

1947 ഓഗസ്റ്റ് 28ന് ജനിച്ച നീല ലോഹിതദാസന്‍ നാടാര്‍ കോൺഗ്രസ്സിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെത്തിയാളാണ്. കെ.എസ്.യുവിന്റേയും യൂത്ത് കോൺഗ്രസ്സിന്റേയും തലസ്ഥാനത്തെ നേതൃനിരയിലെത്തി. കേരള സർവകലാശാല യൂണിയൻ ചെയർമാനായിരുന്ന അദ്ദേഹം 1977-നും 2001-നും ഇടയിൽ അഞ്ചു വട്ടം കോവളം നിയോജകമണ്ഡലത്തുനിന്നു ജയിച്ചു. ഇരട്ട വോട്ടു സംബന്ധിച്ച കേസിനെത്തുടർന്ന് 1991-ലെ നീലന്റെ ജയം ഹൈക്കോടതി അസാധുവാക്കി. 50 ദിവസം മാത്രം പ്രായമുണ്ടായിരുന്ന 1979-ലെ സി.എച്ച്. മുഹമ്മദ് കോയ മന്ത്രിസഭയിൽ പതിനാറു ദിവസം കോൺഗ്രസ് ഫോർ ഡെമോക്രസിയുടെ മന്ത്രിയായി. 1980-ൽ സി.പി.ഐ നേതാവ് എം.എൻ. ഗോവിന്ദൻ നായരെ തോൽപ്പിച്ച് എം.പിയായി. 1987-1991, 1996-2001 കാലയളവുകളില്‍ ഇ.കെ. നായനാർ സർക്കാരുകളില്‍ ജനതാദൾ മന്ത്രി. 1999-ല്‍ ഗതാഗത സെക്രട്ടറിയായിരുന്ന വനിതാ ഐ.എ.എസ് ഓഫീസറുടെ പരാതിയെത്തുടർന്ന് രാജിവച്ചു. വനം ഉദ്യോഗസ്ഥയുടെ പരാതിയും പിന്നാലെ ഉണ്ടായി. രണ്ടു കേസുകളിലും കോടതി പിന്നീടു കുറ്റവിമുക്തനാക്കി. ജനതാദൾ സംസ്ഥാന അധ്യക്ഷനായിരുന്നു. ഒടുവിൽ നിയമസഭാംഗമായത് 2001-ൽ. 2006-ൽ എൽ.ഡി.എഫ് സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് സ്വതന്ത്രനായി മത്സരിച്ചെങ്കിലും വിജയിച്ചില്ല; പിന്നീട് ബി.എസ്.പിയിൽ ചേർന്നു; വീണ്ടും നേതാക്കളുടെ ഇടപെടലിൽ തിരിച്ച് ജനതാദളിൽ. 2011-ൽ, ജീവിതപങ്കാളി ജമീല പ്രകാശം കോവളത്ത് മത്സരിച്ചു ജയിച്ചു. ഇപ്പോള്‍ ലാലുപ്രപസാദ് യാദവ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി.
രാഷ്ട്രീയ പ്രവർത്തനത്തിലെ ആറു പതിറ്റാണ്ട് അനുഭവത്തിനിടയിൽ രാജ്യവും കേരളവും മാറിപ്പോയ വിധം എങ്ങനെ കാണുന്നു?
രാഷ്ട്രീയ നേതാക്കളും കക്ഷികളുമടക്കം താൽക്കാലിക നേട്ടങ്ങളുടേയും ലാഭങ്ങളുടേയും സ്വാർത്ഥങ്ങളുടേയും അടിസ്ഥാനത്തിൽ രാഷ്ട്രീയത്തെ കൈകാര്യം ചെയ്തു തുടങ്ങിയത് മൂല്യത്തകർച്ചയ്ക്ക് ഇടയാക്കി. അത് എക്കാലവും മനസ്സിലാക്കുകയും കഴിയുന്നവിധമൊക്കെ, ശ്രദ്ധയിൽപ്പെടേണ്ടവരുടെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിക്കുകയും അതിനുവേണ്ടി സ്വന്തം പാർട്ടിക്കകത്തും പുറത്തും പോരാടുകയും ചെയ്ത എച്ച്.എൻ. ബഹുഗുണയാണ് എന്റെ മാതൃക. എന്റെ രാഷ്ട്രീയ ചിന്തകളിൽ വഴിത്തിരിവുണ്ടാക്കിയത് അദ്ദേഹമാണ്. കേരളത്തിലെ കോൺഗ്രസ് പാർട്ടിയുമായി അദ്ദേഹത്തിനു നല്ല ബന്ധമായിരുന്നു. പിന്നീട് ബാബു ജഗ്ജീവൻ റാം പ്രസിഡന്റായ ശേഷം, നുകം വച്ച കാള എന്ന മുൻ ചിഹ്നത്തിനു പകരം തെങ്ങ് ചിഹ്നമായി സ്വീകരിക്കാൻ നിർദേശിച്ചത് അദ്ദേഹമാണെന്ന് അദ്ദേഹത്തിന്റെ അനുസ്മരണ യോഗത്തിൽ എ.കെ. ആന്റണിയോ കെ. കരുണാകരനോ പ്രസംഗിച്ചത് ഓർക്കുന്നു. കേരളത്തോട് അത്രയ്ക്ക് ആത്മബന്ധമുണ്ടായിരുന്നു.
താങ്കൾ തുടക്കത്തിൽ അടിയന്തരാവസ്ഥയ്ക്കൊപ്പമായിരുന്നു എന്നു കേട്ടിട്ടുണ്ട്. എന്താണ് അന്നുണ്ടായത്?
അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിനു കാരണമായ അലഹബാദ് ഹൈക്കോടതി വിധി വന്നപ്പോൾ ഇന്ദിരാഗാന്ധിക്ക് അനുകൂലമായി, അവർ തന്നെ പ്രധാനമന്ത്രിയായി തുടരണം എന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന റാലിയിൽ ഞാനും പങ്കെടുത്തിരുന്നു. അത് അടിയന്തരാവസ്ഥയ്ക്കു മുന്‍പാണ്. അടിയന്തരാവസ്ഥയെ ഞാൻ അനുകൂലിച്ചിട്ടില്ല. 1972-ൽ നടന്ന സംഘടനാ തെരഞ്ഞെടുപ്പിലാണ് ഞാൻ എ.ഐ.സി.സി അംഗമായത്; കോൺഗ്രസ്സിൽ ചേർന്നതിന്റെ എട്ടാം വർഷം. 1969-ലെ ഭിന്നിപ്പിനു ശേഷം കെ.പി.സി.സി അംഗമായിരുന്നു. എ.ഐ.സി.സി അംഗമെന്ന നിലയിൽ ആദ്യം പങ്കെടുത്തത് കൽക്കട്ട എ.ഐ.സി.സിയിലാണ്. ശങ്കർദയാൽ ശർമയാണ് അന്ന് പ്രസിഡന്റ്. അടിയന്തരാവസ്ഥയ്ക്കു ശേഷം ചണ്ഡീഗഡിലും ഗോഹട്ടിയിലും എ.ഐ.സി.സി സമ്മേളനം നടന്നു. ഇതിലൊക്കെ പ്രസംഗിക്കാൻ സ്ലിപ്പ് എഴുതിക്കൊടുത്താലും വിളിക്കില്ല. അനുകൂലമായി സംസാരിക്കും എന്ന് ഉറപ്പുള്ളവരെ മാത്രമേ വിളിക്കൂ. ഞാൻ എന്തു സംസാരിക്കും എന്ന് അവർക്ക് കണക്കുകൂട്ടാൻ കഴിഞ്ഞില്ല. സി.എഫ്.ഡിയോടു യോജിച്ചുകൊണ്ടാണ് ഞാൻ രാജിവച്ചത്. തെക്കേ ഇന്ത്യയിൽനിന്ന് അങ്ങനെ എ.ഐ.സി.സിയിൽനിന്നു രാജിവച്ച ഏക അംഗം ഞാനായിരുന്നു.
ഇടതുപക്ഷത്തേക്കുള്ള മാറ്റത്തിനു കളമൊരുക്കിയത് ആ രാജിയായിരുന്നു അല്ലേ? എങ്ങനെയായിരുന്നു ആ സംഭവവികാസങ്ങൾ?
ബാബു ജഗ്ജീവൻ റാമിന്റേയും എച്ച്.എൻ. ബഹുഗുണയുടേയും പാത പിന്തുടർന്ന് കോൺഗ്രസ്സിൽനിന്ന് പുറത്തുവരുന്ന എല്ലാവരേയും സ്വീകരിക്കും എന്ന് ഇ.എം.എസ് പറഞ്ഞു; ഈ അടിസ്ഥാനത്തിൽ നീലലോഹിതദാസിനേയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു എന്നും അറിയിച്ചു. മാത്രമല്ല, കോവളത്ത് സ്ഥാനാർത്ഥിയാകാൻ സാഹചര്യമുണ്ടാക്കുകയും ചെയ്തു. അങ്ങനെയാണ് ഞാൻ കോവളത്ത് സ്ഥാനാർത്ഥിയായത്. 1977-ലെ തെരഞ്ഞെടുപ്പു വന്നപ്പോൾ കുഞ്ഞുകൃഷ്ണൻ നാടാർ സംഘടനാ കോൺഗ്രസ് സ്ഥാനാർത്ഥിയായി. സി.പി.എം ആർ ബാലകൃഷ്ണപ്പിള്ളയും മറ്റു നേതാക്കളുമായി ചർച്ച ചെയ്ത് സീറ്റ് തിരിച്ചെടുത്തു. എന്നിട്ടാണ് എനിക്കു തന്നത്. ഞാനാണ് മത്സരിക്കുന്നത് എന്നറിഞ്ഞപ്പോൾ ബാലകൃഷ്ണപ്പിള്ളയും മറ്റു നേതാക്കളും അത് സമ്മതിച്ചു. അവർ മോഹൻ കുളത്തിങ്കലിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ച ശേഷമാണ് അതിനു തയ്യാറായത്. മാത്രമല്ല, തെരഞ്ഞെടുപ്പിൽ മോഹൻ കുളത്തിങ്കൽ എന്നെ സാമ്പത്തികമായിപ്പോലും സഹായിച്ചു.
ഞാൻ ഇടയ്ക്ക് തിരുവനന്തപുരത്ത് ശാന്തിനഗറിലെ വീട്ടിൽ പോയി ഇ.എം.എസ്സിനെ കാണും. അദ്ദേഹം ചില കാര്യങ്ങൾ കൃത്യമായി പറയും, ഇടുക്കിയിൽ ഇ.എം. അഗസ്തി കോൺഗ്രസ്സുമായി തെറ്റിനിൽക്കുകയാണ്, പോയി കാണണം; ആലപ്പുഴയിൽ യു.ഒ. ആന്റണി തെറ്റിനിൽക്കുകയാണ്. അതായത്, കോൺഗ്രസ്സിൽനിന്ന് വിട്ടുവരുന്നവരുടെ ഒരു ചേരിയാക്കി ഇതിനെ മാറ്റണം എന്നാണ്. അതാണ് ഇ.എം.എസ്സിന്റെ മഹത്വം. അല്ലാതെ അവരെയെല്ലാം സി.പി.എം ആക്കാൻ ശ്രമിക്കുകയല്ല ചെയ്തത്. ചില കാര്യങ്ങളിൽ അദ്ദേഹവുമായി അഭിപ്രായവ്യത്യാസമുണ്ടാകും, അതു വേറെ കാര്യം. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ സ്ഥാനാർത്ഥിയായി എൻ. ശക്തനാണ് മത്സരിച്ചത്. അദ്ദേഹം നേരത്തേ കെ.എസ്.യു ആയിരുന്നു. പിന്നെ കെ.എസ്.സിയായി, കേരള കോൺഗ്രസ് ജില്ലാസെക്രട്ടറിയായി, കോവളത്ത് സ്ഥാനാർത്ഥിയായി. ആ തെരഞ്ഞെടുപ്പിൽ ഞാനാണ് ജയിച്ചത്. ആദ്യ ജയം.
ഇ.എം.എസ്സിനെ പോയി കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: ”നിങ്ങളെ ഒരു സമുദായത്തിന്റെ ആളായി മാത്രം കാണാൻ ചില ശ്രമങ്ങൾ നടക്കുന്നുണ്ട്; അതിലൊന്നും നോക്കരുത്, നിങ്ങൾ ആ ദേശീയ രാഷ്ട്രീയ പാരമ്പര്യം വിടരുത്.” ഞാൻ അത് എപ്പോഴും ഓർക്കും. വി.എസ്. അച്യുതാനന്ദൻ അനുസ്മരണ ലേഖനത്തിലും ഞാനതെഴുതിയിരുന്നു. ദേവഗൗഡയും കുമാരസ്വാമിയുമൊക്കെ എൻ.ഡി.എയിൽ പോവുകയും ഞാൻ മറ്റൊരു നിലപാടെടുക്കുകയും ചെയ്ത സമയത്തും ഇ.എം.എസ്സിന്റെ അന്നത്തെ ഉപദേശം ഓർത്തു. ജനതാദൾ എസിന്റെ സംസ്ഥാന കമ്മിറ്റി കൂടിയപ്പോൾ ആ പാർട്ടിയുടെ അന്നത്തെ മന്ത്രി പറഞ്ഞു, കേരള ജനതാദൾ ആകാൻ പോവുകയാണ് നമ്മൾ. ഞാൻ പറഞ്ഞു, ഇവിടെ കൂടിയിരിക്കുന്ന എല്ലാവരും കൂടി തീരുമാനിച്ചാലും ഞാനത് നടത്തില്ല. അങ്ങനെയൊരു കാര്യം നടക്കില്ല. അങ്ങനെയാണ് വിയോജിക്കുന്നവരുടെ ഒരു യോഗം എറണാകുളത്തു ചേർന്നത്. ഒരുകാലത്തും ബി.ജെ.പിയോടു ചേരാത്ത രണ്ടു കക്ഷികൾ മാത്രമേ ജനതാ പരിവാറിൽ ഉള്ളൂ. ഒന്ന്, രാഷ്ട്രീയ ജനതാദൾ, മറ്റേത് സമാജ്‌വാദി പാർട്ടി. ഇതിൽ ഏതിലാണ് ചേരേണ്ടത് എന്ന് നിർദേശം സമർപ്പിക്കാൻ ഉപസമിതി രൂപീകരിച്ചു. അവർ ചർച്ച ചെയ്താണ് ആർ.ജെ.ഡിയിൽ ചേരാൻ തീരുമാനിച്ചത്. 2024 മാർച്ച 6-ന് കൺവൻഷൻ ചേർന്നാണ് ആ തീരുമാനം പ്രഖ്യാപിച്ചത്. എൽ.ഡി.എഫ് ഘടകക്ഷിയാണ്. കെ.പി. മോഹനൻ ഏക എം.എൽ.എയാണ്.
സി.എച്ച്. മന്ത്രിസഭയിൽ ഇടയ്ക്കുവച്ച് ചേർന്ന രാഷ്ട്രീയ സാഹചര്യവും ആ കാലവും എങ്ങനെ ഓർക്കുന്നു?
ജനതാപാർട്ടി രൂപീകരണ സമയത്തുതന്നെ ഒരു വ്യവസ്ഥയുണ്ടായിരുന്നു: എല്ലാ കക്ഷികളും അവരുടെ പോഷക സംഘടനകൾ പിരിച്ചുവിട്ട് പുതിയ പാർട്ടിയുടെ സഹസംഘടനയുടെ ഭാഗമാകണം. അങ്ങനെയാണ് സോഷ്യലിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി പ്രസ്ഥാനം ഐ.എസ്.ഒ- ഇൻഡിപെൻഡന്റ് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ പിരിച്ചുവിട്ടത്; പക്ഷേ, ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എ.ബി.വി.പി), ഭാരതീയ മസ്ദൂർ സംഘ് (ബി.എം.എസ്) എന്നിവയൊന്നും പിരിച്ചുവിട്ടില്ല. ആർ.എസ്.എസ് ജനസംഘത്തിന്റെ പോഷക സംഘടനയല്ല, ആർ.എസ്.എസ്സിന്റെ സംഘടനയായിട്ടാണ് ജനസംഘം തുടങ്ങിയത്. അത് തുടർന്നു. ഭരണമൊക്കെ നല്ല രീതിയിൽ മുന്നോട്ടുപോയി. പ്രകടനപത്രികയിലെ കാര്യങ്ങൾ ഓരോന്നായി നടപ്പാക്കി വരികയായിരുന്നു. പക്ഷേ, കിട്ടിയ സന്ദർഭങ്ങളിലൊക്കെ ഇവർ വർഗീയ സംഘർഷങ്ങളും കലാപങ്ങളും സൃഷ്ടിച്ചു. ഇത് നടക്കില്ലെന്ന് കുറേ ആളുകൾ പറഞ്ഞു. ജനതാപാർട്ടിയിലും ആർ.എസ്.എസ്സിലും കൂടി ഒരേസമയം പ്രവർത്തിക്കാൻ പറ്റില്ല. ആർ.എസ്.എസ്സാണെങ്കിൽ അതാകണം, ജനത ആണെങ്കിൽ അതാകണം. അങ്ങനെയാണ് അന്നത്തെ ദ്വയാംഗത്വ വിവാദം ഉയർന്നുവന്നത്.
ദ്വയാംഗത്വ പ്രശ്‌നത്തിൽ മൊറാർജി ദേശായി മന്ത്രിസഭയിൽനിന്ന് ആദ്യം രാജിവയ്ക്കുന്നത് ബഹുഗുണയാണ്. കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ മൂന്നാം വാർഷിക സമ്മേളനം തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് സെന്ററിൽ നടക്കുകയായിരുന്നു. ഞാൻ സമ്മേളനത്തിരക്കിൽ നിൽക്കുമ്പോൾത്തന്നെ അദ്ദേഹത്തിന്റെ രാജിയോട് യോജിച്ചും ജനതാപാർട്ടിയിൽനിന്നു രാജിവയ്ക്കുന്നതായി അറിയിച്ചും പ്രസ്താവന നൽകി. മന്ത്രിസഭ നിലംപതിച്ചശേഷം സി.എഫ്.ഡി പുനരുജ്ജീവിപ്പിച്ചു. ജനതാ എസ്-ജനതാ സെക്യുലർ എന്ന പേരിൽ നിലനിന്ന ചരൺസിംഗ്, ദേവിലാൽ, കർപ്പൂരി താക്കൂർ, രാജ് നാരായണൻ, ബിജു പട്‌നായിക് തുടങ്ങിയവർ യോഗം ചേർന്നു. ആ കൺവൻഷനിൽ പങ്കെടുക്കാൻ ഞാനും ഡൽഹിയിൽ പോയിരുന്നു. വലിയ ജനപങ്കാളിത്തമുണ്ടായിരുന്നു. പക്ഷേ, കൃത്യമായ തീരുമാനവും ലക്ഷ്യങ്ങളുമില്ലാതെയാണ് ചേർന്നത്. ജനതാ എസ്. എന്നത് ലോക്ദൾ ആയി മാറി. ചർച്ചയേ ഇല്ല; ജനാധിപത്യ പ്രവർത്തനശൈലി ഇല്ല, ആലോചനയുമില്ല. അങ്ങനെ വന്നപ്പോൾ ബഹുഗുണ ചരൺസിംഗ് മന്ത്രിസഭയിലെ ധനകാര്യമന്ത്രിസ്ഥാനം രാജിവച്ചു.
ഇവിടെ പി.കെ. വാസുദേവൻ നായരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവച്ചതിനെത്തുടർന്നാണ് സി.എച്ച്. മുഖ്യമന്ത്രിയായത്. 1978-ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സി.പി.എമ്മുമായി സി.പി.ഐ പലയിടത്തും ചർച്ച നടത്തി ഐക്യമുണ്ടാക്കി; പക്ഷേ, കൂടെയുള്ള കോൺഗ്രസ്സുമായി സി.പി.ഐ ആലോചിച്ചില്ല. സി.പി.ഐയുമായി സഹകരിക്കണമെങ്കിൽ കോൺഗ്രസ്സുമായുള്ള സഖ്യത്തിൽ നേടിയ സ്ഥാനങ്ങളൊക്കെ രാജിവയ്ക്കണം എന്ന് ഇ.എം.എസ് ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. അതിന്റെ ഒരു വാശിയിലും കൂടിയാണ് വിശാല ഇടതുപക്ഷ സഖ്യത്തിനുവേണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുന്നതായി 1979 ഒക്ടോബറിൽ പി.കെ.വി പ്രഖ്യാപിച്ചത്. അങ്ങനെയാണ് ഒക്ടോബർ 12-ന് സി.എച്ച് മുഖ്യമന്ത്രിയായ ഇടക്കാല സർക്കാരുണ്ടാക്കിയത്. പഴയ അവശിഷ്ട പി.എസ്.പിയുടെ എൻ.കെ. ബാലകൃഷ്‌ണൻ, എൻ.ഡി.പിയുടെ പ്രതിനിധി എൻ. ബാലകൃഷ്‌ണൻ നായർ എന്നിവരാണ് മുഖ്യമന്ത്രിക്കു പുറമേ മന്ത്രിസഭയിൽ ഉണ്ടായിരുന്നത്. മാണി ഗ്രൂപ്പ് കേരള കോൺഗ്രസ് സി.എച്ച് മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിക്കാൻ തീരുമാനിച്ചു. സി.പി.എമ്മുമായൊക്കെ ഇതിനിടയിൽ അവർ ധാരണയുണ്ടാക്കിയിരുന്നു. സി.എഫ്.ഡിയുടെ നേതൃയോഗം ചേർന്ന്, എച്ച്.എൻ. ബഹുഗുണയുമായി ആലോചിച്ച് സി.എച്ച് മന്ത്രിസഭയ്ക്ക് പിന്തുണ കൊടുക്കാൻ ഞങ്ങൾ തീരുമാനിച്ചു. ആർ. ശങ്കർ മന്ത്രിസഭയുടെ പതനത്തിനു ശേഷം ആദ്യമായി ഒരു പിന്നാക്ക സമുദായക്കാരൻ മുഖ്യമന്ത്രിയാകുന്നു, ആദ്യമായി ഒരു മുസ്‌ലിം മുഖ്യമന്ത്രിയാകുന്നു എന്നതാണ് ഞങ്ങൾ കണ്ടത്. അങ്ങനെയൊരു മന്ത്രിസഭ വീഴാൻ പാടില്ല. നവംബർ 16-ന് ഞാനും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽനിന്ന് കെ.ജെ. ചാക്കോയും മാണി ഗ്രൂപ്പിൽനിന്ന് പുറത്തു വന്ന കെ.എ. മാത്യുവും സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി. ഇതിനിടയിൽ സി.എഫ്.ഡി കോൺഗ്രസ് ഐയിൽ ലയിച്ചെങ്കിലും കേരളഘടകത്തിന് സി.എഫ്.ഡിയായി തുടരാനുള്ള അനുമതി ബഹുഗുണ പ്രഖ്യാപിച്ചു.
സി.എച്ച് മന്ത്രിസഭയ്ക്ക് 50 ദിവസമേ ആയുസ്സ് ഉണ്ടായുള്ളൂ. എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് എസ്. കൂടി പിന്തുണ പിൻവലിച്ചതോടെ സി.എച്ച് രാജി സമർപ്പിച്ചു. ഞങ്ങൾ, ഇടയ്ക്കുചേർന്നവർ 16 ദിവസമേ മന്ത്രിയായിരുന്നുള്ളു. തൊഴിൽ, ഭവനനിർമാണം, ഹരിജനക്ഷേമം, ജലസേചനം, വൈദ്യുതി, നിയമം-നീതിന്യായം ഇതൊക്കെയായിരുന്നു എന്റെ വകുപ്പുകൾ. മുല്ലപ്പെരിയാർ ഡാമിനു ബലക്ഷയമുണ്ടെന്ന് പറഞ്ഞ് പീരുമേട് എം.എൽ.എയും സി.പി.ഐ നേതാവുമായ സി.എ. കുര്യൻ നിരാഹാരം കിടന്നത് ആ സമയത്താണ്. പരിഹാരമുണ്ടാക്കാം എന്ന് ഒരു കത്ത് തന്നാൽ അതിന്റെ അടിസ്ഥാനത്തിൽ നിരാഹാരം അവസാനിപ്പിക്കാം എന്ന് പി.കെ.വി അറിയിച്ചു. നേരിട്ട് പരിശോധിച്ച് ഉടൻ നടപടി സ്വീകരിക്കുമെന്ന് കത്തു കൊടുത്തു; കുര്യൻ പിന്തുണ പിൻവലിച്ചു. ഞാൻ പോയി ചില കാര്യങ്ങൾ ചെയ്യാൻ മേൽനോട്ടം നൽകി. കേന്ദ്ര ജല കമ്മിഷന്റെ പ്രതിനിധിയൊക്കെ വന്നിരുന്നു. അങ്ങനെയാണ് 1979-1980-ൽ മുല്ലപ്പെരിയാർ ഡാം ശക്തിപ്പെടുത്താൻ നടപടി സ്വീകരിച്ചു എന്ന് ഇപ്പോഴും പറയുന്നത്.
മൂന്നു തവണ മന്ത്രിയായെങ്കിലും ഒരിക്കലും കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പക്ഷേ, 1991-ൽ ഭരണത്തുടർച്ചയുടെ പ്രതീക്ഷയിലാണ് എൽ.ഡി.എഫ് മന്ത്രിസഭ രാജിവച്ചത്. എങ്ങനെ കാണുന്നു അന്നത്തെ സാഹചര്യം?
1987-1991 കാലയളവിലെ ഇ.കെ. നായനാർ സർക്കാരിന്റെ മുഴുവൻ കാലവും മന്ത്രിയായി. പക്ഷേ, ആ സർക്കാർ നാല് വർഷമായപ്പോൾ രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടു. ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ വലിയ വിജയത്തെത്തുടർന്ന് തെരഞ്ഞെടുപ്പ് നടത്താൻ പറ്റിയ സമയമാണെന്ന് വിലയിരുത്തിയാണ് നിയമസഭ പിരിച്ചുവിട്ടത്. രാജീവ് ഗാന്ധി വധമാണ് കണക്കുകൂട്ടൽ തെറ്റിച്ചത്. അല്ലെങ്കിൽ അന്ന് ഭരണത്തുടർച്ച ഉണ്ടാകുമായിരുന്നു. 1987-ലെ മന്ത്രിസഭയെ യഥാർത്ഥത്തിൽ നയിച്ചത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്; മുഖ്യമന്ത്രിയോ മന്ത്രിസഭയോ അല്ല. എല്ലാ മന്ത്രിമാരുടേയും വകുപ്പുകളിൽ നടക്കുന്ന കാര്യങ്ങളിൽ, നടക്കാനിരിക്കുന്ന കാര്യങ്ങളിൽ മുന്നണിയുടെ മേൽനോട്ടമുണ്ടായിരുന്നു. ഓരോ വകുപ്പിനെക്കുറിച്ചും പല ദിവസങ്ങളെടുത്തു ചർച്ച നടത്തുമായിരുന്നു. അങ്ങനെയൊരു പ്രവർത്തനശൈലിയുണ്ടായിരുന്നു. അതോടൊപ്പം, കേന്ദ്രത്തിൽ മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കിയതും ബാബറി മസ്ജിദിന്റെ കാര്യത്തിൽ മുന്നണിയും മുന്നണിയിലെ ഓരോ പാർട്ടിയും ഉറച്ച നിലപാട് സ്വീകരിച്ചതുമൊക്കെ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിനെ സഹായിച്ചു. ജനതാദളിലേക്ക് ദളിത്, പിന്നാക്ക വിഭാഗങ്ങൾ വലിയ തോതിൽ വന്നു. വി.പി. സിംഗിന്റെ കേരള പര്യടനം വലിയ സംഭവമായി മാറി. ആ അന്തരീക്ഷവും ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പ് വിജയത്തെ സഹായിച്ചിട്ടുണ്ട്. പക്ഷേ, നിയമസഭാ തെരഞ്ഞെടുപ്പും ലോക്‌സഭാ തെരഞ്ഞെടുപ്പും ഒന്നിച്ചായിരുന്നു. പ്രചാരണത്തിനിടെ തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരിൽവച്ച് രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. കോൺഗ്രസ്സിന് അനുകൂലമായി അതു വലിയ സഹതാപ തരംഗമുണ്ടാക്കി. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനേയും ആ തരംഗം സ്വാധീനിച്ചു.
ബാബറി മസ്ജിദ് സംഭവത്തിനുശേഷം ദളിത്, പിന്നാക്ക വിഭാഗങ്ങൾ, പ്രത്യേകിച്ചും മുസ്‌ലിങ്ങൾ കൂടുതലായി ഇടതുപക്ഷത്തെ വിശ്വാസത്തിലെടുക്കുന്ന രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടു എന്നുണ്ടോ?
ദളിതരും പിന്നാക്കക്കാരും പരമ്പരാഗതമായി കമ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം നിൽക്കുന്നവരാണല്ലോ. അതാണ് വാസ്തവം. പിന്നെ പല കാരണങ്ങളാൽ അവർ മാറിപ്പോയി, വീണ്ടും അടുത്തു.
കോൺഗ്രസ്സായതിനെക്കുറിച്ചു പറയാമോ?
ബി.എസ്‌സി മാർ ഇവാനിയോസ് കോളേജിലാണ് പഠിച്ചത്, 1964-ൽ. അതേ വർഷമാണ് കേരള കോൺഗ്രസ് ഉണ്ടായത്. 15 കോൺഗ്രസ് എം.എൽ.എമാർ രാജിവച്ച് കേരള കോൺഗ്രസ്സായി. അന്ന് കേരള കോൺഗ്രസ്സിനു പിന്തുണ നൽകിയ സാമുദായിക വർഗീയ ശക്തികളുടെ ഒരു ആസ്ഥാനമായിരുന്നു മാർ ഇവാനിയോസ് കോളേജ്. ഇയാളെന്തിനാണ് മുഖ്യമന്ത്രിയായിരിക്കുന്നത്, ഇയാൾക്ക് ചെത്താൻ പോയിക്കൂടേ എന്ന് മുഖ്യമന്ത്രി ആർ. ശങ്കറിനെക്കുറിച്ച് അവർ സംസാരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഇന്ന് പിണറായി വിജയൻ ചെത്തുകാരന്റെ മകനല്ലേ എന്നു ചോദിക്കുന്നതിന്റെ അന്നത്തെ രീതി. ഞാനത് ചോദ്യം ചെയ്തു പ്രസംഗിച്ചിട്ടുണ്ട്. മാർക്‌സിസ്റ്റുകാർക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും ഞാനതു പ്രസംഗിക്കാറുണ്ട്. ഞങ്ങളുടെ യോഗങ്ങളിൽ വിശദമായി സംസാരിക്കും. യഥാർത്ഥ ചെത്തുകാരന്റെ മകൻ ഇപ്പോൾ മുഖ്യമന്ത്രിയായി; അവർക്കത് ഇഷ്ടപ്പെട്ടില്ല. പക്ഷേ, അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായി. അതാണ് മാധ്യമങ്ങളുൾപ്പെടെ ഈ സർക്കാരിനെതിരെ നടത്തുന്ന കുപ്രചരണത്തിന്റെ പ്രധാന കാരണമെന്ന് അടിയുറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.
അന്ന് ഞാൻ നേരിട്ടു കണ്ട ആ നിലപാടിനോടുള്ള പ്രതിഷേധമായിക്കൂടിയാണ് കോൺഗ്രസ്സായത്. അതിനുമുന്‍പ് കോൺഗ്രസ്സായിരുന്നില്ല. എന്റെ സ്‌കൂൾ വിദ്യാഭ്യാസ കാലത്ത്, ഞാൻ പഠിച്ചിരുന്ന നെല്ലിമൂട് സ്‌കൂളിലെ അദ്ധ്യാപകൻ പി.സി. നാരായണൻ 1857-ൽ ആർ.എസ്.പി സ്ഥാനാർത്ഥിയായി നെയ്യാറ്റിൻകര മണ്ഡലത്തിൽ മത്സരിച്ചു. 1960-ലും മത്സരിച്ചു. ആർ.എസ്.പിയുടെ ആവേശം എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1960-ൽ അദ്ദേഹത്തിന്റെയൊരു പ്രചാരണജാഥയിൽ നെല്ലിമൂടുനിന്ന് അവണാകുഴി വരെ ഞാൻ പോയി. അന്ന് ആർ.എസ്.പി നേതാവ് എൻ. ശ്രീകണ്ഠൻ നായർ നെല്ലിമൂട് വന്നപ്പോൾ ഞാൻ മാലയിട്ടു സ്വീകരിച്ചിട്ടുണ്ട്. 1962-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഞാൻ ഒന്‍പതാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. തിരുവനന്തപുരത്ത് പട്ടം കൃഷ്‌ണപിള്ള കോൺഗ്രസ്-പി.എസ്.പി മുന്നണിയുടെ സ്ഥാനാർത്ഥിയായും പഴയ പി.എസ്.പിക്കാരനായിരുന്ന പി.എസ്. നടരാജപിള്ള സ്വതന്ത്രനായി സി.പി.ഐയുടേയും ആർ.എസ്.പിയുടേയും പിന്തുണയോടെയും മത്സരിച്ചു. ക്ലാസ്സിൽ അടുത്തിരുന്ന കൂട്ടുകാരൻ കൃഷ്‌ണപിള്ളയുടെ ചിഹ്നവും ഞാൻ നടരാജപിള്ളയ്ക്കു വേണ്ടി ആർ.എസ്.പി കണ്ടെത്തിയ ചിഹ്നവും നോട്ടുബുക്കിൽ വരച്ച് അതിന്റെ പേരിൽ വഴക്കുകൂടി. ഒരാഴ്ച രണ്ടുപേരേയും ക്ലാസ്സിനു പുറത്തുനിർത്തി.
അതുവരെയുണ്ടായിരുന്ന തിരുവിതാംകൂറിന്റേയും തിരുക്കൊച്ചിയുടേയും കേരളത്തിന്റേയും രാഷ്ട്രീയം മാറിപ്പോയത് കേരള കോൺഗ്രസ് രൂപീകരണത്തോടെയാണ്. കെ.സി. ഏബ്രഹാം മാസ്റ്റർ ആയിരുന്നു കെ.പി.സി.സി പ്രസിഡന്റ്. കെ. കാമരാജ് എ.ഐ.സി.സി പ്രസിഡന്റ്. പാർട്ടി വിട്ടുപോയവരെ തിരിച്ചെടുക്കേണ്ട എന്ന് ഇവരൊരു നിലപാടെടുത്തു. തിരിച്ചെടുക്കാൻ ഇവർ തയ്യാറായിരുന്നെങ്കിൽ കേരള കോൺഗ്രസ് ഉണ്ടാകില്ലായിരുന്നു. പുത്തരിക്കണ്ടം മൈതാനത്ത് നടന്ന പൊതുയോഗത്തിൽ കാമരാജ് ചോദിച്ചത്, “കോൺഗ്രസ് പതിനഞ്ചുപേരെ നമ്പുമാ? എന്നാ കോൺഗ്രസ് എന്നാത്തുക്ക്” (കോൺഗ്രസ് ഈ പതിനഞ്ചു പേരെ വിശ്വസിക്കുമോ? എങ്കിൽപ്പിന്നെ കോൺഗ്രസ് എന്തിനാണ്?) എന്നാണ്. ഞാൻ നേരിട്ടുകേട്ടതാണ്. യോഗങ്ങളൊക്കെ കേൾക്കാൻ പോകും. അതിനു മുമ്പൊരിക്കൽ വന്നപ്പോൾ മന്നത്തു പത്മനാഭനെ ചെന്നു കാണുന്ന കാര്യം പാർട്ടിക്കാർ പറഞ്ഞപ്പോൾ കാമരാജ് തിരിച്ചു ചോദിച്ചത്, “കോൺഗ്രസ്സുക്ക് ആരാ അവര്” എന്നാണെന്ന് കേട്ടിട്ടുണ്ട്.
അന്നത്തെ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ കേരള കോൺഗ്രസ്സിനു മെച്ചപ്പെട്ട സീറ്റ് കിട്ടി; ഒറ്റയ്ക്ക് 36 സീറ്റ്. കേരള കോൺഗ്രസ് യോഗം ചേർന്ന് കോൺഗ്രസ്സിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. ഏബ്രഹാം മാസ്റ്റർ അത് സ്വീകരിക്കാൻ തയ്യാറായില്ല. വേറെ ആരെങ്കിലുമായിരുന്നെങ്കിൽ മുഖ്യമന്ത്രിയാകാൻ കിട്ടിയ അവസരം കളയില്ല. എന്നാൽ, കോൺഗ്രസ്സിന് ഭൂരിപക്ഷമില്ലാത്തതുകൊണ്ട് പ്രതിപക്ഷത്തിരിക്കും എന്നാണ് അദ്ദേഹം തീരുമാനിച്ചത്. കാമരാജ് അതിനു പിന്തുണയും കൊടുത്തു.
കെ.എസ്.യു നേതാവായതും 1972-ൽ കേരള യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാനായതുമൊക്കെ പുതിയ തലമുറയ്ക്ക് കാര്യമായി അറിയാത്ത രാഷ്ട്രീയമാണ്?
കോൺഗ്രസ്സായതിനു ശേഷം കെ.എസ്.യു ആയതാണ് ഞാൻ; അല്ലാതെ കെ.എസ്.യു ആയ ശേഷം കോൺഗ്രസ്സായതല്ല. രാഷ്ട്രീയത്തിൽ വരാൻ വേണ്ടിത്തന്നെ വന്നതാണ്. അങ്ങനെ 1964-ൽ വന്നു. തിരുവനന്തപുരം കോർപറേഷൻ ഡെപ്യൂട്ടി മേയറൊക്കെയായിരുന്ന പി.കെ. വേണുഗോപാൽ ഉണ്ട്; ഏജീസ് ഓഫീസ് ഉദ്യോഗസ്ഥനായിരുന്നു. ഞാൻ ഡിഗ്രിക്കു പഠിക്കുമ്പോൾ അദ്ദേഹം പ്രീഡിഗ്രിക്കാണ്. ഞാൻ ഹിന്ദി അസോസിയേഷന്റെ സെക്രട്ടറി, അദ്ദേഹം മലയാളം അസോസിയേഷനിൽ പ്രീഡിഗ്രി വിഭാഗത്തെ പ്രതിനിധീകരിക്കുന്ന സെക്രട്ടറി. അടുത്ത സുഹൃത്തുക്കളായിരുന്നു. കെ.എസ്.യുവിൽ പ്രവർത്തിച്ചാൽ കൊള്ളാം എന്ന് വേണുഗോപാലിനോടു പറഞ്ഞു. നമുക്ക് ബാലജനസഖ്യവുമായി ബന്ധപ്പെടാം എന്ന് അദ്ദേഹം പറഞ്ഞു. ബാലജനസഖ്യംകാരാണല്ലോ അന്ന് അധികവും കെ.എസ്.യു ആകുന്നത്; ഉമ്മൻ ചാണ്ടി, എം.എം. ഹസൻ, വി.എം. സുധീരൻ അങ്ങനെ പലരും. പക്ഷേ, ഞാൻ അതിൽ താല്പര്യം കാണിച്ചില്ല. നാളെ വാൻ റോസ് ജംഗ്ഷനിലെ കോൺഗ്രസ് ഓഫീസിൽ ഒരു യോഗമുണ്ട്, അതിനു കൂടെ വന്നാൽ മതി എന്ന് വേണുഗോപാൽ പറഞ്ഞു. അങ്ങനെയാണ് ഞാൻ കെ.എസ്.യുവിൽ ചേരുന്നത്. തിരുവനന്തപുരത്ത് കെ.എസ്.യുവിന്റെ പ്രവർത്തനം തുടങ്ങുന്നത് വൈകിയാണ്. പഴയ വിദ്യാർത്ഥി കോൺഗ്രസ്സുകാരാണ് ഇവിടെ. കെ.എസ്.യു വരുന്നതിനോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിക്കും നേതാക്കൾക്കും വലിയ താല്പര്യമുണ്ടായിരുന്നില്ല. കെ.എസ്.യുക്കാർ മാർ ഇവാനിയോസ്, ചെമ്പഴന്തി, വർക്കല എസ്.എൻ. കോളേജുകൾ, ആർട്‌സ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലൊക്കെ യൂണിറ്റുണ്ടാക്കി. സജീവമായി ഉണ്ടായിരുന്നത് ചെമ്പഴന്തിയിലും വർക്കലയിലുമാണ്. പക്ഷേ, സജീവ യൂണിറ്റില്ലാത്ത മാർ ഇവാനിയോസിൽനിന്നാണ് ഏറ്റവും കൂടുതൽ പേർ എത്തിയത്. അന്ന് ഞാൻ വിളിച്ചുകൊണ്ടുപോയ പ്രതിനിധികളിലൊരാളാണ് പാലോട് രവി. ആ സമ്മളനത്തിൽ വച്ചാണ് ഞാൻ ഉമ്മൻ ചാണ്ടിയെ ആദ്യം കാണുന്നത്. എ.കെ. ആന്റണി സംസ്ഥാന പ്രസിഡന്റും ഉമ്മൻ ചാണ്ടി സെക്രട്ടറിയുമാണ്. പി.സി. ചാക്കോ മാറി കെ. ശങ്കരനാരായണപിള്ള ആ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റായി, ഞാൻ ജില്ലാ എക്‌സിക്യുട്ടീവിലും വന്നു. അന്നു മുതലാണ് കെ.എസ്.യുവിനുവേണ്ടി പ്രസംഗിക്കാൻ പോയിത്തുടങ്ങിയത്. എല്ലാ സ്‌കൂളുകളിലും പോകും. മിക്കവാറും എം.എം. ഹസനും കൂടെക്കാണും. അതുകഴിഞ്ഞ് കെ.എസ്.യുവിന്റെ ഒരു ജില്ലാ സംഘടനാ തെരഞ്ഞെടുപ്പിൽ ജില്ലാ സെക്രട്ടറിയായി. തലേക്കുന്നിൽ ബഷീറാണ് പ്രസിഡന്റ്. കാട്ടാക്കടയിൽ വച്ച് ഒരു ജില്ലാ സമ്മേളനം നടന്നു. അത് ഉദ്ഘാടനം ചെയ്തത് വയലാർ രവിയാണ്. അദ്ദേഹം അന്ന് യൂത്ത് കോൺഗ്രസ്സിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയാണ്. ഒരു ബാലികേറാമല കയറിപ്പറ്റിയ തൃപ്തിയോടുകൂടിയാണ് ഞാനിവിടെ നിൽക്കുന്നത് എന്നാണ് രവി പ്രസംഗിച്ചു തുടങ്ങിയത്. അത്രയ്ക്കു മാസ് മൂവ്‌മെന്റായി ജില്ലയിൽ കെ.എസ്.യു സംഘടിപ്പിക്കപ്പെടും എന്ന് അദ്ദേഹം വിചാരിച്ചില്ല. ഞാൻ ജില്ലാ പ്രസിഡന്റായി. ഹസന് അന്ന് ജില്ലാ പ്രസിഡന്റാകണം എന്നൊരു ആഗ്രഹമുണ്ടായിരുന്നു. അത് എന്നോടു സംസാരിക്കാൻ തലേന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വന്നു. പക്ഷേ, ഞാൻ തന്നെ പ്രസിഡന്റാകുമെന്ന് പി.സി. ചാക്കോ പറഞ്ഞു. അത് എന്റെ മനസ്സറിയാൻ വേണ്ടിയായിരുന്നു.
അതുകഴിഞ്ഞ് കൊല്ലത്തുവച്ച് കെ.എസ്.യു സംസ്ഥാന സമ്മേളനം. ഉമ്മൻ ചാണ്ടി മാറി രാമചന്ദ്രൻ കടന്നപ്പള്ളിയെ സെക്രട്ടറിയാക്കി. പി.സി. ചാക്കോ മത്സരിക്കാൻ തയ്യാറായി. തിരുവനന്തപുരത്ത് കെ.എസ്.യുവിന്റേയും യൂത്ത് കോൺഗ്രസ്സിന്റേയും എല്ലാമെല്ലാമായിരുന്നു പി.സി. ചാക്കോ. എല്ലാവർക്കും വലിയ സ്‌നേഹമായിരുന്നു. പ്രവർത്തകരുടെ കുടുംബപ്രശ്‌നങ്ങളിലുൾപ്പെടെ ഇടപെടുന്ന, നല്ല ആത്മാർത്ഥതയുള്ള നേതാവ്. അങ്ങനെ ഇടപെടുന്ന രണ്ടു നേതാക്കളേ കെ.എസ്.യു, യൂത്ത് കോൺഗ്രസ് നിരയിൽ ഉണ്ടായിരുന്നുള്ളൂ, അന്ന്. ചാക്കോയും വയലാർ രവിയും. രവി ഔട്ട്‌സ്‌പോക്കൺ ആണ്, ചീത്തയൊക്കെ പറയും. പക്ഷേ, ആത്മാർത്ഥമായിട്ടാണ്.
കെ.എസ്.യു പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിയശേഷമാണല്ലേ യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാനായത്?
ലോ കോളേജിൽ പഠിക്കുമ്പോഴാണ് യൂണിയൻ ചെയർമാനായത്. ഞാൻ മാറിയ ശേഷം പുതിയ ജില്ലാപ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ ജില്ലാ സെക്രട്ടറി പാലോടു രവിയും വി. പ്രതാപചന്ദ്രനും തമ്മിൽ മത്സരിച്ചു. പ്രതാപചന്ദ്രനാണ് ജയിച്ചത്. പാലോടു രവി ഇതെല്ലാം അവസാനിപ്പിച്ചമട്ടിൽ പെരിങ്ങമ്മലയിൽ പോയി ഉദയാകോളേജ് എന്ന പേരിൽ ട്യൂട്ടോറിയൽ കോളേജ് തുടങ്ങി. അതിനിടയിൽ ഒരു ദിവസം സിറ്റിയിൽ വച്ച് യാദൃച്ഛികമായി ഞങ്ങൾ തമ്മിൽ കണ്ടു. പി.പി. ജോർജ് എം.എൽ.എയുടെ മുറിയിൽ കൊണ്ടുചെന്നിരുത്തി സംസാരിച്ചു. യൂത്ത് കോൺഗ്രസ് മെമ്പർഷിപ്പ് കൊടുത്ത് തിരിച്ചുകൊണ്ടുവന്നു. രവി സജീവമായാൽപ്പിന്നെ ഡൈനാമിക്കായി നിൽക്കുന്ന സ്വഭാവമാണ്; അന്നുമിന്നും അങ്ങനെയാണ്.
കെ. ശങ്കരനാരായണപിള്ളയുടെ തുടർച്ചയായി ഞാൻ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായി. ഞാൻ ഉൾപ്പെടെ നാലുപേരെ സംസ്ഥാന കൗൺസിലിലേക്ക് തെരഞ്ഞെടുത്തു. ഡിഗ്രി കഴിഞ്ഞ് യൂണിവേഴ്‌സിറ്റി കോളേജിൽ പി.ജിക്കു ചേർന്നു. അതുകഴിഞ്ഞ് ട്രെയിനിംഗ് കോളേജിൽ ബി.എഡും കഴിഞ്ഞ് ഒരു വർഷം വെറുതേ നിന്നിട്ടാണ് ലോ കോളേജിൽ ചേർന്നത്. ലോയ്ക്ക് ചേരുന്നതിനോട് വീട്ടുകാർക്ക് വലിയ യോജിപ്പില്ലായിരുന്നു. വാൻ റോസ് ജംഗ്ഷനിലേയും പട്ടത്തേയും പാർട്ടി ഓഫീസിലാണ് ഞാൻ അന്നൊക്കെ കിടന്നുറങ്ങുന്നത്. പട്ടത്തെ ഓഫീസിലാണ് ലോ കോളേജിൽ നിന്നുള്ള ഇന്റർവ്യൂ കാർഡ് വരുന്നത്. ലോ കോളേജിൽ ചേർന്ന ശേഷം അവിടുത്തെ കെ.എസ്.യു യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുവരുന്ന വിദ്യാർത്ഥികൾ അവിടെ സജീവമായിരുന്നു. യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് വന്നപ്പോൾ ഞാൻ മത്സരിക്കണമെന്ന് അവിടുത്തെ കെ.എസ്.യു പ്രവർത്തകർ പറഞ്ഞു. വിദ്യാർത്ഥി സംഘടനാരംഗം വിട്ടുപോയ ആൾ മത്സരിക്കുന്നതു ശരിയല്ല എന്ന അഭിപ്രായം കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എം. സുധീരനും സെക്രട്ടറി കെ.സി. ജോസഫിനും ഉണ്ടായിരുന്നു. ഫിലിപ്പോസ് തോമസിനെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു അവർക്ക്. ഫിലിപ്പോസ് തോമസ് ഒന്നാം വർഷവും ഞാൻ രണ്ടാം വർഷവുമാണ്. സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ കെ.എസ്.യു കോളേജ് യൂണിറ്റ് ജനറൽ ബോഡി യോഗം ചേരുകയാണ്. തലേന്ന് കെ.സി. ജോസഫ് അന്നത്തെ യൂണിറ്റ് പ്രസിഡന്റ് ഇ.കെ. വിജയകുമാറിന് കത്ത് കൊടുത്തുവിട്ടു (അദ്ദേഹം മണക്കാട് മുക്കോലയ്ക്കൽ ക്ഷേത്രത്തിനടുത്തായിരുന്നു വീട്. ഇപ്പോൾ കാനറ ബാങ്കിൽ ഉദ്യോഗസ്ഥനായി വിരമിച്ചു പാപ്പനംകോട്ട് താമസിക്കുന്നു). “കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എം. സുധീരൻ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ മാത്രമേ സ്ഥാനാർത്ഥിയെ നിശ്ചയിക്കാവൂ.” ഹാൾ നിറയെ പ്രവർത്തകരായിരുന്നു. സ്ഥാനാർത്ഥി നിർണയ കാര്യത്തിൽ സംസ്ഥാന സെക്രട്ടറിയുടെ ഒരു കത്ത് പ്രസിഡന്റിനു കിട്ടിയിട്ടില്ലേ എന്ന് സുകുമാരൻ നായർ എന്ന പ്രവർത്തകൻ എണീറ്റു ചോദിച്ചു. കിട്ടിയിട്ടില്ല എന്ന് പറഞ്ഞു. പ്രസിഡന്റിനു കിട്ടാത്ത കത്തിനെക്കുറിച്ച് തനിക്കെങ്ങനെ അറിയാം എന്ന് മറ്റുള്ളവരെല്ലാം കൂടി ബഹളം വച്ച് ഇരുത്തി. എന്നെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചു. കോളേജ് യൂണിയൻ ചെയർമാൻ സ്ഥാനാർത്ഥിയായി കാരേറ്റ് ഹരിദാസും ഹബീബ് മുഹമ്മദും മത്സരിച്ചു. ഹരിദാസ് ജയിച്ചു. അങ്ങനെ മാലയൊക്കെ ഇട്ട് മുദ്രാവാക്യം വിളിച്ച് പുറത്തുവരുമ്പോഴാണ് സുധീരനും കെ.സി. ജോസഫും കൂടി വരുന്നത്. വീണ്ടും ജനറൽ ബോഡി യോഗം വിളിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. വിജയകുമാർ പറഞ്ഞു, യോഗം വീണ്ടും വേണമെങ്കിൽ വിളിക്കാം, പക്ഷേ, കൈക്കൊണ്ട തീരുമാനങ്ങൾ മാറ്റാൻ ഉദ്ദേശിക്കുന്നില്ല. അവർ രണ്ടുപേരും ഇളിഭ്യരായി മടങ്ങി.
അതുകഴിഞ്ഞ്, യൂത്ത് കോൺഗ്രസ് ജില്ലാ നേതാക്കളിലൊരാളായ ഇബ്രാഹിംകുട്ടി- പിന്നീട് അദ്ദേഹം നഗരൂർ പഞ്ചായത്ത് പ്രസിഡന്റുമൊക്കെയായിരുന്നു- വിജയകുമാറിനോടു പറഞ്ഞു: “നീലനെ നിങ്ങൾ സ്ഥാനാർത്ഥിയാക്കി അല്ലേ? അയാൾ വന്നാലും സ്റ്റുഡന്റ് സെന്ററിന്റെ വരാന്തയിൽ കടക്കാൻ ഞങ്ങൾ അനുവദിക്കില്ല.” എന്നെ ഏതുവിധവും ആക്കാതിരിക്കാനാണ് അവർ ശ്രമിച്ചത്. അതുകഴിഞ്ഞ്, കോഴിക്കോട് ചേർന്ന സംസ്ഥാന സമ്മേളനത്തിൽ സുധീരൻ മാറി എം.എം. ഹസൻ പ്രസിഡന്റായി. അതുകഴിഞ്ഞ് ഹസന്റെ നേതൃത്വത്തിൽ കമ്മിറ്റി കൂടി ജി. കാർത്തികേയനെ ചെയർമാൻ സ്ഥാനാർത്ഥിയാക്കി. അത് കാർത്തികേയനോടുള്ള താല്പര്യം കൊണ്ടല്ല, ഞാൻ വരാതിരിക്കാൻ. നാമനിർദേശപത്രിക സമർപ്പിച്ചു. എന്തോ കാരണങ്ങളാൽ, ആരൊക്കെയോ ശ്രമിച്ചിട്ട് തെരഞ്ഞെടുപ്പ് മാറ്റിവച്ചു. വയലാർ രവിയാണ് ഈ സമയത്തൊക്കെ ‘കിംഗ് മേക്കർ’; എല്ലാം തീരുമാനിക്കുന്നയാൾ. എം.പിയുമാണ്. ആദ്യം, ഞാൻ ലോ കോളേജിൽ മത്സരിക്കുമെന്നു വന്ന സമയത്ത് ഇവർ രവിയെ കണ്ട് പരാതി പറഞ്ഞു, നീലൻ സ്ഥാനാർത്ഥിയാകാൻ നിൽക്കുകയാണ്, വിലക്കണം എന്ന്. നീ ലോ കോളേജിൽ സ്ഥാനാർത്ഥിയാകാൻ നിൽക്കുകയാണോന്ന് രവി ചോദിച്ചു; നിങ്ങളോട് ആരു പറഞ്ഞെന്ന് ഞാൻ തിരിച്ചും ചോദിച്ചു. നീ മത്സരിക്കുകയൊന്നും വേണ്ട എന്നു മറുപടി. പക്ഷേ, ഞാൻ മത്സരിച്ച് ലോ കോളേജിന്റെ ചരിത്രത്തിൽ കെ.എസ്.യു ബാനറിൽ ആദ്യമായി ജയിച്ചു. തലേക്കുന്നിൽ ബഷീർ മുന്‍പ് ജയിച്ചിട്ടുണ്ടെങ്കിലും അത് ലോ സ്റ്റുഡന്റ്‌സ് യൂണിയൻ (എൽ.എസ്.യു) എന്ന പേരിൽ മുന്നണിയായിട്ടാണ്. ഇതിനിടയിൽ ഞാൻ എ.ഐ.സി.സി അംഗവുമായി. എസ്.എഫ്.ഐക്കാരിൽ ചിലരുടേയും നാലകത്ത് സൂപ്പി അടക്കമുള്ള എം.എസ്.എഫുകാരിൽ ചിലരുടേയും ഉൾപ്പെടെ പിന്തുണ എനിക്കു കിട്ടി.
അതുകഴിഞ്ഞാണ് യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ സ്ഥാനാർത്ഥിയാക്കാതിരിക്കാനുള്ള ശ്രമങ്ങളും തെരഞ്ഞെടുപ്പു മാറ്റിവച്ചതുമൊക്കെ. പക്ഷേ, പിന്നീട് തെരഞ്ഞെടുപ്പ് നടന്നപ്പോൾ എന്നെത്തന്നെ സ്ഥാനാർത്ഥിയാക്കി. ഞാൻ ജയിക്കുകയും ചെയ്തു.
കേരള യൂണിവേഴ്‌സിറ്റി യൂണിയനിൽ കെ.എസ്.യുവിന്റെ ആദ്യ ചെയർമാൻ തലേക്കുന്നിൽ ബഷീറാണ്. ജയിച്ചു വരുന്നവരിൽ ഏറ്റവും സീനിയറായ പാർട്ടിക്കാരൻ ചെയർമാനാകണം എന്നൊരു നിലപാട് വയലാർ രവി മുന്നോട്ടുവച്ചു. അങ്ങനെയാണ് ബഷീർ ചെയർമാനായത്. ബഷീറിനു ശേഷം എം.എം. ഹസൻ, പിന്നെ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, പിന്നെയാണ് ഞാൻ ചെയർമാനാകുന്നത്. എനിക്കു ശേഷം ഫിലിപ്പോസ് തോമസ്.
എല്ലാക്കാലത്തും മതനിരപേക്ഷ രാഷ്ട്രീയത്തിൽത്തന്നെയാണ് നിന്നിട്ടുള്ളത്. അതല്ലാത്ത രാഷ്ട്രീയത്തിലേക്ക് പോകാനുള്ള പ്രേരണയോ പ്രലോഭനമോ പല സഹപ്രവർത്തകരേയും പോലെ താങ്കൾക്കും ഉണ്ടായിട്ടുണ്ടാകില്ലേ?
എന്തു പ്രേരണയും പ്രലോഭനവുമുണ്ടായാലും മതേതര നിലപാടിൽനിന്ന് മാറി ചിന്തിക്കുക പോലുമില്ല. മതനിരപേക്ഷതയിൽ ഉറച്ചുനിൽക്കുക മാത്രമല്ല, അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായ നിലപാടുകളിൽനിന്നും മാറില്ല. എന്റെ പിതാവ് തികഞ്ഞ ഈശ്വരവിശ്വാസിയും മതവിശ്വാസിയുമായിരുന്നു. രാവിലെ ക്ഷേത്രത്തിൽ സ്ഥിരമായി പോകുമ്പോൾ എന്നെയും കൂടെ കൊണ്ടുപോകുമായിരുന്നു. അച്ഛൻ രാമായണവും ഭാഗവതവുമൊക്കെ രാവിലേയും രാത്രിയുമൊക്കെ വായിക്കും. അതിന്റെയൊക്കെ ഒരു അതോറിറ്റി ആയിരുന്നു. പഴയ ഏഴാം ക്ലാസ്സ്. പക്ഷേ, ഉള്ളൂർ, കുമാരനാശാൻ, വള്ളത്തോൾ എന്നിവരുടെയൊക്കെ കൃതികളുടേയും ഒരു അതോറിറ്റി ആയിരുന്നു. ആ ഒരു അന്തരീക്ഷത്തിലാണ് ഞാൻ വളർന്നത്.
വളരെ ചെറുപ്പത്തിൽത്തന്നെ മന്ത്രിയും എം.പിയുമായി, വീണ്ടും രണ്ടുവട്ടം മന്ത്രിയായി, പലതവണ എം.എൽ.എ. ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഒതുക്കപ്പെടുന്ന സ്ഥിതി ഉണ്ടായോ?
1964-ല്‍ തുടങ്ങിയതു മുതൽ ഞാൻ ചില മൂല്യങ്ങൾ പുലർത്തിപ്പോന്നിട്ടുണ്ട്. തുടക്കം മുതല്‍ രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനാണ് ആഗ്രഹിച്ചത്. എം.എയ്ക്ക് വൈവ നടക്കുമ്പോൾ അദ്ധ്യാപകർ ചോദിച്ചു, ഇതുകഴിഞ്ഞ് എന്താ പരിപാടി? രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനാണ് പോകുന്നത് എന്നു പറഞ്ഞു. വിദ്യാർത്ഥികൾ രാഷ്ട്രീയത്തിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം എന്നു ചോദിച്ചു. പങ്കെടുക്കണം എന്നാണ് എന്റെ അഭിപ്രായം എന്നു പറഞ്ഞു. അവരത് ഗൗരവത്തിൽ എടുത്തു എന്നാണ് പിന്നീട് മനസ്സിലായത്. കാരണം, വൈവയ്ക്കു നല്ല മാർക്കു തന്നു.
കേരളത്തിലും വർഗീയ ശക്തികളുടെ സ്വാധീനം വർദ്ധിച്ചുവരുന്നതിനെ എങ്ങനെ കാണുന്നു?
വർഗീയതയ്‌ക്കെതിരെ ആശയപരമായി, നാടുമുഴുവൻ, വീടുവീടാന്തരം പ്രചാരണം നടത്തി ജനങ്ങളെ അണിനിരത്താൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കു കഴിയേണ്ടതാണ്. ആ പ്രവർത്തനം നടക്കുന്നില്ല. പശ്ചിമബംഗാളിലും ത്രിപുരയിലും ഇടതുമുന്നണിയാണ് ഉണ്ടായിരുന്നത്; ഇവിടുത്തെപ്പോലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി അല്ല. 1980-കളിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാർട്ടിയിലെ പന്ത്രണ്ട് എം.പിമാരുടെ പാർലമെന്ററി പാർട്ടിയുടെ നേതാവായി പ്രവർത്തിക്കുന്ന കാലത്ത് ദേശീയതലത്തിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉണ്ടാക്കണം എന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, അതങ്ങനെ നടന്നില്ല. ഇ.എം.എസ്, രാജേശ്വര റാവു, ഇന്ദ്രജിത് ഗുപ്ത, തൃദീപ് ചൗധരി തുടങ്ങിയവരൊക്കെ ഇടതുപക്ഷ ജനാധിപത്യമുന്നണി എന്ന നിലയിൽ യോഗം ചേരുമായിരുന്നു. പക്ഷേ, ബംഗാളിലും ത്രിപുരയിലുമുൾപ്പെടെ ഇടതുമുന്നണി മാത്രമായി തുടർന്നു. ദേശീയ തലത്തിൽ മുന്നണിയായുമില്ല. അവിടങ്ങളിൽ പിന്നീടുണ്ടായ സംഘടനാപരമായ ദൗർബല്യം കേരളത്തിൽ ഉണ്ടാകാത്തത് ഇവിടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ആയതുകൊണ്ടാണ്. എന്നാൽ, മുന്നണി എന്ന നിലയിൽ ഇവിടേയും താഴേത്തട്ടിൽ വേണ്ടത്ര സജീവമായ പ്രവർത്തനങ്ങൾ നടക്കുന്നില്ല. അത് നടത്തിയെങ്കിൽ മാത്രമേ ബി.ജെ.പി ഉയർത്തും എന്ന് പറയപ്പെടുന്ന ഈ ഭീഷണിയെ നേരിടാൻ സാധിക്കുകയുള്ളു. നേതാക്കൾ തീരുമാനമെടുത്ത് പത്രസമ്മേളനം നടത്തി പ്രഖ്യാപിക്കുക മാത്രമല്ല, ജനങ്ങളിലേക്ക് അത് എത്തണം. ഇന്ത്യാമുന്നണി സംഘടനാപരമായി പ്രാപ്തമാക്കി എടുക്കാൻ എളുപ്പമല്ല. നടന്നാൽ കൊള്ളാം. ദേശീയതലത്തിൽത്തന്നെ, ഇന്ത്യാമുന്നണി രൂപീകരണ സമയത്ത് ദേവഗൗഡയേയും മറ്റും നേരിട്ടു കണ്ട് അതിന്റെ ആശയം സംസാരിക്കുകയും ക്ഷണിക്കുകയും ചെയ്തില്ല. അങ്ങനെ ചെയ്തെങ്കിൽ ഒരുപക്ഷേ, അവർ എൻ.ഡി.എയിലേക്കു പോകുന്നത് തടയാൻ കഴിയുമായിരുന്നിരിക്കാം. എൻ.ഡി.എയിലേക്കു പോകുന്നതിനെ അവസാനം വരെ ചെറുത്ത ആളാണ് ദേവഗൗഡ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
2024-ലെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിനു മോശമല്ലാത്ത വിജയം സാധിച്ചതും ബി.ജെ.പിക്ക് തനിച്ച് കേവല ഭൂരിപക്ഷം കിട്ടാതിരുന്നതും ഇന്ത്യാമുന്നണിയായി മത്സരിച്ചതുകൊണ്ടാണല്ലോ?
അതെ, അതു ശരി തന്നെയാണ്. ഇനിയും കൂടുതൽ ശക്തമാകാനുണ്ട്. വലിയ സംസ്ഥാനങ്ങളായ യു.പിയിലും ബീഹാറിലുമുൾപ്പെടെ അടിത്തറ കൂടുതൽ ശക്തിപ്പെടണം. അതിനുള്ളിൽത്തന്നെ, സമാജ്‌വാദി പാർട്ടിയും രാഷ്ട്രീയ ജനതാദളും ചേർന്ന് ഒറ്റപ്പാർട്ടിയാവുകയാണ് വേണ്ടത്. അതാണ് എന്റെ അഭിപ്രായം.
1996-2001-ലെ ഇ.കെ. നായനാർ മന്ത്രിസഭയിൽനിന്ന് 1999-ൽ രാജിവയ്‌ക്കേണ്ടിവന്ന സാഹചര്യം ഒഴിവാക്കാനാകുമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നുണ്ടോ?
ഞാൻ അതേപ്പറ്റി ചിന്തിച്ചിട്ടില്ല. എനിക്കെതിരെ ആക്ഷേപം വന്നു; ഒരിടത്തുനിന്ന് ഒരാക്ഷേപം, വേറൊരിടത്തുനിന്ന് വേറൊരു ആക്ഷേപം. ഞാൻ രാജിവച്ചു. എറണാകുളത്തുവച്ചാണ് രാജിവയ്ക്കുന്നത്. ഒരു പരിപാടിയുമായി ബന്ധപ്പെട്ട് അവിടെയായിരുന്നു, മുഖ്യമന്ത്രിയും അവിടെയുണ്ടായിരുന്നു. അദ്ദേഹത്തെ കണ്ട് രാജി കൊടുത്തു. എം.എൽ.എ സ്ഥാനവും രാജിവയ്ക്കാൻ അനുമതി തരണം എന്ന് ആവശ്യപ്പെട്ട് പാർട്ടി പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാറിനു ഞാൻ കത്ത് കൊടുത്തിരുന്നു. വീരേന്ദ്ര കുമാർ നായനാർക്ക് എഴുതിയ കത്തിൽ, നീലലോഹിതദാസ് എം.എൽ.എ സ്ഥാനം കൂടി രാജിവയ്ക്കാനാണ് അനുമതി ചോദിച്ചിരിക്കുന്നതെങ്കിലും മന്ത്രിസഭയിൽനിന്ന് രാജിവയ്ക്കാൻ മാത്രമാണ് അനുവദിച്ചിരിക്കുന്നത് എന്ന് അറിയിച്ചു. അങ്ങനെയാണ് മന്ത്രിസ്ഥാനം രാജിവച്ചത്. അതു ശരിയായിരുന്നോ അല്ലേ എന്ന് ഞാൻ തിരിഞ്ഞുനിന്നു ചിന്തിച്ചിട്ടില്ല. എടുത്ത ഒരു നിലപാടിനെക്കുറിച്ചും എനിക്ക് പശ്ചാത്താപമില്ല. വലിയ ഭൂരിപക്ഷത്തോടെ ഇന്ദിരാഗാന്ധി വീണ്ടും അധികാരത്തിൽ വരികയും ഒന്‍പത് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എട്ടിലും കോൺഗ്രസ് വിജയിക്കുകയും ചെയ്തു നിൽക്കുമ്പോഴാണ് എച്ച്.എൻ. ബഹുഗുണയെ പിന്തുണച്ച് ഞാൻ കോൺഗ്രസ്സിൽനിന്നു രാജിവയ്ക്കുന്നത്. ഗാന്ധി-നെഹ്റു ആശയചട്ടക്കൂടിനെക്കുറിച്ച് ഉൾപ്പെടെ ഓർമിപ്പിച്ച് ഇന്ദിരാഗാന്ധിക്ക് ബഹുഗുണ ഒരു തുറന്ന കത്ത് എഴുതിയിരുന്നു. അതിനോട് ഇന്ദിരാഗാന്ധിയുടെ പ്രതികരണമാണ് പെട്ടെന്ന് അദ്ദേഹം രാജിവയ്ക്കാൻ കാരണമെന്നാണ് കരുതുന്നത്. അദ്ദേഹം രാജിവച്ചതറിഞ്ഞ നിമിഷം ഞാനും രാജിക്കത്ത് തയ്യാറാക്കി. കേരളത്തിൽ വന്നാൽ രാജി സാധിക്കില്ല. കാരണം, എനിക്കു പിന്തുണ നൽകുന്ന നിരവധിയാളുകളുണ്ട്. അതുകൊണ്ട് ഡൽഹിയിൽ വച്ചാണ് രാജി പ്രഖ്യാപിച്ചത്.
2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോവളത്ത് സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ച ശേഷം വി.എസ്. അച്യുതാനന്ദൻ എതിർത്ത് ഒഴിവാക്കി എന്നാണല്ലോ പുറത്തുവന്നത്. എന്താണ് സംഭവിച്ചത്?
വി.എസ്. എതിർത്തോ എന്ന് എനിക്കറിയില്ല. പക്ഷേ, എന്റെ പാർട്ടി പാർലമെന്ററി ബോർഡിന്റെ തീരുമാനം എന്നെ സ്ഥാനാർത്ഥിയാക്കാനായിരുന്നു. കെ.പി. മോഹനനായിരുന്നു ചെയർമാൻ. അദ്ദേഹം കണ്ണൂരിൽ പത്രസമ്മേളനം നടത്തി പ്രഖ്യാപിക്കുകയും ചെയ്തു. വി.എസ്സിന് സി.പി.എം ആ തെരഞ്ഞെടുപ്പിൽ ആദ്യം സ്ഥാനാർത്ഥിത്വം നിഷേധിക്കുകയും പിന്നീട് അത് തിരുത്തുകയുമായിരുന്നല്ലോ. അദ്ദേഹം മലമ്പുഴയിൽ ചെന്നപ്പോൾ ഞങ്ങളുടെ പാർട്ടിയുടെ ഒരു നേതാവ് (പേര് പറയുന്നില്ല, അദ്ദേഹം ജീവിച്ചിരിപ്പുണ്ട്) അച്യുതാനന്ദനെ ചെന്നു കണ്ടു. നീലനെ കോവളത്തു സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും നിങ്ങളാരെങ്കിലും എതിർത്താൽ അത് പിൻവലിക്കാൻ തയ്യാറാണ് എന്ന് അറിയിച്ചു. അതിനു പിറകെ മറ്റൊരു നേതാവ് എന്നെ ഫോണിൽ വിളിച്ചിട്ട് പറഞ്ഞു, നിങ്ങളെ ഹോണർ ചെയ്യാനാണ് പാർട്ടി സ്ഥാനാർത്ഥിയാക്കിയത്, ഇനി നിങ്ങൾ തന്നെ സ്വയം പിൻമാറണം. (അദ്ദേഹം ഇപ്പോഴില്ല). കുറച്ചുദിവസം കഴിഞ്ഞ് അദ്ദേഹം തിരുവനന്തപുരത്തുവന്ന് എന്നെ കണ്ട് ഈ ആവശ്യം ആവർത്തിച്ചു.
കോവളം നിയോജകമണ്ഡലം കമ്മിറ്റി യോഗം ചേർന്ന് എന്നെത്തന്നെ മത്സരിപ്പിക്കണം എന്ന് ഇതിനിടെ ആവശ്യപ്പെട്ടിരുന്നു. നിങ്ങൾ മത്സരിക്കരുത് എന്നാണ് ഞങ്ങളുടെയൊക്കെ ആഗ്രഹമെന്നും സ്വയം പിൻമാറണമെന്നുമാണല്ലോ നേതാവ് നേരിൽ കണ്ട് ആവശ്യപ്പെട്ടത്. 2001-ലെ തെരഞ്ഞെടുപ്പിൽ കോവളത്തുനിന്ന് ജയിച്ച് ഞാൻ അപ്പോൾ എം.എൽ.എ ആണ്. പിറ്റേന്ന് ഞാൻ എം.എൽ.എ സ്ഥാനം രാജിവച്ചു. എന്നിട്ട് സ്വതന്ത്രനായി നാമനിർദേശപത്രിക കൊടുത്തു. അന്ന്, സ്വല്പമൊരു മോശമായ പരാമർശം വി.എസ്സിന്റെ ഭാഗത്തുനിന്ന് ഉണ്ടായി, “അയാളെ ഞങ്ങൾ സ്ഥാനാർത്ഥിയല്ലാതാക്കിയിട്ടുണ്ട്” എന്ന്. എന്നാൽ, നിങ്ങളുടെ പാർട്ടിയാണ് തീരുമാനിക്കേണ്ടത് എന്നാണ് പിണറായി വിജയൻ പറഞ്ഞത്. നിങ്ങളെടുക്കുന്ന തീരുമാനം എന്തായാലും ഞങ്ങളെക്കൂടി ബോധ്യപ്പെടുത്തണം എന്നും പറഞ്ഞു. പാർട്ടി എന്ന നിലയിൽ സി.പി.എം ഒരു തീരുമാനം പറഞ്ഞിട്ടില്ല.
ഇനിയൊരു മത്സരം ഉണ്ടാകുമോ?
അതിനെപ്പറ്റി ഞാൻ ആലോചിച്ചിട്ടില്ല.
ജനതാപാർട്ടി പലതായി പിളർന്നു പിരിഞ്ഞത് രാജ്യത്തെ പ്രതിപക്ഷ മുന്നേറ്റങ്ങളെത്തന്നെ ഒരു ഘട്ടത്തിൽ ദുർബലമാക്കിയല്ലോ. ആശയപരമായ അടിത്തറ ഇല്ലാത്തതാണോ അതിനു കാരണം?
അല്ല. ആശയപരമായി അടിത്തറയുണ്ടായിരുന്നു. മഹാത്മാഗാന്ധി നേതൃത്വം നൽകിയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽനിന്നും ഡോ. റാം മനോഹർ ലോഹ്യ നേതൃത്വം നൽകിയ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽനിന്നും ജയപ്രകാശ് നാരായണൻ നേതൃത്വം നൽകിയ സമ്പൂർണ വിപ്ലവ പ്രസ്ഥാനത്തിൽനിന്നും ആശയപരമായ അടിത്തറ സ്വീകരിച്ച പ്രസ്ഥാനമാണ് ജനതാപ്രസ്ഥാനം. ആശയപരമായ അടിത്തറയാണ് അതിനുള്ളത്. സംഘടനാപരമായി അടിത്തറയുണ്ടായില്ല. ചന്ദ്രശേഖർ ജി യുവതുർക്കികളുടെ നേതാവായിരുന്നല്ലോ. കോൺഗ്രസ് പ്രവർത്തകസമിതി അംഗമായിരിക്കെയാണ് അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടത്. ജനതാപാർട്ടിക്ക് രൂപംകൊടുക്കുമ്പോൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ പ്രതിച്ഛായ ഏറ്റവും ഉയർന്നുനിൽക്കുകയായിരുന്നു. ജയപ്രകാശ് നാരായണന്റെ അനുഗ്രഹാശിസ്സുകൾ ഉണ്ടായിരുന്നു. അദ്ദേഹത്തെ പ്രസിഡന്റാക്കാൻ ജെ.പി. സജസ്റ്റ് ചെയ്തതാകാൻ സാധ്യതയുണ്ട്. പക്ഷേ, സംഘടനാപരമായി അദ്ദേഹം സമ്പൂർണ പരാജയമായിരുന്നു. പാർട്ടി ഉണ്ടാക്കാൻ ശ്രമിച്ചില്ല. അതിനു ശ്രമിച്ചിരുന്നെങ്കിൽ പാർട്ടിയും ഇന്ത്യൻ രാഷ്ട്രീയവും അദ്ദേഹത്തിന്റെ കയ്യിലിരുന്നേനെ. അദ്ദേഹത്തിന്റെ രാജ്യവ്യാപക പദയാത്രയിൽക്കൂടി കിട്ടിയ ബന്ധങ്ങളൊന്നും സംഘടനാപരമായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല.
കേരളത്തിൽനിന്ന് മണ്ഡൽകമ്മിഷന് മൊഴികൊടുത്ത രണ്ട് എം.എൽ.എമാരിൽ ഒരാളായിരുന്നല്ലോ. ആ അനുഭവം എന്താണ്?
അനുകൂലമായി മൊഴി കൊടുത്തത് ഞാൻ മാത്രമാണ്. മറ്റേ എം.എൽ.എ എൻ.ഡി.പിയുടെ സുന്ദരേശൻ നായർ ആയിരുന്നു. അദ്ദേഹം സാമുദായിക സംവരണത്തിന് എതിരായാണ് മൊഴി കൊടുത്തത്. പക്ഷേ, മണ്ഡൽ കമ്മിഷൻ റിപ്പോർട്ടിന്റെ മിശിഹാ ആയി പ്രകീർത്തിക്കപ്പെടുന്ന വി.പി. സിംഗ് പിന്നീട് പറഞ്ഞ ഒരു പ്രസ്താവനയുണ്ട്. 1998-ൽ സോണിയ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയപ്പോൾ അതിനെതിരെ ബി.ജെ.പി രംഗത്തുവന്നിരുന്നല്ലോ. അന്ന് വി.പി. സിംഗ് പറഞ്ഞത് “ബോഫോഴ്‌സിന്റെ പേരിൽ രാജീവ് ഗാന്ധിയുടെ വിധവ സോണിയയെ കുറ്റപ്പെടുത്തുന്നത് എനിക്കു ശേഷം മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിന്റെ പേരിൽ എന്റെ ഭാര്യയെ കുറ്റപ്പെടുത്തുന്നതു പോലെയാണ്” എന്നാണ്. ബോഫോഴ്‌സ് വിഷയം ഒരു കുറ്റകൃത്യവും മറ്റേത് ഒരു സാമൂഹിക പരിഷ്‌കരണ പ്രവൃത്തിയുമാണ്. രണ്ടിനേയും എങ്ങനെ ചേർത്തുപറയും. അധികാരത്തിലെത്തിയപ്പോൾ ബോഫോഴ്‌സ് കേസിൽ ഒരു താല്പര്യവും അദ്ദേഹം കാണിച്ചുകണ്ടിട്ടില്ല. ഞാനത് അന്നും മാധ്യമങ്ങൾക്കു മുന്നിൽ തുറന്നുപറഞ്ഞിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates