‘‘അതുകൊണ്ട് കരുതി ഇരുന്നുകൊള്ളണം, പല നിലയ്ക്കും അതിരുവിട്ട് പോകുന്നുണ്ട്'' സമസ്തയ്ക്കുള്ളിലും മുസ്ലിംലീഗിലും വലിയ വാദപ്രതിവാദത്തിന് ഇടയാക്കിയ പ്രസംഗത്തിന്റെ രാഷ്ട്രീയമെന്ത്? സമസ്തയില്‍ രണ്ടാമതൊരു പിളര്‍പ്പുണ്ടാകുമോ?

സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
Updated on
8 min read

തുകൊണ്ട് കരുതി ഇരുന്നുകൊള്ളണം, അവര്‍. ഞങ്ങളുടെയടുത്ത് ആയുധങ്ങളുണ്ട്. അത് ദുരുപയോഗം ചെയ്യാതെ, ആവശ്യം വരുന്ന ആദ്യ ഘട്ടത്തില്‍ എടുക്കും എന്ന ഭയം ഉണ്ടാകുന്നത് നല്ലതാണ്. അതിരുവിട്ട് പോകുന്നുണ്ട് നിങ്ങള്‍, പല നിലയ്ക്കും അതിരുവിട്ട് പോകുന്നുണ്ട്'',

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, മുസ്ലിം ലീഗിനെ താക്കീതു ചെയ്തു പറഞ്ഞതാണ്. കഴിഞ്ഞ മാസം 27-ന് മലപ്പുറം എടവണ്ണപ്പാറയില്‍ സമസ്തയുടെ വിദ്യാര്‍ത്ഥി വിഭാഗം സംഘടിപ്പിച്ച നബിദിന സമ്മേളനമായിരുന്നു വേദി. സമസ്തയ്ക്കുള്ളിലും മുസ്ലിംലീഗിലും വലിയ വാദപ്രതിവാദത്തിന് ഇടയാക്കിയ പ്രസംഗം. ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളെ ഖാസി ആയി പ്രഖ്യാപിക്കുകയും അദ്ദേഹം ചെയര്‍മാനായി ഖാസി ഫൗണ്ടേഷന്‍ എന്ന പുതിയ ഒരു കൂട്ടായ്മ തന്നെ ലീഗ് രൂപീകരിക്കുകയും ചെയ്തതിനോടുള്ള പ്രതികരണമായിരുന്നു ഉമര്‍ ഫൈസിയുടെ പ്രസംഗം. ഈ പറഞ്ഞതിന് മുന്‍പും ശേഷവുമുള്ള വാക്കുകളിലേക്കു വരും മുന്‍പ് മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്. ഉമര്‍ ഫൈസി സമസ്തയിലെ പലരിലൊരാള്‍ അല്ല; ഉന്നത നേതാവും അനുഭവസമ്പത്തുള്ള പണ്ഡിതനുമാണ്. സമസ്ത അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി ഹൃദയബന്ധമുള്ള സഹപ്രവര്‍ത്തകന്‍, സുഹൃത്ത്; സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം. ജിഫ്രി തങ്ങള്‍ക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ സമസ്തയ്ക്കു പുറത്തെ പ്രമുഖര്‍ പരിഗണിക്കുന്നയാള്‍. സംസ്ഥാന ഹജ്ജ് കമ്മിറ്റിയില്‍ സമസ്തയുടെ പ്രതിനിധിയായി ഉമര്‍ ഫൈസിയെ നിര്‍ദേശിക്കുന്നതില്‍ ജിഫ്രി തങ്ങള്‍ക്ക് രണ്ടാമതൊരു ആലോചന വേണ്ടിവരാതിരുന്നതും അതുകൊണ്ടുതന്നെ. ഈ കാര്യങ്ങളില്‍ പലതുകൊണ്ടും മുസ്ലിം ലീഗ് നേതൃത്വത്തിന് ജിഫ്രി തങ്ങളെപ്പോലെ തന്നെ തള്ളാനും കൊള്ളാനും വയ്യാത്തവരുടെ നിരയില്‍ പ്രധാനി.

muslim-league-on-wayanad-landslide
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

ഞങ്ങളുടെ അടുക്കല്‍ ഉണ്ട് എന്ന് ഉമര്‍ ഫൈസി പറയുന്ന ആ ആയുധം സമസ്തയുടെ രാഷ്ട്രീയ പിന്തുണ തന്നെയാണ്. അതായത് വോട്ട്. അത് എപ്പോഴും ലീഗിനു തന്നെയാകണം എന്നില്ല എന്നാണ് കൃത്യമായി പറഞ്ഞുവയ്ക്കുന്നത്. സമസ്തയുടെ പിന്തുണ ലീഗില്‍നിന്ന് സി.പി.എമ്മിലേക്ക് മാറിവരുന്നു എന്ന കുറേക്കാലമായുള്ള പ്രതീതിക്ക് ശക്തമായി അടിവരയിടുകയാണ് ഉമര്‍ ഫൈസി ചെയ്തത്. നേരിട്ട് ഇടതുപക്ഷത്തെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല. പക്ഷേ, ലീഗിനെക്കുറിച്ച് പറയാതേയുമിരുന്നില്ല. ആ പ്രസംഗത്തിലെ മറ്റൊരു ഭാഗം ഇങ്ങനെയാണ്: ''ഇതൊന്നും ഞങ്ങള്‍ക്ക് മനസ്സിലാകില്ല എന്നു വിചാരിച്ചോ. ഖാസി ഫൗണ്ടേഷന്‍ എന്നൊരു സംഗതി വേറെ എവിടെയെങ്കിലുമുണ്ടോ? ഇതൊന്നും മനസ്സിലാകാഞ്ഞിട്ടല്ല. അതു മനസ്സിലാക്കി പോകുന്നത് രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്കും നല്ലതാണ്. രാഷ്ട്രീയം വളര്‍ത്താനാണെങ്കില്‍ നമ്മളാരും അതിന് എതിരല്ല. നമ്മളും ആ രാഷ്ട്രീയപാര്‍ട്ടിയുടെ ആളുകള്‍ തന്നെയാണ്. സമുദായത്തിന്റെ സംഘടിതമേഖല വളരണം എന്ന് ആഗ്രഹിക്കുന്നവര്‍ തന്നെയാണ്. പക്ഷേ, അത് അവരും മനസ്സിലാക്കണം.'' ഈ പറയുന്ന രാഷ്ട്രീയപാര്‍ട്ടി മുസ്ലിംലീഗാണ്. ലീഗിനു മനസ്സിലാകുന്ന വിധമാണ് പറയുന്നതും. ''ഞങ്ങള്‍ ആരെയും പേടിച്ചിട്ടൊന്നുമല്ല. വിവരമില്ലാത്തവര്‍ അധികമാകുമ്പോള്‍ കുഴപ്പമുണ്ടാകണ്ട എന്നു വച്ചിട്ടാണ്. ചിലര്‍ ആഘോഷിക്കുകയാണ്; സമസ്തക്കെതിരായിട്ടാണ് അത്. മുന്‍പ് ഇത്തരം കാര്യങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്ന സംഘടനകളൊക്കെത്തന്നെ സമസ്ത എന്തുപറയുന്നു എന്നു നോക്കുമായിരുന്നു. ഇന്നതിനു തയ്യാറല്ല; സമസ്തയെ വെല്ലുവിളിച്ചുകൊണ്ട് വേറേ സംഘടനയുണ്ടാക്കുകയാണ്. അതിന്റെ ഭാഗമാണ് ഇതെല്ലാം.''

ഉമര്‍ ഫൈസി മുക്കം
ഉമര്‍ ഫൈസി മുക്കം

സാദിഖലി തങ്ങള്‍ ഒരു നിലയ്ക്കും ഖാസി ആകാന്‍ യോഗ്യനല്ല എന്ന് പറയുന്നതിലെ വിശദാംശങ്ങള്‍ ലീഗിനേയും ഭയപ്പെടുത്തുന്നുണ്ട്. യോഗ്യനല്ലാത്ത ആളാണ് എന്ന് സമസ്ത നേതൃത്വം തന്നെ പരസ്യമായി പറയുന്ന ആളുടെ മതവിധി എന്തിന് സ്വീകരിക്കണം എന്ന ചോദ്യം ഇനി പല ഘട്ടങ്ങളിലും സമുദായത്തിലും പുറത്തും നിന്നു കേള്‍ക്കേണ്ടിവരും എന്ന് അവര്‍ക്കറിയാം. സാദിഖലി തങ്ങളുടെ പേര് താന്‍ പറഞ്ഞില്ല എന്നാണ് പിന്നീട് വിവാദം മയപ്പെടുത്താന്‍ ഉമര്‍ ഫൈസി പറഞ്ഞത്. പക്ഷേ, പേരെടുത്തു പറയാതെ തന്നെ, ഉന്നം വ്യക്തം. ഇതു കേള്‍ക്കുമ്പോള്‍ അത് കൂടുതല്‍ വ്യക്തമാകും: ''ചിലരെ അവര്‍ ഖാസിയാക്കും ഫൗണ്ടേഷനാക്കും. ഇതൊക്കെ നമ്മള്‍ അറിയുന്ന, മനസ്സിലാക്കുന്ന സംഗതിയല്ലേ? ആകാന്‍ പറ്റുമോ? പഠിക്കാന്‍ പറ്റിയ ആളാകണം, ഖാസിയാകണമെങ്കില്‍. അതല്ലെങ്കില്‍ ഏതെങ്കിലും ഗ്രന്ഥങ്ങളൊക്കെ പഠിച്ച് മനസ്സിലാക്കിയവരെ ആ സ്ഥാനത്തേക്ക് കൊണ്ടുവന്ന് ഓട്ടയടയ്ക്കാം. മുന്നില്‍ വരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വിവരം വേണമല്ലോ. അങ്ങനെയുണ്ടെന്ന് അവരും അവകാശപ്പെടുന്നില്ല. അതാണ് അതില്‍ ഏറ്റവും വലിയ രസം. അങ്ങനത്തെ ഏതെങ്കിലും കിത്താബ് അദ്ദേഹം പഠിച്ചതായി പറയുന്നില്ല. എനിക്ക് വിവരമില്ല; പക്ഷേ, ഖാസിയാകണം എന്നു പറഞ്ഞാല്‍ അങ്ങനെ ആക്കാന്‍ തയ്യാറുള്ള കുറേപ്പേരുണ്ട്. അതിന് നമ്മുടെ കൂട്ടത്തില്‍നിന്നും കുറേ ആള്‍ക്കാര്‍ കൂടിക്കൊടുക്കുകയാണ്. ഇതിനൊക്കെ ഒരു മാനദണ്ഡവും നിയമവുമൊക്കെ ഇല്ലേ? അതിരുവിട്ട് പോവുകയാണോ. അത്തരം കാര്യങ്ങള്‍ക്കൊക്കെ അടുത്ത ദിവസങ്ങളില്‍ പരിഹാരമുണ്ടാകണം. അതു തുറന്നുതന്നെ പറയണം; പറയാതിരിക്കുന്നത് നമ്മള്‍ അവസാനിപ്പിക്കണം.''

സാദിഖലി തങ്ങള്‍ക്ക് ഇസ്ലാമിക കാര്യങ്ങളില്‍ അക്കാദമി യോഗ്യത ഇല്ല, അത് പരിഹരിക്കാന്‍ പുസ്തകങ്ങള്‍ വായിച്ച അറിവില്ല; പക്ഷേ, ഖാസിയാകുകയും വേണം എന്ന് പറയുന്നതിനപ്പുറം കടുത്ത വാക്കുകള്‍ വേറെ ഇല്ല എന്നതാണു സത്യം. യോഗ്യത ഇങ്ങനെ ചോദ്യം ചെയ്യപ്പെടുന്നതിനെക്കുറിച്ച് സമസ്തനേതാക്കള്‍ പറയുന്ന ഒരു കാര്യമുണ്ട്. അന്തരിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഈജിപ്റ്റിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍നിന്ന് ഉന്നത ഇസ്ലാമിക പഠനം കഴിഞ്ഞുവന്ന ആളായിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ഹൈദരലി ശിഹാബ് തങ്ങള്‍ മലപ്പുറത്തെ പ്രശസ്തമായ പട്ടിക്കാട് ജാമിഅനൂരിയയില്‍നിന്ന് ഫൈസി ബിരുദം നേടിയ ആളാണ് (മൗലവി ഫാളല്‍ ഫൈസി അഥവാ എം.എഫ്.ബി ബിരുദത്തിന്റെ ചുരുക്കപ്പേരാണ് ഫൈസി). അവരാരും ഖാസിയാകുന്നതും മതവിധി പുറപ്പെടുവിക്കുന്നതും ചോദ്യം ചെയ്യപ്പെടാതിരുന്നത് അതുകൊണ്ടാണ്. നിയമം പഠിക്കാത്തയാള്‍ ജഡ്ജിയാകുന്നത് എങ്ങനെയാണ് എന്നും അവര്‍ ചോദിക്കുന്നു.

മുസ്ലീം ലീഗ് നേതാക്കള്‍ വാര്‍ത്താ സമ്മേളനം നടത്തുന്നു
മുസ്ലീം ലീഗ് നേതാക്കള്‍ വാര്‍ത്താ സമ്മേളനം നടത്തുന്നു

പോരില്‍ മുമ്പിലാര്?

ഉമര്‍ ഫൈസിയുടെ നിലപാട് സമസ്തയുടേതല്ല എന്ന് പിറ്റേന്നു തന്നെ സമസ്തയുടെ പേരില്‍ ഒരു കുറിപ്പ് ഇറക്കിയിരുന്നു. അതു പോരാ, ഉമര്‍ ഫൈസിക്കെതിരെ നടപടി വേണം എന്നാണ് ലീഗ് വാശിപിടിച്ചത്. അതിനെതിരെ വേഗം തന്നെ സമസ്തയില്‍നിന്നു വലിയ പ്രതികരണം ഉണ്ടായി. ഉമര്‍ ഫൈസിക്കെതിരെ ദുഷ്പ്രചരണം നടക്കുന്നു എന്നും ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം ഉള്‍പ്പെടെ അതിന്റെ ഭാഗമാകുന്നു എന്നും വിമര്‍ശിച്ച് സമസ്ത ഉന്നതാധികാര സമിതി അംഗങ്ങളായ പത്ത് മുതിര്‍ന്ന നേതാക്കളാണ് പ്രസ്താവന ഇറക്കിയത്. യൂത്ത് ലീഗിന്റെ മലപ്പുറത്തെ ഒരു പ്രാദേശിക കമ്മിറ്റി ഭാരവാഹി ഉമര്‍ ഫൈസിക്കെതിരെ പൊലീസീല്‍ പരാതി കൊടുത്തതും പ്രകോപനമായി, സമുദായത്തിനകത്ത് സ്പര്‍ദ്ധ ഉണ്ടാക്കുന്ന പ്രസംഗം നടത്തി എന്നാണ് പരാതിയില്‍ പറയുന്നത്. ലീഗ് നേതൃത്വം അറിയാതെ അങ്ങനെയൊരു പരാതി ഉണ്ടാകില്ല എന്നാണ് ഉമര്‍ ഫൈസിയെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ''സമസ്ത പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പണ്ഡിതന്മാര്‍ക്കും സംഘടനയ്ക്കും നേരെ കഴിഞ്ഞ ഏതാനും മാസങ്ങളായി ദുഷ്പ്രചരണം നടക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദപ്പെട്ട ആളുകള്‍ പോലും ഇതില്‍ ഭാഗഭാക്കാകുന്നു'' എന്നു പറയുക മാത്രമല്ല, മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ ഉത്തരവാദപ്പെട്ട നേതാക്കള്‍ നിരന്തരം ഇത് ആവര്‍ത്തിക്കുന്നതില്‍ സമസ്ത നേതൃത്വം നേരത്തേ പ്രതിഷേധം അറിയിച്ചതാണ് എന്നും പ്രസ്താവനയില്‍ ഓര്‍മ്മിപ്പിക്കുന്നു. എന്നിട്ട്, ''ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്നത് സുന്നി വിശ്വാസികളെ പ്രയാസപ്പെടുത്തിയ കാര്യമാണ്'' എന്നും കൂട്ടിച്ചേര്‍ക്കുന്നു. യു.എം. അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, എ.വി. അബ്ദുറഹിമാന്‍ മുസ്ലിയാര്‍, ഒളവണ്ണ അബൂബക്കര്‍ ദാരിമി, പി.എം. അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, ഐ.ബി. ഉസ്മാന്‍ ഫൈസി എറണാകുളം, ബി.കെ. അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ബംബ്രാണ, അബ്ദുസ്സലാം ദാരിമി ആലമ്പാടി, ഉസ്മാനുല്‍ ഫൈസി തോടാര്‍, കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ നെല്ലായ എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്. ഉമര്‍ ഫൈസിക്കെതിരെ സമസ്ത നടപടിയെടുക്കണം എന്ന ആവശ്യം ശക്തമാക്കിയാല്‍ പി.എം.എ സലാമിനെതിരേ നടപടി ആവശ്യപ്പെടുന്നതിന്റെ മുന്നോടിയായിക്കൂടിയാണ് നേരത്തെ മുതലുള്ള പരാമര്‍ശങ്ങളും പരാതികളും ഇവര്‍ ഓര്‍മ്മിപ്പിച്ചത്.

''സമസ്തയുടെ ശക്തി എല്ലാവരും മനസ്സിലാക്കുക. സമസ്തയോടുള്ള സമീപനത്തിലും ആ അര്‍ത്ഥത്തില്‍ത്തന്നെ പ്രവര്‍ത്തിക്കുക. അത് നിങ്ങള്‍ക്കൊക്കെ നല്ലതായിരിക്കും എന്ന് പ്രത്യേകമായി ഉണര്‍ത്തുകയാണ്. കേരളത്തില്‍ ഒരുപാട് മതസംഘടനകളുണ്ട്. അതില്‍ നിന്നൊക്കെ - മികച്ചുനില്‍ക്കുന്ന ഒരു വലിയ ശക്തിയാണ് സമസ്ത. അതിനെ ആരും അവഗണിക്കരുത്'' സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് ജിഫ്രി തങ്ങള്‍ പറഞ്ഞതാണ്. ഉമര്‍ ഫൈസിയുടെ പ്രസംഗവിവാദം കത്തിനില്‍ക്കുമ്പോള്‍ നടത്തിയ ഈ പരാമര്‍ശങ്ങളുടെ അര്‍ത്ഥവും വ്യാപ്തിയും ലീഗിനെ പൊള്ളിക്കുന്നുണ്ട്.

കേരളത്തിലെ മുസ്ലിം സമുദായത്തില്‍ ഏറ്റവുമധികം സ്വാധീനമുള്ള സംഘടനകളില്‍ ഒന്നാമതോ രണ്ടാമതോ ഉറപ്പായും ഇടമുണ്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്ക്ക്. സമസ്തയെ പോഷകസംഘടനയെപ്പോലെ കൊണ്ടുനടക്കാനാണ് മുസ്ലിം ലീഗ് ആഗ്രഹിക്കുന്നത്. അതിന്റെ പേരില്‍ മുസ്ലിം ലീഗും സമസ്തയും ഇടയുന്നത് ഇതാദ്യമല്ല. ഉമര്‍ ഫൈസി സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ പറഞ്ഞ കാര്യങ്ങള്‍ സമസ്ത-ലീഗ് ഭിന്നതയിലെ പുതിയ ഏടുമല്ല. പക്ഷേ, ഇപ്പോഴത്തെ പരസ്യ ഏറ്റുമുട്ടലില്‍ സമസ്തയിലെ ഒരു വിഭാഗം വലിയ നേതാക്കള്‍ ഒന്നിച്ചു ലീഗിനെതിരെ നില്‍ക്കുന്നു. മുസ്ലിം ലീഗിന് സമസ്തയെ മൊത്തമായി നിയന്ത്രിക്കണം, കയ്യില്‍ വയ്ക്കണം; അതു നടക്കില്ലെന്ന നിലപാട് പറഞ്ഞുകൊണ്ടേയിരിക്കുന്നവരാണ് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളും ഉമര്‍ ഫൈസിയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍. സമസ്തയിലെത്തന്നെ മറ്റൊരു കൂട്ടം നേതാക്കള്‍ അവരെ തള്ളിപ്പറയുന്നു എന്നതും എപ്പോഴും ഉണ്ടാകാറില്ലാത്തതാണ്. ലീഗ് വിമര്‍ശകരായ നേതാക്കള്‍ക്കു പിന്നില്‍ സി.പി.എം ആണ് എന്ന ആരോപണത്തിലെ രാഷ്ട്രീയവും പ്രധാനമാണ്. ഇതിലൊക്കെ ശ്രദ്ധേയമായ കാര്യം സമസ്ത അതിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളിലേക്കു കടക്കുന്നു, അതേസമയത്ത് രണ്ടാമതൊരു പിളര്‍പ്പിലേക്ക് പോകുന്നു എന്ന സൂചനകള്‍ ശക്തമാണ് എന്നതുതന്നെ. 1989-ലെ പിളര്‍പ്പില്‍ പുറത്തുപോയി വേറെ സംഘടന രൂപീകരിച്ച് കരുത്തരായി മാറിയ കാന്തപുരം വിഭാഗത്തിന്റെ ആഴമുള്ള മൗനത്തിനുമുണ്ട് നാനാര്‍ത്ഥങ്ങള്‍. അതിനിടയില്‍ പി.എം.എ. സലാം, കെ.എം. ഷാജി തുടങ്ങിയ ലീഗ് നേതാക്കള്‍ ഇപ്പോഴത്തെ വിവാദത്തില്‍ കാണിക്കുന്ന അമിത താല്പര്യം ലീഗിലും സമസ്ത അണികള്‍ക്കിടയിലും സ്വന്തം കാലുറപ്പിച്ചുനില്‍ക്കാനുള്ള തത്രപ്പാടാണ് എന്ന വിമര്‍ശനം സജീവം. സമസ്തയിലെ ലീഗ് വിമര്‍ശകരെ സി.പി.എം ബന്ധത്തിലേക്കു കൊണ്ടുകെട്ടാനുള്ള ശ്രമത്തിന്റെ ചുക്കാന്‍ പിടിക്കുന്നവരാണ് സലാമും ഷാജിയും. അവര്‍ക്കുള്ള മറുപടി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരുങ്ങുന്നുണ്ട് എന്നാണ് സമസ്തയ്ക്കുള്ളിലെ വര്‍ത്തമാനം.

ഇതുവരെ ലീഗ് സര്‍ക്കാരിനു മുന്നില്‍ ഉന്നയിച്ചിരുന്ന മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും സമസ്ത നേരിട്ട് ഉന്നയിച്ച് നേടിയെടുക്കുന്നു എന്നതാണ് ലീഗിനെ അസ്വസ്ഥമാക്കുന്നത്. ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കാന്‍ ലീഗ് നേതാക്കളുടെ മധ്യസ്ഥത വേണ്ട, മുന്‍പ് അങ്ങനെയായിരുന്നില്ല. ഈ മാറ്റത്തിന്റെ അടുത്ത ഘട്ടത്തെയാണ് ലീഗും സമസ്തയിലെ ലീഗ് അനുകൂലികളും പേടിക്കുന്നത്. 2016 മുതല്‍ പുകഞ്ഞുനില്‍ക്കുന്ന ഈ സംശയത്തിന്റേയും പേടിയുടേയും ക്ലൈമാക്സിലേക്കാണ് ഇപ്പോഴത്തെ പോക്ക്.

കെ.എം. ഷാജി
കെ.എം. ഷാജി

ഖാസിയാകാന്‍

ഖാസിയെ ഓരോ മഹല്ലും അംഗീകരിച്ചാല്‍ (ബൈഅത്ത് ചെയ്യുക എന്നാണ് പറയുക) മാത്രമേ ആ മഹല്ലിനു കീഴിലെ മതപരമായ കാര്യങ്ങളില്‍ ഖാസിയുടെ തീരുമാനത്തിന് ആധികാരികതയുള്ളു. ക്രിസ്ത്യന്‍ ഇടവകപോലെ മുസ്ലിം സമുദായത്തിലെ പ്രാദേശിക യൂണിറ്റ് ആണ് മഹല്ല്. പള്ളിയും പള്ളി പരിപാലനസമിതിയുമാണ് മഹല്ലിന്റെ കേന്ദ്രം. കോഴിക്കോട് വലിയ ഖാസിയുടെ പരിധി കോഴിക്കോട് ജില്ല മുഴുവന്‍ അല്ല; ബൈഅത്ത് ചെയ്ത മഹല്ലുകളുടെ മാത്രം ഖാസിയാണ് അദ്ദേഹം. തിരുവനന്തപുരത്ത് പരക്കെ മഹല്ലുകള്‍ക്കിടയില്‍ അംഗീകാരമുള്ള ഖാസി ഇല്ല. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് തെക്കന്‍ കേരളത്തില്‍ അബുല്‍ ബുഷ്റാ മൗലവിയെ ഖാസിയായി അംഗീകരിച്ച് ഏതാനും മഹല്ലുകള്‍ 'വിധി'കള്‍ പിന്തുടര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ വിയോഗശേഷം ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ തന്നെ മൂസാ മൗലവിയെ ഖാസിയാക്കി. പക്ഷേ, അബുല്‍ ബുഷ്റാ മൗലവിയെ അംഗീകരിച്ച മഹല്ലുകള്‍ക്കൊക്കെത്തന്നെ ഭാരവാഹിമാറ്റം വന്നതോടെ മുന്‍പത്തെ അംഗീകാരത്തിനു ആധികാരികത ഇല്ലാതായി. അല്ലെങ്കില്‍ത്തന്നെ മലബാറിലെപ്പോലെ തെക്കന്‍ കേരളത്തില്‍ ഖാസി സമ്പ്രദായത്തിനു കാര്യമായ ഇടമില്ല. കേരളത്തില്‍ ആറായിരത്തോളം മഹല്ലുകള്‍ ഉണ്ട് എന്നാണ് കണക്ക്. ഇതില്‍ ആയിരത്തോളം മഹല്ലുകളെങ്കിലും ഇതിനകം തന്നെ സാദിഖലി ശിഹാബ് തങ്ങളെ ഖാസിയായി അംഗീകരിച്ചു ബൈഅത്ത് ചെയ്തിട്ടുണ്ടാകും എന്നാണ് ലീഗും ഖാസി ഫൗണ്ടേഷനും കണക്കാക്കുന്നത്. മുജാഹിദ്, ജമാഅത്തെ ഇസ്ലാമി വിഭാഗങ്ങള്‍ ഖാസി സമ്പ്രദായം അംഗീകരിക്കുന്നില്ല. അത് പൗരോഹിത്യമാണ് എന്നും ഇസ്ലാമുമായി ബന്ധമില്ല എന്നുമാണ് അവരുടെ നിലപാട്. കാന്തപുരം വിഭാഗത്തിന്റെ നിരവധി മഹല്ലുകള്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി തുടങ്ങിയവരെ ഖാസിയായി അംഗീകരിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് ഭരണകാലത്തുതന്നെ ഖാസി സമ്പ്രദായം കേരളത്തില്‍ നിലവിലുണ്ടായിരുന്നു. തിരൂരങ്ങാടി, ബേപ്പൂര്‍ ഖാസിമാരെക്കുറിച്ച് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പല എഴുത്തുകളിലും പരാമര്‍ശവുമുണ്ട്. കേരളപ്പിറവിക്കു ശേഷം സംസ്ഥാന ആഭ്യന്തരവകുപ്പ് ഖാസി നിയമനത്തിന് അംഗീകാരം കൊടുത്തിരുന്നു. പക്ഷേ, ക്രമേണ ഔദ്യോഗിക ഖാസി സമ്പ്രദായം നിന്നുപോയി. ഇപ്പോള്‍ സമുദായ സംഘടനകളോ മഹല്ലുകളോ ഖാസിക്ക് അംഗീകാരം തേടി സര്‍ക്കാരിനെ സമീപിക്കാറുമില്ല. ഖാസി സമ്പ്രദായം അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുന്ന മഹല്ലുകള്‍ അംഗീകരിച്ച ഖാസിയുടെ മതവിധിക്കും വിലയുണ്ട്. മലബാറില്‍, പ്രത്യേകിച്ച് ഇത് കൂടുതലുമാണ്.

p m a salam
പിഎംഎ സലാംഫയൽ

പിളര്‍പ്പ് വരുന്ന വഴി

സമസ്തയിലെ മുസ്ലിംലീഗ് അനുകൂലികള്‍ സമീപകാലത്തുതന്നെ ഒരു പിളര്‍പ്പ് പ്രതീക്ഷിക്കുന്നുണ്ട് എന്നതാണ് വസ്തുത. അതുകൊണ്ടാണ് ആറു മാസം മുന്‍പ് ലീഗ് മുന്‍കയ്യെടുത്ത് സമസ്തയ്ക്കു സമാന്തരായി ഖാസി ഫൗണ്ടേഷന്‍ രൂപീകരിച്ചത്. അതിന്റെ രാഷ്ട്രീയ ഉള്ളടക്കം സമസ്തയുടെ ഉന്നത നേതൃത്വം തിരിച്ചറിഞ്ഞു. സാദിഖലിയെ ഖാസിയാക്കുക മാത്രമല്ല, ഖാസിമാരുടെ നേതാവുമാക്കിയത് നിഷ്‌കളങ്കമല്ല എന്നും അവര്‍ അനൗപചാരികമായി ചര്‍ച്ച ചെയ്തിരുന്നു. സമസ്തയിലെ മുതിര്‍ന്ന നേതാക്കളെ ഒന്നടങ്കം പ്രകോപിപ്പിച്ചതും ഖാസി ഫൗണ്ടേഷന്‍ രൂപീകരണമാണ്. ഉമര്‍ ഫൈസിയുടെ എടവണ്ണപ്പാറ പ്രസംഗത്തിലെ രൂക്ഷപരാമര്‍ശവും അതിന്റെ ഭാഗമായാണ്. സമസ്തയില്‍ സി.പി.എമ്മിനെ അനുകൂലിക്കുന്നവരും ലീഗിനെ അനുകൂലിക്കുന്നവരും എന്ന തരത്തില്‍ വിഭജനമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ കുറേക്കാലമായി ലീഗിലേയും സമസ്തയിലേയും ഒരു വിഭാഗം നടത്തുന്നുണ്ട്. അതിനെ പിളര്‍പ്പിലേക്ക് എത്തിക്കാനുള്ള ഔപചാരിക ശ്രമമായാണ് ഖാസി ഫൗണ്ടേഷന്‍ രൂപീകരണം വിലയിരുത്തപ്പെടുന്നത്. ഉമര്‍ ഫൈസി പറഞ്ഞതിന് സമസ്തയുമായി ബന്ധമില്ല എന്ന് പെട്ടെന്നു തന്നെ ലീഗ് നേതൃത്വവും സമസ്തയിലെ ലീഗ് പക്ഷവും പറഞ്ഞു. പാണക്കാട് കുടുംബത്തിലുള്ളവരുടെ യോഗ്യത അളക്കാന്‍ ഈ പറയുന്നവര്‍ വളര്‍ന്നുവെന്ന് തോന്നുന്നില്ല എന്നായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ആദ്യ പ്രതികരണം. ഉമര്‍ ഫൈസിയുടെ അഭിപ്രായം അദ്ദേഹത്തിന്റേതു മാത്രമാണ്, സമസ്തയുടേതല്ല എന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂരും പ്രതികരിച്ചു. അത് അദ്ദേഹത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് എന്ന് മുതിര്‍ന്ന നേതാക്കള്‍ പെട്ടെന്നു തിരിച്ചറിഞ്ഞു. പത്തു നേതാക്കള്‍ പിറ്റേന്നു തന്നെ ഉമര്‍ ഫൈസിയെ അനുകൂലിച്ചു പ്രസ്താവന ഇറക്കിയത് അതുകൊണ്ടാണ്.

സാദിഖലി ശിഹാബ് തങ്ങളെ കോഴിക്കോടിന്റെ ഉള്‍പ്പെടെ ഖാസിയാക്കാനുള്ള ശ്രമത്തിന് പശ്ചാത്തലമൊരുക്കാന്‍ എന്നവിധം ഇതിനെല്ലാം ഇടയില്‍ മറ്റൊരു സംഗതി കൂടി ഉണ്ടായി. കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കെതിരെ ഒരു സ്ത്രീയുടെ പരാതി വന്നു. തന്നോടു മോശമായി പെരുമാറി എന്ന കണ്ണൂര്‍ സ്വദേശിനിയുടെ പരാതിയില്‍ കോഴിക്കോട് വനിതാ സെല്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. രണ്ടു വര്‍ഷം മുന്‍പ് പരപ്പനങ്ങാടിയില്‍ വച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. ഭര്‍ത്താവുമായുള്ള പ്രശ്നം ഒത്തുതീര്‍ക്കാനാണ് ഖാസിയെ സമീപിച്ചത്. യുവതിയുടെ ആവശ്യപ്രകാരം ബന്ധം വേര്‍പെടുത്തി. ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരവും വാങ്ങിത്തന്നു. തുടര്‍ന്ന് തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും പലവട്ടം പീഡിപ്പിക്കുകയും ചെയ്തു. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനും എതിരെയാണ് കേസ്. ഖാസിയുടെ വിശ്വാസ്യത സംശയത്തിലാക്കാന്‍ ഇപ്പോള്‍ കുത്തിപ്പൊക്കി കൊണ്ടുവന്നതാണ് ഈ പരാതിയെന്ന ആക്ഷേപം പുകയുന്നുണ്ട്. വിശ്വാസ്യത ഇല്ലാത്തയാള്‍ക്ക് മതവിധി പുറപ്പെടുവിക്കാനുള്ള അര്‍ഹതയുമില്ലാത്തത് സ്വാഭാവികം; അപ്പോള്‍ സാദിഖലി തങ്ങളുടെ ഖാസി പദവിക്ക് ആധികാരികത വര്‍ദ്ധിക്കും ഇതാണ് എതിര്‍വാദം. സാദിഖലി തങ്ങളെ ഖാസിയാക്കാനുള്ള നീക്കത്തെ സമസ്ത ഉന്നതാധികാര സമിതിയില്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉള്‍പ്പെടെ എതിര്‍ത്തിരുന്നു, അതിനെ മറികടക്കാന്‍ കൂടിയാണ് കോഴിക്കോട് ഖാസിയെ കരിവാരിത്തേയ്ക്കാനുളള ശ്രമമെന്ന് സമസ്തയില്‍ തന്നെ അഭിപ്രായമുണ്ട്. അതിനിടയിലാണ് സാദിഖലി തങ്ങളെ ഖാസിയാക്കിയതിനേയും ഖാസി ഫൗണ്ടേഷനേയും എതിര്‍ത്ത് ഉമര്‍ ഫൈസി സമസ്തയുടെ ഉള്ളിലെ പുകച്ചില്‍ പുറത്തറിയിച്ചത്. നേരത്തെത്തന്നെ ഖാസി ഫൗണ്ടേഷന്‍ രൂപീകരണത്തോട് യോജിപ്പില്ലാത്ത ജിഫ്രി തങ്ങള്‍ക്ക് ഉമര്‍ ഫൈസി പറഞ്ഞതിനോട് വിയോജിപ്പില്ലതാനും. ഒരു പിളര്‍പ്പ് ഒഴിവാക്കാനാണ് അദ്ദേഹം നിഷ്പക്ഷ സമീപനം സ്വീകരിക്കുന്നത്. പക്ഷേ, ഖാസി ഫൗണ്ടേഷനിലേക്ക് ലീഗ് അവരുടെ ചൊല്‍പ്പടിക്കു നില്‍ക്കുന്ന മഹല്ലുകളെ ചേര്‍ക്കുകയാണ്. ലീഗിനെ അനുകൂലിക്കുന്നവരും ജിഫ്രി തങ്ങള്‍ അടക്കമുള്ള 'സി.പി.എം തങ്ങന്മാരെ' അനുകൂലിക്കുന്നവരും എന്ന തരത്തില്‍ സമസ്തയുടെ പോഷക സംഘടനാനേതാക്കളിലും വലിയ ചര്‍ച്ചകള്‍ ലീഗ് ഇളക്കിവിടുന്നുമുണ്ട്.

ജിഫ്രി മുത്തുക്കോയ തങ്ങൾ, പിണറായി വിജയൻ / ന്യൂ ഇൻഡ്യൻ എക്സ്പ്രസ് ഫയൽ ചിത്രം
ജിഫ്രി മുത്തുക്കോയ തങ്ങൾ, പിണറായി വിജയൻ / ന്യൂ ഇൻഡ്യൻ എക്സ്പ്രസ് ഫയൽ ചിത്രം

വിതച്ചവരും കൊയ്യുന്നവരും

സമസ്തയിലെ സംഭവവികാസങ്ങള്‍ കാന്തപുരം വിഭാഗം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. പക്ഷേ, ഇടപെടാനോ പ്രതികരിക്കാനോ അവര്‍ തയ്യാറല്ല. സമസ്തയില്‍ ഇനിയൊരു പിളര്‍പ്പ് ഉണ്ടാകുന്നതിനോട് അവര്‍ക്ക് താല്പര്യമില്ല എന്നതാണ് പ്രധാന കാരണം. സമസ്തയുടെ നൂറാം വാര്‍ഷികാഘോഷം തുടങ്ങിയിരിക്കെ പ്രത്യേകിച്ചും. 1989-ലെ പിളര്‍പ്പ് ഉണ്ടാക്കിയ മുറിവുകളുടെ ആഴം ഏറ്റവും ശരിയായി അറിയുന്നവരാണ് കാന്തപുരം അടക്കമുള്ള നേതാക്കള്‍. 1926-ലാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രജിസ്റ്റേഡ് സംഘടനയായി രൂപംകൊണ്ടത്, എങ്കിലും 1923 മുതല്‍ പ്രവര്‍ത്തനങ്ങളുണ്ട്. അതിന്റെ സൂചകമായി കാന്തപുരം വിഭാഗത്തിന്റെ വിവിധ അനുബന്ധ സംഘടനകളുടെ നേതൃത്വത്തില്‍ നൂറാം വാര്‍ഷികാഘോഷം തുടങ്ങിയിരിക്കുകയാണ്. 2026-ല്‍ സംസ്ഥാന തലത്തില്‍ വലിയ ആഘോഷവും കേരളയാത്രയും ഉള്‍പ്പെടെ ഉണ്ടാകും. ജിഫ്രി തങ്ങളുടെ നേതൃത്വത്തില്‍ സമസ്തയും സമാനമായ ആഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ്. അതിനിടയിലാണ് ഭിന്നത രൂക്ഷമായതും പരസ്യമായതും.

സമസ്തയുടെ ലീഗ്വല്‍ക്കരണമാണ് മുതിര്‍ന്ന നേതാക്കളെ പ്രകോപിപ്പിക്കുന്ന പ്രധാന കാര്യം എന്ന് ലീഗിന് അറിയാം. എന്നിട്ടാണ് ലീഗ് സംസ്ഥാന അധ്യക്ഷസ്ഥാനം പോലെ ഖാസി ഫൗണ്ടേഷന്‍ അധ്യക്ഷസ്ഥാനവും പാണക്കാട് കുടുംബത്തിന്റെ പിന്തുടര്‍ച്ചയാക്കാനുള്ള നീക്കം. അതും ഫൗണ്ടേഷനെ സമസ്ത എതിര്‍ക്കുന്നതിന് കാരണമാണ്. പിന്തുടര്‍ച്ചയുടെ പ്രീതിപ്പെടുത്തലില്‍ ലീഗിനെ പോക്കറ്റില്‍ കൊണ്ടുനടക്കാനാണ് പി.കെ. കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നത്. പി.എം.എ. സലാമും കെ.എം. ഷാജിയും കുഞ്ഞാലിക്കുട്ടിക്കു വേണ്ടിയാണ് മറ്റു നേതാക്കളെക്കാള്‍ വാശിയോടെ സമസ്തയെ ആക്രമിക്കുന്നത്. കെ.എം. ഷാജിയുടെ മുന്‍കാല സമസ്തവിരുദ്ധ പ്രസംഗങ്ങള്‍ സമസ്ത നേതാക്കള്‍ മറന്നിട്ടില്ല. അതുകൊണ്ട് ഒരു വിഭാഗത്തിനുവേണ്ടി മറുവിഭാഗത്തെ ആക്രമിക്കുന്നതിന്റെ ഗുണം ഷാജിക്ക് കിട്ടാനിടയില്ല എന്ന് സമസ്ത നേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.

കെ.എം. ഷാജി മുജാഹിദ് സമ്മേളനങ്ങളില്‍ തുടര്‍ച്ചയായി പങ്കെടുക്കുകയും സുന്നികളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നത് കിട്ടുന്ന അവസരത്തിലൊക്കെ സമസ്ത നേതൃത്വം ഓര്‍മ്മിപ്പിക്കാറുണ്ട്. ഖുറാഫികള്‍ (അന്ധവിശ്വാസികള്‍) എന്നായിരുന്നു സുന്നികള്‍ക്കെതിരെ ഷാജിയുടെ വിമര്‍ശനം. അത്തരമൊരു പ്രസംഗത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ''മുജാഹിദുകളേ നിങ്ങള്‍ ഭിന്നിച്ചുപോകരുത്, നിങ്ങള്‍ ഇവിടെ ഐക്യത്തോടെ നിലനിന്നാല്‍ മാത്രം മതി ഈ ഖുറാഫാത്ത് (അന്ധവിശ്വാസം) തനിയെ ഇല്ലാതാകും'' എന്നാണ് അതില്‍ ഷാജിയുടെ പരാമര്‍ശം. സമസ്തയ്ക്കുള്ളില്‍ അതുണ്ടാക്കിയ രോഷം ചെറുതായിരുന്നില്ല. പിന്നീട് പലപ്പോഴും സമസ്ത പ്രതിനിധാനം ചെയ്യുന്ന സുന്നി നിലപാടുകളെ 'മുല്ലാ രാഷ്ട്രീയം' എന്ന് ഷാജി പരിഹസിച്ചതായും സമസ്തയ്ക്ക് പരാതിയുണ്ട്. സമസ്തയോട് ആദര്‍ശപരമായി ലീഗിന് താല്പര്യമില്ലെന്നും വോട്ടുബാങ്ക് മാത്രമായാണ് കാണുന്നത് എന്നുമുള്ള ബോധ്യത്തിലേക്ക് സമസ്ത ശരിക്കും എത്തുന്നതാണ് പിന്നെ കണ്ടത്. ഉമര്‍ ഫൈസിക്കൊപ്പം തന്നെ സത്താര്‍ പന്തല്ലൂര്‍, മുസ്തഫ മുണ്ടുപാറ, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് തുടങ്ങിയ സമസ്തയിലെ പ്രമുഖര്‍ നേതാക്കള്‍ ലീഗിനെതിരെ പരസ്യനിലപാടെടുത്തു. ലീഗ് സലഫികള്‍ക്കൊപ്പമാണെന്നു മാത്രമല്ല, കെ.എം. ഷാജി സലഫി ഏജന്റാണെന്നും അവര്‍ അണികളോടു പറഞ്ഞു. ഇതിന്റെയെല്ലാം തുടര്‍ച്ചയാണ് ഷാജി ഇപ്പോള്‍ കിട്ടിയ അവസരത്തില്‍ സമസ്തയിലെ മുതിര്‍ന്ന നേതാക്കളെ ഉന്നം വച്ച് പ്രസംഗിച്ചു നടക്കുന്നത്.

മുന്‍പ് എ.കെ. ആന്റണി സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലും വഖഫ് ബോര്‍ഡിലും കാന്തപുരം വിഭാഗത്തിന് ഇടം കൊടുക്കാതിരിക്കാന്‍ കുഞ്ഞാലിക്കുട്ടിക്കൊപ്പം നിന്ന് ചരടുവലിച്ച കാലത്തെ സമസ്തയല്ല ഇപ്പോഴത്ത സമസ്ത. കാന്തപുരം വിഭാഗത്തിലെ പ്രമുഖ നേതാവ് സി. മുഹമ്മദ് ഫൈസിയാണ് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍. ഇപ്പോള്‍ കാലാവധി കഴിഞ്ഞ ഹജ്ജ് കമ്മിറ്റി പുനസ്സംഘടിപ്പിക്കുമ്പോഴും സമസ്തയ്ക്ക് പ്രാതിനിധ്യം ഉണ്ടായിരിക്കും; അത് ആരായിരിക്കണം എന്ന് മുഖ്യമന്ത്രിക്ക് പേരു കൊടുക്കുന്നത് ജിഫ്രി തങ്ങളും ഉമര്‍ ഫൈസിയും ഉള്‍പ്പെടെയുള്ളവര്‍ ആയിരിക്കുകയും ചെയ്യും. ആ തിരിച്ചറിവ് ലീഗിനുമുണ്ട്. ചെയര്‍മാന്‍ സ്ഥാനത്തേക്ക് കാന്തപുരം വിഭാഗത്തിന്റെ പ്രതിനിധി തന്നെ വന്നേക്കും. കാന്തപുരത്തിന്റേയും ജിഫ്രി തങ്ങളുടേയും പ്രതിനിധികളെ രണ്ടുവശത്തും ഇരുത്തി പിണറായി വിജയന്‍ 'ചിരിക്കും' എന്നതാണ് ലീഗിന്റെ പേടി. ലീഗ് ശക്തികേന്ദ്രങ്ങളില്‍ അത് പ്രതിഫലിച്ചാല്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും അതിനടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കാര്യങ്ങള്‍ ശുഭകരമായേക്കില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com