'എലവന്നു മുള്ളില്‍ വീണാലും മുള്ളുവന്ന് എലേല്‍ വീണാലും'- വി.എസ്. അജിത്ത് എഴുതിയ കഥ

സജ്‌നയും സാജനും ഓഫീസിലെ മിസ് ഇന്ത്യയും മിസ്റ്റര്‍ കേരളയുമെന്ന് അസൂയയില്ലാത്ത കൂട്ടുകാര്‍ മദ്യപാനവേളകളില്‍ കൊടിയ കുശുമ്പോടെ സാജനോട് പറയാറുണ്ട്
'എലവന്നു മുള്ളില്‍ വീണാലും മുള്ളുവന്ന് എലേല്‍ വീണാലും'- വി.എസ്. അജിത്ത് എഴുതിയ കഥ

1.'പശ്ചാത്താപങ്ങള്‍ സാഹസികനിങ്ങനെ യെങ്ങുമുണ്ടാം!'

ജ്‌നയും സാജനും കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ഒരേ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ഇവരാണ് ഓഫീസിലെ മിസ് ഇന്ത്യയും മിസ്റ്റര്‍ കേരളയുമെന്ന് അസൂയയില്ലാത്ത കൂട്ടുകാര്‍ മദ്യപാനവേളകളില്‍ കൊടിയ കുശുമ്പോടെ സാജനോട് പറയാറുണ്ട്. സജ്‌നയോട് ആരെങ്കിലും ഇതുപോലെ പറയാറുണ്ടോ എന്ന് നമുക്കറിയില്ല. ബാക്കിയെല്ലാരും സര്‍ക്കാര്‍ ജോലിക്കാരുടെ ടിപ്പിക്കല്‍ മുഖമുള്ളവരാണ്. ശരീരവും! സവിശേഷ ശ്രദ്ധയ്ക്ക് പാത്രമായിപ്പോയി എന്ന ദുര്‍വിധികൊണ്ടാണോ മെനയുള്ളവര്‍ക്ക് സഹജമായ മിഥ്യാബോധം കൊണ്ടാണോ വല്ലാതെ അടുത്തുപോയാല്‍  പിന്നീട് അകലുമ്പോള്‍ വിഷമം വരും എന്നതിനാലാണോ അരുമയ്ക്ക് എരുമയായിട്ട് വളര്‍ത്തപ്പെട്ടതുകൊണ്ടാണോ എന്നറിയില്ല, ഇവര്‍ മറ്റു സഹപ്രവര്‍ത്തകരെപ്പോലെ ഓഫീസില്‍ അത്ര മിങ്കിള്‍ ചെയ്യാറില്ല. 

എന്നുവച്ചാല്‍ ക്ലര്‍ക്ക് രമണിയെപ്പോലെ അമ്പലത്തിലെ ചന്ദനം ആണുങ്ങളുടെ നെറ്റിയില്‍ ഇട്ടു കൊടുക്കുക, സൂസനെപ്പോലെ ദിവസവും ഓരോ കേക്ക് കൊണ്ടുവന്ന് സുകുമാരന്‍ സാറിന്റെ വായില്‍വച്ച് കൊടുക്കുക, സുധാമണിയെപ്പോലെ കുനിഞ്ഞുനിന്ന് സൂപ്രണ്ടിന്റെ ചെവി കടിച്ചിട്ട്  ജാതിമരത്തിന്റെ തണലില്‍ തട്ടുകട നടത്തുന്ന തങ്കപ്പന്‍ ചേട്ടന്റെ ഭാര്യ മിനിഞ്ഞാന്ന് ഓട്ടോക്കാരന്റെ കൂടെ ഓടിച്ചാടിപ്പോയിട്ട് ഇന്നലെ എല്ലാരും കൂടി ചെന്ന് തിരികെ വിളിച്ചോണ്ടു വന്നു എന്ന് 'കക്കക്കാ'ന്ന് ചിരിക്കുക തുടങ്ങിയ രസങ്ങളിലൊന്നും അഭിനയിക്കാറില്ല. നറു പുഞ്ചിരിയോടെ  കാതുകൂര്‍പ്പിച്ചു കാഴ്ചക്കാരായിരിക്കാറേ ഉള്ളൂ!

അങ്ങനെയിരിക്കവെയാണ് ഇരുവര്‍ക്കും എറണാകുളത്തൊരു ട്രെയിനിങ്ങിനു പോകേണ്ടി വന്നത്. കൃത്യം ഒന്‍പതിന് തുടങ്ങും. എട്ടേ മുക്കാലിന് ഹാജര്‍ ആകണം. എക്‌സ്‌റ്റേണല്‍ ഫാക്കല്‍റ്റിസ് ആണ് വരുന്നത്. ചപ്പാഉഴപ്പാന്ന് പത്തേമുക്കാലിന് കേറിച്ചെന്നാ പണികിട്ടും. ഒരുമിച്ചു പോയാല്‍ ഒരു കൂട്ടാവുമല്ലോന്ന് സജ്‌നയാണ് ആദ്യം എടുത്തിട്ടത്. എടുത്തിടാനൊരു കുതൂഹലം സാജനും തോന്നിയെങ്കിലും പ്രൊആക്റ്റീവ് ആകാന്‍ ധൈര്യം വന്നില്ല. 

ട്രെയിനില്‍ പോണോ? ബസ്സില്‍ പോണോ? രാവിലെ പോണോ? തലേന്ന് പോണോ? കൊറിയോഗ്രാഫി ഡിസൈന്‍ ചെയ്ത് ലവന് വട്ടായി. ലവള്‍ കൂളായി അചിന്ത്യയായി നടന്നു. പുള്ളിക്കാരന്‍ തല പുണ്ണാക്കിക്കൊള്ളും എന്ന് ഏത് പെണ്ണിനാണ് അറിയാത്തത്!

'മോനേം കൂടി കൊണ്ടുവരുകയാണെങ്കി വെളുപ്പിന് മൂന്നു മണിക്ക് കാറെടുത്തു പോകാം' എന്നവന്‍ മടിച്ചു മടിച്ചു പറഞ്ഞു.

'കാറില്‍ പോകുന്ന ഐഡിയ കൊള്ളാം. അഞ്ചു വയസ്സായ ചെറുക്കനെ എന്തിനാണ് കൊണ്ടു പോകുന്നത്? അവനെ നോക്കാന്‍ വീട്ടില്‍ ഉമ്മച്ചിയുണ്ടല്ലോ!'

'അതല്ല നമ്മള്‍ രണ്ടാളും മാത്രമായിട്ട് കാറില്‍ പോകുമ്പോള്‍ നിന്റെ വീട്ടില്‍ എന്തെങ്കിലും?' 

'അതിനെന്താ?! നിങ്ങള്‍ ഏതു നൂറ്റാണ്ടിലാ മനുഷ്യാ ജീവിക്കുന്നത്?'

സാജന്‍ ചെറുതായിട്ടൊന്നു ചമ്മി. ചമ്മല്‍ ആഹ്ലാദദായകമായ അനുഭൂതിയാണെന്ന് അറിയുകയും ചെയ്തു. പിറ്റേ ദിവസം രാവിലെ കണ്ടയുടനെ 'വൈകീട്ട് പെട്രോള്‍ പമ്പിനുള്ളിലെ 'കഫേ കോഫീ ഡേ'യില്‍ കയറിയിട്ട് പോകാം' എന്നവള്‍ പറഞ്ഞു. രണ്ടാളും താന്താങ്ങളുടെ ഇരുചക്രമോടിച്ച് അവിടെ എത്തി. അയാള്‍ക്കൊരു 'ലാക്‌റ്റേ'യും അവള്‍ക്കൊരു 'എക്‌സ് പ്രസ്സോ'യും ഓര്‍ഡര്‍ ചെയ്തു. 

'നമ്മുടെ പ്രോഗ്രാമില്‍ ഒരു റിസ്‌ക്കുണ്ടല്ലോന്നാണ് ഉമ്മച്ചി ചോദിക്കുന്നത്.' 

'അതല്ലേ ഞാന്‍... മോന്റെ കാര്യം...!'

'നിങ്ങളിപ്പഴും അവിടെ നില്‍ക്കുന്നതെ ഉള്ളൂ? കൊച്ചിനേം കൂടി അപകടത്തില്‍ ചാടിക്കണോ?'

'പിന്നെന്താ പ്രശ്‌നം?'

'നമ്മുടെ റോഡിലൂടെ രാത്രി പതിനൊന്നു മുതല്‍ രാവിലെ അഞ്ചു വരെ കാറോടിക്കുന്നത് അത്ര സേഫ് അല്ല. അമിത വേഗതയും പാടില്ല. നമുക്ക് തലേ ദിവസം വൈകീട്ട് ഇവിടന്നു പുറപ്പെട്ട് തൃശൂരോ മറ്റോ മുറിയെടുത്തിട്ട് അവിടന്ന് രാവിലെ എഴുന്നേറ്റ് പോയാ പോരേ?'

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

അവള്‍ വെയ്റ്ററെ കൈ കാണിച്ച് ഒരു 'ക്രാക്കിങ് ബ്രൗണി' ഓര്‍ഡര്‍ ചെയ്തു. സെല്‍ഫ് സര്‍വ്വീസ് ആണെങ്കിലും തിരക്കില്ലാത്തപ്പോള്‍ അവര്‍ ഒബ്ലൈജ് ചെയ്യാറുണ്ട്. 

'പെട്രോളും റൂംറെന്റും ഷെയര്‍ ചെയ്യാം. ഡ്രൈവിംഗ് നീ ഒറ്റയ്ക്ക് ചെയ്യണം. ഞാന്‍ പഴക്കമില്ലാത്ത വണ്ടി ഓടിക്കത്തില്ല.'

എക്‌സ് പ്രസ്സോ ഷോട്ട് അവള്‍ ഒരിറുക്കിന് അകത്താക്കി.

'ഇത്രേം അമ്മച്ചിടെ വക. ഇനി എന്റെ വക ഒരു കണ്ടിഷന്‍ ഉണ്ട്. ഈ യാത്രയില്‍ സ്മാള്‍ അടിക്കാന്‍ പാടില്ല!'
 
'മെച്ചപ്പെട്ടതും അസുലഭവുമായ ഒരു ലഹരി അനുഭവിക്കാനായാല്‍ അനായാസേന പ്രാപ്തമാവുന്ന അനുബന്ധ ലഹരി അഭികാമ്യമാണെങ്കിലും അനിവാര്യമല്ലല്ലോ' എന്നൊരു വാക്യമാണ് സാജന്റെ മനസ്സില്‍ അപ്പോള്‍ വന്നത്! നോവലിലും മറ്റും എഴുതാന്‍ കൊള്ളാവുന്ന വരിയാണല്ലൊ ഇത്! ചുമ്മാതല്ല എഴുത്തുകാര്‍ക്ക് ഇത്തരം മഹത്‌വചനങ്ങള്‍ വന്നുഭവിക്കുന്നത്! ഇതുപോലെ അഭൗമമായ ജീവിതാനുഭവങ്ങള്‍ ധാരാളം ഉണ്ടാവും. ഭാഗ്യവാന്മാര്‍. 

'നീയും ഐഡിയ ഒക്കെ പറയെടേ.. ഹിജാബ് ഒഴിവാക്കാണമെന്നോ ജീന്‍സ് ഇടണമെന്നോ രാവിലെ ഞാന്‍ കുളിക്കുന്ന ഗ്യാപ്പില്‍ നിനക്ക് വടക്കുംനാഥക്ഷേത്രത്തില്‍ ഒന്നു കയറണമെന്നോ, അങ്ങനെ എന്തെങ്കിലും... ഒടുവില്‍ ഞാന്‍ അണ്‍ഡെമോക്രാറ്റിക് ആയി യൂണീലാറ്ററല്‍ ഡിസിഷന്‍സ് എടുത്തു എന്ന് പരാതി പറയരുത്.'

അയാളപ്പോള്‍ ബില്‍ പേയ് ചെയ്യാനുള്ള തിരക്കിലായിരുന്നു. അവളെക്കൊണ്ട് കൊടുപ്പിക്കണ്ട എന്നൊരു മത്സരബുദ്ധിയുമുണ്ടായിരുന്നു.

സാധാരണ സര്‍ക്കാര്‍ ജോലിക്കാരെപ്പോലെ ആരെങ്കിലും ഒന്നു തുമ്മിയാല്‍ ആ പേരില്‍ ഉച്ചയ്ക്ക് മുങ്ങുന്ന സ്വഭാവം ഇരുവര്‍ക്കും ഇല്ല. ജോലി കഴിഞ്ഞെത്തി കുളിച്ചു റെഡിയായി ഇറങ്ങി വന്നപ്പോള്‍ സമയം ഏഴായി. നേരെ വിട്ടാലേ പതിനൊന്നിനെങ്കിലും തൃശൂര്‍ എത്തൂ. അയാള്‍ 'ജോയ്‌സ് പാലസില്‍' റൂം ബുക്കു ചെയ്തിട്ടുണ്ട്. റെന്റ് നാലായിരത്തോളം വരും. അത് പ്രശ്‌നമല്ല. അവളുമായി ഡിസ്‌കസ് ചെയ്യാനൊന്നും പോയില്ല. ചെക്ക് ഇന്‍ സമയത്തു രണ്ടാളുടേം ഐ.ഡി. കാണിക്കേണ്ടിവരും. ആധാര്‍ കയ്യില്‍ കാണാതിരിക്കില്ല. അതെടുക്കാന്‍ ഓര്‍മ്മിപ്പിച്ച് വെറുതേ ചെറുതാവണ്ട. അവള്‍ ഓവര്‍ സ്മാര്‍ട്ട് അല്ലേ?!
ചാറ്റല്‍മഴയും ഇരുട്ടും ഡ്രൈവിങ്ങിന്റെ സ്പീഡ് കുറയ്ക്കും. റൊമാന്റിക് മൂഡ് കൂട്ടുമെന്നുമുണ്ട്. അയാളാണ് നേരത്തേ റെഡിയായത്. ഭക്ഷണം കഴിക്കാന്‍ വഴിയില്‍ നിര്‍ത്തിയാല്‍ സമയം കുറെ വേസ്റ്റ് ആവും. 'റാന്തല്‍ റസ്റ്റാറണ്ടി'ല്‍ കയറി ഒരു മട്ടണ്‍ പെരട്ടും നാലു കുഞ്ഞുപെറോട്ടയും വീതമുള്ള മൂന്നു പൊതികള്‍ പാഴ്‌സലായി വാങ്ങി. ഒരു പെറോട്ടേം അര ബീഫും തിന്ന് അരയും തലയും മുറുക്കുകയും ചെയ്തു. ബേക്കറീന്നൊരു ഡിസ്‌പോസബിള്‍ പ്ലേറ്റും വാങ്ങി.

അവള്‍ വന്നുകയറിയപ്പോള്‍ നിയോണ്‍ ലൈറ്റുകള്‍ കാറിനെ സൗമ്യപ്രഭയില്‍ ആറാടിക്കുകയുണ്ടായി. നഗരാതിര്‍ത്തി കടന്നതും മിന്നാമിനുങ്ങുകള്‍ കൂട്ടമായി വന്ന് വാഹനമാകെ അലങ്കരിച്ചു. അവള്‍ക്ക് നുണക്കുഴിയുണ്ടെന്ന രഹസ്യം അയാള്‍ ആദ്യമായി കണ്ടുപിടിച്ചു. അവളുടെ പരഭാഗശോഭയില്‍ നാണിച്ച് മഴ പെയ്യാനറച്ചു. അയാള്‍ വൈപ്പര്‍ ഓഫാക്കി. അപ്പോള്‍ മരം പെയ്തു. എതിരേ വന്ന കാറിന്റെ വെളിച്ചം ഗ്ലാസ്സിലെ വെള്ളത്തുള്ളികളില്‍ ഒളിഞ്ഞിരുന്ന ഒരായിരം സൂര്യചന്ദ്രന്മാരെ അനാവൃതമാക്കി. കോളേജില്‍ പഠിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്കരികിലൂടെ ബൈക്കില്‍ ചെത്തിനടന്നതിന്റെ ഓര്‍മ്മയില്‍ അയാള്‍ കാര്‍ വെറുതേ ഒന്നു വെട്ടിച്ചു.

എട്ടു മണിയായപ്പോള്‍ അയാള്‍ ഒരു പൊതിയും ഡിസ്‌പോസബിള്‍ പ്ലേറ്റും എടുത്തു. 'ഞാന്‍ കഴിച്ചതാ' എന്ന് പറഞ്ഞിട്ട് അവളെ ഏല്പിച്ചു. 'ആര്‍ യു ഷുവര്‍?' എന്നു കേട്ടിട്ട് ഇടതുവശത്തെ ഫ്രണ്ട് സീറ്റില്‍ കാലുയര്‍ത്തി സുഖാസനത്തിലിരുന്ന് അവള്‍ തീറ്റയാരംഭിച്ചു. മട്ടന്റേയും മസാലയുടേയും ഗന്ധം കാറിനെ മത്തുപിടിപ്പിച്ചു. അത് മടിച്ചുനിന്ന മാരിയെ മാടിവിളിച്ചു. അവള്‍ ഇടയ്ക്കിടെ 'ഉം...! ഉം...!' എന്നു ശബ്ദമുണ്ടാക്കി 'നല്ല രുചി! നല്ല വിശപ്പും' എന്നൊക്കെ ദ്യോതിപ്പിച്ചു. എല്ലിനുള്ളില്‍നിന്നും മജ്ജ ഈമ്പിയെടുക്കുന്നതില്‍ അവള്‍ വിജയിച്ച 'ഗ്ലബ്ബ്' ശബ്ദത്തില്‍ അയാള്‍ അറിയാതെ ഒന്നു ബ്രേക്ക് ചവിട്ടി. കഴിച്ചുതീര്‍ന്നപ്പോള്‍ കാറിലിരുന്നുകൊണ്ടുതന്നെ ഡോര്‍ തുറന്ന് കൈ കഴുകാനായി സൈഡില്‍ ഒതുക്കി. കുലുക്കുഴിഞ്ഞു തിരികെ വന്നപ്പോള്‍ അവള്‍ 'പെറ്റെഴുന്നേറ്റു വേദുകുളിച്ച' മദാലസയെപ്പോലിരുന്നു! 

ഗിയര്‍ ഇടയ്ക്കിടെ മാറ്റേണ്ടതില്ലാത്ത സ്‌ട്രെയിറ്റ് റോഡെത്തിയപ്പോള്‍ അയാള്‍ അവളുടെ ഇടത്തേ തുടക്കാമ്പില്‍ കൈപ്പത്തി മെല്ലവേ ഒന്നു നിക്ഷേപിച്ചു. 

'ദിസ് ഈസ് എ ബാഡ് ടച്ച്'

അയാള്‍ കൈ പിന്‍വലിച്ചു. ആക്രാന്തം പാടില്ലായിരുന്നു. ഏകാഗ്രതയോടെ വണ്ടി ആററുപതില്‍ ലക്ഷ്യത്തിലേക്ക് പറപ്പിക്കാന്‍ ഈ നടപടി ഗുണം ചെയ്തു. അവള്‍ കണ്ണുകളടച്ചു. നേരിയ കൂര്‍ക്കംവലി കരിവണ്ടായി വന്ന് മട്ടന്റെ മാദകഗന്ധത്തെ ബട്ടര്‍ഫ്‌ലൈയെയെന്നപോലെ പുറത്തേക്ക് ഓടിച്ചു.
ചെക്ക് ഇന്‍ ചെയ്തപ്പോള്‍ പതിനൊന്നേ മുക്കാല്‍ ആയി. ഫ്രണ്ട് ഓഫീസില്‍ അവളുടെ ഐഡി തിരഞ്ഞു കുറെ സമയം നേര്‍വസ് ആയി നിക്കേണ്ടിവന്നു. എയര്‍ബാഗിനുള്ളിലെ സെക്കന്റ് പേപ്പര്‍ ഒക്കെ എടുത്ത് പുറത്തിട്ട് ആയതു കണ്ടെത്തിയപ്പോള്‍ നേരത്തേ സൂചിപ്പിച്ചിരുന്നെങ്കില്‍ ഹാന്‍ഡി ആയി എടുത്തുവച്ചേനേ എന്നവള്‍ കുറ്റപ്പെടുത്തുകയും ചെയ്തു. 

റൂമില്‍ കയറി കതകടച്ചു. ട്വിന്‍ ബെഡ് ഉള്ള റൂം എടുക്കായിരുന്നില്ലേ എന്നവള്‍ ആശ്ചര്യപ്പെട്ടു. 

'ഇനീപ്പം സാരമില്ല വിശാലമായ കിംഗ് സൈസ് കട്ടില്‍ ആണല്ലോ ഞാനൊരു സൈഡില്‍ കിടന്നോളാം പിന്നെ കാറില്‍ വച്ച് ഒരു ബാഡ് ടച്ച് നടത്തിയതുകൊണ്ട് പറയുവാ ദുരുദ്ദേശം വല്ലതും ഉണ്ടെങ്കില്‍ ഇപ്പൊ മറന്നേക്കണം. ഞാനും കെട്ടിയവനും നല്ല സ്‌നേഹത്തില്‍ തന്നെയാണ് ഉള്ളത്.'

അയാള്‍ ബാഗുതുറന്ന് മട്ടണും പെറോട്ടയും അടങ്ങിയ രണ്ടു പൊതികള്‍ വെറുതേ എടുത്തു മേശപ്പുറത്തു വച്ചു. ബാഗിലിരുന്ന് അഴുകി വസ്ത്രം കേടാകരുതല്ലോ. 'വിശപ്പോ മറ്റോ ഉണ്ടെങ്കില്‍...' എന്ന വാചകം പാതിയില്‍ നിര്‍ത്തി. മൂത്രമൊഴിച്ചിട്ട് കട്ടിലിന്റെ മറ്റേ സൈഡില്‍ വികര്‍ഷണേന കിടന്നു. കിടപ്പു കണ്ടിട്ട് ഭാര്യയും ഭര്‍ത്താവും ആണെന്ന കാര്യത്തില്‍ ഫാനിന് സംശയം ഒന്നും ഉണ്ടായിരുന്നില്ല. 'എ.സി.ടെ തണുപ്പ് തന്നെ സഹിക്കാന്‍ വയ്യ' എന്നു പറഞ്ഞിട്ട് അവള്‍ ഫാന്‍ ഓഫ് ചെയ്തു. അയാള്‍ വെളുക്കും വരെ ഉറങ്ങാതെ കിടന്നു. വല്ല മനംമാറ്റവും വരുമെന്നു കരുതി ഉണര്‍ന്നിരുന്നതല്ല. ഉറക്കം വരുന്നില്ല. രണ്ടു സ്മാള്‍ അടിച്ചിരുന്നെങ്കില്‍ ചിലപ്പോ ഉറങ്ങിയേനെ. 

പിറ്റേന്ന് രാവിലെ അവള്‍ ദീര്‍ഘമുഖം കാണിച്ചിരുന്നു. ഭയങ്കര കടുപ്പം. മിണ്ടാന്‍ അയാള്‍ക്കും തോന്നിയില്ല. ആലുവാ കഴിഞ്ഞപ്പോള്‍ അവള്‍ മൗനം ഭഞ്ജിച്ചു.

'ഞാനൊരു കാര്യം ചോദിച്ചാ സത്യം പറയുമോ?' 

അയാള്‍ ഒന്നും മിണ്ടിയില്ല. 

'നീയെന്തിനാ രണ്ടു മട്ടന്‍ എക്‌സ്ട്രാ വാങ്ങിയത്?'
 
'ചിലപ്പോ വിശന്നാലൊന്നു വിചാരിച്ചു.'

'ചിലപ്പോ അല്ല. 'അത്' കഴിഞ്ഞാല്‍ വിശന്നാലോ എന്നല്ലേ?'
 
ഒരു പട്ടി കുറുകേ ചാടി. അയാള്‍ ഹോണ്‍ ആഞ്ഞടിച്ചു. 

'എനിക്ക് മനസ്സിലായി. യു ആര്‍ മീന്‍ ഓര്‍ വാട്ട്?! വണ്ടി ഒതുക്ക്. ഞാന്‍ ഇവിടെ ഇറങ്ങുവാ. തിരിച്ചു ഒറ്റയ്ക്ക് പൊക്കോളൂ. അലവലാതികളുമായി ഒരിടപാടും ഇല്ല.' 

അവള്‍ ബാഗുമെടുത്തു് ഇറങ്ങിപ്പോയി. അയാള്‍ അടുത്ത വളവില്‍ വണ്ടിയൊതുക്കി ഒരു സിഗരറ്റ് വലിച്ചു. ബാഗു തുറന്ന് അണ്‍യൂസ്ഡ് കോണ്ടംപായ്ക്ക് എടുത്ത് ഓടയില്‍ കളഞ്ഞു.

2. പൂച്ചാമ്മയും കോഴിച്ചനും

പഴേ കഥയല്ല ഇത്. അന്ന് പൂച്ചക്കുട്ടനും പിടക്കോഴിയും കല്യാണം കഴിച്ചിരുന്നില്ലല്ലോ. പൂച്ചക്കുട്ടനാണെങ്കില്‍ മഹാമടിയനും. കല്യാണം കഴിക്കാത്തവര്‍ക്ക് ഇത്തിരി മടിയൊക്കെ ആവാം. പിന്നത്തെ കഥയാണ് പറയാന്‍ പോകുന്നത്. അതായത് കല്യാണശേഷം മൂന്നുവര്‍ഷം കഴിഞ്ഞപ്പോഴത്തെ കഥ. ഒരു ദിവസം പൂച്ചയച്ചനും കോഴിയമ്മയും... ഇതെന്തോന്ന് ഊളപ്പേരാ മൈ ബ്രോ? എന്ന് ന്യൂ ജെന്‍ പിള്ളേര്‍ ചോദിക്കുന്നു.. ഒന്നു പരിഷ്‌കരിച്ചേക്കാം... പൂച്ചാച്ചനും കോഴിമ്മയും! അതെ പൂച്ചാച്ചനും കോഴിമ്മയും ഞായറാഴ്ച രാവിലെ എട്ടു മണിക്ക് ഉറക്കമുണര്‍ന്നു.

പൂച്ചാച്ചന്‍ 'എടിയേ നെയ്യപ്പം തിന്നാന്‍ വല്ലാത്ത പൂതി!' എന്നറിയിച്ചു.

'ഇന്നല്ലേ കര്‍ട്ടനും ജനലുകളും തുടയ്ക്കാം എന്ന് വച്ചിരുന്നത്? ഇത്ര പെട്ടെന്ന് മറന്നാ? പതിന്നാലായിരം കൊടുത്തു വാക്വം ക്ലീനര്‍ വാങ്ങി വച്ചിട്ട് മാസം ഒന്നായി!'
 
'അത് ഒരു മണിക്കൂറിന്റെ കേസല്ലേ ഉള്ളൂ?'

പൂച്ചാച്ചന്‍ കാര്‍ട്ടൂണിലെ സ്ഥിരോത്സാഹിയെപ്പോലെ ടപ്പഠപ്പേന്ന് കര്‍ട്ടനും ജനലുകളും ക്ലീന്‍ ക്ലീനാക്കി.

'ഫാനിന്റെ കാര്യം മറന്നോ? അതിനി എടുത്തു പറയണമായിരിക്കും!'

'അതിനു പൊക്കത്തിലുള്ള സ്റ്റൂള്‍ ആരെങ്കിലും പിടിച്ചു തരണ്ടേ? ബക്കറ്റിലെ വെള്ളത്തില്‍ തുണി മുക്കിത്തരേം വേണം!'

'ഞാന്‍ പിടിച്ചിട്ട് വേണം എന്റെ തലേക്കൂടി മറിഞ്ഞടിച്ചു വീഴാന്‍. മാറാല തലേ വീണാ ഒരു മാസം തുമ്മിത്തുമ്മി മരിക്കും. എനിക്ക് ഡസ്റ്റ് അലര്‍ജി ഉള്ള കാര്യം അറിയാല്ലോ?!'

അയാള്‍ മേശ നീക്കിയിട്ടിട്ട് അതിന്റെ പുറത്ത് സ്റ്റൂള്‍ വച്ച് കയറി. അത്യാവശ്യക്കാരന്‍ ഐന്‍സ്റ്റീന്‍ ആവും എന്നുണ്ടല്ലോ!

'ഡാര്‍ലിംഗ്... ജനലും ഫാനും ക്ലീന്‍! അപ്പൊ നെയ്യപ്പം?!'

'ഓ അതിനിയും മറന്നില്ലേ വടക്കു വശത്തു കിടക്കുന്ന പുളിമുട്ട് കീറി വിറകാക്ക്. ഗ്യാസ്അടുപ്പിന് ടേസ്റ്റ് ഇല്ല. കോടാലി ചായ്പില്‍ ഉണ്ട്.'

വിറകു കീറി വിയര്‍ത്തപ്പോള്‍ അയാളുടെ ചിന്തകള്‍ കാടുകയറി അമേരിക്കന്‍ ഐക്യനാടുകളിലെത്തി. എബ്രഹാം ലിങ്കനെ ഓര്‍മ്മവന്നു. 

'വിറകു റെഡി.' 

'എന്നാ തേങ്ങാ പൊതീര്...'

'ഒരു തേങ്ങാ പോരേ?'

'നാളത്തെ ചമ്മന്തിക്ക് ഇനി ഒന്നേന്ന് മെനക്കെടണ്ടല്ലോ.'

നെയ്യപ്പത്തിന് കൊട്ടത്തേങ്ങേടെ ചിപ്‌സ് അല്ലെ ഇടൂ എന്നയാള്‍ ചിന്തിക്കാതിരുന്നില്ല ചിലപ്പോ തേങ്ങാപ്പാല് ഒഴിക്കുമായിരിക്കും.

'ഇനി കടേപ്പോയി ശര്‍ക്കരയും വെളിച്ചെണ്ണയും വാങ്ങണം. പോണ സ്ഥിതിക്ക് പത്തുകിലോടെ 'പവിഴം വടി' കൂടി വാങ്ങിച്ചോ 'വിസ്പര്‍ എക്‌സ്ട്രാ ലാര്‍ജി'ന്റെ ഒരു പായ്ക്കും.' 

അയാള്‍ ചാടിച്ചാടി എല്ലാം വാങ്ങി വന്നു.

ഇനി അരി പൊടിക്കണം. ഉരലാ നല്ലത്. മിക്‌സിക്ക് ടേസ്റ്റില്ല.

ഓടിപ്പോയി ഉലക്കയെടുത്തപ്പം 'മടിയന്‍ മല ചുമക്കും' എന്ന് ഉണ്ണിത്തിരി മാഷ് പഠിപ്പിച്ചത് വെറുതേ ഓര്‍മ്മവന്നു.

'കൊതുമ്പും കോഞ്ഞാട്ടയും കൂടി വിറകിനൊപ്പം മിക്‌സ് ചെയ്താല്‍ നല്ല രുചിയായിരിക്കും. ഇടയ്ക്കിടെ കൊതുമ്പ് നീക്കിവച്ചുകൊടുക്കണമെന്ന് എടുത്തു പറയേണ്ടതില്ലല്ലോ!'

ഉഷ്ണിച്ചും വിയര്‍ത്തും ഒരു വഴിക്കായെങ്കിലും നെയ്യപ്പത്തിന്റെ മാദകഗന്ധം നാസാരന്ധ്രം തുളച്ച് ഓള്‍ഫാക്ടറി കോര്‍ട്ടെക്‌സില്‍ എത്തിയപ്പോള്‍ അയാള്‍ക്ക് ഉന്മാദമുണ്ടായി. കോഴിമ്മയുടെ നൈറ്റി വലിച്ചുപൊക്കിയിട്ട് അടിപ്പാവാടയില്‍ കൈ തുടച്ചു. അട പിടിക്കുന്ന തുണികൊണ്ട് ചൂടു നെയ്യപ്പം മുഴുവനെ എടുക്കാനാണോ കത്തികൊണ്ട് കട്ടുചെയ്ത് ത്രികോണേന്നൊരു പീസ് എടുക്കാനാണോ എന്താന്നറിയില്ല ഒരു വെപ്രാളവും പരവേശവും.

കോഴിമ്മ 'വേവും വരെ കാക്കാമെങ്കി ആറുംവരെ കാത്താലെന്താ?' ന്ന്  ഒരാട്ടാട്ടി. 

'എന്നാപ്പിന്നെ അങ്ങനെ തന്നെ!'

പെട്ടെന്നാണ് കോഴിമ്മയുടെ കാഫ് മസ്സില്‍ കോച്ചിപ്പിടിച്ചത്. വെരിക്കോസ് കൊണ്ട് ഇളകേം ചെയ്തു.

'അയ്യോ അമ്മേ! കുഴമ്പെവിടെ? ബാം എവിടെ?' എന്നൊക്കെയായി. വോളിനി സ്‌പ്രേ കാല്‍മുട്ടിലടിച്ചു. ഫാനിന്റെ ചോട്ടില്‍ ഇത്തിരി നേരം കിടന്നു. വെരിക്കോസ് പിടിച്ച തന്റെ കാല്‍ എടുത്തിട്ട് ഫുട്‌ബോള്‍ കളിക്കുന്ന പൂച്ചാച്ചന്റെ കാല്‍ പകരം തരുമോ എന്നവള്‍ റൊമാന്റിച്ചു! 

'കാലും തലയും ഒന്നും മാറ്റാന്‍ പറ്റില്ലല്ലോ!' അയാള്‍ നിരാശ വെളിപ്പെടുത്താന്‍ ഈ സന്ദര്‍ഭം പ്രയോജനപ്പെടുത്തി.

'എന്നാ പേരു മാറ്റിയാലോ? ഞാന്‍ പൂച്ച! നീ കോഴി!' 

'പുസ്സി ആന്‍ഡ് കോക്ക്?'

'അതു വേണ്ട. പൂച്ചാമ്മയും കോഴിച്ചനും!'

അപ്പോഴേക്കും നെയ്യപ്പം തണുത്തു നാറി വളിച്ചു പണ്ടാരടങ്ങി.
 
'പൊട്ട് സാരമില്ല! നമുക്ക് നാളെ വത്സന്‍ ഉണ്ടാക്കാം.'

3. രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട് *

ഉത്തമന്‍ സാര്‍ ഉപ്പൂറ്റി വേദനയ്ക്ക് മുക്കൂട്ടിട്ടത് മുക്കാല്‍ മണിക്കൂര്‍കൊണ്ട് ത്വക്ക് മാംസ രക്താദികള്‍ കടന്ന് മജ്ജയിലേക്ക്  സ്വാംശീകരിക്കുകയാണെങ്കില്‍ തദനന്തരം പാദപ്രക്ഷാളനം ചെയ്ത് ഉറങ്ങാം എന്ന ഗെയിം പ്ലാനുമായി മൊബൈലില്‍ നോക്കിയിരുന്നപ്പോഴാണ് പണ്ടാരടങ്ങാന്‍ മെസ്സഞ്ചറില്‍ ഒരു 'ക്ലിം' തുള്ളി വീണത്. ഇന്നലെയെഴുതിയ 'അണ്ഡകടാഹമേ ആഴക്കടലേ' എന്ന കവിത 'കൊള്ളാം' എന്ന് അന്ന അഹ്മത്തോവ കുറിപ്പിട്ടതാവാനിടയുണ്ട്. സെലിബ്രിറ്റികള്‍ സാധാരണ പവര്‍കട്ട് സമയത്തു തലയില്‍ മുണ്ടിട്ടു മതില് ചാടിവന്ന് അഭിനന്ദിച്ചിട്ട് ഓടിക്കളയാറാണ് പതിവ്. പരസ്യമായി വാളില്‍ കമന്റിടാറില്ല. 

'ഹായ്' എന്നേയുള്ളു. യൂണിസെക്‌സ് (സര്‍ക്കാരിന്റെ ഭാഷയില്‍ ജെന്റര്‍ ന്യൂട്രല്‍) പേരാണ്. ആരാധികയോ ആരാധകനോ ആവാം. മുമ്പ് കണ്ടതായി ഓര്‍ക്കുന്നില്ല.

ഒരു 'ഹായ്' തിരിച്ചുമിട്ടു. 

'എന്താ വിശേഷം?'

'ഉഷാര്‍.'

'എന്നു പറഞ്ഞാ?'

'മോശമല്ല.' 

'ഹാപ്പിയായിട്ട് സുഖമായി കവിതയൊക്കെ എഴുതി അങ്ങനെ കഴിഞ്ഞുപോകുന്നു എന്നല്ലേ?'

'യെസ്.'

'തനിക്ക് ഒറ്റവാക്കില്‍ മാത്രേ മറുപടി പറയാന്‍ അറിയുള്ളോ മയിരേ?! കോണകോണകൊണാന്ന് മഞ്ചേശ്വരം മുതല്‍ പാറശാല വരെ നീളത്തില്‍ കവിത എഴുതാന്‍ നേരം വാക്കിന് ഒരു പിശുക്കും ഇല്ലല്ലോ?
ഉത്തമന്‍ സാറിനെ പള്ളു വിളിക്കാന്‍ ധൈര്യമുള്ള അധമന്‍ ആരാണ്?! കയ്യിലിരുപ്പിന് കയ്യോടെ മുണ്ടുപൊക്കിക്കാണിക്കുകയാണ് വേണ്ടത്. ആളറിയാതെ സാഹസത്തിനു മുതിരണ്ട. വായനക്കാര്‍ക്ക് നൂറായിരം അസ്സോസിയേഷന്‍ ഉള്ള കാലമാണ്. അതിന്റെ വല്ലതും സംസ്ഥാനസെക്രട്ടറി ആണെങ്കിലോ?! ഉത്തമന് ഉത്തമം സംയമനം തന്നെ. ഏക്‌സംപ്ലറി റിസ്‌ട്രെയിന്‍സ്! 

'ഇവിടെ അമ്മ വിളിച്ചു. ഇത് കഴിഞ്ഞു വിശദമായി എഴുതാന്‍ വരുകയായിരുന്നു.'

'അമ്മയ്ക്ക് ഉറക്കമൊന്നുമില്ലേ?'

'വയസ്സാവുംതോറും ഉറക്കം കുറവാ.'
 
'ഇവിടെ ഒരു അമ്മായിയമ്മയുണ്ട്. മൂപ്പത്തിക്ക് രാത്രിയും പകലും ഉറക്കം ഇല്ല.'
 
അപ്പൊ വനിതാരത്‌നമാണ്!

'ചീത്തവിളി കേട്ട് പേടിച്ചാ പൊന്നേ?'

'എനിക്കപ്പഴേ തോന്നി.' 

'എന്തു തോന്നി.' 

'ഒരു സുന്ദരിക്കുട്ടിയായിരിക്കുമെന്ന്.' 

'അത് നിങ്ങള്‍ എല്ലാ ആണുങ്ങളും പൊതുവെ ചുമ്മാ പറയുന്നതല്ലേ?' 

'ഞാന്‍ അത്തരക്കാരനല്ല.'

'പിന്നെ ഒരിക്കലും കാണാതെ എങ്ങനെ? പ്രൊഫൈല്‍ ഫോട്ടോയും ഇട്ടിട്ടില്ല!' 

'എങ്കില്‍ കാണിക്ക്.' 

'അയ്യട മനമേ ആദ്യം നീ കാണിക്ക്.'

'കാണിക്കും!'

'ചുമ്മാ കാണിക്കെന്നേ.'

'കണ്ടവരാരും മോശം പറഞ്ഞിട്ടില്ല.'

'അപ്പൊ ഞാന്‍ എത്രാമത്തെ ആളാ?'

'സത്യം പറഞ്ഞാ അമ്മച്ചിയാണേ ആദ്യമായിട്ടാ ഇങ്ങനെ.' 

'അപ്പോ 'കണ്ടവരാരും'... എന്നു പ്ലൂറല്‍ പറഞ്ഞതോ?' 

'അത് പിന്നെ... വീട്ടുകാരത്തിയും പൊടിപ്പിള്ളേരും മറ്റും.' 

'കിടന്ന് ഉരുളണ്ട. കാണിച്ചാണ്...നോക്കട്ട്.'

'ഉണരുണരൂ... ഉണരുണരൂ... ഉണ്ണിപ്പൂവേ...!' എന്ന പാട്ടിനെ മനസ്സില്‍ ആവാഹിച്ചുകൊണ്ട് ഉത്തമന്‍ സാര്‍ ഉണ്ണിപ്പൂവെടുത്തു കാട്ടി. 

'വൃത്തികേട് കാണിക്കുന്നോ അലവലാതീടെ മോനേ?!'

'നീയല്ലേ പറഞ്ഞത്?' 

'പോക്രിത്തരം പറയരുത്. ഞാനെന്താ പറഞ്ഞത് പുലയാടി മോനേ?'

'ഞാന്‍ കാണിച്ചാല്‍ നീയും കാണിക്കാമെന്ന്!'

'ഓഹോ! മഹാകവിയുടെ തിരുമോന്തയല്ലേ ഞാന്‍ ഉദ്ദേശിച്ചത്! വൃത്തികെട്ടവന്‍!'

'സോറി...' 

'എന്തോന്ന് സോറി?'

'ഒരിക്കലത്തേക്ക്...'

'ഒരൊരിക്കലുമില്ല...നീ തീര്‍ന്ന്...രണ്ടേ രണ്ടു മിനിറ്റ്... നിന്റെ മൊട്ടത്തലയും മുറിബീഡിയും ലോകം മുഴുവന്‍ കാണും. ഫേസ്ബുക്ക്, വാട്ട്‌സ് ആപ്പ്, ഇന്‍സ്റ്റാഗ്രാം എല്ലാത്തിലും ഞാന്‍ ഇടും അവന്റമ്മുമ്മേടെ 'അണ്ഡകടാഹമേ ആഴക്കടലേ.'
            
* തലക്കെട്ടിന് കടപ്പാട്: കവി പി. രാമന്‍

4. സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് പാരഡോക്‌സ് 

ഡാരിയ ഫ്രീഡംപാര്‍ക്ക് മുതല്‍ ഡെര്‍ബി ലെയിനിലെ കെന്നല്‍ക്ലബ് വരെ നടന്നു. ഓടി എന്ന് പറയുന്നതാവും ശരി. നേവാനദി പെയിന്റടിക്കാത്ത അലുമിനിയംറൂഫിങ് പോലെ തണുത്തുറഞ്ഞു കിടന്ന പ്രഭാതമായിരുന്നു അത്. മൈനസ് ഏഴു ഡിഗ്രി തണുപ്പില്‍ തെര്‍മല്‍ ഇന്നര്‍വെയറും വൂളന്‍ബ്ലാങ്കറ്റും ലതര്‍ കയ്യുറയും വൂളന്‍സോക്‌സും ആങ്കിള്‍ഷൂസും ബീനിയും സ്‌കാര്‍ഫും അണിഞ്ഞുകൊണ്ട് എന്തിനാണ് ഒരുവള്‍ ഓടുന്നതെന്ന്  അത്ഭുതപ്പെടാന്‍ റോഡില്‍ ആരും ഉണ്ടായിരുന്നില്ല. കേരളത്തിലെ ഹര്‍ത്താല്‍ ദിനം പോലെ തോന്നിക്കുന്ന രാജപാതകള്‍ക്കരികിലെ കെട്ടിടങ്ങള്‍ക്കുള്ളില്‍ നിറയെ ചന്തമുള്ള മനുഷ്യരാണ്. ചിലര്‍ വോഡ്ക കുടിക്കുന്നു. മറ്റു ചിലര്‍ ഓര്‍ഡര്‍ ചെയ്ത പോര്‍ക്ക് സ്റ്റീക് എത്തുന്നതുവരെ വെടി പറയാമെന്നു തീരുമാനിച്ച മട്ടാണ്. സൂപ്പര്‍ മാര്‍ക്കറ്റുകളിലും തുണിക്കടകളിലും ഒക്കെ ആളുണ്ട്. റഷ്യയിലെ ഏറ്റവും വലിയ ഹാപ്പനിംഗ് പ്ലെസുകളിലൊന്നാണല്ലോ സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്. ഇതൊക്കെ കാണണമെങ്കില്‍ സ്ട്രീറ്റിലെ കൊടിയ തണുപ്പില്‍നിന്നും ബലമുള്ള വലിയ വാതില്‍ വലിച്ചുതുറന്ന് സെന്‍ട്രലൈസ്ഡ് ഹീറ്റിങ് സിസ്റ്റത്തിന്റെ ഊഷ്മളതയിലേക്ക് കടക്കണമെന്നു മാത്രം!

ആകാശത്തുനിന്ന് ആരോ തലയിണ പിഞ്ഞിയിട്ടതുപോലെ മഞ്ഞുകണങ്ങള്‍ ഡയഗണലായി  വീണ് അവളുടെ കറുത്ത ജാക്കറ്റിനെ ഗഗനചാരിയായ ആന്‍ഷെല മാലാഖയ്ക്ക് ഗോചരമാക്കിക്കൊടുത്തു. ബ്രൗണ്‍ ബീനിയിലെ സ്‌നോ ഫാള്‍സ് അപ്പുപ്പന്‍താടിപോലെ പാറി. ഡാരിയ കെന്നലിന്റെ തടിവാതില്‍ ബലമായി പുറത്തേക്കു തുറന്ന് അകത്തു കയറി. ബീനിയും ഗ്ലോവ്‌സും മാറ്റാന്‍ നില്‍ക്കാതെ, നിന്നുകൊണ്ടു തന്നെ;

'എനിക്കൊരു ഉത്തമനായ ചങ്ങാതിയെ വേണമല്ലോ സോദരാ' എന്ന് വെപ്രാളപ്പെട്ടു. നായയെ 'ചങ്ങാതി' എന്ന് സംബോധന ചെയ്തതില്‍ അയാള്‍ക്ക് അത്ഭുതമൊന്നും തോന്നിയില്ല. തന്റെ ഇടപാടുകാരായ സ്ത്രീകള്‍ പൊതുവെ നായകളെ മകന്‍, അച്ഛന്‍, ബോയ്ഫ്രണ്ട് എന്നൊക്കെയാണ് വിളിക്കാറ്. ഉത്തമനായ എന്ന വാക്കിന് നല്‍കിയ ഗാംഭീര്യത്തില്‍നിന്നും 'സൈബീരിയന്‍ ഹസ്‌ക്കി'യോ 'ബ്ലാക്ക് ടെറിയറോ' ഒക്കെ ആവും മനസ്സില്‍ എന്നയാള്‍ കണക്കു കൂട്ടി. അവരുടെ വായകൊണ്ട് തന്നെ ജനുസ്സ് വെളിപ്പെടുത്തട്ടെ എന്ന ചിന്തയില്‍ കെന്നല്‍കീപ്പര്‍ തല കുനിച്ചും പുരികം ഉയര്‍ത്തിയും ചോദ്യചിഹ്നമയച്ചു.

'ടോള്‍സ്‌റ്റോയിയെ കിട്ടുമോ?'

ഇത്തവണ അയാള്‍ക്ക് പുരികം ഉയര്‍ത്തുകമാത്രമല്ല, കൂടി കണ്ണ് തള്ളുകയും കൂടി വേണ്ടിവന്നു. 

'ലെവ് നിക്കലോയ് വിച്ച് ടോള്‍സ്‌റ്റോയ്.'

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

ദാണ്ടെ കെടക്കുന്നു ഇവര്‍ക്ക് പേരു തെറ്റിയതല്ല. രാജാക്കന്മാരുടേയും രാഷ്ട്രത്തലവന്മാരുടേയും പേര് പട്ടിക്കിടുന്നത് സ്വാഭാവികം. സത്യം പറഞ്ഞാല്‍ പട്ടിക്ക് 'പുട്ടിന്‍' എന്ന് പേരിടാന്‍ കൊതിക്കാത്ത ഒരാള്‍ പോലും സാര്‍ ചക്രവര്‍ത്തിമാര്‍ പടുത്തുയുര്‍ത്തിയ സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്ഗില്‍ ഇല്ല! പക്ഷേ, സാഹിത്യകാരന്മാര്‍ക്ക് പക്ഷിമൃഗാദികളുടെ പേരിടുന്ന പതിവ് ഒരിടത്തും ഇല്ല. ആരാധനമൂത്തു ചില കുസൃതി  പെമ്പിള്ളേര്‍ ചുള്ളിക്കാടിനെ സ്വകാര്യമായി 'കൊരങ്ങാ' എന്ന് വിളിച്ചെന്നു വരാം. അല്ലാതെ  കാക്കയെപ്പോലും നമ്മള്‍ 'കാക്കനാടന്‍' എന്ന് വിളിക്കില്ലല്ലോ. ഇവര്‍ക്ക് ചിലപ്പോ സ്ഥലം മാറിപ്പോയതാവാം ഫൗണ്‍ട്രി അവന്യൂവിലെ ലിയര്‍മന്തവ് ലൈബ്രറിയിലേക്കുള്ള വഴിതെറ്റി വന്നതാവും പാവം! 

തണുപ്പിലൂടെ നടന്നുവരുന്നവര്‍ക്ക് രണ്ട് വോഡ്ക ഷോട്‌സും ഒരു കുഞ്ഞു പിഞ്ഞാണി കാവിയര്‍, റ്റൊമെയ്‌റ്റൊ നുറുക്കില്‍ കലര്‍ത്തിയതും ഓഫര്‍ ചെയ്യാനുള്ള ആതിഥ്യമര്യാദ കീപ്പര്‍ കാണിച്ചു. ഡാരിയ ബീനിയും ഗ്ലോവ്‌സും ഊരി സ്റ്റൂളില്‍ ഇരിക്കാന്‍ തയ്യാറാവുകയും ചെയ്തു.

'കൂട്ടില്‍ ഇട്ടു വളര്‍ത്താന്‍ പറ്റിയ ടോള്‍സ്‌റ്റോയിയെയാണ് എനിക്ക് വേണ്ടത്.' 

അത് കേട്ടപ്പോള്‍ അയാള്‍ക്ക് രസം കയറി. 

'ദോസ്‌തോവ്‌സ്‌കി ആയാലും മതിയോ?'

'അത് പോരാ അയാള്‍ക്ക് അന്ന എന്ന പേരില്‍ ഒരു പെണ്ണില്ലേ? എന്റെ ടോള്‍സ്‌റ്റോയിയുടെ പെണ്ണ് ഞാനാണ്.'

'അയാള്‍ കഥ പറയും നിങ്ങള്‍ എഴുതും അല്ലേ?'

'അല്ല കഥ ഞാനാ പറയുന്നത്!'

'അപ്പോള്‍ അയാള്‍ കേട്ടു പകര്‍ത്തി എഴുതണോ?'

'ഉം.'

'അന്നേടെ സ്ഥാനത്തു നിങ്ങളാന്നല്ലേ ആദ്യം പറഞ്ഞത്?' 

'അതെ.' 

'ചുരുക്കത്തില്‍ ആരാ റൈറ്റര്‍?' 

'ടോള്‍സ്‌റ്റോയി.'

'ഇങ്ങനെ പോയാല്‍ എനിക്കു വട്ടാവുമല്ലോ.'

'നിങ്ങള്‍ ആണുങ്ങള്‍ക്ക് ബുദ്ധി ഇല്ലാത്തോണ്ടാ.. ടോള്‍സ്‌റ്റോയിക്ക് മെച്ചപ്പെട്ട സെന്‍സിബിലിറ്റി ഉണ്ട്. അന്നാകരിനീന വായിച്ചാല്‍ അറിയാം.'

അയാള്‍ ബെലൂഗ ബോട്ടിലെടുത്ത് ടേബിളില്‍ വച്ചു. ഒരു ഷോട്ട് വോഡ്ക തനിക്കായി ഒഴിച്ചു.

'മണുങ്ങൂസേ ഞാന്‍ വിശദമായി പറയാം. ആയിരത്തൊന്നു രാത്രികള്‍കൊണ്ട് ഞാന്‍ എന്റെ കഥ ടോള്‍സ്‌റ്റോയിയോട് പറയും. പുള്ളിക്കാരന്‍ എല്ലാം ശ്രദ്ധിച്ചു മൂളി മൂളി കേള്‍ക്കണം. എന്നിട്ട് അത് ഡെവലപ് ചെയ്ത് നോവലോ ചെറുകഥയോ ഒക്കെ ആക്കണം. ആ പണി എനിക്കറിയില്ല. ഐ ആം നോട്ട് ഗുഡ് അറ്റ് ആര്‍ട്ടിക്കുലേഷന്‍ യു നോ?!'

'ഇപ്പൊ പിടി കിട്ടി. പുള്ളിക്കാരനെ കൂടുതല്‍ ഫേമസ് ആക്കാന്‍ ഒരു ആരാധിക ശ്രമിക്കുന്നു അല്ലേ?'

'നെവര്‍ ഒരിക്കലുമല്ല. ഇദ്ദേഹം ഇത്രയും കാലം 'വാര്‍ ആന്റ് പീസും' 'ഇവാന്‍ ഐലീച്ചിന്റെ മരണവും' ഒക്കെ എഴുതി നാട്ടുകാരെ മുഴുവന്‍ കാണിച്ചില്ലേ? അതിനി വേണ്ട. ഇനിയങ്ങോട്ടുള്ള 'റിസറക്ഷന്‍' എനിക്കുവേണ്ടി മാത്രമായിരിക്കണം.'

'ഒരാള്‍ക്ക് വേണ്ടി?!' 

'അതെ ഞാന്‍ വായിച്ചിട്ട് കീറിക്കളയും.' 

'മോശമാണെങ്കിലല്ലേ?' 

'നല്ലതായാലും കീറും. ഇദ്ദേഹം നല്ലതാണല്ലോ എഴുതാറ്!'

'എന്നാപ്പിന്നെ പുതിയ ചെക്കന്മാരെക്കൊണ്ട് എഴുതിച്ചിട്ട് കീറിക്കൂടേ അതാവുമ്പം ആദ്യായിട്ട് എഴുതിയതുപോലും മറ്റാരും കണ്ടിട്ടില്ല എന്നുമുണ്ടല്ലോ... അബ്‌സൊലൂട്ട് എക്‌സ്‌ക്ലൂസിവിറ്റി! എപ്പടി?'

'അത് നിന്റെ അപ്പുപ്പന്‍ മുത്തുപ്പട്ടരോട് പോയി പറഞ്ഞാ മതി. ഇത്രയും നാള്‍ ഇന്‍ക്ലൂസിവും ലിബറേറ്റഡും ആയിരുന്ന ഒരാളെ കണ്ടുപിടിച്ചു കൊണ്ടുവന്ന് എക്‌സ്‌ക്ലൂസീവ് ആക്കാനല്ലേ ഏതു പെണ്ണും ആഗ്രഹിക്കുന്നത്? ഊരും പേരും ഇല്ലാത്ത മരപ്പട്ടിയെ ആര്‍ക്കു വേണം!'

'ശരി എല്ലാം നിങ്ങടെ ഇഷ്ടം നമുക്ക് കച്ചവടം നടന്നാല്‍ മതി.'
 
'അങ്ങനെ വഴിക്കു വാ.' 

'തൊടല്‌കൊണ്ട് വന്നിട്ടുണ്ടല്ലോ? ബെല്‍റ്റ് നമ്മുടെ വക ഫ്രീ!'

'രണ്ടും കൊണ്ടുവന്നിട്ടുണ്ട്. ഫ്രീയൊന്നും വേണ്ട. രണ്ടു പായ്ക്കറ്റ് 'ചാപ്പി' കൂടി എടുത്തോ.'

'ശരി ഈ ബില്ല് കൗണ്ടറില്‍ അടച്ചോളൂ... ഇത്തിരി മുറ്റനായോണ്ട് മെരുങ്ങി വരാന്‍ സമയം പിടിക്കും.'

'ഒരു പെണ്ണ് വിചാരിച്ചാല്‍ ഇരുപത്തിനാല് മണിക്കൂര്‍കൊണ്ട് ഡൊമസ്റ്റിക്കേറ്റ് ചെയ്‌തെടുക്കാന്‍ പറ്റാത്ത വ്യാഘ്രങ്ങള്‍ ഭൂമി മലയാളത്തില്‍ ഉണ്ടോടേ?' 

'മലയാളം?' 

'ഐ മീന്‍ റഷ്യന്‍!' 

'ഫൈന്‍. ടേക്ക് കെയര്‍.'

'എന്തോ? കേട്ടില്ല!'

'ഇവിടെ പറഞ്ഞതാ.'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com