ചിത്രീകരണം-ചന്‍സ്
ചിത്രീകരണം-ചന്‍സ്

ഡോട്ട് ഓ ആര്‍ ജീ: രാജേഷ് നായര്‍ എഴുതിയ കഥ

ഞാന്‍ വരാന്തയില്‍നിന്ന് എത്തിനോക്കി.പുതിയ ബംഗാളി ഫാമിലി സാധനങ്ങള്‍ അടുക്കിപ്പെറുക്കി കഴിഞ്ഞിട്ടില്ല.
Published on

ബിന്ദു പ്രവീണ്‍: പ്രായം കൊണ്ട് ഓകെ. അവസാന പോസ്റ്റ്, ഹാപ്പി ഓണം, രണ്ടു വര്‍ഷം മുന്‍പാണ്. ടാഗ് ഒന്നും ഇല്ല. ഞാന്‍ 'ഫണ്ട്' എന്ന ഫോള്‍ഡറിലേക്കു ഫോട്ടോ ഡൗണ്‍ലോഡ് ചെയ്തു. 
അനിതാ മാത്യു: നേഴ്സ്, നാലഞ്ചു ജീ.ബീ എങ്കിലും ഫ്രണ്ട്‌സ് ഉണ്ട്. കോണ്ടാക്ട്സ് കുറവുള്ളവരും നാട്ടുമ്പൊറത്തുകാരും ആണ് പറ്റിയത്.
ഗൂഗിളില്‍ സര്‍ച്ച് ചെയ്തിട്ട് മലയാളി ലുക്ക് ഉള്ള പെണ്ണുങ്ങള്‍ തീരെ ഇല്ലാന്നു തോന്നിയപ്പഴാണ് ഞാന്‍ എഫ് ബീയില്‍ കയറിയത്. എഫ് ബീയില്‍ അധികം ഫ്രെന്‍ഡ്സൊന്നും ഇല്ല. ഉള്ളവര് തന്നെ എന്റെ പ്രായക്കാര്‍, ഏറി വന്നാ ഇരുപത്തഞ്ചു വയസ്സ്. പഴയ ടീച്ചേര്‍സ് ഒന്നോ രണ്ടോ കാണും. ഞാന്‍ അങ്ങോട്ട് റിക്വസ്റ്റ് അയച്ചതല്ല, ഇങ്ങോട്ടയച്ചപ്പം സ്വീകരിക്കാതെ പറ്റൂല്ലല്ലോ? 
സിന്ധു കെ വി: നാല്പത്തഞ്ചിന് മുകളില്‍ ഉള്ളവര്‍ വേണ്ട, ക്ലിക് ആവില്ല.
ഞാന്‍ ഫോട്ടോസ് ഡൗണ്‍ലോഡ് ചെയ്തുകൊണ്ടിരുന്നു. ക്ലാരിറ്റി ഉള്ളവയില്‍നിന്ന് അഞ്ചാറെണ്ണം 'ഫൈനല്‍' എന്ന സബ് ഫോള്‍ഡറിലേക്കു മാറ്റി.
സഷ്മിതാ...
ബംഗാളിയുടെ വിളി. ഞാന്‍ വരാന്തയില്‍നിന്ന് എത്തിനോക്കി.
പുതിയ ബംഗാളി ഫാമിലി സാധനങ്ങള്‍ അടുക്കിപ്പെറുക്കി കഴിഞ്ഞിട്ടില്ല. ഇങ്ങനെ പോയാ അടുത്ത മുറികൂടി അയാള്‍ കയ്യേറും. നാല് കുടുംബത്തിനു താമസിക്കാമെങ്കിലും ഇവിടെ ഇത്രേം നാളും ഞാനും മമ്മിയും മാത്രേ ഉണ്ടായിരുന്നൊള്ളു. വന്ന സമയത്ത് മൂന്നാമത്തെ മുറിയില്‍ താമസിച്ചിരുന്ന ബാര്‍ബര്‍ രാജുവും കുടുംബവും വൈകാതെ വീട് വെച്ചു മാറി. നാട്ടുമ്പൊറത്തു വന്നു വാടകക്ക് താമസിക്കേണ്ട കാര്യം അധികംപേര്‍ക്കൊന്നുമില്ലല്ലോ. ബംഗാളിയുടെ ഭാര്യയെ മിന്നായം പോലെ ഒരു തവണയേ കണ്ടിട്ടൊള്ളൂ. മൂത്ത കൊച്ചിന് പത്തു വയസ്സുകാണും. അമ്മേടെ സൗന്ദര്യം മുഴുവന്‍ മോള്‍ക്ക് കിട്ടിയിട്ടുണ്ട്. ഇളയത് കൈക്കുഞ്ഞാണ്, ഇങ്ങോട്ടൊന്നും കയറി വരാനുള്ള പ്രായം ആയിട്ടില്ല, നന്നായി. 
പാതിരാത്രിയായി വന്നു ചോറുണ്ണെടാ, മമ്മി വിളിച്ചു.
എന്റെ അനക്കം കേള്‍ക്കാതെ വന്നപ്പോള്‍ വീണ്ടും തിരിഞ്ഞു തറയില്‍ തന്നെ കിടന്നു. 
ആസ്ബറ്റോസ് വാതില്‍ ഒച്ചയുണ്ടാക്കാതെ അടച്ച് ഞാനകത്തു കയറി. 
ഫോട്ടോസ് ആയി. ഇനി നല്ലൊരു ത്രെഡ് വേണം. 
ബൈപാസ്? അതു ചെയ്യാത്ത ആള്‍ക്കാരില്ല. ക്ലീഷെ ആവും. 
ഓപ്പണ്‍ ഹാര്‍ട്ട്, ബ്രെയിന്‍ ട്യൂമര്‍, ലങ് കാന്‍സര്‍? 
അത്രേം വേണ്ട. 
കിഡ്നി ട്രാന്‍സ്പ്ലാന്റ്?
കൊള്ളാം. 
ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് ഒന്നൂടി വായിച്ചു നോക്കണം. ഞാന്‍ ''മോട്ടോ ഡോട്ട് ഓആര്‍ജീ'' യില്‍ കയറി. മിക്ക സ്റ്റോറീസിനും ബാക്കേഴ്സുണ്ട്. അത് പണിയാകും. നിയയോട് പറഞ്ഞാല്‍ അവള്‍ സപ്പോര്‍ട്ട് ചെയ്യും. എന്നാലും കുറച്ചു ഫേക്ക് പ്രൊഫൈല്‍സ് ഉണ്ടാക്കിയേ പറ്റൂ. ക്യാംപയിന് രണ്ടാഴ്ച മതി. കൂടുതലായാ വല്ലോനും സംശയം തോന്നി കംപ്ലയിന്റ് ചെയ്താ തീര്‍ന്നു. അധികം ഡീറ്റെയില്‍സ് വേണ്ട, മോനിപ്പള്ളി, കോട്ടയം ജില്ല എന്നു മതി.
''മോട്ടൊ''ക്കു കൊടുക്കണോ അതോ സ്വന്തം ബ്ലോഗ് ഉണ്ടാക്കി 'പേ മണി' ഇന്റഗ്രേറ്റ് ചെയ്യണോ? അങ്ങനെ ആണെങ്കില്‍ പൈസ നേരെ അക്കൗണ്ടില്‍ വരും. മൂന്നു ശതമാനം കമ്മീഷന്‍. 'മോട്ടോ' വഴി ആകുമ്പം ഒരു പത്തു ശതമാനം പോകും. വേണ്ട, സ്വന്തം ബ്ലോഗ് റിസ്‌ക് ആണ്.
ഏതായാലും 'മര'ത്തിനു കൊടുക്കുന്നില്ല. എതിരാളി ആണെങ്കിലും 'മോട്ടോ' ആണ് നല്ലത്. 
മൂന്നു പാരഗ്രാഫ് ടൈപ് ചെയ്തു. 
ഫാനിട്ടിട്ടും മമ്മി നന്നായി വിയര്‍ത്തിട്ടുണ്ട്. ഞാന്‍ ചെല്ലാതെ മമ്മി കട്ടിലില്‍ കിടന്നുറങ്ങൂല്ല.
ബാക്കി നാളെ ആകാം.
ഞാന്‍ തോണ്ടി വിളിച്ചു
മമ്മീ ചോറ്... 
xxxxx
രാവിലെ മോനിപ്പള്ളിസ്റ്റോപ്പ് എത്താറായപ്പോ ബംഗാളിയും മോളും പിന്നില്‍. 
ഭായ് കോട്ടയം ആണോ? വലിയ സൂട്ട്കേസ് നിലത്തുവെച്ച് അയാള്‍ ചോദിച്ചു.
ഞാന്‍ അതേ എന്നു തലയാട്ടി. 
മലയാളം അറിയാവോ? ഞാന്‍ ചോദിച്ചു.
പാല്‍ക്കാട് മൂന്നു കൊല്ലം നിന്നു. അയാള്‍ പറഞ്ഞു. 
എന്താ പേര്? 
തപന്‍
ഭായീന്റെ?
ഞാന്‍ പേരു പറഞ്ഞു.
മോളാണോ? അറിയാത്തപോലെ ഞാന്‍ ചോദിച്ചു.
അതേ, സഷ്മിത
സഷ്മിത ബസ് സ്റ്റോപ്പിലെ സിനിമാ പോസ്റ്റര്‍ നോക്കുന്നതിനിടയില്‍ പുഞ്ചിരിച്ചു. ചിരിക്കുമ്പോള്‍ പാതി അടയുന്ന വലിയ കണ്ണുകള്‍...
കോട്ടയം ഫാസ്റ്റ് ചീറി വന്നു ബ്രേക്കിട്ടു.
പത്തു മണിക്ക് വിക്കിയുമായി എമര്‍ജന്‍സി മീറ്റിങ്-ഈമെയില്‍ തുറന്നപ്പോള്‍ കലണ്ടര്‍ ഇന്‍വൈറ്റ് പൊട്ടിത്തെറിച്ചു.
'മര'ത്തിലെ എല്ലാ സ്റ്റാഫിനും ക്ഷണം ഉണ്ട്. ഞാന്‍ നിയയെ
നോക്കി, എത്തിയിട്ടില്ല. 
വിക്കിയുടെ അച്ഛന്‍ ബാബുസാര്‍ ഡാഡിയുടെ കൂടെ കടവാവലിനെ
വെടിവെക്കാന്‍ പോകാറുള്ള ദിവസങ്ങള്‍ ഞാന്‍ ഓര്‍ത്തു.
ബാബുസാറിന്റെ 'തണല്‍ മരം' അനാഥാലയത്തിനടുത്തുള്ള ആല്‍മരത്തില്‍ നിറയെ അക്കാലത്ത് വാവലുകള്‍ ആയിരുന്നു. അന്ന് വിക്കി 'മരം.' സ്റ്റാര്‍ട്ട് ചെയ്തിട്ടില്ല.
ഇതുങ്ങളെ എങ്ങനെയാ പിടിക്കുന്നേ? ബാര്‍ബിക്യു അടുപ്പില്‍ വീശിക്കൊണ്ടിരുന്ന ഞങ്ങടെ ഡ്രൈവര്‍ കം എല്ലാം ആയിരുന്ന ഫെലിക്‌സ് അങ്കിളിനോടു ഞാന്‍ ഒരിക്കല്‍ ചോദിച്ചു. 
ആദ്യം പടക്കം പൊട്ടിച്ചു പേടിപ്പിച്ചു പറപ്പിക്കും. പറക്കുമ്പം
ചടപടാന്ന് വെടിവെക്കും.
ഒരൂസം ഞാനും വരും കൂടെ. എനിക്കും കാണണം. ഞാന്‍ പറഞ്ഞു. 
എല്ലാവരും ഹാളിനു പുറത്ത് കൂടിനിന്ന് ഊഹാപോഹങ്ങള്‍ പങ്കുവെച്ചു. വിക്കി പടി കയറി വന്നപ്പോള്‍ ഹാളിലേക്ക് കയറി, കഴിയാവുന്നത്ര പിന്നിലായി ഞാന്‍ ഇരുന്നു. താമസിച്ചെത്തിയ നിയ അടുത്തു വന്നിരുന്നു.
എന്താ പ്രശ്‌നം? എന്റെ കൈപിടിച്ചു ഞെരിച്ച് അവള്‍ ചോദിച്ചു.
''ഗൈസ് ഒരു ഇമ്പോര്‍ട്ടന്റ് കാര്യം പറയാനാണ് നിങ്ങളെ വിളിച്ചത്''. വിക്കി പോണീറ്റൈലിന്റെ റബ്ബര്‍ ബാന്‍ഡ് മുറുക്കി. 
''മരത്തിന്റെ മാര്‍ക്കറ്റ് ഷെയര്‍ കഴിഞ്ഞ നാലഞ്ചു മാസമായി കുത്തനെ താഴോട്ടാണെന്ന് അറിയാല്ലോ? പുതിയ കോംപിറ്റീറ്റെര്‍സ് നമുക്ക് ടഫ്ടൈം ആണ് തരുന്നത്. യൂ നോ അവര്‍ക്ക് ഡീപ് പോക്കെറ്റ്‌സുണ്ട്. നമ്മള്‍ പലതും ശ്രമിച്ചു, കമ്മീഷന്‍ കുറച്ചു, സോഷ്യല്‍ മീഡിയ ആഡ്സ് കൂട്ടി, ന്യൂസ് പേപ്പേഴ്‌സില്‍ സ്‌പോണ്‍സേഡ് ആര്‍ട്ടിക്കിള്‍സ് കൊടുത്തു, പക്ഷേ, ഒന്നും വര്‍ക്ക് ആകുന്നില്ല. ക്യാഷ് ബേണ്‍ കൂടുന്നു. ഇനി കൂടുതല്‍ ഫണ്ടിംഗ് ഇല്ല എന്നു മെയിന്‍  ഇന്‍വെസ്റ്റര്‍ പറഞ്ഞുകഴിഞ്ഞു.''
വിക്കി ഒന്നു നിര്‍ത്തി, റിമോട്ട് എടുത്ത് എല്‍.ഇ.ഡി മോണിറ്റര്‍ ഓണ്‍ ചെയ്തു. 
''എന്തെങ്കിലും ഡ്രാസ്റ്റിക് ആയി ചെയ്തില്ലെങ്കില്‍ മരം അപ്‌റൂട്ടഡ് ആവും.''
സ്‌ക്രീനില്‍ ഒരു ചാര്‍ട്ട് തെളിഞ്ഞു. 
മാര്‍ക്കറ്റിങ്-9, കണ്ടെന്റ്-4, ഐ ടി-5, അക്കൗണ്ട്സ്-3 , അഡ്മിന്‍/എച്ച്.ആര്‍- 2 
''ഇതാണ് നമ്മുടെ ഓര്‍ഗനൈസേഷന്‍ സ്ട്രക്ചര്‍. ഇങ്ങനെ ഇനി മുന്നോട്ടു പോകാന്‍ പറ്റില്ല.'' വിക്കി അല്പം ശബ്ദം കൂട്ടി. 
''സോ... നമുക്ക് സ്റ്റാഫിന്റെ എണ്ണം കുറച്ചേ പറ്റൂ, മേ ബീ ബൈ ഹാഫ്. ആരൊക്കെ പോകേണ്ടിവരും എന്ന് ഇന്‍ എ വീക്‌സ് ടൈം പറയാം. ഡിസിഷന്‍ മെറിറ്റ് നോക്കിയേ എടുക്കൂ. പിന്നെ അള്‍ട്ടിമേറ്റ്ലി, നിങ്ങള്‍ ഇവിടെ വന്നതും ഞാന്‍ ഇവിടെ നില്‍ക്കുന്നതും എല്ലാം ഗോഡ്സ് വില്‍ അല്ലേ. ഇവിടന്നു പോകേണ്ടിവരുന്നവര്‍ക്കും നല്ലൊരു ഫ്യൂച്ചര്‍ ഉണ്ടാകും. ഗോഡ് ബ്ലെസ്സ്.''
എന്തൊരു ഡിപ്ലോമസി, നിയ എന്റെ കയ്യില്‍ പിച്ചി. എന്റെ കൂടെ കണ്ടെന്റ് റൈറ്റിങ്ങില്‍ ആണ് നിയയും. ലിറ്ററേച്ചറില്‍ മാസ്റ്റേഴ്സ്, എന്നെപ്പോലെ ബികോം തോറ്റതല്ല.


എക്‌സ്പീരിയന്‍സും ക്വാളിഫിക്കേഷനും നോക്കിയാ ലിസ്റ്റ് വരുമ്പോള്‍ 'മര'ത്തില്‍ ഞാന്‍ ഉണ്ടാവില്ലെന്ന് ഉറപ്പ്. പിന്നെ ഇംഗ്ലീഷ് നല്ലതായ കൊണ്ടെങ്ങാനും...
വിക്കി മോണിറ്റര്‍ ഓഫ് ചെയ്തു പുറത്തേക്ക് പോയി. 
ഞാന്‍ സീറ്റില്‍ത്തന്നെ ഇരുന്നു. ആകെ ഒരു പരവേശം. വയറു നെറച്ചു ചോറും മീന്‍കറിയും കിട്ടിയിരുന്നെങ്കില്‍. 
xxxxxx
വൈകീട്ട് പതിവിലും നേരത്തെ ഓഫീസില്‍ നിന്നിറങ്ങി. ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡിലേക്കു പത്തു മിനിട്ട് നടക്കണം. ഞാന്‍ ഇയര്‍ഫോണ്‍ ചെവിയില്‍ തിരുകി. ഈയിടെയായി വിഷമം വരുമ്പം പാട്ടിനു പകരം മോട്ടിവേഷണല്‍ സ്പീച്ചസ് ആണ് കേള്‍ക്കുന്നത്. 
സൂക്കര്‍ബെര്‍ഗിന്റെ ഹാര്‍വാര്‍ഡ് പ്രസംഗം മുന്‍പ് കേട്ട ഭാഗംവരെ  വിഡിയോയില്‍ വിരലോടിച്ചു. 
13:20 മിനിട്സ്:
''ഇപ്പോള്‍ നമ്മുടെ തലമുറയുടെ സമയമാണ്, വലിയ കാര്യങ്ങള്‍ ചെയ്യാനുള്ള സമയം...''
ഹാര്‍വാര്‍ഡ് വിദ്യാര്‍ഥികളെ നോക്കി സൂക്കര്‍ബെര്‍ഗ് പറയുന്നു. 
''ഒരുപക്ഷേ, നിങ്ങള്‍ കരുതുന്നുണ്ടാവും നിങ്ങള്‍ക്കൊരു ഡാം പണിയാന്‍ അറിയില്ല, ലക്ഷക്കണക്കിനു ആള്‍ക്കാരെക്കൊണ്ട് ജോലി ചെയ്യിക്കാന്‍ അറിയില്ല എന്നൊക്കെ, എന്നാല്‍ ഞാന്‍ ഒരു സീക്രട്ട് പറയാം. തുടങ്ങുമ്പോള്‍ ഒരാള്‍ക്കും എല്ലാം അറിയില്ല. വലിയ ഐഡിയാസ് ഉണ്ടാവുന്നത് പൂര്‍ണ്ണരൂപത്തിലല്ല. അവ പതിയെ രൂപപ്പെട്ടു വരികയാണ്. നിങ്ങള്‍ തുടങ്ങി നോക്കൂ...''
മൂവാറ്റുപുഴ ഫാസ്റ്റ് വന്നു കിടപ്പുണ്ട്. ഞാന്‍ ബസിന്റെ അഴിയില്‍ തല ചായ്ച് സൂക്കര്‍ബെര്‍ഗിന്റെ ചിരിക്കുന്ന മുഖം നോക്കിയിരുന്നു.
''ഏറ്റവും വലിയ വിജയം ഉണ്ടാവുന്നത് പരാജയപ്പെടാനുള്ള സ്വാതന്ത്ര്യത്തില്‍ നിന്നാണ്-ഫ്രീഡം ടു ഫെയില്‍. സ്വപ്നങ്ങള്‍ പിന്തുടരാന്‍ അവസരം കിട്ടാത്ത പലരെയും എനിക്കറിയാം. കാരണം വീഴ്ചയില്‍ താങ്ങാകാനുള്ള കുഷ്യന്‍ അവര്‍ക്കില്ല. കഠിന പ്രയത്‌നം കൊണ്ടോ വലിയ ഐഡിയാ ഉണ്ടായതുകൊണ്ടോ മാത്രം വിജയി ആവില്ല. ഭാഗ്യവും വേണം. 


പഠിക്കുന്ന സമയത്ത്, എനിക്ക് കുടുംബത്തെ സപ്പോര്‍ട്ട് ചെയ്യണമായിരുന്നെങ്കില്‍ ഇന്നു ഞാന്‍ ഇവിടെ നില്‍ക്കില്ലായിരുന്നു.
ഫേസ്ബുക് വിജയിച്ചില്ലെങ്കിലും എനിക്കൊന്നും പറ്റില്ല എന്നറിയില്ലായിരുന്നെങ്കില്‍... ഇന്നു ഞാന്‍ ഇവിടെ നില്‍ക്കില്ലായിരുന്നു.''
സൂക്കര്‍ബെര്‍ഗിന്റെ അമ്മേം അച്ഛനും അഭിമാനത്തോടെ കേട്ടിരിക്കുന്നു. 
ഞാന്‍ ഡാഡിയെ ഓര്‍ത്തു. എന്റെ പ്ലസ് ടു പരീക്ഷക്ക് ഇടക്കായിരുന്നു ഡാഡി ക്ലിനിക്കിലെ നഴ്സിന്റെ കൂടെ ഒളിച്ചോടിയത്. 
ഫ്രീഡം ടു ഫെയില്‍ - ഞാന്‍ വീഡിയോ ഓഫാക്കി.
xxxx
പെട്ടെന്നു ഒരു ജോലി കണ്ടുപിടിക്കുക എളുപ്പമല്ല. വല്ല കടേലും സാധനം എടുത്തു കൊടുക്കാന്‍ നില്‍ക്കാന്നുവെച്ചാ ജീവിതം അവിടെ തീരും. പഴയ ഫ്രണ്ട്സിനെ ഫേസ് ചെയ്യാന്‍ പറ്റാത്തത് വേറെ കാര്യം. മമ്മിയെ ഒറ്റക്കാക്കി ദൂരെ പോകാനും വയ്യ.
സ്വന്തമായി എന്തെങ്കിലും തുടങ്ങിയേ പറ്റൂ. മമ്മീടെ യൂട്രസ് റിമൂവലിനു ഏറിയാല്‍ രണ്ടു ലക്ഷം. 'മോട്ടോ'യിലെ ക്യാമ്പയിന്‍ വിജയിച്ചാല്‍ ബാക്കി പൈസാകൊണ്ട് ഒരു ചെറിയ ബിസിനസ്സ്- ഡിജിറ്റല്‍ ആയി ചെയ്യാവുന്ന എന്തെങ്കിലും? 
ബുക്‌സ് വില്‍ക്കാന്‍ ഒരു ഡിജിറ്റല്‍ പ്ലാറ്റ് ഫോം? പക്ഷേ, അതൊക്കെ ആമസോണ്‍ ചെയ്യുന്നുണ്ട്.
ഫുഡ്സ്, ഗ്രോസറി ഡെലിവറി- മുടക്ക് കൂടും. 
മ്യൂസിക്/വീഡിയോസ്- ക്ലിക് ആകില്ല. മിക്കതും ഫ്രീ ആണ്. 
ലേഡീസിന് ബ്യൂട്ടി പാര്‍ലര്‍ ബുക് ചെയ്യാന്‍ ഒരു ഡിജിറ്റല്‍ ഓപ്ഷന്‍?
യുറേക്കാ!
ഒന്നോ രണ്ടോ സിറ്റി, കോട്ടയോം കൊച്ചിയും ഫോക്കസ് ചെയ്താ മതി.
അതോ മമ്മിയുടെ ആഗ്രഹം പോലെ സ്വന്തമായി ഒരു വീട് വേണോ? 
ഞാന്‍ വഴിയിലെ വീടുകള്‍ നോക്കി ഇരുന്നു. എല്ലാം വലിയ രണ്ടുനില വീടുകള്‍. ഗേറ്റിനുള്ളില്‍ ഒന്നും രണ്ടും കാറുകള്‍, കോടികളുടെ കളി.
വീട്ടിലെത്തിയ ഉടന്‍ ഞാന്‍ രണ്ടു പാരഗ്രാഫ് കൂടി ടൈപ് ചെയ്തു. കിഡ്നി മാറ്റിവെക്കാനുള്ള സമയം അതിക്രമിച്ചെന്ന് ഒന്നുകൂടി ഓര്‍മ്മിപ്പിച്ച് അവസാനിപ്പിച്ചു. 
നിയയെ വിളിച്ചു.
സൂപ്പര്‍ബ് ഐഡിയാ, മൈ ഫുള്‍ സപ്പോര്‍ട്ട്. നിയ പറഞ്ഞു. 
പക്ഷേ, അമ്പതു ലക്ഷം കടന്ന കയ്യല്ലേ? ഞാന്‍ ചോദിച്ചു.
രണ്ടു ലക്ഷം കഴിച്ചു ബാക്കി പൈസാകൊണ്ട് നീ എന്തെങ്കിലും തുടങ്ങൂ. ഞാന്‍ കൂടെ വരാം. ഡൈവോഴ്സൊക്കെ പിന്നെ. 
പ്രായക്കൂടുതല്‍ ഉണ്ടെങ്കിലും എന്റെ സ്വപ്നങ്ങളില്‍ നിറയെ നിയ ആണ്. ചുറ്റിനും ആരുമില്ലാതാകുമ്പോള്‍ എന്റെ കൈകളില്‍ അമര്‍ത്തി വേദനിപ്പിച്ചു നിയ ചോദിക്കും.
കാന്‍ യൂ കിഡ്‌നാപ് മീ?
ഹഹഹ എങ്ങോട്ട്? ഞാന്‍ ചിരിക്കും.
ഒരിക്കല്‍ ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ തടഞ്ഞു. 
നിയ, യൂ ആര്‍ സ്റ്റില്‍ മാരീഡ്. നമുക്കത്രേം പോകണ്ട. 
മിലന്‍ എന്ന പേരില്‍ ഞാന്‍ സ്റ്റോറി അുപ്ലോഡ് ചെയ്തു. രണ്ടു ദിവസത്തിനുള്ളില്‍ പബ്ലിഷ് ചെയ്യും, ''മോട്ടോ ഡോട്ട് ഓ ആര്‍ ജീ''യുടെ മെയില്‍.
xxxxx
പിറ്റേന്നു രാവിലെ പത്തരയോടെ നിയക്ക് ഫോണ്‍ വന്നു.
മേശപ്പുറത്തിരുന്ന അവളുടെ ഫോട്ടോ എടുത്തു ബാഗിലേക്കിട്ട്, എന്നെ നോക്കി കൈ വീശി അവള്‍ മുകളിലേക്ക് കയറിപ്പോയി-ഒരുങ്ങി ഇരുന്നപോലെ. 
അടുത്തത് ഞാനാവും.
ലാപ്ടോപില്‍ ഡാഡിയും മമ്മിയും ഞാനും ഉള്ള കുറേ പഴയ ഫോട്ടോസുണ്ട് കോപ്പി ചെയ്യാന്‍ ഫ്‌ലാഷ് മെമ്മറി വേണം. 
അങ്ങേര് തിരിച്ചുവരും. എനിക്കറിയാം. വരുമ്പോ ഞാന്‍ ചൂലെടുത്തു അടിക്കും. ഡാഡി പോയ സമയത്ത് മമ്മി ഫെലിക്‌സ് അങ്കിളിനോട് പറഞ്ഞു. 
ആദ്യം വന്നത് ടീവീ കടക്കാരായിരുന്നു.
ക്ലിനിക്കില്‍ ചെന്നപ്പം അതടച്ചേക്കുവാ. ഇന്‍സ്റ്റാള്‍മെന്റ് അടച്ചിട്ട് മാസം മൂന്നായി. ടീവീ റിക്കവര്‍ ചെയ്യാതെ പറ്റില്ല. 
അതും കടായിട്ടാണോ എടുത്തത്? മമ്മി സോഫയിലേക്ക് ചാഞ്ഞു. 
അടുത്തത് ജോസഫ് സാറിന്റെ ഊഴമായിരുന്നു. 
ഇനി എനിക്ക് കാക്കാന്‍ പറ്റില്ല. വീടൊഴിയണം. ജോസഫ് സാര്‍ പറഞ്ഞു.
നാലു മാസല്ലേ ആയൊള്ളൂ? മമ്മി ചോദിച്ചു.
അല്ല അഞ്ചായി. സാര്‍ പറഞ്ഞു. 


രണ്ടു സെന്റ് സ്ഥലംപോലും അങ്ങേര് വാങ്ങീല്ല. കിട്ടിയത് മുഴുവന്‍ കണ്ട പെണ്ണുങ്ങക്ക് കൊടുത്തു തീര്‍ത്തു. 
കൂട്ടുകാരുടെ മുഖത്ത് നോക്കാതെ, കഴിയുന്നതും ഒഴിഞ്ഞുമാറി ഞാന്‍ നടന്നു. 
നമ്മക്ക് പൊലീസില്‍ പരാതി കൊടുക്കാം. ആള്‍ എവിടെയാണെന്നറിയാല്ലോ. ഫെലിക്‌സ് അങ്കിള്‍ പറഞ്ഞു.
എന്തിന്? അങ്ങേര് സുഖായിട്ട് ജീവിക്കട്ടെ. ഞാന്‍ എന്റെ കൊച്ചിനേം നോക്കി ജീവിച്ചോളാം. വയസ്സ് നാപ്പതായില്ലേ. ഇനിയെന്തു? മമ്മി പറഞ്ഞു.
നാപ്പതല്ലേ ആയൊള്ളൂ? അങ്കിള്‍ ചോദിച്ചു. 
എനിക്ക് ഒന്നുരണ്ടു പാര്‍ട്ട്-ടൈം ജോലികള്‍ ഫെലിക്‌സ് അങ്കിള്‍ ശരിയാക്കി. ഡിഗ്രി കഴിയാതെ ജോലിക്ക് പോയാ ജോലീം ഇല്ല ഡിഗ്രീം ഇല്ലാണ്ട് ദേ എന്നെപ്പോലെ ആകും. മമ്മി പറഞ്ഞു. 
മമ്മീടെ പേരിലായതുകൊണ്ട് കാര്‍ മാത്രം ഡാഡി കൊണ്ടുപോയില്ല.
അതൊരു പിടിവള്ളി ആയി.
അടവ് തീര്‍ന്നതാണല്ലോ. കാര്‍ വില്‍ക്കാം. രണ്ടര മൂന്നു ലക്ഷം കിട്ടും. നിനക്കു ജോലി ആകും വരെ പിടിച്ചുനിക്കാം. ഫെലിക്‌സ് അങ്കിള്‍ പറഞ്ഞു.
ഏറ്റുമാനൂരമ്പലത്തിനു പിന്നില്‍ വാടക കുറഞ്ഞ ഒരു വീട്. മുകളിലെ നില വാടകയ്ക്ക് കൊടുക്കാതെ ഓണര്‍ പൂട്ടിയിട്ടത് എനിക്ക് ഭാഗ്യമായി. വീട്ടില്‍ ഓര്‍ക്കാപ്പുറത്ത് വന്ന പഴയ ഫ്രണ്ട്സിനോട് രണ്ടു ഫ്‌ലോറും ഞങ്ങടെ തന്നെ ആണെന്ന് ഞാന്‍ തട്ടിവിട്ടു.
എറ്റുമാനൂരെ വീടിനു വാടക കൂടിയപ്പോഴാണ് ഇങ്ങു മോനിപ്പള്ളിക്ക് പോന്നത്. അടുക്കളയും ഒരു മുറിയും ആസ്ബറ്റോസ്സ് മറച്ച വരാന്തയും ഉള്ള ലൈന്‍ മുറി വീട്.
നിനക്കു ജോലി കിട്ടുമ്പോ എല്ലാം ശരിയാകും. നമുക്ക് സ്വന്തമായി ഒരു രണ്ടുനില വീട് വെച്ചു കാറും വാങ്ങി കഴിയുമ്പം നീ അങ്ങേരെ പോയി വിളിക്കണം. മമ്മി പറയും. ബികോം തോറ്റ കാര്യം മമ്മി അറിഞ്ഞിട്ടില്ല.
പ്രകാശന്‍ ചേട്ടന്‍ ഫ്‌ലാഷ് മെമ്മറിയുമായി വന്നു. പക്ഷേ ഫോട്ടോസ് കോപ്പി ആവുന്നില്ല-ആക്സെസ് ഡിനൈഡ്.
വിക്കിയുടെ സെക്രട്ടറി ഗ്രേട്ടിലിന്റെ വിളി വന്നു. ഡ്രായര്‍ പൂട്ടി താക്കോല്‍ അവിടെത്തന്നെ വെച്ചു ഞാന്‍ പതിയെ നടന്നു.
വിക്കി ഇല്ല, ഗ്രേട്ടില്‍ മാത്രം. 
ഇരിക്ക്, അവര്‍ പറഞ്ഞു. 
നിര്‍ഭാഗ്യവശാല്‍ ഇങ്ങനെ ഒക്കെ സംഭവിച്ചു. വേറെ വഴി ഇല്ല. രണ്ടു മാസത്തെ നോട്ടീസ് പീരീഡ് ചെക്ക് ഈ കവറിലുണ്ട്. പിന്നെ വേറെ ജോലി കണ്ടുപിടിക്കാന്‍ കഴിയുന്നതുപോലെ ഞങ്ങള്‍ സഹായിക്കാം. 
കവര്‍ എടുത്തു ഞാന്‍ ഇറങ്ങി നടന്നു. 
xxx 
പിറ്റേന്നും ഞാന്‍ പതിവു സമയത്ത് കോട്ടയത്തിനു പോയി. ലൈബ്രറിയില്‍ പോയി പേപ്പര്‍ വായിച്ചു. ഇടക്കിടെ നെറ്റില്‍ കയറി 'മോട്ടോ'യിലെ സ്റ്റാറ്റസ് നോക്കി. 
ഇനി സ്റ്റോറി അവര്‍ റിജെക്ട് ചെയ്‌തോ? 
12 മണി: മോട്ടോയില്‍ എന്റെ സ്റ്റോറി തെളിഞ്ഞു! അപരിചിതയായ സ്ത്രീയുടെ ഫോട്ടോ സഹിതം.
ഞാന്‍ നെറ്റില്‍ തന്നെ കണ്ണുനട്ടിരുന്നു. 
2 മണി: സംഭാവന ഒരു ലക്ഷം കടന്നു. 
5 മണി: 3 ലക്ഷം. 
അഞ്ചാം ദിവസം: 20 ലക്ഷം. 
തകര്‍ത്തു. നിയ പറഞ്ഞു. 
ചെയ്യുന്നത് ശരിയാണോ? ആരുടേയോ ഫോട്ടോ, ഇല്ലാത്ത കഥ...
പിന്നല്ലാതെ? നിയ കണ്ണുരുട്ടി.
രണ്ടാഴ്ച: ടാര്‍ഗറ്റ് ആയി, ക്യാമ്പയിന്‍ തീര്‍ന്നു. മോട്ടോയുടെ മെയില്‍.
കമ്മീഷന്‍ കഴിച്ചു 45 ലക്ഷം. എന്റെ കയ്യിലും കുറച്ചുണ്ട്. നമുക്ക് പാര്‍ലര്‍ ബുക്കിംഗ് ബിസിനസ് തുടങ്ങാം. നിയ എന്നെ വട്ടം പിടിച്ചു. 
xxxx 
നേരത്തെ ആയതുകൊണ്ടാവാം ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡില്‍ പതിവിലും ആളു കുറവാണ്. സ്റ്റാന്‍ഡിന്റെ വലത്ത് വശത്ത് ഒരു ടോയ് ഹെലിക്കോപ്ടര്‍ പൊങ്ങിപ്പറക്കുന്നു. അതെന്റെ അരികിലേക്ക് വന്നു തൊട്ടു തൊട്ടില്ല മട്ടില്‍ പറന്നുപോയി. ഡ്രോണ്‍-അതിന്റെ പച്ചക്കണ്ണുകളില്‍ നല്ല പരിചയം. 
തപന്‍?
തപന്‍ ഡ്രോണ്‍ പറത്തുമ്പോള്‍ സഷ്മിത വില്‍ക്കാനുള്ള ശ്രമത്തിലാണ്.
ആരും പക്ഷേ, വാങ്ങുന്നില്ല.
ബസ് വരുന്നത് വരെ തപന്റെ ഡ്രോണ്‍ പറത്തല്‍ നോക്കിയിരുന്നു. വൈകാതെ സഷ്മിത ഞാന്‍ ഇരുന്ന ബസില്‍ കയറി. അവളുടെ മുഖത്ത് നല്ല ക്ഷീണം. 
എന്നാ വെല? മുന്നില്‍ ഇരുന്ന ചേട്ടന്‍ ചോദിച്ചു. 
ആയിരം രൂപാ. അവള്‍ പറഞ്ഞു. 
അയ്യോ വേണ്ട. അയാള്‍ പറഞ്ഞു. കൂടെ ഇരുന്ന കുട്ടി കരയാന്‍ തുടങ്ങി.
ഹെലിക്കോപ്റ്റര്‍ ഉണ്ട്, വില കുറവാണ്. അവള്‍ സഞ്ചി തുറന്നു. 
വേണ്ട വേണ്ട. അയാള്‍ കൈ കാണിച്ചു. 
ഹെലിക്കോപ്റ്ററിനു എന്നാ വില? ഞാന്‍ ചോദിച്ചു. 
അഞ്ഞൂറ് രൂപാ ചേട്ടാ. അവള്‍ പറഞ്ഞു.
ഞാന്‍ പോക്കറ്റില്‍ നോക്കി. ടിക്കറ്റിന്റെ പൈസ കഴിഞ്ഞാ ഇരുന്നൂറു രൂപയെ ഉള്ളൂ. ഞാന്‍ അതെടുത്ത് അവള്‍ക്ക് നീട്ടി. 
അവള്‍ പൈസ വാങ്ങി.എണ്ണി നോക്കാതെ ഹെലിക്കോപ്റ്റര്‍ എന്റെ കയ്യില്‍ തന്നു. 
ഇത് വേണ്ട. പൈസ മോള്‍ക്ക് വെറുതെ തന്നതാ. ഞാന്‍ പറഞ്ഞു. 
അവള്‍ അതിശയത്തോടെ എന്നെ നോക്കി, പതിയെ പിന്നിലേക്ക് നടന്നു.
നിമിഷങ്ങള്‍ക്കുള്ളില്‍ പിന്നില്‍ നിന്നൊരു തോണ്ടല്‍.
ചേട്ടാ 
സഷ്മിതയാണ്. അവള്‍ പൈസ വെച്ചു നീട്ടുന്നു.
എനിക്ക് പൈസ വേണ്ട. അവള്‍ പറഞ്ഞു.
ഏയ്... ഇഷ്ടം കൊണ്ട് തന്നതല്ലേ?
വേണ്ട, ഹെലിക്കോപ്റ്റര്‍ വേണ്ടെങ്കില്‍ പൈസ വേണ്ട. അവള്‍ വീണ്ടും. 
ആളുകള്‍ നോക്കുന്നു. ഞാന്‍ പൈസ തിരികെ വാങ്ങി. 
എനിക്കുള്ളില്‍ എന്തോ ഉരുകുന്നുണ്ടോ?
xxxx 
എന്നാ വന്നപ്പോഴേ ഒരു ചിന്ത? മമ്മി ചായ കൊണ്ടുവെച്ചു.
ഡാഡിയെപ്പറ്റി ഓര്‍ക്കരുതെന്ന് ഞാന്‍ പറഞ്ഞിട്ടില്ലേ. നമ്മളെ വേണ്ടാത്തവരെ നമ്മക്കും വേണ്ട. 


നിയയുടെ വാട്ട്സ് ആപ്പ് മെസ്സേജ്- നാളെ പത്തു മണിക്ക് 'ആനന്ദില്‍.'
മറുപടി അയക്കാതെ ഞാന്‍ കുളിമുറിയിലേക്ക് നടന്നു. പഴുതാരയും അട്ടയും ഇഴയുന്ന പൊട്ടിപ്പൊളിഞ്ഞ തറ. കുളിമുറിക്കു മുന്നിലെ അഴയില്‍ മമ്മിയുടെ നൈറ്റി. കുറേ നാളായി മമ്മിയുടെ നൈറ്റിക്ക് ചോരയുടെ മണമാണ്. ഞാന്‍ മമ്മിയുടെ സര്‍ജറിയെക്കുറിച്ചോര്‍ത്തു. 
എന്റെ ഉള്ളിലെ മരവിപ്പ് മറ്റെന്തോ ആയി മാറുന്നു. ഇല്ല ഇന്ന് ഇതോര്‍ക്കാനുള്ള ദിവസമല്ല. ഇന്ന് വലിയൊരു നാളെയുടെ തുടക്കമാണ്- എ ഗ്രേറ്റ് ബിഗിനിങ്. 
ഞാന്‍ 'മോട്ടോ ഡോട്ട് ഓ ആര്‍ ജീ'യില്‍ ലോഗിന്‍ ചെയ്തു. ടൈപ്പ് ചെയ്യുമ്പോള്‍ വിരലുകള്‍ക്ക് പതിവിലും ദൃഢത.
സഹായിക്കാന്‍ മനസ്സു കാണിച്ച എല്ലാവരോടും മാപ്പ്. ഇതു ഒരു ഫേക് പോസ്റ്റ് ആയിരുന്നു. മേലില്‍ ആവര്‍ത്തിക്കില്ല. 
മിലന്‍ (ഫേക്) 
പുറത്ത് നിലാവ് പരന്നിരിക്കുന്നു. ഞാന്‍ സഷ്മിതയെ കാത്തിരുന്നു. അവള്‍ വരുമ്പോള്‍ ഞാന്‍ എന്ത് ചെയ്യുമെന്നറിയില്ല. ഒരുപക്ഷേ, ഓടിച്ചെന്നു കെട്ടിപ്പിടിച്ചു ഉമ്മ വെക്കും. അല്ലെങ്കില്‍ ഞാന്‍ ആരാണെന്ന തിരിച്ചറിവില്‍, നന്ദി എന്ന് മാത്രം മന്ത്രിക്കും.
xxxxx 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

X
logo
Samakalika Malayalam
www.samakalikamalayalam.com