

അബിന്‍ മരിച്ചിട്ട് ഇരുപത്തെട്ടാമത്തെ ദിവസമായിരുന്നു. അബിന്‍ ടോമി വര്‍ഗ്ഗീസ്, മുല്ലശ്ശേരില്‍ എന്ന നീളന്‍ പേരെഴുതിയ മാര്‍ബിള്‍ ഫലകം അവന്റെ കല്ലറയില്‍ പതിപ്പിച്ചത് ഇന്നലെയായിരുന്നു. പ്രാര്‍ത്ഥനയ്ക്കു പോകുമ്പോള്‍ ഞാനതു കാണുകയും ഇത്രയും നീണ്ടൊരു പേര് അവനു താങ്ങാനാവുമോ എന്നു സംശയിക്കുകയും ചെയ്തിരുന്നു. സ്വന്തം പേരെന്താണെന്ന് അബിന്‍ എപ്പോഴെങ്കിലും മനസ്സിലാക്കിയിരുന്നോ? അബി എന്നു വിളിക്കുമ്പോള്‍ അവന്‍ തലയാട്ടുന്നതും ചിരിക്കുന്നതും കണ്ണുകള്‍ വിടര്‍ത്തുന്നതുമൊക്കെ എന്റെ മാത്രം സങ്കല്പങ്ങളായിരുന്നിരിക്കണം.
ഞാന്‍ ആ കല്ലറയ്ക്കു മുന്നില്‍ മുട്ടുകുത്തി എനിക്കു മാത്രം കേള്‍ക്കാവുന്ന ഒച്ചയില്‍ അബീ എന്നു വിളിച്ചു. അബിന്‍ ടോമി വര്‍ഗ്ഗീസിനെ ഞാനറിയില്ലല്ലോ എന്നു പിറുപിറുത്തു. എനിക്കു പുറകില്‍ നിന്നു തോളത്തു കുലുക്കിവിളിച്ച് ടോമി നന്നായിട്ടില്ലേ എന്നു ചോദിച്ചു. എന്ത് എന്നു ഞാനൊരു നിമിഷം അമ്പരന്നു. ഈ ഇരുപത്തെട്ടു ദിവസവും നന്നായില്ലേ, നല്ലതല്ലേ എന്ന ചോദ്യങ്ങള്‍ എവിടെനിന്നുണ്ടായാലും എന്നെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു. അബിന്റെ മരണം നന്നായില്ലേ എന്നാണോ അവരുദ്ദേശിക്കുന്നതെന്നു എനിക്കു ഉള്ളില്‍ വിറയല്‍ പായും.
ഇന്നലെ സെമിത്തേരിയില്‍നിന്നു മടങ്ങിവന്നതിനുശേഷം ടോമി ഒരു യാത്ര പോകാന്‍ നിശ്ചയിച്ചിരിക്കുന്നതായി പറഞ്ഞു.
''ഇത്ര നാളും ഒരു യാത്രയും എനിക്കു സ്വസ്ഥമായ മനസ്സോടെ പോകാന്‍ പറ്റിയിട്ടില്ല. വണ്ടികേറി പത്തിരുപതു കിലോമീറ്റര്‍ കഴിയുമ്പോഴേയ്ക്കും എനിക്കു ടെന്‍ഷനാവും; അബിനു വല്ല പ്രയാസവും വരുമോ നിനക്കൊറ്റയ്ക്കു മാനേജു ചെയ്യാന്‍ പറ്റുമോ എന്നൊക്കെ. ചിലപ്പോള്‍ ഞാന്‍ തിരിച്ചുവരും, പലപ്പോഴും അതിനു പറ്റാറില്ല, പക്ഷേ, മനസ്സു കലങ്ങിയും വേവലാതിപ്പെട്ടും ആ യാത്രകളും മൊത്തം കുളമായിപ്പോകും.''
അബിനു കടുത്ത അപസ്മാരമുണ്ടാവുകയോ പനിച്ചു വിറക്കുകയോ ഒക്കെ ചെയ്തിരുന്ന, എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയിരുന്ന ചില രാത്രികള്‍ എന്റെ മനസ്സിലേക്കു വന്നു. അപ്പോഴൊന്നും ടോമി കൂടെയുണ്ടായിരുന്നില്ല. പക്ഷേ, ഏതൊക്കെയോ വിദൂരദേശങ്ങളില്‍ അബിനെക്കുറിച്ചോര്‍ത്ത് അശാന്തമായ മനസ്സോടെ ഉഴറുകയായിരുന്നത്രേ ടോമി! എനിക്കു കണ്ണുകള്‍ നീറി. കാലംതെറ്റി പറയുന്ന ചില വാക്കുകള്‍ നുണയായാലും സത്യമായാലും ഒരുപോലെ അപ്രസക്തമാണ്, ആവശ്യമില്ലാത്തതുമാണ്.
അന്നേരം ഞാന്‍ ടോമിക്കു ചൂടുള്ള ചപ്പാത്തി വിളമ്പുകയായിരുന്നു, മൂന്നെണ്ണമിട്ടപ്പോള്‍ ടോമി മതിയെന്നു വിലക്കി. ഗ്രീന്‍പീസു കറി മസാലയിട്ട് ഇറച്ചിക്കറിപോലെ വെച്ചത് രുചികരമായിരുന്നു.
''ഇനി നമുക്ക് ഇറച്ചിയൊക്കെ വെക്കാം, ഇരുപത്തെട്ടു ദെവസമായില്ലേ?''
കറിപ്പാത്രത്തിലേക്കു മടുപ്പോടെ നോക്കി ടോമി ദീര്‍ഘമായി നിശ്വസിച്ചുകൊണ്ടു കൂട്ടിച്ചേര്‍ത്തു.
''അല്ലെങ്കിലുമെന്തിനാണിത്തരം ആചരണങ്ങള്‍, നമ്മള്‍ എല്ലാം ശരിക്കു ചെയ്തു, നന്നായിട്ടു ചെയ്തു. അവന്‍ സന്തോഷമായിട്ടു പോയി.''
എനിക്കു ഭക്ഷണം കഴിക്കാന്‍ തോന്നിയില്ല, എങ്ങോട്ടെങ്കിലും ഓടിപ്പോവണമെന്നു ഞാന്‍ കൊതിച്ചു, ടോമിയും ഇറച്ചിമണമുള്ള ഗ്രീന്‍പീസ് മസാലയും ഒന്നുമില്ലാത്ത ഏതെങ്കിലും ഇരുട്ടുമൂലയില്‍ ഒളിച്ചിരിക്കണം. എന്നിട്ടും ഞാനനങ്ങാതെ എന്റെ പാത്രത്തിലെ ചപ്പാത്തി പിച്ചിപ്പറിച്ചുകൊണ്ടിരുന്നു. പിറ്റേ ദിവസമാരംഭിക്കുന്ന യാത്രയുടെ പ്ലാന്‍ ടോമി വിശദമായി പറഞ്ഞു. ഏതോ ഹില്‍സ്റ്റേഷന്‍, ഞാനതില്‍ പകുതിയും കേട്ടില്ല, എന്റെ പ്ലേറ്റിലെ ചപ്പാത്തികള്‍ കുനുകുനാ നുറുങ്ങിക്കൊണ്ടിരുന്നു.
''ശോശച്ചേട്ടത്തി ഉണ്ടല്ലോ ഇവിടെ, ഞാന്‍ തിരിച്ചുവന്നിട്ട് അവരെ പറഞ്ഞുവിടാം. അല്ലെങ്കിലും ഇനി അവരുടെ ആവശ്യമെന്താ? നമുക്കു ടൗണിനടുത്തേയ്ക്കു മാറുന്നതിനെപ്പറ്റിയും ആലോചിക്കാം. നിനക്ക് എന്തെങ്കിലും തുടങ്ങണമെങ്കില്‍ അതല്ലേ സൗകര്യം?''
ടോമി എന്നെ സന്തോഷിപ്പിക്കാനാണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് എനിക്കറിയാം. ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു മുന്നേ പൂട്ടിയടച്ചു വെച്ചതൊക്കെ വീണ്ടും തുറക്കാന്‍ തിരക്കുപിടിച്ചു കാത്തിരിക്കുകയാണ് ഞാനെന്നായിരിക്കും ടോമി കരുതുന്നത്. അന്നതൊന്നും ഉപേക്ഷിക്കാന്‍ ഞാനാഗ്രഹിച്ചിരുന്നില്ല,
പെട്ടെന്നു തിരിച്ചുവരാന്‍ കഴിയുമെന്നോര്‍ത്തു തന്നെയായിരുന്നു ഓരോന്നിനും അന്നു താഴിട്ടത്. പക്ഷേ, അതിങ്ങനെ നീണ്ടുനീണ്ട്... അതിനെക്കുറിച്ച് എനിക്കു നഷ്ടബോധമൊന്നും ഇല്ലെന്നോര്‍ക്കുമ്പോള്‍ ഞാന്‍ അതിശയിക്കാറുണ്ടായിരുന്നു. എന്റെ പാഷന്‍, സ്‌കില്‍, ഞാന്‍ ഉറുമ്പ് അരിമണികള്‍ ശേഖരിക്കുന്നതുപോലെ കൂട്ടിവെച്ചും കൂട്ടിച്ചേര്‍ത്തും ആരംഭിച്ച എന്റെ ഡിസൈനിങ് സ്ഥാപനം... ലോകമറിയുന്ന സംരംഭകയാകണമെന്ന എന്റെ സ്വപ്നം... എല്ലാം ഇരുപത്തഞ്ചു വര്‍ഷം മുന്നേ ഞാന്‍ മാറ്റിവെച്ചു. എന്റെ മുന്‍ഗണന അബിനായി. അവനൊന്നു നോര്‍മലായിട്ട്, അവന്‍ നടക്കാന്‍ തുടങ്ങിയിട്ട്, മിണ്ടാന്‍ തുടങ്ങിയിട്ട്, സ്‌കൂളില്‍ പോകാന്‍ തുടങ്ങിയിട്ട്... പിന്നെപ്പിന്നെ ആഗ്രഹങ്ങള്‍ ചുരുങ്ങി വന്നു, അവന്‍ സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യാനെങ്കിലും തുടങ്ങിയിട്ട്... അങ്ങനങ്ങനെ ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും... പക്ഷേ, ഒരിക്കലും അബിന്‍ മരിച്ചുകഴിഞ്ഞിട്ട് എല്ലാം വീണ്ടും ആരംഭിക്കാമെന്നു ഞാന്‍ സങ്കല്പിച്ചിട്ടില്ലെന്ന് ടോമിയോടു പറയണമെന്നു ഞാനാഗ്രഹിച്ചു. പറഞ്ഞാലും അത്തരം കാര്യങ്ങളെക്കുറിച്ചു ആലോചിക്കാനുള്ള മാനസികാവസ്ഥയില്‍ എത്തിയിട്ടില്ല ഞാനെന്ന് അവനു മനസ്സിലാകണമെന്നുമില്ല. ഞങ്ങള്‍ പരസ്പരം ശ്രദ്ധിക്കാതായിട്ടും ഇരുപത്തഞ്ചു വര്‍ഷങ്ങളായിട്ടുണ്ടാവും. ഞങ്ങള്‍ അബിനെ മാത്രം നോക്കി. ആദ്യമൊക്കെ പ്രതീക്ഷയോടെ, പിന്നെപ്പിന്നെ കടുത്ത സങ്കടത്തോടെ പിന്നെയെപ്പോഴോ ഇതു വിധിയാണെന്ന മരവിപ്പോടെ... അതിനിടയില്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കുമിടയിലെ ഉറവകള്‍ വറ്റിപ്പോയി.
''കൊച്ചെണീറ്റു പോ, തിന്നുന്നില്ലേല്''
ശോശച്ചേടത്തി അടുത്തുവന്ന് എന്റെ തോളത്തു തട്ടിയപ്പോഴാണ് ടോമി കഴിച്ചുതീര്‍ത്ത് എഴുന്നേറ്റു പോയെന്നും ഞാനിപ്പോഴും ചപ്പാത്തി പിച്ചിപ്പറിക്കുകയാണെന്നും തിരിച്ചറിഞ്ഞത്. ഞാന്‍ ശോശച്ചേടത്തിക്കു മുഖംകൊടുക്കാതെ എഴുന്നേറ്റു പോയി. മുറിക്കുള്ളില്‍ ടോമി പായ്ക്കിങ്ങിലാണ്. അവന്റെ നീലപ്പെട്ടി കിടക്കയില്‍ വായ തുറന്നിരിക്കുന്നു. തേച്ചുമടക്കിയ ഉടുപ്പുകള്‍ പെട്ടിയില്‍ വെക്കുന്നതിനിടയില്‍ ടോമി പെട്ടെന്നു പറഞ്ഞു:
''നോക്ക് എത്ര വലിയ പെട്ടിയാണ്ന്ന്. ഫാമിലിട്രിപ്പിനു പറ്റിയത്. നമുക്കൊരുമിച്ച് എങ്ങോട്ടെങ്കിലും പോകണം, എത്ര കാലമായി നീയെവിടെങ്കിലും പോയിട്ട്! പറ്റിയാല്‍ ഒരു വിദേശയാത്ര തന്നെ!''
സഹതാപം തിങ്ങിനിറഞ്ഞ ടോമിയുടെ ശബ്ദമെന്നെ മടുപ്പിച്ചു. തൊട്ടടുത്തുനിന്നൊരാള്‍ സംസാരിക്കുമ്പോള്‍ തെറിക്കുന്ന തുപ്പല്‍ത്തുള്ളികള്‍പോലെ സഹതാപം എന്നെ അറപ്പിക്കും. ഞാനെവിടെയും പോകാതായിട്ട് വര്‍ഷങ്ങളായി. മരിച്ചടക്ക്, ഒഴിവാക്കാനാവാത്ത കല്യാണം, മനസ്സമ്മതം, ആശുപത്രി സന്ദര്‍ശനം, കേറിത്താമസം... പരമാവധി രണ്ടോ മൂന്നോ മണിക്കൂര്‍ നീളുന്ന ഇടവേളകള്‍... അതും എണ്ണത്തിലെത്ര കുറവായിരിക്കും... എനിക്കതെല്ലാം ഓര്‍മ്മയുണ്ട്, ടോമിയും അതൊക്കെയാവും ആലോചിച്ചത്. എനിക്കിനി പുറത്തൊക്കെ തോന്നുംപോലെ കറങ്ങി നടക്കാം, ടോമിയെപ്പോലെ ഞാനൊരു യാത്ര പോകുന്നുവെന്നു പ്രഖ്യാപിച്ചു പെട്ടിയെടുത്തു പുറപ്പെടാം, വേണമെങ്കില്‍ അവനൊപ്പം തന്നെ പോകാം... വിദേശയാത്രയ്ക്കുപോലും പോകാം. അബിന്‍ ഒറ്റയ്ക്കാണല്ലോ, അവന് ഫുഡ് കൊടുക്കണമല്ലോ, ഡയപ്പര്‍ മാറ്റണമല്ലോ... അത്തരം ചിന്തകളോ തടസ്സങ്ങളോ ഇല്ലാത്ത സ്വച്ഛമായ യാത്രകള്‍. ടോമി അങ്ങനെ ചിന്തിക്കുന്നുണ്ടാവും.
കണ്ണാടിക്കു മുന്നില്‍നിന്നു മുഖം തുടച്ചുകൊണ്ട് ടോമി പെട്ടെന്നു പറഞ്ഞു:
''നമുക്ക് ഒരു കുഞ്ഞുകൂടി വേണ്ടിയിരുന്നു! എങ്കില്‍ ഇപ്പോഴിത്ര ഒറ്റപ്പെടലുണ്ടാവില്ലായിരുന്നു. എന്താ നമ്മളൊരിക്കലും അതിനെപ്പറ്റി സീരിയസായി ആലോചിക്കാതിരുന്നത്? ഒരു തമാശ കേക്കണോ, മന്ത്രേടെ അന്ന് മോനിപ്പള്ളീലെ കുഞ്ഞമ്മ എന്നോടിതു പറഞ്ഞു, പ്രായമായതൊന്നും പ്രശ്‌നമല്ല, കുഞ്ഞമ്മടെ മകള് ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കിലാണല്ലോ, അവള്‍ടെ സീനിയര്‍ ഡോക്ടര്‍ ഇങ്ങനത്തെ ലേറ്റ് പ്രഗ്‌നന്‍സീടെ കാര്യത്തില് എക്സ്പര്‍ട്ടാന്ന്.''
എനിക്ക് ടോമി പറഞ്ഞതു ശരിക്കു മനസ്സിലായില്ല. അബിന്റെ മന്ത്ര! അവന്‍ മരിച്ചിട്ടു ഏഴാം ദിവസത്തെ പ്രാര്‍ത്ഥന!
എല്ലാ ബന്ധുക്കളുമുണ്ടായിരുന്നു. അപ്പവും സ്റ്റൂവും കാപ്പിയുമുണ്ടായിരുന്നു. പ്രാര്‍ത്ഥനാമുറിയിലെ കുഞ്ഞു ട്രേ ചെറിയ നോട്ടുകള്‍കൊണ്ടു നിറഞ്ഞു. ശോശച്ചേട്ടത്തി ഉറക്കമൊഴിഞ്ഞുണ്ടാക്കിയ കുഞ്ഞന്‍ ഉണ്ണിയപ്പങ്ങള്‍ നിറച്ചുവെച്ച പാത്രം വേഗത്തിലൊഴിഞ്ഞുകൊണ്ടിരുന്നു.
അന്ന് ഇത്തരമൊരു കാര്യം കുഞ്ഞമ്മ പറഞ്ഞു, ടോമി മിണ്ടാതെ കേട്ടുനിന്നു, ഇപ്പോള്‍ തമാശയെന്നോണം എന്നോടതു പറയുന്നു! എനിക്ക് എല്ലാവരോടും വെറുപ്പു തോന്നി.
അബിന്‍ മരിച്ചതും മറ്റൊരു കുഞ്ഞിനെപ്പറ്റി! എല്ലാം നോര്‍മലായിരുന്നെങ്കില്‍ അബിന്റെ കുഞ്ഞുങ്ങള്‍ പിച്ചനടക്കേണ്ട വീട്ടില്‍ ഇനി... ഞാന്‍ ഗുഡ്നൈറ്റ് പറഞ്ഞ് അബിന്റെ മുറിയിലേക്കു പോയി. ആദ്യമൊക്കെ ടോമിയും ഇവിടെത്തന്നെയായിരുന്നു ഉറങ്ങിയിരുന്നത്. പിന്നെപ്പിന്നെ ലൈറ്റിടുന്നത്, ഉറക്കമില്ലാതെ അബിനുണ്ടാക്കുന്ന ഒച്ചകള്‍... എപ്പഴായിരുന്നു ടോമി മറ്റേ മുറിയിലേക്കു മാറിയതെന്നു ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു ഞാന്‍. ഒറ്റയടിക്കായിരുന്നില്ല, പകുതി പകുതിയായി, പലപ്പോഴായി ടോമി ഞങ്ങളുടെ ലോകത്തു നിന്നിറങ്ങിപ്പോയി. രാവിലെ ജോലിക്കു പോണ്ടതല്ലേ, ഒറക്കം ശരിയാവുന്നില്ല, ഞാനിച്ചിരെ നേരം ആ മുറീല്‍ കിടന്നുറങ്ങട്ടെ... അങ്ങനങ്ങനെ ഇടയ്ക്കിറങ്ങിപ്പോയി അതിനെ നോര്‍മലാക്കിയെടുക്കുകയായിരുന്നു ടോമി. ചില രാത്രികളില്‍ അബിന്റെ കിടക്കയിലിരുന്ന് അവനോടു മിണ്ടാന്‍ ശ്രമിക്കുന്ന ടോമിയോട് ഉറങ്ങാറായില്ലേ, പോയിക്കിടക്കൂ എന്നു ഞാന്‍ തന്നെ പറഞ്ഞു വിടുന്നത്രയും സ്വാഭാവികമായിത്തീര്‍ന്നു ആ മാറിക്കിടപ്പ്.
അബിന്റെ കട്ടിലില്‍ ശോശച്ചേട്ടത്തി വിരിച്ച വെള്ള ലിനനില്‍ പൂക്കള്‍ തുന്നിയ ഷീറ്റില്‍ ഞാന്‍ വിരലോടിച്ചു.
അലമാരയിലെ പഴയ സാധനങ്ങളൊഴിവാക്കുമ്പോള്‍ ഇത്തരം എംബ്രോയ്ഡറിയും കട്വര്‍ക്കുകളും ചെയ്ത കുറെ തുണിത്തരങ്ങളുണ്ടായിരുന്നു. പണ്ടു ഞാന്‍ കൗതുകത്തോടെ, ഇഷ്ടത്തോടെ ചെയ്തിരുന്നത്. കുറേയൊക്കെ അക്കാലത്തെപ്പഴെല്ലാമോ ആയി പലര്‍ക്കും കൊടുത്തൊഴിവാക്കിയിരുന്നു. ബാക്കിവന്നതെല്ലാം ആ തുറക്കാത്ത അലമാരയുടെ തട്ടുകളില്‍ കിടക്കുന്നതു ഞാന്‍പോലും മറന്നുപോയി. കഴിഞ്ഞ ദിവസമാണ് ശോശച്ചേട്ടത്തി അതെല്ലാം പുറത്തെടുത്തത്. എല്ലാം പൊടിയടിഞ്ഞും നിറം മങ്ങിയും. എന്നിട്ടും ഓരോന്നും ചെയ്തതെപ്പോഴാണെന്നുകൂടി ഞാനോര്‍ത്തെടുത്തു. ഈ വിരി ചാക്കോളാസില്‍നിന്നു തുണി വാങ്ങി, നല്ല മഴയുള്ള ഒരു ദിവസം ഉച്ചവരെ കുത്തിയിരുന്നു ഞാന്‍ ചെയ്തതാണ്. അന്നത്തെ മഴയത്ത് മുറ്റത്തു മുട്ടുവരെ വെള്ളം കേറി. മഴയില്‍ നനഞ്ഞുകുളിച്ചാണ് ടോമി അന്ന് ഉണ്ണാന്‍ വന്നത്. ഇനിയുമാലോചിച്ചാല്‍ അന്നത്തെ വിഭവങ്ങളെന്തായിരുന്നുവെന്നുകൂടി എനിക്കോര്‍ത്തെടുക്കാന്‍ കഴിഞ്ഞേക്കുമെന്നായപ്പോള്‍ ഞാന്‍ ആലോചന നിര്‍ത്തി.
''ഒക്കെ കത്തിച്ചുകളഞ്ഞേക്കൂ ചേട്ടത്തി''
പൊടിയും തുമ്മലും സഹിക്കാനാവാതെ ഞാന്‍ പറഞ്ഞു. പക്ഷേ, ശോശച്ചേട്ടത്തി ഒന്നും നശിപ്പിച്ചില്ല, എത്ര ഭംഗിയൊള്ളതാ, എന്തോരം കഷ്ടപ്പെട്ടു തയ്ചതാ എന്നൊക്കെ പറഞ്ഞ് എല്ലാം കഴുകിയുണക്കിയെടുത്തു. സ്റ്റോര്‍ റൂമിലിട്ടിരുന്ന തയ്യല്‍മെഷീന്‍ വെളിച്ചമുള്ളിടത്തേക്കു വലിച്ചിട്ട് പൊടിതട്ടി ഓയിലൊഴിച്ച് രണ്ടു ചെറിയ ഷീറ്റുകള്‍ കൂട്ടിത്തുന്നി പുതിയ ബഡ്ഷീറ്റാക്കി. ഒരു ഭാഗത്തു ലാവണ്ടറും മറുഭാഗത്ത് ബേബിപിങ്കും നിറമുള്ള പൂക്കള്‍. പക്ഷേ, ആ ചേര്‍ച്ചയില്ലായ്മയ്ക്കും എന്തൊരു ഭംഗിയാണിപ്പോള്‍!
അബിനുള്ളപ്പോള്‍ ഒരിക്കലും കിടക്കയില്‍ നല്ല വിരികള്‍ വിരിക്കാന്‍ പറ്റാറില്ലായിരുന്നു. അവന്‍ വളഞ്ഞുപിരിഞ്ഞ നീളമുള്ള കാലുകള്‍കൊണ്ടു സദാ കിടക്കയില്‍ തല്ലിക്കൊണ്ടിരിക്കും, ഉള്ളിലേക്കു മടങ്ങിയ കൈവിരലുകള്‍കൊണ്ടും അവനതുതന്നെ ചെയ്യും. വിരിച്ചു കിടത്തുമ്പോള്‍ തന്നെ ഷീറ്റ് ചുളുങ്ങിപ്പോവും. പഴകിയ ഷീറ്റുകള്‍ മാത്രമായിരുന്നു അബിനു വിരിച്ചു കൊടുത്തിരുന്നത്. എനിക്കു കുറ്റബോധം തോന്നി. നല്ലതൊന്നും അവനുവേണ്ടി കരുതിയില്ല. നല്ല ഉടുപ്പുകള്‍, നല്ല വിരിപ്പുകള്‍, നല്ല ഭക്ഷണം ഒന്നും... പ്രായം കൂടിവന്നതോടെ അവന്റെ ശരീരം നീളുകയും കൈകാലുകള്‍ കൂടുതല്‍ കൂടുതല്‍ വളയുകയും ചെയ്തു, ഷര്‍ട്ടും ബനിയനുമൊക്കെ ഇട്ടു കൊടുക്കുന്നതു പ്രയാസമായി. വളരെ ലൂസായ ടീഷര്‍ട്ടുകള്‍, മിക്കതും ടോമിയുടെ പഴയത്, വളരെ വലിയ ബര്‍മുഡ അതൊക്കെയിട്ട് പഴകി നരച്ച ഷീറ്റുവിരിച്ച ഈ കിടക്കയില്‍ അബിന്റെ വളഞ്ഞു പിരിഞ്ഞ ഉടല്‍!
അവനവിടെ കിടക്കുന്നുണ്ടെന്ന് എനിക്കൊരു മാത്ര തോന്നി. അതിനൊപ്പം അവരെങ്ങനെയാണവനെ ശവപ്പെട്ടിയില്‍ കിടത്തിയതെന്ന വിട്ടുമാറാത്ത സംശയവും എന്നെ അലട്ടി. ഞാന്‍ സെഡേഷനിലായിരുന്നു. ഉണരുമ്പോള്‍ പെട്ടിക്കുള്ളില്‍, പൂക്കള്‍ക്കിടയില്‍ വെളുത്ത ഉടുപ്പുകളിട്ട് അവന്‍ നിവര്‍ന്നുകിടക്കുന്നു. നേരിയ ചിരി ആ ചുണ്ടുകളിലുണ്ടെന്നു എനിക്കു തോന്നി. അവന്റെ വളഞ്ഞുപിരിഞ്ഞ ദേഹം എങ്ങനെ നിവര്‍ന്നുവെന്നാണ് ആ നിമിഷം ഞാനോര്‍ത്തത്. ഈ ദിവസങ്ങള്‍ക്കിടയില്‍ ഒന്നോ രണ്ടോ വട്ടം ഞാനത് ശോശച്ചേട്ടത്തിയോടു ചോദിച്ചിട്ടുണ്ട്. അവര്‍ എന്റെ കൈകളിലമര്‍ത്തിപ്പിടിച്ചു. അവന്‍ നന്നായൊരുങ്ങി കര്‍ത്താവിനടുത്തേക്കു തിരിച്ചുപോയെന്നു ആശ്വസിക്കൂ എന്നു മന്ത്രിച്ചു. എനിക്ക് ആശ്വാസമുണ്ടായില്ല. കര്‍ത്താവിനരികില്‍ അവന്‍ ഏതു രൂപത്തിലായിരിക്കും? ഇരുപത്താറു വയസ്സുള്ള സൗന്ദര്യവും ആരോഗ്യവുമുള്ള യുവാവ്? എങ്കില്‍ അവിടെച്ചെല്ലുമ്പോള്‍ എനിക്കവനെ തിരിച്ചറിയാനാകുമോ?
സാമാന്യത്തിലധികം തടിയുമായി രണ്ടു ദിവസം മുഴുവന്‍ എന്നെ വേദനിപ്പിച്ചിട്ടായിരുന്നു അവന്‍ പുറത്തു വന്നത്. പ്രസവിച്ചതിന്റെ പിറ്റേന്ന് അമ്മ കുളിമുറിയിലേക്കു മാറിയ ഒരു നിമിഷം വെളുത്തുതുടുത്ത കുഞ്ഞിനെ പേടിയോടെ കയ്യിലെടുത്ത്, എന്റെ നെറ്റിയില്‍ ടോമി തലോടിയ നിമിഷം ഞാനിപ്പോഴും ഓര്‍ത്തിരിക്കുന്നു.
''എനിക്കു നിന്നെ കെട്ടിപ്പിടിച്ചുമ്മ വെക്കാന്‍ തോന്നുന്നു.'' വിറയലാര്‍ന്ന ശബ്ദത്തിലതു പറയുമ്പോള്‍ ടോമിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
''ഉമ്മ എനിക്കു വേണ്ട, ഇവനു കൊടുക്കൂ.''
ഇളം റോസ് നിറമുള്ള കുഞ്ഞിക്കൈകളില്‍ വിരല്‍ കൊരുത്ത് അഭിമാനത്തിലും പ്രണയത്തിലും നിറഞ്ഞുതുളുമ്പിക്കൊണ്ടു ഞാന്‍ പറഞ്ഞു. പ്രൗഡ് പേരന്റ്സ്!
എത്രവേഗം അതെല്ലാം അവസാനിച്ചു. ചവിട്ടിനിന്ന ലോകം കീഴ്മേല്‍ മറിഞ്ഞതുപോലെ. എന്നിട്ടും വീഴാതെ അതിനുള്ളില്‍ തലകുത്തിനിന്ന വര്‍ഷങ്ങള്‍. എത്ര വേദനാകരമായ ശീര്‍ഷാസനമായിരുന്നു അത്! എല്ലാവരും പറഞ്ഞു, ബെല്ലയേയും ടോമിയേയും സമ്മതിക്കണം, എത്ര കൂളായി, നോര്‍മലായി അവരീ അവസ്ഥയെ സ്വീകരിച്ചു!
ഒട്ടും കൂളായിരുന്നില്ല, ഒന്നും നോര്‍മലായിരുന്നില്ല. തലകുത്തനെ നില്‍ക്കുകയായിരുന്നു. ഒരു റോളര്‍ കോസ്റ്റില്‍ ശരവേഗത്തില്‍ കറങ്ങുന്നതുപോലെ! നിരന്തരം തലപൊട്ടിത്തെറിക്കുകയും ഉടലാസകലം ചിന്നിച്ചിതറുകയും ചെയ്തുകൊണ്ടേയിരുന്നു. ആരെയുമറിയിച്ചില്ലെന്നു മാത്രം.
''ഇവിടെയാണോ കിടക്കുന്നത്? എന്നാല്‍ ഒ.കെ. വെളുപ്പിനേ ഞാന്‍ പോകും, ലൈറ്റിട്ട് നിനക്കു ഡിസ്റ്റര്‍ബന്‍സാകണ്ട, ഗുഡ്‌നൈറ്റ്, രണ്ടു ദിവസം കഴിഞ്ഞു ഞാന്‍ തിരിച്ചെത്തും. പിന്നീട് നമുക്കെല്ലാം ഒന്നു ചിട്ടപ്പെടുത്തണം, ചില ഡിസിഷന്‍സ് എടുക്കണം.''
മുറിയുടെ വാതില്‍ക്കല്‍ വന്നുനിന്ന് ടോമി പറഞ്ഞു. ഒരുമാത്ര എന്തോ ആലോചിച്ചു നിന്നിട്ട് അകത്തുവന്നു നെറ്റിയില്‍ മെല്ലെ ഉമ്മവെച്ചു.
എനിക്കു വല്ലാതെ തോന്നി. ഇത്തരം സ്‌നേഹപ്രകടനങ്ങള്‍ ഞാനാഗ്രഹിക്കുന്നില്ല. നിനക്കു ഞാന്‍ പോകുന്നതില്‍ പ്രയാസമില്ലല്ലോ എന്നു ടോമി ചോദിച്ചു:
''ശോശച്ചേട്ടത്തിയുണ്ടല്ലോ, നീയവര്‍ക്കൊപ്പം കംഫര്‍ട്ട് ആണെന്ന് എനിക്കറിയാം, മെല്ലെ മെല്ലെ നമ്മള്‍ നോര്‍മലായേ മതിയാവൂ ബെല്ലേ, എന്റെ യാത്ര അതിനുള്ള ശ്രമമാണ്. നീയും അതിനു തയ്യാറാവണം, ഞാനില്ലാത്ത ദിവസങ്ങളില്‍ നീയതിനു ശ്രമിക്കൂ, ശ്രമിക്കുമെന്നു മനസ്സില്‍ നിശ്ചയിക്കൂ...''
ടോമി എന്റെ തോളത്തു തട്ടി ഗുഡ്‌നൈറ്റ് പറഞ്ഞു പോയി. എന്തൊക്കെ നാടകങ്ങളാണെന്നു ഞാനമ്പരന്നു. ഇത്തരം വാക്കുകള്‍, ഈ വാചകങ്ങള്‍ ഇതെല്ലാമെങ്ങനെയാണ് ഒരാളുടെ മുഖത്തു നോക്കിപ്പറയുക! മോട്ടിവേഷണല്‍ ക്ലാസ്സിലോ സൈക്കോളജിസ്റ്റിന്റെ മുന്നിലോ ഇരിക്കുകയാണ് ഞാനെന്നു ടോമി കരുതുന്നുണ്ടോ? അവന്‍ നോര്‍മലല്ലേ എന്ന് എനിക്കാദ്യമായി സംശയം തോന്നാന്‍ തുടങ്ങി. രാവിലെ ടോമി പോകുന്നതിന്റെ ഒച്ചയനക്കങ്ങളൊക്കെ
കേട്ടെങ്കിലും ഞാന്‍ എഴുന്നേറ്റില്ല. ശോശച്ചേട്ടത്തി കട്ടനുണ്ടാക്കി കൊടുത്തിരിക്കും.
അന്നു പകല്‍ ഉച്ചയൂണിനു തൈരും കടുമാങ്ങയും ഇച്ചിരെ തോരനും മതിയെന്നു നിശ്ചയിച്ചതുകൊണ്ടു ഞങ്ങള്‍ രണ്ടുപേരും വെറുതെയിരിക്കുകയായിരുന്നു. മുന്‍പാണെങ്കില്‍ ഈ സമയത്ത് അബിനു ചോറുകൊടുക്കലും തുടച്ചുകൊടുക്കലുമൊക്കെയായി ശ്വാസംവിടാന്‍ ഇട കിട്ടാത്ത സമയമാണ്. അവന്‍ ചിലപ്പോ ഛര്‍ദ്ദിച്ചെന്നു വരാം. ചിലപ്പോള്‍ ഇറക്കാതെ വായുടെ ഇരുകോണിലൂടെയും ഒലിച്ചിറങ്ങും, വേറെ ചിലപ്പോള്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസംമുട്ടും. അവന്‍ മാത്രമല്ല, ഞാനും
ശോശച്ചേട്ടത്തിയുമെല്ലാം മരണവെപ്രാളമെടുക്കും. അവനെ കമിഴ്ത്തി തല തൂക്കിക്കിടത്തി പുറത്തു ബലമായി തട്ടി ശോശച്ചേട്ടത്തിയും ഞാനും കൂടി എങ്ങനൊക്കെയോ കുടുങ്ങിക്കിടന്ന ഭക്ഷണം പുറത്തെടുക്കും.
അബിന്റെ ഓരോ ഭക്ഷണവേളയും സത്യത്തിലെനിക്കു പീഡാനുഭവമായിരുന്നു. അവന്‍ ആവശ്യത്തിനു കഴിക്കണം, കഴിക്കുമ്പോള്‍ പ്രശ്‌നങ്ങളുണ്ടാവരുത്. ഞാന്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചിട്ടുണ്ട്; എന്നിട്ടും എപ്പോഴും എന്തെങ്കിലും കുഴപ്പങ്ങളുണ്ടായിക്കൊണ്ടിരുന്നു.
മഴയുടെ ഒരുക്കമറിയിച്ച് ഇടക്കിടെ ദുര്‍ബ്ബലമായ ഇടിയൊച്ച മുഴങ്ങുന്നുണ്ടായിരുന്നു. വെയില്‍ മാഞ്ഞ് ചുറ്റുപാടും മങ്ങിയൊരു നിഴല്‍ പരന്നുകിടന്നു.
''ബെല്ലേ ഞാനൊന്നു പറയട്ടെ'' എന്നു പെട്ടെന്നു ശോശച്ചേട്ടത്തി എന്തോ പറയാനൊരുങ്ങിയപ്പോള്‍ അവരെന്നെ ഉപദേശിക്കാന്‍ തുടങ്ങുകയാണോ എന്നു ഞാന്‍ ഭയന്നു.
എനിക്കിതുവരെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും തരാത്ത ഒരേയൊരാള്‍ ശോശച്ചേട്ടത്തിയായിരുന്നു. ബാക്കിയെല്ലാവരും നന്നായി, നിങ്ങള്‍ക്ക് ആരോഗ്യമുള്ളപ്പോ, നിങ്ങള് ജീവിച്ചിരിക്കുമ്പോ അവന്‍ പോയത്, ഇല്ലേല് എന്നാ ചെയ്‌തേനെ? നോക്കാന്‍ കൂടപ്പിറപ്പുകളുമില്ല, ഇനിയെന്നായാലും സങ്കടപ്പെട്ടിരിക്കാതെ വല്ലോമൊക്കെ ചെയ്യാന്‍ നോക്ക്! അല്ലേലും എന്നാ സങ്കടപ്പെടാനാ? ദൈവത്തോടു നന്ദിയല്ലേ പറയേണ്ടത്? തമ്പുരാനായിട്ടു തന്ന ഭാരം തമ്പുരാനായിട്ടു തിരിച്ചെടുത്തു.
എന്നിങ്ങനെ ഒരേ കാര്യങ്ങള്‍ പല വാക്കുകളുപയോഗിച്ച് പറഞ്ഞുകൊണ്ടിരുന്നു. ചിലര്‍ തലയില്‍ തലോടി, ചേര്‍ത്തുപിടിച്ച്, കൈകള്‍ കവര്‍ന്ന്, അടുത്തിരുന്ന്... മന്ത്ര കഴിയുന്നതുവരെ നേരിട്ട്, ഇപ്പോള്‍ ഫോണില്‍ നിരന്തരം അതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു. പ്ലീസ് സ്റ്റോപ്പ് ഇറ്റ് എന്നലറിവിളിക്കാന്‍ എനിക്കു തോന്നും. ഫോണ്‍ ചെവിയില്‍ നിന്നകത്തിപ്പിടിച്ച് ഞാന്‍ പല്ലിറുമ്മും.
ശോശച്ചേട്ടത്തി വീട്ടില്‍ വന്നിട്ടു ഒരു വര്‍ഷമേ ആയിട്ടുള്ളൂ. ടോമിയുടെ അകന്ന ബന്ധത്തിലൊരു ആന്റി മരിച്ചപ്പോഴാണ് ഞാനവരെ ആദ്യം കണ്ടത്. കിടപ്പിലായിരുന്ന ആന്റിയെ നോക്കിക്കൊണ്ടിരുന്നത് ശോശച്ചേട്ടത്തിയായിരുന്നു. ചുരുണ്ട മുടിക്കെട്ടും ഭംഗിയുള്ള ചിരിയുമുള്ള ഒരു സ്ത്രീ. ആന്റിയുടെ ശരീരം കുളിപ്പിക്കാനെടുത്തവര്‍ ഇത്രകാലം കിടപ്പിലായിട്ടും ആ ശരീരം വ്രണങ്ങളോ ചുളിവുകളോ ഇല്ലാതെ വൃത്തിയായിരിക്കുന്നതിനെപ്പറ്റി പറയുന്നതു കേട്ടപ്പോഴാണ് അവരുടെ ഹോം നഴ്സിനെ എനിക്കു കിട്ടിയിരുന്നെങ്കിലെന്നു ഞാന്‍
മോഹിച്ചത്. അതു പ്രയാസമില്ലായിരുന്നു. ശോശച്ചേട്ടത്തിയെ അങ്ങോട്ടുവിട്ട സിസ്റ്ററോട് ടോമി സംസാരിച്ചു. അവിടത്തെ ഏഴു കഴിഞ്ഞ് അവര്‍ ഞങ്ങളുടെ കൂടെ വന്നു. അന്നുമുതല്‍ ഇതുവരെ ഒരിക്കല്‍പ്പോലും ലീവെടുക്കാതെ, എങ്ങോട്ടും പോവാതെ അവരിവിടെയുണ്ടായിരുന്നു. ഇരുണ്ടുപോയ എന്റെ ദിവസങ്ങള്‍ക്കു വെളിച്ചം പകരാന്‍ അവരുടെ സാന്നിധ്യത്തിനു കഴിഞ്ഞിരുന്നു. തീര്‍ത്തും ഒറ്റപ്പെട്ടു പോയപ്പോഴൊക്കെ നിശ്ശബ്ദയായി എനിക്കു കൂട്ടിരുന്നു. അബിന്റെ നിസ്സഹായതകളില്‍ അറപ്പോ മടുപ്പോ ഇല്ലാതെ അവനെ സഹായിച്ചു. സഹതപിക്കാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിച്ചു. ഇതെങ്ങനാ, ഇതെന്താ ഇങ്ങനെ പറ്റീതെന്നൊന്നും ചോദിക്കാത്തതുകൊണ്ടുതന്നെ ഞാനവരോടു എന്നേക്കും നന്ദിയുള്ളവളായി. അവരിപ്പോള്‍ പറയാനൊരുങ്ങുന്നതെന്തായാലും അതു കേള്‍ക്കേണ്ട എന്നുറച്ച് ഞാന്‍ ചിലപ്പോഴിന്ന് പെയ്യാനിടയുള്ള വേനല്‍മഴയെക്കുറിച്ചു എന്തെല്ലാമോ ആവശ്യമില്ലാതെ പറഞ്ഞു വിഷയം മാറ്റി.
ഇനി അധിക ദിവസം കഴിയും മുന്നേ ശോശച്ചേട്ടത്തി ഇവിടുന്നു പോകും.
ആ കോണ്‍വെന്റിലേക്ക്, അവിടുന്നു മറ്റൊരു വീട്ടിലേക്ക്... ഞാനും ടോമിയും കൊടുക്കുന്ന കുറച്ചധികം പൈസ, എന്റെ കുറെ സാരികള്‍... അതുമാത്രം പോര ശോശച്ചേട്ടത്തിക്കെന്ന് എനിക്കു തോന്നാന്‍ തുടങ്ങി. ഏതു വീട്ടില്‍ നിന്നാലും അവര്‍ക്കതൊക്കെ കിട്ടും. അതിനപ്പുറം ഓര്‍മ്മിക്കുന്ന എന്തെങ്കിലുമൊന്ന്. ഇവിടുന്നു പോയിക്കഴിഞ്ഞാലും അവരുടെ ഓര്‍മ്മകളിലേക്കു കിനിഞ്ഞിറങ്ങുന്ന ഒരു മധുരം! ഞാനവരോട് അതിനെപ്പറ്റി ചോദിച്ചു. ശോശച്ചേട്ടത്തി നിര്‍മ്മമതയോടെ തലകുലുക്കി, എന്തിനു കൊച്ചേയെന്നു എന്റെ ചോദ്യത്തെ നിസ്സാരമാക്കി. എന്നെയങ്ങനെയൊന്നും സന്തോഷിപ്പിക്കാനാവില്ലെന്ന ധാര്‍ഷ്ട്യമാണ് അവരുടെ മുഖത്തെന്നു തോന്നിയപ്പോള്‍ എനിക്കു വാശികൂടി. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കെന്തെങ്കിലും തരും. അതെന്റെ അവകാശമാണ്. എന്തു വേണമെന്നു നിങ്ങള്‍ പറഞ്ഞേ മതിയാവൂ.
''ഒരു ഔട്ടിങ്.''
പെട്ടെന്നു ശോശച്ചേട്ടത്തി പറഞ്ഞപ്പോള്‍ ഞാനൊന്നു ഞെട്ടി. എന്തെങ്കിലും സാധനങ്ങള്‍ ആവശ്യപ്പെടുമെന്നായിരിക്കുമോ ഞാന്‍ പ്രതീക്ഷിച്ചത്? എനിക്കു കൊടുക്കാനെളുപ്പമുള്ളത്! അതു കാണുമ്പോഴൊക്കെ വിധേയത്വത്തോടെ ശോശച്ചേടത്തിയെന്നെ ഓര്‍മ്മിക്കണമെന്നും ഞാന്‍ ആഗ്രഹിച്ചിരിക്കും.
എനിക്കു ലജ്ജ തോന്നി.
ഞാനെപ്പോഴോ കൊടുത്ത ഓഫ് വൈറ്റ് കട്ട്വര്‍ക്ക് സാരിയുടുത്ത് മുടി അയച്ചുകെട്ടി ശോശച്ചേട്ടത്തി ഒരുങ്ങിവന്നപ്പോള്‍ അവര്‍ വേറൊരാളാണെന്ന് എനിക്കു തോന്നി. സ്റ്റൈലായിരിക്കുന്നു എന്നു പ്രശംസിച്ചപ്പോള്‍ അവര്‍ ഒട്ടും ദയയില്ലാതെ ഇപ്പോള്‍ ബെല്ലയെ കണ്ടാലാണ് ഇവിടത്തെ പണിക്കാരിയെന്നു തോന്നുക എന്ന് എന്നെ ശാസിച്ചു. രാവിലെ കുളിച്ചിട്ടിട്ട അതേ നരച്ച ചുരീദാര്‍, അലങ്കോലമായ മുടി. എനിക്ക് ഒരുങ്ങാനോ ഉടുപ്പുകള്‍ മാറ്റാനോ തോന്നിയില്ല. ഇത് എനിക്കുവേണ്ടിയുള്ള ഔട്ടിങ്ങല്ലല്ലോ? എനിക്കു വേണ്ടിയല്ലാത്തതിനു ഞാന്‍ തയ്യാറെടുക്കേണ്ടതുമില്ല.
വണ്ടിയുടെ താക്കോല്‍ തപ്പിയെടുത്തു വാതില്‍ പൂട്ടി ഞങ്ങളിറങ്ങി. ഡ്രൈവിങ്ങ് സീറ്റിലേക്കു കേറാനൊരുങ്ങുമ്പോഴാണ് ശോശച്ചേട്ടത്തി ഞാന്‍ ഡ്രൈവ് ചെയ്യട്ടെ എന്നു ചോദിച്ചത്. എനിക്കു പേടിയായി. ഇവര്‍ക്കു ഡ്രൈവിങ് അറിയുമോ? അറിയുമെങ്കില്‍ത്തന്നെ ടോമി കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിക്കുന്ന വണ്ടി ഇവര്‍ക്കു കൊടുത്തിട്ട്... ഞാന്‍പോലും ഭയത്തോടെയേ ഇതെടുക്കാറുള്ളൂ.
''ബെല്ല പേടിക്കണ്ട, ഞാന്‍ വളരെ എക്സ്പര്‍ട്ട് ആണ്. ഇപ്പോള്‍ തൊട്ടിട്ട് വര്‍ഷങ്ങളായെന്നേ ഉള്ളൂ. ഞങ്ങള്‍ നാലു പെണ്‍മക്കളായിരുന്നു, കല്യാണം കഴിയുന്നതുവരെ വീട്ടിലെ വണ്ടികളൊക്കെ ഞാനായിരുന്നു സ്ഥിരമെടുത്തിരുന്നത്. അപ്പന്റെ ഡ്രൈവിങ്ങ് തീരെ പോരാ.''
ഞാനറിയാതെ താക്കോല്‍ നീട്ടി, ഇടുങ്ങിയ ഗേറ്റിലൂടെ അവര്‍ അനായാസമായി വണ്ടിയിറക്കുന്നതു അത്ഭുതത്തോടെ ശ്രദ്ധിച്ചു.
''ടച്ച് വിട്ടുപോയതിന്റെ പ്രശ്‌നമേയുള്ളൂ കൊച്ചേ... പണ്ടൊക്കെ എത്രയെത്ര ദൂരം വേറൊരാള്‍ക്കും കൊടുക്കാതെ ഞാന്‍ തന്നെ... കാടും മലേമൊക്കെ... അപ്പനു ഞാന്‍ ഡ്രൈവു ചെയ്യുന്നതായിരുന്നു ഇഷ്ടവും വിശ്വാസവും. ബിസിനസ് ട്രിപ്പിനൊക്കെ എന്നെ വിളിക്കും, കോളേജ് മുടക്കീട്ടും ഞാന്‍ കൂടെപ്പോവുകേം ചെയ്യും. അന്നൊക്കെ ജീവിതം തന്നെ യാത്രകളായിരുന്നു. ഒന്നു കഴിയുമ്പോ ഒന്ന്. ഒഫീഷ്യല്‍, ബിസിനസ്, വിനോദം, വിശ്രമം... പല കാറ്റഗറിയിലുള്ള യാത്രകള്‍... മലമുകളില്‍ ഞങ്ങള്‍ക്കൊരു തോട്ടവും ബംഗ്ലാവും ഉണ്ടായിരുന്നു. അങ്ങോട്ടു ഓഫ് റോഡാണ്. അതിലേക്കൂടി ജീപ്പോടിച്ചു കേറ്റുമ്പഴത്തെ ത്രില്ല്... ഇപ്പഴും രോമങ്ങളെഴുന്നു നില്‍ക്കുന്നു.''
തിരക്കുകുറഞ്ഞ റോഡിലൂടെ പോകുന്നതിനിടയില്‍ ശോശച്ചേട്ടത്തി നിര്‍ത്താതെ പറഞ്ഞുകൊണ്ടിരുന്നു. ഓരോ വാക്കും എന്നെ അതിശയപ്പെടുത്തി. ഒരു വാക്കുപോലും അധികം സംസാരിക്കാത്ത ഇവരുടെ ഭൂതകാലം! ഒരിക്കലും അതിനെപ്പറ്റി അന്വേഷിച്ചിട്ടില്ല. വീടും കുടുംബോമൊന്നുമില്ല, കോണ്‍വെന്റിലെ അന്തേവാസിയാണെന്നു സിസ്റ്റര്‍ പറഞ്ഞതു മാത്രമേ അറിയൂ.
''ശോശച്ചേട്ടത്തി കോളേജില്‍?''
''യേസ്, ബെല്ല പഠിച്ച അതേ കോളേജ്, അതേ കോഴ്സ്. ഫസ്റ്റ് ബാച്ച്. ഇപ്പഴും പ്രിന്‍സിപ്പാളിന്റെ മുറിയില്‍ റാങ്ക് ഹോള്‍ഡേഴ്സിന്റെ ബോര്‍ഡില്‍ പേരു കാണും. ട്രീസാ കുര്യന്‍ മണിമലക്കുന്നേല്‍. ട്രീസാന്നുള്ള പേരൊന്നും ഒരു ഹോം നഴ്സിനു ചേരത്തില്ലെന്നു തോന്നിയപ്പോ ഞാന്‍ തന്നെ മാറ്റിയതാണ് ശോശാന്ന്.''
ഞാന്‍ ഞെട്ടലോടെ പിറുപിറുത്തു.
''ഇതൊന്നും ഇതുവരെ പറഞ്ഞില്ലല്ലോ? ഇത്രേം പഠിച്ചിട്ട് ഈ തൊഴില്‍...? ഇതൊക്കെ മറച്ചുവെച്ചതെന്തിനാണ്?''
''പറയുന്നതും പറയാത്തതും... അതിലെന്തേലും മാറ്റമുണ്ടോ? പറഞ്ഞാല്‍ത്തന്നെ എന്തു മാറ്റം വരാനാണ്? ഞാന്‍ ചെയ്യേണ്ട തൊഴില്‍ ഇതുതന്നെയല്ലേ? എനിക്കു കിട്ടുന്ന കൂലിയിലും മാറ്റമുണ്ടാവില്ല. പിന്നെ പഠിച്ചവളാണെന്ന പരിഗണന! അതെനിക്കുവേണ്ടായിരുന്നു ബെല്ലേ! കൂലി തന്നു പണിക്കു നിര്‍ത്തുന്നവര്‍, നമ്മള്‍ ചെയ്യുന്ന പണിക്കുള്ള മതിപ്പും പരിഗണനയും മാത്രം തന്നാല്‍ മതിയെന്നു ഞാന്‍ നിശ്ചയിച്ചിരുന്നു. ഹോം സയന്‍സ് പഠിച്ചു, ഹോം നഴ്സിങ് ചെയ്യുന്നു. രണ്ടും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നുമില്ല! ഇത്രേം പഠിച്ച ബെല്ലയും അതു തന്നല്ലേ ഇത്രേം കാലം ചെയ്തിരുന്നത്?''
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഞങ്ങള്‍ നഗരത്തിലേക്കുള്ള വഴിയിലെത്തിയിരുന്നു. ശോശച്ചേട്ടത്തിയുടെ വിരലുകള്‍ക്കു വണ്ടി നന്നായി വഴങ്ങിക്കഴിഞ്ഞുവെന്നു തോന്നി. ഒഴുകിപ്പോവുന്നതുപോലെ... ടോമി ഇങ്ങനല്ല വണ്ടിയോടിക്കാറ്. സഡന്‍ ബ്രേക്കുകളും ഉരസലുകളും ചീത്ത വാക്കുകളും ധാരാളം. ടോമീ ഇത്തിരി ശ്രദ്ധിച്ചെന്നു പറഞ്ഞാല്‍ എന്നെ പഠിപ്പിക്കല്ലേ, പതിമൂന്നാം വയസ്സില്‍ ഓടിക്കാന്‍ തുടങ്ങിയതാണെന്ന പൊങ്ങച്ചം...
''അബിനുണ്ടായതുകൊണ്ടാണ്, അതിനു മുന്നേ ഞാന്‍ സ്വന്തായി ഒരു സ്റ്റാര്‍ട്ടപ്പ്...''
ഞാന്‍ പറഞ്ഞുതീര്‍ക്കും മുന്നേ ശോശച്ചേട്ടത്തി ഇടയ്ക്കു കയറി.
''അബിനുണ്ടായി. കരിയറും തീര്‍ന്നു. ദാറ്റ്സ് ആള്‍... നമുക്കതു വിടാം. പരിചിതമല്ലാത്തതോ പ്രയാസമുള്ളതോ ആയ സിറ്റ്വേഷന്‍സ് ജീവിതത്തില്‍ വന്നാല്‍ അതുവരെയുള്ളതൊക്കെ, നുള്ളിപ്പെറുക്കിയും മോഹിച്ചും സ്വന്തമാക്കിയതൊക്കെ എവിടാണോ നില്‍ക്കുന്നത് അവിടെ കളഞ്ഞിട്ടു പോകാന്‍ ഒരു മടീമില്ലാത്തവരാ പെണ്ണുങ്ങള്‍. അതൊന്നും പറഞ്ഞിട്ടു കാര്യമില്ല... നമുക്കു പെട്ടെന്നു തിരിച്ചു പോകണ്ടല്ലോ, കുറച്ചുകൂടി ദൂരം പോവാം.''
ശോശച്ചേടത്തി മലമുകളിലുള്ള ഒരു കുരിശുപള്ളിയുടെ പേരു പറഞ്ഞു. പലവട്ടം ആഗ്രഹിച്ചിട്ടുണ്ടെങ്കിലും അവിടേക്കു ഞാനിതുവരെ
പോയിട്ടില്ല. കുറച്ചു പ്രയാസമുള്ള വഴിയാണ്. കുറെ നടന്നുകേറുകയും വേണം. ഇന്നത്തെ ദിവസം ഒന്നും പ്രയാസമുള്ളതല്ല. ശോശച്ചേട്ടത്തിയെ ട്രീസ ചേച്ചി എന്നു വിളിക്കണമോന്നു ഞാന്‍ സംശയിച്ചു. ഇതുവരെ എനിക്കറിയാമായിരുന്ന എന്റെ ഹോം നഴ്സല്ല ഇവര്‍.
മലമുകളിലേക്കുള്ള ചെറിയ വഴിയിലേക്ക് വണ്ടി കയറ്റുന്നതിനിടയില്‍ ശോശച്ചേട്ടത്തി പിന്നേം പറയാന്‍ തുടങ്ങി:
''കല്യാണം കഴിഞ്ഞതിനുശേഷം ഞാന്‍ കാറില് തൊട്ടിട്ടില്ല... അതിനുമുന്നേത്തന്നെ വീട്ടിലെ പഴയൊരു ജീപ്പൊഴികെ എല്ലാം വിറ്റുപോയിരുന്നു. ബിസിനസു പൊട്ടി. എങ്ങനേം പിടിച്ചു നില്‍ക്കാനൊള്ള മരണവെപ്രാളത്തിലാരുന്നു അപ്പന്‍. ജീപ്പു മാത്രം കൊടുത്തില്ല. ചരക്കെടുക്കാന്‍ പോയതും കല്യാണം വിളിക്കാന്‍ പോയതുമൊക്കെ അതേല്. കല്യാണത്തിനൊരുങ്ങാന്‍ പാര്‍ലറില് പോയതും... ഞാന്‍ തന്നാ ഓടിച്ചത്. അതാരുന്നു എന്റെ ലാസ്റ്റ് ഡ്രൈവ്. പിന്നെ ഇപ്പഴാ... താങ്ക്സ് എ ലോട്ട് ബെല്ലാ.''
ഞാന്‍ മുന്നോട്ടു ശ്രദ്ധിച്ചു. സീസണ്‍ കാലത്ത് ഇതിലേ ആളുകള്‍ കുരിശു ചുമന്നു നടന്നു കേറാറുണ്ട്. പീഡാനുഭവക്കാലത്ത് കുരിശിന്റെ വഴി നടക്കാറുണ്ട്. അബിനു സുഖമാകാന്‍
ഞാനിവിടേം നേര്‍ച്ച നേര്‍ന്നിട്ടുണ്ടാവാം. അവനേം കൂട്ടി കുരിശു ചുമന്ന് മലകേറാമെന്നു പ്രാര്‍ത്ഥിച്ചിട്ടുണ്ടാവും. ചുറ്റും മരങ്ങള്‍ വളര്‍ന്നു പടര്‍ന്നു വഴിയിലാകെ തണല്‍ വീണുകിടക്കുന്നു. വഴി വിജനമാണ്. തണുത്തൊരു നിശ്ശബ്ദത. ശോശച്ചേട്ടത്തി ആരുമില്ലാത്തവള്‍ ആയതെങ്ങനെയെന്ന് അറിയണമെന്നെനിക്കു തോന്നി.
''നാലു പെണ്‍മക്കളായതുകൊണ്ട് മൂത്തവളെ എങ്ങനേം കെട്ടിച്ചുവിടല്‍ പ്രധാനമായി.
ബിസിനസ്സ് തകര്‍ച്ചയൊക്കെ മറച്ചുവെച്ചിട്ടാരുന്നു എന്റെ കെട്ട്. ബിസിനസ്സുകാര്‍ക്കൊരുതരം അപകടകരമായ ശുഭാപ്തിവിശ്വാസമൊണ്ട്, ഓരോ തവണ വീഴുമ്പഴും ഈസിയായിട്ട് എണീറ്റു പോരാമെന്ന്, പിന്നേം പഴേതിലും നന്നായി നടക്കാന്‍ പറ്റുമെന്ന്... എന്റെ അപ്പനും അതൊണ്ടാരുന്നു. ബോംബെയില് ജോലിയൊള്ള വല്യൊരു കുടുംബക്കാരന് വല്യ സ്ത്രീധനോം പറഞ്ഞൊറപ്പിച്ചു. കല്യാണത്തിനു കാശു മുഴുവന്‍ കൊടുക്കാന്‍ പറ്റിയില്ല. അവധി പറഞ്ഞു. അവധികളു നീണ്ടുനീണ്ടു പോയി. അപ്പന്‍ കൂടുതലാഴത്തിലേക്കു വീണോണ്ടിരുന്നു. അവസാനം ബ്രാണ്ടീലു ചേര്‍ത്ത് ഇച്ചിരെ വിഷം... എളുപ്പത്തില്‍ എല്ലാ പ്രശ്‌നോമങ്ങു തീര്‍ത്തു.''
പറയുമ്പോള്‍ ശോശച്ചേട്ടത്തിയുടെ ശബ്ദം ഇടറുകയോ കണ്ണുകള്‍ നിറയുകയോ ചെയ്തില്ല. മറ്റാരുടേയോ കാര്യം പറയുന്നതുപോലെ, പത്രത്തിലെ വാര്‍ത്ത വായിക്കുന്നതുപോലെ!
''എന്റെ കഥ രസമൊണ്ടോ ബെല്ലേ? ഞാനതൊക്കെ മറന്നിരുന്നു. ഇപ്പോ ഈ വണ്ടി, വണ്ടിക്കകത്തെ തണുപ്പ്, സ്റ്റിയറിങ്ങിന്റെ മിനുമിനുപ്പ്, ഡീസലിന്റെ മണം... ഇതൊക്കെയായപ്പോ പഴയതെല്ലാം കൂടി തിരിച്ചുവന്നു. എനിക്കതൊന്നും രസമായിട്ടു പറഞ്ഞു ഫലിപ്പിക്കാനൊന്നും വശമില്ല. ശരിക്കു പറഞ്ഞാ ബി.ജി.എമ്മും എഫക്ട്സും ഒക്കെയിട്ടു പൊലിപ്പിക്കേണ്ടതാ.''
അവര്‍ പൊട്ടിച്ചിരിച്ചു. എനിക്കു കരച്ചില്‍ വന്നു. ടാറിട്ട റോഡവസാനിച്ചിടത്ത് ശോശച്ചേട്ടത്തി വണ്ടിയൊതുക്കി. മുകളിലേക്ക് വാഹനം പോകുന്ന വഴിയുണ്ട്, പക്ഷേ, കുത്തനെയുള്ള കയറ്റമാണ്, ലെവലില്ലാതെ കുണ്ടും കുഴീം കല്ലുമായിക്കിടക്കുന്നു.
''കാണുമ്പോ കൊതിയാകുന്നു. ഇത്തരം വഴികളിലൂടെ വണ്ടിയോടിക്കാനാ എനിക്കിഷ്ടം. പക്ഷേ, വണ്ടിക്കു ചില്ലറ പോറലും പരുക്കുമൊക്കെ പറ്റും. ടോമിക്ക് ഇഷ്ടപ്പെടുകേല. നമുക്കു നടന്നു കേറാം. അല്ലേല് ഇവിടെ വല്ല മരച്ചുവട്ടിലുമിരിക്കാം.''
വണ്ടിയില്‍ നിന്നിറങ്ങുന്നതിനിടയില്‍ അവര്‍ പറഞ്ഞു. എനിക്കു മുകളിലേക്കു കേറണമെന്നില്ലായിരുന്നു. ഇനി ഒന്നും പ്രാര്‍ത്ഥിക്കാനില്ല, ഒരു നേര്‍ച്ചയും വീട്ടാനില്ല.
''എനിക്കു പ്രാര്‍ത്ഥിക്കാനൊന്നുമില്ല, സത്യം പറഞ്ഞാ വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ പള്ളീലു കേറീത് അബിന്റെ അടക്കിനാ. അതും പ്രാര്‍ത്ഥിക്കാനല്ല, അവനെ യാത്രയാക്കാന്‍... അവനെന്നെ തിരിച്ചറിയത്തില്ലേലും എനിക്കവനെ അറിയാരുന്നല്ലോ.''
ശോശച്ചേട്ടത്തിയും അതുതന്നെ എന്നോടു പറഞ്ഞു. എന്റെ കൈകളില്‍ വിരല്‍ കോര്‍ത്തു. ഞങ്ങള്‍ റോഡില്‍നിന്നു നോക്കിയാല്‍ കാണാവുന്ന ഒരു മരത്തണലിലിരുന്നു. അധികം കാട്ടിനുള്ളിലേക്കു പോകാത്തതാണു നല്ലതെന്നു അവര്‍ പറഞ്ഞു. സാരിയുടെ
ഞൊറികള്‍ വൃത്തിയായി പിടിച്ചുവെച്ച് കാല്‍മുട്ടുകളുയര്‍ത്തിയുള്ള ആ ഇരിപ്പില്‍ ശോശച്ചേട്ടത്തി അതി സുന്ദരിയും പ്രൗഢയുമാണെന്ന് എനിക്കു തോന്നി.
ട്രീസാ കുര്യന്‍ മണിമലക്കുന്നേല്‍.
ഞാന്‍ ഒച്ചയില്ലാതെ മന്ത്രിച്ചു.
ആ വീട്ടുപേരെനിക്കു പരിചയമുണ്ട്. ഞങ്ങളുടെ കോളേജിനു മുന്നിലൂടെ മണിമലക്കുന്നേല്‍ എന്ന പേരുള്ള ചുവപ്പു ബസുകള്‍ ഓടിയിരുന്നു. അതോ സ്‌കൂളില്‍ പഠിക്കുമ്പോഴായിരുന്നോ? ആ ബസുകളായിരുന്നു സ്റ്റാന്‍ഡില്‍ അധികവും. ചുവപ്പില്‍ വെള്ളവരകളുള്ള ബസുകള്‍!
ശോശച്ചേട്ടത്തിയുടെ ഇപ്പഴത്തെയീ മെറ്റമോര്‍ഫോസിസിനെപ്പറ്റി ടോമിയോടു പറഞ്ഞാല്‍ വിശ്വസിക്കുമോ?
ഇല്ല. എന്തു ധൈര്യത്തിലാണവര്‍ക്കു വണ്ടി കൊടുത്തതെന്നു കലഹിക്കും. ഞാനിതൊരിക്കലും ടോമിയോടു പറയാന്‍ പോകുന്നില്ല.
''എനിക്കും രണ്ടു മക്കളുണ്ടായിരുന്നു ബെല്ലേ. എളയവനുണ്ടാരുന്നേല്‍ അബിന്റെ പ്രായമായേനെ. ബോംബേല് ഡയേറിയ പോലത്തെ ഒരു രോഗം പടര്‍ന്ന സമയത്ത് രണ്ടുപേരും... ന്യൂമോണിക് പ്ലേഗെന്നോ മറ്റോ ആരുന്നു അതിന്റെ പേരെന്നു പിന്നെ വായിച്ചു. കുഴപ്പമില്ല, മാറിക്കോളും, വഴീന്ന് കണ്ണില്‍ക്കണ്ടതൊക്കെ വാങ്ങിച്ചു തിന്നിട്ടാ എന്നു പറഞ്ഞ് അയാള് നിസ്സാരമാക്കി... എന്റെ കയ്യില് അഞ്ചിന്റെ പൈസയില്ല, അവസാനം വളരെ വൈകി ആശൂത്രീല്‍ കൊണ്ടുപോകുമ്പഴേക്കും ഒക്കെ തീര്‍ന്നു.''
ശോശച്ചേട്ടത്തിയുടെ കണ്ണുകളില്‍ നീര്‍ത്തിളക്കമുണ്ടെന്ന് എനിക്കു തോന്നിയതാവും. അവര്‍ പിന്നെയും പറഞ്ഞു:
''കൊടുക്കാത്ത സ്ത്രീധന ബാക്കീം തകര്‍ന്നടിഞ്ഞുപോയി അപ്പന്‍ ആത്മഹത്യ ചെയ്ത കുടുംബോം! പോരേ ജീവിതം നരകമാകാന്‍. ആത്മാഭിമാനം എന്നൊരു സംഗതിയെപ്പറ്റി ഞാന്‍ മറന്നേ പോയി. അയാളു തല്ലത്തില്ല, ഒന്നും പറയത്തില്ല... പകരം എന്നും എന്റെ കയ്യിലെ നഖങ്ങള് വാതിലിന്റേടേലു വെച്ച് വാതിലടക്കും, തുറക്കും... അതായിരുന്നു ആ മനുഷ്യന്റെ ഏറ്റവും വല്യ സന്തോഷം. ഞാന്‍ വേദനിച്ചു പിടയുമ്പോ ഊറിച്ചിരിക്കും.''
അവര്‍ രണ്ടു കൈപ്പത്തികളും നിവര്‍ത്തിപ്പിടിച്ച് എനിക്കു കാണിച്ചുതന്നു. നീലച്ഛവിയുള്ള നഖങ്ങള്‍. ഞാനിതു മുന്‍പും ശ്രദ്ധിച്ചിട്ടുണ്ട്. വല്ല അസുഖവുമായിരിക്കുമോ എന്നു സംശയിച്ചു ടോമിയോടു പറഞ്ഞിട്ടുണ്ട്. പകരുന്ന സൂക്കേടൊന്നുമല്ല, പ്രായമാവുമ്പോ ചെലരുടെ നഖങ്ങളിങ്ങനാ എന്നു ടോമി പറഞ്ഞതു കേട്ട് സമാധാനിച്ചിട്ടുണ്ട്.
''എത്ര വര്‍ഷം കഴിഞ്ഞു, നഖമൊക്കെ എത്ര വളര്‍ന്നു എത്ര വട്ടം മുറിച്ചു... എന്നിട്ടും പുതുതായി വരുന്ന നഖത്തിനും ആ ചതഞ്ഞു നീലിച്ച നിറം! അഞ്ചെട്ടു വര്‍ഷം എല്ലാ ദിവസവും എന്റെ നഖങ്ങള്‍ ചതഞ്ഞുകൊണ്ടിരുന്നു... ഞാന്‍ വേദന കടിച്ചുപിടിച്ചാലും താങ്ങാനാവാതെ നിലവിളിച്ചാലും അയാള് ചിരിക്കും.
ചെലപ്പോ വാതിലില്‍ ചാരിനിന്ന് സെക്‌സു ചെയ്യും, അതിന്റെടേല് എന്റെ രണ്ടു കയ്യിലേം നഖങ്ങള് മാറിമാറി വാതിലിനിടയില്‍ കേറ്റിവെച്ച് അയാള്‍ടെ പുറംകൊണ്ട് വാതില് അടക്കുകേം തുറക്കുകേം ചെയ്തു കൊണ്ടിരിക്കും. അയാളെനിക്കകത്തു കേറിയിറങ്ങുന്ന ഓരോ തവണയും ഞാന്‍ പ്രാണവേദനകൊണ്ടു പുളയും.''
ഞാന്‍ തലകുനിച്ചിരുന്നു. എന്റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. വാതിലില്‍ അമര്‍ത്തിച്ചാരി നില്‍ക്കുന്ന, ഇടയ്ക്കിടെ ചേര്‍ത്തുനിര്‍ത്തിയ പെണ്ണുടലിലേക്കു പ്രവേശിക്കാന്‍ മുന്നോട്ടായുന്ന നഗ്‌നമായ ആണ്‍ശരീരം കണ്‍മുന്നിലെന്നോണം ഞാന്‍ കണ്ടു.
''മക്കളു പോയേനുശേഷം അയാള്‍ക്കൊപ്പം താമസിക്കാന്‍ ഒരു കാരണവും ഉണ്ടായിരുന്നില്ല. ജീവിച്ചിരിക്കാനും കാരണമൊണ്ടായിരുന്നില്ല. അപ്പന്റെ മരണമോര്‍ത്തപ്പോള്‍ സ്വയം ചാവാന്‍ തോന്നിയില്ല. പക്ഷേ, അറിയാത്ത
ആ നാട്ടില്‍ ജീവിച്ചിരുന്നിട്ട് എന്തുചെയ്യണമെന്നും അറിയില്ലായിരുന്നു. അയാള്‍ക്കൊപ്പം ജീവിച്ച വര്‍ഷങ്ങള്‍ എന്റെ അന്തസ്സു മാത്രമല്ല നശിപ്പിച്ചത്, ധൈര്യവും കൂടിയാരുന്നു. ഞാനൊരു മാളത്തില് ഒളിച്ചിരിക്കുന്ന എലിയെപ്പോലാരുന്നു. പുറത്തിറങ്ങിയാല്‍ കെണീലു പെടുമെന്നു പേടിച്ച് അതിനകത്തുതന്നെ പതുങ്ങിയിരുന്നു.
ഒടുക്കം ശരിക്കുമയാളൊരു കെണി വാങ്ങിക്കൊണ്ടുവന്നു. ലിവറിലു കൊരുത്ത നാളികേരപ്പൂള് എലി കടിച്ചാല്‍ മുകളിലേക്കുയര്‍ത്തിവെച്ച ഇരുമ്പു കഷണം നേരെ അതിന്റെ കഴുത്തിലു വന്നു വീഴും. കശേരുക്കളൊടിഞ്ഞ് അപ്പോത്തന്നെ അതു ചത്തോളും. എന്റെ കൈകള്‍ ബലമായയാള്‍ അതിനടിയില്‍വെച്ചു. ലിവര്‍ തട്ടാനിടകൊടുത്തില്ല, അതിനു മുന്നേ...''
ശോശച്ചേട്ടത്തി തല കാല്‍മുട്ടുകളിലേക്കു ചായ്ച്ചു. ഞാന്‍ അവരിനി പറയാന്‍ പോകുന്നത് എന്തെന്നോര്‍ത്തു വേവലാതിപ്പെട്ടു. എന്നിട്ടോ എന്ന ചോദ്യം എനിക്കുള്ളില്‍ക്കിടന്നു വീര്‍പ്പുമുട്ടി. അതു ചോദിക്കരുതെന്നും അവരായിട്ടു പറയട്ടെയെന്നും സ്വയം ശാസിച്ചു. എന്റെ
സ്വകാര്യതകളിലേക്കു കടന്നുകയറാത്ത ഒരാളോട് ഞാനും അതേ മാന്യത കാണിക്കേണ്ടതുണ്ട്.
''മാന്‍ മിസ്സിങ് കേസില്‍ കുറെ അന്വേഷണങ്ങളൊക്കെ നടന്നു. ഞാന്‍ തന്നെയാണ് പരാതി കൊടുത്തത്. അയാളുടെ ബന്ധുക്കളൊക്കെ കുറെ നാള്‍ കേറിയിറങ്ങി നടന്നു, എന്നെ ഭീഷണിപ്പെടുത്തി, പൊലീസും കുറെ ചോദ്യം ചെയ്തു. വാടകവീടായിരുന്നു, അവിടന്ന് ഇറങ്ങേണ്ടി വന്നു. വേറെങ്ങും പോവാനില്ലാത്തതുകൊണ്ട് നാട്ടിലേക്കുതന്നെ വന്നു. അനിയത്തിമാരൊക്കെ പല വഴിക്കായി. അമ്മ മഠത്തിലെ അനാഥമന്ദിരത്തിലായിരുന്നു. കിടന്നേടത്തുതന്നെ എല്ലാം. ചീഞ്ഞുനാറി കിടക്കുകാരുന്നു.
അവിടന്നു തുടങ്ങീതാ... പിന്നതൊരു തൊഴിലായി.''
ഞാന്‍ അതിശയത്തോടെ ശോശച്ചേട്ടത്തിയെ നോക്കി. ഇടിയൊച്ചകള്‍ക്കൊപ്പം മിന്നലുകളും പുളഞ്ഞു. മഴ പെയ്‌തേക്കും, നമുക്കു പോയാലോന്ന് അവരെഴുന്നേറ്റു. കൈ നീട്ടിത്തന്ന് എന്നെയും എഴുന്നേല്‍പ്പിച്ചു. ഞങ്ങള്‍ നിശ്ശബ്ദരായി വണ്ടിക്കരികിലേക്കു നടന്നു. മെയിന്‍ റോഡില്‍ എത്തുമ്പോഴേയ്ക്ക് മഴത്തുള്ളികള്‍ കനം വെച്ചു വീഴാന്‍ തുടങ്ങി. ''മഴയത്തു ഡ്രൈവ്, ഓഫ് റോഡ് ഡ്രൈവ്... എല്ലാ ഇഷ്ടങ്ങളും ഒന്നിച്ചു സഫലമായല്ലോ ബെല്ലക്കൊച്ചേ, മെനിമെനി താങ്ക്സ്'' എന്നു ശോശച്ചേട്ടത്തി എന്നെ നോക്കി മധുരമായി ചിരിച്ചു. അവരെ ട്രീസചേച്ചിയെന്നു വിളിക്കാന്‍ എനിക്കു കൊതി തോന്നി.
വീട്ടിലേക്കുള്ള ഇടറോഡിലേക്കു തിരിയുമ്പോഴേയ്ക്ക് മഴ കനത്തിരുന്നു.
പുറത്തെ മഴയുടെ ഒച്ചയിലും വേനലില്‍ അല്പം വളഞ്ഞുപോയ വൈപ്പര്‍ ബ്ലേഡിന്റെ പരുക്കനൊച്ചയിലും പാതി മുങ്ങിപ്പോയിട്ടാണെങ്കിലും ശോശച്ചേട്ടത്തി പറഞ്ഞതു ഞാന്‍ കേട്ടു.
''ബെല്ലയെന്നോടു ചോദിച്ചില്ലേ, അബിനെ എങ്ങനാണ് ശവപ്പെട്ടിക്കാത്തു നേരെ കെടത്തിയേന്ന്? അതെളുപ്പമാ കൊച്ചേ, മരിച്ചവര്‍ക്കു നോവത്തില്ല. നമുക്കവരെ എങ്ങനേം... വളച്ചൊടിക്കാം, ഒടിച്ചു നേരെയാക്കാം. പെട്ടെന്നു ചെയ്യണം ന്നേയുള്ളൂ. മരവിച്ചു പോണേനു മുന്നേ.''
ഞാന്‍ നടുക്കത്തോടെ കേട്ടിരുന്നു. വണ്ടിയുടെ ഹെഡ്ലൈറ്റുകള്‍
മഴയെ കീറിമുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates