കണ്ണാടിക്കാലം: സുസ്മേഷ് ചന്ത്രോത്ത് എഴുതിയ കഥ

വൈകുന്നേരത്തെ ചായയും പലഹാരവും കഴിഞ്ഞ് വരാന്തയിലിരുന്ന് മെല്ലെ മയങ്ങിപ്പോയതായിരുന്നു നാട്ടുകാരില്‍ ഭൂരിഭാഗവും ഉണ്ണിയേട്ടനെന്നു വിളിക്കുന്ന ഉണ്ണികൃഷ്ണന്‍.
ചിത്രീകരണം - സുരേഷ് കുമാര്‍ കുഴിമറ്റം
ചിത്രീകരണം - സുരേഷ് കുമാര്‍ കുഴിമറ്റം

വൈകുന്നേരത്തെ ചായയും പലഹാരവും കഴിഞ്ഞ് വരാന്തയിലിരുന്ന് മെല്ലെ മയങ്ങിപ്പോയതായിരുന്നു നാട്ടുകാരില്‍ ഭൂരിഭാഗവും ഉണ്ണിയേട്ടനെന്നു വിളിക്കുന്ന ഉണ്ണികൃഷ്ണന്‍. ഗേറ്റ് ഇടറിവിടരുന്നതിന്റെ ശബ്ദം കേട്ടാണ് പിന്നെ ഉണര്‍ന്നത്. കയ്യില്‍ വീഴാന്‍ പാകത്തിനിരിക്കുന്ന സെല്‍ഫോണില്‍ വാ പിളര്‍ന്നിരിക്കുന്ന ഈരേഴ് പതിന്നാലുലകം. ഉണ്ണികൃഷ്ണന്‍ ഭക്തിയോടെ ഫോണിലേക്ക് നോക്കി. ഉടനെ അതിലേക്കൂളിയിടാന്‍ ആര്‍ത്തി തോന്നി. ഒരു നിമിഷം ശ്രദ്ധിക്കാതിരുന്നാല്‍ ഫോണില്‍ വന്നു നിറയുന്നത് ഭാരതത്തെപ്പറ്റി നമുക്കറിയാത്ത എന്തുമാത്രം അറിവുകളാണ്! അപ്പോഴാണ് ഗേറ്റ് കരഞ്ഞ ഓര്‍മ്മവന്നത്. നോക്കുമ്പോള്‍ വീട്ടിലേക്കു കയറിവരുന്നു ചെല്ലന്‍. 

മയക്കം വിട്ടകലാത്ത കണ്ണുകളോടെ ഉണ്ണികൃഷ്ണന്‍ കുറേ നേരം നെറ്റിചുളിച്ച് ചെല്ലനെ നോക്കിയിരുന്നു. അലക്കിത്തേച്ച കുത്താമ്പുള്ളി മുണ്ടാണ് ചെല്ലന്‍ ചുറ്റിയിരിക്കുന്നത്. രണ്ടായിരമോ അതിനു മുകളിലോ വിലവരും ധരിച്ചിരിക്കുന്ന കുപ്പായത്തിന്. അവന്റെ പോക്കറ്റിലും താനുപയോഗിക്കുന്നതുപോലെയുള്ള പുതിയ സെല്‍ഫോണുണ്ട്. എന്തിനാണ് ഇവന്‍ ഏതുനേരത്തും ഇങ്ങോട്ടു കയറിവരുന്നത്? നീരസത്തോടെ ഉണ്ണികൃഷ്ണന്‍ ആലോചിച്ചു. പിന്നെ ചെറുതായി മൂക്ക് ചുളിച്ചു. ഒരു തരം വാട പരിസരത്ത് പടരുന്നതായി തോന്നി. പെട്ടെന്ന് മൂവന്തിയായതുപോലെ. ഒരു സുഖമില്ലായ്മ. സന്ധ്യയുടെ വിഷാദമാണോ !
''ഉണ്ണീ... ഇസഹാക്ക് വിളിച്ചിട്ടുണ്ട്... എപ്പളാന്നു വച്ചാ ഇരിക്കാന്ന്.''
പെട്ടെന്ന് നാളതുവരെയുണ്ടാകാത്ത അരിശം തോന്നി ഉണ്ണികൃഷ്ണന്. 
നിനക്കെന്താ ന്നെ ഉണ്ണിനായര്‍ ന്ന് വിളിച്ചാല് ?
ചാടിയെണീറ്റ് ഉറക്കെ അങ്ങനെ ചോദിക്കാനാണ് ഉണ്ണികൃഷ്ണന് തോന്നിയതെങ്കിലും ഒന്നും ചോദിച്ചില്ല. മുഖത്തൊരു ഭാവവും വരുത്താതെ അങ്ങിനിരുന്നു.
''അനക്കാളെ മന്‍സ്ലായില്യേ? ഇദ് ഞാനാടോ.''
ചെല്ലന്റെ പ്രതികരണം കേട്ടപ്പോള്‍ ഉണ്ണികൃഷ്ണന്‍ അഭിനയിക്കാന്‍ തീരുമാനിച്ചു. 
''ഇയ്യ് വരണത് കണ്ടിട്ട് എയ്ക്ക് മനസ്സിലായില്ലെടോ. ഞാനൊരു മയക്കത്തിലായിരുന്നു.''
അതു കേട്ടപ്പോള്‍ ചെല്ലന്‍ സമാധാനത്തോടെ വിടര്‍ന്നു ചിരിച്ചു. 
''ആ മൊബൈല് താഴെപ്പൂവാണ്ടെ സൂക്ഷിച്ചോ. ഇരുപത്തെണ്ണായിരത്തിന്റെ മൊതലാ.''
വര്‍ത്തമാനം പറഞ്ഞ് ചെല്ലന്‍ അവിടെയിരിക്കുന്തോറും അസ്വസ്ഥത നിറയുന്നതായി ഉണ്ണികൃഷ്ണന് തോന്നി. അറുപത് കൊല്ലത്തെ അടുപ്പമാണ്. കുടിപ്പള്ളിക്കൂടം മുതല്‍ ചെല്ലന്‍ പഠിപ്പ് നിര്‍ത്തിപ്പോയ ഏഴാംക്ലാസ് വരെ ഒന്നിച്ചായിരുന്നു. പഠിപ്പ് നിര്‍ത്തിയെങ്കിലും ചങ്ങാത്തത്തിന് കുറവും കോട്ടവും വന്നിരുന്നില്ല. മാധവനും ബാലനും ഇബ്രാഹിമും ഇസഹാക്കുമൊക്കെ അന്നേയുള്ള കൂട്ടുകാരാണ്. അന്ന് ഇന്നിരിക്കുന്ന വീടല്ല. ഉമ്മറവും കോലായയും മുകളില്‍ രണ്ട് മുറിയുമുള്ള ഓടിട്ട വീടായിരുന്നു. അക്കാലത്ത് അത്രയുമെങ്കിലും സ്ഥിതിയുള്ള വീടുകള്‍ ആ ഭാഗത്ത് വിരളമായിരുന്നു. ചെല്ലനും ഇബ്രാഹിമിനുമൊക്കെ കൂരകളായിരുന്നു. ചാണകം മെഴുകി, ഓല മേഞ്ഞ രണ്ടുമുറി കൂരകള്‍.. അവയുടെ പരിസരത്ത് തന്നെയായിരുന്നു ഓലമെടഞ്ഞ് മറച്ച കക്കൂസുകളും. അതിനാല്‍ വീടുകളെ ചുറ്റിപ്പറ്റി കക്കൂസുകളുടെ ദുര്‍ഗന്ധം സദാ പരന്നുകിടന്നിരുന്നു. 
''നമുക്കൊരു ദിവസം കമ്പനിയടിക്കാമെന്ന് ഇസഹാക്കിനോട് പറയൂ'' എന്നേല്‍പ്പിച്ച് ചെല്ലനെ ഉണ്ണികൃഷ്ണന്‍ ഒഴിവാക്കി. ഒഴിവാക്കിയതാണെന്ന് അറിയാതെ ചെല്ലന്‍ പോയപ്പോഴാണ് തനിക്ക് സമാധാനമായതെന്ന് ഉണ്ണികൃഷ്ണന്‍ തിരിച്ചറിഞ്ഞു. തന്നോട് യാതൊരു ഉപദ്രവവും നാളിതുവരെ ചെയ്തിട്ടില്ലാത്ത നല്ലൊരു സുഹൃത്തു തന്നെയാണല്ലോ ചെല്ലന്‍ എന്ന് തെല്ല് കുറ്റബോധത്തോടെ ചിന്തിച്ചു നോക്കിയപ്പോള്‍ അത് ശരിയാണെന്ന് ഉണ്ണികൃഷ്ണന് മനസ്സിലായി. അതോടെ ചെല്ലനെ തിരികെ വിളിക്കാനും പഴയ മട്ടില്‍ നാട്ടുവര്‍ത്തമാനവും ലോഹ്യവും പങ്കുവച്ച് കുറേ നേരം ഇരിക്കാനും തോന്നി. അതൊക്കെത്തന്നെയാണല്ലോ മനുഷ്യജീവിതം എന്നുമോര്‍ത്തു. എന്നാലും ഈയിടെയായിട്ട് ചെല്ലനോടൊരു അകല്‍ച്ചയാണ് തോന്നുന്നത്. കാരണമില്ലാത്ത അകല്‍ച്ച എന്നു പറഞ്ഞാലും ശരിയല്ല. കാരണങ്ങള്‍ അനവധിയുണ്ട്. അത്രയധികം സത്യങ്ങളാണ് വാട്സ്ആപ്പും ഫേസ്ബുക്കും എത്തിച്ചുതരുന്നത്. ഹൃദയവിശാലത മൂലം ഇത്ര കാലവും അറിയാതിരുന്ന കനപ്പെട്ട അറിവുകളാണ് അവയില്‍ പലതും. 


ഏതാണ്ട് പത്തുപതിനഞ്ച് കൊല്ലം മുന്‍പുവരെ ഇങ്ങനെയുള്ള അലട്ടുകളൊന്നുമില്ലാതെ, പ്രസന്നചിത്തനായ പരോപകാരിയും സഹൃദയനായ മനുഷ്യനുമായിട്ടാണ് ഉണ്ണികൃഷ്ണന്‍ ജീവിച്ചത്. ശരിക്കുമുള്ള പേര് കോലാട്ടുകോല്‍ കൃഷ്ണന്‍നായര്‍ മകന്‍ കെ.കെ. ഉണ്ണികൃഷ്ണന്‍ (68 വയസ്സ്).          
മിഷനറിമാരും നവോത്ഥാന നായകരും ദേശീയപ്രസ്ഥാനങ്ങളും പരുവപ്പെടുത്തിയെടുത്ത കേരളത്തിലാണ് കൃഷ്ണന്‍ നായര്‍ ജനിച്ചുവളര്‍ന്നത്. അതിനുശേഷം കമ്യൂണിസ്റ്റുകളും നക്‌സലൈറ്റുകളും കൂടി രൂപപ്പെടുത്തിയെടുത്ത കേരളത്തിലേക്ക് ഉണ്ണികൃഷ്ണനും പിറന്നുവീണു. ഗള്‍ഫ് പണം സ്ഥിരപ്പെടുത്തിയ കേരളത്തിന്റെ സമ്പദ് സാമൂഹ്യഘടനയിലേക്കാണ് പില്‍ക്കാലത്ത് ഉണ്ണികൃഷ്ണന്റെ മക്കള്‍ പിറവിയെടുത്തത്.       
അതിനൊക്കെ മുന്‍പ്, കൃഷ്ണന്‍ നായരുടെ അച്ഛനും അച്ഛന്റെ അച്ഛനും ദേശത്തെ പേരുകേട്ട മനയ്ക്കലെ അപ്ഫന്‍ നമ്പൂതിരിമാരായിരുന്നു. അക്കാലത്തെ രീതിക്ക് മനയ്ക്കലെ കാര്യസ്ഥന്മാരായിരുന്നു കോലാട്ടുകോല്‍ വീട്ടുകാര്‍. ഈ സംബന്ധപരമ്പരയില്‍ അന്നത്തെക്കാലത്തുള്ളവര്‍ക്ക് ഔചിത്യക്കേടൊന്നുമുണ്ടായിരുന്നില്ലെന്നു മാത്രമല്ല, ഒട്ടൊക്കെ അഭിമാനമുണ്ടായിരുന്നു താനും. 

കൃഷ്ണന്‍ നായര്‍ വളര്‍ന്നുവന്ന കാലത്ത് കേരളത്തില്‍നിന്നും ധാരാളം ചെറുപ്പക്കാര്‍ ദേശീയപ്രസ്ഥാനത്തിലും ഗാന്ധിജിയിലും ആകൃഷ്ടരായി നാടുവിട്ടുപോവുകയും പില്‍ക്കാലത്ത് സ്വാതന്ത്ര്യസമര പെന്‍ഷന്‍ വാങ്ങുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ധീരമായി ഏര്‍പ്പെടുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യലബ്ധിയും ലോകത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ രംഗപ്രവേശവുമൊക്കെയായി കേരളം പുരോഗമനപരമായല്ലാതെ മറ്റൊന്നും ചിന്തിക്കുക പോലുമില്ലാതിരുന്ന സമയത്താണ് കൃഷ്ണന്‍ നായര്‍ക്ക് മകനുണ്ടാകുന്നത്. അംശം ദേശത്തുതന്നെയുള്ള പേരെടുത്ത നായര്‍ത്തറവാടായ വലിയപറമ്പില്‍ വീട്ടിലെ സുഭദ്രയായിരുന്നു കൃഷ്ണന്‍ നായരുടെ ഭാര്യവീട്ടുകാര്‍. മകനുണ്ടായപ്പോള്‍ നായര്‍ ചേര്‍ത്ത ഒരു പേരിടുന്നതിനോട് സുഭദ്രയുടെ വീട്ടുകാര്‍ക്കും കൃഷ്ണന്‍ നായരുടെ വീട്ടുകാര്‍ക്കും കൃഷ്ണന്‍ നായര്‍ക്കും ഭാര്യ സുഭദ്രയ്ക്കും അശേഷം ഇഷ്ടമുണ്ടായിരുന്നില്ല. 
''ന്ത്നാ പ്പോ കോണോംവാല് പോലെ ഒര് നായര് വാല്. അല്ലാണ്ടെ തന്നെ ഇന്നാട്ടിലെ ഈച്ചയ്ക്കും പൂച്ചയ്ക്കുമൊക്കെ അറിയില്യേ നമ്മള് നായമ്മാര്ന്ന്.''
ഇതായിരുന്നു അന്ന് പൊതുവേ ഇരുവീടുകളിലും ഉയര്‍ന്നുവന്ന വര്‍ത്തമാനം. അന്നത്തെക്കാലമെന്നാല്‍, മക്കളുണ്ടാവുമ്പോള്‍ ആദര്‍ശത്തിന്റേയും ധീരതയുടേയും ദേശീയതയുടേയും പ്രതിരൂപങ്ങളായി നില്‍ക്കുന്ന ദേശാഭിമാനികളില്‍നിന്നോ കേമന്മാരായ സാഹിത്യ കഥാപാത്രങ്ങളില്‍നിന്നോ നിഷ്‌കളങ്കമായ ഭക്തിയില്‍ ദൈവനാമങ്ങളില്‍നിന്നോ പേര് കണ്ടെത്തുന്നതായിരുന്നു പതിവ്. ജാതിവാല് ഒരു ആക്ഷേപമായി സവര്‍ണ്ണരിലെ യുവജനങ്ങളും പുരോഗമന ചിന്താഗതിക്കാരും കരുതിയിരുന്നു. ഒട്ടനവധി അവര്‍ണ്ണര്‍ക്ക് സമൂഹത്തിന്റെ മുന്‍നിരയിലേക്കുയരാനും ഉന്നതമായ സാമൂഹ്യഘടനയ്ക്കായി പോരാടാനും അതുവഴി സാധിച്ചിരുന്നു. 
സ്വാഭാവികമായും കൃഷ്ണന്‍ നായര്‍ മകന് ഉണ്ണികൃഷ്ണന്‍ എന്നുമാത്രം പേരിട്ടു. വീട്ടുകാരും നാട്ടുകാരും ഉണ്ണീ എന്നു വിളിക്കുന്നതോടെ ഉണ്ണികൃഷ്ണന്‍ വളരാനും തുടങ്ങി. ഉണ്ണികൃഷ്ണന്റെ യൗവ്വനത്തിലാണ് കേരളത്തില്‍ നക്‌സലിസം പടരുന്നത്. സാംസ്‌കാരിക വേദികള്‍ പ്രതാപത്തിലേക്കെത്തി. കവിതയും നാടകവും യുവാക്കളുടെ നവലോകത്തെ സംബന്ധിച്ചുള്ള ആശയപ്രചാരണത്തിന്റെ മുഖ്യവേദികളായി. ഉണ്ണികൃഷ്ണന് താല്‍പ്പര്യം കവിതയെഴുതുന്നതിലായിരുന്നു. അച്ഛന്‍ കൃഷ്ണന്‍ നായര്‍ക്ക് വായനയിലും കൃഷിയിലും ഒന്നുപോലെ താല്‍പ്പര്യമുണ്ടായിരുന്നതിനാല്‍ മകന്‍ ഉണ്ണികൃഷ്ണനും വായിക്കാന്‍ പുസ്തകങ്ങള്‍ കിട്ടാന്‍ പ്രയാസമുണ്ടായിരുന്നില്ല. നാടകം നടത്താത്ത ക്ലബ്ബുകള്‍ അന്നു നാട്ടിലില്ല. ചില നാടകങ്ങള്‍ക്ക് പാട്ടെഴുതാന്‍ ഉണ്ണികൃഷ്ണന്‍ നിയുക്തനാവുന്നതോടെ അഭിനയത്തിലും ചില്ലറ താല്‍പ്പര്യം ഉണ്ണികൃഷ്ണന് വന്നു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതോടെ കാത്തുവച്ചതുപോലെ ഉണ്ണികൃഷ്ണന് സര്‍ക്കാര്‍ ഉദ്യോഗവും ലഭിച്ചു. അതോടെ മുത്തച്ഛന്റെ മനയ്ക്കലെ പുതുതലമുറയെക്കാളും തലയെടുപ്പുള്ള ഒരാളായി കോലാട്ടുകോല്‍ ഉണ്ണികൃഷ്ണന്‍ അംശംദേശത്ത് അംഗീകരിക്കപ്പെടുകയും ചെയ്തു. 

ഉണ്ണികൃഷ്ണന് ജോലി കിട്ടുന്ന കാലത്ത് ഗള്‍ഫിലേക്കുള്ള കുടിയേറ്റം സംസ്ഥാന വ്യാപകമായി പടര്‍ന്നു തുടങ്ങിയിരുന്നില്ല. അത് അധികവും മുസ്ലിം ജനവിഭാഗങ്ങളില്‍നിന്നുള്ള സാഹസികരുടേയും ദരിദ്രരുടേയും കുത്തകയായിരുന്നുതാനും. അതുകൊണ്ട് കലാകാരന്മാര്‍ക്കു മാത്രമല്ല, മറ്റു മതവിഭാഗത്തിലുള്ള പരിചയക്കാര്‍ക്കും സര്‍ക്കാര്‍ ശമ്പളമുള്ള ഉണ്ണികൃഷ്ണന്‍ വലിയൊരു ആശ്വാസമായി മാറി. അതൊരു സാമൂഹിക പ്രവര്‍ത്തനമായിട്ടാണ് ഉണ്ണികൃഷ്ണനെപ്പോലുള്ളവര്‍ അക്കാലത്ത് കണ്ടിരുന്നത്. അന്നത്തെ പ്രാദേശിക ജീവിതം എങ്ങനെയാണെന്നു വച്ചാല്‍ വീടുകള്‍ക്കൊന്നും മതിലുകളുണ്ടായിരുന്നില്ല. സമ്പത്തുള്ളവരുടെ വിശാലമായ പറമ്പുകള്‍ക്കുപോലും വെറും ജൈവവേലി മാത്രമേയുണ്ടായിരുന്നുള്ളൂ. ഇന്നത്തെപ്പോലെ ഒട്ടനവധി വിനോദോപാധികള്‍ ഇല്ലാതിരുന്നതിനാല്‍ അന്നത്തെ മനുഷ്യര്‍ക്ക് വേണ്ടുവോളം സമയമുണ്ടായിരുന്നു. എല്ലാത്തിനും അടിയില്‍ സമത്വം വേണമെന്ന ഒരു ചിന്തയും മനുഷ്യരിലുണ്ടായിരുന്നു. 
അച്ഛന്റെ കാലം മുതലേ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യുന്ന പാരമ്പര്യമായിരുന്നിട്ടും കമ്യൂണിസ്റ്റ് അനുഭാവിയായിരുന്നു ഉണ്ണികൃഷ്ണന്‍. അത് കലാകാരന്മാരുമായുള്ള സംസര്‍ഗ്ഗത്തില്‍നിന്നും ലഭിച്ചതാണ്. മാത്രവുമല്ല, അന്നത്തെ കാലത്ത് സാമൂഹിക പരിഷ്‌കരണം എന്നത് ഓരോ വ്യക്തിയുടേയും ഉള്ളിലുള്ള ധാര്‍മ്മികമായ ഉത്തരവാദിത്തമായിരുന്നുതാനും. അതുകാരണം ഉണ്ണികൃഷ്ണനും വീട്ടിലേക്ക് സുഹൃത്തുക്കളെ വിളിച്ചുകൊണ്ടുവന്നു. അങ്ങനെ വന്ന സുഹൃത്തുക്കളില്‍ ധനികരും ദരിദ്രരും ഉണ്ടായിരുന്നു. മാപ്പിളമാരും ഹരിജനങ്ങളുമുണ്ടായിരുന്നു. 

കുട്ടിക്കാലത്തൊരിക്കല്‍  ഉണ്ണികൃഷ്ണന്റെ അമ്മ സുഭദ്ര രഹസ്യമായി മകനെ വിളിച്ചുപറഞ്ഞു: 
''അച്ഛന്‍ ഉമ്രത്തിരിക്കുമ്പോ ചെറുമക്കളേം കൂട്ടി മുന്നിലൂടെ വരണ്ടാട്ടോ. യ്യ്ന്താച്ചാ ചെയ്‌തോ. അത് അച്ഛനെ വെഷമിപ്പിച്ചിട്ടു വേണ്ട.''
ചെറുമന്മാരെ വീട്ടില്‍ കയറ്റുകയില്ലെങ്കിലും മാപ്പിളമാര്‍ക്ക് ഉമ്മറത്തിരുന്നു സംസാരിക്കാന്‍ സാധിക്കുമായിരുന്നു. തിരിച്ച് മാപ്പിളമാരുടെ വീടുകളില്‍ നായന്മാര്‍ക്കും നല്ല സ്ഥാനം കിട്ടിരുന്നു. ജാതിയില്‍ താഴ്ന്ന കൂട്ടുകാര്‍ വീട്ടില്‍ വരുമ്പോള്‍ ഉണ്ണികൃഷ്ണന്‍ അവരോട് സൗമ്യമായി പറയും. 
''അച്ഛന്‍ ഉമ്മറത്തുണ്ട്. ഇതിലേ പോന്നോളൂ...''
അതനുസരിക്കാന്‍ എന്തെങ്കിലും വൈക്ലബ്യം അന്നത്തെ സ്‌നേഹിതര്‍ക്കുമുണ്ടായിരുന്നില്ല. അവരുടെ കൂടെ മാധവനേയും ബാലനേയും പോലുള്ള നായര്‍ കുടുംബാംഗങ്ങളും പിന്നാമ്പുറം പറ്റിത്തന്നെ അകത്ത് കയറി. ഉണ്ണികൃഷ്ണന് പ്രത്യേകം അനുവദിച്ച ചായ്പിലായിരുന്നു സദസ്സ്. അതിനു പുറത്തെ വരാന്തയില്‍ ഒരു സ്റ്റീല്‍ത്തളികയില്‍ അമ്മയോ ചേച്ചിമാരോ അകത്തുള്ളവര്‍ക്ക് പാലൊഴിച്ച കാപ്പി പകര്‍ന്നുവയ്ക്കും. അന്നു പാലൊഴിച്ച കാപ്പി എല്ലാ വീടുകളിലും ലഭ്യമായിരുന്നില്ല. ചായക്കടകളില്‍പ്പോലും രണ്ടുതരം ഗ്ലാസ്സുകളുണ്ടായിരുന്ന കാലം സമീപ ഭൂതകാലമായിരുന്നു. ആ സാഹചര്യത്തില്‍ പാലൊഴിച്ച കാപ്പിയോ ചായയോ നനച്ച അവലോ ആര്‍ക്കെങ്കിലും കൊടുക്കുന്നത് ദാരിദ്ര്യത്തിനും ജാതീയതയ്ക്കുമെതിരെയുള്ള വലിയ പോരാട്ടം തന്നെയായിരുന്നു. അതുകൊണ്ട്, ചായ കുടിച്ച ഗ്ലാസ്സ് മോറിവയ്ക്കാന്‍ ഉണ്ണികൃഷ്ണന്‍ ഭവ്യമായി പറയുമ്പോള്‍ അനുസരിക്കാന്‍ അവര്‍ക്കാര്‍ക്കും എതിര്‍പ്പുമുണ്ടായിരുന്നില്ല. ഉണ്ണികൃഷ്ണന്റെ ഏറ്റവുമടുത്ത സ്‌നേഹിതര്‍ ഇബ്രാഹിമും ചെല്ലനും ബാലനും മാധവനുമായിരുന്നു. (ബാലന്‍ പില്‍ക്കാലത്ത് മരിച്ചുപോയി) ഏതാണ്ട് മുഴുവന്‍ സമയമെന്നപോലെ അക്കാലത്ത് അവര്‍ ഉണ്ണികൃഷ്ണന്റെ വീട്ടില്‍ ചെലവഴിച്ചു.

 
ഇതിനിടയില്‍ മനയ്ക്കലെ ഭൂസ്വത്ത് ഇല്ലാതായിക്കഴിഞ്ഞിരുന്നു. കൃഷ്ണന്‍ നായര്‍ കാര്യസ്ഥപ്പണിയില്‍നിന്നും ഒഴിവായി. പിന്നീടുള്ള വിശ്രമജീവിതത്തിനിടയില്‍ കൃഷ്ണന്‍ നായര്‍ മരിച്ചു. ഉണ്ണികൃഷ്ണന്റെ അനിയനും ചേച്ചിമാരുടെ ഭര്‍ത്താക്കന്മാരും ഗള്‍ഫില്‍ ജോലി ചെയ്യാന്‍ പോയി. പുഴയ്ക്കക്കരെ ശാസ്താക്ഷേത്രത്തിനടുത്തുള്ള കണ്ണാടിമാളികയ്ക്കല്‍ തറവാട്ടില്‍നിന്നും വിദ്യാസമ്പന്നയും അധ്യാപികയുമായ ശ്രീപാര്‍വ്വതി ടീച്ചറെ ഉണ്ണികൃഷ്ണന്‍ വിവാഹം കഴിച്ചു. കുറച്ച് കഴിഞ്ഞ് ഉണ്ണികൃഷ്ണന്റെ അമ്മ സുഭദ്രയും പ്രായാധിക്യത്താല്‍ മണ്ണടിഞ്ഞു. വിവാഹം കഴിഞ്ഞ് കുറച്ചുവര്‍ഷത്തിനുശേഷം ഉണ്ണികൃഷ്ണന് ആദ്യത്തെ മകന്‍ പിറന്നു. മകന്‍ വളരുന്ന കാലമായതോടെ നാട് മെല്ലെ മാറിപ്പോകുന്നത് ഉണ്ണികൃഷ്ണന്‍ മനസ്സിലാക്കി. ഈ മാറ്റങ്ങളൊക്കെ ഉണ്ണികൃഷ്ണന്‍ അറിയുന്നത് ചില സംഭവങ്ങളോടെയാണ്.
ഒരു അവധി ദിവസം ഉണ്ണികൃഷ്ണന്‍ വീട്ടിലിരിക്കുകയായിരുന്നു. മാധവന്‍ കുറച്ചാളുകളേയും കൂട്ടി മുറ്റത്തേക്ക് കയറിവന്നു. 
''ഇതാണ് ഞാന്‍ പറഞ്ഞ ഉണ്ണികൃഷ്ണന്‍ നായര്. കയറിക്കോളൂ. ഇതും നമ്മുടെ വീടന്യാ.''
അതിഥികള്‍ നിറഞ്ഞ ചിരിയോടെ മുറ്റത്തുനിന്നു. ഉണ്ണികൃഷ്ണന്‍ ആരേയും മനസ്സിലാകാത്ത പകപ്പോടെ എഴുന്നേറ്റു. മാധവന്‍ രക്ഷയ്ക്കെത്തി. 
''ഉണ്ണിക്ക് മനസ്സിലായില്യേ. ശ്രീലയെ കാണാന്‍ ഒരു കൂട്ടര് വരൂംന്ന് ന്നലെ പറഞ്ഞിരുന്നില്യേ. ഇയാള്‍ക്കാണ് വധൂനെ നോക്കുന്നത്. ശ്രീകുമാര്‍ നായര്‍. ബോംബേലാണ് ജോലി. കെമിക്കല്‍ എന്‍ജിനീയറാ. ഇത് ശ്രീകുമാറിന്റെ അച്ഛന്‍ ശ്രീധരന്‍ നായര്‍. ഇത് അമ്മാവന്‍ ശങ്കുക്കുറുപ്പ്. ഇത് പെങ്ങളുടെ ഭര്‍ത്താവ് ഗോപിനാഥന്‍ നായര്‍.''

ഉണ്ണികൃഷ്ണന് മനസ്സിലായി. പക്ഷേ, അവരേയും കൂട്ടി തന്നെ കാണാന്‍ വന്നതെന്തിനാണെന്ന് മാത്രം മനസ്സിലായില്ല. അതും മാധവന്‍ പറഞ്ഞുകൊടുത്തു. 
''ശ്രീലയ്ക്കും ശ്രീകുമാറിനും പരസ്പരം ഇഷ്ടായി. ന്നാപ്പിന്നെ കയ്യോടെ തന്നേം കൂടി കണ്ടുകളയാംന്ന് കരുതി. നാട്ടിലെ പേരുള്ള നായര്‍ത്തറവാട്ടിലെ ഒരംഗം സതീര്‍ത്ഥ്യനാണെന്നത് കുറച്ചിലാണോ, അഭിമാനല്ലേടോ.''
ഉണ്ണികൃഷ്ണന്‍ ചിരിച്ചു. സംസാരം കേട്ട് ശ്രീപാര്‍വ്വതി ടീച്ചര്‍ പുറത്തേക്ക് വന്നു. 
''ദാ, ഇത് ഉണ്ണികൃഷ്ണന്‍ നായരുടെ ശ്രീമതി ശ്രീപാര്‍വ്വതി. മംഗലത്തെ സ്‌കൂളില് ടീച്ചറാ. ടീച്ചറുടെ തറവാടിനെപ്പറ്റി കേട്ടിട്ടുണ്ടാവും. കണ്ണാടിമാളികയ്ക്കല്‍.. പുഴ കടന്നാ കാണുന്നതെല്ലാം ഒരുകാലത്ത് ടീച്ചറുടെ മുത്തച്ഛന്റേയായിരുന്നു.''
ശ്രീപാര്‍വ്വതി ടീച്ചര്‍ ഉപചാരത്തിനായി ചിരിച്ചു. അവര്‍ക്ക് മാധവന്‍ അത്രയും കടത്തിപ്പറഞ്ഞത് ഇഷ്ടപ്പെട്ടിരുന്നില്ല. പുഴ കടന്നാല്‍ കുറച്ച് വയലുണ്ടായിരുന്നു എന്നത് ശരിയാണ്. മക്കളുടെ പഠിപ്പിനും ഉദ്യോഗം തരപ്പെടുത്തുന്നതിനും വിവാഹത്തിനും മറ്റുമായി കാലാകാലങ്ങളില്‍ അത് പണയപ്പെടുത്തുകയും വില്‍ക്കുകയും ചെയ്തതാണ്. അത് അക്കാലത്തെ ഇല്ലായ്മയുടെ കഥയായിരുന്നു. 
സന്തോഷവര്‍ത്തമാനങ്ങള്‍ക്കുശേഷം അതിഥികള്‍ പോയി. അപ്പോള്‍ മാധവന്റെ നെറ്റിയില്‍ നോക്കിയിട്ട് ഉണ്ണികൃഷ്ണന്‍ ചോദിച്ചു:
''ഇതെന്താടാ ചന്ദനക്കുറി?''
മാധവന്‍ ചിരിച്ചു. 
''നെറ്റിക്കൊരു കുളിര്‍മ്മയാ. പിന്നെ കാണുന്നോര്‍ക്ക് നമ്മളെ മനസ്സിലാകൂല്ലോ.''
''എന്ത്...?''
''നമ്മള് ഹിന്ദുക്കളാന്ന്.''
ഉണ്ണികൃഷ്ണന്‍ ഒന്നും പറഞ്ഞില്ല. കുറേ കഴിഞ്ഞപ്പോള്‍ മനസ്സില്‍ ഇരുണ്ടുകിടന്ന കാര്യം മാധവനോട് തുറന്നുപറഞ്ഞു. 
''ഇയ്യിപ്പോ അവരെയൊക്കെ കൂട്ടിവന്നത് സന്തോഷായി. പക്ഷേ, താനെന്നെ ഉണ്ണീഷ്ണന്‍ നായര്‍ന്ന് പരിചയപ്പെടുത്തീപ്പോ ഒരു വല്ലായ്മ. ഞാനങ്ങനെ നായര്‍ന്ന് കൂട്ടി പറയാറില്ലല്ലോ.''
മാധവന്‍ ലേശം ഇരുണ്ട മുഖത്തോടെ ഉണ്ണികൃഷ്ണനെ നോക്കിയിട്ട് ചോദിച്ചു:
''ഏടോ താനും നായരാ, ഞാനും നായരാ. പിന്നെ അറിഞ്ഞാലെന്താ.''
''അറിഞ്ഞാലൊന്നൂല്യ. മനപ്പൂര്‍വ്വം അറിയിക്കണ്ട കാര്യല്ലല്ലോ.''
''ഉണ്ട് ഉണ്ണീഷ്ണാ ഉണ്ട്. പഴേ കാലമല്ല. മാപ്ലാരുടെ സ്ഥിതി കണ്ടില്ലേ ഇപ്പോ. സകലരും ഗള്‍ഫീ പോയി കാശുണ്ടാക്കി. അവിടെ കഷ്ടപ്പെട്ടിട്ട് ഒണ്ടാക്കണ കാശാണെന്നാണോ ഇന്റെ വിചാരം?''
''പിന്നെ...?''
''കൊഴലല്ലേ കൊഴല്..!''
ഉണ്ണികൃഷ്ണന്‍ ഒന്നും പറഞ്ഞില്ല. 
''കൊഴല്‍പ്പണത്തിന്റെ പേരിലാ നമ്മുടെ നാടിപ്പോ പുറത്തറിയുന്നത്.''
മാധവന്‍ തുടര്‍ന്നു:
''മാപ്ലാരുടെ കാര്യം അവിടെ നിക്കട്ടെ. നമ്മുടെ കുടുമ്മത്ത് പണിക്കു വന്നോണ്ടിരുന്ന ചെറമന്റേം പൊലയന്റേം മക്കടെ കാര്യന്താ ഇപ്പോ?''
അന്നേരം ഉണ്ണികൃഷ്ണന്‍ സഹപാഠിയെ നോക്കി. 
''ന്റെ ഉണ്ണീ, അവരൊക്കെ ഇപ്പോ ആരാ... സര്‍ക്കാര് ജോലി അവര്‍ക്ക്. വിദ്യാഭ്യാസം അവര്‍ക്ക്. അമ്പലങ്ങള് അവര്‍ക്ക്. ഒരു ബഹുമാനം എന്നോടോ തന്നോടോ ഉണ്ടോ... കഴിഞ്ഞീസം നമ്മുടെ കാളിപ്പുലച്ചീടെ മോനില്ലേ, ചങ്കരന്‍, അവന്‍ വലിച്ചോണ്ടു വന്ന സിഗ്രറ്റ് കെട്ത്താതെ എന്നെ നോക്കി ചിരിച്ച് പുകേം വിട്ട് കടന്നുപോയി.''
ഉണ്ണികൃഷ്ണന്‍ പറഞ്ഞു. 
''സിഗ്രറ്റ് കളയാന്നു വച്ചാ, വെലകൊടുത്ത് വാങ്ങണ സാധനല്ലേ. അതിന്റെയൊക്കെ ആവശ്യമുണ്ടോ? ഓന് എന്നോട് നല്ല ബഹുമാനോം സ്‌നേഹോം ഒണ്ടല്ലോ.''
''സിഗ്രറ്റിന്റെ കാര്യം വിട്. ഇവിടെയിപ്പോ വല്യ വീട് കെട്ടുന്നത് ആരാ. പട്ടികജാതിക്കാര്. ഇവര്‍ക്കൊക്കെ ഇതിനൊക്കെ സൗകര്യണ്ടായത് എങ്ങനാ. ചെല്ലന്റെ കാര്യം തന്നെ കണ്ടില്ലേ. അവന്റെ ചെക്കന്‍ വിളിച്ചോണ്ടു വന്നത് തെക്കുള്ള നായര് പെണ്ണിനെയല്ലേ?''
''അവര് സ്‌നേഹിച്ച് കല്യാണം കഴിച്ചതല്ലേ?''
''ആര്‍ക്കാ സ്‌നേഹത്തിനോട് എതിര്‍പ്പ്. സ്‌നേഹിച്ചോട്ടെ. അവന്റെ ജാതീന്ന് ഒരെണ്ണത്തിനെ സ്‌നേഹിച്ചൂടെ. ഉണ്ണീ, ഇതൊക്കെ കീഴ്ജാതീടെ തന്ത്രാ. നമുക്കൊപ്പാവാനുള്ള തന്ത്രം. നമ്മളത് സമ്മതിക്കരുത്. എനിക്കിപ്പോ കമ്യൂണിസ്റ്റുകാരോട് വെറുപ്പാ. ഹിന്ദുക്കളോട് ഒരു സ്‌നേഹോമില്ലാത്ത ഒരു പാര്‍ട്ടി ഈ ലോകത്തുണ്ടെങ്കില്‍ അത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാ. കണ്ടില്ലേ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളൊക്കെ തകരുന്നത്. ഇന്ത്യയില്‍ത്തന്നെ എത്ര സ്റ്റേറ്റിലൊണ്ട് ഭരണോം സ്വാധീനോം. എന്താ കാരണം. ന്യൂനപക്ഷ സ്‌നേഹമെന്ന പേരിലുള്ള വാരിക്കോരി കൊടുക്കല്‍ തന്നെ. അടുത്ത എലക്ഷന് ഒറപ്പായിട്ടും ഞാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് വോട്ട് കൊടുക്കില്ല. ബീജേപ്പി കേമാന്നല്ല പറയുന്നത്. പക്ഷേ, കമ്യൂണിസ്റ്റോള്‍ക്ക് വോട്ടു കൊടുക്കില്ല.''
മാധവന്‍ പറയുന്ന ചില കാര്യങ്ങളില്‍ കാര്യമുണ്ടെന്ന് ഉണ്ണികൃഷ്ണന് ആദ്യമായി തോന്നി. 
''മ്മളൊക്കെ ഒരുകാലത്ത് പാര്‍ട്ടീടെ ബ്രാഞ്ചിലും ഏരിയാക്കമ്മറ്റീലും പ്രവര്‍ത്തിച്ചിരുന്നോരല്ലേ ഉണ്ണീ... പാര്‍ട്ടിക്കുവേണ്ടി എത്ര നാടകം കളിച്ചേക്കുന്നു. എന്നെങ്കിലും എനിക്കോ നിനക്കോ അര്‍ഹതയുള്ള ഒരു സ്ഥാനം ഈ കമ്യൂണിസ്റ്റുകാര് തന്നോ. അച്ചടക്കംന്ന് പറഞ്ഞ് നമ്മടയൊക്കെ വായടപ്പിച്ചില്ലേ. പാര്‍ട്ടി കൊടുത്തതൊക്കെ മാപ്ലാര്‍ക്കും നമ്പൂതിരിമാര്‍ക്കുമല്ലേ. ബാക്കി ചെറുമന്മാര്‍ക്കും. നായന്മാരെന്താ ഏഴകളാ? അതും പോരാഞ്ഞ് നമ്മളെയെല്ലാം യുക്തിവാദികളാക്കി. ദൈവത്തെ ചോദ്യം ചെയ്യിപ്പിച്ചു. തൊറന്നുപറയട്ടെ ഉണ്യേ, അക്കാലത്ത് ഈശ്വരനെ നിന്ദിച്ചതില് എനിക്കിപ്പോ കുറ്റബോധമുണ്ട്... നമ്മുടെ സമുദായത്തിന് ഒരു വെലയില്ലാതായിപ്പോയതിലും വെഷമമുണ്ട്.''
ആ നേരത്താണ് അവരെ അമ്പലപ്പറമ്പില്‍ കാണാഞ്ഞ് ഇബ്രാഹീം വന്നത്. 
''അല്ല, ഇബ്രായിയേ... യ്യ് പുതിയ അടയ്ക്കാത്തോട്ടം വാങ്ങീന്ന് കേട്ടല്ലോ?''
മാധവന്‍ വിഷയം മാറ്റി നേര്‍ത്ത പരിഹാസത്തോടെ ചോദിച്ചു. അത് പരിഹാസമാണെന്ന് വാസ്തവത്തില്‍ ഇബ്രാഹിമിന് മനസ്സിലായില്ല. അയാള്‍ ശുദ്ധമനസ്ഥിതിയോടെ ചിരിച്ചിട്ട് പറഞ്ഞു. 
''മാദവാ, അന്നോടും കൂടെക്കൂടാന്‍ ഞാന്‍ പറഞ്ഞതല്ലേ. കൈയില് കായില്ലാത്തോണ്ടല്ലല്ലോ. പ്പോ അനക്കൊരു മടി. എടേക്കുന്നിലെ ബഷീറാജ്യോട് ചോദിച്ചപ്പോ അങ്ങേര് റെഡി. അപ്പത്തന്നെ അതങ്ങട് കച്ചോടാക്കി. മുന്നും പിന്നും ആലോജിച്ചിരുന്നാ ഇദൊന്നും പിന്നെ കിട്ടൂലാ. പിന്നേയ്, മാദവാ, ഉണ്ണീ, നാളെ വൈയ്യിട്ട് മ്മടെ പൊരേ കൂടാം. എന്തേയ്.''
പിറ്റേന്ന് ഉണ്ണികൃഷ്ണനും ബാലനും മാധവനും ചെല്ലനുമെല്ലാമുണ്ടായിരുന്നു ഇബ്രാഹിമിന്റെ വീട്ടിലൊരുക്കിയ വിരുന്നിന്. തിരികെ പോകുമ്പോള്‍ നെയ്ച്ചോറിന്റേം നാടന്‍ കോഴീടേം മണമുള്ള കൈത്തലം കാറ്റിനു മണക്കാന്‍ വിട്ടുകൊടുത്ത് ആയത്തില്‍ വീശി നടന്നിട്ട് മാധവന്‍ പിന്നേം പറഞ്ഞു. 
''ഇബ്രായിന്റെ കച്ചോടത്തീന്ന് മനപ്പൂര്‍വ്വം മാറീതാ. എത്ര ലാഭം കിട്ടിയാലും ഒരു മുസ്ലിമിന്റെ കൂടെക്കൂടാന്നു പറഞ്ഞാല്. നമ്മള് തറവാടികള് ഹിന്ദുക്കളല്ലേ. നമക്ക് തനിച്ചും കച്ചോടോം റിയലെസ്റ്റേറ്റും ആവാല്ലോ.'' 
ഉണ്ണികൃഷ്ണന് അന്ന് വിഷമം തോന്നി. ഉണ്ണികൃഷ്ണന്‍ അത് മറച്ചുവച്ചില്ല. 
''ഗള്‍ഫിലീക്ക് ഞാനെത്രപേരെ കാശ് കൊട്ത്ത് പറഞ്ഞയച്ചിട്ടുണ്ട്ന്ന് അനക്കറിയില്ലേ മാധവാ... അത് ജാതീം മതോം നോക്കിയാണോ... ഈയിടെയായിട്ട് ഇയ്യിങ്ങനെ വര്‍ഗ്ഗീയത പറയുന്നത് കേക്കുമ്പോ ഒരു സുഖല്യയ്ക ഉണ്ട്. ഒന്നുമല്ലേലും മ്മളൊക്കെ ഒന്നിച്ചു കളിച്ചുവളര്‍ന്ന മനുഷ്യരല്ലേടോ.''
''ഇത് വര്‍ഗ്ഗീയത അല്ല ഉണ്ണീഷ്ണാ. എന്നേം നിന്നേം പോലുള്ള ശുദ്ധാത്മാക്കളെ ഇവറ്റീങ്ങള് പറ്റിച്ചോണ്ടിരുന്നതിന്റെ സത്യാ പറയുന്നത്. നമ്മളിങ്ങനെ സത്യങ്ങള് തിരിച്ചറിഞ്ഞ് സംസാരിക്കുമ്പോ അത് വര്‍ഗ്ഗീയതയാന്ന് കണ്ടെത്തുന്ന കമ്യൂണിസ്റ്റ് കണ്ണുണ്ടല്ലോ, അതിനി ഇവിടെ പച്ചപിടിക്കില്ല.''
ഉണ്ണികൃഷ്ണന്‍ ഒന്നും പറഞ്ഞില്ല. മാധവന്‍ ആ മൗനം നീളാനനുവദിക്കാതെ തുടര്‍ന്നു:
''ചെല്ലനെ പഴേപോലെ എനിക്കിപ്പോ കാണാനാവുന്നില്ല.. അവനിപ്പോ നെറമില്ലെന്നേയുള്ളൂ. ബാക്കിയൊക്കെ നമ്മുടെ മട്ടിലായില്ലേ. പിന്നെന്തിനാ ഈ ജാതീം മതോം കാര്‍ന്നോമ്മാര് ണ്ടാക്കി വച്ചിട്ട്ള്ളത്.''
''അവനെന്താ കുഴപ്പം ?''
''ഇയ്യൊരു പാവായല്ലോ ഉണ്ണീഷ്ണാ. അവന്റെ അച്ഛനും അമ്മേം നമ്മുടെ പറമ്പില് നെലത്ത് കുഴികുത്തി കഞ്ഞി കുടിച്ചിരുന്നോരാന്ന്  മറക്കണ്ട നീയ്യ്.''
മയക്കം വരുന്ന കണ്ണുകള്‍ വലിച്ചു തുറന്ന് ഒന്നൂടി കൈമണത്ത് മാധവന്‍ കൂട്ടിച്ചേര്‍ത്തു. 
''എറച്ചി വയ്ക്കാന്‍ ഇപ്ലും നമ്മടെ കുടുമ്മത്തെ പെണ്ണുങ്ങള് പടിച്ചിട്ടില്ല.''
അങ്ങനെയിരിക്കേ മകന്‍ പഠിക്കുന്ന പള്ളിക്കൂടത്തില്‍നിന്നും ഉണ്ണികൃഷ്ണനെ പ്രധാനാധ്യാപകന്‍ ശങ്കരക്കുറുപ്പ് വിളിപ്പിച്ചു. 
''ഉണ്ണികൃഷ്ണന്‍ നായര് ഇരിക്യാ.''
ഉണ്ണികൃഷ്ണന്‍ അനുസരിച്ചു. വളഞ്ഞ കാലുള്ള കുട കസേരയുടെ പടിയില്‍ സൂക്ഷ്മമായി ചരിച്ചുവച്ചു. 
''മാഷ് കാണണംന്ന് പറഞ്ഞത്?''
''കൊല്ലപ്പരീക്ഷ ഇങ്ങെത്താറായി. കുട്യോള്‍ടെ പേരില് വല്ല തിരുത്തോ മാറ്റോ വേണംങ്കില് ഇപ്പോ ആകാം. പിന്നീട് വേണംന്ന് തോന്ന്യാ വല്യ പൊല്ലാപ്പാ. ഗസറ്റില് പരസ്യം കൊടുത്തിട്ടൊക്കെ വേണേ പേര് മാറ്റാന്‍.''
ഉണ്ണികൃഷ്ണന് മനസ്സിലായില്ല. പ്രധാനാധ്യാപകന്‍ ചോദിച്ചു:
''മകന്റെ പേര് കെ.യു. ആകാശ് എന്നല്ലേ?''
മകന് ആ പേരിട്ട ദിവസം ഉണ്ണികൃഷ്ണന് ഓര്‍മ്മവന്നു. ഹൈന്ദവ സംസര്‍ഗ്ഗത്തിലുള്ള ഒരു പേര് വേണ്ടെന്ന് പറഞ്ഞത് ചെല്ലനും ബാലനും കൂടിയാണ്. ശ്രീപാര്‍വ്വതി ടീച്ചറിനും പരിഷ്‌കാരമുള്ള ഒരു പേര് വേണമെന്നായിരുന്നു. അങ്ങനെയാണ് ഉണ്ണികൃഷ്ണന്‍ മകന് ആകാശ് എന്നു പേരിട്ടത്. 
''കുട്യോള് വേഗം വലുതാകും. പഠിക്കാനോ ജോലിക്കോ അന്യനാട്ടില് ചെല്ലുമ്പോ അവിടെ സര്‍നെയിം എന്നൊരു ഏര്‍പ്പാടുണ്ട്. അപ്പോ ഈ വെറും പേര് ഒരു പ്രശ്‌നാവില്ലേ?'' 
''മാഷെന്താ പറയുന്നത്?''
ശങ്കരക്കുറുപ്പ് ഒന്നു ചിരിച്ചിട്ട് പിന്നെ മുഖം ഗൗരവത്തിലാക്കി ചോദിച്ചു. 
''നൂലുകെട്ടാണ്ട് ഒരു കുട്ടി നടക്കണ പോലാ ഈ സര്‍നെയിമില്ലാച്ചാ. ആകാശ് നായര്‍ എന്നങ്ങ്ട് ആക്കിയാലെന്താ.''
അങ്ങനെയാണ് പത്താം ക്ലാസ്സ് കഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനിക്കുന്ന വിലപ്പെട്ട വ്യക്തിഗത പ്രമാണരേഖയിലൂടെ കെ.യു. ആകാശ് നായര്‍ ജനിക്കുന്നത്. നാല് കൊല്ലം കഴിഞ്ഞപ്പോള്‍ ആകാശിന്റെ അനുജന്‍ മേഘനാഥനും ഈ വാല് സമ്മാനിക്കാന്‍ ഉണ്ണികൃഷ്ണന്‍ മറന്നില്ല. 
പിന്നീട് ഉണ്ണികൃഷ്ണന്‍ സര്‍ക്കാര്‍ സേവനത്തില്‍നിന്നും അടുത്തൂണ്‍ പറ്റി. ആകാശ് നായര്‍ ലീനാ നായരെ വിവാഹം കഴിച്ച് ജമൈക്കയില്‍ താമസമാക്കി. മേഘനാഥന്‍ നായര്‍ ആരതി നായരെ വിവാഹം കഴിച്ച് ബാംഗ്ലൂരില്‍ വാസമുറപ്പിച്ചു. ആകാശ് നായര്‍ക്കും ലീനാ നായര്‍ക്കുമുണ്ടായ സന്തതിക്ക് പേരു വിളിച്ചത് കുട്ടിയുടെ മുത്തച്ഛനായ ഉണ്ണികൃഷ്ണന്‍ തന്നെയാണ്. പില്‍ക്കാലത്തൊരു ശങ്ക വരാതിരിക്കാന്‍ ശ്രീപാര്‍വ്വതി ടീച്ചറുടെ കൂടെ കസവ് പുതച്ചിരുന്ന് അദ്ദേഹം കുട്ടിയുടെ ചെവിയില്‍ മൂന്നുവട്ടം ഉറച്ചുവിളിച്ചു. 
''ദ്രുപത് നായര്‍.''
ഈ പറഞ്ഞതൊക്കെ പഴയ കാര്യങ്ങളാണ്. ദ്രൂപത് നായര്‍ ഇന്ന് കൗമാരക്കാരനായി. ഉണ്ണികൃഷ്ണന്‍ സപ്തതിയിലേക്ക് കടക്കുന്നു. 
കഴിഞ്ഞ നാലഞ്ചുവര്‍ഷമായി ഇന്റര്‍നെറ്റ് ഉപയോഗം ഉദാരമായതിനെത്തുടര്‍ന്നാണ് ചില ചിന്താക്കുഴപ്പങ്ങള്‍ ഉണ്ണികൃഷ്ണനെ മൂടാന്‍ തുടങ്ങിയത്. ബാങ്ക് വ്യവഹാരങ്ങളും യാത്രാപദ്ധതികളും അടുക്കളയിലെത്തേണ്ട അയക്കൂറയും ഫോണിലൂടെ നടപ്പാക്കാനും വാങ്ങാനും സാധിക്കുമെന്നു വന്നതോടെ ഉണ്ണികൃഷ്ണന്റെ കരതലങ്ങളിലൊളിപ്പിച്ച പതിന്നാലുലകമായി ആ യന്ത്രം സ്ഥിതപ്രജ്ഞ നേടി. 

ഇതിനിടയില്‍, നാലുപതിറ്റാണ്ടോളമായി കൂടെയുണ്ടായിരുന്ന പത്രവായന നിന്നുപോയിരുന്നു. കവിതയെഴുതുകയും നാടകം അവതരിപ്പിക്കുകയും ചെയ്തിരുന്ന കാലത്ത് പുസ്തകങ്ങള്‍ വായിക്കാനിഷ്ടപ്പെട്ടിരുന്ന ശീലവും നഷ്ടമായി. ടെലിവിഷന്‍ കാണുമെങ്കിലും വാര്‍ത്തകള്‍ ശ്രദ്ധിക്കുന്ന പതിവ് വിട്ട് തമാശപ്പരിപാടികള്‍ കാണുന്നതിലായി ഉത്സാഹം. മാധവനെന്ന ബാല്യകാല സുഹൃത്തിലൂടെ ആരംഭിച്ച ഈ പരിണാമം ഇന്റര്‍നെറ്റിന്റെ വ്യാപനത്തോടെ ലഭിച്ച അജ്ഞാതരായ നിരവധി ഗുരുക്കന്മാരുടേയും വഴികാട്ടികളുടേയും ഉത്തമ സുഹൃത്തുക്കളുടേയും സേവനത്തോടെ ഉണ്ണികൃഷ്ണനെന്ന സാധാരണ മനുഷ്യനെ മാറ്റിമറിച്ചത് അവര്‍ണ്ണരോടും അഹിന്ദുക്കളോടുമുള്ള അസഹിഷ്ണുതയായിട്ടു മാത്രമല്ല, അന്യസ്ത്രീകളോടുള്ള ആരാധനയായിട്ടും ഭാര്യയോടുള്ള വെറുപ്പായിട്ടുമാണ്. 


ആകാശ് ജനിക്കുന്നതിനും മുന്നേ ഉണ്ണികൃഷ്ണന്‍ ശ്രദ്ധിച്ച ഒരുകാര്യമുണ്ട്. തന്റെ ഭാര്യയ്ക്ക് തീരെ ഭക്തിയില്ല. തന്റെ അമ്മ, അമ്മയുടെ അനുജത്തിമാര്‍, തന്റെ സഹോദരിമാര്‍ എന്നിവരെപ്പോലെയൊന്നുമല്ല ശ്രീപാര്‍വ്വതി ടീച്ചര്‍. ഉണ്ണികൃഷ്ണന്റെ എതിര്‍ദിശയിലേക്കായിരുന്നു ശ്രീപാര്‍വ്വതി ടീച്ചറുടെ സഞ്ചാരം. അതോടെ മാധവന്റെ ഭാര്യ സൗമിനിയും അകന്ന ബന്ധത്തിലുള്ള രാഹുലന്റെ ഭാര്യ നിര്‍മ്മലയും അയല്‍പ്പക്കത്ത് പുതിയതായി താമസിക്കാന്‍ വന്ന ചന്ദ്രന്‍ കുറുപ്പിന്റെ ഭാര്യ വാരിജയുമെല്ലാം ഉണ്ണികൃഷ്ണന്റെ മനസ്സിലെ ആരാധനാമൂര്‍ത്തികളായി. അവര്‍ കൂവളത്തില നുള്ളുന്നതും അമ്പലത്തില്‍ പോയി വരുന്നതും സെറ്റ് മുണ്ടുടുത്ത് വീട്ടില്‍ നടക്കുന്നതും ഉണ്ണികൃഷ്ണന്റെ മനസ്സിനെ കാര്യമായി മഥിച്ചു. ഉണ്ണികൃഷ്ണന്റേയും മക്കളുടേയും തന്റേയും പിറന്നാളിനല്ലാതെ ശ്രീപാര്‍വ്വതി അമ്പലത്തില്‍ പോകാറുണ്ടായിരുന്നില്ല. 
രാവിലെ ഉണര്‍ന്നാലുടനെ ശ്രീപാര്‍വ്വതി കുളിക്കുകയില്ല എന്നതായിരുന്നു മറ്റൊരു കുറ്റം. ഹിന്ദുകുടുംബത്തിലെ പതിവ്രതകള്‍ അതിരാവിലെ ഉണര്‍ന്ന് കുളിച്ച് അമ്പലത്തില്‍ പോവുകയും വൈകുന്നേരങ്ങളില്‍ നാമജപം പതിവാക്കുകയും വേണമെന്ന ഒരു വാട്സ്ആപ്പ് സന്ദേശം കണ്ടതോടെ ഉണ്ണികൃഷ്ണന്‍ ഭാര്യയെ അതിനായി നിര്‍ബന്ധിച്ചു തുടങ്ങി. 
''ഈ വയസ്സുകാലത്ത് തണുത്ത വെള്ളത്തില്‍ കുളിച്ച് വാതം വരുത്താന്‍ എനിക്ക് മനസ്സില്ല. അത്ര കുറച്ച് പുണ്യം നിങ്ങളനുഭവിച്ചാ മതി.''
ശ്രീപാര്‍വ്വതി ടീച്ചര്‍ തറപ്പിച്ചു പറഞ്ഞു. 
ഇതേപോലൊരു മറുപടി പണ്ടും കിട്ടിയിട്ടുണ്ട്. ടീച്ചര്‍ ജോലിക്കു പോയിരുന്ന കാലമായിരുന്നു. അടുക്കളപ്പണികളെല്ലാമൊതുക്കിയ ശേഷമായിരുന്നു ശ്രീപാര്‍വ്വതിയുടെ കുളി. അതുകഴിഞ്ഞാല്‍ നേരെ വസ്ത്രം മാറി സ്‌കൂളിലേക്ക് പോവുകയായിരുന്നു പതിവ്. അക്കാലത്തൊരിക്കല്‍ ഉണ്ണികൃഷ്ണന്‍ ചോദിച്ചു:
''എന്റെ അമ്മയൊക്കെ ചെയ്തിരുന്നതുപോലെ അതിരാവിലെ ഉണര്‍ന്ന് കുളിച്ച് നിനക്ക് അമ്പലത്തില്‍ പൊയ്ക്കൂടെ?''
ശ്രീപാര്‍വ്വതി പത്രം വായിച്ചിരിക്കുന്ന ഭര്‍ത്താവിനെ ഒന്നു നോക്കി. പിന്നെ ചോദിച്ചു: 
''അമ്പലത്തില്‍ പോയി വന്നിട്ട് ചോറും കൂട്ടാനും പലാരോം ഉണ്ടാക്കി നിങ്ങക്ക് എടുത്തുതന്ന് നിങ്ങടെ ഷര്‍ട്ടും പാന്റ്സും തേച്ച് രണ്ടു മക്കളേം കുളിപ്പിച്ച് അവരേം തീറ്റിച്ചിട്ട് ഉച്ചയ്ക്ക് സ്‌കൂളീ പോയാ മതിയോ ഞാന്‍? അച്ഛനും മക്കക്കും കാലത്തൊരു കഞ്ഞീം കടുമാങ്ങേം മതിയെങ്കീ അങ്ങനെ ചെയ്യാം. പലാരം വേണംന്ന് പറഞ്ഞ് മോന്ത കേറ്റരുത്.''
ആ നിര്‍ബന്ധം അന്നത്തോടെ നിന്നു. 
ഇപ്പോള്‍ അതിരാവിലെ ഉണര്‍ന്നാല്‍ കിടക്കയുടെ അടുത്തുനിന്നും കണ്ണടയെടുത്ത് മുഖത്തുവച്ചിട്ട് ഉണ്ണികൃഷ്ണന്‍ നായര്‍ മൂത്രപ്പുരയിലേക്ക് പോകും. മുണ്ടുയര്‍ത്തി മൂത്രമൊഴിക്കുന്നതിനിടയില്‍ ഡാറ്റ ഓണ്‍ ചെയ്ത് ഫോണിലേക്ക് നോക്കിയിട്ടുണ്ടാകും. തലേരാത്രി വന്നു മുട്ടിക്കിടക്കുന്ന നൂറുകണക്കിന് മെസ്സേജുകള്‍ ടിംങ് ടിംങ് അടിക്കുന്നതിന്റെ സുഖത്തില്‍ മൂത്രം ഇറ്റിയിറ്റി വീഴുന്നത് അറിയുകയേയില്ല. 
ഫോണുമായി ഉമ്മറത്ത് വന്നിരുന്ന് ഫേസ്ബുക്കിലേയും വാട്സ്ആപ് ഗ്രൂപ്പുകളിലേയും സന്ദേശങ്ങളും പോസ്റ്റുകളും വായിക്കും. സഖാക്കളെന്ന് തോന്നുന്നവരേയും മുസ്ലിം, ക്രിസ്ത്യന്‍ നാമധാരികളേയും ഫ്രണ്ട് ലിസ്റ്റില്‍നിന്നും ഒഴിവാക്കും. അംബേദ്കര്‍, നീലക്കൊടി, ദളിത് തുടങ്ങിയ സൂചനകള്‍ കണ്ടാല്‍ അവരേയും അടുപ്പിക്കില്ല. അതിനുശേഷം ഭാരതം എന്ന ദേശത്തിനു സംഭവിച്ചിരിക്കുന്ന പുതിയ ഉണര്‍വ്വുകളെക്കുറിച്ച് വിവിധ മേഖലകളിലെ വിദഗ്ദ്ധന്മാര്‍ നല്‍കുന്ന പ്രഭാഷണങ്ങളും വീഡിയോകളും ഒന്നൊഴിയാതെ കാണും. 

ഇങ്ങനെയെല്ലാമുള്ള ദിനചര്യകളിലൂടെ സപ്തതിയിലേക്ക് മുതിര്‍ന്ന കാലത്താണ് ചെല്ലനെപ്പോലുള്ള ബാല്യകാല സുഹൃത്തുക്കളോടും ഉണ്ണികൃഷ്ണന് അകല്‍ച്ച തോന്നിത്തുടങ്ങിയത്. തനിക്ക് അങ്ങനെ തോന്നാന്‍ പാടുണ്ടോന്ന് പലവട്ടം ഉണ്ണികൃഷ്ണന്‍ സ്വയം ചോദിക്കാതിരുന്നില്ല. പല പ്രകാരത്തിലും ആപത്തിലും അത്യാപത്തിലും കൂടെനിന്നിട്ടുള്ളവരാണ് ഇബ്രാഹിമും ചെല്ലനും ഇസഹാക്കുമെല്ലാം. പക്ഷേ, അവരെ പഴയപോലെ കാണേണ്ടതില്ലെന്ന് വാട്സ്ആപ്പിലും ഫേസ്ബുക്കിലും വരുന്ന പല ആഹ്വാനങ്ങളും പറയുന്നു. അതിനാല്‍ കൂട്ടത്തില്‍ നില്‍ക്കുമ്പോഴും ഇബ്രാഹിമിനേയോ ഇസഹാക്കിനേയോ നോക്കി അവര്‍ തീവ്രവാദികളാണെന്നും വിദേശികളാണെന്നും കൊന്നുകളയേണ്ടവരാണെന്നും തമാശയാണെന്ന വ്യാജേന മാധവനെപ്പോലെ പറയാന്‍ ഉണ്ണികൃഷ്ണനും ശ്രമിക്കാറുണ്ട്. 

ഉണ്യേട്ടാ എന്നു കൂടാതെ ഉണ്ണിനായര്‍ എന്ന വിളിപ്പേരിനേയും ഉണ്ണികൃഷ്ണന്‍ പ്രോത്സാഹിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. അതു കേള്‍ക്കുമ്പോള്‍ ആ വിളിക്കൊരു സുഖമുണ്ടെന്ന് തോന്നുന്നത് ശരിയാണോ അല്ലയോ എന്നു തീര്‍ച്ചപ്പെടുത്താനാവുന്നില്ലെങ്കിലും ഉണ്ണികൃഷ്ണന്‍ ആ മാറ്റങ്ങളെ ഇഷ്ടപ്പെട്ടു. അതിനാല്‍ത്തന്നെ പരിചയപ്പെടുത്തേണ്ടിവരുമ്പോളെല്ലാം ഉണ്ണികൃഷ്ണനെന്നേ പറയാറുള്ളുവെങ്കിലും മക്കളുടെ പേര് പറയുമ്പോള്‍ ആകാശ് നായര്‍, മേഘനാഥന്‍ നായര്‍, പേരക്കുട്ടി ദ്രുപത് നായര്‍ എന്നൊക്കെത്തന്നെ ഉണ്ണികൃഷ്ണന്‍ പറയാറുണ്ട്. അത് അങ്ങനെ തന്നെ പറയേണ്ടതാണോ അല്ലയോ എന്ന് ചിലപ്പോളെങ്കിലും ആശയക്കുഴപ്പം തോന്നാറുണ്ടെങ്കിലും അതാണ് ശരിയെന്ന് ഉറപ്പിക്കുകയാണ് പതിവ്. അതുമല്ല, കൗമാരത്തിലും യൗവ്വനത്തിലും നിഷേധിക്കുകയും ലജ്ജിക്കുകയും ചെയ്തിരുന്ന സംബന്ധത്തിന്റെ പാരമ്പര്യത്തില്‍ ഇപ്പോള്‍ അഭിമാനിക്കാന്‍ വകയുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. വര്‍ത്തമാനത്തിനിടയില്‍ പലപ്പോഴും മുത്തച്ഛന്‍ നമ്പൂതിരിയായിരുന്നുവെന്ന് പറയാന്‍ അതിനാല്‍ ഉണ്ണികൃഷ്ണന്‍ മറക്കാറുമില്ല. 
കമ്യൂണിസ്റ്റുകാരായ സഖാക്കളോടും പഴയ സുഹൃത്തുക്കളോടും അടുപ്പം കാണിക്കുമ്പോള്‍ത്തന്നെ അവര്‍ മതേതരത്വം പ്രചരിപ്പിച്ച് ദേശസ്‌നേഹത്തിന് തീരാക്കളങ്കമാണ് വരുത്തിവയ്ക്കുന്നതെന്ന കാര്യത്തില്‍ ഉണ്ണികൃഷ്ണന് യാതൊരു സംശയവും ഇപ്പോള്‍ തോന്നാറില്ല. മതേതര പുരോഗമനവാദികളെ പിന്താങ്ങിയില്ലെങ്കില്‍ സമൂഹത്തില്‍ പിന്തള്ളപ്പെടുമോ എന്ന പേടി നിലനില്‍ക്കുന്നതിനാല്‍ മാത്രം അവരെ വിമര്‍ശിക്കുകയാണെന്ന സ്വാതന്ത്ര്യത്തില്‍ ആക്ഷേപിക്കുന്ന സൂത്രവിദ്യ പരീക്ഷിക്കാന്‍ തുടങ്ങിയത് അതിനുശേഷമാണ്. ലേശം സമാധാനം അത് തരാതിരുന്നില്ല. ഈ വിധമെല്ലാമുള്ള സാഹചര്യങ്ങളുടെ സഹായത്തോടെ പൂര്‍ണ്ണമായും ഒരു സ്വതന്ത്ര ഹിന്ദുമതരാഷ്ട്രമായിട്ട് ഭാരതം തീരേണ്ടതുണ്ടെന്ന കാര്യത്തില്‍ ഉണ്ണികൃഷ്ണന്‍ തീര്‍പ്പിലെത്തി. 

ഒരു ദിവസം ഉച്ചയൂണ് കഴിഞ്ഞ് വരാന്തയിലിരുന്ന് മെല്ലെ മയങ്ങിപ്പോയതായിരുന്നു ഉണ്ണികൃഷ്ണന്‍. ഗേറ്റ് അടര്‍ന്നുവിടരുന്നതിന്റെ രോദനം കേട്ടാണ് അലസ മയക്കത്തില്‍നിന്നും പിന്നെ മുഖമുയര്‍ത്തിയത്. കൈയില്‍ വീഴാന്‍ പാകത്തിനിരിക്കുന്ന സെല്‍ഫോണില്‍ വാ പിളര്‍ന്നിരിക്കുന്ന ഈരേഴ് പതിന്നാലുലകം. ഗേറ്റ് കടന്നുവരുന്നത് ഇബ്രാഹിമാണെന്ന് നീരസത്തോടെ മനസ്സിലാക്കി. അലക്കിത്തേച്ച കൈത്തറിയാണ് ഇബ്രാഹിം ഉടുത്തിരിക്കുന്നത്. രണ്ടായിരം രൂപയോളമെങ്കിലും വില വരുന്ന ബ്രാന്റഡ് ഷര്‍ട്ടാണ് ഇട്ടിരിക്കുന്നത്. കീശയില്‍ വിലകൂടിയ പേന. കൈയില്‍ ഒതുക്കിപ്പിടിച്ചിരിക്കുന്ന ഫോര്‍ ജി സെല്‍ഫോണ്‍. മുഖത്ത് പ്രസന്നമായ പുഞ്ചിരി. ഉമ്മറപ്പടിയോളമെത്തിയിട്ട് ഇബ്രാഹിം നിറഞ്ഞുചിരിച്ചു. 
''അല്ലുണ്യേ... ഇയ്യ് ഒറക്കാ?''
അംശം ദേശം കോലാട്ടുകോല്‍ കൃഷ്ണന്‍ നായര്‍ മകന്‍ ഉണ്ണികൃഷ്ണന്‍ നായര്‍ അറുപത്തിയെട്ടാം വയസ്സില്‍ കസേരയില്‍ കിടന്നുകൊണ്ട് സതീര്‍ത്ഥ്യനോട് ചോദിച്ചു:
''ആരാ... മനസ്സിലായില്ലല്ലോ?''

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com