

കോടികളുടെ നിക്ഷേപത്തട്ടിപ്പിനു പിടിയിലായവരുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് നിക്ഷേപകര്‍ക്ക് പണം തിരിച്ചുകൊടുക്കുക എന്നത് നിയമപരമായ നീതിയാണ്. പല ജീവിതങ്ങള്‍ തകര്‍ക്കുകയും കുടുംബങ്ങളെ വഴിയാധാരമാക്കുകയും ചെയ്തവരുടെ ഒപ്പമല്ല സംസ്ഥാന സര്‍ക്കാര്‍ എന്ന് വ്യക്തമാക്കി കഴിഞ്ഞതുമാണ്. എന്നിട്ടും പി.എ.സി.എല്‍ നിക്ഷേപത്തട്ടിപ്പില്‍ സുപ്രീംകോടതിയില്‍ നടക്കുന്ന കേസില്‍ ഇരകള്‍ക്കുവേണ്ടി കക്ഷി ചേരണമെന്ന നിയമോപദേശത്തിലും നയപരമായ തീരുമാനമെടുത്ത് അവര്‍ക്കൊപ്പം നില്‍ക്കണമെന്ന പൊലീസിന്റെ ശുപാര്‍ശയിലും അനുകൂല തീരുമാനമെടുക്കുന്നില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലം മുതല്‍ നീതി തേടി അലയുന്നവര്‍ക്കു നേരെയാണ് പത്താം വര്‍ഷത്തിലേക്കു കടക്കുന്ന ഇടതുമുന്നണി സര്‍ക്കാരും മുഖം തിരിക്കുന്നത്. രാജ്യവ്യാപകമായും വിദേശത്തും വേരുകളുള്ള സാമ്പത്തികത്തട്ടിപ്പു സ്ഥാപനമാണ് പഞ്ചാബ് ആസ്ഥാനമായി പ്രവര്‍ത്തിച്ച പേള്‍സ് അഗ്രോടെക് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (പി.എ.സി.എല്‍). കേരളത്തില്‍ മാത്രം 18 ലക്ഷം പേരാണ് ഇവരുടെ തട്ടിപ്പില്‍പ്പെട്ടത്. 2023 ഫെബ്രുവരിയില്‍ ഞങ്ങള്‍ ഇതിനെക്കുറിച്ച് വിശദമായി എഴുതിയിരുന്നു. അന്നത്തേതില്‍നിന്നും വ്യവഹാര നടപടികള്‍ ഏറെ മുന്നോട്ടു പോയി. പക്ഷേ, നീതിമാത്രം നടപ്പായില്ല. അതുകൊണ്ടാണ് കൂടുതല്‍ വിവരങ്ങളോടെ വീണ്ടും എഴുതുന്നത്. ആ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ശേഷം പി.എ.സി.എല്‍ തട്ടിപ്പിന്റെ നിരവധി ഇരകള്‍ പലവിധത്തില്‍ ബന്ധപ്പെടുകയും വിവരങ്ങള്‍ തരികയും ചെയ്തു. ഒടുവില്‍, മെയ് ഒന്‍പതിന് തിരുവനന്തപുരത്ത് നടന്ന നിക്ഷേപകരുടെ പ്രതിഷേധറാലിയില്‍ മൂവായിരത്തിലധികം പേര്‍ പങ്കെടുത്തു എന്നാണ് പൊലീസിന്റെ തന്നെ കണക്ക്. തട്ടിപ്പുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നടക്കുന്ന കേസില്‍ കേരളത്തിലെ നിക്ഷേപകരുടേയും ഏജന്റുമാരുടേയും താല്പര്യം സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷിചേരണമെന്ന ആവശ്യമാണ് മാര്‍ച്ചില്‍ പ്രധാനമായും ഉന്നയിച്ചത്. കേരളത്തിനു പുറമേ തമിഴ്നാട്ടിലെ കന്യാകുമാരി, മധുരൈ ജില്ലകളില്‍നിന്നും ആളുകള്‍ പങ്കെടുത്തു.
പി.എ.സി.എല്ലില്‍ പണം നിക്ഷേപിച്ചവരും നിക്ഷേപസമാഹരണത്തിന് കമ്പനിക്കുവേണ്ടി ഏജന്റുമാരായി പ്രവര്‍ത്തിച്ചവരുമടക്കം 40 പേരാണ് കേരളത്തില്‍ ഇതുവരെ ആത്മഹത്യ ചെയ്തത്. ആത്മഹത്യയുടേയും മനോവിഭ്രാന്തിയുടെയും വക്കില്‍ പലരും നീറിനീറി ജിവിക്കുന്നു.
ആരാണ് തടസ്സം
സ്വകാര്യ മേഖലയില്‍ രാജ്യത്തെ പ്രധാനപ്പെട്ട ഒരു ധനകാര്യ, നിക്ഷേപ സ്ഥാപനമായിരുന്ന പി.എ.സി.എല്‍ നിക്ഷേപം സ്വീകരിക്കുന്നതിലെ നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സെക്യൂരിറ്റീസ് ആന്റ് എക്‌സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കമ്പനി നിരോധിക്കാന്‍ 2016 ഫെബ്രുവരിയില്‍ സുപ്രീംകോടതി ഉത്തരവിട്ടത്. പി.എ.സി.എല്ലിന്റെ രാജ്യത്താകെയുള്ള സ്വത്ത് വിറ്റും നിക്ഷേപം പിടിച്ചെടുത്തും നിക്ഷേപകരുടെ പണം തിരികെ കൊടുക്കണമെന്ന് സെബിയോട് കോടതി നിര്‍ദേശിച്ചു. ഇതിന്റെ മേല്‍നോട്ടത്തിനും നിര്‍വഹണത്തിനുമായി റിട്ട. ജസ്റ്റിസ് ആര്‍.എം. ലോധ ചെയര്‍മാനായി സമിതിയേയും നിയമിച്ചു. എന്നാല്‍, ലോധ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഇത്രയും വര്‍ഷങ്ങളായിട്ടും എവിടെയുമെത്തിയിട്ടില്ല. സുപ്രീംകോടതി നിര്‍ദേശപ്രകാരം പിടിച്ചെടുത്ത നിക്ഷേപംകൊണ്ട് ലോധ സമിതിയുടെ പ്രവര്‍ത്തനം നടത്തുന്നതല്ലാതെ വഞ്ചിക്കപ്പെട്ടവര്‍ക്ക് ഒരു ഗുണവും ഉണ്ടായിട്ടില്ല എന്നു ചൂണ്ടിക്കാട്ടിക്കൂടിയായിരുന്നു തിരുവനന്തപുരത്തെ മാര്‍ച്ച്.
വിവിധ സംസ്ഥാനങ്ങളിലെ പി.എ.സി.എല്ലിന്റെ പല പദ്ധതികളിലായി എട്ടു കോടിയോളം പേര്‍ 60,000 കോടിയോളം രൂപ നിക്ഷേപിച്ചതായാണ് ഏകദേശ കണക്ക്. ചെറിയ തുക മുതല്‍ വന്‍തുകകള്‍ വരെ നിക്ഷേപിച്ചവരുണ്ട്. ഇവരെ പദ്ധതികളില്‍ ചേര്‍ത്ത ഏജന്റുമാരും ഇതോടെ പ്രശ്‌നത്തിലായി. പണം തിരിച്ചുകൊടുക്കാന്‍ കഴിയാതെ പലരും നാടുവിട്ടു. ചാലക്കുടി പരിയാരം പഞ്ചായത്തിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിരുന്ന സിനിയും ഭര്‍ത്താവ് ബാബുവും 2018-ല്‍ ആത്മഹത്യ ചെയ്തത് ഉള്‍പ്പെടെയാണ് നാല്‍പ്പതോളം പേരുടെ ആത്മഹത്യ. പല കുടുംബങ്ങളുടെ തകര്‍ന്നു. പണം നിക്ഷേപിച്ചവരും തൊഴില്‍ ചെയ്തിരുന്നവരും കഴിഞ്ഞ 13 വര്‍ഷമായി അനുഭവിച്ചുവരുന്ന പ്രശ്‌നങ്ങള്‍ സമാനതകളില്ലാത്തതാണ്. സിനിയുടേയും ബാബുവിന്റേയും ആത്മഹത്യ കേരള നിയമസഭയില്‍ 2018-ല്‍ത്തന്നെ ചര്‍ച്ചചെയ്തിരുന്നു. ബി.ഡി. ദേവസി എം.എല്‍.എയുടെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിനു മറുപടിയായി മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചത് പി.എ.സി.എല്‍ ഇരകള്‍ക്കുവേണ്ടി ഇടപെടും എന്നാണ്.
2023 ഫെബ്രുവരിയില്‍ മനുഷ്യാവകാശ സംരക്ഷണകേന്ദ്രം എന്ന സംഘടന സംസ്ഥാന സര്‍ക്കാരിനു നല്‍കിയ പരാതിയിലാണ് കേസില്‍ കക്ഷി ചേരണം എന്ന ആവശ്യം ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് മേധാവി നടത്തിയ അന്വേഷണത്തില്‍ കേരളത്തിലെ നിക്ഷേപകര്‍ക്കുവേണ്ടി സുപ്രീംകോടതിയിലെ കേസില്‍ കക്ഷിചേരുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നയപരമായ തീരുമാനം സ്വീകരിക്കണമെന്നു നിര്‍ദേശിച്ചിരുന്നു. കക്ഷിചേരുന്നതിനു നാല് മാസത്തെ സമയപരിധി നല്‍കി കേരള ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു.
ജനുവരി മൂന്നിന് അഡീഷണല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം) അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിനായി ഫയല്‍ അയച്ചു. സര്‍ക്കാരിനു താല്പര്യമുണ്ടെങ്കില്‍ ഈ വിഷയത്തില്‍ സുപ്രീംകോടതിയിലെ കേസില്‍ കക്ഷി ചേരാവുന്നതാണെന്നായിരുന്നു ഉപദേശം. എന്നാല്‍, കക്ഷിചേരുന്നതു തല്‍ക്കാലം പരിഗണിക്കില്ല എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. 2013-ല്‍ സംസ്ഥാന ക്രൈംബ്രാഞ്ച് പി.എ.സി.എല്‍ കസ്റ്റമര്‍ കെയര്‍ സെന്ററുകള്‍ റെയ്ഡ് ചെയ്ത് കസ്റ്റഡിയിലെടുത്ത നിക്ഷേപങ്ങള്‍ സംബന്ധിച്ച രേഖകള്‍ ആര്‍.എം. ലോധ സമിതിക്കു കൈമാറാനുള്ള നടപടി വേഗത്തിലാക്കുക എന്ന ആവശ്യവും തലസ്ഥാനത്തെ മാര്‍ച്ചില്‍ ഉന്നയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര നടപടി ഉണ്ടാകണമെന്ന് സെക്രട്ടേറിയറ്റിനു മുന്നില്‍ തട്ടിപ്പിന്റെ ഇരകള്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എസ്. ഹരികൃഷ്ണന്‍ ആവശ്യപ്പെട്ടതും ശ്രദ്ധേയം. പല സംസ്ഥാനങ്ങളിലും നിക്ഷേപകരും ഫീല്‍ഡ് അസ്സോസിയേറ്റ്‌സും സമരത്തിലാണ്.
പരിഹാരമില്ലാത്ത അലച്ചില്‍
നിയമവിരുദ്ധ നിക്ഷേപങ്ങള്‍ സമാഹരിക്കുന്നതു നിരോധിക്കുന്ന നിയമം ബാനിംഗ് ഓഫ് അണ്‍റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീംസ് (ബഡ്സ്) നിലവില്‍ വരുന്നതിനു മുന്‍പാണ് പി.എ.സി.എല്ലിന്റെ തട്ടിപ്പു നടന്നത്. പക്ഷേ, ആ നിയമം ഈ കേസിലെ തുടര്‍ നടപടികളില്‍ ബാധകമാണ്. പണം തിരിച്ചുകൊടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരല്ല; പക്ഷേ, സുപ്രീംകോടതി വിധി നടപ്പാക്കാന്‍ കേന്ദ്ര ഏജന്‍സികളായ സി.ബി.ഐ, ഇ.ഡി, സെബി എന്നിവരെ ശക്തമായി പ്രേരിപ്പിക്കുന്ന ഇടപെടല്‍ നടത്താന്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും കഴിയേണ്ടതാണ്.
പി.എ.സി.എല്‍ കമ്പനിയുടെ തലപ്പത്ത് ഉണ്ടായിരുന്നവരില്‍ ചിലര്‍ അറസ്റ്റു ചെയ്യപ്പെട്ടു ജയിലിലായി; ചിലര്‍ ജയിലില്‍ വെച്ച് മരിച്ചു. പക്ഷേ, നിക്ഷേപകര്‍ക്കു പണം തിരിച്ചുകിട്ടാന്‍ അവരുടെ അറസ്റ്റും ജയില്‍വാസവുംകൊണ്ട് കഴിഞ്ഞില്ല. അതിനുള്ള വഴിയാണ് പി.എ.സി.എല്ലിന്റെ സ്വത്തു ജപ്തിചെയ്ത് വിറ്റ് പണം തിരിച്ചുകൊടുക്കുക എന്ന നിര്‍ദേശത്തിലൂടെ സുപ്രീംകോടതി നല്‍കിയത്.
കേരളത്തില്‍നിന്നു 18000 കോടി രൂപ പി.എ.സി.എല്‍ സമാഹരിച്ചു എന്നാണ് കണക്ക്. വലിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഇത്രയധികം തുക സമാഹരിച്ചത്. തുടക്കത്തില്‍ കുറേയാളുകള്‍ക്ക് പണമായും വാഹനമായുമൊക്കെ നേട്ടം കിട്ടി. എല്ലാ തട്ടിപ്പുകാരേയുംപോലെ ആളുകളുടെ വിശ്വാസം നേടാനുള്ള താല്‍ക്കാലിക വഴി മാത്രമായിരുന്നു അതെന്ന് പിന്നീട് തെളിഞ്ഞു. പിന്നീട്, വാഗ്ദാനം ചെയ്ത ലാഭവിഹിതം പോയിട്ട്, പിരിച്ചെടുത്ത പണംപോലും തിരിച്ചുകൊടുക്കാതെയായി. ഒടുവില്‍ കമ്പനി മുങ്ങുകയും ചെയ്തു. പണം കൊടുത്തവരും അതിന് അവര്‍ക്കും പി.എ.സി.എല്ലിനും ഇടയില്‍ നിന്ന ഫീല്‍ഡ് പ്രവര്‍ത്തകരും വഴിയാധാരമാവുകയും ചെയ്തു.
സുപ്രീംകോടതി ഇടപെടലിനു മുന്‍പുതന്നെ 2010-'11 കാലത്ത് വിവിധ പരാതികളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ക്രൈംബ്രാഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പി.എ.സി.എല്ലിനെതിരെ ഒന്നിലധികം കേസുകളെടുത്തിരുന്നു. വിവിധ കോടതികളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണവും ആരംഭിച്ചു. തട്ടിപ്പു കമ്പനിയുടെ കേരളത്തിലെ നാല് കസ്റ്റമര്‍ സര്‍വീസ് സെന്ററുകള്‍ കാസര്‍കോട്ടും കോഴിക്കോട്ടും തൃശൂരും കൊല്ലത്തുമാണുണ്ടായിരുന്നത്. ഇവ കേന്ദ്രീകരിച്ച് സി.ബി.സി.ഐ.ഡി (ഇ.ഡബ്ല്യു) നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി പി.എ.സി.എല്ലിന്റെ നിക്ഷേപകരെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുന്ന കംപ്യൂട്ടറുകള്‍ ഉള്‍പ്പെടെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
2010 മെയ് 25-ന് തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അവസാനിപ്പിക്കാന്‍ 2012 ഫെബ്രുവരി 28-ന് കണ്ണൂര്‍ സി.ബി.സി.ഐ.ഡി (ഇ.ഡബ്ല്യു) ഡി.വൈ.എസ്.പി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയാണ് പിന്നീടുണ്ടായത്. സുപ്രീംകോടതി ഉത്തരവുപ്രകാരമുള്ള സി.ബി.ഐ, ഇ.ഡി അന്വേഷണങ്ങള്‍ കേരളത്തില്‍ ഉണ്ടായില്ല. ഫലത്തില്‍, ഇവിടെനിന്നു പി.എ.സി.എല്‍ സമാഹരിച്ച പണം എവിടെയൊക്കെ, ഏതുവിധത്തിലൊക്കെയാണ് നിക്ഷേപിച്ചത് എന്ന് ഒരു വിവരവുമില്ലാത്ത സ്ഥിതിയായി. രാജ്യവ്യാപകമായി ജപ്തിചെയ്ത സ്വത്തുവകകളെക്കുറിച്ച് സെബിക്കു ലഭിച്ച പട്ടികയില്‍ കേരളത്തിലുള്ളത് ഇടുക്കി, എറണാകുളം ജില്ലകളിലായി 136 ഏക്കര്‍ ഭൂമി മാത്രമാണ്. കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി നിക്ഷേപകരുടെ വിവരശേഖരണത്തിന് സെബി ഒരു വെബ്സൈറ്റ് തുറന്നിരുന്നു www.sebi.paclrefund.co.in. എന്നാല്‍, തട്ടിപ്പിന് ഇരയായവരില്‍ ബഹുഭൂരിപക്ഷത്തിനും ഈ ഓണ്‍ലൈന്‍ വിവരശേഖരണം ഗുണം ചെയ്തില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഏകദേശം 20,000 പേര്‍ മാത്രമാണ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത്. പണം നിക്ഷേപിച്ച ഓരോരുത്തരും അതു സംബന്ധിച്ച രേഖകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ കോടതി വിധിപ്രകാരം സ്വത്തുവകകള്‍ ജപ്തിചെയ്ത് വിനിമയം ചെയ്ത് പണം തിരിച്ചുകൊടുക്കാന്‍ കഴിയുകയുള്ളൂ. സ്തംഭനാവസ്ഥ പരിഹരിക്കാനുള്ള നിര്‍ദേശം കോടതിയില്‍നിന്നോ ലോധ കമ്മിഷനില്‍നിന്നോ സെബിക്ക് കിട്ടിയുമില്ല. ഇങ്ങനെ, സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും പണം തിരിച്ചുകിട്ടാതെ നിക്ഷേപകരും ഫീല്‍ഡ് പ്രവര്‍ത്തകരും പ്രതിസന്ധിയിലായതോടെയാണ് ആത്മഹത്യകള്‍ ഉണ്ടായത്. രജിസ്റ്റര്‍ ചെയ്യുന്ന നിക്ഷേപകരുടെ രേഖകള്‍ പരിശോധിച്ച് സെബി വഴി പണം തിരിച്ചുകൊടുക്കാനായിരുന്നു തീരുമാനം. പി.എ.സി.എല്ലിന്റേയോ കമ്പനി ഡയറക്ടര്‍മാരുടേയോ പേരില്‍ മറ്റേതെങ്കിലും സംവിധാനത്തില്‍ പരാതിയോ നടപടികളോ പാടില്ലെന്നും സുപ്രീംകോടതി വിധിച്ചിരുന്നു. ഇതോടെ, കേരളത്തില്‍ ക്രൈംബ്രാഞ്ച് വിവിധ പരാതികളില്‍ നടത്തിവന്ന അന്വേഷണവും നിലച്ചു.
സംശയങ്ങള്‍
മൂവാറ്റുപുഴ സ്വദേശിനി 2012-ല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അയച്ച വിശദമായ പരാതിയില്‍ പി.എ.സി.എല്‍ തട്ടിപ്പിന്റെ വ്യാപ്തി ചൂണ്ടിക്കാണിച്ചിരുന്നു. വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി പൊലീസിനു നിര്‍ദേശവും നല്‍കി. ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം മുന്നോട്ടു പോകുന്നതിനിടെ അവര്‍ പരാതി പിന്‍വലിച്ചു. തെറ്റിദ്ധാരണയുടെ പേരിലാണ് പരാതി നല്‍കിയത് എന്നാണ് പിന്‍വലിക്കുന്നതിനു കാരണമായി അവര്‍ പൊലീസിനെ അറിയിച്ചത്. പരാതിക്കാരിക്കുമേല്‍ വലിയ സമ്മര്‍ദമോ ഭീഷണിയോ ഉണ്ടായതുകൊണ്ടായിരിക്കാം പരാതി പിന്‍വലിച്ചത് എന്നു വ്യക്തമായിരുന്നു. എന്നിട്ടും അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസ് ധൃതി കാണിച്ചത്. രാജ്യവ്യാപകമായി പി.എ.സി.എല്ലിനെതിരെ പരാതികള്‍ ഉണ്ടാവുകയും അന്വേഷണങ്ങള്‍ നടക്കുകയും ചെയ്യുകയായിരുന്നു അപ്പോള്‍. എന്നിട്ടും ഇവിടെ പരാതിക്കാരി നേരിടേണ്ടിവന്ന ഭീഷണിയോ അവര്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതി പിന്‍വലിക്കാന്‍ ഇടയായ സാഹചര്യമോ അന്വേഷിച്ചില്ല.
ഒന്നര ലക്ഷം കോടി രൂപയോളം രാജ്യവ്യാപകമായി സമാഹരിച്ചു എന്നാണ് കണക്ക്. സമാന്തര സമ്പദ്ഘടന തന്നെയായി പി.എ.സി.എല്‍ മാറി. അങ്ങനെയാണ് സെബി സുപ്രീംകോടതിയെ സമീപിച്ചു വിധി നേടിയത്. അതേ സെബി തന്നെ പണം നഷ്ടപ്പെട്ടവര്‍ക്ക് അത് തിരിച്ചു നേടിക്കൊടുക്കുന്നതില്‍ വേണ്ടത്ര ഉത്സാഹം കാണിക്കാന്‍ മടിച്ചത് അത്ഭുതമായി മാറി. സുപ്രീംകോടതി ഉത്തരവിനെതിരെ പി.എ.സി.എല്‍ ഡയറക്ടര്‍ സുബ്രതോ ഭട്ടാചാര്യ കോടതിയെ സമീപിച്ചിരുന്നു. ആറു മാസത്തിനകം മുഴുവന്‍ നിക്ഷേപകര്‍ക്കും പണം തിരിച്ചുകൊടുക്കാനാണ് കോടതി വിധിച്ചത്. അതിനൊപ്പമാണ് ലോധ കമ്മിഷനേയും നിയോഗിച്ചത്. ഇതിനകം വളരെക്കുറച്ചു പേര്‍ക്കുമാത്രമാണ് സെബി മുഖേന പണം തിരിച്ചുകൊടുത്തത്. 2,80,000 കോടി രൂപയായിരുന്നു കമ്പനിയുടെ ആസ്തി. നിക്ഷേപകര്‍ക്ക് തിരിച്ചുകൊടുക്കേണ്ടത് 50000 കോടിയോളവും. പണം തിരിച്ചുകിട്ടാനുള്ളവര്‍ പി.എ.സി.എല്‍ നല്‍കിയ രജിസ്‌ട്രേഷന്‍ ബോണ്ടും ഓരോ മാസവും പണം നിക്ഷേപിച്ചപ്പോള്‍ അവര്‍ നല്‍കിയ രസീതും ഹാജരാക്കാനാണ് സെബി നിര്‍ദേശിച്ചത്. ഇങ്ങനെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ചെക്ക് ലഭിച്ചവര്‍ക്കും പണം കിട്ടിയില്ല. കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം മരവിപ്പിച്ചതായിരുന്നു കാരണം.
കമ്പനിയുടെ 27133 വസ്തുവകകള്‍ രാജ്യവ്യാപകമായി ഏറ്റെടുത്തതായാണ് കണക്ക്. കേരളത്തില്‍ സെബിയുടെ കണക്കുപ്രകാരം 35 ലക്ഷത്തോളമാണ് നിക്ഷേപകര്‍. എറണാകുളത്തേയും ഇടുക്കിയിലേയും 136 ഏക്കര്‍ കൂടാതെ ഇവരില്‍നിന്നു സമാഹരിച്ച പണം ഉപയോഗിച്ചു വാങ്ങിയ നിരവധി സ്വത്തുവകകള്‍ വേറെയുണ്ടെന്നാണ് അനൗദ്യോഗിക വിവരം. ഇരകള്‍ക്കു നീതികിട്ടാന്‍ ഇടപെട്ടുകൊണ്ടിരിക്കുന്നവര്‍ക്കു ലഭിച്ച വിവരമാണ് ഇത്. ഈ സ്വത്തുക്കളുടെ യഥാര്‍ത്ഥ വിവരങ്ങള്‍ വ്യക്തമാകാന്‍ കേരളത്തിലും സി.ബി.ഐ അന്വേഷണം വേണം എന്ന ആവശ്യവും ശക്തമാണ്.
വിവിധ സംസ്ഥാനങ്ങളില്‍ സി.ബി.ഐ നടത്തിയ അന്വേഷണം പി.എ.സി.എല്ലിന്റെ സ്വത്തു വിവരങ്ങളെക്കുറിച്ച് വസ്തുതാപരമായ വിവരങ്ങള്‍ ലഭിക്കാന്‍ സെബിക്ക് സഹായകമായിരുന്നു. 27133 ഏറ്റെടുക്കലുകള്‍ നടത്താന്‍ സെബിക്ക് കഴിഞ്ഞതും ഇതുകൊണ്ടാണ്. കേരളത്തില്‍ സി.ബി.ഐ, ഇ.ഡി അന്വേഷണങ്ങള്‍ നടന്നിട്ടില്ല എന്നു ചൂണ്ടിക്കാട്ടി 2022 മേയില്‍ ചീഫ് സെക്രട്ടറിക്ക് നിക്ഷേപകരുടെ സംഘടന പരാതി കൊടുത്തിരുന്നു. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണ വിവരങ്ങള്‍ അങ്ങനെയാണ് പുറത്തു വന്നത്.
നീതിക്കൊപ്പമാരുണ്ട്?
ഇതിനിടെ, കേരള പൊലീസ് പിടിച്ചെടുത്ത പി.എ.സി.എല്‍ രേഖകള്‍ അവര്‍ക്കെതിരായ നിയമനടപടികള്‍ക്ക് പ്രയോജനപ്പെടുന്നത് തടയാന്‍ കേരള പൊലീസ് തടഞ്ഞുവെച്ചു എന്ന ആക്ഷേപവുമുണ്ടായി. ഈ വിവരങ്ങള്‍ അടിയന്തരമായി ലോധാ കമ്മിഷനു കൈമാറണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഇരകളും സമരസമിതിയും നിവേദനം നല്‍കി. പക്ഷേ, ഫലമുണ്ടായിട്ടില്ല. ലോധ കമ്മിഷനുവേണ്ടി പിടിച്ചെടുത്ത രേഖകളാണ് ഇതില്‍ പ്രധാനം. 2011 മുതലുള്ള കോടതി കേസുകളെത്തുടര്‍ന്നും 2015-ലെ സിവില്‍ അപ്പീലിലെ സുപ്രീംകോടതിയുടെ വിധിയുമായി ബന്ധപ്പെട്ട് പി.എ.സി.എല്‍ കസ്റ്റമര്‍ കെയര്‍ സെന്ററുകളില്‍ നടത്തിയ റെയ്ഡുകളില്‍ പേയ്മെന്റ് രസീതുകളും മെച്ച്യൂരിറ്റി സര്‍ട്ടിഫിക്കറ്റുകളും ഉള്‍പ്പെടെയുള്ള നിര്‍ണായക രേഖകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. ജസ്റ്റിസ് ആര്‍.എം. ലോധ മുഖേന, നിക്ഷേപം തിരിച്ചുകിട്ടുന്നതിനുള്ള അവകാശവാദം സമര്‍പ്പിക്കുന്നതിനു നിക്ഷേപകര്‍ക്ക് ഈ രേഖകള്‍ അത്യാവശ്യമാണ്. പി.എ.സി.എല്ലിന്റെ ആസ്തികള്‍ ലിക്വിഡേറ്റ് ചെയ്യുന്നതിനും റീഫണ്ട് പ്രക്രിയയ്ക്കും മേല്‍നോട്ടം വഹിക്കുന്നതിനായാണ് സുപ്രീംകോടതി ലോധ സമിതിയെ വച്ചത് എന്നിരിക്കെ കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരവും നിര്‍ബന്ധമായി വേണ്ടതുമായ രേഖകള്‍ പൊലീസ് കൈവശം വെച്ചിരിക്കുന്നത് നിയമവിരുദ്ധമാണ്. എന്നാല്‍, ഡി.ജി.പിക്ക് നിരവധി തവണ നിവേദനം നല്‍കിയിട്ടും ഈ രേഖകള്‍ ഇതുവരെ ലോധ കമ്മിറ്റിക്ക് കൈമാറിയിട്ടില്ല. പി.എ.സി.എല്‍ നല്‍കുന്ന ഡാറ്റയുടേയും നിക്ഷേപകര്‍ സമര്‍പ്പിച്ച രേഖകളുടേയും അടിസ്ഥാനത്തിലാണ് നിക്ഷേപകരുടെ അപേക്ഷകള്‍ പരിഗണിക്കുന്നതെന്ന് ലോധ കമ്മിഷന്റെ ഓഫീസ് സ്ഥിരീകരിച്ചിട്ടുമുണ്ട്.
നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിനു വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയാണ് മറ്റൊരു പ്രധാന കാര്യം. മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ രണ്ടാമതായി ചൂണ്ടിക്കാണിച്ചതും ഇതാണ്. 2024 സെപ്റ്റംബര്‍ നാലിന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവു പ്രകാരം ( 2583/2024/ഹോം) കൊവിഡ്-19, പ്രകൃതിദുരന്തങ്ങള്‍ എന്നിവ കാരണം നഷ്ടപ്പെട്ട രേഖകളുടെ പകര്‍പ്പുകള്‍ വീണ്ടെടുക്കുന്നതില്‍ നിക്ഷേപകരെ സഹായിക്കേണ്ടതിന്റെ ആവശ്യകത അംഗീകരിച്ചിട്ടുണ്ട്. എങ്കിലും ഈ ഉത്തരവു നടപ്പാക്കുന്നതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളുടെ അഭാവത്തില്‍, മിക്ക നിക്ഷേപകര്‍ക്കും ഇത് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല, കൂടാതെ അവരുടെ റീഫണ്ട് ക്ലെയിം ചെയ്യുന്നതിന് ആവശ്യമായ രേഖകള്‍ കിട്ടിയിട്ടുമില്ല. ലോധ കമ്മിഷനു സമര്‍പ്പിക്കുന്നതിനായി, നഷ്ടപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ നിക്ഷേപകര്‍ക്ക് എങ്ങനെ നേടാം എന്നതിനെക്കുറിച്ച് പൊലീസ് സ്റ്റേഷനുകളും ജില്ലാ ഭരണകൂടവും ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാ അധികാരികള്‍ക്കും വ്യക്തമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഫലത്തില്‍, കേരളത്തിലെ നിക്ഷേപകര്‍ക്ക് അവരുടെ പണം തിരിച്ചുപിടിക്കുന്നതിനു പൂര്‍ണ പിന്തുണ നല്‍കാന്‍ സെബി, ലോധ സമിതി, സംസ്ഥാന സര്‍ക്കാര്‍ എന്നിവയുടെ ഏകോപനമാണ് വേണ്ടത്.
കേരളത്തില്‍നിന്നുള്ള പ്രായമായവരും സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരും ഉള്‍പ്പെടെയുള്ള നിക്ഷേപകര്‍ക്ക് നടപടിക്രമങ്ങളിലെ തടസ്സങ്ങളും ആവശ്യമായ രേഖകള്‍ കിട്ടാത്തതും കാരണം അവര്‍ക്ക് അവകാശപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ കഴിയാത്തത് നിവേദനത്തില്‍ വിശദീകരിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ അവര്‍ക്ക് ആശ്വാസം നല്‍കുമെന്നും ഇനിയും ആത്മഹത്യകളും കുടുംബങ്ങളുടെ തകര്‍ച്ചയും ഉണ്ടാകുന്നത് ഒഴിവാക്കാന്‍ സഹായിക്കുമെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു. ഈ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണത്തിനു നിര്‍ദേശം നല്‍കി. അങ്ങനെയാണ് ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ അന്വേഷണച്ചുമതല ഏല്പിച്ചത്. കേരളത്തിലെ നിക്ഷേപകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകണമെങ്കില്‍ ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ ഇടപെടുകയും അതിനു നയപരമായ തീരുമാനമെടുക്കുകയും വേണം എന്ന ശുപാര്‍ശ ഉണ്ടായത് അതിന്റെ തുടര്‍ച്ചയായാണ്. ജില്ലാ പൊലീസ് മേധാവിമാരുടെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു ഇത്. നയപരമായ തീരുമാനമെടുക്കുന്നതില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടാകാതെ വന്നപ്പോള്‍ സമരസമിതി അത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സംസ്ഥാന സര്‍ക്കാരിന് ഈ വിഷയത്തില്‍ എത്രത്തോളം ഇടപെടാന്‍ കഴിയും എന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടാന്‍ ആഭ്യന്തര വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. എ.ജിയുടെ ഓഫീസില്‍ ഇത് തീരുമാനമാകാതെ മാസങ്ങളോളം കിടന്നു. സമരസമിതി നടത്തിയ ഇടപെടലിനെത്തുടര്‍ന്ന് വിഷയം കേള്‍ക്കാന്‍ എ.ജി തയ്യാറായി. കാര്യത്തിന്റെ ആഴവും ഗൗരവവും തിരിച്ചറിഞ്ഞതോടെയാണ് ഗവണ്‍മെന്റിന് കക്ഷി ചേരാവുന്നതാണ് എന്ന ശുപാര്‍ശ അദ്ദേഹം നല്‍കിയത്. സമഗ്രമായിരുന്നു ശുപാര്‍ശ ഉള്‍പ്പെട്ട കത്ത്. പൊലീസിന്റെ ശുപാര്‍ശയ്ക്ക് അടിവരയിടുന്നതായിരുന്നു കത്ത്. പക്ഷേ, ഇപ്പോള്‍ കേസില്‍ കക്ഷി ചേരണ്ട എന്നാണ് ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്. നിക്ഷേപകരുടേയും ഫീല്‍ഡ് ജോലിക്കാരുടേയും പ്രതീക്ഷയാണ് അതോടെ തകര്‍ന്നത്.
നിക്ഷേപകര്‍ക്കൊപ്പം സര്‍ക്കാരുണ്ടാകുമെന്നും ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങളെ സംരക്ഷിക്കും എന്നുമാണ് ബി.ഡി. ദേവസിയുടെ സബ്മിഷന് മുഖ്യമന്ത്രി നല്‍കിയ മറുപടി. എന്നാല്‍, മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പ് പാലിക്കുന്നതിനു ബന്ധപ്പെട്ട സംവിധാനങ്ങളില്‍നിന്ന് തുടര്‍നടപടികള്‍ ഉണ്ടായില്ല. ഇതാണ് കൂടുതല്‍ ആത്മഹത്യകള്‍ ഉണ്ടാകാനും നിസ്സഹായരായി ആളുകള്‍ നാടുവിട്ടുപോകാനും ഇടയാക്കിയത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളാണ് മുഖ്യമന്ത്രിയുടെ വാക്കിനു വിലയില്ലാതാക്കിയത്. നിക്ഷേപകര്‍ക്കു പണം തിരികെ കിട്ടാന്‍ സഹായിക്കാം എന്നു പറഞ്ഞ് പി.എ.സി.എല്ലിലെ പല മുന്‍ ഉദ്യോഗസ്ഥരും ചില രാഷ്ട്രീയക്കാരും ഇവരെ കബളിപ്പിച്ച അനുഭവവുമുണ്ട്. അങ്ങനേയും ചിലര്‍ പണമുണ്ടാക്കി. അഴിമതി നടന്നത് മുഴുവന്‍ യു.ഡി.എഫ് ഗവണ്‍മെന്റിന്റെ കാലത്തുമാണ്. പിറവം വള്ളംകളി, കണ്ടശ്ശാംകടവ് വള്ളംകളി, നെഹ്രു ട്രോഫി വള്ളംകളി, കെ. കരുണാകരന്‍ മെമ്മോറിയല്‍ ട്രോഫി തുടങ്ങിയതിലെല്ലാം പി.എ.സി.എല്ലില്‍നിന്ന് വന്‍തുക സ്പോണ്‍സര്‍ഷിപ്പ് വാങ്ങിയിരുന്നു. അത്തരം സംരംഭങ്ങളില്‍ ജനപ്രതിനിധികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെട്ട പത്രപ്പരസ്യങ്ങള്‍ നിരവധി. അതേസമയം, സ്വന്തം വീടു വിറ്റ് പി.എ.സി.എല്‍ നിക്ഷേപകര്‍ക്ക് നല്‍കി സ്വന്തം ബാധ്യത ഒഴിഞ്ഞശേഷം വാടകവീട്ടില്‍ കഴിയുന്ന മുന്‍ ഫീല്‍ഡ് വര്‍ക്കറുമുണ്ട്.
ആരുടെ ആളുകള്‍
കേരളത്തില്‍ വ്യാപകമായി നിക്ഷേപ സമാഹരണം നടന്നെങ്കിലും ആ പണം നിക്ഷേപിച്ചത് കേരളത്തിലല്ല എന്നതാണ് പ്രധാനം. തമിഴ്നാട് അതിര്‍ത്തിയിലെ പല സ്ഥലങ്ങളിലും കര്‍ണാടകത്തില്‍ മൈസൂരു, ബെംഗളൂരു, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിലും കേരളത്തിനുവേണ്ടി പ്രത്യേക കസ്റ്റമര്‍ കെയര്‍ സെന്ററുകള്‍ തുറന്നു. 2015 വരെ നാല് വര്‍ഷം അങ്ങനെ പ്രവര്‍ത്തിച്ചു. കേസെടുക്കരുത് എന്ന ക്രൈംബ്രാഞ്ച് മേധാവി വിന്‍സന്‍ എം. പോളിന്റെ നിര്‍ദേശം നിലനിന്നിരുന്നതുകൊണ്ട് ഇവര്‍ നിര്‍ഭയരായി കേരളത്തില്‍ പ്രവര്‍ത്തനം തുടരുകയും ചെയ്തു. മാത്രമല്ല, ഇതേ കാലയളവില്‍ സംസ്ഥാന സര്‍ക്കാരിന്റെ പല പദ്ധതികള്‍ക്കും പി.എ.സി.എല്‍ സ്പോണ്‍സറായി. മാധ്യമങ്ങളില്‍ പരസ്യങ്ങളും നല്‍കി. ആ പരസ്യങ്ങള്‍ ഇവരുടെ വിശ്വാസ്യത ബോധ്യപ്പെടുത്താന്‍ നിക്ഷേപകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് ജനസംഖ്യാനുപാതികമായി നോക്കിയാല്‍ രാജ്യത്ത് പി.എ.സി.എല്ലിന് ഏറ്റവുമധികം നിക്ഷേപകരുള്ള സംസ്ഥാനമായി കേരളം മാറിയത്. ഈ കാലത്തെ നിക്ഷേപരേഖകളാണ് ക്രൈംബ്രാഞ്ച് പിന്നീട് പിടിച്ചെടുത്തത്. സെബിക്കോ ലോധാ കമ്മിഷനോ അവ കൈമാറണം. എന്നാല്‍, സെബിയും ലോധാ കമ്മിഷനും സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയതുകൊണ്ട് അവര്‍ ക്രൈംബ്രാഞ്ചില്‍നിന്ന് ഈ രേഖകള്‍ വാങ്ങിയെടുക്കാന്‍ ശ്രമിച്ചുമില്ല. 2016 ഫെബ്രുവരിയിലെ സുപ്രീംകോടതി ഉത്തരവാണ് ഇപ്പോഴും കടലാസിറങ്ങുന്നത്. അതേസമയം, പി.എ.സി.എല്‍ നിക്ഷേപകരുടെ പണത്തില്‍നിന്നാണ് ലോധാ കമ്മിഷന്‍ പ്രവര്‍ത്തനച്ചെലവും നടത്തുന്നത്. രേഖകള്‍ സമര്‍പ്പിച്ചവര്‍ക്കാകട്ടെ, 1000 രൂപ നിക്ഷേപത്തിന് 450 രൂപ മാത്രമാണ് കിട്ടിയത്.
എന്തുകൊണ്ട് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നില്ല എന്ന് ഇരകളുടെ ഹര്‍ജിയില്‍ കേരള ഹൈക്കോടതി ചോദിച്ചിരുന്നു. നാലു മാസത്തിനകം തീരുമാനമെടുക്കണമെന്നാണ് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്‍ 2023 ജൂലൈ 27-നു പുറപ്പെടുവിച്ച വിധിയില്‍ പറഞ്ഞത്. സംസ്ഥാന ചീഫ് സെക്രട്ടറിക്കുള്ള നിര്‍ദേശമായിരുന്നു ആ വിധി. നടപടിയുണ്ടാകാതെ വന്നപ്പോള്‍ കോടതിയലക്ഷ്യത്തിനു കേസെടുക്കുമെന്ന് താക്കീതു ചെയ്തു. അപ്പോഴാണ് സെക്രട്ടേറിയറ്റ് ഉണര്‍ന്നത്. അപ്പോഴാണ് അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടിയത്. എ.ജിയുടെ നിയമോപദേശത്തിനു വിലയുണ്ടായുമില്ല. സുപ്രീംകോടതി ഉത്തരവ് മുതല്‍ ഹൈക്കോടതി ഉത്തരവ് വരെയുള്ളവയെ അട്ടിമറിക്കാനുള്ള ഇത്തരം ശ്രമങ്ങളാണ് വിവിധ തലങ്ങളില്‍ ഈ വിഷയത്തില്‍ ഉണ്ടായത്. കേസില്‍ കക്ഷി ചേരാന്‍ തീരുമാനിച്ചില്ലെങ്കിലും ക്രൈംബ്രാഞ്ചിന്റെ പക്കലുള്ള രേഖകള്‍ സംസ്ഥാന പൊലീസ് മേധാവി ഏറ്റെടുത്ത് ജസ്റ്റിസ് ലോധാ കമ്മിഷനു കൈമാറണം എന്ന എ.ജിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. പക്ഷേ, 2024 സെപ്റ്റംബറിലെ ഈ ഉത്തരവില്‍ സമയപരിധി പറഞ്ഞിട്ടില്ല. യാതൊരു നടപടിയും ഉണ്ടാകാതിരുന്നതോടെ 2024 ഡിസംബറില്‍ ഹര്‍ജിക്കാരായ മനുഷ്യാവകാശ സംരക്ഷണകേന്ദ്രം ഡി.ജി.പിയെ സമീപിച്ചു. ഡി.ജിപി.യില്‍നിന്നും തുടര്‍ നടപടികള്‍ ഉണ്ടാകാതെ വന്നപ്പോള്‍ 2025 മാര്‍ച്ചില്‍ മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തു. അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഡി.ജി.പിക്ക് ആ പരാതി കൈമാറി. കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ പി.എ.സി.എല്‍ കസ്റ്റമര്‍ കെയര്‍ സെന്ററുകളില്‍നിന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് കോഴിക്കോട് ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകള്‍ പൊലീസ് മേധാവി ഏറ്റെടുത്ത് ലോധാ കമ്മിഷനു കൈമാറുന്നതിനു പകരം മുഖ്യമന്ത്രിയുടെ നിര്‍ദേശം അപ്പോഴും അട്ടിമറിക്കുകയാണ് ചെയ്തത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നിന്നുള്ള രേഖകള്‍ കിട്ടിയിട്ടില്ല എന്ന് ജസ്റ്റിസ് ലോധ അയച്ച കത്തിന്റെ പകര്‍പ്പം കൂടി ഉള്‍പ്പെടുത്തിയാണ് മുഖ്യമന്ത്രിക്ക് രണ്ടാമത്തെ കത്ത് കൊടുത്തത്. അതിന്റെ ഗൗരവം ഉള്‍ക്കൊണ്ടാണ് മുഖ്യമന്ത്രി ഡി.ജി.പിയോട് അടിയന്തര നടപടി ആവശ്യപ്പെട്ടതും. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പിയില്‍നിന്ന് രേഖകള്‍ ഏറ്റെടുക്കുന്നതിനു പകരം മുഖ്യമന്ത്രിയുടെ നിര്‍ദേശം വീണ്ടും ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിക്ക് കൈമാറുന്നതാണ് കണ്ടത്.
അദ്ദേഹം സോണല്‍ ഐ.ജിമാര്‍ക്ക് കൈമാറി; അവര്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും അവര്‍ റൂറല്‍ എസ്.പിമാര്‍ക്കും കൈമാറി. കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിലിരിക്കുന്ന രേഖകള്‍ തിരയാനാണ് ഈ കൈമാറ്റ മഹോത്സവം. പരാതിക്കാര്‍ക്ക് തന്നെ ഇത് ഭാരമായി മാറി.
അവരെ എല്ലാ ജില്ലകളില്‍നിന്നും വിളിച്ച് മൊഴിയെടുക്കുന്ന സ്ഥിതിയായി. നിക്ഷേപകരുടെ ദുരിതമില്ലാതാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരെ പൊലീസ് ദുരിതത്തിലാക്കി. മുഖ്യമന്ത്രിയുടെ ഇടപെടലിനെപ്പോലും അവര്‍ പരിഹാസ്യമാക്കി മാറ്റി. അതാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates