

തെയ്യം ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുമ്പോഴും ഭൂരിപക്ഷം തെയ്യം ഉപാസകന്മാരുടേയും ജീവിതം ദുരിതപൂര്‍ണ്ണമായി തുടരുന്നു. അപ്രതീക്ഷിതമായി കടന്നെത്തിയ കൊവിഡ് കാലം പലരേയും പട്ടിണിയിലാഴ്ത്തി. അനുഷ്ഠാന ഉപാസകന്‍മാരുടെ ജീവിതത്തെക്കുറിച്ച് പൊതുസമൂഹം അറിയാന്‍ ശ്രമിച്ചിട്ടില്ല എന്ന് പറയുന്നതാകും ശരി. കല എന്ന ലളിതമായ വാക്കുകൊണ്ട് കളിയാട്ടത്തെ സാമാന്യവല്‍ക്കരിക്കുന്ന പ്രവണതയാണ് സമൂഹത്തില്‍ കാണപ്പെടുന്നത്. നിരന്തരം കോലധാരിയാകേണ്ടിവരുന്ന സാഹചര്യത്തില്‍ ശാരീരികമായി നേരിടുന്ന വൈഷമ്യങ്ങള്‍ വളരെയേറെ. ഇവര്‍ക്ക് ഔപചാരിക പ്രതിഫലം വളരെ തുച്ഛം. തെയ്യം കെട്ടുന്നവര്‍ കലാകാരന്മാര്‍ എന്നതിനപ്പുറം അതിന്റെ ഉപാസകന്മാരാണെന്നാണ് സത്യം. ഒരു കോലധാരി വേഷം അണിഞ്ഞാല്‍ അദ്ദേഹം ദൈവത്തിന്റെ ചൈതന്യം ആവാഹിക്കപ്പെട്ട പ്രതിപുരുഷനായി മാറുന്നു. തെയ്യത്തെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട ഉപാസകനാണ് സുബിന്‍ പെരുവണ്ണാന്‍. കല എന്ന് പ്രസ്താവിച്ച് പാര്‍ശ്വവല്‍ക്കരിക്കുന്നതിലൂടെ അതിന്റെ വിശ്വാസതലം ഇല്ലാതാക്കുകയാണ് ഇന്ന് പലരുടേയും ഉദ്ദേശ്യം.
കൊവിഡ് എന്ന പകര്‍ച്ചവ്യാധി ലോകത്തെത്തന്നെ അടച്ചുപൂട്ടിയ അവസ്ഥയിലാണ്. ഇന്ന് പലരുടേയും ജീവിതം ദുരിതപൂര്‍ണ്ണം. ''കൊറോണയുടെ ആദ്യഘട്ടങ്ങളില്‍ പല ക്ഷേത്രങ്ങളില്‍നിന്നും സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍, ആദ്യത്തെ ആവേശം മാത്രമേ ഉണ്ടായുള്ളൂ, അതിനുശേഷം ആരും ഞങ്ങളെ തിരിഞ്ഞുനോക്കിയിട്ടില്ല,''- സുബിന്‍ പെരുവണ്ണാന്‍ പറഞ്ഞുതുടങ്ങി. ജോലിയുടെ സ്വഭാവംകൊണ്ട് മാത്രം, സാധാരണ ജീവിതം നയിക്കാന്‍ കഴിയുന്ന കുടുംബങ്ങളും വ്യക്തികളുമുണ്ട്. ദിവസക്കൂലിയിലൂടെ ജീവിതം നയിക്കുന്നവരും ഇന്നേറെയുണ്ട്. എന്നാല്‍, ആരും കാണാതെ പോകുന്ന ജീവിതങ്ങളാണ് തെയ്യം ഉപാസകന്മാരുടേത്. തെയ്യത്തില്‍ ജീവിതം ഉഴിഞ്ഞുവയ്ക്കുകയും മറ്റു ജോലികള്‍ ചെയ്യാന്‍ കഴിയാതെ വരികയും ചെയ്യുന്നവരാണ് അധികവും.
കാവുകലകളാണ് തെയ്യാട്ടം. ഒരു വര്‍ഷത്തില്‍ ആറുമാസക്കാലം ഇവ ക്ഷേത്രങ്ങളിലും വീടുകളിലുമായി നടത്തപ്പെടുന്നു. ബാക്കിയുള്ള ആറുമാസം കളിയാട്ടക്കാര്‍ക്ക് വിശ്രമം. പൂര്‍വ്വികരേയും പ്രേതങ്ങളേയും അവരുടെ അമാനുഷിക ശക്തി ഉപയോഗിച്ച് ശരീരത്തിലേക്കും മനസ്സിലേക്കും ആവാഹിച്ച്, സ്വന്തം മനസ്സിനെ ഉറക്കിക്കിടത്തി, ദൈവീകമായ മറ്റൊരു ദൈവ പ്രതിനിധിയായി തോറ്റം പാട്ടുകളുടെ താളത്തിനനുസരിച്ച് കെട്ടിയാടുന്ന അസാധാരണമായ രീതിയാണ് തെയ്യത്തിന്റേത്. ഭക്തര്‍ക്ക് നേരിട്ട് ഇടപഴകാന്‍ ലഭിക്കുന്ന രൂപത്തിലാണ് ഈ അനുഷ്ഠാനകല. കട്ടിയേറിയ ചായങ്ങളും ദേഹമെമ്പാടും കെട്ടിവലിക്കപ്പെട്ട നുറുങ്ങുന്ന വസ്ത്രധാരണങ്ങളുമാണ് തെയ്യത്തിനുള്ളത്. സുബിന്‍ പെരുവണ്ണാന്‍ പറഞ്ഞു. ''അനുഷ്ഠാന കലാരംഗത്ത് എത്തിയവര്‍ ഒരു പരിധിവരെ മാത്രമാണ് തെയ്യം കെട്ടാന്‍ ഇറങ്ങുന്നത്. അതിനുശേഷം സ്വാഭാവികമായും അവരുടെ ആരോഗ്യം ക്ഷയിക്കും. ഞങ്ങളുടെ കാരണവന്മാര്‍ക്കും ഇതുതന്നെയായിരുന്നു അവസ്ഥ. ഒരുപാട് സമയം കയ്യും കാലും മുറുക്കിക്കെട്ടി ആണ് തെയ്യം തീരുന്നതുവരെ കോലധാരി നില്‍ക്കുന്നത്. കാരണം തെയ്യവസ്ത്രധാരണം അങ്ങനെയാണ്. അതുകൊണ്ടുതന്നെ എല്ലാ കോലധാരികള്‍ക്കും വാര്‍ദ്ധക്യത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നു.'' അതിനാല്‍ത്തന്നെ കോലം കെട്ടുന്ന ദൈവത്തിന്റെ പ്രതിപുരുഷന്‍മാര്‍ക്ക് അവരുടെ ജീവിതം തന്നെ തെയ്യത്തിനു സമര്‍പ്പിക്കേണ്ടിവരുന്നു. കുലത്തിന്റെ പാരമ്പര്യവും അതിനനുസരിച്ചുള്ള ആചാരാനുഷ്ഠാനങ്ങള്‍ നഷ്ടപ്പെട്ടു പോകാതിരിക്കാനും വേണ്ടി സ്വന്തം ജീവിതം തെയ്യത്തിനായി മാറ്റിവെച്ച് ആരോഗ്യം ത്യജിച്ച ഒരുപാട് ജീവിതങ്ങളുണ്ട്.
തെയ്യത്തിന്റെ അനുഷ്ഠാനങ്ങള്‍ തെറ്റിപോകാതിരിക്കാന്‍ അവയ്ക്ക് ഭംഗം വരാതിരിക്കാന്‍ സ്വന്തം പഠനവും ജോലിയും കുടുംബജീവിതവും വ്യക്തിപരമായ താല്പര്യങ്ങളും മാറ്റിവയ്ക്കാന്‍ അവര്‍ നിര്‍ബ്ബന്ധിതരായി. ഒമ്പതോ പത്തോ വയസ്സ് ആകുമ്പോള്‍ത്തന്നെ കാരണവന്മാരില്‍നിന്നും തെയ്യത്തിന്റെ രീതികള്‍ പഠിക്കേണ്ടിവരുന്നു. മനസ്സുകൊണ്ടും ശരീരംകൊണ്ടും ആത്മാവുകൊണ്ടും ഈയൊരു അനുഷ്ഠാനത്തിനു മുന്‍പില്‍ സ്വന്തം ജീവിതം സമര്‍പ്പിച്ചിരിക്കുകയാണ് തെയ്യം ഉപാസകന്മാര്‍.
തെയ്യം കലാകാരന്മാര്‍ എന്നു പറയുന്നതിനേക്കാള്‍, ബഹുമാനപൂര്‍വ്വം തെയ്യം ഉപാസകന്മാര്‍ എന്നു പറയാം. കാരണം വെറുമൊരു കലയായി അതിനെ സാധാരണവല്‍ക്കരിക്കുന്നതു ശരിയല്ല. വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഘോഷയാത്രകളിലും മറ്റും തെയ്യത്തിന്റെ രൂപങ്ങള്‍ കെട്ടി എഴുന്നള്ളിക്കുന്നത് അപമാനകരമാണെന്ന് തെയ്യം ഉപാസകന്മാര്‍ പറയുന്നു. ഈ കാരണം കൊണ്ടുമാകാം തെയ്യം എന്നത് അനുഷ്ഠാന കലയില്‍നിന്നും വെറും കലയിലേക്ക് ചുരുക്കുകയും തെയ്യത്തിന്റെ പ്രതിപുരുഷന്മാര്‍ കലാകാരന്മാരെ എഴുതിത്തള്ളുകയും ചെയ്തത്. ഒരു വേദിയില്‍ അവതരിപ്പിക്കുന്ന, വിനോദത്തിനായി ഉപയോഗിക്കുന്ന കലയല്ല തെയ്യം. അനുഭവ സമ്പത്തിലൂടെയും അര്‍പ്പണത്തിലൂടെയും മാത്രമേ തെയ്യം ഉപാസകനാകാന്‍ കഴിയുകയുള്ളൂ. കേവലം കാഴ്ചവസ്തുവായി പലയിടത്തും കെട്ടിയാടിക്കുന്നത് അപമാനകരമാണ്. എന്നാല്‍, ഇന്ന് അവരുടെ ജീവിതത്തെപ്പറ്റി പറയുമ്പോള്‍ സമൂഹത്താല്‍ പിന്തള്ളപ്പെടുകയും അധികാരികളാല്‍ അവഗണിക്കപ്പെടുകയും ചെയ്യപ്പെട്ട കഥകള്‍ പറയാതെ നിവൃത്തിയില്ല.
ഉപജീവനമാര്‍ഗ്ഗം ഡ്രൈവിംഗ്!
ഭരണകൂടം പലതരത്തില്‍ സഹായിച്ച കഥയുണ്ടെങ്കിലും തെയ്യം കെട്ടുന്നവരെ സഹായിക്കാന്‍ ആരുമില്ല. സാമൂഹിക അകലം പാലിക്കേണ്ടതുകൊണ്ടും തിരക്ക് ഒഴിവാക്കേണ്ടതുമായ കാരണത്താല്‍ ക്ഷേത്രങ്ങളിലും തറവാടുകളിലും തെയ്യം ഇപ്പോള്‍ നടത്താറില്ല. അതിനാല്‍ കളിയാട്ടക്കാര്‍ക്ക് യാതൊരു തരത്തിലുമുള്ള വരുമാനവുമില്ല. ആചാരപ്രകാരം സ്ഥിരമായുള്ള ഒരു ജോലിക്കു പോകാന്‍ അവര്‍ക്ക് കഴിയാതായി. ഈ അനുഷ്ഠാന കലയുടെ രീതികള്‍ക്കും ആചാരങ്ങള്‍ക്കും അനുസരിച്ച് ജീവിക്കുമ്പോള്‍ പഠനത്തിനും ജോലിക്കും വേണ്ടി ശ്രമിക്കാന്‍ പോലും പലര്‍ക്കും കഴിഞ്ഞിരുന്നില്ല. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന വ്രതങ്ങള്‍ ക്ഷേത്രത്തിലും തെയ്യം നടക്കുന്ന സ്ഥലങ്ങളിലും താമസിച്ചിട്ടാണ് പലപ്പോഴും ചെയ്യേണ്ടിയിരുന്നത്. ഈ ദിവസങ്ങളില്‍ കുടുംബത്തിലേക്ക് പോകുവാനോ ചില ഭക്ഷണങ്ങള്‍ കഴിക്കുവാനോ സാധിക്കുന്നതല്ല.
വളരെ ചെറിയ പ്രായത്തില്‍ത്തന്നെ കര്‍ണ്ണമൂര്‍ത്തി പദവി ലഭിച്ച വ്യക്തിയാണ് പ്രസാദ് കര്‍ണ്ണമൂര്‍ത്തി. സാമ്പത്തിക പിന്നാക്കാവസ്ഥയും ജീവിതസാഹചര്യങ്ങളും മൂലം പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവരികയും തെയ്യത്തില്‍ ഉപജീവനമാര്‍ഗ്ഗം തേടുകയും പിന്നീട് തന്റെ കഠിനാധ്വാനത്തിലൂടെയും ഇച്ഛാശക്തിയിലൂടെയും പ്രസാദ് ജീവിതം തിരിച്ചുപിടിക്കുകയും ചെയ്തു. ഒരു തെയ്യക്കാലത്ത് സ്വന്തം പിതാവ് മരണപ്പെട്ടപ്പോള്‍പോലും പോകാന്‍ കഴിഞ്ഞില്ല. അങ്ങനെയൊരു സാഹചര്യത്തിലും അദ്ദേഹം വ്രതം കൈവിട്ടില്ല. വ്യക്തിപരമായ ആഗ്രഹങ്ങളും ജീവിതവഴിത്തിരിവുകളേയും മാറ്റിനിര്‍ത്തി ഇദ്ദേഹം തെയ്യത്തിനോട് പ്രതിബദ്ധത പുലര്‍ത്തി. ഇന്ന് അദ്ദേഹം ഓട്ടോറിക്ഷ ഓടിച്ചാണ് ഉപജീവനമാര്‍ഗ്ഗം തേടുന്നത്. ഏതു ജോലിക്കും അതിന്റേതായ മഹത്വം ഉണ്ട്. എന്നാല്‍, അദ്ദേഹത്തേയും കുടുംബത്തേയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. ''സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ പലതുണ്ട്. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ തെയ്യത്തിനോടനുബന്ധിച്ച് വരുമാനം ലഭിക്കുന്നുണ്ട്.'' എന്നാല്‍ തന്നെപ്പോലെ മറ്റു പലര്‍ക്കും അര്‍ഹിക്കുന്ന പണം കിട്ടാതെ പോയെന്ന് പ്രസാദ് കര്‍ണ്ണമൂര്‍ത്തി കൂട്ടിച്ചേര്‍ത്തു. പല ക്ഷേത്രങ്ങളിലുമായി നടന്ന കളിയാട്ടങ്ങളില്‍നിന്നും ലഭിക്കുന്ന വലിയൊരു തുക സര്‍ക്കാരിലേയ്ക്കാണ് പോകുന്നത്. കളിയാട്ടക്കാരുടെ കഠിനാധ്വാനത്തില്‍നിന്നുണ്ടാകുന്ന ഈ തുക അവരെ ദുരിതക്കയത്തില്‍നിന്നു രക്ഷപ്പെടുത്താന്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍, സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഇന്നേവരെ ഉണ്ടായിട്ടില്ല. ''ഇതിന്റെ വലിയൊരു വിഹിതം സര്‍ക്കാരിന്റെ ഖജനാവിലേക്ക് പോകുന്നുണ്ട്. തെയ്യം സീസണുകളിലാണ് വിദേശികള്‍ അധികമായി കേരളം സന്ദര്‍ശിക്കുന്നത്. ഈ വരുമാനത്തിന്റെ ഒരംശവും കോലധാരികള്‍ക്കു കിട്ടുന്നില്ല.'' ആരോഗ്യമുള്ള കാലത്തോളം മാത്രമാണ് തെയ്യം കെട്ടാന്‍ കഴിയുന്നത്. അതുകഴിഞ്ഞാല്‍ ഇവര്‍ തൊഴില്‍രഹിതരാകും. ''അന്‍പത് വയസ്സുവരെ മാത്രമേ ഞങ്ങള്‍ക്ക് ആരോഗ്യത്തോടെ തെയ്യം കെട്ടാനാകൂ. അതുകഴിഞ്ഞാല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായി മറ്റു പണികള്‍ക്കു പോകാന്‍ കഴിയാതെ വരുന്നു.'' ഇതേപ്പറ്റി സംസാരിക്കാന്‍ പോലും ആരുമില്ല എന്നുള്ളതാണ് പച്ചയായ സത്യം. ''കൊറോണ വന്നതില്‍പ്പിന്നെ സാമ്പത്തിക സഹായം നല്‍കണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതല്ലാതെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സഹായം ഉണ്ടായിട്ടില്ല. ഫോക്ക്ലോറിന്റെ ഒരുപാട് അപേക്ഷകള്‍ പൂരിപ്പിച്ച് കൊടുത്തിട്ടും യാതൊരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല'' -പ്രസാദ് പറയുന്നു. കൊവിഡ്-19 നിയന്ത്രണങ്ങള്‍ കാരണം ദുരിതമനുഭവിക്കുന്നവരും മറ്റ് സാമ്പത്തിക സഹായങ്ങള്‍ ലഭിക്കാത്തതുമായ 30,000 കലാകാരന്മാര്‍ക്ക് സഹായമായി മന്ത്രിസഭായോഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ആയിരം രൂപ വീതം വിതരണം ചെയ്യാന്‍ തീരുമാനിച്ചിരുന്നു.
സ്വയം തൊഴില്‍ പദ്ധതി പ്രകാരം ഓട്ടോറിക്ഷ വാങ്ങി ഓടിച്ചുജീവിക്കുന്ന പ്രസിദ്ധരായ കളിയാട്ടക്കാര്‍ ഉണ്ട്. ഏതൊരു തൊഴിലും അത് അറിയാവുന്നവരെക്കൊണ്ടും സ്ഥിരമായുള്ള അനുഭവസ്ഥരെക്കൊണ്ടും ചെയ്യുകയാണ് പതിവ്. അതിനാല്‍ കളിയാട്ടക്കാര്‍ക്ക് ഒരു തൊഴില്‍ ചെയ്യാനുള്ള പരിചയമില്ല. പഠനകാലത്തെ തെയ്യത്തിന്റെ രീതികളിലേക്ക് വഴിതിരിഞ്ഞ ഇവര്‍ക്ക് വേണ്ടപോലെ വിദ്യാഭ്യാസം നേടുവാനും കഴിഞ്ഞിട്ടില്ല. ''പി.എസ്.സി പൊലീസ് കോണ്‍സ്റ്റബിള്‍ ലിസ്റ്റില്‍ ഒക്കെ എന്റെ പേരുണ്ടായിരുന്നു. എന്നാല്‍ തെയ്യത്തിന്റെ തിരക്കുള്ള സമയങ്ങളില്‍ അതൊന്നും നോക്കാനായില്ല. മുത്തപ്പന്‍തെയ്യം കൂടുതലായി കെട്ടിക്കൊണ്ടിരുന്ന കാലത്ത് പല സ്ഥലങ്ങളില്‍ പോകേണ്ടിവരികയും ജോലിയുടെ അവസരങ്ങള്‍ കുറഞ്ഞു പോവുകയും ചെയ്തു:'' സുബിന്‍ പെരുവണ്ണാന്‍ പറയുന്നു. ഉയര്‍ന്ന പഠനങ്ങളിലേക്ക് തിരിഞ്ഞ വ്യക്തികള്‍ ഉണ്ടെങ്കിലും കളിയാട്ടക്കാലത്തെ തിരക്കുമൂലം പഠനം പൂര്‍ത്തീകരിക്കാന്‍ പലര്‍ക്കും കഴിഞ്ഞില്ല. പൊതുവേ തൊഴിലവസരങ്ങള്‍ കുറഞ്ഞുവരുന്ന ഈ കാലത്ത് കൊവിഡ് വന്നതിനുശേഷം സ്ഥിരം തൊഴിലുള്ളവര്‍ മാത്രമാണ് അല്ലലില്ലാതെ ജീവിക്കുന്നത്. താല്‍ക്കാലിക ജീവനക്കാരെ പറഞ്ഞുവിടുകയും സ്ഥിരമായ ജീവനക്കാരെ മാത്രം ജോലിക്കായി നിര്‍ത്തുകയും ചെയ്യുന്ന രീതിയാണ് പല സ്ഥാപനങ്ങള്‍ക്കും. ഇതിനാല്‍ തെയ്യം ഉപാസകന്മാര്‍ക്ക് പുതിയൊരു ജോലിയിലേക്ക് പ്രവേശിക്കുവാന്‍ കഴിയാതെ വരുന്നു. 2020 മാര്‍ച്ച് മാസത്തിലാണ് കൊവിഡ് വ്യാപകമാകുന്നത്. ഒരുകാലത്ത് സമൂഹത്തില്‍ കാര്യങ്ങളെല്ലാം ചെയ്തുവന്നിരുന്ന കോലധാരി എന്ന നിലയില്‍, പകര്‍ച്ചവ്യാധിയുടെ ആദ്യഘട്ടങ്ങളില്‍ ക്ഷേത്രങ്ങളില്‍നിന്ന് തുച്ഛമായ ധനസഹായം ഇവരുടെ കുടുംബങ്ങള്‍ക്ക് ലഭിക്കുകയുണ്ടായി. അതിനുശേഷം യാതൊരു ധനസഹായവും ഉണ്ടായിട്ടില്ല. പക്ഷേ, ഒരു കുടുംബത്തിനു മുന്നോട്ടുപോകാന്‍ അത്രയും പോരല്ലോ. മറ്റേത് കുടുംബത്തിനേയും പോലെ ആവശ്യങ്ങളും ചെലവുകളും ഇവര്‍ക്കുണ്ടാകും. ക്ഷേത്രങ്ങളിലും മറ്റും തെയ്യക്കളിയാട്ടം നടന്നുകൊണ്ടിരുന്നപ്പോള്‍ അതിന്റെ വലിയൊരു ലാഭത്തുക സര്‍ക്കാരിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. കളിയാട്ടക്കാര്‍ക്ക് കിട്ടുന്നതിലുമേറെ ഖജനാവിലേക്ക് ഒഴുകി. എന്നാല്‍, ഈ ഒരു പ്രതിസന്ധി വന്നപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു ധനസഹായവും ലഭിച്ചില്ല.
ഇന്നോളം ചെയ്ത കര്‍മ്മങ്ങളുടെ ഫലമായി കളിയാട്ടക്കാരനു ലഭിക്കപ്പെട്ട ആചാരസ്ഥാനങ്ങള്‍ അന്നും ഇന്നും സമൂഹത്തില്‍ ബഹുമാനിക്കപ്പെടുന്നു. സങ്കടങ്ങളും വിഷമങ്ങളും പ്രശ്നങ്ങളുമെല്ലാം തുറന്നുപറയാന്‍ കിട്ടുന്ന ഒരു അവസരമാണ് തെയ്യത്തിന്റെ തൊഴല്‍. ഇതിലൂടെ സാമൂഹികമായ ഒരു ഇടപെടലാണ് തെയ്യം നടത്തുന്നത്. സമൂഹത്തിനുവേണ്ടി ജീവിച്ച് സമൂഹത്തിനുവേണ്ടി ജീവിതം മാറ്റിവെച്ച് വ്യക്തിപരമായ പല ആഗ്രഹങ്ങളും ത്യജിച്ച് ഇന്ന് നിലകൊള്ളുന്ന ഒരുപാട് ജീവിതങ്ങള്‍ ഇതിനു പിന്നിലുണ്ടെന്ന യാഥാര്‍ത്ഥ്യം സര്‍ക്കാര്‍ തിരിച്ചറിയേണ്ടതുണ്ട്.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
