രാജന്‍ പൊതുവാള്‍: വാര്‍ത്താമുറിയിലെ ഫോട്ടോ ആര്‍ട്ടിസ്റ്റ്

ഫോട്ടോഗ്രഫി ഒരു കലയാണെന്ന് നമ്മെ ബോദ്ധ്യപ്പെടുത്താനും തന്റെ കലാവിദ്യകൊണ്ട് ഫോട്ടോഗ്രഫിക്കു പുതിയ മാനങ്ങളുണ്ടാക്കാനും സാധിച്ചയാളാണ് രാജന്‍ പൊതുവാള്‍
രാജന്‍ പൊതുവാള്‍
രാജന്‍ പൊതുവാള്‍

ക്യാമറ രാജന്‍ പൊതുവാളിന്റെ ശരീരത്തിന്റെ ഭാഗമായിട്ട് അരനൂറ്റാണ്ടിലേറെയായി. ജന്മസ്ഥലമായ ഒറ്റപ്പാലത്തുനിന്നായിരുന്നു അതിന്റെ തുടക്കം. 1970-കളുടെ ആരംഭത്തില്‍, ചിത്രകാരനും ഫോട്ടോഗ്രാഫറുമായ അച്ഛന്‍ പി.ആര്‍. പൊതുവാളിന്റെ യുണൈറ്റഡ് സ്റ്റുഡിയോയായിരുന്നു, പരീശീലനക്കളരി. 1948-ല്‍ ലൈഫ് പെയിന്റിങ്ങ് ആര്‍ട്ട് സ്റ്റുഡിയോയായി തുടങ്ങിയതായിരുന്നു റെയില്‍വെ സ്റ്റേഷനടുത്തുള്ള ആ സ്ഥാപനം.

''അന്ന് പാലക്കാട് ജില്ലയിലെ പത്രപ്രവര്‍ത്തകര്‍ക്കൊപ്പം സഞ്ചരിച്ച് ധാരാളം ഫോട്ടോകളെടുത്തു.'' 1974 ഒക്ടോബര്‍ 16-ന് രാത്രി ഒറ്റപ്പാലത്തിനടുത്ത പൂഴിക്കുന്ന് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ചെമ്പൈ നടത്തിയ കച്ചേരിയുടെ ചിത്രം എടുത്തു. അദ്ദേഹത്തിന്റെ ആദ്യ കച്ചേരിയുടെ വേദിയായിരുന്നു ആ ക്ഷേത്രം; അവസാന കച്ചേരിയുടേയും. അന്നു രാവിലെ തന്റെ ശിഷ്യനായ ഒളപ്പമണ്ണ വാസുദേവന്‍ നമ്പൂതിരിപ്പാടുമായി സംസാരിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീണ് ചെമ്പൈ മരിച്ചു. അദ്ദേഹത്തിന്റെ അവസാനത്തെ കച്ചേരിയുടെ ചിത്രം മാതൃഭൂമിയുടെ ഒറ്റപ്പാലം പ്രാദേശിക ലേഖകന്‍ വാങ്ങി പത്രത്തിനയച്ചു. അത് അടുത്ത ദിവസം പ്രസിദ്ധീകരിക്കപ്പെട്ടു.

1976-ല്‍, തികച്ചും യാദൃച്ഛികമായാണ് രാജന്‍ പൊതുവാള്‍ മാതൃഭൂമിയില്‍ ഫോട്ടോഗ്രാഫറാകുന്നത്. ഒറ്റപ്പാലം എന്‍.എസ്.എസ് കോളേജില്‍ ബി.എസ്സി ഫിസിക്സ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മാതൃഭൂമിയില്‍ ഫോട്ടോഗ്രാഫര്‍മാരെ നിയമിക്കുന്നതിനുള്ള പരസ്യം കണ്ട് അപേക്ഷിച്ചു. ''അന്നത്തെ മാനേജര്‍ എം. കൃഷ്ണന്‍ നായരും കമ്പനി സെക്രട്ടറി ഗോപാലകൃഷ്ണന്‍ നായരും കൂടി എന്നെ ഇന്റര്‍വ്യൂ നടത്തി, തെരഞ്ഞെടുത്തു.'' വൈകിട്ട് മൂന്നു മണിക്കു പത്രാധിപര്‍ കെ.പി. കേശവമേനോന്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ മുന്നില്‍ കൊണ്ടുപോയി. സഹായി ശ്രീനിവാസന്‍ പരിചയപ്പെടുത്തിക്കൊടുത്തു. അദ്ദേഹം എന്റെ കയ്യില്‍ പിടിച്ചിട്ട് ചോദിച്ചു: ചെറിയ കുട്ടിയാണല്ലോ. ഇത്തരം ഉത്തരവാദിത്വപ്പെട്ട ജോലിയൊക്കെ ചെയ്യാന്‍ പറ്റുമോ? അന്ന് അദ്ദേഹത്തോടൊപ്പം നിന്ന് ഫോട്ടോയെടുക്കാനും എനിക്ക് ഭാഗ്യമുണ്ടായി.''

രണ്ടു മഹാരഥന്മാരുടെ അനുഗ്രഹാശിസ്സുകളോടെയാണ് തുടക്കം. രാജന്‍ പൊതുവാള്‍ ആദ്യം നിയമിക്കപ്പെട്ടത് ആഴ്ചപതിപ്പില്‍. എം.ടി. വാസുദേവന്‍ നായരാണ് അന്ന് പത്രാധിപര്‍. വി.എം. നായര്‍ മാനേജിങ്ങ് ഡയറക്ടറും. അങ്ങനെ, ഗംഭീരമായ തുടക്കം. ''ഈ മഹാരഥന്മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനായത് എന്റെ മഹാഭാഗ്യം. മാതൃഭൂമി എന്റെ വളര്‍ത്തമ്മയും പോറ്റമ്മയുമാണ്.''

ചരിത്രത്തെ ക്യാമറയില്‍ രേഖപ്പെടുത്തിയ സംഭവബഹുലമായ 38 വര്‍ഷങ്ങള്‍. ഫോട്ടോ എഡിറ്ററായി 2014-ലാണ് വിരമിച്ചത്.

''മാതൃഭൂമിയെ പുതിയ കാലഘട്ടത്തിലേക്കു നയിച്ച പത്രാധിപരായിരുന്നു എം.ടി. വാസുദേവന്‍ നായര്‍. അദ്ദേഹത്തോടൊപ്പം മണിക്കൂറുകളും ദിവസങ്ങളും ചെലവഴിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യം തന്നെയാണ്. ഞാന്‍ അദ്ദേഹത്തെ 'വാസ്വേട്ടാ' എന്നാണ് വിളിക്കുക തിരിച്ച് അദ്ദേഹം എന്നെ രാജന്‍ എന്നേ വിളിക്കൂ. എന്നെ ഒരിക്കല്‍പോലും പൊതുവാള്‍ എന്ന് വിളിച്ചിട്ടില്ല, ഇതുവരെ. ഞങ്ങള്‍ രണ്ടുപേരും വള്ളുവനാട്ടുകാരാണ്. ഞങ്ങളുടെ സംസ്‌കാരം ഒന്നായിരുന്നു. കുട്ടിക്കാലം തൊട്ട് അറിയുന്ന ആളായിരുന്നു, അദ്ദേഹം. സ്‌കൂളില്‍ പ്രസംഗിക്കാന്‍ വരുമ്പോഴും അച്ഛന്റെ കൂടെ പോകുമ്പോഴും കാണിച്ചുതരാറുള്ള വ്യക്തിയായിരുന്നു എം.ടി. അദ്ദേഹത്തിന്റെ ഗൈഡന്‍സ് എല്ലാ കാര്യങ്ങളിലും എനിക്കുണ്ടായിരുന്നു. പല കാര്യങ്ങളും എന്നോട് നിര്‍ദ്ദേശിക്കും. ലേഖനങ്ങളുടെ ആവശ്യത്തിനായി പലപ്പോഴും പറഞ്ഞയക്കാറുണ്ട്. പട്ടാമ്പിക്ക് അടുത്ത് പള്ളിപ്പുറത്തെ ഒരു ദളിത് ഗ്രാമത്തിന്റെ പിന്നോക്കാവസ്ഥ അന്വേഷിക്കാനായി പോകാന്‍ പറഞ്ഞു. അതായിരുന്നു ആദ്യത്തെ അസൈന്‍മെന്റ്. ജീവിതത്തിലെ സുവര്‍ണ്ണകാലം വാസുവേട്ടനോടൊപ്പം മാതൃഭൂമിയില്‍ കഴിഞ്ഞ കാലം തന്നെയാണ്. അധികം പേര്‍ക്ക് അത്തരമൊരു ഭാഗ്യം കിട്ടിയിട്ടുണ്ടാകില്ല.'' നാലു വര്‍ഷം അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചു. അന്ന് ജി.എന്‍. പിള്ളയും വി.ആര്‍. ഗോവിന്ദനുണ്ണിയും അദ്ദേഹത്തോടൊപ്പമുണ്ട്. എ.എസ്സും ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുമായിരുന്നു രേഖാചിത്രകാരന്മാര്‍.

മാതൃഭൂമിയെ പുതിയ കാലഘട്ടത്തിലേക്കു നയിച്ച പത്രാധിപരായിരുന്നു എം.ടി. വാസുദേവന്‍ നായര്‍. അദ്ദേഹത്തോടൊപ്പം മണിക്കൂറുകളും ദിവസങ്ങളും ചെലവഴിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യം തന്നെയാണ്. ഞാന്‍ അദ്ദേഹത്തെ 'വാസ്വേട്ടാ' എന്നാണ് വിളിക്കുക തിരിച്ച് അദ്ദേഹം എന്നെ രാജന്‍ എന്നേ വിളിക്കൂ. എന്നെ ഒരിക്കല്‍പോലും പൊതുവാള്‍ എന്ന് വിളിച്ചിട്ടില്ല, ഇതുവരെ. ഞങ്ങള്‍ രണ്ടുപേരും വള്ളുവനാട്ടുകാരാണ്. ഞങ്ങളുടെ സംസ്‌കാരം ഒന്നായിരുന്നു. കുട്ടിക്കാലം തൊട്ട് അറിയുന്ന ആളായിരുന്നു, അദ്ദേഹം. സ്‌കൂളില്‍ പ്രസംഗിക്കാന്‍ വരുമ്പോഴും അച്ഛന്റെ കൂടെ പോകുമ്പോഴും കാണിച്ചുതരാറുള്ള വ്യക്തിയായിരുന്നു എം.ടി.
രാജന്‍ പൊതുവാള്‍ പകര്‍ത്തിയ ജി. അരവിന്ദന്‍
രാജന്‍ പൊതുവാള്‍ പകര്‍ത്തിയ ജി. അരവിന്ദന്‍

ന്യൂസ് ഫോട്ടോഗ്രാഫി അത്രയൊന്നും വികസിക്കാത്ത കാലം. സാധാരണ ഫ്‌ലാഷ് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിച്ചിരുന്ന ബ്രില്ല്യന്‍സ് റിഫ്‌ലെക്സ് ക്യാമറയാണ് അന്ന് ആകെ കയ്യിലുണ്ടായിരുന്നത്. ഒരു ഫ്‌ലാഷും ക്യാമറയും മാത്രമാണ് ഫീല്‍ഡില്‍ പോകുമ്പോള്‍ ഉണ്ടാവുക. ''ന്യൂസ് ഫോട്ടോഗ്രാഫര്‍ എന്നല്ല, ഫോട്ടോഗ്രാഫര്‍ എന്നേ പറയൂ. ചിത്രങ്ങള്‍ പത്രത്തിന്റെ അവിഭാജ്യഘടകമാണെന്ന ചിന്ത വായനക്കാരിലേക്ക് എത്തിയിരുന്നില്ല.''

ടെക്നോളജി പുറകില്‍ ആയിരുന്നെങ്കിലും കാഴ്ചപ്പാട് വലുതായിരുന്നു. ഒരു ചിത്രത്തിന്റെ ആശയം ജനങ്ങളിലേക്ക് എങ്ങനെ എത്തിക്കാം എന്ന് ചെറുപ്പത്തിലേ ചിന്തിച്ചിരുന്നു. പത്രങ്ങള്‍ റോട്ടറി പ്രസ്സില്‍ അച്ചടിച്ചിരുന്ന കാലത്താണ് തൊഴില്‍ ആരംഭിക്കുന്നത്. ഓഫ്സെറ്റിലേക്ക് അച്ചടി മാറിയത് പിന്നീടാണ്. സാങ്കേതികവിദ്യയുടെ വികാസപരിണാമങ്ങള്‍ നടക്കുന്ന കാലഘട്ടത്തില്‍ത്തന്നെ പത്രത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങാനായത് വലിയ കാര്യം.

മാതൃഭൂമി തിരുവനന്തപുരം എഡിഷന്‍ തുടങ്ങിയത് 1979-ലാണ്. ''ഫോട്ടോഗ്രാഫറായി ഞാനും മാതൃഭൂമി ദിനപത്രവും തിരുവനന്തപുരത്ത് എത്തിയത് ഒരേ കാലത്താണ്.'' തന്റെ ബുള്ളറ്റില്‍ ക്യാമറയുമായി സഞ്ചരിക്കുന്ന രാജന്‍ പൊതുവാള്‍ അങ്ങനെ തലസ്ഥാനത്തെ പരിചിത കാഴ്ചയായി.

മാതൃഭൂമി ദിനപത്രമാണ് മലയാളത്തില്‍ ആദ്യം ഓഫ്സെറ്റ് പ്രിന്റിംഗ് ആരംഭിച്ചത്. ആദ്യം റോട്ടറിയിലായിരുന്നു അച്ചടി. 'ചിത്രങ്ങള്‍ക്കിനി ജീവന്‍വയ്ക്കും' എന്നായിരുന്നു അന്ന് യൂണിറ്റ് മാനേജര്‍ പറഞ്ഞത്. ആദ്യമുണ്ടായിരുന്ന 120 എം.എം. ക്യാമറ മാറ്റി, മാമിയ 320 എന്ന വില കൂടിയ ക്യാമറ വാങ്ങി. സെന്‍സറും ഫ്‌ലാഷുമുള്ള ക്യാമറ. നിരവധി അവസരങ്ങള്‍ തിരുവനന്തപുരത്ത് കിട്ടി. പ്രഗല്‍ഭരായ രാഷ്ട്രീയപ്രവര്‍ത്തകരും സാഹിത്യനായകന്മാരും സ്പോര്‍ട്സ് താരങ്ങളും ഉള്‍പ്പെടെയുള്ളവരുമായി ഇടപെടാന്‍ കഴിഞ്ഞു. ബഹുമുഖവ്യക്തിത്വങ്ങള്‍. സിനിമ, രാഷ്ട്രീയം, സാഹിത്യം തുടങ്ങി വിവിധ മേഖലയിലുള്ള നിരവധി പേര്‍. ''ആ മഹാരഥന്മാരുടെയൊക്കെ ചിത്രങ്ങളെടുക്കാനും അവരുമായി ഇടപെടാനും കഴിഞ്ഞത് ജീവിതത്തിലെ വലിയ അനുഗ്രഹമായി കരുതുന്നു.''

രാജന്‍ പൊതുവാള്‍ എടുത്ത ഇന്ദിരാഗാന്ധിയുടെ ചിത്രം,
ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട വാര്‍ത്തയുമായി 1984 നവംബര്‍ ഒന്നിന് ഇറങ്ങിയ മാതൃഭൂമിയുടെ തിരുവനന്തപുരം എഡിഷന്‍ പത്രം
രാജന്‍ പൊതുവാള്‍ എടുത്ത ഇന്ദിരാഗാന്ധിയുടെ ചിത്രം, ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട വാര്‍ത്തയുമായി 1984 നവംബര്‍ ഒന്നിന് ഇറങ്ങിയ മാതൃഭൂമിയുടെ തിരുവനന്തപുരം എഡിഷന്‍ പത്രം

ഇന്ദിരാഗാന്ധിയുടെ

ചിത്രം

ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട വാര്‍ത്തയുമായി 1984 നവംബര്‍ ഒന്നിന് ഇറങ്ങിയ മാതൃഭൂമിയുടെ തിരുവനന്തപുരം എഡിഷന്‍ പത്രം ദേശീയതലത്തില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. അത് ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ആ ദുരന്തത്തിന്റെ മുഴുവന്‍ ആഴവും പ്രതിഫലിപ്പിക്കുന്ന ആ പത്രം തയ്യാറാക്കിയത് അന്നത്തെ ന്യൂസ് എഡിറ്റര്‍ ടി. വേണുഗോപാലക്കുറുപ്പായിരുന്നു. ഒന്നാം പേജ് മുഴുവന്‍ കറുത്ത പശ്ചാത്തലത്തിലുള്ള ഇന്ദിരാഗാന്ധിയുടെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം. വെളുത്ത അക്ഷരങ്ങള്‍.

ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ച വാര്‍ത്ത അറിഞ്ഞപ്പോള്‍, അന്ന് ഉച്ചകഴിഞ്ഞ് മാതൃഭൂമി ഒരു പ്രത്യേക പതിപ്പ് ഇറക്കി, സൗജന്യമായി വിതരണം ചെയ്തിരുന്നു. അത് കിട്ടാന്‍ പെരുന്താന്നിയിലെ മാതൃഭൂമി ഓഫീസില്‍ ജനങ്ങള്‍ തടിച്ചുകൂടി. അടുത്ത ദിവസത്തെ ഒന്നാം പേജില്‍ ചേര്‍ക്കുന്നതിന് നല്ലൊരു ഫോട്ടോയുണ്ടോ എന്ന് തിരക്കി, അന്ന് മദ്രാസിലായിരുന്ന രാജന്‍ പൊതുവാളിനെ ന്യൂസ് എഡിറ്റര്‍ വിളിച്ചു. അപൂര്‍വ്വ ഭംഗിയുള്ള ഒരു ചിത്രത്തിന്റെ പ്രിന്റ് തന്റെ വീടിന്റെ ചുവരില്‍ ഒട്ടിച്ചുവെച്ചിട്ടുണ്ടെന്ന് പറഞ്ഞു. ആളെ അയച്ച് അത് എടുത്തുകൊണ്ടു വന്നു.

''1984 ജൂലൈ 20-ന് നിക്കോണ്‍ എഫ് 3 ക്യാമറയിലെ 200 എം.എം ലെന്‍സ് ഉപയോഗിച്ചെടുത്ത ചിത്രമായിരുന്നു, അത്. ഇന്ദിരാഗാന്ധി ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രത്യേക സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതിന്റെ ഫോട്ടോ എടുക്കാന്‍ പോയതായിരുന്നു. പ്രസംഗത്തിന്റെ ചിത്രങ്ങളെടുത്ത ശേഷം വേദിയുടെ പിന്നില്‍നിന്ന് നോക്കുമ്പോള്‍, ഹാലൊജന്‍ ബള്‍ബിന്റെ പ്രകാശം അവരുടെ മുഖത്തേക്കടിച്ച് പ്രതിഫലിക്കുന്നത് കണ്ടു. അവര്‍ വശം തിരിഞ്ഞിരിക്കുന്ന ഒരു ആംഗിളില്‍, ഞാന്‍ ചിത്രമെടുത്തു. പക്ഷേ,അന്ന് അത് പത്രത്തില്‍ കൊടുത്തിരുന്നില്ല.''

രാജന്‍ പൊതുവാള്‍
ക്യാമറ കണ്ട ജീവിതവൈവിദ്ധ്യങ്ങള്‍
ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ച വാര്‍ത്ത അറിഞ്ഞപ്പോള്‍, അന്ന് ഉച്ചകഴിഞ്ഞ് മാതൃഭൂമി ഒരു പ്രത്യേക പതിപ്പ് ഇറക്കി, സൗജന്യമായി വിതരണം ചെയ്തിരുന്നു. അത് കിട്ടാന്‍ പെരുന്താന്നിയിലെ മാതൃഭൂമി ഓഫീസില്‍ ജനങ്ങള്‍ തടിച്ചുകൂടി. അടുത്ത ദിവസത്തെ ഒന്നാം പേജില്‍ ചേര്‍ക്കുന്നതിന് നല്ലൊരു ഫോട്ടോയുണ്ടോ എന്ന് തിരക്കി, അന്ന് മദ്രാസിലായിരുന്ന രാജന്‍ പൊതുവാളിനെ ന്യൂസ് എഡിറ്റര്‍ വിളിച്ചു. അപൂര്‍വ്വ ഭംഗിയുള്ള ഒരു ചിത്രത്തിന്റെ പ്രിന്റ് തന്റെ വീടിന്റെ ചുവരില്‍ ഒട്ടിച്ചുവെച്ചിട്ടുണ്ടെന്ന് പറഞ്ഞു. ആളെ അയച്ച് അത് എടുത്തുകൊണ്ടു വന്നു.

1984 ജനുവരി ഒന്നിനാണ് തിരുവനന്തപുരത്ത് കളര്‍പ്രിന്റിങ്ങ് തുടങ്ങിയത്. ''മലയാള ദിനപത്രങ്ങളിലെ ആദ്യത്തെ കളര്‍ഫോട്ടോ ഞാനെടുത്തതായിരുന്നു.'' പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് വര്‍ക്കലയില്‍ ഒരു ഉദ്ഘാടന ചടങ്ങിനായി ഹെലികോപ്റ്ററില്‍നിന്ന് ഇറങ്ങുന്ന ചിത്രമാണത്. 1983 ഡിസംബര്‍ 31-ന്, വര്‍ക്കല ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി വര്‍ക്കല പാപനാശം കടപ്പുറത്തെ ഹെലിപ്പാഡില്‍ ഇറങ്ങി. മഞ്ഞസാരിയുടുത്ത് നടന്നുവരുന്ന ഇന്ദിരാ ഗാന്ധിയുടെ ഫോട്ടോയെടുത്തു. ''മനോഹരമായ ആ ചിത്രം മാതൃഭൂമി വായനക്കാര്‍ക്ക് പുതുവര്‍ഷാശംസപോലെ കൊടുക്കാന്‍ കഴിഞ്ഞു.'' അതുവരെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയിരുന്ന ചിത്രങ്ങളില്‍നിന്ന് മനോഹരമായ കളര്‍പ്രിന്റിലേക്കുള്ള മാറ്റം. അന്ന് പല പത്രങ്ങളും ഓഫ്സെറ്റിലേക്ക് മാറിയിട്ടില്ല.

കളര്‍പ്രിന്റിനുശേഷം ഡിജിറ്റല്‍ യുഗം കടന്നുവന്നു. ഡിജിറ്റല്‍ ക്യാമറയും ആദ്യം വാങ്ങിയത് മാതൃഭൂമിയാണ്. 1995-ല്‍ ബാംഗ്ലൂരില്‍ നടന്ന ലോകസുന്ദരി മത്സരത്തിന്റെ ചിത്രം ഡിജിറ്റല്‍ ക്യാമറയിലാണെടുത്തത്. അമിതാബ് ബച്ചന്റെ എ.ബി.സി കമ്പനിയായിരുന്നു, സംഘാടകര്‍. ആദ്യമായി ഡിജിറ്റല്‍ ടെക്നോളജി ഉപയോഗിക്കുന്നതിന്റെ അങ്കലാപ്പ് ഉണ്ടായിരുന്നു. മാത്രമല്ല, ഡേ ലൈറ്റ് ഫോട്ടോഗ്രാഫി അത്ര പരിചിതമായിരുന്നില്ല. ഡാര്‍ക്ക് റൂം ഫോട്ടോഗ്രാഫിയാണ് കൂടുതല്‍ പരിചയം.

അതേക്കുറിച്ച് സാങ്കേതികമായ അറിവ് അത്രയൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും, രാത്രി 12 മണിക്കു നടന്ന ക്രൗണിംഗ് സെറിമണിയുടെ ചിത്രം വളരെ മനോഹരമായിത്തന്നെ എടുക്കാന്‍ കഴിഞ്ഞു. പക്ഷേ, ഫോട്ടോ ട്രാന്‍സ്മിറ്റ് ചെയ്യാനുള്ള സൗകര്യം അന്ന് പരിമിതമായിരുന്നു. പരിപാടി കഴിയുമ്പോള്‍ മീഡിയ സെന്ററില്‍ നിറയെ മാധ്യമപ്രവര്‍ത്തകര്‍. മാത്രമല്ല, അവിടുത്തെ സിസ്റ്റം പ്രവര്‍ത്തിക്കുന്നുമുണ്ടായിരുന്നില്ല. രാത്രി പന്ത്രണ്ടരയോടെ തന്നെ ബാംഗ്ലൂരിലെ മാതൃഭൂമി ഓഫീസില്‍ എത്തി, ചിത്രം അയച്ചു. മാതൃഭൂമിയുടെ നാല് എഡിഷനുകളിലും അടുത്തദിവസം ആ ചിത്രം വന്നു. ഇന്ത്യയിലെ പത്രങ്ങളില്‍ വന്ന ആദ്യത്തെ ഡിജിറ്റല്‍ ചിത്രം.

''ഫോട്ടോഗ്രാഫര്‍മാര്‍ക്കു വേണ്ടത് ഭാഗ്യമാണ്. കൃത്യസമയത്ത് എല്ലായിടത്തും എത്തിച്ചേരാന്‍ കഴിയണം. വായനക്കാര്‍ എപ്പോഴും എന്നെ നയിച്ചിട്ടുണ്ട്. ഒരിക്കല്‍ ഒരു കുട്ടി വന്ന് എന്നോട് പറഞ്ഞു, ''അങ്കിള്‍, ഒരു കാക്ക തൂങ്ങി ചത്തുകിടക്കുന്നു.'' നോക്കിയപ്പോള്‍, പട്ടം പറപ്പിക്കുമ്പോള്‍ അതിന്റെ സ്ലിംങ് കാക്കയുടെ കഴുത്തില്‍ കുടുങ്ങി കാക്ക ചത്തുകിടക്കുന്നതാണ്. അതിന്റെ ചിത്രം പ്രസിദ്ധീകരിച്ചു.

വാര്‍ത്തകളൊന്നുമില്ലാത്ത ഒരു ദിവസം. നഗരത്തില്‍ നില്‍ക്കുമ്പോള്‍ ഒരു ഫയര്‍ എഞ്ചിന്‍ ചീറിപ്പാഞ്ഞു പോകുന്നത് കണ്ടു. അതിന്റെ പിറകെ ബൈക്കില്‍ വെച്ചുപിടിച്ചു. ആരെയോ രക്ഷിക്കാന്‍ പുറപ്പെട്ട ഫയര്‍ എഞ്ചിന്‍ അപകടത്തില്‍പ്പെട്ടു മറിഞ്ഞു. നാട്ടുകാര്‍ അഗ്‌നിരക്ഷാഭടന്മാര്‍ക്കു രക്ഷകരായി. ആ അപൂര്‍വ്വ ചിത്രത്തിന് ഐ.എഫ്.ഡബ്ല്യു.ജെ പുരസ്‌കാരം കിട്ടി.

സംഘര്‍ഷഭൂമികളില്‍പോലും വ്യത്യസ്തമായ ആങ്കിളുകളില്‍ സംഭവങ്ങളെ പകര്‍ത്തിയിട്ടുണ്ട്, രാജന്‍ പൊതുവാള്‍. സെക്രട്ടറിയേറ്റിനു മുന്നിലെ ലാത്തിച്ചാര്‍ജ്ജിനിടയില്‍ പൊലീസുകാര്‍ ഒരു പ്രതിഷേധക്കാരനെ തലകീഴെ തൂക്കിയെടുക്കുന്ന ഫോട്ടോയ്ക്കാണ് അദ്ദേഹത്തിന് ആദ്യമായി സംസ്ഥാന പുരസ്‌കാരം കിട്ടിയത്.

തിരുവനന്തപുരത്തെ ഒരു സംഘർഷരംഗം. രാജന്‍ പൊതുവാള്‍ എടുത്ത ചിത്രം
തിരുവനന്തപുരത്തെ ഒരു സംഘർഷരംഗം. രാജന്‍ പൊതുവാള്‍ എടുത്ത ചിത്രം

വാര്‍ത്താ ബൈലൈന്‍

ഫോട്ടോഗ്രാഫര്‍ക്ക്

എം.ജി.ആറിന്റെ രോഗബാധയും മരണവും കവര്‍ ചെയ്യാന്‍ നിയോഗിക്കപ്പെട്ടത് വലിയ വഴിത്തിരിവായി. അദ്ദേഹം അപ്പോളോ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഇന്ദിരാഗാന്ധി സന്ദര്‍ശിക്കാന്‍ വരുന്നതായി അറിഞ്ഞു. പത്രാധിപര്‍ എം.ഡി. നാലപ്പാട് നിദ്ദേശിച്ചു; ഈ വാര്‍ത്ത രാജന്‍ പൊതുവാള്‍ മദ്രാസില്‍ പോയി കവര്‍ ചെയ്യണം. അദ്ദേഹം ഒരു സൂപ്പര്‍ എഡിറ്റര്‍ ആയിരുന്നു. ഒരു മിനിറ്റ് സമയം കളയില്ല. ഓടിനടന്ന് ജോലിചെയ്യും, സീറ്റില്‍ ഇരിക്കില്ല. ഇന്ദിരാ ഗാന്ധി മാത്രമാണ് എം.ജി.ആറിനെ കണ്ടത്. പത്‌നി ജാനകിപോലും കണ്ടിട്ടില്ല. അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഞാന്‍ 21 ദിവസം അപ്പോളോ ആശുപത്രിയുടെ മുന്‍പിലെ ഒരു കസേരയിലിരുന്ന് കാര്യങ്ങള്‍ വീക്ഷിച്ചു.

എല്ലാ ദിവസവും രാവിലെ 10 മണിയാകുമ്പോള്‍ സാരിയുടുത്ത് ജയലളിത ഒറ്റയ്ക്ക് നടന്നുവരും. ആഡംബരമോ ആരവമോ ഒന്നുമില്ല. കാറില്‍ നിന്നിറങ്ങി, അകത്തുപോകും. അവര്‍ ചെയ്യുന്നത് എന്താണെന്ന് ഞാന്‍ മനസ്സിലാക്കി. ലിഫ്റ്റില്‍ കയറി ഏതെങ്കിലും ഫ്‌ലോറില്‍ ഇറങ്ങിനില്‍ക്കും. 50 മിനിറ്റ് അല്ലെങ്കില്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ് ഇറങ്ങിവരും. എം.ജി.ആറിനെ കണ്ടിട്ട് ഇറങ്ങിവരുകയാണെന്നു ജനങ്ങള്‍ കരുതും. മിടുക്കിയാണ് ആ സ്ത്രീ. പിന്നെ, എം.ജി.ആറിനെ അമേരിക്കയിലേക്ക് കൊണ്ടുപോയി. അപ്പോഴും കാണാന്‍ സാധിച്ചില്ല. ആരോഗ്യത്തോടെ എം.ജി.ആര്‍ തിരിച്ചുവരുന്നു എന്നറിഞ്ഞപ്പോള്‍ വീണ്ടും മദ്രാസിലേക്കയച്ചു.

''അന്നാണ് ഞാന്‍ ആദ്യമായി വിമാനയാത്ര ചെയ്യുന്നത്. വിമാനത്താവളത്തിനടുത്തുള്ള ഒരു ഗ്രൗണ്ടില്‍ എം.ജി.ആറിന് വരവേല്‍പ്പ് ഒരുക്കിയിരുന്നു. അദ്ദേഹത്തിന്റെ സംസാരശേഷി പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരുന്നു. ആള്‍ക്കൂട്ടത്തെ കണ്ട് അദ്ദേഹം കരയുകയായിരുന്നു. ഭാര്യ ജാനകി കണ്ണുതുടയ്ക്കുന്നു. ഉദ്ദേശിച്ച ഫോട്ടോ അപ്പോഴേ കിട്ടി. എം.ജി.ആറിന്റെ വാഹനം റാമ്പിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. തൃശൂര്‍ പൂരം പോലെ ജനലക്ഷങ്ങള്‍.

''തിരിച്ചുപോകാന്‍ നില്‍ക്കുമ്പോള്‍ അടുത്തുനിന്ന ഒരു പൊലീസുകാരന്റെ ആത്മഗതം കേള്‍ക്കാനിടയായി: ഈയൊരു സ്ത്രീ കാരണം എന്റെ രാവിലെ മുതലുള്ള സമയം പോയി. ഞാന്‍ ചോദിച്ചു: ''ഏത് സ്ത്രീ?'' ജയലളിത വിമാനത്താവളത്തിലെ വി.ഐ.പി റൂമിലുണ്ടെന്ന് പറഞ്ഞ് അയാള്‍ പ്രാകി.''

വിമാനത്താവളത്തില്‍നിന്ന് പുറത്തിറക്കാതെ അവരെ ആ മുറിയില്‍ ഇരുത്തിയിരിക്കുകയായിരുന്നു. മറ്റ് പത്രക്കാരാരും അറിഞ്ഞിട്ടില്ല. ക്യാമറ റെഡിയാക്കി ഞാനവിടെയെത്തി. അത്രനേരം ഈ മുറിയില്‍ അടച്ചിരുന്നാല്‍ അവരൊരു ഭീകരരൂപിണിയായിട്ടാകും പുറത്തുവരുക എന്നാണ് കരുതിയത്. എന്നാല്‍ അവര്‍ സുന്ദരിയായിട്ട് ഇറങ്ങിവന്നു. ഒപ്പം രണ്ട് വനിത പൊലീസുകാരികളും. ആ ഫോട്ടോയെടുത്തു.

എം.ജി. ആറിന്റെ ശവമഞ്ചത്തില്‍ ജയലളിത. രാജന്‍ പൊതുവാള്‍ എടുത്ത അപൂര്‍വ്വ ചിത്രം
എം.ജി. ആറിന്റെ ശവമഞ്ചത്തില്‍ ജയലളിത. രാജന്‍ പൊതുവാള്‍ എടുത്ത അപൂര്‍വ്വ ചിത്രം

മറ്റാര്‍ക്കും കിട്ടാത്ത

അപൂര്‍വ്വ ഫോട്ടോ.

വിമാനത്താവളത്തിലിരുന്ന്, ആ സംഭവത്തെക്കുറിച്ച് കുറച്ച് എഴുതി. എറണാകുളം ഓഫീസിലെ ഡാര്‍ക്ക് റൂമില്‍ കയറി ഫോട്ടോ ഡെവലപ്പ് ചെയ്തു. ''എഴുതിയത് ന്യൂസ് കോ-ഓര്‍ഡിനേറ്റര്‍ എന്‍.എന്‍. സത്യവ്രതന്‍ സാറിനെ ഏല്പിച്ചു. ഫോട്ടോയുമായി വരുമ്പോഴേക്കും അദ്ദേഹം മനോഹരമായ ഒരു തലക്കെട്ട് കൊടുത്ത് അത് വാര്‍ത്തയാക്കി മാറ്റിയെടുത്തിരുന്നു: ''ഇദയക്കനിക്ക് മാത്രം വിലക്ക്.'' രാജന്‍ പൊതുവാള്‍ എന്ന ബൈലൈനോടുകൂടി വാര്‍ത്തയും ഫോട്ടോയും വന്നു. എല്ലാ റിപ്പോര്‍ട്ടര്‍മാര്‍ക്കും എന്നെ തല്ലിക്കൊല്ലാന്‍ തോന്നിയിരിക്കും. മദ്രാസില്‍ അന്ന് രണ്ടുമൂന്ന് റിപ്പോര്‍ട്ടര്‍മാരെങ്കിലും ഉണ്ട്. അവരൊന്നും അറിഞ്ഞിട്ടുപോലുമില്ല സംഭവം.

എം.ജി.ആര്‍ മരിച്ചപ്പോഴും അവിടേക്കയച്ചു. അവിടെ കണ്ട കാഴ്ച വിചിത്രമായിരുന്നു. മൃതദേഹം സ്റ്റേജില്‍ കിടത്തിയിരിക്കുന്നു. ജയലളിത ഭയങ്കരമായി പേടിച്ചതുപോലെ അടുത്തുനില്‍പ്പുണ്ട്. ഭൗതികദേഹം മറൈന്‍ഡ്രൈവിലേക്ക് കൊണ്ടുപോകുമ്പോള്‍ ജയലളിത ഗണ്‍ ക്യാരേജിന്റെ മുകളിലേക്ക് ചാടിക്കയറി. ഒരു പുരുഷനുപോലും ആകാത്ത കാര്യമായിരുന്നു അത്. മൃതദേഹത്തിന്റെ തല അല്പം നീക്കി, അവര്‍ അവിടെയിരുന്നു. തമിഴ്നാട്ടിലെ രീതി അനുസരിച്ച് സ്ത്രീകള്‍ക്കൊന്നും ശ്മശാനത്തിലേക്കു പോകാന്‍ കഴിയില്ല. ആള്‍ക്കാര്‍ ചീത്ത വിളിക്കാന്‍ തുടങ്ങി. അവസാനം, അവര്‍ക്ക് അവിടെ ഇരിക്കാന്‍ പറ്റാതെയായി. അവര്‍ അവിടെ നിന്ന് എഴുന്നേറ്റ്, കെട്ടിവലിച്ചു കൊണ്ടുപോകുന്ന ലോറിയുടെ മുകളിലേക്ക് കയറാന്‍ നോക്കി. ജാനകിയുടെ മരുമകന്‍ ദീപന്‍ അപ്പോള്‍ അവരെ തള്ളി താഴെയിട്ടു. ആ ഫോട്ടോയെടുത്തു.

മാതൃഭൂമിയുടെ ഒരു റിപ്പോര്‍ട്ടര്‍പോലും അപ്പോള്‍ സ്ഥലത്തില്ല. അതും ഞാന്‍ റിപ്പോര്‍ട്ട് ചെയ്തു. ഭാഗ്യമായിരുന്നു എന്നെ നയിച്ചത്. 'ദ ഹിന്ദു' പോലും മാതൃഭൂമി ഫോട്ടോ പിന്നീട് റീ പ്രൊഡ്യൂസ് ചെയ്തു. ജയലളിതയുടെ രാഷ്ട്രീയ ജീവിതത്തെ അപ്പാടെ മാറ്റിമറിച്ചു, ആ സംഭവം. അവരുടെ സെക്രട്ടറി പിന്നീട് ആ ചിത്രം ചോദിച്ചെങ്കിലും നല്‍കിയില്ല. തുടര്‍ന്നുവന്ന തെരഞ്ഞെടുപ്പില്‍ അവര്‍ക്കനുകൂലമായ സഹതാപതരംഗമുണ്ടാക്കാന്‍ അത് ഇടയാക്കിയത് ചരിത്രം.

അപൂര്‍വ്വമായ മറ്റ് ഒട്ടേറെ ചിത്രങ്ങളുമെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് വിഭാഗങ്ങള്‍ ലയിക്കാനുള്ള തീരുമാനം തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍വെച്ച് എ.കെ. ആന്റണിയും കെ. കരുണാകരനും പ്രഖ്യാപിച്ച്, നേതാക്കള്‍ ഹസ്തദാനം നടത്തി. അതിന്റെ ഫോട്ടോയെടുത്തപ്പോള്‍, ലീഡര്‍ ചോദിച്ചു: എന്താ, മതിയായില്ലേ? 'ഇല്ല' എന്ന് പറഞ്ഞപ്പോള്‍, ''എന്താ, കെട്ടിപ്പിടിക്കണോ?'' എന്നായി. അങ്ങനെ കരുണാകരന്‍ ആന്റണിയെ ആദ്യമായി (അവസാനമായും) കെട്ടിപ്പിടിച്ചു.

തിരുവനന്തപുരം സന്ദര്‍ശിച്ച വിന്നി മണ്ടേല മുഖ്യമന്ത്രി ഇ.കെ നായനാരെ കെട്ടിപ്പിടിക്കുന്നു. രാജന്‍ പൊതുവാള്‍ എടുത്ത ചിത്രം
തിരുവനന്തപുരം സന്ദര്‍ശിച്ച വിന്നി മണ്ടേല മുഖ്യമന്ത്രി ഇ.കെ നായനാരെ കെട്ടിപ്പിടിക്കുന്നു. രാജന്‍ പൊതുവാള്‍ എടുത്ത ചിത്രം

ഇ.കെ. നായനാരുടേയും അപൂര്‍വ്വ ചിത്രങ്ങളെടുത്തിട്ടുണ്ട്. സഹൃദയനും തമാശക്കാരനും കൗശലക്കാരനുമായിരുന്നെങ്കിലും എന്നോട് വലിയ സ്നേഹമായിരുന്നു. അദ്ദേഹത്തിന്റെ ഫോട്ടോകളുടെ ഒരു പ്രദര്‍ശനം കൊല്ലത്ത് നടത്തി. 2005-ല്‍ പുറത്തിറങ്ങിയ ജയരാജിന്റെ 'മകള്‍' സിനിമ രാജന്‍ പൊതുവാളിന്റെ ഒരു അനുഭവത്തെ ആസ്പദമാക്കിയുള്ളതാണ്. 1990-ല്‍ തിരുവനന്തപുരം മാനസികാരോഗാശുപത്രിയില്‍ പോയപ്പോള്‍, ഒരു അന്തേവാസിനി അവിടെ പിറന്ന തന്റെ കൈക്കുഞ്ഞുമായി ഇരിക്കുന്നത് കണ്ടു. മാനസി എന്നാണ് അവള്‍ക്കു പേരിട്ടത്. ആറു മാസം പ്രായമുള്ളപ്പോള്‍ സാമൂഹിക ക്ഷേമവകുപ്പ് കുഞ്ഞിനെ ഏറ്റെടുത്ത്, ആലുവയിലെ എസ്.ഒ.എസ്. കുട്ടികളുടെ ഗ്രാമത്തിലേക്കു മാറ്റി. അവിടെ അവള്‍ വിദ്യയായി. 14 വര്‍ഷത്തിനുശേഷം ആലുവയിലെത്തി, അവളെ വീണ്ടും കണ്ടു. അവള്‍ വളര്‍ന്ന് കൗമാരക്കാരിയായിരിക്കുന്നു. ഡോക്ടര്‍മാരുടെ പരിചരണത്തില്‍ അമ്മയുടെ നിലയും വളരെ മെച്ചപ്പെട്ടിരുന്നു. അതേക്കുറിച്ച് വാരാന്ത്യപ്പതിപ്പില്‍ എഴുതി-മാനസി അഥവാ വിദ്യ. മാടമ്പ് കുഞ്ഞുക്കുട്ടനും രാജന്‍ പൊതുവാളും കൂടിയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്.

2014-ല്‍ ഫോട്ടോ എഡിറ്ററായി രാജന്‍ പൊതുവാള്‍ വിരമിച്ചു. 40 വര്‍ഷം സംതൃപ്തിയോടെ ജോലിചെയ്തു. ഫോട്ടോഗ്രാഫിയുടെ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കാന്‍ സാധിച്ചു. രാജന്‍ പൊതുവാളിന്റെ മാധ്യമജീവിതത്തെക്കുറിച്ചുള്ള 'രാജസൂയം' എന്ന ഡോക്യുമെന്ററിയില്‍ (സംവിധാനം - കെ. നാരായണന്‍) എം.ടി. വാസുദേവന്‍ നായര്‍ പറയുന്നത് ഇങ്ങനെ: ഫോട്ടോഗ്രഫി ഒരു കലയാണെന്ന് നമ്മെ ബോദ്ധ്യപ്പെടുത്താനും തന്റെ കലാവിദ്യകൊണ്ട് ഫോട്ടോഗ്രഫിക്കു പുതിയ മാനങ്ങളുണ്ടാക്കാനും സാധിച്ചയാളാണ് രാജന്‍ പൊതുവാള്‍. താനെടുത്ത ചിത്രങ്ങളിലൂടെ മലയാള മാധ്യമരംഗത്ത് ഫോട്ടോ ജേണലിസത്തേയും തന്നെത്തന്നെയും അടയാളപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com