വയനാട്ടില്‍ 10 വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 5 കോണ്‍ഗ്രസുകാര്‍, ഒരു ആത്മഹത്യാശ്രമം. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നടക്കുന്ന രാഷ്ട്രീയ ആത്മഹത്യകളെക്കുറിച്ച്

Image of WAYANAD JOSE NELLEDAM
ജോസ് നെല്ലേടത്തിന്റെ മൃതദേഹത്തില്‍ ബന്ധുക്കള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നുGoogle
Updated on
5 min read

കേരളത്തിലെ കോൺഗ്രസ് സംവിധാനത്തിൽ വന്നുകൂടിയിരിക്കുന്ന ഗുരുതരവും സങ്കീർണവും അടിയന്തരശ്രദ്ധ ആവശ്യമുള്ളതുമായ പ്രശ്നത്തിലേക്കാണ് അടുത്തകാലത്തായി വയനാട് ജില്ലയിലുണ്ടായ സംഭവങ്ങൾ വിരൽചൂണ്ടുന്നത്.

പത്തുവർഷമായി ഭരണത്തിൽനിന്നും അധികാരത്തിൽനിന്നും പുറത്തുനിൽക്കുന്ന പാർട്ടിയിലെ നേതാക്കൾ എങ്ങനെ ജീവിക്കുന്നു, അവരുടെ വരുമാനം എന്താണ് എന്നൊക്കെയുള്ള ചോദ്യങ്ങൾ കോൺഗ്രസ് ആരായേണ്ടതുണ്ട്.

Image of congress people who died
എൻ.എം.ജിജേഷ്, പി.വി.ജോൺ, എൻ.എം.വിജയൻ, ജോസ് നെല്ലേടം, രാജേന്ദ്രൻ നായർGoogle

അതിന്റെ രൂക്ഷമായ പ്രതിഫലനമാണ് വയനാട്ടിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നു പറയാം. ഏറ്റവുമൊടുവിലുണ്ടായ, കോൺഗ്രസ് നേതാവും മുള്ളൻകൊല്ലി പഞ്ചായത്തംഗവുമായ ജോസ് നെല്ലേടത്തിന്റെ ആത്മഹത്യയുൾപ്പെടെ, കഴിഞ്ഞ പത്തുവർഷത്തിനിടെ അഞ്ച് ആത്മഹത്യകൾക്കും ഒരു ആത്മഹത്യാശ്രമത്തിനും സംഘടന സാക്ഷ്യംവഹിച്ചു. ഇതിനൊക്കെ കാരണമാകുന്നത്, സാമ്പത്തിക പ്രശ്നങ്ങളും അധികാരത്തിനുവേണ്ടിയുള്ള വടംവലിയും അതിനുപിറകിലുണ്ടാകുന്ന കിടമത്സരങ്ങളുമാണ്. എന്നിട്ടും കെ.പി.സി.സിയോ അഖിലേന്ത്യാ നേതൃത്വമോ ഇതൊരു ഗൗരവമുള്ള പ്രശ്നമായി കണ്ട് ഇടപെടാൻ ശ്രമിക്കുന്നില്ല. കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിന്റെ അയഞ്ഞ സ്വഭാവവും അലംഭാവവും സാഹചര്യങ്ങളെ കൂടുതൽ രൂക്ഷമാക്കുകയാണ് ചെയ്യുന്നത്. നേതൃത്വത്തിനു താല്പര്യമുണ്ടെങ്കിൽപോലും ഇടപെടാനോ പരിഹരിക്കാനോ പറ്റാത്ത അവസ്ഥയിലേക്ക് സ്ഥിതിഗതികൾ സങ്കീർണമായിട്ടുണ്ട് വയനാട്ടിൽ.

Image of padmaja
പദ്മജGoogle

സഹകരണസഥാപനങ്ങൾ വഴിയുള്ള സാമ്പത്തിക ക്രമക്കേടുകളും പ്രാദേശിക ഗ്രൂപ്പു മത്സരങ്ങളുമാണ് പ്രഥമദൃഷ്ട്യാ ജില്ലയിലെ കോൺഗ്രസ്സിനെ ബാധിച്ചിരിക്കുന്ന പ്രശ്നം. അതാകട്ടെ, ഒരേ പ്രസ്ഥാനത്തിലുള്ളവരെത്തന്നെ അക്രമിക്കാനും ആരോപണങ്ങൾ ഉന്നയിക്കാനും കാലുവാരാനും ആത്മഹത്യയിലേയ്ക്കുവരെ തള്ളിയിടാനും വരെയുള്ള മാനസികാവസ്ഥയിലേയ്ക്ക് എത്തിച്ചിരിക്കുന്നു.

പ്രാദേശികമായ പ്രശ്നം എന്ന നിലയിൽ ലാഘവത്തോടെയാണ് വയനാട്ടിലെ പ്രശ്നത്തെ കെ.പി.സി.സി ഇതുവരെ സമീപിച്ചിരുന്നത്. കരുവന്നൂരടക്കം സഹകരണ സ്ഥാപനങ്ങളുടെ മറവിലുള്ള സാമ്പത്തിക തിരിമറികളെക്കുറിച്ച് സി.പി.എമ്മിനെ വിമർശിക്കുന്ന കോൺഗ്രസ്, അവർ നയിക്കുന്ന ഇത്തരം സ്ഥാപനങ്ങളിൽ നടക്കുന്ന ക്രമക്കേടുകൾ സ്വാഭാവികമെന്ന് കരുതി തള്ളുകയോ കണ്ടില്ലെന്ന് നടിക്കുകയോ ആണ് ചെയ്യുന്നത്. പ്രവർത്തകരുടേയും നേതാക്കളുടേയും ആത്മഹത്യയിലേക്ക് നയിച്ച പ്രശ്നങ്ങളിൽ, നിയമന കോഴയും രേഖകളിലെ തിരിമറിയും വായ്പാധാരങ്ങളുടെ ദുരുപയോഗവും ഒക്കെയുണ്ട്. അതേസമയം ശക്തമായ ഗ്രൂപ്പ് പോരുകൾ ഇത്തരം ആരോപണങ്ങളെ പൊതുമധ്യത്തിലെത്തിക്കുകയും വിഴുപ്പലക്കലിനു കാരണമാകുകയും ചെയ്യുന്നുണ്ട്.

2024 ഡിസംബർ 27-ന് ഡി.സി.സി ട്രഷറർ എൻ.എം. വിജയനും മകൻ ജിജേഷും ആത്മഹത്യ ചെയ്തതോടെയാണ് വയനാട്ടിലെ കോൺഗ്രസ്സിലെ പ്രശ്നങ്ങൾ സംസ്ഥാനതലത്തിൽ ചർച്ചയാവുന്നത്. അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇതിനിടയിലാണ് കഴിഞ്ഞയാഴ്ച, സെപ്തംബർ 12-ന് മുള്ളൻകൊല്ലി പഞ്ചായത്തംഗം ജോസ് നെല്ലേടം ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യയിലേയ്ക്ക് നയിച്ച ആരോപണങ്ങളും തുടർന്നുണ്ടായ കേസുകളും കോൺഗ്രസ്സിലെ ദുർഗന്ധം വമിക്കുന്ന രാഷ്ട്രീയക്കളികളുടെ ചിത്രമാണ് പുറത്തേക്കു വിടുന്നത്.

വർഷങ്ങളായി കോൺഗ്രസ് വയനാട്ടിൽ തുടരുന്ന ഈ ഗ്രൂപ്പ്-സഹകരണ സാമ്പത്തിക തിരിമറിയുടെ ഇരകൾ വേറേയുമുണ്ട്. 2015 നവംബറിലാണ് മാനന്തവാടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പി.വി. ജോൺ ജീവനൊടുക്കിയത്. 2023-ൽ പുൽപ്പള്ളിയിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകനായ രാജേന്ദ്രൻ നായരും ആത്മഹത്യചെയ്തു. ഇതിനിടെ കഴിഞ്ഞദിവസം എൻ.എം. വിജയന്റെ മരുമകൾ പദ്മജയുടെ ആത്മഹത്യാ ശ്രമവുമുണ്ടായി.

നേതാക്കന്മാരുടേയും അനുയായികളുടേയും പരസ്യമായി ചേരിതിരിഞ്ഞുള്ള പ്രവർത്തനം വയനാട്ടിൽ തുടങ്ങിയിട്ട് വർഷങ്ങളായി. കള്ളക്കേസും ആരോപണങ്ങളും കയ്യേറ്റവും ചതിയും കാലുവാരലും അതിന്റെ ഭാഗമാണുതാനും. എതിർപാർട്ടികളല്ല, സ്വന്തം പാർട്ടിയിൽ കുതന്ത്രവും കുശാഗ്രബുദ്ധിയും കൈമുതലാക്കിയവരാണ് ഇപ്പോൾ കോൺഗ്രസ്സിനു വെല്ലുവിളി. സംസ്ഥാനതലത്തിലുള്ള ഗ്രൂപ്പുകളോ ഗ്രൂപ്പ് സമവാക്യങ്ങളോ അല്ല, വയനാട്ടിലെ ജില്ലാതലത്തിലെ ഓരോ നേതാവും ഓരോ ഗ്രൂപ്പുണ്ടാക്കാനുള്ള ശ്രമമാണ്. അതാകട്ടെ, സാമ്പത്തികമായ ക്രമക്കേടുകളിൽ കൂട്ടാളികളെ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗവും. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ ഇവരുടെ പോരുകൾ കൂടുതൽ രൂക്ഷമാകുകയാണ്.

Image of ND Appachan
എന്‍.ഡി. അപ്പച്ചന്‍Google

പത്ത് വർഷം, അഞ്ച് ആത്മഹത്യ

ഏറ്റവുമൊടുവിലുണ്ടായ, മുള്ളൻകൊല്ലി പഞ്ചായത്തംഗം ജോസ് നെല്ലേടത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡി.സി.സി പ്രസിഡന്റുൾപ്പെടെ മുതിർന്ന ജില്ലാ നേതാക്കളുൾപ്പെടെ ഇതിൽ ആരോപണങ്ങളുടെ മുനയിലാണ്. പുൽപ്പള്ളിയിൽ കോൺഗ്രസ് വാർഡ് പ്രസിഡന്റായ കാനാട്ടുമല തങ്കച്ചനെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങളിലും അതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിലും മനംനൊന്താണ് മുള്ളൻകൊല്ലി പഞ്ചായത്തംഗം ജോസ് നെല്ലേടം കുളത്തിൽ ചാടി മരിച്ചത്.

ആഗസ്ത് 22-നു രാത്രിയാണ് തങ്കച്ചന്റെ വീട്ടിലെ കാർപോർച്ചിൽനിന്നും കർണാടക മദ്യവും സ്‌ഫോടകവസ്തുക്കളും പൊലീസ് കണ്ടെടുക്കുന്നതും അദ്ദേഹം അറസ്റ്റിലാവുന്നതും. കള്ളക്കേസാണെന്നും കൂടുതൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് തങ്കച്ചന്റെ ഭാര്യ സിനി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തങ്കച്ചൻ നിരപരാധിയാണെന്ന് കണ്ടെത്തി. കർണാടകയിൽനിന്നു മദ്യം വാങ്ങിയ മരക്കടവ് സ്വദേശി പി.എസ്. പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അപ്പോഴേക്കും രണ്ടാഴ്ചയിലധികം കഴിഞ്ഞിരുന്നു. 17 ദിവസം തങ്കച്ചൻ പാർട്ടിക്കാരുടെ തന്നെ കള്ളക്കേസിൽ കുരുങ്ങി ജയിലിൽ കിടന്നു. പുറത്തിറങ്ങിയ അദ്ദേഹം പാർട്ടിക്കുള്ളിലെ ഗൂഢാലോചനയെക്കുറിച്ച് ആരോപണമുയർത്തി.

ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, ഡി.സി.സി ജനറൽ സെക്രട്ടറി പി.ഡി. സജി, മുള്ളൻകൊല്ലി മുൻ മണ്ഡലം പ്രസിഡന്റ് ഷിനോ കടുപ്പിൽ, പഞ്ചായത്തംഗം ജോസ് നെല്ലേടം, അനീഷ് മാമ്പള്ളി എന്നിവർ ഗൂഢാലോചനയിൽ പങ്കാളികളാണെന്ന് അദ്ദേഹം ആരോപിച്ചു. തങ്കച്ചൻ ആരോപണമുന്നയിച്ച പട്ടികയിലുള്ള ഒരാളാണ്, പിന്നീട് അറസ്റ്റിലായ പ്രസാദിനെക്കൊണ്ട് കുടുംബത്തിൽ നടക്കുന്ന ചടങ്ങിന് എന്ന വ്യാജേന കർണാടകയിൽനിന്ന് മദ്യം വാങ്ങിപ്പിച്ചത്. അതിർത്തിപ്രദേശമായതിനാൽ കർണാടകയിൽനിന്ന് മദ്യം വാങ്ങി വരുന്നത് ഈ പ്രദേശങ്ങളിൽ സാധാരണമാണ്. തങ്കച്ചനെ അറസ്റ്റ് ചെയ്തതിൽ പൊലീസിന്റെ ഭാഗത്തും വീഴ്ചയുണ്ടായതായി ആരോപണമുണ്ട്.

കള്ളക്കേസുമായി ബന്ധപ്പെട്ട് ആരോപണമുയർന്ന സാഹചര്യത്തിൽ ജോസ് നെല്ലേടത്തിനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇതോടൊപ്പം, സാമൂഹ്യമാധ്യമങ്ങളിലൂടെ ജോസിനെതിരെ കടുത്ത ആരോപണങ്ങൾ ഒരു വിഭാഗം ശക്തമാക്കി. അതുവരെയുണ്ടായിരുന്ന എല്ലാ വിഭാഗീയതകളും ഈ ആരോപണത്തോടെ പുറത്തുവന്നു. ഇതിനെത്തുടർന്ന് കടുത്ത മാനസിക പ്രയാസത്തിലായിരുന്നു ജോസ് നെല്ലേടം എന്നാണ് ബന്ധുക്കൾ പറയുന്നത്. തൊട്ടുപിന്നാലെ ജീവനൊടുക്കുകയും ചെയ്തു.

ജനകീയ പിന്തുണയുള്ള പ്രാദേശിക നേതാവായിരുന്നു ജോസ് നെല്ലേടം. മുള്ളൻകൊല്ലിയിൽ കോൺഗ്രസ്സിനോടിടഞ്ഞ് വിമതനായി മത്സരിച്ചപ്പോഴും മുള്ളൻകൊല്ലിയിലെ ജനങ്ങൾ ജോസിനൊപ്പമായിരുന്നു. വിമതനായി പഞ്ചായത്തിലേക്ക് ജയിച്ച ശേഷം അടുത്തിടെയാണ് അദ്ദേഹം പാർട്ടിയിൽ തിരിച്ചെത്തിയത്. മണ്ഡലം വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചു. ജോസ് നെല്ലേടത്തിന്റെ തിരിച്ചുവരവിലും സ്ഥാനലബ്ധിയിലും ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടായിരുന്നു.

ഡി.സി.സി. ട്രഷറർ 77-കാരനായ എൻ.എം. വിജയനും മകൻ സുൽത്താൻ ബത്തേരി അർബൻ സഹകരണ ബാങ്ക് ജീവനക്കാരൻ കൂടിയായിരുന്ന റിജേഷും വിഷം കഴിച്ച് മരിച്ചത് 2024 ഡിസംബർ 27-നാണ്. ബത്തേരി സഹകരണ ബാങ്കിലെ നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളും ഗ്രൂപ്പുവഴക്കുമായിരുന്നു ആത്മഹത്യയ്ക്ക് പിന്നിൽ. സഹകരണബാങ്കിലെ നിയമനങ്ങൾക്ക് പണം വാങ്ങിയെന്ന ആരോപണമാണ് അദ്ദേഹത്തിന്റേയും മകന്റേയും ആത്മഹത്യയിലേക്ക് നയിച്ചത്. ഡി.സി.സി ട്രഷറർ എന്ന നിലയിൽ ക്രമക്കേടിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ടിവന്നു എന്നതാണ് വിശദീകരണം. പണം വാങ്ങി നിയമനം നൽകാതിരുന്നതിനെത്തുടർന്നുള്ള കേസുകളും ഉണ്ടായിരുന്നു.

ആത്മഹത്യാക്കുറിപ്പിൽ ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ, ഡി.സി.സി മുൻ ട്രഷറർ കെ.കെ. ഗോപിനാഥൻ എന്നിവർക്കെതിരെ ആരോപണമുന്നയിച്ചിരുന്നു. മൂന്നു പേരേയും പൊലീസ് ചോദ്യം ചെയ്തു. മരണവുമായി ബന്ധപ്പെട്ടുള്ള കേസിലെ പ്രതിപ്പട്ടികയിൽ ഇപ്പോഴും ഈ നേതാക്കളുണ്ട്. പാർട്ടിക്കുവേണ്ടി നടത്തിയ സാമ്പത്തിക ക്രമക്കേടിന്റെ ബാധ്യത തീർക്കാൻ ലക്ഷക്കണക്കിന് രൂപ ബാങ്ക് വായ്പയെടുത്തതായും കുറിപ്പിൽ പറയുന്നുണ്ട്. മുതിർന്ന നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ടി.എൻ. പ്രതാപൻ, സണ്ണി ജോസഫ് എന്നിവരുൾപ്പെടുന്ന കമ്മിറ്റിയെ ഇക്കാര്യങ്ങൾ പരിശോധിക്കാൻ കെ.പി.സി.സി ചുമതലപ്പെടുത്തിയിരുന്നു. ബാധ്യത പാർട്ടി ഏറ്റെടുക്കും എന്ന വിശ്വാസത്തിലായിരുന്നു കുടുംബം. എന്നാൽ, മരണം നടന്ന് ഒന്‍പത് മാസം കഴിഞ്ഞിട്ടും കുടുംബത്തിനെ വിശ്വാസത്തിലെടുക്കാനോ പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാനോ കെ.പി.സി.സിക്ക് കഴിഞ്ഞിട്ടില്ല.

ജോസ് നെല്ലേടത്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെയായിരുന്നു എൻ.എം. വിജയന്റെ മകൻ ജിജേഷിന്റെ ഭാര്യ പദ്മജയുടെ ആത്മഹത്യാ ശ്രമം. എൻ.എം. വിജയന്റെ ബാധ്യതകൾ ഏറ്റെടുക്കുന്നതിൽ പാർട്ടി അലംഭാവം കാട്ടുന്നതിന്റെ പ്രയാസത്തിലായിരുന്നു പദ്മജയുടെ ആത്മഹത്യാ ശ്രമം.

പുൽപ്പള്ളി സഹകരണ ബാങ്കിലെ വായ്പാത്തട്ടിപ്പിനിരയായാണ് പുൽപ്പള്ളി കേളക്കവലയിലെ പ്രാദേശിക കോൺഗ്രസ് നേതാവായിരുന്ന രാജേന്ദ്രൻ നായർ 2023-ൽ ആത്മഹത്യ ചെയ്തത്. ബാങ്ക് വായ്പയ്ക്കായി ഈട് നൽകിയ വസ്തു ഉപയോഗിച്ച് പാർട്ടി നേതാക്കൾ ഇടപെട്ട് വൻതുക വായ്പയെടുക്കുകയും ബാധ്യത രാജേന്ദ്രൻ നായർ ഏറ്റെടുക്കേണ്ടിവന്നതുമായിരുന്നു ആത്മഹത്യയുടെ കാരണമായി പറയുന്നത്. ഈ കേസിൽ ബാങ്ക് മുൻ പ്രസിഡന്റും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന കെ.കെ. അബ്രഹാം പ്രതിയുമായി.

തദ്ദേശ തെരഞ്ഞെടുപ്പിൽ ഗ്രൂപ്പ് പോരിന്റെ ഇരയായി പരാജയപ്പെട്ട മാനന്തവാടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പി.വി. ജോൺ 2015 നവംബറിൽ പാർട്ടി ഓഫീസിലാണ് തൂങ്ങിമരിച്ചത്. മാനന്തവാടി മുനിസിപ്പാലിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായ പി.വി. ജോണിനു കിട്ടിയത് 39 വോട്ടാണ്. 346 വോട്ട് നേടി സ്വതന്ത്ര സ്ഥാനാർത്ഥി ജയിക്കുകയും ചെയ്തു. കോൺഗ്രസ് കോട്ടയിലെ ഈ ഗ്രൂപ്പുകളിയും കാലുവാരലും അദ്ദേഹത്തെ വിഷമിപ്പിച്ചു. ജില്ലാ നേതൃത്വത്തിനെതിരെ പി.വി. ജോണിന്റെ കുടുംബം ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.

IC Balakrishanan
ഐസി ബാലകൃഷ്ണന്‍Google

മുള്ളൻകൊല്ലിയിലെ ഗ്രൂപ്പിസം

ജില്ലാ നേതൃത്വത്തിൽ തുടങ്ങുന്ന ഗ്രൂപ്പിസം പ്രാദേശിക തലത്തിലും പഞ്ചായത്തുകളിലും പലയിടങ്ങളിലും പ്രകടമാണ്. മുള്ളൻകൊല്ലി പഞ്ചായത്തംഗം ജോസ് നെല്ലേടത്തിന്റെ ആത്മഹത്യയിലേയ്ക്ക് നയിച്ചതിനു പിന്നിൽ വർഷങ്ങളായി മുള്ളൻകൊല്ലിയിൽ നടക്കുന്ന ഗ്രൂപ്പുകളിയും പാർട്ടിയിലെ സാമ്പത്തിക തിരിമറിയും ഉണ്ട്. പരമ്പരാഗത കോൺഗ്രസ് കുടുംബങ്ങളുള്ള കോൺഗ്രസ്സിന്റെ കോട്ടയാണ് മുള്ളൻകൊല്ലി. നിരവധി മുതിർന്ന നേതാക്കളടക്കം കോണ്‍ഗ്രസ്സിന് നേതൃതലത്തിൽ തന്നെ ധാരാളം പേരുള്ള സ്ഥലം. പഞ്ചായത്ത് പ്രസിഡന്റ്, മണ്ഡലം പ്രസിഡന്റ്, ബാങ്ക് പ്രസിഡന്റ് സ്ഥാനങ്ങൾ പ്രാദേശികതലത്തിൽ പല നേതാക്കളുടേയും മോഹമാണ്. ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചന്റെ വിശ്വസ്തനായ യുവനേതാവ് ഷിനോ കടുപ്പിലിന് മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുത്തതോടെ മുള്ളൻകൊല്ലിയിൽ പ്രശ്നം രൂക്ഷമായി. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയുടെ അനുയായികളും മുതിർന്ന നേതാവ് കെ.എൽ. പൗലോസിന്റെ ഗ്രൂപ്പും തീരുമാനത്തിൽ ഇടഞ്ഞു നിന്നു. എതിർ സ്ഥാനാർത്ഥിയെ നിർത്തി തുടക്കത്തിൽ പ്രതിഷേധിച്ചെങ്കിലും ഒടുവിൽ ഡി.സി.സി തീരുമാനത്തിന് വഴങ്ങേണ്ടിവന്നു. ഇതിന്റെ അസ്വാരസ്യങ്ങൾ പുകഞ്ഞ് തീരുന്നതിനു മുന്‍പ് തന്നെ സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്കും അദ്ദേഹം നിയമിതനായി. ഇത് ഗ്രൂപ്പ് തർക്കങ്ങൾ കൂടുതൽ വഷളാക്കി.

2025 ജൂലായിയിൽ മുള്ളൻകൊല്ലി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ വികസന സെമിനാറിൽ പങ്കെടുക്കാനെത്തിയ ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനെ ഒരു വിഭാഗം കയ്യേറ്റം ചെയ്തു. വരാൻപോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പ് മണ്ഡലം പ്രസിഡന്റിനെ മാറ്റണമെന്നാവശ്യപ്പെട്ടുള്ള തർക്കമാണ് കയ്യാങ്കളിയിൽ എത്തിയത്. അന്ന് ഡി.സി.സി പ്രസിഡന്റിൽനിന്നും മൈക്ക് തട്ടി മാറ്റുകയും പുറത്താക്കാൻ ശ്രമിക്കുകയും ചെയ്തവരിൽ ഒരാളായിരുന്നു തങ്കച്ചൻ. ഇദ്ദേഹമാണ് പിന്നീട് കള്ളക്കേസിൽ ജയിലിൽ പോകേണ്ടിവന്നതും ജോസ് നെല്ലേടമടക്കമുള്ള നേതാക്കന്മാർക്കെതിരെ ആരോപണം ഉന്നയിച്ചതും. ഇതിനിടയിൽ ജാതി അധിക്ഷേപം, വ്യാജ നിയമന വാഗ്ദാനം തുടങ്ങി നിരവധി കേസുകളും പോസ്റ്ററുകൾ പതിക്കലും ആരോപണങ്ങളും നേതാക്കന്മാർക്കെതിരെ ഉണ്ടാവുന്നുമുണ്ട്. പാർട്ടിക്കുള്ളിലെത്തന്നെ പടലപ്പിണക്കങ്ങളാണ് നിയന്ത്രിക്കാൻ പറ്റാത്ത രീതിയിൽ വഷളായി മാറിയത്.

ആരു നിയന്ത്രിക്കും ഈ പാർട്ടിയെ?

സഹകരണ ബാങ്കുകളിലും സ്ഥാപനങ്ങളിലും നിയമനങ്ങൾക്ക് രാഷ്ട്രീയ പാർട്ടികൾ ലക്ഷങ്ങൾ കോഴ വാങ്ങുന്നതും പുറത്ത് എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ നിയമനംപോലെ കേരളത്തിൽ ‘അംഗീകൃതം’ എന്ന നിലയിൽ വളരെ സ്വാഭാവികമായി നടക്കുന്നതാണ്. ഇതിനെതിരെ വ്യക്തികളോ യുവജനസംഘടനകളോ പ്രതിഷേധിക്കാറുമില്ല. അതാണ് കേരളത്തിന്റെ തൊഴിലുമായി ബന്ധപ്പെട്ട നിലവിലെ സാമൂഹ്യ വ്യവസ്ഥ. കഴിവോ യോഗ്യതയോ അല്ല, പണവും സ്വാധീനവുമാണ് തൊഴിൽ നേടാനുള്ള മാനദണ്ഡം. വയനാട്ടിൽ മാത്രമല്ല, കേരളത്തിലെ എല്ലാ ജില്ലകളിലേയും പാർട്ടി സ്ഥാപനങ്ങളിൽ ഇതു നടക്കുന്നുണ്ട്. പ്രാദേശിക നേതാക്കന്മാർ പണമുണ്ടാക്കാനുള്ള മാർഗമായി ഇതിനെ കാണുകയും ഗ്രൂപ്പ് വഴക്കിന്റെ രൂക്ഷതയിൽ ചിലയിടങ്ങളിൽ പ്രശ്നങ്ങളുണ്ടാവുകയും ചെയ്യുന്നതാണ് പതിവ്. വയനാട്ടിൽ അത് ആളുകളുടെ ആത്മഹത്യയിലേയ്ക്ക് കാര്യങ്ങൾ എത്തിച്ചു. അനധികൃതമായി തസ്തികകൾ സൃഷ്ടിച്ചും പിന്നീട് അതിന് നിയമസാധുതകൾ ഉണ്ടാക്കിയെടുത്തും നിയമനത്തട്ടിപ്പുകൾ ജില്ലാനേതാക്കൾ തന്നെ നേരിട്ട് നടത്തുന്നുണ്ടെന്നും സഹകരണത്തട്ടിപ്പിന് പാർട്ടിഭേദമെന്യേ ഇടനിലക്കാരാകുന്ന ജില്ലാ നേതാക്കളും വയനാട് കോൺഗ്രസ്സിലുള്ളതായും ആരോപണങ്ങളുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രാദേശികതലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ വയനാട്ടിൽ സജീവ് ജോസഫ് എം.എൽ.എയ്ക്കാണ് നിലവിൽ ചാർജ്. നേരത്തെ സണ്ണി ജോസഫ് എം.എൽ.എ ആയിരുന്നു ചുമതല വഹിച്ചിരുന്നത്. വയനാട്ടിൽ പലയിടങ്ങളിലും പ്രാദേശികതലത്തിലുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്ന് സജീവ് ജോസഫ് എം.എൽ.എ പറയുന്നു: “മുള്ളൻകൊല്ലിയിലും ചർച്ച നടത്തിയിരുന്നു. അവിടത്തെ പ്രശ്നത്തെക്കുറിച്ച് പ്രത്യേകം റിപ്പോർട്ട് തയ്യാറാക്കി കെ.പി.സി.സിക്ക് സമർപ്പിക്കാനിരിക്കെയാണ് ഇപ്പോഴത്തെ സംഭവങ്ങളെല്ലാം ഉണ്ടായിരിക്കുന്നത്. കെ.പി.സി.സി ഉചിതമായ ഇടപെടലുകൾ വയനാട്ടിൽ നടത്തുമെന്നാണ് പ്രതീക്ഷ. പരിഹരിക്കാൻ പറ്റാത്ത വിഷയങ്ങളൊന്നും വയനാട്ടിലില്ല” -അദ്ദേഹം പറയുന്നു. പരിഹരിക്കാൻ പറ്റാത്ത വിഷയങ്ങളൊന്നും വയനാട്ടിൽ ഇല്ല എന്നു പറയുമ്പോഴും ആരാണ് പരിഹരിക്കേണ്ടത് എന്ന ചോദ്യം ബാക്കിയാവുന്നു. ഡി.സി.സി പ്രസിഡന്റടക്കം ജില്ലയിലെ മുതിർന്ന നേതാക്കളെല്ലാം ആത്മഹത്യക്കേസിൽ ആരോപണവിധേയരും ഗ്രൂപ്പുതർക്കങ്ങളിൽപ്പെടുന്നവരുമാണ്. സംസ്ഥാന നേതൃത്വമാണെങ്കിൽ പ്രാദേശികമായി പരിഹരിക്കേണ്ട പ്രശ്നം എന്ന ലാഘവത്വത്തിലാണ് ഇപ്പോഴും ഇതിനെ കാണുന്നതും. കോൺഗ്രസ് പാർട്ടിയുടെ ഉള്ളുകളികൾക്കപ്പുറം, രാഷ്ട്രീയ പ്രവർത്തകരുടെ മാനസികാരോഗ്യത്തിന്റേയും അവരുടെ കുടുംബങ്ങളുടെ സ്വൈര്യജീവിതത്തിന്റേയും രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന കോഴയും അഴിമതിയും കൂടി പൊതുസമൂഹത്തിൽ ചർച്ചയാവേണ്ടതുണ്ട്. വയനാട്ടിൽ നടക്കുന്ന ദാരുണ സംഭവങ്ങൾ അതിനൊരു തുടക്കമാകേണ്ടതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com