

ഇന്ത്യ എന്നത് എല്ലാക്കാലത്തും ഒരു ഹിന്ദുരാഷ്ട്രമാണ് എന്നതാണ് ഹിന്ദുത്വ കാഴ്ചപ്പാട്. കൊളോണിയല്‍ വാഴ്ചകളിലും നെഹ്‌റുവിയന്‍ കാലഘട്ടത്തിലും തല്‍ക്കാലത്തേക്ക് ഒളിമങ്ങിപ്പോയി ഹൈന്ദവ പ്രഭാവം എങ്കിലും. അത് വീണ്ടെടുത്ത് പൂര്‍ണ്ണമായും ഹിന്ദുരാഷ്ട്രം എന്ന സങ്കല്പം യാഥാര്‍ത്ഥ്യമാക്കുന്നതിനാണ് ഇപ്പോള്‍ യൂണിയന്‍ ഗവണ്‍മെന്റിനു നേതൃത്വം നല്‍കുന്ന, ആര്‍.എസ്.എസ്സിന്റെ പാര്‍ലമെന്ററി സംഘടനയായ ഭാരതീയ ജനതാ പാര്‍ട്ടി ശ്രമിക്കുന്നത് എന്ന് ആരോപണമുണ്ട്. ഏറ്റവുമൊടുവില്‍, മദ്‌റസ്സാ ബോര്‍ഡുകള്‍ പിരിച്ചുവിടണമെന്ന ബാലാവകാശ കമ്മിഷന്റെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഈ ആരോപണം കൂടുതല്‍ ഉച്ചത്തില്‍ കേള്‍ക്കാനാരംഭിച്ചിരിക്കുകയാണ്. തീര്‍ച്ചയായും തലച്ചോറുറയ്ക്കുന്നതിനു മുന്‍പുതന്നെ കുട്ടികളില്‍ മതമൂല്യങ്ങള്‍ കുത്തിച്ചെലുത്താനും മതസ്വത്വമാണ് തന്റെ സ്വത്വമെന്ന അവരില്‍ ചിന്തയുറപ്പിക്കാനും മതവിദ്യാഭ്യാസം മുഖേന ശ്രമിക്കുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. എന്നാല്‍, ഇത് ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗം മാത്രം ചെയ്തുപോരുന്ന ഒന്നല്ല എന്നും കാണണം. എല്ലാ മതക്കാരും വിഭാഗക്കാരും ഏറിയും കുറഞ്ഞും 'Catch 'em young' നയമനുസരിച്ച് ഇതു ചെയ്തുപോരുന്നുണ്ട്. എന്നാല്‍, മദ്‌റസ്സകള്‍ക്കു താഴിടാന്‍ ഇതൊന്നുമല്ല ദേശീയ ബാലാവകാശ കമ്മിഷന്‍ മുന്നോട്ടു വെയ്ക്കുന്ന കാരണങ്ങള്‍.
രാഷ്ട്രത്തിന്റെ മൂന്നു ശത്രുക്കള്‍
ഹിന്ദുത്വ ആചാര്യനായ വിനായക് ദാമോദര്‍ സവര്‍ക്കര്‍ എഴുതിയ 'Essential of Hindutva' എന്ന പുസ്തകത്തില്‍ ആരാണ് ഹിന്ദു എന്നു നിര്‍വ്വചിക്കാന്‍ മുതിരുന്നുണ്ട്. ഇന്ത്യ എന്ന ഭൂപ്രദേശത്തെ മാതൃഭൂമിയായും പിതൃഭൂമിയായും (പൂര്‍വ്വികരുടെ നാട്) പുണ്യഭൂമിയായും കണക്കാക്കുന്ന ഏതൊരാളും ഹിന്ദുവാണെന്ന് അദ്ദേഹം നിര്‍വ്വചിക്കുന്നു. ഹിന്ദുക്കളുടെ രാജ്യമാണ് ഇന്ത്യ. എന്തെന്നാല്‍ ഹിന്ദുവിശ്വാസം ഇന്ത്യയില്‍ ആവിര്‍ഭവിച്ചതായതുകൊണ്ട് ഹിന്ദുമതസ്ഥരുടെ വംശീയത ഇന്ത്യനാണ്. ഇന്ത്യയില്‍ത്തന്നെ ഉത്ഭവിച്ച സിഖ്, ബുദ്ധ, ജൈന വിശ്വാസങ്ങളെപ്പോലെയുള്ളവയും ഇന്ത്യനാണ്. വേദങ്ങളെ അംഗീകരിക്കാത്തവയാണ് ജൈന, ബൗദ്ധ, സിഖ് മതങ്ങളെങ്കിലും അവ ഹിന്ദുമതത്തിന്റെ തന്നെ വകഭേദങ്ങളാണ്.
എന്നാല്‍, ഇസ്ലാമിനും ക്രിസ്തുമതത്തിനും ഇതു ബാധകല്ല. കാരണം അവരുടെ വിശ്വാസങ്ങള്‍ ഇന്ത്യയ്ക്ക് പുറത്ത് ജനിച്ചതും വളര്‍ന്നവയുമാണ്. ഹിന്ദുക്കളായ അച്ഛനമ്മമാര്‍ക്ക് ജനിച്ചവരാണെങ്കില്‍പ്പോലും. Essential of Hindutva എന്ന പുസ്തകത്തില്‍ അദ്ദേഹമെഴുതുന്നു: 'Their (Muslims and Christians) holy land is far off in Arabia or Palestine. Their mythology and Godmen, ideas and heroes, are not the children of this soil. Consequently, their names and their outlook smack of a foreign origin. Their love is divided.' കമ്യൂണിസ്റ്റുകാരുടെ ദേശക്കൂറിനേയും സവര്‍ക്കര്‍ ചോദ്യം ചെയ്യുന്നുണ്ട്. 'Communism, too, may find itself at logger heads with nationalism. For Communists believe in an international brotherhood of workers, and in any clash of interests between such a brotherhood and the interests of a nation, Communism would not hesitate to prefer the former.'
രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ രണ്ടാം സര്‍സംഘ്ചാലക് എം.എസ്. ഗോള്‍വല്‍ക്കര്‍ എഴുതിയ വിചാരധാരയില്‍ രാഷ്ട്രത്തിന്റെ മൂന്നു പ്രധാന ശത്രുക്കള്‍ ആരെന്ന് വ്യക്തമാക്കുന്നുണ്ട്. സവര്‍ക്കറില്‍നിന്നും ഒരുപടികൂടി കടന്ന് അദ്ദേഹം പറയുന്നത് മുസ്‌ലിങ്ങള്‍, ക്രിസ്ത്യാനികള്‍, കമ്യൂണിസ്റ്റുകാര്‍ എന്നിവരുടെ വിദേശക്കൂറ് അവരെ രാഷ്ട്രത്തിന്റെ ആഭ്യന്തര ശത്രുക്കളാക്കുന്നു എന്നാണ്. ഈ മൂന്നു കൂട്ടര്‍ക്കും ഹിന്ദു കേന്ദ്രീകൃത ഇന്ത്യ എന്ന ആശയവുമായി ശത്രുത പുലര്‍ത്തുന്ന ആശയാദര്‍ശങ്ങളുണ്ടെന്നും ആ ആശയാദര്‍ശങ്ങള്‍ വെച്ചുപുലര്‍ത്തുന്ന വിദേശ ശക്തികളോടാണ് കൂറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഹിന്ദു രാഷ്ട്രത്തിന്റെ ഐക്യത്തേയും സാംസ്‌കാരിക സ്വത്വത്തേയും തകര്‍ക്കുന്ന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതാണ് മതനിരപേക്ഷതാവാദം എന്നും ഗോള്‍വല്‍ക്കര്‍ കരുതിയിരുന്നു. ഇന്ത്യയുടെ ഹിന്ദുസ്വത്വത്തോട് ന്യൂനപക്ഷ മതങ്ങള്‍ ലയിച്ചുചേരണമെന്നും ഗോള്‍വല്‍ക്കര്‍ നിര്‍ബ്ബന്ധം പിടിച്ചിരുന്നു. വിനായക് ദാമോദര്‍ സവര്‍ക്കറിന്റേയും എം.എസ്. ഗോള്‍വല്‍ക്കറിന്റേയും ചിന്താധാരയെ പിന്‍പറ്റുന്ന ഒരു രാഷ്ട്രീയ കക്ഷിയുടെ ഭരണത്തിന്‍ കീഴില്‍ ന്യൂനപക്ഷ മതസ്ഥാപനങ്ങള്‍ക്കെതിരെ നടക്കുന്ന ഏതൊരു നീക്കവും സംശയത്തോടെ വീക്ഷിക്കപ്പെടുക സ്വാഭാവികമാണ്. മദ്‌റസ്സകള്‍ക്കെതിരെയുള്ള നീക്കവും ആ സംശയത്തിന് അതീതമാകുന്നില്ല.
മദ്‌റസ്സകള്‍ ബാലാവകാശ ലംഘനത്തിനു വേദികള്‍
ദേശീയ ബാലാവകാശ കമ്മിഷന്റെ മദ്‌റസ്സകള്‍ക്ക് എതിരേയുള്ള നീക്കം ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ ഗവണ്‍മെന്റ് 2014-ല്‍ അധികാരത്തിലേറിയതു മുതല്‍ നടപ്പാക്കി വരുന്ന നയങ്ങളുടെ ഭാഗമാണെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ന്യൂനപക്ഷ മതസംഘടനകളും പൗരാവകാശ പ്രവര്‍ത്തകരും ആരോപിക്കുന്നത്. ഒരു മതനിരപേക്ഷ രാഷ്ട്രമെന്ന നിലയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് വിശ്വാസപരമായും സാംസ്‌കാരികമായും നല്‍കുന്ന അവകാശങ്ങളും പരിരക്ഷയും ഇല്ലാതാക്കുക എന്നതാണ് ഈ നയങ്ങളുടെ ലക്ഷ്യം. എന്നാല്‍, കേരളത്തിലും കിഴക്കന്‍ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും ക്രിസ്തുമത വിശ്വാസികളെ തല്‍ക്കാലം കൂടെനിര്‍ത്താന്‍ ശ്രമിക്കുന്ന ഭാരതീയ ജനതാപാര്‍ട്ടിയാല്‍ നയിക്കപ്പെടുന്ന യൂണിയന്‍ ഗവണ്‍മെന്റ് ഒരേ സമയം വ്യത്യസ്ത ന്യൂനപക്ഷ അവകാശങ്ങളില്‍ ഒരേ സമയം കൈവശം വയ്ക്കാനുദ്ദേശിക്കുന്നില്ല എന്നും വ്യക്തം.
ഭാഷ, ഭക്ഷണം തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളിലും നിലനില്‍ക്കുന്ന സാംസ്‌കാരികമായ വ്യത്യസ്തതകളെ ഇല്ലായ്മചെയ്ത് ഹിന്ദു രാഷ്ട്രത്തിലേക്കുള്ള വഴി സുഗമമാക്കുകയാണ് ഇന്ത്യ ഭരിക്കുന്ന കക്ഷി ചെയ്യുന്നതെന്നു വിമര്‍ശകര്‍ പറയുന്നു. ഈ ഏകീകരണ പ്രക്രിയയില്‍ മുഖ്യമായും പ്രാഥമികമായും ഇസ്‌ലാമിക വിശ്വാസികളുടെ മതപരമായ സ്വത്വത്തെയാണ് ലക്ഷ്യമിടുന്നത് എന്നത് വ്യക്തം. ബാലാവകാശ സമിതിയുടെ മദ്‌റസ്സകള്‍ സംബന്ധിച്ച് സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം, 2024-ലെ വഖഫ് ബോര്‍ഡ് ഭേദഗതി നിയമം എന്നിവ ലക്ഷ്യമിടുന്നത് ഒരു മതന്യൂനപക്ഷമെന്ന നിലയില്‍ മുസ്‌ലിങ്ങള്‍ക്കുള്ള സ്വതന്ത്രമായ നിലനില്‍പ്പിനെയാണെന്നും ആരോപണമുണ്ട്.
മദ്‌റസ്സകള്‍ക്ക് സംസ്ഥാന ഗവണ്‍മെന്റുകള്‍ നല്‍കുന്ന ധനസഹായം നിര്‍ത്തലാക്കണമെന്നും മദ്‌റസ്സകളില്‍നിന്ന് ഇസ്‌ലാം ഇതര മതസ്ഥരായ കുട്ടികളെ സാധാരണ സ്‌കൂളുകളിലേയ്ക്ക് മാറ്റണമെന്നും ആണ് ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്‍ (എന്‍.സി.പി.സി.ആര്‍) ആവശ്യപ്പെട്ടിട്ടുള്ളത്. മദ്‌റസ്സകളില്‍ പഠിക്കുന്ന കുട്ടികളെ ഔപചാരിക പഠനം സാദ്ധ്യമാക്കുന്ന സ്‌കൂളുകളിലേയ്ക്ക് മാറ്റിച്ചേര്‍ക്കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
''2009-ലെ വിദ്യാഭ്യാസ അവകാശ നിയമത്തില്‍നിന്ന് മതസ്ഥാപനങ്ങളെ ഒഴിവാക്കിയത് ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തില്‍നിന്ന് മതസ്ഥാപനങ്ങളില്‍ മാത്രം പഠിക്കുന്ന കുട്ടികളെ ഒഴിവാക്കുന്നതിലേയ്ക്കാണ് നയിച്ചിട്ടുള്ളത്... കുട്ടികളെ സാധികാരമാക്കാന്‍ ഉദ്ദേശിച്ച് ചെയ്തതെന്താണോ അത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും തന്‍മൂലം ആത്യന്തികമായി ഇല്ലായ്മയുടേയും വിവേചനത്തിന്റേയും പുതിയ അടരുകള്‍ സൃഷ്ടിക്കപ്പെടുകയുമാണുണ്ടായതെന്ന്'' സ്ഥാനമൊഴിയുന്ന എന്‍.സി.പി.സി.ആര്‍ ചെയര്‍മാന്‍ പ്രിയങ്ക് കനൂംഗോ ഒക്ടോബര്‍ 11-ന് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത് ഇങ്ങനെ.
മദ്‌റസ്സകള്‍ക്ക് ഫണ്ട് നല്‍കുന്നത് നിര്‍ത്തലാക്കുന്നതിനും കുട്ടികളെ റഗുലര്‍ സ്‌കൂളുകളിലേയ്ക്ക് മാറ്റുന്നതിനുമൊപ്പം, ഇപ്പോള്‍ സുപ്രിംകോടതിയുടെ പരിഗണനയിലുള്ള ഇതു സംബന്ധിച്ച കേസിലെ വിധിക്കു വിധേയമായി മദ്‌റസ്സ ബോര്‍ഡുകള്‍ ഒഴിവാക്കണമെന്നും കനൂംഗോ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസില്‍, 2004-ലെ ഉത്തര്‍പ്രദേശ് ബോര്‍ഡ് ഓഫ് മദ്‌റസ്സ ആക്ട് സംസ്ഥാന ഗവണ്‍മെന്റിന്റെ അധികാരപരിധിക്കു പുറത്തുള്ള കാര്യമായതുകൊണ്ട് അസാധുവാണെന്നും അത് ഭരണഘടനാവിരുദ്ധമാണെന്നും കാണിച്ച് 2024 മാര്‍ച്ച് 22-ന് അലഹബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടുള്ള കേസാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. മാര്‍ച്ച് 22-ന്റെ ഹൈക്കോടതി വിധിയില്‍ സംസ്ഥാന ഗവണ്‍മെന്റ് എല്ലാ വിദ്യാര്‍ത്ഥികളേയും മദ്‌റസ്സകളില്‍നിന്നും നീക്കി സാധാരണ സ്‌കൂളുകളില്‍ ചേര്‍ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മദ്‌റസ്സകളില്‍ പഠിക്കുന്ന 1.7 ദശലക്ഷത്തോളം വരുന്ന മദ്‌റസ്സ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമേകിക്കൊണ്ട് 2004-ലെ ഉത്തര്‍പ്രദേശ് ബോര്‍ഡ് ഓഫ് മദ്‌റസ്സ വിദ്യാഭ്യാസ നിയമം സംബന്ധിച്ച അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി ഏപ്രില്‍ അഞ്ചിന് സ്റ്റേ ചെയ്തിരുന്നു. സെപ്തംബറില്‍, ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്‍ കോടതിക്കു മുന്‍പാകെ രേഖാമൂലം സമര്‍പ്പിച്ച നിവേദനത്തില്‍ മദ്‌റസ്സകളെ വിദ്യാഭ്യാസ അവകാശ നിയമത്തില്‍നിന്നും ഒഴിവാക്കുക വഴി മദ്‌റസ്സകളെ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന കുട്ടികള്‍ക്ക് ഔപചാരിക വിദ്യാഭ്യാസം, ഉച്ചഭക്ഷണം, യൂണിഫോം, പരിശീലനം ലഭിച്ച അദ്ധ്യാപകരുടെ സേവനം തുടങ്ങിയവ നഷ്ടമാകുന്നുവെന്ന് വാദിച്ചു.
'Guardians of Faith or Oppressors of Rights: Constitutional Rights of Children vs Madrasas' എന്ന പേരില്‍ അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ശുപാര്‍ശകള്‍ നല്‍കിയിരിക്കുന്നതെന്ന് കനൂംഗോ പറയുന്നു. ''മദ്‌റസ്സകളുടെ ചരിത്രത്തിന്റെ വിവിധ വശങ്ങളേയും കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ ലംഘിക്കുന്നതിലെ പങ്കിനേയും സ്പര്‍ശിക്കുന്ന 11 അധ്യായങ്ങളാണ് റിപ്പോര്‍ട്ടിലുള്ളതെന്നും'' കനൂംഗോ വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍, ബാലാവകാശ സംരക്ഷണ കമ്മിഷന്റെ മദ്‌റസ്സകള്‍ക്കെതിരായ ഈ നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. ആര്‍.എസ്.എസ് നേതൃത്വത്തില്‍ നടക്കുന്ന ആക്രമണോത്സുക ദേശീയതയുടേയും മത ധ്രുവീകരണത്തിന്റേയും ഭാഗമായിട്ടാണ് കമ്മിഷന്‍ റിപ്പോര്‍ട്ടിനേയും പ്രതിപക്ഷ പാര്‍ട്ടികളും ന്യൂനപക്ഷ മതവിഭാഗങ്ങളും കാണുന്നത്. മദ്‌റസ്സ എന്ന വാക്കിനു വിദ്യാലയം എന്നര്‍ത്ഥം. എന്നാല്‍, മതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എന്ന അര്‍ത്ഥത്തിലാണ് ഇവിടെ പ്രയോഗിക്കപ്പെടുന്നത്. മദ്‌റസ്സകള്‍ തീവ്രവാദ സംഘടനയിലേയ്ക്കുള്ള റിക്രൂട്ട്മെന്റ് കേന്ദ്രങ്ങളാണെന്നതടക്കം സംഘപരിവാര്‍ വര്‍ഷങ്ങളായി പ്രചാരണം നടത്തുന്നുണ്ട്. ഇത്തരം വിദ്വേഷ പ്രചാരണത്തിന് ഔദ്യോഗിക പരിവേഷം നല്‍കുകയാണ് ബാലാവകാശ കമ്മിഷനെന്നും വ്യാപകമായ വിമര്‍ശനമുണ്ട്.
അതേസമയം, മദ്‌റസ്സകളുടെ ധനസഹായവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന മദ്‌റസ്സകളെ നിയന്ത്രിക്കുക ലക്ഷ്യമിട്ടാണ് ബാലാവകാശ സംരക്ഷണ കമ്മിഷന്‍ കത്തയച്ചിട്ടുള്ളതെന്നും ബി.ജെ.പി ദേശീയ വക്താവ് സുധാംശു ചതുര്‍വേദി വ്യക്തമാക്കിയിട്ടുണ്ട്.
മതപാഠശാലകളോ സാര്‍വ്വത്രിക വിദ്യാഭ്യാസത്തിനു തടസ്സം?
എല്ലാ മതങ്ങളും മതപാഠശാലകള്‍ നടത്തുന്നുണ്ട്. വിവിധ മുസ്‌ലിം വിഭാഗങ്ങള്‍ അവരുടെ സംഘടനകള്‍ക്കു കീഴിലാണ് മദ്‌റസ്സകള്‍ നടത്തുന്നത്. സംഘടിതമായും വ്യവസ്ഥാപിതമായും അവ പ്രവര്‍ത്തിച്ചു പോരികയും ചെയ്യുന്നു. ഭാഷ, വിശ്വാസം, കര്‍മ്മശാസ്ത്രം, ചരിത്രം, ഖുര്‍ആന്‍ തുടങ്ങിയവയും സാഹിത്യംപോലുള്ള പാഠ്യേതര വിഷയങ്ങളും മദ്‌റസ്സകളുടെ സിലബസ്സിലുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ മദ്‌റസ്സകള്‍ - പതിനാലായിരത്തോളം - കേരളത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരു ധനസഹായവും ഈ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന ഗവണ്‍മെന്റില്‍നിന്നും ലഭിക്കുന്നില്ല. മദ്‌റസ്സ അദ്ധ്യാപകര്‍ക്കുള്ള പെന്‍ഷന്‍ ലഭ്യമാക്കുന്നതാകട്ടെ, ക്ഷേമനിധിയില്‍ നിന്നാണ്. ഈ ക്ഷേമനിധിയിലേയ്ക്ക് വിഹിതം നല്‍കുന്നത് മദ്‌റസ്സാ അദ്ധ്യാപകരും അവയുടെ മാനേജ്‌മെന്റുകളും മാത്രമാണ്. ഇത് ട്രഷറിയില്‍ നിക്ഷേപിക്കുന്നുവെന്നുമാത്രം. കേരളത്തില്‍ അവ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗവുമല്ല. അതുകൊണ്ടുതന്നെ ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ഈ നീക്കം കേരളത്തെ ബാധിക്കില്ലെന്ന് സംസ്ഥാന ന്യൂനപക്ഷ കാര്യവകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍ പറയുന്നു.
എന്നാല്‍, കേരളത്തില്‍നിന്ന് ഏറെ വ്യത്യസ്തമാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മദ്‌റസ്സകള്‍. അവിടെ മതപഠനത്തിനു പുറമെ, ഔപചാരിക വിദ്യാഭ്യാസ കേന്ദ്രംകൂടിയാണ് അവ. എന്തുകൊണ്ടെന്നാല്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പൊതുവിദ്യാലയങ്ങള്‍ സാധാരണക്കാരുടെ കുട്ടികള്‍ക്ക് അപ്രാപ്യമാണ്. സാധാരണക്കാരുടെ കുട്ടികള്‍ക്ക് ഏക ആശ്രയം ഔപചാരിക വിദ്യാഭ്യാസംകൂടി നല്‍കുന്ന മദ്‌റസ്സകളാണ്. ഇതരമതസ്ഥരായ 14,000-ത്തിലധികം കുട്ടികള്‍ മദ്‌റസ്സകളില്‍ പഠിക്കുന്നുവെന്നാണ് കണക്ക്. മദ്‌റസ്സ ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനങ്ങള്‍ നല്‍കിയ കണക്കുകള്‍ പ്രകാരം മദ്ധ്യപ്രദേശിലെ മദ്‌റസ്സകളില്‍ 9,446 അമുസ്‌ലിം കുട്ടികളും രാജസ്ഥാനില്‍ 3,103 അമുസ്‌ലിം കുട്ടികളും ഛത്തീസ്ഗഢില്‍ 2,159 അമുസ്‌ലിം കുട്ടികളും പഠിക്കുന്നു. ബിഹാറില്‍ 69 പേരും ഉത്തര്‍ഖണ്ഡില്‍ 42 പേരും അമുസ്‌ലിം വിദ്യാര്‍ത്ഥികളാണ്. ആകെ 14,819. അരികുവല്‍ക്കരിക്കപ്പെട്ട ന്യൂനപക്ഷ വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ മദ്‌റസ്സകള്‍ വഹിക്കുന്ന പങ്ക് രജീന്ദര്‍ സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. ഇക്കാര്യം പൊതുസംവാദ മണ്ഡലത്തില്‍ ഉയര്‍ന്നുവന്നതിനെ പശ്ചാത്തലത്തില്‍ക്കൂടിയാണ് യു.പി.എ ഗവണ്‍മെന്റുകള്‍ മദ്‌റസ്സകള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിച്ച് ബജറ്റില്‍ പ്രത്യേക തുക വകയിരുത്തിയത്. എന്നാല്‍, മോദി ഗവണ്‍മെന്റാകട്ടെ, ഈ സഹായം തുടരാന്‍ താല്പര്യമെടുത്തില്ല. ബാലാവകാശ കമ്മിഷന്റെ നീക്കത്തിനു പിറകിലെ മുഖ്യവാദം മദ്‌റസ്സകള്‍ കുട്ടികളുടെ ഔപചാരിക വിദ്യാഭ്യാസത്തിന് തടസ്സമാകുന്നുവെന്നതാണ്. 2009-ലെ വിദ്യാഭ്യാസ അവകാശനിയമത്തെ മുന്‍നിര്‍ത്തിയാണ് മദ്‌റസ്സകള്‍ക്കെതിരെയുള്ള നീക്കത്തിനു ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്‍ മുതിര്‍ന്നിട്ടുള്ളത്. ആറിനും 14 വയസ്സിനും ഇടയിലുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യവും നിര്‍ബ്ബന്ധിതവുമായ വിദ്യാഭ്യാസമാണ് നിയമം മുഖേന മൗലികാവകാശമാക്കിയ രാജ്യമാണ് ഇന്ത്യ. എന്നാല്‍, നിയമം വന്ന് 15 വര്‍ഷം പിന്നിട്ടിട്ടും ഭരണഘടനാപരമായ ഈ ഉറപ്പ് പാലിക്കാന്‍ നമ്മുടെ രാജ്യത്തിനായിട്ടില്ല. രാജ്യത്ത് 3.22 കോടി കുട്ടികള്‍ സ്‌കൂളിനു പുറത്താണ് എന്നാണ് ദേശീയ വിദ്യാഭ്യാസ നയരേഖയില്‍ പറയുന്നത്. ഇതൊന്നും ബാലാവകാശ കമ്മിഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നതാണ് കൗതുകകരം. 2011-ലെ സെന്‍സസ് പ്രകാരവും യൂണിഫൈഡ് ഡിസ്ട്രിക്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എഡ്യൂക്കേഷന്‍ പ്ലസ് (യു.ഡി.എസ്.ഇ പ്ലസ്) ഡാറ്റയും പ്രകാരവും എട്ട് കോടിയോളം കുട്ടികള്‍ സ്‌കൂളുകളില്‍ എത്തിയിട്ടില്ല. യു.ഡി.എസ്.ഇ പ്ലസിന്റെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് പ്രാഥമിക തലത്തിലെ കൊഴിഞ്ഞുപോക്ക് 2020-'21-ലെ 0.8 ശതമാനത്തില്‍നിന്ന് 2021-'22-ല്‍ 1.5 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. അപ്പര്‍ പ്രൈമറി തലത്തില്‍ ഇത് 1.9 ശതമാനത്തില്‍നിന്ന് മൂന്നു ശതമാനവുമായി. സെക്കന്‍ഡറി തലത്തില്‍ കൊഴിഞ്ഞുപോക്ക് 12.6 ശതമാനമാണ്. ഈ പശ്ചാത്തലത്തിലാണ് മുസ്‌ലിം, അമുസ്‌ലിം വിഭാഗത്തില്‍പ്പെടുന്ന ലക്ഷക്കണക്കിനു കുട്ടികള്‍ക്ക് ഔപചാരിക വിദ്യാഭ്യാസംകൂടി നല്‍കുന്ന മദ്‌റസ്സകള്‍ക്ക് നേരെ ബാലാവകാശ കമ്മിഷന്‍ വാളോങ്ങുന്നത്. ഉത്തര്‍പ്രദേശില്‍ മാത്രം 16,000 മദ്‌റസ്സകളില്‍ 17 ലക്ഷം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. ഏപ്രിലില്‍, 2004-ലെ മദ്‌റസ്സാ ആക്ട് റദ്ദാക്കിക്കൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്യുന്ന സന്ദര്‍ഭത്തില്‍ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് പറഞ്ഞത് ''അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനു കാരണമായ പൊതുതാല്പപ്പര്യ ഹര്‍ജിയുടെ ലക്ഷ്യവും ഉദ്ദേശ്യവും ഭാഷകളും അവയ്ക്കു പുറമെ മറ്റ് പ്രധാന വിഷയങ്ങളിലും മതേതര വിദ്യാഭ്യാസം മദ്‌റസ്സകളില്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതാണെങ്കില്‍ 2004-ലെ യു.പി ബോര്‍ഡ് ഓഫ് മദ്‌റസ്സ എജ്യുക്കേഷന്‍ ആക്ട് ഇല്ലാതാക്കലല്ല പ്രതിവിധി''യെന്നാണ് എന്നതുകൂടി ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. മദ്‌റസ്സ എജുക്കേഷന്‍ ആക്ട് ഇല്ലാതാക്കലല്ല മാര്‍ഗ്ഗമെന്നു ചൂണ്ടിക്കാട്ടിയ കോടതി അന്ന് മതേതര വിദ്യാഭ്യാസം ഉറപ്പുവരുത്തേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ് എന്നുകൂടി അടിവരയിട്ടു പറഞ്ഞിരുന്നു.?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
