കര മാത്രമല്ല കടലും ഇനി കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതും; കടല്‍മണല്‍ ഖനനത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍

കര മാത്രമല്ല കടലും ഇനി കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതും; കടല്‍മണല്‍ ഖനനത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍
Updated on

നീല സമ്പദ്‌വ്യവസ്ഥ (Blue Economy) എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതിനു തുടക്കമിട്ടുകൊണ്ട് കേരളത്തിന്റെ കടലില്‍നിന്ന് മണല്‍ ഖനനം ചെയ്യാനുള്ള സംരംഭത്തിന് യൂണിയന്‍ ഗവണ്‍മെന്റ് കൈക്കൊണ്ട നടപടി നമ്മുടെ കടല്‍ത്തീരത്ത് പ്രക്ഷോഭങ്ങളുടെ വേലിയേറ്റത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട താല്പര്യപത്രങ്ങളുടേയും ലഭ്യമായ ടെന്‍ഡറുകളുടേയും അടിസ്ഥാനത്തില്‍ 27-നു വില്‍പ്പന നടപടി പൂര്‍ത്തീകരിക്കുമെന്നാണ് അറിയുന്നത്. കേരളത്തില്‍ കണ്ടെത്തിയ 10 ബ്ലോക്കുകളില്‍ കൊല്ലത്തെ കടലിലെ മൂന്ന് ബ്ലോക്കിലാണ് യൂണിയന്‍ ഗവണ്‍മെന്റ് കടല്‍മണല്‍ വില്‍പ്പനയ്ക്ക് തുടക്കമിടുന്നത്.

സംസ്ഥാനത്തിന്റെ തീരപ്രദേശത്ത് സാരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാവുന്ന ഒന്നാണ് കടല്‍മണല്‍ ഖനനമെന്ന് ഈ നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ത്തുന്ന സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ചൂണ്ടിക്കാട്ടുന്നു. നീക്കത്തിനെതിരെ വിവിധ മത്സ്യത്തൊഴിലാളി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രക്ഷോഭം ശക്തിപ്പെടുത്തിയിരിക്കുകയാണ്. കടല്‍ ഖനനത്തിനെതിരെ ഒരുമിച്ചുള്ള പ്രക്ഷോഭത്തിനു സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രതിപക്ഷമായ ഐക്യജനാധിപത്യ മുന്നണിയെ ക്ഷണിച്ചെങ്കിലും തല്‍ക്കാലം ഒരുമിച്ച് പ്രക്ഷോഭം വേണ്ട എന്ന നിലപാടിലാണ് പ്രതിപക്ഷം. ഈ സാഹചര്യത്തില്‍ ഇടതുമുന്നണിയും കോണ്‍ഗ്രസ്സും സ്വന്തം നിലയ്ക്ക് പ്രക്ഷോഭവുമായി മുന്നോട്ടു പോകാനാണ് തീരുമാനമെടുത്തിരിക്കുന്നത്.

മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തേയും ജീവിതത്തേയും ബാധിക്കുന്ന കടല്‍മണല്‍ ഖനനത്തിനുള്ള യൂണിയന്‍ ഗവണ്‍മെന്റിന്റെ നീക്കം അവസാനിപ്പിക്കാനാവശ്യപ്പെട്ട ഫെബ്രുവരി 27-നു തീരദേശ ഹര്‍ത്താല്‍ ആചരിക്കുമെന്ന് മത്സ്യത്തൊഴിലാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് 12-നു മത്സ്യത്തൊഴിലാളികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ചും നടത്തും. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പുറമേ ലത്തീന്‍ കാത്തലിക് സഭപോലുള്ള മതസമുദായ സംഘടനകളും പ്രക്ഷോഭത്തിനു പിന്തുണയുമായി രംഗത്തുണ്ട്.

നീക്കം പഠനങ്ങളേയും എതിര്‍പ്പുകളേയും തള്ളി

കൊല്ലം ജില്ലയില്‍ സമുദ്രതീരത്തോടു ചേര്‍ന്ന 242 ചതുശ്ര കിലോമീറ്റര്‍ പ്രദേശത്തെ ധാതുസമ്പത്ത് ഖനനം ചെയ്യാനുള്ള ടെന്‍ഡര്‍ നടപടികള്‍ ഫെബ്രുവരി 27-നു പൂര്‍ത്തിയാക്കാനാണ് യൂണിയന്‍ ഗവണ്‍മെന്റ് തീരുമാനിച്ചിട്ടുള്ളത്. കേരളത്തിന്റെ തീരത്ത് നിര്‍മ്മാണാവശ്യങ്ങള്‍ക്ക് അനുയോജ്യമായ 74.5 കോടി ടണ്‍ കടല്‍മണല്‍ നിക്ഷേപമുണ്ടെന്ന് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ നേരത്തെ കണ്ടെത്തിയിരുന്നു. ഈ വിഭവസമൃദ്ധി കരയില്‍ ഇപ്പോള്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനുള്ള യൂണിയന്‍ ഗവണ്‍മെന്റിന്റെ നീക്കമാണ് തീരത്ത് അശാന്തി വിതച്ചിട്ടുള്ളത്.

കടലിലെ ഖനനം എപ്രകാരമാണ് തീരമേഖലയെ ബാധിക്കുവാന്‍ പോകുന്നതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സ്റ്റഡീസ് (NCESS) പോലെയുള്ള ഗവേഷണ സ്ഥാപനങ്ങള്‍ വിശദപഠനത്തിനു വിധേയമാക്കിയിട്ടുണ്ട്. ഖനനം സിലിക്ക, മാംഗനീസ് തുടങ്ങിയ ധാതുക്കളുടെ വലിയ സാധ്യത തുറക്കുമ്പോള്‍ പരമ്പരാഗത മത്സ്യബന്ധനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. തീരത്തുനിന്നും 10 കിലോമീറ്ററോളം ഉള്ള കടലില്‍ ഖനനം നടക്കുമ്പോള്‍ പ്രദേശത്തെ മത്സ്യങ്ങള്‍ ആറോ ഏഴോ കിലോമീറ്ററോളം മാറിപ്പോകും. മത്സ്യങ്ങളുടെ കേന്ദ്രീകരണവും അട്ടിമറിക്കപ്പെടും. സീസണല്‍ അടിസ്ഥാനത്തിലാണ് ഓരോ ഇനം മത്സ്യലഭ്യത. കടല്‍വെള്ളം കലങ്ങുമ്പോള്‍ ഖനനം നടക്കുന്നിടത്തുനിന്നും മാറിപ്പോകുന്ന മത്സ്യങ്ങള്‍ എങ്ങോട്ട് മാറുമെന്നു പ്രവചിക്കാനാവില്ല. മത്സ്യബന്ധനത്തിനു പോകുന്നവര്‍ മത്സ്യം തേടി അലയേണ്ടിവരുമെന്നതായിരിക്കും ഫലം.

സിലിക്കയുടെ സാന്നിധ്യമാണ് ആഴക്കടലിലെ ഖനനത്തിനുള്ള പ്രധാന ആകര്‍ഷണം. ഭക്ഷണം, ഇലക്ട്രോണിക്‌സ്, മരുന്ന് എന്നിങ്ങനെ ആധുനികമായ ദൈനംദിന ജീവിതത്തിലെ എല്ലാ മേഖലയിലും സിലിക്കയുടെ സാന്നിദ്ധ്യമുണ്ട്. ധാതുമണല്‍ ഖനനം ചെയ്ത് ഇതിലെ ഉപ്പുരസം ഒഴിവാക്കിയാല്‍ത്തന്നെ ധാതുകള്‍ വേര്‍തിരിക്കാനാകുമെന്നു വിദഗ്ദ്ധര്‍ പറയുന്നു. ഇതിനായി ഖനനം ചെയ്ത മണല്‍ ശുദ്ധവെള്ളത്തില്‍ കഴുകുകയോ, കൂട്ടിയിട്ടു മഴ നനയിക്കുകയോ ചെയ്യണം. ഖനനം ചെയ്യുമ്പോള്‍ പ്രധാനമായും 242 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ കടല്‍വെള്ളം കലങ്ങും. ഇതോടെ ഇതിനോട് ചേര്‍ന്നുള്ള പ്രദേശത്തെ ആല്‍ഗകളുടെ വളര്‍ച്ച നിലയ്ക്കും. ഇത് മത്സ്യസമ്പത്തിനെ ബാധിക്കുകയും ചെയ്യും.

ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ നടത്തിയ നിരീക്ഷണങ്ങളുടേയും പരിശോധനകളുടേയും അടിസ്ഥാനത്തിലാണ് കേരളത്തിന്റെ തീരക്കടല്‍-പുറംപ്രദേശങ്ങളില്‍ നിര്‍മാണാവശ്യങ്ങള്‍ക്ക് യോജിച്ച 74.5 കോടി ടണ്‍ കടല്‍മണല്‍ നിക്ഷേപം ഉണ്ടെന്നു കണക്കാക്കപ്പെട്ടിട്ടുള്ളത്. ഇവ മുഖ്യമായും പൊന്നാനി, ചാവക്കാട്, ആലപ്പുഴ, കൊല്ലം വടക്ക്, കൊല്ലം തെക്ക് എന്നിങ്ങനെ അഞ്ചു സെക്ടറുകളിലാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ കൊല്ലം സെക്ടറിലെ ബ്ലോക്കിലായി 242 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ വില്‍പ്പനയ്ക്കാണ് നടപടി പുരോഗമിക്കുന്നത്. ഈ പ്രദേശങ്ങളില്‍ 30.2 കോടി ടണ്‍ മണല്‍ നിക്ഷേപം ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട, ചെമ്മീന്‍, കൂന്തല്‍ എന്നിവയുടെ കലവറയായ ക്വയിലോണ്‍ ബാങ്കും കൊല്ലം പരപ്പും മണല്‍ ഖനനത്തിന് തിരഞ്ഞെടുത്തത് മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന നടപടിയാണ്. കൊല്ലം തീരക്കടലിലെ ബ്ലോക്കുകള്‍ക്ക് പുറമേ രാജ്യത്തെ വിവിധ ബ്ലോക്കുകളിലായി പത്ത് തീരങ്ങളില്‍ വിവിധ ധാതുക്കളുടെ ഖനനത്തിനും യൂണിയന്‍ ഗവണ്‍മെന്റിനു പദ്ധതിയുണ്ട്.

242 ചതുരശ്ര കിലോമീറ്റര്‍ എന്നു പറയുമ്പോള്‍ ഏകദേശം 16 കിലോമീറ്റര്‍ വീതിയിലും നീളത്തിലുമാകും ഖനനമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. എന്നാല്‍, ഇപ്പോള്‍ ഖനനം കൊല്ലത്തെ സെക്ടറുകളില്‍ മാത്രമായി പരിമിതപ്പെടുമെങ്കിലും ചാവക്കാട് ഉള്‍പ്പെടെ അഞ്ചു സെക്ടറുകളിലേക്കു കൂടി വൈകാതെ ഖനന പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്നത് ഉറപ്പാണ്. കേരളത്തില്‍ പുറക്കാട് മുതല്‍ ആലപ്പുഴ വരെയും തൃശൂര്‍ ജില്ലയിലെ ചാവക്കാടിനു സമീപത്തുമാണ് സ്ഥിരമായി ചാകരയുണ്ടാകാറുള്ളത്.

തീരക്കടലിലുണ്ടാകുന്ന ചാകര സമയത്ത് മീന്‍ പിടിക്കാന്‍ എളുപ്പമാകും. കടല്‍മണല്‍ ഖനനം കൊല്ലം തീരത്ത് ചാകരക്കാലങ്ങളിലെ സുലഭമായ മത്സ്യലഭ്യതയെ ബാധിക്കും. എന്നാല്‍, സംസ്ഥാനമാകെയുള്ള മത്സ്യബന്ധനത്തെ ഇതു ബാധിക്കില്ലെന്നാണ് നടപടിയെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്. ദിവസങ്ങളോളം നടക്കുന്ന ട്രോളിംഗ് മത്സ്യബന്ധനത്തിനു വിപരീതമായി 15 കിലോമീറ്ററോളം മാത്രമാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ മീന്‍ പിടിക്കാന്‍ പോകാറുള്ളത്.

കടലിന്റെ മുകള്‍ത്തട്ടിലുള്ള മത്തി, അയല എന്നിങ്ങനെയുള്ള മീനുകളെയാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കൂടുതലായും ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ ഖനനം നടക്കുന്ന പ്രദേശത്ത് മത്സ്യബന്ധനത്തിന് എത്തുന്നവരുടെ ഉപജീവനം അവതാളത്തിലാകാന്‍ സാധ്യതയുണ്ടെന്നും അഭിപ്രായമുണ്ട്. ട്രോളിംഗ് മത്സ്യബന്ധനത്തെ ഖനനം ബാധിക്കില്ല. എന്നാല്‍, ഖനനം പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അന്നംമുടക്കുന്നതിലാണ് കലാശിക്കുക. കേരളത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നാലിലൊന്ന് ജീവിക്കുന്നത് അമ്പലപ്പുഴ, ആലപ്പുഴ, പുന്നപ്ര, പുറക്കാട്, തോട്ടപ്പള്ളി, വലിയഴീക്കല്‍, ചെറിയഴീക്കല്‍, കൊല്ലം വാടി, തങ്കശേരി എന്നിവിടങ്ങളിലായിട്ടാണ്. ഇവയെല്ലാം മത്സ്യബന്ധന കേന്ദ്രങ്ങളാണ്. ഈ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാണ് ഇപ്പോള്‍ തുടങ്ങിവെയ്ക്കുന്ന കടല്‍മണല്‍ ഖനനത്തെ തുടര്‍ന്ന് അവതാളത്തിലാകാന്‍ പോകുന്നത്.

ഇന്ത്യയുടെ തെക്കുപടിഞ്ഞാറേ തീരത്തെ ഏറ്റവും പ്രധാനപ്പെട്ട മത്സ്യബന്ധന കേന്ദ്രമായ കൊല്ലത്തെ കടല്‍ ഒരു ജൈവവൈവിദ്ധ്യ കലവറ കൂടിയാണ്. 84 കിലോമീറ്റര്‍ നീളവും 3200 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുമുള്ള ഒന്നാണ് കൊല്ലം പരപ്പ്. ഉപരിതല മത്സ്യങ്ങളായ മത്തി, അയല, കിളിമീന്‍, നത്തോലി തുടങ്ങിയ മത്സ്യങ്ങളൊക്കെ സുലഭമായി ലഭിക്കുന്ന ഒരിടമായി ഈ കടല്‍പ്രദേശം തുടരുന്നതിനു കാരണം ഈ ജൈവവൈവിദ്ധ്യമാണ്. ഒന്നര കിലോമീറ്റര്‍ ആഴത്തില്‍ മത്സ്യം പെറ്റുപെരുകുന്നതിനു അനുയോജ്യമായ ജൈവികമായ ചുറ്റുപാടാണ് ഇവിടുത്തെ കടലിനുള്ളതെന്നു വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തില്‍ കാണപ്പെടുന്ന കൊഞ്ചിനങ്ങളില്‍ 30 ശതമാനവും ഇവിടെനിന്നാണ് ലഭിക്കുന്നത്. ഏഴിനം ചെമ്മീനുകളും വിദേശനാണ്യം നേടിത്തരുന്ന കണവയും ഈ പ്രദേശത്തുനിന്നു ധാരാളമായി കിട്ടുന്നുണ്ട്. ജൈവ, സസ്യപ്ലവകങ്ങളെ ആശ്രയിച്ചാണ് ഈ മത്സ്യങ്ങള്‍ പെറ്റുപെരുകുന്നത്. ചെമ്മീന്‍ ഇനങ്ങളില്‍ കരിക്കാടി ഒഴികെയുള്ളവയുടെ നഴ്‌സറിയത്രേ. സംസ്ഥാനത്തെ സമുദ്ര മത്സ്യോല്പാദനത്തിന്റെ ശരാശരി 25 ശതമാനമാണ് കൊല്ലം ജില്ലയുടെ സംഭാവന. മത്സ്യവിഭവങ്ങളുടെ ലഭ്യതയെ ഖനനം ബാധിക്കുമെന്നുതന്നെയാണ് വിദഗ്ദ്ധാഭിപ്രായം. അതു സംഭവിക്കുന്നപക്ഷം പ്രതിവര്‍ഷം ആളൊന്ന് ശരാശരി 32 കിലോഗ്രാം മത്സ്യം ഭക്ഷിക്കുന്ന മലയാളിയുടെ തീന്‍മേശയില്‍ അത് പ്രതിഫലിക്കുമെന്ന് ഉറപ്പാണ്.

2023-ലെ നിയമപ്രകാരം കടലിലെ ആറ്റോമിക് മിനറല്‍സ് ഒഴികെയുള്ള പാട്ടലേലങ്ങളില്‍ സ്വകാര്യ കമ്പനികള്‍ക്കും വ്യക്തികള്‍ക്കും പങ്കെടുക്കുന്നതിനാവശ്യമായ ലൈസന്‍സ് കരസ്ഥമാക്കാം. ഖനന കാലാവധി അമ്പതുവര്‍ഷംവരെ നീട്ടാവുന്നതുമാണ്. ഇങ്ങനെ സംഭവിച്ചാല്‍ ഖനനം നടക്കുന്ന കടല്‍പ്രദേശങ്ങള്‍ ജൈവികമായി ഊഷരമാകുന്നതായിരിക്കും ദുരന്തപൂര്‍ണ്ണമായ ഫലം.

ഫെഡറലിസത്തിനു നേരെ മറ്റൊരു കയ്യേറ്റം

വലിയ സാങ്കേതിക പിന്‍ബലവും സാമ്പത്തിക മുതല്‍മുടക്കുമുള്ള കടല്‍മണല്‍ ഖനനത്തിനു വമ്പന്‍ കുത്തകകള്‍ എത്തുമെന്നാണ് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞത്. 48 മുതല്‍ 62 മീറ്റര്‍ വരെ ആഴമുള്ളിടത്താണ് ഖനനാനുമതി. 2002-ലെ ഓഫ് ഷോര്‍ ഏരിയാസ് മിനറല്‍ (ഡെവലപ്മെന്റ് ആന്‍ഡ് റെഗുലേഷന്‍) ആക്ട് ആണ് 2023-ല്‍ യൂണിയന്‍ ഗവണ്‍മെന്റ് ഭേദഗതി ചെയ്തത്.

ഇതില്‍ സെക്ഷന്‍ 16 പ്രകാരം ധാതുസമ്പത്തിന്റെ ഖനനത്തിലൂടെ ലഭിക്കുന്ന റോയല്‍റ്റി പൂര്‍ണ്ണമായും കേന്ദ്രത്തിനാണ്. സെക്ഷന്‍ അഞ്ച് പ്രകാരം സ്വകാര്യമേഖലയ്ക്ക് കൂടി ഖനനമേഖലയില്‍ പങ്കാളിത്തവും ഉണ്ടാകും. 2023-ലെ ഭേദഗതി വരുന്നത് വരെ ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍സ്, ആറ്റോമിക് മിനറല്‍സ് ഡയറക്ടറേറ്റ് എന്നിങ്ങനെ യൂണിയന്‍ ഗവണ്‍മെന്റിനു കീഴിലുള്ള സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിലായിരുന്നു കടലിലെ പര്യവേക്ഷണങ്ങളും ഖനനവും നടന്നുവന്നിരുന്നതെന്നും മന്ത്രി പറഞ്ഞു. ആക്ട് ഭേദഗതി ചെയ്യുന്നതു സംബന്ധിച്ചുള്ള വിയോജിപ്പുകള്‍ അത് ഭേദഗതി ചെയ്യുന്നതിനു മുന്‍പ് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ അറിയിച്ചിരുന്നതാണ്. തീരത്തുനിന്നും മാറി കടലില്‍ സുലഭമായുള്ള ധാതുക്കള്‍ ഖനനം ചെയ്യുന്ന കാര്യം പരിഗണിക്കുമ്പോള്‍ പാരിസ്ഥിതികമായ ഘടകങ്ങള്‍ കൂടി പരിഗണിക്കണമെന്നും യൂണിയന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിരുന്നതാണ്. മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗത്തിനു തടസം വരാത്ത രീതിയില്‍ മാത്രമേ ഖനന നടപടികള്‍ പ്രാവര്‍ത്തികമാക്കാവൂ എന്നു സംസ്ഥാന വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് പറഞ്ഞിരുന്നു. സമുദ്ര ആവാസവ്യവസ്ഥയ്ക്ക് ദോഷമുണ്ടാവരുതെന്നും മത്സ്യ സമ്പത്തിനു നാശമുണ്ടാവാന്‍ പാടില്ലെന്നും അന്ന് ഹനീഷ് ആവശ്യപ്പെട്ടിരുന്നു.

ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരവും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഗ്രഫി നടത്തിയ പഠനങ്ങള്‍ അനുസരിച്ചും ഇന്ത്യയിലെ ഭൂ ജിയോഇക്കോണമി ഡോക്യുമെന്റിലെ കണക്ക് പ്രകാരവും ഇന്ത്യയിലെ ആഴക്കടലില്‍ 79 മില്യണ്‍ ടണ്‍ ഖരലോഹങ്ങളും 1,83,999 ദശലക്ഷം ടണ്‍ ചുണ്ണാമ്പും 74.5 കോടി ടണ്‍ നിര്‍മ്മാണാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന മണലും ഉണ്ടെന്നു കണ്ടെത്തിയിരുന്നു. പൊന്നാനി, ചാവക്കാട്, ആലപ്പുഴ, കൊല്ലം തെക്ക്, കൊല്ലം വടക്ക് എന്നീ അഞ്ചു പ്രദേശങ്ങളിലാണ് മണല്‍ ധാരാളമായുള്ളത്. കൊല്ലം തീരത്തുള്ള 442 ചതുരശ്ര കിലോമീറ്ററില്‍നിന്നും 302.5 ദശലക്ഷം ടണ്‍ മണല്‍ ഖനനം ചെയ്യാനാണ് കേന്ദ്ര ഉദ്ദേശ്യം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 246 ജനുവരി രണ്ട് ലിസ്റ്റ് 21 പ്രകാരം 22 കിലോമീറ്റര്‍ വരെ വരുന്ന കടലിലെ നിയന്ത്രണ അവകാശം സംസ്ഥാന സര്‍ക്കാരിനാണ്. അതുപയോഗിച്ചാണ് കേരളം ട്രോളിംഗ് നിരോധനം ഉള്‍പ്പെടെ നടപ്പാക്കുന്നത്. ഭരണഘടന അനുശാസിക്കുന്ന നിയമമാണിത്. ഈ നിയമം 2023 ഓഗസ്റ്റില്‍ കേന്ദ്രം ഭേദഗതി ചെയ്യുകയും അതില്‍ കടല്‍മണല്‍ ഖനനത്തിനുള്ള അവകാശം ഉള്‍പ്പെടുത്തുകയും ചെയ്തത് ഫെഡറലിസത്തിന്റെ തത്ത്വങ്ങള്‍ക്കു നേരെ മോദി ഗവണ്‍മെന്റു നടത്തുന്ന കയ്യേറ്റങ്ങളുടെ തുടര്‍ച്ചയാണെന്നു വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

2021 മുതല്‍ പ്രയോഗവല്‍ക്കരണത്തിന്റെ പാതയിലുള്ള നീല സമ്പദ്‌വ്യവസ്ഥ എന്ന ആശയത്തിന്റെ പ്രധാന ലക്ഷ്യം തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലെ കടല്‍മണല്‍, കരിമണല്‍, ഇല്‍മനൈറ്റ്, മോണോസൈറ്റ്, റൂട്ടൈല്‍ ഗാര്‍നെറ്റ്, മാഗ്‌നൈറ്റ്, സിറ്റിമനൈറ്റ് തുടങ്ങിയ ധാതുക്കളും വിഭവങ്ങളും ചൂഷണം ചെയ്യുകയും പുരോഗതിക്ക് പ്രയോജനപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു. വിദേശമൂലധനമുള്‍പ്പെടെ ഇതിനുവേണ്ടി വിനിയോഗിക്കാനും യൂണിയന്‍ ഗവണ്‍മെന്റ് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, 2002-ലെ ധാതുസമ്പത്തുക്കളുടെ വികസനവും നിയന്ത്രണവും സംബന്ധിച്ച നിയമം (Offshore Area Mineral Development and Regulation Act 2002) ഈ ലക്ഷ്യത്തിനു തടസ്സമായതായി വിലയിരുത്തപ്പെട്ടു. അങ്ങനെയാണ് 2023-ല്‍ ഈ നിയമം ഭേദഗതി ചെയ്യപ്പെടുന്നതും വിദേശ മൂലധനത്തിന്റെ ഈ രംഗത്തേക്കുള്ള കടന്നുവരവിനെ അടക്കം തടസ്സപ്പെടുത്തിയ 2002-ലെ നിയമത്തെ അടക്കം മറികടക്കുന്നതും. 2002-ലെ നിയമപ്രകാരം കടല്‍മണല്‍ ഖനനത്തിനും ധാതുഖനനത്തിനും ഗവണ്‍മെന്റ്-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു മാത്രമേ അനുമതിയുള്ളൂ. എന്നാല്‍, പുതിയ ഭേദഗതിയോടെ തീരക്കടല്‍, പുറംകടല്‍ പ്രദേശങ്ങള്‍ കേന്ദ്രത്തിന്റേതായി. അവിടങ്ങളില്‍ ഖനനത്തിനു സ്വകാര്യമേഖലയ്ക്കും അനുവാദമായി. നേരിട്ടുള്ള വിദേശനിക്ഷേപവും ഈ മേഖലയില്‍ ആകാമെന്നായി. നേരത്തേ കടലില്‍ 12 നോട്ടിക്കല്‍ മൈല്‍ (22 കിലോമീറ്റര്‍) ദൂരം സംസ്ഥാനപരിധിയിലായിരുന്നു. നിയമം പരിഷ്‌കരിച്ചതോടെ ഫലത്തില്‍ കടല്‍ പൂര്‍ണ്ണമായും കേന്ദ്രത്തിന്റേതായി. ഇത് മത്സ്യത്തൊഴിലാളികളെ മാത്രമല്ല ബാധിക്കാന്‍ പോകുന്നത് എന്നാണ് വിദഗ്ദ്ധാഭിപ്രായം. ഉദാഹരണത്തിന് കൊല്ലത്തെ കടല്‍മണല്‍ ഖനനം പൊതുമേഖലാസ്ഥാപനമായ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ്. കേന്ദ്രത്തിന്റെ ഈ നീക്കം ആ വ്യവസായത്തേയും പ്രതിസന്ധിയിലാക്കും. ഭേദഗതിയോടെ കരിമണലില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന ടൈറ്റാനിയം, സില്‍ക്കോണിയം എന്നിവയടക്കമുള്ള ആറുധാതുക്കള്‍ ശേഖരിക്കാനുള്ള അവകാശം സ്വകാര്യമേഖലയ്ക്ക് കൈമാറാനാകും. ഇതാണ് കെ.എം.എം.എല്ലിനെ കുഴപ്പത്തിലാക്കാന്‍ പോകുന്നത്. കേരളത്തിന്റെ കടല്‍മേഖലയില്‍നിന്നുള്ള കരിമണലിനെ ആശ്രയിച്ചാണ് കെ.എം.എം.എല്‍ നിലനില്‍പ്പ്. കരിമണലില്‍നിന്നും ലഭിക്കുന്ന ടൈറ്റാനിയം കൈകാര്യം ചെയ്യാനുള്ള അവകാശം സ്വകാര്യകമ്പനികള്‍ക്കു കൈമാറുന്നതോടെ കെ.എം.എം.എല്ലിനു അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കാതെ വരികയും ചെയ്യും. ഈ നീക്കത്തോടെ നഷ്ടമാകാന്‍ പോകുന്ന മറ്റൊന്ന് കരിമണലിലുള്ള സംസ്ഥാന ഗവണ്‍മെന്റിന്റെ അവകാശമാണ്.

35,000 കോടി രൂപയുടെ മണലാണ് കേരളത്തിലെ കടല്‍മേഖലയില്‍നിന്നും കോരിയെടുക്കാന്‍ പോകുന്നത് എന്നു റിപ്പോര്‍ട്ടുകളുണ്ട്. കൊല്ലം ജില്ലയില്‍നിന്നു മാത്രം 14,200 കോടി രൂപയുടെ മണല്‍. സംസ്ഥാന ഗവണ്‍മെന്റിന് ഇതില്‍നിന്നും ജി.എസ്.ടി വിഹിതം മാത്രമാണ് കിട്ടുക. ഇന്ത്യന്‍ ബ്യൂറോ ഒഫ് മൈന്‍സിന്റെ കണക്കനുസരിച്ച് ഒരു ടണ്‍ ധാതുവിനു ശരാശരി വില 470 രൂപയാണ്. യഥാര്‍ത്ഥ വില ഇതിലും കൂടുതല്‍ വരും. ഖനനപ്പാട്ടം നേടുന്നവര്‍ റോയല്‍റ്റിത്തുക അടയ്‌ക്കേണ്ടത് കേന്ദ്ര ഗവണ്‍മെന്റിനാണ്. സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ള തീരക്കടലില്‍ (22 കിലോമീറ്റര്‍ വരെ) ധാതുഖനനം നടന്നാല്‍പോലും സംസ്ഥാന ഗവണ്‍മെന്റിനു നയാപൈസ കിട്ടില്ല.

നിര്‍മ്മാണാവശ്യങ്ങള്‍ക്കായുള്ള മണലിനു ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ അടുത്ത 25 വര്‍ഷത്തെ ആവശ്യം മുന്‍നിര്‍ത്തി മണല്‍ ഖനനം ചെയ്യാനാകുമെന്നാണ് ഖനനത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. എന്നാല്‍, സംസ്ഥാനത്തിന്റെ സാമ്പത്തിക നേട്ടത്തിന്റെ ഒരു ഉറവിടത്തേയും മത്സ്യത്തൊഴിലാളികളുടെ ജീവിതത്തേയും തകര്‍ത്തുകൊണ്ട് എന്തു വികസനമാണ് ഇവിടെ നടപ്പാക്കാനാകുക എന്ന ചോദ്യത്തിന് അധികാരികള്‍ക്ക് ഉത്തരമില്ല. ഖനനം എന്തുമാത്രം പാരിസ്ഥിതികാഘാതമാണ് ഉണ്ടാക്കാന്‍ പോകുന്നത് എന്നതു സംബന്ധിച്ച് ശാസ്ത്രീയമായ പഠനം ആവശ്യമാണ്. മത്സ്യങ്ങളടക്കമുള്ള കടല്‍ജീവികളുടെ ആവാസവ്യവസ്ഥ തകര്‍ക്കാതേയും മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തേയും ബാധിക്കാതെ തീരത്തെ നിലവിലെ പരിസ്ഥിതിയെ ബാധിക്കാതെ എങ്ങനെ ഖനനം നടത്താനാകുമെന്ന അന്വേഷണത്തിനായിരിക്കണം മുന്‍ഗണന. അല്ലാത്തപക്ഷം താല്‍ക്കാലിക ലാഭം മാത്രം ലക്ഷ്യമിട്ട് 'പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലലാ'യി അതു പരിണമിക്കും എന്ന് ഉറപ്പാണ്.

പല രാജ്യങ്ങളിലും കടല്‍മണല്‍ ഖനനം നടക്കുന്നുണ്ട്. ചൈനയും മലേഷ്യയും ഇന്തോനീസ്യയുമെല്ലാം കടല്‍മണല്‍ ഖനനം ചെയ്യുന്നുണ്ട്. ഇന്തോനീസ്യ കടല്‍മണല്‍ കയറ്റിയയ്ക്കുകകൂടി ചെയ്തിരുന്നു. എന്നാല്‍, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുന്നതുകൊണ്ട് അവര്‍ അതവസാനിപ്പിച്ചു. ഇപ്പോഴും യു.എ.ഇ, യു.കെ തുടങ്ങിയ രാജ്യങ്ങളിലൊക്കെ കടല്‍മണല്‍ ഖനനം നടക്കുന്നുണ്ട്. വ്യത്യസ്തമായ ആവശ്യങ്ങളെ മുന്‍നിര്‍ത്തിയാണ് അവരത് ചെയ്യുന്നത്. എന്നാല്‍, ഇതിന് ആവശ്യമായ പാരിസ്ഥിതികാഘാതപഠനം, ജനസമൂഹത്തിന്റെ ഉപജീവനത്തെ അതെങ്ങനെ ബാധിക്കുന്നു എന്നതു സംബന്ധിച്ച പഠനം ഇതൊക്കെ നടത്തിയാണ് ആ രാജ്യങ്ങള്‍ കടല്‍മണല്‍ ഖനനം ചെയ്യുന്നത്. ഇവിടെ ആര്‍ക്കൊക്കെയോ വലിയ ധൃതി ഇക്കാര്യത്തിലുണ്ട്. തീര്‍ച്ചയായും നമ്മുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മണല്‍ ആവശ്യമാണ്. അതിനുള്ള വഴി കണ്ടെത്തുകതന്നെ വേണം. സംശയമൊന്നുമില്ല. കരമണല്‍ ഖനനത്തിന് 2020-ല്‍ ഗവണ്‍മെന്റ് ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളൊക്കെ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍, കടല്‍മണല്‍ ഖനനത്തിന് ഇതൊന്നുമില്ല. എന്നാല്‍, കടല്‍മണല്‍ ഖനനം പലതരത്തില്‍ നമ്മുടെ നിലനില്‍പ്പിനെ ബാധിക്കുന്നുണ്ട് എന്നാണ് പറയേണ്ടത്. ഒരുകൂട്ടം മനുഷ്യര്‍ ഉപജീവനത്തിനായി ആശ്രയിക്കുന്ന പ്രദേശത്തെ മറ്റൊരു ആവശ്യത്തിനു ഗവണ്‍മെന്റ് പ്രയോജനപ്പെടുത്തുമ്പോള്‍ അതവരുടെ ഉപജീവനത്തെ ബാധിക്കുന്നുണ്ടെങ്കില്‍ ഗവണ്‍മെന്റ് ആ ഉദ്യമത്തില്‍നിന്നും പിന്‍മാറുകയാണ് വേണ്ടത്. ഒരു അണക്കെട്ട് പണിയുമ്പോള്‍ സാധാരണഗതിയില്‍ അവിടെ ജീവിക്കുന്ന മനുഷ്യരെ മാറ്റിപ്പാര്‍പ്പിക്കുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്യുന്ന പതിവുണ്ട്. ഇവിടെ അത്തരം ആലോചനകളൊന്നുമില്ല. കടല്‍മണല്‍ ഖനനം നടത്തുമ്പോള്‍ വലിയ പാരിസ്ഥിതിക തകര്‍ച്ച ഉണ്ടാകും. നമ്മുടെ മത്സ്യസമ്പത്തിനെ അതു ബാധിക്കും. ഖനനം നടക്കുമ്പോള്‍ ചെളി പൊങ്ങിവരികയും അതു സൂര്യപ്രകാശം ജലത്തിലേയ്ക്ക് കടത്തിവിടുന്നത് തടയുകയും ചെയ്യും. ഇതു മത്സ്യങ്ങളേയും അവരുടെ ആഹാരമായ പ്ലവകങ്ങളേയും ബാധിക്കും. സൂര്യവെളിച്ചം ചെല്ലാത്തിടത്ത് എങ്ങനെ ജീവന്‍ സാദ്ധ്യമാകും? ബ്ലൂ ഇക്കോണമി എന്നൊരു ആശയം നമ്മുടെ ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുണ്ട്. കടല്‍ മത്സ്യമുള്‍പ്പെടെയുള്ള ജൈവികമായ സമുദ്രവിഭവങ്ങള്‍ക്കു പുറമേ മറ്റ് അജൈവ വിഭവങ്ങളുടെകൂടി കലവറയായി കാണുകയും അത് പ്രയോജനപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ ആശയത്തിന്റെ കാതല്‍. പക്ഷേ, അങ്ങനെ ഒരു ആശയം പ്രാവര്‍ത്തികമാക്കുമ്പോള്‍ അതുമൂലം ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ഒഴിവാക്കുക എന്നതുകൂടി ആ ആശയത്തിന്റെ പരിധിയില്‍ വരുന്നുണ്ട്. അക്കാര്യം കണക്കിലെടുക്കാതെയാണ് ഇപ്പോഴുള്ള നീക്കം.

സുനില്‍ മുഹമ്മദ് (പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് (റിട്ട.) സി.എം.എഫ്.ആര്‍.ഐ)

ഗുജറാത്തിലെ പോര്‍ബന്തറിലെ മൂന്നു ബ്ലോക്കുകളില്‍നിന്നും ചുണ്ണാമ്പു ചെളിയും കേരളത്തില്‍ കൊല്ലത്തെ മൂന്നു ബ്ലോക്കുകളില്‍നിന്നും നിര്‍മാണ ആവശ്യങ്ങള്‍ക്കുള്ള കടല്‍മണലും ആന്‍ഡമാനിലെ ഏഴു ബ്ലോക്കുകളില്‍നിന്നും പൊളിമെറ്റാലിക് നോഡ്യൂള്‍സ് എന്നറിയപ്പെടുന്ന ധാതുവിഭവങ്ങളും കൊബാള്‍ട്ടും ഖനനം ചെയ്‌തെടുക്കാനാണ് കേന്ദ്ര പദ്ധതി. കേരളത്തില്‍ അഞ്ചു സെക്ടറുകളിലായി 745 ദശലക്ഷം ടണ്‍ കടല്‍മണല്‍ നിക്ഷേപമുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയ ശൈലേഷ് നായിക് കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഉപദേശകസമിതി ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ബ്ലൂ ഇക്കോണമി പുസ്തകത്തിലാണ് ഇവയുടെ സ്വകാര്യവല്‍ക്കരണ നയം പ്രഖ്യാപിച്ചത്. കൊല്ലം ഭാഗത്തെ കടലിലാണ് ആദ്യം ഖനനം. തീരത്തുനിന്നും 33 കിലോമീറ്റര്‍ അകലെയുള്ള ഒന്നാംബ്ലോക്കില്‍ 23 മിനറല്‍ ബ്ലോക്കുകളുണ്ട്. ഇവിടെനിന്നും 100.3 ദശലക്ഷം ടണ്‍ മണലും 30 കിലോമീറ്റര്‍ അകലെയുള്ള രണ്ടാംസെക്ടറില്‍നിന്നും 100.64 ദശലക്ഷം ടണ്‍ മണലും മൂന്നാംസെക്ടറില്‍നിന്നും 101.45 ദശലക്ഷം ടണ്‍ മണലും ഖനനം ചെയ്യും. ഗൗതം അദാനിയുടെ കമ്പനികളുടെ സക്ഷന്‍ ഹോപ്പര്‍, റോട്ടറി കട്ടര്‍, ബക്കറ്റ് ഡ്രഡ്ജര്‍ തുടങ്ങിയ സംവിധാനങ്ങളും കപ്പലുകളും ഉപയോഗിച്ചാണ് ഡ്രഡ്ജിംഗ്. വന്‍തോതിലുള്ള ജൈവവൈവിദ്ധ്യത്തകര്‍ച്ചയ്ക്കും ഭൗതികസംവിധാനങ്ങളുടെ തകര്‍ച്ചയ്ക്കും വഴിവെയ്ക്കുകയും ലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ തകര്‍ക്കുകയും ചെയ്യുന്ന ഒന്നാണ് കടല്‍മണല്‍ ഖനനം. കൊല്ലം പരപ്പിനെ കേന്ദ്രീകരിച്ച് ആയിരത്തോളം ട്രോള്‍ ബോട്ടുകളും അഞ്ഞൂറോളം ഫൈബര്‍ വള്ളങ്ങളും നൂറോളം ഇന്‍-ബോര്‍ഡ് വള്ളങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. കോടിക്കണക്കിനു രൂപയുടെ നിക്ഷേപങ്ങളാണ് കേരളത്തിലെ കടല്‍ത്തീരത്തുള്ളത്. വെളുത്ത മണലിനൊപ്പം തന്നെ കരിമണലിന്റെ അംശങ്ങളും ഖനനസമയത്ത് ലഭിക്കും, ഇത് തീരത്ത് കൊണ്ടുവന്ന് എലൂട്രിയേഷന്‍ എന്ന പ്രക്രിയ വഴി ഖരലോഹങ്ങള്‍ മണ്ണില്‍നിന്ന് വേര്‍ത്തിരിച്ചെടുക്കും. ഖനനത്തിനായി കോണ്‍ട്രാക്ട് പിടിക്കുന്ന കമ്പനിയ്ക്ക് 'ഡബിള്‍ ധമാക്ക' ലഭിക്കുന്നതുപോലെയാണ് ഇത്. ഖനനം ബാധിക്കുന്ന ആളുകളുമായിട്ടുള്ള ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. സംസ്ഥാനവുമായുള്ള ചര്‍ച്ചയോ അഭിപ്രായ രൂപീകരണമോ നടന്നിട്ടില്ല. ചാവക്കാട്, പൊന്നാനി, ആലപ്പുഴ, കൊല്ലം തെക്ക്, കൊല്ലം വടക്ക് എന്നീ മേഖലകളിലാണ് വെള്ളമണല്‍ നിക്ഷേപം. ഇതില്‍ കൊല്ലം സെക്ടറില്‍നിന്നാണ് ഇപ്പോള്‍ ഖനനം നടത്തുക. ഇന്ത്യയിലെ 22 മത്സ്യസങ്കേതങ്ങളില്‍ ഏറ്റവും ഉല്പാദനക്ഷമതയുള്ള പ്രദേശമാണിത്. മത്സ്യത്തൊഴിലാളികള്‍ക്കു മാത്രമല്ല, പൊതുസമൂഹത്തിനാകമാനം വിനാശകരമാണ് ഈ പദ്ധതി. കേന്ദ്ര ഗവണ്‍മെന്റിന്റെ ഒത്താശയോടെയുള്ള ഈ കൊള്ളയടിയെ പൊതുസമൂഹം എന്തു വിലകൊടുത്തും ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്.

ചാള്‍സ് ജോര്‍ജ്ജ് (കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ) സംസ്ഥാന പ്രസിഡന്റ്)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com