''ജനം തെരഞ്ഞെടുത്ത മുഖ്യമന്ത്രിയെ ഭരിക്കാന്‍ അനുവദിക്കാത്ത ഈ സമരം എന്തിന്?''; ഒരു വീട്ടമ്മയുടെ ചോദ്യത്തിനു മുന്നില്‍ നേതാക്കള്‍ സ്തബ്ധരായി

സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം ശക്തമാക്കാന്‍ 2014 ജൂണ്‍ 17-ന് ഇടതുമുന്നണി നേതൃയോഗം തീരുമാനിക്കുന്നു. മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ ബഹിഷ്‌കരിക്കും. നിയമസഭാ മാര്‍ച്ചും ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ്ണയും സംഘടിപ്പിക്കും. സോളാര്‍ കേസില്‍ പ്രതിയുമായിചങ്ങാത്തംകൂടി ചീഫ് വിപ്പ് പി.സി. ജോര്‍ജ് പരസ്യമായും ഗണേഷ് കുമാറിനെപ്പോലുള്ളവര്‍ രഹസ്യമായും പ്രതിപക്ഷത്തിനു പിന്നില്‍ അണിചേര്‍ന്നത് ഭരണപക്ഷത്തിന്റെ നില കൂടുതല്‍ ദുര്‍ബ്ബലമാക്കി. അതോടെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം കൊഴുത്തു.
''ജനം തെരഞ്ഞെടുത്ത മുഖ്യമന്ത്രിയെ ഭരിക്കാന്‍ അനുവദിക്കാത്ത ഈ സമരം എന്തിന്?''; ഒരു വീട്ടമ്മയുടെ ചോദ്യത്തിനു മുന്നില്‍ നേതാക്കള്‍ സ്തബ്ധരായി
Updated on
8 min read

സോളാര്‍ കേസിന്റെ പേരില്‍ സംസ്ഥാനമൊട്ടാകെ, സി.പി.എം ഉമ്മന്‍ ചാണ്ടിയുടെ പരിപാടികള്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു. പക്ഷേ, അതൊന്നും കൂസാതെ അദ്ദേഹം എല്ലാ പരിപാടികള്‍ക്കും എത്തിക്കൊണ്ടിരുന്നു. അങ്ങനെ കണ്ണൂരില്‍ പൊലീസ് കായികമേളയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്ന വഴിക്കാണ് സി.പി.എം പ്രവര്‍ത്തകന്റെ കല്ലേറില്‍ അദ്ദേഹത്തിനു പരിക്കേറ്റത്. കാറിന്റെ ഗ്ലാസ് തകര്‍ത്തുകൊണ്ട് കല്ല് അദ്ദേഹത്തിന്റെ നെഞ്ചില്‍ പതിക്കുകയായിരുന്നു. ആരുടേയോ കണ്ണീരില്‍ കുതിര്‍ന്ന നിവേദനത്തില്‍ കണ്ണ് പാര്‍ത്തിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നെഞ്ചില്‍നിന്നുതിര്‍ന്ന ചോരയില്‍ നിവേദനം കുതിര്‍ന്നു. ആശുപത്രിയില്‍പോലും പോകാന്‍ തയ്യാറാകാതെ നേരെ സമ്മേളനവേദിയിലേക്കാണ് ഉമ്മന്‍ ചാണ്ടി പോയത്. തന്നെ ആക്രമിച്ചതിന്റെ പേരില്‍ പിറ്റേ ദിവസം കോണ്‍ഗ്രസ് ആഹ്വാനം ചെയ്യാനിരുന്ന ഹര്‍ത്താലും അദ്ദേഹം വിലക്കി.

കല്ലെറിഞ്ഞ ആളോട് ഉമ്മന്‍ ചാണ്ടി ക്ഷമിച്ചു. പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന എം.എല്‍.എമാരായിരുന്ന കെ.കെ. നാരായണന്‍, സി. കൃഷ്ണന്‍ എന്നിവരെ സഹായിക്കുന്ന വിധത്തിലാണ് അദ്ദേഹം കോടതിയില്‍ മൊഴി നല്‍കിയത്. പ്രതിഷേധത്തിനിടയില്‍ ഉണ്ടാകുന്ന സാധാരണ സംഭവമെന്ന മട്ടിലാണ് കേസിന്റെ വിചാരണ സമയത്ത് അദ്ദേഹമെടുത്ത നിലപാട്. കൊല്ലണമെന്ന ലക്ഷ്യത്തോടെ തന്നെ ആക്രമിച്ചു എന്നുള്ള പൊലീസിന്റെ വകുപ്പ് അദ്ദേഹം അംഗീകരിച്ചില്ല. ഇതേത്തുടര്‍ന്ന് കേസില്‍ പ്രതിചേര്‍ത്ത 107 സി.പി.എം പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു. മൂന്നു പേരെ ശിക്ഷിച്ചതാകട്ടെ, പൊതു മുതല്‍ നശിപ്പിച്ചു എന്ന കുറ്റം മാത്രം ചുമത്തി.

കേസിലെ പ്രതികളില്‍ ഒരാളായ സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പിന്നീട് ഉമ്മന്‍ ചാണ്ടിയെ നേരിട്ടു കണ്ട് സംഭവത്തില്‍ മാപ്പ് പറയുകയും ചെയ്തു. വിചാരണവേളയില്‍ ഉമ്മന്‍ ചാണ്ടി ധരിച്ചിരുന്ന ഒരു കീറിയ ഷര്‍ട്ട് പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു, ക്രോസ് വിസ്താരത്തില്‍ ഷര്‍ട്ടില്‍ കീറല്‍ ഉണ്ടായത് ആക്രമണത്തിനിടയില്‍ അല്ലേ എന്ന് അഭിഭാഷകന്‍ ചോദിച്ചു. അല്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി. മറ്റൊരു രാഷ്ട്രീയ നേതാവും കാണിച്ചിട്ടില്ലാത്ത സത്യസന്ധത.

സരിതയുടെ പടം

സോളാര്‍ കേസില്‍ ബിജു രാധാകൃഷ്ണന്റെ അറസ്റ്റ് കേവലം നാടകമാണെന്നും അവരുടെ തട്ടിപ്പിന് മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയും കൂട്ടുനിന്നുവെന്നും ഇടത് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആരോപിച്ചു. മുഖ്യമന്ത്രി മാറിനിന്നുകൊണ്ടുള്ള ജുഡീഷ്യല്‍ അന്വേഷണമാണ് ഇടതു മുന്നണിയുടെ ആവശ്യം. സമരം കൊടുമ്പിരികൊണ്ട ദിവസം രാവിലെ കൈരളി ചാനലിലാണ് വിവാദ ചിത്രം പ്രത്യക്ഷപ്പെട്ടത്.

സരിതയുമായി തനിക്ക് യാതൊരു ഇടപാടും ഇല്ലെന്നും സരിതയെ താന്‍ ഓഫീസിലോ ക്ലിഫ് ഹൗസിലോ കണ്ടിട്ടില്ലെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. എന്നാല്‍, സരിതയും ഉമ്മന്‍ ചാണ്ടിയും തമ്മില്‍ കണ്ടതിനു തെളിവ് പ്രതിയുമായി സൗഹൃദമുള്ള ഒരു നേതാവിന്റെ കൈവശമുണ്ടെന്നു പിന്നാമ്പുറത്ത് നേരത്തെ മുതല്‍ തന്നെ വാര്‍ത്ത പ്രചരിക്കുന്നുണ്ടായിരുന്നു. രണ്ടുദിവസമായി അത്തരം ഒരു വാര്‍ത്തയ്ക്ക് അരങ്ങൊരുങ്ങിക്കൊണ്ടിരുന്നു. ആ വാര്‍ത്തയാണ് സമരനാളില്‍ കൈരളി ചാനല്‍ സ്‌കൂപ്പ് ആയി അവതരിപ്പിച്ചത്. എറണാകുളം ജില്ലയിലെ കടപ്ലാമറ്റത്ത് ഒരു പൊതു ചടങ്ങില്‍ വേദിയില്‍ ഇരിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ ചെവിയില്‍ സരിത എന്തോ വന്നു മൊഴിയുന്ന ചിത്രമായിരുന്നു വാര്‍ത്ത. സരിതയും ഉമ്മന്‍ ചാണ്ടിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും അതുകൊണ്ടാണ് സരിത അത്രയും സ്വാതന്ത്ര്യം എടുത്ത് സ്റ്റേജില്‍ കയറിവന്ന് ഉമ്മന്‍ ചാണ്ടിയുടെ ചെവിയില്‍ മന്ത്രിക്കുന്നത് എന്നുമായിരുന്നു വാര്‍ത്തയ്‌ക്കൊപ്പം കൈരളി ലേഖകന്റെ വ്യാഖ്യാനം. അതേ സമയം ഉമ്മന്‍ ചാണ്ടിയുടെ അടുത്ത് വരാനും ചെവിയില്‍ സംസാരിക്കാനുമൊക്കെ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട് എന്നതിനാല്‍ അതിനെ ഗൗരവമായി കാണേണ്ട കാര്യമില്ല എന്ന് എതിര്‍വാദവും ഉയര്‍ന്നു.

വീട്ടമ്മയുടെ പ്രതിഷേധം

സോളാര്‍ വിവാദത്തിന്റെ പേരില്‍ സി.പി.എം സെക്രട്ടറിയേറ്റില്‍ നടത്തിയ രാപകല്‍ സമരം നിര്‍ത്തിവയ്‌ക്കേണ്ടിവന്നതിനെത്തുടര്‍ന്നു സമരത്തിന്റെ ശൈലി ഒന്നു മാറ്റാന്‍ പാര്‍ട്ടി തീരുമാനിക്കുന്നു. അങ്ങനെ ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേയ്ക്ക് പോകുന്ന റോഡ് ഉപരോധിക്കുന്നു. സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ഉപരോധം.


മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള പാത ഉപരോധിച്ച സി.പി.എമ്മിന്റെ വനിതാ പ്രവര്‍ത്തകര്‍ ടി.എന്‍ സീമയുടെ നേതൃത്വത്തില്‍ ഒരു സ്‌കൂട്ടര്‍ യാത്രികയെ തടയുന്നു
മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള പാത ഉപരോധിച്ച സി.പി.എമ്മിന്റെ വനിതാ പ്രവര്‍ത്തകര്‍ ടി.എന്‍ സീമയുടെ നേതൃത്വത്തില്‍ ഒരു സ്‌കൂട്ടര്‍ യാത്രികയെ തടയുന്നു Manu R Mavelil/express

നാലു ദിവസം തുടര്‍ച്ചയായി നടന്ന ഉപരോധം ആ വഴിയില്‍ താമസിക്കുന്നവരെയൊക്കെ ബുദ്ധിമുട്ടിലാക്കി. സമരക്കാരെ പേടിച്ച് ആരും ഒന്നും മിണ്ടുന്നില്ല. എന്നാല്‍, എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഒരു ദിവസം സാധാരണക്കാരിയായ ഒരു വീട്ടമ്മ സമരക്കാരെ നേരിട്ടു. റോഡ് ഉപരോധിച്ചു വഴിമുടക്കിയ ഇടതുമുന്നണി നേതാക്കള്‍ക്കെതിരെ സ്ഥലവാസിയായ ആ വീട്ടമ്മ രോഷാകുലയായി പൊട്ടിത്തെറിക്കുന്ന വീഡിയോ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു. അത് കേരളം മുഴുവന്‍ കണ്ടു ചര്‍ച്ച ചെയ്തു.

രാവിലെ സ്‌കൂട്ടറില്‍ മക്കളെ സ്‌കൂളില്‍ വിട്ടു തിരിച്ചെത്തിയപ്പോള്‍ വീട്ടിലേയ്ക്ക് പോകാന്‍ കഴിയാത്തവിധം സമരക്കാര്‍ വഴിയടച്ച് സമരം ചെയ്യുന്നു. സമരക്കാരെ നേരിടാന്‍ പൊലീസ് ബാക്കിയുള്ള ഭാഗത്തും ബാരിക്കേഡ് ഉപയോഗിച്ച് റോഡു കെട്ടിയടച്ചു. ഇതു കണ്ടാണ് വീട്ടമ്മയായ സന്ധ്യയുടെ നിയന്ത്രണം വിട്ടത്. ആരെയാണോ ഉപരോധിച്ചത് ആ മുഖ്യമന്ത്രി ആ സമയം കൊല്ലത്തു ജനസമ്പര്‍ക്ക പരിപാടിയിലാണ്.

സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, മുന്‍മന്ത്രി വി. സുരേന്ദ്രന്‍പിള്ള എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ സന്ധ്യ വിരല്‍ചൂണ്ടി പൊട്ടിത്തെറിച്ചപ്പോള്‍ അവരെല്ലാം സ്തംഭിച്ചുപോയി. നേതാക്കള്‍ ദുര്‍ബ്ബലമായി പ്രതിരോധിക്കാന്‍ ശ്രമിച്ചുവെങ്കിലും സന്ധ്യയുടെ രോഷം ആളിക്കത്തി. ക്ലിഫ് ഹൗസ് പരിസരത്തു താമസിക്കുന്ന അഞ്ഞൂറോളം വീട്ടുകാര്‍ക്കുവേണ്ടിയാണ് താന്‍ പ്രതിഷേധിക്കുന്നതെന്നും ഇനിയും വഴിമുടക്കി ഉപരോധം തുടര്‍ന്നാല്‍ തങ്ങള്‍ സമരക്കാരെ കല്ലെറിഞ്ഞ് ഓടിക്കുമെന്നും സന്ധ്യ മുന്നറിയിപ്പു നല്‍കി. മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന സമരംകൊണ്ട് ദുരിതമനുഭവിക്കുന്നത് ജനങ്ങളാണ്. ജനം തെരഞ്ഞെടുത്ത മുഖ്യമന്ത്രിയെ ഭരിക്കാന്‍ അനുവദിക്കാത്ത ഈ സമരാഭാസം എന്തിനാണെന്ന് ഒരു സാധാരണ വീട്ടമ്മയുടെ ചോദ്യത്തിനു മുന്നില്‍ നേതാക്കള്‍ സ്തബ്ധരായി നിന്നു.

സന്ധ്യ എന്ന വീട്ടമ്മ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുവേണ്ടി ഇടതുപക്ഷത്തോട് ആ ചോദ്യം ചോദിച്ചിട്ട് പത്തു വര്‍ഷം. സന്ധ്യ അന്നു ചോദിച്ച ചോദ്യത്തിന് ഇന്നു പണ്ടെന്നത്തേക്കാള്‍ പ്രസക്തിയേറി. ഒരു സ്ത്രീയുടെ കെട്ടിച്ചമച്ച ആരോപണങ്ങളുടെ പേരില്‍ ഒരു മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും ജനങ്ങളേയും കഷ്ടപ്പെടുത്തിയതെന്തിന് എന്ന ചോദ്യമാണ് ഇന്നു കേരളം ഇടതുപക്ഷത്തോട് ചോദിക്കുന്നത്.

സന്ധ്യയ്ക്ക് രാഷ്ട്രീയം ഉണ്ടായിരുന്നില്ല. അവര്‍ ഒരു പാര്‍ട്ടിയിലും അംഗവുമായിരുന്നില്ല. അവരും ഭര്‍ത്താവും കൂടി ചെറിയ തോതില്‍ കേറ്ററിംഗ് നടത്തിയാണ് കുടുംബം പോറ്റിയിരുന്നത്. ഈ സംഭവത്തോടെ അവരുടെ കേറ്ററിങും നിന്നുപോയി. പിന്നീട് ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ദിവസക്കൂലിക്ക് സന്ധ്യ ജോലിക്കു കയറിയെങ്കിലും ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ആ ജോലിയില്‍നിന്ന് അവരെ പിരിച്ചുവിട്ടു. സമരാഭാസത്തിനെതിരെ സന്ധ്യ കാട്ടിയ ധീരതയ്ക്ക് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി സമ്മാനിച്ച അഞ്ച് ലക്ഷം രൂപയുടെ പാരിതോഷികം മാത്രമാണ് അവര്‍ക്കു കിട്ടിയ ഏക അംഗീകാരം. പത്തു വര്‍ഷം കഴിഞ്ഞ് ഇപ്പോള്‍ സന്ധ്യ എങ്ങനെ ജീവിക്കുന്നു എന്നു കോണ്‍ഗ്രസ്സുകാര്‍പോലും അന്വേഷിക്കുന്നില്ല.

സന്ധ്യയില്‍നിന്നേറ്റ ക്ഷീണം തീര്‍ക്കാനായി രാപകല്‍ സമരം നിര്‍ത്തി ഓഗസ്റ്റ് 12 മുതല്‍ ഉമ്മന്‍ ചാണ്ടി രാജിവയ്ക്കും വരെ സെക്രട്ടറിയേറ്റ് അനിശ്ചിത കാലത്തേക്ക് ഉപരോധിക്കാന്‍ ഇടതു മുന്നണി തീരുമാനമെടുത്തു. സെക്രട്ടറിയേറ്റ് ഉപരോധത്തിലൂടെ ഭരണം സ്തംഭിപ്പിക്കാന്‍ ആണ് പ്രതിപക്ഷ ഉദ്ദേശ്യമെങ്കില്‍ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതികരിച്ചു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനാണ് പ്രതിപക്ഷ ശ്രമം. സോളാര്‍ വിഷയത്തില്‍ പ്രതിപക്ഷം ഉന്നയിച്ച എല്ലാ ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കിയിട്ടുണ്ട്. പ്രത്യേക സംഘത്തിന്റെ അന്വേഷണം അവസാന ഘട്ടത്തിലാണ്. അതുവരെയെങ്കിലും പ്രതിപക്ഷം കാത്തിരിക്കണം. ഉമ്മന്‍ ചാണ്ടി പറഞ്ഞു. സെക്രട്ടേറിയറ്റ് ഉപരോധത്തിന്റെ മറവില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് സി.പി.എമ്മിന്റെ ശ്രമം എന്നതിനാല്‍ കേരളത്തിലേയ്ക്ക് 20 കമ്പനി കേന്ദ്രസേനയെ അയക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. ഉപരോധം സമാധാനപരമെങ്കില്‍ സമാധാനപരമായിത്തന്നെ നേരിടുമെന്ന് മുഖ്യമന്ത്രിയും അറിയിച്ചു.

''ജനം തെരഞ്ഞെടുത്ത മുഖ്യമന്ത്രിയെ ഭരിക്കാന്‍ അനുവദിക്കാത്ത ഈ സമരം എന്തിന്?''; ഒരു വീട്ടമ്മയുടെ ചോദ്യത്തിനു മുന്നില്‍ നേതാക്കള്‍ സ്തബ്ധരായി
ടീം സോളാര്‍ തട്ടിപ്പിന്റെ തുടക്കം

കേരളം കണ്ട ഏറ്റവും വലിയ ഉപരോധ സമരത്തിന് തലസ്ഥാനം ഒരുങ്ങി. സമരത്തിനെത്തുന്ന പ്രവര്‍ത്തകര്‍ക്കുവേണ്ടി പാര്‍ട്ടി തലസ്ഥാനത്ത് 15 ഭക്ഷണശാലകള്‍ ഒരുക്കി. സമരക്കാര്‍ക്കു പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സഖാക്കളുടെ വീടുകള്‍ ഒരുങ്ങി. രാവിലെ ഉപ്പുമാവ്. ഉച്ചയ്ക്ക് ചോറും സാമ്പാറും അവിയലും. രാത്രി കഞ്ഞിയും പുഴുക്കും. പാചകവും വിളമ്പും എല്ലാം പാര്‍ട്ടി പ്രവര്‍ത്തകര്‍.

സമരത്തെ മെരുക്കിയ തന്ത്രം

സി.പി.എം നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നും പ്രവര്‍ത്തകരെ അണിനിരത്തിയ ഉപരോധ സമരം ഒരു കേഡര്‍ പാര്‍ട്ടിയുടെ സംഘടനാ മികവ് തെളിയിക്കുന്നതായിരുന്നു. ഇതിനിടെ ഉപരോധം നേരിടാന്‍ 144 പ്രഖ്യാപിക്കുന്ന കാര്യം സര്‍ക്കാര്‍ ചര്‍ച്ച ചെയ്തു. കേന്ദ്രത്തില്‍നിന്നു ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്, സി.ആര്‍.പി.എഫ്, സി.ഐ.എസ്.എഫ് എന്നിവയുടെ 20 കമ്പനികളിലെ പകുതിപ്പേരെ വിവിധ സ്ഥലങ്ങളില്‍ വിന്യസിച്ചു. പ്രതിരോധത്തില്‍ ലക്ഷം പേര്‍ പങ്കെടുക്കുമെന്നും ഇവര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ കേന്ദ്രീകരിക്കും എന്നും സെക്രട്ടറിയേറ്റിലേക്കും പുറത്തേക്കും ആരെയും കടത്തിവിടില്ലെന്നും ഇടതുമുന്നണി നേതാക്കള്‍ പ്രഖ്യാപിച്ചതോടെ സംഘര്‍ഷം രൂക്ഷമായി. മന്ത്രിമാരും ജീവനക്കാരും സെക്രട്ടറിയേറ്റിലേയ്ക്ക് പ്രവേശിക്കുന്ന ഗേറ്റ് ഉപരോധിച്ചാല്‍ ബലപ്രയോഗം വേണ്ടിവരുമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി.

സര്‍ക്കാര്‍ ഒരു തന്ത്രം പ്രയോഗിച്ചു. സാധാരണഗതിയില്‍ സമരക്കാരുടെ കേന്ദ്രമായി മാറുന്ന യൂണിവേഴ്‌സിറ്റി കോളേജ്, സംസ്‌കൃത കോളേജ് എന്നിവ കേന്ദ്രസേനയുടെ ക്യാമ്പുകളാക്കി ഉത്തരവിറക്കി. അതോടെ സമരക്കാര്‍ക്ക് അവരുടെ ഒരു സ്ഥിരം ഒളിത്താവളം നഷ്ടപ്പെട്ടു. അയ്യായിരത്തോളം സംസ്ഥാന പൊലീസ് അംഗങ്ങളെ നഗരത്തിന്റെ പല ഭാഗത്തായി വിന്യസിച്ചു.

നേരത്തെ നടന്ന സോളാര്‍ സമരങ്ങളില്‍ യൂണിവേഴ്‌സിറ്റി കോളേജില്‍നിന്നാണ് പൊലീസിനു നേര്‍ക്ക് ആക്രമണവും പെട്രോള്‍ ബോംബേറും മറ്റും ഉണ്ടായത്. ഇക്കുറി ആ വഴി അടച്ചത് സമരക്കാരെ പ്രകോപിപ്പിച്ചു. കേരള പൊലീസിന്റെ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളും രംഗത്തിറങ്ങി. ആര്‍ട്‌സ് കോളേജ്, എസ്.എം.വി സ്‌കൂള്‍, മോഡല്‍ സ്‌കൂള്‍, മണക്കാട് സ്‌കൂള്‍, അട്ടക്കുളങ്ങര സ്‌കൂള്‍ തുടങ്ങിയവയും സേനകള്‍ക്കായി ഒരുക്കി. വനിതാ സേനാംഗങ്ങള്‍ക്ക് വിമന്‍സ് കോളേജില്‍ ക്യാമ്പൊരുക്കി. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. സമരത്തെ നേരിടാന്‍ അറ്റകൈ എന്ന നിലയില്‍ ജില്ലയില്‍ മദ്യനിരോധനവും ഏര്‍പ്പെടുത്തി. സുരക്ഷാ ക്രമീകരണങ്ങള്‍ നിയന്ത്രിക്കുന്നതിനായി സെക്രട്ടറിയേറ്റിലെ പൊതു ഭരണ വകുപ്പില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു.

''സോളാര്‍ കേസില്‍ സര്‍ക്കാരിന് ഒരു രൂപപോലും നഷ്ടമായിട്ടില്ല. തട്ടിപ്പ് നടത്തിയവര്‍ക്ക് ഒരു സഹായവും ചെയ്തു കൊടുത്തിട്ടില്ല. അതേ സമയം ബംഗാളില്‍ 14 ലക്ഷം ഗ്രാമീണരില്‍നിന്നു 3000 കോടി രൂപ തട്ടിപ്പ് നടത്തിയ ചിട്ടി വിവാദത്തില്‍ സി.പി.എം സമരം നടത്താത്തത് എന്താണ്?'' മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചോദിച്ചു.

ഉപരോധം തുടങ്ങുന്നതിന്റെ തലേന്ന് സമരത്തില്‍ അണിചേരാനായി എല്ലാ ഭാഗത്തുനിന്നും സി.പി.എം പ്രവര്‍ത്തകരുടെ അണമുറിയാത്ത പ്രവാഹം. ട്രെയിനിലും ബസിലും സ്വകാര്യ വാഹനങ്ങളിലുമായി തലേന്നു മുതല്‍ തന്നെ ജനം തലസ്ഥാനത്തേയ്ക്ക് ഒഴുകി. റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലും പൂരത്തിരക്ക്.

മുഖ്യമന്ത്രിയുടെ വസതിയ്ക്കു മുന്‍പില്‍ നടന്ന ഉപരോധം അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ് ഉത്ഘാടനം ചെയ്യുന്നു. സമീപം ഇടതുമുന്നണി കണ്‍വീനര്‍ ആയിരുന്ന വൈക്കം വിശ്വന്‍ കോടിയേരി ബാലകൃഷ്ണന്‍, പി.സി തോമസ്, സി.ദിവാകരന്‍ എന്നിവര്‍
മുഖ്യമന്ത്രിയുടെ വസതിയ്ക്കു മുന്‍പില്‍ നടന്ന ഉപരോധം അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ് ഉത്ഘാടനം ചെയ്യുന്നു. സമീപം ഇടതുമുന്നണി കണ്‍വീനര്‍ ആയിരുന്ന വൈക്കം വിശ്വന്‍ കോടിയേരി ബാലകൃഷ്ണന്‍, പി.സി തോമസ്, സി.ദിവാകരന്‍ എന്നിവര്‍ .kaviyoor santhosh/express

കഴിയുന്നത്ര ഏറ്റുമുട്ടലുണ്ടാകാതെ സമാധാനപരമായിത്തന്നെ സമരത്തെ നേരിടണമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പൊലീസിനോട് വ്യക്തമാക്കിയിരുന്നു. സെക്രട്ടറിയേറ്റും പരിസരവും അഞ്ചു മേഖലകളായി തിരിച്ച് പരിചയസമ്പന്നരായ അഞ്ച് എസ്.പിമാര്‍ക്ക് ചുമതല നല്‍കി. ആദ്യം ചെയ്തത് കന്റോണ്‍മെന്റ് ഗേറ്റ് മുതല്‍ ക്ലിഫ് ഹൗസ് വരെയുള്ള റോഡ് പ്രത്യേക സുരക്ഷപാതയായി പൊലീസിന്റെ നിയന്ത്രണത്തില്‍ ആക്കുകയായിരുന്നു. ഇതിനായി 15 സ്ഥലങ്ങളില്‍ ബാരിക്കേഡ് സ്ഥാപിച്ചു. നഗരം സമരക്കാരെക്കൊണ്ട് നിറഞ്ഞപ്പോള്‍ രാത്രി മുതല്‍ തന്നെ ചെറുതും വലുതുമായ തര്‍ക്കങ്ങളും പ്രശ്‌നങ്ങളും ഉണ്ടായിത്തുടങ്ങി. നന്നായി ഇടപെട്ട് അനുനയ രൂപത്തില്‍ പൊലീസ് പലതും പരിഹരിച്ചു. സമരക്കാര്‍ ഉണര്‍ന്നുവരുന്നതിനു മുന്‍പ് കന്റോണ്‍മെന്റ് ഗേറ്റ് വഴി രാവിലെ ഏഴ് മണിക്കു മുന്‍പ് തന്നെ മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടറിയേറ്റില്‍ കടന്നു. രാവിലെ ഒന്‍പത് മണിക്കു പ്രത്യേക മന്ത്രിസഭാ യോഗവും ചേര്‍ന്നു. അതു സമരക്കാര്‍ക്ക് വലിയ ക്ഷീണമായി. മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി സെക്രട്ടറിയേറ്റില്‍നിന്ന് അതേ വഴിയിലൂടെ രാജ്ഭവനിലും എത്തി. ഇതിനിടെ രാജ്ഭവനില്‍ എത്തി മുഖ്യമന്ത്രി രാജിക്കത്ത് നല്‍കാന്‍ പോകുന്നു എന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായി. ഉമ്മന്‍ ചാണ്ടി രാജ്ഭവനില്‍ ഗവര്‍ണര്‍ക്ക് സമരത്തെക്കുറിച്ചും ക്രമസമാധാന നിലയെക്കുറിച്ചും വിശദീകരിച്ചു മടങ്ങിയതോടെ അഭ്യൂഹങ്ങള്‍ക്ക് അല്പായുസായി.

കന്റോണ്‍മെന്റ് ഗേറ്റിലേക്കുള്ള വഴിയില്‍ ബേക്കറി ജംഗ്ഷന്‍ ഭാഗത്ത് രാവിലെ മുതല്‍ തന്നെ സമരക്കാര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു തുടങ്ങിയിരുന്നു. സി.പി.എമ്മിന്റെ ഉന്നത നേതാക്കള്‍ ഇടയ്ക്കിടെ അവിടെ നേരിട്ട് എത്തി സമരക്കാരെ ശാന്തരാക്കി. എന്നിട്ടും അതുവഴി പോയിരുന്ന പൊലീസ് വാഹനങ്ങള്‍ തടയാനും പൊലീസിനെ ആക്രമിക്കാനും ശ്രമമുണ്ടായി. ഇത്രയും വലിയ ഉപരോധം സമരം നടക്കുമ്പോള്‍ സെക്രട്ടറിയേറ്റിലേക്കും പുറത്തേയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നുപോകുന്നത് സമരക്കാര്‍ക്ക് ദഹിച്ചില്ല. സിറ്റി പൊലീസ് കമ്മിഷണര്‍ വിജയന്‍ അപ്പപ്പോള്‍ പ്രശ്‌നങ്ങളില്‍ ഇടപെട്ട് സമാധാനം നിലനിര്‍ത്താന്‍ കഠിനാധ്വാനം ചെയ്തു. എന്നിട്ടും ബേക്കറി ജംഗ്ഷന്‍ പരിസരത്ത് അസ്വാസ്ഥ്യം നീറിപ്പുകഞ്ഞു നിന്നു. സെക്രട്ടറിയേറ്റില്‍ രാവിലെ ജോലിക്ക് എത്തിയ പലര്‍ക്കും വൈകുന്നേരം തിരികെ പോകാന്‍ വയ്യാത്ത സാഹചര്യം ഉണ്ടായി. സമരക്കാര്‍ പൊലീസിനു നേര്‍ക്ക് കയ്യില്‍ കിട്ടിയതൊക്കെ വലിച്ചെറിയാന്‍ തുടങ്ങി. ഒടുവില്‍ പിണറായി വിജയന്‍ തന്നെ നേരിട്ടെത്തി രംഗം ശാന്തമാക്കി. ഒരുവിധം അന്നത്തെ രാത്രി കടന്നുപോയി.

എല്ലാം ഒരു ഫോണ്‍വിളിയില്‍ തീര്‍ന്നു

കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നും പ്രവര്‍ത്തകരെ അണിനിരത്തി സി.പി.എം സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിയ സമരം ആരും പ്രതീക്ഷിക്കാത്ത നേരത്ത് എങ്ങനെ പെട്ടെന്ന് അവസാനിച്ചു എന്നതിനെക്കുറിച്ച് പല സംശയങ്ങളും പല കേന്ദ്രങ്ങളില്‍നിന്നും ഉയര്‍ന്നിരുന്നു. സത്യത്തില്‍ രണ്ടു പത്രലേഖകര്‍ തമ്മില്‍ നടത്തിയ ഒരു ഫോണ്‍ സംഭാഷണത്തില്‍നിന്നായിരുന്നു അതിന്റെ തുടക്കം. അപ്രതീക്ഷിതമായി സര്‍ക്കാര്‍ സെക്രട്ടറിയേറ്റിനു രണ്ടു ദിവസം അവധി നല്‍കിയതും. പാര്‍ട്ടിക്കും നിയന്ത്രിക്കാന്‍ കഴിയാതെപോയ സമരക്കാര്‍ നേരിട്ട പ്രകൃതിയുടെ വിളിയും കാരണമായെന്നു പറയാം.

സമരം രണ്ടാംദിവസത്തിലേയ്ക്ക് കടന്നതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയിലെത്തി. ഒരിടത്ത് ലാത്തിച്ചാര്‍ജ് തുടങ്ങിയാല്‍ അതു മറ്റിടങ്ങിലേയ്ക്ക് പെട്ടെന്നു വ്യാപിപ്പിക്കേണ്ടിവരും എന്നതിനാല്‍ പൊലീസ് എല്ലാം സഹിച്ച് പിടിച്ചുനിന്നു. ക്രമസമാധാന ചുമതലയുള്ള ദക്ഷിണ മേഖല എ.ഡി.ജി.പി ഹേമചന്ദ്രന്‍ മുഖ്യമന്ത്രിയെ കണ്ടു സ്ഥിതിഗതികള്‍ ധരിപ്പിച്ചു. സമരം നീണ്ടുപോകുന്ന ഓരോ നിമിഷവും അത്യന്തം ഗുരുതരമാണെന്നു പറഞ്ഞു. എങ്ങനെയെങ്കിലും ഒരു ദിവസം കൂടി പിടിച്ചുനില്‍ക്കണം എന്നതായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. ഇതിനിടെയാണ് സര്‍ക്കാര്‍ സെക്രട്ടറിയേറ്റിനു രണ്ടു ദിവസം അവധി പ്രഖ്യാപിച്ച് സമരക്കാരെ വെട്ടിലാക്കിയത്. ആ തന്ത്രം രണ്ടു ദിവസത്തെ സെക്രട്ടറിയേറ്റ് വളയല്‍ നിരര്‍ത്ഥകമാക്കി. അത്രയും ദിവസം പ്രവര്‍ത്തകരെ തലസ്ഥാനത്ത് പിടിച്ചുനിര്‍ത്തുക അങ്ങേയറ്റം ദുഷ്‌കരം.

''ജനം തെരഞ്ഞെടുത്ത മുഖ്യമന്ത്രിയെ ഭരിക്കാന്‍ അനുവദിക്കാത്ത ഈ സമരം എന്തിന്?''; ഒരു വീട്ടമ്മയുടെ ചോദ്യത്തിനു മുന്നില്‍ നേതാക്കള്‍ സ്തബ്ധരായി
''അന്നു ഞാന്‍ ഒരാളുടെ ബ്ലാക്ക്‌മെയിലിങ്ങിനു വഴങ്ങിപ്പോയി''; ഉമ്മന്‍ ചാണ്ടി പറഞ്ഞു

സമരത്തിന്റെ പുരോഗതി നിരീക്ഷിച്ച് ഓഫീസിലിരിക്കുകയായിരുന്ന എനിക്ക് 11 മണിയോടെ ഒരു ഫോണ്‍ കോള്‍ വന്നു. സുഹൃത്തും പിണറായി വിജയന്റെ വിശ്വസ്തനും കൈരളി ചാനലിന്റെ വാര്‍ത്താവിഭാഗം മേധാവിയുമായ ജോണ്‍ ബ്രിട്ടാസിന്റേതായിരുന്നു ഫോണ്‍ കോള്‍. ''സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കേണ്ടേ?'' -ബ്രിട്ടാസ് ചോദിച്ചു. എന്താ അവസാനിപ്പിക്കണം എന്നു തോന്നിത്തുടങ്ങിയോ എന്നു ഞാനും തിരിച്ചു ചോദിച്ചു. മുകളില്‍നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ് ബ്രിട്ടാസിന്റെ കോള്‍ എന്നു മനസ്സിലായി. ഉടനെ പത്രസമ്മേളനം നടത്തി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ സമരം പിന്‍വലിക്കാന്‍ തയ്യാറാണെന്ന് ഉമ്മന്‍ ചാണ്ടിയെ അറിയിക്കാമോ എന്നായിരുന്നു ബ്രിട്ടാസിന്റെ അടുത്ത ചോദ്യം. ''ജുഡീഷ്യല്‍ അന്വേഷണം നേരത്തെ തന്നെ മുഖ്യമന്ത്രി പറഞ്ഞതാണല്ലോ'' എന്നു ഞാന്‍ ചൂണ്ടിക്കാട്ടി. ''അതെ... അതു പത്രസമ്മേളനം വിളിച്ചു പറഞ്ഞാല്‍ മതി'' എന്നു ബ്രിട്ടാസ്. നിര്‍ദ്ദേശം ആരുടേതാണെന്നു ഞാന്‍ ചോദിച്ചു. നേതൃതലത്തിലുള്ള തീരുമാനമാണെന്ന് ഉറപ്പു വരുത്തി. ശരി സംസാരിച്ചു നോക്കാം എന്നു പറഞ്ഞു ഞാന്‍ ഫോണ്‍ കട്ടു ചെയ്തു. നേരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിളിച്ചു ബ്രിട്ടാസ് പറഞ്ഞത് അദ്ദേഹത്തെ അറിയിച്ചു. പാര്‍ട്ടി തീരുമാനം ആണോ എന്ന് അദ്ദേഹം ചോദിച്ചു. ആണെന്നാണ് മനസ്സിലാകുന്നത് എന്നു ഞാനും പറഞ്ഞു.

എങ്കില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയെ വിളിച്ച് വിവരം പറയാമോ എന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ കുഞ്ഞാലിക്കുട്ടിയെ വിളിച്ച് വിവരം പറഞ്ഞു. കുഞ്ഞാലിക്കുട്ടി തിരുവഞ്ചൂരിനെ ബന്ധപ്പെട്ടു. തിരുവഞ്ചൂര്‍ ബ്രിട്ടാസിനേയും തുടര്‍ന്നു കോടിയേരി ബാലകൃഷണനേയും വിളിച്ചു സംസാരിച്ചു. തുടര്‍ന്ന്, ഇടതു പ്രതിനിധിയായി എന്‍.കെ. പ്രേമചന്ദ്രന്‍ യു.ഡി.എഫ് നേതാക്കളെ കണ്ടു. അതോടെ സമരം തീരാന്‍ അരങ്ങൊരുങ്ങി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. വൈകാതെ പത്രസമ്മേളനം നടത്തി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ സമരവും പിന്‍വലിച്ചു. അപ്പോഴും ബേക്കറി ജംഗ്ഷനില്‍ സമരക്കാര്‍ക്കൊപ്പം നിന്ന ഡോ. തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ കഥ അറിഞ്ഞിരുന്നില്ല. സമരം ഒത്തുതീര്‍പ്പായത് തോമസ് ഐസക് അറിഞ്ഞത് ഒരു ചാനലില്‍നിന്നു വിളിച്ചറിയിച്ചപ്പോള്‍ മാത്രം.

ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി പത്രസമ്മേളനം നടത്തി മിനിറ്റുകള്‍ക്കുള്ളില്‍ സി.പി.എം സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ എ.കെ.ജി സെന്ററില്‍ അടിയന്തരയോഗം ചേര്‍ന്നു സമരം പിന്‍വലിക്കാന്‍ തീരുമാനിക്കുയായിരുന്നു. വൈകാതെ സമരപ്പന്തലില്‍ എത്തി പിണറായി വിജയന്‍ പ്രഖ്യാപനവും നടത്തി. പക്ഷേ, പെട്ടെന്നൊരു പിന്‍വലിക്കല്‍ തോമസ് ഐസക്കിനു ഷോക്കായി. യാതൊരു ഒത്തുതീര്‍പ്പ് വ്യവസ്ഥയുടേയും അടിസ്ഥാനത്തിലല്ല ജുഡീഷ്യല്‍ അന്വേഷണം എന്നു ഉമ്മന്‍ ചാണ്ടി പത്രസമ്മേളനത്തില്‍ പ്രത്യേകം പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണപരിധിയില്‍ വരില്ല എന്നും വ്യക്തമാക്കി. എന്നാല്‍, പിന്നീട് മാധ്യമങ്ങളെ കണ്ട തോമസ് ഐസക് സമരം പെട്ടെന്നു പിന്‍വലിച്ചതിലുള്ള അതൃപ്തി പ്രകടിപ്പിച്ചു. നാലോ അഞ്ചോ ദിവസം നീളുന്ന സമരത്തിനു തയ്യാറായാണ് പതിനായിരക്കണക്കിനു പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി തലസ്ഥാനത്ത് എത്തിയത്. സമരം 30 മണിക്കൂര്‍ പിന്നിടുന്നതിനു മുന്‍പ് പിന്‍വലിക്കേണ്ട യാതൊരു സാഹചര്യവും ഇല്ല. ഒന്നോ രണ്ടോ ദിവസം കൂടി സമരം തുടര്‍ന്നിരുന്നെങ്കില്‍ ആ സമ്മര്‍ദ്ദത്തില്‍ ഉമ്മന്‍ ചാണ്ടി രാജിവെയ്ക്കുമായിരുന്നു എന്നാണ് തോമസ് ഐസക് പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടാതെയുള്ള ജുഡീഷ്യല്‍ അന്വേഷണം സംബന്ധിച്ച ഒരു ധാരണയും തനിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സെക്രട്ടേറിയറ്റുവളയല്‍ സമരത്തിന്റെ ഒരു ഭാഗത്ത് വി.ശിവന്‍കുട്ടി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു
സെക്രട്ടേറിയറ്റുവളയല്‍ സമരത്തിന്റെ ഒരു ഭാഗത്ത് വി.ശിവന്‍കുട്ടി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു Manu R Mavelil/Express

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമരം കൊണ്ടുപോകേണ്ടത് എങ്ങനെയെന്നു സമരം സംഘടിപ്പിച്ച തങ്ങള്‍ക്കു കൃത്യമായ ധാരണയുണ്ട്. ആദ്യമെത്തിയ സംഘത്തിനു സമരം തുടരാന്‍ കഴിയാതെ വന്നാല്‍ അടുത്ത സംഘത്തെ പകരം കൊണ്ടുവരാന്‍ വരെ ഏര്‍പ്പാടാക്കിയിരുന്നു. തോമസ് ഐസക് പറഞ്ഞതില്‍ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനോടുള്ള വിയോജിപ്പ് കൂടി പ്രകടമായിരുന്നു. ഇതോടെയാണ് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ഒത്തുകളിച്ചാണ് സമരം പിന്‍വലിച്ചതെന്ന പ്രചാരണം ശക്തമായത്. ഈ ക്ഷീണം തീര്‍ക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിനേയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുകയും മുഖ്യമന്ത്രി രാജിവയ്ക്കുകയും ചെയ്യുന്നതുവരെ സമരം തുടരുമെന്നും ഉമ്മന്‍ ചാണ്ടിയെ ഒരു പൊതുപരിപാടിയിലും പങ്കെടുക്കാന്‍ സമ്മതിക്കില്ലെന്നും പിണറായി വിജയനു പ്രഖ്യാപിക്കേണ്ടിവന്നത്.

അണികളില്‍ നിരാശ

സെക്രട്ടറിയേറ്റ് ഉപരോധസമരത്തിന്റെ ക്ലൈമാക്‌സ് പാളിയതില്‍ പ്രവര്‍ത്തകര്‍ പൊതുവെ നിരാശരായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ സമരതന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഓഗസ്റ്റ് 19-ന് ഇടതുമുന്നണി യോഗം ചേര്‍ന്നത്. പ്രവര്‍ത്തകരെ വീണ്ടും സജീവമാക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയെ പൊതു പരിപാടികളില്‍ തടയാനും ആ വഴിക്ക് സമരം ശക്തിപ്പെടുത്താനും തീരുമാനം ഉണ്ടായി. ഉപരോധസമരം അവസാനിപ്പിക്കുമ്പോള്‍ അതിനെതിരെ ഇത്ര വലിയ വിമര്‍ശനം ഉണ്ടാകും എന്നു നേതാക്കള്‍ കരുതിയിരുന്നില്ല. സമൂഹ മാധ്യമങ്ങളില്‍ സി.പി.എമ്മിനെതിരെ രൂക്ഷ ആക്രമണം ഉണ്ടായി. ഇത് അണികളിലേയ്ക്ക് എത്തുന്നത് പാര്‍ട്ടിയുടെ നേതൃത്വം ആശങ്കയോടെയാണ് കണ്ടത്. ഇതിനിടെ സമരം തീര്‍ത്തത് പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള രഹസ്യധാരണയുടെ ഭാഗമാണെന്ന ആരോപണം കൂടി പുറത്തുവന്നത് കാര്യങ്ങള്‍ ഒന്നുകൂടി വഷളാക്കി. സത്യത്തില്‍ അങ്ങനെയൊരു രഹസ്യധാരണയും ഉണ്ടായിരുന്നില്ല. സമരം അവസാനിപ്പിച്ച ഇടതുമുന്നണിക്ക് നന്ദി പറയാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിളിച്ച പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണത്തിന്റെ പരിധിയില്‍ വരില്ല എന്ന നിലപാടില്‍ മാറ്റമില്ല എന്നു പറഞ്ഞതോടെ സമരം പൂര്‍ണ്ണ വിജയമായില്ല എന്ന് സി.പി.ഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്താവന വന്നു. സമരം അവസാനിപ്പിച്ച രീതിയെക്കുറിച്ച് അണികള്‍ക്കിടയില്‍ വ്യാപക അതൃപ്തിയുണ്ടെന്നു കീഴ്ഘടകങ്ങള്‍ നേതൃത്വത്തെ അറിയിച്ചു. ഒടുവില്‍ സി.പി.എം സെക്രട്ടറി പിണറായി വിജയനു തന്നെ വിശദീകരണവുമായി രംഗത്തു വരേണ്ടിവന്നു.

രണ്ടാഴ്ചത്തെ സമരമാണ് ആസൂത്രണം ചെയ്തിരുന്നതെന്നും അതു പൊടുന്നനെ നിര്‍ത്തുകയായിരുന്നു എന്നും പിണറായി വിജയന്റെ നാവില്‍നിന്നു വീണു. അങ്ങനെയാണ് മുഖ്യമന്ത്രിയെ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല എന്നു പ്രഖ്യാപിച്ചുകൊണ്ട് പിണറായി വിജയന്‍ സമരത്തിന്റെ ശൈലി ഒന്നു മാറ്റിയത്. ഉമ്മന്‍ ചാണ്ടി ജനസമ്പര്‍ക്ക പരിപാടി ജില്ലതോറും വിജയകരമായി നടത്തിക്കൊണ്ടിരുന്ന സമയമായിരുന്നു. ''സമരം അവസാനിപ്പിച്ചിട്ടില്ല. ജനസമ്പര്‍ക്കമായാലും ജനസംസര്‍ഗ്ഗം ആയാലും തങ്ങള്‍ തടയും. ജുഡീഷ്യല്‍ അന്വേഷണ പരിഗണനാവിഷയങ്ങളില്‍ മുഖ്യമന്ത്രിയേയും മുഖ്യമന്ത്രിയുടെ ഓഫീസിനേയും കൂടി ഉള്‍പ്പെടുത്തിയില്ലെങ്കില്‍ അന്വേഷണം അംഗീകരിക്കില്ല'' എന്ന നിലപാടില്‍ പിണറായി ഉറച്ചു.

(തുടരും)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com