

രണ്ടു ദശാബ്ദം മുന്‍പു തുടങ്ങിയ പ്ലാച്ചിമട സമരം കേവലമൊരു പരിസ്ഥിതി സമരമായിരുന്നില്ല. മറിച്ച് ചൂഷണത്തിലൂടെ തങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിച്ച ഒരു വന്‍കിട കോര്‍പ്പറേറ്റിനെതിരെ നടന്ന ഒരുപറ്റം മനുഷ്യരുടെ അവകാശപ്പോരാട്ടമായിരുന്നു. ആ പോരാട്ടത്തിലൂടെ പ്ലാച്ചിമട എന്ന ഗ്രാമം ചരിത്രത്തില്‍ ഇടം നേടി. സമരം ലോകശ്രദ്ധതന്നെ പിടിച്ചുപറ്റി. പ്ലാച്ചിമടയില്‍നിന്നും കൊക്കക്കോള പിന്‍വാങ്ങിയെങ്കിലും അവിടത്തെ ജനങ്ങള്‍ക്കും പരിസ്ഥിതിക്കും കമ്പനി വരുത്തിവെച്ച നഷ്ടങ്ങള്‍ ഇന്നും അതുപോലെ നിലനില്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് സാമൂഹ്യക്ഷേമം മറയാക്കി ലാഭാധിഷ്ഠിതമായ ഒരു പദ്ധതിക്ക് തുടക്കം കുറിക്കാന്‍ കൊക്കക്കോള വീണ്ടും വരുന്നതും അതിന് ഇടതുപക്ഷ സര്‍ക്കാര്‍ മുന്നൊരുക്കം നടത്തുന്നതും.
പ്ലാന്റ് സ്ഥിതിചെയ്യുന്ന പെരുമാട്ടി പഞ്ചായത്തില്‍ നല്‍കിയ രേഖ പ്രകാരം കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായ പ്രവര്‍ത്തനങ്ങളാണ് കമ്പനി നടത്താന്‍ ലക്ഷ്യമിടുന്നത്. കോര്‍പ്പറേറ്റുകള്‍ നിയമപ്രകാരം നടത്തേണ്ട സാമൂഹ്യപ്രതിബദ്ധതാ പദ്ധതികളാണ് സി.എസ്.ആര്‍ പദ്ധതികള്‍. നിലവിലെ കമ്പനി നിയമം അനുസരിച്ച് അഞ്ഞൂറ് കോടിയിലധികം വിറ്റുവരവുള്ള, ആയിരം കോടിയിലധികം അറ്റാദായമുള്ള, അഞ്ചുകോടിയിലധികം രൂപ ലാഭമുള്ള കമ്പനികളെല്ലാം ഇത്തരം പദ്ധതികള്‍ നടപ്പാക്കണം. സ്ഥാപനം പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളിലാകണം ഈ പണം ചെലവഴിക്കേണ്ട ത്. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, ഗ്രാമവികസനം എന്നീ മേഖലകളിലാണ് കമ്പനികള്‍ സാധാരണ സി.എസ്.ആര്‍ പദ്ധതികള്‍ നടപ്പാക്കാറുള്ളത്. 2014-'18 കാലയളവില്‍ കൊക്കക്കോള ഇത്തരം പദ്ധതികള്‍ക്കായി നീക്കിവച്ചത് 53 കോടി രൂപയാണ്. 34 ഏക്കര്‍ വരുന്ന പ്ലാച്ചിമട പ്ലാന്റില്‍ ആരോഗ്യസംരക്ഷണ കേന്ദ്രവും കരിയര്‍ ഡെവലപ്പ്മെന്റ് സെന്ററും സ്ഥാപിക്കാനാണ് ആദ്യഘട്ട നീക്കം. ഇതുവഴി സ്വയം തൊഴില്‍ പരിശീലന പദ്ധതികളും കുട്ടികള്‍ക്കായി ട്യൂഷന്‍ സെന്ററുകളും തുറക്കുമെന്നും കമ്പനി പറയുന്നു. ഒറ്റനോട്ടത്തില്‍, ചെയ്ത പാപത്തിന്റെ പ്രായശ്ചിത്തംപോലെ തോന്നുമെങ്കിലും അത്ര നിഷ്‌കളങ്കമല്ല കമ്പനി നടത്താനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍.
രണ്ടാംഘട്ടത്തിലാണ് ജെയ്ന്‍ ഫാം ഫ്രഷ് ലിമിറ്റഡ് എന്ന കമ്പനിയുടെ വരവ്. ലോകത്തിലെ ഏറ്റവും വലിയ മാംഗോ പ്രോസസര്‍ കമ്പനിയാണ് ജെയ്ന്‍ ഫാം ഫ്രഷ്. ഈ കമ്പനിയുമായി ചേര്‍ന്ന് മഹാരാഷ്ട്രയില്‍ കൊക്കക്കോള 'ഉന്നതി' എന്ന പദ്ധതി നടപ്പാക്കുന്നുണ്ട ്. മഹാരാഷ്ട്ര സര്‍ക്കാര്‍ പങ്കാളികളായ ഈ പദ്ധതി ഒപ്പിട്ടത് നരേന്ദ്ര മോദിയും അന്നത്തെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ചേര്‍ന്നായിരുന്നു. 'മാസ' എന്ന ബ്രാന്‍ഡിനും ബാക്കി ഉല്പന്നങ്ങള്‍ക്കും വേണ്ടി പള്‍പ്പ് ഉല്പാദനമായിരുന്നു ലക്ഷ്യം. വിദര്‍ഭയിലും മഹാരാഷ്ട്രയിലും നടപ്പാക്കിയ പദ്ധതികള്‍ വന്‍വിജയമായിരുന്നെന്ന് ജെയ്ന്‍ ഫാം പറയുന്നു. ഇതേ പദ്ധതി തന്നെയാണ് പ്ലാച്ചിമടയിലും നടപ്പാക്കാന്‍ ലക്ഷ്യമിട്ടത്. മൈക്രോ ഇറിഗേഷന് ആവശ്യമായ പൈപ്പുകളും മറ്റും നിര്‍മ്മിക്കുന്ന ജെയ്ന്‍ ഇറിഗേഷന്‍ സിസ്റ്റം ലിമിറ്റഡ് എന്ന കമ്പനിയുടെ അനുബന്ധ സ്ഥാപനമാണ് ജെയ്ന്‍ ഫാം. തെലങ്കാന, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ ഇതിനകം ഈ കമ്പനി അള്‍ട്രാ ഹൈ ഡെന്‍സിറ്റി പ്ലാന്റേഷന്‍ ടെക്നോളജിയും ഡ്രിപ്പ് ഇറിഗേഷനും ഉപയോഗിച്ചുള്ള പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട ്. പദ്ധതിരേഖയില്‍ പറയുന്ന പ്രകാരം ആധുനിക സമ്പ്രാദായത്തിലുള്ള കൃഷിരീതികളിലൂടെ തെങ്ങ്, മാവ്, വാഴ എന്നിവയുടെ പ്ലാന്റേഷനുകളാണ് സ്ഥാപിക്കുക. മൂന്നാംഘട്ടത്തില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ പ്ലാന്റേഷനുകള്‍ തുടങ്ങും. പ്ലാച്ചിമടയില്‍ അടച്ചുപൂട്ടിയിട്ടിരിക്കുന്ന പ്ലാന്റും കുളങ്ങളും കിണറുകളും ഒഴിവാക്കി ബാക്കിയുള്ള 25 മുതല്‍ 27 ഏക്കര്‍ വരെ കൃഷിക്കായി ഉപയോഗിക്കാമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.
നിയമവിരുദ്ധമായി ജലമൂറ്റി വിറ്റ ബഹുരാഷ്ട്ര കമ്പനിയായ കൊക്കക്കോളയ്ക്ക് ഇപ്പോഴൊരു സാമൂഹ്യപ്രതിബദ്ധതയുണ്ടായതിന്റെ കാരണങ്ങള്‍ അന്വേഷിക്കേണ്ടതാണെന്നു പറയുന്നു കൊക്കക്കോള വിരുദ്ധ സമരസമിതി. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് കുറ്റവിചാരണ നേരിടാതെ രക്ഷപെട്ട കൊക്കക്കോള ചെയ്ത കുറ്റകൃത്യങ്ങള്‍ മറച്ചുവച്ച് പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനും പുതിയ മേഖലകളിലെ ചൂഷണത്തിന് ഒരുങ്ങുകയാണെന്നുമാണ് സമരസമിതിയുടെ ആരോപണം.
പ്ലാച്ചിമടയുടെ സമരചരിത്രം
ജനകീയസമരങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു പ്ലാച്ചിമട സമരം. ഇരുപത്തിയൊന്നാം നൂറ്റാണ്ട ിലെ കോര്‍പ്പറേറ്റ് വിരുദ്ധ ഐതിഹാസിക സമരങ്ങളിലൊന്നായി ഇത് മാറി. കുടിവെള്ളത്തിനായി പോരാടിയ ബൊളീവിയയിലെ കൊച്ചബാംബയും ഘാനയിലെ അക്രയുടേയും പട്ടികയിലാണ് ഇന്ന് പ്ലാച്ചിമടയുടെ സ്ഥാനം. 2000-ത്തിലാണ് 90 കോടി മുതല്‍മുടക്കില്‍ പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമടയില്‍ കൊക്കക്കോള പ്ലാന്റ് തുടങ്ങുന്നത്. 12,24,000 കുപ്പികള്‍ ഉല്പാദനലക്ഷ്യത്തോടെ തുടങ്ങിയ പ്ലാന്റില്‍ ഒരു മോട്ടോര്‍ ഉപയോഗിച്ച് വെള്ളമെടുക്കാന്‍ മാത്രമാണ് പഞ്ചായത്ത് അധികൃതര്‍ അനുമതി നല്‍കിയത്. എന്നാല്‍, ആറോളം കുഴല്‍ക്കിണറുകളില്‍ മോട്ടോര്‍ പമ്പുകള്‍ സ്ഥാപിച്ച് ദശലക്ഷക്കണക്കിന് ലിറ്റര്‍ ഭൂഗര്‍ഭ ജലമാണ് പ്ലാച്ചിമടയില്‍നിന്ന് ദിവസംതോറും കൊക്കക്കോള അനധികൃതമായി ഊറ്റിയെടുത്തിരുന്നത്. പ്ലാന്റ് തുടങ്ങാന്‍ അനുമതി നല്‍കുമ്പോള്‍ ഇ.കെ. നായനാരായിരുന്നു മുഖ്യമന്ത്രി. വ്യവസായമന്ത്രി സുശീലാ ഗോപാലനും. വികസനത്തിന്റെ പേരിലാണ് ബഹുരാഷ്ട്ര കോര്‍പ്പറേറ്റ് കമ്പനിയെ അന്നത്തെ ഇടതു സര്‍ക്കാര്‍ ക്ഷണിച്ചുവരുത്തിയത്.
കമ്പനി പ്രവര്‍ത്തനം തുടങ്ങി മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ പ്രത്യാഘാതങ്ങള്‍ പ്രകടമായി. കിണറുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. കുളങ്ങള്‍ വറ്റി. രണ്ട ് കിലോമീറ്റര്‍ ചുറ്റളവിലെ ജലാശയങ്ങളെല്ലാം ഉപയോഗിക്കാന്‍ പറ്റാതായി. കൃഷിപ്പണിക്കാരായ പ്രദേശവാസികളായ ആദിവാസി-ദളിത് ജനതയെ കബളിപ്പിച്ച് ഘനലോഹങ്ങള്‍ അടങ്ങിയ മാരകമായ വ്യവസായ മാലിന്യങ്ങള്‍ വളമായി ഉപയോഗിക്കാന്‍ കമ്പനി നല്‍കി. ഇതോടെ ഭൂമി മാലിന്യം നിറഞ്ഞ് കൃഷിക്ക് ഉപയോഗിക്കാന്‍ പറ്റാതായി. വെള്ളത്തിലൂടെ ഒഴുകിയിറങ്ങിയ മാലിന്യം ചിറ്റൂര്‍ പുഴയില്‍ വരെ കലര്‍ന്നു. നിയമപ്രകാരമുള്ള ഖരമാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനം ഉണ്ടാക്കാന്‍ നിയമപരമായി ബാധ്യതയുണ്ടായിട്ടും അത് കമ്പനി നടപ്പാക്കിയില്ല.
നിയമപരമായ അനുമതികള്‍ ഇല്ലാതിരുന്നിട്ടും കമ്പനി യഥേഷ്ടം പ്രവര്‍ത്തനം തുടര്‍ന്നു. അനധികൃതമായി വെള്ളം മോഷ്ടിക്കുക മാത്രമല്ല, ഗുരുതരമായ പരിസ്ഥിതിപ്രശ്നങ്ങളാണ് കമ്പനി പ്ലാച്ചിമടയിലെ ജനങ്ങള്‍ക്കായി ബാക്കിവച്ചത്. കമ്പനിയുടെ പ്രദേശത്തുണ്ട ായിരുന്ന വരണ്ട കുഴല്‍ക്കിണറുകളിലേക്കാണ് മലിനജലം ഒഴുക്കിവിട്ടത്. 2002 ഫെബ്രുവരിയിലാണ് കൊക്കക്കോളയ്‌ക്കെതിരേ ആദ്യ പ്രത്യക്ഷസമരം നടക്കുന്നത്. ഫാക്ടറി നടത്തുന്ന മലിനീകരണത്തിനെതിരെ ആദിവാസി സംരക്ഷണസംഘമാണ് കമ്പനിക്കു മുന്നില്‍ സൂചനാ സമരം നടത്തിയത്. 2002 മാര്‍ച്ച് മാസത്തില്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം മൂലമുണ്ട ാകുന്ന മലിനീകരണം സംബന്ധിച്ച് ജില്ലാകളക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍, മുഖ്യമന്ത്രി എന്നിവര്‍ക്ക് പ്രദേശവാസികള്‍ പരാതി നല്‍കി.
എന്നാല്‍, ജനങ്ങളുടെ പരാതികള്‍ പരിഹരിക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങളേയും പൊതുസ്ഥാപനങ്ങളേയും കമ്പനി വിലയ്ക്കെടുത്തു. തങ്ങള്‍ കാരണമല്ല പ്രദേശത്ത് പ്രശ്നങ്ങളുണ്ട ാകുന്നതെന്ന നിലപാടായിരുന്നു കമ്പനി അധികൃതര്‍ക്ക്. മലിനീകരണ ബോര്‍ഡ് പ്രവര്‍ത്തനാനുമതി പുതുക്കി നല്‍കിയതോടെയാണ് പ്ലാച്ചിമടയില്‍ അനിശ്ചിതകാല സമരപ്പന്തലുയര്‍ന്നത്. 2002 ഏപ്രിലില്‍ ആദിവാസി ഗോത്രമഹാസഭാ നേതാവ് സി.കെ. ജാനുവാണ് പ്ലാച്ചിമട സമരം ഉദ്ഘാടനം ചെയ്തത്. പ്ലാന്റ് പൂട്ടണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു സമരസമിതിയുടെ ആവശ്യം. സമിതി സര്‍വ്വകക്ഷിയോഗം വിളിച്ചെങ്കിലും സി.പി.ഐ ഒഴികെയുള്ള പാര്‍ട്ടികളൊന്നും പങ്കെടുത്തില്ല. ഇതിനിടയില്‍, സമരനീക്കങ്ങളെ ചെറുക്കാനും തൊഴില്‍ സംരംഭമെന്ന നിലയില്‍ പ്ലാന്റ് സംരക്ഷിക്കാനും കമ്പനിയുടെ പിന്തുണയോടെ തൊഴില്‍ സംരക്ഷണസമിതി എന്ന പേരില്‍ ഒരു കൂട്ടായ്മ രൂപീകരിച്ചു. സി.പി.എം, ബി.ജെ.പി, കോണ്‍ഗ്രസ്, ജനതാദള്‍ എന്നീ രാഷ്ട്രീയകക്ഷികള്‍ ഈ കൂട്ടായ്മയില്‍ പങ്കാളികളുമായി. എന്നാല്‍, സമരം സമൂഹത്തിന്റെ മുഖ്യധാരയില്‍ ചര്‍ച്ചാവിഷയമായി. സാമൂഹ്യപ്രസ്ഥാനങ്ങളും മനുഷ്യാവകാശ സംഘടനകളും ഏറ്റെടുത്തു.
2003-ല്‍ ആഗോളവല്‍ക്കരണത്തിനും വര്‍ഗീയതയ്ക്കുമെതിരെ മേധാപട്കര്‍ നയിച്ച മാര്‍ച്ച് പ്ലാച്ചിമടയില്‍നിന്ന് തുടങ്ങി. പ്ലാന്റ് ഉപരോധിച്ചുള്ള സ്ത്രീകളുടെ സമരം ഇതോടെ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. സമരം നയിച്ച മയിലമ്മയുള്‍പ്പെടെയുള്ളവര്‍ ശ്രദ്ധാകേന്ദ്രങ്ങളായി. ലോകജലസമ്മേളനം പ്ലാച്ചിമടയില്‍ നടന്നതോടെ സമരം അന്താരാഷ്ട്ര ശ്രദ്ധയിലുമെത്തി. മോഡ് ബാര്‍ലൊയും വാര്‍ഡ് മോര്‍ ഹൗസും ഇന്‍ഷ്വര്‍ ഷെല്ലിങ്ങുമൊക്കെ പങ്കെടുത്ത സമരത്തില്‍ വി.എസും എം.ടി വാസുദേവന്‍ നായരുമടക്കം കേരളത്തിലെ പ്രമുഖരും പങ്കാളികളായി. ഗത്യന്തരമില്ലാതെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സമരത്തെ പിന്തുണയ്ക്കേണ്ട ിവന്നു. തുടര്‍ന്ന് ഹൈക്കോടതി പ്ലാന്റ് പൂട്ടാന്‍ ഉത്തരവിട്ടു. ഇക്കാലമത്രയും പ്ലാച്ചിമടയില്‍ തങ്ങളുടെ ചെയ്തികള്‍ മറച്ചുവയ്ക്കാന്‍ കമ്പനി ആവുംവിധം ശ്രമിച്ചുകൊണ്ടിരുന്നു. സമരത്തെ നേരിടാന്‍ നിയമമാര്‍ഗം പരീക്ഷിച്ചിട്ടും വിജയിക്കാതിരുന്നതോടെയാണ് കൊക്കക്കോള പിന്‍മാറിയത്. സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതി കൊക്കക്കോള കുറ്റം ചെയ്തതായി കണ്ടെ ത്തുകയും അതിന് നഷ്ടപരിഹാരമായി 216 കോടി രൂപ ഈടാക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.
നഷ്ടപരിഹാര ട്രൈബ്യൂണല്‍ രൂപീകരണത്തിനായി ബില്‍ നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ടു. കുറ്റകൃത്യങ്ങള്‍ കോടതിക്കു മുന്നില്‍ വിചാരണയ്ക്ക് വരുന്നത് ആഗോളതലത്തില്‍ പ്രതിച്ഛായയ്ക്ക് ഇടിവുണ്ട ാക്കുമെന്ന് വ്യക്തമായ കമ്പനി ബില്ലിനെതിരെ രംഗത്തു വന്നു. നഷ്ടപരിഹാര ട്രൈബ്യൂണല്‍ ഏതുവിധേനയും നടപ്പാക്കുന്നത് തടയുകയെന്നതായിരുന്നു അടുത്ത ലക്ഷ്യം. ഇതിനിടയില്‍, നീണ്ട 15 വര്‍ഷത്തെ സമരങ്ങള്‍ക്കും കോടതി വ്യവഹാരങ്ങള്‍ക്കും ശേഷം 2017 ജനുവരി 13-ന് കൊക്കക്കോള കമ്പനി പ്ലാച്ചിമടയില്‍നിന്നു പിന്‍മാറുകയാണെന്ന് സുപ്രീംകോടതിയെ അറിയിച്ചു. കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരും പെരുമാട്ടി പഞ്ചായത്തും മലിനീകരണ നിയന്ത്രണ ബോര്‍ഡും നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കമ്പനി ഈ തീരുമാനം അറിയിച്ചത്. എന്നാല്‍, ബില്ലിന്റെ കാര്യത്തില്‍ മറിച്ചാണ് സംഭവിച്ചത്. സംസ്ഥാനത്തിന്റെ അധികാരപരിധിക്കുള്ളില്‍നിന്നും നിയമമായി മാറാന്‍ കഴിയുമായിരുന്ന ബില്ല് പല തിരിമറികളുടേയും ഫലമായി കേന്ദ്രാനുമതിക്ക് അയക്കപ്പെട്ടു.
യു.പി.എയും എന്‍.ഡി.എയും കേന്ദ്രം ഭരിച്ചപ്പോള്‍ ബില്‍ അട്ടിമറിക്കുന്നതിനുള്ള എല്ലാ സഹായവും കമ്പനിക്കു ലഭിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രിമാര്‍ പലരും മാറിമാറി വന്നിട്ടും ആരും രാഷ്ട്രപതിയുടെ അനുമതിക്കായി ബില്‍ സമര്‍പ്പിച്ചില്ല. ബില്ലിനെതിരേയുള്ള ലോബിയിങ് കമ്പനി ക്കാലയളവില്‍ നടത്തുകയും ചെയ്തു. സങ്കീര്‍ണ്ണമായ നിയമപ്രശ്നങ്ങള്‍ ബില്ലിനെതിരെ അവതരിപ്പിക്കപ്പെട്ടു. ഇപ്പോഴത്തെ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള അഭിഭാഷകരാണ് അന്ന് നിയമപ്രശ്നങ്ങള്‍ ഉന്നയിച്ചത്. ഒടുവില്‍, ട്രൈബ്യൂണല്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗവര്‍ണര്‍ക്ക് കത്തയച്ചു. കമ്പനിയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പ്രസ്തുത ബില്‍ പാസ്സാക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. നിയമമന്ത്രാലയവും സോളിസിറ്റര്‍ ജനറലും നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. 2015 നവംബറില്‍ രാഷ്ട്രപതി അനുമതി നിഷേധിച്ച് ബില്‍ തിരികെ അയച്ചു. ജലാധികാരയാത്രയും റിലേ സത്യാഗ്രഹവും തുടങ്ങി ട്രൈബ്യൂണല്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുവേണ്ട ി സമരസമിതി സമരങ്ങള്‍ തുടര്‍ന്നെങ്കിലും പ്രതീക്ഷാനിര്‍ഭരമായ ഒരു പരിസമാപ്തി അതിനുണ്ട ായില്ല.
എല്‍.ഡി.എഫ് വാഗ്ദാനവും ചതിയും
2016-ല്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ്, അധികാരത്തിലെത്തിയാല്‍ ബില്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് എല്‍.ഡി.എഫ് പ്രഖ്യാപിച്ചു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിലൊന്ന് ട്രൈബ്യൂണല്‍ രൂപീകരണമായിരുന്നു. ഇതുകൊണ്ട ാവണം സമരസമിതി ഇടതുപക്ഷത്തിനു പിന്തുണ നല്‍കി. എന്നാല്‍, അധികാരത്തിലെത്തിയ ഇടതുസര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ പിന്തുണ നല്‍കിയ സമരസമിതിക്കു വലിയ ആഘാതമാണ് ഉണ്ടാക്കിയത്. പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണലിലെ വിഷയം 2010-ലെ ഗ്രീന്‍ ട്രൈബ്യൂണലിന്റെ പരിധിയില്‍ വരുന്നതാണെന്നു പറഞ്ഞ ഇടതുസര്‍ക്കാര്‍ ബില്‍ സഭയില്‍ പുനരവതരിപ്പിക്കാന്‍ കഴിയില്ലെന്നു വ്യക്തമാക്കി. ജലവിഭവ വകുപ്പ്മന്ത്രി മാത്യു ടി. തോമസാണ് നിയമസഭയില്‍ ഇക്കാര്യം പറഞ്ഞത്. അധികാരത്തിലെത്തി ഒരു വര്‍ഷം പിന്നിടുന്നതിനു മുന്‍പായിരുന്നു ഈ നീക്കമുണ്ട ായത്.
പിന്നാലെ, പ്ലാച്ചിമടയിലെ 34 ഏക്കര്‍ ഭൂമിയില്‍ സാമൂഹ്യക്ഷേമ പദ്ധതികള്‍ തുടങ്ങാനുള്ള അനുമതിക്കായി പഞ്ചായത്തിന് കൊക്കക്കോള അപേക്ഷ നല്‍കി. ഇതിനു മുന്‍പേതന്നെ കമ്പനി പ്ലാന്റില്‍ ചില നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തി. മുന്‍ അനുഭവം ഓര്‍ത്തിട്ടാകാം ഇത്തവണ ധൃതിപിടിച്ചൊരു തീരുമാനം പഞ്ചായത്ത് എടുത്തില്ല. പകരം ചര്‍ച്ചചെയ്ത് ജലാധിഷ്ഠിത പദ്ധതികളില്ലെങ്കില്‍ അനുമതി നല്‍കാം എന്ന നിലപാടാണ് ഭരണസമിതി തീരുമാനിച്ചത്. ജനോപകാരപ്രദമായ നിരവധി പദ്ധതികളുണ്ടെ ന്നതിനാല്‍ പഞ്ചായത്തിന് എതിര്‍പ്പില്ലെന്നും അനുമതിയുടെ കാര്യം സര്‍ക്കാര്‍ തീരുമാനിക്കട്ടെ എന്നുമാണ് പെരുമാട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുരേഷ് പറഞ്ഞത്. തീരുമാനം നീണ്ട ുപോയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടു. ജില്ലാ പഞ്ചായത്തിനോട് സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചു.
അങ്ങനെ, 2019 ഓഗസ്റ്റ് 19-ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാരിയുടെ അധ്യക്ഷതയില്‍ പെരുമാട്ടി എ.എസ്. ഓഡിറ്റോറിയത്തില്‍ സര്‍വ്വകക്ഷിയോഗം കൂടി. പതിനെട്ട് വര്‍ഷമായി സമരം തുടരുന്ന പ്ലാച്ചിമട സമരസമിതിയെ സര്‍വ്വകക്ഷിയോഗത്തിലേക്ക് വിളിച്ചില്ല. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, കൊല്ലങ്കോട്, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രതിനിധികളും പങ്കെടുത്തു. യോഗത്തില്‍ ഹിന്ദുസ്ഥാന്‍ കൊക്കക്കോള ബിവറേജസ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് അജയകുമാര്‍, നാഷണല്‍ മാനേജര്‍ കെ.കെ. ജോസഫ് എന്നിവര്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. എന്നാല്‍, നഷ്ടപരിഹാരം നല്‍കിയതിനു ശേഷം മാത്രമേ പദ്ധതിയെക്കുറിച്ച് ആലോചിക്കാനാവൂവെന്ന അഭിപ്രായമാണ് പൊതുവേ ഉയര്‍ന്നത്. മിനിട്ട്സില്‍ രേഖപ്പെടുത്തിയതും അങ്ങനെ തന്നെ. ട്രൈബ്യൂണല്‍ പാസ്സാക്കാതെ, ഒരു ഉദ്യോഗസ്ഥന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് വച്ച് നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തു.
ഇതിനിടെ, മന്ത്രിസ്ഥാനത്തുനിന്ന് മാത്യു ടി. തോമസ് മാറി കെ. കൃഷ്ണന്‍കുട്ടി ജലസേചനവകുപ്പിന്റെ ചുമതലയേറ്റെടുത്തിരുന്നു. എന്നാല്‍ ബില്‍ പുനരവതരിപ്പിക്കാനോ നിയമസഭയില്‍ പാസ്സാക്കാനോ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ലെന്ന് സമര ഐക്യദാര്‍ഢ്യസമിതി കുറ്റപ്പെടുത്തുന്നു. പ്ലാച്ചിമട ഉള്‍പ്പെടുന്ന പ്രദേശത്തെ പ്രതിനിധീകരിക്കുന്ന എം.എല്‍.എയാണ് അദ്ദേഹം. മാത്രമല്ല, പെരുമാട്ടി ഗ്രാമപഞ്ചായത്തിന്റെ ഭരണം അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജനതാദള്‍ -എസ്സിനാണ്. ബില്‍ പാസ്സാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ സമരസമിതി, കമ്പനിയോട് ഇതാദ്യമല്ല കൃഷ്ണന്‍കുട്ടി താല്പര്യം കാണിക്കുന്നതെന്നു പറയുന്നു. സമരം ശക്തമായിനിന്ന കാലത്ത് ചിറ്റൂരിലെ തന്റെ കൃഷിസ്ഥലത്തെ കിണറുകളില്‍നിന്ന് കമ്പനിക്ക് വെള്ളം വിറ്റിരുന്നതായി സമിതി അംഗങ്ങള്‍ പറയുന്നു. പെരുമാട്ടി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എ. കൃഷ്ണനോടൊപ്പം 2003 ഓഗസ്റ്റ് ഒന്നിന് നടത്തിയ പത്രസമ്മേളനത്തില്‍ ഇക്കാര്യം അദ്ദേഹം സമ്മതിക്കുകയും ചെയ്തിരുന്നു.
നിക്ഷേപ സൗഹൃദമെന്ന വികസന സങ്കല്പം
പ്ലാച്ചിമടയിലെ ജലമലിനീകരണത്തിന്റേയും ജലചൂഷണത്തിന്റേയും പരിസ്ഥിതി നാശത്തിന്റേയും കുറ്റംപേറുന്ന കൊക്കക്കോളയ്ക്ക് അനുകൂല നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാളിതുവരെ സ്വീകരിച്ചത്. സാമൂഹ്യക്ഷേമ പദ്ധതികളുടെ അനുമതി വേഗത്തിലാക്കാന്‍ അദ്ദേഹത്തിന്റെ ഓഫീസ് നേരിട്ട് ഇടപെട്ടു. അമേരിക്കന്‍ കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂല സാഹചര്യമൊരുക്കാന്‍ അദ്ദേഹം ചെന്നൈയിലെ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെന്ന് വിക്കിലീക്സ് 2011-ല്‍ വെളിപ്പെടുത്തിയതാണ്. വിദേശനിക്ഷേപത്തിന്റെ കാര്യത്തില്‍ നടന്ന ചര്‍ച്ചയാണെന്നു സമ്മതിച്ച അദ്ദേഹം പാര്‍ട്ടിയുടെ നയങ്ങള്‍ക്കും പരിപാടികള്‍ക്കും അനുസൃതമായാണ് താനടക്കമുള്ള നേതാക്കള്‍ അഭിപ്രായപ്രകടനം നടത്തിയതെന്നായിരുന്നു വാദിച്ചത്. പ്ലാച്ചിമട സമരം കാരണം മറ്റ് അമേരിക്കന്‍ കമ്പനികള്‍ കേരളത്തില്‍ നിക്ഷേപം നടത്തുന്നതില്‍നിന്നു പിന്‍വാങ്ങരുതെന്നാണ് നിലപാടെന്നും സി.പി.എം പാര്‍ട്ടി സെക്രട്ടറിയായിരുന്ന അദ്ദേഹം അന്ന് വ്യക്തമാക്കുകയും ചെയ്തു. മുഖ്യമന്ത്രിയായപ്പോള്‍ ആ നിലപാടിന്റെ ആവര്‍ത്തനമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്.
സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ മുന്‍കൈയെടുത്തത് അത് ശരിവയ്ക്കുന്നെന്ന് സമരസമിതി പറയുന്നു. പ്രത്യക്ഷത്തില്‍ത്തന്നെ ഏഴോളം നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ് കമ്പനി നടത്തിയത്. 1986-ലെ എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ആക്ട്, 1948-ലെ ഫാക്ടറീസ് ആക്ട്, 1989-ലെ ഹസാര്‍ഡ്സ് വെയ്സ്റ്റ് മാനേജ്മെന്റ് ചട്ടങ്ങള്‍, 1967-ലെ ഭൂവിനിയോഗ ചട്ടങ്ങള്‍, 2002-ലെ ഭൂഗര്‍ഭജല വിനിയോഗ നിയന്ത്രണ ചട്ടങ്ങള്‍, 1882-ലെ ഇന്ത്യന്‍ ഈസ്മെന്റ് ആക്ട് എന്നിവ പ്രകാരം കമ്പനിക്കെതിരെ ക്രിമിനല്‍ നടപടികള്‍ എടുക്കേണ്ടതാണ്. ഐ.പി.സി പ്രകാരമുള്ള ക്രിമിനല്‍ നടപടിയും കമ്പനി നേരിടേണ്ട താണ്. എന്നാല്‍, രണ്ടു ദശാബ്ദം പിന്നിട്ടിട്ടും യാതൊരു ക്രിമിനല്‍ നടപടികളും സ്വീകരിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറായില്ല. ട്രൈബ്യൂണല്‍ ബില്‍ യാഥാര്‍ത്ഥ്യമായില്ലെങ്കില്‍ക്കൂടി ഇത്തരം നിയമനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനു സ്വാഭാവികമായും കഴിയേണ്ടതാണ്. കൊക്കക്കോള ഇന്ത്യയിലേക്കു വന്ന നാല്‍പ്പതുകളുടെ അവസാനത്തില്‍ അതിനെ ശക്തിയായി എതിര്‍ക്കാനിറങ്ങിയത് ഇവിടുത്തെ കമ്യൂണിസ്റ്റുകാരായിരുന്നു. അമേരിക്കന്‍ കുത്തക മുതലാളിത്തത്തിന്റെ കണ്ടുപിടിത്തമെന്ന നിലയില്‍ മനുഷ്യവര്‍ഗ്ഗത്തിനെതിരെ മുതലാളിത്തം നടത്തുന്നത് ഒരു ജനറ്റിക് സബോട്ടാഷ് ആണെന്നുവരെ അന്ന് സ്ഥാപിക്കപ്പെട്ടു. മുതലാളിത്തത്തിന്റെ സംസ്‌കാരം കണ്‍സ്യൂമറിസത്തിലേക്കു നീങ്ങിയപ്പോള്‍ അതിന് അനുകൂലമായാണ് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പിന്‍തലമുറക്കാര്‍ നീങ്ങിയത്.
കോര്‍പ്പറേറ്റ് ഫാമിങ് അടുത്ത ചൂഷണം
സാമൂഹ്യക്ഷേമ പദ്ധതികളുടെ മറവില്‍ കമ്പനിയുടെ മുഖ്യ വ്യവസായമായ ശീതളപാനീയ വിപണിക്ക് ആവശ്യമായ ഉല്പാദനത്തിനു വേണ്ടിയാണ് കൊക്കക്കോളയുടെ പുനഃപ്രവേശം. അഞ്ചു വര്‍ഷത്തിനുള്ളില്‍ 50000 കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട ജീവിതസൗകര്യവും വരുമാനവും ഒരുക്കിക്കൊടുക്കുമെന്ന് പ്രഖ്യാപിച്ചാണ് ഉന്നതി എന്ന പേരില്‍ കമ്പനി പുതിയ പദ്ധതി നടപ്പാക്കാന്‍ തുടങ്ങിയത്. ഉന്നതി എന്ന പേരിലല്ലെന്നേയുള്ളൂ. കമ്പനിയുടെ പദ്ധതി രേഖ അനുസരിച്ച് പ്ലാച്ചിമടയിലും വരാന്‍ പോകുന്നത് മാമ്പഴച്ചാര്‍ പാനീയങ്ങള്‍ക്ക് ആവശ്യമായ മാങ്ങാ പള്‍പ്പ് വിതരണം ചെയ്യുന്ന പദ്ധതിയാണ്. ജെയ്ന്‍ ഫാം ഫ്രഷ് എന്ന വ്യാപാര പങ്കാളിയും കൊക്കക്കോളയും ചേര്‍ന്നുള്ള ഒരു കൂട്ടുകച്ചവടം. ഇരുകമ്പനികളും കരാര്‍ ഒപ്പിട്ടതിനു ശേഷമാണ് സാമൂഹ്യക്ഷേമ പദ്ധതികള്‍ നടപ്പാക്കാന്‍ കമ്പനി മുഖ്യമന്ത്രിയുടെ സഹായം തേടിയത്. ചുരുക്കിപ്പറഞ്ഞാല്‍, പ്ലാച്ചിമടയില്‍ വരാന്‍പോകുന്നത് ഒരു സാമൂഹ്യക്ഷേമ പദ്ധതിയല്ല, മറിച്ച് കമ്പനിക്കു ലാഭമുള്ള ഒരു വ്യവസായ സംരംഭമാണ്. ഒന്നാംഘട്ടത്തില്‍ പറഞ്ഞ ആരോഗ്യസംരക്ഷണകേന്ദ്രം കരിയര്‍ ഡെവലപ്പ്മെന്റ് സെന്ററുമെല്ലാം ഇതിനുള്ള മറ മാത്രമാണ്. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി എന്ന കാരുണ്യപരിപാടി ഒരു മുതലെടുപ്പാണെന്ന് ഈ നീക്കങ്ങള്‍ തെളിയിക്കുന്നു.
കോര്‍പ്പറേറ്റ് ഫാമിങ്ങിന്റെ പ്രത്യാഘാതങ്ങള്‍ തിരിച്ചറിഞ്ഞതായിരുന്നു കര്‍ഷകരും പെപ്സിയുടെ ലെയ്സ് കമ്പനിയുമായി അടുത്തിടെ നടന്ന നിയമയുദ്ധം. 2019 ഏപ്രിലില്‍ പെപ്സി ലെയ്സ് ചിപ്സ് നിര്‍മ്മാണത്തില്‍ കമ്പനി ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് നിയമവിരുദ്ധമായി കൈകാര്യം ചെയ്തതിലൂടെ കമ്പനിയുടെ ബൗദ്ധിക സ്വത്തവകാശം ലംഘിച്ചുവെന്നാരോപിച്ച് ഒന്‍പത് ചെറുകിട കര്‍ഷകര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തു. ഓരോ കര്‍ഷകനില്‍നിന്നും 1.05 കോടി രൂപയുടെ നഷ്ടപരിഹാരമാണ് കമ്പനി ആവശ്യപ്പെട്ടത്. എഫ്സി 5 എന്നറിയപ്പെടുന്ന ഈ പ്രത്യേക ഉരുളക്കിഴങ്ങ് 2016-ല്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പ്ലാന്റ് വെറൈറ്റി പ്രൊട്ടക്ഷന്‍ അവകാശങ്ങള്‍ പ്രകാരമായിരുന്നു ഇത്. ഈ വിള കൃഷി ചെയ്തതിനാണ് കര്‍ഷകരെ പെപ്സി കോടതി കയറ്റിയത്. പ്ലാന്റ് ഇനങ്ങളുടെ സംരക്ഷണവും കര്‍ഷകരുടെ അവകാശനിയമവും പറയുന്ന 2001-ലെ നിയമമായിരുന്നു കേസിന്റെ അടിസ്ഥാനം. ബയോളജിക്കല്‍ പേറ്റന്റുകള്‍ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ നിയമം പ്രഖ്യാപിച്ചതെങ്കിലും ഇത് കര്‍ഷകരുടെ അവകാശങ്ങളും സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട ്. പെപ്സികോ അവകാശപ്പെട്ടതുപോലെ ഈ വിളയുടെമേല്‍ 'പ്രത്യേക അവകാശങ്ങള്‍' കമ്പനിക്ക് ഉണ്ടെങ്കിലും കൃഷിക്കാര്‍ക്ക് ഈ വിളകളും വിത്തുകളും നടാനും വളര്‍ത്താനും കൈമാറ്റം ചെയ്യാനും വില്‍ക്കാനും കഴിയും. എന്നാല്‍ ബ്രാന്റഡ് വിത്തുകളായി വില്‍ക്കാന്‍ സാധിക്കില്ല. ഇതുകൊണ്ടുതന്നെ പെപ്സികോയുടെ കേസിന് നിയമപരമായ യാതൊരു അടിസ്ഥാനവും ഉണ്ടായിരുന്നില്ല. വന്‍കിട കാര്‍ഷികമേഖലയില്‍ അന്തര്‍ലീനമായിരിക്കുന്ന അസമത്വങ്ങളെ തുറന്നുകാട്ടുന്നതായിരുന്നു ഈ കേസ്.
കേസുകള്‍ അട്ടിമറിക്കുമ്പോള്‍
എസ്.സി/എസ്.ടി അട്രോസിറ്റീസ് ആക്ട് പ്രകാരം കൊക്കക്കോളയ്ക്കെതിരെ ചുമത്തപ്പെട്ട കേസും അട്ടിമറിക്കപ്പെട്ടു. കുടിവെള്ള സ്രോതസുകള്‍ മലിനീകരിച്ചതായും പട്ടിക ജാതി പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമപ്രകാരം കമ്പനിയുടെ മേലുദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ കൈക്കൊള്ളണമെന്നും കമ്പനിക്കു പ്ലാച്ചിമടയിലും കൊച്ചിയിലുമുള്ള വസ്തുവകകള്‍ കണ്ട ുകെട്ടണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി. നാലു വര്‍ഷം മുന്‍പ് തങ്കവേലുവാണ് പാലക്കാട് ജില്ലാ പൊലീസ് സൂപ്രണ്ട ിനു പരാതി നല്‍കിയത്. ഈ കേസ് വഴിതിരിച്ചുവിടാന്‍ പൊലീസ് പല തവണ ശ്രമിച്ചു. 2016 ജൂണ്‍ 9-നാണ് എഫ്.ഐ.ആര്‍ (നമ്പര്‍ 308) ഫയല്‍ ചെയ്തത്. എന്നാല്‍, എഫ്.ഐ.ആര്‍ തയ്യാറാക്കിയിട്ടും കമ്പനി അധികൃതരെ നിയമം അനുശാസിക്കുന്ന രീതിയില്‍ അറസ്റ്റ് ചെയ്യുന്നതിനോ ചോദ്യം ചെയ്യുന്നതിനോ പൊലീസ് തയ്യാറായില്ല. മണ്ണാര്‍ക്കാട് എസ്.എസി/എസ്.ടി പ്രത്യേക കോടതിയിലാണ് ഈ കേസിന്റെ വാദം നടക്കുന്നത്. പാലക്കാട് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനാണ് അന്വേഷണ ചുമതല. പാലക്കാട് ഡി.വൈ.എസ്.പി 2019 സെപ്റ്റംബര്‍ 26-ന് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് കേസിനെ ദുര്‍ബ്ബലപ്പെടുത്തുന്നതായിരുന്നു.
റിപ്പോര്‍ട്ടില്‍ പറയുന്ന പ്രകാരം, ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് 2019 ജൂണ്‍ 25-ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ എന്‍വയോണ്‍മെന്റ് എന്‍ജിനീയര്‍ പ്ലാച്ചിമടയിലെ വിജയനഗര്‍ കോളനിയിലെ പൊതു കിണറുകളും കേസില്‍ കക്ഷികളായിരുന്ന തങ്കവേലു, ശിവസ്വാമി എന്നിവരുടെ കിണറുകളും പരിശോധിച്ചിരുന്നു. വിശദമായ ഘനലോഹ പരിശോധനയില്‍ ഈ കിണറുകളിലെ വെള്ളത്തിന്റെ സാമ്പിളില്‍ ക്രോമിയത്തിന്റെ അളവ് അനുവദനീയ പരിധിയെക്കാള്‍ കൂടുതലാണെന്നു കണ്ടെ ത്തി. എന്നാല്‍ 2017 ജൂണ്‍ 12-ന് ഇതേ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി, ഇതേ കിണറുകളില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ ഘനലോഹ സാന്നിധ്യം അനുവദനീയമായ പരിധിക്കുള്ളില്‍ ആയിരുന്നു. 2017-ലേയും 2019-ലേയും ഒരേ സാമ്പിളുകളില്‍ കാണുന്ന ഘനലോഹങ്ങളുടെ അളവിലെ വ്യതിയാനം സ്ഥലത്തിന്റെ 'ഭൗമശാസ്ത്രമായ പ്രത്യേകതകള്‍' മൂലമാകാം എന്ന നിഗമനത്തിലാണ് മലിനീകരണ നിയന്ത്രണബോര്‍ഡ് എത്തിയത്. ചുരുക്കത്തില്‍ ശാസ്ത്രീയമായ പഠനങ്ങളുടെ അഭാവവും മലിനീകരണ നിയന്ത്രണബോര്‍ഡ് എന്ന സര്‍ക്കാര്‍ സംവിധാനം തന്നെ ഇക്കാര്യം വ്യക്തമാക്കുന്നതിനാലും പരാതിക്കാരുടെ ആരോപണം തെളിയിക്കാനാകുന്നില്ല അന്വേഷണ റിപ്പോര്‍ട്ടിന്റെ ചുരുക്കം. കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്ന കൊക്കക്കോളയുടെ മാനേജര്‍മാരായ വിനീത് കുമാര്‍ കപില, എന്‍. ജനാര്‍ദ്ദനന്‍ എന്നിവരെക്കുറിച്ച് ഒരു വിവരവും കിട്ടാത്തതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ഡി.വൈ.എസ്.പി പറയുന്നു.
രാഷ്ട്രീയക്കാര്‍ പരസ്യമായി എതിര്‍ക്കും, രഹസ്യമായി കൂട്ടുനില്‍ക്കും
വിളയോടി വേണുഗോപാല്‍
പ്ലാച്ചിമട സമരസമിതി ചെയര്‍മാന്‍
സാമൂഹ്യക്ഷേമത്തിന്റെ പേരില്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങാനുള്ള കമ്പനിയുടെ നീക്കം അനുവദിക്കില്ല. അതേസമയം, കമ്പനിക്ക് അനുകൂല നിലപാട് എടുക്കുന്ന ഇടതുസര്‍ക്കാരിന്റെ നയം പ്രതിഷേധാര്‍ഹമാണ്. ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാര്‍ കൊക്കക്കോള കമ്പനിയെ സഹായിക്കുന്നതിനു നിരവധി തെളിവുകളുണ്ട ്. മാനേജ്മെന്റ് മുഖ്യമന്ത്രിയുമായി ചര്‍ച്ചകള്‍ നടത്തുന്നത് ചിത്രങ്ങളടക്കം സമരസമിതിക്കു വിവരാവകാശപ്രകാരം ലഭിച്ചിട്ടുണ്ട ്. ജലവിഭവമന്ത്രി കെ. കൃഷ്ണന്‍കുട്ടിയൊക്കെ പരസ്യമായി കമ്പനിയോട് പ്രതിഷേധിക്കുമെങ്കിലും രഹസ്യമായി ഇവരൊക്കെ കമ്പനിക്ക് അനുകൂലമാണ്. നിയമോപദേശം തേടി ട്രൈബ്യൂണല്‍ ബില്‍ പുനരവതരിപ്പിച്ച് കേന്ദ്രസര്‍ക്കാരിന്റെ അനുമതി വാങ്ങുമെന്നത് എല്‍.ഡി.എഫിന്റെ പ്രകടന പത്രികയിലുണ്ട്. എന്നാല്‍, നാലു വര്‍ഷം കഴിഞ്ഞിട്ടും അതിന് സര്‍ക്കാര്‍ തയ്യാറായില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates