവരുടെ തന്നെ ഭാഗമായ കോ- ഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസും (സി.ഐ.സി) ആണ് മുഖാമുഖം. സമസ്തയ്ക്കും സി.ഐ.സിക്കും മേല്‍ രാഷ്ട്രീയ നിയന്ത്രണമുള്ള മുസ്ലിം ലീഗിനുള്ളിലും അതു ചലനങ്ങള്‍ ഉണ്ടാക്കുന്നത് സ്വാഭാവികം. പക്ഷേ, സി.ഐ.സി ഇപ്പോള്‍ സമസ്തയുടെ നിയന്ത്രണത്തില്‍നിന്നു സ്വയം കുതറിമാറാന്‍ ശ്രമിക്കുന്നതുപോലെ സമസ്ത കുറച്ചുകാലമായി ലീഗിന്റെ പിടിയില്‍നിന്നു മാറിനടക്കാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ ചേരിതിരിവില്‍ ശ്രദ്ധയോടെ ഇടപെട്ട് ലീഗിന്റെ ആധിപത്യം ഉറപ്പിച്ചുനിര്‍ത്താന്‍ ശ്രമമുണ്ട്. സി.ഐ.സി പ്രസിഡന്റും സമസ്ത നേതാവും കൂടിയായ ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ നടത്തിക്കൊണ്ടിരിക്കുന്ന മധ്യസ്ഥ ശ്രമങ്ങളുടെ നെല്ലും പതിരും ഇനിയും വേര്‍തിരിച്ചറിയാനിരിക്കുന്നതേയുള്ളൂ. അതിനിടെ, പഠിച്ചുകൊണ്ടിരിക്കുന്ന കോഴ്സ് പാതിവഴിക്കു നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരെ സമസ്ത നേതാക്കള്‍ക്കു മുന്നില്‍ പരസ്യപ്രതിഷേധം ഉയര്‍ത്തിയ വഫിയ്യ വിദ്യാര്‍ത്ഥിനികളെ അറസ്റ്റു ചെയ്യിച്ചാണ് നേതൃത്വം തിരിച്ചടിച്ചത്. സമസ്തയുടെ ഏറെ വിമര്‍ശിക്കപ്പെടുന്ന സ്ത്രീവിരുദ്ധ സമീപനത്തിന്റെ ഏറ്റവും ഒടുവിലത്തെ കാഴ്ചയായി അതു മാറി. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ ഉള്‍പ്പെടെ തടഞ്ഞ് കൈചൂണ്ടി ചീത്തവിളിച്ചവരെ അതേ ഗേറ്റിലൂടെ പൊലീസ് അറസ്റ്റുചെയ്തു കൊണ്ടുപോകുമ്പോഴത്തെ കരച്ചില്‍ കേട്ടോ? കാലം ഒന്നിനും മറുപടി കൊടുക്കാതെ പോയിട്ടില്ല എന്നാണ് സമസ്തയുടെ സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ ഈ തടയലിന്റേയും അറസ്റ്റിന്റേയും ദൃശ്യങ്ങള്‍ പ്രചരിച്ചത്. പെണ്‍കുട്ടികളെ പൊലീസ് അറസ്റ്റുചെയ്ത് വാനില്‍ കയറ്റിക്കൊണ്ടുപോകുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ അവര്‍ പൊട്ടിക്കരയുകയായിരുന്നു. അതാണ് ഇങ്ങനെ ആഘോഷിക്കപ്പെട്ടത്. ആണ്‍കുട്ടികള്‍ക്ക് വാഫി എന്ന പേരിലും പെണ്‍കുട്ടികള്‍ക്ക് വഫിയ്യ എന്ന പേരിലും നല്‍കുന്ന ഇസ്ലാമിക ബിരുദപഠന കോഴ്സിന്റെ ഉള്ളടക്കം സമസ്ത കേരള ജംഇത്തുല്‍ ഉലമ (പണ്ഡിതസഭ)യുടെ ആശയാദര്‍ശങ്ങള്‍ക്കു വിരുദ്ധവും ജമാഅത്തെ ഇസ്ലാമി, മുജാഹിദ് ആശയങ്ങളോടു ചേര്‍ന്നുനില്‍ക്കുന്നതുമാണ് എന്നാണ് സമസ്തയുടെ വിമര്‍ശനം. 

കേരളത്തിലെ പ്രമുഖ മുസ്ലിം സമുദായ സംഘടനകളിലൊന്നായ ഇ.കെ. വിഭാഗം സമസ്തയിലെ പുതിയ ചേരിതിരിവിന്റെ രാഷ്ട്രീയം സമസ്തയുടേയും മുസ്ലിം ലീഗിന്റേയും സമുദായ രാഷ്ട്രീയത്തിന്റേയും പരിധിക്കപ്പുറത്താണ് ഇപ്പോള്‍. സി.പി.എമ്മും ലീഗും ഒരു വശത്ത് രാഷ്ട്രീയമായി അടുക്കാന്‍ ശ്രമിക്കുന്നതിനിടെ സമസ്തയിലെ ചേരിതിരിവില്‍ ഏതു പക്ഷത്തു നില്‍ക്കണം എന്നതില്‍ രണ്ടു പാര്‍ട്ടികളും ആശയക്കുഴപ്പത്തിലാണ്. സമസ്തയ്ക്കുള്ളില്‍ സി.പി.എം ഇടപെടുന്നു എന്ന വിമര്‍ശനം കുറേക്കാലമായി ഉണ്ട്. സമസ്തയിലെ ഒരു വിഭാഗം നേതാക്കള്‍ അതു ശരിവയ്ക്കുന്നവിധം പെരുമാറുന്നുമുണ്ട്. ലീഗിനോട് വിധേയത്വം കാണിക്കാന്‍ തുടക്കം മുതല്‍ വിസമ്മതിക്കുന്ന ജിഫ്രി തങ്ങളെ ഒതുക്കാന്‍ ലീഗ് നടത്തുന്ന ശ്രമങ്ങള്‍ക്കു കൂടി ഇപ്പോഴത്തെ ഭിന്നതയെ ഉപയോഗിക്കുകയാണ്. അദ്ദേഹത്തെ സി.ഐ.സി ഉപദേശക പദവിയില്‍നിന്നു നീക്കാന്‍ സി.ഐ.സി ഭരണഘടനയില്‍ ഭേദഗതി വരെ കൊണ്ടുവന്നു. ഇതോടെയാണ് അകല്‍ച്ച രൂക്ഷമായത്. പ്രമുഖ പണ്ഡിതനും സി.ഐ.സി മേധാവിയുമായ അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരിയുടെ രാജിയിലാണ് അത് എത്തിയത്. സമസ്തയുടെ ആവശ്യപ്രകാരം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ രാജി ചോദിച്ചു വാങ്ങുകയായിരുന്നു. പകരം സി.ഐ.സിയുടെ തലപ്പത്തു വന്ന ഹബീബുല്ല ഫൈസി ആദൃശ്ശേരിയുടെ ശിഷ്യനും അദ്ദേഹത്തെക്കാള്‍ ശക്തമായി വിദ്യാഭ്യാസ പരിഷ്‌കരണത്തിനു വാദിക്കുന്ന ആളുമാണ്. ഹബീബുല്ല ഫൈസിയെ മേധാവിയാക്കിയതില്‍ പ്രതിഷേധിച്ച് സമസ്ത നേതാക്കള്‍ കൂട്ടത്തോടെ സി.ഐ.സിയില്‍നിന്നു രാജിവെച്ചു. 

ജിഫ്രി തങ്ങള്‍
ജിഫ്രി തങ്ങള്‍

ഇടപെടലുകള്‍ 

സമസ്തയും സി.ഐ.സിയും തമ്മില്‍ ഉണ്ടായിരിക്കുന്ന അഭിപ്രായവ്യത്യാസങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിന്റെ ഭാഗമായി ജൂണ്‍ ആദ്യം സാദിഖലി തങ്ങള്‍ മുത്തുക്കോയ ജിഫ്രി തങ്ങളുമായും സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, എം.ടി. അബ്ദുല്ല മൗലവി, കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ എന്നിവരുമായും ചര്‍ച്ച നടത്തിയിരുന്നു. വാഫി, വഫിയ്യ സംവിധാനം പൂര്‍ണ്ണമായും സമസ്തയുടെ ഉപദേശനിര്‍ദ്ദേശങ്ങള്‍ക്കു വിധേയമായി മാത്രം നടത്തണം എന്ന് ഉള്‍പ്പെടെയാണ് ആ ചര്‍ച്ചയിലുണ്ടായ ധാരണ. സാദിഖലി തങ്ങള്‍ തന്നെ ഇത് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന് സമസ്ത നിയോഗിക്കുന്ന സമിതിയുമായി എല്ലാ വാഫി- വഫിയ്യ സ്ഥാപനങ്ങളും സഹകരിക്കണമെന്നും ഇതിനു വിരുദ്ധമായി ഒന്നും സി.ഐ.സിയുടെ നിയമാവലിയില്‍ ഉണ്ടാകാന്‍ പാടില്ലെന്നുമായിരുന്നു ധാരണ; ഇത് സി.ഐ.സി സെനറ്റ് അംഗീകരിച്ച് അക്കാര്യം രേഖാമൂലം സമസ്തയെ അറിയിക്കണം. ഇക്കാര്യത്തിലെ തീരുമാനം ജൂണ്‍ ആറിനുശേഷം പ്രഖ്യാപിക്കാനും ധാരണയായി. 

ഈ തീരുമാനങ്ങള്‍ ജൂണ്‍ ആറിന് പാണക്കാട് മര്‍വ്വ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സി.ഐ.സി ജനറല്‍ബോഡി പൂര്‍ണ്ണമായും ഐകകണ്ഠ്യേന അംഗീകരിച്ചു എന്നാണ് പത്രക്കുറിപ്പിലൂടെ സാദിഖലി തങ്ങള്‍ അറിയിച്ചത്. സി.ഐ.സിയുടെ പ്രസിഡന്റ് എന്ന നിലയില്‍ സമസ്ത മുശാവറയെ (കൂടിയാലോചന സമിതി) ഈ വിവരം രേഖാമൂലം അറിയിച്ചതായും അദ്ദേഹം പറഞ്ഞു. മാത്രമല്ല, അന്നു ചേര്‍ന്ന സി.ഐ.സി സെനറ്റ് അംഗീകരിച്ച പ്രമേയങ്ങള്‍ എന്ന രീതിയില്‍ നടക്കുന്ന മറ്റു പ്രചരണങ്ങള്‍ വാസ്തവവിരുദ്ധവുമാണ് എന്നുകൂടി അദ്ദേഹം വ്യക്തമാക്കി. പക്ഷേ, സാദിഖലി തങ്ങളുടെ ഈ അറിയിപ്പ് വരുന്നതിനു മുന്‍പേ തന്നെ സി.ഐ.സി സെനറ്റിന്റേതായി മറ്റൊരു കുറിപ്പ് പുറത്തുവന്നിരുന്നു. സി.ഐ.സി സെനറ്റ് അംഗീകരിച്ച പ്രമേയങ്ങളുടെ പൂര്‍ണ്ണരൂപം ഉള്‍പ്പെടെയായിരുന്നു അത്. ''കാല്‍നൂറ്റാണ്ട് പ്രവര്‍ത്തന പാരമ്പര്യമുള്ള വിദ്യാഭ്യാസ ഏജന്‍സിയാണ് സി.ഐ.സി. ഇതുവരെയുള്ള അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിശുദ്ധവും സത്യസന്ധവുമാണ്. സി.ഐ.സിയുടെ അസ്തിത്വ വിശുദ്ധിക്കും അതിന്റെ ശില്പി അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരിയുടെ ആദര്‍ശ പ്രതിബദ്ധതയ്ക്കും ഇസ്ലാമിക വിശ്വാസത്തിന് തിരുനബിയോടുള്ള ബഹുമാനാദരവിനും എതിരേ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെ ഈ യോഗം നിരാകരിക്കുന്നു'' എന്നായിരുന്നു ഒന്നാമത്തെ പ്രമേയം. ''സമന്വയ വിദ്യാഭ്യാസരംഗത്ത് മികവാര്‍ന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന സി.ഐ.സിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസരംഗത്ത് വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ വിശ്വാസം ഹനിക്കുന്നതും വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും പൊതുവേ വിദ്യാഭ്യാസത്തില്‍നിന്നും, പ്രത്യേകിച്ച് ഇസ്ലാമിക വിദ്യാഭ്യാസത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ ഇടയാക്കുന്നതുമാണ്. കരാര്‍ പ്രകാരം അവര്‍ തിരഞ്ഞെടുത്ത കോഴ്സുകള്‍ കാലാവധി പൂര്‍ത്തിയാക്കി പഠിക്കും എന്നു വിദ്യാര്‍ത്ഥികളും അതിനുവേണ്ട സാഹചര്യം ഒരുക്കുമെന്ന് സ്ഥാപനങ്ങളും കരാര്‍ ചെയ്യുന്ന രീതിയാണ് സി.ഐ.സിയും അനുബന്ധ സ്ഥാപനങ്ങളും സ്വീകരിച്ചു വരുന്നത്. ഇതിനു വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് അപലപനീയമാണ്. ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയോ അല്ലാതേയോ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉത്തരവാദിത്വമുള്ള സ്ഥാപനങ്ങളില്‍നിന്ന് ഉണ്ടാകാന്‍ പാടില്ല'' എന്ന് അഫിലിയേറ്റു ചെയ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളെ താക്കീതു ചെയ്യുന്നതായിരുന്നു രണ്ടാമത്തെ പ്രമേയം. വാഫി, വഫിയ്യ സിലബസുകളില്‍ ബിദ്അത്ത് (വഴിതെറ്റിയ) ആശയങ്ങളുണ്ട് എന്ന വാദം സെനറ്റ് യോഗം നിരാകരിക്കുന്നുവെന്നും സത്യാവസ്ഥ ബോധ്യപ്പെട്ട ശേഷവും ആരോപണം ഉന്നയിക്കുന്നതിനെ അപലപിക്കുന്നുവെന്നും മൂന്നാമത്തെ പ്രമേയം. ഫലത്തില്‍ സമസ്ത നേതാക്കളും ലീഗ് അധ്യക്ഷനും തമ്മില്‍ നടത്തിയ ചര്‍ച്ചയും ധാരണയും തങ്ങള്‍ അംഗീകരിക്കുന്നില്ല എന്ന പ്രഖ്യാപനം തന്നെയായി അതു മാറി. 

ഈ പ്രമേയങ്ങള്‍ പൂര്‍ണ്ണരൂപത്തില്‍തന്നെ ഇവിടെ പറയാന്‍ കാരണമുണ്ട്. പ്രമേയങ്ങളെ തള്ളിപ്പറഞ്ഞ് പത്രക്കുറിപ്പ് ഇറക്കിയ സി.ഐ.സി പ്രസിഡന്റും ലീഗ് പ്രസിഡന്റുമായ അതേ സാദിഖലി തങ്ങളുടെ അംഗീകാരത്തോടെയാണ് മൂന്നു പ്രമേയങ്ങളും തയ്യാറാക്കി അവതരിപ്പിച്ച് പാസ്സാക്കിയത് എന്നാണ് സി.ഐ.സി പറയുന്നത്. ഇത് വസ്തുതാപരമായി നിഷേധിക്കാന്‍ കഴിയാതെ വന്നതോടെ സാദിഖലി തങ്ങളുടെ വിശ്വാസ്യതയ്ക്ക് വലിയ അളവില്‍ കോട്ടം തട്ടി. പ്രമേയം പാസ്സാക്കിയവര്‍ക്കെതിരെ നടപടി വേണമെന്നാണ് സമസ്തയുടെ ആവശ്യം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജിഫ്രി തങ്ങളുള്‍പ്പെടെ മുതിര്‍ന്ന നേതാക്കളുടെ സമിതിയെ വച്ചിരിക്കുകയുമാണ്. ഇതാണ് സി.ഐ.സി-സമസ്ത-ലീഗ് വിഷയത്തില്‍ നിലവിലെ സ്ഥിതി. സംഘടനാപരമായ കാര്യങ്ങളും ഉന്നത പണ്ഡിതരും മുതിര്‍ന്ന നേതാക്കളുമായ വ്യക്തികളുടെ താന്‍പോരിമയും ആദര്‍ശപരമായ ഭിന്നാഭിപ്രായങ്ങളും കൂടിക്കുഴഞ്ഞ സി.ഐ.സി-സമസ്ത വിവാദത്തില്‍ ഇപ്പോള്‍ വ്യക്ത്യാധിഷ്ടിത പോരിനാണ് മുന്‍തൂക്കം. സംഘടനാപരമായ ഭിന്നതകളും ആദര്‍ശപരമായ അഭിപ്രായവ്യത്യാസങ്ങളും കടലാസില്‍ മാത്രമായി ചുരുങ്ങി. നിസ്സാരമല്ല കാര്യം എന്ന വികാരമാണ് സമസ്ത അണികളില്‍ ഉള്ളത്. അവര്‍ സമൂഹമാധ്യമങ്ങളില്‍ കത്തിക്കയറുകയാണ്. രണ്ടു പക്ഷത്തുനിന്നും രൂക്ഷമായ 'കൊടുക്കലും വാങ്ങലും' നടക്കുന്നു. പലപ്പോഴും അതിലെ ഭാഷ വളരെ മോശമായിപ്പോകുന്നു. 

കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ
കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ

പഴയ പിളര്‍പ്പിന്റെ തിക്താനുഭവങ്ങള്‍ 

മൂന്നര പതിറ്റാണ്ടു മുന്‍പ് അവിഭക്ത സമസ്തയില്‍ ഉണ്ടായ പിളര്‍പ്പില്‍ ഖേദിച്ചുമടങ്ങാനും അകല്‍ച്ച അവസാനിപ്പിച്ച് അടുപ്പത്തിനു വഴി തേടാനും കാന്തപുരം വിഭാഗവും ഇ.കെ. വിഭാഗവും ഇടക്കാലത്തു കാര്യമായി ശ്രമിച്ചിരുന്നു. അതു പാതിവഴിക്കു നിലച്ചു. എങ്കിലും പഴയതുപോലെ പരസ്യമായ പോരും ശത്രുതയുമില്ല. ഐക്യവും ലയനവും ഉണ്ടായില്ലെങ്കിലും അകലം കൂട്ടുന്നതൊന്നും ഉണ്ടാകരുതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയിലെ രണ്ടു വിഭാഗവും ആഗ്രഹിക്കുന്നതിനിടെയാണ് ഒരു വിഭാഗത്തിനുള്ളിലെ പുതിയ അകല്‍ച്ച. ഇതോടെ 'വിഘടിതര്‍' മുതലെടുപ്പിനു ശ്രമിക്കുന്നു എന്ന തരം വിമര്‍ശനങ്ങള്‍ ഇ.കെ. വിഭാഗം ഉന്നയിക്കാന്‍ തുടങ്ങി. കാന്തപുരം വിഭാഗത്തെ ഇ.കെ. വിഭാഗം പരിഹസിക്കുന്ന പേരാണ് വിഘടിതര്‍ എന്നത്. പക്ഷേ, തങ്ങളുടെ പത്രത്തില്‍പോലും സി.ഐ.സി-സമസ്ത പ്രശ്‌നത്തിന്റെ വാര്‍ത്തകള്‍ ശ്രദ്ധിച്ചാണ് കൊടുക്കുന്നതെന്നും സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനപ്പുറം ഇക്കാര്യത്തില്‍ അമിത താല്പര്യം കാണിക്കുന്നില്ലെന്നും കാന്തപുരം വിഭാഗം പറയുന്നു. മലബാറിലെ മുസ്ലിം സമുദായത്തേയും സമുദായ സംഘടനകളേയും പിടിച്ചുകുലുക്കിയ സമസ്തയിലെ പിളര്‍പ്പിന്റെ മോശം അനുഭവങ്ങളിലേക്ക് ഇനിയൊരിക്കല്‍കൂടി പോകാന്‍ ആര്‍ക്കും താല്പര്യമില്ല എന്നതാണ് കാര്യം.

സമസ്തയോടു കൂറില്ലാത്തവരെ വളര്‍ത്തിയെടുക്കുന്നു എന്നതാണ് സി.ഐ.സിക്കെതിരെ സമസ്തയുടെ പ്രധാന ആരോപണം. സി.ഐ.സിയുടെ ഭരണഘടന ഭേദഗതി ചെയ്തപ്പോള്‍ അതില്‍നിന്ന് സമസ്ത ആദര്‍ശങ്ങളോടുള്ള പ്രതിബദ്ധത പരാമര്‍ശിക്കുന്ന ഭാഗത്തു മാറ്റം വരുത്തിയത് പ്രകോപനമാകുകയും ചെയ്തു. വാഫി, വഫിയ്യ സിലസുകളില്‍ സമസ്ത ആരോപിക്കുന്ന വഴിതെറ്റല്‍ യഥാര്‍ത്ഥത്തില്‍ ഇസ്ലാമിക വിദ്യാഭ്യാസത്തില്‍ കാലം ആവശ്യപ്പെടുന്ന മാറ്റം മാത്രമാണെന്നും അത് മതത്തിനോ സമുദായത്തിനോ സമസ്തയ്‌ക്കോ എതിരല്ലെന്നും സി.ഐ.സി വിശദീകരിക്കുന്നു. വഫിയ്യ കോഴ്സ് പഠിക്കുന്ന പെണ്‍കുട്ടികളെ അഞ്ചു വര്‍ഷത്തെ കോഴ്സ് കാലാവധി അവസാനിക്കാതെ വിവാഹം ചെയ്ത് അയയ്ക്കുന്നതിനെ അബ്ദുല്‍ ഹക്കീം ഫൈസി എതിര്‍ത്തതും സമസ്തയെ അലോസരപ്പെടുത്തി.

ഇതിനിടയിലാണ് ലീഗിന്റെ ഇടപെടലുണ്ടായത്. അതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി എന്നതിനു സമീപകാല സംഭവവികാസങ്ങള്‍ തന്നെ തെളിവ്. ജിഫ്രി തങ്ങള്‍ പ്രസിഡന്റായതോടെ സമസ്ത ഇടത് അനുകൂലമായി എന്ന ആക്ഷേപമുള്ള ലീഗിലെ ഒരു വിഭാഗം കണ്ണുമടച്ച് അബ്ദുല്‍ ഹക്കീം ഫൈസിക്കൊപ്പം നിന്നു. മുന്‍പ് ലീഗും കുഞ്ഞാലിക്കുട്ടിയുമാണ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കും മറ്റും ഇടയില്‍ ഏതു ഭരണകാലത്തും നിന്നത്. പക്ഷേ, പിണറായി വിജയന്‍ സര്‍ക്കാരിന്റെ തുടക്കം മുതല്‍ തന്നെ കെ.ടി. ജലീല്‍ സമസ്തയ്ക്കും സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഇടയിലെ പാലമായി മാറി. ജിഫ്രി തങ്ങള്‍ അടക്കമുള്ള സമസ്ത നേതാക്കള്‍ക്ക് ഇടനിലക്കാരില്ലാതെ മുഖ്യമന്ത്രിയുമായി ബന്ധമുണ്ടായതോടെ ജലീല്‍ പിന്മാറുകയും ചെയ്തു. ഇടതുപക്ഷവുമായി സമീപകാലത്ത് മുസ്ലിം സമുദായത്തിന്റെ അടുപ്പം വര്‍ദ്ധിച്ചതും കൂടിയായപ്പോള്‍ ലീഗിന്റെ അസ്വസ്ഥത വര്‍ദ്ധിച്ചു. സമസ്തയാകട്ടെ, ലീഗ് വിധേയത്വം മാറ്റിവച്ച് സ്വതന്ത്ര സ്വഭാവം കൂടുതല്‍ പ്രകടിപ്പിക്കാനും ശ്രമം തുടങ്ങി. ഇതെല്ലാം ചേര്‍ത്ത് ജിഫ്രി തങ്ങള്‍ക്ക് ഒന്നു കൊടുക്കാന്‍ ലീഗ് തക്കം നോക്കി നില്‍ക്കുകയായിരുന്നു. സി.ഐ.സിയേയും അബ്ദുല്‍ ഹക്കീം ഫൈസിയേയും അതിന് ഉപയോഗിച്ചു എന്നിടത്താണ് കാര്യങ്ങള്‍. എന്നാല്‍ സമസ്തക്കൊപ്പമാണെന്നു വരുത്താനുള്ള ശ്രമം നടത്തുകയും ചെയ്തു. സാദിഖലി തങ്ങള്‍ തുടക്കത്തില്‍ ആദൃശ്ശേരിക്കു പിന്തുണയാണ് നല്‍കിയത്. അതു തുറന്നുപറയാനുള്ള മടി അദ്ദേഹത്തെ രണ്ടുകൂട്ടര്‍ക്കും വിശ്വാസമില്ലാത്തയാളാക്കി മാറ്റി. അതിനിടെ, മുഹമ്മദലി ശിഹാബ് തങ്ങളില്‍നിന്നും ഹൈദരലി ശിഹാബ് തങ്ങളില്‍നിന്നും വ്യത്യസ്തമായി സജീവമായി ദൈനംദിന രാഷ്ട്രീയത്തില്‍ ഇടപെടുകയും പ്രതികരിക്കുകയും ചെയ്യുന്ന സാദിഖലി തങ്ങള്‍ വന്നതോടെ കുഞ്ഞാലിക്കുട്ടിയുടെ പിടി ലീഗില്‍ അയഞ്ഞു എന്നു വരുത്താനുള്ള ശ്രമം അദ്ദേഹത്തിന്റെ അനുകൂലികള്‍ നടത്തുന്നുണ്ട്. ഇതിലെ നീരസം പുറമേ പ്രകടിപ്പിക്കാതിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിക്ക് സി.ഐ.സി-സമസ്ത പോരില്‍ തങ്ങളൊന്ന് ചെറുതാകുന്നതില്‍ സന്തോഷമുണ്ടുതാനും. കോഴിക്കോട്ട് ലീഗ് മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തി കുഞ്ഞാലിക്കുട്ടി കളം പിടിക്കാന്‍ ശ്രമിച്ചതും തങ്ങളല്ല താന്‍ തന്നെയാണ് പാര്‍ട്ടി എന്നു വരുത്താനാണ്. 

അബ്​ദുൽ ഹക്കീം ഫൈസി അദൃശ്ശേരി
അബ്​ദുൽ ഹക്കീം ഫൈസി അദൃശ്ശേരി

ഈഗോയും രാഷ്ട്രീയവും വിദ്യാഭ്യാസവും  

വാഫി, വഫിയ്യ സിലബസിനോടുള്ള സമസ്തയുടെ എതിര്‍പ്പുമൂലം വളാഞ്ചേരി മര്‍ക്കസ് കുറച്ചു ദിവസം അടച്ചിടേണ്ടിവന്നു. എങ്കിലും അതിനിടയിലും അബ്ദുല്‍ ഹക്കീം ഫൈസി കുട്ടികളെക്കൊണ്ട് എന്‍ട്രന്‍സ് പരീക്ഷ എഴുതിച്ചു. പുറത്തിരുന്ന് പരീക്ഷ എഴുതിയ കുട്ടികള്‍ മാധ്യമങ്ങളോടു സംസാരിക്കുകയും ചെയ്തു. ഇതെല്ലാം സ്ഥിതി കൂടുതല്‍ വഷളാക്കി. പിളര്‍പ്പിന്റെ സമയത്തെപ്പോലെ മുഖാമുഖം നില്‍ക്കുന്ന സ്ഥിതി. സി.പി.എം സ്വാഭാവികമായും നന്നായി ഇടപെട്ടു. സി.പി.എം പിന്തുണയോടെ സി. ഹംസ മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചു. അതില്‍ പാണക്കാടു കുടുംബത്തില്‍നിന്ന് മുഈന്‍ അലി തങ്ങള്‍ പങ്കെടുക്കുകയും ചെയ്തു. സാധാരണയായി ലീഗ് മുന്‍കയ്യെടുത്താണ് ഇത്തരം യോഗങ്ങള്‍ വിളിക്കുക. എന്നാല്‍, ലീഗിന് അനഭിമതരായ സംഘടനകളെ കൂട്ടി സി.പി.എം നടത്തിയ നീക്കത്തില്‍ മുഈന്‍ അലി തങ്ങള്‍ പങ്കെടുത്തത് വലിയ ചര്‍ച്ചയായി. പി.ഡി.പി, കാന്തപുരം വിഭാഗം, ഇ.കെ. വിഭാഗത്തിലെ ജില്ലാ നേതാക്കള്‍, ഐ.എന്‍.എല്‍ തുടങ്ങിയവരൊക്കെ ആ യോഗത്തിന്റെ ഭാഗമായി. അതിന്റെ പിറ്റേന്നാണ് ലീഗ് മുന്‍കയ്യെയുത്ത് യോഗം വിളിച്ചത്. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്. സിക്ക് വിടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ജുമുഅക്ക് പള്ളിയില്‍ പറയുമെന്ന് ലീഗ് പരസ്യമായി പറഞ്ഞത് സമസ്തയ്ക്ക് ഇഷ്ടപ്പെട്ടില്ല. സമസ്ത പറയേണ്ട കാര്യം പാര്‍ട്ടി പറഞ്ഞതിലായിരുന്നു എതിര്‍പ്പ്. അതുകൊണ്ടാണ് അതു നടക്കാതെ പോയത്. ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം ആണ് വഖഫ് ബോര്‍ഡ് സമരം പള്ളിയില്‍ ഉന്നയിക്കുമെന്ന് പറഞ്ഞത്. അതു നടപ്പാക്കേണ്ട സമസ്ത നടപ്പാക്കിയില്ല. ഇത് സമസ്തയും ലീഗും തമ്മിലുള്ള അകല്‍ച്ച കൂട്ടി. അതിനിടയിലാണ് വാഫി, വഫിയ്യ വിഷയം കൂടി രൂക്ഷമായത്. 

സി.ഐ.സിയുടെ ഭരണഘടനാ ഭേദഗതിക്കു പിന്നില്‍ ലീഗാണ്. ഉന്നം ജിഫ്രി മുത്തുക്കോയ തങ്ങളും. ഇത് സമസ്തയ്ക്ക് വ്യക്തമായി. സി.ഐ.സി സെനറ്റില്‍ ലീഗനുകൂലികള്‍ക്ക് ഭൂരിപക്ഷമുണ്ടുതാനും. സി.ഐ.സിയുടെ തലപ്പത്തുനിന്ന് സമസ്ത പ്രസിഡന്റിനെ ഒഴിവാക്കാന്‍ നീക്കമെന്ന് ആരോപിച്ച് ഒരു വിഭാഗം മലപ്പുറം രജിസ്ട്രാര്‍ക്ക് പരാതി നല്‍കി. വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഫി, വഫിയ്യ ബിരുദങ്ങള്‍ നല്‍കുന്ന കോളേജുകളെ നിയന്ത്രിക്കുന്ന സമിതിയാണ് സി. ഐ.സി. ഇത്തരം ബിരുദ കോളേജുകളിലെ മാനേജ്‌മെന്റിന്റേയും സ്റ്റാഫിന്റേയും പ്രതിനിധികളാണ് സെനറ്റിലെ അംഗങ്ങള്‍. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് നിലവില്‍ സി.ഐ.സി ഉപദേശക സമിതി അംഗം. ഇനി മുതല്‍ സമസ്ത പ്രസിഡന്റിനെ മാറ്റി സമസ്ത മുശാവറ അംഗത്തെ ഉപദേശകസമിതിയാക്കാമെന്ന് ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് സി.ഐ.സി കോ-ഓര്‍ഡിനേറ്റര്‍ ഹകീം ഫൈസി ആദൃശ്ശേരി മലപ്പുറം രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കിയതോടെയാണ് എതിര്‍വിഭാഗം എതിര്‍പ്പുമായി രജിസ്ട്രാറെ സമീപിച്ചത്. കൂടാതെ, സി.ഐ.സിയുടെ നിയന്ത്രണം സംബന്ധിച്ച് സമസ്തയ്ക്കുള്ള അധികാരങ്ങളെക്കുറിച്ചും സെനറ്റില്‍ അഭിപ്രായവ്യത്യാസമുണ്ടായി. 

സി.ഐ.സിയുടെ മുഴുവന്‍ സ്വത്തുക്കളും സമസ്തയുടെ അനുയായികള്‍ നല്‍കിയിട്ടുള്ളതാണെന്നും ഇതു സംബന്ധിച്ച് രജിസ്ട്രാറുടെ മുന്‍പാകെ ആവശ്യമെങ്കില്‍ തെളിവ് നല്‍കാന്‍ തയ്യാറാണെന്നും അബ്ദുല്‍ ഹകീം ഫൈസിയെ എതിര്‍കക്ഷിയായി ചേര്‍ത്ത ഹര്‍ജിയില്‍ സെനറ്റ് അംഗമായ അലി ടി.കെയും മറ്റും അടങ്ങുന്ന പരാതിക്കാര്‍ വ്യക്തമാക്കുന്നുണ്ട്. 

നേരത്തെ വഖഫ് ബോര്‍ഡ് പി.എസ്.സി വിഷയത്തില്‍ സര്‍ക്കാറിനെതിരെ പള്ളികളില്‍നിന്ന് പ്രതിഷേധം വേണ്ടെന്ന ജിഫ്രി തങ്ങളുടെ നിലപാടിനെതിരെ ഹക്കീം ഫൈസി ആദൃശ്ശേരി ശക്തമായി രംഗത്തു വന്നിരുന്നു.

പിഎംഎ സലാം
പിഎംഎ സലാം

ആശങ്കകള്‍ 

സമസ്തയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തുനിന്ന് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ മാറ്റിനിര്‍ത്താനുള്ള നീക്കത്തിനെതിരെ മലപ്പുറം ജില്ലാ രജിസ്ട്രാര്‍ക്ക് പരാതി പോയതിന്റെ അടുത്ത ദിവസമായിരുന്നു സി.പി.എമ്മിനേയും കാന്തപുരം വിഭാഗത്തേയും പേരെടുത്തു പറയാതെ, കാന്തപുരം വിഭാഗത്തെ വിഘടിതരെന്നും സി.പി.എമ്മിനെ മതവിരുദ്ധരെന്നും വിശേഷിപ്പിച്ചുകൊണ്ടുള്ള പത്രക്കുറിപ്പ്. സി.ഐ.സി സെനറ്റ് അംഗങ്ങളായ ടി.കെ. അലി, എ.എം. പരീദ് എന്നിവരാണ് പരാതി കൊടുത്തത്. പ്രധാനമായും സി.ഐ.സി തലപ്പത്തുനിന്നു തങ്ങളെ മാറ്റുന്നതിനെതിരെ ആയിരുന്നു പരാതി. സമസ്തയുടെ നിയന്ത്രണത്തിലുള്ള സി.ഐ.സിയെ തകര്‍ക്കാനും സ്വത്ത് കയ്യടക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണ് സി.ഐ. സിയുടെ ഭരണഘടനാ ഭേദഗതി എന്നാണ് പരാതിയില്‍ പറഞ്ഞത്. സമസ്തയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിച്ച് വളര്‍ന്ന സി.ഐ.സിയില്‍നിന്നു സമസ്ത അധ്യക്ഷനെ മാറ്റാനുള്ള ഭേദഗതി അംഗീകരിക്കരുത് എന്ന് രജിസ്ട്രാറോട് ആവശ്യപ്പെടുകയും ചെയ്തു. സി.ഐ.സിക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ എന്ന പേരില്‍ മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കമാണ് ഭരണഘടനാ ഭേദഗതി എന്ന വിമര്‍ശനമാണ് സമസ്തയിലെ ലീഗ് വിരുദ്ധര്‍ ഉയര്‍ത്തിയത്. അതിനു സി.പി.എം പുറമേനിന്ന് പിന്തുണയും നല്‍കി. സമസ്ത പ്രസിഡന്റിനെ സി.ഐ.സി പ്രസിഡന്റാക്കുന്നതിനു പകരം സമസ്ത മുശാവറയിലെ ഏതെങ്കിലുമൊരു അംഗത്തെ പ്രസിഡന്റാക്കാം എന്ന ഭേദഗതിയാണ് കൊണ്ടുവന്നത്. സമസ്തയുടെ വീക്ഷണത്തിലും ഉപദേശനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുമായിരിക്കണം സി.ഐ.സി പ്രവര്‍ത്തിക്കേണ്ടത് എന്നത് മാറ്റുന്നതാണ് രണ്ടാമത്തെ ഭേദഗതി. സി.ഐ.സിയെ പ്രതിനിധീകരിച്ച് ഹക്കീം ഫൈസി ഇതു സംബന്ധിച്ച അപേക്ഷ രജിസ്ട്രാര്‍ക്ക് കൊടുക്കാനാണ് സെനറ്റ് തീരുമാനിച്ചത്. ഇതിനു പിന്നാലെയാണ് സി.ഐ.സിയുടെ വിശദീകരണം വന്നത്. വൈകാതെ ഫൈസിയെ, സ്ഥാനങ്ങളില്‍നിന്നു നീക്കി സമസ്തയും ജിഫ്രി തങ്ങളും 'കരുത്ത്' കാട്ടുകയും ചെയ്തു. ഇതോടെയാണ് നേരത്തെ അകല്‍ച്ചയിലായിരുന്ന സമസ്തയിലെ സി.പി.എം അനുകൂല വിഭാഗവും ലീഗ് അനുകൂല വിഭാഗവും കൂടുതല്‍ അകന്നത്. ഹക്കീം ഫൈസിയെ നീക്കിയത് പാണക്കാട് കുടുംബത്തിന്റെ അറിവോടെയാണ് എന്ന പ്രചാരണം സമസ്ത ശക്തമാക്കുകയും ചെയ്തു.

ഹക്കീം ഫൈസി പാണക്കാട് കുടുംബത്തിന്റെ പിന്തുണ തേടിയ സാഹചര്യത്തിലായിരുന്നു ഇത്. ഫൈസിയെ പുറത്താക്കിയതിനെക്കുറിച്ചു വിശദീകരിച്ച മലപ്പുറം ജില്ലയിലെ ചേളാരിയില്‍ സമസ്ത വിളിച്ചുചേര്‍ത്ത നേതൃയോഗത്തില്‍ വിശദീകരിച്ചത്, സി.ഐ.സിയുടെ മുഴുവന്‍ തീരുമാനങ്ങളുമെടുത്തത് പാണക്കാട് കുടുംബവുമായി ആലോചിച്ച ശേഷമാണെന്നും പാണക്കാട് കുടുംബത്തിനോട് ഫൈസിക്കുണ്ട് എന്നു പറയുന്ന ബഹുമാനം കണ്ണില്‍പൊടിയിടാനാണ് എന്നുമായിരുന്നു. അന്തരിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെപോലും നിര്‍ദ്ദേശങ്ങള്‍ ഫൈസി അനുസരിച്ചിരുന്നില്ല എന്നാണ് സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി യോഗത്തില്‍ പറഞ്ഞത്. വാഫി വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്ന ഡിഗ്രി സര്‍ട്ടിഫിക്കറ്റില്‍ സമസ്തയുടെ പേരുകൂടി വയ്ക്കണം എന്ന തീരുമാനം പാലിക്കപ്പെട്ടില്ല. 2013-ല്‍ ആണ് അങ്ങനെയൊരു തീരുമാനമെടുത്തത്. 2018-ലും അത് പാലിക്കപ്പെട്ടില്ല. അപ്പോഴാണ് എന്തുകൊണ്ട് അതു നടപ്പാക്കുന്നില്ല എന്നു ചോദിച്ച് തങ്ങള്‍ സി.ഐ.സിക്ക് കത്തെഴുതിയത്. തങ്ങളുടെ നിര്‍ദ്ദേശം പാലിക്കാത്തതില്‍ ഫൈസി ഖേദം അറിയിച്ചെങ്കിലും അതിനുശേഷം ഡിഗ്രി കഴിഞ്ഞവരുടെ സര്‍ട്ടിഫിക്കറ്റിലും സമസ്തയുടെ പേര് വച്ചില്ല. സി.ഐ.സി പ്രസിഡന്റ് കൂടിയായ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിയാലോചിച്ചാണ് ഫൈസിയുടെ കാര്യത്തില്‍ തീരുമാനമെടുത്തത് എന്ന് സമസ്ത ജോയിന്റ് സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര്‍ ആ യോഗത്തെ അറിയിച്ചു. ഫലത്തില്‍ സാദിഖലി തങ്ങളെക്കൂടി വിഷയത്തിലേക്ക് ബോധപൂര്‍വ്വം വലിച്ചിടുന്നതായിരുന്നു ആ വെളിപ്പെടുത്തല്‍. ആ സമയത്ത് സാദിഖലി തങ്ങള്‍ വിദേശത്തായിരുന്നു. എങ്കിലും നിരവധി തവണ അദ്ദേഹവുമായി കാര്യങ്ങള്‍ ഫോണില്‍ ചര്‍ച്ച ചെയ്തു. സമസ്ത മുശാവറയ്ക്ക് ചില തീരുമാനങ്ങള്‍ ഫൈസിയുടേയും സി.ഐ.സിയുടേയും കാര്യത്തില്‍ എടുക്കേണ്ടിവരുമെന്ന കാര്യം ലീഗിന്റെ ചില നേതാക്കളേയും അറിയിച്ചിരുന്നു. 

സാദിഖലി തങ്ങളും ജിഫ്രി തങ്ങളും ഒരു പൊതുപരിപാടിയിൽ
സാദിഖലി തങ്ങളും ജിഫ്രി തങ്ങളും ഒരു പൊതുപരിപാടിയിൽ

അജന്‍ഡ എന്ത്?  

ഇടതുപക്ഷത്തോട്, പ്രത്യേകിച്ച് സി.പി.എമ്മിനോടുള്ള ബന്ധമാണ് ഈ തര്‍ക്കത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ രാഷ്ട്രീയ പ്രശ്‌നം. സമസ്തയെ ഇടത്തേക്കു കൊണ്ടുപോകാനാണ് മുസ്തഫ മുണ്ടുപാറ, സത്താര്‍ പന്തല്ലൂര്‍, ഉമര്‍ ഫൈസി മുക്കം തുടങ്ങിയ നേതാക്കള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്ന വിമര്‍ശനം ലീഗിലെ ഒരു വിഭാഗത്തിനു കുറച്ചുകാലമായി ഉണ്ട്. ജിഫ്രി തങ്ങളും ഇടതുപക്ഷത്തോട് ചായ്വു കാണിക്കുന്നു എന്നാണ് വിമര്‍ശനം. എന്നാല്‍, സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെ സി.പി.എമ്മിനോട് താല്പര്യം കാണിക്കുന്നു എന്ന യാഥാര്‍ത്ഥ്യം ചൂണ്ടിക്കാട്ടിയാണ് ഈ വിമര്‍ശനത്തെ അവര്‍ നേരിടുന്നത്. അതിനിടെയാണ് ഇപ്പോഴത്തെ ചേരിതിരിവ്. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്കു വിടുന്നതിനെതിരായ സമരം പൊളിച്ചത് സി.പി.എമ്മിനുവേണ്ടിയാണ് എന്ന ആക്ഷേപം സമസ്ത നേരിടുമ്പോള്‍, ലീഗിന് അതു ശക്തമായി പ്രതിരോധിക്കാന്‍ കഴിയുന്നില്ല.

ജമാഅത്തെ ഇസ്ലാമിയും മുജാഹിദ് വിഭാഗങ്ങളും ഉന്നയിക്കുന്ന വിഭാഗീയതകളും ശാഖാപരമായ വേര്‍തിരിവുകളുമില്ലാത്ത വിശാല ഇസ്ലാം സങ്കല്പത്തിലേക്കാണ് സി.ഐ.സി പോകുന്നത്. ഇതാണ് ആദര്‍ശപരമായ വിയോജിപ്പായി സമസ്ത ചൂണ്ടിക്കാണിക്കുന്നത്. സംഘടനാപരമായ തര്‍ക്കങ്ങള്‍, വ്യക്തിപരമായ ഈഗോ തുടങ്ങിയതിനെയൊക്കെ മറികടക്കാനുതകുന്നവിധം കാമ്പുള്ള ക്യാംപെയ്ന്‍ ഈ വിഷയത്തില്‍ നടത്തണം എന്നാണ് സമസ്തയുടെ ആലോചന. പക്ഷേ, സംഘടനാപരമായ തര്‍ക്കങ്ങളും വ്യക്തിപരമായ പടലപ്പിണക്കങ്ങളുമായി വിഷയം ഇപ്പോള്‍ മാറിപ്പോയിരിക്കുന്നു. പുത്തന്‍ ആശയക്കാര്‍ എന്നും വഴിതെറ്റിയവര്‍ എന്നും സുന്നി സംഘടനകള്‍ എല്ലാക്കാലത്തും വിമര്‍ശിച്ചിരുന്ന ജമാഅത്തെ ഇസ്ലാമിയുടേയും മുജാഹിദുകളുടേയും വഴിയേ സുന്നികള്‍ പോവുക എന്നത് സമസ്തയുടെ അടിത്തറ ഇളക്കുന്ന കാര്യമാണ്. ബിദ്അത്ത് (തെറ്റായ വഴി) എന്നു ചൂണ്ടിക്കാട്ടിയ വഴിയാണിത്. സി.ഐ.സിയുടെ സ്ഥാപനങ്ങളില്‍ പഠിച്ച ആരെങ്കിലും മുജാഹിദോ ജമാഅത്തോ ആയി മാറിയിട്ടുണ്ടോ എന്ന മറുചോദ്യം കൊണ്ടാണ് സി.ഐ.സി ഇതിനെ പ്രതിരോധിക്കുന്നത്. പക്ഷേ, വാഫി സ്ഥാപനങ്ങളില്‍ പഠിച്ച ശേഷം ഉന്നതപഠനത്തിനു പോകുന്നവര്‍ എം.എസ്.എഫിലേക്കല്ല ഫ്രറ്റേണിറ്റി, എസ്.ഐ.ഒ ലൈനിലേക്ക് പോകുന്നു എന്നാണ് ആക്ഷേപം. കൂടുതല്‍ സ്വത്വവാദികളായി മാറുന്നുവത്രേ. 

ലീഗ് പ്രസിഡന്റ് എന്ന നിലയില്‍ സാദിഖലി തങ്ങള്‍ ആവശ്യപ്പെട്ടതുകൊണ്ട് രാജിവയ്ക്കുന്നു എന്നാണ് ഹക്കീം ഫൈസി ആദൃശ്ശേരി പറഞ്ഞത്. എങ്കിലും തന്റെ രാജി പ്രാബല്യത്തില്‍ വരണമെങ്കില്‍ അത് സി.ഐ.സി സെനറ്റിനു സമര്‍പ്പിക്കുകയും സെനറ്റ് അംഗീകരിക്കുകയും വേണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെനറ്റിനു കൊടുക്കുകയും സെനറ്റ് അംഗീകരിക്കുകയും ചെയ്തു. മുസ്ലിംലീഗിന് സെക്രട്ടേറിയറ്റ് ഉണ്ടായിട്ടും തീരുമാനങ്ങളെടുക്കുന്നത് തങ്ങളാണ്. സി.ഐ.സിയുടെ കാര്യത്തിലെപ്പോലെ സംഘടനാപരമായ കാര്‍ക്കശ്യം പാലിക്കേണ്ടിവന്നാല്‍ അത് ലീഗിന്റെ പല തീരുമാനങ്ങളേയും ബാധിക്കും എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 

ഷിയാ ഇല്ല, സുന്നി ഇല്ല എന്ന് പണ്ട് സിമി ഉയര്‍ത്തിയ മുദ്രാവാക്യം പോലെ ജമാഅത്ത് ഇല്ല, മുജാഹിദ് ഇല്ല, സുന്നി ഇല്ല മുസ്ലിം മാത്രം എന്ന മുദ്രാവാക്യത്തിലേക്ക് സി.ഐ.സി പോകുന്നു എന്നാണ് വാദം. സമസ്തയെ കാലഹരണപ്പെട്ട സംഘടനയായും വൃദ്ധന്മാരുടെ കൂട്ടായ്മയായുമാണ് സി.ഐ.സി കാണുന്നത്. പുതിയകാലത്ത് സമുദായവും മതവും അഭിമുഖീകരിക്കുന്ന വിഷയങ്ങള്‍ക്കു പുതിയതരം പരിഹാരങ്ങള്‍ വേണമെന്നും അതിന് സമസ്ത പ്രാപ്തമല്ലെന്നും സി.ഐസി. പറയാതെ പറയുന്നു. പക്ഷേ, സി.ഐ.സിക്കെതിരെ സമസ്ത മുശാവറ ഒന്നിച്ചുനിന്നു എന്നതാണ് പ്രത്യേകത. പക്ഷേ, ക്രമേണ ഇതിനു മാറ്റം വന്നുകൂടെന്നില്ല. സി.ഐ.സിയേയും സമസ്തയേയും ഒന്നിപ്പിച്ചു കൊണ്ടുപോകാന്‍ തല്‍ക്കാലം സാധിക്കാത്ത സ്ഥിതിക്ക്, രണ്ടിലൊന്നിനൊപ്പം ഉറച്ചുനില്‍ക്കാന്‍ ലീഗ് നിര്‍ബ്ബന്ധിതമാവുകയാണ്. 

പ്രതിഷേധം 

വഫിയ്യ വിദ്യാര്‍ത്ഥിനികളും രക്ഷിതാക്കളും ചേര്‍ന്ന് ജിഫ്രി തങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ തടഞ്ഞു. വാഫി, വഫിയ്യ കോഴ്സുകള്‍ നിര്‍ത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. അതിനു പ്രതികാരമായി വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുപ്പിച്ചു. അവരെ പൊലീസ് വാനില്‍ കയറ്റിക്കൊണ്ടുപോയപ്പോള്‍ പെണ്‍കുട്ടികള്‍ കൂട്ടനിലവിളിയായിരുന്നു. അതിന്റെ വീഡിയോ സമസ്ത സൈബര്‍ ഗ്രൂപ്പുകള്‍ ആഘോഷിച്ചു. എം.ടി. ഉസ്താദിനേയും ആലിക്കുട്ടി ഉസ്താദിനേയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച് മുഷ്ടിചുരുട്ടി ചീത്ത വിളിച്ച അതേ ഗേറ്റിനു മുന്നിലൂടെ വഫിയ്യകളെ പൊലീസ് അറസ്റ്റുചെയ്തു കൊണ്ടുപോകുമ്പോള്‍ നിലവിളിച്ചു കരയുന്ന രംഗം എന്ന അടിക്കുറിപ്പോടെയാണ് ഇത് പ്രചരിച്ചത്. കാലമേ, നീ ഒന്നിനും കണക്കു ചോദിക്കാതെ കടന്നുപോയിട്ടില്ല എന്നും കൂടിയുണ്ടായിരുന്നു വീഡിയോയുടെ താഴെ. മെയ് 31-നായിരുന്നു അറസ്റ്റ്. നേരത്തേ, വാഫി ബുദ്ധവഫിയ്യ കോഴ്സ് നിര്‍ത്താനുള്ള നീക്കത്തിനെതിരെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഹക്കീം ഫൈസി ആദൃശ്ശേരിയും മഞ്ചേരി കോടതിയെ സമീപിച്ചിരുന്നു. പരീക്ഷ നടക്കുന്നതിനിടെ കോഴ്സ് തന്നെ നിര്‍ത്താനുള്ള നീക്കം തടയണം എന്നായിരുന്നു ആവശ്യം. മെയ് 15-നു പരിഗണിച്ച കേസ് മെയ് 23-ലേക്കു മാറ്റി. പരീക്ഷ തടയാനുള്ള നീക്കം തടയുന്ന ഉത്തരവ് വേണം എന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. കോഴ്സ് നിര്‍ത്താന്‍ വളാഞ്ചേരി മര്‍ക്കസ് ശ്രമിക്കുന്നു എന്ന സി.ഐ.സിയുടെ വാദം തെളിയിക്കാന്‍ കഴിഞ്ഞില്ല എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

വാഫി, വഫിയ്യ കോഴ്സുകളില്‍ പഠിപ്പിക്കുന്ന വിഷയങ്ങള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആദര്‍ശങ്ങള്‍ക്കനുസരിച്ചാകണം എന്ന് സമസ്തയുടെ ഒരു പോഷകസംഘടനാ സമ്മേളനത്തില്‍ ജിഫ്രി തങ്ങള്‍ തുറന്നടിച്ചു പറയുമ്പോള്‍ സദസ്സില്‍നിന്നുയര്‍ന്ന തക്ബീര്‍ ധ്വനികളുടെ ആരവത്തിലുണ്ട് ചേരിതിരിവിന്റെ ആഴം. സുന്നി സംഘടനാ പ്രവര്‍ത്തകരുടെ പിന്തുണയുടെ രീതി അതാണ്; അല്ലാഹു അക്ബര്‍ എന്ന തക്ബീര്‍ വിളി. അവരുടെ കയ്യടിയാണത്. ''വഴിതെറ്റിയ ആശയങ്ങള്‍ നമ്മുടെ ചെലവില്‍ വളരാന്‍ പറ്റില്ല. വേറെ സംവിധാനങ്ങള്‍ ഉണ്ടാക്കുന്നെങ്കില്‍ ആകട്ടെ; പക്ഷേ, സമസ്തയുടെ പേരില്‍ വേണ്ട. തകരാറുകളെ എതിര്‍ക്കുമ്പോള്‍ അത് പാണക്കാട് തങ്ങളും ഞാനും തമ്മിലുള്ള എതിര്‍പ്പാക്കി പ്രചരിപ്പിക്കുകയാണ്'' -ജിഫ്രി തങ്ങള്‍ പറയുന്നു. ലീഗിനേയും സമസ്തയേയും തമ്മിലടിപ്പിക്കാന്‍ ശ്രമം. ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമം എന്ന് മാധ്യമങ്ങളെ ഉള്‍പ്പെടെ കുറ്റപ്പെടുത്തുന്നു. ''സാദിഖലി തങ്ങളും സമസ്തയും തമ്മില്‍ ഭിന്നതയുണ്ടെങ്കില്‍ സമസ്തയുടെ ഏറ്റവും പ്രധാനപ്പെട്ട സംഘടനകളിലൊന്നായ എസ്.വൈ.എസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് തങ്ങളെ മാറ്റുമായിരുന്നു'' എന്നുപോലും പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമം. എന്നാല്‍, സി.ഐ.സിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ ശ്രമിച്ചിട്ടു ഫലമില്ലെങ്കില്‍ അത് അതിന്റെ വഴിക്കു പോകട്ടെ എന്നു വിചാരിക്കും എന്നാണ് പ്രതികരണം. ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതും അതാണ്. സി.ഐ.സിയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെമേല്‍ നിയന്ത്രണം പിടിക്കാന്‍ സമസ്ത രൂപീകരിച്ച എസ്.എന്‍.ഇ.സി (സമസ്ത നാഷണല്‍ എജുക്കേഷന്‍ കൗണ്‍സില്‍) സമാന്തരമായി പ്രവര്‍ത്തിക്കുന്നു. രണ്ടു കാലും ഏതെങ്കിലും ഒന്നില്‍ ഉറപ്പിക്കാനാകാതെ മുസ്ലിം ലീഗ് രണ്ടിലും സ്വാധീനം നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. സ്വന്തം സ്വതന്ത്ര സ്വഭാവം കൂടുതല്‍ ശക്തമാക്കുന്നു എന്ന ഭാവത്തില്‍ ലീഗുമായും സി.പി.എമ്മുമായും തുല്യ അകലം നിലനിര്‍ത്താന്‍ സമസ്ത ശ്രമിക്കുന്നു. നോക്കിനിന്നു ബുദ്ധിപൂര്‍വ്വം രാഷ്ട്രീയ ഇടപെടലിനാണ് സി.പി.എം ശ്രമിക്കുന്നത്. അത് അതിബുദ്ധി ആകാതിരിക്കാനും കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാനുമുള്ള ജാഗ്രതയുമുണ്ട്. എന്തുകൊണ്ടെന്നാല്‍ സമസ്തയുടെ വോട്ടില്‍ മാത്രമല്ല, ലീഗിന്റേയും സി.ഐ.സിയുടേയും നിശ്ശബ്ദ സഹകരണത്തിലും അവര്‍ക്കു നോട്ടമുണ്ട്.

ഈ റിപ്പോർട്ട് കൂടി വായിക്കൂ 

'ഒരു സഭയും യേശു സ്ഥാപിച്ചിട്ടില്ല, ഒരു സ്ഥാപനവും യേശു സൃഷ്ടിച്ചിട്ടില്ല'

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com