

കോഴിക്കോട് ടൗണ്‍ഹാളില്‍ പുരോഗമന കലാസാഹിത്യസംഘത്തിന്റെ നേതൃത്വത്തില്‍ നാടകകൃത്ത് എ. ശാന്തകുമാറിന്റെ അനുസ്മരണം ശാന്തനോര്‍മ്മ-2024 നടക്കുന്നു. ആളുകള്‍ എത്തി തുടങ്ങുന്നതേ ഉള്ളൂ. പരിപാടി തുടങ്ങും മുമ്പേ ടൗണ്‍ഹാളില്‍ സതിയേച്ചി എന്ന് എല്ലാവരും വിളിക്കുന്ന സതി ആര്‍.വി. ക്യാമറയുമായി കാത്തിരിക്കുന്നുണ്ട്. വേദിയിലും സദസിലും ഇരിക്കാനെത്തിയ പലരും അവരുമായി സൗഹൃദം പങ്കിടുന്നുണ്ട്. പരിപാടി തുടങ്ങിയപ്പോള്‍ വേദിയേയും സദസിനേയും വളരെ സൗമ്യമായി അവര്‍ ക്യാമറയില്‍ പകര്‍ത്തിക്കൊണ്ടിരുന്നു. ഈ കാഴ്ച കോഴിക്കോട്ടെ സാംസ്‌കാരിക പരിപാടികള്‍ക്കെത്തുന്നവര്‍ക്ക് ഒരു പുതുമയല്ല. അത്തരം ഇടങ്ങളിലെല്ലാം സതി ആര്‍.വിയും അവരുടെ ക്യാമറയും വര്‍ഷങ്ങളായി ശാന്തമായ ഒരു സാന്നിധ്യമാണ്. വേദിയേയോ സദസിനേയോ താന്‍ ഫോക്കസ് ചെയ്യുന്ന വ്യക്തികളേയോ ഒരുതരത്തിലും അലോസരപ്പെടുത്തരുത് എന്ന നിര്‍ബന്ധമുള്ളതുപോലെയാണ് പെരുമാറ്റം. അത്രയും ശാന്തമായും സ്‌നേഹത്തോടേയുമാണ് ഓരോ ഫ്രെയിമുകളും പകര്‍ത്തുന്നത്. വൈകാരികമായ അടുപ്പത്തോടെയാണ് ഓരോ ക്ലിക്കും. ന്യൂസ് ഫോട്ടോഗ്രാഫി ഇവര്‍ക്കു പ്രതിഫലം കിട്ടാനുള്ള ഒരു തൊഴിലല്ല. ഒരു സ്ഥാപനത്തിനുവേണ്ടിയുമല്ല ഈ ക്യാമറക്ലിക്കുകള്‍. ഇവരുടെത്തന്നെ വാക്കുകകളില്‍ പറഞ്ഞാല്‍ ''ജീവിച്ചിരിക്കുന്നു എന്ന് എന്നെത്തന്നെ സ്വയം ബോധ്യപ്പെടുത്താനാണ് ഫോട്ടോകളെടുക്കുന്നത്. ചിലര്‍ എഴുതും നൃത്തം ചെയ്യും പാട്ടുപാടും. ഞാന്‍ ചിത്രമെടുക്കുന്നു...'' കോഴിക്കോടിന്റെ വര്‍ത്തമാന സാംസ്‌കാരിക ചരിത്രത്തിന്റെ ക്യാമറ കൊണ്ടുള്ള അടയാളപ്പടുത്തല്‍കൂടിയാണ് സതി ആര്‍.വിയുടേത്.
കോഴിക്കോട്ടെ സാംസ്‌കാരിക പരിപാടികളേയും അതില്‍ പങ്കെടുക്കാനെത്തുന്ന വ്യക്തികളേയും ഇങ്ങനെ ക്യാമറയില്‍ അടയാളപ്പെടുത്താന്‍ തുടങ്ങിയിട്ട് ഇരുപത് വര്‍ഷത്തോളമായി. പോസ്റ്റല്‍ സര്‍വ്വീസില്‍ ഉദ്യോഗസ്ഥയായിരുന്ന സതി ജോലി കഴിഞ്ഞാണ് നഗരത്തിലെ പരിപാടികള്‍ക്കെത്തിയിരുന്നത്.
കോഴിക്കോട്ടെത്തുന്ന ഒട്ടുമിക്ക സിനിമ-സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിരവധിയായ ചിത്രങ്ങള്‍ ഇവരുടെ ശേഖരത്തിലുണ്ട്. ഒരേ വ്യക്തികളുടെ പലകാലങ്ങളിലെ, പല വേദികളിലെ ചിത്രങ്ങള്‍ ഈ ക്യാമറകള്‍ പകര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടാവാം തന്റെ ഏറ്റവും അധികം ചിത്രങ്ങള്‍ എടുത്തത് സതി ആര്‍.വി ആണെന്ന് എം. മുകുന്ദന്‍ ഒരിക്കല്‍ പറഞ്ഞതും. ന്യൂസ് ഫോട്ടോഗ്രാഫിയിലെ 'ആണ്‍ ഫോട്ടോഗ്രാഫര്‍മാര്‍'ക്കൊപ്പം പല വേദികളിലും പരിപാടികളിലും ഒരു സ്ത്രീ സാന്നിധ്യമായി സതി മാറി. അതുകൊണ്ടുതന്നെ ചടങ്ങിനെത്തുന്ന ഭൂരിഭാഗം പേരും സതിയെ അന്വേഷിച്ചു, പരിചയപ്പെട്ടു, സുഹൃത്തുക്കളായി.
1990-കളിലാണ് മലപ്പുറം കാടഞ്ചേരിക്കാരിയായ സതി കോഴിക്കോട്ടെത്തുന്നത്. 1980-കളില്‍ പത്തൊമ്പതാമത്തെ വയസ്സില്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി കിട്ടി. മലപ്പുറത്ത് തന്നെയായിരുന്നു പോസ്റ്റിംഗ്. അക്കാലത്ത് ശ്വാസംമുട്ടല്‍ പോലെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം എല്ലാ ആഴ്ചയിലും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ കാണാന്‍ വരേണ്ടി വന്നിരുന്നു. അങ്ങനെയാണ് പിന്നീട് ട്രാന്‍സ്ഫര്‍ വാങ്ങി കോഴിക്കോട്ടെത്തിയത്. ഭര്‍ത്താവിനും അപ്പോഴേക്കും കോഴിക്കോട്ടേക്കു സ്ഥലം മാറ്റം കിട്ടിയിരുന്നു.
മലപ്പുറത്ത് ജോലിചെയ്യുന്ന കാലത്തുതന്നെ കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. കോഴിക്കോട്ടെത്തിയപ്പോഴും അത്ര സജീവമല്ലെങ്കിലും അതു തുടര്‍ന്നു. പുരോഗമന കലാസാഹിത്യസംഘത്തിലായിരുന്നു ഇവിടെ കൂടുതല്‍ പ്രവര്‍ത്തിച്ചത്. അക്കാലത്തുതന്നെ കയ്യിലുള്ള ചെറിയ ക്യാമറയില്‍ പരിപാടികളുടെ പടങ്ങളും എടുത്തുതുടങ്ങിയിരുന്നു.
''മറ്റ് പരിപാടികള്‍ക്കു ഫോട്ടോ എടുക്കാന്‍ ആദ്യമൊക്കെ പേടിയായിരുന്നു. ഞാന്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറൊന്നുമല്ലല്ലോ. ന്യൂസ് ഫോട്ടോഗ്രാഫറും അല്ല. ചെറിയ ഒരു ക്യാമറയുംകൊണ്ട് അന്നത്തെ കാലത്ത് ഫോട്ടോ എടുക്കാനൊക്കെ ചെല്ലുമ്പോള്‍ ആളുകളെന്തുപറയും എന്നൊക്കെ ചിന്തിച്ചിരുന്നു. പലപ്പോഴും മാറിനില്‍ക്കും. ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ പ്രവീണ്‍ ആണ് എനിക്ക് സ്റ്റേജില്‍ കയറി പടമെടുക്കാനുള്ള ധൈര്യം തന്നതും ക്യാമറയുടെ കൂടുതല്‍ സാങ്കേതികമായ കാര്യങ്ങള്‍ പറഞ്ഞുതന്നതും. അങ്ങനെയാണ് സ്റ്റേജിലൊക്കെ കയറി ധൈര്യത്തില്‍ പടമെടുത്തുതുടങ്ങിയത്. ഒരു സ്ത്രീ സ്‌റ്റേജില്‍ കയറി പടം എടുക്കുന്നതു കാണുമ്പോള്‍ ആളുകള്‍ നോക്കും. കമന്റ് പറയും. അന്നൊക്കെ ചെറിയ ക്യാമറയായിരുന്നു. വലിയ ക്യാമറ വാങ്ങിയപ്പോള്‍ പക്ഷേ, അത് ഒരു പരിധിവരെ പരിഹരിക്കപ്പെട്ടു. ഏതോ പത്രത്തിലെ ന്യൂസ് ഫോട്ടോഗ്രാഫറാണ് എന്നാണ് എന്നെ അറിയാത്തവര്‍ വിചാരിക്കുന്നത്- സതി ആര്‍.വി പറയുന്നു. ഡിപ്പാര്‍ട്ട്‌മെന്റിലെ പല ചടങ്ങുകളുടേയും ഫോട്ടോഗ്രാഫറും ഇവര്‍ തന്നെയാണ്.
ക്യാമറ എന്ന കൗതുകം
''എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ക്യാമറ കാണുന്നത്. ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോള്‍ അവളുടെ അച്ഛന്റെ ക്യാമറ. അന്നത് തൊട്ടുനോക്കണം എന്നൊക്കെ തോന്നിയിരുന്നു. പക്ഷേ, ചോദിക്കാന്‍ പേടിയായിരുന്നു. അവര്‍ ടൂര്‍ പോയപ്പോള്‍ എടുത്ത ഫോട്ടോസ് എല്ലാം കൊണ്ടുവന്നു കാണിക്കുമായിരുന്നു. അന്നത് ഭയങ്കര കൗതുകമായിരുന്നു. എസ്.എസ്.എല്‍.സിക്കു പഠിക്കുമ്പോഴുള്ള ഗ്രൂപ്പ് ഫോട്ടോ ആണ് എന്റെ ആദ്യമായി എടുത്ത ഫോട്ടോ. അതുവരെ നമ്മുടെ ഫോട്ടോ ഒന്നും ആരും എടുത്തിട്ടില്ല. കോളേജില്‍ പോകുന്ന സമയത്താണ് ഒരു് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എടുത്തത്. പ്രീഡിഗ്രി എം.ഇ.എസിലായിരുന്നു. ഡിഗ്രി ലിറ്റില്‍ ഫ്‌ലവര്‍ കോളേജിലും. കോളേജില്‍ അന്ന് ചില കുട്ടികള്‍ക്കു ക്യാമറയുണ്ട്. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എടുക്കാന്‍ പോകുമ്പോഴും ഫോട്ടോ എടുക്കുന്നതു കാണാന്‍ എനിക്ക് കൗതുകമുണ്ടായിരുന്നു. അന്നെടുത്ത ഫോട്ടോസ് ചിലത് സ്റ്റുഡിയോയില്‍ വലുതാക്കി ഫ്രെയിം ചെയ്ത് വെച്ചത് കണ്ടിരുന്നു. അതും എനിക്ക് വലിയ കൗതുകമായിരുന്നു.
കോളേജ് കഴിഞ്ഞയുടനെ ജോലി കിട്ടി. അതിനുശേഷം കൊടാകിന്റെ ഒരു ക്യാമറ ഞാന്‍ സ്വന്തമായി വാങ്ങി. അതുവരെ ക്യാമറ തൊടാന്‍ പോലും പറ്റിയിട്ടില്ല. ഫിലിം ലോഡ് ചെയ്യുന്ന ക്യാമറയാണ്. 80 രൂപയാണ് അന്ന് ഫിലിമിന്. വീട്ടിലുള്ളവരുടേയും പൂവിന്റേയുമൊക്കെ ഫോട്ടോ എടുക്കും. സ്വയം പഠിച്ചതാണ്. റോള്‍ ചെയ്യാന്‍ സ്റ്റുഡിയോയില്‍ കൊണ്ടുപോയി കൊടുക്കും. കുറേ കഴിഞ്ഞാണ് വാഷ് ചെയ്യുന്നത്. ചിലതൊക്കെ കിട്ടും. ചിലതൊന്നും അത്ര നന്നാവില്ല. കല്യാണം കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെയുള്ള കുട്ടികളുടെയൊക്കെ ഫോട്ടോസ് എടുക്കും. പിന്നീട് കുറെക്കാലം കഴിഞ്ഞ് യാഷിക്ക വാങ്ങി. ഡിജിറ്റലായപ്പോള്‍ പാനസോണിക്കിന്റെ ക്യാമറ വാങ്ങി. അതിലാണ് പിന്നെ ഇഷ്ടംപോലെ ഫോട്ടോസ് എടുക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ ഉള്ളത് നിക്കോണിന്റ പുതിയ മോഡല്‍ മിറര്‍ലെസ് ക്യാമറയാണ്.
ഫോട്ടോഗ്രാഫിയിലെ കമ്പം പലരേയും പ്രകൃതി ഫോട്ടോകളിലേക്കാണ് സ്വാഭാവികമായും നയിക്കുന്നതെങ്കിലും സതി ആര്‍.വിയുടെ ക്യാമറകള്‍ സാംസ്‌കാരിക കലാപരിപാടികളിലാണ് ഫോക്കസ് ചെയ്തത്. അതിനുള്ള ഉത്തരവും അവര്‍ക്കുണ്ട്. ''നമ്മുടെ സമൂഹം നിലനില്‍ക്കുന്നതുതന്നെ ഇത്തരം സാംസ്‌കാരിക പരിപാടികളിലൂടെയാണ്. നാടകം, നൃത്തം സെമിനാറുകള്‍, പ്രഭാഷണങ്ങള്‍ ഒക്കെയാണ് സമൂഹത്തെ പിടിച്ചുനിര്‍ത്തുന്നതും നമുക്ക് ധൈര്യം പകരുന്നതും. അതുകൊണ്ടാണ് അതിനോട് താല്പര്യം തോന്നിയതും അടയാളപ്പെടുത്തണം എന്നു തോന്നിയതും.'' സ്വയം ഇഷ്ടത്തിനുവേണ്ടി പടമെടുക്കുന്നതാണെങ്കിലും എടുത്ത ഫോട്ടോകളില്‍ പലതും പത്രങ്ങളിലും മാഗസിനുകളിലും അച്ചടിച്ചുവന്നിട്ടുമുണ്ട്. വാരികകള്‍ക്കു കവര്‍ ചിത്രമായും എടുത്ത ഫോട്ടോകള്‍ വന്നു.
പോസ് ചെയ്‌തോ പ്ലാന്‍ ചെയ്‌തോ ഇവര്‍ പടങ്ങളെടുക്കാറില്ല. സ്വാഭാവികമായ പകര്‍ത്തലുകളാണ് ഏറെയും. ''ആരെയും പിടിച്ചുനിര്‍ത്തി ഞാന്‍ പടം എടുക്കാറില്ല. അവരെങ്ങനെയാണോ നില്‍ക്കുന്നത്, അത് ക്ലിക്ക് ചെയ്യും. അതുകൊണ്ടുതന്നെ ചിലപ്പോള്‍ നല്ല പടങ്ങളൊന്നും കിട്ടില്ല. എം.ടിയുടെ ഒരുപാട് പടങ്ങള്‍ ഞാന്‍ എടുത്തിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും എം.ടിയുടെ ഒരു നല്ല പടം എടുത്ത സംതൃപ്തി ഇല്ല''- സതി ആര്‍.വി പറയുന്നു.
ഒരു പരിപാടിക്കെത്തിയാല്‍ അത് മുഴുവനാകുന്നതുവരെ സതി അവിടെയുണ്ടാകും. അവസാനം സംസാരിക്കുന്നവരുടെ പടങ്ങള്‍ കൂടി എടുത്തേ പലപ്പോഴും മടങ്ങാറുള്ളൂ.
ഉദ്ഘാടനമോ പ്രധാന വ്യക്തികളേയോ പകര്‍ത്തി ന്യൂസ് ഫോട്ടോഗ്രാഫര്‍മാര്‍ മടങ്ങും. പക്ഷേ, ഇവര്‍ക്ക് അങ്ങനെ മടങ്ങാനാവില്ല. ചിത്രങ്ങള്‍ ഒരു വൈകാരിക ബന്ധത്തിന്റെ അടയാളപ്പെടുത്തലും സന്തോഷം പകരലുമാണ് ഇവര്‍ക്ക്. ''അവനവനെ അടയാളപ്പെടുത്താന്‍ എല്ലാവരും ഇഷ്ടപ്പെടുന്നുണ്ട്. ചില പരിപാടികളില്‍ വലിയ പ്രാസംഗികരോ പ്രശസ്തരോ ഒന്നുമായിരിക്കില്ല അവസാനം സംസാരിക്കുന്നത്. അവരുടെ ഫോട്ടോകള്‍ പൊതുവെ ആരും എടുക്കില്ല. എടുത്താലും അവര്‍ക്കത് കിട്ടണമെന്നുമില്ല. മറ്റുള്ളവര്‍ സംസാരിക്കുന്നത് പത്രത്തിലോ മറ്റോ വരികയെങ്കിലും ചെയ്യും. അതുകൊണ്ട് ഞാനത് എടുത്ത് അവര്‍ക്ക് അയച്ചുകൊടുക്കും. അത് ഒരു സന്തോഷമാണ്. എടുത്ത ഫോട്ടോകള്‍ മിക്കതും അവരവര്‍ക്ക് അയച്ചുകൊടുക്കും. അതുകൊണ്ടുതന്നെ പലരും പരിപാടി കഴിഞ്ഞാല്‍ ഫോട്ടോയ്ക്കുവേണ്ടി സമീപിക്കുകയും ചെയ്യും. ഫോട്ടോ എടുത്ത് കയ്യില്‍ വെച്ചിട്ട് കാര്യമില്ലല്ലോ. അത് അവര്‍ക്കു കിട്ടുമ്പോഴാണ് സന്തോഷം''- സതി പറയുന്നു. വലിയ സെക്യൂരിറ്റിയുള്ള പരിപാടികള്‍ക്കൊന്നും ഇവര്‍ പോകാറില്ല. മാധ്യമസ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡോ മറ്റോ ഇല്ലാത്തതിനാല്‍ അത്തരം പരിപാടികള്‍ ഒഴിവാക്കേണ്ടിവരും. ഒരിക്കല്‍ മോഹന്‍ലാലിന്റെ പരിപാടിക്കു പോയപ്പോള്‍ ഐഡന്റിറ്റി കാര്‍ഡ് ഇല്ലാത്തതിനാല്‍ അകത്തേക്ക് കയറ്റിവിട്ടില്ല. പിന്നീട് അത്തരം പരിപാടികള്‍ക്കു പോകാറില്ല. എനിക്ക് ഇഷ്ടമുള്ള ഒരാളായിരിക്കും അവിടെ സംസാരിക്കുന്നത്. പടം എടുക്കാന്‍ എനിക്ക് ആഗ്രഹവും ഉണ്ടാവും. പക്ഷേ, സെക്യൂരിറ്റിയെ മറികടക്കാനോ ബോധ്യപ്പെടുത്താനോ കഴിയില്ലല്ലോ.
അന്താരാഷ്ട്ര പ്രശസ്തനായ ഫോട്ടോഗ്രാഫര്‍ നിക് ഉട്ട് കോഴിക്കോട് എത്തിയപ്പോള്‍ രണ്ടുദിവസം അദ്ദേഹത്തിനൊപ്പം സഞ്ചരിച്ച് ഫോട്ടോ എടുക്കാനുള്ള അവസരവും ലഭിച്ചു. സ്ത്രീ ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
നാടകം, നൃത്തം തുടങ്ങിയവയുടെ ചിത്രങ്ങളും ധാരാളം പകര്‍ത്തും. നാടകനടി കൂടിയാണ് സതി. നരിപ്പറ്റ രാജുവിന്റേയും ശാന്തകുമാറിന്റേയുമൊക്കെ നാടകങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. വിവിധ വേദികളില്‍ അവതരിപ്പിച്ചു. കോളേജ് പഠനം കഴിഞ്ഞ് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ അപേക്ഷിച്ച് അഡ്മിഷന്‍ കിട്ടിയെങ്കിലും അന്നു പോകാന്‍ സാധിച്ചിരുന്നില്ല എന്ന് സതി പറയുന്നു. അപ്പോഴേക്കും ജോലി കിട്ടിയിരുന്നു. ജോലിക്കിടയിലും ജേണലിസം ഡിപ്ലോമ പൂര്‍ത്തിയാക്കി. സിനിമാസംബന്ധമായ ലേഖനങ്ങള്‍ പത്രങ്ങളിലും മാസികകളിലും എഴുതാറുമുണ്ട്. നാട്ടുകാരി കൂടിയായ ചിത്രകാരി ടി.കെ. പത്മിനിയെക്കുറിച്ചുള്ള ലേഖനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
അറുപത്തിയൊന്ന് വയസ്സായി സതി ആര്‍.വിക്ക്. സര്‍വ്വീസില്‍നിന്നും റിട്ടയര്‍ ചെയ്തു. സമപ്രായക്കാര്‍ക്കും പ്രായത്തില്‍ മുതിര്‍ന്നവര്‍ക്കും വരെ ഇവര്‍ സതിയേച്ചിയാണ്. എല്ലാവര്‍ക്കും അങ്ങനെ വിളിക്കാനാണ് ഇഷ്ടം.
ഇഷ്ടമേഖലയായ ഫോട്ടോഗ്രാഫിയില്‍ കൂടുതല്‍ സമയം കിട്ടുന്നതിന്റെ സന്തോഷമുണ്ട്. ഇതുവരെ ഫോട്ടോഗ്രാഫി അക്കാദമിക്കായി പഠിക്കാന്‍ കഴിഞ്ഞിട്ടില്ല. ലൈറ്റിങ്ങൊക്കെ പഠിച്ച് കൂടുതല്‍ മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്താനാണ് ഇനിയുള്ള താല്പര്യം. ഫോട്ടോഗ്രാഫിയിലൂടെ കിട്ടിയ സൗഹൃദങ്ങളും ധാരാളമാണ്. ദൂരെനിന്ന് കണ്ടും വായിച്ചും അറിഞ്ഞ പല പ്രമുഖരുമായി അടുത്ത സൗഹൃദം സൂക്ഷിക്കാന്‍ ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. സച്ചിദാനന്ദനും എന്‍.എസ്. മാധവനും എം. മുകുന്ദനും തുടങ്ങി നിരവധി പേര്‍ ഇങ്ങനെ സൗഹൃദപട്ടികയിലുണ്ട്.
''കോഴിക്കോട്ടെ സാംസ്‌കാരിക മണ്ഡലം പരിചയപ്പെടുത്തിയ സഹപ്രവര്‍ത്തകനും നാടകപ്രവര്‍ത്തകനുമായ എ. മജീദും ഫോട്ടോഗ്രാഫിയില്‍ ധൈര്യവും അറിവും പകര്‍ന്നുനല്‍കിയ ഫോട്ടോഗ്രാഫര്‍ കെ.എസ്. പ്രവീണ്‍കുമാറുമാണ് ജീവിതത്തെ ഏറെ സ്വാധീനിച്ച രണ്ടുപേര്‍. രണ്ടുപേരും ഈ ലോകത്തോട് വിടപറഞ്ഞു.'' പീപ്പിള്‍സ് എഗൈന്‍സ്റ്റ് ഗ്ലോബലൈസേഷന്‍ എന്ന മാഗസിന്റെ എഡിറ്റര്‍ കൂടിയായ അജയന്‍ കെ. ആണ് സതി ആര്‍.വിയുടെ ജീവിതപങ്കാളി. മകള്‍ മേധ ഹൈദരാബാദ് സെന്റര്‍ ഫോര്‍ ഇക്കണോമിക് ആന്റ് സോഷ്യല്‍ സ്റ്റഡീസില്‍ ഗവേഷകയാണ്.
''സ്ത്രീകള്‍ക്ക് ഇടപെടാന്‍ കഴിയാത്ത ഒരു മേഖലയുമില്ല. ഇഷ്ടമുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ സ്വയം മുന്നോട്ടുവരണം. പുരുഷന്മാര്‍ മാത്രം ഇടപെടുന്ന മേഖലകളില്‍ സ്ത്രീകള്‍ വരുമ്പോള്‍ ചിലപ്പോള്‍ പുച്ഛവും പരിഹാസവും ഒക്കെ നേരിടേണ്ടിവന്നേക്കാം. അതിനെ മറികടക്കണം. തുടക്കത്തില്‍ ഞാനും അത് അനുഭവിച്ചിട്ടുണ്ട്. വേറെ പണിയൊന്നുമില്ലേ എന്ന ചോദ്യത്തിന് ഇതുകൂടിയാണ് എന്റെ പണി എന്നായിരുന്നു മറുപടി''- സതി ആര്‍.വി പറയുന്നു.
സതി ആര്‍.വി. പകര്‍ത്തിയ ചില ചിത്രങ്ങള്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates