

സെപ്റ്റംബര്‍ 17.
എന്‍.ഡി.എ സര്‍ക്കാര്‍ 100 ദിവസം പൂര്‍ത്തിയാക്കിയത് ഈ ദിവസമാണ്. നരേന്ദ്ര മോദിയുടെ ജന്മദിനവും അന്നായിരുന്നു. സേവാദിവസമെന്ന് പ്രഖ്യാപിച്ചാണ് ഈ ദിനം ബി.ജെ.പിയും എന്‍.ഡി.എ സര്‍ക്കാരും ആഘോഷിച്ചത്. മോദിയുടെ ജന്മദിനവും സര്‍ക്കാരിന്റെ നൂറാംദിനവും ഒന്നിച്ചുവന്നത് യാദൃച്ഛികമായിരിക്കാം. പക്ഷേ, കഴിഞ്ഞ രണ്ട് തവണകളിലേതുപോലെ രാജ്യത്തെ പിടിച്ചുലച്ച പ്രധാന പ്രഖ്യാപനങ്ങളൊന്നും ഇത്തവണയുണ്ടായില്ല. ദേശീയ ചാനലുകളില്‍ 24 മണിക്കൂറും മോദി നിറഞ്ഞുനിന്നില്ല. ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്കും പഴയ ആവേശമില്ല. സെപ്റ്റംബര്‍ 17-ന് ഇത്തവണ ചാനലുകളില്‍ നിറഞ്ഞുനിന്നത് അരവിന്ദ് കെജ്രിവാള്‍ ആയിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിച്ച് താരമായ കെജ്രിവാള്‍.
എന്‍.ഡി.എ സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടികളിലാകട്ടെ, ഞെട്ടിക്കുന്ന രാഷ്ട്രീയ പ്രഖ്യാപനങ്ങളൊന്നും വന്നില്ല. നൂറുദിവസത്തെ മന്ത്രിമാരുടേയും വകുപ്പുകളുടേയും പ്രോഗ്രസ് കാര്‍ഡാണ് പ്രഖ്യാപനങ്ങളില്‍ വന്നതിലൊന്ന്. 39000 കോടി ഡോളറിന്റെ അടിസ്ഥാന സൗകര്യ വികസനപദ്ധതികളാണ് മറ്റൊരു പ്രഖ്യാപനം. ഭവനപദ്ധതിയും പെന്‍ഷന്‍പദ്ധതിയുമൊക്കെ വാഗ്ദാനങ്ങളില്‍പ്പെടുന്നു.
പ്രത്യക്ഷത്തില്‍ കഴിഞ്ഞ രണ്ട് ഭരണകാലയളവുപോലെത്തന്നെയാണ് ഇത്തവണയുമെന്ന് തോന്നും. എന്നിരുന്നാലും, കൂടുതല്‍ ആഴത്തില്‍, സമഗ്രമായി നോക്കുമ്പോള്‍ ചില മാറ്റങ്ങള്‍ പ്രകടമാകും. രാഷ്ട്രീയ തീരുമാനങ്ങളെടുക്കാന്‍ ശക്തനായ, സ്വയം ദൈവികപരിവേഷമുണ്ടെന്നു വിശ്വസിക്കുന്ന മോദിയുടെ കരുത്ത് ചോര്‍ന്നുതുടങ്ങിയോ?
2019-ല്‍ നരേന്ദ്ര മോദി അധികാരത്തിലെത്തി 60 ദിവസങ്ങള്‍ക്കുള്ളിലാണ് മുത്തലാഖ് നിരോധിക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും യു.എ.പി.എ എന്ന വിവാദനിയമം കൊണ്ടുവരുന്നതുമൊക്കെ ആ നൂറുദിവസങ്ങള്‍ക്കുള്ളിലാണ്. 10 പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിച്ച് നാലാക്കി മാറ്റിയതും മോദി അധികാരമേറ്റ് രണ്ടുമാസത്തിനുള്ളിലാണ്. കിട്ടാക്കടം കുറയ്ക്കാനും മൂലധനം മെച്ചപ്പെടുത്താനും ബാങ്കിങ് രംഗത്തെ ഏറ്റവും വലിയ പരിഷ്‌കാരമായിരുന്നു അത്. 2014-ല്‍ ആദ്യമായി അധികാരത്തിലെത്തിയപ്പോഴാകട്ടെ, അരനൂറ്റാണ്ടിലധികം പഴക്കമുള്ള ആസൂത്രണകമ്മിഷന്‍ പിരിച്ചുവിട്ടാണ് മോദി തന്റെ ഭരണം തുടങ്ങിയത്. ഇത്തവണ പക്ഷേ, മോദിക്ക് ആ ധൈര്യം ഉണ്ടായില്ല.
ആദ്യ രണ്ടുതവണയില്‍നിന്ന് വ്യത്യസ്തമായി ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷമില്ലാത്തതിനാല്‍ നിതീഷ് കുമാറിന്റെ ജെ.ഡി.യുവും ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയുമായി സഖ്യത്തിലാണ് ഇത്തവണ സര്‍ക്കാരുണ്ടാക്കിയത്. അതുകൊണ്ടുതന്നെ രാഷ്ട്രീയമായും നയപരമായും തീരുമാനങ്ങളെടുക്കുന്നതിന്റെ വേഗവും കുറഞ്ഞു. സഖ്യകക്ഷി സര്‍ക്കാരിന്റെ നിലനില്‍പ്പിനു പ്രതിസന്ധികള്‍ ഉണ്ടാകാതിരിക്കാന്‍ കടുത്ത തീരുമാനങ്ങളെടുക്കുന്നതില്‍നിന്നും സര്‍ക്കാര്‍ വിട്ടുനിന്നു. ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് തുടങ്ങിയ കരുതല്‍പദ്ധതികളിലൂടെ പ്രതിച്ഛായ മെച്ചപ്പെടുത്താനും സഖ്യകക്ഷികളുടെ സംസ്ഥാനങ്ങളായ ബീഹാറിനും ആന്ധ്രാപ്രദേശിനും സാമ്പത്തിക സഹായമുള്‍പ്പെടെ ചെയ്യാനും ഈ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുമുണ്ട്. ഉന്നത തസ്തികകളിലെ ലാറ്ററല്‍ എന്‍ട്രി നിയമനനീക്കത്തില്‍നിന്ന് പിന്മാറിയതും വഖഫ് ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിട്ടതും ഉള്‍പ്പെടെ ചില നിര്‍ണ്ണായക ഘട്ടങ്ങളില്‍ പിന്നോട്ട് പോയത് സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായത് സഖ്യകക്ഷി സമ്മര്‍ദ്ദത്താലായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്ന് ബി.ജെ.പി വിലയിരുത്തിയ, സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുതിയ രൂപത്തില്‍ അവതരിപ്പിച്ചതിനു പിന്നിലും ഈ കരുത്തുചോര്‍ച്ച കാണാം.
സര്‍ക്കാരുണ്ടെന്ന ബോധ്യപ്പെടുത്തല്‍
ഒറ്റ തെരഞ്ഞെടുപ്പ്, ഏക സിവില്‍കോഡ് തുടങ്ങിയ സുപ്രധാന വിഷയങ്ങളുമായി മുന്നോട്ടുപോകുമെന്ന പ്രഖ്യാപനം തന്നെ സര്‍ക്കാരിന് ഇച്ഛാശക്തിയുണ്ടെന്ന ബോധ്യപ്പെടുത്തലിന്റെ പ്രഖ്യാപനമാണ്. പ്രായോഗികമല്ലെന്ന ബോധ്യമുണ്ടായിട്ടും ഒറ്റ തെരഞ്ഞെടുപ്പ് സംവിധാനമാക്കുമെന്ന് ആവര്‍ത്തിക്കുന്നത് അതിനാണ്. മാര്‍ച്ച് 14-ന് കോവിന്ദ് സമിതി റിപ്പോര്‍ട്ട് നല്‍കിയിട്ടും അധികാരമേറ്റ് 100 ദിവസം പിന്നിട്ടശേഷമാണ് അതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഭാവിയില്‍ പ്രസിഡന്‍ഷ്യല്‍ രീതിയിലേക്കുള്ള തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ മാറ്റമാകണം ബി.ജെ.പി ലക്ഷ്യംവയ്ക്കുന്നത്. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ഭരണഘടനാ ഭേദഗതികളുള്‍പ്പെടെ ആവശ്യമാണ്. നിലവില്‍ എന്‍.ഡി.എയുടെ അംഗബലം വച്ച് ഭരണഘടനാ ഭേദഗതികള്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുക്കുക എളുപ്പമല്ല. പ്രാദേശിക കക്ഷികളുടെ നിലനില്‍പ്പ് തന്നെ ഭീഷണിയായേക്കാവുന്ന ഈ സംവിധാനം സംബന്ധിച്ച് സമവായ സാധ്യതകളുണ്ടാകുമെന്ന് കരുതാനുമാകില്ല. ടി.ഡി.പി അടക്കമുള്ള സഖ്യകക്ഷികളുടെ പ്രതികരണത്തില്‍ ആ വ്യക്തതക്കുറവ് നിഴലിക്കുന്നുമുണ്ട്. അപ്പോള്‍ പിന്നെ എന്തിനാവണം ഇങ്ങനെയൊരു ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നത്.
ദിശാബോധമില്ലാത്ത സര്‍ക്കാരാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും ബി.ജെ.പിയുടെ നില കൂടുതല്‍ അസ്ഥിരമാകുകയാണെന്നും വ്യക്തമാകും. ഓരോ ദിവസവും നേരിടുന്ന രാഷ്ട്രീയ പ്രശ്നങ്ങള്‍ പരിഹാരബാധ്യതയായി എന്‍.ഡി.എയ്ക്ക് മാറുന്നുമുണ്ട്. അതിനു പുറമേ സര്‍ക്കാരിനെതിരേ ദിനംപ്രതി ആരോപണങ്ങളുമുയരുന്നു. ഓഹരിവിപണി നിയന്ത്രണ ഏജന്‍സിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) മേധാവി മാധബി ബുച്ചിനെതിരെ ചൈനീസ് കമ്പനികളില്‍ നിക്ഷേപമുണ്ടെന്നും പൊതുമേഖലാ ബാങ്കുകള്‍ 10 കമ്പനികള്‍ക്ക് 61,832 കോടി രൂപ വായ്പ നല്‍കിയെന്നും എന്നാല്‍, ഈ കമ്പനികളെല്ലാം ഒറ്റയടിക്ക് 16,000 കോടി രൂപയ്ക്ക് അദാനി ഗ്രൂപ്പിന് വിറ്റുവെന്നും ആരോപണമുയര്‍ന്നിരുന്നു. പ്രധാനമന്ത്രി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത് അദാനിക്കു വേണ്ടിയാണെന്ന കോണ്‍ഗ്രസിന്റെ ആരോപണം ശരിയാണെന്നു ബോധ്യപ്പെടുത്തുന്ന നടപടികളാണ് മോദി സ്വീകരിച്ചതും. ഭാവിയിലെങ്കിലും അദാനിയുമായുള്ള ചങ്ങാത്തം മോദിക്കു വിശദീകരിക്കേണ്ടിവരും. പക്ഷേ, അത് ജനങ്ങള്‍ എത്രമാത്രം വിശ്വാസത്തിലെടുക്കുമെന്നാണ് കാണേണ്ടത്.
തെരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ തന്നെ ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. സാധാരണ വിളിച്ചുചേര്‍ക്കാറുള്ളത് പുതിയ എം.പിമാരുടെ യോഗമായിരുന്നു. ഇത്തവണ മോദി വിളിച്ചത് എന്‍.ഡി.എ യോഗം. ആ യോഗത്തില്‍ പ്രധാനമന്ത്രിയായി താന്‍ തന്നെയെന്ന് ഉറപ്പിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം മുതിര്‍ന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ബി.ജെ.പിയുടെ നേതൃത്വത്തെ പരസ്യമായി ചോദ്യം ചെയ്തിരുന്നു. സ്വന്തം പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകര്‍ക്കും സംഘപരിവാറിനുമിടയില്‍ തന്റെ നിലനില്‍പ്പിനായി ഈ നീക്കത്തിലൂടെ ആത്മവിശ്വാസം കണ്ടെത്തുകയായിരുന്നു മോദിയും കൂട്ടരും.
തെരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളമുള്ള മോദിയുടെ മുസ്ലിംവിരുദ്ധ പരാമര്‍ശങ്ങളുടെ ഔചിത്യക്കുറവ് ചൂണ്ടിക്കാട്ടി ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് പരസ്യമായി രംഗത്തുവന്നു. മണിപ്പൂരില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രചരണത്തിലുടനീളം നിശ്ശബ്ദത പാലിച്ച ആര്‍.എസ്.എസ്സിന് ഭരണവിരുദ്ധ വികാരമുണ്ടെന്നു നേരത്തെ ബോധ്യപ്പെട്ടിരുന്നുവെന്ന് വേണം കരുതാന്‍. കേവലഭൂരിപക്ഷം ഉറപ്പിക്കില്ലെന്ന് വന്നതോടെ എതിര്‍ശബ്ദങ്ങള്‍ ഉയര്‍ന്നു. അത് മോഹന്‍ ഭഗവതില്‍നിന്നുതന്നെ തുടങ്ങിയെന്ന് മാത്രം. മോദിക്കെതിരെ മാത്രമല്ല, ബി.ജെ.പിയുടെ കേന്ദ്രനേതൃത്വത്തിനെതിരേയുമായിരുന്നു ആ വിമര്‍ശനം. പ്രതിപക്ഷത്തെ വിരോധികളായി കാണുന്നില്ലെന്ന പരാമര്‍ശവും ഭഗവത് നടത്തി. ചില ആളുകള്‍ക്ക് സൂപ്പര്‍മാന്‍ ആകാനും പിന്നീട് ഭഗവാനുമാകാനാണ് താല്പര്യമെന്ന് മോഹന്‍ ഭഗവതിന്റെ ഒളിയമ്പ് മോദിക്കെതിരെ തന്നെയായിരുന്നു. ഈ സാഹചര്യത്തിലാണ് മോദി തന്റെ പ്രധാനമന്ത്രി സ്ഥാനം ഉറപ്പിക്കാന്‍ എന്‍.ഡി.എ യോഗം വിളിച്ചതും.
ബി.ജെ.പിയില്‍ നേരത്തെ പിടിമുറുക്കിയ മോദിക്ക് മാതൃസംഘടനയില്‍നിന്ന് വിമതശബ്ദം നേരിടേണ്ടിവരുന്നുവെന്നത് ചെറിയ കാര്യമല്ല. പൊതുവികാരം മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ ആര്‍.എസ്.എസ് തുടങ്ങിയെന്ന് വേണം ഇതില്‍നിന്നു മനസ്സിലാക്കാന്‍. സാമ്പത്തിക കെടുകാര്യസ്ഥതയും ചങ്ങാത്ത മുതലാളിത്തവും തുടരുന്നത് അബദ്ധമാണെന്ന തിരിച്ചറിവ് ഒരുപക്ഷേ, അവര്‍ക്കുണ്ടാകണം. ഒരു നേതാവിനെ മാത്രമായി പിന്തുണയ്ക്കുന്ന അവസ്ഥ അവര്‍ക്കിനി ആവശ്യമില്ലെന്നതിന്റെ ഉദാഹരണമായി ഈ പ്രസ്താവനകളെ ചൂണ്ടിക്കാട്ടുന്നു. ഒരു ആശയത്തിനോ ഒരു വ്യക്തിക്കോ മാത്രമായി ഒരു രാഷ്ട്രത്തെ നിര്‍മ്മിക്കാനോ തകര്‍ക്കാനോ സാധിക്കില്ലെന്ന മോഹന്‍ ഭഗവതിന്റെ പ്രസ്താവന ഇതിനോട് ചേര്‍ത്തുവായിക്കേണ്ടിവരും. തെരഞ്ഞെടുപ്പിനു മുന്‍പ് ആര്‍.എസ്.എസ്സിന്റെ പിന്തുണയില്‍ നിലനില്‍ക്കുന്ന സ്ഥിതിയില്‍നിന്നു വളര്‍ന്ന് ബി.ജെ.പി സ്വയംപര്യാപ്തത നേടിക്കഴിഞ്ഞുവെന്ന് ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ പറയുകയും ചെയ്തിരുന്നു. 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ആര്‍.എസ്.എസ്സിന് ബി.ജെ.പിയില്‍ പരിപൂര്‍ണ്ണ നിയന്ത്രണം നേടുന്നതിന്റെ ഭാഗമാകാം പുതിയ പാര്‍ട്ടി പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള കാലതാമസവും.
പാര്‍ട്ടിനേതൃത്വത്തിലുള്ള ഈ അങ്കലാപ്പ് ചില നടപടികളിലും കാണാനാകും. കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 90 സീറ്റുകളിലും സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാല്‍, പിന്നീട് കശ്മീര്‍ താഴ്വരയിലെ 19 സീറ്റുകളില്‍ മാത്രമായി മത്സരിക്കാന്‍ ബി.ജെ.പി തീരുമാനിച്ചു. ശ്രീനഗറിലൊഴികെ വേറെ എവിടെയും പാര്‍ട്ടിക്കു വിജയപ്രതീക്ഷയില്ലെന്നതാണ് വാസ്തവം. 10 വര്‍ഷത്തിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് കശ്മീരിലേത്. പ്രത്യേക അധികാരം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയശേഷമുള്ള വിധിയെഴുത്ത്. അതിര്‍ത്തികള്‍ പുനര്‍നിര്‍ണ്ണയിച്ച ശേഷം സെപ്റ്റംബര്‍ 30-നകം ജനാധിപത്യം പുന:സ്ഥാപിക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനത്തിനൊടുവിലാണ് തെരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്. കശ്മീരിന്റെ രാഷ്ട്രീയദിശ നിര്‍ണ്ണയിക്കപ്പെടുന്ന ഈ തെരഞ്ഞെടുപ്പ് ബി.ജെ.പിയുടെ കഴിഞ്ഞകാല ചെയ്തികളെ ഓഡിറ്റ് ചെയ്യുമെന്നതില്‍ തര്‍ക്കമില്ല. ഹരിയാനയിലെ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയില്‍ അങ്കലാപ്പുണ്ട്. സ്ഥാനാര്‍ത്ഥിപ്പട്ടികയെച്ചൊല്ലി കലഹവും കരച്ചിലും തുടരുന്നു. മുന്‍മന്ത്രിമാരടക്കം പലരും കോണ്‍ഗ്രസ്സിലേക്ക് ചേക്കേറിക്കഴിഞ്ഞു. പാര്‍ട്ടിയുടെ പേരുകേട്ട അച്ചടക്കം ഇപ്പോള്‍ എങ്ങും കാണാനില്ല. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയില്‍നിന്ന് പകുതി സീറ്റുകളും 12 ശതമാനം വോട്ട് വിഹിതവും പിടിച്ചെടുത്ത് കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ബി.ജെ.പിക്ക് അത് രാഷ്ട്രീയ തിരിച്ചടിയാണ്. നവംബറില്‍ മഹാരാഷ്ട്രയിലും അടുത്തവര്‍ഷം ആദ്യം ഝാര്‍ഖണ്ഡിലും ഡല്‍ഹിയിലും നിയമസഭാതെരഞ്ഞെടുപ്പുകള്‍ നടക്കും. ഈ അഞ്ച് സംസ്ഥാനങ്ങളും ബി.ജെ.പിയുടെ ബലാബലം പരീക്ഷിക്കുമെന്നുറപ്പാണ്.
പ്രശ്നങ്ങള്‍ തുടരുന്നു
കഴിഞ്ഞ ദശാബ്ദങ്ങളിലെ പരാജയം ഉള്‍ക്കൊണ്ട് ചില തിരുത്തലുകളും ഈ നൂറുദിവസത്തിനുള്ളില്‍ എന്‍.ഡി.എ സര്‍ക്കാര്‍ നടത്തി. തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യം കണക്കാക്കി അഞ്ചിന പദ്ധതികളുടെ പാക്കേജ് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമേ കോര്‍പ്പറേറ്റുകള്‍ക്ക് ഇന്‍സെന്റീവുകള്‍ നല്‍കി ഇന്റേണ്‍ഷിപ്പ് പദ്ധതിയും നടപ്പിലാക്കുമെന്നറിയിച്ചു. ഇത് രണ്ടും കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് പത്രികയിലുള്ള വാഗ്ദാനങ്ങളാണെന്നതാണ് രസകരം. ബജറ്റ് പിന്നിട്ടിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ബാക്കി നടപടികളായിട്ടില്ല. ഏറ്റവുമൊടുവിലെ കണക്ക് പ്രകാരം ഈ സാമ്പത്തികവര്‍ഷം ആദ്യ ക്വാര്‍ട്ടറില്‍ ജി.ഡി.പി വളര്‍ച്ച 6.7 ശതമാനമായി കുറയുകയാണുണ്ടായത്. അതായത് ആഘോഷിക്കപ്പെട്ട സാമ്പത്തിക വളര്‍ച്ച ദിവാസ്വപ്‌നമായേക്കുമെന്നര്‍ത്ഥം.
അതേസമയം ഭക്ഷ്യ-വളം സബ്സിഡികള്‍ വെട്ടിക്കുറച്ചു. തൊഴില്‍വരുമാനത്തിലെ കുറവ് നികത്താന്‍ സാധാരണക്കാര്‍ക്ക് ഒരുവഴിയുമില്ലാതായി. ഗ്രാമങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയിലെ പങ്കാളിത്തം കൂടിയത് തൊഴിലില്ലായ്മയുടെ മറ്റൊരു സൂചകമാണ്. ഈ സാമ്പത്തികവര്‍ഷം 25 ലക്ഷം പേരാണ് പുതിയതായി ഈ പദ്ധതിയില്‍ ചേര്‍ന്നത്. നിലവില്‍ 5.8 കോടി ജനങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. കാര്‍ഷികവിളകള്‍ക്കുള്ള ഇന്‍ഷ്വറന്‍സ്, യൂറിയ സബ്സിഡി എന്നിവയൊക്കെ വെട്ടിക്കുറച്ചു. തൊഴിലുറപ്പ് പദ്ധതിക്ക് സംഭവിച്ചതുപോലെ പി.എം. കിസാന്‍ പദ്ധതിക്കുള്ള വിഹിതവും വര്‍ദ്ധിപ്പിച്ചിട്ടില്ല. അതായത് കൂടുതല്‍ പേര്‍ ഗുണഭോക്താക്കളാകുമ്പോള്‍ വിഹിതം കുറയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
ഇത്തവണത്തെ ബജറ്റ് പൂര്‍ണ്ണമായും എന്‍.ഡി.എ ഘടകക്ഷികള്‍ക്കു വേണ്ടിയുള്ളതുമായിരുന്നു. പല പദ്ധതികളും ആന്ധ്രപ്രദേശും ബീഹാറും കേന്ദ്രീകരിച്ചവ. ബീഹാറിലെ റോഡ് വികസനത്തിനായി 26,000 കോടി രൂപയുടെ പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. 2400 മെഗാവാട്ടിന്റെ ഊര്‍ജ്ജപ്ലാന്റിന് 21,400 കോടിയുടെ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. ആന്ധ്രപ്രദേശിന്റെ തലസ്ഥാനം നിര്‍മ്മിക്കുന്നതിനായി വിവിധ ഏജന്‍സികള്‍ വഴി പ്രത്യേക ധനസഹായം നല്‍കും. ഈ വര്‍ഷം 15,000 കോടി അനുവദിക്കും. ആവശ്യമായ തുക വരും വര്‍ഷങ്ങളില്‍ അനുവദിക്കും. തലസ്ഥാനമായി അമരാവതിയെ വികസിപ്പിക്കാന്‍ ധനസഹായം വേണമെന്നു സഖ്യകക്ഷി നേതാവായ ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടിരുന്നു.
മൂന്നാം ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനെ പ്രത്യേക പദവി വേണമെന്ന് ബീഹാര്‍, ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിന് ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയുടേയും നിതീഷ് കുമാറിന്റെ ജെ.ഡി.യുവിന്റേയും പിന്തുണയുള്ളതിനാല്‍ ഇരു പാര്‍ട്ടികളേയും പിണക്കാത്ത തീരുമാനത്തിലേക്കാണ് ധനമന്ത്രി എത്തിയത്. ബീഹാറിനു പ്രത്യേക സംസ്ഥാന പദവി നല്‍കാനാവില്ലെന്നു കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ്, സഖ്യകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ധനസഹായവും പദ്ധതികളും പ്രഖ്യാപിച്ചത്. പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചതോടെ എന്‍.ഡി.എയ്ക്കുള്ളിലെ പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ കഴിഞ്ഞെന്ന ആത്മവിശ്വാസത്തിലാണ് സര്‍ക്കാര്‍.
ഉന്നത തസ്തികകളിലെ ലാറ്ററല്‍ എന്‍ട്രി നിയമനനീക്കത്തില്‍നിന്ന് പിന്മാറിയതും വഖഫ് - ബ്രോഡ്കാസ്റ്റിങ് ഭേദഗതി ബില്ലുകള്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്കുവിട്ടതും ഉള്‍പ്പെടെ ചില നിര്‍ണ്ണായക ഘട്ടങ്ങളില്‍ സര്‍ക്കാരിനു പിന്നാക്കം പോകേണ്ടിവന്നു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിയില്‍ ബി.ജെ.പിക്കു പിന്തുണയുമായി ബീഹാറിലെ സഖ്യകക്ഷികളായ ജനതാദള്‍ (യു), എല്‍.ജെ.പി (റാം വിലാസ്), ഹിന്ദുസ്ഥാനി അവാം മോര്‍ച്ച പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ടെങ്കിലും സമ്മര്‍ദ്ദവും വിലപേശലും സര്‍ക്കാര്‍ നേരിടേണ്ടിവരും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്ന് ബി.ജെ.പി വിലയിരുത്തിയ, സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുതിയ രൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.
പ്രതിപക്ഷനേതാവെന്ന നിലയില്‍ ലോക്സഭയിലെ കന്നിപ്രസംഗത്തില്‍ ഭരണഘടന മുതല്‍ മണിപ്പൂര്‍ വരെയുള്ള വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി സര്‍ക്കാരിനേയും മുഖ്യഭരണകക്ഷിയേയും പ്രതിസന്ധിയിലാക്കി. 'ബാലബുദ്ധി' എന്ന് പറഞ്ഞ് നേരിട്ട മോദിയുടെ പരാമര്‍ശം അനൗചിത്യത്തിന്റെ ആഘോഷവുമായി. അതിനിര്‍ണ്ണായക ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാതെ സര്‍ക്കാര്‍ മൗനം പാലിക്കുന്നതും പാര്‍ലമെന്റിന്റെ പല സമ്മേളനങ്ങളും ഫലശൂന്യമാകുന്നതും രാജ്യം കഴിഞ്ഞ വര്‍ഷങ്ങളില്‍ കണ്ടു. എന്നാല്‍ ഇത്തവണ, പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ നിറഞ്ഞുനിന്നത് പ്രതിപക്ഷമാണ്.
ഇതുവരെയുള്ള മോദി ഭരണം മികച്ചതായിരുന്നെന്നും തെരഞ്ഞെടുപ്പ് ഫലത്തില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പരിഷ്‌കരണവുമായി മുന്നോട്ടുപോകുമെന്നുമാണ് അനുകൂലികളുടെ വാദം. ജനപ്രീതിയില്‍ ഇപ്പോഴും ഇടിവുണ്ടായിട്ടില്ലെന്നു വാദിക്കുന്ന ഇവര്‍ നെഹ്റുവിന് ശേഷം തുടര്‍ച്ചയായി മൂന്നുതവണ പ്രധാനമന്ത്രി പദത്തിലെത്തിയെന്ന വിശേഷണം മോദിക്ക് ചാര്‍ത്തിനല്‍കുന്നു. 2004 മുതല്‍ 2014 വരെ യു.പി.എ ഭരണകാലയളവില്‍ കോണ്‍ഗ്രസ്സിനുണ്ടായിരുന്ന സീറ്റിനെക്കാള്‍ കൂടുതല്‍ ഇന്ന് ബി.ജെ.പിക്കുണ്ടെന്നും ഇവര്‍ വാദിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
