ഷിരൂരിൽനിന്ന് കൊല്ലം ജില്ലയിലെ ഇരവിപുരത്തേക്ക് കാതവും നാഴികയും ഏറെയുണ്ട്. സഹജീവികൾക്കായി എന്നും കരുതിവയ്ക്കുന്ന സ്‌നേഹവും സഹാനുഭൂതിയും അഭിമാനത്തോടെ ഷിരൂർ സംഭവത്തോടെ ഓർത്തെടുക്കുന്നവർ ഈ ജീവിതകഥയറിയണം. ആ നീതി ഇവിടെയും വേണ്ടേ എന്നു സ്വാഭാവികമായും ചോദിച്ചുപോകും. അത്ഭുതങ്ങളുണ്ടാകട്ടെയെന്ന് വിശ്വസിക്കുന്ന ഒരു കുടുംബത്തിന്റെ കാത്തിരിപ്പും ഉത്തരമില്ലാ ചോദ്യങ്ങളും ഇവിടെ അവശേഷിക്കുന്നു. ഇരവിപുരം തെക്കുംഭാഗം പുത്തനഴികം തോപ്പിൽ റോബിൻസനെ കടലിൽ കാണാതായിട്ട് ഒരു മാസം പിന്നിടുന്നു. മീൻ പിടിക്കാൻ പോയ ബോട്ടിൽനിന്ന് കാണാതായി എന്ന് പൊലീസ് അറിയിച്ച വിവരം മാത്രമാണ് ഭാര്യ ലിജിക്ക് അറിയാവുന്നത്. പിന്നെ, റോബിൻസനെക്കുറിച്ച് അന്വേഷണമോ തിരക്കലോ ഒന്നുമുണ്ടായില്ല. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നതിനും ഉറപ്പില്ല. റോബിൻസന്റെ അമ്മയേയും രണ്ട് കുട്ടികളേയും ചേർത്തുപിടിച്ച് ജീവിതം മുന്നോട്ടുപോകുന്ന ലിജിയുടെ മനസ്സിലെ ഉൾത്തിരയിൽ ആശങ്കകളേറെയാണ്. നാളിതുവരെ ഒരു അന്വേഷണവും നടന്നിട്ടില്ല. അധികൃതരാരും തിരക്കിയെത്തിയിട്ടുമില്ല. ഷിരൂരിലെ രക്ഷാപ്രവർത്തനവും തെരച്ചിലും ഇവന്റ് പരിപാടിയാക്കിയ ചാനലുകാരും ഇവിടേക്ക് എത്തിയില്ലെന്ന് പറയുന്നു നാട്ടുകാർ. ലിജിയുടേയും മക്കളുടേയും കാത്തിരിപ്പ് അങ്ങനെ തുടരുന്നു...
ആ യാത്ര
ഒരുമാസത്തെ ജോലിക്കായി റോബിൻസൻ പോകുന്നത് ഇതാദ്യമാണ്. കടലില്‍ പണിക്കു പോകുമെങ്കിലും കരപ്പണിയാണ് അധികവും ചെയ്തുകൊണ്ടിരുന്നത്. വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങൾ തീർക്കാൻ ഒരു വലിയ തുക കിട്ടുമല്ലോ എന്നു കരുതിയാണ് ഒരുമാസത്തെ കടൽപ്പണിക്ക് ബോട്ടിൽ പോകാൻ തീരുമാനിച്ചത്. പ്രശ്‌നങ്ങളെല്ലാം തീർത്ത് സമാധാനത്തോടെ പുതുതായി പണിയുന്ന വീട്ടിൽ കയറിക്കഴിയാമല്ലോ എന്നായിരുന്നു ചിന്ത. അങ്ങനെയാണ് ബോട്ടിൽ പണിക്കു കയറിയത്. അതാകുമ്പോ കുറച്ച് തുക കിട്ടും. അതുവച്ച് വീടുപണി നടത്താം എന്നൊക്കെയായിരുന്നു റോബിൻസൻ വിചാരിച്ചിരുന്നത്. അങ്ങനെ തമിഴ്‌നാട്ടിലെ തേങ്ങാപ്പട്ടണത്തുനിന്നും ഓഗസ്റ്റ് 18-നാണ് മരിയ എന്ന ബോട്ടിൽ പണിക്കായി കയറിയത്. തമിഴ്‌നാട് സ്വദേശി രാജേഷിന്റെ ഉടമസ്ഥതയിലുള്ള ബോട്ടായിരുന്നു ഇത്. അടുത്ത ബന്ധുകൂടിയായ നീണ്ടകര സ്വദേശി ജെ. ഡേവിഡ് വിളിച്ചിട്ടാണ് റോബിൻസൻ പോയത്. തിരുവനന്തപുരം, പൊഴിയൂർ, വലിയതുറ ഭാഗങ്ങളിൽനിന്ന് മറ്റ് ഏഴുപേരും ഈ ബോട്ടിൽ പണിക്കായി തിരിച്ചു. ഇരവിപുരം ഭാഗത്തുനിന്ന് റോബിൻസന്‍ മാത്രമാണ് പണിക്കു പോയത്. നാലുദിവസം കഴിഞ്ഞ് ഓഗസ്റ്റ് 22-ന് കർണാടകയിലെ മംഗലാപുരത്തിനപ്പുറം ബോട്ടിൽനിന്ന് റോബിൻസനെ കാണാതായി. 23-ന് പുലർച്ചെയാണ് കാണാതായ വിവരം ബോട്ടിൽ ഒപ്പമുണ്ടായിരുന്നവർ തിരിച്ചറിയുന്നത്.
കൂടെയുണ്ടായിരുന്ന ഡേവിഡ് മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ: 22-ന് രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ കിടന്നു. സ്രാങ്ക് രാജേഷ് ബോട്ട് രാത്രിയിലും ഓടിക്കുകയായിരുന്നു. 23-ന് പുലർച്ചെ ചായ തയ്യാറാക്കാനായി എല്ലാവരും എഴുന്നേറ്റു. എന്നാൽ, കൂട്ടത്തിൽ റോബിൻസനെ കണ്ടില്ല. ഞങ്ങളെല്ലാം ആകെ പരിഭ്രാന്തരായി ബോട്ടിലെല്ലാം തിരച്ചിൽ നടത്തി. അവിടെങ്ങും കാണാതായതോടെ എന്റെ എല്ലാ നിയന്ത്രണങ്ങളും പോയി. പൊട്ടിക്കരഞ്ഞുകൊണ്ട് ബോട്ടിനുള്ളിലെല്ലാം ഞാൻ ഓടിനടന്നു. റോബിൻസനെ തേടി കടലിലേക്ക് ഇറങ്ങാനായി തുനിഞ്ഞെങ്കിലും അപകടം മനസ്സിലാക്കിയ മറ്റുള്ളവർ തടഞ്ഞു. അവരും ആകെ ആശയക്കുഴപ്പത്തിലായി. രാജേഷ് ഉടൻ സാറ്റലൈറ്റ് വഴി നാവികസേനയുമായി ബന്ധപ്പെട്ടു. 24-ന് പുലർച്ചെയോടെ നേവിയുടെ കപ്പലും ഹെലികോപ്റ്ററും ഞങ്ങളുടെ ബോട്ട് കിടന്ന സ്ഥലത്ത് എത്തി. 24-നും 25-നും അവർ തിരച്ചിൽ നടത്തിയെങ്കിലും റോബിൻസനെ കണ്ടെത്താനായില്ല. ഒടുവിൽ തിരച്ചിൽ അവസാനിപ്പിക്കുകയും ഞങ്ങളോട് തിരികെ പോകാൻ നിർദ്ദേശിക്കുകയുമായിരുന്നു- ഡേവിഡ് പറയുന്നതിങ്ങനെ.
സത്യത്തിൽ തെരച്ചിൽ നടന്നെന്ന് ബോധ്യപ്പെടാൻ തെളിവൊന്നും തങ്ങൾക്ക് കിട്ടിയിട്ടില്ലെന്ന് റോബിൻസന്റെ ഭാര്യ ലിജി പറയുന്നു. വാർത്ത അറിയുന്ന സമയത്ത് ഇതൊന്നും ചോദിക്കാൻ പറ്റുന്ന മാനസികാവസ്ഥയിലായിരുന്നില്ല. അതുകൊണ്ട് അന്വേഷിച്ചതുമില്ല. പിന്നീടാണ് ഇതു സംബന്ധിച്ച് ഒരു വീഡിയോയോ ഫോട്ടോയോ പോലും ഞങ്ങളുടെ കൈവശമില്ലെന്ന് തിരിച്ചറിയുന്നത്. അങ്ങനെ ഇരവിപുരം പൊലീസിലും കുളച്ചൽ പൊലീസിലും പരാതി നൽകി. കുളച്ചൽ പൊലീസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞു. ഒരുമാസത്തിനു ശേഷമാണ് ആ എഫ്.ഐ.ആറിന്റെ കോപ്പി കയ്യിൽ കിട്ടിയത്. കർണാടക പൊലീസിനെ അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞതല്ലാതെ കുളച്ചൽ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. കുറേനാൾ പരാതിയുമായി നടന്നു. പിന്നെ മനസ്സിലായി എനിക്കും കുഞ്ഞുങ്ങൾക്കും ജീവിക്കണമെങ്കിൽ, പട്ടിണി കിടക്കാതിരിക്കണമെങ്കിൽ ഞാൻ ജോലിക്ക് പോയേ മതിയാകൂ. രണ്ടു വീടുകളിലായി വീട്ടുജോലി ചെയ്താണ് ഞങ്ങൾ കഴിഞ്ഞിരുന്നത്. ഒരുവീട്ടിലെ അടുക്കളജോലിയിൽ നിന്നുള്ള ശമ്പളം മുഴുവൻ വേണം എറണാകുളത്ത് പഠിക്കുന്ന മകന്റെ ഫീസടയ്ക്കാൻ. പിന്നെ മകളുടെ പഠനം, വീട്ടുചെലവ്, ചികിത്സാച്ചെലവ്... അങ്ങനെ പലതും. സങ്കടം കൊണ്ടിരുന്നാൽ ജീവിക്കാൻ പറ്റൂലല്ലോ... അങ്ങനെ ഞാൻ വീണ്ടും ജോലിക്കു പോയിത്തുടങ്ങി. സ്വാഭാവികമായും അന്വേഷണത്തെക്കുറിച്ചുള്ള വിവരവും നിലച്ചു- ഇരവിപുരത്തെ പള്ളിമുറ്റത്തുനിന്ന് ലിജി പറയുന്നു.
ഇടവകയുടെ ഇടപെടൽ
മത്സ്യത്തൊഴിലാളികളോടുള്ള അവഗണനയിൽ തീരത്ത് നേരത്തെത്തന്നെ പ്രതിഷേധം നിലനിൽക്കുന്നുണ്ടെന്നു പറയുന്നു ഇടവകവികാരി ഫാ. ബെൻസൻ ബെൻ. കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനായി സഹായം തേടിയാൽ കോസ്റ്റൽ പൊലീസ് അടക്കമുള്ള സംവിധാനങ്ങൾ തിരിഞ്ഞുനോക്കാറില്ല. ഏറ്റവുമൊടുവിൽ ഓഗസ്റ്റ് 21-ന് പുലർച്ചെ ശക്തമായ കാറ്റിൽ കാക്കത്തോപ്പിനും ബീച്ചിനുമിടയിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. അപകടം നടന്നയുടൻ കോസ്റ്റൽ പൊലീസിനെ അറിയിച്ചെങ്കിലും ആരും എത്തിയില്ല. സംഭവത്തിൽ ഫെലിക്കീസ് എന്നയാളുടെ മൃതദേഹം മണിക്കൂറുകൾക്കു ശേഷം തീരത്തടയുകയായിരുന്നു. കൂടെയുണ്ടായിരുന്ന ബെനഡിക്‌റ്റിനെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. മത്സ്യത്തൊഴിലാളികൾ കയറ് കെട്ടിയാണ് അയാളെ തീരത്തേക്ക് വലിച്ചുകയറ്റിയത്. ഉൾക്കടൽ ശാന്തമായിട്ടും കോസ്റ്റൽ പൊലീസോ ഗാർഡോ എത്തിയില്ല. ഫിഷറീസ്-പൊലീസ് ഉദ്യോഗസ്ഥർ വിളിച്ചിട്ടുപോലും അവരെത്തിയില്ലെന്ന് പറയുന്നു ഇടവക വികാരി ബെൻസൻ ബെൻ.
ഇത്തരം അവഗണനകൾ സാധാരണമായതോടെ തീരപ്രദേശത്തിലുടനീളം പ്രതിഷേധം നിലനിൽക്കുന്നു. ഇരവിപുരം മുതൽ മുണ്ടയ്ക്കൽ പാപനാശം വരെയുള്ള തീരദേശ റോഡ് തകർന്നിട്ട് നാളുകളേറെയായി. റോഡ് കടലെടുത്ത സ്ഥലങ്ങളിലൊന്നും കടൽഭിത്തിയുമില്ല. ഇതൊക്കെ തങ്ങളെ രണ്ടാംനിര ജനതയായി കാണുന്നതുകൊണ്ടാണെന്ന് നാട്ടുകാർ വിശ്വസിക്കുന്നു.
ഇങ്ങനെയൊരു പശ്ചാത്തലം നിലനിൽക്കുമ്പോഴാണ് റോബിൻസന്റെ സംഭവം. പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിനെത്തുടർന്നാണ് സെപ്റ്റംബർ 9-ന് ഇരവിപുരം ഇടവകയുടെ നേതൃത്വത്തിൽ തീരദേശജനത കളക്ടറേറ്റ് ഉപരോധിച്ചു. കളക്ടർക്ക് നിവേദനവും നൽകി. പിന്നീട് സിറ്റി പൊലീസ് കമ്മിഷണറെ കണ്ടു. അങ്ങനെ, അസിസ്റ്റന്റ് കമ്മിഷണർ വഴിയാണ് എഫ്.ഐ.ആറിന്റെ പകർപ്പ് പോലും തങ്ങൾക്ക് കിട്ടിയതെന്ന് പറയുന്നു ഫാ. ബെൻസൻ. ജീവനോടെയുണ്ടോ മരിച്ചോ എന്നറിയാത്ത കാത്തിരിപ്പ് വലിയ വേദനയാണ്. റോബിൻസന്റെ അമ്മയ്ക്ക് പ്രായമായതിന്റെ ബുദ്ധിമുട്ടുകളെല്ലാമുണ്ട്. മകൻ അഖിൽ എറണാകുളത്ത് കോഴ്‌സിനു പഠിക്കുകയാണ്. മകൾ അകിൽന പത്താംക്ലാസ്സ് വിദ്യാർത്ഥിയും. മരിച്ചെന്നുറപ്പുണ്ടെങ്കിൽ മാത്രമാണ് ഇൻഷ്വറൻസ് തുകപോലും ഈ കുടുംബത്തിന് കിട്ടുക. കാണാതായി ഏഴു വർഷം കഴിയാതെ മരിച്ചെന്ന സർട്ടിഫിക്കറ്റ് സർക്കാർ നൽകുകയുമില്ല. മക്കളുടെ പഠനം, വീടുപണി ഇതിനെല്ലാം ഇപ്പോൾ പണം വേണം. ആശ്വസിപ്പിക്കാൻ പോലും ഒരു ജനപ്രതിനിധി ആ വീട്ടിലെത്തിയിട്ടില്ല. സമരമൊക്കെ നടന്നതിന് ശേഷമാണ് എം.പി വിവരങ്ങൾ ആരാഞ്ഞത്. എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് നോക്കാമെന്ന് മാത്രമാണ് പ്രേമചന്ദ്രൻ എം.പിക്കും പറയാനുള്ളത്- ഫാ. ബെൻസൻ ബെൻ പറയുന്നു.
സുരക്ഷ അകലെ
മറ്റേതു തൊഴിൽമേഖലയെക്കാളും അപകടം നിറഞ്ഞ തൊഴിലിടമാണ് മത്സ്യബന്ധനമേഖല. അപകടങ്ങളുടെ കൃത്യമായ കണക്കുകൾ പോലും ലഭ്യമല്ല. കാണാതാകുന്നവർ ജീവനോടെയുണ്ടോ മരിച്ചുപോയോ എന്നുപോലും നിശ്ചയമില്ലാത്ത അവസ്ഥ. മൃതദേഹം കിട്ടാതെ സമാശ്വാസ സഹായം പോലും കിട്ടില്ല. 2017 നവംബറിലുണ്ടായ ഓഖി ദുരന്തത്തിൽ ഇനിയും 104 പേരെ കണ്ടെത്താനുണ്ട്. ഓഖിക്കു ശേഷം അഞ്ച് വർഷത്തിനുള്ളിൽ 327 പേരാണ് കടലിലെ അപകടങ്ങളിൽ മരിച്ചത്. ഇതിൽ 68 പേർ കൊല്ലപ്പെട്ടത് കൊല്ലം ജില്ലയിലാണ്. ഓഖി ദുരന്തത്തിൽപ്പെട്ട 91 മത്സ്യത്തൊഴിലാളെ കാണാതായി. ഇത് ഔദ്യോഗിക കണക്ക് മാത്രമാണ്. കടലിലുണ്ടായ അപകടങ്ങളിൽ സഹായം കിട്ടാനുള്ള സാധ്യത വളരെ കുറവാണ്. സ്വരക്ഷയ്ക്കുള്ള സാധ്യതകളും വളരെ കുറവാണ്. അപകടത്തിൽപ്പെടുന്ന സമയത്ത് മുങ്ങിപ്പോകാതെ വള്ളത്തിൽ പിടിച്ചുകിടന്നാൽ മാത്രമാണ് രക്ഷപ്പെടാനുള്ള സാധ്യത. ഇങ്ങനെ നൂറുകണക്കിന് പേർ കടലിൽ അപകടങ്ങളിൽപ്പെടുമ്പോൾ അതൊരു വൈകാരികപ്രശ്‌നമായി ഇതുവരെ മാറിയിട്ടുമില്ല. സോഷ്യൽമീഡിയയുടേയും ഇവന്റ് ജേർണലിസത്തിന്റേയും കാലത്ത് മാധ്യമങ്ങളുടെ വേണ്ടത്ര ശ്രദ്ധ പോലും കിട്ടാറില്ലയെന്നതാണ് യാഥാർത്ഥ്യം.
ഷിരൂരിൽ കാണാതായ അർജുനുവേണ്ടി ലക്ഷങ്ങൾ ചെലവിട്ട് തിരച്ചിലും മാധ്യമങ്ങൾ ഇടതടവില്ലാതെ റിപ്പോർട്ടും മന്ത്രിമാർ അടക്കം അർജുന്റെ വീട്ടിൽ എത്തുകയും അർജുന്റെ ഭാര്യയ്ക്ക് ജോലി കൊടുക്കുകയും ചെയ്യുന്നു, നല്ല കാര്യം. എന്നാൽ, റോബിൻസനെ കാണാതായിട്ട് മാസങ്ങൾ പിന്നിടുന്നു. കാണാതായ വാർത്ത ഒരു ദിവസം പത്രത്തിൽ വന്നു. ചാനലുകാരോ ഒന്നും വാർത്ത കൊടുത്തതും ഇല്ല. ജനപ്രധിനിധികളാരും ആ വീട് സന്ദർശിച്ച് ഒരു ആശ്വാസവാക്ക് പോലും പറയാൻ എത്തിയില്ലെന്നത് മത്സ്യത്തൊഴിലാളി സമൂഹത്തോട് കാട്ടുന്ന ക്രൂരമായ അവഗണന തന്നെയാണെന്ന് പറയുന്നു പൊതുപ്രവർത്തകനായ ഇരവിപുരം സ്വദേശി ജയൻ മിഷേൽ. മത്സ്യത്തൊഴിലാളി മറ്റുള്ളവരുടെ ആപത്തിൽ സ്വന്തം ജീവിതം പണയം വച്ച് ജീവൻ രക്ഷിക്കും. സൈന്യം എന്നൊക്കെ പറഞ്ഞ് വാ തോരാതെ വാഴ്‌ത്തും. മത്സ്യത്തൊഴിലാളിക്ക് ആപത്ത് വന്നാൽ അവനെ ചേർത്തുപിടിക്കാൻ ആരുമില്ല. അതാണ് യാഥാർത്ഥ്യം- ജയൻ പറയുന്നു.
ഓഖിയുണ്ടായ സമയത്ത് ഭീതിപരത്തിയ ആ കാറ്റിന്റെ വരവിനെപ്പറ്റി മത്സ്യത്തൊഴിലാളികൾക്ക് ഒരു സൂചന കൊടുക്കാൻ പോലും കാലാവസ്ഥാ നിരീക്ഷണസംവിധാനങ്ങൾക്കു സാധിക്കാതെ പോയി. ഇന്നും അതിൽനിന്നു വലിയ മാറ്റങ്ങളില്ലെന്നോർക്കണം. കാറ്റും മഴയും വന്നുപോയതിനു ശേഷമുണ്ടായ രക്ഷാപ്രവർത്തനത്തിലെ ഏകോപനമില്ലായ്മ മരണസംഖ്യ കൂട്ടാനും കാണാതായ മത്സ്യത്തൊഴിലാളികളുടെ എണ്ണം കൂട്ടാനും കാരണവുമായി. ദുരന്തം സംഭവിച്ച ശേഷം രക്ഷാപ്രവർത്തനങ്ങൾ പരാജയപ്പെട്ടപ്പോൾ മത്സ്യത്തൊഴിലാളികളെയല്ലാതെ മറ്റാരേയും ഓഖി ദുരന്തം ബാധിച്ചിട്ടേയില്ലെന്നു തിരിച്ചറിഞ്ഞതും ആ ദുരന്തത്തോടെയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates