
ഈ രാത്രിയിൽ ഞാൻ അറുമുഖനെ ഓർക്കുന്നു. എന്തിനാണെന്ന് എനിക്കറിയില്ല. അവൻ ഇപ്പോൾ എവിടെയുണ്ടെന്നും ജീവിച്ചിരിപ്പുണ്ടോ എന്നുപോലും നിശ്ചയമില്ല. അറുമുഖനെ ഞാൻ ആദ്യമായി കാണുന്നത് വർഷങ്ങൾക്കു മുൻപാണ്. എട്ടിൽ പഠിക്കുമ്പോൾ. അതോ ഒന്‍പതിലോ? വേണമെങ്കിൽ അക്കാലത്ത് കൂടെയുണ്ടായിരുന്ന കൂട്ടുകാരോട് അന്വേഷിച്ച് ഉറപ്പിക്കാവുന്നതാണ്. പക്ഷേ, എന്തിന്?
അറുമുഖൻ കഷ്ടിച്ച് ഒരു കൊല്ലം മാത്രമേ ഞങ്ങളുടെ സ്കൂളിൽ പഠിച്ചിട്ടുള്ളൂ. അതിനു മുൻപ് അവൻ ഇരുണിപ്പുഴയുടെ മറുകരയിലുള്ള പനമ്പ്രയിലായിരുന്നു താമസം. അവന്റെ കുടുംബം ഞങ്ങളുടെ നാടായ ചെറുങ്ങോടിലേക്ക് മാറിയപ്പോൾ അറുമുഖനെ ഇവിടെയുള്ള സ്കൂളിൽ ചേർത്തതാണ്. കുടുംബം എന്നു പറഞ്ഞാൽ അവനും അമ്മയും അവന്റെ ചേച്ചിയും.
ക്ലാസിൽ ഏറ്റവും പ്രായവും ഉയരവുമുള്ള കുട്ടി അറുമുഖനായിരുന്നു. രണ്ടോ മൂന്നോ തവണ തോറ്റിട്ടാണ് അവൻ എന്റെ ക്ലാസിൽ എത്തുന്നത്. കോല് പോലെ മെല്ലിച്ച ദേഹം. ചപ്രച്ച തലമുടി. വായ നിറയെ വരിതെറ്റിയ പല്ലുകൾ. തമിഴ് ചുവയുള്ള ഉച്ചാരണം. കീറലുകൾ തുന്നിക്കൂട്ടിയ ഷർട്ടും ട്രൗസറും. അവന്റെ വിയർപ്പിനു പപ്പടത്തിന്റെ മണം മാതിരിയുള്ള വാട ഉണ്ടായിരുന്നില്ലേ? അക്കാലത്തെ അറുമുഖന്റെ രൂപത്തെ നിനക്കുമ്പോൾ എപ്രകാരമോ അത് പപ്പടഗന്ധവുമായി കൂടിക്കലരുന്നു. തണുത്തു നിശ്ചലമായ ഇന്നത്തെ രാത്രിയിൽ. സിൽവർ ഓക്ക് ഹോട്ടലിലെ ഏകാന്തമായ സ്വീറ്റിൽ. നിദ്രാവിഹീനതയുടെ തമസ്സിൽ.
അറുമുഖന്റെ അമ്മയും ചേച്ചിയും കൂലിപ്പണി ചെയ്താണ് ജീവിച്ചിരുന്നത്. അവന്റെ അച്ഛൻ കുടിച്ചു മരിച്ചതാണെന്ന് ക്ലാസിലുള്ള ആരോ കണ്ടുപിടിച്ചു. അക്കാര്യം പറഞ്ഞ് ആരെങ്കിലും കളിയാക്കിയാലും അവൻ കോന്ത്രൻപല്ലുകൾ കാട്ടി ചിരിക്കും. “അതോണ്ടിപ്പോ എനിക്കും അമ്മക്കും ചേച്ചിക്കും തല്ല് കിട്ടാതെ കിടന്നുറങ്ങാം.” അച്ഛൻ മരിച്ചതിനുശേഷമാണ് അവർ പനമ്പ്ര ഉപേക്ഷിച്ച് ഇരുണിപ്പുഴ കടന്നു ചെറുങ്ങോടിലേക്ക് എത്തിയത്. പനമ്പ്രയിൽ അവർക്ക് സ്ഥലവും സ്വത്തും ഒന്നുമില്ല. ബന്ധുക്കളുമായുള്ള പോരിനാണെങ്കിൽ ഒട്ടും കുറവുമില്ല.
ഡയമണ്ട് ടാക്കീസിന്റെ അരികിലുള്ള കനാലിന്റെ കരയിൽ ചെറിയൊരു ഓടിട്ട പുരയിലാണ് അറുമുഖനും വീട്ടുകാരും ചേക്കേറിയത്.
ക്ലാസിൽ എന്റെ അടുത്ത ചങ്ങാതി ടോണി ആയിരുന്നു. അവൻ ഞങ്ങളുടെ ഹിന്ദി മാസ്റ്റർ കുര്യാക്കോസ് സാറിന്റെ മൂത്ത മകനാണ്. സ്കൂൾ വിട്ടു വീട്ടിലേക്കു മടങ്ങുന്ന ഒരു വൈകുന്നേരം ടോണി ആ രഹസ്യം അറിയിച്ചു:
“ഡാ, അരുണേ... അറുമുഖന്റെ അമ്മയും ചേച്ചിയും കുടിക്കും.”
“എന്ത് കുടിക്കും?” എനിക്കാദ്യം മനസ്സിലായില്ല.
“ചാരായം... അപ്പൻ അമ്മച്ചിയോട് പറയുന്നത് കേട്ടതാ...”
അറുമുഖനോട് വല്ലാതെ കൂട്ടുപാടില്ലെന്ന് കുര്യാക്കോസ് മാഷ് ടോണിയെ താക്കീത് ചെയ്തു.
“ചിലപ്പോൾ അവനും കുടിക്കുന്നുണ്ടാവും.” ഞാൻ സംശയിച്ചു.
“അതാ, അപ്പനും പറഞ്ഞത്.” ടോണിയുടെ സ്വരത്തിൽ അരുതായ്മകളുടെ പേടി നിഴലിച്ചു. എനിക്ക് അറുമുഖനോട് ഒരേ സമയം അകൽച്ചയും ആരാധനയും തോന്നി. ഞങ്ങൾ കുട്ടികൾക്ക് നിഷേധിച്ചിട്ടുള്ള പരിപാടികൾ അവൻ ഒപ്പിക്കുന്നുണ്ട്. ഞങ്ങൾക്കറിയാത്ത ലഹരിയുടെ രസം രുചിക്കുന്നുണ്ട്.
എന്നാൽ, അറുമുഖന് എന്നെ ഇഷ്ടമായിരുന്നു. കണക്കിലും സയൻസിലും ഉത്തരങ്ങൾ കണ്ടെത്താൻ ഞാൻ അവനെ സഹായിച്ചു. അവന്റെ ബുദ്ധിക്കുറവിനെ പരിഹസിക്കാനും എന്റെ വിവരം പ്രകടിപ്പിക്കാനുമുള്ള അവസരങ്ങൾ പാഴാക്കിയതുമില്ല.
“നീ അടുത്തുവരുമ്പോ കെട്ട ചൂര്... കുളിക്കാറില്ലേ?” ഞാൻ മൂക്ക് ചുളിച്ച് ചോദിച്ചു.
അറുമുഖൻ ചിരിച്ചു. നിരതെറ്റിയ മുൻപല്ലുകൾ പുറത്തു ചാടി. റോഡരികിലെ പൈപ്പിനു ചുവട്ടിൽ വളഞ്ഞിരുന്നു കുളിക്കുന്നതിലെ സുഖമെന്തെന്ന് അവൻ വിസ്തരിച്ചു. അറുമുഖന്റെ സ്വാതന്ത്ര്യങ്ങളോർത്ത് എന്നിൽ അസൂയ നാമ്പെടുത്തു.
അറുമുഖന്റെ ചേച്ചിക്ക് വേറെ എന്തൊക്കെയോ ഇടപാടുകൾ ഉണ്ടെന്നുള്ള സംഗതി ടോണി ആയിടയ്ക്ക് വെളിപ്പെടുത്തി. അതും അവന്റെ അപ്പൻ അമ്മച്ചിയോട് മന്ത്രിക്കുന്നത് ഒളിച്ചു കേട്ടതാണ്. അത്തരം ഇടപാടുകൾ എത്തരത്തിലാകുമെന്ന് ഞങ്ങൾ ഭാവനയിൽ നിരൂപിച്ചു. അതിനൊപ്പം പതിമൂന്ന് വയസ്സ് താണ്ടിയ ഞങ്ങളുടെ ശരീരങ്ങളിൽ ഉഷ്ണം പരക്കുന്നത് എനിക്കിപ്പോൾ സങ്കല്പിക്കാനാകും.
അറുമുഖന്റെ കുടുംബത്തിന് ഡയമണ്ട് ടാക്കീസിനടുത്തുള്ള വീട്ടിൽനിന്നും താമസിയാതെ ഒഴിയേണ്ടിവന്നു. പാതിരാവിന്റെ മറവിൽ അക്കരെനിന്ന് ചേച്ചിയെ കാണാനെത്തിയ രണ്ടുപേർ തമ്മിൽ വഴക്കായി. വാറ്റ് മോന്തി പൂസായിരുന്ന സന്ദർശകർ മുറ്റത്തു കിടന്നുരുണ്ട് അടിപിടിയുണ്ടാക്കി. അതോടെ വീട്ടുടമ വാടകക്കാരെ ഇറക്കിവിട്ടു. കേസിനും പൊല്ലാപ്പിനും പോകാൻ അയാൾക്ക് വയ്യാത്തതിനാൽ.
അവർക്കു പുതിയ അഭയസ്ഥാനം കിട്ടിയത് എന്റെ വീട്ടിലേക്കുള്ള ഇടവഴിയുടെ അരികിലാണ്. കയറ്റം കയറുന്നതിനു തൊട്ടുമുന്‍പുള്ള വലതുഭാഗത്തെ പറമ്പിൽ ഒരു മൺകൂരയുണ്ടായിരുന്നു. അതിന്റെ ഉടമസ്ഥൻ മുത്തുവിന് തിരുപ്പൂരിലെ ഏതോ തുണിമില്ലിലാണ് ജോലി. പിന്നീട് മുത്തുവിന്റെ ഭാര്യയും തിരുപ്പൂരിലേയ്ക്ക് പോയി. ഒഴിഞ്ഞുകിടക്കേണ്ടെന്നു കരുതി മുത്തുവിന്റെ അമ്മാവനാണ് പുര വാടകയ്ക്ക് നൽകിയത്. അയാൾക്ക് മറ്റെന്തോ ലാക്കുണ്ടെന്നു നാട്ടുകാർ കുശുകുശുത്തു. ഇതത്രയും തങ്കവേലുവിന്റെ കടയിൽ പലചരക്ക് വാങ്ങാൻ പോയപ്പോൾ ചെവിയിൽ വീണ സംഭാഷണങ്ങളിൽനിന്നു ഞാൻ അരിച്ചെടുത്തതാണ്. അതോ അങ്ങനെയാകാം അതെല്ലാം സംഭവിച്ചതെന്ന് ഞാൻ വിശ്വസിക്കുകയാണോ? മുതിർന്നവരുടെ പ്രവൃത്തികൾ കുട്ടിക്കാലത്ത് പലപ്പോഴും എനിക്കു പിടികിട്ടിയിരുന്നില്ല. അതുകൊണ്ടുതന്നെ അവരുടെ ലോകത്തിലേക്ക് എത്രയും വേഗത്തിൽ വളർന്നെത്താനുള്ള കൊതി എന്നെ ബാധിച്ചു. ബാല്യത്തിലെ വസ്തുതകളെ അനുമാനങ്ങൾകൊണ്ട് ഞാൻ സ്ഥാപിക്കുകയാണോ? ഉറപ്പില്ല. ഇന്നത്തെ രാത്രി ഏതൊക്കെയോ കാരണങ്ങളാൽ വിചിത്രമാണെന്നു മാത്രം കരുതാം.
അയൽക്കാരായതോടെ വാരാന്ത്യങ്ങളിൽ അറുമുഖൻ വീട്ടിൽ വരാൻ തുടങ്ങി. മിക്കവാറും ഉച്ചനേരങ്ങളിലാണ് അവൻ എത്താറുള്ളത്. വീടിനു പുറകിലെ വരാന്തയിൽ ഞങ്ങൾ വർത്തമാനം പറഞ്ഞ് ഇരിക്കും. അമ്മ അവന് ചോറും കറിയും വിളമ്പിക്കൊടുക്കും. മറ്റുള്ളവർ ഉച്ചമയക്കത്തിലേക്ക് വീഴുമ്പോൾ ഞങ്ങൾ വെയിൽകൊണ്ട് തൊടിയിൽ അലയുകയായി. ഡയമണ്ട് ടാക്കീസിൽ അവൻ കാണാറുള്ള സിനിമകളുടെ കഥകൾ എനിക്കു പറഞ്ഞുതരും. അവയിലെ പാട്ടുകൾ പാടും. അറുമുഖൻ തരക്കേടില്ലാതെ പാടുമായിരുന്നു.
ഇടയ്ക്ക് അറുമുഖൻ ചേച്ചിയുടെ പക്കലുള്ള പാട്ടുപുസ്തകങ്ങൾ കൊണ്ടുവരും. തവിട്ടുനിറത്തിലുള്ള ഏടുകളെ ഇപ്പോൾ ഞാൻ മനസ്സിൽ മറിച്ചുനോക്കുന്നു. അവയുടെ പുറംചട്ടകളിൽ പ്രിന്റ് ചെയ്തിരുന്ന വടക്കൻപാട്ട് സിനിമകളിലെ നായികാനായകന്മാരുടെ വർണ്ണചിത്രങ്ങൾ പിന്നെയും കാണുന്നു. കുതിരപ്പുറത്തു വാളുയർത്തി കുതിക്കുന്ന പ്രേംനസീർ. നിലാവിൽ നദിക്കരയിൽ മദാലസയായി നൃത്തമാടുന്ന ഷീല. മസിലുകൾ മുഴപ്പിച്ചു രോഷത്തോടെ തുറിച്ചുനോക്കുന്ന ജയൻ. പുസ്തകങ്ങളിലെ മിക്ക ഗാനങ്ങളും ഞങ്ങൾ രണ്ടുപേരും കാണാപ്പാഠമാക്കി.
ഉച്ചനേരം. വേലിക്കരികിലുള്ള പുളിമരത്തിന്റെ തണലിൽ ഞങ്ങൾ ഇരുന്നു. അറുമുഖൻ തലേന്നു കണ്ട സെക്കന്റ് ഷോയെക്കുറിച്ചു പറയാൻ ആരംഭിച്ചു. ത്രസിപ്പിക്കുന്ന സംഘട്ടനങ്ങളിലൂടെ മുന്നേറുന്ന എം.ജി.ആർ പടത്തിലെ രംഗങ്ങൾ എനിക്കുള്ളിൽ മിന്നിമറഞ്ഞു. നായകനും വില്ലനും തമ്മിലുള്ള ഉഗ്രമായ പോരാട്ടങ്ങൾ അറുമുഖൻ കൈകൾ വീശി പൊലിപ്പിച്ചു. അവന്റെ വർണ്ണനകൾ പിന്തുടരുന്നതിനൊപ്പം എനിക്ക് ആവേശം മൂത്തു. കഥ അരങ്ങേറുന്ന കോട്ടകളുടെയും കൊട്ടാരങ്ങളുടെയും സാമ്രാജ്യത്തിലേക്ക് എങ്ങനെയെങ്കിലും സഞ്ചരിച്ചെത്താൻ കഴിഞ്ഞിരുന്നെങ്കിൽ!
“നമുക്കൊന്ന് ഇടികൂടി നോക്കിയാലോ?” ഞാൻ ചോദിച്ചു.
“അത് വേണോ? നീ തോൽക്കും. ഞാനാണ് മൂത്തത്.”
ഞാൻ പെട്ടെന്ന് അറുമുഖന്റെ മുഖത്ത് മുഷ്ടി ചുരുട്ടി ഇടിച്ചു. ഓർക്കാപ്പുറത്തുള്ള ആക്രമണത്തിൽ അവൻ പകച്ചു. പുളിമരത്തിൽ ചാരി അറുമുഖൻ തല കുനിച്ച് ഇരുന്നു.
“ഇനി നീ ഇടിക്ക്... ആരാ ജയിക്കാന്നു നോക്കാലോ?” അന്നത്തെ നട്ടുച്ചയിൽ ക്രൂരമായ ആനന്ദം എന്നെ പിടികൂടിയിട്ടുണ്ടാകണം.
“ഞാനില്ല... നീയൊന്നു കൈ പിടിക്ക്... തല ചുറ്റുന്നു.”
അറുമുഖൻ മുഖമുയർത്തി. മുൻവരിയിലെ ഏതാനും പല്ലുകൾ ഇളകി രക്തമൊഴുകാൻ തുടങ്ങിയിരുന്നു. ഞാൻ പരിഭ്രമത്തോടെ അവനെ പിടിച്ചെഴുന്നേല്‍പ്പിച്ചു.
കിണറ്റിൻകരയിലേക്ക് നടക്കുമ്പോൾ ഞങ്ങൾ പരസ്പരം നോക്കിയില്ല. ഞാൻ ബക്കറ്റിൽ വെള്ളം കോരിക്കയറ്റി. മുഖം കഴുകി കുറെ വെള്ളം കുടിച്ചപ്പോൾ അവന്റെ തലചുറ്റൽ ശമിച്ചു.
“ഞാൻ പോട്ടെ. ഇത് നീ വെച്ചോ.” കയ്യിലുള്ള സിനിമാപ്പാട്ട് പുസ്തകം എന്നെ ഏല്പിച്ച് അറുമുഖൻ പടികടന്നു പോയി.
അറുമുഖനുമായി നടന്ന ഗുസ്തിയുടെ കഥ ഞാൻ അനുജനോട് പൊടിപ്പും തൊങ്ങലും ചേർത്ത് പറഞ്ഞു. ഒടുവിൽ എന്റെ കനത്ത ഇടിയേറ്റ് അവന്റെ പല്ലുകൾ ഇളകി ചോരയൊലിച്ചതും അവൻ കീഴടങ്ങിയതും വീമ്പോടെ വിവരിച്ചു. എം. ജി.ആറിന്റെ മട്ടിൽ ഞാനും വിജയിച്ച യുദ്ധം.
“ചൂരലോണ്ട് നിന്റെ തോലു പൊളിക്കണം.” എല്ലാം കേട്ട് അച്ഛൻ ഉമ്മറത്തിരിക്കുന്ന കാര്യം ഞാൻ അറിഞ്ഞിരുന്നില്ല. അച്ഛൻ ഓഫീസിൽനിന്ന് നേരത്തെ എത്തിയ ദിവസമാണ്. ഞാനും അനുജനും തളത്തിലെ അരണ്ട വെട്ടത്തിൽ ഇരിപ്പായിരുന്നു.
“മര്യാദയ്ക്ക് തിന്നാൻ വകയില്ലാത്ത ആ കുട്ടിയുടെ പല്ല് അടിച്ചിളക്കി പോലും! എന്തൊരു വീരൻ!”
അച്ഛന്റെ ശകാരത്തിൽ ഞാൻ ചൂളിപ്പോയി. നാണക്കേട് മറയ്ക്കാൻ എഴുന്നേറ്റ് എന്റെ മുറിയിലേക്ക് ഓടി. വാതിലടച്ച് കിടക്കയിൽ ചുരുണ്ടുകിടക്കുമ്പോൾ ഉള്ളിൽ വെറുപ്പ് നിറഞ്ഞു. ആരോട്? എന്നോടോ? അറുമുഖനോടോ? അച്ഛനോടോ? അനുജനോടോ? എല്ലാവരോടും?
പിറ്റേന്നു കണ്ടപ്പോൾ അറുമുഖൻ പ്രത്യേകിച്ച് എന്തെങ്കിലും ഉണ്ടായതായി ഭാവിച്ചില്ല. മോണയിലെ വേദനയ്ക്ക് ഭേദമുണ്ടെന്നു പറഞ്ഞു. പിന്നെ അതേ ചിരി. ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. ക്ഷമ ചോദിക്കാനും എനിക്കു തോന്നിയില്ല. ഒരു കയ്യബദ്ധം പറ്റി. അല്ലാതെന്ത്?
പിന്നത്തെ ഞായറാഴ്ച അറുമുഖൻ വീണ്ടും എന്നെ തിരഞ്ഞു വന്നു. അമ്മ അവനു കട്ടൻചായയും കാരോലപ്പവും നൽകി. ഞങ്ങൾ പതിവുപോലെ തൊടിയിൽ ചുറ്റിനടന്നു. പേരക്ക പറിച്ചും സ്കൂളിലെ പെൺകുട്ടികളുടെ വിശേഷങ്ങൾ ആലോചിച്ചും മദ്ധ്യാഹ്നം കടന്നുപോയി.
അഞ്ച് മണിക്ക് അറുമുഖൻ പോകാൻ തുടങ്ങുമ്പോൾ അച്ഛൻ അവനെ ഉമ്മറത്തേക്ക് വിളിച്ചു. അവന്റെ കയ്യിൽ ഒരു കടലാസ്സ് പൊതി ഏല്പിച്ചു. കുറച്ചു പൈസയും. ട്രൗസറും ഷർട്ടും തയ്ക്കാനുള്ള തുണിയും തയ്യൽക്കൂലിയുമായിരുന്നു അത്.
“അരുൺ തന്ന സമ്മാനമാണെന്ന് കരുതിയാൽ മതി.” അച്ഛൻ അറുമുഖനോട് പറഞ്ഞു.
അന്നേരമാണ് എനിക്ക് തൊണ്ടയിൽ വിങ്ങൽ അനുഭവപ്പെട്ടത്.
അറുമുഖന്റെ അമ്മയേയും ചേച്ചിയേയും ഞാൻ വല്ലപ്പോഴും കാണാറുണ്ടായിരുന്നു. ചെറുങ്ങോട് സ്കൂളിലേക്കുള്ള പോക്കും വരവും ഞാനും ടോണിയും അറുമുഖനും ഒരുമിച്ചാണ്. ഊടുവഴിയിലെ ഇറക്കം കഴിഞ്ഞാൽ അറുമുഖൻ എന്റെ കൂടെ കൂടും. സ്കൂൾ പറമ്പിലേക്കുള്ള തിരിവിൽ വെച്ച് ടോണിയും.
അറുമുഖന്റെ അമ്മ വള്ളി ഉണങ്ങിച്ചുങ്ങിയ ഒരു സ്ത്രീയായിരുന്നു. മുഷിഞ്ഞു പിഞ്ഞിയ വേഷം. കാണുമ്പോഴെല്ലാം വള്ളിയമ്മ എന്നോട് കുശലങ്ങൾ ചോദിക്കും. അറുമുഖന്റെ കുറ്റങ്ങളും പറയും. പണിയില്ലാത്ത വേളകളിൽ അമ്മയെ സഹായിക്കാനും മുറ്റമടിച്ചു വൃത്തിയാക്കാനും അവർ വരാറുണ്ടായിരുന്നു.
അക്കാലത്ത് അറുമുഖന്റെ ചേച്ചിക്ക് ഇരുപത് വയസ്സിനടുത്ത് പ്രായമുണ്ടായിരിക്കണം. നീണ്ട് കൊലുന്നനെയുള്ള അവൾക്ക് അറുമുഖന്റെ ഛായ തീരെയുണ്ടായിരുന്നില്ല. ഇരുണ്ടനിറത്തിലുള്ള സുന്ദരമായ ഉടൽ. നിരയൊത്ത പല്ലുകൾ. ചുരുണ്ട തലമുടി. അവളുടെ വലിയ കണ്ണുകളിൽ കൂസലില്ലായ്മ കത്തിനിന്നു. കടുംചായങ്ങളിലുള്ള സാരിയാണ് അധികവും അവൾ ചുറ്റാറുള്ളത്. കൈത്തണ്ടകളിൽ പലനിറങ്ങളിലുള്ള കുപ്പിവളകൾ അയഞ്ഞുകിടന്നു. അങ്ങനെയൊക്കെയാണ് അവന്റെ ചേച്ചിയുടെ ആകാരത്തെ എന്റെ ഓർമ്മ പിടിച്ചെടുക്കുന്നത്. എത്ര ശ്രമിച്ചിട്ടും അവളുടെ പേര് കിട്ടുന്നില്ല. മീനാക്ഷി എന്നായിരുന്നില്ലേ? ആർക്കറിയാം? നാല്‍പ്പതിലേറെ ആണ്ടുകൾക്കു ശേഷം തുളവീണ സ്മരണയിൽ ആവിർഭവിക്കുന്ന സ്ഥലങ്ങളിലും ആളുകളിലും വീഴുന്ന പ്രകാശം മറ്റേതോ ലോകത്തിന്റെ പകലുകളിൽ നിന്നാണ്.
അറുമുഖന്റെ അമ്മയും ചേച്ചിയും എപ്പോഴും വെറ്റില മുറുക്കും. അത് ഞാൻ മറന്നിട്ടില്ല.
ഇടപാടുകാർ ചെല്ലുന്ന രാവുകളിലാണ് ചേച്ചി അറുമുഖന് സെക്കന്റ് ഷോ കാണാനുള്ള കാശ് കൊടുത്തിരുന്നത്. ടോണി അങ്ങനെയൊരിക്കൽ അവജ്ഞയോടെ സൂചിപ്പിച്ചിരുന്നു.
വേനലവധിയിലെ ഒരു സായംകാലം. അന്നു പകൽ അറുമുഖൻ വന്നില്ല. അവനും വള്ളിയമ്മയും പനമ്പ്രയിലുള്ള അച്ഛന്റെ ബന്ധുക്കളെ കാണാൻ പോയതാണ്. അവരുടെ കൂട്ടരുടെ എന്തോ അടിയന്തിരത്തിന്. ഞാൻ ടോണിയുടെ വീട്ടിലേയ്ക്ക് നടന്നു. അവന്റെ സൈക്കിളിൽ സ്കൂൾ പറമ്പിൽ കുറെ നേരം സർക്കസ് കാണിക്കാം.
ഇറക്കമിറങ്ങിയപ്പോൾ ഞാൻ അറുമുഖന്റെ കൂരയിലേക്കു കണ്ണോടിച്ചു. തിണ്ണയിൽ അവന്റെ ചേച്ചി ഇരിപ്പുണ്ട്. അവൾ ഉറക്കെ തമിഴ്‌പാട്ടുകൾ പാടുകയാണ്. ഇടയ്ക്കിടെ പാട്ട് നിർത്തി പൊട്ടിച്ചിരിക്കുന്നു. തലമുടിയിലെ ചുരുളുകൾ ചിക്കി വേറിടുത്തുന്നു. ആരെയൊക്കെയോ പ്രാകുന്നു; ചീത്ത വിളിക്കുന്നു. ഞാൻ അന്തംവിട്ടു നിന്നു. ഇവൾക്കെന്താ പ്രാന്തായോ?
അവളും എന്നെ കണ്ടു.
“എന്താടാ അരുണേ മിഴിച്ചുനിൽക്കുന്നത്?” അവൾ പാട്ടും പ്രാക്കും നിർത്തി. “നീ ഇങ്കെ വാ.”
ഞാൻ മടിച്ചുനിന്നു. പിന്നെ മരക്കമ്പുകൾ കെട്ടിയുണ്ടാക്കിയ അത്താണിവരെ ചെന്നു. അവൾ എന്നെ സൂക്ഷിച്ചു നോക്കി. തിണ്ണയുടെ അരികിൽ വെച്ചിരുന്ന കുപ്പി എടുത്ത് അതിലെ നിറമില്ലാത്ത ദ്രാവകം രണ്ട് കവിൾ മൊത്തി.
“നിനക്ക് വേണോ?”
ഞാൻ വിളറി. വേണ്ടെന്നു തലയാട്ടി.
“വേണ്ടെങ്കിൽ വേണ്ട... നീ മാന്യൻ.” അവൾ റാക്ക് കുപ്പി കോർക്ക് തിരിച്ചു കയറ്റി അടച്ചു.
“ചെക്കന്റെ പല്ല് അടിച്ചു കൊഴിക്കാൻ തുനിഞ്ഞിട്ട് ഉടുപ്പ് വാങ്ങി കൊടുത്തില്ലേ... നന്നായി... തമ്പ്രാൻ പടി കടക്കുന്നില്ലേ?”
“ഞാൻ പോട്ടെ.” ഞാൻ പോകാനായി തിരിഞ്ഞു.
“നിൽക്ക്... വേണമെങ്കിൽ കണ്ടിട്ട് പോടാ... നീ കണ്ടിട്ടുണ്ടാവില്ല. ഇപ്പൊ നിനക്ക് തരാൻ ഇത്രയേ ഉള്ളൂ.”
ഞാൻ വീണ്ടും അവളുടെ നേരെ തിരിഞ്ഞു.
തിണ്ണയിൽ ഇരിക്കുന്ന അറുമുഖന്റെ ചേച്ചി അവളുടെ സാരി പൊടുന്നനെ പൊക്കി. കാലുകൾ രണ്ടും ഉയർത്തി അകത്തിവെച്ചു.
ഇരുണ്ടു മെലിഞ്ഞ തുടകളും അവയ്ക്കിടയിലെ കറുത്ത യോനിയും അന്തിവെളിച്ചത്തിൽ വെളിപ്പെട്ടു. നൊടിനേരത്തെ ആഘാതത്തിനുശേഷം ഞാൻ പിന്തിരിഞ്ഞോടി. പുറകിൽ അവളുടെ നിർത്താതെയുള്ള കൈകൊട്ടലുകളും കുപ്പിവളകളുടെ കലമ്പലും ഉന്മത്തമായ അട്ടഹാസവും മുഴങ്ങി.
ഞാൻ ടോണിയുടെ അരികിൽ പോയില്ല. പകരം സ്കൂൾ മൈതാനത്തിന്റെ നടുവിലുള്ള കാഞ്ഞിരത്തിന്റെ ചുവട്ടിൽ ചെന്നിരുന്നു. മറ്റു കുട്ടികളുടെ കളികളിലും കോലാഹലങ്ങളിലും കൂട്ടുചേരാതെ. കിതക്കുന്ന ഹൃദയത്തോടെ ഞാൻ അവളുടെ നഗ്നത ഉള്ളിലേയ്ക്ക് ആവാഹിച്ചു. അടിവസ്ത്രത്തിന്റെ മറവില്ലാതെ തെളിഞ്ഞ ഗുഹ്യഭാഗം. പാപഭീതിയുടെ ഉന്മാദത്തിൽ എന്റെ ലിംഗം ഉയർന്നു വിറച്ചു.
വേനലൊഴിവ് കഴിഞ്ഞ് സ്കൂൾ തുറക്കുന്നതിനു മുൻപുതന്നെ വള്ളിയമ്മയും അറുമുഖനും ചേച്ചിയും ചെറുങ്ങോട് വിട്ടുപോയി. തമിഴ്‌നാട് അതിർത്തിയിലുള്ള അവരുടെ ചാർച്ചക്കാരുടെ ഊരിലേയ്ക്ക്. പോകുന്നതിനു മുന്‍പായി ചിലപ്പോഴൊക്കെ അറുമുഖന്റെ ചേച്ചിയെ ഞാൻ കണ്ടിരുന്നു. അവൾ രൂക്ഷമായി എന്നെ നോക്കും. ഞാൻ മുഖം താഴ്ത്തി വഴിമാറി പോകും. വേനൽച്ചൂട് എന്റെ തലക്കുള്ളിൽ പെരുകിയ ദിനങ്ങൾ.
ടോണിയോടോ വേറെ കൂട്ടുകാരോടോ ആ സായാഹ്നത്തെക്കുറിച്ചു ഞാൻ പറഞ്ഞിട്ടില്ല. അന്നത്തെ കാഴ്ചയുടെ ആഘാതവും ആകർഷണവും നിഗൂഢതയും എനിക്കുള്ളിൽ മാത്രമായി ചൂഴ്ന്നിറങ്ങാൻ ഞാൻ അനുവദിച്ചത് എന്തിനാകാം? തീർച്ചയില്ല.
അറുമുഖനും ചേച്ചിയും വള്ളിയമ്മയും എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാകാം. ഊരുകളും കൂരകളും മാറിമാറി താമസിക്കുന്നതിനിടയിൽ അന്യോന്യം വഴി പിരിഞ്ഞിട്ടുണ്ടാകാം. മരിച്ചിട്ടുണ്ടാകാം.
ചെറുങ്ങോടുണ്ടായിരുന്ന പഴയ പാതകളും തുറസ്സുകളും ഇപ്പോഴില്ല. എങ്കിലും സ്ഥലത്തിന്റേയും കാലത്തിന്റേയും സന്ധികളിൽ അവ അമർന്നുകിടപ്പുണ്ട്. എന്റെ അവ്യക്തമായ സ്മൃതികളാൽ വക്രീകരിക്കപ്പെട്ട്. ഒരിക്കലെങ്കിലും നിലനിൽക്കേണ്ടിവന്ന യാതൊന്നിനും എന്നന്നേയ്ക്കുമായി മാഞ്ഞുപോകാനാവില്ല. അവയുടെ അദൃശ്യമായ അടയാളങ്ങൾ ചുറ്റും അവശേഷിച്ചിട്ടുണ്ട്. ഇരുണിപ്പുഴയുടെ തീരത്തെ കൈതക്കാടുകളിൽ അണലി പെറ്റുകിടക്കുമ്പോൾ ഉയരുന്ന പപ്പടത്തിന്റെ ഗന്ധവുമായി കെട്ടുപിണഞ്ഞ്.
ടോണി കുറേക്കാലം പൂനെയിൽ ഓഷോയുടെ ആശ്രമത്തിലായിരുന്നു. പിന്നീട് കാനഡയിലേയ്ക്ക് കുടിയേറി. ഞങ്ങൾ തമ്മിൽ ഇടയ്ക്കൊക്കെ വീഡിയോ വിളികൾ ഉണ്ടാകാറുണ്ട്. എന്റെ അച്ഛനും അമ്മയും കുര്യാക്കോസ് മാഷും ഇന്നില്ല. പണ്ടത്തെ ചില സുഹൃത്തുക്കളെ അപൂർവ്വമായി കണ്ടുമുട്ടും. ചിലരുടെ മക്കളുടെ കല്ല്യാണത്തിന്. മറ്റു ചിലരെ അവസാനമായി മരണത്തിന്റെ ചില്ലുപേടകത്തിൽ.
ഇക്കാലത്തിനിടയിൽ ഞാനും എത്രയോ പട്ടണങ്ങളും പാർപ്പിടങ്ങളും മാറി. ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ മാസ്റ്റർ ബിരുദത്തിന്റെ ബലത്തിൽ മാർക്കറ്റിംഗ് തന്ത്രങ്ങളുടെ പടവുകൾ കയറി. ഓരോരോ ഉല്പന്നത്തിന്റെ വില്‍പ്പന ആക്കം കൂട്ടുന്ന ജോലികൾ ചെയ്തു. പലതരം ബന്ധങ്ങളിലും വേർപാടുകളിലും മുങ്ങിപ്പൊങ്ങി. ഒന്നിലും ഉറച്ചുനിൽക്കാൻ കഴിയാതെ. വിവിധയിനം ലഹരികളിൽ ബോധം മങ്ങി ആളുകളും അടുപ്പങ്ങളും ഓർമ്മക്കുറവിൽ ദ്രവിച്ചു തുടങ്ങിയിരിക്കുന്നു. എല്ലാറ്റിനും പുറകിൽ ആ സന്ധ്യയിലെ കാളിമയുള്ള അവയവത്തിന്റെ ദൃശ്യം വലയം വെക്കുന്നതായി ഈ നിമിഷങ്ങളിൽ അനുഭവപ്പെടുന്നു. അറുതിയില്ലാത്ത ആസക്തികളുടെ തമോദ്വാരം ആദ്യമായി പ്രലോഭിപ്പിച്ച അന്തിനേരം. അപാരമായ കാന്തികശക്തിയാൽ വലിച്ചടുപ്പിക്കുന്ന അഗാധ ശൂന്യത.
ഈയിടെയായി ഞാൻ ജോലിയെടുക്കുന്നത് ഒരു അന്താരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനിയിലാണ്. ഭൂമിയിലെമ്പാടും ശാഖോപശാഖകൾ പടർത്തി വളരുന്ന ഭീമൻ സ്ഥാപനം. മറവിരോഗത്തിനെതിരെ അങ്ങേയറ്റം ഫലപ്രദമായ പുത്തൻ ഔഷധം കണ്ടെത്തിയതായി ഞങ്ങളുടെ ഗവേഷണവിഭാഗം അവകാശപ്പെടുന്നു. അതിന്റെ പ്രൊമോഷൻ പദ്ധതി വിപുലമാക്കാനുള്ള ചർച്ചകളിൽ പങ്കെടുക്കാനാണ് ഞാൻ ഈ പട്ടണത്തിൽ വന്നത്. അതായത് ഞാൻ ജനിച്ചുവളർന്ന നാളുകളിൽ ഒച്ചയും അനക്കവും കുറവായിരുന്ന അതേ പ്രദേശത്ത്.
ഇപ്പോഴത്തെ ചെറുങ്ങോട് കൂറ്റൻ കെട്ടിടങ്ങളും എല്ലാത്തരം മനുഷ്യരും തിങ്ങിനിറഞ്ഞ മഹാനഗരത്തിന്റെ ഭാഗമാണ്. ഇരുണിപ്പുഴയുടെ ഒഴുക്ക് രാസമാലിന്യങ്ങളുടെ പാട തളംകെട്ടിയ തോടായി നിലച്ചുകഴിഞ്ഞു. മറുകരയിലെ പനമ്പ്രയിൽ ഒട്ടേറെ ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ട്. ദേശീയപാതകളിലും മെട്രോ പാളങ്ങളിലും രാപകൽ അനുസ്യൂതമായി ഇരമ്പുന്ന ഗതാഗതം. സ്മൃതിനാശത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ഒന്നൊന്നായി അതിവേഗം പായുന്ന തുച്ഛജീവിതങ്ങൾ. അതിനാൽ ഞങ്ങളുടെ മരുന്നിനു വൻനഗരത്തിൽ വലിയ സാധ്യതകളുണ്ട്.
വർഷങ്ങൾക്കു മുൻപ് ഇവിടെയെവിടെയോ മരക്കമ്പുകൾ കൂട്ടിക്കെട്ടിയ അത്താണിയും പൊട്ടിപ്പൊളിഞ്ഞ തിണ്ണയുമുണ്ടായിരുന്നു. മൺകുടിൽ നിന്നിരുന്ന താഴ്ന്ന നിലം നികത്തി കെട്ടിപ്പൊക്കിയ പഞ്ചനക്ഷത്ര മന്ദിരം. മുകളിലുള്ള നിലയിലെ വിശാലമായ മുറിയിൽ ഉറക്കമറ്റ് ഞാൻ കിടക്കുന്നു. അന്നേരം പൊയ്‌പ്പോയ സമയത്തിന്റെ ആഴത്തിലെങ്ങോ അനേക വർണ്ണങ്ങളിലുള്ള കുപ്പിവളകൾ ഭ്രാന്തമായി കലമ്പുന്നു.
സ്നേഹരാഹിത്യത്താൽ ഒറ്റപ്പെട്ട എന്റെ ജീവിതത്തെ നോക്കി അറുമുഖൻ ചിരിക്കുന്നു. ഏങ്കോണിച്ചു നിൽക്കുന്ന കോന്ത്രമ്പല്ലുകൾ ഇരുട്ടിൽ തിളങ്ങുന്നു. പട്ടിണി കാരണം ദുർബ്ബലമായ മോണയിൽനിന്നും ഒലിച്ചിറങ്ങുന്ന ചോരയിൽ രാത്രി ചുവന്നു കുതിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക