കോണ്‍ഗ്രസില്‍ മാറ്റത്തിന്റെ 'നേതൃപാക്കേജ്'

Congress leaders
കെ.സി. വേണുഗോപാല്‍, സണ്ണി ജോസഫ്, കെ. സുധാകരന്‍, വി.ഡി. സതീശന്‍ samakalika malayalam
Updated on
6 min read

കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ കാര്യത്തില്‍ ഒരു മാറ്റം ആര്‍ക്കാണ് ഇഷ്ടമില്ലാത്തത് എന്ന ചോദ്യത്തിന് ദേശീയ നേതൃത്വം ഇടയ്ക്കിടെ ഉത്തരം നല്‍കാറുണ്ട്. നേതൃമാറ്റം എന്ന ഒറ്റമൂലി. ചിലപ്പോള്‍ അതുകൊണ്ട് പ്രയോജനമുണ്ടാകും, മറ്റു ചിലപ്പോള്‍ ഒരു കാര്യവുമുണ്ടാകാറുമില്ല. കെ. സുധാകരനേയും എം.എം. ഹസ്സനേയും മാറ്റി പുതിയ കെ.പി.സി.സി പ്രസിഡന്റിനേയും യു.ഡി.എഫ് കണ്‍വീനറേയും വെച്ചതിനു ഫലം ഗുണമോ ദോഷമോ എന്നറിയാന്‍ ഒരു വര്‍ഷമെങ്കിലുമെടുക്കും. അടുത്ത നിയമസഭാതെരഞ്ഞെടുപ്പിന്റെ ഫലമാണ് സണ്ണി ജോസഫിന്റേയും അടൂര്‍ പ്രകാശിന്റേയും അവരുടെ സഹായത്തിനു നല്‍കിയ ഷാഫി പറമ്പില്‍, പി.സി. വിഷ്ണുനാഥ്, എ.പി. അനില്‍കുമാര്‍ സംഘത്തിന്റേയും മാറ്റുരയ്ക്കുക. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വലിയ തോല്‍വിയുടെ ഉത്തരവാദിത്വം കെട്ടിവെച്ചാണ് മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റിയതും പ്രതിപക്ഷനേതാവായി രമേശ് ചെന്നിത്തലയ്ക്കു പകരം വി.ഡി. സതീശനെ കൊണ്ടുവന്നതും. അന്നത്തെ മാറ്റത്തില്‍നിന്നു സുധാകരനെ മാത്രം ഇപ്പോള്‍ മാറ്റി എന്ന പരിഭവം നിലനില്‍ക്കുന്നുണ്ട്. തനിക്ക് ആരോഗ്യപ്രശ്‌നമുണ്ടെന്നും ഓര്‍മക്കുറവുണ്ടെന്നുമൊക്കെ പ്രചരിപ്പിക്കുന്നത് ആരാണെന്നറിയാമെന്നു പറഞ്ഞപ്പോള്‍ സുധാകരന്‍ ഉന്നമിട്ടത് വി.ഡി. സതീശനെയാണുതാനും. തന്നെ മാറ്റില്ല എന്ന വലിയ പ്രതീക്ഷയുണ്ടായിരുന്നു സുധാകരന്. പക്ഷേ, 2021-ല്‍നിന്ന് 2025-ല്‍ എത്തിയപ്പോള്‍ സതീശനെ മാത്രം വിശ്വസിക്കാനാണ് ഹൈക്കമാന്റ് തീരുമാനിച്ചത്. കൂട്ടത്തില്‍ ഹസനെയുമങ്ങ് മാറ്റി. 2004-ലെ പൊട്ടിത്തെറിയില്‍ കെ. കരുണാകരനും കെ. മുരളീധരനും അവരുടെ വിശ്വസ്ത സംഘവും കൂടി നിലംപരിശാക്കുന്നതില്‍ നിന്നു കോണ്‍ഗ്രസ്സിനെ രക്ഷിച്ചുനിര്‍ത്തിയവരില്‍ പ്രധാനിയാണ് ഹസ്സന്‍. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഗ്രൂപ്പ് പോരിനു താല്‍ക്കാലിക ഇടവേള നല്‍കി കോണ്‍ഗ്രസ്സിനെ തിരിച്ചു പിടിക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായിരുന്ന മുതിര്‍ന്ന നേതാവ്. സുധാകരനു പകരം സണ്ണി ജോസഫ് വന്നത് സുധാകരന്റെ കൂടി താല്പര്യം പരിഗണിച്ചാണ്. പക്ഷേ, ഹസ്സനെ മാറ്റുമ്പോള്‍ അങ്ങനെയൊരു ചോദ്യവും പറച്ചിലുമൊന്നും മുന്‍പും ഉണ്ടായിട്ടില്ല. ഒരു വര്‍ഷം കെ.പി.സി.സി പ്രസിഡന്റായിരുന്ന ഹസ്സനെ മാറ്റിയത് അദ്ദേഹം അറിഞ്ഞത് മാറ്റിക്കഴിഞ്ഞാണ്; മുന്‍പ് തെന്നല ബാലകൃഷ്ണപിള്ളയുടേയും പി.പി. തങ്കച്ചന്റേയും കാര്യത്തില്‍ ചെയ്തതുപോലെ. ഏതായാലും അടൂര്‍ പ്രകാശ് യു.ഡി.എഫ് കണ്‍വീനറായി, ഹസ്സന്‍ പതിവ് അച്ചടക്കത്തോടെ അത് അംഗീകരിക്കുകയും ചെയ്തു. ഹസ്സന് പദവിയെന്തോ വരുന്നു എന്നാണ് പുതിയ കേള്‍വി.

10 വര്‍ഷത്തെ ഇടയവേളയ്ക്കുശേഷം യു.ഡി.എഫ് അധികാരത്തിലെത്തണമെങ്കില്‍ അടിയന്തരമായി ചെയ്യേണ്ടത് കെ.പി.സി.സി അധ്യക്ഷനേയും യു.ഡി.എഫ് കണ്‍വീനറേയും മാറ്റുകയാണ് എന്ന തീരുമാനത്തിലേയ്ക്ക് ദേശീയ നേതൃത്വത്തെ എത്തിച്ചത് ആരാണ്? പ്രതിപക്ഷ നേതാവോ മുസ്ലിം ലീഗോ മറ്റു ഘടകകക്ഷികളോ അതോ സ്വയം ദുര്‍ബലനായി തുറന്നുകാട്ടിയ കെ. സുധാകരന്‍ തന്നെയോ? എല്‍.ഡി.എഫിനു ഭരണത്തുടര്‍ച്ച കിട്ടിയതിന്റെ പേരില്‍ മുല്ലപ്പള്ളിയെ മാറ്റി നിയമിച്ച സുധാകരന് അടുത്ത തെരഞ്ഞെടുപ്പുവരെപ്പോലും അവസരം കൊടുത്തില്ല. ഇപ്പോഴെങ്കിലും ഇന്ദിരാഭവനില്‍ മാറ്റമുണ്ടായില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം താങ്ങാവുന്നതിനുമപ്പുറമാകും എന്നാണ് ഹൈക്കമാന്റിനു കിട്ടിയ വിവരം എന്നാണ് മനസ്സിലാകുന്നത്. അത് കൊടുത്തത് കനഗോലുവാണോ വി.ഡി. സതീശനാണോ അതോ ഇവരൊന്നുമല്ലാതെ ആരെങ്കിലുമാണോ എന്നതൊക്കെ എ.ഐ.സി.സിയുടെ രഹസ്യമാണ്. മൂന്നാമതും എല്‍.ഡി.എഫ് വരികയും ബി.ജെ.പിക്ക് ഏതാനും നിയമസഭാംഗങ്ങള്‍ ഉണ്ടാവുകയും ചെയ്താല്‍ കോണ്‍ഗ്രസ്സിനേയും യു.ഡി.എഫിനേയും തകര്‍ത്തുകൊണ്ടാകും അതു രണ്ടും സംഭവിക്കുക എന്ന് ഹൈക്കമാന്റ് വിലയിരുത്തി എന്നതാണ് പ്രധാനം.

ഇപ്പോഴല്ലെങ്കില്‍പ്പിന്നെ എപ്പോള്‍ എന്നായി. ഇപ്പോള്‍ത്തന്നെ എന്നു തീരുമാനിക്കുകയും ചെയ്തു. ക്രിസ്ത്യാനിയെ പ്രസിഡന്റും ഈഴവ സമുദായാംഗത്തെ കണ്‍വീനറുമാക്കി. മുസ്ലിം, നായര്‍, ദളിത് പ്രാതിനിധ്യവും നിലനിര്‍ത്തി. പക്ഷേ, സ്ത്രീപ്രാതിനിധ്യമില്ല. അത് ഇവര്‍ക്കു താഴെയേയുള്ളൂ. കോണ്‍ഗ്രസ്സിനെ ഒരിക്കലും അലോസരപ്പെടുത്താറില്ലാത്ത കാര്യവുമാണത്. ജയിച്ചവരുടെ ടീമാണിത്. രണ്ട് എം.പിമാരുടേയും മൂന്ന് എം.എല്‍.എമാരുടേയും സംഘം. ജയിക്കാത്ത ഷാനിമോള്‍ ഉസ്മാനും ബിന്ദുകൃഷ്ണയുമൊന്നും കെ.പി.സി.സി പ്രസിഡന്റോ വര്‍ക്കിംഗ് പ്രസിഡന്റോ ആകാന്‍ യോഗ്യരല്ല. ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചുവന്ന ഉമാ തോമസിന്റെ ആരോഗ്യം പൂര്‍ണമായും ശരിയായിട്ടില്ല എന്ന കാരണം വേണമെങ്കില്‍ പറയുകയും ചെയ്യാം.

Congress leaders
എകെ ആന്റണി, കെ. സുധാകരന്‍, വിഎം സുധീരന്‍, കെ. മുരളീധരന്‍ എന്നിവര്‍ samakalika malayalam

മാറ്റമില്ലാത്ത മാറ്റം എന്ന തത്ത്വം

മുഖ്യമന്ത്രിയും പ്രതിരോധമന്ത്രിയുമായിരുന്ന മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയെ കണ്ട് അനുഗ്രഹം വാങ്ങി, മുല്ലപ്പള്ളി രാമചന്ദ്രനേയും വി.എം. സുധീരനേയും കൂടെനിര്‍ത്തി മുന്നോട്ടു പോകും എന്നു പ്രഖ്യാപിച്ച് പുതിയ ടീം കോണ്‍ഗ്രസ്സിനെ നയിച്ചുതുടങ്ങി. ഓരോ കാലത്ത് പാര്‍ട്ടിയെ നന്നാക്കാനുള്ള ചുമതല ഏല്‍ക്കുകയും കഴിയുന്നവിധമൊക്കെ അത് നിര്‍വഹിച്ച ശേഷം കറിവേപ്പിലപോലെ എടുത്തെറിയപ്പെടുകയും ചെയ്തവരാണ് ഇരുവരും. സുധാകരനേക്കാള്‍ ഉറച്ച രാഷ്ട്രീയ കൃത്യതയും മതനിരപേക്ഷ പ്രതിബദ്ധതയും ആദര്‍ശധീരതയുമുള്ളവര്‍ എന്ന് കോണ്‍ഗ്രസ്സുകാരും രാഷ്ട്രീയ എതിരാളികളും സമ്മതിക്കും. ആദര്‍ശ രാഷ്ട്രീയം കോണ്‍ഗ്രസ്സില്‍ പണ്ടേ എടുക്കാത്ത നാണയമാണ്. അതിന്റെ പുതിയ പ്രതീകങ്ങളായി മാറിയ ഇരുവരും ഒരുഘട്ടം കഴിഞ്ഞപ്പോള്‍ തിളക്കം കുറഞ്ഞവരായി. അവരെ കൂടെനിര്‍ത്തും എന്ന ഓഫറിന് തെരഞ്ഞെടുപ്പു വര്‍ഷത്തില്‍ പക്ഷേ, വിപണിമൂല്യമുണ്ട്. ഇനി സണ്ണി ജോസഫും വി.ഡി. സതീശനും അടൂര്‍ പ്രകാശുമാണ് നയിക്കുക. 2026-ല്‍ യു.ഡി.എഫിനെ അധികാരത്തിലെത്തിക്കുക എന്നത് അവരുടെ നിലനില്‍പ്പിന്റെത്തന്നെ കാര്യമാണ്. ഷാഫിയും വിഷ്ണുനാഥും അനില്‍കുമാറും രണ്ടാംനിരയില്‍നിന്ന് ഒന്നാംനിരയിലേയ്ക്ക് എത്താനുള്ള ആവേശത്തില്‍ കഠിനാധ്വാനം ചെയ്‌തേക്കും. കോണ്‍ഗ്രസ്സുകാര്‍ പ്രത്യേകിച്ചും യു.ഡി.എഫ് പൊതുവേയും വലിയ ആവേശത്തിലാണ്.

മിഷന്‍ 2025 എന്ന 'പ്രത്യേക ദൗത്യരേഖ' ഇതാദ്യമായി തയ്യാറാക്കിയാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു വിജയിക്കാന്‍ ശ്രമിക്കുന്നത്. വി.ഡി. സതീശന്റെയാണ് ആശയം. നിയമസഭാ തെരഞ്ഞെടുപ്പിന് മിഷന്‍ 26 ഉണ്ടാകും എന്നും പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രമാണ് ബാക്കി. പക്ഷേ, കെ.പി.സി.സി അധ്യക്ഷന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ പാര്‍ട്ടിയേയും പാര്‍ട്ടി നയിക്കുന്ന മുന്നണിയേയും പൂര്‍ണസജ്ജമായി ചലിപ്പിക്കാന്‍ തടസ്സമായി എന്നതൊരു യാഥാര്‍ത്ഥ്യമാണ്. കെ. സുധാകരന് ഓര്‍മക്കുറവുണ്ട് എന്നതും അതു രോഗമാണെന്നതും രോഗം കുറ്റമല്ലെന്നതും സത്യം. സുധാകരന്‍ ചികിത്സ തേടിയിട്ടുമുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ്സില്‍ സംസ്ഥാന തലത്തില്‍ ബന്ധങ്ങളുള്ള ഏത് നേതാവിനോടു ചോദിച്ചാലും വ്യക്തിപരമായി ഈ കാര്യങ്ങള്‍ സമ്മതിക്കുന്നുണ്ട്, മാസങ്ങള്‍ക്കു മുന്‍പേത്തന്നെ. പക്ഷേ, പ്രതിപക്ഷ നേതാവുമായി അടുപ്പമുള്ളവരാണ് പറഞ്ഞു നടക്കുന്നത് എന്ന തോന്നല്‍ സുധാകരനുണ്ടായതോടെ അകല്‍ച്ച കൂടി. അത് ഉണ്ടാക്കുന്നതിലും ശക്തമാക്കുന്നതിലും രണ്ടുപേരുടേയും കൂടെനില്‍ക്കുന്ന ചിലര്‍ പങ്കുവഹിച്ചിട്ടുമുണ്ട്. ഹൈക്കമാന്റ് രണ്ടുപേരേയും ഒന്നിച്ചു മാറ്റും എന്നൊരു കണക്കുകൂട്ടലുണ്ടായിരുന്നു ഇടയ്ക്ക്. പക്ഷേ, നിയമസഭയില്‍ അത്യാവശ്യം ശക്തമായി പൊരുതാന്‍ ശ്രമിക്കുന്ന പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കെ മാറ്റുന്നതിനോട് പ്രധാന നേതാക്കളാരും യോജിച്ചില്ല. സുധാകരനും സതീശനും തമ്മില്‍ യോജിച്ചു പോകുന്നില്ലെങ്കില്‍ അവരില്‍ ആരാണോ ഇപ്പോള്‍ പാര്‍ട്ടിക്ക് ആവശ്യം ആ ആളുടെ കൂടെനില്‍ക്കാനാണ് ദേശീയ നേതൃത്വം തീരുമാനിച്ചത്. മറ്റു ഘടകങ്ങളൊന്നും പിന്നെ പരിഗണനയ്ക്കു വന്നില്ല.

സതീശന്‍ മൈക്ക് 'തട്ടിപ്പറിച്ചതും' ആദ്യം ഞാന്‍ പറയാമെന്നു വാശിപിടിച്ചതും ഞാനല്ലേ കെ.പി.സി.സി പ്രസിഡന്റ്, ഞാന്‍ പറയാം എന്ന് സുധാകരന്‍ പറഞ്ഞതും എന്നാപ്പിന്നെ പറയ് എന്നു ദേഷ്യത്തോടെ ചാനല്‍ മൈക്കുകളെല്ലാം കൂടി സതീശന്‍ സുധാകരനു മുന്നിലേയ്ക്ക് മാറ്റി വെച്ചുകൊടുത്തതും ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ ഇടയ്ക്ക് വരുന്നുണ്ട്. രണ്ടുപേരും കൂടിയുള്ള വാര്‍ത്താസമ്മേളനം നിശ്ചയിച്ചിട്ട് സതീശന്‍ വൈകിയപ്പോള്‍ തെറിവാക്ക് പറഞ്ഞ് സുധാകരന്‍ പ്രതികരിച്ചതാണ് മറ്റൊരു സംഭവം. എം.എം. ഹസ്സനോട് പോലും മൈക്ക് തട്ടിപ്പറിക്കുന്ന ആളാണ് സതീശന്‍ എന്നു കാണിക്കാന്‍ സുധാകരന്റെ ആളുകളുടെ പക്കലുമുണ്ട് വീഡിയോ. അതൊന്നും പരിഗണനാവിഷയങ്ങളില്‍ വരാതിരിക്കാനുള്ള ഉത്തരവാദിത്വം നേതൃത്വം കാണിച്ചു. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സുധാകരനു പകരം ആര് വന്നാലും പ്രശ്‌നമില്ല എന്ന നിലപാടാണ് ഇവിടെ വലിയൊരു വിഭാഗം നേതാക്കള്‍ സ്വീകരിച്ചത്. പക്ഷേ, ഉമ്മന്‍ ചാണ്ടിക്കു ശേഷം സംസ്ഥാന കോണ്‍ഗ്രസ്സില്‍ ക്രിസ്ത്യന്‍ നേതാക്കളാരും മുഖ്യറോളില്‍ ഇല്ല എന്നത് കത്തോലിക്കാ സഭ ചൂണ്ടിക്കാണിച്ചു. സണ്ണി ജോസഫിന്റേയും ആന്റോ ആന്റണിയുടേയും പേര് വന്നത് അങ്ങനെയാണ്. അത് ഹൈക്കമാന്റിനു മുന്നില്‍ സഭ വെച്ച പേരുകളാണ് എന്നത് സഭ നിഷേധിച്ചിട്ടുമില്ല. കേരളത്തില്‍ ക്രിസ്ത്യന്‍ സമുദായത്തെ കൂടെ നിര്‍ത്താന്‍ ബി.ജെ.പി പല വഴിക്ക് ശ്രമിക്കുകയാണ്. സി.പി.എമ്മും ആ വഴിയില്‍ത്തന്നെയാണ്. ഉദാഹരണങ്ങളായി ജോര്‍ജ് കുര്യന്റെ മന്ത്രി സ്ഥാനവും ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ടുമൊക്കെയുണ്ട്. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് ഉടനെ നടപ്പാക്കിത്തുടങ്ങും എന്നാണ് വിവരം. ക്രൈസ്തവ സമുദായത്തിന്റെ പരാതികള്‍ പരിഹരിക്കാന്‍ നിര്‍ദേശങ്ങളടങ്ങിയതാണ് ആ റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ്സിന്റെ പരമ്പരാഗത വോട്ടുബാങ്കുകളില്‍ പ്രധാനപ്പെട്ട ക്രിസ്ത്യന്‍ സമുദായത്തെ കൂടെ നിര്‍ത്താനുള്ള ഏത് സൂത്രവാക്യവും പരിഗണിക്കാവുന്ന നില വന്നു. അങ്ങനെയാണ് ആന്റോ ആന്റണി കെ.പി.സി.സി അധ്യക്ഷനാകും എന്ന പ്രതീതി പരന്നത്. നാലുതവണ പത്തനംതിട്ടയില്‍നിന്നു പാര്‍ലമെന്റിലേയ്ക്കു ജയിച്ച മുന്‍ കോട്ടയം ഡി.സി.സി പ്രസിഡന്റാണ് ആന്റോ ആന്റണി. പ്രഖ്യാപന ദിവസം രാവിലെ വരെ ആന്റോ ആന്റണിക്കും കേരളത്തിലെ രണ്ടോ മൂന്നോ നേതാക്കളൊഴികെ എല്ലാവര്‍ക്കും കിട്ടിയിരുന്ന വിവരം ആന്റോ ആന്റണി പ്രസിഡന്റാകും എന്നാണ്. മാറ്റം ഉറപ്പായപ്പോള്‍ സുധാകരന്‍ വെച്ച ഒരേയൊരു ഡിമാന്റ് സണ്ണി ജോസഫിനെ പ്രസിഡന്റാക്കണം എന്നായിരുന്നു. കണ്ണൂര്‍ ഡി.സി.സി മുന്‍ പ്രസിഡന്റുകൂടിയായ സണ്ണി ജോസഫിനുവേണ്ടി സുധാകരന്‍ വാദിച്ചപ്പോള്‍, ആന്റോ ആന്റണിയെ പ്രസിഡന്റാക്കരുത് എന്ന് ആവശ്യപ്പെടുന്നവരും അതിനു ശക്തികൂട്ടി. ഫോട്ടോ കണ്ടാല്‍ ജനത്തിനു മനസ്സിലാകുന്നവരെ പ്രസിഡന്റാക്കണം എന്ന് കെ. മുരളീധരന്‍ പരസ്യമായി പറഞ്ഞത് ഒറ്റപ്പെട്ട എതിര്‍പ്പായിരുന്നില്ല. സുധാകരന്‍ പിന്തുണയ്ക്കുന്ന ആളാണെങ്കിലും സ്വഭാവത്തിലും പെരുമാറ്റത്തിലും സുധാകരനു നേരെ വിപരീതമാണ് സണ്ണി ജോസഫിന്റെ രീതി. സൗമ്യന്‍, മൃദുവായി സംസാരിക്കുന്നയാള്‍, ചാനല്‍ ചര്‍ച്ചകളിലുള്‍പ്പെടെ വെല്ലുവിളിയുടെ ഭാഷയിലല്ലാതെ തന്നെ ശരിയായി കോണ്‍ഗ്രസ് രാഷ്ട്രീയം പറയുന്നയാള്‍. സണ്ണി ജോസഫ് സുധീരനും മുല്ലപ്പള്ളിക്കും രമേശ് ചെന്നിത്തലയ്ക്കും സതീശനും സ്വീകാര്യനാണ്; കെ. മുരളീധനും. മൂന്നു വര്‍ഷമാണ് കെ.പി.സി.സി പ്രസിഡന്റിന്റെ കാലാവധി. അതായത്, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും കഴിഞ്ഞ് രണ്ടു വര്‍ഷംകൂടി കാലാവധിയുണ്ട്, 2028 വരെ. തൊട്ടടുത്ത വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പാണ്. ഈ രണ്ട് തെരഞ്ഞെടുപ്പുകളിലെ ഫലവും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര് നയിക്കും എന്നതും തമ്മില്‍ സ്വാഭാവികമായും ബന്ധമുണ്ടുതാനും.

യു.ഡി.എഫിനെ 2026-ലെ തെരഞ്ഞെടുപ്പില്‍ തിരിച്ചുകൊണ്ടുവരാന്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞില്ലെങ്കില്‍ മുന്നണി തകരും എന്നതാണ് സ്ഥിതി. പല നേതാക്കളും ബി.ജെ.പിയിലേയ്‌ക്കോ സി.പി.എമ്മിലേയ്‌ക്കോ പോകുമെന്നും മുസ്ലിം ലീഗ് എല്‍.ഡി.എഫില്‍ പോകുമെന്നുമുള്ള ആശങ്കയുണ്ട് നേതാക്കള്‍ക്ക്. അതുകൊണ്ട് 2026-ലെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ അധികാരത്തിലെത്തിക്കുക ലീഗിന് അതിപ്രധാനമാണ്. ബി.ജെ.പിയില്‍ പോകാനും മടിയില്ലെന്നു പറയുന്ന, പാര്‍ട്ടിയെ നയിക്കാന്‍ ശേഷിയില്ലെന്നു തെളിയിച്ച സുധാകരനെ മാറ്റിയതില്‍ ലീഗിന്റെ ഇടപെടല്‍ അവിടെയാണ്. സുധാകരനെ മാറ്റിയതിലും ആന്റോ ആന്റണിയെ പ്രസിഡന്റാക്കാതിരുന്നതിലും ലീഗിന്റെ സ്വാധീനം പല നേതാക്കളും പറയാതെ പറയുന്നു. പ്രാദേശികമായി ലീഗിന് അത്രയ്ക്കങ്ങ് അഭിമതനല്ല ആന്റോ ആന്റണി. എന്നാല്‍, സണ്ണി ജോസഫിന് ആ പ്രശ്‌നമില്ല. സണ്ണിയെ സഭ നിര്‍ദേശിച്ചിട്ടുണ്ടോ എന്നതൊന്നും പ്രസക്തമല്ലാതായി മാറുന്ന വിധമുള്ള സ്വീകാര്യത തന്നെയാണ് ലീഗ് നേതാക്കള്‍ക്കിടയിലുമുള്ളത്.

Congress leaders
യുഡിഎഫ് യോഗത്തില്‍ നിന്ന് Samakalika malayalam

ഭരണവിരുദ്ധ വികാരം മുതലെടുക്കാന്‍ നീക്കം

2021 ജൂണിലാണ് മുല്ലപ്പള്ളിയെ മാറ്റി സുധാകരനെ പ്രസിഡന്റാക്കിയത്. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളിയുടേയും രമേശ് ചെന്നിത്തലയുടേയും ഉമ്മന്‍ ചാണ്ടിയുടേയും നേതൃത്വത്തിലാണ് കോണ്‍ഗ്രസ് വന്‍ വിജയം നേടിയത്. 20-ല്‍ 15-ലും വിജയം. ലീഗിന്റെ രണ്ടു സീറ്റുകളും ആര്‍.എസ്.പിയുടേയും മാണി ഗ്രൂപ്പിന്റേയും ഓരോന്നും ചേര്‍ത്ത് യു.ഡി.എഫിന് 19. രണ്ടു വര്‍ഷം കഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് ഹൈക്കമാന്റ് ഉമ്മന്‍ ചാണ്ടിയെ പ്രചാരണസമിതി അധ്യക്ഷനാക്കിയത്. പക്ഷേ, തോല്‍വിയെത്തുടര്‍ന്ന് പ്രതിപക്ഷ നേതാവിനേയും കെ.പി.സി.സി പ്രസിഡന്റിനേയും മാത്രം മാറ്റി. ആ പുകച്ചില്‍ അധികം പടരാതിരുന്നത് ഉമ്മന്‍ ചാണ്ടിയുടെ ആശുപത്രിവാസവും മരണവുമൊക്കെക്കൊണ്ടാണ്. പിന്നീട് 2024-ലും 2019 ചെറിയ വ്യത്യാസത്തോടെ ആവര്‍ത്തിച്ചു. അപ്പോഴേയ്ക്കും മാണി ഗ്രൂപ്പ് എല്‍.ഡി.എഫില്‍ എത്തിയിരുന്നു. കോണ്‍ഗ്രസ്സിന് 20-ല്‍ 14, ലീഗ് രണ്ട്, ആര്‍.എസ്.പി ഒന്ന്, ജോസഫ് ഗ്രൂപ്പ് ഒന്ന്. പക്ഷേ, നഷ്ടപ്പെട്ട തൃശൂര്‍ കിട്ടിയത് ബി.ജെ.പിക്കാണ്.

ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയം നിയമസഭയില്‍ ആവര്‍ത്തിക്കണമെന്നില്ല എന്ന് അനുഭവത്തില്‍നിന്നു ബോധ്യമുള്ള കോണ്‍ഗ്രസ് 2026 വരെ കാത്തിരിക്കാതെ ഇപ്പോള്‍ ഈ മാറ്റത്തിനു തയ്യാറായത് അധികാരത്തില്‍ തിരിച്ചെത്താന്‍ മാത്രമാണ്. അതിനു പാര്‍ട്ടിയെ ചലിപ്പിക്കാന്‍ കഴിയണം. അധികാരത്തിലെത്താന്‍ ഇടയില്ലേ എന്ന ആശങ്ക ഈയിടെ വരെ കോണ്‍ഗ്രസ്സില്‍ സജീവമായിരുന്നില്ല; യു.ഡി.എഫിലും. 2021-ലെ ഭരണത്തുടര്‍ച്ച 2026-ലും ആവര്‍ത്തിക്കില്ല എന്നു ശക്തമായി വിശ്വസിപ്പിക്കുകയും പ്രചരിപ്പിക്കുകയുമായിരുന്നു അവര്‍. പ്രളയവും കൊവിഡും മറ്റുമുണ്ടാക്കിയ പ്രതിസന്ധി ഘട്ടത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ നല്‍കിയ നേതൃമികവിലെ മതിപ്പുകൊണ്ടാണ് അന്നു വീണ്ടും ആളുകള്‍ വോട്ടു ചെയ്തത്. ഇതായിരുന്നു വാദം. എന്നാല്‍, ഇപ്പോള്‍ അതു പറയുന്നില്ല. കാര്യമായി ഒന്നും പറയുന്നില്ല. ഭരണം ജനങ്ങള്‍ മടുത്തു എന്ന സ്വാഭാവിക പ്രതിപക്ഷ വാദംപോലും വിശദീകരിക്കാന്‍ ഫലപ്രദമായി കഴിയുന്നില്ല എന്ന വിമര്‍ശനം അകത്ത് പുകയുന്നു. ഇനിയുള്ള ഒരു വര്‍ഷം, ഇ.കെ. നായനാര്‍ സര്‍ക്കാരിനെതിരായ എ.കെ. ആന്റണിയുടെ പ്രഖ്യാപനത്തിന്റെ മാതൃകയില്‍ നിരന്തരസമരംകൊണ്ട് അതു മറികടക്കാമെന്നാണ് ആലോചന. മിഷന്‍ 2026-ന്റെ കാതലും വേറൊന്നുമല്ല. പ്രവര്‍ത്തകരെ സമരങ്ങളുമായി തെരുവിലിറക്കുകയാണ് എല്ലാക്കാലത്തും പാര്‍ട്ടികള്‍ കാണുന്ന എളുപ്പവഴി. കോണ്‍ഗ്രസ്സിന് ഇടതുപക്ഷത്തെപ്പോലെ അതു സാധാരണഗതിയില്‍ എളുപ്പമാകാറില്ല. സുധാകരന്റെ നേതൃത്വം അണികളെ വെറുപ്പിച്ചുവെന്നും പുതിയ നേതൃത്വം കൂടിയേ തീരൂ എന്നും തീരുമാനിച്ചതിലെ അടുത്ത കാരണം ഇതാണ്. ബൂത്ത് തലത്തില്‍ പാര്‍ട്ടിയെ ചലിപ്പിക്കാന്‍ ശ്രമിച്ച് കുറേയൊക്കെ വിജയിച്ചവരാണ് മുല്ലപ്പള്ളിയും ഹസ്സനും. ആ കാലത്ത് അത് അംഗീകരിക്കപ്പെടുകയും ചെയ്തു. പക്ഷേ, സുധാകരന് അതു തീരെ സാധിച്ചില്ല. ഇതൊക്കെയായിട്ടും സുധാകരന്‍ പറഞ്ഞയാളെ പിന്‍ഗാമിയാക്കി. കാരണം, കോണ്‍ഗ്രസ് ഹൈക്കമാന്റ് പഴയ ഹൈക്കമാന്റല്ല, വയനാട്ടില്‍ വന്നു മത്സരിക്കുന്ന പ്രിയങ്ക ഗാന്ധിക്ക് 10 വോട്ടു കുറയ്ക്കാന്‍ ഇനിയും സുധാകരനു കഴിയും.

കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ ഭാവി എന്താകും എന്ന ആലോചനയേക്കാള്‍ ഭാവിയില്‍ കോണ്‍ഗ്രസ്സുകാര്‍ ആരാകും എന്ന വര്‍ത്തമാനമാണ് സജീവം. ഇതു കുറച്ചുകാലമായി ദേശീയ തലത്തില്‍ത്തന്നെയുള്ള രാഷ്ട്രീയ വര്‍ത്തമാനങ്ങളില്‍പ്പെട്ടതാണ്. കേരളത്തില്‍ ഇപ്പോഴാണ് സജീവമായത് എന്നുമാത്രം. കെ. സുധാകരനെ മാറ്റുമ്പോള്‍ മുല്ലപ്പള്ളി, സുധീരന്‍, ഹസ്സന്‍ തുടങ്ങിയവരെ മാറ്റിയതുപോലെ അനായാസമല്ലാതെ, ടെന്‍ഷനടിച്ചു മാറ്റേണ്ടിവരുന്നതിനു കാരണവും ഇതിലുണ്ട്. മുല്ലപ്പള്ളിയോ സുധീരനോ ഹസ്സനോ പോകാന്‍ ഇടയില്ലാത്തതും സുധാകരന്‍ പോകാന്‍ ഇടയുള്ളതുമായ ആ ഇടം. ബി.ജെ.പി എന്ന ആ രാഷ്ട്രീയ സാധ്യതയ്ക്കു നേരെ സുധാകരന്‍ കണ്ണടയ്ക്കില്ല. അത് ഹൈക്കമാന്റിന് അറിയാം. മുന്‍ കെ.പി.സി.സി പ്രസിഡന്റ് ബി.ജെ.പിയില്‍ എന്ന് ദേശീയ തലത്തില്‍ പ്രചാരണായുധം കൊടുക്കാതിരിക്കാനുള്ള ജാഗ്രതയുടെ പേര് കൂടിയാണ് സണ്ണി ജോസഫിനു കിട്ടിയ അപ്രതീക്ഷിത പദവി.

കോണ്‍ഗ്രസ്സിനും കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിക്കും തിരിച്ചുവരവിനെക്കുറിച്ച് വലിയ ഉല്‍ക്കണ്ഠയില്ലാതിരുന്നപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ അതു വളരെ സജീവമായിരുന്നു. ഏതൊക്കെ വിധമായിരുന്നു ആ ചര്‍ച്ചകള്‍ എന്നത് കൗതുകകരവുമാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ തിരിച്ചുവരവ് എളുപ്പമായിരിക്കും എന്ന് കരുതി, പ്രസ്താവനകളിലും വാര്‍ത്താസമ്മേളനങ്ങളിലും മാത്രം യു.ഡി.എഫ് വീറ് കാണിച്ചിരുന്ന സമയത്താണ് 2023 ഡിസംബറിലും 2024 ജനുവരിയിലുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നവകേരള സദസ്സുമായി എല്‍.ഡി.എഫ് വന്നത്. അത് അവസരമാക്കാന്‍ തീരുമാനിച്ച് യൂത്ത് കോണ്‍ഗ്രസ്സുകാരും യൂത്ത് ലീഗുകാരും കെ.എസ്.യുക്കാരും എം.എസ്.എഫുകാരും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടിയുമായി തെരുവിലിറങ്ങി. സര്‍ക്കാരിനെതിരായ പ്രതിപക്ഷ പ്രതിഷേധവും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കലുമൊന്നും കേരളം ആദ്യമായി കാണുകയായിരുന്നില്ല. ഇതിലും രൂക്ഷമായ പ്രതിഷേധങ്ങളും പൊലീസിനെ ഉപയോഗിച്ചുള്ള അടിച്ചമര്‍ത്തലും കേരളം കണ്ടിട്ടുമുണ്ട്. അത്തരം പൊലീസ് വേട്ടയുടെ ഭീകരമുഖം ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും ഉള്‍പ്പെടെ ഇടതുപക്ഷ സംഘടനകളാണ് ഏറ്റവും കൂടുതല്‍ അഭിമുഖീകരിച്ചിട്ടുമുള്ളത്. യൂത്ത് കോണ്‍ഗ്രസ്സുകാരും കെ.എസ്.യുക്കാരും യൂത്ത് ലീഗുകാരും നന്നായി തല്ലുകൊണ്ടിട്ടുമുണ്ട്. പക്ഷേ, മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ റോഡിലിറങ്ങി സമരക്കാരെ തല്ലുന്നതും തന്നെ വഴിതടയാന്‍ ശ്രമിച്ചവര്‍ക്കു നേരെയുണ്ടായ അത്തരം പ്രതികരണങ്ങള്‍ 'രക്ഷാപ്രവര്‍ത്തനം' ആയിരുന്നുവെന്നു മുഖ്യമന്ത്രി ന്യായീകരിക്കുന്നതും മുന്‍പില്ലാത്തതായിരുന്നു. അതിന്റെ തുടര്‍ച്ചയായി ഇടതുപക്ഷത്തെ അനുകൂലിക്കുന്നവര്‍ക്കിടയില്‍ത്തന്നെ വ്യാപകമായി മാറിയ ഒരു കാഴ്ചപ്പാടുണ്ട്: ഇനിയുമൊരു ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ ഇത്തരം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും കൂടിയുള്ള ന്യായീകരണമായി മാറും; അത് ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തും; ഇനി ഒരു ടേം പ്രതിപക്ഷത്തിരിക്കുന്നതാണ് എല്‍.ഡി.എഫിനു നല്ലത്. യു.ഡി.എഫിനു തിരിച്ചുവരാനാകും എന്ന പ്രതീക്ഷയ്ക്ക് ബലം നല്‍കിയ സംഭവവികാസങ്ങളായിരുന്നു അത്. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ കെട്ടിപ്പൊക്കിക്കൊണ്ടുവന്ന കരിമണല്‍ കര്‍ത്താ ബന്ധവും മാസപ്പടിക്കേസുമൊക്കെ പൊളിഞ്ഞുപോയെങ്കിലും ഇത് എപ്പോള്‍ വേണമെങ്കിലും സര്‍ക്കാരിനും സി.പി.എമ്മിനുമെതിരെ ഉപയോഗിക്കാവുന്ന വടിയായി നിലനില്‍ക്കുകയാണ്.

മൂന്നാമതും എല്‍.ഡി.എഫ് എന്ന ക്യാംപെയ്ന്‍ അതിശക്തമായി വീണ്ടും സജീവമായിരിക്കുന്ന സമയത്താണ് കെ.പി.സി.സി നേതൃമാറ്റം. മാത്രമല്ല, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലുണ്ടായ വിജയവും സംസ്ഥാന പ്രസിഡന്റായി പുതിയ ആള്‍ വന്നതും ബി.ജെ.പിക്ക് മുന്‍പില്ലാത്ത ഉണര്‍വ് നല്‍കി. സുരേഷ് ഗോപിക്കും രാജീവ് ചന്ദ്രശേഖറിനുമെതിരായ ട്രോള്‍ മഴപോലും സംഘപരിവാര്‍ അനുകൂല മനസ്സുള്ളവരെ കൂടുതല്‍ അവരിലേയ്ക്ക് അടുപ്പിക്കുകയാണ്. കൂടുതല്‍ അനുഭാവികളെ നേടാനും ബി.ജെ.പിക്ക് കഴിയുന്നു. തീര്‍ച്ചയായും അതിനു രാഷ്ട്രീയ പ്രാധാന്യമുണ്ട്. കെട്ടുറപ്പുള്ള കോണ്‍ഗ്രസ്സിന് ബി.ജെ.പിയെ തടഞ്ഞുനിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിക്കാനുണ്ട്. ഇപ്പോഴത്തെ നേതൃമാറ്റത്തിന്റെ രാഷ്ട്രീയ പ്രാധാന്യവും അതാണ്. അവര്‍ക്കുകൂടി അത് അങ്ങനെത്തന്നെ മനസ്സിലാകണം എന്നുമാത്രം. ഇടതുപക്ഷമാണ് കേരളത്തില്‍ പ്രധാന രാഷ്ട്രീയ എതിരാളിയെങ്കിലും കോണ്‍ഗ്രസ്സില്‍ ഒരു വിഭാഗത്തിന് ഇടതുപക്ഷം മാത്രമാണ് എതിരാളി എന്ന ധാരണകൂടിയുണ്ട്. അതാണ് പ്രശ്‌നം.

ഏതായാലും കുറഞ്ഞപക്ഷം നേതൃമാറ്റം കോണ്‍ഗ്രസ്സിനേയും അതുവഴി യു.ഡി.എഫിനേയും ശക്തിപ്പെടുത്തും എന്ന പ്രതീതിയെങ്കിലും ഉണ്ടായിരിക്കുന്നു. ആ പ്രതീതിയെ രാഷ്ട്രീയമായി എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നത് പ്രധാനമാണ്. സ്ഥാനമേറ്റ് പിറ്റേദിവസം തന്നെ, സ്ഥാനമേല്‍ക്കുമ്പോള്‍ മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ എത്താതിരുന്നത് തിരക്കുകൊണ്ടാണെന്നും ആര്‍ക്കും പുന:സംഘടനയില്‍ വിയോജിപ്പില്ല എന്നും സണ്ണി ജോസഫിനു വിശദീകരിക്കേണ്ടി വന്നതിന്റെ കല്ലുകടിക്കാകുമോ തുടര്‍ച്ച എന്നതും അതുപോലെത്തന്നെ പ്രധാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com