'കാലൊടിഞ്ഞ പുണ്യാളന്‍'- ഷനോജ് ആര്‍. ചന്ദ്രന്‍ എഴുതിയ കഥ

ബാറിലെ ജനാലയ്ക്കപ്പുറം സാവിയോ പുണ്യാളന്‍ പമ്പയാറിനു മേലെ കുതിരപ്പുറത്തു പായുന്നു
'കാലൊടിഞ്ഞ പുണ്യാളന്‍'- ഷനോജ് ആര്‍. ചന്ദ്രന്‍ എഴുതിയ കഥ

ബാര്‍ 

ബാറിലെ ജനാലയ്ക്കപ്പുറം സാവിയോ പുണ്യാളന്‍ പമ്പയാറിനു മേലെ കുതിരപ്പുറത്തു പായുന്നു. വശത്തേക്ക് തിരമാല ചിതറിത്തെറിപ്പിക്കുന്ന ഓളപ്പാത്തിയിലൂടെ അതിശീഘ്രം. രാത്രിയില്‍ വെള്ളിനിറമുള്ള ജലം തുരുതുരാ പറപ്പിച്ച് പ്രകാശവേഗം. ആ വേഗപ്പാച്ചിലില്‍ ഒരു ജലഭിത്തി പുണ്യാളന്റെ പിന്നാലെ പൊങ്ങിയുയര്‍ന്നു. അതടങ്ങുമ്പോള്‍ പുണ്യാളന്‍ വളവിലെങ്ങോ അപ്രത്യക്ഷനായി.

തെറിച്ച ജലത്തുള്ളികളില്‍ ഒരെണ്ണം ബാറിനുള്ളിലെ മദ്യം നിറച്ച സ്ഫടിക ഗ്ലാസ്സില്‍ വീണു.

ഒന്നര മണി പുലര്‍ച്ചെ അമ്പലപ്പുഴ സി.ഐ ശ്രീകുമാറും കടപ്ര എ.എസ്.ഐ സ്റ്റീഫനും നിറച്ച നാലാമത്തെ സീസറിന്റെ മറവില്‍ കഴിഞ്ഞ രണ്ട് മണിക്കൂറിനുള്ളില്‍ ഇതുവരെ കഴിഞ്ഞ അന്വേഷണ പുരോഗതി പറയുന്നതിനിടയില്‍ പിള്ളാരെപ്പിടുത്തക്കാരിലെത്തി.

'പണ്ടിവിടെ പള്ളിപ്പെരുന്നാളിന് കാര്യമായി പിള്ളാരെപ്പിടുത്തക്കാര്‍ വരുമായിരുന്നു.'

ജന്മനാ കടപ്രാക്കാരനായ സ്റ്റീഫന്‍ തന്റെ ഓര്‍മ്മ പങ്കുവെച്ചു.

'എന്റെ സ്‌കൂള്‍ കാലത്തൊക്കെ. പലയിടത്തുനിന്ന് തട്ടിക്കൊണ്ടു വന്ന കുട്ടികളുടെ കണ്ണ് പൊട്ടിച്ചും കാലും കയ്യുമൊടിച്ച് വികലാംഗരാക്കിയും പിള്ളാരെപ്പിടുത്തക്കാര്‍ പള്ളിവാതില്‍ മുതല്‍ കടപ്രാപ്പാലം വരെയും ബോട്ട് ജെട്ടി വരെയും നിരന്നിരിക്കും.'

പിന്നെ നാടകപ്രേമി കൂടിയായ സ്റ്റീഫന്‍ എഴുന്നേറ്റ് സി.ഐയുടെ മുന്നില്‍ കുനിഞ്ഞ് വികൃതമായി അഭിനയിച്ചു കാണിച്ചു.

'കണ്ണില്ലാത്ത പൈതങ്ങളാണേ. ഇന്നലെ മുതല്‍ ഒന്നും കഴിച്ചിട്ടില്ലേ. പുണ്യാളനെ ഓര്‍ത്ത് എന്തേലും തരണേ.'

വീണ്ടും കസേരയില്‍ ഇരുന്ന് സ്റ്റീഫന്‍ പറഞ്ഞു: 'എന്ന് പിള്ളാരെപ്പിടുത്തക്കാര്‍ നിലവിളിക്കും.'

'അമ്മയ്‌ക്കൊപ്പം പെരുന്നാളിന് പുണ്യാളന് കുഞ്ഞു കൊഴുക്കട്ടയും അരി വറുത്തതും കൊണ്ടു വരുമ്പോള്‍ എനിക്ക് പേടിയായിരുന്നു. അമ്മയെ കാണാതെ പിള്ളാരെപ്പിടുത്തക്കാര്‍ എന്നെ നോക്കി മധുരമായി പുഞ്ചിരിക്കും. കൂടെ വരുന്നോന്ന് ചോദിക്കുന്ന പോലെ.'

പുലര്‍ച്ചെ ബാറിന്റെ ജനാലയ്ക്കപ്പുറം തണുത്ത കാറ്റിനേയും ഇരുട്ടിനേയും ഓട്ടോമാറ്റിക്ക് ലൈറ്റുകളേയും ദൂരെ പാലത്തിനപ്പുറം പമ്പാനദീ തീരത്ത് നീലാകാശത്തിനു താഴെ അനശ്വരതയെ മകുടമാക്കി നില്‍ക്കുന്ന പള്ളിയേയും നോക്കി സി.ഐ ശ്രീകുമാര്‍ ഇരുന്നു. വിശ്വാസികള്‍ ഒരു രാത്രി കഴിഞ്ഞ ഈ പുലര്‍ച്ചെയും പള്ളി വിട്ട് പോയിട്ടില്ല. ചിലര്‍ പള്ളിക്ക് മുന്നില്‍ കൂട്ടം കൂടി നില്‍ക്കുന്നു. മറ്റു ചിലര്‍ നദീതീരത്ത് അങ്ങിങ്ങായി ഇരിക്കുകയും നില്‍ക്കുകയും ചെയ്തു. ചിലരാകട്ടെ, ബാറിലേക്ക് ഓടിവന്ന് ക്യൂ നിന്ന് സങ്കടത്തില്‍ കയ്പ് ചേര്‍ത്ത് വിഴുങ്ങി പോകുകയും വരികയും ചെയ്തുകൊണ്ടിരുന്നു.

ചിത്രീകരണം: ​ദേവപ്രകാശ്
ചിത്രീകരണം: ​ദേവപ്രകാശ്

'സ്റ്റീഫന്‍ എന്താണ് ഉദ്ദേശിക്കുന്നത്?'

സി.ഐ ശ്രീകുമാര്‍ പുറത്തുനിന്ന് കണ്ണെടുക്കാതെ തന്നെ ചോദിച്ചു.

സീസറിന്റെ ഒടുവിലത്തെ തുള്ളി തൊണ്ടയില്‍ ഇറ്റിക്കാന്‍ പാടുപെട്ട് എ.എസ്.ഐ സ്റ്റീഫന്‍ പറഞ്ഞു:

'ഇപ്പോള്‍ പഴയ മട്ടില്‍ കാര്യമായി പിള്ളാരെപ്പിടുത്തക്കാര്‍ വരുന്നില്ലെങ്കിലും ഒറ്റയ്ക്കും തെറ്റയ്ക്കുമുണ്ടെന്നാണ് എന്റെ നിഗമനം.'

'അതുകൊണ്ട് ?'

സി.ഐ ശ്രീകുമാര്‍ സ്റ്റീഫന്റെ കുശാഗ്രബുദ്ധിയിലേക്ക് നോക്കി.

'അവന്മാര് പഠിച്ച കള്ളന്മാരാ സാറേ.'

സ്റ്റീഫന്‍ കഴിഞ്ഞ രണ്ട് മണിക്കൂറ് കൊണ്ട് ആവര്‍ത്തിച്ച് നെല്ല് ചിക്കിയും പതിര് മാറ്റിയും എത്തിച്ചേര്‍ന്ന തന്റെ വെളിപാട് പ്രഖ്യാപിച്ചു.

'പുണ്യാളന്റെ തിരുസ്വരൂപം അവര് മോട്ടിച്ചുകൊണ്ട് പോകാനാ സാധ്യത.'

ആ തുമ്പില്‍ പിടിച്ച് പുറത്തേക്കിറങ്ങണോ അതോ ഒരു അറുപത് കൂടി പറയണോ എന്ന തീരുമാനമെടുക്കാന്‍ എന്നത്തേയും പോലെയുമുണ്ടാകുന്ന വലിയ താത്ത്വിക പ്രതിസന്ധിക്കൊടുവില്‍ സി.ഐ ശ്രീകുമാര്‍ ഒരു ഒന്നര കൂടി പറഞ്ഞ് ഒരു സിഗരറ്റ് ചുണ്ടില്‍വെച്ച് പൊള്ളിച്ചു.

കൊല്ലംകാരുടെ പെരുന്നാള്‍ 

കടപ്രായിലെ തരംഗിണി ബാറില്‍ വെച്ച് എ.എസ്.ഐ സ്റ്റീഫനും സി.ഐ ശ്രീകുമാറും നാളെ പത്രങ്ങളിലും മാധ്യമങ്ങളിലും ചൂടപ്പംപോലെ വിറ്റഴിയാന്‍ പോകുന്ന ഒരു മോഷണത്തിന്റെ അന്വഷണ വഴിയില്‍ പിള്ളാരെപ്പിടുത്തക്കാരില്‍ തട്ടിനിന്നു. സാവിയോ പുണ്യാളന്റെ തിരുസ്വരൂപം നടാടെ മോഷ്ടിക്കപ്പെട്ടു എന്നറിഞ്ഞ് കുരിശടിക്ക് മുന്നില്‍നിന്ന് മൂന്ന് മണിക്കൂറായി ലൈവ് സംപ്രേഷണത്തില്‍ തൊണ്ട വരണ്ട കുട്ടനാട് കേബിള്‍ വിഷന്‍ റിപ്പോര്‍ട്ടറിന്റെ ആത്മശാന്തിക്കായി ആ അവസാന തുള്ളി തൊണ്ടയില്‍ തണുപ്പിച്ച് എ.എസ്.ഐ സ്റ്റീഫന്‍ സി.ഐ ശ്രീകുമാറിന്റെ പിന്നാലെ ബാറില്‍നിന്നിറങ്ങി. കൊല്ലംകാരുടെ പെരുന്നാള്‍ കഴിഞ്ഞ് തിരുസ്വരൂപം കൊണ്ടുപോകേണ്ടിയിരുന്ന വെപ്പുവള്ളക്കാര്‍ സാവിയോ പുണ്യാളന്‍ വിളികേള്‍ക്കുമെന്ന പ്രതീക്ഷയില്‍ 'പരിശുദ്ധനായ സാവിയോ പുണ്യാളാ തിത്തൈതകതൈതതോ, ശീഘ്രം വന്ന് വള്ളം കേറോ തിത്തൈതകതൈതോ' എന്ന് ഇടിച്ചു കുത്തി പാടിക്കൊണ്ടിരുന്നു.

അപ്പോഴേക്കും പെരുന്നാളിനെത്തിയ പിള്ളാരെപ്പിടുത്തക്കാരെന്ന് സംശയിക്കുന്ന മുഴുവന്‍ പേരെയും സ്റ്റേഷനിലെത്തിക്കാന്‍ സി.ഐ ശ്രീകുമാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. യാചകരായി നടിച്ചേക്കാവുന്ന പിള്ളാരെപ്പിടുത്തക്കാരുടെ ഭാണ്ഡക്കെട്ടുകള്‍ ഒന്നൊഴിയാതെ പരിശോധിക്കാനുള്ള നേതൃത്വം എ.എസ്.ഐ സ്റ്റീഫനെ തന്നെ ശ്രീകുമാര്‍ ഏല്പിച്ചു.

പേരുകേട്ട കടപ്രാ സാവിയോ പുണ്യാളന്റെ തിരുസ്വരൂപം പെരുന്നാള്‍ കാലത്ത് മാത്രമാണ് പുറത്തേക്കെടുക്കുക. അതുവരെ ചങ്ങങ്കരി കൊച്ചാച്ചി മാപ്പിളയുടെ നെല്‍പ്പത്തായത്തില്‍ പൂട്ടി വെക്കുന്ന വിശുദ്ധരൂപം ഒന്നാമിടത്തിന് പുലര്‍ച്ചെ ആകാശം കാണും. ആഘോഷമായി പമ്പയാറ്റിലൂടെ കളിവള്ളങ്ങളുടെ ഘോഷയാത്രയില്‍ സാവിയോ പുണ്യാളന്‍ പോകുന്നത് കാണേണ്ടത് തന്നെയാണ്. അത് കാണുന്നവര്‍ക്ക് രോമം എഴുന്നുനില്‍ക്കും. ബുള്ളറ്റ് എന്ന വെപ്പുവള്ളത്തിലാണ് പുണ്യാളനെ പല്ലക്കിലേറ്റി നാലുപേര്‍ നില്‍ക്കുക. നെഹ്‌റു ട്രോഫി വള്ളം കളിക്കും മൂലത്തിനും സര്‍വ്വമാന വള്ളംകളിക്കും വെപ്പ് എ ഗ്രേഡ് മത്സരത്തില്‍ കപ്പടിക്കുന്ന ബുള്ളറ്റ് വെപ്പുവള്ളത്തില്‍നിന്ന് പുണ്യാളന്‍ ഓളപ്പാത്തിയിലൂടെ കുതിരയെപ്പോലെ കുതിക്കും.

'പരിശുദ്ധനായ സാവിയോ പുണ്യാളാ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമേ' എന്ന് വള്ളം ജലത്തിനു മേലെനിന്ന് മുന്നോട്ട് ചാടും.

നടുത്തടിയില്‍ ആഞ്ഞടിക്കുന്ന ഇടിക്കാരന്‍ ഞങ്ങള്‍ വരുന്നേ എന്ന് അലറും.

അപ്പോള്‍ തുഴക്കാര്‍ തുഴകൊണ്ട് ജലത്താല്‍ ഒരു വൃത്തം വരച്ച് പുണ്യാളച്ചോ എന്ന് അതിന്റെ ബാക്കിയായി ആര്‍ത്തുവിളിക്കും.

അവസാനം നെഞ്ച് പൊട്ടി വിശുദ്ധ സാവിയോ, പുണ്യാളച്ചാ വിളി മാത്രം മുഴങ്ങിക്കേള്‍ക്കും. മുകളിലേക്ക് ചിതറുന്ന ജലം കാരണം വള്ളത്തേയും തുഴക്കാരേയും കാണാന്‍ പറ്റാതാവും. കരയ്ക്ക് നില്‍ക്കുന്നവര്‍ സാവിയോ പുണ്യാളനെ മാത്രം കാണും. പുണ്യാളന്‍ പമ്പയാറിനു മേലെ കുതിരപ്പുറത്ത് പോകുന്നു.

ബുള്ളറ്റ് വെപ്പു വള്ളത്തിന്റ കൂര്‍ത്ത ചുണ്ടിനടിയില്‍ ഒരു ചെറുപുണ്യാളരൂപം ഉണ്ട്. സത്യത്തില്‍ അദൃശ്യനായ ആ പുണ്യാളന്‍ തന്നെയാണ് അതിന്റെ ഒന്നാം തുഴ. ഒന്നാം പങ്കായം കാലന്‍ ഗോമസും. കടപ്രാപള്ളിക്കടവ് അടുക്കുന്നതിനകം വള്ളം കുതിക്കാന്‍ ആഞ്ഞ് തല്ലി കാലന്‍ നാല് പങ്കായം ഒടിച്ചുകളയും. പള്ളിക്കടവിലേക്കെടുക്കുന്ന സാവിയോ പുണ്യാളന്‍ അന്നു മുതല്‍ പത്തു ദിവസം രാജാവിനെപ്പോലെ പള്ളിവാതില്‍ക്കലെ പ്രത്യേകം സജ്ജീകരിച്ച അള്‍ത്താരയില്‍ ഇരിക്കും. ബോട്ടും വള്ളോം വണ്ടീം പിടിച്ച് കുട്ടനാട്ടുകാര്‍ പുണ്യാളനെ കാണാന്‍ തിക്കിത്തിരക്കും, ഒരു വര്‍ഷത്തെ പുണ്യാളന്റെ വിശപ്പ് തീര്‍ക്കാന്‍ അവര്‍ പാടം കൊയ്‌തെടുത്ത നെല്ല് ചിക്കി അരിയാക്കി കൊഴുക്കട്ടയും അരി വറുത്തതും കൊണ്ടുവരും. കൈനകരിക്കാരും ചേന്നങ്കരിക്കാരും ചമ്പക്കുളംകാരും പുല്ലങ്ങടിക്കാരും തായങ്കരിക്കാരും കണ്ടങ്കരിക്കാരും സ്‌പെഷ്യല്‍ ബോട്ട് സര്‍വ്വീസില്‍ കടപ്രായിലേക്കൊഴുകും.

തലേദിവസം പള്ളിയില്‍ എട്ടാമിടം  കൊല്ലംകാരുടെ പെരുന്നാള്‍. 

ബാക്കി ഒന്‍പതു ദിവസവും നാട്ടുകാരുടെ പെരുന്നാളാണെങ്കിലും എട്ടാമിടം കൊല്ലംകാരുടെയാണ്. പുണ്യാളനെ കാണാന്‍ കൊല്ലത്തൂന്ന് ആള്‍ക്കാര്‍ വരുന്ന ദിവസം. അന്ന് കുട്ടനാട്ടുകാരെല്ലാം കാഴ്ചക്കാരായി മാറിക്കൊടുക്കും. നാട്ടുകാര്‍ പള്ളിച്ചന്തയിലേക്കിറങ്ങി ചുരിദാറും ടീഷര്‍ട്ടും ചട്ടീം കലോം കളിപ്പാട്ടവും മേടിക്കാന്‍ സമയം കളയും. കൊല്ലത്തൂന്ന് തുടരെ വരുന്ന ലൈന്‍ബോട്ടിലും കെ.എസ്.ആര്‍.ടി.സി തീര്‍ത്ഥാടന സ്‌പെഷ്യലിലും വന്നിറങ്ങുന്ന കൊല്ലംകാരെ കൊണ്ട് പള്ളിമൈതാനം ശ്വാസം മുട്ടും.
അഷ്ടമുടി മുഴുവന്‍ അന്ന് പമ്പയാറ്റില്‍ മുടിയഴിച്ച് മുങ്ങിക്കുളിക്കും. കൊല്ലം നഗരത്തില്‍നിന്നും തേവള്ളിക്കായലിന്റേയും കണ്ടച്ചിറക്കായലിന്റേയും കല്ലടയാറിന്റേയുമടക്കം തീരത്തേയും മുഴുവന്‍ തുരുത്തിലേയും വിശ്വാസികള്‍ പുണ്യാളന്റെ മുന്നില്‍ ചുട്ടുപൊള്ളുന്ന വെയിലില്‍ പാറയില്‍ മുട്ടു കുത്തി സങ്കടം വിങ്ങിക്കരയും.

അക്കൂട്ടത്തില്‍ അഷ്ടമുടിക്കായലിന്റെ തീരത്തെ കട്ടച്ചിറ തുരുത്തില്‍നിന്ന് ക്രിസ്തുനാഥന്‍ തീര്‍ത്ഥാടക വാനില്‍ വന്നവനാണ് പീറ്റര്‍. ഇറങ്ങുമ്പോഴേ അവന്‍ പറഞ്ഞു: 'തിരിച്ചു ഞാന്‍ വണ്ടിയിലില്ല. ആലപ്പുഴേ ചെന്നിട്ട് കൊല്ലം ലൈന്‍ ബോട്ടേല്‍ കേറി വന്നോളാം. കഴിഞ്ഞിട്ട് നിങ്ങള്‍ പൊക്കോണം. എന്നെ നോക്കി സമയം കളയണ്ട.'

സ്ഥിരമായി കടപ്രായിലേക്ക് കട്ടച്ചിറയില്‍നിന്നു തീര്‍ത്ഥാടകരെ കൊണ്ടുവരുന്ന ശാമുവല്‍ ചോദിച്ചു: 'അതെന്താ.'

പുലരിയിലെ തണുപ്പിനെ നോക്കി പീറ്റര്‍ പറഞ്ഞു: 'രാത്രിയില്‍ വേമ്പനാട്ടില്‍നിന്ന് അഷ്ടമുടി വരെ കായലിലൂടെ കാറ്റ് കൊണ്ട് യാത്ര ചെയ്യാന്‍ ഒരു പൂതി.'

പീറ്റര്‍ ചിരിച്ചു. എന്നാല്‍, അങ്ങനെയാകട്ടെയെന്ന് ശാമുവല്‍ പറഞ്ഞു.

ആള്‍ക്കൂട്ടത്തില്‍ പുണ്യാളനെ കാണാന്‍ പീറ്റര്‍ തള്ളിയും തിക്കിയും കേറി. വരാന്തയിലെത്തി പുണ്യാളന്റെ മുന്നില്‍ ചെന്നു നിന്നു. അപ്പോള്‍ സമയം വൈകിട്ട് ആറ് മണിയായി.

കൊല്ലം X കുട്ടനാട് 

ഒരു ഗൂഢസംഘത്തിലെ അംഗമായിരുന്നു പീറ്റര്‍.
രണ്ട് നൂറ്റാണ്ട് മുന്‍പ്.

കടപ്രായില്‍ രാത്രിയില്‍ മിന്നല്‍പോലെ ഒരു കുതിര ആകാശത്ത് പാഞ്ഞത് കണ്ടതിന്റെ പിറ്റേന്ന് സാവിയോ പുണ്യാളന്റെ പള്ളി പണിയാന്‍ ഇടവകക്കാര്‍ തീരുമാനിച്ചു. നടന്നും നീന്തിയും വള്ളം തുഴഞ്ഞും കെട്ടുവള്ളത്തില്‍ കൂട്ടംകൂടി കിടന്നും കാതങ്ങള്‍ താണ്ടി കുര്‍ബ്ബാന കൈക്കൊള്ളാന്‍ ചമ്പക്കുളം പള്ളിയില്‍ പോയി മൂന്നോ നാലോ തലമുറ അപ്പോഴേക്കും വശം കെട്ടിരുന്നു. പമ്പയാറിന്റെ നടുവില്‍ സ്ഥലം കണ്ട് പള്ളിക്ക് തീരുമാനമായി. മീനച്ചിലാറ് വഴിയും പൂക്കൈതയാറ് വഴിയും അച്ചന്‍കോവിലാറ് വഴിയും ഒഴുക്കിക്കൊണ്ടു വന്ന തേക്കിന്റേയും ഈട്ടിയുടേയും ഘനത്തടികൊണ്ട് നദിയില്‍ ചങ്ങാടം കെട്ടി. അര ഏക്കറോളം വലിപ്പമുള്ള ചങ്ങാടം നദിയുടെ ആഴത്തില്‍ മണ്ണില്‍ ഉറപ്പിച്ചു. ആ തടിച്ചങ്ങാടത്തിനുമേല്‍ പമ്പയാറില്‍നിന്ന് മുങ്ങിയെടുത്ത കട്ടയും ചെളിയും മണലും വര്‍ഷങ്ങളോളം വാരിനിറച്ച് അതൊരു കരയാക്കി. മനുഷ്യപ്രയത്‌നം മരിച്ചും പൊരുതിയും പുണ്യാളന് സ്വന്തമായി ഭൂമിയുണ്ടാക്കി. അതിനുമേല്‍ പമ്പയില്‍ മുങ്ങിനിവര്‍ന്ന കളിമണ്ണ് കൊണ്ട് തന്നെ ഇഷ്ടിക കെട്ടി പുണ്യാളന് അനുയായികള്‍ പള്ളി നിര്‍മ്മിച്ചു.

പള്ളിയില്‍ പ്രതിഷ്ഠിക്കാന്‍ സാവിയോ പുണ്യാളന്റെ ലക്ഷണമൊത്ത ഒരു തിരുസ്വരൂപം വേണം. കൊല്ലത്തെ വെളുത്ത പുണ്യാളന്‍ പള്ളിയുടെ മച്ചില്‍ മൂന്നോ നാലോ തിരുസ്വരൂപങ്ങള്‍ കിടക്കുന്നുവെന്ന് കൊല്ലത്ത് നിന്ന് കശുവണ്ടി വാങ്ങി കടപ്രായില്‍ അണ്ടിക്കച്ചവടവും ബാക്കി പഴം വാറ്റി ചാരായക്കച്ചവടവും നടത്തുന്ന ഇട്ട്യേപ്പ് പറഞ്ഞു.

'രാത്രി പോയാല്‍ രണ്ടാം നാള്‍ പുലര്‍ച്ചെ കൊല്ലം കേറാം. വെളുത്ത പുണ്യാളന്‍ പള്ളിയില്‍ ഉച്ചയോടെ എത്തും. സാധനം കിട്ടിയാല്‍ അടുത്തതിന്റെ പിന്നത്തെ വെള്ളിയാഴ്ച പുണ്യാളന്റെ മുന്നില്‍ കുര്‍ബ്ബാന കൂടാം.'

കൈക്കണക്കില്‍ ദൂരം കൂട്ടി കമ്പിനി വള്ളക്കാരന്‍ പത്രോസ് പറഞ്ഞു.

അങ്ങനെ കെട്ടുവള്ളത്തിലും യുദ്ധത്തിനു പോകുന്ന വെപ്പും ഓടിയും വാടകയ്ക്ക് വാങ്ങിത്തുഴഞ്ഞും ഒരു സംഘം കടപ്രാക്കാര്‍ രണ്ട് രാത്രിയും രണ്ട് പകലും കൊണ്ട് കൊല്ലത്തെ വെളുത്ത പുണ്യാളന്‍ പള്ളിയില്‍ അടുത്തു. വള്ളത്തിലിരുന്നു തന്നെ സാഹിത്യകാരനായ ഐ.സി കൊടുപ്പുന്ന വള്ളക്കാര്‍ക്ക് തുഴപ്പാട് ശീഘ്രമാക്കാന്‍ താളത്തില്‍ ഒരു വള്ളപ്പാട്ടും എഴുതി. സാവിയോ പുണ്യാളനെ വാഴ്ത്തുന്ന ആ വഞ്ചിപ്പാട്ടും പാടിയാണ് കശുമാവിന്റേയും നെല്ലിന്റേയും നീര് നീന്തി മത്തുപിടിച്ച് കടപ്രാസംഘം കൊല്ലം കരയില്‍ തൊട്ടത്.

വെളുത്ത പുണ്യാളന്‍ പള്ളിയിലെ വികാരിയോടും ഇടവകക്കാരോടും കുട്ടനാട്ടുകാര്‍ ലോഹ്യം പറഞ്ഞ് അടുത്തു. തങ്ങളുടെ ആഗമനോദ്ദേശം തഞ്ചത്തില്‍ വെളിവാക്കി മച്ചില്‍ കേറി പുണ്യാളന്റെ തിരുസ്വരൂപം കാണാനും ഇഷ്ടപ്പെട്ടാല്‍ വാങ്ങാനും സമ്മതമാക്കി.

മച്ചിനുമേല്‍ മാറാലയ്ക്ക് നടുവില്‍ കുഞ്ഞുസാവിയോ കിടപ്പുണ്ടായിരുന്നു. വേറെ മൂന്ന് പുണ്യാളന്മാര്‍ക്ക് നടുവില്‍ പതിറ്റാണ്ടുകള്‍ വെളിച്ചം കാണാത്ത മച്ചില്‍. സാവിയോ പുണ്യാളനെ കണ്ടപ്പോള്‍ കടപ്രാക്കാര്‍ സങ്കടം കൊണ്ട് കരഞ്ഞു.

ഒരു കാലൊടിഞ്ഞ് കിടപ്പായിരുന്നു കുഞ്ഞുസാവിയോ.

'നമുക്കീ പുണ്യാളനെ മതി' കാലൊടിഞ്ഞ സാവിയോയെ നോക്കി ഐ.സി കൊടുപ്പുന്ന പറഞ്ഞു.

'കാലൊടിഞ്ഞ പുണ്യാളന് നമ്മുടെ വേദന മനസ്സിലാവും' കണ്ണു നിറഞ്ഞ് ഐ.സി കട്ടായം പറഞ്ഞു.

കാലൊടിഞ്ഞ പുണ്യാളനെ കൊടുക്കാന്‍ വെളുത്ത പുണ്യാളന്‍ പള്ളിക്കാര്‍ക്കും സമ്മതമായി. അങ്ങനെ പാതിരാത്രി പുണ്യാളനെ എടുത്ത് തിരിച്ചു വള്ളം കേറാന്‍ തീരുമാനമായി.

രാത്രി പുണ്യാളനെ എടുത്തിറങ്ങവേ തണുത്ത കാറ്റ് വീശുന്ന അഷ്ടമുടിക്കായലിനു മേലെ മിന്നല്‍പോലെ ഒരു കുതിര പാഞ്ഞു. ആ ശീഘ്രത്തിന്റെ ഉരസല്‍ എല്ലാ തുരുത്തിനും മേലെ പകല്‍ പോലെ വെളിച്ചമുണ്ടാക്കി. ഇടിവെട്ടി കരകള്‍ മുഴുവന്‍ ഉണര്‍ന്നു.

ആകാശത്ത് പോകുന്ന കുതിരയെ നോക്കി ദേ നമ്മുടെ പുണ്യാളന്‍ പോകുന്നേന്ന് കൊല്ലംകാര്‍ നിലവിളിച്ചു. തിരിച്ചു താ ഞങ്ങടെ സാവിയോ പുണ്യാളനെയെന്ന് ഇടിവെട്ടലിനേക്കാള്‍ ഉച്ചത്തില്‍ പറഞ്ഞ് അവര്‍ കടവിലേക്കോടി.

അപ്പോഴേക്കും കാലൊടിഞ്ഞ തിരുസ്വരൂപവുമായി വള്ളത്തില്‍ ചാടിക്കയറിയ കടപ്രാക്കാര്‍ വള്ളത്തിന്റെ കെട്ടഴിച്ചു. കൊല്ലംകാര്‍ വെള്ളത്തിലേക്ക് ചാടുന്നത് മുന്‍കൂട്ടി കണ്ട് കഴുക്കോല്‍ കുത്തി വള്ളം അകത്തി. കൊല്ലംകാര്‍ കരയ്ക്ക് നിന്ന് നിലവിളിക്കവേ പുണ്യാളന്‍ ഇരുന്ന വള്ളം അച്ചന്‍കോവിലാര്‍ കടന്നു. ദിവസങ്ങള്‍ കഴിഞ്ഞ് കൊല്ലംകാര്‍ കടപ്രായിലെത്തിയെങ്കിലും പുണ്യാളനെ വിട്ടുകൊടുക്കാന്‍ കടപ്രാക്കാര്‍ തയ്യാറായില്ല. ചാരായം കുടിച്ച പ്രത്യേക ഗുണ്ടാസംഘം അന്ന് പുണ്യാളനെ സംരക്ഷിക്കാന്‍ കടപ്രായ്ക്ക് ചുറ്റും റോന്ത് ചുറ്റി. സംശയനിലയില്‍ കാണുന്നവരെ നോക്കി കണ്ണുരുട്ടി. പുണ്യാളനെ കൊണ്ടുപോകാന്‍ പലവട്ടം കൊല്ലംകാര്‍ വന്നു നോക്കി. പള്ളിപ്പെരുന്നാളിന് പാത്രം വില്‍ക്കുന്നവരായും ചങ്ങങ്കരിയാറില്‍ മീന്‍പിടുത്തക്കാരായും വീടുകളില്‍ വസൂരിക്ക് പച്ചിലമരുന്ന് എത്തിക്കുന്ന സംഘമായും പള്ളിയങ്കണത്തിലെ യാചകരായും നൃത്തനാടകത്തിലെ വേഷക്കാരായും എത്ര പ്രാവശ്യം കൊല്ലംകാര്‍ വന്നിരിക്കുന്നു.

ഒടുവില്‍ പെരുന്നാളിന് എട്ടാമിടത്തില്‍ കൊല്ലംകാര്‍ക്ക് പുണ്യാളനെ എഴുന്നള്ളിക്കാമെന്ന ഒത്തുതീര്‍പ്പില്‍ ആ പ്രശ്‌നം അവസാനിപ്പിച്ചു.

പക്ഷേ, വിശുദ്ധ സാവിയോയെ ഇന്നല്ലെങ്കില്‍ നാളെ മടക്കിക്കൊണ്ടു പോകുമെന്ന് കൊല്ലത്തെ ഒരു രഹസ്യസംഘം ശപഥം ചെയ്തിരുന്നു. തലമുറ കൈമാറിയ ആ ശപഥം കൊല്ലം കടപ്പാക്കടയില്‍ ഒരു പഴയ ലോഡ്ജ് മുറിയില്‍ 2021 നവംബറില്‍ ഒത്തുകൂടിയ പല പ്രായക്കാരുടെ സംഘം ഒന്നുകൂടെ എഴുന്നേറ്റ് നിന്ന് ആവര്‍ത്തിച്ചു.

ആ ഗൂഢസംഘത്തിലെ അംഗമായിരുന്നു പീറ്റര്‍.

ശൂന്യത എന്ന സ്ഥലം 

ആ രാത്രി; തിരുസ്വരൂപം തലയിലേറ്റിയ കൊല്ലംകാരുടെ നഗരപ്രദക്ഷിണവും ശയനക്കറക്കവും കഴിഞ്ഞ് പള്ളിക്കു ചുറ്റും തളര്‍ന്നുറങ്ങുകയായിരുന്നു മനുഷ്യര്‍ മുഴുവന്‍. ബാക്കി കുറച്ചുപേര്‍ പെരുന്നാള്‍ പ്രമാണിച്ച് രാത്രിയും തുറന്നുവെച്ച തരംഗിണി ബാറില്‍ മധുപാനത്തിന് ക്യൂ നില്‍ക്കാന്‍ പോയി. പള്ളിക്കു ചുറ്റും പുണര്‍ന്നും പുണരാതെയും പുഴുക്കളെപ്പോലെ കിടന്ന മനുഷ്യര്‍ക്കിടയിലൂടെ വിശുദ്ധ അല്‍ഫോണ്‍സാ കുടുംബശ്രീക്കാര്‍ പള്ളിയങ്കണവും മൈതാനവും വരാന്തയും ശുചിയാക്കിത്തുടങ്ങി. കൂട്ടത്തില്‍ വൃദ്ധയായ ഏലിപ്പെമ്പിളയ്ക്ക് പുണ്യാളന്‍ ഉപവിഷ്ഠനായ സിംഹാസനസ്ഥലം വൃത്തിയാക്കലായിരുന്നു ചുമതല. വര്‍ഷങ്ങളായി അത് അവരുടെ കുടുംബത്തിന്റെ അവകാശമായിരുന്നു.

ആ പുലര്‍ച്ചെ രാത്രിയിലേക്ക് നോക്കി ട്യൂബ് ലൈറ്റ് വെട്ടത്തില്‍ ജിനോ അരക്കളം എഴുതിയ സാവിയോ പുണ്യാളന്റെ കാസെറ്റ് ഗാനം പാടിക്കൊണ്ട് അവര്‍ തൂത്തുവാരി മേലോട്ട് നോക്കി.

പുണ്യാളന്‍ ഇരിക്കുന്ന സ്ഥലം അപ്പോള്‍ ശൂന്യമായി കണ്ടു.

ആദ്യം അവര്‍ക്കത് അത്ഭുതമായി തോന്നി. ചിരിച്ചുകൊണ്ടുള്ള ഒരു നിലവിളി തൊണ്ടയില്‍ കുടുങ്ങി. അവര്‍ പിന്നെയും നോക്കി.

ശരിയാണ്. പുണ്യാളന്‍ അവിടെയില്ല.

അവരപ്പോള്‍ തിരക്കിനിടയില്‍ പുണ്യാളന്‍ ഇനി താഴെ വീണതാണോ എന്നറിയാന്‍ താഴെ മേശയുടെ വിരി മാറ്റിയും വരാന്തയ്ക്കപ്പുറത്തെ മിറ്റവും പരിശോധിച്ചു. ആ സമീപത്തൊന്നും സാവിയോയെ കാണാനില്ലെന്നറിഞ്ഞ വൃദ്ധ, പുണ്യാളന്‍ ആരോടും പറയാതെ അപ്രത്യക്ഷനായിരിക്കുന്നു എന്ന തീര്‍പ്പിലെത്തി. സ്വതവേ ഒരു കാല്‍ ഏന്തി നടക്കാറുള്ള ഏലിപ്പെമ്പിള ശഠേന്ന് എത്തിക്കുത്തിയും ഏന്തിവലിഞ്ഞും നടന്ന് വികാരിയായ സിബിച്ചന്‍ ആറ്റുകടവിന്റെ വാതിലില്‍ മുട്ടി ഇരുട്ടിനെ നോക്കി സങ്കടപ്പെട്ട് നിന്നു.

ഇരുട്ടിലേക്ക് വാതില്‍ തുറന്ന ആറ്റുകടവിലച്ചനോട് ഏലിപ്പെമ്പിള പറഞ്ഞു:

'അച്ചോ പുണ്യാളന്‍ അപ്രത്യക്ഷനായി.'

'എന്തോന്ന്.'

'തിരുസ്വരൂപം കാണാനില്ല.'

അച്ചനപ്പോള്‍ പുറത്തോട്ട് ഒന്ന് ആയുകയും പിന്നാലെ ഏലിപ്പെമ്പിള ആയുകയും അപ്പോള്‍ അച്ചന്‍ ളോഹ ഇട്ടില്ലല്ലോ എന്നോര്‍ത്ത് അകത്തോട്ട് തിരിച്ചു കേറുകയും അതുപോലെ ഏലിപ്പെമ്പിള തിരിച്ചു കേറുകയും ളോഹ വലിച്ചു കേറ്റി അച്ചന്‍ പുറത്തേക്ക് ഇറങ്ങുക വഴി പടിയേല്‍ തട്ടി ഒന്നു വീഴാന്‍ പോകുകയും ഏലിപ്പെമ്പിള ശരിക്കും വീണുപോകുകയും അച്ചന്‍ വേഗതയില്‍ പോകുകയും എണീറ്റ് ഏലിപ്പെമ്പിള പിന്നാലെ ഓടുകയും അച്ചന്‍ പോയ വഴിയിലെ മനുഷ്യരെല്ലാം പിന്നാലെ ഓടുകയും ഒരാള്‍ക്കൂട്ടം അച്ചനു പിന്നാലെ രൂപപ്പെടുകയും അച്ചന്‍ തിരുസ്വരൂപം ഇരിക്കുന്ന വരാന്തയിലെത്തുകയും ആള്‍ക്കൂട്ടം മുഴുവന്‍ മുകളിലേക്ക് നോക്കുകയും ഏലിപ്പെമ്പിള ഏറ്റവും പിറകില്‍നിന്ന് എത്തിക്കുത്തുകയും...

സാവിയോ പുണ്യാളാ എന്ന് ആര് നിലവിളിച്ചൂന്നറിയാത്ത ഒരു മുഴക്കം ഉയരുകയും കടപ്രാക്കാര്‍ മുഴുവന്‍ അതേറ്റുപാടുകയും ചെയ്തു. കര്‍ണ്ണകഠോരമായി കപ്യാര്‍ തങ്കച്ചന്‍ പള്ളിമണികള്‍ ആഞ്ഞടിച്ചു.

അച്ചന്‍ ഒന്നൂടെ മുകളിലേക്ക് നോക്കി
പുണ്യാളന്‍ ഇരുന്നിടത്ത് പുണ്യാളനില്ല.

വാക്കില്‍നിന്നടര്‍ന്നു പോയ വസ്തുവിനെപ്പോലെ അവിടം ശൂന്യം.

ഇവിടേക്കാണ് സി.ഐ ശ്രീകുമാറും എ.എസ്.ഐ സ്റ്റീഫനും രണ്ട് ജീപ്പ് പൊലീസുകാരും കടപ്രാപ്പാലം കേറി പള്ളിയിലേക്ക് വന്നത്.

'ഒന്നൂടെ ഏലിപ്പെമ്പിളയെ വിളിക്കണം' ശ്രീകുമാര്‍ മുന്നിലിരുന്ന പൊലീസുകാരനോട് പറഞ്ഞു.

പിള്ളാരെപ്പിടുത്തക്കാരെന്ന് സംശയിക്കപ്പെട്ട കടപ്രായിലെ മുഴുവന്‍ യാചകരുടേയും ഭാണ്ഡക്കെട്ടുകള്‍ പരിശോധിച്ച് കസേരയില്‍ തളര്‍ന്നുറങ്ങുകയായിരുന്നു ആ സമയം 
എ.എസ്.ഐ സ്റ്റീഫന്‍.

ടര്‍ക്കിയില്‍ പൊതിഞ്ഞ കുഞ്ഞ് 

അര്‍ദ്ധരാത്രി പന്ത്രണ്ടോടെയാണ് പെരുന്നാള്‍ കാലത്ത് ആലപ്പുഴയ്ക്കുള്ള അവസാന ബോട്ട്. പീറ്റര്‍ ഒരു കുഞ്ഞിനെ ടര്‍ക്കികൊണ്ട് പൊതിഞ്ഞ് നെഞ്ചോട് ചേര്‍ത്തു പിടിക്കും വണ്ണം പുണ്യാളനെ കയ്യിലേന്തി ബോട്ട് ജെട്ടിയിലേക്ക് നടന്നു. മഞ്ഞായതിനാല്‍ തണുക്കാതിരിക്കാന്‍ തലയും കാലും മൂടിയ സാവിയോ പുണ്യാളന്‍ കുഞ്ഞുകണ്ണ് മാത്രം പുറത്തേക്ക് കണ്ണു ചിമ്മി പീറ്ററിന്റെ നെഞ്ചത്ത് ഒട്ടിക്കിടന്നു. മഞ്ഞുണ്ടെങ്കിലും നക്ഷത്രങ്ങള്‍ കാണാമായിരുന്നു. ആകാശത്ത് നിന്ന് കാറ്റ് വന്ന് പീറ്ററിനെ ഇക്കിളിയിട്ടു. പീറ്റര്‍ വേഗത്തില്‍ നടന്ന് ജെട്ടിയിലെ ജോസഫ് ചേട്ടന്റെ കടയിലെത്തി ഒരു സോഡ കുടിച്ചു. പുണ്യാളന്‍ ആകാശത്തെ ഇരുട്ടിലേക്ക് നക്ഷത്രം നോക്കി അപ്പോഴും പീറ്ററിന്റെ ഒറ്റക്കയ്യില്‍ സുഖത്തോടെ കിടന്നു.

എസ്.ഡബ്ല്യൂ.ടി.ഡിയുടെ ലൈന്‍ ബോട്ടില്‍ സീറ്റില്‍ ആളായിക്കഴിഞ്ഞു. ബോട്ടിന്റെ എന്‍ജിന്‍ പെട്ടിയുടെ മേല്‍ ഒരു ബാന്‍ഡ് വാദ്യസംഘവും ഇരിപ്പുണ്ടായിരുന്നു. ഡ്രമ്മും ബ്യൂഗിളുമായി യൂണിഫോമിട്ട ബാന്‍ഡ് മേളക്കാര്‍ അന്നത്തെ ക്ഷീണം മറക്കാന്‍ തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുകയും ബോട്ട് വിടാന്‍ ധൃതികൂട്ടുകയും ചെയ്തുകൊണ്ടിരുന്നു. ബോട്ടില്‍ നില്‍ക്കാനും നല്ല ആളുണ്ടായിരുന്നതിനാല്‍ പീറ്റര്‍ അവര്‍ക്കിടയിലൂടെ ഞെങ്ങിഞെരുങ്ങി പുണ്യാളനേയും പിടിച്ച് ബോട്ടിന്റെ മുന്നിലോട്ടെത്താന്‍ പാടുപെട്ടു. കുറച്ച് ആയാസംകൊണ്ട് ആ ബോട്ടിന്റെ ഏറ്റവും മുന്നിലെത്തി കണ്ണാടി ജാലകത്തിലൂടെ പുറത്തേക്ക് നോക്കി പീറ്റര്‍ നിന്നു. അവിടെ ലൈറ്റിനെ മറച്ച് ആള്‍ക്കാര്‍ നില്‍ക്കുന്നതിനാല്‍ ഇരുട്ടുണ്ടായിരുന്നു. ആ ഇരുട്ട് പീറ്ററിന് ഭാഗ്യമായി. കണ്ണാടിയില്‍ക്കൂടി കാണാവുന്ന പുറത്ത് പമ്പ, ഇരുട്ട്, വെള്ളി ഓളങ്ങള്‍, സങ്കടം, ദൂരെ വിശുദ്ധ സാവിയോയുടെ പള്ളി.

ടിക്കറ്റ് ചോദിച്ചു വന്ന കണ്ടക്ടറോട് പീറ്റര്‍ ഒരു പള്ളാത്തുരുത്തി പറഞ്ഞു.

'എവിടെ നിന്നാ.'

കണ്ടക്ടര്‍ ചോദിച്ചു.

'കൊല്ലത്തൂന്ന്' പീറ്റര്‍ പറഞ്ഞു. 'പള്ളാത്തുരുത്തീന്ന് ബോട്ടേല്‍ കൊല്ലത്തേക്ക് പോകും.'

'ഈ മഞ്ഞ് സമയത്ത് കുഞ്ഞിനേം കൊണ്ട് വരണമായിരുന്നോ?'

കണ്ടക്ടര്‍ ചോദിച്ചു.

'സാരമില്ല. എന്റെ നേര്‍ച്ചയാ' പീറ്റര്‍ പറഞ്ഞു.

'ചങ്ങങ്കരി കഴിഞ്ഞാല്‍ ആള്‍ക്കാര്‍ ഇറങ്ങിത്തുടങ്ങും. സീറ്റ് കിട്ടും.'

കണ്ടക്ടര്‍ ദയാലുവായി.

മണിയടിച്ച പാടെ പീറ്റര്‍ താളത്തില്‍ അലറി

'പരിശുദ്ധനായ സാവിയോ പുണ്യാളാ
ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമേ'
അടുത്ത താളത്തില്‍
'ദൈവീകരാജ്യത്തെ പടനായകനേ
ഞങ്ങടെ കപ്പലില്‍ കപ്പിത്താനാകണേ'
പാട്ട് തുടങ്ങാന്‍ കാത്തുനില്‍ക്കുകയായിരുന്നു എന്‍ജിന്‍ പെട്ടിയിലെ ബാന്‍ഡ് സംഘം. അവര്‍ പീറ്ററിനൊപ്പം ഏറ്റുപാടാനും ഡ്രം കൊട്ടാനും ബ്യൂഗിള്‍ വായിക്കാനും തുടങ്ങി.
'പരിശുദ്ധനായ സാവിയോ പുണ്യാളാ
ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമേ
ദൈവീകരാജ്യത്തെ പടനായകനേ
ഞങ്ങടെ കപ്പലില്‍ കപ്പിത്താനാകണേ'

കുറച്ചുകഴിഞ്ഞപാടെ പീറ്റര്‍ പാട്ട് നിര്‍ത്തുകയും ബാക്കിയുള്ള യാത്രക്കാര്‍ പാട്ട് തുടരുകയും ചെയ്തു. ചിലരാകട്ടെ, ആവേശം മൂത്ത് നൃത്തം ചെയ്യാനും തുടങ്ങി. ആ സമയം ടര്‍ക്കിയില്‍ പൊതിഞ്ഞ പുണ്യാളന്റെ മൂര്‍ദ്ധാവില്‍ ചുംബിച്ച് പീറ്റര്‍ സന്തോഷം കൊണ്ട് കരഞ്ഞു. ചങ്ങങ്കരിയെത്തുവോളം പാട്ടും നൃത്തവും തുടര്‍ന്നു. ആ ജെട്ടി മുതല്‍ വായനശാലാ ജെട്ടി, ആശുപത്രി ജെട്ടി, ആശ്രമം ജെട്ടി, ഇരുപത്തിനാലില്‍ ജെട്ടി ഇങ്ങനെ ഓരോ ജെട്ടിയിലും ഓരോരുത്തരായി ഇറങ്ങിപ്പോയി തുടങ്ങവേ ആളൊഴിഞ്ഞതിനാല്‍ പുലര്‍ച്ചെ ഒന്നരയോടെ പീറ്ററിന് സീറ്റ് കിട്ടി.

ത്രേസി എന്ന ഒന്നാം സാക്ഷി 

ഇവടിരിക്കൂ എന്നു പറഞ്ഞ് ത്രേസി എന്ന മനോരോഗിയായ സ്ത്രീ പീറ്ററിനെ വിളിക്കുകയായിരുന്നു. ഏറ്റവും മുന്നിലെ പമ്പയാറിന്റെ ഓളപ്പാച്ചില്‍ കണ്ടിരിക്കാവുന്ന സീറ്റില്‍ അവര്‍ക്കരികില്‍ പീറ്റര്‍ ഇരുന്നു. കാറ്റ് ചെവിയില്‍ കൊള്ളാതിരിക്കാന്‍ പുണ്യാളനെ ടര്‍ക്കി കൊണ്ട് കൂടുതല്‍ നന്നായി പൊതിഞ്ഞ് നെഞ്ചോട് ചേര്‍ത്തു. അത്രയും സമയം ആ പാട്ടിനും നൃത്തത്തിനും ഇടയില്‍ ത്രേസി പീറ്ററിനേയും കുഞ്ഞിനേയും നോക്കിയിരിക്കുകയായിരുന്നു.

'കുഞ്ഞിനെ എന്റെ കയ്യില്‍ തരൂ. കുറച്ചുനേരം ഞാന്‍ പിടിക്കാം.'

മനോരോഗിയായ സ്ത്രീ വാത്സല്യം ചുരന്ന് പീറ്ററിനോട് പറഞ്ഞു.

എതിര്‍പ്പ് ഒന്നും പറയാതെ പീറ്റര്‍ പുണ്യാളനെ ത്രേസിയുടെ കയ്യിലേക്ക് കൊടുത്തു. നെഞ്ചോട് ചേര്‍ത്ത് പുണ്യാളനെ അടക്കിപ്പിടിച്ച ത്രേസിക്ക് നെഞ്ച് ഓക്കാനിക്കുന്നതായി തോന്നി. ബ്ലൗസില്‍ നനവ് പടരുന്നത് അവര്‍ അറിഞ്ഞു. കുറച്ചു നേരമായിട്ടും രുചിയുടെ അനക്കമൊന്നും നെഞ്ചില്‍ തോന്നാത്തതിനാല്‍ ത്രേസി പീറ്ററിന്റെ ചെവിയടുത്തേക്ക് വന്ന് രഹസ്യം ചോദിച്ചു:

'ഇതെന്താ ഈ കുഞ്ഞ് അനങ്ങാത്തത്... ഇത് മരിച്ച കുഞ്ഞാണോ?'

പീറ്റര്‍ അപ്പോള്‍ പറഞ്ഞു:

'നിങ്ങള്‍ കുഞ്ഞിന്റെ മുഖത്തേക്ക് നോക്ക്. പുണ്യാളന്റെ മുഖമല്ലേ. പുണ്യാളന്റെ മുഖമുള്ള കുഞ്ഞ് മരിക്കുമോ?'

ശരിയാണല്ലോ എന്ന് കുഞ്ഞിന്റെ മുഖത്തേക്ക് നോക്കിയ ത്രേസി സ്തബ്ധയായി.
'ഇത് പുണ്യാളനെപ്പോലെ തന്നെയിരിക്കുന്നു.' അവള്‍ കൂടുതല്‍ നന്നായി പാല്‍ ചുരത്തി തുടങ്ങി.
കുറച്ചുനേരം കഴിഞ്ഞ് അവര്‍ പീറ്ററിനോടായി പറഞ്ഞു: 'ഇതാരും കാണണ്ട. ഇത് പുണ്യാളനാണെന്നും നിങ്ങള്‍ കൊല്ലത്തുകാരനായതിനാല്‍ പുണ്യാളനെ മോട്ടിച്ച് കൊണ്ടു പോയതാണെന്നും നാട്ടുകാര്‍ കരുതും.'
ഇങ്ങനെ പറഞ്ഞ് അവര്‍ കുലുങ്ങിച്ചിരിച്ചു.

'സത്യത്തില്‍ കൊല്ലത്തുകാരുടേതല്ലേ പുണ്യാളന്‍' പീറ്ററും ത്രേസിയോട് ചിരിച്ചുകൊണ്ട് പറഞ്ഞു.

'ആയിരിക്കും. പക്ഷേ, ഇത്രയും കാലം വളര്‍ത്തിയത് ഞങ്ങള്‍ കടപ്രാക്കാരല്ലേ. വളര്‍ത്താനാ പാട്.'

ത്രേസിയും വിട്ടില്ല.

കുഞ്ഞ് ജനിപ്പിച്ചവരുടേതാണോ വളര്‍ത്തിയവരുടേതാണോ എന്ന പരിഹരിക്കാനാവാത്ത ചോദ്യത്തില്‍ ഉത്തരം മുട്ടി സമനിലയായ രണ്ടു പേരും ഇരുട്ടിലേക്ക് നോക്കി ഇരുന്നു.

പുണ്യാളന്റെ തല പീറ്ററിന്റെ മടിയിലും കാലുകള്‍ ത്രേസിയുടെ മടിയിലും വെപ്പിച്ച് തല്‍ക്കാലം അവര്‍ സ്വരുമയിലായി.

അഷ്ടമുടിക്കായലിന്റെ തീരത്തെ വെളുത്ത പുണ്യാളന്‍ പള്ളിയിലെ മച്ചില്‍ ബാക്കി മൂന്ന് പുണ്യാളന്മാര്‍ക്ക് നടുവില്‍ അടര്‍ന്നുപോയ ആ ശൂന്യത നൂറ്റാണ്ടുകള്‍ക്കുശേഷം നികത്താന്‍ പോകുകയാണ്. സൗരയൂഥത്തിലെ ഒരു തമോഗര്‍ത്തം പോലെയായിരുന്നു ആ വിടവ്. താന്‍ സാവിയോ പുണ്യാളന്റെ ഐതിഹ്യത്തിലാണ് ഇടപെട്ടതെന്ന് കടപ്പാക്കടയിലെ ഗൂഢസംഘത്തിന്റെ തീരുമാനപ്രകാരം ആക്ഷന്‍ നടപ്പാക്കിയ പീറ്ററിനറിയാം. ഇനി മുതല്‍ പുണ്യാളന്റെ ഐതിഹ്യത്തില്‍ താനുമുണ്ട്. ഇപ്പോള്‍ ഉള്ള ഐതിഹ്യത്തില്‍ ഞാന്‍ മൂലം കൂട്ടിച്ചേര്‍ക്കലുണ്ടാവും. അതോര്‍ത്തപ്പോള്‍ പീറ്ററിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു.

'എന്നിട്ടോ?'

'എന്നിട്ടെന്താ പീറ്റര്‍ പിള്ളാരെപ്പിടുത്തക്കാരെപ്പറ്റി പറഞ്ഞു.'

ത്രേസിയുടെ ആ മറുപടി കേട്ടപാടെ എ.എസ്.ഐ സ്റ്റീഫനെ നോക്കി സി.ഐ ശ്രീകുമാര്‍ നിവര്‍ന്നിരുന്നു.
'പറ, എന്താണ് പിള്ളാരെ പിടുത്തക്കാരെപ്പറ്റി പീറ്റര്‍ പറഞ്ഞത്?

പിള്ളാരെപ്പിടുത്തക്കാര്‍ 

അക്കാലത്ത് കൊല്ലം കട്ടച്ചിറയടക്കമുള്ള തുരുത്തുകളിലും അഷ്ടമുടിയുടെ തീരങ്ങളിലും പിള്ളാരെപ്പിടുത്തക്കാര്‍ വരുമായിരുന്നു. മുഷിഞ്ഞ വസ്ത്രവും നനഞ്ഞൊട്ടിയ വയറും കയ്യിലെ അലുമിനിയം കിണ്ണവുമായി പിള്ളാരെപ്പിടുത്തക്കാര്‍ ഭിക്ഷ ചോദിക്കാന്‍ വരും. കായല്‍തീരത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ക്കിടയിലൂടെയും വീട്ടുമിറ്റങ്ങളില്‍ ഒറ്റയ്ക്കും കൂട്ടമായും ഇരിക്കുന്ന കുഞ്ഞുങ്ങള്‍ക്കുമിടയിലൂടെയും പിള്ളാരെപ്പിടുത്തക്കാര്‍ ഓരോ വീട്ടുവാതില്‍ക്കലും മുട്ടി എന്തേലും തരണേ എന്നു പറയും. ദയ തോന്നുന്ന വീട്ടമ്മമാര്‍ പാല്‍ നല്‍കിക്കൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളെ തല്‍ക്കാലം വീട്ടുതിണ്ണയില്‍ പുല്‍പ്പായയില്‍ കിടത്തി അകത്തേയ്ക്ക് പോകും. പിള്ളാരെപ്പിടുത്തക്കാര്‍ക്ക് നല്‍കാന്‍ നാഴിയില്‍ നിറച്ച് അരിയോ നെല്ലോ അല്ലേല്‍ ഒരു കിണ്ണം ചോറോ ആയി മടങ്ങിവരും.

'ആ സമയം പുറത്ത് കിടക്കുന്ന കുഞ്ഞോ'

ത്രേസി ഭയപ്പാടോടെ ഒന്ന് ആഞ്ഞ് പീറ്ററിനോട് ചോദിച്ചു.

പിള്ളാരെപ്പിടുത്തക്കാര്‍ക്ക് കുഞ്ഞുങ്ങളെ ഇഷ്ടമാണ്. അവരുടെ കയ്യില്‍ പഴയ പോത്തണ്ടി മുട്ടായി, ഏഴ് നിറമുള്ള പോപ്പിന്‍സ്, പാലൈസ് എന്നിവ കാണും. മയക്കി അവര്‍ക്ക് പിന്നാലെ പോകാന്‍ തോന്നിക്കുന്ന കാന്തംപോലത്തെ മധുരങ്ങള്‍ മുഷിഞ്ഞ സഞ്ചിയില്‍ നിറച്ചാണ് പിള്ളാരെപ്പിടുത്തക്കാര്‍ വാതില്‍ക്കല്‍ നില്‍ക്കുക. അമ്മമാരുടെ ഒരു നോട്ടപ്പിശകില്‍ മധുരം വായിലെത്തിയാല്‍ കുഞ്ഞുങ്ങള്‍ പിള്ളാരെപ്പിടുത്തക്കാരുടെ പിന്നാലെ പോകും. അഷ്ടമുടി കടക്കാന്‍ കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ പിള്ളാരെപ്പിടുത്തക്കാരുടേതാകും. അവര്‍ കുഞ്ഞുങ്ങളുടെ കണ്ണ് കുത്തിപ്പൊട്ടിക്കും. കാലും കയ്യുമൊടിച്ച് വികലാംഗരാക്കും. പള്ളിപ്പെരുന്നാളുകള്‍ക്ക് ഭിക്ഷ തെണ്ടിക്കാന്‍ റോഡിന്മേല്‍ കൊണ്ട് കിടത്തും. എത്ര കുഞ്ഞുങ്ങളാണെന്നോ അക്കാലത്ത് പിള്ളാരെപ്പിടുത്തക്കാരുടെ വലയില്‍ കുടുങ്ങി അഷ്ടമുടിക്ക് അക്കരേക്ക് കൊല്ലത്തൂന്ന് ഒരുപ്പോക്ക് പോയത്.

ഇത് പറഞ്ഞപാടെ പീറ്റര്‍ പുണ്യാളനെ മടീന്നെടുത്ത് നെഞ്ചില്‍ ഒന്നൂടെ കനത്തില്‍ അടക്കിപ്പിടിച്ചു. ശ്വാസം വേഗത്തിലാക്കി. അയാളെ ആശ്വസിപ്പിക്കാനെന്നവണ്ണം ത്രേസി ഇടത്തു കൈ അയാളുടെ തുടയില്‍ വെച്ചു. അയാള്‍ പറഞ്ഞു:

'ഞാനന്ന് അഷ്ടമുടില്‍ മീന്‍പിടുത്തമാണ്. കായലില്‍ മുങ്ങിപ്പൊങ്ങുമ്പോഴൊക്കെയും വീട്ടു വാതില്‍ക്കലെ എന്റെ ഒന്നര വയസ്സുള്ള കുഞ്ഞിനേയും എന്റെ ആന്‍സമ്മയേയും കാണാം. അതിങ്ങനെയായിരുന്നു. ഒന്നു കുഞ്ഞിനെ കാണും. എന്നിട്ട് ജലത്തിന്റെ ആഴത്തിലേക്ക് ഞാന്‍ ഊളിയിടും. കുമിളകള്‍ക്കു പിന്നാലെ ജലത്തിനു മേലേക്ക് പൊങ്ങി വരുമ്പോള്‍ കുഞ്ഞ് ചിരിക്കുന്നതു നോക്കി ഞാനും ചിരിക്കും. അവന്റെ സന്തോഷനൃത്തത്തില്‍ വെള്ളം തട്ടിത്തെറിപ്പിച്ച് മനസ്സ് നിറഞ്ഞ് പിന്നേം മുങ്ങും. പൊങ്ങുമ്പോള്‍ പിന്നേം അവനെ കാണും. ഇങ്ങനെ.

ഒരു മുങ്ങലിന്റെ മുന്‍പുള്ള ഇടവേള. താഴെ മുട്ടാത്ത ജലത്തില്‍ പക്ഷിച്ചിറകുകള്‍പോലെ കൈകാലുകള്‍ ഇളക്കിക്കൊണ്ട് ഞാന്‍ അവനേയും ആന്‍സമ്മയേയും നോക്കിച്ചിരിക്കുകയാണ്. ഞാന്‍ രണ്ടാമതും മുങ്ങി നിവര്‍ന്നു. അപ്പോള്‍ കരയില്‍ കാണാവുന്നത് പഴകിയ വസ്ത്രം ധരിച്ച ഒരാള്‍ എന്റെ വീട്ടുമുറ്റത്തേക്ക് കയറിവരുന്നതാണ്. ആന്‍സമ്മ കുഞ്ഞിന്റെ കൂടെയുണ്ടല്ലോ. ആന്‍സമ്മയോട് അയാള്‍ എന്തോ പറയുകയാണ്. കുഞ്ഞ് അയാളെ നോക്കി കൗതുകത്തോടെ ചിരിക്കുകയാണ്. അത് ഭിക്ഷ യാചിച്ച് വന്ന ഒരു പിള്ളാരെപ്പിടുത്തക്കാരനാണെന്ന് ഒറ്റ നോട്ടത്തില്‍ എനിക്കു മനസ്സിലായി. ഞാനാ വിവരം കണ്ണുകളിലൂടെ ആന്‍സമ്മയോട് അതീവ രഹസ്യമായി പങ്കുവെച്ചു.

കാലങ്ങളായി അഷ്ടമുടിയുടെ തീരത്ത് കാണാതെപോയ കുഞ്ഞുങ്ങള്‍ എവിടെയെന്ന് കണ്ടെത്താനുള്ള അസുലഭ സൗഭാഗ്യം ഞങ്ങളെ തേടിയെത്തിയതായി എനിക്ക് മനസ്സിലായി. പിള്ളാരെപ്പിടുത്തക്കാരുടെ സംഘത്തില്‍പ്പെട്ടവനാണ് എന്റെ വീട്ടുമുറ്റത്ത് നില്‍ക്കുന്നതെങ്കില്‍ അടുത്ത നിമിഷത്തില്‍ അത് വെളിവാകും. അതെങ്ങനെയെന്ന് വെച്ചാല്‍  ഭിക്ഷ എടുക്കാന്‍ ആന്‍സമ്മ അകത്തേക്ക് പോകുമ്പോള്‍ ഞാന്‍ ജലത്തില്‍നിന്നു മുങ്ങിനിവരും. മിറ്റത്തെ മനുഷ്യരില്ലാത്ത മൗനം മുതലാക്കി കുഞ്ഞിനെ കൊണ്ടുപോകാന്‍ പിള്ളാരെപ്പിടുത്തക്കാരന്‍ തുനിഞ്ഞാല്‍ കായലില്‍ കിടക്കുന്ന ഞാനത് കാണും. ബാക്കി ഞാന്‍ പറയേണ്ടല്ലോ.
അവള്‍ അകത്തേക്ക് പോയപ്പോള്‍ കായലിലെ സന്ധ്യയില്‍ കണ്ണ് കൂര്‍പ്പിച്ച് പിള്ളാരെപ്പിടുത്തക്കാരനെ നോക്കി വെള്ളം അനക്കാതെയും ഓളം വരാതെയും ഞാന്‍ നിന്നു. പിള്ളാരെപ്പിടുത്തക്കാരന്‍ കുഞ്ഞിന്റെ അരികിലേക്ക് നടന്നുചെന്നു.

അയാള്‍ അവന്റെ കവിളില്‍ വാത്സല്യത്തോടെ പിടിച്ചു. എന്റെ കുഞ്ഞ് ചിരിച്ചുകൊണ്ടിരുന്നു.

ഒന്നു രണ്ട് മിനിട്ട് കഴിഞ്ഞപ്പോള്‍ ആന്‍സമ്മ അകത്തുനിന്നും മടങ്ങിവന്നു. അയാള്‍ നീട്ടിയ അലൂമിനിയം കിണ്ണത്തില്‍ അരി നിറച്ചു നല്‍കി. അവള്‍ എത്തിയ ആശ്വാസത്തില്‍ ഞാന്‍ അടുത്ത മുങ്ങ് മുങ്ങി.
ഇപ്പോള്‍ കുഞ്ഞിന്റെ അടുത്ത് അവളുണ്ട്.

വെള്ളത്തിനടിയില്‍ ശ്വാസം മുട്ടി ഞാനും.

കുറച്ചുനേരം ജലത്തിന്റെ ആഴത്തില്‍ പായലും ചെടിയും മീനും കണ്ടും സ്ഫടികം പോലത്തെ വെളിച്ചത്തില്‍ കണ്ണുമിഴിച്ച് നോക്കിയും രുചിയുള്ള വെള്ളം കുടിച്ചും ശ്വാസം പൊട്ടിത്തെറിക്കുന്നതിന്റെ അതിരു വരെയെത്തി ഇപ്പോ ചാകുമെന്ന തോന്നല്‍ വന്ന നിമിഷത്തിന്റെ അങ്ങേത്തലയ്ക്കല്‍ വെച്ച് ഞാന്‍ മുകളിലേക്കുയര്‍ന്നു. വെള്ളം തട്ടിത്തെറിപ്പിച്ച് മുകളിലേക്ക് പൊങ്ങി.
ആഞ്ഞ് ശ്വാസം വലിച്ചു.

മിറ്റത്ത് കുഞ്ഞില്ല.

അടുത്ത നിമിഷത്തില്‍ വീടിന്റെ അകത്തുനിന്നും ആന്‍സമ്മ വെളിയിലേക്കിറങ്ങി വന്നു.

കുഞ്ഞേന്ന് വിളിച്ചു.

ഞാനുമപ്പോള്‍ കുഞ്ഞേന്ന് വിളിച്ചു.

കുഞ്ഞിനെ നിങ്ങള്‍ നോക്കുന്നില്ലാരുന്നോന്ന് ആന്‍സമ്മ വിളിച്ചു ചോദിച്ചു.

നിന്റെ കയ്യില്‍ ഇരിക്കുന്നത് കണ്ടല്ലേ ഞാന്‍ മുങ്ങിയതെന്ന് ഞാനും ചോദിച്ചു.

ഞാന്‍ നീന്തി കരയ്ക്കു കയറി. തീരത്തും തുരുത്തിലും മുഴുവന്‍ കരഞ്ഞുകൊണ്ട് പിള്ളാരെപ്പിടുത്തക്കാരനേയും കുഞ്ഞിനേയും തിരഞ്ഞു. ഞാനും അവളും പാതിരാ കഴിഞ്ഞും ഭ്രാന്ത് പിടിച്ച് ഓടി. തുരുത്തിലെ മനുഷ്യര്‍ മുഴുവന്‍ ഞങ്ങള്‍ക്കൊപ്പം പാഞ്ഞു. കര മുഴുവന്‍ നോക്കിയത് പോരാഞ്ഞ് വെള്ളത്തില്‍ കഴുക്കോല്‍ കുത്തിയും നോക്കി. എന്റെ കുഞ്ഞിന്റെ പൊടിയില്ല.

നീ വന്നു കഴിഞ്ഞാണല്ലോ ഞാന്‍ മുങ്ങിയത്. ഞാന്‍ ആന്‍സമ്മയോട് ദേഷ്യപ്പെട്ടു.

നിങ്ങള്‍ പൊങ്ങിക്കഴിഞ്ഞാണ് ഞാന്‍ അകത്തേക്ക് പോയത്. അവള്‍ തളര്‍ന്നു പറഞ്ഞു.

ഒരു നോട്ടപ്പിശകില്‍ ധാരണയില്ലായ്മയില്‍ ഞങ്ങള്‍ക്കിടയില്‍നിന്നും സന്തോഷം അടര്‍ന്നു പോയി. ഒന്ന് ശ്രദ്ധ തെറ്റിയാല്‍ നമുക്കു നഷ്ടമാകുന്നതെന്താണെന്ന് നോക്കിക്കേ. അശ്രദ്ധയുടെ കൂടെയുണ്ട് നമ്മുടെ ദു:ഖം. ഒരു നിമിഷംപോലും ശ്രദ്ധയില്ലാതെ പോകരുത്.

തെല്ലുനേരം പീറ്റര്‍ ഇരുട്ടിലേക്ക് നോക്കി എന്റെ കുഞ്ഞേന്ന് വിതുമ്പി പുണ്യാളന്റെ നെറ്റിയില്‍ ചുംബിച്ചു.

'പിന്നെ കുഞ്ഞിനെ തിരക്കി എങ്ങും പോയില്ലേ. എന്തേലും വിവരമുണ്ടായോ.'
ത്രേസിക്കും സങ്കടം വന്നു.

'പിള്ളാരെപ്പിടുത്തക്കാര്‍ സാധാരണ കടപ്രാ സാവിയോ പുണ്യാളന്റെ പെരുന്നാളിന് വരാറുണ്ട്.'

പീറ്റര്‍ പറഞ്ഞു. 'അക്കൂട്ടത്തില്‍ പൊള്ളിച്ചും കയ്യും കാലുമൊടിച്ചും കണ്ണു പൊട്ടന്മാരുമാക്കി മാറ്റിയ കുഞ്ഞുങ്ങളേയും അവര്‍ കൊണ്ടിരുത്തും. പള്ളിപ്പാലം മുഴുവനും കടപ്രാ ബോട്ട് ജെട്ടി വരെയും ഭിക്ഷ ചോദിക്കുന്ന കുഞ്ഞുങ്ങളേയും പിള്ളാരെപ്പിടുത്തക്കാരെയും കാണാം.'

'തൊട്ടടുത്ത വര്‍ഷം അക്കൂട്ടത്തില്‍ എന്റെ കുഞ്ഞുണ്ടോ എന്നു തിരക്കി കട്ടച്ചിറയില്‍നിന്നു ഞാന്‍ തീര്‍ത്ഥാടനത്തിനു വന്നു. അവനെ കണ്ടില്ല.

പിന്നെ എല്ലാ വര്‍ഷവും ഞാന്‍ വരാറുണ്ട്.'

ഒന്ന് ശ്വാസം ആഞ്ഞുവലിച്ച് പീറ്റര്‍ പറഞ്ഞു.

പത്താംവര്‍ഷം ഒരു പത്തു പതിനൊന്ന് വയസ്സുള്ള പയ്യനെ കണ്ടപ്പോള്‍ എനിക്ക് എന്റെ കുഞ്ഞിനെപ്പോലെ തോന്നി.

സെന്റ് ജോര്‍ജ് ഓഫ് സെറ്റ് പ്രസ്സിനു മുന്നില്‍ അന്നുണ്ടായിരുന്ന എസ്.ടി.ഡി ബൂത്തില്‍നിന്ന് ഞാന്‍ ആന്‍സമ്മയെ വിളിച്ചു.

'ദേണ്ടേടീ നമ്മുടെ കുഞ്ഞ് എന്നോട് പിച്ച ചോദിക്കുന്നു.'

'ആണോ.'

അവള്‍ കരഞ്ഞു. 'അവനെ തോളിലിട്ടോണ്ട് പെട്ടെന്നിങ്ങു വാ.'

'തോളിലിടാനോ. അവന് പത്ത് പതിനൊന്ന് വയസ്സായി. ആണൊരുത്തനായി.'

'അതെങ്ങനെ' അവള്‍ കരച്ചില്‍ നിര്‍ത്തി.

'നമ്മുടെ കുഞ്ഞിന് ഒന്നര വയസ്സല്ലേയുള്ളൂ.'

'പത്ത് വര്‍ഷമായില്ലേ ആന്‍സമ്മേ അവനെ കാണാതായിട്ട്.'

'ഒന്നര വയസ്സുള്ള കുഞ്ഞിനെയാണ് എനിക്ക് പോയത്. എനിക്കവനെ വേണം' ആന്‍സമ്മ എന്നോട് കട്ടായം പറഞ്ഞു.

അതോടുകൂടി എന്റെ അന്വേഷണം അവസാനിപ്പിച്ചു. അവളുടെ ആ പറച്ചില്‍ ജീവിതത്തില്‍ എന്തെങ്കിലും സാഹസികമായ കാര്യം ചെയ്താലേ നമ്മള്‍ അടയാളപ്പെടൂ എന്ന ഒരു തോന്നലില്‍ എന്നെക്കൊണ്ടെത്തിച്ചു. എന്തുകൊണ്ടാണ് അങ്ങനെ തോന്നിയതെന്ന് വെച്ചാല്‍ അങ്ങനെ എനിക്കങ്ങ് തോന്നി. ഐതിഹ്യങ്ങളില്‍ ഇടപെടുന്ന സാഹസിക കാര്യങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു ഗൂഢസംഘത്തില്‍ ഞാനംഗമായി.
'സാരമില്ല' ഞാന്‍ പീറ്ററിനോട് പറഞ്ഞു. 'പകരം ദൈവം ഒരു കുഞ്ഞിനെ തന്നില്ലേ.'

'അതെയെന്നു പറഞ്ഞ് പീറ്റര്‍ ചിരിച്ചപാടെ ഞാനൊന്നൂടെ സൂത്രത്തില്‍ അതിന്റെ മുഖത്ത് നോക്കി.
 
പള്ളാത്തുരുത്തിയില്‍ അയാള്‍ ഇറങ്ങുമ്പോള്‍ അത് പുണ്യാളന്റെ തിരുസ്വരൂപമാണെന്ന് എനിക്ക് ബോധ്യപ്പെട്ട് കഴിഞ്ഞിരുന്നു. അപ്പോഴേക്കും ഒരു വിറയല്‍ എന്നെ ബാധിച്ചു. അതിനാല്‍ എനിക്ക് ചോദിക്കാന്‍ തോന്നിയില്ല. അയാള്‍ പോയിക്കഴിഞ്ഞ് ഞാനത് കണ്ടക്ടറിനോട് പറഞ്ഞെങ്കിലും അതെന്റെ മനോവിഭ്രാന്തികൊണ്ട് തോന്നുന്നതാണെന്നു പറഞ്ഞ് ആശ്വസിപ്പിക്കാനാണ് കണ്ടക്ടര്‍ ശ്രമിച്ചത്. വീട്ടിലെത്തി പതിവില്‍ കൂടുതല്‍ രണ്ട് ഗുളികയും കൂടെ കഴിച്ച് ഉറങ്ങുമ്പോഴാണ് സാര്‍ എന്നെ വിളിപ്പിച്ചത്.'

ത്രേസി പറഞ്ഞുനിര്‍ത്തി.

കല്‍പ്പകാ ബാറില്‍ പുണ്യാളന്‍ പ്രത്യക്ഷപ്പെടുന്നു 

ബോട്ടീന്ന് ഇറങ്ങിയ പീറ്റര്‍ പള്ളാത്തുരുത്തി കടത്തുകടവ് വഴി കല്‍ക്കട്ടിലൂടെ കായല്‍ത്തീരത്തെ കല്‍പ്പകാ ബാറിലേക്ക് പോയി. കൊല്ലത്തേക്ക് അയാള്‍ക്ക് പോകേണ്ട ബോട്ട് പുലര്‍ച്ചെ നാലിനായതിനാല്‍ ഒരു ഒന്നര മണിക്കൂര്‍ കിക്കിന് അയാള്‍ക്ക് സമയമുണ്ടായിരുന്നു.

കല്‍പ്പകാ ബാറില്‍ വേമ്പനാട്ടു കായലില്‍ അര്‍ദ്ധരാത്രി വരെ മീന്‍പിടിച്ച മത്സ്യത്തൊഴിലാളികളും മിന്നിക്കത്തുന്ന ഹൗസ് ബോട്ടുകളെ കരയില്‍ അടുപ്പിച്ച് നീന്തിക്കയറിയ ഹൗസ് ബോട്ട് ജീവനക്കാരും മാര്‍ത്താണ്ടത്തും റാണിയിലും നോട്ടക്കാരായെത്തിയ തൊഴിലാളികളും ഉണ്ടായിരുന്നു. അവര്‍ക്കിടയിലേക്ക് പുണ്യാളനെ നെഞ്ചോട് ചേര്‍ത്ത് പീറ്റര്‍ കയറിച്ചെന്നു. വില്‍പ്പനക്കാരനു മുന്നിലെ വളയന്‍ മേശയില്‍ ടര്‍ക്കിയില്‍ പൊതിഞ്ഞ തിരുസ്വരൂപം വെച്ച് പീറ്റര്‍ നടു നിവര്‍ത്തി. പിന്നെ രണ്ട് ഓള്‍ഡ് മങ്ക് പറഞ്ഞു. വെള്ളമൊഴിക്കാതെ കമിഴ്ത്തി. നാവും തൊണ്ടയും വയറും കത്തുന്ന തീവെള്ളത്തില്‍ പുകഞ്ഞ് പീറ്ററിന്റെ ഉള്ളം പൊള്ളിക്കുടിര്‍ന്നു. പീറ്റര്‍ ഒന്നു ഏമ്പക്കം വിട്ട് പൊള്ളലിനെ തണുപ്പിക്കാനും ലഹരിയെ തലച്ചോറിലേക്ക് കയറ്റാനും അനുവദിച്ചു.

ഈ സമയം കല്‍പ്പകാ ബാറിന്റെ തെക്ക് പടിഞ്ഞാറേ മൂലയില്‍ സംസാരിച്ചുകൊണ്ടിരുന്ന ഏഴ് കുടിയന്മാരുടെ സംസാരത്തില്‍ കാണാതായ പുണ്യാളനും വന്നു. അര്‍ദ്ധരാത്രിക്ക് ശേഷവും ചാനലുകളില്‍ തിരുസ്വരൂപം ആരു കൊണ്ടുപോയി സര്‍ക്കാരോ പ്രതിപക്ഷമോ എന്ന ചര്‍ച്ച കണ്ട ശേഷം എത്തിയവരായിരുന്നു ആ കൂട്ടത്തില്‍ അഞ്ച് പേരും. സ്വതവേ തന്നെ ബോധമില്ലാത്ത ആ സംഘം മദ്യം കൂടി അകത്ത് ചെന്നതിനാല്‍ ഇരട്ടി ബോധമില്ലായ്മയില്‍ പറഞ്ഞ കാര്യങ്ങളില്‍ കേരളാ പൊലീസിന്റെ കുറ്റാന്വേഷണം, ചാനലുകളില്‍ ഈ വിഷയം നന്നായി റിപ്പോര്‍ട്ട് ചെയ്തതാര്, ആത്മീയത തുടങ്ങി പലവിധ കാര്യങ്ങള്‍ കടന്നുപോയി എന്നു പറയേണ്ടതില്ലല്ലോ. സമയം വെറുതെ കിടക്കുന്നതിനാല്‍ അതൊക്കെ കേട്ടും വേറെ ചില മദ്യങ്ങള്‍ പരീക്ഷിച്ചും പീറ്റര്‍ ബോട്ടു വരുന്നതുവരെ സമയം പോക്കി ഇരുന്നു.

കുടിയന്‍ ടോമിയുടെ മൊഴി:

'ഞങ്ങളുടെ സംസാരം സ്വാഭാവികമായും കൊല്ലംകാരിലേക്ക് പോയി.'

സംഘത്തിലുണ്ടായിരുന്ന കുടിയന്‍ ടോമി പറഞ്ഞു.

'കൊല്ലംകാര്‍ പുണ്യാളനെ കൊണ്ടുപോകാന്‍ സാധ്യതയുള്ളതുകൊണ്ടാണല്ലോ ഇപ്പോഴും ഒരു ആചാരം കണക്കെ പുണ്യാളനു കാവല്‍ കിടക്കുന്നതും അവസാനത്തെ കൊല്ലംകാരനും മടങ്ങിപ്പോകും വരെ കണ്ണടയ്ക്കാതെ നോക്കിയിരിക്കുന്നതുമെന്ന് ഒരുവന്‍ ഓര്‍മ്മിപ്പിച്ചു.'

'അപ്പോള്‍ അവരെ വെട്ടിച്ച് പുണ്യാളനെ കൊല്ലംകാര്‍ക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞാല്‍ അതിനെ എതിര്‍ക്കാന്‍ കഴിയാത്ത ഒരു ഓപ്ഷന്‍ ആ ഐതിഹ്യത്തില്‍ ഇന്‍ബോണാണ്.'

അയാള്‍ വിശദീകരിച്ചു.

'അതായത് സംഭവം ഒരു കള്ളനും പൊലീസും കളിയാണ്. അതിനനുസരിച്ചാണ് ആചാരവും സെറ്റ് ചെയ്തിരിക്കുന്നത്. കൊല്ലംകാരുടെ പള്ളിയില്‍നിന്നു കടത്തിക്കൊണ്ടുവന്ന തിരുസ്വരൂപം. അത് മടക്കികൊണ്ടുപോകാന്‍ ആണ്ടോട് ആണ്ട് പള്ളിയിലെത്തുന്ന കൊല്ലംകാരുടെ സംഘം. ഇതാദ്യമായി ആചാരത്തില്‍ നടക്കേണ്ട ബാക്കി കാര്യങ്ങള്‍ കൂടി കൊല്ലംകാര്‍ ചെയ്തു കളഞ്ഞു. അടിച്ചോണ്ട് അങ്ങ് പൊയ്ക്കളഞ്ഞു.'

ഇതു പറഞ്ഞ അയാളോടൊപ്പം ബാക്കി കുടിയന്മാരും ചിരിച്ചു.

'ഇതില്‍ ഭരണഘടനയനുസരിച്ച് കേസെടുക്കാന്‍ കഴിയുമോ?' ഒരാള്‍ ചോദിച്ചു.

'അങ്ങനെയെടുക്കാന്‍ കഴിഞ്ഞാല്‍ത്തന്നെ കൊല്ലംകാര്‍ക്കെതിരെ എങ്ങനെ പരാതി കൊടുക്കാന്‍ കഴിയും. വരുടെ സാധനം അവര്‍ എടുത്തോണ്ട് പോയി. ന്യായം അവരുടെ ഭാഗത്തല്ലേ?'

ഒന്നു മാറ്റിപ്പിടിക്കാന്‍ ബെക്കാര്‍ഡി ലൈം പറഞ്ഞ് കുടിയന്മാര്‍ ആര്‍ത്തട്ടഹസിച്ച് ചിരിച്ചു.

'ഇതൊക്കെ കൊല്ലംകാര്‍ മോട്ടിച്ചതാണെങ്കില്‍ മാത്രം അപ്ലൈ ആകുന്ന കാര്യമാണ് കേട്ടോ.' ഒരാള്‍ പറഞ്ഞു. 'തിരുസ്വരൂപം മോട്ടിച്ച് കാശുണ്ടാക്കാന്‍ വല്ലോനും അടിച്ചെടുത്തതാവാമല്ലോ.'

അപ്പോള്‍ ബാറിന്റെ വില്‍പ്പനസ്ഥലത്തെ വട്ടമേശയില്‍ നീളമുള്ള കറങ്ങും കസേരയില്‍ ഇരുന്ന ആള്‍  പീറ്റര്‍  കസേര കറക്കി തിരിഞ്ഞ് ഞങ്ങളോടായി സൗഹൃദം പങ്കിട്ടു. എന്നിട്ട് ഏതാണ്ട് ഈ വിധം സംസാരം ആരംഭിച്ചു:

'അഥവാ കൊല്ലംകാരാണ് പുണ്യാളനെ എടുത്തുകൊണ്ടുപോയതെന്ന് കരുതുക. രണ്ട് നൂറ്റാണ്ട് മുന്‍പ് വെളുത്ത പുണ്യാളന്‍ പള്ളിയിലെ മച്ചില്‍ മൂന്ന് പുണ്യാളന്മാര്‍ക്ക് നടുവിലുണ്ടായ ശൂന്യത ഇപ്പോള്‍ ഈ ചെയ്തികൊണ്ട് നികത്താന്‍ കഴിയുമോ?'

ഞാനാണോ അതോ ആ പറയുന്നയാളാണോ കൂടുതല്‍ ഫിറ്റെന്ന സംശയത്തിലായി ഞാന്‍. അതിനാല്‍ നിങ്ങള്‍ പറയുന്നത് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ലെന്ന് ഞാന്‍ പറഞ്ഞു.
അപ്പോള്‍ പീറ്റര്‍ പറഞ്ഞു: 'നിങ്ങളുടെ ഇരുപത്തിയൊന്നാം വയസ്സില്‍ ഒരു പതിനെട്ടുകാരിയെ പ്രേമിച്ചു. മത്തുപിടിച്ചതും ലഹരിയാര്‍ന്നതുമായ പ്രേമത്തിനൊടുവില്‍ അവള്‍ നിങ്ങളെ ഉപേക്ഷിച്ച് മറ്റൊരാളുടെ ഭാര്യയായെന്നും കരുതുക.'

ഞാനപ്പോള്‍ ബോധത്തിലേക്ക് കണ്ണു തുറക്കാന്‍ എന്റെ കണ്ണു തിരുമ്മി. ഇവന്‍ എന്റെ കഥ തന്നെയാണല്ലോ പറയുന്നതെന്ന് ഞാന്‍ അതിശയിച്ചു.

അവന്‍ തുടര്‍ന്നു: 'വര്‍ഷങ്ങള്‍ക്കു ശേഷം അവളുടെ അന്‍പതാം വയസ്സില്‍ അവള്‍ തിരിച്ചു വന്നാല്‍ അവള്‍ പഴയ അവളായിരിക്കുമോ. ഇരുപത്തിയൊന്നാം വയസ്സില്‍ അവള്‍ നിങ്ങളില്‍ സൃഷ്ടിച്ച ശൂന്യത അതുകൊണ്ട് നികരുമോ?'

ഹോ എന്നൊരു ശബ്ദം ഞങ്ങള്‍ക്കിടയില്‍ ഉയര്‍ന്നു. ഇവന്‍ ഏത് ബ്രാന്‍ഡാണ് കഴിച്ചതെന്ന് വില്‍പ്പനക്കാരനോട് രഹസ്യമായി ചോദിക്കണമെന്ന് ആ നിമിഷം ഒരു കുടിയന്‍ എന്റെ ചെവിയില്‍ നിശ്ചയിച്ചു.

പീറ്റര്‍ പറഞ്ഞു: 'ഇരുപത്തൊന്നുകാരനായ നിങ്ങള്‍ക്കാണ് പ്രണയിയെ നഷ്ടമായത്. അന്നത്തെ നിങ്ങളല്ലല്ലോ അന്‍പത്തിമൂന്നാം വയസ്സിലെ നിങ്ങള്‍. പതിനെട്ടാം വയസ്സിലെ അവളല്ല അന്‍പതാം വയസ്സിലെ അവളും. അനുഭവങ്ങള്‍കൊണ്ടും ചിന്തകൊണ്ടും പുതിയ രണ്ട് പേരാണ്. അവര്‍ക്കെങ്ങനെ പഴയ രണ്ടു പേരുടെ പ്രണയത്തിന്റെ തുടര്‍ച്ച സാധ്യമാകും?'

മദ്യം മനുഷ്യനെക്കൊണ്ട് സാമാന്യബോധമില്ലാത്ത വര്‍ത്തമാനം പറയിക്കുമെന്ന് എനിക്കൊന്നൂടെ മനസ്സിലായ സമയമാണത്. ഡിഅഡിക്ഷന്‍ സെന്ററില്‍ അടുത്തയാഴ്ച പോകുന്ന കാര്യം ഭാര്യയെ ഓര്‍മ്മിപ്പിക്കണമെന്ന് ഞാന്‍ ഒന്നൂടെ ഉറപ്പിച്ചു. എങ്കിലും അയാളുടെ വര്‍ത്തമാനത്തില്‍ എന്തോ സങ്കടം മദ്യലഹരിക്ക് മറികടക്കാന്‍ കഴിയാത്ത കടമ്പയായി ബോധംകെടാതെ നില്‍ക്കുന്നതായി തോന്നിയതിനാല്‍ സമയം കളയാന്‍ ബാക്കി കൂടി കേള്‍ക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

പീറ്റര്‍ തുടര്‍ന്നു:

'പുണ്യാളനില്‍നിന്നു ഞാന്‍ മനസ്സിലാക്കുന്ന കാര്യമാണത്. നഷ്ടമായ ഒരു നിമിഷത്തെ മറ്റൊരു നിമിഷംകൊണ്ട് നികത്താന്‍ കഴിയില്ല. അതുകൊണ്ട് നിമിഷങ്ങള്‍ നഷ്ടമാകാതിരിക്കാനാണ് നോക്കേണ്ടത്. ഓരോ നിമിഷവും.'

പീറ്റര്‍ ഒരു തുള്ളി മദ്യം നാവിലേക്ക് ഇറ്റിച്ച് കണ്ണടച്ച് നുണഞ്ഞ് പറഞ്ഞു:
'ഓരോ നിമിഷവും ഓരോ തുള്ളി മദ്യമെന്ന വണ്ണം നുണഞ്ഞ് കടന്നുപോകണം. അപ്പോ പിന്നെ പില്‍ക്കാലത്ത് സങ്കടപ്പെടേണ്ടിവരില്ല.'

ഇതൊക്കെ പലയിടത്തും ഞങ്ങള്‍ കേട്ടിട്ടുള്ളതാണെന്ന് ഞാനോര്‍ത്തു. പക്ഷേ, ബാറില്‍ വെച്ച് ഇത് ആദ്യമായാണ് കേള്‍ക്കുന്നത്.

'ആന്‍സമ്മയുടെ കുഞ്ഞ് അവളുടെ ഇരുപത്തിരണ്ടാം വയസ്സില്‍ അവള്‍ക്ക് നഷ്ടമായി. നോക്കണം ഒന്നര വയസ്സുള്ള കുഞ്ഞ്. മുപ്പത്തിരണ്ടാം വയസ്സില്‍ അവളുടെ മുന്നില്‍ ഒരു പത്ത് വയസ്സുകാരന്‍ വന്നു നില്‍ക്കുന്നു. അതെങ്ങനെ പകരമാകും. അവള്‍ക്ക് നഷ്ടമായത് ഒന്നര വയസ്സുള്ള കുഞ്ഞിനെയാണ്. അവന് നഷ്ടമായത് ഇരുപത്തിരണ്ട് വയസ്സുള്ള അമ്മയേയും. എങ്ങനെ വന്നാലും രണ്ടു പേര്‍ക്കും അവര്‍ക്ക് നഷ്ടമായത് ലഭിക്കില്ല.'

പീറ്റര്‍ സങ്കടത്തോടെ പൊട്ടിച്ചിരിച്ചു: 'എന്തൊരു സങ്കടമാണത്. മനുഷ്യന്റെ ധര്‍മ്മസങ്കടം അതല്ലാതെ മറ്റെന്താണ്.'

ഒരു പുരോഹിതനെപ്പോലെ പീറ്റര്‍ എഴുന്നേറ്റ് നിന്നു. (അല്ലേല്‍ ഞങ്ങള്‍ക്ക് അങ്ങനെ തോന്നി). മദ്യവില്‍പ്പന സ്ഥലം അള്‍ത്താരപോലെ പ്രകാശിച്ചു. ആത്മീയതയുടെ ലഹരി നിറച്ച കുപ്പികള്‍ പാനപാത്രം നിറയ്ക്കുകയും ഒഴിയുകയും ചെയ്യുന്നതായി ഞങ്ങള്‍ക്കു തോന്നി. ഞങ്ങള്‍ക്കു മേലെ അബോധം അനശ്വരതപോലെ തളംകെട്ടി നിന്നു.

അപ്പോഴാണ് മദ്യം നിറയ്ക്കുന്ന അള്‍ത്താരയില്‍ പുണ്യാളന്‍ പ്രത്യക്ഷപ്പെട്ടതായി ഞങ്ങള്‍ കണ്ടത്. ഹൃദയത്തിലും തലച്ചോറിലും ആകാശം കീറിയ മിന്നലിനു സമാനമായ ഒരു വെള്ളിടി പാഞ്ഞു. മദ്യക്കുപ്പികള്‍ നിറച്ചിടത്തെ ഉയരമുള്ള വട്ടമേശയില്‍ വിശുദ്ധ സാവിയോ നില്‍ക്കുകയാണ്. ഭക്തിയും മദ്യവും രണ്ട് ലഹരികളും ഒന്നിച്ച് തലച്ചോറിനെ ആക്രമിച്ചാലെന്ത് ചെയ്യും. സാവിയോ പുണ്യാളന്റെ അമരത്വം നിറഞ്ഞ മുഖവും ശരീരവും ഞങ്ങളെ പരീക്ഷിക്കാനായി പ്രകാശം ചൊരിഞ്ഞ് നില്‍ക്കുന്നു. ഞങ്ങള്‍ അതു കാണുകയാണ്. ഞങ്ങളില്‍ ചിലര്‍ ബോധം കെട്ടു വീണു. ചിലരാകട്ടെ, ഉള്ള ലഹരി വാര്‍ന്നുപോയി അമ്പരപ്പോടെ മുട്ടുകുത്തി.

പെട്ടെന്ന് ഞങ്ങളിലൊരാള്‍ അലറി:
'വിശുദ്ധനായ സാവിയോ പുണ്യാളാ
ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കേണമേ.
സ്വര്‍ഗ്ഗീയരാജ്യത്തെ പടനായകനേ
ഞങ്ങളുടെ കപ്പലില്‍ കപ്പിത്താനാകണേ...'

ആരേലും പാടാന്‍ നോക്കിയിരിക്കുന്ന പോലെയായിരുന്നു. പിന്നാലെ എല്ലാരും അതേറ്റെടുത്ത് പാടി. കൈകൊട്ടിയും നൃത്തം ചെയ്തും ഞങ്ങള്‍ സാവിയോ പുണ്യാളന്റെ അത്ഭുതപ്രവൃത്തിയെ വരവേറ്റു.

'വിശുദ്ധനായ സാവിയോ പുണ്യാളാ
ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കേണമേ.

സ്വര്‍ഗ്ഗീയരാജ്യത്തെ പടനായകനേ
ഞങ്ങളുടെ കപ്പലില്‍ കപ്പിത്താനാകണേ...'

ഒരു കുടിയന്‍, ചോരനിറമുള്ള റം നിറച്ച ഒരു മധുപാത്രവും ഒരു പ്ലേറ്റ് ബീഫും സാവിയോ പുണ്യാളന്റെ മുന്നില്‍ കൊണ്ട് വെച്ചു:

'ഇതെന്റെ രക്തം. ഇതെന്റെ മാംസം.'

അതിനിടയ്ക്ക് ആ അസുലഭക്കാഴ്ച എല്ലാരേയും കാണിക്കണമെന്ന ഒരു അത്യാഗ്രഹം എന്നിലുദിച്ചു. ഞാന്‍ എന്റെ മൊബൈലില്‍ സാവിയോ പുണ്യാളന്റെ ഫോട്ടോ പല ആംഗിളില്‍ എടുത്തു. എനിക്കറിയാവുന്ന വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്കും ഫ്രണ്ട്‌സിനും അയച്ചുകൊടുത്തു. വളരെ പെട്ടെന്നാണ് അത് വൈറലായത്. ആവേശം മൂത്ത് അവിടിരുന്നുകൊണ്ട് ലൈവ് വീഡിയോ തന്നെ ഞാന്‍ നല്‍കുകയുണ്ടായി. കൂട്ടത്തില്‍ അങ്ങ് ഉണ്ടാക്കിയ സെന്റ് സാവിയോ റെസ്‌ക്യൂ ഓപ്പറേഷന്‍ വാട്‌സാപ്പ് ഗ്രൂപ്പിലും ഫോട്ടോകളും വീഡിയോയും ഷെയര്‍ ചെയ്യപ്പെട്ടു. അരമണിക്കൂറിനകം അങ്ങ് പറഞ്ഞ പ്രകാരം ആരോ ചിലര്‍ ഞങ്ങളെ മുഴുവന്‍ അകത്താക്കി ബാറിന്റെ ഷട്ടര്‍ പുറത്തുനിന്ന് അടച്ചു. അതും വിശുദ്ധ സാവിയോയുടെ അത്ഭുതപ്രവൃത്തിയെന്ന് ഞങ്ങള്‍ പരസ്പരം പറഞ്ഞു. അങ്ങ് വരുന്നതുവരെ ഞങ്ങളുടെ പാതിരാ കുര്‍ബ്ബാന തുടര്‍ന്നു. എന്റെ ഫോട്ടോകളും ലൈവും സാറ് കണ്ടതില്‍ സന്തോഷം. അതുകൊണ്ടാണല്ലോ ഇപ്പോള്‍ ഞാന്‍ അങ്ങയുടെ മുന്നില്‍ ഇരിക്കുന്നത്. അപ്പുറം ലോക്കപ്പില്‍ പീറ്റര്‍ കിടന്നുറങ്ങുന്നതും.

സി.ഐ ശ്രീകുമാറിന്റെ മുന്നില്‍ ഇപ്രകാരം മൊഴി കൊടുത്തതിനു ശേഷം തലേ ദിവസത്തെ ഹാംഗ് ഓവര്‍ വിട്ടുമാറാന്‍ ഒരു ചെറുത് കിട്ടാന്‍ വഴിയുണ്ടോയെന്ന് മദ്യപാനസംഘത്തിലെ ടോമി വെയിലിലേക്ക് നോക്കി ആഗ്രഹിച്ചു.

കാലൊടിഞ്ഞ പുണ്യാളന്‍ 

കാലൊടിഞ്ഞ പുണ്യാളന്‍ കവര്‍ച്ചക്കേസ് ആ വിധം അവസാനിച്ചുവെന്ന് പറയാമെങ്കിലും എന്നെപ്പോലെ ജീവിതം കഥപോലെ ശില്പഭദ്രമാകണമെന്നാഗ്രഹിക്കുന്നവര്‍ക്ക് ചില സംശയം ബാക്കിയായിരുന്നു. ഭാഗ്യവശാല്‍ യദൃശ്ചയാ പീറ്ററിനെ എനിക്ക് ഒരു കൊല്ലത്തിനുശേഷം പരിചയപ്പെടാന്‍ കഴിഞ്ഞു. എന്റെ സഹതടവുകാരനായിരുന്നു പീറ്റര്‍. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ലോഡ്ജില്‍ സംഘടിപ്പിക്കപ്പെട്ട ഒരു രതിരസം പീഡനമാണെന്ന് തെറ്റിദ്ധരിച്ച് കാമുകി കൊടുത്ത കേസില്‍ ഞാന്‍ ജയിലില്‍ കിടക്കുകയാണ്.

ഒരു ദിവസം പീറ്റര്‍ എന്നോട് പറഞ്ഞു: 'ഞാന്‍ പൊലീസിനു പിടികൊടുത്തതാണ്. പുണ്യാളനെ തിരിച്ചുകൊടുക്കാന്‍ പള്ളാത്തുരുത്തി ജെട്ടീലോട്ട് ബോട്ടീന്ന് ഇറങ്ങിയപ്പോഴേ ഞാന്‍ തീരുമാനിച്ചിരുന്നു.'
അത് എന്നെ അത്ഭുതപ്പെടുത്തി.

'അല്ലാതെ പതിറ്റാണ്ടുകള്‍ ആസൂത്രണം ചെയ്ത ഒരു ഗൂഢസംഘത്തിന്റെ പദ്ധതി അത് നടപ്പാക്കിയ ഞാന്‍ തന്നെ ഒരു ബാറില്‍ കള്ള് കുടിച്ച് ബോധം കെട്ട് കുളമാക്കിക്കളയുമോ!'

പീറ്റര്‍ ചിരിച്ചു.

എനിക്ക് കൗതുകം ഇരട്ടിയായി. ഞാന്‍ ചോദിച്ചു: 'അത് ഞാനും ആലോചിച്ചിട്ടുണ്ട്. നിങ്ങളോട് അത് ഒരിക്കല്‍ ചോദിക്കാമെന്നും ഞാന്‍ കരുതിയിരുന്നു.'

പീറ്റര്‍ കുറച്ചു നിശ്ശബ്ദനായി. പിന്നെ പറഞ്ഞു:

'കാലൊടിഞ്ഞ പുണ്യാളനായിരുന്നില്ല അത്. എന്റെ കയ്യിലെ പുണ്യാളന്റെ തിരുസ്വരൂപത്തില്‍ കാല് പെര്‍ഫക്ടായിരുന്നു. അതുതന്നെ കാരണം.'

അയാള്‍ ഒന്നു നിര്‍ത്തി.

'ബോട്ടിലെ ഇരുട്ടില്‍ നെഞ്ചോട് ചേര്‍ത്ത് സാവിയോ പുണ്യാളന്റെ കാലുകള്‍ തടവി നോക്കിയപ്പോഴാണ് ഞാനത് മനസ്സിലാക്കിയത്. ഒടിഞ്ഞ കാലല്ല. സുഖപ്പെട്ട കാലാണ് പുണ്യാളന്.'
'എനിക്ക് മനസ്സിലാകുന്നില്ല' ഞാന്‍ പറഞ്ഞു.

'ആദ്യം എനിക്കും' അയാള്‍ തുടര്‍ന്നു. 'പിന്നെ ആലോചിച്ചപ്പോള്‍ രണ്ട് സാധ്യതകള്‍ എനിക്കു തോന്നി. ഒന്നുകില്‍ കാലൊടിഞ്ഞ പുണ്യാളനെ മാറ്റി അവര്‍ അള്‍ത്താരയില്‍ വെക്കാറുള്ളത് വേറെ തിരുസ്വരൂപമായിരുന്നിരിക്കണം. അല്ലെങ്കില്‍...'

ഞാന്‍ അപ്പോള്‍ ഇടപെട്ടു: 'അങ്ങനെയാകണമെന്നില്ല. പുണ്യാളന്റെ ഒടിഞ്ഞ കാല്‍ കടപ്രാക്കാര്‍ നന്നാക്കിക്കാണും. അതിനാണ് സാധ്യത കൂടുതല്‍.'

പീറ്റര്‍ ചിരിച്ചു: 'അതിലേക്കാണ് ഞാന്‍ വരുന്നത്. അവര്‍ പുണ്യാളന്റെ കാല്‍ സുഖപ്പെടുത്തി. കാല്‍ പണിയിപ്പിച്ചു.'

കുറച്ചുനേരം നെഞ്ച് പൊള്ളിനീറുന്ന വെയിലിലേക്ക് നോക്കി പീറ്റര്‍ ഇരുന്നു. പിന്നെ പറഞ്ഞു:

'പക്ഷേ, ഞങ്ങള്‍ക്കു നഷ്ടമായത് കാലൊടിഞ്ഞ പുണ്യാളനെയാണ്. ആ വേദനയും മുറിവുമുള്ള പുണ്യാളനെയാണ്. പക്ഷേ, എനിക്ക് ലഭിച്ചതോ സുഖപ്പെട്ട പുണ്യാളനേയും. വേദനിക്കുന്നവനും വേദന തീര്‍ന്നവനും തമ്മില്‍ വ്യത്യാസമുണ്ട്. രണ്ടും രണ്ട് പേരാണ്. അതുകൊണ്ടാണ് ഞാന്‍ അതു തിരിച്ചു പൊയ്‌ക്കോട്ടെയെന്ന് തീരുമാനിച്ചത്.'

'നിമിഷങ്ങളുടെ വ്യത്യാസത്തില്‍ നമുക്ക് എല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കും.' പീറ്റര്‍ വിശദീകരിക്കാന്‍ ശ്രമിച്ചു. 'അനുനിമിഷം മാറുന്നതിനാല്‍ ഒന്നും തിരിച്ചെടുക്കാനും പറ്റത്തില്ല.'

എനിക്കൊന്നും മനസ്സിലായില്ല. പക്ഷേ, അതു കേട്ടപ്പോള്‍ എന്റെ പ്രേമത്തെ ഓര്‍ത്ത് എനിക്ക് കരച്ചില്‍ വന്നു എന്നത് വാസ്തവമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com