'ചിന്ന ചിന്ന ആശൈ'- മനോജ് വെള്ളനാട് എഴുതിയ കഥ

അവള്‍ മയങ്ങുന്ന സമയമത്രയും കണ്ണില്ലാത്ത മനുഷ്യരുടെ ഉറക്കത്തെപ്പറ്റി ആലോചിക്കുകയായിരുന്നു ദീപക്
'ചിന്ന ചിന്ന ആശൈ'- മനോജ് വെള്ളനാട് എഴുതിയ കഥ

വിടെത്തി?'

മയക്കത്തില്‍ നിന്നുണര്‍ന്നയുടന്‍ റോസ് ചോദിച്ചു. അവള്‍ മയങ്ങുന്ന സമയമത്രയും കണ്ണില്ലാത്ത മനുഷ്യരുടെ ഉറക്കത്തെപ്പറ്റി ആലോചിക്കുകയായിരുന്നു ദീപക്.

'തൂക്കുപാലം കഴിഞ്ഞു' ദീപക് പറഞ്ഞു.

'പുനലൂരെത്തിയതേയുള്ളൂ? ഇങ്ങനാണെങ്കില്‍ നമ്മള്‍ ലേറ്റാവും ദീപക്. പിന്നെയിന്ന് വെള്ളച്ചാട്ടത്തിന്റടുത്ത് പോകാന്‍ പറ്റാതാവും.'

'നിനക്ക് കാണുന്നില്ലെന്ന് വച്ച്, എന്തൊരു ബ്ലോക്കായിരുന്നു ഇത്രയും നേരം. പോണവഴിക്ക് വേറെത്രയോ വെള്ളച്ചാട്ടമുണ്ട്. അവിടെത്തന്നെ പോണമെന്ന് നിനക്ക് നിര്‍ബ്ബന്ധമായോണ്ടല്ലേ...'

റോസ് പിന്നൊന്നും മിണ്ടിയില്ല. അവള്‍ പുറത്തേക്ക് തല തിരിച്ചിരുന്നു. കാഴ്ചയില്ലാത്ത റോസെന്തിനാ വശങ്ങളിലേക്ക് തല ചരിച്ചിരിക്കുന്നതെന്ന് ചിന്തിച്ച് ദീപക് അവളെ മിഴിച്ചു നോക്കി.

'ദീപക്, നേരെ നോക്കി ഓടിക്കൂ.'

റോസ് തല തിരിക്കാതെ തന്നെ പറഞ്ഞു. റോസിനൊരു മൂന്നാം കണ്ണുണ്ട്, ദീപക്കിന് പലപ്പോഴും തോന്നിയിട്ടുള്ളതാണ്. അത് മറ്റുള്ളവരുടെ ചെറു ചലനങ്ങള്‍, എന്തിനു ചിന്തകള്‍ പോലും ചിലപ്പോ പിടിച്ചെടുക്കും.

'ചിന്ന ചിന്ന ആസൈ... 

സിറകടിക്കും ആസൈ...'

മിന്‍മിനിയുടെ വശ്യമായ ശബ്ദത്തില്‍ റോസിന്റെ ഫോണ്‍ പാടാന്‍ തുടങ്ങിയപ്പോള്‍ അവള്‍ തന്റെ ബ്ലൂടൂത്ത് ഹെഡ്‌സെറ്റിന്റെ ബട്ടണില്‍ ഞെക്കി സംസാരിക്കാന്‍ തുടങ്ങി.

'നീ എല്ലാ കാര്യങ്ങളും പപ്പയോട് പറഞ്ഞിട്ടുണ്ടോ?'

റോസിന്റെ ഫോണ്‍ സംഭാഷണം കഴിഞ്ഞപ്പൊ ദീപക് ചോദിച്ചു.

'നീയെന്നെ പ്രൊപ്പോസ് ചെയ്ത കാര്യം പറഞ്ഞു.'

'എന്നിട്ട്?'

'എന്നിട്ടെന്താ... ഒന്നുമില്ല. പറഞ്ഞിട്ടിപ്പൊ കുറച്ചു നാളായി. ഞാനെന്ത് തീരുമാനിച്ചെന്ന് ഇടയ്ക്കിടെ ചോദിക്കും. അത്രതന്നെ.'

റോസ് റിസ്റ്റ്‌വാച്ചിന്റെ മൂടി തുറന്ന് വിരലുകൊണ്ട് ഡയലില്‍ തൊട്ടു.

'ദീപക്ക്, വൈകുന്നേരത്തിന് മുമ്പെത്തിയില്ലെങ്കില്‍ നമുക്ക് ബോട്ട് കിട്ടില്ല.'

'ബോട്ടോ! അവിടെ വെള്ളച്ചാട്ടമാണെന്നല്ലേ നീ പറഞ്ഞത്?'

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

റോസ് പിന്നെയും നിശ്ശബ്ദയായി. കാറ് പരമാവധി വേഗതയില്‍ പാഞ്ഞു. ദീപക്കിന്റെ മുഖത്ത് എവിടേക്കെന്നോ എന്തിനെന്നോ അറിയാത്ത യാത്രയുടെ അസ്വസ്ഥത നിഴലിച്ചുനിന്നു. റോസിന്റെ ഈ വാശിയുടെ അര്‍ത്ഥം ദീപക്കിന് മനസ്സിലാകുന്നതേയില്ല.

'പിന്നെ പപ്പ ചോദിച്ചു, നിനക്ക് എന്നെപ്പറ്റി എന്തൊക്കെ അറിയാമെന്ന്?'

തമിഴ്‌നാട്ടിലേക്ക് തടിയുമായി പോകുന്ന ഒരു ലോറിയെ മറികടക്കാനുള്ള ശ്രമത്തിലായിരുന്നു ദീപക്. മറുപുറമെത്തും വരെ അയാള്‍ നിര്‍ത്താതെ ഹോണ്‍ മുഴക്കിക്കൊണ്ടിരുന്നു.

'എന്നിട്ട് നീയെന്ത് പറഞ്ഞു?'

'ഒന്നുമറിയില്ലെന്ന്...'

റോസ് ചിരിച്ചു. ദീപക് ഒന്നും മിണ്ടിയില്ല. ആക്‌സിലറേറ്ററില്‍ ആവശ്യത്തിലധികം ബലം കൊടുക്കുന്നതും വളവുകളില്‍ വേഗം കുറയ്ക്കാത്തതുകൊണ്ടുള്ള ചാഞ്ചാട്ടവും റോസിന് അറിയാന്‍ കഴിയുന്നുണ്ടായിരുന്നു.

'നീ ഇറിറ്റേറ്റഡാവാന്‍ വേണ്ടി പറഞ്ഞതല്ല. ശരിക്കും നിനക്കെന്നെപ്പറ്റി എന്തറിയാം?'

കാറ് തുടര്‍ച്ചയായി വളവുകള്‍ കയറുന്നതായി റോസിനു തോന്നി. തെന്മല എത്താറായിക്കാണും, അവള്‍ മനസ്സിലോര്‍ത്തു.

'പേര് റോസ് മേരി. കോളേജില്‍ പഠിക്കുമ്പൊ ഒരാക്‌സിഡന്റില്‍ കാഴ്ച നഷ്ടപ്പെട്ടു. അതേ അപകടത്തില്‍ അമ്മയേയും. ഇപ്പൊ പപ്പ മാത്രമാണുള്ളത്. കേരളത്തിലെ ഏറ്റവും മികച്ച എഫെമ്മില്‍ ഒന്നാം നമ്പര്‍ ആര്‍ജെ സിംഗറാണ്, സ്മാര്‍ട്ടാണ്, ഇന്റലിജന്റാണ്. കട്ട എ.ആര്‍. റഹ്മാന്‍ ഫാനാണ്. അതില്‍തന്നെ ചിന്ന ചിന്ന ആസൈയുടെ കടുത്ത ആരാധിക. ഇതില്‍ കൂടുതല്‍ എന്താണ് റോസ് നിന്നെപ്പറ്റി ഞാനറിയേണ്ടത്? ഇനിയെന്തേലും ഉണ്ടെങ്കിലും അതെനിക്ക് വിഷയമല്ല.'

കാറ് തെന്മല എത്തിയെന്നു തോന്നിയപ്പോള്‍ റോസ് കാറിന്റെ വിന്‍ഡോ ഗ്ലാസ് താഴ്ത്തി. തണുത്ത കാറ്റ് താളത്തില്‍ ചൂളം മുഴക്കിക്കൊണ്ട് കാറിനകത്തേക്ക് ഇരച്ചുകയറി. പരിചിതമായൊരു ഗന്ധത്തെ ആവാഹിക്കുന്നപോലെ അവള്‍ ശ്വാസമെടുത്തു. അല്പം മുന്നോട്ട് ചെന്നപ്പോള്‍ ഗ്ലാസ് പഴയ പോലാക്കിക്കൊണ്ട് റോസ് പറഞ്ഞു:

'ഇതൊക്കെ എഫെമ്മില്‍ ഏതൊരാള്‍ക്കും അറിയുന്ന കാര്യങ്ങളല്ലേ. എന്നെ പ്രണയിക്കുന്നയാള്‍ക്ക് എന്റെ മനസ്സിലെന്താണെന്ന് കൂടി അറിയണ്ടേ?'

ദീപക്ക് ദീര്‍ഘമായി ഒരു നെടുവീര്‍പ്പയച്ചു. അറിയണം, അതിനാണല്ലോ കഴിഞ്ഞ മൂന്നു മാസമായി ഞാന്‍ പിറകേ നടക്കുന്നത്. ഓരോരോ വാശികള്‍ക്ക് കൂട്ടുവരുന്നത്. മനസ്സിലോര്‍ത്തെങ്കിലും ദീപക്കത് പറഞ്ഞില്ല. അയാള്‍ കാറിന്റെ വേഗത പിന്നെയും കൂട്ടി.

'പപ്പ ചോദിച്ചു, അവനെന്തിനാ കാഴ്ചയില്ലാത്ത പെണ്ണിനെ പ്രേമിക്കാന്‍ നടക്കുന്നതെന്ന്.'

പറഞ്ഞുകഴിഞ്ഞ് റോസ് ചിരിച്ചു. ആ ചിരി കാണാന്‍ മാത്രം ദീപക് അവളെ പാളിനോക്കി.
 
'അപ്പൊ ഞാന്‍ പറഞ്ഞു, പ്രേമം അന്ധമാണല്ലോ പപ്പാ എന്ന്...'

റോസ് പിന്നെയും ചിരിച്ചു.

'സത്യത്തില്‍ എനിക്കറിയില്ല ദീപക്, നീയെന്തിനാ എന്നെക്കേറി പ്രേമിച്ചതെന്ന്...'

'അതിനൊരു റീസണ്‍ വേണമെന്ന് വാശിപിടിക്കുന്നതെന്തിനാണ്? എനിക്ക് നിന്നെ ഇഷ്ടമാണ്, ദാറ്റ്‌സ് ആള്‍. ഏതായാലും നീ നോ പറയാത്തതുകൊണ്ടു ഞാനിപ്പോഴും കൂടെ നടക്കുന്നു...'

'നോ പറഞ്ഞാല്‍..?'

'ഞാന്‍ വേറെവിടേലും ജോലി വാങ്ങി പോവും.'

'അതെന്താ, പ്രേമിക്കാതെയും നമുക്ക് നല്ല സുഹൃത്തുക്കളായിരുന്നൂടേ?'

ദീപക്കിന് ഉത്തരമില്ലാതായി. റോസ് സുന്ദരിയാണ്. പക്ഷേ, ആ കൂളിംഗ് ഗ്ലാസ് മാറ്റിയാല്‍ റോസിന്റെ മുഖം വികൃതമാണ്. ഒരിക്കല്‍ ഓഫീസില്‍ വെച്ച് റോസ് അവളുടെ കറുത്ത കണ്ണട എന്തിനോ മുഖത്തുനിന്നെടുത്തപ്പോള്‍ ദീപക്ക് ഞെട്ടിപ്പോയി. മറ്റു പലരേയും പോലെ ദീപക്കും കരുതിയിരുന്നത് റോസിനു കണ്ണുണ്ട് പക്ഷേ, കാഴ്ചയില്ലെന്നായിരുന്നു. എന്നാല്‍, അന്നു കണ്ടത് തൊലികൊണ്ട് മൂടിയ രണ്ടു കുഴികള്‍ മാത്രം. കാഴ്ചയുടെ ഓര്‍മ്മകള്‍പോലും ബാക്കിവെച്ചിട്ടില്ലാത്ത രണ്ടു കറുത്ത കുഴികള്‍. അതിനുശേഷം ദീപക്കിന് റോസിനോട് അടുത്ത് ഇടപഴകാന്‍പോലും മടിയായിരുന്നു. പക്ഷേ, കണ്ണില്ലെങ്കിലും റോസിന്റെ ശരീരവും അതിന്റെ സൗന്ദര്യവും ഒരു കാന്തം കണക്കെ അവള്‍ക്കു ചുറ്റും മറ്റേതൊരു പുരുഷനേയുംപോലെ ദീപക്കിനേയും ആകര്‍ഷിച്ചു നിര്‍ത്തിയിരുന്നു. അങ്ങനെയിരിക്കെയാണ് സ്റ്റുഡിയോയിലെ ഒരു പ്രോഗ്രാമില്‍ റോസ് ആ പാട്ട് പാടുന്നത്. ദീപക് മനസ്സില്‍ ആ രംഗങ്ങള്‍ വീണ്ടും കാണുകയായിരുന്നു. മേഘങ്കളൈ എല്ലാം.. തൊട്ടുവിട ആസൈ... ശോകങ്കളെ എല്ലാം... വിട്ടുവിടൈ ആസൈ... കാര്‍കുഴലിന്‍ ഉഴകൈ... കട്ടിവിട ആസൈ... നിന്റെയാ ആ പാട്ടു കേട്ടാല്‍ ആര്‍ക്കാണ് റോസ് നിന്നെ പ്രേമിക്കാന്‍ തോന്നാത്തത്? ദീപക്ക് മനസ്സിലുരുവിട്ടു.

'ദീപക്ക്, നീയെന്താ പാട്ടു പാടുവാണോ?'

റോസ് പെട്ടെന്നത് ചോദിച്ചപ്പൊ ദീപക് ഒന്ന് ഞെട്ടി. ചിലപ്പോള്‍ അറിയാതെ താനാ പാട്ട് മൂളിപ്പോയിട്ടുണ്ടാവുമെന്ന് അയാള്‍ അര്‍ദ്ധശങ്കയോടെ സമാധാനിക്കാന്‍ ശ്രമിച്ചു. റോസ് തുടര്‍ന്നു:

'കുറ്റാലം എത്തുമ്പോള്‍ പറയണേ... ജസ്‌റ്റൊന്ന് ഇറങ്ങി ആ വെള്ളച്ചാട്ടത്തിന്റെ ശബ്ദമൊന്ന് കേട്ടിട്ട് പോകാം.'

'കുറച്ചു മുന്‍പ് ലേറ്റായെന്നു പറഞ്ഞു ബഹളം വച്ചതും നീ തന്നെ...'

'സാരമില്ല. ഒരു രണ്ടു മിനിട്ടത്തെ കാര്യം...'

ദീപക്ക് ചിന്തിക്കുകയായിരുന്നു, പാറയില്‍ വെള്ളം വീഴുന്നതിന്റെ ശബ്ദം കേള്‍ക്കാനായി ഇവള്‍ ഇത്രയും ദൂരം പോകുന്നതെന്തിനാണ്? ഇനി അന്നത്തെ ആ അപകടം നടന്നത് ഈ പറയുന്ന വെള്ളച്ചാട്ടത്തിലെങ്ങാനും വച്ചാണോ? അല്ലെങ്കില്‍ ആ യാത്രയില്‍?

'ഞാന്‍ ഒരുപാടാലോചിച്ചു ദീപക് നമ്മുടെ കാര്യം. എന്നിട്ടും എനിക്കൊരു തീരുമാനമെടുക്കാന്‍ പറ്റിയില്ല. പറ്റുമെന്ന് തോന്നുന്നുമില്ല. ഒടുവില്‍, രോഹനോട് ആലോചിച്ചിട്ട് തീരുമാനിക്കാമെന്ന് വച്ചു...'

'രോഹനോ? അതാരാ?'

അറിയാതെ തൊട്ടുപോയ ചൂടുപാത്രത്തില്‍നിന്നും കൈ പിന്‍വലിക്കും പോലെയാണ് അയാളില്‍നിന്നാ ചോദ്യം പുറത്തുവന്നത്.

'മൈ ഹസ്ബന്റ്.'

'വാട്ട്?'

മറ്റൊരു റിഫ്‌ലക്‌സ് ആക്ഷന്‍പോലെ വണ്ടി നടുറോഡില്‍ സഡന്‍ ബ്രേക്കിട്ടു. ദീപക്കിന്റെ നെഞ്ചിന്‍കൂട് കാറിന്റെ എന്‍ജിന്‍പോലെ കിതച്ചു. പിറകിലെ വണ്ടികളുടെ നിര്‍ത്താതെയുള്ള ഹോണടിയില്‍ ദീപക് കൂടുതല്‍ അസ്വസ്ഥനായി.

കുറ്റാലം എത്തും വരെ പിന്നെ ആരും ഒന്നും മിണ്ടിയില്ല. ദീപക് റോസിന്റെ കയ്യും പിടിച്ച് ജലപാതത്തിനടുത്തേക്ക് നടന്നു. അവള്‍ വെള്ളച്ചാട്ടത്തിന്റെ ഒച്ചയിലേക്കു മുഖം തിരിച്ച് ഒരു ശില്പം കണക്കെ കുറച്ചുനേരം നിന്നു. വിനോദത്തിനായി വന്ന ചെറുചെറു ആള്‍ക്കൂട്ടങ്ങള്‍ ബഹളത്തോടെ അവരെ കടന്നുപോയി. റോസ് ഈ ബഹളത്തില്‍ എന്തായിരിക്കും അന്വേഷിക്കുന്നതെന്ന് അയാള്‍ ചിന്തിച്ചപ്പോഴേക്കും പോകാമെന്ന അര്‍ത്ഥത്തില്‍ അവള്‍ ദീപക്കിന്റെ തോളില്‍ അമര്‍ത്തി. തിരികെ നടക്കുന്നതിനിടയില്‍ റോസ് പറഞ്ഞു:

'ഇവിടെയിറങ്ങി കുളിച്ചിട്ടാണ് ഞങ്ങളന്ന് കാരിയാറിലേക്ക് പോയത്... ഇവിടുത്തെ കുളി കഴിഞ്ഞപ്പോ ഞാനന്ന് ശരിക്കും തണുത്ത് വിറച്ച് ഐസുപോലായി...'

അവള്‍ കുലുങ്ങിച്ചിരിച്ചു. കാറില്‍ കയറിയിട്ടും ദീപക് നിശ്ശബ്ദനായിരുന്നു.

'ഇനിയങ്ങോട്ട് എനിക്ക് വഴിയറിയില്ല.'

അതു പറയുമ്പോള്‍ ദീപക്കിന്റെ ഒച്ചയടഞ്ഞുപോയിരുന്നു.

'ഗൂഗിള്‍ മാപ്പിട്ടാ പോരേ...'

സീറ്റ് ബെല്‍റ്റിന്റെ സ്ട്രാപ്പ് വലിച്ചിടുന്നതിനിടയില്‍ റോസ് പറഞ്ഞു. ദീപക്കിന്റെ ചുവപ്പ് കാറ്, പച്ചക്കാടിനു നടുക്ക് വരച്ച ചുട്ടുപഴുത്ത കറുപ്പിലൂടെ പാഞ്ഞു. ഇടയ്ക്ക് മൂന്നാല് മാനുകളും ഒരു കാട്ടുപന്നിയും ഒന്നുരണ്ടു കാട്ടുമുയലുകളും കുറുകെ ചാടി ഓടിയ കാര്യം ദീപക്കിന് റോസിനോട് പറയണമെന്നുണ്ടായിരുന്നു. പക്ഷേ, ശബ്ദം പുറത്തുവന്നില്ല. കാടിന്റെ ഗന്ധം കാറിന്റെ ഗ്ലാസ് വിന്‍ഡോ തുളച്ചും അകത്ത് കയറുന്നുണ്ടായിരുന്നു.

'ഹസ്ബന്റ് എന്നു പറഞ്ഞാലും ഞങ്ങള്‍ ലീഗലി മാരീഡല്ലാ. നല്ലൊരു ലിവിംഗ് ടുഗെദര്‍ റിലേഷന്‍.'

ഏതോ ചോദ്യത്തിനുള്ള ഉത്തരമെന്നപോലെ റോസ് പറഞ്ഞുതുടങ്ങി.

'പപ്പക്കത്ര ദഹിക്കാത്ത ഒന്നായിരുന്നു ഞങ്ങളുടെ ബന്ധം. പപ്പ പറയും, അവനു നിന്നോടുള്ള സഹതാപം കൊണ്ടുണ്ടായ പ്രേമമാണ്, അതിന് ആയുസ്സ് കുറവായിരിക്കുമെന്ന്. ഞാനത് അതുപോലെ രോഹനോട് പോയി പറഞ്ഞു. അതു കേള്‍ക്കുമ്പോ അവന്റെ റിയാക്ഷന്‍ എന്താണെന്നറിയണമല്ലോ. കുറേ നേരം മിണ്ടാതിരുന്നിട്ട് അവനെന്റെ കറുത്ത കണ്ണട ഊരി മാറ്റി. പണ്ട് കണ്ണുണ്ടായിരുന്ന ഇടത്തെ കുഴികളുടെ മേലെ, പോളകള്‍ കൂട്ടിത്തയ്ച തൊലിപ്പുറത്ത് മെല്ലെ ഉമ്മവച്ചു. ഒന്ന്, രണ്ട്, നാല്, എട്ട്.. മാറി മാറി മിനുട്ടുകളോളം അവന്‍ ഉമ്മവച്ചുകൊണ്ടിരുന്നു. അവന്റെ കണ്ണീര് വീണ് എന്റെ നെഞ്ച് നനഞ്ഞു. ഞാനവനെ മുറുകെ കെട്ടിപ്പിടിച്ചു. എനിക്ക് കരയാന്‍ പറ്റില്ലല്ലോ...'

അതു പറഞ്ഞപ്പോഴും റോസ് ചിരിച്ചു. ദീപക് പുതിയൊരാളെ കാണുന്ന കൗതുകത്തോടെ റോസിനെ നോക്കി.

'ഒരിക്കലിങ്ങനെ കെട്ടിപ്പിടിച്ച് കിടക്കുമ്പോള്‍ അവനെന്റെ ചെവിയില്‍ കാതല്‍ റോജാവേ പാടി. രോഹന്‍ നന്നായി പാടും. വരികളൊക്കെ തെറ്റിക്കുമെങ്കിലും സ്വീറ്റ് വോയിസാണ്. അവന്‍ പാടിക്കഴിഞ്ഞപ്പോള്‍ ഞാനെന്റെ പ്രിയപ്പെട്ട പാട്ട് പാടി.'
റോസ് പാടാന്‍ തുടങ്ങി,

'വെണ്ണിലവൈ തൊട്ട്... മുത്തമിട ആസൈ...
എന്നെയിന്ത ഭൂമീ... സുട്രി വര ആസൈ...
ചിന്ന ചിന്ന ആസൈ...'

'വളരെ സിമ്പിളായിട്ടുള്ള ആസൈകള്‍ അല്ലെ, എന്നു പറഞ്ഞു ഞങ്ങള്‍ കുറേനേരം ചിരിച്ചു. അപ്പോളവന്‍ ചോദിച്ചു, റോജ വെണ്ണിലവെ തൊട്ട ആ ഇടത്തേക്ക് ഞാനെന്റെ റോസിനേയും കൊണ്ടുപോട്ടെ എന്ന്? എനിക്കാ ചോദ്യത്തിന്റെ അര്‍ത്ഥംപോലും മനസ്സിലായില്ല. അവന്‍ പക്ഷേ, സീരിയസായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ കാരിയാറിലേക്ക് വരുന്നത്.'

ദീപക് ഒന്നും മനസ്സിലാകാതെ നെടുവീര്‍പ്പിട്ടു. അയാളാകെ അസ്വസ്ഥനായിരുന്നു. ഇച്ഛാഭംഗം വന്ന തലച്ചോറിലയാള്‍ കുറേയേറെ ചോദ്യങ്ങള്‍ കുത്തിനിറച്ചുകൊണ്ടിരുന്നു. എന്നാലും, കഴിഞ്ഞ ആറുമാസത്തിനകത്ത് ഒരിക്കലെങ്കിലും നിനക്കെന്നോട് പറയാമായിരുന്നില്ലേ റോസ്, നിനക്കൊരു റിലേഷന്‍ ഉള്ള കാര്യം. ആരാണീ രോഹന്‍? ശരിക്കും അങ്ങനൊരാളുണ്ടോ? അതോ നീയെന്നെ പറ്റിക്കാന്‍ വേണ്ടി ഓരോ കഥയുണ്ടാക്കുവാണോ? 

'രോഹന്‍ എന്നെ ചികിത്സിച്ച ഡോക്ടറായിരുന്നു.'

ദീപക്ക് അത്ഭുതത്തോടെ റോസിനെ നോക്കി. കാറ് പെട്ടെന്നു നിര്‍ത്തിയതറിഞ്ഞ് റോസ് ചോദിച്ചു:

'എന്താ വണ്ടി നിര്‍ത്തിയത്? ഈ റോഡില്‍ വണ്ടി നിര്‍ത്തിയിടാന്‍ പാടില്ലാന്ന് നിയമമുള്ളതാണ്. ബോര്‍ഡുകള്‍ കണ്ടുകാണുമല്ലോ.'

'റോഡില്‍ ആന.'

'ആനയോ! എത്രയെണ്ണമുണ്ട്?'

റോസിന്റെ മുഖം വിടരുന്നത് ദീപക്ക് ശ്രദ്ധിച്ചു.

'ഒന്നേയുള്ളൂ. ക്രോസ് ചെയ്യുന്നു.'

'അന്ന് ഞങ്ങള്‍ വന്നപ്പോ എട്ടോ പത്തോ ഉണ്ടായിരുന്നു. രണ്ടു കുട്ടികളും. 

ആ കൂട്ടത്തിലെ ആന തന്നെ ആവുമോ? ഇപ്പൊ ഒറ്റപ്പെട്ടു പോയതാണോ.'

ആനയല്ലാ, ഞാനാണ് റോസ് ഒറ്റപ്പെട്ടത്. എപ്പോഴത്തേയും പോലെ തന്നെ മനസ്സിലോര്‍ത്തെങ്കിലും അയാളത് പറഞ്ഞില്ല. ആന കാട് കയറിയപ്പോള്‍ കാറ് മുന്നോട്ട് നീങ്ങി തുടങ്ങി. മുന്നില്‍ വേറെയും ഒന്ന് രണ്ട് വണ്ടികളുണ്ട്. ദീപക് അസ്വസ്ഥതയോടെ ഹോണ്‍ മുഴക്കി.

'ഹേയ്... ഡോണ്ട് ഡു ദിസ് ദീപക്. ഇത് നോ ഹോണ്‍ ഏരിയ ആണ്. ഇത് കാടാണ്...'

റോസ് പെട്ടെന്നവനെ വിലക്കി. ദീപക്കിനു താനിപ്പോള്‍ പൊട്ടിത്തെറിക്കുമെന്നു തോന്നി. അയാള്‍ തുടര്‍ച്ചയായി നെടുവീര്‍പ്പുകള്‍ ഉതിര്‍ത്തുകൊണ്ടിരുന്നു. 

'ശരിക്കും എന്റെ ഇടതു കണ്ണിനാണ് അന്നത്തെ അപകടത്തില്‍ പരിക്ക് പറ്റിയത്. ഒരു ചില്ല് തുളച്ചുകയറി. മറ്റേ കണ്ണ് നോര്‍മലായിരുന്നു. പക്ഷേ...'

റോസും നെടുവീര്‍പ്പെട്ടു. 

'മുറിവ് പറ്റിയ കണ്ണില്‍ എത്രയും വേഗം ഓപ്പറേഷന്‍ ചെയ്യേണ്ടതായിരുന്നു. പപ്പ ഓപ്പറേഷനുള്ള സമ്മതപത്രം വരെ ഒപ്പിട്ടുകൊടുത്തതാണ്. അപ്പോഴാണ് ഡോക്ടര്‍ രോഹന്‍ ഡ്യൂട്ടിക്ക് വരുന്നത്. അവന്‍ ചില്ലെടുത്തു മാറ്റി മരുന്നൊക്കെ ഒഴിച്ച്, ഓപ്പറേഷനില്ലാതെ ശരിയാക്കാമെന്നു പറഞ്ഞു. ഞങ്ങള്‍ക്കും അത് കേട്ടപ്പോള്‍ ആശ്വാസമായി. പക്ഷേ, പിറ്റേന്നായപ്പോള്‍ മറ്റേ കണ്ണിലും വേദന തുടങ്ങി. കാഴ്ച മങ്ങാനും. അതു നമ്മുടെ കണ്ണുകളുടെ ഒരു സ്വാഭാവിക പ്രതിഭാസമാണത്രേ. ആഴത്തില്‍ മുറിവ് പറ്റിയ കണ്ണിനോട് മറ്റേ കണ്ണിനുണ്ടാവുന്ന എംപതി. അതിനെന്തോ പേരുണ്ട്, ഞാന്‍ മറന്നു.'
ഒന്ന് നിര്‍ത്തിയിട്ട് റോസ് തുടര്‍ന്നു:

'അന്നാദ്യമേ ഓപ്പറേഷന്‍ ചെയ്തിരുന്നെങ്കില്‍ അവനത് തടയാമായിരുന്നു.'

റോഡിന്റെ വീതി കുറയുകയും കാട് കൂടുതല്‍ വന്യമാവാനും തുടങ്ങി. നീണ്ടുപരന്ന വീഥികള്‍ വളഞ്ഞുപുളഞ്ഞ കയറ്റങ്ങള്‍ക്കും റോഡുവക്കിലെ ചെറുചെടികള്‍ വന്‍ മരങ്ങള്‍ക്കും വഴിമാറി. കുറച്ചു കുരങ്ങന്മാര്‍ വഴിയരികില്‍ കാഴ്ച കാണാനിരുന്നു.

'എനിക്കറിയാം, ആ കുറ്റബോധം കാരണമാണ് രോഹനെന്നെ സ്‌നേഹിക്കാന്‍ തുടങ്ങിയതെന്ന്. എന്നാലും അവനൊരു ഒന്നൊന്നര കാമുകനായിരുന്നു. എന്റെ കൊച്ചു കൊച്ചു വട്ടുകള്‍ക്ക് എന്നെക്കാളും ഭ്രാന്തോടെ കൂടെനില്‍ക്കും. മുറിവേറ്റ കണ്ണിനോട് സ്വന്തം കാഴ്ച കളഞ്ഞും മറ്റേ കണ്ണു കരുണ കാണിക്കുന്നപോലെ...'

കാരിയാര്‍ ഡാം എന്ന് തമിഴിലും ഇംഗ്ലീഷിലുമുള്ള ബോര്‍ഡ് കണ്ടപ്പോള്‍ ദീപക്ക് കാര്‍ നിര്‍ത്തി. കടുത്ത വെയിലിലും കാരിയാറിലെ കാറ്റിന് കുളിരുന്നുണ്ടായിരുന്നു. മേലേ ആകാശത്ത് ഇലച്ചാര്‍ത്തുകളെ വെളുത്ത മൂടല്‍മഞ്ഞ് വാരിപ്പുണര്‍ന്നു നിന്നു.

'ഇനിയൊരു അരക്കിലോമീറ്ററോളം നടക്കണം ഡാമിലെത്താന്‍.'

കാറില്‍ നിന്നിറങ്ങുന്നതിനിടയില്‍ റോസ് പറഞ്ഞു. അവള്‍ തന്റെ വൈറ്റ് കെയ്ന്‍ കയ്യിലെടുത്ത് തട്ടിത്തട്ടി നടക്കാന്‍ തുടങ്ങി. റോഡിന്റെ വശങ്ങളിലിരുന്ന് മുളകുപൊടി വിതറിയ പച്ചമാങ്ങയും തേന്‍ നെല്ലിക്കയും വില്‍ക്കുന്ന അമ്മൂമ്മമാര്‍ അവരെ ആകര്‍ഷിക്കാന്‍ ശ്രമിച്ചു. റോസിന് ഇതുവരെയില്ലാത്തൊരൂര്‍ജ്ജം കൈവന്നപോലെ ദീപക്കിനു തോന്നി. അവളുടെ കൂടെ ഓടിയെത്താന്‍ നന്നേ പ്രയാസം.

'ഇത് ഡാം മാത്രമല്ലേയുള്ളൂ. ഇവിടെവിടെ വെള്ളച്ചാട്ടം?'

ദീപക്ക് കിതച്ചുകൊണ്ട് ചോദിച്ചു.

'അന്നിവിടെ വരുമ്പോള്‍ ഞാന്‍ രണ്ടുമാസം ഗര്‍ഭിണിയായിരുന്നു. അതുകൊണ്ട് വളരെ പതുക്കെയാണ് നടന്നത്. പക്ഷേ, അക്കാര്യം അവനറിയില്ലായിരുന്നു. രോഹന്‍ ആദ്യം ഓടിക്കയറിയിട്ട് എന്നെ കുറേ കളിയാക്കി.'

ദീപക്കിന്റെ കണ്ണുകളില്‍ നിമിഷനേരത്തേക്ക് ഇരുട്ട് വന്ന് മൂടി. വെളിച്ചം വന്നപ്പോള്‍ സ്ഥലകാല വിഭ്രാന്തിയും.

'താഴെ ബോട്ടുകള്‍ കാണുന്നുണ്ടോ ദീപക്ക്?'

'ഉം' ദീപക്ക് ശബ്ദം താഴ്ത്തിയൊന്ന് മൂളി.

'എന്നാ അങ്ങോട്ട് പോകാം.'

മൂന്നു പേര്‍ക്കു മാത്രം സഞ്ചരിക്കാന്‍ പറ്റുന്ന യന്ത്രം ഘടിപ്പിച്ച ചെറിയ ബോട്ടായിരുന്നു അത്. ഡാമിന്റെ റിസര്‍വോയറിലൂടെ ബോട്ട് പതിയെ നീങ്ങുമ്പോള്‍ ദീപക്ക് തിരിഞ്ഞുനോക്കി. വഴിയില്‍ കണ്ട നിര്‍വ്വികാരനായ ഒരു കുരങ്ങനെപ്പോലെ ഡാമവിടെ നിശ്ചേഷ്ടനായി നില്‍ക്കുന്നു.

'അന്ന് ഇതിനേക്കാള്‍ തണുപ്പായിരുന്നു. ഞാനും രോഹനും ഇതുപോലൊരു ബോട്ടില്‍ കെട്ടിപ്പിടിച്ചിരുന്നാണ് പോയത്. രോഹന്‍ ഓരോ കാഴ്ചകളായി ഒന്നുവിടാതെ പറഞ്ഞുതന്നു കൊണ്ടേയിരുന്നു. എന്തൊരു ഭംഗിയായിരുന്നു അവയ്ക്ക്. മരങ്ങള്‍ക്കിടയില്‍ ഒളിച്ചുനിന്നു വെള്ളം കുടിക്കുന്ന മാനുകള്‍, ആദ്യമായി ബോട്ടില്‍ കയറിയ കുഞ്ഞുങ്ങളുടെ അത്ഭുതം, നീല മലകളെ വെള്ളിമേഘങ്ങള്‍ ഉമ്മവയ്ക്കുന്നത്. ഇന്നിപ്പൊ അതൊക്കെ മാറിക്കാണും. എന്നാലും ഒരു ഭംഗിയുണ്ടാവും.'
ദീപക്കിന് പക്ഷേ, ഒരു കാഴ്ചയിലും ഭംഗി തോന്നിയില്ല. വെള്ളം, ബോട്ട്, മരങ്ങള്‍. വീട്ടില്‍ നിന്നും വെറും നാലു കിലോമീറ്റര്‍ വണ്ടിയോടിച്ച് ചെന്നാല്‍ ഇതേ കാഴ്ച തന്നെ കാണാം.

'ഊം. ഭംഗിയുണ്ട്.'

ദീപക്ക് പതിയെ പറഞ്ഞു. ബോട്ടു ചെറിയൊരു ദ്വീപ് കടന്ന് വലത്തോട്ടു തിരിഞ്ഞപ്പോള്‍ ഡാമും പരിസരവും പൂര്‍ണ്ണമായും കാഴ്ചയില്‍നിന്നും മറഞ്ഞു. പെട്ടെന്ന് മറ്റേതോ സ്ഥലത്തെത്തിയപോലെ ദീപക്കിനു തോന്നി. അകലെ ചെറിയൊരു ജലപാതം കാണാം. ഇത്രയും ചെറിയ വെള്ളച്ചാട്ടം കാണാനാണോ ഇത്രയും ദൂരം കാറോടിച്ച് വന്നതെന്ന് അയാള്‍ക്ക് ചിന്തിക്കാതിരിക്കാനായില്ല.

'ഫൈനലി, വി ആര്‍ ഹിയര്‍.'

ജലപാതത്തിനു മുന്നിലെ പാറയിലേക്ക് ദീപക്കിന്റെ കൈപിടിച്ചിറങ്ങുമ്പോള്‍ റോസ് ആത്മഗതംപോലെ പറഞ്ഞു. അതു പറയുമ്പോള്‍ അവളുടെ മുഖവും റോസ് നിറമായി.

'ദീപക്ക്, ആ വെള്ളച്ചാട്ടത്തില്‍ ഇപ്പൊ ആരെങ്കിലും കുളിക്കുന്നുണ്ടോ?'

'രണ്ടു മൂന്ന് പേരുണ്ട്.'

'ആ പാറപ്പുറത്ത് വെള്ളച്ചാട്ടത്തിനടിയില്‍ ഇരുമ്പ് കമ്പികള്‍ കോര്‍ത്ത ആ കൈവേലി ഇപ്പോഴുമുണ്ടോ?'

'ഉണ്ട്.'

'ആരെങ്കിലും അവിടെനിന്ന് ഡാന്‍സ് ചെയ്യുന്നുണ്ടോ?'

'ഇല്ല. ആള്‍ക്കാര്‍ക്കെന്താ വട്ടുണ്ടോ അവിടെ പോയിനിന്ന് ഡാന്‍സ് കളിക്കാന്‍?'

'വട്ടുള്ളവരും കാണും. എനിക്കുണ്ടായിരുന്നു.'

വെള്ളത്തിന്റെ കലമ്പല്‍പോലെ റോസ് ചിരിച്ചു. 

'പാട്ടിലെ ആ ഒരു സീന്‍ ദീപക്ക് ഓര്‍ക്കുന്നുണ്ടോ? റോജ കറുത്ത ധാവണിയില്‍ നനഞ്ഞു കുതിര്‍ന്ന്, വെള്ളച്ചാട്ടത്തിനു നടുവിലുറപ്പിച്ച ഇരുമ്പു കൈവേലിയില്‍ പിടിച്ച് നൃത്തം ചെയ്യുന്നത്. അതേ വെള്ളച്ചാട്ടത്തില്‍ ഞാനും കുളിച്ചിട്ടുണ്ട്. അതേ ഇരുമ്പു കമ്പികളില്‍ പിടിച്ച്, അതേ വരികള്‍ പാടി, അതേ ചുവടുകള്‍ വച്ച്, അതേ ഉന്മാദത്തോടെ.. ദീപക്കിനറിയാമോ, വെള്ളച്ചാട്ടം കാണാന്‍ വന്നവരോടൊക്കെ ഷൂട്ടിംഗാണെന്ന് കള്ളം പറഞ്ഞാണ്, രോഹന്‍ എന്നെ മാത്രം അവിടെ നിര്‍ത്തി ഡാന്‍സ് ചെയ്യിച്ചത്. ഞങ്ങളുടെ ചിന്ന ചിന്ന പൈത്യങ്ങള്‍...'

'എന്നിട്ടവനെവിടെ?'

ഉള്ളില്‍ അണകെട്ടി നിര്‍ത്തിയിരുന്ന ഈര്‍ഷ്യയുടെ ഷട്ടര്‍ അറിയാതെപോലും തുറക്കുന്നില്ലാന്ന് ഉറപ്പുവരുത്തിക്കൊണ്ട് ദീപക് ചോദിച്ചു. പാറയില്‍ വെള്ളം വീഴുന്നതിന്റെ സംഗീതത്തില്‍ ലയിച്ച് റോസ് മിണ്ടാതെ നിന്നു. പിന്നെ മനസ്സില്‍ പാടിക്കൊണ്ടിരുന്ന വരികള്‍ പുറത്തേക്കൊഴുകി,

'മീന്‍ പിടിത്തു മീണ്ടും... ആറ്റില്‍ വിടൈ ആസൈ...
വാനവില്ലെ കൊഞ്ചം... ഉടുത്തിക്കൊല്ല ആസൈ...
പനിത്തുളികള്‍ നാനും... പടുത്തുക്കൊല്ല ആസൈ...
ഹൂഹുഹുഹുഹുഹൂ... ഹൂഹുഹുഹുഹൂഹൂ...

ചിന്ന ചിന്ന ആസൈ... സിറകടിക്കും ആസൈ...'

മുന്‍പ് ഓരോ പ്രാവശ്യം റോസിന്റെ പാട്ട് കേള്‍ക്കുമ്പോഴും ദീപക്കിനവളെ വാരിപ്പുണരാനും കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാനും തോന്നാറുണ്ട്. ഇപ്പോഴുമതേ. പക്ഷെയിപ്പോള്‍...

'പോകാം?'

ദീപക്കിന്റെ ചിന്തകളെ മുറിച്ചുകൊണ്ട് റോസ് പെട്ടെന്ന് ചോദിച്ചു:

'ഇന്ന് കുളിക്കുന്നില്ലേ..?'

റോസ് ഒന്നും മിണ്ടാതെ അവന്റെ കൈപിടിച്ച് ബോട്ടിനടുത്തേക്ക് നടന്നു. യാതൊരു പ്രത്യേകതയും ഇല്ലാത്ത ആ ചെറിയ വെള്ളച്ചാട്ടത്തെ നിസ്സംഗമായി നോക്കിക്കൊണ്ട് ദീപക് ഇരുന്നു.

'ദീപക്ക്, നിനക്കറിയാമോ? കണ്ണുണ്ടായിരുന്നപ്പൊ എനിക്ക് വെള്ളവും വെള്ളച്ചാട്ടവുമൊക്കെ ഭയങ്കര പേടിയായിരുന്നു. ആ ഞാനാണന്ന് ആ പാറക്കെട്ടിനു മുകളില്‍, വെള്ളച്ചാട്ടത്തിനടിയില്‍.. സിനിമയിലെ നായികമാരെപ്പോലെ...'

ഒരു നിമിഷം നിര്‍ത്തി, മറ്റെന്തോ ഓര്‍ത്തിരുന്നിട്ടവള്‍ തുടര്‍ന്നു:

'രോഹനായിരുന്നു എന്റെ ധൈര്യം...'

റോസ്, രോഹനെപ്പറ്റി ഓരോന്ന് പറയുന്തോറും ദീപക്കിന്, താന്‍ അവളില്‍നിന്നും ദൂരേക്കൊലിച്ചുപോകുന്നതുപോലെ തോന്നി.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

'അന്ന് തിരികെ വരുമ്പോള്‍ ഞാന്‍ നനഞ്ഞുകുതിര്‍ന്ന് വിറയ്ക്കുവായിരുന്നു. സന്തോഷം കൊണ്ട് എനിക്ക് തുള്ളിച്ചാടണമെന്നൊക്കെ തോന്നി. ബോട്ട് ഏതാണ്ട് പകുതി വഴിയെത്തിയപ്പോള്‍ ഞാന്‍ രോഹന്റെ ചെവിയില്‍ മെല്ലെ പറഞ്ഞു, എനിക്കും പറയാനുണ്ട് ഒരു സര്‍െ്രെപസ് എന്ന്. എന്നിട്ട് രണ്ടു കൈകൊണ്ടും അവന്റെ ചെവി മറച്ചുപിടിച്ച് ഞാന്‍ പറഞ്ഞു: 'മിസ്റ്റര്‍ രോഹന്‍, യൂ ആര്‍ ഫെര്‍ട്ടൈല്‍. യു പ്രൂവ്ഡ് ഇറ്റ്' എന്ന് പക്ഷേ, കേട്ടപാടെ, അവനെന്നെ കുറേ വഴക്കു പറഞ്ഞു. ഗര്‍ഭിണിയാണെന്നറിഞ്ഞിട്ടും പാറപ്പുറത്ത് വലിഞ്ഞ് കയറിയതിനും ഡാന്‍സ് കളിച്ചതിനുമൊക്കെ. അതുകേട്ടപ്പോ എനിക്കങ്ങ് സങ്കടം വന്ന് ഒന്നും മിണ്ടാന്‍ പറ്റാതായിപ്പോയി. അല്പനേരം ഞാന്‍ സങ്കടപ്പെട്ടിരുന്നപ്പോ അവനെന്നെ ചേര്‍ത്തുപിടിച്ച് നെറ്റിയിലും കവിളിലുമൊക്കെ ഉമ്മവച്ചു. എന്നിട്ടെന്റെ ചെവിയില്‍ പറഞ്ഞു: 'താങ്ക്യൂ ഫോര്‍ ബീയിംഗ് മൈ ഗേള്‍' എന്ന്. അവനെണീറ്റ് നിന്ന് കൂയ് എന്നുറക്കെ കൂവി. മലകളില്‍ തട്ടി അതിന്റെ എക്കോ കേള്‍ക്കുമ്പോള്‍ അവനു ആവേശം കേറും. പിന്നെയും അതുതന്നെ. എനിക്കാണെങ്കില്‍ ചിരി അടക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അന്നത്തെ ബോട്ടുകാരന്‍ ചേട്ടന്‍ അവനെ തമിഴില്‍ വഴക്കു പറയുന്നുണ്ടായിരുന്നു...'

വിശാലമായ ജലാശയത്തിന്റെ നടുക്ക് മെല്ലെ നീങ്ങുന്ന ബോട്ടിലിരുന്ന് റോസ് പറഞ്ഞു. അവളുടെ ശബ്ദം പെട്ടെന്ന് ഇടറിയപോലെ ദീപക്കിനു തോന്നി.

'പൊടുന്നനെ ബോട്ടൊന്നുലഞ്ഞതു മാത്രം അറിയാം. രോഹന്റെ ശബ്ദം ഒരു സ്വിച്ചിട്ടപോലെ മാഞ്ഞുപോയി. ശബ്ദം മാത്രമല്ല അവനും. ബോട്ടുകാരന്റെ ഒരു നിലവിളി മാത്രമേ പിന്നെയെനിക്ക് ഓര്‍മ്മയുള്ളൂ.'

റോസ് കണ്ണില്ലാതെ, കണ്ണീരില്ലാതെ കരയുകയാണെന്ന് ദീപക്കിനു തോന്നി. അയാളാകെ ഞെട്ടിത്തരിച്ചിരുന്നു.

'ഇവിടെ അവനുണ്ട്. ഈ വെള്ളത്തിനടിയില്‍. എനിക്കതറിയാം. ഞാന്‍ ആശുപത്രിയിലായിരുന്നപ്പോ രാത്രികളില്‍ അവന്‍ ആഴത്തില്‍നിന്നും ഒരു ഡോള്‍ഫിനെപ്പോലെ നീന്തി പൊങ്ങിവരുമായിരുന്നു. എന്റെയടുത്ത് വന്നു കാതല്‍ റോജാവേ എന്നു വിളിക്കും. ഞാന്‍ പിണങ്ങി തിരിഞ്ഞുകിടക്കും. അപ്പോ അവന്‍ പതിയെ ചിന്ന ചിന്ന ആസൈ പാടും. മല്ലികൈ പൂവായ് മാരിവിട ആസൈ എന്നു പാടുമ്പോള്‍ അവനെന്റെ മേലെ പൂക്കള്‍കൊണ്ട് മഴ പെയ്യിക്കും. പിന്നെ ഞങ്ങള്‍ മേഘങ്ങള്‍ക്കിടയിലൂടെ കൈപിടിച്ചു നടക്കും. ദീപക്ക്, നിനക്കിത് കേള്‍ക്കുമ്പൊ എന്റെ ഭ്രാന്തായിട്ട് തോന്നുന്നുണ്ടാവും. എനിക്കറിയാം. പക്ഷേ, പ്രണയത്തിലായിരിക്കുമ്പോ നമുക്കു പറ്റാത്തതായി ഒന്നുമില്ലെന്ന് ആര്‍ക്കുമറിയില്ല. അതൊന്നുമറിയാത്തവര്‍ എന്നെ കൊണ്ടുപോയി ഷോക്കടിപ്പിച്ചു. മുറിയിലിട്ടു പൂട്ടി.'

ദീപക്ക് ഇമ ചിമ്മാതെ റോസിനെ നോക്കിയിരുന്നു. മലയാളം മനസ്സിലാകാത്ത ബോട്ടുകാരന്‍ ഇരുവരേയും മാറി മാറി നോക്കി പെട്ടെന്ന് ദീപക്കിനൊരു ഉള്‍ക്കിടിലമുണ്ടായി. അയാള്‍ റോസിനടുത്തേക്ക് നീങ്ങി അവളെ തന്റെ ശരീരത്തോട് ചേര്‍ത്തുപിടിച്ചു.

'ഐ ലവ് യൂ, റോസ്...'

ഡാമിന്റെ മര്‍ക്കടമുഖം വീണ്ടും ദൃശ്യമായപ്പോള്‍ ദീപക് അവളുടെ ചെവിയില്‍ മെല്ലെ പറഞ്ഞു.

അവന്‍ പതിയെ അവളുടെ കറുത്ത കണ്ണട ഊരിമാറ്റി. അവിടെ പ്രണയത്തിന്റെ സ്മാരകംപോലെ രണ്ടു കുഴികള്‍. ദീപക് അതിലേക്ക് മെല്ലെ ചുണ്ടമര്‍ത്തി. ഒന്ന്, രണ്ട്, നാല്, എട്ട്... ഉമ്മകള്‍ ഒച്ചയില്ലാത്ത ജലപാതംപോലെ അടര്‍ന്നുവീണുകൊണ്ടിരുന്നു. ദീപക്കിന്റെ ഉമ്മകളെ ദുര്‍ബ്ബലമായി ചെറുത്തുകൊണ്ട് റോസ് സംസാരിച്ചു,

'അങ്ങനെ ഒരുനാള്‍ കൈകോര്‍ത്ത് മേഘങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ അവന്‍ എന്നോട് ചോദിച്ചു, നീയെന്തിനാണ് റോസ് എന്നെയന്ന് വെള്ളത്തിലേക്ക് തള്ളിയിട്ടതെന്ന്. ആ ചോദ്യമേറ്റതും ഭൂമിയിലേക്ക് ഞാനൊരൊറ്റ വീഴ്ചയായിരുന്നു. പാറപ്പുറത്ത് വീണ വെള്ളംപോലെ ഞാന്‍ ചിതറി. ഷോക്കേറ്റപോലെ വിറച്ചു. എനിക്കവനെ പിന്നെ കാണാനേ കഴിയുന്നില്ലായിരുന്നു. ആ നിമിഷം മുതല്‍ ഞാന്‍ വീണ്ടും കാഴ്ചയില്ലാത്തവളായി.'

റോസ് തോളില്‍നിന്നും ദീപക്കിന്റെ കൈകള്‍ എടുത്തുമാറ്റിയിട്ട് ബോട്ടില്‍ എണീറ്റുനിന്നു. എന്നിട്ട് സകല ഊര്‍ജ്ജവും എടുത്ത് 'ആഹ്...' എന്നുറക്കെ അലറി. ആ അലര്‍ച്ച ദിക്കുകളില്‍ തട്ടി നാലായി, എട്ടായി, പതിനാറായി പ്രതിധ്വനിച്ചുകൊണ്ടിരുന്നു. ബോട്ടുകാരന്‍ റോസിന്റെ കണ്ണില്ലാത്ത മുഖം കണ്ട് പകച്ചു. ദീപക്ക് അവളെ ബലമായി പിടിച്ചിരുത്താന്‍ വിഫലശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു.

'ഞാനല്ലാ... രോഹന്‍... അത് ഞാനല്ലാ...'

രോഹന്‍ ലയിച്ചുചേര്‍ന്ന ആ ആഴത്തിലേക്ക് നോക്കി റോസ് അലറിവിളിച്ചു. പെട്ടെന്നാണ് ബാഗിലിരുന്ന റോസിന്റെ ഫോണ്‍ വീണ്ടും പാടാന്‍ തുടങ്ങിയത്. ദീപക്കിന്റെ ശ്രദ്ധ ബാഗിലേക്ക്, ആ പാട്ടിലേക്ക് പോയി തിരികെ എത്തുമ്പോഴേക്കും ബോട്ടില്‍നിന്നും റോസും മാഞ്ഞു പോയിരുന്നു. ഒരു നിമിഷത്തിന്റെ എത്രയോ ചെറിയൊരംശനേരം ജീവിക്കാനുള്ള അവസാന ശ്രമം കണക്കെ ഒന്നാടിയുലഞ്ഞ ശേഷം ആ നൗകയും കീഴ്‌മേല്‍ മറിഞ്ഞു. അതിന്റെ ഓളങ്ങള്‍ കരയെത്താതെ മായുമ്പോള്‍ ജലത്തിനടിയില്‍നിന്നും മിന്‍മിനിയുടെ വശ്യമായ ശബ്ദത്തില്‍ ജീവന്റെ കുമിളകള്‍ ആകാശം നോക്കി പാഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com