കേരള സര്‍വ്വകലാശാലയ്ക്കു യു.ജി.സി നാഷണല്‍ അസസ്മെന്റ് ആന്റ് അക്രെഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) എ പ്ലസ് പ്ലസ് അംഗീകാരം നല്‍കിയതിനെക്കുറിച്ചു പറയാന്‍ കാര്യങ്ങളേറെയുണ്ട്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ രാജ്യത്തിനു മുന്നില്‍ പ്രതിനിധീകരിക്കുകയാണ് നാക് റീ-അക്രെഡിറ്റേഷനിലെ എ പ്ലസ് പ്ലസ്. രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ മികച്ച സര്‍വ്വകലാശാലകളുടെ നിരയിലാണ് ഇനി ഇടം. കേരളത്തില്‍ ആദ്യമാണ് ഒരു സര്‍വ്വകലാശാലയ്ക്ക് എ പ്ലസ് പ്ലസ് ലഭിക്കുന്നത്. രാജ്യത്ത് ആകെ പത്ത് സര്‍വ്വകലാശാലകളാണ് എ പ്ലസ് പ്ലസ് നേടിയത്. ഇതില്‍ സംസ്ഥാന സര്‍വ്വകലാശാലകള്‍ വേറെയില്ല. 2003-ല്‍ ആദ്യമായി നാക് അക്രെഡിറ്റേഷന്‍ കിട്ടുമ്പോള്‍ ബി പ്ലസ് പ്ലസ് ആയിരുന്നത് 2015-ല്‍ എ ആയി. ഇപ്പോഴത്തേത്, നിലവില്‍ സര്‍വ്വകലാശാലയ്ക്കു കീഴില്‍ പഠിക്കുന്ന ഒന്നര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്കും ഇനി പഠിക്കാനിരിക്കുന്നവര്‍ക്കും പഠിച്ചിറങ്ങിപ്പോയവര്‍ക്കും കേരളത്തിനാകെയും ആഹ്ലാദിക്കാവുന്ന അംഗീകാരം. ഐക്യകേരള പിറവിക്കും രണ്ടു പതിറ്റാണ്ടു മുന്‍പ്, സ്വാതന്ത്ര്യത്തിന് പത്തു വര്‍ഷം മുന്‍പ് തിരുവിതാംകൂര്‍ സര്‍വ്വകലാശാലയായി സ്ഥാപിച്ച കേരളത്തിലെ ആദ്യ സര്‍വ്വകലാശാലയ്ക്ക് അഭിമാനത്തിന്റെ യൗവ്വനം.
സാമൂഹിക ഇടം
നാക് ഗ്രേഡ് പോയിന്റ് 3.67 ആണ്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്കില്‍ (എന്‍.ഐ.ആര്‍.എഫ്) രാജ്യത്ത് ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസിന്റേ(ഐ.ഐ.എസ്സി)യും കേരള സര്‍വ്വകലാശാലയ്ക്കും ഒരേ ഗ്രേഡ് പോയിന്റ്. കേന്ദ്ര സര്‍വ്വകലാശാലയായ ജെ.എന്‍.യുവിന് 3.77 ആണ് നിലവില്‍ ഗ്രേഡ് പോയിന്റ്. അതായത് കേരളയുടേതില്‍നിന്ന് 0.10 വ്യത്യാസം മാത്രം. ഗ്രേഡ് പോയിന്റ് വിശദാംശങ്ങള്‍ ഇങ്ങനെയാണ്: പാഠ്യപദ്ധതിക്ക് 3.8, അദ്ധ്യാപനം, ബോധനം, മൂല്യനിര്‍ണ്ണയം 3.47, ഗവേഷണം, കണ്ടുപിടിത്തം, അനുബന്ധ പ്രവര്‍ത്തനം 3.52, അടിസ്ഥാന സൗകര്യമേഖല, പഠനസൗകര്യങ്ങളുടെ പര്യാപ്തത 3.75, വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്ന പിന്തുണ 3.93, ഗവേണന്‍സ്, ലീഡര്‍ഷിപ്പ്, മാനേജ്മെന്റ് 3.61, ഇന്‍സ്റ്റിറ്റിയൂഷണല്‍ വാല്യു ആന്റ് ബെസ്റ്റ് പ്രാക്ടീസ് - 3.96. ആകെ 3.67.
കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനമികവാണ് വിലയിരുത്തുന്നതെന്നു പൊതുവേ പറയാമെങ്കിലും അതിനപ്പുറം സാമൂഹിക പ്രാധാന്യമുണ്ട് ഈ അംഗീകാരത്തിന്. 1937-ല്‍ സ്ഥാപിച്ചതു മുതല്‍ വിദ്യാഭ്യാസത്തിലൂടെയുള്ള സാമൂഹികമാറ്റത്തിന് ഈ സര്‍വ്വകലാശാല നടത്തിയ ശ്രമങ്ങളുടെ കൂടി ഭാഗമായ മാറ്റം നാഷണല്‍ അക്രെഡിറ്റേഷന്‍ കൗണ്‍സിലിനു ബോധ്യപ്പെട്ടു എന്നതാണ് പ്രധാനം. അടിസ്ഥാന സൗകര്യ വികസനം മാത്രമല്ല, സര്‍വ്വകലാശാലാ വികസനം എന്നതിന് ഇതൊരു അടിക്കുറിപ്പായി മാറുന്നു എന്നും പറയാം. പാഠ്യപദ്ധതി രൂപകല്പനയിലും വികാസത്തിലും മികച്ച അഭിനന്ദനവും മാര്‍ക്കും നേടാന്‍ കഴിഞ്ഞു എന്നിടത്തു നിന്നാണ് എ പ്ലസ് പ്ലസ്സിലേക്കുള്ള പ്രയാണത്തിന്റെ തുടക്കം. 50 പോയിന്റാണ് ഇതിന്. പൂജ്യം, ഒന്ന്, രണ്ട്, മൂന്ന് എന്ന ക്രമത്തിലാണ് മാര്‍ക്ക്. നാല് മാര്‍ക്ക് ഇട്ടാല്‍ 100 ശതമാനം തൃപ്തികരം എന്നാണ്. അവര്‍ നാല് മാര്‍ക്ക് ഇടുകയും 200 മാര്‍ക്ക് നല്‍കുകയും ചെയ്തു. അങ്ങനെ 4000 മാര്‍ക്ക് കിട്ടി. നാലായിരത്തിനെ ആയിരംകൊണ്ട് ഭാഗിക്കുമ്പോഴാണ് 3.67 മാര്‍ക്കില്‍ എത്തിയത്. നാക് മാനദണ്ഡ പ്രകാരമുള്ള അടിസ്ഥാന വിവരങ്ങളെല്ലാം സര്‍വ്വകലാശാല നേരത്തേ അപ്ലോഡ് ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഇടുന്ന മാര്‍ക്കിനു പുറമേ നാക് സംഘം നേരിട്ടു സന്ദര്‍ശിച്ച് നടത്തിയ വിശദമായ വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് അന്തിമ മാര്‍ക്ക് നല്‍കിയത്. പാഠ്യപദ്ധതി രൂപകല്പനയുടേയും വികാസത്തിന്റേയും കാര്യത്തില്‍ മുഴുവന്‍ മാര്‍ക്കും നല്‍കി.
310 ലക്ഷം ചതുരശ്ര അടി കെട്ടിടനിര്‍മ്മാണമാണ് അടിസ്ഥാന സൗകര്യവികസനത്തിന് ഇക്കാലയളവില്‍ സര്‍വ്വകലാശാലയില്‍ നടന്നത്. വിവിധ സ്‌കൂള്‍ കെട്ടിടങ്ങളും പഠന വകുപ്പുകള്‍ക്കും കെട്ടിടങ്ങള്‍ പണിതു. പ്രവേശനം മുതല്‍ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് വരെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വ്വകലാശാലയുമായും തിരിച്ചും എല്ലാ കാര്യത്തിലും നേരിട്ടു ബന്ധപ്പെടാനും വിവരങ്ങള്‍ അപ്ലോഡ് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയുന്ന സ്റ്റുഡന്റ് ലൈഫ് സൈക്കിള്‍ മാനേജ്മെന്റ് സോഫ്റ്റ്വെയര്‍ നടപ്പാക്കി. പാളയത്ത് സര്‍വ്വകലാശാല ആസ്ഥാനത്തിന്റെ ഭാഗമായും കാര്യവട്ടം കാമ്പസിലും വിപുലമായ ഓരോ ലൈബ്രറികള്‍ ഉള്ളതിനു പുറമേ വിവിധ വകുപ്പുകളില്‍ വെവ്വേറെ ലൈബ്രറികളുമുണ്ട്. ഇവിടയെല്ലാമായി 10 ലക്ഷത്തോളം പുസ്തകങ്ങള്‍. ആവശ്യമുള്ള പുസ്തകം വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ക്ലിക്കിലൂടെ ലഭ്യമാകുന്ന സോഫ്റ്റ്വെയര്‍ നടപ്പാക്കി. ഈ 'ഒരു കാമ്പസ് ഒരു ലൈബ്രറി പദ്ധതി' പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകമായി.
സര്‍വ്വകലാശാലാ വകുപ്പുകളിലെ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കു മാത്രമല്ല, അഫിലിയേറ്റു ചെയ്ത കോളേജുകളിലെ ഗവേഷകര്‍ക്കും ഫെലോഷിപ്പ് തുക നല്‍കുന്നത് കേരള സര്‍വ്വകലാശാലയുടെ മാത്രം പ്രത്യേകതയാണ്. അദ്ധ്യാപകരും ജീവനക്കാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആറര കോടി രൂപ സംഭാവന ചെയ്ത് സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ മാതൃകയായി. വാക്‌സീന്‍ ചലഞ്ചിന്റെ ഭാഗമായി 55 ലക്ഷം രൂപ സര്‍ക്കാരിനു കൈമാറി. വൃത്തിയും വെടിപ്പുമുള്ള ഹരിത കാമ്പസ് നാക് സംഘത്തെ ആകര്‍ഷിച്ച ഘടകമാണ്. വൈദ്യുത ബഗ്ഗികളും സൈക്കിളും ഉപയോഗിച്ച് കാമ്പസ് കാര്‍ബണ്‍ വിമുക്തമാക്കാന്‍ നടത്തിയ ശ്രമത്തിന് അഭിനന്ദനം കിട്ടി. സുസ്ഥിര വികസനത്തിന്റേയും ഭക്ഷ്യസുരക്ഷയുടേയും ഭാഗമായി നടപ്പാക്കിയ ഹരിതാലയം പദ്ധതിയാണ് മറ്റൊന്ന്. കാമ്പസില്‍ 20,000 മരങ്ങളുണ്ടെന്നാണ് കണക്ക്. ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകളിലെ സസ്യങ്ങളുടെ അപൂര്‍വ്വ ഉദ്യാനം, സിസ്റ്റമാറ്റിക് ഗാര്‍ഡന്‍, മിയാവാക്കി വനം, പന്നല്‍ച്ചെടികളുടെ ഉദ്യാനം, ഡിജിറ്റല്‍ ഗാര്‍ഡന്‍ എന്നിവയും ഹരിതസമൃദ്ധിയുടെ ഭാഗമാണ്. മണ്‍മറഞ്ഞുകൊണ്ടിരിക്കുന്നതും തദ്ദേശീയവുമായ ഔഷധ സസ്യങ്ങളെപ്പറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ജൈവസംസ്‌കൃതിയുടെ അറിവുകള്‍ പകന്നുനല്‍കുന്നതാണ് ഔഷധ സസ്യങ്ങളുടെ തുളസീവനം.
മികവുറ്റ അക്കാദമിക അന്തരീക്ഷവും അടിസ്ഥാന സൗകര്യങ്ങളും മികച്ച ഗവേഷണ സംസ്‌കാരം, ഗ്രാമം ദത്തെടുക്കല്‍പോലെയുള്ള മികച്ച അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് സര്‍വ്വകലാശാലയുടെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു സവിശേഷതകളാണ് നാക് ചൂണ്ടിക്കാട്ടിയത്. ഇവയെല്ലാം സമയബന്ധിതമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് സാധിച്ചത് എന്ന പ്രത്യേകതയുണ്ട്. പ്രത്യേകിച്ച് ഐ.ടി സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം സര്‍വ്വകലാശാലയുടെ പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ തുണയായി. കൊവിഡിനു മുന്‍പുതന്നെ നടപ്പാക്കിയ ലേണിങ് മാനേജ്മെന്റ് സിസ്റ്റം (എല്‍.എം.എസ്) കൊവിഡ് കാലത്ത് കൂടുതല്‍ ഫലപ്രദമായി ഉപയോഗിച്ചു. അതിനൊപ്പം സമഗ്ര ഡിജിറ്റല്‍ ശേഖരണി തയ്യാറാക്കി. 32 കോടി രൂപ ചെലവഴിച്ച് സജ്ജീകരിച്ച അത്യാധുനിക ലബോറട്ടറിയും (ക്ലിഫ്-സി.എല്‍.ഐ.എഫ്.എഫ്) 43 പഠനവകുപ്പിലേയും തിയേറ്റര്‍ ക്ലാസ്സ് മുറികളും ഗവേഷണ പഠനപ്രവര്‍ത്തനത്തെ കൂടുതല്‍ സഹായിച്ചു.
അംഗീകാരത്തിന്റെ നേട്ടം വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കുമാണ് കൂടുതല്‍ ലഭിക്കുക. എ പ്ലസ് പ്ലസ് നേടിയതോടെ സര്‍വ്വകലാശാലയ്ക്ക് വിവിധ പദ്ധതികള്‍ക്കായി യൂണിവേഴ്സിറ്റി ഗ്രാന്‍ഡ്‌സ് കമ്മിഷനില്‍നിന്നു ലഭിക്കുക 800 കോടിയോളം രൂപയാണ്. ഗവേഷണം, അടിസ്ഥാന സൗകര്യവികസനം, വകുപ്പുതല പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്ക് ഇതുപയോഗിക്കാം. കേന്ദ്ര പ്രോജക്ട് ഫണ്ടുകള്‍ക്ക് അപേക്ഷിക്കാനുള്ള അവസരം കൂടി ലഭിക്കും. ഒരു പൊതു സര്‍വ്വകലാശാലയ്ക്ക് ചെയ്യാനാകുന്ന എല്ലാ മികച്ച പ്രവര്‍ത്തനങ്ങളും കേരള സര്‍വ്വകലാശാല കാഴ്ചവെച്ചുവെന്ന് നാക് സംഘം പറഞ്ഞതായി വൈസ് ചാന്‍സിലര്‍ ഡോ. വി.പി. മഹാദേവന്‍ പിള്ള ചൂണ്ടിക്കാട്ടുന്നു.
അക്രെഡിറ്റേഷന്‍ എന്ന പരീക്ഷണം
നാക് അക്രെഡിറ്റേഷന്‍ എന്നത് സാധാരണയായി സര്‍വ്വകലാശാലകള്‍ക്ക് ഒരു പരീക്ഷയാണ്. പാഠ്യപദ്ധതിയും ഗവേഷണവും അതു കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ത്ഥികളുടെ നിലവാരവും ഉള്‍പ്പെടെ വിലയിരുത്തുന്നതിന് ഒരു രൂപരേഖ നാക് ഉണ്ടാക്കിയിട്ടുണ്ട്. ഈ 115 മെട്രിക്‌സില്‍ ക്വാണ്ടിറ്റേറ്റീവ് ഡേറ്റയും ക്വാളിറ്റേറ്റീവ് ഡേറ്റയുമുണ്ട്. എണ്ണവും വണ്ണവും എന്നു പറയാവുന്ന വിധത്തില്‍ അളവിന്റേയും നിലവാരത്തിന്റേയും വിലയിരുത്തല്‍. ആദ്യത്തേതില്‍ എത്ര പ്രോഗ്രാമുകളുണ്ട്, എത്ര ഡിപ്പാര്‍ട്ടുമെന്റുകളുണ്ട്, എത്ര വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട് അവരുടെ സംവരണ നയം എങ്ങനെയാണ് തുടങ്ങി എണ്ണത്തിന്റേയും അനുപാതത്തിന്റേയും ഉള്‍പ്പെടെ വിവിധ തരത്തിലാണ് വിലയിരുത്തല്‍. 115-ല്‍ 36 എണ്ണം ഗുണനിലവാര പരിശോധനയാണ്. പാഠ്യപദ്ധതിയുടെ സ്വഭാവം ഉള്‍പ്പെടെ സൂക്ഷ്മമായി അളക്കപ്പെടുന്നത് ഇതിന്റെ ഭാഗം. കേരള സര്‍വ്വകലാശാലയ്ക്ക് 64 പ്രോഗ്രാമുകളാണുള്ളത്; അതായത് കോഴ്സുകള്‍. മുന്‍പ് കോഴ്സുകള്‍ എന്നു വിശേഷിപ്പിച്ചിരുന്നത് ഫലപ്രാപ്തി അധിഷ്ഠിത പാഠ്യപദ്ധതിയിലേക്കു (ഔട്ട്കം ബേസ്ഡ് സിലബസ്) മാറിയതോടെ പ്രോഗ്രാമുകള്‍ ആയി മാറി. മുന്‍പ് പേപ്പര്‍ അഥവാ വിഷയം എന്നു പറഞ്ഞിരുന്നത് കോഴ്സ് ആയി മാറി. ''ഒരു വിഷയത്തില്‍ ബിരുദ പഠനത്തിനു ചേരുന്ന വിദ്യാര്‍ത്ഥി ആ വിഷയത്തില്‍ ബിരുദാനന്തര ബിരുദത്തിനു പോകുമ്പോള്‍ തനിക്കെന്താണ് മെച്ചം എന്ന ധാരണയോടെ പഠിക്കണം, താന്‍ എന്തിനിതു പഠിക്കണം എന്നു വിദ്യാര്‍ത്ഥിക്കു മനസ്സിലായിരിക്കണം. മുന്‍പ് ഇത് ഉണ്ടായിരുന്നില്ല. ലക്ഷ്യബോധമില്ലാത്ത പഠനത്തില്‍നിന്നു കൃത്യമായ ലക്ഷ്യത്തോടെ പഠിക്കുന്നു'' -ഡോ. ഇ. ഷാജി വിശദീകരിക്കുന്നു.
ഒരു പ്രോഗ്രാമില്‍ നിരവധി കോഴ്സുകള്‍ ഉണ്ടായിരിക്കുമ്പോള്‍ അതില്‍ വിദ്യാര്‍ത്ഥിക്ക് ഏറ്റവും ഉപകരിക്കുന്ന 'കോര്‍' കോഴ്സുകള്‍ ഏതൊക്കെയാണ്, ആ കോഴ്സിന് അനുബന്ധമായി പഠിക്കുന്നതുകൊണ്ട് മെച്ചമുള്ള 'ഇലക്ടീവ്' കോഴ്സ് ആ പ്രോഗ്രാമിന്റെ ഭാഗമായി ഉണ്ടോ തുടങ്ങിയതിനെക്കുറിച്ചൊക്കെയുള്ള വിശകലനം ഉള്‍പ്പെടുന്നതാണ് ക്വാളിറ്റേറ്റീവ് ഡേറ്റ. അതോടൊപ്പം തന്നെ വിദ്യാര്‍ത്ഥിക്ക് പഠിക്കാന്‍ ഇഷ്ടമുള്ള മറ്റെന്തു കോഴ്സും പഠിക്കാന്‍ കഴിയണം. ഇതിന് ഒരു 'മികവിന്റെ ഒരു ബാസ്‌കറ്റ്' ഉണ്ടാക്കാനാണ് നാക് നിര്‍ദ്ദേശിക്കുന്നത്. ആ 'കൂട'യില്‍ കുട്ടിയുടെ തിരഞ്ഞെടുപ്പ് ആണ്. കുട്ടിക്ക് ഏതു വേണമെങ്കിലും പഠിക്കാം. ഈ അഞ്ചു വര്‍ഷത്തിനിടെ ഈ 64 പ്രോഗ്രാമുകളേയും ഫലപ്രാപ്തി അധിഷ്ഠിത വിദ്യാഭ്യാസത്തിലേക്കു മാറ്റി. അതാണ് നാക് ഏറ്റവും വലിയ സവിശേഷതയായി കണ്ടത്. എത്ര കോര്‍ കോഴ്സുകളും ഇലക്ടീവ് കോഴ്സുകളും ജന്റിക് കോഴ്സുകളും ഉണ്ട് എന്നു പാഠ്യപദ്ധതി നോക്കിയാല്‍ കുട്ടിക്കു മനസ്സിലാകും. 219 ജന്റിക് കോഴ്സുകളാണ് കേരള സര്‍വ്വകലാശാലയില്‍ ഉള്ളത്. ഇവയുടെ പാഠ്യപദ്ധതി വിശദാംശങ്ങള്‍ നാക് സംഘത്തെ ആകര്‍ഷിച്ചു. കുട്ടിയുടെ തിരഞ്ഞെടുക്കല്‍ സാധ്യതയുടെ വ്യാപ്തി കൂടുതല്‍ വിശാലമായി എന്ന തിരിച്ചറിവ്. 64 പ്രോഗ്രാമുകളേയും ഫലപ്രാപ്തി അധിഷ്ഠിതമാക്കി മാറ്റിയത് വലിയ ഒരു നേട്ടമായി അവര്‍ കണ്ടു. ഗ്രാജുവേറ്റ് ആട്രിബ്യൂട്ട് ഉണ്ടാക്കിയതാണ് മറ്റൊന്ന്. വിഷന്‍ ആന്റ് മിഷന്‍ എന്ന രൂപത്തില്‍ നേരത്തെ ഉള്ളതുതന്നെയാണെങ്കിലും ഗ്രാജുവേറ്റ് ആട്രിബ്യൂട്ട് എന്ന രൂപത്തില്‍ ഉണ്ടായിരുന്നില്ല. സര്‍വ്വകലാശാലയില്‍നിന്നു പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥിയുടെ ഗുണമേന്മകള്‍ കൃത്യമായി എണ്ണിപ്പറയാന്‍ കഴിയുന്നവിധം നിര്‍വ്വചിച്ച് ഉറപ്പിച്ചതാണ് ഗ്രാജുവേറ്റ് ആട്രിബ്യൂട്ട്. ഉദാഹരണത്തിന്, ''ഇവിടെനിന്നു പഠിച്ചിറങ്ങുന്ന കുട്ടി ആരോടും ഒരുതരത്തിലുള്ള വിവേചനവും കാണിക്കില്ല; അവര്‍ വിശ്വപൗരരായിരിക്കും. ഗവേഷണത്വര ഉണ്ടായിരിക്കും, തൊഴില്‍ക്ഷമത വളരെ വലുതായിരിക്കും, മികച്ച ആശയവിനിമയശേഷി ഉണ്ടായിരിക്കും. കുട്ടികളെ വിശ്വപൗരരാക്കാന്‍ കഴിയുന്ന പാഠ്യപദ്ധതി ചട്ടക്കൂട് ഉണ്ടാക്കി എന്നതാണ് കാര്യം. ഇത് സര്‍വ്വകലാശാലാ വകുപ്പുകളിലെ വിദ്യാര്‍ത്ഥികള്‍ക്കു മാത്രമല്ല, സര്‍വ്വകലാശാലയ്ക്കു കീഴിലെ മുഴുവന്‍ കോളേജുകളിലേയും വിദ്യാര്‍ത്ഥികള്‍ക്കും ബാധകമായ മേന്മയാണ്. അത് പരിപൂര്‍ണ്ണ വിജയമാക്കാനുള്ള കഠിനാധ്വാനത്തിലാണ് സര്‍വ്വകലാശാല. പാഠ്യപദ്ധതി നവീകരണത്തില്‍ സര്‍വ്വകലാശാലയുടെ കൃത്യമായ ഇടപെടല്‍ ഉണ്ടാകുന്നത് ഇതിന്റെ ഭാഗമാണ്'' -ഡോ. ഇ. ഷാജി പറയുന്നു.
മറ്റൊന്ന് അക്കാദമിക വഴക്കമാണ്. ഇക്കാര്യത്തില്‍ ഇനിയും മുന്നോട്ടു പോകാനുണ്ട് എന്ന് സര്‍വ്വകലാശാല ചൂണ്ടിക്കാട്ടുന്നു. സര്‍വ്വകലാശാലയില്‍ പഠിച്ചു തുടങ്ങുന്ന കുട്ടിക്ക് മറ്റൊരു സര്‍വ്വകലാശാലയില്‍ ബാക്കി സെമസ്റ്ററുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന വിധമുള്ള ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ സംവിധാനമാണ് അത്. വിദ്യാര്‍ത്ഥി വൈവിധ്യത്തില്‍ കേരള സര്‍വ്വകലാശാലയ്ക്കു മാര്‍ക്ക് കുറവാണ്. സംവരണ നയം മാത്രമല്ല നാക് ഉദ്ദേശിക്കുന്നത് എന്നതാണ് കാരണം. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ടോ എന്നാണ് ഇതുവരെ സര്‍വ്വകലാശാല കണക്കിലെടുത്ത വൈവിധ്യമെങ്കില്‍, മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള കുട്ടികളുടെ പ്രാതിനിധ്യമാണ് നാക് പരിഗണിക്കുന്നത്; മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഈ സര്‍വ്വകലാശാലയുടെ പേര് അറിഞ്ഞു വന്നു പഠിക്കുന്നുണ്ടോ എന്നത്. ആ വൈവിധ്യം കൂടാനുള്ള സാധ്യത ഈ എ പ്ലസ് പ്ലസ്സോടെ കൈവരും. അക്കാദമിക തലത്തില്‍ കേരള സര്‍വ്വകലാശാല മുന്‍പേ പ്രശസ്തമാണ്. എന്നാല്‍, ഇനി മികച്ച സര്‍വ്വകലാശാല തിരയുന്ന സാധാരണ വിദ്യാര്‍ത്ഥികളിലേക്കും രക്ഷിതാക്കളിലേക്കും പേരും പ്രശസ്തിയും എത്തുന്നു; ആ കുട്ടികള്‍ ജെ.എന്‍.യുവും മറ്റും പോലെ അന്വേഷിച്ചു തിരഞ്ഞെടുക്കുന്ന സര്‍വ്വകലാശാലയായി കേരള സര്‍വ്വകലാശാലയും മാറുന്നു.
വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി
സംസ്ഥാന ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നു സര്‍വ്വകലാശാലയ്ക്കു പിശുക്കില്ലാത്ത പിന്തുണ ലഭിക്കുന്നതായി നാക് ചൂണ്ടിക്കാട്ടി എന്നത് പ്രധാനമാണ്. ഈ അംഗീകാരത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പങ്ക് വളരെ വലുതാണ്. നാലു വര്‍ഷം മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത വൈസ് ചാന്‍സലര്‍മാരുടേയും സിന്‍ഡിക്കേറ്റ് അംഗങ്ങളുടേയും യോഗത്തില്‍ സംസ്ഥാനത്തെ സര്‍വ്വകലാശാലകള്‍ ലോകനിലവാരത്തിലേക്ക് ഉയരേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയിരുന്നു. ദേശീയ തലത്തിലെ ആദ്യ പത്തില്‍ കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വ്വകലാശാലയെങ്കിലും ഉണ്ടാകണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ഈ നിര്‍ദ്ദേശത്തെ ഗൗരവമായി കണ്ട കേരള സര്‍വ്വകലാശാല സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയോടെ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കി.
നാക് ചോദിക്കുന്നതെന്താണ് എന്നു കൃത്യമായി മനസ്സിലാക്കുക തന്നെയായിരുന്നു സര്‍വ്വകലാശാല അഭിമുഖീകരിച്ച ആദ്യ കടമ്പ. അത് ക്ഷമയോടെ സമയമെടുത്തു പഠിച്ച് കൃത്യമായും സംശയരഹിതമായും രേഖാപരമായ മറുപടികളും തെളിവുകളും കാണിച്ചുകൊടുക്കാന്‍ കഴിഞ്ഞു. വിഭവ സമ്പന്നമാണ് കേരള സര്‍വ്വകലാശാല. യഥാര്‍ത്ഥത്തില്‍ അവയില്‍ പലതും പൂര്‍ണ്ണതോതില്‍ വെളിപ്പെട്ടിട്ടുപോലുമില്ല എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളിലും അടിസ്ഥാന സൗകര്യ വികസനത്തില്‍ ഉണ്ടായ വലിയ കുതിപ്പ് ഇവിടെയും ഉണ്ടായി.
ഗവേഷണത്തിലെ നവീനാശയങ്ങള്‍ക്കും അതു ജനങ്ങളിലേക്കു വ്യാപിപ്പിക്കുന്നതിനും കിട്ടിയ ഉയര്‍ന്ന മാര്‍ക്ക് 250 ആയിരുന്നു. പ്രോഗ്രാമുകള്‍ നടത്തിയതിന്റെ വിവരം കൊടുത്താല്‍പ്പോരാ, തെളിവു വേണം. പ്രകൃതിദുരന്തങ്ങളെ നേരിടുന്നതിന്റെ അനുഭവം മുതല്‍ പാലിയേറ്റീവ് കെയര്‍ വരെ നിരവധി അനുഭവങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും കൈവന്നു. അതെല്ലാം നാകിനു മുന്നില്‍ തെളിവുകളായി. അതെല്ലാം രേഖകളാക്കി സമര്‍പ്പിച്ചത് ഐ.ക്യു.എ.സിയാണ്. വൈസ് ചാന്‍സലര്‍ മുഴുവന്‍ സമയവും ഈ ടീമിനൊപ്പമിരുന്നു. അദ്ദേഹം മുകളില്‍നിന്നു കല്പിക്കുകയല്ല ചെയ്തത്.
തങ്ങളെ ആകര്‍ഷിക്കുകയും സ്വാധീനിക്കുകയും ചെയ്ത മൂന്നു പ്രധാന കാര്യങ്ങളെക്കുറിച്ച് നാക് അത്രയ്ക്ക് എഴുതണമെങ്കില്‍ അത്രയ്ക്ക് ആഴത്തില്‍ അവര്‍ മനസ്സിലാക്കി എന്നുതന്നെയാണ് അര്‍ത്ഥം. പ്രധാന കാമ്പസും കാര്യവട്ടത്തെ കാമ്പസും സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ നല്ല അന്തരീക്ഷവും യാത്രാ സൗകര്യവുമെല്ലാം അഭിനന്ദിക്കപ്പെട്ട കാര്യങ്ങളാണ്. നിറഞ്ഞ ഹരിതാഭയുടെ തണലില്‍, നന്നായി പരിപാലിക്കുന്ന, മികച്ച പഠനാന്തരീക്ഷത്തോടെയുള്ള കാമ്പസ് എന്ന നാക് വിശേഷണം അതിശയോക്തിപരമാണെന്ന് ഈ കാമ്പസുകള്‍ ഒരിക്കല്‍ കണ്ട ഒരാളും പറയില്ല. ഭാവി വികസനം സാധ്യമായവിധം വിശാലമായ കാമ്പസിനെ പ്രത്യേകമായി ചൂണ്ടിക്കാട്ടി. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ സര്‍വ്വകലാശാലയുടെ മുഴുവന്‍ ഗുണഭോക്താക്കളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധത്തെക്കുറിച്ചും പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ തൃപ്തി എത്രത്തോളമുണ്ട് എന്നു മനസ്സിലാക്കാന്‍ നാക് ഓണ്‍ലൈന്‍ സര്‍വ്വേ നടത്തിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ഇ-മെയില്‍ വിലാസവും ഫോണ്‍ നമ്പറും കൊടുക്കാന്‍ മാത്രമാണ് ആറു മാസം മുന്‍പ് നാക് സര്‍വ്വകലാശാലയോട് ആവശ്യപ്പെട്ടത്. 21 ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനില്‍ അയച്ചു. തത്സമയ മറുപടി ആവശ്യപ്പെടുന്ന വിധമായിരുന്നു ചോദ്യങ്ങള്‍. ആ സര്‍വ്വേയില്‍ കിട്ടിയ ഫലത്തിന്റെ പേരിലും സര്‍വ്വകലാശാലയെ അഭിനന്ദിച്ചു. വിവിധ സമിതികളിലെ വിദ്യാര്‍ത്ഥി പ്രാതിനിധ്യം, ഐ.ടി അധിഷ്ഠിത അദ്ധ്യാപന മികവ്, സ്റ്റാര്‍ട്ടപ്പ് സംസ്‌കാരം ഇതെല്ലാം അഭിനന്ദനം നേടിയ കാര്യങ്ങളാണ്.
ഗവേഷണത്തിനു സൗകര്യം ചെയ്തുകൊടുക്കുന്ന കാര്യത്തില്‍ കേരള സര്‍വ്വകലാശാല വളരെ മുന്നിലാണെന്ന് ഗവേഷണ വിദ്യാര്‍ത്ഥി കെ. സ്റ്റാലിന്‍ പറയുന്നു. അഫിലിയേറ്റു ചെയ്ത കോളേജുകളിലെ ഗവേഷകര്‍ക്കു കൂടി അഞ്ചു വര്‍ഷവും ഫെലോഷിപ്പ് കൊടുക്കുന്നത് ഉദാഹരണം. ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രധാനപ്പെട്ട ഒരു ഘടകമാണത്. 11000 രൂപയാണ് തുക. ''ഇത് പര്യാപ്തമല്ല എന്നതു ശരിയാണ്; യു.ജി.സി ഫെലോഷിപ്പിന്റെ 75 ശതമാനമെങ്കിലും കൊടുക്കണം എന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. അതു കൊടുക്കുന്നില്ലെങ്കിലും 11000 രൂപയായി കുട്ടികളുടെ ഫെലോഷിപ്പ് ഉയര്‍ത്തിയതും ഈ സര്‍വ്വകലാശാലയാണ്. ലൈബ്രറി സൗകര്യം ആദ്യമായി രാത്രി 12 വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് കാര്യവട്ടം കാമ്പസിലാണ്; വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തു നേടിയെടുത്തതാണ്. എങ്കിലും സര്‍വ്വകലാശാലയ്ക്കു കൂടി അനുകൂല മനസ്സ് ഉള്ളതുകൊണ്ടാണ് അതു നടപ്പായത്'' -സ്റ്റാലിന്‍ പറയുന്നു. കേരള സര്‍വ്വകലാശാലയിലെ പൊതുവായ മൂഡ് വിദ്യാര്‍ത്ഥി - ഗവേഷക സൗഹൃദപരമാണ്. സിന്‍ഡിക്കേറ്റിലുള്‍പ്പെടെ എല്ലാ സമിതികളിലും വിദ്യാര്‍ത്ഥി പ്രാതിനിധ്യം സജീവം. ഫീസുകള്‍ വളരെ കുറവ്. ഭക്ഷണമുള്‍പ്പെടെ ഹോസ്റ്റല്‍ ഫീ പരമാവധി 3000-ല്‍ താഴെ. തിരുവനന്തപുരം നഗരത്തില്‍ ജീവിക്കുമ്പോള്‍ ഇതു വളരെ സഹായകരമാണെന്നു വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നത് അനുഭവത്തില്‍നിന്നാണ്. മൂന്നു ഹോസ്റ്റലുകള്‍ കൂടി വൈകാതെ തുടങ്ങും. മെസ്സ് ഗുണനിലവാരത്തില്‍ വളരെ മികച്ചതാണ്. മെനു അതാതു ഹോസ്റ്റലിലെ കുട്ടികള്‍ക്കു തീരുമാനിക്കാം. കാമ്പസില്‍ എവിടേയും പരിധികളില്ലാതെ വൈഫൈ സൗകര്യം ലഭിക്കുന്നു. ഓരോ ക്ലാസ്സ് റൂമും തിയേറ്റര്‍ ക്ലാസ് റൂമാണ്. ലോകനിലവാരത്തിലുള്ള സിനിമികളെക്കുറിച്ചും മറ്റും പഠിക്കാനുമുള്ള നൊബേല്‍ ജേതാക്കളുടേയും മറ്റും ക്ലാസ്സുകള്‍ കേള്‍ക്കാനുമുള്ള സൗകര്യമാണ് ഇതു നല്‍കുന്നത്.
ബിരുദാനന്തര ബിരുദ സീറ്റുകള്‍ കൂട്ടണം എന്ന നിര്‍ദ്ദേശം നാക് സര്‍ക്കാരിനും സര്‍വ്വകലാശാലയ്ക്കും മുന്നില്‍ വച്ചിട്ടുണ്ട്. ഹോസ്റ്റല്‍ സൗകര്യം എല്ലാ കുട്ടികള്‍ക്കും ഉറപ്പാക്കണം, ഒഴിവുള്ള അദ്ധ്യാപന നിയമനങ്ങള്‍ ഉടന്‍ നടത്തണം എന്നീ നിര്‍ദ്ദേശങ്ങളും നല്‍കി.
മികവിന്റെ കേന്ദ്രമാക്കി മാറ്റും
ആര്‍. ബിന്ദു
(ഉന്നത വിദ്യാഭ്യാസ മന്ത്രി)
കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തെ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ സാക്ഷ്യപത്രമാണ് കേരള സര്‍വ്വകലാശാലയ്ക്ക് ഉന്നത ഗ്രേഡോടു കൂടി എ പ്ലസ് പ്ലസ് ലഭിച്ചത്. വളരെ അഭിമാനകരമായ നേട്ടമാണിത്. ഇന്ത്യയിലെ സര്‍വ്വകലാശാലകളുടെ നിരയില്‍ ഏറ്റവും അഗ്രഗണ്യ സ്ഥാനത്തുതന്നെ കേരളത്തിലെ എല്ലാ സര്‍വ്വകലാശാലയുടേയും മാതൃ സര്‍വ്വകലാശാലയായി കേരള സര്‍വ്വകലാശാല എത്തിച്ചേര്‍ന്നിരിക്കുന്നു എന്നതാണ് നാക് വിലയിരുത്തലിലൂടെ തെളിയുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പരിഗണന നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. എല്ലാ സര്‍വ്വകലാശാലയേയും കലാലയങ്ങളേയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് നടപടികള്‍ സ്വീകരിച്ചു വരുന്നത്. നാക്, എന്‍.ഐ.ആര്‍.എഫ് തുടങ്ങി ദേശീയവും അന്തര്‍ദ്ദേശീയവുമായ റാങ്കിങ് സംവിധാനങ്ങളില്‍ ഏറ്റവും മുന്‍പന്തിയിലേക്ക് ചെല്ലാന്‍ കഴിയുന്ന വിധത്തില്‍ അവയ്‌ക്കൊക്കെ ആവശ്യമായ മാനകങ്ങളുടെ കാര്യത്തില്‍ മുന്നേറാന്‍ കഴിയുംവിധമുള്ള മാര്‍ഗ്ഗദര്‍ശനവും അതിനുവേണ്ട എല്ലാ പിന്തുണാ സംവിധാനങ്ങളും സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വകലാശാലകള്‍ക്കും കോളേജുകള്‍ക്കും നല്‍കിവരികയാണ്.
സര്‍വ്വകലാശാലകളുടേയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും അടിസ്ഥാന സൗകര്യ വികസനത്തിനു വളരെ പ്രാധാന്യം നല്‍കുകയാണ് സര്‍ക്കാര്‍. സ്‌കില്‍ എന്‍ഹാന്‍സ്മെന്റിനും ഗവേഷണ താല്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും മുന്തിയ പ്രാധാന്യമാണ് കൊടുക്കുന്നത്. ബജറ്റ് പ്രഖ്യാപന വേളയില്‍ പ്രഥമപരിഗണന ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കാണെന്ന് പ്രഖ്യാപിക്കുകയും പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇന്‍ക്യൂബേഷന്‍ സെന്റര്‍, ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് സെന്റര്‍ എന്നിവയൊക്കെ എല്ലാ സര്‍വ്വകലാശാലകളിലും ഏറ്റവും മികച്ച ആധുനിക സൗകര്യങ്ങളോടുകൂടി സജ്ജീകരിക്കണമെന്ന തീരുമാനവും അതിന്റെ ഭാഗമായിട്ടുള്ള പ്രഖ്യാപനവുമാണ് ബജറ്റില്‍ മുഴങ്ങിയത്.
പല പദ്ധതികളിലൂടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇതിനകം തന്നെ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്താന്‍ കഴിഞ്ഞു. കിഫ്ബി, റൂസ ഫണ്ടുകളും സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി വിഹിതവുമെല്ലാം ഉപയോഗിച്ചുകൊണ്ട് സ്മാര്‍ട്ട് ക്ലാസ്സ്‌റൂമുകളും സ്റ്റേറ്റ് ഓഫ് ദി ആര്‍ട്ട് സൗകര്യങ്ങളുള്ള ലൈബ്രറികളും ലബോറട്ടറികളും ഒക്കെ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
വൈജ്ഞാനിക സമൂഹത്തിന്റെ പതാകയുമായി മുന്നോട്ട്
പ്രൊഫ. വി.പി. മഹാദേവന്‍പിള്ള
(വൈസ് ചാന്‍സലര്‍)
'കര്‍മ്മണി വ്യജ്യതേ പ്രജ്ഞാ' എന്നതാണ് കേരള സര്‍വ്വകലാശാലയുടെ ആപ്തവാക്യം. സമര്‍പ്പിത കര്‍മ്മം ഒരുമിച്ചുനിന്നു പൂര്‍ത്തീകരിച്ചതിന്റെ ആനന്ദത്തിലാണ് സര്‍വ്വകലാശാല. ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന് പൊതുവിദ്യാലയങ്ങളില്‍ പഠനം നടത്തി, അദ്ധ്യാപകനും വൈസ് ചാന്‍സലറുമായി മാറിയ എനിക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം സമൂഹത്തിനു നല്‍കേണ്ടതിന്റെ ആവശ്യകത നന്നായറിയാം. അതുറപ്പാക്കുന്നതിനു ഞങ്ങള്‍ ഒരുമിച്ചുനിന്ന് ഒരേ മനസ്സോടെയാണ് പ്രവര്‍ത്തിച്ചത്. എല്ലാവര്‍ക്കും എന്റെ സ്‌നേഹാദരം. ഭൗതിക ശാസ്ത്രത്തിന്റെ മറുകര കണ്ട ശാസ്ത്രപ്രതിഭ സാക്ഷാല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന് വൈസ് ചാന്‍സലര്‍ പദവി സഹര്‍ഷം വെച്ചുനീട്ടിയ ഗുണനിലവാരത്തിന്റെ ഒരു മഹാപാരമ്പര്യം നമുക്കുണ്ട്. ഒരു തുണ്ടു കടലാസിന്റെപോലും പിന്‍ബലമില്ലാതെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ദൈര്‍ഘ്യമേറിയ ബജറ്റു പ്രസംഗം നടത്തി ധനകാര്യ വിസ്മയം ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ഡോ. ജോണ്‍ മത്തായിയുടെ ധൈഷണിക ദ്യുതിയും കേരള സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവിയുടെ തിളക്കമുള്ള പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്നുണ്ട്. കാലത്തിന്റെ അനിവാര്യതകളെ ശിരസ്സാവഹിച്ചുകൊണ്ടാണ് നമ്മുടെ സര്‍വ്വകലാശാല മുന്നേറിയത്. മഹാപ്രളയത്തിന്റേയും കൊവിഡ്-19 മഹാമാരിയുടേയും കാലം മറക്കാന്‍ പറ്റുന്നതല്ല. സര്‍വ്വകലാശാലാ സമൂഹം ഒന്നാകെ അതിജീവനത്തിന്റെ ഒരുമയില്‍ അണിചേര്‍ന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, സാലറി ചലഞ്ച്, വാക്‌സീന്‍ ചലഞ്ച് എന്നിവയിലേക്ക് സമര്‍പ്പിക്കപ്പട്ട തുകയും അതിനു പിന്നിലെ സമര്‍പ്പിത മനസ്സുകളും വളരെ വലുതായിരുന്നു. ഒരുമയുടെ കരുത്തിനെയാണ് അതു സൂചിപ്പിക്കുന്നത്. ആ കരുത്തുതന്നെയാണ് ഒരു പൊതു സര്‍വ്വകലാശാലയ്ക്കുള്ള കഴിവുകള്‍ കൃത്യമായി അടയാളപ്പെടുത്തുകയും ബന്ധപ്പെട്ട സമിതിയെ അതു ബോധ്യപ്പെടുത്തുകയും ചെയ്തത്. അത് അഭിമാനകരമാണ്.
സര്‍വ്വകലാശാല കൈവരിച്ച നേട്ടങ്ങള്‍ ഇഴപിരിച്ച് പരിശോധിച്ചും പഠനവകുപ്പുകള്‍ നേരിട്ട് സന്ദര്‍ശിച്ച് ബോധ്യപ്പെട്ടും ഭൗതിക സംവിധാനങ്ങളില്‍ സര്‍ക്കാര്‍ സഹായം ബോധ്യപ്പെട്ടും എല്ലാ മേഖലകളിലുള്ളവരോടു സംവദിച്ചും ആണ് 'നാക് പീയര്‍ ടീം' സര്‍വ്വകലാശാലയ്ക്ക് എ പ്ലസ് പ്ലസ് നല്‍കിയത്. കൂടുതല്‍ കരുത്തോടെ അക്കാദമിക - ഗവേഷണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് കേരള സര്‍വ്വകലാശാലയെ വൈജ്ഞാനിക സമൂഹത്തിന്റെ പതാകയേന്തി ഊര്‍ജ്ജസ്വലമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. വിജ്ഞാന സാധ്യതകളെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കുക എന്നതു് സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനലക്ഷ്യം തന്നെയാണ്. ഒരുമിച്ച് കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടുപോകും.
അംഗീകാരം ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തും
പ്രൊഫ. പി. പി. അജയകുമാര്‍
(പ്രൊ വൈസ് ചാന്‍സലര്‍)
കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഉയിര്‍പ്പിനു കാരണമായേക്കാവുന്ന ഒന്നാണ് ഈ നാക് അംഗീകാരം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണമേന്മയെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെയ്ക്കുന്നവരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കാവുന്ന ഒരു മാതൃകയാണിത്. സര്‍ക്കാരും സര്‍വ്വകലാശാലയും കൈകോര്‍ത്തു പിടിച്ചാല്‍ സംസ്ഥാന സര്‍ക്കാര്‍ മേഖലയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മുന്നേറാനാകും എന്നതിന്റെ ഉത്തമ ദൃഷ്ടാന്തം. മുന്‍വിധികള്‍ മാറ്റിവെച്ച് മാറുന്ന ലോകക്രമത്തിനും വിദ്യാഭ്യാസരംഗത്തെ പരിഷ്‌കാരങ്ങള്‍ക്കും അനുസരിച്ചു മുന്നോട്ടു പോവുകയും എന്നാല്‍, അടിസ്ഥാന മൂല്യങ്ങളില്‍ വിട്ടുവീഴ്ചകള്‍ നടത്താതിരിക്കുകയും ചെയ്യുന്ന തരത്തില്‍ സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്തതിന്റെ ഗുണഫലമാണ് ലഭിച്ച ഉയര്‍ന്ന ഗ്രേഡിലും പ്രതിഫലിച്ചത്.
കേരള സര്‍വ്വകലാശാലയില്‍ നടക്കുന്ന ഗവേഷണപ്രവര്‍ത്തനങ്ങള്‍ സമകാലിക കേരളീയ സമൂഹത്തിന്റെ പ്രത്യേക ആവശ്യങ്ങളെ കണക്കിലെടുക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വിരല്‍ത്തുമ്പില്‍ സേവനങ്ങള്‍ എത്തിക്കാന്‍ കഴിയുന്ന തരത്തില്‍ സര്‍വ്വകലാശാലയുടെ ഭരണ സംവിധാനം നവീകരിക്കുക, സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ ഇന്നോവേഷന്‍ കേന്ദ്രം സ്ഥാപിക്കുക, വിദ്യാര്‍ത്ഥികളുടെ നൈപുണ്യ വികസനത്തിന് ഉതകുന്ന തരത്തില്‍ നിരന്തരം പരിശീലന പരിപാടികള്‍ നടത്തുക, ലോകത്തെ മുന്‍നിര സര്‍വ്വകലാശാലകളുമായി ചേര്‍ന്നുള്ള ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുക, അനുഭവത്തിലൂന്നിയ പഠനത്തിലൂടെ പറനത്തെ മികച്ച ഒരനുഭവമാക്കി മാറ്റുക എന്നീ ലക്ഷ്യങ്ങളിലേക്കു മുന്നേറാനാണ് സര്‍വ്വകലാശാല ശ്രമിക്കുന്നത്.
ലോകോത്തര വിദ്യാഭ്യാസത്തിന് വഴിതുറക്കുന്നു
ഡോ. എസ്. നസീബ്
(സിന്‍ഡിക്കേറ്റ് അംഗം, അക്കാദമിക്-റിസര്‍ച്ച് കമ്മിറ്റി കണ്‍വീനര്‍)
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസമികവാണ് കേരള സര്‍വ്വകലാശാല അടയാളപ്പെടുത്തുന്നത്. മികച്ച പഠന, ഗവേഷണാവസരങ്ങള്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ പരമാവധി വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കിക്കൊണ്ടാണ് രാജ്യത്തെ ഏറ്റവും മികച്ച സ്ഥാനത്തേക്ക് മാതൃസര്‍വ്വകലാശാല എത്തുന്നത്. പൂര്‍ണ്ണമായും മതനിരപേക്ഷമായും അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ പൊതുസമൂഹശ്രദ്ധകൂടി സൂക്ഷിച്ചുകൊണ്ടും എല്ലാ വിഭാഗത്തിന്റേയും ജനാധിപത്യ പ്രവര്‍ത്തന സംവിധാനങ്ങള്‍ക്ക് ഇടം നല്‍കിയും ഒരു പൊതു സര്‍വ്വകലാശാലയ്ക്കു മികച്ചതായി മാറാനാകും എന്നു തെളിയിക്കുമ്പോള്‍ കേരളം മറ്റൊരു മാതൃകകൂടിയായി തീരുകയാണ്. ലോകമാകെ സംഭവിക്കുന്ന വൈജ്ഞാനികാവബോധവും മാറ്റങ്ങളും ശരവേഗതയില്‍ നമ്മുടെ തലമുറ ഉള്‍ക്കൊള്ളുന്നുവെന്നതിന്റെ മികച്ച ഉദാഹരണമാണ് സര്‍വ്വകലാശാലയുടെ ഗവേഷണ നേട്ടങ്ങള്‍. ജ്ഞാനമേഖലയില്‍ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ക്കും അതിനനുസൃതമായ മാനദണ്ഡങ്ങള്‍ക്കുമനുസരിച്ച് പഠന-ഗവേഷണ സാഹചര്യങ്ങളെ മാറ്റിയെടുക്കുക എന്ന വെല്ലുവിളി ഒരു പരിധിവരെ ഏറ്റെടുക്കുന്നതില്‍ കേരള സര്‍വ്വകലാശാലയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
മികച്ചതും ലോകോത്തരവുമായ വിദ്യാഭ്യാസ സാധ്യതകള്‍ക്കും ഗവേഷണത്തിനും വഴിതുറക്കുകയെന്നതിലാണ് സര്‍വ്വകലാശാലയുടെ ഇപ്പോഴുള്ള ശ്രദ്ധ. കേരളത്തെ ഒരു ജ്ഞാനസമൂഹമായി പരിവര്‍ത്തിപ്പിക്കുക, ഒരു വിജ്ഞാന സമ്പദ്വ്യവസ്ഥ സൃഷ്ടിക്കുക എന്നത് നവകേരള നിര്‍മ്മിതിയുടെ ഭാഗമാണ്. മഹത്തായ ആ ലക്ഷ്യത്തിന്റെ ഊര്‍ജ്ജപ്രവാഹമാകാന്‍ കേരള സര്‍വ്വകലാശാല സജ്ജമെന്നാണ് ഈ അംഗീകാരം തെളിയിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates