ഇനിയെങ്ങോട്ടാണ് ശശി തരൂര്‍? തരൂര്‍ തന്റെ വഴി തേടുമ്പോള്‍

ഇനിയെങ്ങോട്ടാണ് ശശി തരൂര്‍? തരൂര്‍ തന്റെ വഴി തേടുമ്പോള്‍
Updated on

രാഷ്ട്രീയത്തില്‍ സ്ഥിരമായി ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നാണല്ലോ ചൊല്ല്. അതൊരു ദേശസിദ്ധാന്തമാക്കിയിട്ടുണ്ട് കേരളത്തിലെ രാഷ്ട്രീയക്കാര്‍. രാഷ്ട്രീയത്തില്‍ ചാഞ്ചാട്ടങ്ങള്‍ക്കും മറുകണ്ടം ചാടലുകള്‍ക്കുമുള്ള സാമാന്യവല്‍ക്കരണത്തിനുള്ള വഴിയാണ് ഈ സിദ്ധാന്തം. അധ്വാനവര്‍ഗ്ഗ സിദ്ധാന്തമെഴുതിയ മാണിസാറിന്റെ' മാണിസ'ത്തിലെ തത്ത്വശാസ്ത്രമായി പലരും ഇന്നിത് വ്യാഖ്യാനിക്കാറുമുണ്ട്. ഏതായാലും 'വിശ്വപൗരനായ' ശശി തരൂര്‍ ഈ സിദ്ധാന്തത്തെ മറ്റൊരു വീക്ഷണകോണിലാണ് കാണുക. ആരായാലും, അത് മോദിയാണെങ്കിലും പിണറായി വിജയനാണെങ്കിലും വിഷയാധിഷ്ഠിതമായി അനുകൂലിക്കാനും വിയോജിക്കാനും കഴിയണം. നല്ലത് കണ്ടാല്‍ നല്ലത് പറയണം. അതാണ് പരിഷ്‌കൃത സമൂഹത്തിലെ രീതി.

ഇനി സാധ്യതകളുടെ കല കൂടിയാണല്ലോ രാഷ്ട്രീയം. അങ്ങനെ വാക്കുകള്‍കൊണ്ട് സാധ്യമായ വിവാദകലാരൂപങ്ങളെല്ലാം തരൂര്‍ സൃഷ്ടിക്കും. ഭാഷയും പ്രയോഗങ്ങളുമൊന്നുമല്ല കുഴപ്പക്കാരന്‍, തരൂര്‍ തന്നെയാണ്. അദ്ദേഹത്തിന്റെ ഇടപെടലുകളാണ്. നിയമസഭാതെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ എതിരാളിക്ക് ഗോളടിക്കാന്‍ ആരെങ്കിലും പോസ്റ്റ് തുറന്നുകൊടുക്കുമോ? വിവാദങ്ങളെക്കുറിച്ച് തരൂരിന് ഒട്ടും ഭയമില്ല. താന്‍ സൃഷ്ടിക്കുന്ന വിവാദങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍ തന്റെ പഴയ ബോസ് കോഫി അന്നന്‍ പറഞ്ഞ പഴമൊഴിയാണ് കക്ഷിക്ക് ഓര്‍മ്മവരിക: സ്രാവ് കടിച്ചാല്‍ ചോര വരില്ല. സ്രാവ് കടിക്കുമ്പോള്‍ നമ്മള്‍ രക്തം വാര്‍ക്കുകയാണെങ്കില്‍ അതിനു തൃപ്തിയാകും. എത്ര രക്തം വാര്‍ന്നൊഴുകിയാലും അത് പുറമേ കാണിക്കാതെ അവഗണിക്കണമത്രെ. വാക്കുകളിലും പ്രവൃത്തികളിലും കുറ്റബോധമുണ്ടെങ്കിലും പുറത്തുകാണിക്കരുത്. അവസാനം വരെ പോരാടണം.

മികച്ച പ്രാസംഗികനായ, നല്ല എഴുത്തുകാരനായ, വികസനത്തിന് കക്ഷിരാഷ്ട്രീയമില്ലെന്നു കരുതുന്ന ഒരു 'ഡിപ്ലോമാറ്റിക്കല്‍' രാഷ്ട്രീയക്കാരനാണ് ശശി തരൂര്‍. ലക്ഷണമൊത്ത നിയോ-ലിബറല്‍ പ്രൊഫഷണല്‍. വസ്തുതകളോ ചരിത്രബോധമോ അദ്ദേഹം കണക്കിലെടുത്തെന്ന് വരില്ല. സ്വന്തം പാര്‍ട്ടിയുടെ ചരിത്രം പോലും പഠിക്കാതെ എഴുതിയെന്ന പഴി കേള്‍ക്കുന്നതിലും പ്രശ്നമില്ല. കോണ്‍ഗ്രസ് രാഷ്ട്രീയം അദ്ദേഹത്തിന് ഒരു പ്രൊഫഷനോ കരിയറോ മാത്രമാണ്. ഈ പച്ചപ്പരമാര്‍ത്ഥമാണ് ആദ്യം ഉള്‍ക്കൊള്ളേണ്ടത്. ഐക്യരാഷ്ട്രസഭയില്‍നിന്ന് രാഷ്ട്രീയത്തിലേക്കിറങ്ങിയ ടൈംലൈന്‍ ഒന്ന് മാറിയിരുന്നെങ്കില്‍, അതായത് ഇന്നത്തെ കാലത്താണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തുന്നതെന്ന് ചിന്തിച്ചുനോക്കൂ. അദ്ദേഹം ഉറപ്പായും ബി.ജെ.പിയിലേക്കായിരിക്കും ചേരുക. അദ്ദേഹത്തിന് നെഹ്റുവിയന്‍ ദര്‍ശനങ്ങളോട് പ്രത്യേകിച്ചൊരു ആഭിമുഖ്യമോ ഹിന്ദുത്വദര്‍ശനത്തോട് പ്രത്യേകിച്ചൊരു വിമുഖതയോ ഇല്ല. ഈ യാഥാര്‍ത്ഥ്യം മനസ്സിലായാല്‍ ശശിയുടെ പ്രസ്താവനകള്‍ കോണ്‍ഗ്രസുകാര്‍ക്കുപോലും അത്ഭുതമായി തോന്നാന്‍ വഴിയില്ല. കോണ്‍ഗ്രസ് ഒരു ഏകശില പാര്‍ട്ടിയല്ലല്ലോ. അതുകൊണ്ട് അണികള്‍ ആ യഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളണം.

താനൊരു നവലിബറല്‍ വികസന വക്താവാണെന്നതിനപ്പുറം തീവ്രവലതുപക്ഷമാണ് എന്ന രാഷ്ട്രീയനിലപാട് കൃത്യമായി പ്രകടിപ്പിക്കുന്നയാളാണ് തരൂര്‍. ലിബറല്‍ എലൈറ്റുകള്‍ക്ക് എപ്പോഴും ഉപരിവര്‍ഗ്ഗാഭിമുഖ്യമുണ്ടാകും. സ്വന്തം പാര്‍ട്ടിക്ക് കര്‍ക്കശമായ രാഷ്ട്രീയ അജണ്ടകളില്ലാത്തിടത്തോളം കാലം അവരതില്‍ തന്നെ മുന്നോട്ടുപോകും. രാഷ്ട്രീയവും കരിയറും തമ്മിലുള്ള വരമ്പ് അവര്‍ക്കില്ല. ബ്യൂറോക്രസിയില്‍നിന്ന് രാഷ്ട്രീയത്തിലെത്തുന്നവര്‍ക്കാണ് ഇത് സാധാരണ കണ്ടുവരാറ്. അങ്ങനെ വന്നവരില്‍ മന്‍മോഹന്‍ സിങ്ങിനെപ്പോലെ ചിലരെങ്കിലും രാഷ്ട്രീയധാരണയും പക്വതയും പുലര്‍ത്താറുണ്ട്.

NIRMAL HARINDRAN

വികസനത്തിന്റെയും കോര്‍പ്പറേറ്റുകളുടെയും വക്താവ്

അനന്തപുരിയെ ബാഴ്സലോണയാക്കാന്‍ ഇറങ്ങിയ ആളാണ് തരൂര്‍. ഇടതുപക്ഷം ഇരട്ടനഗരം ഇല്ലാതാക്കിയെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. അതേ ആള്‍ക്കാരെക്കുറിച്ചാണ് ഇപ്പോഴത്തെ പുകഴ്ത്തല്‍. കേരളത്തിലെ വികസനതടസ്സം മാറ്റാന്‍ മുഖ്യമന്ത്രി കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടെന്നും സര്‍ക്കാരിന്റെ കെ-റെയില്‍ പദ്ധതി മോശമല്ലെന്നും അദ്ദേഹം പറഞ്ഞതോര്‍മ്മയില്ലേ? കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ കോണ്‍ഗ്രസ്സുകാര്‍ പൊലീസുകാരുടെ അടിയും ഇടിയും വാങ്ങി ജയിലില്‍ കയറുമ്പോള്‍ തരൂര്‍ പിണറായിക്ക് ഒപ്പമായിരുന്നു. അദ്ദേഹത്തിന്റെ സര്‍ക്കാരിട്ട മഞ്ഞക്കുറ്റികള്‍ വികസനത്തിന്റെ വിത്തുകളായി തരൂരിനു തോന്നി. അതുകൊണ്ടാണ് കെ-റെയിലിനെതിരെ യു.ഡി.എഫ് എം.പിമാര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയപ്പോള്‍ അതില്‍ ഒപ്പുവയ്ക്കാഞ്ഞത്. ഇതര സംസ്ഥാനങ്ങളെക്കാള്‍ നിക്ഷേപസൗഹൃദമാണ് കേരളമെന്ന് പറഞ്ഞതും 'നല്ലത് തിരിച്ചറിഞ്ഞ്' പറയുന്നതിലുള്ള ശീലംകൊണ്ടാണ്.

കക്ഷിരാഷ്ട്രീയങ്ങള്‍ക്കപ്പുറമാണ് തരൂരിന്റെ ബന്ധങ്ങളും താല്പര്യങ്ങളും. 92 വയസ്സ് തികഞ്ഞപ്പോള്‍ എല്‍.കെ. അദ്വാനി സുജനമര്യാദയുടെ പേരില്‍ തരൂര്‍ ജന്മദിനാശംസ നേര്‍ന്നു. കൂട്ടത്തിലൊരു കമന്റും. 'നല്ലൊരു മനുഷ്യനാണ്' അദ്വാനി. നല്ലത് കണ്ടാല്‍ അത് പറയണമല്ലോ!ബാബറി മസ്ജിദ് തകര്‍ക്കാന്‍ മുന്നില്‍നിന്ന നേതാവ് എങ്ങനെയാണ് നല്ല മനുഷ്യനാകുകയെന്ന ചോദ്യങ്ങളോട് ഗാന്ധിയുടെ വാക്കുകള്‍ പറഞ്ഞാണ് പിടിച്ചുനിന്നത്. തെറ്റിനോട് പൊറുക്കാതിരിക്കാനും തെറ്റ് ചെയ്തവരോട് പൊറുക്കാനുമാണ് ഗാന്ധിജി പറഞ്ഞത്.

തരൂരിനോട് കോണ്‍ഗ്രസ്സുകാര്‍ പൊറുത്താലും ചെയ്ത തെറ്റ് തെറ്റായിത്തന്നെ തുടരുന്നു. അങ്ങനെ നോക്കിയാല്‍ സത്യത്തില്‍ വിശ്വപൗരന്‍ ഇടയ്ക്കിടെ പണികൊടുക്കുന്നത് സ്വന്തം പാര്‍ട്ടിക്കാര്‍ക്കു തന്നെയാണ്. വിശ്വപൗരത്വം ഉപേക്ഷിച്ച് കോണ്‍ഗ്രസ്സുകാരനായി പണിതുടങ്ങിയ നാളുതൊട്ടേ തരൂരിനെ വിടാതെ പിന്തുടരുന്ന പ്രശ്‌നമാണ് ഇത്.

വികസനത്തില്‍ രാഷ്ട്രീയം പാടില്ലെന്ന ഇടത്-വലത് രാഷ്ട്രീയ യുക്തികളുടെ വാദം തന്നെയാണ് തരൂരിനും. മാര്‍ഗ്ഗമല്ല, ലക്ഷ്യമാണ് പ്രധാനം. അക്കാര്യത്തില്‍ ഗാന്ധിയും നെഹ്‌റുവുമൊന്നുമല്ല മാതൃക. ഡെങ് സിയോ പെങ്ങാണ് വഴികാട്ടി. പൂച്ച കറുത്തതോ വെളുത്തതോ എന്നല്ല എലിയെ പിടിക്കുമോ എന്നതാണ് നോട്ടം. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കുന്നതിനെ സര്‍ക്കാരിനൊപ്പം കോണ്‍ഗ്രസ്സും എതിര്‍ത്തപ്പോള്‍ തരൂര്‍ പറഞ്ഞു വികസനം വരാന്‍ നല്ലത് അത് അദാനി തന്നെ ഏറ്റെടുക്കുന്നതാണെന്ന്. അദാനി ഏറ്റെടുത്തപ്പോള്‍ സര്‍ക്കാരിന്റെ എതിര്‍പ്പുമില്ലാതായി. വിഴിഞ്ഞം പദ്ധതി അദാനി ഏറ്റെടുത്തപ്പോള്‍ കയ്യടിച്ച തരൂര്‍ സ്വന്തം പാര്‍ട്ടിയുടെ എതിര്‍പ്പിനെ മറികടന്നാണ് അദാനിയുടെ പ്രത്യേക ക്ഷണമനുസരിച്ച് ഗുജറാത്തിലെ മുന്ദ്ര തുറമുഖം സന്ദര്‍ശിച്ചതും ഓര്‍ക്കണം.

BP DEEPU----TVM

തരൂര്‍ തരൂരിന്റെ വഴിക്ക്

കടിച്ചാല്‍ പൊട്ടാത്ത, നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ആള്‍ക്കാര്‍ ഉപേക്ഷിച്ചത് മുതല്‍ നാളെ ഉപയോഗിക്കാന്‍ സാധ്യതയുള്ള ഇംഗ്ലീഷ് വാക്കുകള്‍കൊണ്ട് തരൂര്‍ അമ്മാനമാടും. പലര്‍ക്കും ഇതില്‍ പലതും മനസ്സിലാകില്ല. അതുകൊണ്ടാവണം പഴയ സ്പീക്കര്‍ മീരാകുമാര്‍ ഇങ്ങനെ പറഞ്ഞത്: ഭാഷാപരമായി ഈ സഭയ്ക്ക് രണ്ട് ദൗര്‍ബല്യങ്ങളുണ്ട്. ഇംഗ്ലീഷ് വേണ്ടത്ര വഴങ്ങാത്തതുകൊണ്ട് പല അംഗങ്ങള്‍ക്കും സഭയില്‍ കൃത്യമായി ഇടപെടാനാകില്ല. രണ്ട്, ശശി തരൂരിനെപ്പോലുള്ളവര്‍ പറയുന്ന ഇംഗ്ലീഷ് മറ്റാര്‍ക്കും മനസ്സിലാകുന്നുമില്ല. ഏതായാലും ഈ ഭാഷാപ്രതിസന്ധിക്ക് ഇതുവരെയും പരിഹാരമായിട്ടില്ല. തരൂര്‍ തരൂരിന്റെ യു.എന്‍ പ്രതാപവഴിക്കും ബാക്കിയുള്ളവര്‍ മറ്റൊരു വഴിക്കും നീങ്ങുന്നു.

പാലക്കാട് ചിറ്റിലഞ്ചേരി തരൂര്‍ തറവാട്ടില്‍ ചന്ദ്രന്‍ തരൂരിന്റേയും ലില്ലി തരൂരിന്റേയും മകനായ ശശി തരൂര്‍ 1956 മാര്‍ച്ച് 3-ന് ലണ്ടനിലാണ് ജനിച്ചത്. എലവഞ്ചേരി മുണ്ടാരത്തു തറവാട്ടിലെ അംഗമാണ് അമ്മ ലില്ലി. യെര്‍ക്കാഡ് മോന്‍സ് ഫോര്‍ട്ട് സ്‌കൂള്‍, മുംബൈ കാമ്പിയോണ്‍ സ്‌കൂള്‍, കൊല്‍ക്കത്ത സെന്റ് സേവ്യേഴ്സ് കൊളീജിയറ്റ് സ്‌കൂള്‍, ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സെന്റ് സേവ്യേഴ്സ് കോളേജില്‍ യൂണിയന്‍ പ്രസിഡന്റായിരുന്നു. അമേരിക്കയില്‍നിന്ന് പി.എച്ച്ഡി. ഐക്യരാഷ്ട്ര സംഘടനയില്‍ 29 വര്‍ഷം സേവനം. സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് ഇന്ത്യയുടെ പിന്തുണയോടെ മത്സരരംഗത്തുവന്നു. പിന്നീട് പിന്മാറി. അണ്ടര്‍ സെക്രട്ടറിമാരില്‍ ഒരാളായിരുന്ന ശശി തരൂര്‍, ലോകം മുഴുവന്‍ പേര് കേള്‍പ്പിച്ച വിശ്വപൗരനായി. അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 77 ഓഫീസുകളും 800 ജീവനക്കാരുമുള്ള വകുപ്പിന് ദിശാബോധം നല്‍കി. യു.എന്‍ സേവനം കഴിഞ്ഞ് ഹൈക്കമാന്റ് വഴി തിരുവനന്തപുരത്തേക്കിറങ്ങി.

ജനരാഷ്ട്രീയവുമായി ജൈവബന്ധമില്ലെങ്കിലും 2009 തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് കേന്ദ്രസഹമന്ത്രിയായി. തരൂരിന്റെ പ്രിയപ്പെട്ട പോര്‍ക്കളം ട്വിറ്ററാണ്. കൊണ്ടുംകൊടുത്തും മുന്നേറിയ തരൂരിന് കേന്ദ്രമന്ത്രിസ്ഥാനം പോയതും ഒരു ട്വീറ്റിന്റെ പേരിലാണ്. കൊച്ചി ആസ്ഥാനമാക്കി ഐ.പി.എല്‍ ക്രിക്കറ്റ് ടീമിനുവേണ്ടി തരൂര്‍ ചരടുവലിച്ചുവെന്ന് വെടിപൊട്ടിച്ചത് അന്നത്തെ ഐ.പി.എല്‍ കമ്മിഷണര്‍ ലളിത് മോദിയായിരുന്നു. ആരോപണങ്ങളെത്തുടര്‍ന്ന് തരൂരിന് വിദേശകാര്യ സഹമന്ത്രിപദം രാജിവയ്‌ക്കേണ്ടിവന്നു. എന്നാല്‍, ചില രാഷ്ട്രീയ ശക്തന്മാരുടെ ക്രിക്കറ്റ് താല്പര്യങ്ങളെ അവഗണിച്ചതുകൊണ്ടാണ് ആരോപണങ്ങള്‍ എന്നായിരുന്നു തരൂരിന്റെ മറുപടി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിയിട്ടും ഐ.പി.എല്‍ സംബന്ധിച്ച ആരോപണത്തില്‍ തരൂരിന്റെ പങ്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല.

-

സാധാരണക്കാര്‍ യാത്ര ചെയ്യുന്ന, വിമാനത്തിലെ ഡൊമസ്റ്റിക് ക്ലാസ്സിനെ കന്നുകാലി ക്ലാസ്സ് (കാറ്റില്‍ ക്ലാസ്സ്) എന്നു വിശേഷിപ്പിച്ചതും വിവാദമായിരുന്നു. വിഷയത്തില്‍ മാപ്പ് പറഞ്ഞ അദ്ദേഹം വിമാനക്കമ്പനികള്‍ ഇക്കോണമി ക്ലാസ്സില്‍ യാത്ര ചെയ്യുന്നവരെ കന്നുകാലികളെപ്പോലെയാണ് കാണുന്നതെന്നു പറയാനാണ് ഉദ്ദേശിച്ചതെന്നു വിശദീകരിക്കുകയും ചെയ്തു. ആറു വനിത എം.പിമാരുമൊത്ത് നില്‍ക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത തരൂര്‍ അതിനു നല്‍കിയ അടിക്കുറിപ്പും വലിയ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തി.

ഇനി ഡല്‍ഹിയില്‍ പോയിട്ടൊന്നും കാര്യമില്ലെന്ന് കരുതിയിട്ടാകാം കേരളത്തിലേക്ക് തട്ടകം മാറ്റി. അപ്പോഴാണ് കുടുംബാധിപത്യം മാറ്റാനുള്ള വിപ്ലവകരമായ മാറ്റം ഹൈക്കമാന്റിന് കൈവന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഒരു കൈ നോക്കാന്‍ ശശി തരൂര്‍ തീരുമാനിച്ചു. പിന്നെയൊക്കെ ചരിത്രം. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള പ്രകടനപത്രിക പുറത്തിറക്കിയപ്പോള്‍ ഇന്ത്യയുടെ ഭൂപടം തെറ്റായി ഉള്‍പ്പെടുത്തിയതും വിവാദമായി. മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ നിരുപാധികം മാപ്പു പറഞ്ഞ് തരൂര്‍ രംഗത്തുവരികയും ചെയ്തു.

ഡല്‍ഹിയില്‍നിന്ന് നേരെ കക്ഷിയെത്തിയത് കുടപ്പനക്കലേക്കാണ്. തൊട്ടുപിറകെ പെരുന്നയില്‍ മന്നംജയന്തി ആഘോഷത്തില്‍. വിലപേശലിന് ഒരു നായരെ കിട്ടാന്‍ കാത്തിരുന്ന സുകുമാരന്‍ നായര്‍ക്ക് ശശി തറവാടി നായരായി. കേരളത്തിലെ എല്ലാ വിഭാഗങ്ങളുടേയും പിന്തുണ തനിക്കുണ്ടെന്ന് ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം. മനസ്സില്‍ മുഖ്യമന്ത്രി പദമായിരുന്നു ലക്ഷ്യമെന്ന് ശത്രുക്കള്‍ പറഞ്ഞുനടന്നു. ഏതായാലും 2009-ല്‍ കേന്ദ്രസഹമന്ത്രിയാക്കിയപ്പോള്‍ ഡല്‍ഹി നായരെന്ന് വിളിച്ച് ആക്ഷേപിച്ച എന്‍.എസ്.എസ്സുള്‍പ്പെടെ ലീഗും വിവിധ ക്രൈസ്തവ സഭകളുമൊക്കെ ഇപ്പോള്‍ നല്ല ബന്ധത്തിലാണ്.

ഇനി ഈ തര്‍ക്കമൊക്കെ കണ്ട്, തരൂര്‍ പാര്‍ട്ടി വിടുമോ എന്നു ചില നിഷ്‌കളങ്കരെങ്കിലും ചോദിക്കും. അത്ര നിഷ്‌കളങ്കരല്ലാത്ത ഇടതുപക്ഷക്കാരും ചോദിച്ചെന്നിരിക്കും. തോറ്റുതോറ്റു ജയിക്കുക എന്നതാണ് തരൂര്‍ ലൈന്‍. തോറ്റിടത്തുനിന്നുതന്നെ പിന്നീട് ജയിച്ചുകയറുകയല്ല, പകരം തോല്‍വികളെ മറ്റൊരിടത്ത് സാധ്യതയാക്കി മാറ്റി അവിടെ വിജയിക്കുക. യു.എന്നില്‍ തോറ്റപ്പോള്‍ അത് തിരുവനന്തപുരത്ത് സാധ്യതയാക്കി. ഡല്‍ഹിയില്‍ തോറ്റപ്പോള്‍ കേരളത്തില്‍ സാധ്യതയാക്കി. അങ്ങനെയങ്ങനെ... തരൂരിനെ കൃത്യമായി മനസ്സിലാക്കാത്തതുകൊണ്ടാണ് ഇത്. പലതവണ കോണ്‍ഗ്രസ്സിനകത്തെ കലഹപ്രിയരിലൊരാളാണ് തരൂര്‍. അദ്ദേഹത്തിന്റെ പച്ചപ്പരിഷ്‌കാരങ്ങളുടെ പേരില്‍ പാര്‍ട്ടിയുമായി എത്രയോ തവണ ഉടക്കിയിരിക്കുന്നു. തരൂര്‍ ഇങ്ങനെയാണ്: വാക്കുകള്‍ക്കും പ്രയോഗങ്ങള്‍ക്കും അര്‍ത്ഥങ്ങള്‍ പലതായിരിക്കും. അത് മനസ്സിലായില്ലെങ്കില്‍ വാക്കിലും വരികളിലും കിടന്ന് വട്ടംകറങ്ങും. ഈ പ്രതിസന്ധി മറികടക്കാന്‍ വഴിയൊന്നേയുള്ളൂ. ഇരുകൂട്ടരും അല്പം വിട്ടുവീഴ്ച ചെയ്യുക. പാര്‍ട്ടി നേതൃത്വം ഉപദേശിക്കും. തരൂര്‍ ഉപദേശം കേള്‍ക്കാതിരിക്കും. വിശ്വപൗരന്‍ എന്ന നിലയില്‍ തരൂരിന് ചില്ലറ പ്രിവിലേജുകള്‍ നല്‍കുന്നത് പാര്‍ട്ടിക്ക് ഗുണമേ ചെയ്യൂ. വാക്കും പ്രയോഗവുമൊക്കെ മയപ്പെടുത്തുന്നത് തരൂരിനും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com