

മാനവ വികസനസൂചികകളില്‍ വികസിത യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നു കേരളം. മുതലാളിത്ത വികസനത്തില്‍ ബഹുദൂരം മുന്‍പോട്ടുപോയ അത്തരം രാജ്യങ്ങളിലേതിനു തുല്യമായ വലിയ സാമൂഹിക പിരിമുറുക്കവും വ്യക്തികള്‍ക്കിടയിലുള്ള ആന്തരിക സംഘര്‍ഷങ്ങളും കേരളം അനുഭവിച്ചുപോരുന്നുണ്ട്. വ്യവസ്ഥയുടെ നിലനില്‍പ്പ് ഉറപ്പുവരുത്തുന്ന കുടുംബം എന്ന അടിസ്ഥാന യൂണിറ്റിലാണ് ഈ പിരിമുറുക്കങ്ങളുടേയും വ്യക്തിപരമായ ആന്തരിക സംഘര്‍ഷങ്ങളുടേയും പ്രതിഫലനം സ്വാഭാവികമായും ഉണ്ടാകുന്നത്. മദ്യപാനം, ലഹരിയുടെ ഉപയോഗം തുടങ്ങിയവ സ്ഥിതിഗതികള്‍ രൂക്ഷമാക്കുന്നു. എന്താണ് നമ്മുടെ സമൂഹത്തിനു സംഭവിക്കുന്നത്? നമ്മുടെ മാനസികാരോഗ്യം നേരിടുന്ന വെല്ലുവിളികള്‍ എന്തെല്ലാമാണ്? മാനസികാരോഗ്യ വിദഗ്ദ്ധന്‍ ഡോ. സി.ജെ. ജോണുമായി നടത്തുന്ന സംഭാഷണത്തില്‍നിന്ന്.
എന്താണ് മാനസികാരോഗ്യം? അതിന്റെ സാമൂഹികതലം എന്താണ്? വ്യക്തിതലത്തില്‍ എന്തായിരിക്കണം അതിന്റെ സ്ഥാനം?
പല വൈഭവങ്ങള്‍ ഒരുമിക്കുമ്പോഴാണ് പോസിറ്റീവ് മെന്റല്‍ ഹെല്‍ത്ത് രൂപപ്പെട്ട് വരുന്നത്. ജീവിതാനുഭവങ്ങളുമായി തട്ടിയും മുട്ടിയും അവയെ ഗുണപരമായി വിശകലനം ചെയ്തുമൊക്കെയാണ് മികച്ച മനസികാരോഗ്യത്തിലേക്കുള്ള ചുവടുകള്‍ വയ്ക്കുന്നത്. പ്രതിസന്ധികളില്‍ ചുവട് തെറ്റാതെ പൊരുതാനുള്ള മിടുക്ക് വേണം. ചെറിയ കാര്യങ്ങളില്‍ പോലും സംതൃപ്തിയും സന്തോഷവും കണ്ടെത്താനാകണം. കൂടെയുള്ളവര്‍ക്ക് ആനന്ദവും പോസിറ്റീവ് ഊര്‍ജ്ജവും നല്‍കാനായാല്‍ നന്ന്. അലോസരപ്പെടുത്തുന്ന സാന്നിദ്ധ്യമാകാതിരിക്കാനെങ്കിലും ശ്രദ്ധിക്കണം. പരസ്പര ബഹുമാനത്തോടെയുള്ള ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ കഴിയണം. മറ്റൊരാളുടെ അവസ്ഥ ഉള്‍ക്കൊള്ളാന്‍പോന്ന വിധത്തിലുള്ള അനുതാപം നല്ല മനസ്സിന്റെ ലക്ഷണമാണ്. സഹജീവിയെ സഹായിക്കാനും ഒപ്പം നില്‍ക്കാനുമുള്ള മനോഭാവവും പോസിറ്റീവ് നിലപാടാണ്. പരാജയങ്ങളെ പുതിയ ഉയരങ്ങള്‍ തേടാനും സ്വയം നവീകരിക്കാനുമുള്ള അവസരങ്ങളാക്കി മാറ്റുവാനുമുള്ള പ്രാപ്തിയും മാനസികാരോഗ്യത്തിനു ശക്തി പകരുന്ന ഘടകമാണ്.
മനസ്സിനെ പാകപ്പെടുത്തുന്ന സാമൂഹിക പരിസരം പ്രധാനമാണ്. വിശേഷിച്ചും ബാല്യ കൗമാരങ്ങളില്‍. മാനസികാരോഗ്യ തകര്‍ച്ചയുണ്ടാക്കുന്ന ജനിതക ഘടകങ്ങളോ പരാധീനതകള്‍ സൃഷ്ടിക്കുന്ന കുടുംബ പശ്ചാത്തലമോ വെല്ലുവിളികള്‍ ഉയര്‍ത്താമെന്നത് വാസ്തവമാണ്. എന്നാല്‍, യുവത്വത്തില്‍ ലഭിക്കുന്ന ബദല്‍ സാമൂഹിക സാഹചര്യങ്ങളുടെ ആനുകൂല്യത്തില്‍ വ്യക്തിത്വത്തിലേറ്റ പരുക്കുകള്‍ അതിജീവിക്കുന്നവര്‍ ധാരാളമാണ്. പ്രതികൂല അവസ്ഥകളെ കുറിച്ച് വിലപിച്ചു നേരം കളയാത്തവര്‍ക്കു സ്വന്തം വ്യക്തിത്വത്തിന്റെ കരുത്തിലും സ്വയം നേടിയെടുക്കുന്ന കൊച്ചുലോകം നല്‍കുന്ന നല്ല അനുഭവങ്ങളുടെ തണലിലും മാനസിക വളര്‍ച്ച നേടാം. അത്തരം നിരവധി വ്യക്തികളെ കാണാറുണ്ട്.
കേരളത്തിന്റെ മാനസികാരോഗ്യനില മോശമാണോ? എന്താണ് അതിനു കാരണം?
ഒരു ദേശത്തിന്റെ മാനസികാരോഗ്യനിലയെക്കുറിച്ച് പറയണമെങ്കില്‍ അതിനുള്ള ആധികാരിക രേഖകള്‍ വേണം. എങ്കിലും ലഭ്യമാകുന്ന ചില സൂചികകള്‍ നമ്മെ അലോസരപ്പെടുത്തുന്നതാണ്. ഉദാഹരണത്തിനു നമ്മുടെ ആത്മഹത്യാനിരക്ക് സംബന്ധിച്ച് കണക്ക്. 2020-ല്‍ ഇത് ലക്ഷത്തിന് 24 ആയിരുന്നു. 8500 പേരാണ് ആ വര്‍ഷം ആത്മഹത്യ ചെയ്തത്. 2021-ല്‍ ഇത് 9549 പേര്‍ ആത്മഹത്യ ചെയ്തു. നിരക്ക് 26.9 പേര്‍. ഏറ്റവും ഒടുവില്‍ ലഭ്യമായ കണക്ക് (2022ലേത്.) നമ്മളാദ്യമായിട്ട് പതിനായിരം കടന്നു. 10162 പേരാണ് ആ വര്‍ഷം ആത്മഹത്യ ചെയ്തത്. തോത് ലക്ഷത്തിന് 28 ആയി വര്‍ദ്ധിച്ചു. മൂന്നുവര്‍ഷത്തെ കണക്കു വെച്ചു നോക്കുമ്പോള്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നു കാണാം. കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് കാരണമെന്നൊക്കെ ചൂണ്ടിക്കാണിക്കാവുന്നതാണ്. പക്ഷേ, വ്യക്തികള്‍ക്ക് ഒരു പ്രതിസന്ധി ഉണ്ടാകുമ്പോള്‍ അതിനെ മറികടക്കാനുള്ള മാനസികമായ കെല്പില്ലായ്മയുടെ സൂചനയായിട്ടും അതിനെ വ്യാഖ്യാനിക്കാം. പ്രതിസന്ധികള്‍ എപ്പോഴും മനുഷ്യന്റെ കൂടെയുണ്ട്. ചില ദേശങ്ങളില്‍ ആഭ്യന്തര കുഴപ്പങ്ങളുണ്ടാകാറുണ്ട്. യുദ്ധങ്ങളുണ്ടാകാറുണ്ട്. പട്ടിണി ഉണ്ടാകാറുണ്ട്. ഭൂമികുലുക്കം പോലുള്ള പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകാറുണ്ട്. അത്തരം രാജ്യങ്ങളില്‍ അത്തരം അവസ്ഥകളോട് ആളുകള്‍ ഒത്തുതീര്‍പ്പായി പോകുന്നതാണ് നമ്മള്‍ കാണുന്നത്. തീര്‍ച്ചയായും കൊവിഡ് ഒരു സവിശേഷ സാഹചര്യമാണ്. ഭൂമികുലുക്കമൊക്കെ ഉണ്ടാകുമ്പോള്‍ ആളുകളുടെ കൂട്ടായ്മകളൊക്കെ വര്‍ദ്ധിക്കുമെന്നാണ്. എന്നാല്‍, കൊവിഡിലുണ്ടായ സാഹചര്യം കൂടുതല്‍ ഒറ്റപ്പെടലുകളിലേക്കാണ് അതു നയിച്ചത് എന്നതാണ്. പുറത്തിറങ്ങാതെ വീട്ടിലിരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും മറ്റുമുള്ള നിബന്ധനകള്‍ ചില പ്രശ്‌നങ്ങള്‍ വ്യക്തികളില്‍ സൃഷ്ടിച്ചിട്ടുണ്ട്. 2022 വരെയുള്ള കണക്ക് കൊവിഡിന്റെ ഒരു ഫലമാണെന്നു വേണമെങ്കില്‍ വ്യാഖ്യാനിക്കാം. എന്നാല്‍, ഇനിയങ്ങോട്ട് എന്ത് എന്നു ചിന്തിക്കേണ്ടതുണ്ടായിരുന്നു. നമ്മളെ സംബന്ധിച്ചിടത്തോളം മാനസികാരോഗ്യം വെറും വര്‍ത്തമാനത്തില്‍ ഒതുങ്ങുകയാണ്. ബജറ്റ് വകയിരുത്തലിലും ഭരണകൂട ഇടപെടലിലുമൊക്കെ താഴ്ന്ന പരിഗണനയാണ് മാനസികാരോഗ്യത്തിനു ലഭിക്കുന്നത്. കേരളത്തില്‍ ഒരു സ്റ്റേറ്റ് ആക്ഷന്‍ പ്ലാന്‍ ഫോര്‍ സൂയിസൈഡ് പ്രിവന്‍ഷന്‍ ഒക്കെ വേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ അത്തരം ദിശാബോധമുള്ള നടപടികളൊന്നും ഗവണ്‍മെന്റില്‍നിന്നും ഉണ്ടാകുന്നില്ല.
രണ്ടാമത്തെ സൂചിക സിന്തറ്റിക് ലഹരിയുടെ വ്യാപനം സംബന്ധിച്ചുള്ളതാണ്. ഇങ്ങനെയൊരു വ്യാപനം ഉണ്ടെന്നുള്ളത് സര്‍ക്കാര്‍ പോലും സമ്മതിക്കുന്നതാണ്. മദ്യത്തിന്റെ ഉപഭോഗം കൂടുതലാണെന്നു ചൂണ്ടിക്കാണിക്കുമ്പോള്‍ മുന്‍കാലങ്ങളില്‍ നാം അതിനു മറുപടിയായി പറഞ്ഞിരുന്നത് തമിഴ്‌നാട്ടിലേതുപോലെയോ കേരളത്തിലേതുപോലെയോ ഇവിടെ ഇല്ല എന്നാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തന്നെ അങ്ങനെ ന്യായീകരണത്തിനൊന്നും നില്‍ക്കാറില്ല. സിന്തറ്റിക് ലഹരിയുടെ ഉപഭോഗം വ്യാപകമാണെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു. സുഖാന്വേഷണം മാത്രമല്ല ലഹരിക്കു പിറകേ പോകുന്നതിനു കാരണം. വ്യക്തികള്‍ അവര്‍ക്കുണ്ടാകുന്ന പ്രതിസന്ധികളെ മറികടക്കാനുള്ള കുറുക്കുവഴി എന്ന നിലയിലാണ്. സര്‍ക്കാര്‍ ഇതു സംബന്ധിച്ചു നല്‍കുന്ന വിവരങ്ങള്‍ ശരിയാണെന്നതിന് തെളിവുണ്ട്. നമ്മുടെ ക്ലിനിക്കല്‍ പോപ്പുലേഷനിലൊക്കെ ഇതിന്റെ പ്രതിഫലനമുണ്ട്. സ്വാഭാവികമായിട്ടും അത് മാനസികാരോഗ്യത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പുതിയൊരു ആശ്രയം തേടലോ വികലമായ രീതിയിലുള്ള ഒരു മാനസികമായ സ്വാസ്ഥ്യം തേടലോ ആണ്. രണ്ടായാലും അതു പക്വമായ ഒരു മനോനിലയുടെ സൂചനയല്ല.
മൂന്നാമത്തെ സൂചിക നമ്മുടെ വിവാഹമോചന നിരക്കാണ്. കുടുംബക്കോടതികളുടെ എണ്ണം ഓരോ ജില്ലയിലും ഒന്നു പോരാതെ വരികയും അവയുടെ എണ്ണം കൂടുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും കുടുംബക്കോടതികള്‍ക്ക് താങ്ങാനാകാത്ത വിധത്തില്‍ തല്ലിപ്പിരിയാന്‍ മുതിര്‍ന്നിട്ടുള്ള ആളുകളുടെ എണ്ണം കൂടിവരികയാണ്. വ്യക്തിബന്ധങ്ങളില്‍ നമുക്കുണ്ടാകേണ്ട ഒരു പക്വതയോ പരസ്പരധാരണയോ പരസ്പരബഹുമാനമോ സ്‌നേഹമോ ഇല്ലാതെയാകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. തീര്‍ച്ചയായും പരസ്പരം യോജിക്കാത്തവര്‍ തമ്മില്‍ വഴക്കിട്ടു കഴിഞ്ഞുകൂടുന്നതിനു പകരം വേര്‍പിരിഞ്ഞുപോകുന്നതുതന്നെയാണ് നല്ലത്. പക്ഷേ, എന്തുകൊണ്ട് യോജിക്കുന്നില്ല എന്നൊരു ഇഷ്യു അതിലുണ്ട്. യോജിക്കാത്തവര്‍ ഒരുമിച്ചു കഴിയുന്നു എന്നതിനേക്കാള്‍ നമ്മളതിനെ കാണേണ്ടത് വ്യക്തിബന്ധങ്ങളിലെ ശോഷണമായിട്ടോ നിലനിര്‍ത്താനുള്ള വൈഭവക്കുറവിന്റെ സൂചന ആയിട്ടാണ്. യോജിപ്പോടെ മുന്‍പോട്ടു പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ കൂടുതല്‍ കൂടുതല്‍ ആളുകള്‍ തുറന്ന മനസ്സോടെ പിരിയാന്‍ തീരുമാനമെടുക്കുന്നത് ഒരു പുരോഗമനാശയം പ്രാവര്‍ത്തികമാകുന്നതായിട്ടൊക്കെ വ്യാഖ്യാനിക്കാം. എന്നാല്‍, കോടതി വരാന്തകളില്‍ നമ്മള്‍ കാണുന്നത് അതൊന്നുമല്ല. കേസും കള്ളക്കേസുമായി അതിഭീകരമായിട്ട് പോരടിക്കുന്ന ദമ്പതിമാരെയാണ്. യോജിക്കാത്തവര്‍ തമ്മില്‍ മാന്യമായി അന്തസ്സോടെ പിരിയുന്നതും നാം ഇപ്പോള്‍ കാണുന്ന തരത്തിലുള്ള നമ്മുടെ നാട്ടുനടപ്പനുസരിച്ചുള്ള പിരിയലും തമ്മില്‍ വ്യത്യാസമുണ്ട്. പാറ്റേണ്‍ ഒഫ് ഡിവോഴ്‌സ് കൂടി കണക്കിലെടുത്താണ് ഞാനിതിനെ പൊതുസമൂഹത്തിന്റെ മാനസികാരോഗ്യത്തിന്റെ തകര്‍ച്ചയുടെ സൂചനയായിട്ട് പറയുന്നത്. Otherwise it's ok. ഒരാള്‍ ഒരാളെ വിവാഹം കഴിക്കുന്നു. പിന്നെ യോജിച്ചു പോകാന്‍ കഴിയില്ലെന്നു മനസ്സിലാകുന്നു. 'ലെറ്റ് അസ് പാര്‍ട്ട് ആസ് ഫ്രണ്ട്‌സ്' എന്നു പറഞ്ഞ് വേര്‍പിരിയുന്നു. അത് പക്വതയുടെ ലക്ഷണമാണ്. എന്നാല്‍, അതാണോ നാട്ടില്‍ കാണുന്നത്? ഭീകരമായ പോരാട്ടം. അങ്ങോട്ടുമിങ്ങോട്ടും അപവാദം പ്രചരിപ്പിക്കുന്നു. നുണകള്‍ പ്രചരിപ്പിക്കുന്നു. കള്ളക്കേസ് ഉണ്ടാക്കുന്നു. അങ്ങോട്ടുമിങ്ങോട്ടും കുട്ടികളെ വടമായിട്ട് വലിക്കുന്നു. ഇതൊ ന്നും ആരോഗ്യകരമായ മാനസികാവസ്ഥയുടെ, പക്വതയുടെ ലക്ഷണമല്ല.
കുടുംബം എന്നത് ഈ വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന അടിസ്ഥാന യൂണിറ്റാണ്. വ്യവസ്ഥയെ പുതുക്കിപ്പണിയുന്നതിനു കുടുംബം എന്ന സങ്കല്പം തന്നെ പൊളിച്ചുകളയണം എന്നു വാദിക്കുന്നവരുണ്ട്. അതല്ല, കുടുംബം എന്ന സ്ഥാപനത്തിന്റെ ഉറച്ചുപോയ സ്വഭാവത്തെയാണ് മാറ്റേണ്ടത് എന്നും വാദിക്കാം. എന്നാല്‍, അത് ഇങ്ങനെയാണോ ചെയ്യേണ്ടത് എന്ന ചോദ്യം ഈ സന്ദര്‍ഭത്തില്‍ പ്രസക്തമല്ലേ?
തീര്‍ച്ചയായും പ്രസക്തമാണ്. എന്നാല്‍, നമ്മുടെ പൊതുസമൂഹത്തിന്റെ മാനസികാരോഗ്യത്തകര്‍ച്ചയുടെ വിശദീകരണം എന്ന നിലയിലാണ് ഞാന്‍ ഇതിനെ കാണുന്നത്.
കുട്ടികളിലെ മാനസികത്തകര്‍ച്ചയാണ് നാലാമത്തെ സൂചിക. കുട്ടികളിലെ വിഷാദം, ഉല്‍ക്കണ്ഠ, മറ്റു പെരുമാറ്റ വൈകല്യങ്ങള്‍ എന്നിവ വര്‍ദ്ധിച്ചുവരികയാണ്. അതായത് നമ്മുടെ രക്ഷിതാക്കളുടെ വളര്‍ത്തല്‍ശൈലിയിലെ അപാകത സംബന്ധിച്ച ചില സൂചനകള്‍ അതു വ്യക്തമായി നല്‍കുന്നുണ്ട്. ഒന്നുകില്‍ അമിതമായ ഇടപെടല്‍, അതുമല്ലെങ്കില്‍ അവഗണന ഇതാണ് കുട്ടികളുടെ കാര്യത്തില്‍ നമ്മുടെ ശൈലി. അവര്‍ക്കുവേണ്ടി സമയം നീക്കിവെയ്ക്കാന്‍ പലരും ശുഷ്‌കാന്തി കാണിക്കാറില്ല. പകരം സമ്മാനങ്ങള്‍ നല്‍കുന്നതുപോലെയുള്ള ചില ഭൗതിക പ്രചോദനങ്ങള്‍ക്കു മുതിരാനോ മികച്ച സ്‌കൂളുകളില്‍ ചേര്‍ക്കാനോ ഒക്കെയാണ് നമ്മളുടെ രക്ഷിതാക്കള്‍ മുതിരുന്നത്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ആണ് കുട്ടികളെ മാനസികത്തകര്‍ച്ചയിലേയ്ക്കു നയിക്കുന്ന മറ്റൊ രു കാര്യം. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഗ്രേഡ് - മാര്‍ക്ക് ഓറിയന്റഡ് ആണ്. ഇപ്പോള്‍ പുതിയൊരു പ്രവണത ഉണ്ടായിട്ടുണ്ട്; കുട്ടികളെ എങ്ങനെയെങ്കിലും വിദേശത്തേയ്ക്ക് അയയ്ക്കലാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്ന് രക്ഷിതാക്കള്‍ കരുതുന്നു. സമഗ്രവ്യക്തിത്വം നിര്‍മ്മിച്ചെടുക്കുകയാണ് വിദ്യാഭ്യാസത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന് എന്ന കാര്യം അവര്‍ മറന്നിരിക്കുന്നു. അതൊക്കെ ഇപ്പോള്‍ പേപ്പറില്‍ മാത്രമേ ഉള്ളൂ. പ്രയോഗത്തിലില്ല. കുട്ടികളുടെ സ്വഭാവം , ജീവിത നിപുണത എന്നിവ രൂപീകരിച്ചെടുക്കുന്നതിനെക്കുറിച്ച് മാതാപിതാക്കളും രക്ഷിതാക്കളും പൊതുസമൂഹവും ഒട്ടും ബോധവാന്മാരല്ല. അപ്പോള്‍ പണ്ടു കാലങ്ങളില്‍ ഇതൊക്കെ ഉണ്ടായിരുന്നോ എന്ന ചോദ്യം വരും. പണ്ടുകാലങ്ങളില്‍ കുട്ടികള്‍ കുറേക്കൂടി സാമൂഹ്യവല്‍ക്കരണത്തിനു തയ്യാറായിരുന്നു. അയല്‍പക്ക ബന്ധങ്ങളും മറ്റും ഇതിനു സഹായകമായിരുന്നു. ബോധപൂര്‍വ്വം തുന്നിച്ചേര്‍ത്തില്ലെങ്കിലും സാമൂഹികവല്‍ക്കരണം നടക്കുന്നുണ്ടായിരുന്നു. കൂട്ടുകുടുംബം എന്ന സങ്കല്‍പ്പത്തില്‍നിന്നും നാം അണുകുടുംബത്തിലേക്കു വന്നു. അത് അനിവാര്യമാണ്. എന്നാല്‍, അണുകുടുംബങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന വ്യക്തിവല്‍ക്കരണം ഒരു ഭീകരാവസ്ഥയെയാണ് സൃഷ്ടിക്കുന്നത്. അതുകൊണ്ടെന്തു പറ്റി? ഓരോ വ്യക്തിയും ഓരോ മൈക്രോ മിനി വേള്‍ഡ് ഉണ്ടാക്കിയിട്ട് മൊബൈല്‍ഫോണും തോണ്ടിക്കൊണ്ടിരിപ്പാണ്. ഒരുമിച്ചിരുന്നു ടിവി കാണുന്ന പതിവുപോലും ഇതിലും ഭേദമാണ്. അവിടെ ആശയവിനിമയമുണ്ട്. ഇങ്ങനെയൊ രു മൈക്രോ മിനിവേള്‍ഡ് രൂപപ്പെടുത്തുമ്പോള്‍ എന്തൊക്കെയാണ് അതില്‍ ഇല്ലാതാകുന്നത്? ആശയവിനിമയം, പരസ്പരം മനസ്സിലാക്കല്‍, സ്‌നേഹം പ്രകടിപ്പിക്കല്‍, അന്യരുടെ സങ്കടവും സന്തോഷവും തിരിച്ചറിയല്‍ ഇങ്ങനെ പലതും കുറയുന്ന ഒരു ഘടനയിലേക്ക് കുടുംബം ഒതുങ്ങുമ്പോള്‍ അത് ഉറപ്പായും ബാധിക്കുന്നത് കുട്ടികളെത്തന്നെയായിരിക്കും. പിന്നെ ഡിപ്പെന്‍ഡ് ചെയ്തു നില്‍ക്കുന്ന പ്രായമായ കുടുംബാംഗങ്ങളേയും ബാധിക്കും. അണുകുടുംബത്തിലെ വ്യക്തിവല്‍ക്കരണമാണ് ഇന്നത്തെ കുടുംബഘടന. ആ ഘടനകൊണ്ട് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇങ്ങനെ മൊബൈല്‍ ഫോണില്‍ തോണ്ടിയിരുന്നതുകൊണ്ട് മനുഷ്യരില്‍ പക്വമായ മാനസികാവസ്ഥ ഉണ്ടാകാനോ മാനസികാരോഗ്യം മെച്ചപ്പെടാനോ പോകുന്നില്ല എന്ന് ഉറപ്പാണ്. കുടുംബാംഗങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നത് എന്നു നമ്മളില്‍ പലര്‍ക്കും അറിയില്ല. മകള്‍ ഗര്‍ഭിണിയായാല്‍പോലും അറിയില്ല. ഈയിടെ നമ്മള്‍ അങ്ങനെയൊരു കുടുംബത്തെ കുറിച്ചുള്ള വാര്‍ത്ത വായിച്ചില്ലേ? ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന സ്വകാര്യലോകത്തില്‍ ഏകാന്തതയൊന്നുമല്ല ഉള്ളത്. ഏകാന്തത നല്‍കുന്ന ക്ലേശപീഡനങ്ങളൊന്നും അവിടെയില്ല. കൃത്രിമമായ ഒരാനന്ദമാണ് അവിടെ ഉള്ളത്. ഒരു സാമൂഹികജീവിയായ മനുഷ്യനു സ്വതസിദ്ധമായ മാനുഷികഭാവങ്ങളെ ദ്രവിപ്പിക്കുന്ന തരത്തിലുള്ള ഒരു സന്തോഷത്തില്‍ നമ്മള്‍ അഭിരമിക്കുകയാണ്. ഈ ഒരവസ്ഥ വന്നുകഴിഞ്ഞാല്‍ നമ്മുടെ കാരക്ടറിനെ ഷേയ്പ് ചെയ്യുന്നത് കുടുംബങ്ങളല്ല എന്നുവരും. ഇങ്ങനെ സൃഷ്ടിക്കപ്പെട്ട ലോകത്തു കാണുന്ന കാഴ്ചകളായിരിക്കും. അനുഭവങ്ങളായിരിക്കും. ജനിതകമായി ചില അക്രമവാസനകളൊക്കെയുണ്ടെങ്കില്‍ അവ എളുപ്പത്തില്‍ പ്രകാശിപ്പിക്കപ്പെടും. പിന്നെ കുട്ടികളുടെ സ്വഭാവരൂപീകരണത്തില്‍ മാതാപിതാക്കളുടെ സ്വാധീനം, മാതൃക നല്‍കുന്ന മുതിര്‍ന്നവരുടെ സ്വാധീനം ഇതൊക്കെ അസന്നിഹിതമാകുകയാണ്. മാതാപിതാക്കളുടെ, അദ്ധ്യാപകരുടെ അങ്ങനെ തനിക്കു ചുറ്റുമുള്ള ആളുകളുടെ സ്വാധീനത്തിലാണ് ഒരാളുടെ സ്വഭാവം ഗുണകരമായ രീതിയില്‍ രൂപപ്പെടുന്നത്. അതിനു നിരീക്ഷണ സ്വഭാവം ഉണ്ടാകണം. But there's no observation happening. ഗൃഹാന്തരീക്ഷത്തിന്റെ രൂപപരിണാമങ്ങള്‍ വലിയൊരു ഘടകമാണ്. നമ്മള്‍ മാനസികാരോഗ്യത്തിന്റെ കാര്യം പറയുമ്പോള്‍ നിര്‍വ്വചിക്കപ്പെട്ടിട്ടുള്ള ഉന്മാദരോഗങ്ങളുടേയോ മറ്റുതരം രോഗങ്ങളുടേയോ സ്വാധീനം വര്‍ദ്ധിക്കുന്നതായി കാണുന്നില്ല. പക്ഷേ, സാമൂഹികമായ സ്വാധീനമുള്ള മനോസംഘര്‍ഷങ്ങളുടെ തോത് ഇതുകൊണ്ടൊക്കെ വര്‍ദ്ധിക്കും. ജനിതകമായിട്ടുണ്ടാകുന്ന പ്രശ്‌നങ്ങളാലോ മസ്തിഷ്‌കത്തിലെ രാസമാറ്റങ്ങളുടെ ഫലമായിട്ടോ ഉണ്ടാകുന്ന രോഗങ്ങളുടെ തോത് വര്‍ദ്ധിക്കുന്നില്ല. എന്നാല്‍, സാമൂഹികമായ സ്വാധീനങ്ങളുടെ ഫലമായിട്ടുണ്ടാകുന്ന പൊരുത്തക്കേടുകളുടെ പ്രശ്‌നങ്ങള്‍, വൈകാരിക വിക്ഷോഭങ്ങള്‍, വിഷാദങ്ങള്‍, ഉല്‍ക്കണ്ഠകള്‍ എന്നിവ വര്‍ദ്ധിക്കും. എന്നാല്‍, കുടുംബാന്തരീക്ഷത്തില്‍ വരുന്ന മാറ്റങ്ങള്‍ കുട്ടികളെയാണ് കൂടുതല്‍ ബാധിക്കാന്‍ പോകുന്നത്. അവരുടെ സ്വഭാവവല്‍ക്കരണത്തെ അതു ബാധിക്കും. ഇത്തരം കുട്ടികളെ എളുപ്പത്തില്‍ മയക്കുമരുന്നുകളുടേയും ലഹരികളുടേയും ലോകത്തിലേക്ക് നയിക്കാന്‍ എളുപ്പമാണ്. പുറമേ കുട്ടികളിലൊക്കെ ഇപ്പോള്‍ വിഷാദരോഗം വ്യാപകമായി കാണുന്നുമുണ്ട്.
ഡിപ്രെഷന്‍ ബാധിച്ചവര്‍ പല രോഗലക്ഷണങ്ങളും കാണിക്കാറുണ്ട്. അവര്‍ക്കൊന്നിലും സന്തോഷം കണ്ടെത്താന്‍ കഴിയാതെയിരിക്കുക, മുന്‍പ് ആസ്വദിച്ചിരുന്ന കാര്യങ്ങള്‍ പലതും ഇഷ്ടപ്പെടാതെ വരിക, വല്ലാത്ത തളര്‍ച്ച തോന്നുക, ഉള്‍വലിയുക, വ്യക്തിബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ വരിക ഇതൊക്കെ ഡിപ്രെഷന്റെ ലക്ഷണങ്ങളാണ്. ഇവയില്‍ പ്രധാനപ്പെട്ടത് അമിതകോപമാണ്. വിശേഷിച്ചും ആണ്‍കുട്ടികളില്‍. ഉല്‍ക്കണ്ഠപോലെ വ്യാപകമായി നിലനില്‍ക്കുന്ന ഒന്നാണ് അമിതകോപവും. ഉല്‍ക്കണ്ഠ എന്ന ലക്ഷണംപോലെ ഗൗരവമായി കാണേണ്ട ഒന്നാണ് കോപം എന്നതും.
പലപ്പോഴും ഒരാള്‍ക്ക് മാനസികരോഗമുണ്ടെന്ന് പുറത്തറിയുന്നത് നാണക്കേടായിട്ടാണ് ബന്ധുക്കളും വേണ്ടപ്പെട്ടവരും വിലയിരുത്തുന്നത്. ഇതൊരു ആശാസ്യമായ പ്രവണതയാണോ?
ഇത് ഒട്ടും ആശാസ്യമായ പ്രവണത അല്ല. മാനസികരോഗം ശാരീരികമായി ബാധിക്കുന്ന മറ്റേതു രോഗത്തെപ്പോലെയുമാണ്. നേരത്തെ തിരിച്ചറിയുകയും തുറന്നുപറയുകയും പരിഹാരം ഉണ്ടാക്കാവുന്നതേയുള്ളൂ മാനസികരോഗങ്ങള്‍ക്ക്. മാനസികരോഗം മറച്ചുവെച്ച് അതിനു ഉചിതമായ ചികിത്സ നല്‍കാതെ വെച്ചുകൊണ്ടിരുന്നാല്‍ മാനസികരോഗം ബാധിച്ച വ്യക്തി മാത്രമല്ല തകരുന്നത്. ആ വ്യക്തിയെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ഒരു ലോകം കൂടിയാണ്. മാനസികരോഗമെന്നത് ഒരു ബയോ സൈക്കോ സോഷ്യല്‍ സിറ്റുവേഷനാണ്. സ്‌കിസോഫ്രീനിയ, ബൈപോളാര്‍ ഡിസ്ഓര്‍ഡര്‍, മേജര്‍ ഡിപ്രസീവ് ഡിസോര്‍ഡര്‍ ഇങ്ങനെയൊക്കെ പറയുന്ന രോഗാവസ്ഥകളെ ബയോ സൈക്കോ സോഷ്യല്‍ ഡിസ്ഓര്‍ഡര്‍ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. അതില്‍ ജനിതകപരവും ജൈവപരവുമായ സ്വാധീനങ്ങളുണ്ട്. സാമൂഹികമായ സ്വാധീനങ്ങളുണ്ട്. ഒരു വ്യക്തിയുടെ മാനസികഘടനയുടെ സവിശേഷതകള്‍ ബാധിക്കുന്നുണ്ട്. ഇതൊക്കെ ഒത്തുചേരുമ്പോഴാണ് ഒരു രോഗം പ്രകടമാകുന്നത്. മനസ്സ് എന്നത് തലച്ചോറിന്റെ ഒരു പ്രവര്‍ത്തനമാണ്. തലച്ചോറിലെ രാസമാറ്റങ്ങള്‍കൊണ്ടാണ് രോഗം പ്രകടമാകുന്നത് എന്നതുകൊണ്ട് രോഗമെന്നത് പൂര്‍ണ്ണമായും ഒരു ജൈവികാവസ്ഥയാണ് എന്നു പറയാന്‍ പറ്റില്ല. അതു പ്രകടമാകാന്‍ ഒരു സാമൂഹിക സാഹചര്യം വേണം. എല്ലാ ഘടകങ്ങളും ഇണങ്ങിവരുന്നതോടെയാണ് രോഗാവസ്ഥ ഉണ്ടാകുന്നത്. ആ കോംബിനേഷന്‍ മനസ്സിലാക്കിവേണം അതിനെ സമീപിക്കാന്‍.
ആത്മഹത്യാപ്രവണത, കൊലപാതകങ്ങളിലെത്തുന്ന തരത്തിലുള്ള അക്രമവാസന തുടങ്ങിയ ഫലങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ മാത്രമാണ് ആളുകളുടെ മാനസികാരോഗ്യത്തെക്കുറിച്ച് ആലോചനകളുയരുന്നത്. ഒരു മനോരോഗാവസ്ഥയുടെ ആത്യന്തിക ഫലങ്ങള്‍ ഇവ മാത്രമാണോ? ഉദാഹരണത്തിനു പെരുമാറ്റവൈകല്യങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളിലേക്കും വ്യക്തിബന്ധങ്ങളിലെ സംഘര്‍ഷങ്ങളിലേക്കും ബന്ധങ്ങള്‍ പിരിയുന്നതിലേക്കുമൊക്കെ ഇതു നയിക്കുന്നില്ലേ?
അക്രമത്തെ ശരിവല്‍ക്കരിക്കുന്ന ഒരു സാമൂഹികാന്തരീക്ഷമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അതിലെ അപകടം ഭരണാധികാരികള്‍പോലും മനസ്സിലാക്കുന്നില്ല. ഉദാഹരണത്തിനു നവകേരള യാത്ര നടക്കുമ്പോള്‍ പ്രതിഷേധിച്ചവര്‍ക്കു നേരെയുണ്ടായ അക്രമത്തെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത് 'രക്ഷാപ്രവര്‍ത്തനം' എന്നാണ്. അത് മുഖ്യമന്ത്രിയുടെ മാത്രം പ്രശ്‌നമല്ല. നമ്മുടെ ദൈനംദിന ജീവിതത്തില്‍ അക്രമങ്ങള്‍ പരക്കേ ശരിവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. അവ പതിവായിരിക്കുന്നു. ഒരു ചെറിയ ഇച്ഛാഭംഗമുണ്ടാകുമ്പോഴേക്കും അത് തല്ലിത്തീര്‍ക്കുക എന്നതായിരിക്കുന്നു ശീലം. അതിലൊന്നും കുഴപ്പമില്ല ആര്‍ക്കും. സിനിമകളില്‍ ഏറ്റവും വലിയ വിനോദമൂല്യമുള്ള ഒരിനം അക്രമമാണ്. തമാശയായിട്ട് കാണിക്കുക, പകയായിട്ട് കാണിക്കുക. അക്രമത്തിന്റെ പലതരത്തിലുള്ള ഷേയ്ഡുകള്‍. 'ആവേശം' എന്ന സിനിമയൊക്കെ അങ്ങനെയാണ്. അക്രമം ശരിയാണ് എന്നു വരുത്തുകയാണ്. യുവാക്കളിലൊക്കെ ഇത്തരത്തിലുള്ള സിനിമകളുടെ സ്വാധീനം വ്യക്തമാണ്. അവര്‍ പ്രശ്‌നങ്ങള്‍ തല്ലിത്തീര്‍ക്കുകയാണ്. പല കൊലപാതകങ്ങള്‍ക്കും നിസ്സാര കാരണങ്ങളേ കാണൂ. ശരിയാണ്. എല്ലാവരുടേയും മനസ്സില്‍ അക്രമവാസനയുണ്ട്. ആ അക്രമവാസന പുറത്തേയ്ക്കു വരാതെ കാത്തുസൂക്ഷിക്കുന്നത് നമ്മുടെ വ്യക്തിത്വത്തിന്റെ പക്വത കൊണ്ടും വീണ്ടുവിചാരമെന്ന ശീലംകൊണ്ടും ഇതു ശരിയല്ലെന്ന ബോധം കൊണ്ടുമാണ്. സമൂഹം പൊതുവേ അക്രമം ശരിയാണെന്നു വെച്ചതുകൊണ്ട് ആ വീണ്ടുവിചാരത്തിന്റെ കടിഞ്ഞാണ്‍ പോയി. എല്ലാവരും പറയുന്നത് അക്രമം ശരിയാണെന്നാണ്. ഇന്നലെ കണ്ട സിനിമയിലും അത് ശരിയായിരുന്നല്ലോ. തീര്‍ച്ചയായും വയലന്‍സിനെ പോഷിപ്പിക്കുന്നതില്‍ ഗണ്യമായ സ്വാധീനമുള്ള ഒരു ഘടകം നമ്മളെങ്ങനെ അക്രമങ്ങളെ കാണുന്നു എന്ന കാര്യമാണ്. അതുപോലെ സെക്ഷ്വാലിറ്റിയിലും അതിന്റെ സ്വാധീനമുണ്ട്. തുറന്ന സെക്ഷ്വാലിറ്റിയെക്കുറിച്ച് നമ്മള്‍ മൗനം പാലിക്കുന്നുവെങ്കിലും സെക്ഷ്വാലിറ്റിയുടെ ആവിഷ്‌കാരങ്ങള്‍ ഇതിനകം അത് വളരെയധികം ഉദാരവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. ലൈംഗികതയുടെ സൗന്ദര്യാത്മകമായ തലം മറന്നുകൊണ്ട് ലൈംഗികത വെറും സുഖകാംക്ഷയിലേയ്ക്ക് ഷിഫ്റ്റ് ചെയ്തിരിക്കുന്നു. രണ്ടു പേര്‍ക്ക് ഇഷ്ടം തോന്നി. അവര്‍ക്കിടയില്‍ ഒരു ലൈംഗികബന്ധമാകാമെന്ന താല്പര്യമുണ്ടായി. അങ്ങനെ ലൈംഗികബന്ധമുണ്ടാകുമ്പോള്‍ അതിനു സൗന്ദര്യാത്മകമായ ഒരു തലം വേണം. ഇരുവര്‍ക്കുമിടയിലുള്ള ബന്ധത്തിന് അങ്ങനെയൊരു ഇഴയടുപ്പം വേണം. ഇപ്പോള്‍ അതൊന്നും വേണ്ട. സൗന്ദര്യാത്മകമായ തലം വേണ്ട. ഇഴയടുപ്പവും വേണ്ട. വെറും സുഖംതേടലു മാത്രമായി. സ്വതന്ത്ര ലൈംഗികത അങ്ങനെ വെറും സുഖംതേടല്‍ മാത്രമായിരിക്കെ നമ്മള്‍ ഇപ്പോഴും പഴയമട്ടില്‍ സദാചാരം പ്രസംഗിക്കുന്നു എന്നതാണ് മറ്റൊരു വലിയ വിരോധാഭാസം. ലൈംഗിക വിദ്യാഭ്യാസത്തിനെതിരെ നമ്മള്‍ വടിയെടുക്കും. വീട്ടില്‍പോലും ലൈംഗികതയെക്കുറിച്ച് സംസാരിക്കില്ല. കുട്ടികള്‍ക്കു പറഞ്ഞുകൊടുക്കില്ല. ഇതാണവസ്ഥ.
കുടുംബങ്ങളുടെ കൂട്ട ആത്മഹത്യ മിക്കപ്പോഴും കടക്കെണിയുടെ പശ്ചാത്തലത്തിലാണ് നടക്കുന്നത്. മലയാളിയുടെ വലിയൊരു കഴിവുകേട് അവനു വരവിനുള്ളില്‍ ജീവിക്കാനറിഞ്ഞുകൂടാ എന്നതാണ്. കുടുംബത്തിലെ പ്രധാനപ്പെട്ടയാള്‍ കടക്കെണിയിലകപ്പെടുന്നതോടെ അയാള്‍ വിഷാദത്തിലാകും. ജപ്തി നോട്ടീസ് വരുന്നു. അങ്ങനെയുള്ള അവസ്ഥയൊക്കെ ഉണ്ടാകുന്നു. അപ്പോള്‍ കുടുംബത്തിലെ മുതിര്‍ന്നയാളുകളുടേതായ ഒരു വിഷാദക്കൂട്ടായ്മ ഉണ്ടാകുന്നു. ഈ വിഷാദക്കൂട്ടായ്മയില്‍ ആര്‍ക്കും പ്രശ്‌നപരിഹാരമുണ്ടാകില്ല. വിഷാദം പരസ്പരം ശക്തിപ്പെടുത്തുന്ന സ്ഥിതിയുണ്ടാകുന്നു. അതോടെ 'ദുരഭിമാന ആത്മഹത്യ'യ്ക്ക് കളമൊരുങ്ങുന്നു. അപ്പോള്‍ കുട്ടികളെ എന്തുചെയ്യും? അപ്പോള്‍ 'വാത്സല്യക്കൊലപാതക'ത്തിനു മരിക്കും മുന്‍പേ രക്ഷിതാക്കള്‍ മുതിരുന്നു. ഞങ്ങള്‍ പോയിക്കഴിഞ്ഞാല്‍ ഇവരെന്തു ചെയ്യുമെന്നതിനു പരിഹാരമാകുന്നു. ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്തോ ഇഷ്ടപ്പെട്ട ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയോ അവര്‍ക്കു നല്‍കുന്നു. suicide pact മുതിര്‍ന്നവര്‍ക്കിടയിലാണ്. കുടുംബത്തില്‍ മേധാവിത്വമുള്ള ആള്‍ മുതിര്‍ന്ന രണ്ടാമത്തെയാളെ ഇക്കാര്യത്തിനു സ്വാധീനിക്കുകയാണ് ചെയ്യുക. ജപ്തി നോട്ടീസ് വന്നിട്ട് ഭയചകിതനായിപ്പോയത് ഭര്‍ത്താവാണെങ്കില്‍ അയാള്‍ ഭാര്യയിലേയ്ക്ക് വിഷാദം പകരുകയും ആത്മഹത്യ അല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ലെന്നു പറയുകയും സ്വാധീനിക്കുകയും കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു. ആത്മഹത്യയോ കൊലപാതകമോ ഒരു കുറ്റകൃത്യമോ നടക്കുന്നതിനു മുന്‍പ് അങ്ങനെയൊന്നു നടക്കാന്‍ പോകുന്നു എന്നതിനു വളരെ മുന്‍പേത്തന്നെ നിരവധി സൂചനകളുണ്ടാകാം. നിര്‍ഭാഗ്യവശാല്‍, അത്തരം സൂചനകളില്‍നിന്നും കാര്യങ്ങള്‍ ഗ്രഹിച്ച് കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഒരു സംവിധാനം നമുക്കില്ല. പൊലിസുകാര്‍ക്കുപോലും ഇത്തരം പ്രശ്‌നങ്ങള്‍ തിരിച്ചറിയാന്‍ പറ്റുന്നില്ല. ഭാര്യയും ഭര്‍ത്താവും തമ്മില്‍ നിരന്തരം കലഹമുണ്ടാകുന്നു. മറ്റുള്ളവര്‍ മനസ്സിലാക്കുന്നത് അതിനെ ദാമ്പത്യകലഹം മാത്രമായിട്ടാണ്. എന്നാല്‍, അതിനു പിറകില്‍ മാനസികമായ ഒരു പ്രശ്‌നമുണ്ടാകും. മരുന്നൊക്കെ കഴിച്ചു മാറ്റേണ്ടതരത്തില്‍ ഗുരുതരമായതാകാം. എന്നാല്‍, ഇത്തരം കേസുകള്‍ പൊലീസ് സ്റ്റേഷനിലെത്തുമ്പോള്‍ അവര്‍ക്കു സ്വാഭാവികമായും പ്രശ്‌നം തിരിച്ചറിയാന്‍ പറ്റുന്നില്ല. അവര്‍ 'ഉപദേശിച്ചു വിട്ടു' എന്നൊക്കെയാണ് പറയാറുള്ളത്. പൊലീസ് സ്റ്റേഷനാണ് സൈക്യാട്രിക് മൊര്‍ബിഡിറ്റിയുള്ള ആളുകള്‍ എത്തിപ്പെടാന്‍ സാദ്ധ്യതയുള്ള ഒരിടം. എന്നാല്‍, പൊലീസുകാരുടെ സ്ഥിതിയെന്താണ്? അവരുടെ മാനസികാരോഗ്യം ശ്രദ്ധിക്കാനായിട്ട് ഒരു സംവിധാനം ഉണ്ടോ? ആ അവസ്ഥയില്‍ എങ്ങനെ പൊലീസില്‍നിന്നു ശാസ്ത്രീയമായ ഒരു സമീപനം ഇക്കാര്യത്തിലുണ്ടാകുമെന്നു പ്രതീക്ഷിക്കാനാകും?
അതേസമയം, പ്രശ്‌നങ്ങള്‍ അയല്‍പ്പക്ക ക്കാരുമായോ ബന്ധുക്കളുമായോ ഒക്കെ ഷെയര്‍ ചെയ്യുന്ന ഒരു സംസ്‌കാരമൊക്കെ പോയതു വേറൊരു പ്രശ്‌നമാണ്. അയല്‍പ്പക്കക്കാരെ അറിയുന്ന എത്ര പേര്‍ നമുക്കിടയിലുണ്ട്? തൊട്ടടുത്ത വീട്ടില്‍ ഒരാള്‍ മരിച്ചുകിടന്നാല്‍ ശവം പുഴുത്തുനാറുമ്പോഴാണ് നമ്മളറിയുന്നത്. പിന്നെ പൊതുവെ നമ്മള്‍ ദുരഭിമാനികളാണ്. നമ്മുടെ വീഴ്ചകളെക്കുറിച്ച് മറ്റാരും അറിയരുത് എന്നു നിര്‍ബ്ബന്ധമുണ്ട്. കടം വന്നാല്‍ എന്താണ് ഒരു വഴി? വീട് വില്‍ക്കുന്നു. താമസം വാടകവീട്ടിലേയ്ക്കു മാറ്റേണ്ടിവരുന്നു. കഴിയുന്നത്ര ഫൈറ്റ് ചെയ്ത് ജീവിതം മുന്‍പോട്ടു കൊണ്ടുപോകുന്നു. അതാണ് ഒരു ഓപ്ഷന്‍. എന്നാല്‍, പലരും പോകുന്നത് ആത്മഹത്യയിലേയ്ക്കാണ്. അതാണ് അവരുടെ ഓപ്ഷന്‍. നമ്മുടെ മാദ്ധ്യമങ്ങളൊക്കെ അതു റിപ്പോര്‍ട്ടു ചെയ്യുന്നു. മാദ്ധ്യമങ്ങള്‍ക്കാകട്ടെ, ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നതു സംബന്ധിച്ച് ഒട്ടനവധി മാര്‍ഗ്ഗരേഖകളുണ്ട്. അതൊ ന്നും ആരും പാലിക്കാറില്ല. എല്ലാവര്‍ക്കും അത് ഒരു സെന്‍സേഷണല്‍ വാര്‍ത്തയാണ്. മറ്റേയാള്‍ തകര്‍ന്നു കാണുന്നതില്‍ ഗൂഢമായി ആഹ്ലാദം കണ്ടെത്തുന്ന കുറേയധികം ആളുകള്‍ നമുക്കിടയിലുണ്ട്. അവ അവര്‍ക്കിടയില്‍ അനുതാപമല്ല സൃഷ്ടിക്കുന്നത്. ആ വിഭാഗം ആളുകളെ സംബന്ധിച്ചിടത്തോളം അത്തരം വാര്‍ത്തകള്‍ ആസ്വാദ്യകരമായ ഒരു സംഗതിയാണ്. അവര്‍ക്കുവേണ്ടി മാദ്ധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ പൊലിപ്പിച്ചു നല്‍കുന്നു. ചുരുക്കത്തില്‍ ആത്മഹത്യയാണ് ഏക പരിഹാരം എന്നുള്ള ഒരു സന്ദേശമാണ് ആ വാര്‍ത്തകള്‍ നല്‍കുന്നത്. ചില വാര്‍ത്താമാദ്ധ്യമങ്ങള്‍ വാര്‍ത്തയ്ക്കടിയില്‍ ഒരു സ്റ്റാറ്റിയൂട്ടറി വാണിംഗ് പോലെ ചെറിയ അക്ഷരത്തില്‍ 'ആത്മഹത്യ ഒന്നിനും പരിഹാരമല്ല' എന്നു നല്‍കും. കഴിഞ്ഞു ഉത്തരവാദിത്വം. ഇത്തരം കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മിതത്വത്തിന്റെ ആവശ്യമുണ്ട്. ആത്മഹത്യകള്‍ ഉള്‍പ്പേജുകളിലേക്കു പോയാല്‍ മതി. സെലിബ്രിറ്റികളുടെ ആത്മഹത്യകള്‍ ആഘോഷിക്കേണ്ട കാര്യമില്ല എന്നിങ്ങനെ ഒട്ടനവധി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇക്കാര്യത്തിലുണ്ട്.
ഇതിനേക്കാള്‍ വലിയൊരു അപകടമായ കാര്യം 'ആത്മഹത്യാസമരങ്ങളാണ്.' രാഷ്ട്രീയ പാര്‍ട്ടികളുടെ അണികളില്‍ ചിലര്‍ സമരങ്ങള്‍ക്കിടയില്‍ ഏതെങ്കിലും മരത്തില്‍ വലിഞ്ഞുകയറി പ്രതീകാത്മകമായി കഴുത്തില്‍ കയറിട്ട് 'ഞങ്ങള്‍ ആത്മഹത്യാസമരം ചെയ്യുന്നു' എന്നു പ്രഖ്യാപിക്കുന്ന പതിവുണ്ട്. ഇവരാരും മരിക്കാന്‍ വേണ്ടിയല്ല മരത്തില്‍ കയറുന്നതും ദേഹത്ത് മണ്ണെണ്ണയൊഴിക്കുന്നതുമൊക്കെ. ഇത്രയധികം ആത്മഹത്യകള്‍ നടക്കുന്ന കേരളം പോലുള്ള പ്രദേശങ്ങളില്‍ ഇത്തരം സമരങ്ങള്‍ ഒരു ക്രിമിനല്‍ പ്രവൃത്തിയാണ്. ഇത്തരം സമരങ്ങള്‍ നിരോധിക്കപ്പെടേണ്ടവയാണ്. ആത്മഹത്യകളെ ഒരു നിലയ്ക്കും 'ഗ്ലോറിഫൈ' ചെയ്തുകൂടാ. മാദ്ധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ വളരെ പ്രാധാന്യത്തോടെ വരികകൂടി ചെയ്താല്‍ ഒരു വ്യക്തി ഇത് ഉള്ളിലേക്ക് ഏറ്റെടുത്തുകഴിഞ്ഞാല്‍ അവന്‍ ഒരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ ആത്മഹത്യാസമരം ചെയ്‌തെന്നുവരും. മൊബൈല്‍ ഫോണ്‍ വാങ്ങിത്തരണമെന്നു പറഞ്ഞ് കുട്ടികള്‍ അതു ചെയ്‌തെന്നുവരും. അതും ഒരു സമരമാര്‍ഗ്ഗമാണ്. 'ആത്മഹത്യാ സാക്ഷരത' കൂട്ടാനേ ഇത്തരം സമരങ്ങള്‍ സഹായിക്കൂ. മാദ്ധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും മിതത്വം കാണിക്കണം. അല്ലാത്തപക്ഷം ആത്മഹത്യകളുടെ എണ്ണം കൂടും.
നമ്മുടെ സമൂഹത്തിലും സമ്പദ്‌വ്യവസ്ഥയിലും ജീവിതസങ്കല്പങ്ങളിലും വരുന്ന മാറ്റങ്ങള്‍ സാമൂഹികാരോഗ്യത്തെ എങ്ങനെയാണ് ബാധിക്കുന്നത്?
സമകാലിക മലയാളത്തില്‍ ഞാന്‍ മുന്‍പ് എഴുതിയ ഒരു ലേഖനമുണ്ട്: ''കേരളം സമ്പൂര്‍ണ്ണ കിറുക്കിലേക്കോ?'' എന്നതാണ് ആ ലേഖനത്തിന്റെ തലക്കെട്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പേ എഴുതിയ ആ ലേഖനത്തില്‍ ഉന്നയിക്കപ്പെട്ട ഒരു സങ്കല്പം ഇപ്പോഴും പ്രസക്തമാണ്. 'കേരളത്തിന്റെ പ്രശ്‌നം ദരിദ്രരല്ല, നവദാരിദ്ര്യമാണ്' എന്നതാണ് ആ സങ്കല്പം. എന്താണ് ഈ നവദരിദ്രരുടെ പ്രഫൈല്‍? അവര്‍ക്കു വീടുണ്ട്. കാറുണ്ട്. കുട്ടികള്‍ക്ക് ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നുണ്ട്. പക്ഷേ, ഇതെല്ലാം വായ്പകളെ ആശ്രയിച്ചാണ്. ഓരോ മാസത്തിന്റേയും ആദ്യ പത്തു ദിവസം കഴിയുമ്പോഴേക്കും, ഇ.എം.ഐകള്‍ അടച്ചുതീരുമ്പോഴേക്കും അവര്‍ ദരിദ്രരായിക്കഴിഞ്ഞു. ഇത്തരം വീടുകളില്‍ ഓര്‍ക്കാപ്പുറത്ത് ഒരു അസുഖം ആര്‍ക്കെങ്കിലും വരുന്നു. അല്ലെങ്കില്‍ സാമ്പത്തികച്ചെലവ് അന്തര്‍ഭവിക്കുന്ന ഒരു പ്രതിസന്ധി വരുന്നു. പിന്നെ പൂര്‍ണ്ണമായ തകിടംമറിച്ചിലാണ്. പലരുടേയും കയ്യില്‍ പത്താം തീയതി കഴിഞ്ഞാല്‍ പൈസയില്ല. കാഴ്ചപ്പുറമേ എല്ലാം ഭദ്രമായിരിക്കും. കേരളത്തിലെ ആളുകളുടെ വലിയ പ്രശ്‌നങ്ങളിലൊന്ന് ഇതാണ്. ശരിയാണ് ജീവിതച്ചെലവ് ഭീകരമായി കൂടിക്കൊ ണ്ടിരിക്കുകയാണ്. അതിന് ആനുപാതികമായി ശമ്പളം കൂടുന്നില്ല. വ്യക്തികളുടെ വരുമാനം വര്‍ദ്ധിക്കുന്നില്ല. ഇതൊരു പ്രശ്‌നം തന്നെയാണ്. വിശേഷിച്ചും മിഡില്‍ ക്ലാസിനിടയിലും ലോവര്‍ ക്ലാസിനിടയിലും. വലിയ ബിസിനസ്സുകാര്‍ക്ക് ഒരുപക്ഷേ, ഇത്തരം പ്രശ്‌നങ്ങളെ മറികടക്കാന്‍ വഴികളുണ്ട്. മധ്യവര്‍ഗ്ഗക്കാര്‍ക്കും നിമ്‌ന-മദ്ധ്യവര്‍ഗ്ഗക്കാര്‍ക്കുമൊക്കെ ഈ പ്രശ്‌നത്തെ മറികടക്കാന്‍ മുണ്ടുമുറുക്കിയുടുക്കുകയല്ലാതെ, അനാവശ്യച്ചെലവുകള്‍ ഒഴിവാക്കുകയല്ലാതെ വേറെ വഴിയില്ല. ഗവണ്‍മെന്റുകള്‍ക്ക് സാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കാന്‍ പ്രധാനപ്പെട്ട ഒന്നോ രണ്ടോ വഴിയേ ഉള്ളൂ. നികുതി വര്‍ദ്ധിപ്പിക്കുക അല്ലെങ്കില്‍ കടം വാങ്ങുക. മിക്കപ്പോഴും ഇതിന്റെയൊക്കെ ഭാരം സാമാന്യജനങ്ങളുടെ മേലാണ് അടിച്ചേല്‍പ്പിക്കപ്പെടുന്നത്. മാറുന്ന ജീവിതസങ്കല്പങ്ങളാണ് മറ്റൊരു പ്രശ്‌നം. സ്വിഗ്ഗിയില്‍ ഭക്ഷണം വരുത്തണം. മാസത്തില്‍ ഒന്നോ രണ്ടോ തവണ പുറത്തുനിന്നു കഴിക്കണം. മുന്‍പൊക്കെ തിയേറ്ററില്‍ പോയി സിനിമ കാണുന്നത് അത്രയ്ക്കു ചെലവുള്ള കാര്യമായിരുന്നില്ല. ഇന്നു പഴയ ടിക്കറ്റ് വിലയല്ല. എന്തെങ്കിലും ലഘുവായി കഴിക്കണമെങ്കില്‍ അത് അവിടെ നിന്നുതന്നെ വലിയ വില കൊടുത്തുവാങ്ങണം. വെള്ളം കുടിക്കണമെങ്കില്‍പോലും വലിയ ചെലവാണ്. മാറിയ ലോകത്തിനു ചേര്‍ന്നവനാണ് താനെന്നു മറ്റുള്ളവര്‍ക്ക് ബോദ്ധ്യമാകണമെങ്കില്‍ ഇതൊക്കെ ചെയ്യേണ്ടിവരുമെന്ന് നമ്മളെ ആരൊക്കെയോ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നു. ഇതൊക്കെ എളുപ്പത്തില്‍ ചെയ്യാനും ആകുന്നുണ്ട്. ഒരു സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് നമുക്ക് സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യാം. സ്വിഗ്ഗിയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. ഇതെല്ലാം ആത്യന്തികമായി നമ്മെ സാമ്പത്തികമായി ഞെരുക്കത്തിലാക്കുകയും മാനസികമായ സ്വാസ്ഥ്യം നശിപ്പിക്കുകയും ചെയ്യുന്നു. ആളുകള്‍ ഇതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നില്ല എന്നതാണ് ദു:ഖകരം.
മാനസികാരോഗ്യത്തകര്‍ച്ച വ്യാപകമാകുമ്പോള്‍ ഭരണകൂടത്തിന്റെ ഉത്തരവാദിത്വം എന്താണ്?
ഇവിടെ ലഹരിപദാര്‍ഥങ്ങളുടെ വ്യാപനം കൂടി എന്ന് ഗവണ്‍മെന്റിനു തന്നെ സമ്മതിക്കേണ്ടി വന്ന സമയത്ത് ഒരു വലിയ ക്യാംപയിന്‍ ഈ വ്യാപനത്തിനെതിരെ ഉണ്ടായി. ക്യാംപയിന്‍ നല്ലതുതന്നെ. എന്നാല്‍, അത്തരം ക്യാംപയിനുകളുടെ ഇംപാക്ട് എന്തെന്ന് ഇടയ്ക്കിടയ്ക്ക് അസെസ് ചെയ്യേണ്ടതുണ്ട്. ഇടപെടലുകള്‍ ക്യാംപയിനുകളുടെ നടത്തിപ്പില്‍ മാത്രം ഒതുങ്ങരുത്. അതിന്റെ ഫലം എന്തെന്ന് ഒപ്പം പരിശോധിക്കപ്പെടുകയും വേണം. അതങ്ങനെയല്ലാതെ ചെയ്യുന്നിടത്തോളം കാലം, ക്യാംപയിനുകളുടെ ഇംപാക്ട് ശാസ്ത്രീയമായി പഠിക്കപ്പെടാത്തിടത്തോളം കാലം ക്യാംപയിനുകള്‍ വെറും കൊട്ടിഘോഷമായിട്ട് മാറുകയാണ്. പാഴ്‌വേലയായിട്ട് മാറുകയാണ്.
കേരളത്തെ സംബന്ധിച്ചിടത്തോളം മാനസികാരോഗ്യം ഉറപ്പുവരുത്താന്‍ ഭരണകൂട ഇടപെടല്‍ അനിവാര്യമാണ്. ഒരു സ്റ്റേറ്റ് ആക്ഷന്‍ പ്ലാന്‍ ഫോര്‍ പ്രിവന്‍ഷെന്‍ ഒഫ് സൂയിസൈഡ്, സബ്‌സ്റ്റെന്‍സ് യൂസ് റിലേറ്റഡ് ഡിസോര്‍ഡേഴ്‌സ് അങ്ങനെ പല കാര്യങ്ങളിലും നിരവധി കര്‍മ്മപദ്ധതികള്‍ വേണ്ടിവരും. ഇടപെടലുകള്‍ മാത്രമല്ല, ഇംപാക്ട് അസെസ്‌മെന്റുകളും വേണ്ടിവരും.
പണ്ടുമുണ്ടായിരുന്നു അക്രമവും ലൈംഗികത വഴിപിഴക്കുന്നതിന്റെ പ്രശ്‌നങ്ങളും. അക്കാലത്ത് നമ്മുടെ സമൂഹത്തെ ആരാണ് സംരക്ഷിച്ചു കൊണ്ടിരുന്നത്? മതസ്ഥാപനങ്ങള്‍ക്ക് അതിലൊരു വലിയ പങ്കുണ്ടെന്നു ചരിത്രം പരിശോധിച്ചാല്‍ കാണാം.
ചിലപ്പോഴൊക്കെ മാനസികാരോഗ്യകരമായ പ്രശ്‌നങ്ങളും അന്ധവിശ്വാസങ്ങളും കൂടിക്കുഴഞ്ഞ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. മാനസികാരോഗ്യം നിലനിര്‍ത്തുന്നതില്‍ വിശ്വാസത്തിനെന്താണ് പങ്ക്? താല്‍ക്കാലിക ശമനം നല്‍കുന്ന ഓപിയം എഫക്ട് ആണോ അത്?
പണ്ടുമുണ്ടായിരുന്നു അക്രമവും ലൈംഗികത വഴിപിഴക്കുന്നതിന്റെ പ്രശ്‌നങ്ങളും. അക്കാലത്ത് നമ്മുടെ സമൂഹത്തെ ആരാണ് സംരക്ഷിച്ചു കൊണ്ടിരുന്നത്? മതസ്ഥാപനങ്ങള്‍ക്ക് അതിലൊരു വലിയ പങ്കുണ്ടെന്നു ചരിത്രം പരിശോധിച്ചാല്‍ കാണാം. മതസ്ഥാപനങ്ങള്‍ ചിലപ്പോള്‍ അമിത ധാര്‍മ്മികതയിലേയ്ക്ക് വഴുതിവീഴുന്ന പതിവുണ്ടായിരുന്നെങ്കിലും മൂല്യങ്ങളെക്കുറിച്ച് ഒരു ബോധം ഇത്തരം സ്ഥാപനങ്ങള്‍ സൃഷ്ടിച്ചിരുന്നു. 'കറക്ടീവ് ഇന്‍സ്റ്റിറ്റിയൂഷന്‍' എന്ന നിലയിലോ 'ഓറിയന്റേഷന്‍' നല്‍കുന്ന സ്ഥാപനങ്ങളായിട്ടോ ഒക്കെയായിട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ ഒരു സൂപ്പര്‍ ഈഗോ നിലയില്‍ നിന്നിരുന്നു. ഇന്ന് ആ സ്ഥാപനങ്ങളുടെ സ്ഥിതിയെന്താണ്? അവര്‍ പ്രധാന ദൗത്യമൊക്കെ മറന്നിട്ട് കച്ചവടങ്ങള്‍ നടത്തുന്നു. രാഷ്ട്രീയത്തിലിടപെടുന്നു. അവയെല്ലാം വലിയ ജീര്‍ണ്ണതയാണ് നേരിടുന്നത്.
വിശ്വാസികളില്‍ ചിലര്‍ക്ക് ധ്യാനംപോലെയുള്ള വിശ്വാസപരമായ കാര്യങ്ങളെ ആശ്രയിക്കാനും മറ്റും താല്പര്യമുണ്ടാകും. ഞങ്ങള്‍ അതിനെ എതിര്‍ക്കാറില്ല. വിശ്വാസികളില്‍ ചിലപ്പോള്‍ ഞങ്ങള്‍ നല്‍കുന്ന ചികിത്സയും വിശ്വാസപരമായ കാര്യങ്ങളും പരസ്പരപൂരകങ്ങളായി പ്രവര്‍ത്തിക്കുന്നത് കണ്ടിട്ടുണ്ട്. അതേസമയം മരുന്ന് മുടക്കി വിശ്വാസത്തെ മാത്രം ആശ്രയിച്ചതുകൊണ്ട് ഫലമുണ്ടാകില്ല.
കൊവിഡിനെ തുടര്‍ന്നുണ്ടായ ജീവിതപ്രതിസന്ധികള്‍ അക്കാലത്തുതന്നെ ആത്മഹത്യകളിലേക്കും കൊലപാതകങ്ങളിലേക്കുമൊക്കെ നയിച്ചിരുന്നു. പോസ്റ്റ് കൊവിഡ് സമൂഹത്തില്‍ എപ്രകാരമാണ് ആരോഗ്യത്തകര്‍ച്ച പ്രതിഫലിക്കുന്നത്?
പോസ്റ്റ് കൊവിഡ് പ്രശ്‌നങ്ങള്‍ പലതരത്തില്‍ അനുഭവിക്കുന്ന ആളുകള്‍ എത്രയോ നമുക്കു ചുറ്റുമുണ്ട്. സാമ്പത്തികമായും ആരോഗ്യപരമായും നമ്മളവരെ മറന്നു. ഇപ്പോഴും കൊവിഡ് സൃഷ്ടിച്ച ഉണങ്ങാത്ത മുറിവുകളും വടുക്കളും പേറി നടക്കുന്ന ഒരു സമൂഹം നമുക്കിടയിലുണ്ട്. നമ്മളവരെ ശ്രദ്ധിക്കുന്നില്ല. ആരോഗ്യസാക്ഷരതയില്‍ ഏറെ മുന്‍പിലുണ്ടെന്ന് അഭിമാനിക്കുന്ന നമ്മള്‍ പോസ്റ്റ് കൊവിഡ് സിറ്റ്വേഷന്‍ മേപ് ചെയ്യാനോ അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാനോ തയ്യാറായിട്ടില്ല. കൊവിഡ് അസുഖത്തിന്റെ തന്നെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. തലച്ചോറിനെ ബാധിച്ചവരുണ്ട്. കൊവിഡിനു ശേഷം അതിന്റെ ഫലമായി ബ്രെയിന്‍ ഫോഗും ഡിപ്രെഷനുമൊക്കെയായി. അവരെയൊന്നും സംബന്ധിച്ച് ആര്‍ക്കും ഒരു പദ്ധതിയുമില്ല. കൊവിഡ് പിന്‍മാറി. നമ്മള്‍ അതു സംബന്ധിച്ച എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചു. സാരമായ രീതിയിലുള്ള ഒരു അസെസ്‌മെന്റും അതിനുശേഷമില്ല
മതഭ്രാന്ത് എന്നു നാം പറയുന്ന സംഗതിയുടെ മനശ്ശാസ്ത്രപരമായ തലം എന്താണ്? വികസിത മുതലാളിത്ത സമൂഹങ്ങളിലേതുപോലെ മനുഷ്യര്‍ കൂടുതല്‍ ഒറ്റപ്പെട്ടവരായി തീരുന്ന കേരളത്തില്‍ സാമൂഹികമായ ജാഗ്രതയും ഭരണകൂട ഇടപെടലും ഇല്ലെങ്കില്‍ നാട്ടില്‍ പാരനോയിയാക്കുകളുടെ എണ്ണം വര്‍ദ്ധിക്കാന്‍ ഇടയില്ലേ?
ആഗോള ആനന്ദ സൂചിക എന്നൊരു സംഗതിയുണ്ട്. ഒരു ദേശത്തില്‍ ആനന്ദ സൂചിക നിര്‍ണ്ണയിക്കുന്ന ഘടകങ്ങളില്‍ ഭരണകൂടത്തിന്റെ സംഭാവന വളരെ പ്രധാനമാണ്. അത് ഫെസിലിറ്റേറ്റ് ചെയ്യുന്ന ഒരു ഭരണകൂടം ഉണ്ടാകണം. എന്തായാലും അക്രാമക വംശീയ സ്വഭാവമുള്ള ഒരു ഭരണകൂടത്തില്‍നിന്നും നമുക്കത് പ്രതീക്ഷിക്കാന്‍ വയ്യ. മനുഷ്യരുടെ സ്വാസ്ഥ്യവും ക്ഷേമവും ഒക്കെ നിലനിര്‍ത്തുന്നതില്‍ പരമപ്രധാനമായ ഒരു കാര്യം ഈ കാര്യങ്ങളെ പോഷിപ്പിക്കുന്ന തരത്തിലുള്ള ഭരണകൂട ഇടപെടലുകളാണ്. അതിനു കുറേ ആശുപത്രികള്‍ തുറക്കലല്ല വേണ്ടത്.
മനുഷ്യജീവിതത്തില്‍ മതത്തിനും വിശ്വാസത്തിനും വ്യതിരിക്തമായ പങ്കുണ്ട് എന്ന അഭിപ്രായക്കാരനാണ് ഞാന്‍. ദൈവം ഉണ്ടോ ഇല്ലയോ എന്നൊന്നുമല്ല ചര്‍ച്ച. ആ സങ്കല്പത്തിനു മനശ്ശാസ്ത്രപരമായ ഒരു ദൗത്യം നിര്‍വ്വഹിക്കാനാകും. നമ്മള്‍ പ്രതിസന്ധികളെ നേരിടുമ്പോള്‍ നമുക്ക് ആശ്രയിക്കാവുന്ന, നമ്മള്‍ക്ക് അജ്ഞാതമായ ഒരു ശക്തി ഇവിടെ ഉണ്ട് എന്നു വിശ്വസിച്ചുകൊണ്ട് നമ്മുടെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാനൊ രു ഉപാധി എന്ന നിലയില്‍ ദൈവസങ്കല്പത്തിനൊരു റോളുണ്ട്. പക്ഷേ, ആ റോളില്‍നിന്നും, അതിനെ സ്ഥാപനവല്‍ക്കരിച്ച് ആളുകളെ വിഭജിക്കാനൊരു വഴി എന്ന നിലയിലേയ്ക്ക് മാറുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. മതം മൂല്യത്തകര്‍ച്ചയെ നേരിടുന്നത്. ഓരോ മതസമൂഹവും ഓരോ ദ്വീപുകളായി മാറുകയും മറ്റുള്ളവരെ ഭയത്തോടേയും സംശയത്തോടെയും നോക്കുകയും ചെയ്യുന്ന ഒരു മാനസികാവസ്ഥയിലേയ്ക്ക് രൂപാന്തരപ്പെടുകയും ചെയ്യുന്നത് അടുത്തകാലത്തായി നാം കാണുന്നുണ്ട്. ഇതിനു വഴിവെയ്ക്കുന്ന ആളുകള്‍ക്ക് അവരുടേതായ സ്വാര്‍ത്ഥലക്ഷ്യങ്ങളുണ്ട്. മതരാഷ്ട്രീയത്തെ ഒരു ഉന്മാദമായി ഉള്‍ക്കൊണ്ട ആളുകള്‍ യാഥാര്‍ത്ഥ്യമെന്തെന്നു മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുകയാണ്. ആത്മീയാചാര്യന്മാര്‍, രാഷ്ട്രീയക്കാര്‍, ക്രിമിനലുകള്‍ എന്നിവരുള്‍പ്പെടുന്ന ഒരു മുന്നണിയാണ് ഇന്ന് മതത്തെ പ്രയോജനപ്പെടുത്തുന്നത്. ഇവരാണ് യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റേയും വിശ്വാസത്തിന്റേയും മതത്തിന്റേയും മനശ്ശാസ്ത്രപരവും ഗുണപരവുമായ അംശങ്ങളെ ഇല്ലാതാക്കുന്നത്. അത് മനുഷ്യന്റെ സ്വാസ്ഥ്യത്തിന്റെ തലത്തില്‍നിന്നും മാറ്റി ആളുകളെ പരസ്പരം വെറുക്കുന്നതിനായി. യഥാര്‍ത്ഥത്തില്‍ ഒരു പുന:പ്രതിഷ്ഠയാണ്. അതു മനുഷ്യര്‍ തിരിച്ചറിയണം. ഇല്ലെങ്കില്‍ ചിലര്‍ അത് നമ്മുടെ മന:സമാധാനം കെടുത്തുന്നതിനുള്ള ഉപകരണമാക്കി മാറ്റും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates