'വാരിയെല്ല്'- ബിജു സി.പി എഴുതിയ കഥ

പെണയുന്നതാണ് പെണ്ണ് എന്ന് അയാള്‍ പറഞ്ഞത് ഒരു പ്രശംസയൊന്നുമല്ലെന്ന് എനിക്കറിയാമായിരുന്നു
'വാരിയെല്ല്'- ബിജു സി.പി എഴുതിയ കഥ

പെണയുന്നതാണ് പെണ്ണ് എന്ന് അയാള്‍ പറഞ്ഞത് ഒരു പ്രശംസയൊന്നുമല്ലെന്ന് എനിക്കറിയാമായിരുന്നു. കാനല്‍ജലത്തിലേയ്ക്കു ചിറകടിക്കുന്ന മരുപ്പറവയെപ്പോലെ പക്ഷേ, ഞാന്‍ ആ പ്രശംസയിലേയ്ക്ക് സന്തോഷം വിരിച്ച് പാറിയടുത്തു. ഒന്നുകൂടി പിണഞ്ഞു. ആ പിണയല്‍ ഒരു നാട്യമാണെന്ന് അയാള്‍ക്കും അറിയാമായിരുന്നു. എന്നിട്ടും അയാള്‍ അതില്‍ സുഖിച്ചതായി നടിച്ചു. ജിമ്മില്‍ പോയി ഭാരമെടുത്ത് കറ്റിച്ചു പരത്തിയൊരുക്കിയ അയാളുടെ നെഞ്ചിലേക്ക് ഞാന്‍ ഉണര്‍ന്നുയര്‍ന്നു. പരന്നുറച്ച നെഞ്ചത്ത് അയാളുടെ കുഞ്ഞുമുലകള്‍ വിടരാനാവാതെ കരിഞ്ഞുകിടക്കുന്നു. തുടുത്ത് മൃദുലമോഹനമാകേണ്ടിയിരുന്ന പേശികള്‍ കനച്ച് പരന്നു കിടക്കുന്നു. ചാപിള്ളകളായിപ്പോയ ആ മുലകളോട് എനിക്ക് പാവം തോന്നി. എന്റെ മുലകള്‍ പതുക്കെ ഒന്നു തിമിര്‍ത്ത് തുടുത്തു. അവ നേര്‍ത്തൊരുണര്‍വ്വിലേക്ക് കണ്ണൊന്നു മിഴിച്ചു ചിമ്മി.

മനുഷ്യരെല്ലാം പിറവി തുടങ്ങുന്നത് പെണ്ണുങ്ങളായിട്ടാണ്. ചില സ്വാഭാവിക വളര്‍ച്ചകള്‍ മുരടിപ്പിച്ചും മുഴച്ചുനില്‍ക്കുന്ന ചില ഏച്ചുകെട്ടുകള്‍ കൂട്ടിപ്പിടിപ്പിച്ചും ചില പിറവികളെ ആണുങ്ങളാക്കി പരിവര്‍ത്തിപ്പിച്ചെടുക്കുകയാണ് പിന്നെ. ചെങ്കല്‍ത്തിട്ടയായി പരന്നുകിടന്ന അയാളുടെ നെഞ്ചിലെ  കൂമ്പിനില്‍ക്കുന്ന ചെറുതുടുപ്പ് വറ്റിപ്പോയ വാത്സല്യങ്ങളുടേതാണെന്ന് പെട്ടെന്ന് എനിക്കു മനസ്സിലായി. വറ്റിവരണ്ട് ചുളുങ്ങിക്കരിഞ്ഞുപോയ വാത്സല്യകുംഭങ്ങള്‍. കനിവിന്റെ രക്തസാക്ഷിത്വ മുദ്രകള്‍. അവയെ ഞാന്‍ വിരല്‍ത്തുമ്പുകളാല്‍ കനിവോടെ ലാളിച്ചു. അയാള്‍ക്ക് രസിച്ചു. കരിഞ്ഞുണങ്ങിപ്പോയ വാത്സല്യക്കനിവിന്റെ ഉപ്പ് ഞാന്‍ നുണഞ്ഞു. അയാള്‍ ചിരിച്ചു. പിന്നെയും അയാള്‍ പറഞ്ഞു - പെണയുന്നതാണ് പെണ്ണ്. പെണ്ണിലേക്ക് വന്ന് അണയുന്നതാണ് ആണ്.  

തീനാളം പോലെ ജ്വലിച്ചുനില്‍ക്കുന്ന പെണ്ണിലേയ്ക്ക് വന്ന് സ്വയം അണഞ്ഞുപോകുന്നത്- അയാള്‍ വിശദീകരിച്ചു. പണ്ടെപ്പോഴോ അക്ഷരശ്ലോക ക്ലാസ്സുകളില്‍ പഠിച്ച് മറന്നുപോയ ഒരു ഭാഗം പെട്ടെന്ന് ഓര്‍മ്മയിലേയ്ക്കു തെളിഞ്ഞു - വണ്ടേ നീ തുലയുന്നു വീണയി വിളക്കും കെടുത്തുന്നിതേ... അത് ഞാന്‍ അയാളോട് പറഞ്ഞില്ല. 

എന്താണ്... വന്നതെന്തോ പിടിച്ചുവെച്ചല്ലോ. ഒന്നും ഒട്ടും പിടിച്ചുനിര്‍ത്താതെ തുറന്നു പെയ്യട്ടെ... അപ്പോഴേ മനസ്സിന്റെ വിങ്ങല്‍ തീര്‍ന്ന് പ്രശാന്തമാകൂ-

അയാള്‍ വാത്സല്യത്തോടെ ഉപദേശിച്ചു. അയാള്‍ തഴുകിത്തലോടുന്നത് എന്റെ ശരീരത്തെ മാത്രമായിരുന്നു. നഗ്‌നമായ ഉടലിനെ. ഉടലിലേക്കു വിടര്‍ന്നു നിറയാതെ, തുറന്നു വിടരാതെ എന്നിലെവിടെയോ ഞാന്‍ പതുങ്ങിക്കൂടിയിരിക്കുകയാണെന്ന് എനിക്കും അറിയാം. ഉടലുകളില്‍ പതുങ്ങിയൊളിച്ച് അയാളും ഞാനും. അത്രയകലമുള്ളപ്പോളും ഉടലില്‍ പുണര്‍ന്നു കിടക്കാനാവുമല്ലോ എന്ന് അതിശയത്തോടെ ഞാന്‍ ഓര്‍ത്തു. അയാളുടെ ശരീരത്തോട് എനിക്ക് പാവം തോന്നി. സഹതാപത്തോടെ അയാളുടെ ഉടലിനെ ഞാന്‍ പതുക്കെ തഴുകി. നഗ്‌നമായ ഉടലുകള്‍കൊണ്ട് ആവരണമിട്ട രണ്ടു മനുഷ്യര്‍.

അമ്മ മരിച്ചപ്പോള്‍ വന്ന അയാളുടെ ഫോണ്‍വിളിയാണ് പിണഞ്ഞുകൂടിയത്. മരിച്ചതല്ല.  കൊന്നതാണ് അമ്മയെ. 

അമ്മയും പെണ്ണായിരുന്നു. പെണയുന്നതാണ് പെണ്ണ് എന്ന് കരുതിയിരുന്നവള്‍. അയാള്‍ അമ്മയിലേക്ക് വന്നണഞ്ഞ് വീണു തുലയുകയായിരുന്നു. അണയുകയും അണയ്ക്കുകയും ചെയ്ത മറ്റൊരു അയാള്‍. അമ്മയെ ഞങ്ങള്‍ക്കിഷ്ടമായിരുന്നു. പക്ഷേ, അമ്മ ഒരു പെണ്ണായി പിണയുന്നത് ഭയങ്കര വെറുപ്പും. പതിനെട്ടു തികയും മുന്‍പ് പ്രണയം കത്തിജ്വലിച്ച് അച്ഛനോടൊപ്പം ഓടിപ്പോന്നതാണ് അമ്മ. നിലവിളക്കും കരിവിളക്കും പോലെയാണു തങ്ങളെന്ന് അച്ഛന്‍ എപ്പോഴും സ്വയം കളിയാക്കുമായിരുന്നു. ആ ആത്മപരിഹാസം പിന്നെപ്പിന്നെ എവിടെയോ വീണുപോയി. 19-ാം വയസ്സില്‍ എന്നെ പെറ്റുകിടക്കുമ്പോള്‍ വാടകക്കൂരയില്‍ അമ്മയെ വേതിട്ടു കുളിപ്പിക്കാനും കുഞ്ഞിനെ കുളിപ്പിക്കാനുമൊക്കെ അച്ഛന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് എത്രയോ വട്ടം വിശദാംശങ്ങള്‍ കേട്ടിരിക്കുന്നു. പിന്നെയെപ്പൊഴോ പ്രണയത്തിന്റെ ലഹരി കെട്ടു പോയി. പിണയല്‍ അയഞ്ഞ് അഴിഞ്ഞുലഞ്ഞു. പ്രണയം എണ്ണപോലെയാണ്. അതില്‍നിന്ന് ജീവിതം പ്രകാശിക്കാന്‍ തുടങ്ങുമ്പോള്‍ എണ്ണ വേഗം വറ്റിപ്പോകും. കരുതലോടെ വീണ്ടും എണ്ണ പകര്‍ന്നുകൊണ്ടേയിരിക്കാനാവുംവിധം ഉള്ളുറവുള്ളവര്‍ ഭാഗ്യശാലികള്‍. അല്ലാത്തിടങ്ങളിലൊക്കെ കരിന്തിരി കത്തി, കരിമ്പുക പരത്തി അണഞ്ഞേപോകും ജീവിതത്തിന്റെ വിളക്ക്.

അയാളെന്നെ വശത്തേക്ക് ഒതുക്കിക്കിടത്തി. ബലിഷ്ഠമായ ആ കൈകള്‍ എന്റെ കഴുത്തിനു താഴേക്കൂടി കോര്‍ത്ത് എന്നെ മാറിലേക്കു ചേര്‍ത്തു. അയാളുടെ കക്ഷത്തില്‍നിന്നു പ്രസരിച്ച നേര്‍ത്ത ഉപ്പുരസമുള്ള ആണ്‍മണം എനിക്കിഷ്ടമായി. നേര്‍ത്ത ഒരു മദം എന്നിലെങ്ങോ കിനിഞ്ഞു. അരക്കെട്ട് വിടര്‍ത്തി അയാളുടെ കനത്ത തുടയെ ഞാന്‍ കാല്‍കൊണ്ട് പുണര്‍ന്നു. നെഞ്ചിലൂടെ വട്ടം കൈയിട്ട് അയാളിലേക്ക് ചേര്‍ന്നണഞ്ഞു. എനിക്ക് കരച്ചില്‍ വന്നു. ഒരിറ്റ് ചുടുകണ്ണീര്‍ അയാളുടെ നെഞ്ചിലേക്ക് സ്രവിച്ചു. അയാള്‍ എന്നെ തലോടിക്കൊണ്ടേയിരുന്നു. അതു പക്ഷേ, സ്നേഹത്തിന്റേയോ വാത്സല്യത്തിന്റേയോ കരുതലില്ലാത്ത വെറും സ്പര്‍ശങ്ങളായിരുന്നു. ഞാന്‍ എഴുന്നേറ്റിരുന്നു. 

പറയുമ്പോള്‍ എനിക്കു ചിരി വന്നു - അതേ... ഇതൊരു ധ്യാനം പോലെ വേണമെന്നാ പറയുന്നത്. ഏകാഗ്രതയില്ലെങ്കില്‍ ഇത് ശവശരീരങ്ങളുടെ പിണഞ്ഞുകയറ്റം പോലെയാകും. പേടിയും അറപ്പുമുണ്ടാക്കുന്നത്. പിന്നെയും ഞാന്‍ ചിരിച്ചു. അയാള്‍ ബെഡ്ഡില്‍ ഉണര്‍ന്നിരുന്നു. ചമ്രംപടിഞ്ഞ് ധ്യാനത്തിലെന്നോണം കണ്ണടച്ചു. നഗ്‌നമുനി. അയാളും ചിരിച്ചു. അയാളെന്നെ ചേര്‍ത്തുപിടിച്ച് ഉമ്മവെച്ചു. എന്റെ ഉടലാകെ ഒരുമാത്ര ഒന്നു പൂത്തുവിടരാന്‍ വെമ്പി. ഒരുമാത്ര. നേര്‍ത്തൊരു വെമ്പല്‍. അത്രമാത്രം. എനിക്ക് ചിരി നിര്‍ത്താനായില്ല. ഞങ്ങള്‍ പിണഞ്ഞു ചിരിച്ചു. അയാളുടെ നെഞ്ചില്‍ ചേര്‍ന്നുകിടന്ന് കൈമുട്ടുകള്‍ ആ നെഞ്ചിലൂന്നി അയാളുടെ മുഖത്തേയ്ക്ക് ഞാന്‍ ഉറ്റുനോക്കി. 

മനുഷ്യന്‍ എന്തൊരു കാപട്യമാണല്ലേ...  
ഉം...എന്തേ അങ്ങനെ തോന്നാന്‍!

എന്റെ അമ്മ കൊല്ലപ്പെട്ടിട്ട് രണ്ടു മാസമേ ആയിട്ടുള്ളൂ. അമ്മയുടെ കാമുകന്‍ അമ്മയെ കൊന്ന വിവരം അറിഞ്ഞിട്ടുപോലുമില്ല എന്റെയച്ഛന്‍. 

എന്തൊരു പ്രേമമായിരുന്നെന്നോ അവര്‍ക്ക്! രണ്ടു പേരും മറ്റെല്ലാം ഇട്ടെറിഞ്ഞ് പ്രണയവും കൊണ്ട് ഓടി രക്ഷപ്പെട്ടതാണ്. ദുഃഖവും വേദനയും മാത്രമല്ല, പ്രണയവും വറ്റി വറ്റി വരണ്ടുപോകും കാലത്തിന്റെ ഒഴുക്കില്‍. സ്‌കൂളിലൊക്കെ പഠിക്കുമ്പോള്‍ അച്ഛന്‍ എന്നെ ലാളിച്ചിരുന്നു. ഞങ്ങള്‍ ഒരു ടീമായി അമ്മയെ തോല്‍പ്പിച്ചിരുന്നു. പിന്നെപ്പിന്നെ തോല്‍വി പതിവായപ്പോള്‍ അമ്മ ഞങ്ങളുടെ ടീമില്‍ നിന്ന് എന്നെ റാഞ്ചിയെടുത്തു. അതോടെ അച്ഛനായി തോല്‍വിയുടെ പതിവുകാരന്‍. 

പ്രണയിക്കാനായില്ലെങ്കില്‍ അമ്മയ്ക്ക് ശ്വാസംമുട്ടുമെന്ന് അച്ഛനെക്കാള്‍ നന്നായി ആര്‍ക്കാണറിയാവുന്നത്! മറ്റെവിടെയോ പതുപതുത്തു കിടക്കുന്ന ആര്‍ദ്രതയിലേക്ക് ആ പ്രണയവേരുകള്‍ നീണ്ടുപോകുന്നുണ്ടെന്ന് അച്ഛന്‍ എന്നും സംശയിച്ചു. അജ്ഞാതനായ ആ ശത്രുവിനെ കണ്ടെത്താനാകാതെ അച്ഛന്‍ ആകെയാകെ അശാന്തിയിലാഴ്ന്നു. അസ്വസ്ഥതയുടെ കോശങ്ങള്‍ അതിവേഗം പെരുകിയാണ് മനസ്സില്‍ അര്‍ബ്ബുദം വളരുന്നത്. അച്ഛന്റെ മനസ്സിലും ചിന്തയിലും കീമോതെറാപ്പിയോ റേഡിയേഷനോ ഒന്നും ചെയ്യാന്‍ ആരുമുണ്ടായിരുന്നില്ല. സമ്പൂര്‍ണ്ണമായ അവഗണനയുടെ പ്രകൃതിചികിത്സ. അതാകട്ടെ, ഒരു ഫലവും ചെയ്തതുമില്ല. അങ്ങനെയാണ് അമ്മ അച്ഛനെന്ന അര്‍ബ്ബുദത്തെ മുറിച്ചുമാറ്റിയത്. ഓപ്പറേഷന്റെ വലിയൊരു വടു ബാക്കിനിന്നെങ്കിലും അമ്മയ്ക്ക് പിന്നെ ജീവിതം ശാന്തമായിരുന്നു. ആയിരുന്നോ? ആര്‍ക്കറിയാം! അത്രമേല്‍ ചേര്‍ന്നുനിന്നാലും ഉള്ളിലെന്താണെന്ന് ആര്‍ക്കാവുന്നു മനസ്സിലാക്കാന്‍! 

അമ്മയുടെ മാത്രം ഇഷ്ടപ്രകാരമായിരുന്നു എന്റെ കല്യാണം. ഇഷ്ടപ്പെട്ടവരെ കല്യാണം കഴിക്കുന്നതിലല്ല, കല്യാണം കഴിക്കുന്നവരെ ഇഷ്ടപ്പെടുന്നതിലാണ് വിജയം എന്നായിരുന്നു അമ്മയുടെ ഉപദേശം. ഇഷ്ടമൊക്കെ ഓരോരുത്തരുടേയും സ്വകാര്യമാണെന്ന് എനിക്കറിയാമായിരുന്നു. അമ്മയുടെ ടീം ആയിരിക്കുന്നത് വലിയ സൗകര്യമാണെന്നും എനിക്കറിയാമായിരുന്നു. പലതരം അറിവുകള്‍ കൂട്ടിയും കിഴിച്ചും ഉണ്ടാക്കുന്ന അറ്റാദായമാണല്ലോ ജീവിതവിജയം. ഞങ്ങള്‍ക്ക് താമസിക്കാന്‍ വീടൊരുക്കിത്തരുന്നതും അമ്മയുടെ വിജയമാണല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്ക് വല്ലാതെ ചിരി വന്നതാണ്. ആരുടെയൊക്കെ വിജയവും പരാജയവുമാണ് നമ്മുടെ ജീവിതം! സ്വന്തം ജീവിതത്തില്‍ വലിയൊരു മേല്‍ക്കൈയൊന്നുമില്ലാത്തത് നമുക്ക് മാത്രമാണോ! ഞങ്ങള്‍ പുതിയ വീട്ടിലേക്ക് മാറി. ഞങ്ങള്‍ക്ക് മകന്‍ പിറന്നു - എല്ലാം അമ്മയുടെ വിജയങ്ങളായിരുന്നു. പേരക്കുട്ടി ആണായത് പ്രത്യേക വിജയം!

അമ്മ പണം കടം കൊടുത്തു. ഉടലിനെ ഒരുത്സവം പോലെ അണിയിച്ചൊരുക്കി. ചിട്ടപ്പെടുത്തിയ പെരുമാറ്റം കൊണ്ട് പ്രൗഢിയുടെ പര്യായമായി. അതിശയമായിരുന്നു അമ്മയുടെ പരിണാമം. ''ആ അശ്രീകരം പിടിച്ചവന്‍ വിട്ടുപോയപ്പോള്‍ അവളങ്ങു തെളിഞ്ഞു'' എന്ന് അമ്മയ്ക്ക് പുകഴ്ചകള്‍ കൈവന്നു. കളയൊഴിഞ്ഞ വയലുപോലെ അമ്മ നൂറുമേനിയില്‍ കതിര്‍ക്കനം പൂണ്ടു വിളഞ്ഞു. വിളങ്ങി. ഓര്‍മ്മകളിലേക്കെങ്കിലും അച്ഛനെ വിരല്‍ പിടിച്ചു കൊണ്ടുവരാന്‍ ഞങ്ങള്‍ക്കു നേരമുണ്ടായിരുന്നില്ല. അമ്മയുടെ ടീം ആയിരിക്കുന്നത് വലിയ സൗകര്യമായിരുന്നു. 

നീണ്ടു വളര്‍ന്ന തളിരിലകളുടെ ഇടുപ്പില്‍നിന്ന് പ്രണയത്തിന്റെ താങ്ങുവേരുകള്‍ അന്തരീക്ഷത്തില്‍ തുഴഞ്ഞു നിന്നു. അവിടവിടെ വന്നു മുട്ടിക്കൂടിയ ഇടങ്ങളിലെല്ലാം താങ്ങുവേരുകള്‍ പറ്റിപ്പിടിച്ചു. അമ്മയുടെ ജീവിതം നാമ്പു നീട്ടി എവിടേക്കൊക്കെയോ പടര്‍ന്നു കയറി. വേരിനു ബലമില്ലാതെ, നാമ്പിനു കരുത്തില്ലാതെ, മുരടിച്ച് അമ്മയുടെ ചുവട്ടില്‍ വെറുതേ ഞാന്‍! ഞാന്നു കിടന്ന പറ്റുവേരുകളിലേക്ക് വന്നു തൊട്ട ആര്‍ദ്രതകളിലൊക്കെ അമ്മ സൗഹൃദം പതിപ്പിച്ചു. തളിര്‍ച്ചുരുളുകള്‍ നീട്ടി ബലവത്തായ ഇടങ്ങളിലേക്ക് ചുറ്റിക്കയറി. 

അത് സ്വാഭാവികമായിരുന്നു. തളിര്‍ച്ചുരുളുകള്‍ ചെന്നു ചുറ്റിപ്പിടിച്ച ചില കമ്പുകള്‍ അടര്‍ന്നും പൊട്ടിയും വീണു. അമ്മയുമായുള്ള പണമിടപാടിന്റെ പേരിലായിരുന്നു കൊലപാതകമെന്നാണ് അയാളും പറഞ്ഞത്. അമ്മയുടെ മനോഹരമായ വയറിനെ അയാള്‍ കുത്തിക്കുത്തി തുളച്ച് അരിപ്പ പോലെയാക്കിക്കളഞ്ഞെന്നാണ് ആശുപത്രിയിലുണ്ടായിരുന്ന ആരോ പറഞ്ഞതു ഞാന്‍ കേട്ടത്. അതും പോരാഞ്ഞ് കഴുത്തിലും കൈയിലും തലയിലും നെടുങ്കന്‍ വെട്ടുകള്‍. അത്രയ്ക്കരിശം തോന്നാന്‍ മാത്രം എന്താവും അമ്മ അയാളോടു ചെയ്തിട്ടുണ്ടാവുക? എനിക്കാകെ നിലതെറ്റിപ്പോയിരുന്നു. നിറയെ ബാന്റേജില്‍ പൊതിഞ്ഞ ചീര്‍ത്ത ശരീരത്തിനു മുന്നില്‍ ആ തുടുത്ത മുഖം മാത്രമേ അമ്മയുടേതായി തിരിച്ചറിയാനുണ്ടായിരുന്നുള്ളൂ. കൂരിരുട്ടില്‍ മുനിഞ്ഞു കത്തുന്ന ഒരു ചെരാതിലെ നേര്‍ത്ത വെളിച്ചമാണ് ആ മുഖമെന്നെനിക്കു തോന്നി. തലയ്ക്കുള്ളിലേക്ക് ഒരു ചുഴലിക്കാറ്റ് നൂണ്ടിറങ്ങി ഞാന്‍ ഒരുലച്ചില്‍ മാത്രമായിപ്പോയിരുന്നു. അമ്മമ്മയുടെ പൊതിഞ്ഞുകെട്ടിയ ശരീരത്തിലേക്ക് ഉറ്റുനോക്കി നില്‍ക്കുന്ന എന്റെ മകനെ ഒരു കൗതുകക്കാഴ്ചയായി ഞാന്‍ കണ്ടു. പാവം കുട്ടി! മൃതദേഹങ്ങള്‍ എല്ലാ മനുഷ്യര്‍ക്കും കൗതുകക്കാഴ്ചകളാണ്. ജഡത്തിനു മുന്നില്‍ എല്ലാ മനുഷ്യരും കുട്ടികളാണ്. നാം ജീവിതത്തില്‍ നില്‍ക്കുമ്പോള്‍ അവര്‍ അതും കടന്ന് പോയിരിക്കുന്നല്ലോ! ശവം കാണുന്നത് എല്ലാ മനുഷ്യരിലും നിഗൂഢമായ ഒരാശ്വാസം പകരും. ആഹ്ലാദം വാര്‍ത്തുകളഞ്ഞത്. പേടിയുടെ ഉപ്പു ചേര്‍ത്തത്.

ഒന്നുമൊന്നുമില്ലാതായി എന്റെ മനസ്സില്‍. ഞാന്‍ കേവലമായ ജീവന്‍ മാത്രം. ശ്വാസമെടുക്കുന്ന ഒരു വെറും ശരീരം. ആ മൃതശരീരത്തിനടുത്ത് ഞാന്‍ തുഴഞ്ഞു തുഴഞ്ഞു നിന്നതേയുള്ളൂ. അന്നു രാത്രിയാണ് ഒരിറ്റു സ്നേഹത്തിനായി ഞാന്‍ പിടഞ്ഞുപോയത്. ഒറ്റപ്പെടലിന്റെ കൊടും കടിയേറ്റ് എന്റെ ഉടലാകെ പൊള്ളി. ഞരമ്പുകളില്‍ ഏകാന്തതയുടെ വിഷം. ഉള്ളിലൊഴുകുന്നത് ചോരയല്ല, ആസിഡിന്റെ താപം. ശ്വാസമെടുക്കാനാവാതെ ശരീരം കുതറി. പേടിച്ചുവിറച്ച് ഛര്‍ദ്ദിച്ചപ്പോള്‍ ഒലിച്ചത് കുഴമഞ്ഞ മലമാണെന്നെനിക്കു തോന്നി. അക്... ഇടവിടാതെ ഞാന്‍ ഓക്കാനിച്ചു. ലോകത്തിലെ ഒരേയൊരു മനുഷ്യജീവിയായി ഞാന്‍. കട്ടിയിരുട്ടിന്റെ ആഴങ്ങളില്‍ ഞാന്‍. ഞാന്‍ മാത്രം. 

മനുഷ്യര്‍ക്കു കിട്ടിയിട്ടുള്ള ഏറ്റവും വലിയ അനുഗ്രഹം കരയാനുള്ള ശേഷിയാണ്. കരഞ്ഞു കരഞ്ഞ് ഞാന്‍ ജീവിതത്തിലേക്ക് നിരങ്ങി. അപ്പോഴാണ് ആഴങ്ങളിലേയ്ക്ക് ആശ്വാസത്തിന്റെ ചൂണ്ടക്കൊളുത്തായി അയാളുടെ വിളി ഫോണില്‍ എത്തിയത്. എത്ര കരുതലോടെയാണെന്നോ അയാളെന്നെ പതിയെപ്പതിയെ മുകള്‍പ്പരപ്പിലേക്കുയര്‍ത്തിയത്! 

ജോലിക്കിടെ എപ്പോഴോ എവിടെയോ ഇടപെട്ടിട്ടുള്ള ഒരാള്‍ മാത്രമായിരുന്നു അയാള്‍. പല പണികള്‍ക്കിടെ എപ്പോഴൊക്കെയോ എവിടെയൊക്കെയോ ഇടപെടുന്നവര്‍ മാത്രമാണല്ലോ എല്ലാവരും. സങ്കടങ്ങളുടെ ശൂന്യാകാശ മരവിപ്പില്‍നിന്ന് അയാള്‍ വാക്കുകളുടെ കരുതലില്‍ പൊതിഞ്ഞ് പെറ്റുവീണ ഒരു കുഞ്ഞിനെയെന്നോണം എന്നെ പരിചരിച്ചു. 

മനുഷ്യസാധ്യമായ ഏറ്റവും വലിയ കണ്ടെത്തലുകളാണ് വാക്കുകള്‍. ദൈവത്തിനേയും പിശാചിനേയും പെറ്റ അമ്മ. നനുത്ത വാക്കുകളില്‍ നേര്‍മ്മയോടെ കരുതല്‍ ഇറ്റിച്ച് അയാള്‍ എന്നെ സാധാരണ ജീവിതത്തിലേയ്ക്കു വളര്‍ത്തിയെടുത്തു. എല്ലാ സഞ്ചാരങ്ങളിലേയ്ക്കും ഒരുങ്ങിയെത്താന്‍ വൈകുന്ന എന്നെ കാത്ത്, അക്ഷമയോടെ ഇരിക്കുകയായിരുന്ന എന്റെ മകന്റേയും അവന്റെ അച്ഛന്റേയും കൂടെ ഞാന്‍ യാത്ര തുടര്‍ന്നു. 

പക്ഷേ, അയാളോടുള്ള കൃതജ്ഞത എനിക്കു വീട്ടേണ്ടതുണ്ടായിരുന്നു. ആ നന്ദിയോര്‍ത്ത് എന്റെ വരണ്ട മുലകള്‍ ചുരന്നു. എനിക്ക് അയാളെ കാണണമായിരുന്നു. ഞാനയാളെ കണ്ടു. എനിക്കയാളെ തൊടണമായിരുന്നു. ഞാനയാളെ തൊട്ടു. എനിക്കയാളോട് പറയണമായിരുന്നു. ഞാന്‍ പറഞ്ഞു. പക്ഷേ, എന്റെ വാക്കുകള്‍ അയാള്‍ക്ക് മനസ്സിലാകുന്നതായിരുന്നില്ല. എന്റെ പെണ്‍വാക്കുകളെ ആണ്‍ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്താണ് അയാള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചത്. എനിക്കയാളോട് പാവം തോന്നി. സഹതാപത്തോടെ, വാത്സല്യത്തോടെ ഞാന്‍ അയാളുടെ മുഖം തഴുകി. കടഞ്ഞെടുത്ത വാക്കുകള്‍കൊണ്ട് അയാള്‍ എനിക്കായി നെയ്തൊരുക്കി. അയാളോടുള്ള കൃതജ്ഞത എനിക്ക് വീട്ടേണ്ടതുണ്ടായിരുന്നു. ശരീരത്തില്‍  ചില വെറും സ്പര്‍ശങ്ങളേ അയാള്‍ക്ക് വേണ്ടിയിരുന്നുള്ളൂ എന്നറിഞ്ഞപ്പോള്‍ അവജ്ഞയാണ് തോന്നിയത്. സങ്കടവും. എന്നാലോ! ഏകാന്തതയുടെ വിഷമിറക്കാന്‍ എനിക്കയാളുടെ പച്ചിലഗുളികകള്‍ വെള്ളം തൊടാതെ വിഴുങ്ങണമായിരുന്നു. 

അയാളുടെ ചുണ്ടുകള്‍ പഴകിയ ബണ്ണുപോലെ രുചി കെട്ടതായിരുന്നു. എന്റേതു മാത്രമായി ഒരു രഹസ്യമുണ്ടാകുന്നതിന്റെ ഗൂഢാനന്ദം എനിക്കെവിടെയോ നേരിയൊരു തരിപ്പു നല്‍കി. അത്ര തുച്ഛമായ ഒന്നായിരുന്നു അയാള്‍ക്ക് ജീവിതവിജയം! ഗൂഢാനന്ദത്തിന്റെ ആ നേരിയ തരിപ്പാണ് അമ്മയെ കതിര്‍ക്കനം പൂണ്ട തെളിച്ചത്തിലേക്കെത്തിച്ചത് എന്ന് ഒരു ബോധോദയത്തില്‍ ഞാനറിഞ്ഞു. അമ്മയെ ആവര്‍ത്തിക്കുന്നത് എന്തൊരു നാണക്കേടാണെന്നോര്‍ത്തപ്പോഴാണ് അയാള്‍ക്കായി ഞാനും കണിശമായ പ്ലാനും പദ്ധതിയുമൊരുക്കിയത്. 

നെഞ്ചിനു നടുവില്‍ ഇടതു വശത്തായി നാലാമത്തേയും അഞ്ചാമത്തേയും വാരിയെല്ലുകള്‍ക്കടിയില്‍ അയാള്‍ക്കൊരു ഹൃദയമുണ്ടെന്ന് പല തവണ ഞാന്‍ പരിശോധിച്ച് ഉറപ്പു വരുത്തി. 15 ടി സര്‍ജിക്കല്‍ ബ്ലേഡ് ശ്രദ്ധയോടെ ഉപയോഗിക്കാന്‍ നിത്യവും ഞാന്‍ പരിശീലിച്ചു. 

ഇണചേരുമ്പോള്‍ പോലും ശാരീരികാദ്ധ്വാനം പരിചയമില്ലാത്ത അയാള്‍ എന്റെ ഉടലിനു ചോടെ ചൂടുപറ്റി മയങ്ങാന്‍ തുടങ്ങിയിരുന്നു. പിന്നെയും ഞാന്‍ അയാള്‍ക്കുമേല്‍ ഉയര്‍ന്നിരുന്നു. അയാളുടെ കരിഞ്ഞുവറ്റിയ മുലക്കണ്ണുകളില്‍ ഞൊട്ടി വേദനിപ്പിച്ചു. 

ഹേയ്... എനിക്ക് വേദനയെടുക്കും. 

ഹ...ഹ... പുറത്തൊന്നു ഞൊട്ടിയാല്‍ ഇത്ര വേദനയോ! അപ്പോള്‍ ഹൃദയം തുളയുമ്പോള്‍ എന്തായിരിക്കും സ്ഥിതി!

പിന്നെയും ഞാന്‍ അമ്മയെക്കുറിച്ചാണോര്‍ത്തതെന്ന് അയാള്‍ തെറ്റിദ്ധരിച്ചു.

ഒന്ന്, രണ്ട്, മൂന്ന്, നാല്... ഇതാ ഇവിടെയാണ് ഹൃദയം. മൂന്നിഞ്ച് അഗാധതയില്‍. ഞാന്‍ അയാളെ അമര്‍ത്തിക്കിടത്തി. 

ഓണ്‍ ദ റോപ്സ് ആയാലോ?

ഒരു ചെയ്ഞ്ച് ആര്‍ക്കാണിഷ്ടമാവാത്തത് എന്ന് തിരിച്ചറിഞ്ഞു തന്നെയാണ് ഞാന്‍ ചോദിച്ചത്.
രത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന് സ്വയം പ്രശംസിക്കാറുള്ള അയാളുടെ വലിയ ആഹ്ലാദം മുറിയിലാകെ പ്രസരിച്ചു.

നീണ്ടൊരു നാടകൊണ്ട് അയാളുടെ കൈകള്‍ ഞാന്‍ തലയ്ക്കു മുകളിലേക്ക് കെട്ടിവെച്ചു. രണ്ടു കാലുകളും കട്ടില്‍ക്കാലുകളിലേക്ക് വലിച്ചുകെട്ടി.

കിടപ്പറയില്‍ ആണിന് അടിമഭാവം ആഹ്ലാദം പകരുന്നതെന്തുകൊണ്ടായിരിക്കുമെന്ന് പൊടുന്നനെ ഒരാലോചന എന്നില്‍ വിടര്‍ന്നു പൊലിഞ്ഞു.

ഒരിക്കലും നമ്മുടേതല്ലാത്ത ഇടങ്ങളും ഭാവങ്ങളും പകരുന്ന അപരിചിതാനുഭവത്തിന്റെ വെറും കൗതുകമായിരിക്കും. അല്ലാതെന്ത്!

അയാളുടെ വയറ്റത്ത് ഞാന്‍ നിവര്‍ന്നിരുന്നു. 

ഹ...ഹ... മലമ്പുഴയിലെ യക്ഷിയെപ്പോലെയുണ്ട്. 

അയാള്‍ ഇപ്പോഴും തമാശയിലാണല്ലോ എന്ന് എനിക്ക് സഹതാപം തോന്നി. ഞാന്‍ യക്ഷിയെപ്പോലെ കൈകള്‍ തലയ്ക്കു പിന്നിലേക്കാക്കി അയാള്‍ക്കൊരു കാഴ്ച അനുവദിച്ചു.

പെട്ടെന്ന് വയറ്റത്ത് മൂത്രച്ചൂടു തട്ടി അയാള്‍ ഞെട്ടിക്കുതറി.

അയ്യേ! ഛെ എന്തായിത്...

ഞാന്‍ നിര്‍ത്തുമ്പോഴേക്ക് അയാളുടെ ഉടലും കിടക്കയുമാകെ നനഞ്ഞു.

ഛീ പന്നീ... അനങ്ങിപ്പോകരുത്.

കണ്ടിച്ചു ദൂരെക്കളയും ഞാന്‍. കണ്ണ് ഞാന്‍ കുത്തിപ്പൊട്ടിക്കും... 

സര്‍ജിക്കല്‍ ബ്ലേഡിന്റെ വായ്ത്തലയിലെ തിളക്കം അയാളെ നടുക്കിക്കളഞ്ഞു. പേടിയെക്കാള്‍ അപ്രതീക്ഷിതത്വത്തിന്റെ ആഘാതമാണയാള്‍ക്കെന്ന് എനിക്കറിയാം. 

അയാള്‍ക്കുമേല്‍ ഞാന്‍ എഴുന്നേറ്റു നിന്നു. നാലാമത്തേയും അഞ്ചാമത്തേയും വാരിയെല്ലുകള്‍ക്കിടയില്‍ വലതുകാലിന്റെ പെരുവിരല്‍ പതിപ്പിച്ചു - ഇതാ ഇതിനിടയിലാണ് ഹൃദയം. 

അയാള്‍ അനങ്ങാതെ കിടന്നതേയുള്ളൂ. മെല്ലെയുണര്‍ന്നു മാറി സാവധാനം ഞാന്‍ വസ്ത്രം ധരിച്ചു.

കത്തി കാണിച്ചുകൊണ്ടു ഞാന്‍ പറഞ്ഞു: ഔദാര്യമാണ് നിന്റെ ജീവന്‍. ഈ കത്തിമുന കൊണ്ട് ഹൃദയത്തില്‍നിന്ന് അതു തോണ്ടിയെടുക്കാനാണ് ഞാന്‍ വന്നത്. പക്ഷേ, ആര്‍ക്കു വേണം നിന്റെ വിലകെട്ട ജീവന്‍...
വാതില്‍ തുറന്ന് പതുക്കെ ഞാന്‍ പുറത്തേക്കിറങ്ങി. ഏകാന്തതയുടെ വിഷം ഇപ്പോളെനിക്ക് മയക്കുമരുന്നായിരിക്കുന്നു. ലഹരിയില്‍ ഞാന്‍ പതുക്കെ നടന്നു. അയാള്‍ക്ക് ആശ്വാസത്തെക്കാള്‍ പുച്ഛമായിരിക്കും തോന്നുന്നുണ്ടാവുക എന്നെനിക്കറിയാം. ആ അറിവിനെ അവജ്ഞയുടെ ഒരു ചിരി കൊണ്ട് മറികടക്കാനാണ് ഞാന്‍ ശ്രമിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com