

ജനാധിപത്യത്തില്‍ ജയം പോലെ അനിവാര്യമാണ് തോല്‍വിയും. ജയത്തില്‍നിന്ന് പഠിക്കാനുണ്ട്. പക്ഷേ, തോല്‍വി കൂടുതല്‍ പഠിപ്പിക്കും. ജയം അഹങ്കാരത്തിലേക്കും തോല്‍വി ആത്മപരിശോധനയിലേക്കും നയിക്കും. സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ തകര്‍ച്ചയ്ക്ക് ഒരു കാരണം തോല്‍പ്പിക്കാനുള്ള അവസരം ജനങ്ങള്‍ക്ക് കൊടുത്തില്ല എന്നതാണ്. ഞങ്ങളാണ് ശരി എന്ന് സ്വയം വിശ്വസിച്ചിരുന്നു. ആ ശരിയെ ജനങ്ങളുടെ മുന്നില്‍ പരിശോധനയ്ക്ക് വിധേയമാക്കിയില്ല.
ഡ്യൂമ പിരിച്ചുവിട്ട് ലെനിനാണ് ഏകകക്ഷിഭരണം തുടങ്ങിയത്. 1917-ലെ തെരഞ്ഞെടുപ്പില്‍ 25 ശതമാനം വോട്ടുപോലും ബോള്‍ഷെവിക് പാര്‍ട്ടിക്ക് കിട്ടിയിരുന്നില്ല. എന്നിട്ടും പാര്‍ട്ടി ജനങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് ലെനിന്‍ സമര്‍ത്ഥിച്ചു. ജനങ്ങള്‍ക്കുവേണ്ടി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പ്രതീക്ഷ നല്‍കാനും പാര്‍ട്ടി മാത്രം എന്നായിരുന്നു ലെനിന്‍ കെട്ടിപ്പടുത്ത രാഷ്ട്രീയ രൂപത്തിന്റെ ഉള്ളടക്കം.
ഏകകക്ഷി ഭരണം കമ്യൂണിസ്റ്റ് പ്രതീക്ഷകളുടെ പ്രവേശനകവാടമായി. സമത്വസുന്ദര ലോകത്തേക്കുള്ള ഏക വഴി. പാര്‍ട്ടി എന്നത് ഒരു പെട്ടകമായി. മനുഷ്യരേയും അവരുടെ സ്വാതന്ത്ര്യത്തേയും വികാരവിചാരങ്ങളേയും സ്വപ്നങ്ങളേയും അതില്‍ തള്ളിക്കയറ്റി. നോഹയോട് ദൈവം പറഞ്ഞുതുതന്നെ ലെനിന്‍ അണികളോടും പറഞ്ഞു. നാല്‍പത് ദിവസം ഞാന്‍ നിര്‍ത്താതെ മഴപെയ്യിക്കും എന്നാണ് ദൈവം പെട്ടകനിര്‍മ്മാണത്തിനു ചുമതലപ്പെടുത്തിയപ്പോള്‍ നോഹയോട് പറഞ്ഞത്. ചുറ്റം പ്രതിലോമശക്തികള്‍, സാമ്രാജ്യശക്തികള്‍, പ്രതിവിപ്ലവ ശക്തികള്‍ എന്നാണ് ലെനിന്‍ മുന്നറിയിപ്പ് നല്‍കിയത്. പ്രളയം പോലെ തന്നെയാണ് ഇതും. ഏതുസമയത്തും കടന്നുവരാം, കടപുഴക്കാം. അതുകൊണ്ട് കാത്തിരിക്കണം. നിതാന്ത ജാഗ്രത. കമ്യൂണിസം എന്ന സ്വപ്നം സാക്ഷാല്‍കരിക്കുന്നതുവരെ ജാഗ്രത സൂക്ഷിക്കണം. ചുറ്റും ആപത്തിന്റെ അന്തരീക്ഷമാണ്. കണ്ണിമയ്ക്കാതെ കാവല്‍നിന്ന് ഈ തിരിവെട്ടം അണയാതെ സൂക്ഷിക്കണം. എത്രനാള്‍ എന്ന ചോദ്യത്തിന് ഉത്തരമുണ്ടായില്ല. അനന്തതയിലേക്ക് നീളുന്ന പ്രതീക്ഷയ്ക്ക് ജനനത്തീയതി കുറിക്കാനാവില്ല.
ചൈനയില്‍ ദെങ് സിയാവോ പിങ് അതിന് ഒരു ഉത്തരം പറഞ്ഞു: ''സോഷ്യലിസത്തിന്റെ പ്രാഥമിക ഘട്ടം കടക്കാന്‍ തന്നെ അനേകം തലമുറകളെടുക്കും.'' പിന്നെ എത്രയോ യാത്ര ബാക്കി കിടക്കുന്നു. സോഷ്യലിസത്തിന്റെ അടുത്ത ഘട്ടം, സോഷ്യലിസത്തിന്റെ പൂര്‍ത്തീകരണം എന്നിവ കഴിഞ്ഞ് ഭരണകൂടം ഇല്ലാതാവുന്ന കമ്യൂണിസ്റ്റ്കാലം വരാന്‍ എത്രകാലം?
പഴയ സോവിയറ്റ് യൂണിയനില്‍ ഒരു കഥയുണ്ട്. കര്‍ഷകര്‍ക്ക് പാര്‍ട്ടിക്ലാസ്സ് എടുക്കുകയാണ് നേതാവ്.
''ചക്രവാളത്തില്‍ കമ്യൂണിസത്തിന്റെ ചുവന്ന സൂര്യന്‍ പ്രത്യക്ഷപ്പെടാറായി''- അദ്ദേഹം ആവേശം കൊണ്ടു. അപ്പോള്‍ ഒരു കര്‍ഷക സ്ത്രീ നേതാവിനോട് ചോദിച്ചു:
''സഖാവെ...എന്താണ് ഈ ചക്രവാളം എന്ന് പറഞ്ഞാല്‍?''
നേതാവ് മറുപടി നല്‍കി:
''അത് ഭൂമിയും ആകാശവും തമ്മില്‍ കൂട്ടിമുട്ടുന്ന സാങ്കല്പിക രേഖയാണ്. അതിനോട് നമ്മള്‍ അടുക്കുന്തോറും അത് അകന്നകന്ന് പോകും.''
കര്‍ഷക സ്ത്രീ പറഞ്ഞു:
''ഇപ്പോള്‍ എല്ലാം മനസ്സിലായി സഖാവെ...''
1917 ഒക്ടോബറില്‍ തുടങ്ങിയതാണ് യാത്ര. അക്ഷീണമായ നടപ്പ്. ഓരോ കാലടി വെക്കുമ്പോഴും ദൂരം കുറഞ്ഞില്ല. ദൂരം ദൂരേക്ക് നീണ്ടുപോയി. ഒടുവില്‍ ആകാശത്തെ ചുവന്ന നക്ഷത്രം കെട്ടു.
എന്തു പഠിച്ചു?
ഓരോ തോല്‍വിയും പാഠം പഠിക്കാനുള്ളതാണെങ്കില്‍ പഠിച്ച പാഠവും തിരുത്തിയ സിലബസും എന്താണ്? 1980-കളില്‍ 16 രാജ്യങ്ങള്‍ കമ്യൂണിസ്റ്റ് ഭരണത്തിലായിരുന്നു. അല്‍ബേനിയ, ബള്‍ഗേറിയ, കമ്പോഡിയ, ചൈന, ക്യൂബ, ചെക്കോസ്ലാവാക്യ, കിഴക്കന്‍ ജര്‍മനി, ഹംഗറി, വടക്കന്‍ കൊറിയ, ലാവോസ്, മംഗോളിയ, പോളണ്ട്, റുമാനിയ, സോവിയറ്റ് യൂണിയന്‍, യുഗോസ്ലാവിയ. വിയറ്റ്നാം. രണ്ടാം ലോകയുദ്ധത്തിനു ശേഷം നടന്ന തെഞ്ഞെടുപ്പില്‍ ഫ്രാന്‍സില്‍ 26-ഉം ഫിന്‍ലാന്‍ഡില്‍ 23.5-ഉം ഇറ്റലിയില്‍ 19 ശതമാനവും വോട്ട് കിട്ടി. ഇപ്പോള്‍ എത്ര അവശേഷിക്കുന്നു? അതും ഏത് രൂപത്തില്‍?
റഷ്യയില്‍ പുട്ടിനെതിരെ മത്സരിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 4.83 ശതമാനം വോട്ട്. വ്യാചസ്ലാവ് മെളൊട്ടോവ് സോവിയറ്റ് യൂണിയനെ താരതമ്യപ്പെടുത്തിയത് ഉടഞ്ഞ ഗ്ലാസിനോടാണ്. പൊട്ടിയ ഗ്ലാസ് ഒട്ടിച്ച് ചേര്‍ക്കാന്‍ ആവില്ല. നിസ്സാരക്കാരനല്ല വ്യാചസ്ലാവ്. സ്റ്റാലിന്റെ പൊളിറ്റ് ബ്യൂറോവില്‍ അംഗവും അവിഭക്ത സോവിയറ്റ് യൂണിയനിലെ വിദേശമന്ത്രിയുമായിരുന്ന മൊളൊട്ടോവിന്റെ പേരക്കുട്ടിയാണ് വ്യാചസ്ലാവ്. വ്യാചസ്ലാവ് റഷ്യന്‍ പാര്‍ലമെന്റില്‍ പുട്ടിന്റെ പ്രതിനിധിയായിരുന്നു. പുട്ടിന്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ കുറിച്ച് പറഞ്ഞത് മറ്റൊരു രീതിയിലാണ്. ''ഹൃദയമുള്ളവരെ സോവിയറ്റ് യൂണിയന്റെ തകര്‍ച്ച വേദനിപ്പിക്കും. പക്ഷേ, തലച്ചോറുള്ളവര്‍ അത് തിരിച്ചുവരും എന്ന് കരുതില്ല.''
തോല്‍വിയില്‍ നിന്നുള്ള പാഠങ്ങള്‍
34 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച ബംഗാളില്‍ ഇപ്പോള്‍ 294 അംഗ നിയമസഭയില്‍ സി.പി.എമ്മിന് ഒരംഗം പോലുമില്ല. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 42 മണ്ഡലങ്ങളില്‍ ഒരു സ്ഥലത്തുപോലും രണ്ടാമത് എത്തിയില്ല. 41 സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച പണം പോയി. തോല്‍വിയില്‍ പാഠം ഉള്‍ക്കൊണ്ട് വേണ്ട തിരുത്തലുകള്‍ നടത്തുമെന്ന് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ പ്രഖ്യാപിച്ചു. തിരുത്തലുകള്‍ എന്തായിരുന്നു എന്നറിയില്ല. 2021-ല്‍ നിയമസഭയിലെ സാന്നിധ്യം പൂജ്യവും വോട്ട് 4.8 ശതമാനവുമായി. പതിനഞ്ചു വര്‍ഷം മുന്‍പ് ബംഗാളില്‍ സി.പി.എമ്മിന് 48.8 ശതമാനം വോട്ടുണ്ടായിരുന്നു. ദേശീയാടിസ്ഥാനത്തില്‍ ആറ് പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ പ്രാതിനിധ്യമായിരുന്നു ഇടതുപാര്‍ട്ടികള്‍ക്ക് 17-ാം ലോക്‌സഭയില്‍. 543-ല്‍ അഞ്ച്. സി.പി.എം മൂന്ന്, സി.പി.ഐ രണ്ട്. 2024-ല്‍ സി.പി.എം നാലും സി.പി.ഐ രണ്ടും. ഇത്തവണ ബംഗാളില്‍ മത്സരിച്ച 23 സീറ്റില്‍ ഒന്നില്‍ മാത്രം രണ്ടാമത്. ബാക്കിയുള്ളതില്‍ വിദൂര മൂന്നാംസ്ഥാനം. കിട്ടിയത് 6 ശതമാനം വോട്ട്. തിരുത്തുന്നുണ്ടാകാം.
1996-ല്‍ പ്രധാനമന്ത്രി പദത്തോടടുത്തതാണ് സി.പി.എം. ജ്യോതിബസുവിന്റെ 'ചരിത്രപരമായ വിഡ്ഢിത്തം' എന്ന ചരമക്കുറിപ്പോടെ ആ സാധ്യത അടയുകയും ചെയ്തു. അപ്പോള്‍ ചരിത്രത്തില്‍ മരിച്ചുകിടക്കുകയായിരുന്നു സോവിയറ്റ് യൂണിയനും കിഴക്കന്‍ യൂറോപ്യന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളും.
ഇതിന്റെ ഉത്തരവാദിത്വം ഒറ്റ ഗോര്‍ബച്ചോവിന്റെ തലയില്‍ കെട്ടിവെച്ചു. വിസര്‍ജ്യം പോലെ വൃത്തികെട്ട ഒരു വാക്കായി ഗോര്‍ബച്ചോവും. വ്യക്തികളാണ് ചരിത്രം സൃഷ്ടിക്കുന്നത് എന്നതിന്റെ തലകുത്തിനിര്‍ത്തിയ ആവര്‍ത്തനമാണ് ഇത്. ഒരു ഗോര്‍ബച്ചോവിന് അടയ്ക്കാനും തുറക്കാനും കഴിയുന്ന തട്ടുകടയാണോ മാര്‍ക്‌സിസം? ലെനിനിസ്റ്റ് സംഘടനാരീതി? കമ്യൂണിസ്റ്റ് പഠനരീതിയായ അടിത്തറ-മേല്‍പുര ബന്ധത്തിന്റെ അലകും പിടിയും അഴിച്ചുമാറ്റലാണ് ഇത്.
ക്യാപ്പിറ്റലിസത്തേയും സോഷ്യലിസത്തേയും താരതമ്യപ്പെടുത്തി വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെ അടിസ്ഥാനത്തില്‍ ക്ലാസ്സെടുക്കുകയായിരുന്നു സോവിയറ്റ് യൂണിയനില്‍ അദ്ധ്യാപകന്‍.
അദ്ധ്യാപകന്‍ പറഞ്ഞു: ''ക്യാപ്പിറ്റലിസം എന്നു പറഞ്ഞാല്‍ മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന വ്യവസ്ഥ. അത് നേരെ തിരിച്ചിടുന്നതാണ് സോഷ്യലിസം.'' കുട്ടികള്‍ അന്തിച്ചിരുന്നു പോയി. ആഭ്യന്തരവൈരുദ്ധ്യംകൊണ്ട് കാപ്പിറ്റലിസം ഇല്ലാതാകുമെന്ന് പ്രവചിച്ച കമ്യൂണിസം ഇരുപതാം നൂറ്റാണ്ട് കടന്നില്ല. ക്യാപ്പിറ്റലിസം നിലനില്‍ക്കുന്നു. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാര്‍ ചൈനയിലാണ്. ചൈന 814. യു.എസ്.എ 800. സോവിയറ്റ് യൂണിയനിലെ പാര്‍ട്ടി പരിപാടി 1961-ല്‍ രേഖപ്പെടുത്തിയത് സോഷ്യലിസം പൂര്‍ത്തീകരിച്ചെന്നും ഇനി കമ്യൂണിസത്തിലേക്ക് പ്രയാണം ആരംഭിക്കാമെന്നുമാണ്. 'ഭാവിയില്ലാത്തവര്‍ക്കുള്ള ഭാവി' എന്ന് ചരിത്രകാരന്‍ എറിക് ഹോബ്‌സ്ബാം പ്രശംസിച്ച കമ്യൂണിസത്തിന് മനുഷ്യായുസ്സിന്റെ ദൈര്‍ഘ്യമുണ്ടായില്ല.
കനല്‍ ഒരുതരി മതി എന്ന് ആവേശം കൊള്ളാം. കനല്‍ അഗ്‌നിയായി പടരണമെങ്കില്‍ ശുദ്ധവായു വേണം. ലക്ഷോപലക്ഷം മനുഷ്യര്‍ നല്‍കിയ വായുവാണ് കനലിനെ അഗ്‌നിയാക്കിയത്. അഗ്‌നി വീണ്ടും കനലായി മാറിയെങ്കില്‍ മനുഷ്യര്‍ ബലിമുഖത്ത് സമര്‍പ്പിച്ച രക്തവും മാംസവും അവര്‍ പിന്‍വലിച്ചിട്ടുണ്ടാകും. ശുദ്ധവായു അകത്തേക്കെടുത്ത് അഗ്‌നി പുറത്തേക്ക് വിട്ടത് മലിനവായുവായിരുന്നു. വായു സഞ്ചാരമുള്ള മുറിക്കകത്തെ കനല്‍ അഗ്‌നിയാകും.
മാര്‍ക്‌സിന്റെ 'ദസ് കാപ്പിറ്റല്‍' വായിച്ച ചുരുക്കം ചിലരിലൊരാളാണ് ബര്‍ണാഡ് ഷാ. അത് വാഗ്ദാനം ചെയ്ത സാമ്പത്തീക സമത്വത്തില്‍ ആവേശഭരിതനായിരുന്നു ഷാ. പക്ഷേ, അദ്ദേഹം ഒരു മുന്നറിയിപ്പ് നല്‍കി. 'ഇത് ഒരു രാഷ്ട്രീയ മത'മായി മാറാനുള്ള സാധ്യതയുണ്ട്. ദൈവത്തിന്റെ ഇംഗിതം മനസ്സിലാക്കിയ ഒരു പ്രവാചകന്റെ വെളിപാട്പുസ്തകമായി മാര്‍ക്‌സിസം മാറിയേക്കാം. എങ്കിലും മാര്‍ക്‌സിസത്തെ അവഹേളിക്കുന്നവര്‍ക്ക് വോട്ടു ചെയ്യരുത്. അതുപോലെ ''മാര്‍ക്‌സിസ്റ്റ് മതഭ്രാന്തര്‍ക്കും വോട്ടു ചെയ്യരുത്'' - പ്രവചനതുല്യമായ വാക്കുകളായിരുന്നു ഇത്.
''ഭൂരിപക്ഷം പേരും ഈ ലോകത്തിന് ഒരു സ്രഷ്ടാവ് ഉണ്ടെന്ന് കരുതുന്നു''- സാം ഹാരിസ് അദ്ദേഹത്തിന്റെ 'എന്‍ഡ് ഓഫ് ഫെയ്ത്' എന്ന പുസ്തകത്തില്‍ പറയുന്നു. ആ സ്രഷ്ടാവ് ഒരു പുസ്തകമെഴുതി. അത്തരം നിരവധി പുസ്തകങ്ങള്‍ നമ്മുടെ കയ്യിലുണ്ടെന്നതാണ് നിര്‍ഭാഗ്യം. എല്ലാ പുസ്തകവും പറയും അതാണ് കുറ്റമറ്റതെന്ന്. അതാണ് ശാശ്വത സത്യമെന്ന്. ഒരേ വേദപ്രമാണം സ്വീകരിക്കുന്നവര്‍ അതിന്റെ പിന്നില്‍ സംഘടിക്കുന്നു. ആ വിശ്വാസമാണ് ഒരാള്‍ക്കെല്ലാം. സമൂഹത്തെ കാണുന്നത് അതിലൂടെയാണ്. പെരുമാറ്റം രൂപപ്പെടുത്തുന്നത് അതാണ്. സൗഹൃദങ്ങള്‍, ബന്ധങ്ങള്‍ എല്ലാം അതില്‍ അധിഷ്ഠിതമാണ്. മറ്റു മനുഷ്യരോടുള്ള വൈകാരിക പ്രതികരണം പോലും ഇതിന്റെ അടിസ്ഥാനത്തിലാണ്. ആഗ്രഹങ്ങള്‍, പ്രതീക്ഷ, പേടി എല്ലാം നിര്‍ണയിക്കുന്നത് ഇതാണ് - സാം ഹാരിസ് ഓര്‍മ്മിപ്പിക്കുന്നു. പ്രത്യയശാസ്ത്രം വേദപ്രമാണമായാലും ഇതുതന്നെ സംഭവിക്കും. ''ഒരു വിശ്വാസം, അത് എത്ര അബദ്ധമാണെങ്കിലും അതുപോലെ ചിന്തിക്കുന്ന ഒരുകൂട്ടമുണ്ടെങ്കില്‍ ഒരാള്‍ക്ക് നിലനില്‍ക്കാനാകും'' എന്ന് ഡാനിയേല്‍ കാഹ്‌നിമാന്‍ കണ്ടെത്തി. മനുഷ്യന്‍ തീരുമാനമെടുക്കുന്ന രീതിയില്‍ ഗവേഷണം നടത്തിയ കാഹ്‌നിമാന്‍ നൊബേല്‍ സമ്മാന ജേതാവാണ്.
മാര്‍ക്‌സിസം ഒരു വിശ്വാസമായി പിന്നെ മതമായി മാറി. 'അടിയുറച്ച മാര്‍ക്‌സിസ്റ്റ്' അതീവയോഗ്യമായ വിശേഷണമായി. അതോടെ അന്വേഷണങ്ങള്‍ക്ക് പൂര്‍ണവിരാമമായി. അടിയുറച്ചതില്‍ നിന്നാണ് എല്ലാ അന്ധവിശ്വാസങ്ങളും തുടങ്ങുന്നത്. വര്‍ഗീയവാദികള്‍ ഉണ്ടാകുന്നതും അങ്ങനെത്തന്നെ. അവര്‍ കൊല്ലുന്നത് അവര്‍ക്കു വേണ്ടിയല്ല, ദൈവത്തിനു വേണ്ടിയാണ്. നരബലിയുടെ യജ്ഞകുണ്ഡങ്ങളില്‍ മുഴങ്ങുന്ന മന്ത്രധ്വനികളും അടിയുറച്ച വിശ്വാസത്തിന്റേതാണ്.
ഈ അടിയുറച്ച വിശ്വാസത്തില്‍നിന്ന് കമ്യൂണിസ്റ്റ് രാജ്യങ്ങളിലും 'ആള്‍ദൈവങ്ങള്‍' ഉണ്ടായിക്കൊണ്ടേയിരുന്നു. അവരെല്ലാം നേതാക്കളായിരുന്നു. വ്യക്തിപൂജ അതിന്റെ സാധാരണ സ്വഭാവമായി. വ്യക്തിപൂജയെ പരസ്യമായി നിഷേധിക്കുമ്പോഴും അണിയറയില്‍ വിഗ്രഹനിര്‍മ്മാണം തകൃതിയായി നടന്നു. പൂജയ്ക്കുള്ള പുതുപുത്തന്‍ സാമഗ്രികളുമായി മേല്‍ശാന്തിമാരും കീഴ്ശാന്തിമാരും തറ്റുടുത്തു നിന്നു. പുതിയ വിശേഷണംകൊണ്ട് കൊഴുപ്പിച്ചെടുത്ത പാലും നെയ്യും സമര്‍പ്പിച്ചു. വ്യക്തികള്‍ക്ക് അമിതമായ ഊന്നല്‍ നല്‍കാത്ത പ്രത്യയശാസ്ത്രത്തിനകത്തുനിന്ന് എങ്ങനെ തിരുപിറവികള്‍ ഉണ്ടായി? കമ്യൂണിസത്തിന്റെ കുഴപ്പമാണോ സംഘടനാശൈലിയുടെ കുഴപ്പമാണോ? വ്യക്തിയുടെ കുഴപ്പമാണോ?
വ്യക്തിയുടെ കുഴപ്പമാണെങ്കില്‍ വ്യക്തി എന്തുകൊണ്ട് നിയന്ത്രിക്കപ്പെട്ടില്ല? വ്യക്തി മരിച്ച്, ഇനി ഒരിക്കലും തിരിച്ചുവരില്ല എന്ന് ഉറപ്പാക്കിയിട്ടാണല്ലൊ വിമര്‍ശനങ്ങള്‍ ഉണ്ടായത്. സ്റ്റാലിന്‍ മരിച്ച ശേഷമാണ് ക്രൂഷ്‌ചേവ് പറഞ്ഞുതുടങ്ങിയത്. മാവോ മരിച്ച് രണ്ടരവര്‍ഷം കഴിഞ്ഞാണ് ദെങ് ദുര്‍ബലമായി പറഞ്ഞത്; ''മാവോയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അദ്ദേഹം ചെയ്ത നല്ല കാര്യങ്ങളാണ് ആദ്യം വരുന്നത് കുറ്റങ്ങള്‍ രണ്ടാമതെ വരുന്നുള്ളു.'' രണ്ടാമതായി മാവോ കുറ്റം ചെയ്‌തെന്ന് ദെങ് പരോക്ഷമായി സൂചിപ്പിക്കുന്നു. ''ഏകാധിപത്യത്തിലെ രാഷ്ട്രീയം തുടങ്ങുന്നത് ഏകാധിപതിയുടെ വ്യക്തിത്വത്തിലൂന്നിയാണ്''- ഇത് എഴുതിയത് മാവോ സേ തുംഗിനെ ചികിത്സിച്ച ഡോക്ടറാണ്.
ഏകാധിപതികള്‍ അധികാരത്തില്‍ തുടരാന്‍ രണ്ട് മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നു. ഒന്ന് വ്യക്തിപൂജ, മറ്റൊന്ന് ഭീകരത. ലെനിന്‍ ദൈവമായി, സ്റ്റാലിന്‍ ദൈവമായി. മാവോ ദൈവമായി, കിം ഇല്‍ സുങ് ദൈവമായി. ചെസസ്‌ക്യു ദൈവമായി. ''മാനവരാശിയുടെ പുതുയുഗത്തിന് പ്രകൃതി സൃഷ്ടിച്ച മാസ്റ്റര്‍പീസാണ് ലെനിന്‍''- ട്രോട്‌സിക്കിക്ക്. ''ഭാവിയെക്കുറിച്ച് കൃത്യമായ പ്രവചനം നടത്തുന്ന പ്രവാചകനായിരുന്നു ലെനിന്‍''- പ്രവ്ദയുടെ എഡിറ്റര്‍ ബുഖാരിന് .
സ്റ്റാലിന്‍ വിഗ്രഹനിര്‍മ്മാണം മറ്റുള്ളവരെ ഏല്പിക്കുക മാത്രമല്ല, സ്വന്തം നിലയിലും മുന്‍കയ്യെടുത്തു. യൂജിന്‍ ലിയോണ്‍സ് എന്ന പത്രപ്രവര്‍ത്തകനെ സ്റ്റാലിന്‍ ക്ഷണിച്ചു. സോവിയറ്റ് വാര്‍ത്താ ഏജന്‍സിയായ ടാസിന്റെ ന്യൂയോര്‍ക്ക് റിപ്പോര്‍ട്ടറായിരുന്നു ലിയോണ്‍സ്.
ലിയോണ്‍സ് എത്തി. വാതിലിനരികില്‍ സ്റ്റാലിന്‍ കാത്തുനിന്നു. ചിരിച്ചു. ചിരിയിലെ നാണം ലിയോണ്‍സിനെ നിരായുധനാക്കി. കാരുണ്യം നിറഞ്ഞ നോട്ടം. എവിടെയും ലാളിത്യം. വസ്ത്രധാരണത്തില്‍, മുറിയില്‍ എല്ലാം. ലിയോണ്‍സ് ഒരു ചോദ്യത്തിന് വേണ്ടി ബുദ്ധിമുട്ടി.
ഒടുവില്‍ ചോദിച്ചു:
''നിങ്ങള്‍ ഏകാധിപതിയാണോ?''
''അല്ല.'' ശാന്തമായ മറുപടി. ''പാര്‍ട്ടിയില്‍ എല്ലാം കൂട്ടമായ ആലോചനയിലൂടെ തീരുമാനിക്കും. അവിടെ ആരും ആജ്ഞാപിക്കില്ല.''
തിരിച്ചുപോരുമ്പോള്‍ ലിയോണ്‍സ് പറഞ്ഞു:
''എനിക്ക് നിങ്ങളെ ഇഷ്ടമായി.''
സ്റ്റാലിന്‍ ചിരിച്ചു.
ഈ വാര്‍ത്ത ലോകത്തെ വിവിധ പത്രങ്ങളില്‍ അച്ചടിച്ചുവന്നു. ഈ വാര്‍ത്ത അവസാനമായി എഡിറ്റ് ചെയ്തത് സ്റ്റാലിന്‍ തന്നെയായിരുന്നു!
സ്തുതിപാഠകരുടെ ചരിത്രം
അനുചരന്മാര്‍ സ്റ്റാലിന് സ്തുതി പാടി. ചിലര്‍ സ്വയം സ്റ്റാലിനായി മാറി. സ്റ്റാലിന്‍ഗ്രാഡ് എന്ന പേരുണ്ടായി. സ്റ്റാലിന്‍സ്‌ക് നഗരത്തിലെ സ്റ്റാലിന്‍ സ്‌ക്വയറിലെ സ്റ്റാലിന്‍ ഫാക്ടറിയിലെ സ്റ്റാലിന്‍ ഹൗസ് ഓഫ് കള്‍ച്ചറില്‍ ഇരുന്ന് തൊഴിലാളികള്‍ സ്റ്റാലിനു കത്തെഴുതി: ''അങ്ങ് വിപ്ലവത്തെ സാക്ഷാല്‍കരിച്ചു.''
സ്റ്റാലിന്‍ഗ്രാഡും സ്റ്റാലിന്‍സ്‌ക്കും മാത്രമല്ല, സ്റ്റാലിനബാദുണ്ടായി, സ്റ്റാലിനോ ഉണ്ടായി, സ്റ്റാലിനഗോര്‍സ്‌ക്ക് ഉണ്ടായി. നഗരങ്ങള്‍ക്കു മാത്രമല്ല, പാര്‍ക്കുകള്‍ക്ക്, ഫാക്ടറികള്‍ക്ക്, റെയില്‍വേക്ക്, കനാലിനു വരെ സ്റ്റാലിന്റെ പേരിട്ടു. ദ സ്റ്റാലിന്‍ കനാല്‍.
പാരിസില്‍ വേള്‍ഡ് കോണ്‍ഗ്രസ് ഓഫ് റൈറ്റേഴ്‌സ്. 1935-ലാണ് സംഭവം. യുവ എഴുത്തുകാരന്‍ അലക്‌സാണ്ടര്‍ അവ്ദീന്‍കോയുടെ പ്രസംഗം. പ്രസംഗം അവസാനിച്ചപ്പോള്‍ അവ്ദീന്‍കോ സോവിയറ്റ് യൂണിയന് നന്ദി പറഞ്ഞു. സ്റ്റാലിന്റെ പേഴ്‌സണല്‍ സെക്രട്ടറി അവ്ദീന്‍കോയെ സമീപിച്ചു. നിങ്ങള്‍ സ്റ്റാലിന് നന്ദി പറയേണ്ടതായിരുന്നു എന്ന് സൂചിപ്പിച്ചു. ഏതാനും മാസം കഴിഞ്ഞപ്പോള്‍ അവ്ദീന്‍കോയുടെ പ്രസംഗം സോവിയറ്റ് യൂണിയനില്‍ പ്രക്ഷേപണം ചെയ്തു. ഓരോ വാചകം കഴിയുമ്പോഴും സ്റ്റാലിന് നന്ദി പറയുന്നു. പിന്നെ മൂന്ന് തവണ അവ്ദീന്‍കോയ്ക്ക് സ്റ്റാലിന്‍ പ്രൈസ് കിട്ടി!
ഔദ്യോഗിക പത്രങ്ങള്‍, പ്രാസംഗികര്‍, കവികള്‍ എല്ലാം സ്റ്റാലിനെ സ്തുതിച്ചു. അവന്റെ നാമം ഉച്ചത്തില്‍ വാഴ്ത്തി. ''താരതമ്യമില്ലാത്ത പ്രതിഭാശാലി, മഹാനും പ്രിയങ്കരനുമായ സ്റ്റാലിന്‍, ലോക തൊഴിലാളിവര്‍ഗത്തിന്റെ നേതാവും പ്രചോദകനും, ലോകവിപ്ലവത്തിന്റെ സൈദ്ധാന്തികന്‍'' എന്നിങ്ങനെയായിരുന്നു പാദപൂജ.
1930-ല്‍ സ്റ്റാലിന്‍ നല്‍കിയ വിരുന്നില്‍ ലാസര്‍ കഗനോവിച്ച് ഒരു നിര്‍ദ്ദേശം വെച്ചു: ''ലെനിനിസം നീണാള്‍ വാഴട്ടെ'' എന്നതിനു പകരം സ്റ്റാലിനിസം നീണാള്‍ വാഴട്ടെ എന്നാക്കാം. സ്റ്റാലിന്‍ വിനയപൂര്‍വം തിരസ്‌കരിച്ചു. പക്ഷേ, 1936 ഡിസംബര്‍ 5-ന് അംഗീകരിച്ച സോവിയറ്റ് ഭരണഘടനയില്‍ ഇങ്ങനെ എഴുതി: ''നമ്മുടെ ഭരണഘടന മാര്‍ക്‌സിസം - ലെനിനിസം - സ്റ്റാലിനിസമാണ്.''
ചൈനയില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പത്രമായിരുന്നു 'ലിബറേഷന്‍ ഡെയ്‌ലി'. 'മാവോ ചൈനീസ് ജനതയുടെ രക്ഷകനാണ്'- പത്രം പ്രഖ്യാപിച്ചു. മാസ്റ്റ് ഹെഡില്‍ മാവോയുടെ പടവുമായാണ് എന്നും പത്രം പുറത്തിറങ്ങിയത്. ചൈനയില്‍ എങ്ങും മാവോ നിറഞ്ഞു. മാര്‍ക്‌സ്, ലെനിന്‍, സ്റ്റാലിന്‍ എന്നിവര്‍ക്കൊപ്പം മാവോയുടെ ചിത്രവും പ്രത്യക്ഷപ്പെട്ടു. ഓഡിറ്റോറിയങ്ങളില്‍ മാവോയുടെ പ്രതിമകള്‍ നിരന്നു. ജനങ്ങള്‍ക്ക് പാടിസ്തുതിക്കാന്‍ ഒരു പാട്ടുമുണ്ടായി.
''കിഴക്ക് ചുവന്നു
സൂര്യനുദിക്കുന്നു
ചൈന ഒരു മാവോ സെ തൂങ്ങിനെ കൊണ്ടുവന്നു
ജനങ്ങളുടെ സന്തോഷമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം''
1954-ല്‍ ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസ് ചേര്‍ന്നപ്പോള്‍ ആമുഖപ്രസംഗം ലിയു ഷാവോക്കിയുടേതായിരുന്നു. പ്രസംഗത്തിനിടയില്‍ നൂറുവട്ടം മാവോ എന്ന് ഉച്ചരിച്ചു. വെറുതെ മാവോ എന്ന് പറയുക മാത്രമായിരുന്നില്ല ലിയു ഷാവോക്കി, ചൈനീസ് ചരിത്രത്തിലെ ഏറ്റവും വലിയ തത്ത്വജ്ഞാനിയും ശാസ്ത്രജ്ഞനുമാക്കി മാവോയെ. അന്ന് പാര്‍ട്ടി ഭരണഘടനയില്‍ 'മാവോ ചിന്ത' ഔദ്യോഗികമായി ഉള്‍പ്പെടുത്തി. ഈ ലിയു ഷാവോക്കിയെ പിന്നീട് 'ബൂര്‍ഷ്വാസിയുടെ കമാന്റര്‍' എന്ന കുറ്റം ചുമത്തി സാംസ്‌കാരിക വിപ്ലവത്തിന്റെ കാലത്ത് ജയിലിലടച്ചു. ജയിലില്‍ കിടന്ന് മരിച്ചു.
വാക്കുകള്‍കൊണ്ട് വഞ്ചിപ്പാട്ടിന്റെ താളമൊരുക്കി മാവോ. 'ആകാശത്തിന്റെ പകുതി സ്ത്രീകളുടേതാണ്', 'വിപ്ലവം അത്താഴസദ്യയല്ല', 'അധികാരം തോക്കിന്‍ കുഴലിലൂടെ', 'സാമ്രാജ്യത്വം കടലാസു പുലിയാണ്' എന്നീ വാക്യങ്ങള്‍ ചൈനയില്‍ മാത്രമല്ല, ഇന്ത്യയിലും പാടിനടന്നു ഭക്തജനസംഘം.
വടക്കന്‍ കൊറിയയില്‍ കിം ഇല്‍ സുങ്ങ് എല്ലാ ദൈവങ്ങള്‍ക്കും എല്ലാ മഹത്തുക്കള്‍ക്കും മീതെയായിരുന്നു. ക്രിസ്തുവിനേക്കാള്‍ സ്‌നേഹമുള്ളവന്‍, മുഹമ്മദിനേക്കാള്‍ നീതിയുള്ളവന്‍, ബുദ്ധനേക്കാള്‍ കാരുണ്യമുള്ളവന്‍, കണ്‍ഫ്യൂഷ്യസിനേക്കാള്‍ നന്മയുള്ളവന്‍ എന്നിങ്ങനെ പോയി വാഴ്ത്തുപാട്ട്. കിം ഇല്‍ സുങ്ങ് സര്‍വവ്യാപിയായി. എല്ലാ പ്രസിദ്ധീകരണങ്ങളും കിമ്മിനെക്കൊണ്ട് നിറഞ്ഞു. എല്ലാ പുസ്തകങ്ങളും കിമ്മിനെ ഉദ്ധരിച്ചു. സിവില്‍ എന്‍ജിനീയറിങ് മുതല്‍ മോളിക്യുലാര്‍ ബയോളജി വരെ എല്ലാ ഗ്രന്ഥങ്ങളിലും കിമ്മിന്റെ വിദഗ്ദ്ധാഭിപ്രായങ്ങള്‍ നിറഞ്ഞു.
റുമാനിയയില്‍ ചെസസ്‌ക്യുവിന്റെ പിന്നില്‍ അനുചരന്മാര്‍ നിരക്കും. 'സമകാലിക മാര്‍ക്‌സിസ്റ്റ് ചിന്തയുടെ ഏറ്റവും പ്രധാന സൈദ്ധാന്തികന്‍' എന്ന് മുഖസ്തുതി പാടി. റുമാനിയയുടെ ആയിരം വര്‍ഷത്തെ ചരിത്രത്തിലെ സുവര്‍ണകാലം എന്ന് ചെസസ്‌ക്യുവിന്റെ ഭരണത്തെ വിശേഷിപ്പിച്ചു. ചെസസ്‌ക്യുവിന് ബഹുമതികളും ബിരുദങ്ങളും ഒഴുകിയെത്തി. ഒരു അക്കാദമിക സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് കൊടുത്തു. മറ്റൊരെണ്ണം പൊളിറ്റിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നല്‍കി. 'ചെസസ്‌ക്യു സിദ്ധാന്തം' എന്ന ഒന്നുണ്ടായി. രാജ്യാന്തര നയതന്ത്രജ്ഞനും മാര്‍ക്‌സിസം -ലെനിനിസത്തിന്റെ സൈദ്ധാന്തികനുമായ ചെസസ്‌ക്യുവിനെ ആദരിക്കാന്‍ തീരുമാനിച്ചു. ആഘോഷം മൂന്നാഴ്ച നീണ്ടു. ചിത്രകമ്പളം കൊണ്ടലങ്കരിച്ച വേദി. അര്‍ധകായ പ്രതിമകള്‍. കവിയരങ്ങ്, ചിത്രപ്രദര്‍ശനം, ഗാനാലാപനം എന്നിവ മാറ്റ് കൂട്ടി. അനുഗ്രഹീതമായ റുമാനിയയുടെ എല്ലാ നന്മയുടേയും പ്രതീകമായി ചെസസ്‌ക്യു. അദ്ദേഹം ക്രിസ്തുവിനു സമാനമായി. ജനങ്ങളുടെ ശരീരത്തിന്റെ ശരീരവും ആത്മാവിന്റെ ആത്മാവുമായി മാറി. അവന്റെ വഴിയില്‍നിന്ന് നട്ടെല്ലിനെ ഒലീവിലക്കൊമ്പാക്കി കരിയറിസ്റ്റുകള്‍ ഓശാന പാടി.
എന്തുകൊണ്ട് ഇവര്‍ ജീവിച്ചിരുന്നപ്പോള്‍ നിയന്ത്രിക്കപ്പെട്ടില്ല, ഒരു രാജ്യത്തും? എന്തുകൊണ്ട് ബ്രാഞ്ചുകളിലും ലോക്കല്‍ കമ്മറ്റികളിലും സജീവ ചര്‍ച്ച നടന്നില്ല, ഒരു രാജ്യത്തും? എന്തുകൊണ്ട് തിരുത്തല്‍ പ്രക്രിയ നടന്നില്ല, ഒരു രാജ്യത്തും? മറ്റൊന്നും കൊണ്ടല്ല, പറഞ്ഞാല്‍ ജീവനോടെ ഉണ്ടാവില്ല, ഒരു രാജ്യത്തും. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചു, എല്ലാ രാജ്യത്തും. ഏകാധിപതികളെക്കുറിച്ച് പഠിച്ച ഡച്ച് ചരിത്രകാരന്‍ ഫ്രാങ്ക് ഡിക്കോട്ടര്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു: ''ഏകാധിപത്യത്തിന് ഒരു എക്‌സ്പയറി ഡേറ്റുണ്ട്.''
സോവിയറ്റ് യൂണിയനിലെ പ്രസിദ്ധമായ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ക്രൂഷ്‌ചേവിന്റെ പ്രസംഗം. അതില്‍ അദ്ദേഹം ഒരു കണക്ക് അവതരിപ്പിച്ചു:
''പതിനേഴാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഉണ്ടായിരുന്ന 139 കേന്ദ്രക്കമ്മിറ്റി മെമ്പര്‍മാരില്‍ 98 പേരെ വെടിവെച്ചുകൊന്നു. അന്ന് പങ്കെടുത്ത 1966 പ്രതിനിധികളില്‍ 1108 പേരെ അറസ്റ്റ് ചെയ്തു. സ്റ്റാലിന്‍ കുറച്ചുനാള്‍കൂടി ജീവിച്ചിരുന്നെങ്കില്‍ മികോയനും മൊളോട്ടോവും ഈ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഉണ്ടാകുമായിരുന്നില്ല.'' ആ പാര്‍ട്ടി കോണ്‍ഗ്രസ്സിനെക്കുറിച്ചും ഒരു കഥയുണ്ട്. ക്രൂഷ്‌ചേവ് സ്റ്റാലിന്റെ ചെയ്തികള്‍ വര്‍ണിക്കുമ്പോള്‍ ഒരു പ്രതിനിധി എഴുന്നേറ്റ് ചോദിച്ചു:
''നിങ്ങള്‍ എന്തുകൊണ്ട് ഇത് അന്ന് പറഞ്ഞില്ല?''
ക്രൂഷ്‌ചേവ് അലറി:
''ഇരിക്കവിടെ.''
അയാള്‍ ഇരുന്നുപോയി.
ക്രൂഷ്‌ചേവ് പറഞ്ഞു:
''എനിക്കും ഇതുതന്നെയാണ് സംഭവിച്ചത്.''
അന്യന്റെ വാക്കുകള്‍ ഒരു സ്ഥലത്തും കവിതയായിരുന്നില്ല, പകരം ഒരു വെടിയൊച്ചയായിരുന്നു. അവിടെയെല്ലാം ജീവിതമുണ്ടായിരുന്നോ?
മോസ്‌കോയില്‍ ബഹിരാകാശസഞ്ചാരി അനുഭവങ്ങള്‍ വിവരിച്ചു:
ഒരാള്‍ ചോദിച്ചു.
''ചന്ദ്രനില്‍ ജീവനുണ്ടോ?''
''ജീവന്റെ ഒരു തെളിവും കിട്ടിയില്ല.''
ചോദിച്ചയാള്‍ നിരാശനായി സ്വയം പറഞ്ഞത്രെ,
''അപ്പോള്‍ അവിടെയും ജീവിതമില്ല അല്ലെ!''
കേന്ദ്രീകൃത ജനാധിപത്യം എന്ന സംഘടനാശൈലി ലെനിനുണ്ടാക്കിയപ്പോള്‍ ട്രോട്‌സ്‌കി സംശയം പ്രകടിപ്പിച്ചു. 1904-ലാണ് ഇത്. പാര്‍ട്ടി എന്നത് കേന്ദ്രക്കമ്മിറ്റിയും കേന്ദ്രക്കമ്മിറ്റി എന്നത് ജനറല്‍ സെക്രട്ടറിയുമായി മാറില്ലേ? ഇതായിരുന്നു ട്രോട്‌സ്‌കിയുടെ ആശങ്ക. ഈ ആശങ്ക ലെനിന്‍ നിരാകരിച്ചു. കേന്ദ്രീകൃത ജനാധിപത്യം, ഉരുക്കുപോലുറച്ച അച്ചടക്കം, ആശയദാര്‍ഢ്യം എന്നിവയെ സംഘടനയുടെ പിതാവും പുത്രനും പരിശുദ്ധാത്മാവുമാക്കി. പക്ഷേ, പാര്‍ട്ടിയുടെ പത്താം കോണ്‍ഗ്രസ്സിലെ ഒരു പ്രമേയം വിഭാഗീയതയ്‌ക്കെതിരെ പാര്‍ട്ടിയുടെ ഐക്യം സംരക്ഷിക്കേണ്ടതിനെക്കുറിച്ചായിരുന്നു.
സെന്‍ട്രലൈസ്ഡ് ഡെമോക്രസി സെന്‍ട്രലൈസ്ഡ് ബ്യൂറോക്രസിയായി മാറി. പാര്‍ട്ടി നേതൃത്വം ജനങ്ങളോട് പറഞ്ഞു: ഇത് ജനങ്ങളുടെ പാര്‍ട്ടി.
പാര്‍ട്ടി എല്ലാ ജനങ്ങളേയും ഉള്‍ക്കൊള്ളുന്നുണ്ടോ?
ഉത്തരം ചുരുങ്ങി.
പാര്‍ട്ടി തൊഴിലാളിവര്‍ഗ്ഗത്തിന്റേതാണ്.
തൊഴിലാളികളുടെ താല്പര്യം തൊഴിലാളികള്‍ തന്നെയാണോ തീരുമാനിക്കുക?
ഉത്തരം വീണ്ടും ചുരുങ്ങി.
പാര്‍ട്ടി തീരുമാനിക്കും.
പാര്‍ട്ടി എന്നു പറഞ്ഞാല്‍ പാര്‍ട്ടി കമ്മിറ്റി. പാര്‍ട്ടി കമ്മിറ്റി എന്നു പറഞ്ഞാല്‍ മേല്‍കമ്മിറ്റികള്‍. മേല്‍കമ്മിറ്റികള്‍ എന്നു പറഞ്ഞാല്‍ കേന്ദ്രക്കമ്മിറ്റി. കേന്ദ്രക്കമ്മിറ്റി എന്നു പറഞ്ഞാല്‍ പൊളിറ്റ് ബ്യൂറോ. പൊളിറ്റ്ബ്യൂറോ എന്ന് പറഞ്ഞാല്‍ ജനറല്‍ സെക്രട്ടറി. ജനറല്‍ സെക്രട്ടറി സംഘടനയെപ്പോലും അവഗണിച്ചു. സോവിയറ്റ് യൂണിയനില്‍ 18-ാം പാര്‍ട്ടി കോണ്‍ഗ്രസ് നടന്നത് 1939-ല്‍. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് നടന്നത് പതിമൂന്ന് വര്‍ഷത്തിനുശേഷം 1952-ല്‍. ഇതിനിടയ്ക്ക് ഒരു രണ്ടാം ലോകയുദ്ധത്തിന്റെ കാലയളവ് മാറ്റിവെക്കാം. സ്റ്റാലിന്റെ അവസാന പന്ത്രണ്ട് വര്‍ഷത്തില്‍ കേന്ദ്രക്കമ്മിറ്റി കൂടിയത് മൂന്നു തവണ.
മരണം എന്ന ശുദ്ധീകരണം
ലെനിന്‍ മുതല്‍ ഗോര്‍ബച്ചോവ് വരെ സോവിയറ്റ് യൂണിയനില്‍ നടന്ന അധികാരക്കൈമാറ്റങ്ങളില്‍ അപ്രതീക്ഷിത മരണം അല്ലെങ്കില്‍ ശുദ്ധീകരണം നടന്നിട്ടുണ്ട്. മാവോ ഇഷ്ടക്കാരെക്കൊണ്ട് നിറച്ചു. ഇഷ്ടമില്ലാത്തവരെ ഒഴിവാക്കുക മാത്രമല്ല, വീട്ടുതടങ്കലിലുമാക്കി. ഇപ്പോഴത്തെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പെങ് ചൈനയുടെ ആജീവനാന്ത പ്രസിഡന്റാണ്. പാര്‍ട്ടികോണ്‍ഗ്രസ് ഏകകണ്ഠമായി ഇത് അംഗീകരിച്ചു. ''പാര്‍ട്ടി ദൈവമാണ്. അത് സര്‍വ്വവ്യാപിയാണ്. പക്ഷേ, നിങ്ങള്‍ക്ക് കാണാനാവില്ല''- റിച്ചാര്‍ഡ് മക്ഗ്രിഗോറിനോട് ബീജിങ്ങിലെ പീപ്പിള്‍സ് യൂണിവേഴ്‌സിറ്റിയിലെ ജീവനക്കാരന്‍ പറഞ്ഞു. 'ദ പാര്‍ട്ടി' എന്ന പുസ്തകം മക്ഗ്രിഗോറിന്റേതാണ്.
കമ്യൂണിസം പ്രതീക്ഷയുടെ ആകാശം നല്‍കി. ശബ്ദമില്ലാത്തവരുടെ ശബ്ദവും പ്രകാശമില്ലാത്തവരുടെ പ്രകാശവുമായി. സമത്വത്തിന്റെ ലോകം സാദ്ധ്യമാണെന്ന വിശ്വാസം പരന്നു. അധികാരത്തിലെത്തിയപ്പോള്‍ കമ്യൂണിസം മറ്റൊരു വഴിയെ സഞ്ചരിച്ചു. സമത്വത്തിന്റെ വ്യാകരണം അധികാരഗര്‍വിന്റെ പ്രത്യയശാസ്ത്രപരമായ ന്യായീകരണമായി. നഷ്ടപ്പെടുവാനില്ലാത്തവര്‍ക്കുവേണ്ടി മാര്‍ക്‌സ് വാഗ്ദാനം ചെയ്ത ലോകം കൂട്ടിക്കൊടുപ്പുകാരും അധികാരദുര്‍മോഹികളും സ്വന്തമാക്കി. സംഘടനാശൈലിയില്‍ ഇവര്‍ക്ക് വിഹരിക്കാന്‍ നല്ല സ്ഥലം കിട്ടി. മാര്‍ക്‌സിസത്തില്‍നിന്ന് മനുഷ്യനെ വെട്ടിമാറ്റി. അത് ഒരു അക്കാദമിക് വിഷയമായി.
ഇതുവരെയുള്ളവര്‍ ലോകത്തെ വ്യാഖ്യാനിക്കുകയായിരുന്നെന്നും ഇനി വേണ്ടത് ലോകത്തെ മാറ്റിമറിക്കലാണെന്നും മാര്‍ക്‌സ് പറഞ്ഞത് മനുഷ്യനെ കേന്ദ്രസ്ഥാനത്ത് നിര്‍ത്താനാണ്. പക്ഷേ, മനുഷ്യനെ അവിടെനിന്ന് മാറ്റുകയും മാര്‍ക്‌സിസത്തെ വ്യാഖ്യാനിച്ച് രസിക്കുകയും ചെയ്തു പണ്ഡിതന്മാര്‍. അവര്‍ ജീവിതത്തിന്റെ സ്ഥാനത്ത് സാങ്കേതിക പദങ്ങളെ സൃഷ്ടിച്ചു. പദാവലികള്‍കൊണ്ട് വിപ്ലവം നയിച്ചു. ആല്‍ത്തറയിലെ അക്ഷരശ്ലോകസദസ്സായി മാര്‍ക്‌സിസം. അവസാന വരിയിലെ രണ്ടാമത്തെ അക്ഷരത്തില്‍നിന്ന് ഉച്ചരിക്കേണ്ട കാണാപ്പാഠം പഠിച്ച വാചകക്കസര്‍ത്തായി അത്. പണ്ഡിതന്മാര്‍ നിറയുകയും പാവപ്പെട്ടവര്‍ ഒഴിയുകയും ചെയ്തു. മനുഷ്യന്‍ ലാബിലെ ഗിനിപ്പന്നിയായി. അവരുടെ രക്തവും മൂത്രവും പരിശോധിക്കുന്ന ലാബ് ടെക്‌നീഷ്യന്മാരായി പണ്ഡിതന്മാര്‍ കുറിപ്പുകളെഴുതി. അവര്‍ രോഗങ്ങള്‍ നിര്‍ണയിച്ചു. രോഗങ്ങള്‍ക്ക് പേരിട്ടു-വലതുപക്ഷ വ്യതിയാനം, ഇടതുതീവ്രവാദം, പ്രതിലോമം, വിപ്ലവവിരുദ്ധ മനോഭാവം, ബൂര്‍ഷ്വാ ആസക്തി, പാര്‍ലമെന്ററി വ്യാമോഹം. പക്ഷേ, രോഗികള്‍ മരിച്ചുകൊണ്ടേയിരുന്നു. ഫാക്ടറി ഉല്പന്നം പോലെ കമ്യൂണിസ്റ്റുകാരെ ഉണ്ടാക്കാനാവില്ലെന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ബുഖാരിന്‍ പറഞ്ഞു.
ബൂര്‍ഷ്വാ ഭരണത്തിന്റെ എല്ലാ നീതികേടുകളും അവസാനിപ്പിക്കാനാണ് കമ്യൂണിസ്റ്റുകാര്‍ വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്തത്. ചോരയും കണ്ണീരും ചിതറിവീണ മണ്ണിലൂടെ വിപ്ലവകാരികളുടെ വിജയവൈജയന്തി. അഴിമതിയും ആഡംബരങ്ങളും ഇല്ലാത്ത ബദല്‍ ഭരണരീതി യാഥാര്‍ത്ഥ്യമായി എന്നു കരുതി. ബൂര്‍ഷ്വാസംസ്‌കാരത്തിന്റെ എല്ലാ ജീര്‍ണതകളും അവസാനിക്കുന്നു. സംഭവിച്ചത് മറ്റൊന്നാണ്. വാക്കും പ്രവൃത്തിയും തമ്മില്‍ ബന്ധമില്ലായിരുന്നു. വാക്കുകളെ രണ്ട് രീതിയില്‍ പൊള്ളയാക്കാമെന്ന് വാക്ലവ് ഹാവെല്‍. ചെക്കോസ്ലാവാക്യയുടെ അവസാന പ്രസിഡന്റും ചെക്ക് റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡന്റുമാണ് ഹാവെല്‍. കവിയാണ്, നാടകകൃത്താണ്. ഒന്ന്- വാക്കുകള്‍ക്ക് കൃത്രിമ ഗൗരവം കൊടുക്കുക. അതോടെ അത് ഉച്ചരിക്കാന്‍ ഭയക്കും. രണ്ട്- വാക്കുകളെ ജീവിതം കൊണ്ട് സാധൂകരിക്കാതിരിക്കുക. രണ്ടുരീതിയിലും വാക്കുകള്‍ ഉപയോഗശൂന്യമാകും.
സ്റ്റാലിന്റെ മൃതദേഹം കാണാന്‍ പോയി അനസ്താസ് മിക്കോയന്റെ മകന്‍ സ്‌റ്റെപാന്‍. സ്റ്റാലിനെ അധികാരത്തില്‍ കൊണ്ടുവരാന്‍ അണിയറ നീക്കത്തില്‍ സജീവമായിരുന്നു മികോയന്‍. പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്നു.
തിരക്കിനിടയില്‍ ഒരുപാടു നേരം ക്യൂ നിന്നാണ് അന്തിമോപചാരം അര്‍പ്പിച്ചതെന്ന് സ്‌റ്റെപാന്‍ പിതാവിനോട് പറഞ്ഞു.
''അത്രയും സമയം നീ വെറുതെ കളഞ്ഞു'' എന്നായിരുന്നു മികോയന്റെ മറുപടി. സ്വകാര്യതയില്‍ ചില നേതാക്കള്‍ വെറും ഭിന്നസംഖ്യകളാണ്.
സോവിയറ്റ് പതനത്തിന് തുടക്കമിട്ട ആദ്യ പണിമുടക്ക് സൈബീരിയയിലെ ഖനിത്തൊഴിലാളികളുടേതായിരുന്നു. അവര്‍ ആവശ്യപ്പെട്ടത് കൂലിക്കൂടുതലോ ബോണസോ കെന്റകി ചിക്കണോ വി ചാനലോ മക്‌ഡൊണള്‍ഡിന്റെ സ്റ്റാളോ അല്ല. ഒരു കഷണം സോപ്പാണ്. അതുപോലുമില്ലായിരുന്നു അവര്‍ക്ക്. പന്നികളെപ്പോലെയായിരുന്നു അവരുടെ ജീവിതം. സൈബീരിയയിലെ ഖനിത്തൊഴിലാളികള്‍ അഴുക്കിളക്കാന്‍ സോപ്പില്ലാതെ വിഷമിച്ചപ്പോള്‍ കാറ് വാങ്ങിക്കൂട്ടുകയായിരുന്നു ബ്രഷ്‌നേവ്. കാറുകളുടെ ശേഖരം കണ്ട് ഒരിക്കല്‍ അമ്മ ബ്രഷ്‌നേവിനോട് പറഞ്ഞത്രെ.
''ലെവ് (അങ്ങനെയാണ് അമ്മ ബ്രഷ്‌നേവിനെ വിളിച്ചിരുന്നത്) ആ കമ്യൂണിസ്റ്റ്കാരെങ്ങാനും ഭരണത്തില്‍ തിരിച്ചെത്തിയാല്‍ എന്തായിരിക്കും നമ്മുടെ അവസ്ഥ?'' ഇത് ഒരു ഫലിതമല്ല, വ്രണത്തിന്റെ ചിരിയാണ്.
ഉസ്‌ബെക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ചെന്ന ബ്രഷ്‌നേവിന് സമ്മാനിച്ചത് വജ്രം കെട്ടിയ സ്വര്‍ണമോതിരം. കൈകൊണ്ട് നെയ്ത വിശാലമായ പരവതാനി. വൈരക്കല്ലുകള്‍ പതിച്ച ബ്രഷ്‌നേവിന്റെ ചിത്രം. താമസിക്കാന്‍ ഒരുക്കിയ താല്‍കാലിക വസതിക്ക് യു.എസ്.എയിലെ സാംസ്‌കാരിക കേന്ദ്രമായ കെന്നഡി സെന്ററിന്റെ വലിപ്പവും പകിട്ടും പത്രാസും. കൊച്ച് കൊച്ച് അപ്പാര്‍ട്ട്‌മെന്റുകളില്‍ സോവിയറ്റ് മനുഷ്യര്‍ കൂട്ടത്തോടെ അടിഞ്ഞുകൂടുമ്പോഴാണ് ഇത്. പൊളിറ്റ്ബ്യൂറോ അംഗങ്ങളുടെ രാജകീയ താമസത്തെക്കുറിച്ച് യെല്‍സിന്‍ അദ്ദേഹത്തിന്റെ ആത്മകഥയില്‍ എഴുതുന്നുണ്ട്. വെണ്ണക്കല്ലുകള്‍ പാകിയ പടുകൂറ്റന്‍ വസതി, തിളങ്ങുന്ന കമ്പളങ്ങള്‍കൊണ്ട് തറവിതാനം. സിനിമാശാല. ഒരു പട്ടാളത്തെ തീറ്റിപ്പോറ്റാനുള്ള അടുക്കള. ബാത്‌റൂമുകള്‍ എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ലത്രെ!
റുമാനിയയില്‍ ചൗസസ്‌ക്യൂവിന്റെ താമസസ്ഥലം 'ജനങ്ങളുടെ കൊട്ടാരം' എന്ന പേരിലാണ് അറിയപ്പെട്ടത്. 2471 ഏക്കറിലാണ് ഇത്. ലോകാത്ഭുതങ്ങളിലൊന്നായ ഗീസയിലെ പിരമിഡിനേക്കാള്‍ വിസ്താരമുണ്ട് ഇതിന്. ബി.സി. 2700-ല്‍ 27 വര്‍ഷംകൊണ്ട് പണിത പിരമിഡിനെയാണ് ഒരു കമ്യൂണിസ്റ്റ് ഭരണാധികാരി പിന്നിലാക്കിയത്. ബുക്കാറസ്റ്റിലെ ജനവാസ കേന്ദ്രമാണ് 'ജനങ്ങളുടെ കൊട്ടാരമായി' മാറിയത്. നിരവധി വീടുകള്‍ ഇടിച്ചുനിരത്തി. ഇരുപത് പള്ളികളും ആറ് സിനഗോഗുകളും നിരപ്പാക്കി. പുതിയ കൊട്ടാരത്തില്‍ ആയിരത്തിലേറെ മുറികള്‍. സ്വര്‍ണം പതിച്ച ഗോവണികള്‍. 'ജനങ്ങളുടെ കൊട്ടാരം' പൂര്‍ത്തീകരിച്ചു കാണാന്‍ ചെസസ്‌ക്യുവിന് കഴിഞ്ഞില്ല. അതിനുമുന്‍പ് ജനങ്ങള്‍ വെടിവെച്ചുകൊന്നു.
ചൈനയില്‍ മാവോയുടെ കിടപ്പുമുറിക്ക് റഷ്യന്‍ബാലെ വേദിയുടെ വലുപ്പം. കഴിക്കാന്‍ ഇഷ്ടപ്പെട്ട മീന്‍ എല്ലാ ദിവസവും രാവിലെ ദൂരെനിന്ന് വിമാനത്തില്‍ എത്തും.
എല്ലാം ലളിതജീവിതത്തിന്റെ ചെറിയ ചെറിയ ആസക്തികള്‍! എവിടെയായിരുന്നു തിരുത്തലുകള്‍? സ്വയം പരിശോധനകള്‍, പ്ലീനങ്ങള്‍, സംഘടനാ പ്രമേയങ്ങള്‍, സംഘടനാ ചര്‍ച്ചകള്‍? ഞങ്ങള്‍ ഞങ്ങളെ പരിശോധിക്കും നിങ്ങള്‍ നിങ്ങളെ തിരുത്തണം എന്നതായിരുന്നു രീതി.
പിന്നെ അഴിമതി. സോവിയറ്റ് യൂണിയനില്‍ വ്യാപകമായിരുന്നു അഴിമതി. പൊളിറ്റ്ബ്യൂറോ അംഗം മുതല്‍ കുഴിവെട്ടുകാരന്‍ വരെ അഴിമതിപ്പണത്തിന് കൈനീട്ടി. മന്ത്രിപ്പദവി 50000 റൂബിളിന് വിറ്റു. റീജിയണല്‍ പാര്‍ട്ടിസ്ഥാനങ്ങള്‍ ഒന്നരലക്ഷം ഡോളറിന് വരെ വിറ്റുപോയി. ഓര്‍ഡര്‍ ഓഫ് ലെനിന്‍ ബഹുമതിക്ക് രണ്ടു മുതല്‍ ഏഴുലക്ഷം ഡോളര്‍ വരെ വിലയിട്ടു. ബ്രഷ്‌നേവിന്റെ മരുമകനും ആഭ്യന്തരമന്ത്രാലയത്തിലെ ഡെപ്യൂട്ടി ചീഫുമായിരുന്ന യൂറി ഷുര്‍ബനോവ് 10 ലക്ഷം ഡോളര്‍ കൈക്കൂലി വാങ്ങിയ കേസില്‍ പിടിയിലായി. വിചാരണക്കിടയില്‍ ഷുര്‍ബനോവ് കുറ്റം സമ്മതിച്ചു. പക്ഷേ, അദ്ദേഹം ഒരു ചോദ്യം ഉന്നയിച്ചു: ''ഈ പണം തിരിച്ചുതരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ, വിശ്വസിച്ച് ആര്‍ക്ക് ഇത് നല്‍കും? ഷുര്‍ബനോവിനെ 12 വര്‍ഷത്തേക്ക് ശിക്ഷിച്ചു. ബ്രഷ്‌നേവിന്റെ പേഴ്‌സണല്‍ സെക്രട്ടറിയും അഴിമതിക്ക് പിടിയിലായി. ഒന്‍പതു വര്‍ഷത്തെ ശിക്ഷ കിട്ടി.
ചൈനയില്‍ പ്രസിഡന്റായിരുന്ന ഹു ജിന്റാവോയുടെ മകന്‍ ഹു ഹായ് ഫെങ് ഒരു കമ്പനിയുടെ തലവനായിരുന്നു. കമ്പനി അഴിമതിയില്‍ കുരുങ്ങി. ആഫ്രിക്കയിലെ നമീബിയയിലായിരുന്നു കമ്പനി. നമീബിയയില്‍ വാര്‍ത്ത വന്നു. ചൈനയില്‍ വാര്‍ത്ത വിലക്കി.
രസകരമാണ് മാ ദേയുടെ കഥ. ചൈനയിലെ മുദാങ്ജിയാങ് നഗരത്തിലെ വൈസ് മേയറായിരുന്നു മാ ദേ. ചുമതലയേറ്റ ശേഷം മാ ദേ വീട്ടില്‍ വന്നാല്‍ ലൈറ്റിടാറില്ല. കൈക്കൂലിക്കാരെ പേടിച്ച്. ഒരിക്കല്‍ ലൈറ്റിട്ടു. അന്ന് വീടിന്റെ മുന്നില്‍ കൈക്കൂലി തരാനുള്ളവരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. ഒടുവില്‍ മാ ദേ പണം വാങ്ങിത്തുടങ്ങി. ഇല്ലെങ്കില്‍ നിലനില്‍ക്കാനാവില്ല. വാങ്ങിയില്ലെങ്കില്‍ പദവി നഷ്ടപ്പെടും എന്ന് മാ ദേക്ക് തോന്നി. പണം മുറക്ക് വാങ്ങിക്കൊണ്ടേയിരുന്നു. പക്ഷേ, പിടിയിലായി. മാ ദേ കുറ്റം സമ്മതിച്ചു. അതോടെ സ്ഥാനത്തുനിന്ന് നീക്കി.
പത്തു വര്‍ഷം ഒരു ചുമതലയുമില്ലാതെ നടന്ന മാ ദേ പിന്നെ ഞെട്ടിച്ചു. സുയിഹുവാ നഗരത്തിലെ പാര്‍ട്ടി സെക്രട്ടറിയായി മാ ദേയെ നിയമിച്ചു. ആ പ്രദേശത്തെ സംഘടനാ ചുമതലയുള്ള നേതാവിന് ഒരു ലക്ഷം ഡോളര്‍ കൊടുത്താണ് സ്ഥാനം തരപ്പെടുത്തിയത്. നേരെ പണം കൊടുക്കുകയായിരുന്നില്ല. നേതാവ് ആശുപത്രിയില്‍ കിടന്നപ്പോള്‍ സമ്മാനമായാണ് കൊടുത്തത്.
സെക്രട്ടറിയായ മാ ദേ നഗരത്തിലെ ജീവനക്കാരെ മുഴുവന്‍ വിളിച്ചു. അഴിമതിക്കെതിരെയുള്ള ചിത്രം പ്രദര്‍ശിപ്പിച്ചു. മാ ദേയും അവരോടൊപ്പം ചിത്രം കണ്ടു. അതിനുശേഷം അഴിമതിക്കെതിരെ ഒരു പ്രസംഗവും നടത്തി. പിന്നെ പരസ്യമായി ഒരു പ്രതിജ്ഞയുമെടുത്തു. ''ഈ അധികാരം ഞാന്‍ നിക്ഷിപ്ത താല്പര്യങ്ങള്‍ക്കോ പണത്തിനോ വേണ്ടി കൈമാറില്ല.'' മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ മാ ദേയുടെ കുടുംബനിക്ഷേപം രണ്ടു കോടി ഡോളറായി ഉയര്‍ന്നു!
ബംഗാളിലെ തകര്‍ച്ച
34 വര്‍ഷം തുടര്‍ച്ചയായി കമ്യൂണിസ്റ്റ് പാര്‍ട്ടി ബംഗാള്‍ ഭരിച്ചു. 1960-കള്‍ യുവത്വം ലോകവ്യാപകമായി തെരുവിലിറങ്ങിയ കാലമായിരുന്നു. ചെഗുവേരയുടെ മരണം, പാരീസിലെ വിദ്യാര്‍ത്ഥി കലാപം, വിയറ്റ്‌നാം യുദ്ധവിരുദ്ധ മുന്നേറ്റം. ലോകം ഇരമ്പിമറിഞ്ഞപ്പോള്‍ കൊല്‍ക്കത്താ നഗരവും പ്രകമ്പനംകൊണ്ടു. ചുവന്ന ബംഗാളിലേക്ക് ചുവടുകള്‍വെച്ചു. 1977-ല്‍ ഭരണത്തിലേക്ക്, 2011 വരെ. ബംഗാളില്‍ സി.പി.എമ്മിന്റെ തകര്‍ച്ചയുടെ ചിത്രം സൗര്‍ജ്യ ഭൗമിക് വരയ്ക്കുന്നത് എസ്.എഫ്.ഐയിലൂടെയാണ്. പുസ്തകം 'ഗ്യാങ്സ്റ്റര്‍ സ്റ്റേറ്റ്.' എസ്.എഫ്.ഐ ഒരു രോഗലക്ഷണമായിരുന്നു. പ്രസിഡന്‍സി കോളേജില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥിയോട് എസ്.എഫ്.ഐ നേതാക്കള്‍ 20 രൂപ ആവശ്യപ്പെട്ടു. മെമ്പര്‍ഷിപ്പാകാം, പ്രവര്‍ത്തനഫണ്ടാകാം. വിദ്യാര്‍ത്ഥി കൊടുത്തില്ല. അവന്റെ ചെകിട്ടത്തടിച്ചു. ഒരു ചെറിയ സംഭവം. അത് പക്ഷേ, തുടക്കമായിരുന്നു.
2004-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്. അരംബാഗ് മണ്ഡലത്തില്‍ അനില്‍ ബസു സ്ഥാനാര്‍ത്ഥി. 5,92,502 വോട്ടിന് ജയം. വിജയത്തിന്റെ ലഹരിയില്‍ കാമ്പസിലെ എസ്.എഫ്.ഐ നേതാവിലൊരാള്‍ സംസാരിച്ചു: ''എന്റെ ബൂത്തില്‍ ആകെ പോള്‍ ചെയ്തത് 1204 വോട്ട്. സി.പി.എമ്മിന് 1200 വോട്ട്. തൃണമൂലിന് നാല് വോട്ട്. അത് ഞങ്ങള്‍ തന്നെ ചെയ്തതാണ്. എതിരാളി ഉണ്ടെന്നറിയണമല്ലൊ.''
പാര്‍ട്ടിയുടെ സമഗ്രാധിപത്യം എല്ലായിടത്തും. പാര്‍ട്ടി ഓഫീസുകള്‍ സമാന്തര കോടതികള്‍ പോലെ. വിചാരണയും വിധിയും നേതാക്കള്‍ തന്നെ നടത്തി. ചിലപ്പോള്‍ ഏത്തമിടല്‍ ശിക്ഷ. അല്ലെങ്കില്‍ കരണത്തടി. നീതി നടപ്പാക്കാന്‍ ഗുണ്ടാസംഘങ്ങള്‍. ഗുണ്ടാസംഘങ്ങളെ സുഭാഷ് ചക്രവര്‍ത്തി വിശേഷിപ്പിച്ചത് സാമൂഹ്യസേവകര്‍ എന്നും. സുഭാഷ് ചക്രവര്‍ത്തി മന്ത്രിയായിരുന്നു. സെക്രട്ടറിയേറ്റംഗമായിരുന്നു. താന്‍ പ്രാഥമികമായി ഒരു ഹിന്ദുവും രണ്ടാമതായി ഒരു ബ്രാഹ്മണനുമാണെന്ന് ആവേശം കൊണ്ടു. എസ്.എഫ്.ഐയുടെ ആദ്യ സംസ്ഥാന സെക്രട്ടറി കൂടിയായിരുന്നു സുഭാഷ്. രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ കുറവുണ്ടായിക്കാണില്ല. സുഭാഷിനെതിരെ നടപടി ഉണ്ടായില്ല. വിഭാഗീയ യുദ്ധത്തില്‍ സുഭാഷിനെ പിണക്കാനാവില്ല.
ടാഗോര്‍ കൃതികള്‍ പരിഭാഷപ്പെടുത്തി, ഗബ്രിയേല്‍ മാര്‍ക്വേസിനെ വായിച്ച ബുദ്ധദേവ് എന്ന മുഖ്യമന്ത്രി ബംഗാളിലെ തകര്‍ച്ചയ്ക്ക് സാക്ഷിയായി. മന്‍മോഹന്‍ സിങ്ങും വ്യവസായിയായ അസീം പ്രേംജിയും പ്രശംസിച്ച ബുദ്ധദേവ് ബംഗാള്‍ രാഷ്ട്രീയത്തിലെ അസാധുവായി.
അനധികൃത മദ്രസകള്‍ രാജ്യദ്രോഹികളുടെ താവളമാണെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിക്കെതിരെ നഗരത്തില്‍ പ്രകടനം നടന്നു. ബുദ്ധദേവിന് തെറ്റി എന്ന് ജ്യോതിബസു പരസ്യമായി പറഞ്ഞു.
അധികാരകേന്ദ്രങ്ങളിലെ നിഗൂഢനീക്കങ്ങളിലേക്ക് വിരല്‍ചൂണ്ടി കൊല്‍ക്കത്തയിലെ റെയില്‍വേ ട്രാക്കിനരികില്‍ ഒരു ജഡം കിടന്നു. റിസ്‌വാനുര്‍ റഹ്മാന്‍ എന്ന മുപ്പതുകാരന്റേതായിരുന്നു ജഡം. റിസ്‌വാന്‍ ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. പ്രിയങ്ക. ഒരു മാര്‍വാടി. പ്രിയങ്കയുടെ പിതാവ് അശോക് ടോഡി. കോടികളുടെ ആസ്തിയുള്ള ലക്‌സ് ഇന്റര്‍നാഷനല്‍ കമ്പനിയുടെ ഉടമ. പ്രിയങ്കയും റിസ്‌വാനും ഒളിച്ചോടി. റിസ്‌വാന്‍ ഒരു കംപ്യൂട്ടര്‍ ട്രെയ്‌നര്‍. ചേരിയില്‍ താമസം.
റിസ്‌വാനും പ്രിയങ്കയും ജീവിതം തുടങ്ങി. ഐ.പി.എസ് ഉദ്യോഗസ്ഥന്മാര്‍ രംഗത്തെത്തി. റിസ്‌വാന്റെ ജഡം റെയില്‍വേ ട്രാക്കിനരികില്‍ കിടന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയ്ക്ക് കാരണം എന്ന വാര്‍ത്ത പരന്നു. സാമാന്യ നീതിബോധത്തിന്റെ ശവപ്പറമ്പില്‍ റിസ്‌വാന്റെ മയ്യത്തടക്കി. തെരുവില്‍ ദരിദ്രന്റെ രോഷം നിറഞ്ഞു. അതിനു മുന്നില്‍ മമതാ ബാനര്‍ജി നിന്നു. റിസ്‌വാന്റെ മൂത്ത സഹോദരന്‍ രുക്ബാനുര്‍ റഹ്മാനെ മമത സ്ഥാനാര്‍ത്ഥിയാക്കി. 2011-ല്‍ സി.പി.എം ഭരണം അവസാനിച്ച തെരഞ്ഞെടുപ്പില്‍ രുക്ബാനൂര്‍ റഹ്മാനും വിജയികളുടെ പട്ടികയിലുണ്ടായി. മുസ്‌ലിങ്ങള്‍ പാര്‍ട്ടിയെ കൈവിട്ടു. പ്രഭാഷണങ്ങളിലൂടെയല്ല, സംഭവങ്ങളിലൂടെയാണ് മനുഷ്യര്‍ പാര്‍ട്ടിയെ മനസ്സിലാക്കുന്നത്.
ബംഗാളിലെ ഗ്രാമങ്ങളായിരുന്നു പാര്‍ട്ടിയുടെ ശക്തി. സിംഗൂരും നന്ദിഗ്രാമും പാര്‍ട്ടിയുടെ അടിത്തറ ഇളക്കി. ഭൂമിയേറ്റെടുക്കലിന്റെ പേരില്‍ നന്ദിഗ്രാമില്‍ വെടിവെപ്പ്. 14 പേര്‍ മരിച്ചു. പാര്‍ട്ടി അതിന് ന്യായീകരണം കണ്ടെത്തി. സമരത്തിനു പിന്നില്‍ വിദേശ ശക്തികള്‍. കൃഷിക്കാരും പാര്‍ട്ടിയെ കൈവിട്ടു. കൊല്‍ക്കത്തയില്‍ ഭരണത്തിനെതിരെ 50000 പേരുടെ പ്രകടനം. മുന്നില്‍ പാര്‍ട്ടിയുടെ സഹയാത്രികനായ മൃണാള്‍സെന്‍.
ഹൂഗ്ലി നദിയുടെ തീരത്തെ ചണമില്ലുകള്‍ പ്രവര്‍ത്തിക്കാതായി. ഫാക്ടറികള്‍ അടഞ്ഞു. തൊഴിലാളികള്‍ക്ക് പണിയില്ലാതായി. പുതിയ തൊഴില്‍ സാധ്യത ഉണ്ടായില്ല. ഫാക്ടറികളുടെ സ്ഥലം റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ കയ്യിലായി. രാഷ്ട്രീയം റിയല്‍ എസ്റ്റേറ്റ് ബിസിനസ്സായി. തൊഴിലാളികളും പാര്‍ട്ടിയെ വിട്ടു. എവിടെയായിരുന്നു തിരുത്തല്‍? പാര്‍ട്ടിയില്‍ അധോലോക സംഘങ്ങളും ഭൂമികച്ചവടക്കാരും കൊള്ളപ്പലിശക്കാരും സ്ഥാനമോഹികളും നിറഞ്ഞു.
ഒരാള്‍ കമ്യൂണിസ്റ്റ് ആകുന്നതിന്റെ ലക്ഷ്യം സാഹചര്യത്തിനനുസരിച്ച് മാറുമെന്ന് ആര്‍ച്ചി ബ്രൗണ്‍ 'റൈസ് ആന്‍ഡ് ഫോള്‍ ഓഫ് കമ്യൂണിസം' എന്ന പുസ്തകത്തില്‍ പറയുന്നു. മൂന്ന് സന്ദര്‍ഭങ്ങള്‍ ബ്രൗണ്‍ വിവരിക്കുന്നു.
ഒന്ന്- കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ച് ഫാസിസ്റ്റ് ഭരണം നടക്കുന്ന രാജ്യത്ത് പാര്‍ട്ടി അംഗമാകുമ്പോള്‍. രണ്ട്- ജനാധിപത്യ രാജ്യത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകുമ്പോള്‍. മൂന്ന്- കമ്യൂണിസ്റ്റ് ഭരണം സുസ്ഥിരമായ രാജ്യത്ത് പാര്‍ട്ടി അംഗമാകുമ്പോള്‍. ഇവിടം അവസരവാദികളുടെ താവളമാകും. ഉദരംഭരികളുടെ ദേഹണ്ഡപ്പുര. പൂര്‍വ്വാര്‍ജിത സ്വത്ത് ധൂര്‍ത്തടിക്കുന്ന മുടിയനായ പുത്രന്മാര്‍ കൊടിയും പിടിച്ച് മുന്നില്‍ നടക്കും. അവര്‍ക്ക് സ്ഥാനലബ്ധിക്കും ധനസമ്പാദനത്തിനുമുള്ള ഉപകരണം മാത്രമാണ് പാര്‍ട്ടി. ഒരു വാചകക്കസര്‍ത്ത് അല്ലെങ്കില്‍ ഫാഷന്‍ ഷോ.
മുന്നാലെ പോയവരുടെ ചെരിപ്പിന്റെ വാറഴിക്കാന്‍ യോഗ്യതയില്ലാത്തവര്‍ വെണ്‍കൊറ്റക്കുടചൂടിനിന്നു. പാര്‍ട്ടി ഒരു അധികാരകേന്ദ്രവും അതിനുചുറ്റുമുള്ള ഭജനസംഘവും മാത്രമായി മാറി. ജനങ്ങള്‍ കൊഴിഞ്ഞുപൊയ്‌ക്കൊണ്ടേയിരുന്നു. 1970-കളില്‍ ബംഗാളില്‍ ആയിരം പേരുടെ ഒരു പ്രകടനം നടന്നാല്‍ അതില്‍ മൂന്ന് പാര്‍ടിമെമ്പര്‍മാര്‍, ബാക്കിയുള്ളവര്‍ അനുയായികള്‍. 2000-ത്തില്‍ പ്രകടനം നടക്കുമ്പോള്‍ നൂറില്‍ അന്‍പതും പാര്‍ട്ടിയംഗങ്ങള്‍. എവിടെയാണ് തെറ്റിയത്? പ്രത്യയശാസ്ത്രത്തിലോ? സംഘടനയിലോ? വ്യക്തിയിലോ? അറപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്യുന്ന എത്രയോ സംഭവങ്ങളില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നോ നടപടിയെടുക്കുമെന്നോ കേരളത്തിലും സെക്രട്ടറിക്ക് പറയേണ്ടിവരുന്നു.
എന്താണ് പഠിച്ചത്? എന്താണ് തിരുത്തിയത്? തകര്‍ന്നുവീണ സോവിയറ്റ് യൂണിയനില്‍ നിന്ന്, തരിപ്പണമായ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് എന്തു പഠിച്ചു? ചൈനയില്‍നിന്ന്, വടക്കന്‍ കൊറിയയില്‍നിന്ന് എന്താണ് പഠിച്ചുകൊണ്ടിരിക്കുന്നത്? തെറ്റു പറ്റിയാല്‍ തിരുത്തും എന്നത് തിരുവചനമല്ല, ജീവിതത്തിലെ ഒരു സാധാരണ നടപടിക്രമം മാത്രമാണ്. അത് ഒരു മുന്നറിയിപ്പോ ഭീഷണിയോ ആക്കേണ്ടതില്ല. മഹത്തായ കാര്യവുമല്ല. തെറ്റുപറ്റി അത് തിരുത്തി എന്നു പറഞ്ഞാല്‍ ഒരു കോടതിയും കൊലയാളിയെ വെറുതെ വിടില്ല. ചെയ്ത കുറ്റത്തിന് ശിക്ഷയുണ്ട്, ജനകീയ കോടതിയിലും. എന്തിന് കൊലചെയ്തു എന്ന ചോദ്യം പോലെത്തന്നെ പ്രധാനമാണ് എന്തിനുവേണ്ടി തെറ്റ് ചെയ്തു എന്നതും.
ഇനി സാംസ്‌കാരിക നായകരോട് ഒരു വാക്ക്
സാംസ്‌കാരിക നായകര്‍ എന്നത് അലസിപ്പോകുന്ന ഗര്‍ഭമാണ്. നായകന്മാര്‍ നയിച്ചുകൊണ്ടുവരുന്നതല്ല സംസ്‌കാരം. ഹാരപ്പ, നൈല്‍, മെസോപ്പൊട്ടേമിയ സംസ്‌കാരങ്ങളുടെ നായകര്‍ ആരാണ്? യോഗനോട്ടീസില്‍ അച്ചടിക്കാനും സ്വാഗതപ്രസംഗകന് വിഷയദാരിദ്ര്യം ഉണ്ടാകാതിരിക്കാനുമാണ് ആ വാക്ക് പ്രയോഗിക്കുന്നതെങ്കില്‍ നിരുപദ്രവമാണ്.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ചിലര്‍ ഈ പേരില്‍ ജനങ്ങള്‍ക്ക് ട്യൂഷനെടുക്കാന്‍ വരും. കഥയെഴുതുന്ന മുകുന്ദനും കടലില്‍ പോകുന്ന മുകുന്ദനും പോളിംഗ്ബൂത്തിലെ ക്യൂവില്‍ തുല്യരാണ്.
എഴുത്തുകാര്‍ക്ക് രാഷ്ട്രീയം വേണോ വേണ്ടയോ എന്നതൊക്കെ അവരുടെ സ്വന്തം പ്രശ്‌നം. അത് നാട്ടുകാരുടേയോ വായനക്കാരുടേയോ പ്രശ്‌നമല്ല. അതനുസരിച്ച് അവര്‍ക്ക് പറയുകയോ എഴുതുകയോ ചെയ്യാം. ഞങ്ങള്‍ ചില മൂല്യങ്ങള്‍ക്കുവേണ്ടി നില്‍ക്കുന്നു എന്ന ജാടയടിയാണ് പ്രശ്‌നം. കെ-റെയിലിനെ വിമര്‍ശിച്ച് പോസ്റ്റിടുകയും അത് ഇരുപത്തിനാല് മണിക്കൂറിനകം പിന്‍വലിച്ച് ഇനി എന്റെ ജന്മത്ത് ഇതുപോലൊരു തെറ്റു ചെയ്യില്ലെന്നും പറയുന്ന സാംസ്‌കാരിക നായകരുടെ മൂല്യബോധത്തിന് എന്തു കേമത്തമാണുള്ളത്? വേലയെടുത്ത് ജീവിക്കുന്ന മനുഷ്യരുടെ മുഖത്ത് നോക്കാന്‍ ഇവര്‍ക്ക് അര്‍ഹതയുണ്ടോ?
ഇവരുള്ളതുകൊണ്ടാണ് ലോകം കറങ്ങുന്നതെന്ന് ഇവരും ഇവരുടെ വൈതാളികവൃന്ദവും പറഞ്ഞുണ്ടാക്കുന്നതാണ്. കൊച്ചിയില്‍ ബ്രഹ്മപുരം പ്ലാന്റ് ഒരാഴ്ച പ്രവര്‍ത്തിക്കാതിരുന്നപ്പോള്‍ ആരും കഥയും കവിതയും അന്വേഷിച്ച് പോയില്ല. മാലിന്യം നീക്കുന്ന തൊഴിലാളികളെയാണ് അന്വേഷിച്ചത്. എഴുതുന്നവരൊക്കെ ബ്രാഹ്മണരും പണിയെടുക്കുന്നവരൊക്കെ ശൂദ്രരുമല്ല. അങ്ങനെ ഒരു പുതിയ ബ്രാഹ്മണ്യം സൃഷ്ടിച്ചാല്‍ വിലപ്പോവില്ല. അതുകൊണ്ട് ഉദ്ധരിക്കാന്‍ ഇറങ്ങുമ്പോള്‍ ആത്മപരിശോധന നല്ലതാണ്. സര്‍ക്കാരിന്റെ കയ്യില്‍ കുറച്ച് പദവികളും അവാര്‍ഡുകളുമൊക്കെ ഉള്ളതുകൊണ്ട് അതിനെ ചുറ്റിപ്പറ്റി തലചൊറിഞ്ഞ് നില്‍ക്കുന്നത് ആളുകള്‍ക്ക് മനസ്സിലാവും. ജീവനോടിരിക്കുമ്പോള്‍തന്നെ ഒരു നഗരപ്രദിക്ഷണവും അനുമോദന സമ്മേളനവും കൊതിച്ചിട്ടാണെങ്കില്‍ മറ്റൊന്നുമില്ല. അന്ത്യാഭിലാഷം നടക്കട്ടെ. ജനങ്ങള്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കുമ്പോള്‍ എഴുത്തുകാരുടെ ഉപദേശം അവരെ സ്വാധീനിച്ചതായി തെളിവില്ല. വോട്ട് ഓരോരുത്തരുടേയും അനുഭവമാണ്, പ്രത്യാശയാണ്. നിരാശയാണ്. അത് മറക്കണ്ട. ഒറ്റപ്പെട്ട മനുഷ്യനും ജനാധിപത്യത്തില്‍ ശക്തിയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates