

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സി.പി.എമ്മിനേറ്റ കനത്ത പരാജയം പാര്‍ട്ടിയുടെ വിവിധ കേന്ദ്രങ്ങളിലും സമിതികളിലും പലരീതിയിലുള്ള പ്രതികരണങ്ങളാണ് ഉണ്ടാക്കിയത്. അതിന്റെ അനുരണനങ്ങളാണ് ഇപ്പോള്‍ സി.പി.എം കമ്മിറ്റികളില്‍ ഉയരുന്ന വൈകാരിക പ്രതികരണങ്ങളും വിമര്‍ശനങ്ങളും. തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തെ കാര്യമായി കുലുക്കിയില്ലെങ്കിലും കീഴ്ത്തട്ട് കമ്മിറ്റികളിലും അനുഭാവി വൃന്ദങ്ങള്‍ക്കിടയിലും ആശങ്കയും നിരാശയും പടര്‍ത്തിയിട്ടുണ്ട്. ഇതു മനസ്സിലാക്കിയാകണം, ഇതുവരെ മിണ്ടാതിരുന്ന പലരും പ്രതികരണങ്ങളുമായി രംഗത്തുവന്നതും. തെരഞ്ഞെടുപ്പിനുശേഷം ഡോ. തോമസ് ഐസക്കിനെപ്പോലുള്ളവര്‍ അത്തരം അഭിപ്രായം പരസ്യമായിത്തന്നെ വ്യക്തമാക്കി. സി.പി.എമ്മിന്റെ ജില്ലാക്കമ്മിറ്റികളിലും ഇത്തരം വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇതിനിടെയാണ്, സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐയുടെ മുന്‍ ജില്ലാ പ്രസിഡന്റുമായ മനു തോമസ് എന്ന യുവനേതാവിന്റെ പുറത്താക്കല്‍ വാര്‍ത്തയും അതിനോടനുബന്ധിച്ചുള്ള പരസ്യമായ വെളിപ്പെടുത്തലുകളും ഉണ്ടാകുന്നത്. സി.പി.എമ്മിന്റെ ഭദ്രമായ തട്ടകം എന്നു കരുതിയിരുന്ന കണ്ണൂരില്‍, മനു തോമസിന്റെ പുറത്താക്കലുമായി ബന്ധപ്പെട്ടുയര്‍ന്ന ചര്‍ച്ചകളെ, ''ഏതോ ഒരു കമ്മിറ്റിയംഗത്തിന്റെ എന്തോ ആരോപണം'' എന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തള്ളിക്കളയുമ്പോഴും അതുയര്‍ത്തുന്ന ചര്‍ച്ചകളുടെ വ്യാപ്തിയും ആഴവും ചെറുതല്ല. കാരണം, ആദ്യമായാണ് കണ്ണൂരിലെ സി.പി.എം നേതൃത്വത്തിനുള്ളില്‍ നിന്നുതന്നെ, അക്രമ-കൊലപാതക രാഷ്ട്രീയത്തിനും ക്വട്ടേഷന്‍-മാഫിയ ബന്ധങ്ങള്‍ക്കും എതിരായി പരസ്യമായ അഭിപ്രായവും വിയോജിപ്പും പ്രകടിപ്പിച്ചുകൊണ്ട് ഒരാള്‍ പുറത്തുവരുന്നത്. പൊതുരംഗത്ത് സ്വന്തം പ്രതിച്ഛായ ഉയര്‍ത്താനും തിന്മകള്‍ക്കെതിരെ പോരാടുന്നുവെന്നു നടിക്കാനും ശ്രമിക്കുന്ന നിരവധി നേതാക്കള്‍ സി.പി.എമ്മിലുണ്ടെങ്കിലും അവരൊന്നും ഏതെങ്കിലും ഘട്ടത്തില്‍ പാര്‍ട്ടിയുടെ അക്രമപ്രവര്‍ത്തനങ്ങളെ തള്ളിപ്പറയാന്‍ തയ്യാറായിട്ടില്ല. മുന്‍പും പലരും പാര്‍ട്ടി വിടുകയോ പുറത്താക്കപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിലും അതെല്ലാം പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകളോ സ്ഥാനമാനങ്ങളെ ചൊല്ലിയോ ഒക്കെ ആയിരുന്നു. പാര്‍ട്ടി വിട്ടതിനുശേഷം അക്രമരാഷ്ട്രീയത്തെ അവര്‍ വിമര്‍ശിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടിക്കുള്ളില്‍ അത്തരം എതിര്‍പ്പുകള്‍ ഉയര്‍ത്തിയിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് മനു തോമസ് ഉയര്‍ത്തിക്കൊണ്ടുവരുന്ന പ്രശ്‌നങ്ങളും വിമര്‍ശനങ്ങളും പ്രസക്തമാകുന്നത്.
പുറത്താകലിന്റെ പശ്ചാത്തലം
നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം, ജൂണ്‍ അവസാനവാരം ചേര്‍ന്ന സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയോഗത്തിനുശേഷമാണ് കമ്മിറ്റിയംഗവും മുന്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന മനു തോമസിനെ പുറത്താക്കിയ വിവരം ചര്‍ച്ചയായത്. കഴിഞ്ഞ 15 മാസമായി യോഗങ്ങളില്‍ സ്ഥിരമായി പങ്കെടുക്കാതിരിക്കുകയും അംഗത്വം പുതുക്കാതിരിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ഭരണഘടനയനുസരിച്ച് സ്വാഭാവികമായി മനു തോമസ് പാര്‍ട്ടിയില്‍നിന്നു പുറത്തായി എന്നാണ് ഇക്കാര്യം വിശദീകരിച്ച് ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ അറിയിച്ചത്. മൂന്നു വര്‍ഷം മുന്‍പ്, മലബാറിലെ സ്വര്‍ണ്ണക്കടത്ത്-പൊട്ടിക്കല്‍ സംഘങ്ങള്‍ തമ്മിലുള്ള പോരിനിടെ കോഴിക്കോട്ട് രാമനാട്ടുകരയില്‍ അവരുടെ വാഹനം അപകടത്തില്‍പ്പെട്ടതും തുടര്‍ന്നുണ്ടായ അന്വേഷണങ്ങളില്‍ കണ്ണൂരിലെ ഡി.വൈ.എഫ്.ഐ നേതാക്കളുടെ പേരുകള്‍ ഈ സംഘങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവന്നതുമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്ക് ആധാരമായ സംഭവം. 2021 ജൂണില്‍ കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ സംഘത്തില്‍നിന്നു മറ്റൊരു സംഘം സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയും അതിനിടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് അഞ്ചുപേര്‍ മരിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ അന്വേഷണത്തിനിടയിലാണ് സ്വര്‍ണ്ണക്കടത്ത് പൊട്ടിച്ച് തട്ടിയെടുക്കുന്ന സംഘത്തിന്റെ സൂത്രധാരന്‍ അര്‍ജുന്‍ ആയങ്കി ആണെന്നും അദ്ദേഹത്തിന്റെ ഡി.വൈ.എഫ്.ഐ ബന്ധവും പുറത്തുവരുന്നത്. സി.പി.എം പ്രതിക്കൂട്ടിലായ കൊലപാതക കേസുകളിലെ ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ബന്ധവും പുറത്തുവന്നു.
ഡി.വൈ.എഫ്.ഐ ഇതിനെ പ്രതിരോധിച്ചെങ്കിലും അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാര്‍ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിന്റേതാണെന്ന വെളിപ്പെടുത്തലുമുണ്ടായി. ചെമ്പിലോട് നോര്‍ത്ത് വില്ലേജ് സെക്രട്ടറിയും അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റിയംഗവുമായ സജേഷിന്റേതാണ് കാര്‍ എന്നു പൊലീസ് കണ്ടെത്തിയെങ്കിലും തന്റെ അനുവാദമില്ലാതെയാണ് അര്‍ജുന്‍ കാര്‍ എടുത്തുകൊണ്ടുപോയതെന്നു കാട്ടി അദ്ദേഹം പൊലീസില്‍ പരാതി നല്‍കി. ഇതോടൊപ്പം സ്വര്‍ണ്ണക്കടത്ത്-ക്വട്ടേഷന്‍ സംഘങ്ങള്‍ക്കു ചില സി.പി.എം നേതാക്കളുമായുളള ബന്ധവും ചര്‍ച്ചയാവുകയും അവര്‍ സി.പി.എം നേതാക്കളോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. കൂടാതെ, അര്‍ജുന്‍ ആയങ്കി, ആകാശ് തില്ലങ്കേരിപോലുള്ള ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രവര്‍ത്തകര്‍ സി.പി.എമ്മിന്റെ സൈബര്‍ വിങ്ങില്‍ നേടിയെടുത്ത വന്‍ അനുയായിവൃന്ദവും ചര്‍ച്ചയായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകത്തില്‍ ഒന്നാംപ്രതിയാണ് ആകാശ് തില്ലങ്കേരി.
ഇതോടെയാണ് മനു തോമസിന്റെ നേതൃത്വത്തിലുള്ള ഡി.വൈ.എഫ്.ഐ സംഘടനയുടെ മുഖം രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ ജില്ലയില്‍ മേഖലാ ജാഥകള്‍ സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി 2021 ജൂണ്‍ 24-ന് കൂത്തുപറമ്പ് ടൗണില്‍ പ്രസംഗിക്കാനെത്തിയതോടെയാണ് മനു ഉള്‍പ്പെട്ട ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കു മുന്നില്‍ ക്വട്ടേഷന്‍-സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ യഥാര്‍ത്ഥ മുഖം വെളിവാകുന്നത്. രാത്രി റോഡരികില്‍ പ്രസംഗിക്കാന്‍ തുടങ്ങിയതോടെ സ്ഥലത്തെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. ഇരുട്ടില്‍ സംഘങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ സംസാരിച്ചെങ്കിലും പാര്‍ട്ടിയുടെ ശക്തികേന്ദ്രത്തില്‍ ഡി.വൈ.എഫ്.ഐ നേതാവ് പ്രസംഗിക്കുന്നതിനിടെ വൈദ്യുതി തടസപ്പെടുത്തിയത് ഈ സംഘങ്ങളുടെ താക്കീതായിരുന്നു. പ്രാദേശിക നേതാക്കളുടെ ഒത്താശയും വൈദ്യുതി വിച്ഛേദത്തിനു പിന്നിലുണ്ടായിരുന്നു. കടകളെല്ലാം അടച്ച് ഒരുതരം ഹര്‍ത്താല്‍ പ്രതീതി ആയിരുന്നു പ്രദേശത്ത്. സംഘടനയ്ക്കുണ്ടായ അപമാനം മറികടക്കാന്‍ സി.പി.എം കൂത്തുപറമ്പ് വെസ്റ്റ് ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ പ്രാദേശിക നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിയെടുത്തെങ്കിലും പ്രശ്‌നം അത്ര നിസ്സാരമല്ല എന്ന ബോധം യുവജനനേതാക്കള്‍ക്കുണ്ടായി. ഇതോടൊപ്പം തന്നെ ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയും ഡി.വൈ.എഫ്.ഐ നേതൃത്വത്തിനെതിരെ പരസ്യമായ ഭീഷണി മുഴക്കുകയും ചെയ്തു.
അന്നത്തെ മേഖലാ ജാഥയില്‍ സംസാരിക്കാന്‍ കൂടെയുണ്ടായ ഡി.വൈ.എഫ്.ഐ ജില്ലാ നേതാവു തന്നെ, ക്വട്ടേഷന്‍-സ്വര്‍ണ്ണക്കടത്തു സംഘങ്ങളുമായി ബന്ധം പുലര്‍ത്തുന്നുവെന്നു മനസ്സിലാക്കിയതോടെ മനു തോമസ് പരാതിയുമായി മുന്നോട്ട് പോയി. 2022 ഏപ്രിലില്‍ ജില്ലാ കമ്മിറ്റിയംഗവും ഇപ്പോഴത്തെ യുവജന കമ്മിഷന്‍ ചെയര്‍മാനുമായ എം. ഷാജര്‍ ക്വട്ടേഷന്‍ സംഘങ്ങളുമായി ചേര്‍ന്നു തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് സി.പി.എം ജില്ലാ കമ്മിറ്റിക്ക് മനു തോമസ് പരാതി നല്‍കി. ക്വട്ടേഷന്‍ സംഘത്തിന്റെ രഹസ്യ വാട്ട്സ് ആപ്പ് ഗ്രൂപ്പിലെ ശബ്ദസന്ദേശവും തെളിവായി അദ്ദേഹം ഹാജരാക്കിയിരുന്നു. എന്നാല്‍, ജില്ലാ കമ്മിറ്റി ഇതു കാര്യമായി അന്വേഷിക്കാന്‍ തയ്യാറായില്ല. മൂന്നു തവണ വിഷയം സമിതിയില്‍ ഉന്നയിച്ചെങ്കിലും ഷാജറിനു ശ്രദ്ധക്കുറവുണ്ടായി എന്നു മാത്രമായിരുന്നു ജില്ലാ കമ്മിറ്റി വിലയിരുത്തിയത്. ഒരു വര്‍ഷം കാത്തിരുന്നിട്ടും നടപടിയൊന്നുമുണ്ടാകാത്തതിനെത്തുടര്‍ന്ന് 2023 ഏപ്രിലില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇതു സംബന്ധിച്ച് പരാതി നല്‍കി. വിഷയം ഗൗരവമായി സംസ്ഥാന നേതൃത്വവും പരിഗണിച്ചില്ല എന്നു മാത്രമല്ല, ആരോപിതനായ ആള്‍ക്ക് ഉന്നതപദവി നല്‍കി പാര്‍ട്ടി സംരക്ഷിക്കുകയും ചെയ്തു.
അന്വേഷണമോ നടപടിയോ ഉണ്ടാകില്ലെന്നു മനസ്സിലാക്കിയതു മുതല്‍ മനു തോമസ് പാര്‍ട്ടി ഔദ്യോഗിക യോഗങ്ങളില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. എം.വി. ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അനുനയ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഉന്നയിച്ച വിഷയങ്ങളില്‍ കാര്യമായ നടപടിയില്ലാത്തതിനാല്‍ പാര്‍ട്ടിയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയാണ് ചെയ്തത്.
ഇപ്പോഴത്തെ സംഭവവികാസങ്ങള്‍
പാര്‍ട്ടിക്കുള്ളില്‍ സംഭവം ഉന്നയിച്ചിരുന്നെങ്കിലും നടപടിയുണ്ടാകാത്തപക്ഷം അംഗത്വം പുതുക്കാതെ സ്വാഭാവികമായും ഒഴിഞ്ഞുപോകാനാണ് താന്‍ ശ്രമിച്ചതെന്ന് മനു തോമസ് പറയുന്നു. എന്നാല്‍, പാര്‍ട്ടി തീരുമാനം വന്നതിനുശേഷം, സാമ്പത്തിക ക്രമക്കേട് നടത്തിയതിന്റെ പേരില്‍ മനുവിനെ പുറത്താക്കിയെന്ന് കണ്ണൂരിലെ മാധ്യമങ്ങളില്‍ വാര്‍ത്തവന്നു. ഇതു സംബന്ധിച്ച് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജൂണ്‍ 25-നു പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: ''മനു തോമസിനെ പാര്‍ട്ടി പുറത്താക്കിയിട്ടില്ല. കഴിഞ്ഞ 15 മാസമായി പാര്‍ട്ടി യോഗങ്ങളിലും പ്രവര്‍ത്തനങ്ങളിലും അദ്ദേഹം പങ്കെടുക്കാറില്ല. 2024-ല്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കിയിട്ടുമില്ല. ഭരണഘടന പ്രകാരം അംഗത്വം പുതുക്കാതെ മനുതോമസ് ഒഴിവായതാണ്.''
വസ്തുതകള്‍ അറിയാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോഴാണ് ഈ വാര്‍ത്ത തനിക്കെതിരെ ഗൂഢലക്ഷ്യത്തോടെ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയതാണെന്ന് മനു തോമസ് ആരോപണം ഉന്നയിക്കുന്നത്. ഇതിനു പിന്നില്‍ മുതിര്‍ന്ന നേതാവ് പി. ജയരാജന്‍ ആണെന്ന മനസ്സിലാക്കലിലാണ് അദ്ദേഹത്തിന്റെ തണലിലാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ വരുന്നതെന്നും മനു ആരോപിച്ചത്. ഇതിനുശേഷം 'ഒരു വിപ്ലവകാരിയുടെ പതനം' എന്നു തുടങ്ങുന്ന പി. ജയരാജന്റെ മനു തോമസിനെതിരെയുള്ള ഫേസ് ബുക്ക് പോസ്റ്റ് വന്നതോടെ സംഭവം കൂടുതല്‍ ശ്രദ്ധയിലേയ്ക്ക് എത്തി ''മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനായിരിക്കെ, തലശേരിയിലും തളിപ്പറമ്പിലും നടത്തുന്ന വ്യാപാരസംരംഭങ്ങളില്‍നിന്ന് ഒഴിവാകണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ അദ്ദേഹം തിരുത്തല്‍ വരുത്തേണ്ടതായിരുന്നു. പകരം പാര്‍ട്ടിയെ കരിവാരിത്തേക്കുകയാണ് അദ്ദേഹം ചെയ്തതെ''ന്നാണ് പി. ജയരാജന്റെ പോസ്റ്റിലെ ആരോപണം.
ഇതിനോട് പ്രതികരിച്ചുകൊണ്ട് എഴുതിയ ഫേസ്ബുക്ക് കുറിപ്പിലാണ്, പി. ജയരാജനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി മനു തോമസ് രംഗത്തുവന്നത്. പി. ജയരാജനെതിരെ ഇതുവരെ ആരും ഉന്നയിക്കാത്ത തരത്തിലുള്ള ആരോപണങ്ങളാണ് മനുവിന്റെ കുറിപ്പില്‍ ഉണ്ടായിരുന്നത്. കൊലപാതകക്കേസുകളില്‍ പ്രതിസ്ഥാനത്ത് വരികയും ആരോപണങ്ങള്‍ നേരിടുകയും ചെയ്തിട്ടുണ്ടെങ്കിലും പി. ജയരാജനെതിരെ സാമ്പത്തിക അഴിമതി ആരോപണങ്ങള്‍ ഇതുവരെ ഉന്നയിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. ഇതോടൊപ്പം, പി. ജയരാജന്റേയും മക്കളുടേയും ലളിത ജീവിതം പലപ്പോഴും സൈബറിടങ്ങളില്‍ വാഴ്ത്തപ്പെടുകയും ചെയ്യാറുണ്ട്. ഇതിനിടയിലാണ് ''വിദേശത്തും സ്വദേശത്തും മകനേയും ക്വട്ടേഷന്‍ സംഘങ്ങളേയും ഉപയോഗിച്ച് കച്ചവടങ്ങള്‍ കെട്ടിപ്പൊക്കി'' എന്നും പാര്‍ട്ടിയില്‍ പുതിയ ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിച്ചു എന്നും ഉള്ള ആരോപണങ്ങള്‍ മനു ഉന്നയിച്ചത്. സ്വന്തം ആരാധകവൃന്ദത്തിന് ആഘോഷിക്കാനാണ് പാര്‍ട്ടിയുടേതെന്ന വ്യാജേന ജയരാജന്‍ ഫേസ്ബുക്ക് കുറിപ്പ് ഇടുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇതിനുശേഷം ആകാശ് തില്ലങ്കേരി മനു തോമസിനോട് ''പാര്‍ട്ടിക്കെതിരെ എന്തും വിളിച്ചുപറയാന്‍ പറ്റില്ലെന്നു ബോധ്യപ്പെടുത്താന്‍ കണ്ണൂരിലെ സംഘടനയ്ക്ക് വലിയ സമയം വേണ്ടെന്ന് ഓര്‍ത്താല്‍ നല്ലത്'' എന്ന ഭീഷണി സന്ദേശവും ഇട്ടു. ഇതിനിടെ പി. ജയരാജന്റെ മകന്‍ ജെയിന്‍ രാജ് മനുവിനെതിരെ അപകീര്‍ത്തി കേസും ഫയല്‍ ചെയ്തു.
ഇതോടുകൂടിയാണ് മനു തോമസ് കൂടുതല്‍ വെളിപ്പെടുത്തലുമായി മറ്റൊരു പോസ്റ്റ് കൂടി ഷെയര്‍ ചെയ്തത്. അതിലാണ് ടി.പി. ചന്ദ്രശേഖരന്റേയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശുഹൈബിന്റേയും കൊലപാതകങ്ങള്‍ വിപ്ലവമായിരുന്നില്ല വൈകൃതമായിരുന്നു എന്ന അഭിപ്രായ പ്രകടനം നടത്തിയത്. ഭീഷണി നടത്തിയ സംഘങ്ങളെ ഉദ്ദേശിച്ച് ''ഒഞ്ചിയവും എടയന്നൂരും ഉള്‍പ്പെടെ നടന്നത് വിപ്ലവമായിരുന്നില്ല, വൈകൃതമായിരുന്നു... നിങ്ങളീപ്പറയുന്ന പ്രതിരോധം ആര്‍ക്കുവേണ്ടി, എന്തിനൊക്കെ നടത്തിയതാണെന്നു കൃത്യമായ ബോധ്യമുണ്ട്'' എന്നും ''ആരാന്റെ കണ്ണീരും സ്വപ്നവും തകര്‍ത്തുകിട്ടുന്ന സന്തോഷത്തിലോ ക്വട്ടേഷന്‍ മാഫിയ സ്വര്‍ണ്ണപ്പണത്തിന്റെ തിളക്കത്തിലോ ഡിവൈന്‍ കമ്യൂണിസ്റ്റ് പരിവേഷത്തിലോ അഭിരമിക്കുന്നവര്‍ക്ക് അത് അറിയണമെന്നില്ല'' എന്നുമായിരുന്നു അദ്ദേഹം കുറിച്ചത്.
വധഭീഷണിയുടെ പശ്ചാത്തലത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് നിര്‍ദ്ദേശ പ്രകാരം മനു തോമസിന്റെ വീടിനു പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയെങ്കിലും താന്‍ ആവശ്യപ്പെടാതെയാണ് ഈ നീക്കമെന്നും അദ്ദേഹം പ്രതികരിച്ചു.
ആരോപണങ്ങള്‍ പാര്‍ട്ടിയെ ഉലയ്ക്കുമോ?
മനു തോമസ് ഉയര്‍ത്തിയ ആരോപണങ്ങള്‍ കണ്ണൂരിലെ സി.പി.എം പാര്‍ട്ടി സംവിധാനത്തെ കാര്യമായി ബാധിക്കുമെന്നു തോന്നുന്നില്ല. അതേസമയം, പാര്‍ട്ടി അനുഭാവികളും നിഷ്പക്ഷരും ഉള്‍പ്പെടുന്ന ജനകീയതലത്തില്‍ അത് അനുരണനങ്ങള്‍ ഉണ്ടാക്കിയേക്കും. വടകരയില്‍ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം മുതല്‍ തന്നെ സി.പി.എം ആരോപണവിധേയമാകുന്ന കൊലപാതകങ്ങളില്‍ ക്വട്ടേഷന്‍-സ്വര്‍ണ്ണക്കടത്ത് പൊട്ടിക്കല്‍ സംഘങ്ങളുടെ പങ്കിനെക്കുറിച്ച് ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. പാര്‍ട്ടി സംവിധാനത്തെ മറികടന്നുകൊണ്ട് ഇവര്‍ നടത്തുന്ന അക്രമങ്ങളേയും സാമ്പത്തിക ഇടപാടുകളേയും കുറിച്ച് പരാതികള്‍ ഉയരുകയും ചെയ്തു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, ജയിലിലായിരിക്കെ 2017-ല്‍ ആസൂത്രണം ചെയ്ത് കോഴിക്കോട് നല്ലളത്ത് സ്വര്‍ണ്ണക്കടത്തു സംഘത്തില്‍നിന്നു മൂന്നു കിലോ സ്വര്‍ണ്ണം തട്ടിയെടുത്തുവെന്ന കേസ് ഇതിനു ബലം പകരുന്നതായിരുന്നു.
വയനാട്ടിലെ തിരുനെല്ലിയില്‍നിന്നു സ്വര്‍ണ്ണം വിറ്റുമടങ്ങിയവരില്‍നിന്ന് അഞ്ചുകോടി രൂപ തട്ടിയെടുത്ത മറ്റൊരു കേസും ഉണ്ടായിരുന്നു. ദുരൂഹമായ രീതിയില്‍ ഈ കേസുകളൊന്നും എവിടെയുമെത്തിയില്ല. പാര്‍ട്ടിയുടെ നിയന്ത്രണത്തിനതീതമായി സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മാറിയതോടെ പാര്‍ട്ടിയിലും ഇതു ചര്‍ച്ചയായി.
ഏതാണ്ട് അഞ്ചു വര്‍ഷം മുന്‍പു തന്നെ ഇത്തരം സംഘങ്ങളെ നിയന്ത്രിക്കണമെന്ന് സി.പി.എം ജില്ലാ കമ്മിറ്റി തീരുമാനമെടുത്തിരുന്നു. എങ്കിലും സംഘങ്ങളുടെ സൈബര്‍ മാധ്യമങ്ങളിലെ സ്വാധീനവും ചില നേതാക്കള്‍ നല്‍കിയ പിന്തുണയും കാരണം പാര്‍ട്ടിക്ക് കാര്യമായ ഇടപെടല്‍ നടത്താന്‍ കഴിഞ്ഞില്ല.
മനു തോമസ് ഉയര്‍ത്തിയ ആരോപണങ്ങളുടെ കാര്യത്തില്‍ സി.പി.എം ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും തന്ത്രപരമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പാര്‍ട്ടിയോട് അഹിതകരമായ ചോദ്യങ്ങള്‍ ചോദിച്ച നേതാവ് എന്ന നിലയില്‍ അദ്ദേഹത്തെ തഴയുമെന്ന സൂചനകള്‍ മനുവിനു നേരത്തെ തന്നെ കിട്ടിയിട്ടുണ്ട്. അതേസമയം, മികച്ച പ്രതിച്ഛായയുള്ള യുവനേതാവിനെ, വിമര്‍ശനപരമായ ചോദ്യങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ പുറത്താക്കിയെന്നു വരുത്തിത്തീര്‍ക്കാന്‍ സി.പി.എം ശ്രമിക്കുന്നില്ല. മനു തോമസ് സ്വയം ഒഴിഞ്ഞതാണെന്ന നിലപാടാണ് എം.വി. ജയരാജന്‍ ആവര്‍ത്തിക്കുന്നത്. അതേസമയം, പാര്‍ട്ടിക്ക് ക്വട്ടേഷന്‍-സര്‍ണ്ണക്കടത്ത് സംഘവുമായി യാതൊരു ബന്ധവുമില്ലെന്നും അതിനെ പലവട്ടം തള്ളിപ്പറയുകയും നിരവധി പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തുവെന്നാണ് ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ പറയുന്നത്.
മനു തോമസിന്റെ മാധ്യമങ്ങളിലെ വെളിപ്പെടുത്തലുകളെ വിമര്‍ശിക്കുമ്പോള്‍ തന്നെ, പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളില്‍നിന്നു വിട്ടുനില്‍ക്കണമെന്ന് പി. ജയരാജനെ സൂചിപ്പിച്ച് അദ്ദേഹം പറയുന്നുണ്ട്.
മനു തോമസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലൂടെ സി.പി.എം രണ്ടു കാര്യങ്ങള്‍ ലക്ഷ്യമിടുന്നുണ്ട്. ഒന്ന് മനുവിന്റെ പുറത്താക്കലിനെ മയപ്പെടുത്തി, പ്രകോപനങ്ങളില്ലാതെ അതുമായി ബന്ധപ്പെട്ടുയരാവുന്ന ചര്‍ച്ചകളെ ഇല്ലാതാക്കുക. രണ്ട്, ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം സി.പി.എം ഔദ്യോഗിക നേതൃത്വത്തിനെതിരെ ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉന്നയിച്ച, പി. ജയരാജനെ സമ്മര്‍ദ്ദത്തിലാക്കുക. ഇതിനു സംസ്ഥാന നേതൃത്വത്തിന്റേയും പിന്തുണയുണ്ടെന്നാണ് സെക്രട്ടറി എം.വി. ഗോവിന്ദന്റെ അഭിപ്രായ പ്രകടനത്തില്‍നിന്നു വെളിവാകുന്നത്. മനു തോമസിന്റേത് അത്ര ഗൗരവമുള്ള കാര്യമല്ലെന്നും ജില്ലാതലത്തില്‍ പരിഹരിക്കേണ്ട ചെറിയ പ്രശ്‌നമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. മനുവിന്റെ ആരോപണങ്ങള്‍ പി. ജയരാജനിലേയ്ക്ക് മാത്രമാണ് എന്നു കണ്ടതോടെ പാര്‍ട്ടി നേതൃത്വം പ്രതികരിക്കാതെ ഈ പോര് നോക്കിനില്‍ക്കുകയായിരുന്നു. ദിവസങ്ങള്‍ക്കുശേഷമാണ് പി. ജയരാജനെതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെന്ന് ജില്ലാക്കമ്മിറ്റി പത്രക്കുറിപ്പിറക്കിയത്.
ഇനിയെന്ത്?
പാര്‍ട്ടിയില്‍നിന്നു സ്വയം ഒഴിവായതാണെന്നും പുറത്താക്കിയിട്ടില്ലെന്നുമുള്ള സി.പി.എം ജില്ലാ സെക്രട്ടറിയുടെ നിലപാട് മനുവിന്റെ തിരിച്ചുവരവിനു വാതില്‍ തുറന്നിടുന്നതാണെന്നു തോന്നാമെങ്കിലും അതിനു സാധ്യത കുറവാണ്. തളിപ്പറമ്പ് പോലുള്ള മേഖലയില്‍ സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പു സാധ്യതകള്‍ കണക്കിലെടുത്താല്‍ നേട്ടങ്ങളുണ്ടാക്കാന്‍ ഉപകരിക്കുന്ന യുവനേതാവാണ് മനു തോമസ്. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ അദ്ദേഹം കോളേജ് യൂണിയന്‍ ഭാരവാഹിയും കണ്ണൂര്‍ സര്‍വ്വകലാശാലാ യൂണിയന്‍ ചെയര്‍മാനായും പിന്നീട് ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റായും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയിരുന്നു. കണ്ണൂരിന്റെ മലയോര മേഖലയില്‍ ജെയിംസ് മാത്യുവിനുശേഷം ക്രൈസ്തവ സമുദായത്തില്‍ സ്വാധീനമുറപ്പിക്കാന്‍ സാധിക്കുന്ന നേതാവും കൂടിയായിരുന്നു അദ്ദേഹം. സമകാലികരായ കണ്ണൂരിലെ യുവനേതാക്കളില്‍ ഏറെയും രണ്ടു പിണറായി സര്‍ക്കാരുകളുടെ കാലത്ത് ഏതെങ്കിലും തരത്തിലുള്ള പദവികളോ സ്ഥാനമാനങ്ങളോ നേടിയപ്പോഴും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ സജീവമാകാനായിരുന്നു മനു തോമസ് ആഗ്രഹിച്ചത്.
കൊലപാതക-ക്വട്ടേഷന്‍ സംസ്‌കാരത്തിനെതിരെ മനു തോമസ് ഇപ്പോള്‍ ഉന്നയിച്ച ആരോപണങ്ങള്‍ പ്രത്യക്ഷത്തില്‍ ജനകീയമാണെന്നു തോന്നുമെങ്കിലും അതൊന്നും പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വത്തിനു നേരെ വിരല്‍ചൂണ്ടുന്ന തരത്തിലല്ല എന്നതും കാണേണ്ടതുണ്ട്. സ്വര്‍ണ്ണക്കടത്ത്-ക്വട്ടേഷന്‍ സംഘങ്ങളുടെ സ്വാധീനത്തെയാണ് അദ്ദേഹം വിമര്‍ശന വിധേമാക്കുന്നതെങ്കിലും പിന്നീടുള്ള പ്രതികരണങ്ങള്‍ അത് പി. ജയരാജനും അദ്ദേഹത്തോട് ചേര്‍ന്നുനില്‍ക്കുവര്‍ക്കു നേരെയും ആണെന്ന പ്രതീതിയാണുണ്ടാക്കിയത്. ടി.പി. ചന്ദ്രശേഖരന്‍ വധത്തേയും ശുഹൈബ് വധത്തേയും 'വൈകൃതമായി' കാണുന്ന അദ്ദേഹം, സ്വന്തം മണ്ഡലത്തില്‍ തന്നെയുണ്ടായ അരിയില്‍ ഷുക്കൂറിന്റേതടക്കം പാര്‍ട്ടി ആരോപണവിധേയമായതും പ്രതിസ്ഥാനത്ത് വന്നതുമായ കൊലപാതകങ്ങള്‍ പരാമര്‍ശിക്കുന്നില്ല. ചില ഗ്യാങ്ങുകളേയും അവരെ സഹായിക്കുന്ന നേതാക്കളേയും മാത്രമാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.
ഇപ്പോഴുയര്‍ത്തിയ ആരോപണങ്ങള്‍ സജീവമായി നിലനിര്‍ത്താന്‍ അദ്ദേഹത്തിനാകുമോ എന്നതും ഒരു ഘടകമാണ്. മനു തോമസിനെ ജില്ലാക്കമ്മിറ്റിയില്‍നിന്നും പുറത്താക്കി എന്ന വാര്‍ത്ത മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയത് കണ്ടെത്താന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. പ്രകാശന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ അന്വേഷണ കമ്മിഷനെ വെച്ചിട്ടുമുണ്ട്.
ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമില്ലെന്നു പാര്‍ട്ടി പലപ്പോഴായി പറയുകയും ഇത്തരം ആളുകളെ തള്ളിപ്പറയുകയും പ്രതിരോധ പരിപാടികള്‍ നടത്തുകയും ചെയ്യുന്നുണ്ടെങ്കിലും ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന ക്വട്ടേഷനംഗങ്ങളായ പ്രതികളെ പുറത്തിറക്കാന്‍ ഈയടുത്തും സര്‍ക്കാര്‍ തലത്തില്‍ പാര്‍ട്ടി നടത്തുന്ന ശ്രമങ്ങള്‍ മനു തോമസ് ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ശരിവെക്കുന്നതാണ്. ഈ ബന്ധം ജയരാജനില്‍ മാത്രം ഒതുങ്ങുന്നതുമല്ല എന്നും ഈ ഇടപെടലിലൂടെ തന്നെ വ്യക്തവുമാണ്. കൊലപാതക രാഷ്ട്രീയത്തിന്റേയും ക്വട്ടേഷന്‍ ബന്ധത്തിന്റേയും ഉത്തരവാദിത്വം ഒരു വിഭാഗം തന്നിലേയ്ക്ക് തിരിച്ചുവെക്കാന്‍ ശ്രമിക്കുമ്പോഴും അതിനെ പ്രതിരോധിക്കാന്‍ പി. ജയരാജനു കഴിയുന്നതും ഇത്തരം സംഭവവികാസങ്ങളിലൂടെയാണ്.
അതുതന്നെയാണ് പരസ്യമായി പ്രതികരിക്കാനുള്ള പി. ജയരാജന്റെ ധൈര്യവും. ഈ വിവാദങ്ങള്‍ നടക്കുന്നതിനിടെ പയ്യന്നൂര്‍ കാനായില്‍ സ്വര്‍ണ്ണം പൊട്ടിക്കലില്‍ പങ്കാളിയായി എന്നു കണ്ടെത്തിയ സി.പി.എം എരമം സെന്‍ട്രല്‍ ബ്രാഞ്ച് കമ്മിറ്റിയംഗം സജേഷിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയിട്ടുമുണ്ട്.
ഇതിനിടെ ക്വട്ടേഷന്‍ സംഘങ്ങളുടെ ഭീഷണിയില്‍നിന്നും മനു തോമസിനു സംരക്ഷണം നല്‍കണമെന്നും താല്‍പ്പര്യമുണ്ടെങ്കില്‍ കോണ്‍ഗ്രസ്സിലേയ്ക്ക് വരാമെന്നും ജില്ലാ പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും അഭിപ്രായപ്പെട്ടിട്ടുണ്ട്.
സി.പി.എം സംസ്ഥാന നേതൃത്വം ആരോപണം കാര്യമായി എടുത്തില്ലെങ്കിലും കണ്ണൂരിലെ സംഭവവികാസങ്ങളില്‍ കടുത്ത വിമര്‍ശനവുമായി ഇടതുമുന്നണിയിലുള്ള സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത് വന്നിരുന്നു. കണ്ണൂരില്‍നിന്നു സ്വര്‍ണ്ണം പൊട്ടിക്കുന്നതിന്റേയും അധോലോക അഴിഞ്ഞാട്ടത്തിന്റേയും കഥകള്‍ പുറത്തുവരുന്നത് ചെങ്കൊടിക്ക് അപമാനമാണെന്നും പ്രസ്ഥാനത്തിനേറ്റ തിരിച്ചടിയില്‍ ഇത്തരക്കാരുടെ പങ്ക് ചെറുതല്ല എന്നും അദ്ദേഹം പറയുന്നു. ചീത്തപ്പണത്തിന്റെ ആജ്ഞാനുവര്‍ത്തികളായി മാറി അധോലോകത്തെ പിന്‍പറ്റുന്നവര്‍ ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates