അന്ധവിശ്വാസ നിരോധനനിയമം ദുരൂഹമായ നാള്‍വഴികള്‍

gopan swamy
ഫയൽ
Updated on
5 min read

കൃത്യം പത്ത് വര്‍ഷം മുന്‍പാണ്; 2014 ഡിസംബര്‍ ഒന്ന്. നിയമസഭയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് പ്രതിപക്ഷ എം.എല്‍.എ കെ.ടി. ജലീല്‍ ചോദിച്ചു: ഈ വര്‍ഷം സംസ്ഥാനത്ത് മന്ത്രവാദത്തെത്തുടര്‍ന്ന് എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് വ്യക്തമാക്കാമോ? രണ്ടു പേര്‍ എന്ന് മന്ത്രിയുടെ മറുപടി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് അടുത്ത ചോദ്യം. ഇല്ല എന്ന് മറുപടി. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി ജനങ്ങളെ ബോധവല്‍ക്കരിക്കാനുതകുന്ന എന്തെങ്കിലും പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടോ, വ്യക്തമാക്കാമോ എന്ന ചോദ്യത്തിന് സംശയരഹിതമായി അന്നു നല്‍കിയ മറുപടിയിലൂടെ ഇന്നിപ്പോള്‍ കടന്നുപോകുമ്പോള്‍ അമ്പരപ്പാണ് തോന്നുക. ചോദിച്ചവര്‍ക്കും പറഞ്ഞവര്‍ക്കും അതിന്റെ തുടര്‍നടപടികളില്‍ എത്ര കുറഞ്ഞ ആത്മാര്‍ത്ഥതയാണുള്ളത് എന്ന അത്ഭുതം. പഞ്ചായത്ത് ജനകീയസമിതികളുടേയും ജനമൈത്രി പൊലീസിന്റേയും സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റേയും നേതൃത്വത്തിലും സഹകരണത്തിലും ഇക്കാര്യത്തില്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു എന്നായിരുന്നു ആ മറുപടി. ഈ മൂന്നു സംവിധാനങ്ങളും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നടത്തിയ ബോധവല്‍ക്കരണത്തിന്റെ വിവരങ്ങളൊന്നും ലഭ്യമല്ല.

ഇപ്രകാരമുള്ള കൊലക്കസുകളില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാത്തതുമൂലം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സ്ഥിതി പരിശോധിച്ചിട്ടുണ്ടോ എന്ന ജലീലിന്റെ നാലാം ചോദ്യത്തിന്, ഇത്തരത്തിലുള്ള കൊലപാതകക്കേസുകളില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട് എന്നും ആഭ്യന്തരമന്ത്രി മറുപടി പറഞ്ഞു. അവിടെത്തീര്‍ന്നു.

അതിനുശേഷമാണ് അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കുമെതിരെ മഹാരാഷ്ട്ര മാതൃകയില്‍ നിയമനിര്‍മ്മാണത്തിനു ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് നിയമപരിഷ്‌കരണ കമ്മിഷന്‍ സര്‍ക്കാരിനു നല്‍കിയത്. ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ കമ്മിഷന്റെ ശുപാര്‍ശയുടെകൂടി പശ്ചാത്തലത്തില്‍ അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജന ബില്ല് കൊണ്ടുവരാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ആലോചിച്ചു. പക്ഷേ, തീരുമാനമെടുക്കാനായില്ല. 2016 മേയില്‍ ഭരണം മാറി. രണ്ട് ഇടതുമുന്നണി സര്‍ക്കാരുകളുടെ കാലത്തും ഓരോ സ്വകാര്യ ബില്ലുകള്‍ നിയമസഭയില്‍ വന്നു. നിയമപരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശ കണക്കിലെടുത്ത് നിയമനിര്‍മ്മാണം സര്‍ക്കാര്‍ പരിഗണിക്കുന്നു എന്നു വിശദീകരിച്ചാണ് രണ്ടു ബില്ലുകളും സര്‍ക്കാര്‍ സ്വീകരിക്കാതിരുന്നത്. ഇതിനിടെ, നിയമപരിഷ്‌കരണ കമ്മിഷന്റെ ഒരു റിപ്പോര്‍ട്ട് കൂടി വന്നു. അതിലും സമാന ശുപാര്‍ശയുണ്ട്. പക്ഷേ, നിയമനിര്‍മ്മാണം മാത്രം ഉണ്ടാകുന്നില്ല.

2014-ലെ രണ്ടില്‍നിന്ന് അന്ധവിശ്വാസത്തിന്റേയും മന്ത്രവാദത്തിന്റേയും മറ്റും ഇരകളായി കൊല്ലപ്പെടുന്നവരുടെ എണ്ണം വളരെ ഉയര്‍ന്നു. നീണ്ട മുടിയുള്ള സ്ത്രീ കൂടോത്രം ചെയ്തിട്ടാണ് സ്വന്തം ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളുണ്ടായത് എന്ന മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ച് അയല്‍പ്പക്കത്തെ കുടുംബിനിയെ കൊന്ന് ജയിലില്‍ പോയ നെന്മാറയിലെ ചെന്താമര നാലു വര്‍ഷം കഴിഞ്ഞു ജാമ്യത്തിലിറങ്ങി രണ്ടു പേരെക്കൂടി കൊന്ന് പകയുടെ ബാക്കി തീര്‍ത്തു. രണ്ടു പെണ്‍മക്കള്‍ ആരുമില്ലാത്തവരുമായി. തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടു വയസ്സുള്ള പെണ്‍കുട്ടിയെ അമ്മാവന്‍ കിണറ്റിലെറിഞ്ഞു കൊന്ന സംഭവം ഒടുവിലത്തേതാണ്; പക്ഷേ, ഏറ്റവും ഒടുവിലത്തേതാകാന്‍ വഴിയില്ല എന്ന പേടിയും ആശങ്കയുമുണ്ട് കേരളത്തിന്. എന്നിട്ടും അന്ധവിശ്വാസത്തിനു പുതിയ ഇരകള്‍ ഉണ്ടാകുന്നത് തടയാന്‍ നിയമം നിര്‍മിക്കുന്നതിനെക്കുറിച്ച് 2025-ന്റെ തുടക്കത്തിലും ആദ്യം മുതല്‍ ചര്‍ച്ച ചെയ്തു തുടങ്ങുകയാണ് കേരളം.

nenmara double murder case
ചെന്താമര പൊലീസ് കസ്റ്റഡിയില്‍ എക്‌സ്പ്രസ്

തടസ്സങ്ങള്‍ക്കു പിന്നില്‍

പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ 13-ാം നിയമസഭയില്‍ യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികള്‍ പോയ വഴിയില്ല. 14-ാം നിയമസഭയുടെ കാലത്ത് 2017-ല്‍ കോണ്‍ഗ്രസ് എം.എല്‍.എ പി.ടി. തോമസ്, നിലവിലെ 15-ാം നിയമസഭയില്‍, 2021-ല്‍ സി.പി.എം എം.എല്‍.എ കെ.ഡി. പ്രസേനന്‍ എന്നിവരാണ് അന്ധവിശ്വാസ-അനാചാര നിര്‍മ്മാര്‍ജ്ജന സ്വകാര്യ ബില്ല് കൊണ്ടുവന്നത്. മൂന്നു നിയമസഭകളുടെ കാലം. തോമസിന്റേയും പ്രസേനന്റേയും ബില്ല് സഭയില്‍ അവതരിപ്പിച്ചു ചര്‍ച്ച ചെയ്തു. 2021 ആഗസ്റ്റ് ആറിന് കെ.ഡി. പ്രസേനന്‍ അവതരിപ്പിച്ച ബില്ലിന് മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി മറുപടി നല്‍കിയത് അന്നത്തെ പട്ടികജാതി, വര്‍ഗ്ഗ, പിന്നാക്ക സമുദായ ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണനാണ്. സര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിനു പ്രതിജ്ഞാബദ്ധമാണെന്ന് ആദ്യം തന്നെ അദ്ദേഹം വ്യക്തമാക്കി. പല കാരണങ്ങള്‍കൊണ്ട് ബില്ലിന്റെ ചര്‍ച്ചപോലും നീണ്ടു. 2021 ഒക്ടോബറിലെ തുടര്‍ ചര്‍ച്ചയും പൂര്‍ത്തിയായില്ല. പിന്നീട് 2024 ജൂണ്‍ 21-നാണ് പൂര്‍ത്തീകരിച്ചത്.

ചര്‍ച്ച ഉപസംഹരിച്ച് മുഖ്യമന്ത്രിക്കുവേണ്ടി അന്ന് മറുപടി നല്‍കിയത് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. നിയമപരിഷ്‌കരണ കമ്മിഷന്റെ ശുപാര്‍ശ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി സര്‍ക്കാരിന്റെ പ്രതിബദ്ധത അദ്ദേഹവും ആവര്‍ത്തിച്ചു. അതുകൊണ്ട് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ചര്‍ച്ചയില്‍ പങ്കെടുത്ത എം.എല്‍.എമാരെല്ലാം പിന്തുണയ്ക്കുകയും നിയമനിര്‍മ്മാണത്തിന്റെ പ്രസക്തിയെക്കുറിച്ച് വാചാലരാവുകയും ചെയ്ത ആ ബില്ലും ചരമമടഞ്ഞു. സര്‍ക്കാര്‍ അങ്ങനെയൊരു നിയമനിര്‍മ്മാണത്തിന്റെ പ്രാഥമിക നടപടികളിലേയ്‌ക്കെങ്കിലും കടന്നതിന്റെ സൂചനകളൊന്നുമില്ല. അന്ധവിശ്വാസത്തിന്റെ ഇരകളോടു നീതിപുലര്‍ത്താനും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലേയ്ക്ക് എത്തുന്ന ചൂഷണവും കബളിപ്പിക്കലും നടത്തുന്നവരെ നിയമപരമായി പൂട്ടാനുമുള്ള പ്രതിബദ്ധത ശരിക്കും ഉണ്ടെങ്കില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിട്ട് പിന്നീട് നിയമസഭയില്‍ ബില്ല് കൊണ്ടുവന്ന് ചര്‍ച്ചചെയ്തു പാസ്സാക്കാം.

യു.ഡി.എഫ് സര്‍ക്കാര്‍ ആലോചനയ്ക്കപ്പുറം പോകാന്‍ ഇടയാകാതിരുന്നതിനു പിന്നിലെ സമ്മര്‍ദ്ദങ്ങളിലും കഴിഞ്ഞ വര്‍ഷം കെ.ഡി. പ്രസേനന്റെ ബില്ലിലെ ചര്‍ച്ചയ്ക്ക് മറുപടിയായി വി. ശിവന്‍കുട്ടി പറഞ്ഞതിലും സര്‍ക്കാരുകള്‍ എന്തുകൊണ്ട് മടിച്ചുനില്‍ക്കുന്നു എന്നതിന്റെ സൂചനയുണ്ട്: ''സംസ്ഥാനത്തു നിലനില്‍ക്കുന്ന സാംസ്‌കാരികവും സാമൂഹികവുമായ വൈവിധ്യങ്ങളും തുടര്‍ന്നുവരുന്ന ആചാരങ്ങളും ഉള്‍ക്കൊണ്ടുകൊണ്ടും എല്ലാ വിഭാഗങ്ങളുടേയും അഭിപ്രായങ്ങള്‍ കൂടി തേടിയ ശേഷവും മാത്രമേ പ്രായോഗികവും സമഗ്രവുമായ നിയമനിര്‍മ്മാണം ഇക്കാര്യത്തില്‍ സാധ്യമാവുകയുള്ളൂ'' എന്നായിരുന്നു ശിവന്‍കുട്ടിയുടെ വാദം. അതാണ് കാര്യം. കേരളത്തില്‍ നിലനില്‍ക്കുന്ന സാംസ്‌കാരിക, സാമൂഹിക വൈവിധ്യങ്ങളും ആചാരങ്ങളും എങ്ങനെയാണ് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ നിയമം നിര്‍മ്മിക്കാന്‍ തടസ്സമാകുന്നത് എന്ന സംശയം സ്വാഭാവികം. വിവിധ വിഭാഗങ്ങളുടെ ആചാരങ്ങളും അനാചാരങ്ങളും വിശ്വാസവും അന്ധവിശ്വാസവും വേര്‍തിരിക്കാനാകാത്തവിധം പിണഞ്ഞുകിടക്കുന്നതാണ് സര്‍ക്കാരുകളെ പിന്തിരിപ്പിക്കുന്നത്. കേരളത്തില്‍ സമഗ്രമായ ഒരു അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജന നിയമം ഉണ്ടാകാനിടയുണ്ടോ എന്ന ചോദ്യത്തിന്, ഉണ്ടായിക്കൂടെന്നില്ല എന്നാണ് രാഷ്ട്രീയ നേതൃത്വത്തിന്റെ മറുപടി. അതുപോലും നേരിട്ടു പറയാന്‍ അവര്‍ തയ്യാറല്ലതാനും. ഇനി അഥവാ നിയമം ഉണ്ടായാല്‍ത്തന്നെ അതിന് എത്രത്തോളം പല്ലും നഖവും ഉണ്ടായിരിക്കും എന്നും ഉറപ്പില്ല.

കേരള പ്രിവന്‍ഷന്‍ ഓഫ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യൂമന്‍ ഈവിള്‍ പ്രാക്റ്റീസസ് ആന്റ് ബ്ലാക്ക് മാജിക് ബില്‍ എന്നൊരു ബില്ലിന്റെ പേര് നിയമപരിഷ്‌കരണ കമ്മിഷന്റെ വെബ്സൈറ്റിലുണ്ട്. കെ. രാധാകൃഷ്ണന്‍ നിയമസഭയിലും ആ ബില്ലിനെക്കുറിച്ചു പരാമര്‍ശിച്ചിരുന്നു. പക്ഷേ, ഔദ്യോഗിക വെബ്സൈറ്റില്‍ ബില്ലിന്റെ പേരില്‍ ക്ലിക് ചെയ്താല്‍ ബില്ല് നിലവില്‍ ലഭ്യമല്ല എന്നാണ് മറുപടി. ബ്രൗസറുകളും കംപ്യൂട്ടറുകളും മൊബൈല്‍ ഫോണും മാറി പരീക്ഷിച്ചാലും ഫലമില്ല. ആ ബില്ല് നിയമസഭയില്‍ അവതരിപ്പിക്കുകയോ സഭയ്ക്കു പുറത്ത് അഭിപ്രായ രൂപീകരണത്തിനു വയ്ക്കുകയോ ചെയ്തിട്ടില്ല. എവിടെപ്പോയി, എന്തുകൊണ്ട് അത് നീക്കി എന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍, നിയമസഭയുടെ നടപ്പു സമ്മേളനം തീരുന്നതിനു മുന്‍പ് ഈ വിഷയത്തില്‍ പ്രതിപക്ഷത്തുനിന്ന് ചോദ്യമുണ്ടായേക്കും എന്ന സൂചനയുണ്ട്. അങ്ങനെ ചോദ്യമുണ്ടായാല്‍ സര്‍ക്കാരില്‍നിന്ന് ആ ബില്ലിനെക്കുറിച്ചോ പുതുതായി ബില്ല് ആലോചനയില്‍ ഉണ്ടെങ്കില്‍ അതിനെക്കുറിച്ചോ പ്രതികരണമുണ്ടാകാം.

ramesh chennithala
രമേശ് ചെന്നിത്തല ഫയൽ

ഏട്ടിലെ പശുക്കള്‍

''അന്ധവിശ്വാസ-അനാചാരങ്ങള്‍ കേരള സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന സാമൂഹിക സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കി ശാസ്ത്രീയവും മാനുഷികവുമായ സാമൂഹിക വ്യവസ്ഥ ഉറപ്പാക്കുന്നതിനും വ്യവസ്ഥ ചെയ്യുന്ന ബില്‍'' എന്നാണ് പ്രസേനന്റെ ബില്ലിന്റെ ആമുഖം. പേര്, 2021-ലെ കേരള അന്ധവിശ്വാസ-അനാചാര നിര്‍മ്മാര്‍ജ്ജന ബില്‍. ഭരണഘടനയുടെ 51എ(ബി) പ്രകാരം ദേശീയ സ്വാതന്ത്ര്യസമരത്തിന്റേയും നവോത്ഥാനത്തിന്റേയും മൂല്യങ്ങളെ പ്രചോദിപ്പിക്കുന്നതിനും 51എ(എച്ച്) അനുസരിച്ച് ശാസ്ത്ര മനോഭാവം, അന്വേഷണത്വര, പരിഷ്‌കരണക്ഷമത എന്നിവ വളര്‍ത്താനുമുള്ള അവകാശങ്ങളും മൗലിക കടമയാണെന്ന് ബില്ലിന്റെ പീഠികയില്‍ ചൂണ്ടിക്കാട്ടി. ''അന്ധവിശ്വാസ അനാചാരങ്ങളും അതുമായി ബന്ധപ്പെട്ട ചൂഷണങ്ങളും നിരന്തരമായ മതസ്പര്‍ധകള്‍ക്ക് കാരണമാകുന്നു. അതുകൊണ്ടുതന്നെ മതേതര മാനവിക സംസ്‌കാരം വികസിപ്പിക്കാനുള്ള കടമയും സര്‍ക്കാരിനുണ്ട്'' എന്നും ബില്‍ കൃത്യമായി പറഞ്ഞു. ''ആര്‍ട്ടിക്കിള്‍ 25(1) പ്രകാരം പൊതു ക്രമസമാധാനം, പൊതുധാര്‍മ്മികത, പൊതുജനാരോഗ്യം എന്നിവ സംരക്ഷിച്ചുകൊണ്ടു മാത്രമേ മതവിശ്വാസവും ആചരണവും പ്രചാരണവും നടത്താന്‍ പാടുള്ളൂ. ഈ തത്ത്വം പ്രായോഗികമാകണമെങ്കില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായ നിയമനിര്‍മ്മാണം അനിവാര്യമായിരിക്കുന്നു.''

ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും അന്ധവിശ്വാസം പ്രചരിപ്പിക്കുകയും നടക്കാത്ത ശാസ്ത്രവിരുദ്ധവും സാമൂഹികവിരുദ്ധവുമായ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുന്ന പരസ്യങ്ങള്‍ തടയുന്ന നിയമം ഇപ്പോള്‍ത്തന്നെ രാജ്യത്ത് നിലവിലുണ്ട്. ഡ്രഗ്സ് ആന്റ് മാജിക്കല്‍ റെമഡീസ് (ഒബ്ജക്ഷനബിള്‍ അഡ്വര്‍ടൈസ്മെന്റ്) ആക്റ്റ്, 1954 എന്ന ആ നിയമത്തെക്കുറിച്ച് ഈ ബില്ലില്‍ വിശദ പരാമര്‍ശമുണ്ട്. ''ഈ നിയമം നിലവിലുണ്ടായിട്ടും മാന്ത്രിക ഏലസ്സുകള്‍, ദിവ്യശക്തി പ്രാര്‍ത്ഥന, രോഗശാന്തി ചികില്‍സ, കുട്ടിച്ചാത്തന്‍ അനുഗ്രഹം, ഭാഗ്യനക്ഷത്രക്കല്ലുകള്‍, ജോത്സ്യം, മന്ത്രവാദം തുടങ്ങിയ തട്ടിപ്പുകളുടെ പരസ്യങ്ങളും പ്രയോഗപ്രവര്‍ത്തനങ്ങളും ആള്‍ദൈവ പ്രതിഭാസങ്ങളും നടന്നുകൊണ്ടിരിക്കുന്നു'' എന്നും അതുമൂലം നിര്‍ദ്ദോഷികളായ വിശ്വാസികളുടെ ധനവും മാനവും നശിക്കുന്ന നിരവധി സംഭവങ്ങള്‍ പുറത്തുവരികയും ചെയ്തിരിക്കുന്നു എന്നും കൃത്യമായ യാഥാര്‍ത്ഥ്യങ്ങള്‍ അക്കമിട്ടു വിശദീകരിച്ചു. ''ഒരു പരിഷ്‌കൃത മതനിരപേക്ഷ സമൂഹത്തിന് അപമാനകരമാണ് ഈ സ്ഥിതിവിശേഷം. നിരക്ഷര സാക്ഷര വ്യത്യാസമില്ലാതെ ജനങ്ങള്‍ ഈ ചൂഷണത്തിനു വിധേയരാക്കപ്പെടുന്നു'' ബില്ല് അവതരിപ്പിച്ച് കെ.ഡി. പ്രസേനന്‍ പറഞ്ഞു. ഈ നിയമം നിലവില്‍ വന്നാല്‍ അതിനു വിരുദ്ധമായി അന്ധവിശ്വാസം പ്രചരിപ്പിക്കുകയോ പ്രയോഗിക്കുകയോ ചെയ്യുന്നവര്‍ ആറുമാസം മുതല്‍ എട്ടു വര്‍ഷം വരെ തടവിനും 5000 മുതല്‍ 10000 രൂപ വരെ പിഴയ്ക്കും ശിക്ഷാര്‍ഹരാണ്. മാത്രമല്ല, കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്നവര്‍ക്കും ഇതേ ശിക്ഷ നല്‍കാം. പൊലീസിനു സ്വമേധയാ കേസെടുക്കാം, ജാമ്യം അനുവദിക്കാന്‍ പാടില്ല, അന്ധവിശ്വാസ, അനാചാര കര്‍മ്മങ്ങളിലൂടെ ആര്‍ജ്ജിച്ച സ്വത്തുക്കള്‍ ഗവണ്‍മെന്റിനു കണ്ടുകെട്ടാം.

പിടി തോമസ്/ഫെയ്‌സ്ബുക്ക്‌
പിടി തോമസ്/ഫെയ്‌സ്ബുക്ക്‌

ആര്‍ക്കാണ് ആത്മാര്‍ത്ഥത?

''സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ദുര്‍മന്ത്രവാദവും അന്ധവിശ്വാസ പ്രവൃത്തികളും നിരോധിക്കുന്നതിനും യുവതലമുറയെ ദുരാചാരങ്ങളിലേയ്ക്ക് തിരിച്ചുവിടാന്‍ ശ്രമിക്കുന്ന ഇത്തരം പ്രവൃത്തികള്‍ വഴി ഉണ്ടാകാന്‍ സാധ്യതയുള്ള സാമൂഹിക വിപത്തുകള്‍ ഒഴിവാക്കുന്നതിനും'' എന്ന് ആമുഖത്തില്‍ വ്യക്തമാക്കിയാണ് 2017-ല്‍ പി.ടി. തോമസ് നോട്ടീസ് നല്‍കിയ 'ദുര്‍മന്ത്രവാദവും അന്ധവിശ്വാസ പ്രവൃത്തികളും നിരോധിക്കുന്നതിനുള്ള ബില്‍' കൊണ്ടുവന്നത്. ദുര്‍മന്ത്രവാദവും അന്ധവിശ്വാസ പ്രവൃത്തികളും ചെയ്യുന്നവരെ ശിക്ഷിക്കുന്നതിനല്ല, അതിനെതിരായ ബോധവല്‍ക്കരണത്തിനായിരുന്നു പി.ടി. തോമസിന്റെ ബില്ലിലെ ഊന്നല്‍. ദുര്‍മന്ത്രവാദവും അന്ധവിശ്വാസ പ്രവൃത്തികളും നിരോധിക്കുന്നതിന് ഉന്നതതല സമിതി രൂപീകരിക്കണം എന്നത് അതിലെ പ്രധാന നിര്‍ദ്ദേശവുമായിരുന്നു. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മാനസികാരോഗ്യ വിദഗ്ദ്ധര്‍, ആരോഗ്യ സെക്രട്ടറി, തദ്ദേശ സ്വയംഭരണ സെക്രട്ടറി, നിയമ സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, ആരോഗ്യ ഡയറക്ടര്‍ എന്നിവരുള്‍പ്പെട്ടതാണ് ആ സമിതി. പരാതികള്‍ സ്വീകരിക്കാനും തെളിവെടുപ്പിനും അതുവഴി ബോധ്യമാകുന്ന കാര്യങ്ങളില്‍ നടപടിക്ക് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാനും ഉള്‍പ്പെടെയുള്ള അധികാരങ്ങളാണ് സമിതിക്കു വിഭാവനം ചെയ്തത്.

പത്തനംതിട്ട ഇലന്തൂരില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ മനുഷ്യബലി നടന്ന പശ്ചാത്തലത്തില്‍ക്കൂടിയാണ് കെ.ഡി. പ്രസേനന്റെ ബില്ല് ചര്‍ച്ചയായത്. അന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ നല്‍കിയ വിശദീകരണം തുടങ്ങുന്നത് ഇങ്ങനെയാണ്: ''ഈ വിഷയത്തില്‍ ഗവണ്‍മെന്റ് എടുത്ത നിലപാടുകളുണ്ട്. നമ്മുടെ നാടിന്റെ നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.'' എന്നിട്ട് അദ്ദേഹം തുടര്‍ന്നു പറഞ്ഞത് അതീവ പ്രസക്തം: ''സമൂഹത്തില്‍ ശാസ്ത്രബോധവും യുക്തിബോധവും വളര്‍ത്തി നമ്മുടെ ജനതയ്ക്കിടയില്‍ ശാസ്ത്രീയ ചിന്തയും യുക്തിചിന്തയും പരിപോഷിപ്പിക്കുയാണ് ഏറ്റവും പ്രധാനം. ഈ മൗലികമായ കടമ സര്‍ക്കാര്‍ നിര്‍വ്വഹിക്കുകയാണ്. അതോടൊപ്പം തന്നെ മാനവ സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും അത് എല്ലാ വിഭാഗങ്ങളിലേയ്ക്കും എത്തിക്കാനുമുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ചെയ്തുവരുന്നത്. ഈ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി, അന്ധവിശ്വാസങ്ങളുടെ പേരിലുള്ള ചൂഷണങ്ങളും അതിക്രമങ്ങളും നിയന്ത്രിക്കേണ്ടതുണ്ട്. കേരളത്തില്‍പ്പോലും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വലിയ രീതിയില്‍ പ്രചരിപ്പിക്കാനും നടപ്പാക്കാനുമെല്ലാം ശ്രമിച്ചുകൊണ്ടിരിക്കുന്നു. തീര്‍ച്ചയായും അതു തടയാനുള്ള ഫലപ്രദമായ ഇടപെടല്‍ നടത്തണം എന്നുതന്നെയാണ് ഗവണ്‍മെന്റ് ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് കേരള പ്രിവന്‍ഷന്‍ ഓഫ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യൂമന്‍ ഈവിള്‍ പ്രാക്റ്റീസസ് ആന്റ് ബ്ലാക്ക് മാജിക് ബില്ലിന്റെ കരട് സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ നിയമപരിഷ്‌കരണ കമ്മിഷന്റെ അഭിപ്രായം കൂടി ആരാഞ്ഞിട്ടുണ്ട്. ആ അഭിപ്രായം സര്‍ക്കാര്‍ പരിശോധിച്ച് ഇത്തരത്തിലൊരു നിയമനിര്‍മാണത്തിനു തീര്‍ച്ചയായും തയ്യാറാകും. അതിനു മുന്‍പായി വലിയ രീതിയിലുള്ള അഭിപ്രായ രൂപീകരണം നടത്താനും ഉദ്ദേശിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഈ ബില്ല് ഇപ്പോള്‍ അംഗീകരിക്കുന്നില്ല; പകരം പ്രധാനപ്പെട്ട നിയമനിര്‍മ്മാണം വരാനിരിക്കുന്നു.'' എന്നിട്ടാണ് ഇപ്പോള്‍ ആ ബില്ല് തന്നെ കിട്ടാനില്ലാത്തത്. രാധാകൃഷ്ണന്റെ നിയമസഭാ പ്രവര്‍ത്തനങ്ങളില്‍ ഇത്രയ്ക്കും അലസമായും തട്ടിത്തടഞ്ഞും വിശദീകരിച്ച സന്ദര്‍ഭം വേറെ ഉണ്ടാകില്ല എന്നു തോന്നിപ്പിക്കുന്ന വിധമായിരുന്നു ആ മറുപടി. ആ പ്രസംഗമുള്‍പ്പെടെ അന്നത്തെ നടപടികള്‍ അടങ്ങുന്ന സഭാ ടി.വിയുടെ വീഡിയോ യൂട്യൂബില്‍ ലഭ്യമാണ്.

2021 ഒക്ടോബര്‍ എട്ടിന് ബില്ല് കൂടുതല്‍ സമയമെടുത്തു തുടര്‍ചര്‍ച്ച ചെയ്തപ്പോള്‍ പ്രതിപക്ഷാംഗങ്ങളുള്‍പ്പെടെ സജീവമായി ഇടപെടുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്നു. മോശയുടെ വടി എന്നു പറഞ്ഞാല്‍ ലക്ഷങ്ങള്‍ കൊടുത്തു വാങ്ങാന്‍ ആളുള്ള കാലത്തേയ്ക്ക് കേരളം എത്തി എന്നാണ് എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞത്. മോന്‍സന്‍ മാവുങ്കലിന്റെ വ്യാജ പുരാവസ്തുക്കളുമായി ബന്ധപ്പെട്ട കേസ് പരാമര്‍ശിച്ചായിരുന്നു അത്. വീണ്ടും തുടര്‍ചര്‍ച്ചയ്ക്കായി മാറ്റിയശേഷം കഴിഞ്ഞ ഓഗസ്റ്റ് 21-ന് ഉപസംഹാര ചര്‍ച്ചയ്ക്കു വന്നു. അപ്പോഴും സജീവമായിരുന്നു അത്തരം ഇടപെടലുകള്‍. വലംപിരിശംഖ് പോലുള്ളവയുടെ പരസ്യങ്ങള്‍ കൊടുക്കുന്ന മാധ്യമങ്ങളെ ഉള്‍പ്പെടെ വിമര്‍ശിച്ച് ബേബി ജോണ്‍ സംസാരിച്ചു. കൊവിഡിനെ പ്രതിരോധിക്കാന്‍ ശരീരത്തില്‍ ചാണകം തേയ്ക്കുന്ന ചികിത്സ നടത്തുന്നതിനേയും കിണ്ണം കൊട്ടണമെന്നു നിര്‍ദ്ദേശിച്ചതിനേയും കെ. ശാന്തകുമാരി വിമര്‍ശിച്ചു. സ്വകാര്യ ബില്ലുകള്‍ ചര്‍ച്ചയ്ക്കു വരുന്ന വെള്ളിയാഴ്ചകളില്‍ സഭയില്‍ പൊതുവെ ഹാജര്‍ കുറവായിരിക്കും. അത് ഈ ദിവസങ്ങളിലും ബാധകമായിരുന്നു. പക്ഷേ, സഭയില്‍ ഹാജരായിരുന്ന അംഗങ്ങളുടെ മികച്ച പ്രതികരണങ്ങളും പിന്തുണയും നല്‍കിയ സൂചന വ്യക്തമാണ്; വേണമെങ്കില്‍ ഏകകണ്ഠമായും ഇത്തരമൊരു നിയമനിര്‍മ്മാണം സാധ്യമാണ്.

നിയമപരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തിലുള്ള തുടര്‍നടപടികള്‍ സര്‍ക്കാരിന്റെ പരിശോധനയിലാണ് എന്നു പറഞ്ഞതല്ലാതെ 2021-ല്‍ കെ. രാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്കുവേണ്ടി സംസാരിച്ചപ്പോള്‍ പ്രകടിപ്പിച്ച ഉറച്ച പ്രതിബദ്ധതാ പ്രഖ്യാപനം ശിവന്‍ കുട്ടിയില്‍നിന്ന് ഉണ്ടായില്ല എന്നത് ശ്രദ്ധേയമായി. അതിനു തുടര്‍ച്ചയായാണ് സംസ്ഥാനത്തു നിലനില്‍ക്കുന്ന സാംസ്‌കാരികവും സാമൂഹികവുമായ വൈവിധ്യങ്ങളേയും തുടര്‍ന്നുവരുന്ന ആചാരങ്ങളേയും കുറിച്ച് മന്ത്രി വാചാലനായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com