

പിണറായി വിജയന്റെ നേതൃത്വത്വത്തില്‍ രണ്ടാമത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിനു തൊട്ടുമുന്‍പാണ് ജോണ്‍ ബ്രിട്ടാസിനെ രാജ്യസഭയിലേയ്ക്ക് തെരഞ്ഞെടുത്തത്, 2021 ഏപ്രിലില്‍. ജൂണ്‍ എട്ടിനു സത്യപ്രതിജ്ഞ ചെയ്ത് എം.പിയാവുകയും ചെയ്തു. അത് രണ്ടാം മോദി സര്‍ക്കാരിന്റെ കാലമായിരുന്നു. അപ്പോഴും പിന്നീട് മൂന്നാമതും മോദി സര്‍ക്കാര്‍ വന്നശേഷവും ശക്തമായ ഇടപെടലുകളിലൂടെ അതിവേഗം ശ്രദ്ധ നേടിയ പാര്‍ലമെന്റേറിയനാണ്. സി.പി.എം അഭിമാനത്തോടെ അവതരിപ്പിക്കുകയും ജനാധിപത്യ, മതേതരപക്ഷം സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. പാര്‍ലമെന്റിലെ ഓരോ പ്രസംഗവും സമൂഹമാധ്യമങ്ങളിലൂടെ ദശലക്ഷക്കണക്കിന് ആളുകള്‍ കാണുകയും കേള്‍ക്കുകയുമാണ്. നരേന്ദ്ര മോദിയേയും അമിത് ഷായേയും സംഘപരിവാറിനെ പൊതുവെയും അലോസരപ്പെടുത്തുന്ന രാഷ്ട്രീയ പ്രസംഗങ്ങള്‍. വഖഫ് നിയമഭേദഗതി ബില്‍ ചര്‍ച്ചയില്‍ നടത്തിയ പ്രസംഗം അതില്‍ ഒടുവിലത്തേതാണ്.
ദേശാഭിമാനി കണ്ണൂര്‍ ബ്യൂറോയില്‍ തുടങ്ങി രാജ്യ തലസ്ഥാനത്തെ പ്രതിനിധിയായ ശേഷമാണ് കൈരളി ടി.വി എം.ഡിയും ചീഫ് എഡിറ്ററുമായത്. സി.പി.എം 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് കേന്ദ്ര കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവായി ഉള്‍പ്പെടുത്തുകയും ചെയ്തു.
പാര്‍ലമെന്ററി പ്രവര്‍ത്തനം ആവേശകരമായ അനുഭവങ്ങളായിക്കൂടി മാറുന്നതിനെ എങ്ങനെ സ്വയം വിലയിരുത്തുന്നു?
മാധ്യമപ്രവര്‍ത്തനത്തില്‍നിന്നു രാഷ്ട്രീയ പ്രവര്‍ത്തനത്തിലേയ്ക്കുള്ള മാറ്റത്തില്‍ വൈരുധ്യമില്ല. അങ്ങനെയുണ്ട് എന്നു പറയുന്നവര്‍ക്കു ഞാന്‍ നല്‍കാറുള്ള മറുപടി, ഏതു ഘട്ടത്തിലാണ് നമ്മുടെ മാധ്യമപ്രവര്‍ത്തനത്തില്‍നിന്നു രാഷ്ട്രീയം ചോര്‍ന്നുപോയത് അപ്പോഴാണ് മാധ്യമപ്രവര്‍ത്തനത്തിനു തകരാറ് സംഭവിച്ചു തുടങ്ങിയത് എന്നാണ്. ഇന്ത്യയിലെ മികച്ച മാധ്യമപ്രവര്‍ത്തകരുടെ പട്ടിക തയ്യാറാക്കി നോക്കൂ; മഹാത്മാഗാന്ധി, ബി.ആര്‍. അംബേദ്കര്‍, നാലോ അഞ്ചോ ഭാഷയില്‍ മാധ്യമപ്രവര്‍ത്തനം നടത്തിയ ഭഗത് സിംഗ് തുടങ്ങി നിരവധിപ്പേര്‍; അതുപോലെതന്നെ കേരളത്തിന്റെ മാധ്യമ മേഖലയ്ക്ക് അലകും പിടിയും സമ്മാനിച്ചവരില്‍ ബഹുഭൂരിഭാഗവും മികച്ച രാഷ്ട്രീയക്കാരുമായിരുന്നു. എന്നാണോ രാഷ്ട്രീയം ചോര്‍ന്നുപോയത് അന്നാണ് മാധ്യമപ്രവര്‍ത്തനത്തിനു ദിശ നഷ്ടപ്പെട്ടത്. എന്റെ കാര്യത്തില്‍, ജെ.എന്‍.യുവില്‍ പഠിച്ചതിന്റെയൊരു എക്‌സ്പോഷറും എക്‌സ്പീരിയന്‍സും സഹായമായിട്ടുണ്ട്. മോദി ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങളേയും നടപടികളേയും ചെറുക്കാന്‍ സാമാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനംകൊണ്ട് പറ്റില്ല. അതിനൊരു സാമൂഹികവും സാംസ്‌കാരികവുമായ അടിസ്ഥാനം കൂടി വേണം. ആ ഒരു ഘടകത്തെ അഡ്രസ് ചെയ്യാന്‍ പറ്റുന്നുണ്ട് എന്നതാണ് എനിക്കു സംതൃപ്തി നല്‍കുന്ന കാര്യം. ഒരുപക്ഷേ, ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തനം നടത്തിയും വിദ്യാര്‍ത്ഥിയായും പ്രവര്‍ത്തിച്ചതിന്റെ ഗുണം എനിക്ക് അതില്‍ വരുന്നുണ്ട്. പിന്നെ, ഈ കാലഘട്ടം ആരെയും ഇതുപോലെയൊരു പോരാട്ടത്തിനു സജ്ജരാക്കും. ഡല്‍ഹിയില്‍ പോരാടാന്‍ ഇപ്പോള്‍ നമ്മളെപ്പോലെ അപൂര്‍വം പേരേയുള്ളൂ. പ്രതിപക്ഷം എന്നു പറയുന്ന പല ആളുകളും യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷ റോള്‍ നിര്‍വഹിക്കാതെ വരുമ്പോള്‍ ഞങ്ങളത് കൂടുതലായി നിര്‍വഹിക്കേണ്ടിവരും. ആന കുത്താന്‍ വന്നാല്‍ ആരും പി.ടി. ഉഷയെക്കാള്‍ വേഗത്തില്‍ ഓടുമല്ലോ; നമ്മള്‍ ഓട്ടക്കാരായതുകൊണ്ടല്ല അത്. പ്രത്യേക സന്ദര്‍ഭം ആവശ്യപ്പെടുന്നതാണ്. അങ്ങനെ, പ്രത്യേക സന്ദര്‍ഭം ഇടതുപക്ഷ പാര്‍ലമെന്റംഗങ്ങളുടെ ചുമലില്‍ നല്‍കുന്ന അധിക ഉത്തരവാദിത്തമാണിത്.
രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട നിലപാടില്‍ മൊത്തം പ്രതിപക്ഷം അങ്കലാപ്പിലായിരുന്നു. മോദിയാണെങ്കില്‍ അതൊരു പ്രത്യേക വിഷയമാക്കി, പാര്‍ലമെന്റിന്റെ പോലും അംഗീകാരം വാങ്ങുന്ന തലത്തിലേയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലും. കോണ്‍ഗ്രസ് ആ ചടങ്ങില്‍ പങ്കെടുക്കുന്നു. ഈയൊരു സന്ദര്‍ഭത്തിലാണ് രാമന്‍ മോദിക്ക് അവകാശപ്പെട്ടതോ ബി.ജെ.പിക്ക് അവകാശപ്പെട്ടതോ അല്ല എന്നത് കൃത്യമായി ചൂണ്ടിക്കാട്ടി സംസാരിച്ചത്. രാമന്‍ മഹാത്മാഗാന്ധിയുടെ രാമനാണ്. സ്‌നേഹത്തിന്റേയും സൗമനസ്യത്തിന്റേയും സാഹോദര്യത്തിന്റേയും ആ രാമന്‍ മോദിവിരുദ്ധ പക്ഷത്തിന്, അതായത് ഞങ്ങള്‍ക്കൊക്കെ അവകാശപ്പെട്ടതാണ്. ''നിങ്ങളുടെ രാമന്‍ എന്നത് മറ്റേ രാമനാണ്; നാഥുറാം'' എന്ന് അവരുടെ മുഖത്തു നോക്കിപ്പറഞ്ഞു. യഥാര്‍ത്ഥത്തില്‍ അതിനുശേഷമാണ് പകച്ചുനിന്ന പ്രതിപക്ഷത്തെ പല ആള്‍ക്കാരും അവരുടെ നരേറ്റീവിലേയ്ക്ക് ആ ഒരു കാര്യം കൊണ്ടുവന്നത്. എനിക്ക് പലപ്പോഴും ചാരിതാര്‍ത്ഥ്യം തോന്നാറുണ്ട്. അതു വ്യക്തിപരമായ കേമത്തമോ ഗുണമോ അല്ല; ഇടതുപക്ഷ രാഷ്ട്രീയം എനിക്കു നല്‍കിയ ദിശാബോധമുണ്ട്. ബേസിക്കലി, എനിക്കു നല്‍കിയ ഒരു അധിക ജാലകമുണ്ട്. ആ ജാലകമാണ് എനിക്ക് ഈ രീതിയിലൊക്കെ പ്രവര്‍ത്തിക്കാന്‍ പ്രേരകമാകുന്നത്.
സംഘടനാപരമായി ചെറുതായിരിക്കുമ്പോഴും രാജ്യത്തെ ഫാസിസ്റ്റുവിരുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ആശയപരമായ നേതൃത്വം നല്‍കുന്നത് ഇടതുപക്ഷമാണ്; അതില്‍ സി.പി.എമ്മിനു വലിയ റോളുണ്ട്. എം.എ. ബേബി ജനറല്‍ സെക്രട്ടറിയായ ശേഷം പറഞ്ഞ മൂന്നു മുന്‍ഗണനാ കാര്യങ്ങളില്‍ രണ്ടാമത്തേത് പാര്‍ട്ടി കൂടുതല്‍ ശക്തമാക്കുക എന്നതാണ്. കേന്ദ്ര കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവ് കൂടിയാണല്ലോ. എങ്ങനെയാണ് സി.പി.എമ്മിനേയും ഇടതുപക്ഷത്തേയും കൂടുതല്‍ ശക്തമാക്കുക?
ജീവിതത്തിന്റെ നല്ലൊരു ഭാഗം ജീവിച്ചത് കേരളത്തിനു പുറത്താണ്; ഇതുവരെയുള്ള ജീവിതത്തില്‍ പാതിയിലേറെക്കാലം. എനിക്ക് അറിയാനും അനുഭവിക്കാനും കഴിഞ്ഞ ഒരു കാര്യം, സി.പി.എമ്മിനും ഇടതുപക്ഷത്തിനും സംഘടനാ പരിധിക്കപ്പുറത്ത് എത്രയോ സ്വാധീനമാണുള്ളത്. ഇന്ത്യയിലെ പ്രധാനപ്പെട്ട കമ്പനികളില്‍ പലതുമായും സഹകരിക്കാന്‍ അവസരമുണ്ടായപ്പോള്‍ കാണാന്‍ കഴിഞ്ഞത് അവിടെയൊക്കെ മികച്ച ഇടതുപക്ഷ ആള്‍ക്കാരുണ്ട് എന്നാണ്. ഇടതുപക്ഷ കക്ഷികളുടെ സംഘടനാപരമായ നാലതിരുകള്‍ക്കപ്പുറത്ത് ഈയൊരു സ്വാധീനവലയം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ മോദിയേയും ബി.ജെ.പിയേയും ഭയപ്പെടുത്തുന്നത് അതാണ്. ഇപ്പോഴും മറ്റു പ്രതിപക്ഷ കക്ഷികള്‍ക്കുപോലും ദാര്‍ശനികമായ, ആശയപരമായ അടിത്തറ നല്‍കുന്നത് ഇടതുപക്ഷമാണ്. അതിന്റെയൊരു രാഷ്ട്രീയമായ മാനം വലുതാണ്. പക്ഷേ, ഇതു മാത്രം പോരാ. അതാണ് ഞങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നം. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ഘടന വെച്ച് നോക്കുമ്പോള്‍, അതിന്റെ സംഘടനാപരമായ അടിത്തറ കുറേക്കൂടി വിപുലമാക്കാന്‍, പാര്‍ലമെന്റിലെ സ്വാധീനം കുറേക്കൂടി മികച്ചതാക്കാന്‍ സാധിക്കേണ്ടതുണ്ട്, അവിടെയാണ് ഇടതുപക്ഷം ഇപ്പോഴും പരാജയപ്പെടുന്നത്. അക്കാദമിക രംഗത്ത് രാജ്യത്തെവിടെ നോക്കിയാലും ഇടതുപക്ഷത്തിന്റെ സ്വാധീനമുണ്ട്. ഏതു യൂണിവേഴ്സിറ്റിയില്‍നിന്നു നല്ലൊരു പഠനം പുറത്തിറങ്ങണമെങ്കിലും അതില്‍ മാര്‍ക്‌സിയന്‍ സ്റ്റഡിയുടെ പിന്‍ബലം വേണം. അതിപ്പോള്‍, അമേരിക്കന്‍ യൂണിവേഴ്സിറ്റിയാണെങ്കില്‍പ്പോലും മാര്‍ക്‌സിയന്‍ സ്റ്റഡിയുടെ അടിത്തറയില്‍നിന്നുകൊണ്ടു മാത്രമേ കാര്യങ്ങളെ ശരിയായി വിലയിരുത്താന്‍ കഴിയുകയുള്ളൂ. അതൊരു യാഥാര്‍ത്ഥ്യമാണ്. പക്ഷേ, ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി ഇടതുപക്ഷത്തിന്റെ സാന്നിധ്യം പാര്‍ലമെന്റിലും രാഷ്ട്രീയവേദികളിലും കുറഞ്ഞുവരുന്നു എന്നതാണ്; അതു വലിയ ഒരു ചലഞ്ചാണ്. എനിക്കു തോന്നുന്നു, സി.പി.എമ്മിന്റെ ചരിത്രത്തിലെ, ഇടതുപക്ഷത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയുടെ സമയമാണ് ഇത്. മുന്‍പൊക്കെ വലിയ പ്രതിസന്ധികളുണ്ടായിട്ടുണ്ട്. ഉദാഹരണത്തിന്, ഇന്ത്യാ-ചൈന യുദ്ധ സമയത്ത്, അതുപോലെ കല്‍ക്കത്താ തിസീസിന്റെ സമയത്ത് ഒക്കെ വലിയ പ്രതിസന്ധികളും അടിച്ചമര്‍ത്തലുമുണ്ടായിട്ടുണ്ട്. പക്ഷേ, ഇതുപോലത്തെ ഒരു പ്രശ്‌നം ഉണ്ടായിട്ടില്ല. ഇതാണ് ഏറ്റവും വലിയ പ്രതിസന്ധി. ഇതു മറികടക്കാന്‍, മുറിച്ചുകടക്കാന്‍ രണ്ടു കാര്യങ്ങളുണ്ട് എന്നാണ് മനസ്സിലാകുന്നത്. ഒന്ന്, ഇടതുപക്ഷ ആശയത്തോട് ആഭിമുഖ്യമുള്ള ആളുകളെ ഇതിലേയ്ക്ക് എത്തിക്കാന്‍ കഴിയണം. അവരെ മോട്ടിവേറ്റ് ചെയ്യണം. അവര്‍ ഇടതുപക്ഷത്തിനുവേണ്ടി ചിന്തിക്കുന്നവരാണ്. പക്ഷേ, ഒരു മോട്ടിവേഷന്റെ അഭാവമുണ്ട്. രണ്ട്, ബി.ജെ.പി-ആര്‍.എസ്.എസ് ഗവണ്‍മെന്റിനെ പരാജയപ്പെടുത്തണമെങ്കില്‍ ചില്ലറയല്ലാത്ത രാഷ്ട്രീയ തന്ത്രപരമായ നിലപാടുകള്‍ വേണം. അതിനു ഭൗതികമായും തന്ത്രപരമായും കുറേ ഇന്‍പുട്സ് കൊടുക്കാന്‍ കഴിയുന്ന നിലയിലേയ്ക്ക് ഇടതുപക്ഷം മാറണം. ഈ രണ്ടു കാര്യങ്ങള്‍ പ്രധാനമാണ്. സ്വന്തമായി അടിത്തറ വര്‍ദ്ധിപ്പിക്കേണ്ടത് ആവശ്യമാണ്. നമ്മുടെ പല ബൂര്‍ഷ്വാ കക്ഷികളും ബി.ജെ.പിക്ക് എതിരാണെങ്കില്‍പ്പോലും ഇടതുപക്ഷം ശക്തമാണെങ്കില്‍ മാത്രമേ ഇടതുപക്ഷത്തിന്റെ നിരയിലേയ്ക്ക് വരികയുള്ളൂ. മുന്‍പ്, അന്‍പതും അറുപതും എം.പിമാരൊക്കെ ഉള്ള സമയത്ത് ഇങ്ങോട്ട് അണിചേര്‍ക്കാന്‍ വളരെ എളുപ്പമായിരുന്നു. ഇപ്പോള്‍ അതല്ല സ്ഥിതി. അതുകൊണ്ട് ഇതൊരു പ്രതിസന്ധിയുടെ കാലമാണ്.
കേരളത്തിന്റെ സാഹചര്യം പുറമേ കാണുന്നതിനേക്കാള്‍ ആപല്‍ക്കരമായ വര്‍ഗീയ ചേരിതിരിവുള്ളതാണ് എന്ന വിലയിരുത്തലുകള്‍ ശരിയാണോ, എങ്ങനെ മറികടക്കും?
കേരളം ഇന്ത്യയുടെ ഭാഗമാണല്ലോ. നമുക്കങ്ങനെ പൂര്‍ണമായി ഐസൊലേറ്റ് ചെയ്തു നില്‍ക്കാന്‍ പറ്റില്ല. ഇടതുപക്ഷം ശക്തമായിട്ടും കേരളം ഇങ്ങനെ വര്‍ഗീയശക്തികള്‍ക്ക് സ്വാധീനമുള്ള സ്ഥലമായി മാറുന്നല്ലോ എന്നു പലരും പറയാറുണ്ട്. ഞാന്‍ അവരോട് തിരിച്ചു പറയുന്നത്, ഇന്ത്യയുടെ അവിഭാജ്യ ഭാഗമായ ഈ പ്രദേശം ഇങ്ങനെയൊരു പ്രതിസന്ധിഘട്ടത്തിലും ഈ വിധം സംരക്ഷിച്ചു നിര്‍ത്താന്‍ കഴിയുന്നുണ്ടല്ലോ എന്നാണ്. അങ്ങനെയായിരിക്കുമ്പോഴും പ്രശ്‌നമുണ്ട് എന്നതു നിഷേധിക്കാന്‍ കഴിയില്ല. പണത്തിന്റെ എത്ര വലിയ ഇടപെടലാണ് ഇവിടെ നടക്കുന്നത് എന്നറിയാമോ. നല്ല അടച്ചുറപ്പുള്ള ഒരു വീടിന്റെ വാതിലില്‍പ്പോയി നിരന്തരം ഇടിച്ചുകൊണ്ടിരിക്കുന്നു എന്നു കരുതൂ. ഒരു താണ്ഡവത്തിന്റെ രൂപത്തിലാണ്. അതിഭീകരമായ ഇടിയില്‍ ഏതു ശക്തമായ വാതായനത്തിനും ഇളക്കം തട്ടും. കേരളത്തിന്റെ മതനിരപേക്ഷ വാതായനത്തില്‍ ബുള്‍ഡോസറുകളും ജെ.സി.ബിയും ഉപയോഗിച്ച് ഇടിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും ഇവിടുത്തെ പാവപ്പെട്ട മനുഷ്യര്‍, ഈ വാതിലിന്റെ നട്ടും ബോള്‍ട്ടുമൊക്കെ ഊരിപ്പോയെങ്കില്‍പ്പോലും കൈകള്‍കൊണ്ട് താങ്ങി നിര്‍ത്തുകയാണ്. കേരളത്തെ നഷ്ടപ്പെടുത്താതിരിക്കാന്‍. ഇതിനെയൊന്ന് വിഷ്വലൈസ് ചെയ്യുകയാണെങ്കില്‍ ഞാന്‍ അങ്ങനെയേ കാണുകയുള്ളൂ. അതിഭീകരമായി ഇടിക്കുകയാണ്. ഇതിനെതിരെ ശബ്ദിക്കുന്ന നമ്മളെപ്പോലുള്ള ആള്‍ക്കാരെപ്പോലും അതിമൃഗീയമായാണ് വേട്ടയാടുന്നത്. എന്തും പറയുക. കഴിഞ്ഞ ദിവസം വധഭീഷണി വന്നു. കൊല്ലുമെന്നു പറയുന്നു. എന്താ കാരണം? അവര്‍ക്കെതിരെ ഇല്ലാത്തതൊന്നും പറഞ്ഞിട്ടില്ല, ഉള്ളതു മാത്രമേ പറഞ്ഞിട്ടുള്ളൂ. ഇതിനെ അതിജീവിക്കാന്‍ പറ്റും എന്നു തന്നെയാണ് എന്റെ വിശ്വാസം. അധികകാലം ഇടിക്കാന്‍ പറ്റില്ലല്ലോ. ദേശീയ രാഷ്ട്രീയത്തില്‍ ഏറ്റവും നിര്‍ണായകമാകുന്ന, 80 ലോക്സഭാ സീറ്റുള്ള ഉത്തര്‍പ്രദേശ് കിട്ടുന്നതിനേക്കാള്‍ എനിക്കു സന്തോഷം അതിന്റെ നാലിലൊന്നുള്ള കേരളം എന്റെ കയ്യിലേയ്ക്ക് കിട്ടുന്നതാണ് എന്നാണ് സമീപകാലത്ത് അമിത് ഷാ പറഞ്ഞത്. അത്രത്തോളം കേരളം എന്ന ഈ തുരുത്തിനെ ബി.ജെ.പി ഉറ്റുനോക്കുന്നുണ്ട്. ചെറിയ കാര്യമല്ല അത്. കേരളം ഈ മൂന്നരക്കോടി ജനങ്ങളുടെ കേരളം മാത്രമല്ല, അതിനപ്പുറത്തുള്ള ജനവിഭാഗത്തെ സ്വാധീനിക്കാന്‍ കഴിയുന്ന വര്‍ഗീയവിരുദ്ധമായ ആത്മവിശ്വാസത്തിന്റെ പ്രഭവ കേന്ദ്രമാണ്; സ്രോതസ്സാണ്. ഈ സോഴ്സിനെ പിടിച്ചുകെട്ടുക എന്നതാണ് അവരുടെ ലക്ഷ്യം. അതിനെയാണ് നമ്മള്‍ ചെറുത്തുകൊണ്ടിരിക്കുന്നത്.
ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ളവരുമായി അടുപ്പത്തിലാണ് കോണ്‍ഗ്രസ്സും യു.ഡി.എഫും എന്ന വിമര്‍ശനമുണ്ടല്ലോ. ദേശീയതലത്തിലെ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയ കൂട്ടായ്മയെ ഇത് എങ്ങനെ സ്വാധീനിക്കും?
കോണ്‍ഗ്രസ്സിനെ പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയില്ല. എന്താണ് കാരണമെന്നുവെച്ചാല്‍ കോണ്‍ഗ്രസ്സിന്റെ ഇടര്‍ച്ചയും തളര്‍ച്ചയുമാണ് ഇന്ത്യ ഈ നിലയിലെത്താന്‍ കാരണം. ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ മനസ്സില്‍ എക്കാലവും നില്‍ക്കുന്ന ഏറ്റവും ഷോക്കിങ്ങായ സന്ദര്‍ഭം ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതാണ്. ബാബരി മസ്ജിദിന്റെ പതനത്തിലേയ്ക്ക് എത്തിച്ച എല്ലാ ഏടുകളും കോണ്‍ഗ്രസ്സിന്റെ ഇടര്‍ച്ചയുടേയും തളര്‍ച്ചയുടേയും അവസരവാദത്തിന്റേയും നാഴികക്കല്ലുകളാണ്. ഈ രൂപത്തിലേയ്ക്ക് ഇതിനെ മാറ്റിയെടുക്കുന്നതില്‍ കോണ്‍ഗ്രസ്സിനു വലിയ പങ്കുണ്ട്. ഇപ്പോള്‍ത്തന്നെ, ബി.ജെ.പിക്ക് വളരാനുള്ള ഒരുപാട് ഇന്ധനം പകരുന്നതും ഒരുപക്ഷേ, കോണ്‍ഗ്രസ്സിന്റെ ആളുകള്‍ത്തന്നെയാണ്. രാജ്യസഭയില്‍ നോക്കുമ്പോള്‍, ഇന്നലെ വരെ കോണ്‍ഗ്രസ്സിലായിരുന്ന പലരും അപ്പുറത്തിരിക്കുന്നതു കാണാം. ഇന്നലെ വരെ പ്രിയങ്ക ഗാന്ധിയുടെ അടുത്ത ആളുകളായിരുന്ന ആര്‍.പി.എന്‍ സിംഗിനെപ്പോലുള്ളവര്‍പോലും അപ്പുറത്തുനിന്ന് കോണ്‍ഗ്രസ്സിനെതിരെ ആക്രോശം മുഴക്കുന്നു. കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ മനോഭാവമെന്താണ്? ഏതുവിധേനയും അധികാരത്തിലെത്തുക. ആ ഒറ്റ അജന്‍ഡയേയുള്ളൂ. പക്ഷേ, ഇത് കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ ഫേബ്രിക്കിന് ഉണ്ടാക്കാവുന്ന പരുക്കിനെക്കുറിച്ച് ഇവര്‍ അത്ര ബോധമുള്ളവരല്ല എന്നാണ് തോന്നുന്നത്.
ഇതൊക്കെ പറയുമ്പോഴും രാജ്യത്തെ ഒരു പ്രധാനപ്പെട്ട ബി.ജെ.പി ഇതര രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ്സിന്റെ സാന്നിധ്യത്തെ നമുക്കു കുറച്ചുകാണാന്‍ കഴിയില്ല. ആരെങ്കിലുമൊക്കെ വേണ്ടേ?
ഇതൊക്കെ പറയുമ്പോഴും രാജ്യത്തെ ഒരു പ്രധാനപ്പെട്ട ബി.ജെ.പി ഇതര രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ്സിന്റെ സാന്നിധ്യത്തെ നമുക്കു കുറച്ചുകാണാന്‍ കഴിയില്ല. ആരെങ്കിലുമൊക്കെ വേണ്ടേ?
ചുമരുണ്ടെങ്കിലല്ലോ ചിത്രമെഴുതാന്‍ പറ്റൂ എന്നു പറഞ്ഞതുപോലെ കുറച്ചു പാര്‍ട്ടികള്‍ ബി.ജെ.പിയോട് അടിച്ചുനില്‍ക്കണ്ടേ. പക്ഷേ, അവര്‍ക്ക് ആശയപരവും സംഘടനാപരവുമായ ദൃഢതയുണ്ടാകണം. ഈ രണ്ടു രംഗങ്ങളില്‍ കോണ്‍ഗ്രസ്സുണ്ടാകണം. ആ ദൃഢതയുടെ കുറവുണ്ട്. ഈ കാര്യം, ഞങ്ങളുടെ പാര്‍ട്ടിയുടെ പരിമികള്‍ അംഗീകരിച്ചുകൊണ്ടുതന്നെ കോണ്‍ഗ്രസ് നേതാക്കളോട് ഞങ്ങളൊക്കെ പറയാറുമുണ്ട്. ഇതു രണ്ടും ശക്താക്കിയാല്‍ മാത്രമേ സ്വാഭാവികമായും ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കഴിയുകയുള്ളൂ. സംഘടനാപരമായി ദൃഢതയില്ലെങ്കില്‍ ആര്‍.എസ്.എസ്സിനോട് പൊരുതാന്‍ പറ്റില്ല. ആശയപരമായ ദൃഢതയില്ലെങ്കിലും അതു കഴിയില്ല. രാഹുല്‍ ഗാന്ധി പതറി നിന്ന ഒരു ഘട്ടമുണ്ട്. രാമക്ഷേത്ര പ്രതിഷ്ഠയുടെ ഘട്ടം. അതിനു മുന്‍പ്, മോദിയെ പ്രതിരോധിക്കാന്‍ രാഹുല്‍ ഗാന്ധി ശിവഭക്തനായി രംഗത്തു വന്നു; പൂണൂലിട്ട ബ്രാഹ്മണനാണെന്നു വന്നു. ആ രാഹുല്‍ ഗാന്ധിയല്ല ഇപ്പോഴത്തെ രാഹുല്‍ ഗാന്ധി. അതില്‍നിന്നു കുറേ മാറിയിട്ടുണ്ട്. ഒരുപക്ഷേ, ഇടതുപക്ഷത്തിന്റെ സ്വാധീനം കൊണ്ട്, സീതാറാം യെച്ചൂരിയെപ്പോലുള്ള ആളുകളോടുള്ള ഇടപഴകല്‍കൊണ്ട് മാറ്റം വന്നു എന്നു വിചാരിക്കുകയാണ്. പക്ഷേ, ഒരു സംഘടന എന്ന നിലയില്‍, രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ സമസ്ത തലങ്ങളിലും ആ ഒരു ക്ലാരിറ്റി ആ പാര്‍ട്ടിക്ക് വന്നോ എന്നു സംശയമാണ്.
അതേസമയം, വഖഫ് ബില്‍പോലെ അതിപ്രധാനമായ ഒന്ന് ചര്‍ച്ച ചെയ്യുമ്പോള്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ മിണ്ടാതിരിക്കുന്നു, പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്നില്ല?
അത് അയച്ച സന്ദേശം വളരെ ഗുരുതരമായിരുന്നു. ഞങ്ങളൊക്കെ അവിടെ നെഞ്ചിടിച്ച് പോരാടിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും ഞങ്ങളുടെ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നു. മൂന്നു വര്‍ഷം കൂടുമ്പോഴുള്ള പാര്‍ട്ടി കോണ്‍ഗ്രസ്സിനു പാര്‍ലമെന്ററി പാര്‍ട്ടിയെ പ്രതിനിധീകരിക്കേണ്ടവരാണ്. ഞങ്ങള്‍ക്ക് ആദ്യ ദിവസങ്ങളില്‍ പോകാന്‍ കഴിയുന്നില്ല. ഈ നിയമനിര്‍മാണ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് അത്ര വലിയ പ്രാധാന്യമുള്ളതുകൊണ്ടാണത്. എന്നാല്‍, ഈ വിധത്തിലുള്ള യാതൊരു ഉത്തരവാദിത്തവും ഇല്ലാത്ത ഇവര്‍ സഭയില്‍ വരുന്നില്ലെന്നു മാത്രമല്ല, മിണ്ടുന്നുമില്ല. അവര്‍ ഇതിനോട് സീരിയസല്ല എന്നാണ് വ്യക്തമായത്. ജനം ഇത് മുഴുവന്‍ നോക്കുന്നുണ്ട്. പഴയതുപോലെയല്ല. പാര്‍ലമെന്റില്‍ ആര്, എന്ത്, എങ്ങനെ, എപ്പോള്‍ പറയുന്നു; അവരുടെ മുഖഭാവങ്ങള്‍, പറയുന്നതിലെ ആത്മാര്‍ത്ഥത, അവര്‍ക്ക് അതിനോടുള്ള പ്രതിബദ്ധത ഇതെല്ലാം ജനം നോക്കുന്നുണ്ട്. എന്തുകൊണ്ടാണ് ലീഗിന്റെ ആളുകള്‍ പ്രസംഗിക്കുമ്പോള്‍ വേണ്ടത്ര ആത്മാര്‍ത്ഥത ഇല്ല എന്നു തോന്നിക്കുന്നത്. അവരുടെ സംഭാഷണ രീതിയുടെ പ്രത്യേകതയാണ്. ചിലപ്പോള്‍ അവര്‍ വെറും ഒഴുക്കന്‍ മട്ടില്‍ വഴിപാടുപോലെയായിരിക്കും പറയുന്നത്. അത്രത്തോളം സൂക്ഷ്മമായി ജനങ്ങള്‍ വിലയിരുത്തുന്ന ഒരു ഘട്ടത്തില്‍ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പാര്‍ട്ടിയും പ്രതിപക്ഷ നേതാവും പ്രധാനപ്പെട്ട എം.പിയുമൊക്കെ മൗനം പാലിക്കുന്നു. ഒരു യുദ്ധവും സേനാധിപന്‍ മുന്നില്‍നിന്നു നയിക്കാതെ വിജയിച്ചിട്ടില്ല. പിറകില്‍ നിന്നാല്‍ യുദ്ധം ജയിക്കില്ല, മുന്നില്‍നിന്നു പൊരുതണം. അതില്‍ അലംഭാവം ഉണ്ടായി. പ്രിയങ്ക ഗാന്ധിയുടെ അസാന്നിധ്യവും അവര്‍ വോട്ട് ചെയ്യാത്തതും ഗുരുതര വീഴ്ചയാണ്. അവരെന്തു പറഞ്ഞാലും. അടുത്ത സുഹൃത്തിന്റെ രോഗമന്വേഷിച്ചു പോയി എന്നാണ് ഔദ്യോഗിക ഭാഷ്യം. പക്ഷേ, അവിടെ അവര്‍ രണ്ടു ദിവസം കഴിഞ്ഞു പോയാലും പ്രതിസന്ധിയുണ്ടാക്കുന്നില്ല. ഇത് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏടുകളിലൊന്നാണ്. പാര്‍ലമെന്റ് എന്നത് പോരാട്ട വേദിക്കപ്പുറത്ത്, നിയമനിര്‍മാണ സഭയാണല്ലോ. അവിടെയൊരു നിയമം നിര്‍മിക്കപ്പെടുമ്പോള്‍ ആ സഭയിലെ ഒരംഗത്തിന്റെ നിലപാടും അഭിപ്രായവും ആ നിയമത്തിലെ വ്യവസ്ഥകളോടുള്ള ധാരണയും ജനങ്ങളോടു പറയാനുള്ള ഉത്തരവാദിത്തമാണ് നിര്‍വഹിക്കപ്പെടാതെ പോയത്. ഇത് കേവലം മുസ്ലിം വിഷയം അല്ല, ഭരണഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട അന്തസ്സത്തയായ തുല്യതയും ആളുകളുടെ അവകാശങ്ങളും മതനിരപക്ഷേതയുമെല്ലാം ഇതിന്റെ ഭാഗമാണ് എന്നു പറയണ്ടേ? ഞാന്‍ പറയുന്നതിനേക്കാള്‍ എത്രയോ സ്വീകാര്യമായിരിക്കും ഇത്രയും വലിയ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കള്‍ പറയുന്നത്. ആ മെസ്സേജ് ഉണ്ടായില്ല. അത് വലിയ വീഴ്ചയായിത്തന്നെ കാണണം.
വഖഫ് നിയമഭേദഗതിക്കെതിരെ കാര്യമായ പ്രതിഷേധങ്ങളോ സമരങ്ങളോ നടത്താതിരുന്നിട്ട് ബില്‍ പാസ്സായശേഷം അതിനെതിരെ കോടതിയെ സമീപിക്കുന്ന മുസ്ലിം ലീഗിന്റെ നിലപാടില്‍ എത്രത്തോളം പ്രതിബദ്ധതയുണ്ട്?
മുന്‍പ്, മുത്തലാഖ് ബില്ലിന്റെ സമയത്ത് ഫ്‌ലൈറ്റ് വൈകിയെന്ന പേരില്‍ പാര്‍ലമെന്റില്‍ എത്താതിരുന്ന നേതാവൊക്കെയുള്ള പാര്‍ട്ടിയാണല്ലോ ലീഗ്, അതിന്റെയൊരു തുടര്‍ച്ചയുണ്ട് ഇതിലും, പക്ഷേ, ഈയൊരു ഘട്ടത്തില്‍ ഈ വിഷയത്തിന്റെ പേരില്‍ അവരെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. അവരും ആത്മാര്‍ത്ഥയോടെ നിലകൊള്ളട്ടെ എന്ന് ആശംസിക്കുകയാണ്. ബി.ജെ.പിക്ക് എതിരേയുള്ള ഏത് ഫോഴ്സും ഈ കാലഘട്ടത്തില്‍ നിലനില്‍ക്കുകയും അവര്‍ പതറാതെ നില്‍ക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. പക്ഷേ, പല ഘട്ടങ്ങളിലും ലീഗ് പതറിയിട്ടുണ്ട്. കോണ്‍ഗ്രസ് ഇത്രത്തോളം ഇടതുപക്ഷ വിരോധവും ബി.ജെ.പിയുമായി ആഭിമുഖ്യവും പ്രകടിപ്പിക്കുമ്പോള്‍ തിരുത്തല്‍ ശക്തിയായി ലീഗ് വരും എന്നു പ്രതീക്ഷിക്കാറുണ്ട് പലരും. പക്ഷേ, കേരളത്തില്‍ അധികാരം പിടിക്കാന്‍ എന്ത് കണ്‍കെട്ടുവിദ്യയും വേണം എന്ന മട്ടിലാണ് അവരുടെയും നിലപാട്. യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കേണ്ടത്, ആര്‍.എസ്.എസ് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതെന്താണ്? എസ്.ഡി.പി.ഐപോലുള്ള പാര്‍ട്ടികള്‍ സജീവമാകണം എന്നാണ്. എന്നാല്‍ മാത്രമല്ലേ ഈ കോറസ് ശരിയാവുകയുള്ളൂ. ഇവര്‍ പറയുന്നതില്‍ കാര്യമുണ്ട് എന്ന പ്രതീതി ജനങ്ങളില്‍ സൃഷ്ടിക്കണമെങ്കില്‍ അവരും വേണം. ടി.ജെ. ജോസഫ് മാഷിന്റെ കൈവെട്ടിയ സംഭവം ഇവിടെ ആര്‍.എസ്.എസ്സിന്റെ വളര്‍ച്ചയ്ക്ക് എത്രത്തോളം സഹായിച്ചിട്ടുണ്ട് എന്നറിയാമോ. കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഏല്‍പ്പിച്ച ക്ഷതമാണത് എന്ന് ഇങ്ങനെയുള്ള സംഘടനകള്‍ മനസ്സിലാക്കണം. ആ ഘട്ടത്തില്‍ ക്രൈസ്തവ സഭ പ്രതികരിച്ചില്ലെങ്കിലും സാധാരണ ക്രൈസ്തവ വിശ്വാസിക്കുണ്ടായ മുറിവുണ്ടല്ലോ. അതുകൊണ്ട് ഇങ്ങനെയുള്ള കാര്യങ്ങളില്‍ സൂക്ഷ്മത പാലിക്കണം. കേരളത്തിലെ പ്രധാനപ്പെട്ട മൂന്നോ നാലോ പാര്‍ട്ടികളെടുത്താല്‍ അതിലൊന്നാണ് ലീഗ്. മാത്രമല്ല യു.ഡി.എഫിനെ യഥാര്‍ത്ഥത്തില്‍ നയിക്കുന്നത് മുസ്ലിം ലീഗ് ആണ്; യു.ഡി.എഫിനു സംഘടനാപരമായ ഒരു പേശിബലം നല്‍കുന്നത് ലീഗാണ്. പേശീബലം ഇല്ലെങ്കില്‍ അവര്‍ക്ക് ഒരു പുഷ്അപ്പ് പോലും എടുക്കാന്‍ കഴിയില്ല. ലീഗ് ഇല്ലാതെ കോണ്‍ഗ്രസ്സിനു ഗ്രൗണ്ടില്‍ ഒരു പുഷ്അപ്പ് പോലും എടുക്കാന്‍ കഴിയില്ല.
സംഘപരിവാറിനെപ്പോലെ തന്നെ സി.പി.എമ്മിനും കാസയോടും ക്രൈസ്തവ നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളോടും മൃദുസമീപനം ഉണ്ടെന്ന വിമര്‍ശനങ്ങളെ എങ്ങനെ കാണുന്നു?
ഒരിക്കലും മൃദു സമീപനമില്ല. ഉദാഹരണം പറഞ്ഞാല്‍, വഖഫ് ബില്‍ ചര്‍ച്ചയില്‍ ഞാന്‍ പങ്കെടുത്തപ്പോള്‍ ആദ്യമൊക്കെ, ബില്ലിലെ വ്യവസ്ഥകളെക്കുറിച്ചൊക്കെ ഇംഗ്ലീഷില്‍ സംസാരിച്ചു. പിന്നീട് മലയാളത്തില്‍ അഡ്രസ് ചെയ്തത് ആര്‍.എസ്.എസ്സിനെ മാത്രമല്ല, കാസയേയും കൂടിയാണ്. അതായത്, ക്രൈസ്തവ സമൂഹത്തില്‍ ഈയൊരു തീവ്രവാദം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കൂടിയുള്ള മുന്നറിയിപ്പാണ്. ആര്‍.എസ്.എസ്സുമായി ഒരു ചങ്ങാത്തത്തിനു ശ്രമിക്കുമ്പോള്‍ എന്താണ് ആര്‍.എസ്.എസ്സ് എന്നു തിരിച്ചറിയണം എന്ന സന്ദേശം അവര്‍ക്കുകൂടി കൊടുത്തതാണ്. ആര്‍.എസ്.എസ്സിനോടൊരു ചങ്ങാത്ത രാഷ്ട്രീയം കളിക്കാന്‍ ശ്രമിക്കുന്ന തീവ്ര കാസ ഗ്രൂപ്പിനോടുള്ള മുന്നറിയിപ്പായാണ് ആ രീതിയില്‍ അതിനെ അവതരിപ്പിച്ചത്. അതവര്‍ക്ക് മനസ്സിലാവുകയും ചെയ്തിട്ടുണ്ട്. സി.പി.എമ്മിന് അവരുമായി ഒരു മൃദു സമീപനത്തിന്റെ പ്രശ്‌നമില്ല.
ഇടതുമുന്നണിക്ക് വിജയത്തുടര്‍ച്ച കിട്ടിയത് 2016-നും 2021-നും ഇടയിലെ നിരവധി പ്രത്യേക സാഹചര്യങ്ങളുടെ ആനുകൂല്യമായിരുന്നു എന്നും അത് ഇനിയുണ്ടില്ല എന്നും യു.ഡി.എഫ് നേതാക്കളും മറ്റും വിലയിരുത്താറുണ്ട്. (പ്രളയം, നിപ, ഓഖി, കൊവിഡ്) ഇത്തവണ സാഹചര്യങ്ങളിലെ മാറ്റം എങ്ങനെ പ്രതിഫലിക്കുമെന്നാണ് കരുതുന്നത്?
അന്ന്, പ്രതിസന്ധിഘട്ടത്തില്‍ പിണറായി വിജയനേപ്പോലെ ഒരു നേതാവും ഭരണാധികാരിയും നല്‍കിയ നേതൃത്വത്തിനുള്ള പിന്തുണയായിരുന്നു ഭരണത്തുടര്‍ച്ച എന്നാണ് കോണ്‍ഗ്രസ്സും മറ്റും പറയുന്നത്. അങ്ങനെയുണ്ടാകാം. ഒരുപക്ഷേ, ഭരണവിരുദ്ധ വികാരം രൂപപ്പെടാതിരുന്നതില്‍ അത് പങ്ക് വഹിച്ചിട്ടുണ്ടാകാം. പക്ഷേ, ഇന്ന് ഇടതുപക്ഷത്തിനു പോസിറ്റീവായി ഉള്ള ഒരു സംഭവമെന്താണെന്നു വെച്ചാല്‍ ഒന്നാമതായി, ഇത്രയും വലിയ പ്രതിസന്ധി ഘട്ടത്തിലും കേരളത്തെ പിടിച്ചു നിര്‍ത്തുന്നു; സമൂഹത്തേയും കേരളത്തിന്റെ സാമ്പത്തിക ക്രമത്തേയും പിടിച്ചുനിര്‍ത്തുന്നു. പിന്നെ, നമ്മുടെ യുവതലമുറ ഒരു ആസ്പിറേഷണല്‍ ക്ലാസ്സാണ്. അവര്‍ക്കൊരു 25 വര്‍ഷം മുന്‍പ് നടന്ന കാര്യങ്ങളൊന്നും അറിയില്ല. അവരാണ് ഇന്നത്തെ നമ്മുടെ സാമൂഹിക പുരോഗതിയുടെയൊക്കെ നേര്‍ ഗുണഭോക്താക്കള്‍; മാറിവരുന്ന കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണഭോക്താക്കള്‍. ആ ഒരു ക്ലാസിനെ അഡ്രസ് ചെയ്യണം. പിന്നെ, കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ ഈ വിധം ബാലന്‍സ് ചെയ്തു കൊണ്ടുപോകുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു സാന്നിധ്യം ചെലുത്തുന്ന സ്വാധീനം ചെറുതല്ല. അത് വളരെ പ്രധാനമാണ്. അങ്ങനത്തെ ഒരു നേതാവ് മറുപക്ഷത്ത് ഇല്ല. അതായത്, കേരളത്തെ ഇത്രത്തോളം പ്രഹരിക്കുമ്പോള്‍, ഇതുപോലുള്ള നിരന്തര ആക്രമണത്തിന് കേരളം വിധേയമാകുമ്പോള്‍പ്പോലും നേരത്തെ നമ്മള്‍ പറഞ്ഞതുപോലെ ലോലമായി വരുന്ന ഈ സോഷ്യല്‍ ഫേബ്രിക്കിനെ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ അദ്ദേഹം നടത്തുന്ന ഒരു ശ്രമമുണ്ട്. സാധാരണക്കാര്‍ അതു തിരിച്ചറിയുന്നുണ്ട്. ക്രൈസ്തവരോ മുസ്ലിങ്ങളോ ഈഴവരോ അങ്ങനെ കേരളത്തിലെ ഏതു വിഭാഗത്തില്‍പ്പെട്ടവരോടും ചോദിച്ചു നോക്കൂ, അവര്‍ക്ക് എടുത്തുപറയാനുള്ള ഒരു നേതാവ് കേരളത്തില്‍ പിണറായി വിജയനാണ്. വിശ്വസിക്കാന്‍ കഴിയുന്ന നേതാവായി അവരെല്ലാം അദ്ദേഹത്തെ കാണുന്നു. ഈയൊരു വിശ്വാസം അപ്പുറത്ത് ആര്‍ക്കെങ്കിലും നേടാന്‍ കഴിഞ്ഞിട്ടില്ല. അഞ്ച് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളും ഒന്‍പത് പി.സി.സി അധ്യക്ഷ സ്ഥാനാര്‍ത്ഥികളുമാണ് നിലവിലെ കോണ്‍ഗ്രസ്സിനുള്ളത്. ഹൈബി ഈഡന്‍ വരെ. റോജി എം. ജോണിന് ആകാമെങ്കില്‍ ഹൈബി ഈഡനും പി.സി.സി അധ്യക്ഷനുമാകാമല്ലോ എന്നാണ്. ഇങ്ങനെയൊരു പാര്‍ട്ടിയെ വിശ്വസിച്ചുകൊണ്ട് എങ്ങനെ ഈ പാര്‍ട്ടിക്ക് മുന്നോട്ടു പോകാന്‍ പറ്റും. അതുകൊണ്ട്, പഴയതുപോലെ പ്രളയത്തിന്റേയും മറ്റു പ്രതിസന്ധികളുടേയുമൊന്നും പശ്ചാത്തലം ഇല്ലെങ്കില്‍പ്പോലും യാഥാര്‍ത്ഥ്യം എന്ന ഒന്നുണ്ട്. പിന്നെ, കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ടോ സാമൂഹിക സംരക്ഷണവുമായി ബന്ധപ്പെട്ടോ എല്‍.ഡി.എഫിനേക്കാള്‍ അഡ്വാന്‍സ്ഡ് ആയിട്ടുള്ള ഒരു പ്രോഗ്രാമോ നിലപാടോ കോണ്‍ഗ്രസ്സിനുള്ളതായി തെളിവുകളില്ല. എല്ലാ വികസന പദ്ധതികളോടും അവര്‍ എടുക്കുന്നത് നിഷേധാത്മക സമീപനമാണ്. എതിര്‍പ്പിന്റെ പ്രവണതയാണ്. കേരളം എങ്ങനെ മുന്നോട്ടു പോകും എന്നതിനെ സംബന്ധിച്ച് നൂതനമായ ഒരു വഴിത്താര ഒരു കോണ്‍ഗ്രസ് നേതാവിന്റേയും ഇതുവരെ ഉണ്ടാകിക്കണ്ടിട്ടില്ല. അതുകൊണ്ട്, ഭരണത്തുടര്‍ച്ചയെക്കുറിച്ചുള്ള അശരീരിപോലെ ഒന്ന് നമ്മുടെ സമൂഹത്തിലുണ്ട്. അത് പ്രായോഗികമല്ലാത്തതുകൊണ്ടല്ല, അതില്‍ യാഥാര്‍ത്ഥ്യം ഇല്ലാത്തതുകൊണ്ടല്ല, ഞാന്‍ പറഞ്ഞ ഈ യഥാര്‍ത്ഥ വിഷയങ്ങളുടെ അടിസ്ഥാനത്തിലുള്ള ശബ്ദവീചിയാണ്. തെരഞ്ഞെടുപ്പ് അടുക്കുംതോറും കുറച്ചുകൂടി ശബ്ദം കൂടും എന്നാണ് എന്റെ വിശ്വാസം.
സി.പി.എം നേതാക്കളെ നേരിട്ട് ഉദ്ധരിക്കാതെ, എന്നാല്‍ സി.പി.എമ്മിന്റെ സാധാരണ പ്രവര്‍ത്തകര്‍ പറയുന്നു എന്ന തരത്തില്‍ ഇതുപോലെ വേറൊരു മര്‍മ്മരമുണ്ട്: ''ഇനിയൊരിക്കല്‍ക്കൂടി തുടര്‍ഭരണം കിട്ടിയാല്‍ പാര്‍ട്ടി ഇല്ലാതാകും, അതുകൊണ്ട് അടുത്ത തെരഞ്ഞെടുപ്പിനുശേഷം പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലത്'', എന്നാണത്. ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു?
ഇങ്ങനെ പറയുമ്പോഴാണ് അതിനാണ് സ്വീകാര്യത എന്നു മനസ്സിലാക്കി ഞങ്ങളുടെ രാഷ്ട്രീയ എതിരാളികള്‍ പ്രചരിപ്പിക്കുന്നതാണ്. സി.പി.മ്മിനെക്കൂടി കൂട്ടുപിടിച്ച് പറയുക. എന്നെയും ഇയാളേയും തോല്‍പ്പിക്കാന്‍ ആരെങ്കിലുമുണ്ടോ എന്നു സിനിമയില്‍ കീലേരി അച്ചു ചോദിക്കുന്നതുപോലെയാണ്. ഇവര്‍ക്ക് ഒറ്റയ്ക്ക് ത്രാണി ഇല്ലാത്തതുകൊണ്ട് ഇങ്ങനെയൊരു നരേറ്റീവ് സൃഷ്ടിക്കുകയാണ്. സി.പി.എമ്മിനെന്താ തകരാറ്? എന്തു സംഭവിക്കുമെന്നാണ് ഇവര്‍ പറയുന്നത്? പത്തു വര്‍ഷം മുന്‍പുള്ളതില്‍നിന്ന് യഥാര്‍ത്ഥത്തില്‍ വലിയ വ്യത്യാസമൊന്നും ഞാന്‍ സി.പി.എമ്മില്‍ കാണുന്നില്ല. എല്ലാ ഘട്ടത്തിലും ചെറിയ ചെറിയ വ്യതിയാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, പത്ത് വര്‍ഷം മുന്‍പ് പ്രതിപക്ഷത്തായിരുന്നപ്പോഴത്തേതില്‍നിന്നു വലിയ വ്യത്യാസമൊന്നും ഇപ്പോഴും ഇല്ല. ആ നിലപാടുകള്‍ തന്നെയാണ് സി.പി.എമ്മിനുള്ളത്. പാര്‍ട്ടിയുടെ സമീപനം, നേതാക്കളുടെ രീതികള്‍ ഇതിലൊന്നും വലിയ മാറ്റമൊന്നും വന്നിട്ടില്ല. ചില അപ്രഹെന്‍ഷന്‍സ് വരും. അത് ഭരണമില്ലെങ്കിലും വരും. ഈ പ്രചരണത്തില്‍ വലിയ അര്‍ത്ഥമൊന്നും കാണുന്നില്ല.
അടുത്ത തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് ക്യാംപെയ്ന്‍ നയിക്കുന്നതാര്, വീണ്ടും ഭരണം കിട്ടിയാല്‍ മുഖ്യമന്ത്രി ആര് തുടങ്ങിയ ചര്‍ച്ചകളിലേക്ക് സി.പി.എം വീണു പോകുന്നുണ്ടോ, മനപ്പൂര്‍വമല്ലാതെ?
പാര്‍ട്ടി ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. എന്റെ വ്യക്തിപരമായ അഭിപ്രായം പറയാം. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലും കുറച്ചുകൂടി വേറൊരു ലെവലില്‍ ഈ വിഷയത്തെ കാണാന്‍ ആഗ്രഹിക്കുന്ന ആളാണ്. ഇതില്‍ ഒരു സാങ്കേതിക നൂലാമാലയുടെ ആവശ്യമില്ല എന്നാണ് എനിക്കു തോന്നുന്നത്. ഇന്നത്തെ കേരളത്തിലെ സാഹചര്യത്തിലും ഇന്ത്യന്‍ സാഹചര്യത്തിലും ഇടതുപക്ഷത്തിനു മുന്നോട്ടു വയ്ക്കാന്‍ കഴിയുന്ന നേതൃത്വം എന്നത് സഖാവ് പിണറായി വിജയന്റെ നേതൃത്വമാണ്. അതു പാര്‍ട്ടി പറഞ്ഞുപോകണം. അദ്ദേഹത്തിന്റെ നേതൃത്വത്തെ മുന്‍ നിര്‍ത്തിക്കൊണ്ടുതന്നെ അടുത്ത തെരഞ്ഞെടുപ്പിലും ഞങ്ങള്‍ പോരാടുമെന്നു പറയണം. ഈ പോരാട്ടം കേവലപരമായി സി.പി.എമ്മിനും എല്‍.ഡി.എഫിനും അധികാരത്തില്‍ തുടരാനുള്ള തെരഞ്ഞെടുപ്പല്ല. കേരളം പതിറ്റാണ്ടുകളായി ആര്‍ജിച്ച നന്മയെ സംരക്ഷിക്കാന്‍, കേരളത്തിന്റെ മതനിരപേക്ഷ സ്വഭാവം നിലനിര്‍ത്താന്‍, ഇവിടെ ക്രിസ്ത്യാനിയെന്നും മുസ്ലിമെന്നും ഹിന്ദുവെന്നുമുള്ള പേരില്‍ തമ്മില്‍ത്തല്ലി ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തെ ഇറക്കുമതി ചെയ്യുന്നത് പ്രതിരോധിക്കാന്‍വേണ്ടിയുള്ള തെരഞ്ഞെടുപ്പാണ്. കേരളത്തെ ഒരു സംസ്ഥാനത്തിനും പിന്നിലാക്കാതെ, കേരളത്തെ ഒരു മോഡേണ്‍ സൊസൈറ്റിയായി പരിവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന നേതൃത്വമാണ് എന്നു തെളിയിച്ച നേതാവാണ് പിണറായി വിജയന്‍. അതു പറയാന്‍ ഒരു സങ്കോചവുമുണ്ടാകേണ്ട കാര്യമില്ല. സങ്കോചമുണ്ട് എന്നല്ല ഞാന്‍ പറഞ്ഞത്. പറഞ്ഞുതന്നെ പോകണം. ഈ കാലഘട്ടം ആവശ്യപ്പെടുന്നതാണ് എന്നാണ് എന്റെ വിശ്വാസം. ഒരുപക്ഷേ, ഞാന്‍ ഇങ്ങനെ പറയുന്നത് പാര്‍ട്ടി ലൈനില്‍നിന്നുള്ള വ്യതിയാനമാണെന്നോ ഇങ്ങനെ പറയാന്‍ പാടുണ്ടോ എന്ന ചര്‍ച്ച വന്നേക്കാം. പക്ഷേ, അതല്ല. ജോണ്‍ ബ്രിട്ടാസ് എന്ന സാമൂഹിക ജീവിക്കുള്ള ഒരു ഉത്തരവാദിത്തത്തിന്റെ പേരില്‍ പറഞ്ഞതാണ്.
വ്യക്തിയെ ഉയര്‍ത്തിക്കാണിക്കുന്ന രീതി കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇല്ലാത്തതുകൊണ്ടാകാം ഇത് പലരുടേയും മനസ്സിലുണ്ടായിട്ടും പറയാത്തത് എന്നാണോ?
ഉണ്ടാകാം, പലരുടേയും ഉള്ളിലുണ്ടാകാം. ഈ കാര്യത്തില്‍ ഒരു അഭിപ്രായ വ്യത്യാസത്തിന്റെ തലമില്ല. ഒരു പുഴയും രണ്ടാമത് ഒഴുകുന്നില്ല എന്നു പറയുന്നതുപോലെ, ഇന്ത്യന്‍ രാഷ്ട്രീയം അഞ്ചു വര്‍ഷം മുന്‍പോ പത്ത് വര്‍ഷം മുന്‍പോ ഉള്ള രാഷ്ട്രീയമല്ല. കേരള രാഷ്ട്രീയത്തെ ത്രീ ഡയമന്‍ഷനില്‍ കാണുന്ന ഒരാളാണ് ഞാന്‍. മാധ്യമപ്രവര്‍ത്തകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍, പാര്‍ലമെന്റംഗം. കേരളത്തെ അതിന്റെ എല്ലാ നന്മകളോടേയും സംരക്ഷിക്കുക എന്നത് പ്രധാനമാണ്. കേരളത്തിന്റെ ഹരിതം, കൂടെ ജോലി ചെയ്യുന്നവര്‍ ഏതു മതത്തിലും ജാതിയിലുംപെട്ടവരാണ് എന്നത് നമ്മള്‍ ആലോചിക്കുകയേ ചെയ്യാത്ത ആ ഹരിതത്തെക്കുറിച്ചാണ്; അതു നമുക്കു നിലനിര്‍ത്തിയേ പറ്റൂ. ഹിന്ദു ഘോഷയാത്ര പോകുമ്പോള്‍ ഉത്തരേന്ത്യയിലെ പല ഇടങ്ങളിലും മസ്ജിദുകള്‍ മൂടി ഇടേണ്ടി വരുന്നു. കേരളത്തില്‍ പള്ളിപ്പെരുന്നാള്‍ നടക്കുമ്പോള്‍ അമ്പലം മൂടിയിടണോ, ഉത്സവം നടക്കുമ്പോള്‍ ചര്‍ച്ചോ മോസ്‌കോ മൂടിയിടണോ. ആരാധനാലയങ്ങളെ മൂടിയിടേണ്ടി വരുന്ന, പാതിരാത്രിയില്‍ ബുള്‍ഡോസര്‍ കയറുന്ന, യാതൊരു മുന്‍പരിചയവും ഇല്ലാത്ത ആള്‍ക്കാര്‍ മതം വേറെയാണ് എന്ന ഒറ്റക്കാരണംകൊണ്ട് ശൂലമെടുത്ത് വയറ്റില്‍ കുത്തിക്കയറ്റുന്ന രാഷ്ട്രീയം കേരളത്തിലേയ്ക്ക് വരുത്താതിരിക്കാന്‍ മുന്‍കാലങ്ങളിലെ രീതികള്‍ക്കപ്പുറത്ത് ഈ കാലഘട്ടം അനുശാസിക്കുന്ന ഒരു സമീപനമുണ്ടാകണം. അതില്‍ സാങ്കേതികത്വമല്ല പ്രധാനം. വ്യക്തതയും സ്പഷ്ടതയുമാണ് പ്രധാനം. ജനങ്ങള്‍ക്കു സാങ്കേതികത്വത്തിലല്ല താല്‍പ്പര്യം. അതൊന്നും മനസ്സിലാക്കാനുള്ള സമയം അവര്‍ക്കില്ല. കാര്യങ്ങള്‍ പറഞ്ഞുതന്നെ പോകണം. അങ്ങനെ പറഞ്ഞുപോകേണ്ട ഒരു സാഹചര്യത്തിലാണ് കേരള രാഷ്ട്രീയം.
പിണറായി വിജയന്‍ മകള്‍ക്കുവേണ്ടി സംഘപരിവാറുമായി കോംപ്രമൈസ് ചെയ്യുന്നു എന്ന പ്രചരണം കേരളത്തില്‍ ശക്തമാണ്. അങ്ങനെയുണ്ടോ? എങ്ങനെ സാധിക്കും അത്?
ആ പ്രചരണം അസംബന്ധമാണ്. എസ്.എഫ്.ഐ.ഒക്കൊന്നും ഒരു കാര്യവുമില്ലാത്ത കേസാണത്. ഒരു കമ്പനിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഓഹരി ഉടമകള്‍ക്കോ ഡയറക്ടര്‍മാര്‍ക്കോ എന്തെങ്കിലും സന്ദേഹങ്ങളുണ്ടെങ്കില്‍ അവരുടെ പരാതി അന്വേഷിക്കേണ്ട ഏജന്‍സിയാണ് എസ്.എഫ്.ഐ.ഒ. എന്നിട്ടുപോലും അവര്‍ ഇത് അന്വേഷിക്കുന്നു. മറ്റു പല ഏജന്‍സികളും അന്വേഷിക്കുന്നു. എത്രയോ കാലമായി പിണറായി വിജയനെ പലതരത്തില്‍ വേട്ടയാടുകയാണ്. ഒരു കാര്യം മനസ്സിലാക്കണം: ബി.ജെ.പിയേയും ആര്‍.എസ്.എസ്സിനേയും പ്രതിരോധിക്കാന്‍ കഴിയുന്ന ഏറ്റവും ശക്തമായ രാഷ്ട്രീയ നേതൃത്വമാണ് പിണറായി വിജയന്‍. അതുതന്നെയാണ് അദ്ദേഹത്തിന്റെ യു.എസ്.പി, തെരഞ്ഞെടുപ്പു രംഗത്തെ യു.എസ്.പിയുണ്ടല്ലോ, യുണീക് സെല്ലിംഗ് പ്രപോസിഷന്‍. ഒരുപക്ഷേ, മുസ്ലിങ്ങള്‍, ന്യൂനപക്ഷങ്ങള്‍, പിന്നാക്ക വിഭാഗങ്ങള്‍ അദ്ദേഹത്തെ വിശ്വസിക്കുന്നതിനുള്ള പ്രധാന കാരണമായി ഇതു വന്നു ഭവിച്ചേക്കാം എന്ന ഒരു ഭയം ഞങ്ങളുടെ രാഷ്ട്രീയ പ്രതിയോഗികള്‍ക്കുണ്ട്. അതുകൊണ്ട് അദ്ദേഹത്തെ ഈ രീതിയിലൊന്നു കളങ്കപ്പെടുത്താം, അദ്ദേഹത്തിന്റെ യു.എസ്.പിയില്‍, തിളക്കമാര്‍ന്ന ആ വശത്ത് കുറച്ച് കറ പുരട്ടാന്‍ പറ്റുമോ എന്നു നോക്കുകയാണ്. പക്ഷേ, കാര്യമില്ല. കേരളത്തില്‍ പിണറായി വിജയനെപ്പോലെയുള്ള ഒരു നേതാവിന്റെ അചഞ്ചലമായ ബി.ജെ.പി വിരുദ്ധ, ആര്‍.എസ്.എസ് വിരുദ്ധ മതേതര നിലപാടിനെ ചോദ്യം ചെയ്യാന്‍ കഴിയുന്ന എന്തെങ്കിലും നിലപാട് അദ്ദേഹത്തില്‍ നിന്നുണ്ടാകുന്നുണ്ടോ. ഒരു കാര്യം പറയാം. ഞാന്‍ പാര്‍ലമെന്റില്‍ മോദിക്കെതിരേയും അമിത് ഷായ്ക്ക് എതിരേയുമൊക്കെ പ്രസംഗിക്കുന്നു. പിണറായി വിജയന്‍ പ്രതിനിധാനം ചെയ്യുന്ന കേരളത്തിലെ സി.പി.എമ്മിന്റെ പ്രതിനിധിയല്ലേ? എന്നെ അവര്‍ അങ്ങനെയല്ലേ കാണുന്നത്? മോദിയേയും അമിത് ഷായേയും നോക്കി കോണ്‍ഗ്രസ് നിരയില്‍നിന്ന് എത്ര പേരാണ് സംസാരിക്കുന്നത്? ഒന്നു പറയു. അപ്പുറത്തേയ്ക്കു പോകാന്‍ നില്‍ക്കുന്നവരാണ് പലരും. അമിത് ഷാ സഭയിലുണ്ടെങ്കില്‍ പ്രസംഗം മാറ്റുന്ന കോണ്‍ഗ്രസ്സുകാരെ ഞാന്‍ കണ്ടിട്ടുണ്ട്. പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ മാറ്റും. ഞങ്ങളാരെങ്കിലും മാറ്റാറുണ്ടോ. എന്നെപ്പോലെ രാജ്യസഭയിലെ ബാക് ബെഞ്ചറായ ഒരു അംഗത്തിന്റെ പ്രസംഗം കേന്ദ്ര ആഭ്യന്തര മന്ത്രിയേപ്പോലെ ഒരാള്‍ തടസ്സപ്പെടുത്തുന്നത് എന്തിനാണ്. മിണ്ടാതിരുന്നാല്‍പ്പോരെ, എന്തുകൊണ്ട് മറ്റു മന്ത്രിമാര്‍ തടസ്സപ്പെടുത്തി. അവര്‍ക്കു നമ്മുടെ പൊളിറ്റിക്കല്‍ നറേഷന്‍ അസഹനീയമാകുന്നതുകൊണ്ടാണ്. എന്നെയും ഇടതുപക്ഷത്തിന്റെ കേളത്തിലെ മറ്റ് എം.പിമാരെയും കാണുന്നത് കേരളത്തിന്റെ പ്രതിനിധികളായിട്ടല്ലേ. പിന്നെ, എവിടെയാണ് അവരുമായി കോംപ്രമൈസ്.
ഗവര്‍ണര്‍, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനേക്കാള്‍ വലിയ അധികാര ശക്തിയാകാന്‍ നടത്തിയ ശ്രമങ്ങളുടെ നിരവധി ബുദ്ധിമുട്ടുകള്‍ അനുഭവിച്ച സംസ്ഥാനമാണ് കേരളം; ഈ സര്‍ക്കാരും. ഇപ്പോള്‍ സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിധി ഫെഡറലിസം ശക്തിപ്പെടുത്താന്‍ ഫലപ്പെടുമോ?
കഴിഞ്ഞ നാലു വര്‍ഷവും രാജ്യസഭയിലെ പ്രസംഗങ്ങളില്‍ ഞാന്‍ ഏറ്റവുമധികം ഊന്നിയിട്ടുള്ള വിഷയം ഫെഡറലിസമാണ്. അതു സാമ്പത്തിക ഫെഡറലിസമായാലും അഡ്മിനിസ്‌ട്രേറ്റീവ് ഫെഡറലിസമായാലും ഞങ്ങള്‍ നെഞ്ചോടു ചേര്‍ത്തുപിടിക്കുന്ന കാര്യമാണ്. ഇതിനു രണ്ടു വശങ്ങളുണ്ട്. ഫെഡറല്‍ സംവിധാനങ്ങളുടെ ദുരുപയോഗത്തിന്റെ ആദ്യ ഇരയായാണ് 1959-ല്‍ ഇ.എം.എസ് സര്‍ക്കാര്‍ പിരിച്ചുവിടപ്പെടുന്നത്. ഫെഡറലിസം ഉയര്‍ത്തിപ്പിടിക്കാന്‍ ഇടതുപക്ഷത്തിനു വേറൊരു സര്‍ട്ടിഫിക്കേറ്റും ആവശ്യമില്ലാത്ത വിധം സ്വന്തം അനുഭവമാണത്. ഫെഡറലിസവുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ എല്ലാ കമ്മിഷനുകളുടേയും റിപ്പോര്‍ട്ടുകളെക്കുറിച്ച് ഇടതുപക്ഷത്തിനു വ്യക്തമായ ധാരണയും നിലപാടുമുണ്ട്. ഒരുപാട് ചര്‍ച്ചകളും യോജിപ്പും വിയോജിപ്പുമൊക്കെ ഉണ്ടായ, ഉണ്ടായിക്കൊണ്ടിരിക്കുന്ന വിഷയമാണിത്. ഇനിയും നടക്കും വലിയ ചര്‍ച്ചകള്‍. ഫെഡറലിസത്തിന്റെ സംരക്ഷണത്തിനു ജനാധിപത്യവാദികള്‍ പൊരുതിക്കൊണ്ടിരിക്കുകയും ചെയ്യും. കാരണം അത് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ സോള്‍ ആണ്. അതൊക്കെ അങ്ങനെയായിരിക്കുമ്പോള്‍ത്തന്നെ സമീപകാലത്ത് വളരെ വേദനിപ്പിക്കുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടായി. കേരളവുമായോ കേരളത്തിന്റെ രാഷ്ട്രീയവുമായോ സാമൂഹികജീവിതവുമായോ യാതൊരു ബന്ധവുമില്ലാത്ത, കേരളത്തിലെ ജനഹിതവുമായി യാതൊരു ബന്ധവുമില്ലാത്ത, സാങ്കേതികമായി ഭരണഘടനാ മാമൂലിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശുകാരനായ ഒരു വ്യക്തിയെ കേന്ദ്ര സര്‍ക്കാര്‍ നൂലില്‍ കെട്ടിയിറക്കുന്നു, ആ നൂലില്‍ക്കെട്ടി ഇറക്കിയ വ്യക്തിക്കുവേണ്ടി രാവും പകലും കേരളത്തിലെ മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹചര്യം. ഇത് ഇവിടെയല്ലാതെ ലോകത്തിലുണ്ടാകില്ല. തമിഴ്നാട്ടിലെ ഒരു എം.പി പറഞ്ഞ അഭിപ്രായമാണ്. ശരിയല്ലേ. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെതിരെ, വെറും സാങ്കേതിക നൂലാമാലയുടെ പേരില്‍ ഇവിടെ വന്ന ഒരാള്‍ക്കുവേണ്ടി എത്രമാത്രം എയര്‍ടൈം, സ്പെയ്സ് ഒക്കെയാണ് മാധ്യമങ്ങള്‍ നീക്കിവച്ചത്. സുപ്രീംകോടതി വിധി എന്നത് ആരിഫ് മുഹമ്മദ് ഖാനുവേണ്ടി ഗോഗ്വാ വിളിച്ച മാധ്യമങ്ങളുടെ കരണത്തു കിട്ടിയ അടിയാണ്. മലയാളിക്ക് ഒരു ആത്മാഭിമാനമില്ലേ? ഞങ്ങളുടെ സംസ്ഥാനം, ഞങ്ങളുടെ ഗവണ്‍മെന്റ്, ആ ഗവണ്‍മെന്റിനെ ശ്വാസം മുട്ടിക്കാന്‍ ഏതെങ്കിലും ഒരാള്‍ എവിടുന്നെങ്കിലും വന്നു ശ്രമിച്ചാല്‍ അനുവദിക്കില്ല എന്നു പറയാന്‍ കഴിയണം. ആ നിലപാടെടുത്തവര്‍ക്ക് ആശ്വാസം പകരുന്ന വിധിയാണ് സുപ്രീംകോടതിയുടേത്.
മുന്നമാരേയും ജൂദാസുമാരേയും പരാമര്‍ശിച്ചുള്ള പ്രസംഗത്തോട് പുറമേ ഉണ്ടായതിനിപ്പുറം വ്യക്തിപരമായി ലഭിച്ച പ്രതികരണങ്ങളുടെ സ്വഭാവമെന്താണ്?
യഥാര്‍ത്ഥത്തില്‍, ആ പ്രസംഗം ഞാന്‍ ഉദ്ദേശിച്ചതിനേക്കാള്‍ പതിനായിരം മടങ്ങ് പ്രഹരശേഷിയുള്ളതായി മാറി. ഞാന്‍ കണ്‍സീവ് ചെയ്തിരുന്നു, പ്രസംഗം ഇങ്ങനെ ആയിരിക്കണം എന്ന്. ഇംഗ്ലീഷില്‍ തുടങ്ങി അവസാനത്തെ കുറച്ചുസമയം മലയാളത്തിനുവേണ്ടി മാറ്റിവയ്ക്കണം എന്നു തീരുമാനിച്ചിരുന്നു. തലേദിവസം രാജ്യസഭാ സെക്രട്ടറിക്ക് എഴുതിക്കൊടുത്തു, ഞാന്‍ പ്രസംഗിക്കുമ്പോള്‍ അതില്‍ മലയാളവും കൂടി ഉണ്ടാകും എന്ന്. കാരണം, ഞാന്‍ പറയുന്നത് അവിടിരിക്കുന്നവര്‍ക്കെല്ലാം മനസ്സിലാകണം. അങ്ങനെ എഴുതിക്കൊടുത്താല്‍ മാത്രമേ പരിഭാഷ ഉണ്ടാവുകയുള്ളൂ, സഭാരേഖയിലും വരികയുള്ളൂ. അത്രയും ഒരു തയ്യാറെടുപ്പ് ഞാന്‍ നടത്തിയിരുന്നു. പറഞ്ഞ കാര്യങ്ങളിലെ കൂട്ടിച്ചേര്‍ക്കലുകളും ഊന്നലുകളുമൊക്കെ അപ്പോള്‍ സ്വാഭാവികമായി സംഭവിക്കും. പക്ഷേ, വലിയ തോതില്‍, വളരെ വലിയ തോതില്‍ ആ പ്രസംഗം സ്വീകരിക്കപ്പെട്ടു. കാരണം, കേരള സമൂഹത്തെ ഇങ്ങനെ അഡ്രസ് ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രത്യേകിച്ച് ഈ ക്രൈസ്തവ സമൂഹവും മുനമ്പവും ബി.ജെ.പിയുടെ ഈ സ്‌നേഹവും കാപട്യവുമൊക്കെ വല്ലാതെ തിരയടിച്ചു നില്‍ക്കുന്ന സമയത്ത് ഇതു തുറന്നു പറയേണ്ടതുതന്നെയാണ്. പിന്നെ, ഞാന്‍ ചിന്തിക്കാത്ത ഒരു കാര്യം കൂടിയുണ്ടായി: ക്രൈസ്തവ നാമധാരിയായ ഞാനാണ് പറഞ്ഞത് എന്നതുകൊണ്ട് അതിന്റേതായ ഇംപാക്റ്റും ഉണ്ടായി. പക്ഷേ, അതിഭീകരമായി രാഷ്ട്രീയ പ്രതിയോഗികളെ പിടിച്ചുകുലുക്കി. എന്തെല്ലാം ആഭാസം നിറഞ്ഞ മെസ്സേജുകള്‍ ഫോണില്‍ വന്നുകൊണ്ടിരിക്കുന്നു. എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും വരുന്നു. പക്ഷേ, അതൊരു കണക്കിന് അതിന്റെയൊരു ബെഞ്ച്മാര്‍ക്കാണ്. അത്രത്തോളം അവരെ പിടിച്ചുകുലുക്കി. അവര്‍ കഴിഞ്ഞ കുറേ ദിവസമായിട്ട് ബില്‍ഡ്അപ്പ് ചെയ്ത് കൊണ്ടുവന്ന ഒന്നിനെ ഒറ്റയടിക്ക് പൊളിച്ചുകൊടുക്കാന്‍ കഴിഞ്ഞു. സുരേഷ് ഗോപി എന്റെ സുഹൃത്താണ്. പക്ഷേ, അദ്ദേഹത്തിനു നിയന്ത്രണം വിട്ടുപോയി. പ്രസംഗം കഴിഞ്ഞ് പാര്‍ലമെന്റിന്റെ ലോഞ്ചില്‍ വെച്ച് ഞങ്ങള്‍ കണ്ടപ്പോള്‍ ''ഞാനങ്ങനെയൊന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല, കേട്ടോ'' എന്ന് സുരേഷ് ഗോപി പറഞ്ഞു. ഒരു കുഴപ്പവുമില്ല എന്നു ഞാനും പറഞ്ഞു. ''ഞാന്‍ എന്റെ രാഷ്ട്രീയം പറയുന്നു, സുരേഷ് സുരേഷിന്റെ രാഷ്ട്രീയം പറയുന്നു.'' അതവിടെ തീര്‍ന്നെന്നു കരുതി. കാരണം, വര്‍ഷങ്ങളായി പരസ്പരം അറിയുന്നവരാണല്ലോ. ഒരാഴ്ച മുന്‍പും ഞാനും സുരേഷും മമ്മൂക്കയ്‌ക്കൊപ്പം കുറേ സമയം ഒന്നിച്ചുണ്ടായിരുന്നു. സുരേഷ് മമ്മൂക്കയെ കാണാന്‍ വന്നതായിരുന്നു. ആ ആളാണ് കൈരളിയുടെ ചെയര്‍മാനെക്കൂടി പരാമര്‍ശിച്ചു പ്രസംഗിച്ചത്. പക്ഷേ, പെട്ടെന്ന് ഏതായാലും അതില്‍നിന്നു വഴുതി മാറി. സ്റ്റാര്‍ ഗ്രൂപ്പില്‍ ആയിരുന്ന സമയത്ത് ഏഷ്യാനെറ്റിലെ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ പരിപാടിക്ക് സുരേഷ് ഗോപിയുമായി കരാര്‍ ഒപ്പുവെച്ചത് ഞാനാണ്. കാര്യമായി പടങ്ങളൊന്നുമില്ലാതെ ബുദ്ധിമുട്ടിയിരുന്ന സമയത്ത് സുരേഷ് ഗോപിയുടെ തിരിച്ചുവരവ് സംഭവിച്ചത് ആ പരിപാടിയിലൂടെയായിരുന്നു. അന്നേ നല്ല ബന്ധമുണ്ട്. പക്ഷേ, വളരെ പ്രതിലോമകരമായിട്ടല്ലേ അദ്ദേഹം സംസാരിച്ചത്. അദ്ദേഹം പൂര്‍ണമായി ഉള്‍ക്കൊണ്ടാണോ സംസാരിക്കുന്നത് എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്താണ് ഈ പറയുന്നത് എന്നു തോന്നും. അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ പറയുകയല്ല. അങ്ങനെ രാഷ്ട്രീയ വിയോജിപ്പിന്റെ പേരില്‍ പറയുന്നത് ശരിയുമല്ല. സുരേഷ് ഗോപിയോട് ഒരു എംപതിയാണുള്ളത്; അനുതാപം. കൂടെയുള്ളവര്‍ അദ്ദേഹത്തിനു ചില കാര്യങ്ങള്‍ ചെയ്തുകൊടുക്കണം. ഒന്നാമതായി, പൊളിറ്റിക്കലി കോറിയോഗ്രാഫ് ചെയ്യണം. ഒരു പൊളിറ്റിക്കല്‍ സ്‌ക്രിപ്റ്റ് റൈറ്ററും വേണം കോറിയോഗ്രാഫറും വേണം. സംഭാഷണങ്ങളേക്കാള്‍ അദ്ദേഹത്തിന് അപകടമുണ്ടാക്കുന്നത് ചില ആംഗ്യങ്ങളൊക്കെയാണ്. ചേഷ്ടകള്‍.
ആ പ്രസംഗത്തിന്റെ കാര്യത്തില്‍ എനിക്കുള്ള സംതൃപ്തി, ഇവരെ എക്‌സ്പോസ് ചെയ്യാന്‍ പറ്റി എന്നതാണ്. കേരളത്തിലെ മുസ്ലിം സമൂഹത്തിന്റെ ട്രസ്റ്റ് കൂടി നമുക്കു വേണം. കേരളത്തിനു പുറത്തെ മുസ്ലിം സമൂഹവും കേരളത്തിലെ മുസ്ലിം സമൂഹവും തമ്മില്‍ അജഗജാന്തരമുണ്ട്. സത്യം പറഞ്ഞാല്‍, ഇത്രയും വ്യത്യാസം ഞാന്‍ കണ്ടിട്ടില്ല. കേരളത്തിനു വെളിയില്‍, പ്രത്യേകിച്ച് ഉത്തരേന്ത്യയിലൊക്കെയുള്ള മുസ്ലിങ്ങളെ കണ്ടാല്‍ ഏതൊക്കെയോ യുദ്ധങ്ങളില്‍ പരാജയപ്പെട്ട് എല്ലാം നഷ്ടപ്പെട്ട് നിസ്സഹായതയുടെ പടുകുഴിയില്‍ കിടക്കുന്ന ഒരു വ്യക്തിയുടെ രൂപമാണ്; അന്ത്യമോര്‍ത്ത് കിടക്കുന്ന വ്യക്തി. ഞാന്‍ സത്യന്ധമായി പറയുകയാണ്. പക്ഷേ, കേരളത്തില്‍ കാണുന്നത് മറ്റെല്ലാവരോടും തോളോടുതോള്‍ ചേര്‍ന്ന് ആത്മാഭിമാനത്തോടെ നില്‍ക്കുന്ന മുസ്ലിമിനെയാണ്. മലയാളിയാണ് എന്ന ആത്മാഭിമാനം. ഉത്തരേന്ത്യയിലെ ഈ സുരക്ഷിതത്വക്കുറവുണ്ടല്ലോ. അവിടുത്ത ആളുകളുടെ കണ്ണുനീരിനു വലിയ പ്രസക്തിയുണ്ട്. ഒരു വ്യക്തിയുടെ കണ്ണുനീരിനു സമൂഹത്തെ ചാമ്പലാക്കാന്‍ ശേഷിയുണ്ട, ഒരു സംശയവും വേണ്ട. കേരളം അങ്ങനെയുള്ള ഒരു വേദിയാകരുത് എന്ന ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ട്. ഇതില്‍ എന്തെങ്കിലും രാഷ്ട്രീയ കൗശലം വച്ചിട്ടില്ല പറയുന്നത്.
പാര്‍ട്ടി പത്രത്തിന്റെ കണ്ണൂര്‍ ബ്യൂറോയില്‍ തുടങ്ങി പാര്‍ട്ടി ചാനലിന്റെ തലപ്പത്തു വരെയും പിന്നെ പാര്‍ലമെന്റിലേക്കും എത്തിയ കാലത്തെ അനുഭവങ്ങള്‍ രാഷ്ട്രീയമായും വ്യക്തിപരമായും എങ്ങനെയാണ് അഭിമുഖീകരിച്ചത്?
ഞാന്‍ കണ്ണൂരിലെ സാധാരണ ഒരു നാട്ടുമ്പുറത്തുനിന്നു വന്നയാളാണ്. കുഞ്ഞിലേ അച്ഛന്‍ മരിച്ചു, അമ്മ വളര്‍ത്തി. വളരെ സാധാരണ സാഹചര്യത്തില്‍നിന്ന് ഓരോ പടവുകളും കയറി ആകസ്മികതയുടെ പിന്‍ബലത്തില്‍ ഇവിടെ വരെ എത്തി. ഞാനൊരു എം.ഡിയാകുമെന്നോ എം.പിയാകും എന്നോ ചിന്തിച്ചിട്ടില്ല. 32-ാമത്തെ വയസ്സില്‍ എം.ഡിയായി. കഷണ്ടിയും കുടവയറുമൊക്കെയുള്ളവര്‍ക്കു മാത്രമേ അന്നത്തെ കാലത്ത് ആ ഒരു പദവിയിലെത്താന്‍ കഴിയുകയുള്ളൂ. ഇതൊന്നും എന്റെ വ്യക്തിപരമായ നേട്ടമല്ല. കിട്ടിയിട്ടുള്ള ഫേവറാണ്. പലരുടേയും സ്‌നേഹവും സൗമനസ്യവുമാണ് എന്നെ ഇവിടെ എത്തിച്ചത്. ഈ സമൂഹം എന്റെ ജാതിയെന്താണ് എന്നോ മതമെന്താണെന്നോ എന്റെ സാമൂഹിക സാഹചര്യം എന്താണെന്നോ ചിന്തിക്കാതെ അകമഴിഞ്ഞ് സഹായം നല്‍കി. അങ്ങനെ എന്നെ ഞാനാക്കിയ സമൂഹത്തിനു തിരിച്ചുകൊടുക്കേണ്ട ബാധ്യതയുണ്ട്. പാര്‍ലമെന്റില്‍ പ്രസംഗിക്കുമ്പോള്‍ ഓരോ കാര്യത്തിലും നിര്‍വഹിക്കുന്നത് സമൂഹത്തിനു തിരിച്ചുകൊടുക്കുക എന്ന എന്റെ ഉത്തരവാദിത്തമാണ്. അത് എന്റെ ഔദാര്യമല്ല; കൊടുക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. ഈ സമൂഹത്തിന്റെ ജനാധിപത്യപരവും മതനിരപേക്ഷവുമായ അന്തരീക്ഷമാണ് എന്നെ സൃഷ്ടിച്ചത്. അങ്ങനെ സൃഷ്ടിച്ച സമൂഹത്തിനു ഞാന്‍ ചിലത് കൈമാറേണ്ടതുണ്ട്. അതാണ് എന്റെ പൊളിറ്റിക്‌സ്. അടിസ്ഥാനപരമായി എന്റെ രാഷ്ട്രീയം അതാണ്. അതിലെനിക്ക് ഭയമില്ല. പാര്‍ലമെന്റില്‍ ഇങ്ങനെയുള്ള വിഷയങ്ങളെടുത്ത് സംസാരിക്കുമ്പോള്‍ എന്റെ മനസ്സിലുള്ളത് അതാണ്. എന്നെ ഉണ്ടാക്കിയത് കേരളമാണ്. എനിക്ക് അലകും പിടിയും സമ്മാനിച്ചത് പാര്‍ട്ടിയാണ്. അതു തിരിച്ചുകൊടുക്കാന്‍ പറ്റിയില്ലെങ്കില്‍ എന്നെക്കൊണ്ട് എനിക്കെന്താണ് പ്രയോജനം.
എന്റെ ബാലന്‍സ് ഷീറ്റ് പരിശോധിക്കുമ്പോള്‍ എന്നോട് എത്രയോ പേര്‍ സ്‌നേഹം കാണിച്ചിട്ടുണ്ട്. ആ സ്‌നേഹത്തിനൊന്നും ഞാന്‍ ചിലപ്പോള്‍ അര്‍ഹന്‍ തന്നെ ആയിരിക്കണമെന്നില്ല. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകനായിരിക്കുമ്പോള്‍ ഇ.എം.എസ്സുമായിട്ടൊക്കെയുള്ള ബന്ധം. എന്തൊരു സ്‌നേഹമാണ് അവര്‍ക്കൊക്കെ. ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്ത് സി.പി.എം ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു വിരമിച്ച ശേഷം ഒരാഗ്രഹം. അദ്ദേഹം ജനിച്ച, രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ലാഹോര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലൂടെ, അദ്ദേഹം വന്ന വഴികളിലൂടെ ഒന്നു യാത്ര ചെയ്യണം. മുഷാറഫ് ആണ് അന്ന് പാകിസ്താന്‍ പ്രസിഡന്റ്. എന്നോട് വരുന്നോ എന്ന് സുര്‍ജിത്ത് ചോദിച്ചു. പത്തോ പന്ത്രണ്ടോ ദിവസം. അദ്ദേഹത്തെ കിണറ്റിലിട്ട് അദ്ദേഹം അന്ധനായിപ്പോയ ഒരു സ്ഥലമുണ്ട്. അവിടെ ഉള്‍പ്പെടെ പോയി. ലാഹോര്‍, കറാച്ചി, ഇസ്ലാമബാദ്, അദ്ദേഹത്തിന്റെ വീട് ഇരുന്ന പഴയ പഞ്ചാബിന്റെ ഭാഗമായ സ്ഥലം എല്ലായിടത്തും പോയി. അന്ന് അങ്ങനെ പുറത്തുനിന്ന് ആര്‍ക്കും പാകിസ്താനില്‍ യാത്ര ചെയ്യാന്‍ പറ്റില്ല. സുര്‍ജിത്ത് ആയതുകൊണ്ടാണ്, എ.ബി. ബര്‍ദനും കൂടെയുണ്ടായിരുന്നു. അതു മനസ്സിലാക്കണം; ഈ സി.പി.ഐ, സി.പി.എം അഭിപ്രായ വ്യത്യാസത്തെക്കുറിച്ചൊക്കെ പറയുമ്പോള്‍ ചിന്തിക്കേണ്ട കാര്യമാണ്. അവിസ്മരണീയമായ യാത്ര ആയിരുന്നു അത്. എന്തൊരു സൗമനസ്യമാണ് അദ്ദേഹം എന്നോട് കാണിച്ചത്. എന്തെല്ലാം ഞങ്ങള്‍ പങ്കുവച്ചു. അങ്ങനത്തെ ഒരുപാട് അനുഭവങ്ങളുണ്ട്.
കണ്ണൂരില്‍ ഞാന്‍ മാധ്യമപ്രവര്‍ത്തനം തുടങ്ങുന്ന സമയത്താണ് പിണറായി സഖാവ് ജില്ലാ സെക്രട്ടറിയായത്. അന്നു മുതലുള്ള ബന്ധമാണ്. മൂപ്പരുടെ പ്രത്യേക എന്താണെന്നുവച്ചാല്‍ അധികം പറയുകയൊന്നുമില്ല. വളരെക്കുറച്ചേ സംസാരിക്കൂ. പക്ഷേ, ഉള്ളിന്റെയുള്ളില്‍ ഒരു കരുതല്‍ ഉണ്ടാകും. അദ്ദേഹവുമായി ഏതെങ്കിലും ഘട്ടത്തില്‍ ബന്ധപ്പെട്ടിട്ടുള്ള ആളുകളുടെയൊക്കെ കാര്യങ്ങള്‍ അദ്ദേഹം അന്വേഷിക്കും. ചെറിയ ചെറിയ കാര്യങ്ങള്‍പോലും. അങ്ങനെ ഒരുപാട് കരുതലുകള്‍ എനിക്കു കിട്ടിയിട്ടുണ്ട്. നായനാര്‍ സഖാവുമായി എന്തെല്ലാം രസകരമായ മുഹൂര്‍ത്തങ്ങള്‍. പലര്‍ക്കും പല നീരസങ്ങളും ഉണ്ടായേക്കാം. പക്ഷേ, ആകെത്തുക നോക്കുമ്പോള്‍ ഇടതുപക്ഷ പ്രസ്ഥാനം എന്നെപ്പോലെയൊരു ആളെയൊക്കെ എത്രത്തോളം നെഞ്ചേറ്റി. പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞിട്ടുള്ള ഒരു കാര്യമുണ്ട്. യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാനായി എന്നെ ആലോചിക്കുന്ന സമയത്താണ് ഞാന്‍ മാധ്യമപ്രവര്‍ത്തനത്തിലേയ്ക്ക് പോയത്. ആ ഒഴിവിലേയ്ക്കാണ് ശ്രീരാമകൃഷ്ണന്‍ വന്നത്. ഞാന്‍ അദ്ദേഹത്തോടുതന്നെ തമാശയായി അതു പറയാറുണ്ട്, സ്പീക്കറൊക്കെ ആയത് എന്റെ ചെലവിലാണെന്ന്. അങ്ങനത്തെ ഒരുപാട് അനുഭവങ്ങളിലൂടെയാണ് വന്നത്. അതുകൊണ്ട് വിമ്മിഷ്ടത്തിന്റേയോ വിഷമത്തിന്റേയോ തലമില്ല. വേറൊരു കാര്യം, ഞാനൊരു പരമ്പരാഗത ഇടതുപക്ഷ കുടുംബത്തില്‍ ജനിച്ച ആളൊന്നുമല്ല.
കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധരുടെ സ്ഥലമാണ് എന്റെ നാട്. ഞങ്ങളുടേത് ഇടതുപക്ഷ ആഭിമുഖ്യമുള്ള ഒരു കുടുംബമാണ് എന്നേയുള്ളൂ. ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഫാദര്‍ മരിച്ചു. ചുറ്റിനും യു.ഡി.എഫുകാരാണ്. ഇരിക്കൂര്‍ മണ്ഡലമാണ്. പക്ഷേ, കാമ്പസിലൊക്കെ വന്നു കഴിഞ്ഞപ്പോള്‍ ഞാന്‍ ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തകനായി മാറി. അതായത്, എന്റെ ഇടതുപക്ഷത എന്നത് ആരും എന്നില്‍ അടിച്ചേല്‍പ്പിച്ചതല്ല, ഞാന്‍ തെരഞ്ഞെടുത്തതാണ്. എന്റെ ചോയ്സ് ആയിരുന്നു. എന്റെ ചോയ്സ് ആകുമ്പോഴുള്ള ഗുണമെന്താണെന്നു വച്ചാല്‍, എനിക്ക് അതൊരു അഭിമാനമാണ്, ഭാരമല്ല.
എന്റെ ഇടതുപക്ഷത എന്നെ പല ഘട്ടങ്ങളിലും ശരിയും തെറ്റും തിരിച്ചറിയാന്‍ സഹായിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനം ഭയങ്കര പക്ഷപാതപരമാണ് എന്നു പല മാധ്യമപ്രവര്‍ത്തകരും പറയാറുണ്ട്. എന്റെ രാഷ്ട്രീയം ഞാന്‍ തെരഞ്ഞെടുത്ത വീക്ഷണമാണ്. പക്ഷേ, ഈ പറയുന്നവരുടെയൊക്കെ ഉള്ളില്‍ ജാതിയുടേയും മതത്തിന്റേയും കനത്ത പാളികളല്ലേ കിടക്കുന്നത്. അതേക്കുറിച്ചൊന്നും ആരും ചര്‍ച്ച ചെയ്യുന്നില്ല.
ഇഷ്ടങ്ങളും അനിഷ്ടങ്ങളും മുതലാളിയോടുള്ള താല്‍പ്പര്യവും താല്‍പ്പര്യമില്ലായ്മയും. രൂഢമൂലമായിട്ടുള്ള പക്ഷപാതിത്വങ്ങളുടെ കനത്ത പാളികള്‍ മനസ്സിലുള്ളവരാണ് നിങ്ങള്‍ പക്ഷപാതിയാണ് എന്നു പറയുന്നത്. എന്തൊരു അര്‍ത്ഥശൂന്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates