ചില പ്രാചീന വികാരങ്ങള്‍: പിഎഫ് മാത്യൂസ് എഴുതിയ കഥ

എല്ലാവര്‍ക്കും മരിക്കാനൊരു കാരണം വേണമല്ലോ എന്നു മനസ്സില്‍ പറഞ്ഞ് അയാള്‍ വണ്ടിയെടുത്ത് പുറപ്പെട്ടു.
ചില പ്രാചീന വികാരങ്ങള്‍: പിഎഫ് മാത്യൂസ് എഴുതിയ കഥ

ണ്‍പത്തെട്ടു വയസ്സുള്ള മനുഷ്യന്‍ മതിലിനു മുകളില്‍നിന്നു വീണു മരിച്ചു.
ഫോണില്‍ കേട്ട വിവരങ്ങളെല്ലാം കുറിച്ചെടുത്ത് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നകുലന്‍ ആലോചനയോടെ ഇത്തിരി ഇരുന്നു. ഇത്രയും പ്രായമുള്ള മനുഷ്യന്‍ എന്തിനാകും അതിരാവിലെ മതിലില്‍ കയറിയത്. എല്ലാവര്‍ക്കും മരിക്കാനൊരു കാരണം വേണമല്ലോ എന്നു മനസ്സില്‍ പറഞ്ഞ് അയാള്‍ വണ്ടിയെടുത്ത് പുറപ്പെട്ടു. വളരെ വിരസമായൊരു ദിനചര്യയുടെ തുടക്കമാണിതെന്ന കാര്യത്തിലയാള്‍ക്ക്  സംശയമുണ്ടായിരുന്നില്ല. 

കിഴവന്‍ വീണപടി അനക്കമറ്റ് കിടക്കുന്നുണ്ട്. ആശുപത്രിയില്‍ കൊണ്ടുപോകാന്‍പോലും ആരും മെനക്കെട്ടിട്ടില്ല. നന്നേ മെലിഞ്ഞു ദുര്‍ബ്ബലനാണയാള്‍. തലയുടെ പിന്‍ഭാഗത്തുള്ള മുറിവല്ലാതെ ശരീരത്തിനു മറ്റു കേടുപാടുകളൊന്നും ഉണ്ടായിട്ടുമില്ല. പ്രാഥമിക നടപടിക്രമങ്ങളെല്ലാം ചിട്ടപ്പടി പൂര്‍ത്തിയാക്കി, മൃതദേഹം എടുക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു.

പരേതന്റെ ബന്ധുക്കളെ ചോദ്യം ചെയ്യാന്‍ തുടങ്ങുമ്പോള്‍ തീവ്രമായ വികാരപ്രകടനങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതിവിടെ ഉണ്ടായില്ലെന്നത് നകുലന്‍ ശ്രദ്ധിച്ചു. വിദ്യാഭ്യാസമുള്ളവരായതിനാല്‍ വിദഗ്ദ്ധമായി നിര്‍മ്മിച്ചെടുത്ത നുണകള്‍ കേള്‍ക്കാനായി തയ്യാറെടുത്താണ് വീടിനു മുന്നിലെ വിശാലമായ തൊടിയിലെ ഈര്‍ത്ത മണ്ണിനെ ചുവപ്പിച്ച ചാമ്പച്ചോട്ടിലെ കസേരയില്‍ അയാള്‍ ഇരുന്നത്. മരിച്ചയാളുടെ അനിയനും ഗണിതശാസ്ത്രാദ്ധ്യാപകനുമായിരുന്ന അറുപത്തിയാറുകാരനെ ചോദ്യം ചെയ്തു തുടങ്ങിയപ്പോള്‍ത്തന്നെ അയാളുടെ കണക്കുകൂട്ടലുകള്‍ തെറ്റി. സാധാരണഗതിയില്‍ സംസാരത്തിലേര്‍പ്പെടുമ്പോള്‍ എതിരേയിരിക്കുന്ന ആള്‍ പറയുന്നതല്ല നമ്മള്‍ കേള്‍ക്കുന്നത്. നമുക്കു വേണ്ട കാര്യങ്ങള്‍ നിര്‍മ്മിച്ചെടുക്കുകയാണ് പതിവ്. തുടക്കത്തിലേ അതു പിഴച്ചു. എല്ലാ വസ്തുതകളും വികാരങ്ങളില്ലാതെ പറയുന്ന ഒരു ശൈലിയായിരുന്നു ആ മുന്‍ അദ്ധ്യാപകന്റേത്. ഗണിതശാസ്ത്രത്തിന് അവശ്യം വേണ്ട സങ്കീര്‍ണ്ണതകളെപ്പോലും അദ്ദേഹം വിലകല്‍പ്പിക്കുന്നതായി തോന്നിയില്ല. റിട്ടയേഡ് പ്രൊഫസറില്‍നിന്നും ശേഖരിച്ച വിവരങ്ങളെ ഏതാണ്ട് ഇപ്രകാരം സംഗ്രഹിക്കാം.

1. മരിച്ചയാളുടെ പേര് ഗോപാലകൃഷ്ണ ഗോഖലെ എന്നായിരുന്നു. (ചരിത്രപുരുഷന്റെ പേര് അയാള്‍ക്കു മാത്രമല്ല, അനിയനുമുണ്ടായിരുന്നു. സ്റ്റാലിന്‍ എന്നായിരുന്നു അനിയന്റെ പേര്. അനിയത്തി സരോജിനി നായിഡുവും).

2. മരിക്കുന്നതിനു ആറുമാസം മുമ്പ് ഗോഖലേയുടെ വിവാഹമോചനം നടന്നിരുന്നു. 

3. രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടിയതിന്റെ പിറ്റേമാസം കൃഷ്ണമ്മയെ കല്യാണം കഴിക്കുകയും തുടര്‍ന്ന് അറുപത്തിയാറു വര്‍ഷം ഒന്നിച്ചു ജീവിക്കുകയും ചെയ്തുവെങ്കിലും അവര്‍ക്കു മക്കളുണ്ടായിരുന്നില്ലെന്നു മാത്രമല്ല, അവര്‍ തീരെ സ്‌നേഹത്തിലുമായിരുന്നില്ല. 

4. ബന്ധുക്കളോടും മതില്‍ക്കെട്ടിനു പുറത്തുള്ള സമൂഹത്തോടുമുള്ള വെറുപ്പാണ് അവരെ ഇത്രയും കാലം ഒരുമിച്ചു ജീവിക്കാന്‍ പ്രേരിപ്പിച്ചത്. അവര്‍ക്കു ശത്രുക്കളുമുണ്ടായിരുന്നില്ല. 

കണക്കുമാഷിന്റെ വിവരണം പിരിമുറുക്കവും നാടകീയതയുമില്ലാത്ത, സര്‍ക്കാര്‍ ഗസറ്റിനെക്കാളും വിരസമായിരിക്കുന്നുവെന്നു കണ്ട് നകുലന്‍ സ്റ്റാലിനെ വിട്ട് സരോജിനി നായിഡുവിനെ ആ കസേരയിലിരുത്തി. അവരെ നന്നായി പഠിക്കുകയാണെന്ന ഭാവത്തില്‍ ഒന്നും പറയാതെ കുറച്ചു നേരം നോക്കിയിരുന്നു. പൊലീസുകാരുടെ അത്തരം നോട്ടമേറ്റാല്‍ സാധാരണ ഗതിയില്‍ സാക്ഷികളും പ്രതികളും ദുര്‍ബ്ബലരാകാറുണ്ട്. എന്നാല്‍, അറുപതു വയസ്സു പിന്നിട്ട സരോജിനി നായിഡുവിനു വലിയ ഭാവമാറ്റമൊന്നും കണ്ടില്ല. ഗത്യന്തരമില്ലാതെ നകുലന്‍ ഒരു ചോദ്യം മുന്നിലിട്ടുകൊടുത്തു. ഇത്രയും കാലം ഒന്നിച്ചു കഴിഞ്ഞിരുന്ന സഹോദരനും ഭാര്യയും അറുപത്തിയാറു വര്‍ഷത്തിനുശേഷം പിരിഞ്ഞതെന്തുകൊണ്ടാണ്?


ഏട്ടനാണേറ്റവും മൂത്തത്... ഞങ്ങള്‍ക്കു ഇളയവര്‍ക്കു രണ്ടാള്‍ക്കും ഉത്തരേന്ത്യയിലാരുന്നു ജോലി... തറവാട്ടു വീട്ടില്‍ ജീവിച്ചിരുന്ന കാലത്ത് വയ്യാത്ത ഞങ്ങട അമ്മയെ സ്വാധീനിച്ച് മുഴുവന്‍ സ്വത്തും ഏട്ടന്‍ സ്വന്തമാക്കിക്കളഞ്ഞു. 
ഗോഖലേയ്ക്ക് കഷ്ടപ്പാടായിരുന്നോ...?
ഹേയ്... നല്ല വരുമാനമുണ്ടായിരുന്നു... പരിസരങ്ങളിലായി കുറേ പറമ്പു മേടിച്ചു കൂട്ടിയിട്ടുണ്ട്... അതുകൊണ്ടൊന്നും വല്ല്യ കാര്യമുണ്ടായിട്ടല്ല... എന്നിട്ടും...
നിങ്ങള്‍ക്കവകാശപ്പെട്ട തറവാട്ടു സ്വത്ത് തിരിച്ചു ചോദിച്ചില്ലേ?
അതേക്കുറിച്ചു സംസാരിച്ചു തുടങ്ങുമ്പോള്‍ ഏട്ടന്‍ മിണ്ടാവ്രതത്തിലേക്കു പോകും...
ഓ...
ഞങ്ങളിവിടേക്കു മടങ്ങി വന്നപ്പോ ഏട്ടന്‍ അവശതേലായിരുന്നു... ഏടത്തിയമ്മയ്ക്കാണേല്‍ നല്ല ആരോഗ്യവും... അവരുടെ വീട്ടില്‍ കുറേ അംഗങ്ങളും അതിനൊപ്പം കഷ്ടപ്പാടുണ്ടായിരുന്നു... ഏട്ടനെ കൊന്നിട്ട് കൃഷ്ണമ്മയും അവരുടെ ബന്ധുക്കളും ചേര്‍ന്ന് സ്വത്തു മുഴുവന്‍ തട്ടിയെടുക്കുമോന്നു ഞങ്ങള്‍ പേടിച്ചിരുന്നു.
അപ്പോ ഈ വിവാഹമോചനത്തിനു പിന്നില്‍ നിങ്ങളായിരുന്നോ?
അതെ. എല്ലാം വിട്ടുപിരിഞ്ഞുപോകാമെങ്കില്‍ രണ്ടുസെന്റു പറമ്പില്‍ ഒരു പുര വച്ചു കൊടുക്കാമെന്നു ഞങ്ങള്‍ പറഞ്ഞു. 
അവര്‍ സമ്മതിച്ചോ?
ആദ്യം അവരൊന്നും മിണ്ടിയില്ല. പിന്നെ സ്റ്റാലിന്‍ ചേട്ടനൊന്നു പേടിപ്പിച്ചു. 
അതെങ്ങനെ?
നിര്‍ദ്ദേശത്തിനു വഴങ്ങിയില്ലെങ്കില്‍ അവരെ കൊന്നുകളയാന്‍ ധാരാളം വഴികളുണ്ടെന്നു പറഞ്ഞു. 
ഓ..
പക്ഷേ, അതൊന്നും വേണ്ടിവന്നില്ല. വിവാഹമോചനത്തെക്കുറിച്ച് പറഞ്ഞ ദിവസം തന്നെ അവരു വീടുവിട്ടിറങ്ങിപ്പോയി. മ്യൂച്ച്വല്‍ എഗ്രിമെന്റില്‍ ഒപ്പുവച്ച്, ഞങ്ങടെ ചില്ലിക്കാശുപോലും വേണ്ടെന്നു പറഞ്ഞാണ് പോയത്... 
വിശ്വസിക്കാന്‍ പ്രയാസമുണ്ട്...
കൃഷ്ണമ്മയുടെ ഫോണ്‍ നമ്പര്‍ തരാം. വിളിച്ചു ചോദിച്ചോളൂ
എന്നിട്ട് നിങ്ങള്‍ ഗോഖലെയെ മതിലിനു മുകളില്‍നിന്നു തള്ളി താഴേയിട്ടു കൊന്നു അല്ലേ....
അല്ല... അതിനു കാരണം വേറെയാണ്... അതറിഞ്ഞപ്പോഴാണ് എന്തുകൊണ്ടാണ് കൃഷ്ണമ്മ ഇത്ര എളുപ്പത്തില്‍ വിട്ടുപോയതെന്നുപോലും മനസ്സിലായത്...
അതെന്തായിരുന്നു?
മറവിരോഗം.

കൃഷ്ണമ്മ പോയതിനുശേഷം മാത്രമാണ് ഞങ്ങളീ വീട്ടിലേക്കു വന്നത്. എന്നിട്ടും ആ ചെറിയ വരവിനും പോക്കിനുമിടയില്‍ കാര്യമായൊന്നും പിടികിട്ടീതുമില്ല.
പിന്നെ എപ്പോഴാണ് നിങ്ങളതു മനസ്സിലാക്കിയത്?
മൂന്നാഴ്ച മുന്‍പ് അയലത്തെ വീട്ടില്‍നിന്നൊരാള്‍ വിളിച്ചിട്ട് വീട്ടില്‍നിന്നു പുകവരുന്നുണ്ടെന്നു പറഞ്ഞു. ഞങ്ങള്‍ വന്നു നോക്കിയപ്പോള്‍ ഏട്ടന്റെ കിടപ്പുമുറിയിലെ പ്രമാണങ്ങള്‍ വച്ചിരുന്ന കരിവീട്ടിയുടെ പെട്ടിയും കിടക്കയുമെല്ലാം കത്തി നശിച്ചിരുന്നു. ആ മുറി മുഴുവന്‍ മറ്റേതോ ലോകം പോലെ കരിഞ്ഞിരുന്നു. ചുമരൊക്കെ കറുത്ത ചൊറിപോലെ ചുളുങ്ങിക്കൂടി...
അപ്പോ ഗോഖലെ.

ഏട്ടന്‍ അടുക്കളയുടെ പരണത്തു കിടന്നുറങ്ങുകയായിരുന്നു... കിടപ്പുമുറിയും അടുക്കളയും മാറിപ്പോയതായിരിക്കുമെന്ന് തോന്നിയത് അപ്പോഴാണ്... കിടപ്പുമുറിയിലെ തീയണച്ചശേഷം ഏട്ടന് ഞങ്ങളാ  മുറി കാണിച്ചുകൊടുത്തപ്പോള്‍ അതൊരു ബഹിരാകാശക്കപ്പലാണെന്നാണ് ഏട്ടന്‍ പറഞ്ഞത്... അതീ കേറി വേറൊരു ടൈം സോണിലേക്കു പോകയാണത്രേ...
മനസ്സിലായില്ല.

ഈ ലോകത്തും കാലത്തും ജീവിച്ചു മടുക്കുമ്പോള്‍ നമ്മളെല്ലാം ആഗ്രഹിക്കാറില്ലേ, കഴിഞ്ഞുപോയ കാലത്തിലേക്കോ വരാനിരിക്കുന്ന കാലത്തിലേക്കോ മറ്റോ പോണോന്ന്... ഏട്ടന്റെ ശ്രമം അതിനായിരുന്നുവെന്നാണ് എനിക്കു തോന്നിയത്...

ലാന്റ് സര്‍വ്വേയറായിരുന്ന ഈ സ്ത്രീ മനപ്പൂര്‍വ്വം ദുരൂഹതയിലേക്കു വഴിതിരിച്ചുവിടുകയാണെന്ന തോന്നലാണ് നകുലനുണ്ടായത്. അതുകൊണ്ടുതന്നെ സൂക്ഷ്മം അവിടെവെച്ചു ചോദ്യം ചെയ്യലവസാനിപ്പിക്കുകയാണ് ബുദ്ധിയെന്ന് അയാള്‍ വിചാരിച്ചു. എന്നാല്‍, സരോജിനി നായിഡു നിര്‍ത്താന്‍ ഭാവമുണ്ടായിരുന്നില്ല. 
പക്ഷേ, ഏട്ടന്റേത് മറവിരോഗം തന്നെയായിരുന്നു.
നകുലന്റെ ചിന്തകള്‍ വായിച്ചറിഞ്ഞ ഒരാളെപ്പോലെ യുക്തിബോധമുള്ള ഒരു സാധാരണക്കാരിയായി മാറിക്കൊണ്ടവര്‍ തുടര്‍ന്നു:
ഏട്ടനെ സഹായിക്കാന്‍ ശ്രമിച്ചുവെങ്കിലും എന്തെങ്കിലും ചെയ്യാന്‍ പറ്റുന്നതിലും അപ്പുറത്തേയ്ക്ക് കാര്യങ്ങള്‍ പോയിരുന്നു. 
എന്നിട്ട്?

വിദഗ്ദ്ധ പരിശീലനം കിട്ടിയ ഒരു നഴ്സിനെ നിയമിച്ചു... പക്ഷേ, അതും ശരിയാകുന്നില്ലായിരുന്നു. അപ്പോഴാണ് ഞങ്ങള്‍ അബദ്ധം തിരിച്ചറിഞ്ഞത്. കുറച്ചു സ്വത്തിനു വേണ്ടി കൃഷ്ണമ്മയെ പിണക്കി അയക്കേണ്ടിയില്ലായിരുന്നു. എല്ലാ ബന്ധങ്ങളും കുറേ കഴിയുമ്പോള്‍ ചീഞ്ഞഴുകും, എന്നാലും സ്വയം വളമായി അതങ്ങനെ തുടര്‍ന്നുപോകയാണല്ലോ പതിവ്. പക്ഷേ, ഞങ്ങളവരെ പറിച്ചുനട്ടിടത്താണ് കുഴപ്പമായത്, ഏട്ടന്‍ ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും പരിഹരിക്കാനാകുന്നതിലും വലിയൊരു സങ്കീര്‍ണ്ണതയായി മാറിക്കൊണ്ടിരുന്നു.
നഴ്സ് അയാളെ നോക്കിയില്ലേ?

ഉവ്വ്, അയാളൊരു പാവത്താനായിരുന്നു. ഒരു ദിവസം നാലോ അഞ്ചോ വട്ടം വിളിച്ച് ഏട്ടനുണ്ടാക്കുന്ന ഓരോ പ്രശ്‌നങ്ങളെക്കുറിച്ചു പറയുകയും ഞങ്ങളതിനു പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. ഒടുവില്‍ സഹികെട്ട് അയാളെ പറഞ്ഞുവിടുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോഴാണ്  ശമ്പളം പോലും വാങ്ങാതെ അയാള്‍ കടന്നുകളഞ്ഞത്. 
എന്നിട്ട്?

ഫലത്തില്‍ ഒരു തോല്‍വിയാണെന്നറിയാമെങ്കിലും ഞങ്ങള്‍ കൃഷ്ണമ്മയെ കാണാന്‍ ചെന്നു... പക്ഷേ, അവര്‍ വളരെ അപരിചിതരെപ്പോലെയാണ് ഞങ്ങളെ കണ്ടത്... യാതൊരു വികാരവുമില്ലാതെ ഞങ്ങളെ ഇറക്കിവിട്ടു. കൃഷ്ണമ്മ ആവശ്യപ്പെടുന്നതെന്തും കൊടുക്കാന്‍ തയ്യാറായിരുന്നുവെങ്കിലും അവര്‍ ഞങ്ങളെ നോക്കാനോ കേള്‍ക്കാനോ ഇഷ്ടപ്പെട്ടില്ല.
പിന്നെ വേറെ നഴ്സിനെ നിയമിച്ചില്ലേ?

ഉവ്വ്... അയാളും ആദ്യത്തെയാളെപ്പോലെതന്നെ ഞങ്ങളെ എന്നും ഫോണ്‍ ചെയ്യുകയും അലട്ടിക്കൊണ്ടിരിക്കുകയുമൊക്കെ ചെയ്തുകൊണ്ടിരുന്നു. ഒരു ദിവസം അയാള്‍ പണം കണക്കു പറഞ്ഞു മേടിച്ച് ഇറങ്ങിപ്പോയി..
ഇതെല്ലാം ഈ കുറഞ്ഞ കാലംകൊണ്ട് സംഭവിച്ചതല്ലേ?
അതെ. പ്രശ്‌നം തീരാത്തതിനാല്‍ ഞങ്ങള്‍ പിന്നേയും പുതിയൊരാളെ കിട്ടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അങ്ങനെയിരിക്കെ ദീര്‍ഘകാലം സര്‍ക്കാരാശുപത്രിയില്‍ ഹെഡ് നഴ്സായിരുന്ന ഒരു സ്ത്രീയെ കണ്ടെത്തി നിയമിച്ചു. അവര്‍ ശമ്പളത്തിനുവേണ്ടി തര്‍ക്കിക്കുകയൊന്നും ചെയ്തില്ല. ജോലിക്കിടയില്‍ പരാതികളും പറഞ്ഞില്ല... അവരാകെ ഫോണ്‍ വിളിച്ചത് ഒരിക്കല്‍ മാത്രമാണ്.
എപ്പോള്‍?
ഇന്ന് വെളുപ്പിന്..ഏട്ടന്‍ മതിലീന്നു വീണുവെന്നു പറയാന്‍ വേണ്ടി. 
ഓ...
ഇന്‍സ്പെക്ടര്‍ നകുലന്‍ സരോജിനി നായിഡു ചൂണ്ടിയ വിരലിന്റെ ദിശയിലേക്കു നോക്കിയപ്പോള്‍ ഇത്തിരി മാറി മതിലില്‍ ചാരി നഖം വെട്ടിക്കൊണ്ടിരുന്ന ഒരു സ്ത്രീയെ കണ്ടു. അവരുടെ മുഖം ചുളിഞ്ഞിരുന്നുവെങ്കിലും നല്ല ആരോഗ്യവതിയായിരുന്നു. ഇന്നു കണ്ട സഹേദരീസഹോദരന്മാരെപ്പോലെ ആ മുഖവും നിര്‍വ്വികാരമായിരുന്നു. അവര്‍ക്കാകെ പറയാനുണ്ടായിരുന്നത്  ഇത്രമാത്രം. 
അടുക്കളയില്‍ ഗോഖലേക്കുവേണ്ടി ആഹാരം പാകം ചെയ്യുകയായിരുന്നു. മുന്‍വാതില്‍ അടച്ചിട്ടുമുണ്ടായിരുന്നു. ഇതിനിടയില്‍ പിന്‍വാതിലിലൂടെ അയാളിറങ്ങിപ്പോയതും മതിലിനു മുകളില്‍ കയറിയതും വീണു മരിച്ചതും അവരറിഞ്ഞില്ല. കാപ്പിയുമായി ചെന്നപ്പോഴാണ് ഇതെല്ലാം കണ്ടെത്തിയതും ഒരു നൊടിപോലും വൈകാതെ ആങ്ങളയേയും പെങ്ങളേയും വിളിച്ച് കാര്യം പറഞ്ഞതും.

പൊലീസ് സ്റ്റേഷനിലെ തുവാല വിരിച്ച മരക്കസേരയില്‍ ചാരിയിരിക്കുമ്പോള്‍ ഇന്‍സ്പെക്ടര്‍ നകുലന്‍ രണ്ടു കാര്യങ്ങളാണ് ആലോചിച്ചത്. അതിലൊന്ന് കാലങ്ങള്‍ക്കു മുന്‍പ് അയാളുടെ ആദ്യ നിയമനത്തിന്റെ തുടക്കത്തില്‍ ഒരു വൃദ്ധനായ സംഗീതാദ്ധ്യാപകന്‍ കാണാന്‍ വന്നതായിരുന്നു. ഏതോ ഒരു വിശുദ്ധന്റെ മുഖവും പ്രസന്നതയുമുള്ള അയാളുടെ കയ്യില്‍ വയലിന്‍ സൂക്ഷിക്കുന്ന കറുത്ത തുകല്‍ കേസും തോള്‍സഞ്ചിയും ഒരു കാലന്‍ കുടയുമുണ്ടായിരുന്നു. പൊലീസ് സ്റ്റേഷനോടു തൊട്ടുള്ള സബ് ജയിലിലെ അരയാല്‍ തണലേറ്റു കിടക്കുന്ന മുറിയില്‍ തനിക്കു താമസിക്കാന്‍ ഒരിടം വേണമെന്ന വിചിത്രമായൊരാഗ്രഹവുമായി വന്ന വൃദ്ധന്‍ മനോരോഗിയാണെന്നു തന്നെയാണ് നകുലന്‍ കരുതിയത്. ജോലിയുടെ ശീലങ്ങളൊന്നും പഠിച്ചു തുടങ്ങിയിട്ടില്ലാത്തതിനാല്‍ കസേരയിലിരുത്തി സ്‌നേഹം കലര്‍ന്ന സ്വരത്തില്‍ കുട്ടികളോടെന്ന പോലെ വൃദ്ധനോടു പറഞ്ഞു:
കുറ്റം ചെയ്യുന്നവരെ മാത്രമേ ജെയിലില്‍ താമസിപ്പിക്കാനാകൂ... താങ്കള്‍ ദീര്‍ഘകാലം മ്യൂസിക് ടീച്ചറായിരുന്നയാളല്ലേ, ഞാന്‍ പറയാതെ തന്നെ ഇതൊക്കെ അറിയാവുന്നതല്ലേ.

അയാളുടെ മുഖത്ത് നേരിയൊരു മന്ദഹാസം കണ്ടത് ഇപ്പോഴുമോര്‍ക്കുന്നുണ്ട്. മനസ്സിലെ വികാരങ്ങളെല്ലാം അതിന്റെ സൂക്ഷ്മതയോടെ പ്രകടിപ്പിക്കാന്‍ കഴിവുള്ളൊരു മുഖമായിരുന്നു അത്. നകുലന്റെ വാക്കുകള്‍ കേട്ടിട്ടും അദ്ദേഹം പോകാന്‍ കൂട്ടാക്കിയില്ല. തുകല്‍ക്കൂട്ടിലിട്ട വയലിന്‍ മേശപ്പുറത്തു വച്ച് ഒരു കുഞ്ഞിന്റെ ശവമഞ്ചത്തിലെന്നപോലെ അതില്‍ തലോടിയിട്ട് പറഞ്ഞു. 
ഞാന്‍ കുറ്റം ചെയ്തവനാണെങ്കിലോ...
വിശ്വസിക്കാന്‍ പ്രയാസമുണ്ട്..

വൃദ്ധന്‍ ഇത്തവണ എന്തോ മനഃപ്രയാസം അടക്കിവച്ച് ചിരിക്കുന്ന ഒരാളുടെ ചിരിചിരിച്ചു. പിന്നെ കുറേ നേരം മൗനത്തില്‍പ്പെട്ടു. ശേഷി സംഭരിക്കുന്നതുപോലെ പലവട്ടം ശ്വാസം അകത്തേക്കും പുറത്തേയ്ക്കുമെടുത്തു. എന്നിട്ട് പറയാന്‍ മറന്നുപോയാലോ എന്നു പേടിച്ച മട്ടില്‍ പെട്ടെന്നു പറഞ്ഞു:
ഞാന്‍ ഒരാളെ സംസ്‌കരിച്ചിട്ടു വന്നിരിക്കയാണ്.
അതൊരു കുറ്റമല്ലല്ലോ.
മറുപടി ആവശ്യമില്ലെങ്കിലും നകുലന്‍ അറിയാതെ പറഞ്ഞുപോയി. വൃദ്ധന്റെ മുഖം ഒന്നിരുണ്ടു. ചീത്ത ഓര്‍മ്മകളെ വകഞ്ഞുമാറ്റുന്നതുപോലെ ആലോചനയില്‍പ്പെട്ടു. പിന്നെ പറഞ്ഞു: 
ഞാനാണയാളെ കൊന്നത്...
നകുലന് ഒന്നും കൂട്ടിയോജിപ്പിക്കാന്‍ പറ്റുന്നില്ലായിരുന്നു. അതുകൊണ്ടാകും അയാളെ അലട്ടാതെ, മിണ്ടാതെ കാത്തിരുന്നത്.
എന്റെ ശത്രുവൊന്നുമല്ല..സത്യം പറഞ്ഞാല്‍ എനിക്കേറ്റവും പ്രിയപ്പെട്ടയാളാണ്...
ആരെ...
എന്റെ ഭാര്യയെ...
നകുലനെന്തോ വല്ലാത്തൊരു പേടിയാണാ നിമിഷം തോന്നിയത്. അതുകൊണ്ടാണോ എന്നറിയില്ല ഒരക്ഷരം പോലും ഉരിയാടാന്‍ കഴിഞ്ഞില്ല.
കുഴപ്പക്കാരിയൊന്നുമല്ല...വളരെ നല്ലയാളാണ്... വയസ്സായി, മനസ്സിനു തീരെ സുഖമില്ലാരുന്നു. അവരെ അനുസരിപ്പിക്കാന്‍ വേണ്ടി മക്കള്‍ കൈവച്ചു തുടങ്ങി. ഇനി കുഴപ്പമില്ല... മരിച്ചു...

നകുലനു മറുപടിയുണ്ടായിരുന്നില്ല. ജെയിലിലെ അരയാല്‍ തണലിലെ മുറി ചൂണ്ടി അയാള്‍ തുടര്‍ന്നു.
ഇനി എനിക്കിവിടെ താമസിക്കാല്ലോ...
വളരെ പ്രചീനമായി തീര്‍ന്ന വികാരങ്ങളെ ഈ കാലത്തും മനുഷ്യര്‍ ചുമന്നുനടക്കുന്നതെന്തു കൊണ്ടാകും. അന്ന് ആദ്യമായി നകുലന്‍ ആലോചിച്ചു. കുറേ കാലങ്ങള്‍ക്കുശേഷം പിന്നേയും അയാള്‍ക്ക് അതേക്കുറിച്ചാലോചിക്കേണ്ടിവന്നു. 

ദൂരെ, മലഞ്ചെരിവിലെ കാടിനരികിലുള്ള വീട്ടില്‍ അയാളുടെ അമ്മ തനിച്ചു കഴിയുകയായിരുന്നു. കുറുക്കന്മാരും കാട്ടാനകളും കടന്നുപോകുന്ന ഇടമാണെങ്കിലും അമ്മ വളരെ തൃപ്തിയോടെയാണ് ജീവിക്കുന്നതെന്നു ബോധ്യപ്പെടുത്താന്‍ വേണ്ടി ഓരോ വാക്കും വളരെ കരുതലോടെയാണമ്മ പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ കാണാന്‍ പോകുമ്പോഴെല്ലാം മനസ്സാക്ഷിക്കുത്തോടെ ടൗണിലെ തന്റെ ഫ്‌ലാറ്റിലേക്ക് അമ്മയെ ക്ഷണിച്ചു. ഓരോ തവണ വിളിക്കുമ്പോഴും അങ്ങനെയൊന്ന് കേട്ടിട്ടേയില്ലെന്ന മട്ടില്‍ മറ്റെന്തെങ്കിലും വിശേഷം പറഞ്ഞ് അമ്മ അയാളുടെ ശ്രദ്ധ തിരിച്ചിരുന്നു. പരസ്പരം അറിയാവുന്ന രണ്ടു മുതിര്‍ന്ന മനുഷ്യര്‍ക്കിടയിലെ കളിപോലെ കാലങ്ങളോളം അതങ്ങനെ തുടര്‍ന്നു. അമ്മ വീടിനുള്ളിലൂടെ നടക്കുമ്പോള്‍പോലും തട്ടി വീഴുന്നുണ്ടെന്നും അവരുടെ കാഴ്ച തീര്‍ത്തും ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും അയാള്‍ തിരിച്ചറിഞ്ഞു. പഴകിയ വികാരങ്ങള്‍ സമൂലം പിടികൂടിയ ഒരു നാള്‍ ഭാര്യയുടേയും മക്കളുടേയും എതിര്‍പ്പുകള്‍ തീര്‍ത്തും അവഗണിച്ച് അയാള്‍ അമ്മയെ നഗരത്തിലേക്കു കൊണ്ടുവന്നു. ഫിഷ് ബൗളിലെ സ്വര്‍ണ്ണമത്സ്യങ്ങളെപ്പോലെ ഭാര്യയും രണ്ടു പെണ്‍മക്കളും കഴിയുന്ന നഗരത്തിലെ ഫ്‌ലാറ്റിലേക്ക് അമ്മയെ പറിച്ചുനടുമ്പോള്‍ മറ്റൊന്നിനെക്കുറിച്ചും അയാള്‍ ചിന്തിച്ചുപോലുമില്ല. ചെളിയില്‍ കഴിഞ്ഞ തോട്ടുമീനിനെ കരയ്ക്കിട്ടതുപോലെ എന്നുപോലും പറയാനൊക്കില്ല ഒന്നു പിടയുകപോലും ചെയ്യാതെ അമ്മ മരിച്ചുപോയി. കുളിപ്പിച്ചിട്ടും പൗഡറിട്ടിട്ടും അമ്മയുടെ മുഖത്തെ നീലനിറം മായുന്നില്ലെന്നു കണ്ട് കുറ്റാന്വേഷകന്റെ കണ്ണുകളോടെ അയാള്‍ ഭാര്യയെ നോക്കിയെങ്കിലും അവള്‍ നിസ്സാരമായി മുഖം വെട്ടിച്ച് കടന്നുപോകുകയാണുണ്ടായത്. തുടര്‍ന്നു ശവം കാണാന്‍ വന്ന സൂക്ഷ്മദൃഷ്ടികളായ പലരും ഇക്കാര്യം സ്വകാര്യം പറഞ്ഞുവെങ്കിലും പൊലീസുകാരനായ മകന്റെ മുന്നില്‍ അവതരിപ്പിക്കാനൊന്നും പോയില്ല. അല്ലെങ്കിലും ഇന്നത്തെ കാലത്ത് ആരാണിതൊക്കെ അത്ര ഗൗരവത്തിലെടുക്കുന്നത്. 

മതിലില്‍നിന്നു വീണുമരിച്ച പടുവൃദ്ധന്റെ മരണം തികച്ചും സ്വാഭാവികമായിരുന്നുവെന്ന റിപ്പോര്‍ട്ടിന് അടിവരയിട്ട് ഫയല്‍ മടക്കുമ്പോള്‍ നകുലന്‍ ഇപ്രകാരം ചിന്തിച്ചു: 
ചിലതരം വികാരങ്ങള്‍ കലവറയിലെ പൊടിപിടിച്ച അലമാരകളിലിരിക്കുന്നതു നല്ലതു തന്നെയാണ്... പഴയ മനുഷ്യര്‍ക്ക് ഒന്നു നെടുവീര്‍പ്പയച്ച് ഊര്‍ജ്ജം സംഭരിച്ച് മുന്നോട്ടു പോകാനും അതുതന്നെയാണ് നല്ലത്. 

ചിത്രീകരണം - സുധീഷ് കോട്ടേമ്പ്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com